പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 01, 2010

ചാവേറിന്‌!

നന്മയിലേക്കുള്ള തിരിച്ചു വരവോ,
തിന്മയിലേക്കുള്ള തോണിയിൽ!
പിൻതിരിഞ്ഞൊന്നു നോക്കുക
പിഴച്ച നിൻ വഴിത്താരകൾ!

കാണുക, വഴി പിഴപ്പിച്ച
കൺകളിൽ കത്തും രൗദ്രത,
ദംഷ്ട്രങ്ങളിൽ ഇറ്റുവീഴും,
നിണതുള്ളികൾ!

കാണുക, നിൻ വഴിതിരിച്ച-
ട്ടഹസിക്കുന്ന സാത്താൻ,
നിൻ കൺകൾ കെട്ടി,
ദൈവത്തെ വെല്ലുവിളിക്കും,
ലൂസിഫർ!


വിളറിപിടിച്ച നിൻ
സമുന്നത ഭാവം,
ഭ്രാന്തെടുത്ത നിൻ
സങ്കീർത്തനം,
കാണാൻ മനസ്സില്ല,
കേൾക്കാൻ ചങ്കുറപ്പില്ല,
നാടിനെയോ നാട്ടാരേയോ,
നിന്നെയൂട്ടിയ-
മാതാവിനേയോ ഒറ്റിയ,
വെള്ളിനാണയത്തിൻ,
വിലപേശൽ!

ചിതറുന്ന നിൻശരീരം,
ചിതറിച്ച‌ നിരപരാധികളുടെ,
സ്വപ്നങ്ങൾ!
നിൻ രക്തം തകർത്ത,
കുടുംബത്തിൻ യാതനകൾ,
നിന്നെ വേട്ടയാടുമ്പോൾ,
ശപിക്കപ്പെട്ടവനായി,
ഏതു ലോകത്തിൽ,
നീ സ്വസ്ഥത നേടും!
തിരിഞ്ഞു നോക്കുക,
ആർക്കുവേണ്ടി നീ ചാവേറാകുന്നു,
അവർ നിനക്കേകിയ വിഭ്രാന്തി,
കുടഞ്ഞെറിയുക,

ആർക്കു വേണ്ടി നീ സ്വയമൊടുങ്ങുന്നു,
അവർ നിനക്കേകിയ ഭീതി നീ,
തകർത്തെറിയുക.

നിൻശേഷി വൃഥാവിലാക്കിയ,
കാപാലികരെ കാർക്കിച്ചു തുപ്പി,
സ്നേഹത്തിൻ കണ്ണിയാകുക,
നിന്റെ ജനയിതാക്കൾക്ക്‌,
വളർത്തിയ നാട്ടിന്‌,
നിന്നെ നീയ്യാക്കിയ നാട്ടാർക്ക്‌,
സ്നേഹത്തിൻ മധുവൂട്ടുക!
അഭിമാനത്തിൻ നക്ഷത്രമാകുക!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ