പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 06, 2015

കാഴ്ചയ്ക്കുമപ്പുറം

ഇനിയുമേറെയുണ്ടീപാത താണ്ടുവാൻ,
കരളിലുൾക്കൊണ്ട സ്മൃതികൾ പുതുക്കുവാൻ,
ഇനിയുമേറെയുണ്ടജ്ഞാതമാമൊരു,
പൊൻ കിരണത്തെ കൺപാർത്തു നിൽക്കുവോർ,
ചെറുതുരുത്തിനായുണ്മ പേറുന്നവർ,
കരളുരുകി തപിച്ചൊന്ന് നില്പവർ,
ഗതിയതില്ലാതുഴലും കുരുക്കതിൽ,
ഗതിയെ തേടി കുരുങ്ങിക്കിടപ്പവർ.
മിത്രമായി വന്നു നാട്യങ്ങളാടിയോർ,
ശത്രുവായി  മാറി ദംശിച്ചു പോയവർ,
സ്മൃതികളിൽ പോലുമഞ്ജനം ചാർത്തുവോർ,
സഹജരായി വന്നു കരളു നുറുക്കുവോർ,
മനസ്സു പോലും ചുട്ടു കഴിക്കുവോർ.
ശിരസ്സിലേറി കൊഞ്ഞനം കുത്തുവോർ. 

സ്നേഹമാകുന്ന വിത്തൊന്നെറിയുവാൻ
മരുതനിലമായി ഹൃത്തിനെ മാറ്റിയോർ,
തണലു കൊണ്ടിട്ടു വെടി പറഞ്ഞീടുവോർ,
മതിവരാതെ  പരിഹസിച്ചീടുവോർ,
അതിനെ മെല്ലെ കടന്നു പോകുമ്പോഴോ,
ശിരസ്സിലഗ്നി പടർന്നു പിടിച്ചവർ,
ഒരു തുടം വെള്ളം കോരിയൊഴിക്കുവാൻ,
കണ്ണിലുയരുന്ന ഉറവ പോരാത്തവർ,
ജടിതിയിലൊന്നു പോയി മറയുമ്പോഴും,
വിട തരാതെ പിറകെയാ ചിന്തകൾ.

തിളച്ചു വെമ്പും മണൽക്കാടിനിപ്പുറം
ചെറുതുരുത്തിന്റെ ആശ്വാസം തേടവേ,
ചെറിയ കുട്ടിയെ തീറ്റുമതുപോലെ,
പൊടി കുഴച്ചങ്ങരുളയുരുട്ടിയ,
പെരിയ കാറ്റെന്നെ തീറ്റുവാനായുന്നു,.
കടലപോലെ വറുത്തൊന്നു കോരുവാൻ,
സൂര്യനുച്ചിയിൽ തവിയുമായി നിൽക്കവെ,
മനസ്സിനുൾക്കാമ്പു ചുട്ടു പഴുക്കുമ്പോൾ,
വിശന്നുണർന്ന കരളിൻ നിലവിളി.
പരിഭവത്തിൻ കറികൾ കുഴച്ചെന്റെ-
 ജന്മനാട്ടിന്റെ കുശലങ്ങൾ തിന്നു ഞാൻ,
ദാഹ ചിന്തകളേറുന്ന നേരമെൻ,
സ്വപ്നമൊന്ന് തുറന്നു സേവിച്ചു ഞാൻ.
ചെറുതുരുത്തീ മണൽക്കാടു ചുറ്റിലും,
ജലധിയെന്നെ പരിഹസിച്ചാർക്കുന്നു,
അട്ടഹാസം മുഴക്കും തിരകളിൽ,
എൻ ചെറു തോണിയാടിയുലയണം,
എൻ കരുത്തുള്ള കൈകൾ തുഴയണം,
എൻ മനസ്സിൽ കരുത്തു പകരണം,
നിത്യ സ്വപ്നമാമെൻ മല നാട്ടിന്റെ,
ഹൃദയ ചിപ്പിയിൽ ചുരുണ്ടൊന്നു കൂടണം,
ആർത്തലച്ചു വിഴുങ്ങുവാനായുന്ന
തിരകളെ നീളെ കീറിയെറിയുവാൻ,
എൻ മല നാട്ടിൻ സ്മരണ പറയുന്നു,
എൻ കരുത്തിലോ വീര്യം പകരുന്നു.  
നിറയും ചിന്താഭസ്മ കലശവുമായെന്റെ,
അഗ്നിയനന്തമാം താണ്ഡവമാടുമ്പോൾ,
ഒരു ഫിനിക്സു പക്ഷിയായെന്മനം,
നിറപ്പകിട്ടാർന്ന ചിറകുവിരിച്ചിടും.

( സതീശൻ പയ്യന്നൂർ)