പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

ബാധകൾ പലവിധം:-

ബാധ ഒന്ന് :- കാമുക ബാധ


കാമുക ബാധ :- ഇതു കൂടിയാൽ പെണ്ണുങ്ങൾ തുള്ളി തുള്ളി കാമുക ദുർമന്ത്രവാദിയുടെ അടുത്തെത്തും.. മൊബൈലു മന്ത്രം ചൊല്ലിയാണ് കാമുക ദുർമന്ത്രവാദി ബാധയെ അയക്കുന്നതെന്നു കേൾക്കുന്നു..

സദാചാര കൂടോത്രക്കാർ പ്രതി മന്ത്രവും കടുത്ത പ്രയോഗവും രാക്ഷസ ക്രീയയും നടത്തി ഇത് മുതലെടുക്കാറുമുണ്ട്..

ബാധ ഒഴിവാക്കേണ്ടവർ- മിസ്ഡ് കോൾ മന്ത്രം ജപിച്ചയച്ചാൽ എടുക്കരുത്..

പിന്നെം അയച്ചാൽ തീരെ എടുക്കരുത്.. വീണ്ടും അയച്ചാൽ സിം ഊരി തലയുഴിഞ്ഞ് അടുപ്പിലിടുക.
ബാധ രണ്ട്- നിരാശാ യക്ഷൻ

വഴിയിലും മാഞ്ചോട്ടിലും കോളെജിന്റെ പടിവാതിലിലും സ്കൂളിന്റെ പിന്നാമ്പുറങ്ങളിലും ബൈക്കിലും സൈക്കിളിലും അലഞ്ഞു തിരിയും.

മൊബൈൽ നമ്പർ ചോദിക്കും.. പുഞ്ചിരിക്കാൻ ശ്രമിക്കും..സാഹസപ്രവർത്തിക്ക് മുതിരും.. ഹെല്പാൻ വരും… ഏതു വിധേനയും മൊബൈൽ നമ്പർ സംഘടിപ്പിച്ച് മെസേജ് അയക്കാൻ ശ്രമിക്കും.. ഫോണിൽ മെല്ലെ മെല്ലെ സംസാരിക്കും .. എന്തൊക്കെയോ കുശു കുശുക്കും അശ്ലീലവും ശ്ലീലവും ഒക്കെ പിന്നെ സംസാരിക്കും..

ബാധ കൂടിയവർ നേരത്തെ ഉറങ്ങും .. പുതപ്പിനടിയിലൂടെ മൊബൈലിൽ കുശു കുശു സംസാരിക്കും.. ബാത്ത് റൂമിലേക്ക് മൊബൈൽ ഒളിപ്പിച്ചു കടത്തി വീട്ടു കാരു കാണാതെ സംസാരിക്കും… ആവശ്യത്തിനും അനാവശ്യത്തിനും ഇളിക്കാൻ തുടങ്ങും.. പെട്ടെന്ന് മൌനിയാകും .. പെട്ടെന്ന് ദേഷ്യം വരും.

ഒഴിവാക്കേണ്ട വിധം: ബാധ കൂടാൻ വരുന്ന നിമിഷം മൊബൈലും നമ്പർ ചോദിക്കുമ്പോൾ ഏട്ടന്മാർ ഉണ്ട് അഞ്ചെണ്ണം അവർ ജിമ്മിൽ പോയി വരുമ്പോൾ തരും എന്നു പറയുക..

മൊബൈലിൽ മന്ത്രം ചൊല്ലാൻ തുടങ്ങുമ്പോൾ പിതാവിനോ സഹോദരനോ കൊടുക്കുക.. അവർ പ്രതി മന്ത്രം ചൊല്ലി ബാധയെ ഒഴിപ്പിക്കും..

ഇല്ലേങ്കിൽ ബാധയെ കാണേണ്ട സ്ഥലം പറഞ്ഞു കൊടുക്കുക അവിടേയ്ക്ക് വീട്ടുകാരെയും നാട്ടുകാരെ ഭജന പാടാൻ അയക്കുക..അവർ മരത്തിൽ തളയ്ക്കും.

ബാധ മൂന്ന് : ഗന്ധർവ്വ യക്ഷൻ

ബാധ പഴയ സിനിമകളിലെ പാട്ടു പാടി പുറകെ നടക്കും…

ബാധ കൂടിയവർ തിരിച്ചും പാട്ടു പാടാൻ തുടങ്ങും..അപ്പോൾ ഉറപ്പിക്കുക ബാധ കയറി എന്ന്.

ചികിത്സ: ബാധ മൂത്തതാണെങ്കിൽ സ്റ്റാർ സിംഗറിൽ പാടിക്കുക… ഗന്ധർവ്വ യക്ഷൻ കൂട്ടികൊണ്ട് പോയി കല്യാണം കഴിക്കും.. രക്ഷിതാക്കൾ കാണികളായി സപ്പോർട്ട് ചെയ്ത് നിന്നാൽ മതി . സ്ത്രീ ധനം കൊടുക്കേണ്ട രക്ഷിതാക്കളാണെങ്കിൽ എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന് ഭജിക്കാം…
ബാധ അത്ര കൂടിയതല്ലെങ്കിൽ വീട്ടിലെ വല്യ പിള്ളാർ നീരീക്ഷിക്കുകയും താക്കീത് കൊടുത്ത് ഒതുക്കുകയും ആവാം.. ഇല്ലെങ്കിൽ നാട്ടുകാരുടെ ഭജന പാടൽ ആകാം.. കടുത്ത ബാധയും മംഗളം പാടി ഒഴിയും

ബാധ നാല്: സിംകാർഡ് പ്രേതം

ഈ ബാധ പെണ്ണുങ്ങൾക്ക് മൊബൈൽ റീ ചാർജ്ജു ചെയ്തു കൊടുക്കും.. കണ്ടീഷൻസ് വിളിച്ചോണ്ടിരിക്കണം.. കുശുകുശുക്കും പിന്നെ പിന്നെ ബാധ അർബുദം ബാധിച്ചതു പോലെ വെട്ടിക്കളയാൻ പറ്റാത്തതാവും .. കരണ്ടു ചികിത്സയാണ് ഇതിനുത്തമം.

ബാധ കയറാതിരിക്കണമെങ്കിൽ ഫ്രീ ആയി മൊബൈൽ റീ ചാർജ്ജു ചെയ്യിക്കരുത് അതെത്ര വലിയ പുണ്യാളൻ ചമയുന്നവനായാലും…ഈ ലോകത്ത് ഒന്നും ഫ്രീ ആയി ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുക..ഏതു ഫ്രീ ആയാലും പിന്നീടോ അല്ലേങ്കിൽ അപ്പോൾ തന്നെയോ അതിന്റെ പലിശ ഈടാക്കപ്പെടും എന്നു മനസ്സിലാക്കുക.
നാട്ടു വൈദ്യ പ്രകാരം :നെല്ലിക്കാതളം വെക്കൽ..മന്ത്രിച്ചൂതൽ എന്നിവ ബാധയകറ്റാൻ സഹായകം.

ബാധ അഞ്ച്: മൊബൈലു രക്ത രക്ഷസ്സ്

ശ്രദ്ധിക്കാതെ നടക്കുന്ന മണ്ണുണ്ണികളായ പെണ്ണുങ്ങളുടെ ചിത്രം മൊബൈലിൽ എടുക്കുക..അവരെ ഭീഷണിപ്പെടുത്തുക….ചിത്രം മോർഫു ചെയ്യുക.. കാശു ചോദിക്കുക…. അവരെ ചൂഷണം ചെയ്യുക.. കടത്തി കൊണ്ടു പോയി വിറ്റ് കാശാക്കാൻ ആഗ്രഹിക്കുക.. രാത്രി വിളിക്കുക.. കുശു കുശുക്കുക..ഇത്യാധി നിരവധി ദ്രോഹം ലക്ഷണങ്ങൾ..
ഒരിക്കലും ഒരു കാരണവശാലും ബാധയുടെ ഭീഷണിക്കു വഴങ്ങരുത്.
ബാധ നിയന്ത്രിക്കേണ്ടും വിധം: ബാധ കൂടാൻ ശ്രമിക്കും മുന്നെ വീട്ടുകാരോട് പറഞ്ഞ് ബാധയെ നാട്ടുകാരുടെ പുളി വടിയാതി കഷായം സേവിപ്പിക്കുക..ബാധ കടുത്തതാണെങ്കിൽ നാട്ടുകാരുടെ ചെരുപ്പു മാല ചാർത്തി ആദരിച്ച് മാവിൽ തറയ്ക്കൽ ഇത്യാധി കടുത്ത പ്രയോഗം ആവാം..ബാധയെ ദേഹോപദ്രവം ഏൽപ്പിക്കാതെ ഭീഷണി മന്ത്രങ്ങൾ ചൊല്ലി മോക്ഷ പ്രാപ്തിക്ക് അയക്കാം.. പിന്നെം തുടരുന്ന പക്ഷം പോലീസാതി മന്ത്രവാദികളെ വരുത്തി മോക്ഷ പ്രാപ്തിക്ക് അയക്കാം..
----------------
ഇതി മൊബൈലു ബാധാ യക്ഷ കിന്നര രക്ഷസ്സ് ബാധാധി ശമനാർത്ഥം യോഗേന്ദ്രമുനി തീർത്ഥപാദ തിരുവടികളാൽ രചിക്കപ്പെട്ട മൊബൈലു ബാധാ ശമനം എന്ന പുണ്യ ഗ്രന്ഥത്തിൽ നിന്ന് ജനക്ഷേമ താല്പര്യ സിദ്ധ്യർത്ഥംഎടുത്തു ചേർക്കപ്പെട്ടത്.
വിസ്താര ഭയാൽ ഗ്രന്ഥത്തിലെ പല ബാധകളുടെയും ചുരുക്കലക്ഷണങ്ങൾ മാത്രമേ എടുത്തു ചേർത്തിട്ടുള്ളൂ.. നിരവധി ബാധകളേയും വെറുതെ വിടേണ്ടിയും വന്നു..എങ്കിലും ചില കടുത്ത ബാധകളെ  ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വിശ്വാസത്തോടെ