പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 28, 2012

വെട്ടം!

അയാൾ ചുമച്ചു!
വിമർശകർ വഴി നടത്തി!
അർത്ഥഗർഭമാണു നിൻ ചുമ,
അനർത്ഥങ്ങൾ നിനക്കും!
അർത്ഥങ്ങൾ മറ്റുള്ളവർക്കും!

അടുക്കിപ്പിടിച്ച വാക്കുകളെ
ചുമച്ചു ചുമച്ച് കാർക്കിച്ചെടുത്ത് തുപ്പുമ്പോൾ
ഇന്നെലെയും ഒരാൾ പറഞ്ഞു.
“..തുപ്പരുത്!..ഭ്രാന്തനെന്നു വിളിക്കും!
തിരിച്ചിറക്കുവാനാഞ്ഞപ്പോൾ
മറ്റൊരാൾ പറഞ്ഞു,
ഇറക്കരുത്!.. ഇറക്കിയാൽ
ഷണ്ഡനെന്നു വിളിക്കും!

തുപ്പാതെ ഇറക്കാതെ
ശ്വാസം മുട്ടിപിടഞ്ഞപ്പോൾ
ത്രിശങ്കു സ്വർഗ്ഗം കാട്ടി
അവരയാളോട് പറഞ്ഞു
“ഇനി നിനക്ക് വിൽ പത്രമെഴുതാം
ദഹിപ്പിക്കേണ്ടത് വൈദ്യുതിയോ,വിറകോ?
അല്ലെങ്കിൽ കടലോ, കരയോ?

ധർമ്മിയും അധർമ്മിയുമൊരുമിക്കാൻ
സ്മൃതി  പഥത്തിൽ പുഷ്പ ചക്രങ്ങൾ?
കതിന?
ആണ്ടു തോറും പായസ ദാനം?
ഉദ്യോഗികൾക്ക്
കൂനിപ്പിടിച്ചിരിക്കാൻ ഒരു ലീവ്?
എന്താണൊരുക്കേണ്ടത്?

അല്ലെങ്കിൽ മണ്മറഞ്ഞാൽ
ഇതുവരെ പുച്ഛിച്ച നിന്നെ
ഒത്തു കൂടി
അകത്തളത്തിൽ രസിച്ച്,
പുറംതളത്തിൽ കണ്ണീരൊഴുക്കി,
മഹാനെന്ന് വാഴ്ത്താം!
ഗദ്ഗദ കണ്ഠനായി തൂവെളിച്ചത്തിൽ?

വികാരമുള്ളവരുടെ വികാരശൂന്യത!
വെളിച്ചത്തിൽ നിന്നും
അന്ധകാരത്തിലെത്തിച്ചു,
നെഞ്ചു തടവി,
മെഴുകു തിരിയുമായി പുറത്തെത്തിയപ്പോൾ
അകത്തും പുറത്തുമിരുട്ട്!

തിരിയണയുമോ?
കാറ്റൊന്ന് വീശുമോ?
അതോ ഉരുകി ഉരുകി മെഴുക്..!
അകത്ത് മുരടനക്കം,
സൂര്യൻ അസ്തമിച്ചു!
ഇരുട്ടത്തിരുന്ന് ആരോ പറയുന്നു
"ഇനിയും സൂര്യനുദിക്കും.. ഉദിക്കാതെ വയ്യല്ലോ?”

തിങ്കളാഴ്‌ച, ജനുവരി 23, 2012

ചില സമസ്യകൾ.

1)
സ്വപ്നങ്ങൾക്കപ്പുറത്തു നിന്ന്
ഒരാൾ ചൂണ്ടിയത് സ്വർഗ്ഗ കവാടം!
നടന്നു തളർന്ന്
സ്വപ്നങ്ങൾക്കപ്പുറത്തെത്തിയപ്പോൾ
ശൂന്യത!.
ചൂഴ്ന്ന് നോക്കിയപ്പോൾ,
കണ്ണെത്താ ദൂരത്ത് വെറും മരുപ്പച്ച!
വേച്ചു വേച്ചു നടന്നു തളർന്നപ്പോൾ
കൈപ്പിടിയിൽ ഉണ്ടെന്നു കരുതിയ ആറടി മണ്ണൂം
വെട്ടിച്ചുരുക്കപ്പെട്ട്…!
ഇനി?
-------------------------------------------------
2)
ശുഭ്രവസ്ത്രധാരികൾ
ആധാരം കൊടുത്ത്
ഏക്കറു കാടു നൽകി
ഫോട്ടോയ്ക്ക് പോസു ചെയ്തു!
വളിച്ച ചിരിമാത്രം ബാക്കി!
കാട്ടാളനു കാടു വിറ്റ്,
അല്പ വസ്ത്രധാരികളായ
ആദിവാസികൾ തിരിഞ്ഞു നടന്നു!
വീണ്ടും ശുഭ്രവസ്ത്രധാരികൾ
കാണാത്ത കാടു കണ്ട്,
ഇല്ലാത്ത മലകയറി..…
ഇനി?
--------------------------------------------------
3)
സ്നേഹം കൂടിയപ്പോഴാകണം
ആത്മാർത്ഥത രംഗ നൃത്തമാടിയത്!
ആത്മവിശ്വാസമായിരിക്കണം,
ആത്മാർത്ഥതയ്ക്ക് താളം പിടിച്ചത്!

കുമിഞ്ഞു കൂടിയ കുറവുകൾ!
ക്ഷമ നശിപ്പിച്ച നിമിഷങ്ങൾ!
തിരുത്താനായി ചൂണ്ടിയ കുറ്റങ്ങൾ-
ക്കിടയ്ക്ക് പറന്നു വന്ന ശത്രുത!
ദുഷ്ടനെന്ന വിളികേട്ട് പരുങ്ങി,
സ്വാർത്ഥനെന്ന വിളികേട്ട് നടുങ്ങി,
ശിരസ്സു കുനിച്ച് തിരിച്ചു നടന്നു!
മനസ്സെന്നോട് പറഞ്ഞു
ഇനിയാർക്കും ഇനിയൊരിക്കലും
ഹൃദയം കൊടുത്ത്,
വെറും കൈ വീശി തിരികെ പോകരുത്!
ബധിരത!
വീണ്ടും ഹൃദയം കൊടുത്ത്,
ശൂന്യമായ കൈകളുമായ്
തിരിഞ്ഞു നോക്കി,
കൊത്തിനുറുക്കുന്ന ശബ്ദങ്ങൾ!
അസ്വസ്ഥമാക്കുന്ന അന്തരീക്ഷം!
നഷ്ടപ്പെട്ട ഹൃദയമോർത്ത്,
വിങ്ങിക്കൊണ്ട് തലചൊറിഞ്ഞു..
ഇനി..?
------------------

(ഇനിയൊന്നുമില്ല.. ലേശം കഞ്ഞിവെച്ചു കുടിച്ചെനിക്ക് കിടന്നുറങ്ങണം)

വെള്ളിയാഴ്‌ച, ജനുവരി 20, 2012

കാലാവസ്ഥ!

ഇപ്പോൾ പുറത്തു നല്ല ചൂടാണ്
അകത്തുള്ളവർക്ക് നല്ല കുളിരും!
നിർമ്മലമായ ഒരു അവസ്ഥയെ കുറിച്ചല്ല,
നിതാന്തമായ വ്യവസ്ഥയെ കുറിച്ചാണ് ഞാൻ പറയുന്നത്!

മണ്മറഞ്ഞെങ്കിലും കനൽക്കാറ്റായി ഇവിടെയെത്തിയത്
ചരിത്രങ്ങളെ കേൾപ്പിക്കാനാണ്,
മഹാരാജനെന്ന് വിളിക്കപ്പെട്ട നിമിഷങ്ങൾ!
ചക്രവർത്തിയെന്ന് അറിയപ്പെട്ട നിമിഷങ്ങൾ!

കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങൾ,
ആർഭാടത്തിന്റെ നിമിഷങ്ങൾ
പ്രതിയോഗികളെ ഒതുക്കിയ ന്യായ പ്രമാണം!
പ്രജകളുടെ അസ്വാരസ്യം!
ധൂർത്തിന്റെ വിഹാര രംഗം!
മദ്യവും മദിരാക്ഷിയും!
അരമനകളിലെ അഴിഞ്ഞാട്ടങ്ങൾ!
കഥകളനവധി!

അന്നുമുണ്ടായിരുന്നു സ്തുതി പാഠകർ!
മരണക്കിടക്കയെ വരെ പാടി ഉറക്കിയവർ!

ചങ്കു കുത്തിപ്പിഴിഞ്ഞെടുത്ത
കൊതുകിന്റെ നെയ്യ്,
നികുതികളെന്ന് ഓമനിച്ചൊഴിച്ച്,
ചുട്ടെടുത്ത അപ്പങ്ങൾ ഭക്ഷിച്ച്
വീണ വായിച്ചു രസിച്ച്!,

അന്നായിരിക്കണം പ്രജകളുടെ ന്യായാസനങ്ങൾ
സിംഹാസനങ്ങളെ തള്ളിപ്പറഞ്ഞത്!
ഞാനീ പറയുന്നത് അവർക്കറിയുന്ന കുടിലതയേ കുറിച്ചല്ല!
അവരറിയാത്ത തകർച്ചയെ കുറിച്ചാണ്!

കാലചക്രമേ പറഞ്ഞു കൊടുക്കുക,
ഓർമ്മയില്ലാത്ത അവർക്ക്,
കാതോർത്തിരിക്കാൻ നേരമില്ലെങ്കിലും,
അവരെങ്ങിനെ അവരായെന്ന്!
ഞാനെങ്ങെനെ ഞാനായെന്നും!

പറഞ്ഞു കൊടുക്കുക
അവരെങ്ങിനെ സിംഹാസനങ്ങളിൽ
അവരോധിക്കപ്പെട്ടുവെന്ന്!
ആ സിംഹാസനങ്ങളിൽ അവർ കുലുങ്ങി ചിരിക്കുമ്പോൾ,
ഈ കുടീരത്തിൽ ഞാൻ സംതൃപ്തൻ!
പക്ഷെ കാലചക്രമുരുളുമ്പോൾ,
ഞാൻ ചെയ്തതു പോലെ,
വിഭ്രമിക്കരുത്!
കണ്ണു പൊത്തരുത്!
പശ്ചാത്തപിച്ചു വിതുമ്പാനിടയാകരുത്!

ഭ്രഷ്ടനാക്കപ്പെട്ടവന്റെ ജല്പനമെന്നവർ
പുച്ഛിക്കുമ്പോൾ,
പണ്ട് യാഥാർത്ഥ്യങ്ങളെ പുച്ഛിച്ച
ചിതലരിക്കാത്ത ഓർമ്മകൾ!

കാല ചക്രമേ അവർക്ക്
നേരിന്റെ യാത്ര കാട്ടിക്കൊടുക്കുക
ധർമ്മത്തിന്റെ വീഥികളും!
ഉണ്ടുറങ്ങി പിത്തമാകാതെ,
ഉണർന്നിരുന്നു പ്രജാക്ഷേമമറിയട്ടേ!

ബുധനാഴ്‌ച, ജനുവരി 18, 2012

ഒരു ചാറ്റിംഗ്!


ഞാൻ തന്റെ തന്തയാടായെന്ന് ഞാൻ
ഊവ്വോന്ന് അവൻ,
സുഖാണോന്ന് ഞാൻ
ഉവ്വെന്ന് അവൻ!
“തിരക്കായിരിക്കും അല്ലേന്ന്“
ഞാൻ തിരക്കി,

ഊവ്വെന്ന് അവൻ!
ഇപ്പോൾ അവന്റെ കടമ
അവൻ നിറവേറ്റിയിട്ടുണ്ടാവും!
വീണ്ടും ചാറ്റി
“പോവ്വാണ് ഞാൻ!“
“പോയ്ക്കോ“ എന്ന് അവൻ!
സുഖാണോന്ന് പോലും
ചോദിക്കാത്ത അവന്റെ തിരക്ക്!
സ്നേഹത്തിന്റെ ഒരു പോക്കേ!
പോറ്റി വളർത്തിയതോടെ
പിതാവിനോടുള്ള സ്നേഹം
പൊതിഞ്ഞു കെട്ടി
ചവറ്റു കൊട്ടയിലിട്ടിരിക്കണം!
ഇനി എന്റെ കടമ ഞാനെന്നു നിറവേറ്റും!
വഴി കാണാതെ നട്ടം തിരിഞ്ഞു!
അപ്പോഴും അവൻ ഓൺലൈനിലാണ്!
--------------------------------------------
(പുതിയ തലമുറയ്ക്കുള്ള സമർപ്പണം)

തിങ്കളാഴ്‌ച, ജനുവരി 16, 2012

കിനാവിന്റെ പാടങ്ങൾ!

ഇനിയുമുണ്ടോർമ്മിക്കാൻ
കണ്ണീർ പാടത്ത് കൂടുകൂട്ടി
കിനാവിന്റെ പക്ഷികൾ
പ്രതീക്ഷയുടെ മുട്ടയിട്ട കഥകൾ!

ഇനിയുമുണ്ടോർമ്മിക്കാൻ
ആട്ടിയകറ്റാനാകാതെ,
പാറിയകന്നപ്പോൾ,
മുട്ടകൾ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കമിട്ട,
ചെന്നായ്ക്കളുടെ കഥകൾ!

എന്നിട്ടും കിനാപക്ഷികൾ
കൂടു കൂട്ടി, മുട്ടയിട്ടു,
വിരിഞ്ഞ കുഞ്ഞുങ്ങൾ
ചിറകു വിരിച്ചു!

ഇനിയും മുട്ടയിടുമെന്നോർത്തോ,
ഇറച്ചിയുടെ മണമോർത്തോ
ചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ!
ഒരു നേരത്തെ രസത്തിന്,
ഒരു മിനുട്ടിന്റെ സുഖത്തിന്,
അപരന്റെ ജീവിതം തിന്ന്
കൂർക്കം വലിച്ചുറങ്ങാൻ!

ശനിയാഴ്‌ച, ജനുവരി 14, 2012

നാദ സുതാ രസ ..!

നോം അതിരാവിലെ എഴുന്നേറ്റു. അതി രാവിലെ എഴുന്നേൽക്കുന്നത് തലയിൽ കുശ്മാണ്ഡം ഇല്ല്യാത്തോർക്ക് കുശ്മാണ്ഡം ഇണ്ടാവുംന്ന് ഒരു ശ്രുതി ഇണ്ടായി.. ഇന്നല്ല … നഗരങ്ങളും പട്ടണങ്ങളും ഇണ്ടാവുന്നതിനു മുന്നെ .. ഒരുപക്ഷെ ഈ ഭൂമി മലയാളം ഇണ്ടാവുന്നതിനും മുന്നേ ശത കോടി വർഷങ്ങൽക്കപ്പുറത്തു നിന്നും വന്ന ശ്രുതിയായിരിക്കണം അത്..എന്താ.. തർക്കോണ്ടോ?.. ശിവ.. ശിവ.. ഇന്നത്തെ ആളോള് അങ്ങിനെയാ.. എന്തു പറഞ്ഞാലും തർക്കിക്കും.. ചക്ക തിന്നോണ്ടിരിക്കുമ്പോ ചോദ്യം വരും ചക്കയാണോ ചക്കക്കുരുവാണോ അതല്ല പ്ലാവാണോ ആദ്യം ഇണ്ടായത്?...
ചോദ്യത്തിന്റെ ആവശ്യം ഇണ്ടോ അതൂം ഇല്ല്യ..തിന്നാൽ പോരെ..അതൂം പറ്റില്ല്യാ.. അഹന്ത.. തലക്കു പിടിച്ച പണ്ഡിത ഭാവം
ചക്കേനേയും ചക്കക്കുരുവിനേയും പോസ്റ്റ് മോർട്ടം ചെയ്തു കളെം! !
 ചോദിച്ചോനും അറീല, പറയുന്നോനും അറീല, കേട്ടോനും അറീല..!മലയാളികള് അങ്ങിനെയാണ്.. വല്യ പുള്ളികളാ.. എല്ലാറ്റിനേ കുറിച്ചും വല്യ വിവരമുള്ളോരാ.. എന്നാൽ ഒന്നിനെ കുറിച്ചും പൂർണ്ണമായി ഒന്നും അറീല.. അവിടന്നും ഇവിടന്നും കുറേശ്ശ കിട്ടിത് വിളമ്പും.. നോം ഉൾപ്പെടെ..! നമ്മെ പുറത്താക്കി വാതിലടച്ചു എന്ന് ആർക്കും തോന്നേണ്ട.. അതാ നോം അകത്തു വന്നത്..! പിന്നെ ഭരണിപ്പാട്ടും പാടി മിണ്ടാതെ ഉരിയാടാതെ നടക്കും.. കണ്ടാൽ മീശ വിരിക്കും മുണ്ടുടുത്തോൻ മുണ്ട് മാടിക്കെട്ടും.. അതവിടെ നിൽക്കട്ടേ!. ഇരിക്കുന്നങ്കിൽ ഇരിക്കട്ടേ.. കിടക്കുന്നെങ്കിൽ കിടക്കട്ടേ..!

നോം എഴുന്നേറ്റു അതിരാവിലെ അത്ര തന്നെ.. അതൊരു ശീലാ… കുശുമാണ്ഡങ്ങൾ എത്ര വിളയും എന്നറിയാമല്ലോ?

അപ്പോ നമ്മുടെ ശ്രവണപേടകത്തിന് അതി മനോഹരായ ഒരു ശബ്ദം പിടിച്ചെടുക്കാൻ അവസരം ഇണ്ടായി… അതിർത്തീന്നുള്ള അറ്റാക്കിനുള്ള അപകട സിഗ്നലല്ല..മറിച്ച് നോം ഇപ്പോൾ റൂമിലാണല്ലോ കിടപ്പ്.. തെളിച്ചു പറയാം അല്ലെങ്കിൽ പണ്ട് തെരുവിലാണെന്ന് നിനക്കുന്നോരും ഇണ്ടാവും…സംശയ ദ്രോഹികൾ..!..അതല്ല… നോം നമ്മുടെ ദേശം വിട്ട് കർമ്മത്തിന്റെ ആവശ്യാർത്ഥം തെണ്ടിത്തിരിഞ്ഞു ജോലിം ചെയ്തു പണോം വാങ്ങി റൂം ഷെയറു ചെയ്തു റെന്റും കൊടുത്തു നിൽക്കുകയാണല്ലോ എന്ന് സാരം.. റൂമിൽ രണ്ടു പേരുണ്ട്..ആ റൂമേറിയന്മാരിൽ ഒരുവന്റെതാണ് ആ ശബ്ദം!...നിത്യേന കേൾക്കണതാണ് പക്ഷെ നോം ചെവി കൊടുക്കാറില്ല.. അന്നു അതു സംഭവിച്ചു.. നോം ഒരു കീർത്തനം അതിനൊപ്പിച്ച് അങ്ങോട് പാടി…
“ നാദ സുതാ രസ … താഢനം ചെയ്യും നാഥാ…” (അങ്ങീനെ അല്ലാന്നുണ്ടോ?..)

അപ്പോ വന്ന ഒരു കീർത്തനം അങ്ങോട് പാടീന്നേ ഉള്ളൂ.. അതിൽ സാധനമുണ്ടോ ടെമ്പോ ഉണ്ടോ, ആമ്പുലൻസ് ഉണ്ടോന്ന് നോക്കാനൊന്നും നേരം ഇല്യാ..സമയോം സന്ദർഭോം വന്നാൽ  പാടണം.. നോം അദ്ദേഹത്തിന്റെ വീണാലാപനം കേട്ടൂന്ന് അദ്ദേഹം അറിയാൻ പാടില്ല്യ.. ന്നാലോ നോം അറിഞ്ഞൂന്ന് അദ്ദേഹം അറികേം വേണം.. അത്രേന്നേ.. ഒരു മഹാ പാതകം.. എന്നാലും വേണ്ടീല..! വഷളൻ!

അദ്ദേഹം തിരിഞ്ഞു കിടന്നു… ഈ ചെറുപ്പക്കാരൊക്കെ ഇങ്ങനെ ആയാലെങ്ങിനെയാ?..ഒരു നാണം വേണ്ടേ.. നാണം!
ഇതു പറയുമ്പോ ഇപ്പോ ഓർമ്മേൽ വരുന്ന ഒരു സംഭവം പറയാം!

അന്നായിരുന്നു ആ മഹാ സംഭവം നടന്നത്. കൃത്യമായി പറയുകാച്ചാൽ കൊല്ലവർഷം… ! കൊഴങ്ങീലോ…ഇതാപ്പോ നന്നായത് എന്ന് നിങ്ങൾ പറയും!..നമുക്കും അസ്സാരം തോന്നാതിരുന്നില്ല്യ.. അതിനാൽ പറയാം.. മലയാള ഭാഷയെ ആരും ഗൌനിക്കുന്നില്ല്യാ.. ഇങ്ങനെ പോയാൽ അത് നീരെറങ്ങാതെ ചത്തു പോവും ന്ന് നെലവിളിക്കും പലരും .. ന്നാലോ കൊല്ലവർഷം ഇത്രാം തീയ്യതി ഇത്രാം മാസം ഇത്രാം നാഴിക ന്നൊക്കെ പറഞ്ഞാൽ അങ്ങിനെയും സംഭവമുണ്ടോ എന്നോർത്ത് ഒട്ടു മിക്കവരും പൊട്ടൻ പുട്ടും കടലേം ഒരു പപ്പടോം വിഴുങ്ങ്യമാതിരി മിഴിച്ചു നിൽക്കും…!

സാരല്ല്യ എല്ലാം നമ്മ ആളുകൾ.. നമ്മ സഹോദരങ്ങൾ..! അതിനാൽ ആംഗലേയത്തിൽ പറയാം… ന്താ.. വിരോധം ണ്ടോ?... മെയ്മാസം 2, വർഷം 2002… നോം സീബീഐക്ക് തെളിവ് കൊടുക്ക്വയാണെന്നൊന്നും ധരിച്ചു വശാവേണ്ട.. ന്നാലും ഒരു ഭംഗിണ്ട് ച്ചാൽ ഇരിക്കട്ടേ.. കുറക്കെണ്ട.. അന്ന് നോം ജോലീം കഴിഞ്ഞു ഉലാത്തി ഉലാത്തി എത്തീത് ഒരു ഫ്രെണ്ടന്റെ അടുത്താണ്.

അവനിപ്പോ വല്യ നിലേലാണ്.. പണ്ട് നിന്റെയൊക്കെ ഭാഗ്യം…നിനക്കുള്ള പോലത്തെ ഒരു ജോലിയുണ്ടെങ്കിൽ സ്വർഗ്ഗം എന്നു പറയുമായിരുന്നു എന്ന് പറഞ്ഞോൻ ഇപ്പോ കണ്ടാൽ വല്യ ഗമേൽ നിൽക്കും നമ്മുടെ മുന്നേ.. കണ്ടാൽ മിണ്ടാൻ ഒരു അസ്കിത.!.. വാക്കുകൾക്ക് ഒരു കനം കൂടിയിരിക്കുന്നു..അവൻ പറയുന്ന ഓരോ അക്ഷരത്തിനും ടൺ കണക്കിനു ഭാരം പോലെ..!..നോം ശ്രദ്ധിക്കാറില്ല.. അന്നു പന്ത്രണ്ടു മണിക്കൂറോളം തെരുവിലൂടെ മുഷിഞ്ഞ വേഷത്തിൽ പണിം തൊരയും കഴിഞ്ഞു നിൽക്കുന്നോൻ ഇന്ന് നമ്മേ.. ടേയ് തനിക്ക് സുഖാണോ?.. ന്ന് പറഞ്ഞ് ഒരു വളിച്ച ചിരി ചിരിക്കും… അന്ന് കമ്പ്യൂട്ടറു കാണാത്തോൻ ഒരീസം ലാപ്പ് ടോപ്പിന്റെ മുകളിൽ താളം പിടിച്ച് നമ്മെ നോക്കി അശുവാക്കി..അദ്ദേഹം കാണും മുന്നേ നോം ഇതൊക്കെ  കണ്ടു എന്നത് സൌകര്യപൂർവ്വം മറന്നു പരിഹസിക്കും… അതാ സ്വഭാവം...അന്നു അവൻ മുഷിഞ്ഞ വേഷത്തിൽ തെരുവിലൂടെ നടക്കുമ്പോൾ നമുക്ക് വന്ന വിഷമത്താൽ നോം ചിരിക്കാത്തത് ഇന്നും അതേ പടിയാക്കുന്ന ഒരു സംഭവം!.. കലി കാലം!

ആ ഫ്രണ്ടെനെ കുറിച്ചാണ് ഇപ്പോ ഓർമ്മിച്ചത്..!.. അന്ന് അത്രയ്ക്ക് പണമില്ലാത്തതു കൊണ്ട് അവന് ഗമ കുറവായിരുന്നു..
ബഡായി കമ്മിയായിരുന്നു..നോം അവിടെയെത്തി അവന്റെ റൂമിൽ ഇരിക്കയാണ്.. അപ്പോൾ അവിടെ മൂന്ന് പേരുണ്ട്….ആയിക്കോട്ടെ..നമ്മൾക്ക് പുളു അടിക്ക്യാനും അതു കേൾക്കാനും ഒരു സദസ്സുള്ളത് നല്ലതല്ലേ.. അങ്ങിനെ പുളു അടിച്ചു കൊണ്ടിരിക്കുമ്പോൾ..

അദ്ദേഹം പെട്ടെന്ന് ഓടി വന്ന് പറഞ്ഞു …”വേണോ?“
“വേണ്ട“…എന്ന് നോം….നോം കരുതി ചായയോ പലഹാരമോ ആയിരിക്കും എന്ന്.
..അങ്ങിനെ പറയരുത്..ഇത്രേടം വരെ വന്നിട്ട്..
..നോം പറഞ്ഞു.. നോം ചായേം കടീം വിഴുങ്ങീട്ടാ വന്നത്.. എനിക്കു വേണ്ട..
.. അങ്ങിനെ പഞ്ഞാലെങ്ങിനെയാ?...കൊണ്ടു വന്നിട്ട്..
അവന്റെ കൈയ്യിൽ ഒന്നും ഇല്യാ.. കിച്ചണിലാവും ഒക്കെ .. നോം കരുതി..
"വേണ്ട ഇവർക്കു കൊടുത്തോളൂ…"
അവൻ ഓരോ ആളോടും ചോദിച്ചു.. പിന്നെ പറഞ്ഞു എല്ലാവരും വേണ്ടെന്ന് പറഞ്ഞാലെങ്ങിനെയാ.. “ഇതാ പിടിച്ചോ..!“
അപ്പോഴാ എനിക്കു സംഭവം പിടികിട്ടിയത്!
ഒന്നു കൂടെ… , ഒന്നു കൂടെ..
അവൻ എല്ലാവർക്കും കൊടുക്കാനുള്ള പരിശ്രമത്തിലാണ്..
അവിടെ നാദ ബ്രഹ്മലയം!.. അതാ അവൻ വല്യ കാര്യമായി നമുക്ക് തന്നത്!നാണോം മാനോം ഇല്ല്യാത്ത ഒരു കണ്ട്രീ!
നമുക്ക് കലി വന്നു..എന്താടാ ഇത്?
"തനിക്ക് മനസ്സിലായില്ലേ.."
എല്ലാവരും ചിരിക്കുന്നു..
അവൻ പറഞ്ഞു" ഗ്യാസാ.. ഗ്യാസ്!"

തന്റെ പ്രസവിക്കാൻ ആയ പോലുള്ള തണ്ണിമത്തൻ വയറുകാട്ടി.. വയറുന്തി പിടിച്ച് അവൻ അതിനെ മൊത്തത്തിൽ ഉഴിഞ്ഞു…. അങ്ങിനെയാ നോം അവന്റെ വയറു കാണാൻ ഇടയായത്..
ഇവനെ കാണാനാണല്ലോ ശിവനേ നോം ഇവിടെയെത്തിയത്.. ഇവന്റെ വയറു കാണാനല്ലല്ലോ?..നോം വിവശനായി.
എപ്പോ ഡെയിറ്റ് പറഞ്ഞു ഡോക്ടർ എന്ന് നമ്മുടെ കൂട്ടത്തിലുള്ള ഒരുവൻ ചോദിച്ചു!
അവൻ പിന്നേം തുടങ്ങി.. നാശക്കാരൻ..!.. പക്ഷെ ഇത്തവണ വിട്ടത് ഏമ്പക്കമാണ്..!
നോം പറഞ്ഞു “ …അത്രെയ്ക്ക് ഗ്യാസുണ്ടെങ്കിൽ സിലിണ്ടറിൽ നിറച്ച് ഫ്ലാറ്റുകൾ മൊത്തം വിറ്റു നടന്നൂടേടോ തനിക്ക്!.. ഏഭ്യൻ!“

അവൻ ചിരിച്ചു.. നോം പിന്നെ അവന്റെ റ്റ്യൂൺ കേൾക്കാനൊന്നും അവിടെ നിന്നില്ല....മുകളിലോട്ടും താഴോട്ടും സംഗീതം ഇട്ട് രസിക്ക്യാ.. സംഗീത ശിരോമണീയായ പുണ്യാശ്രമി!..ആസ്വാദകർക്കൊക്കെ വെറുതെ ഒരൂ പൈസേം കൊടുക്കാതെ കേൾപ്പിക്ക്യാൻ ഒരൂ മടിയും ഇല്ല്യാ..ആ ഭാഗവതർക്ക്!നോം  എന്തിനാ വെറുതെ നേരം കളയുന്നത്..! സംഗീത സംവിധാനമല്ലല്ലോ നമുക്ക് പണി!.ആസ്വാദനവും അല്ല!... നോം അവിടുന്ന് മെല്ലെ എഴുന്നേറ്റു വേഗം നമ്മുടെ റൂം ലക്ഷ്യമാക്കി നടന്നു..!
ആസ്വാദകർ അവിടെ ചടഞ്ഞു കൂടി ഇരിക്ക്യാ..”
ഇതൊക്കെ പറയാൻ നമുക്കൊരു നാണോം ഇല്യാ.. വായിക്കുന്നവർക്കല്ലേ നാണം ഇണ്ടാവേണ്ടത്?.. ഇല്ല്യോ… ച്ചാൽ നാണം വേണ്ട..! ഗ്യാസാ അവന്.. വയറ്റിൽ ഗ്യാസിന്റെ പ്രോബ്ലാ ആ മഹാന്.. എന്നാലും ആളുകൾക്കിട്ട് പണികൊടുക്കണോ?.. കക്കൂസിനിട്ട് പണി കൊടുത്താൽ പോരെന്നൊരു ശങ്ക!.. പ്രഭാതത്തിലും പ്രദോഷത്തിലും ഇതൊക്കെ കേൾക്കാൻ എന്തു പാതകമാ നോം ചെയ്തത് .. ന്റെ ദൈവമേ!….നമ്മോട് യോജിക്ക്യാൻ ഇപ്പോ വിരോധം ഇണ്ടോ?

ഒടുവിൽ പറയാനുള്ളത്…

എന്നെ തിരഞ്ഞ്,
അവളന്ന് അടയാളം നോക്കുകയായിരുന്നു.
പ്രണയത്തിൽ ചാടിച്ചത്ത ഒരുവന്റെ ശവം!
ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും!
മൌനിയായ, കൂനിക്കൂടിയ പ്രണയ നായകൻ!

അല്ലെന്ന് മൊഴിഞ്ഞപ്പോൾ  നടന്നു കണ്ടു.
തൂങ്ങിയാടുന്ന കയറുകളിൽ
പ്രണയത്തിൽ പൊലിഞ്ഞ ജീവൻ,
അതോ ജീവനിൽ പൊലിഞ്ഞ പ്രണയമോ?

ഞാൻ പറഞ്ഞു അതെന്റെ ശവമല്ല!
അവൾ തിരയുകയാണ്

സന്തോഷത്താൽ മതിമറന്ന,
ദു:ഖത്താൽ നെഞ്ചു പൊട്ടിയ,
നിരാശയാൽ ആത്മഹത്യ  ചെയ്ത..
രോഗത്താൽ തളർന്ന.....,

അല്ല..അല്ല ..അല്ല
നിഷേധിയായ ഞാൻ!
ഒടുവിലൊരാൾക്കൂട്ടം,
പൊട്ടിക്കരയുന്നു
ഇടയിൽ വിമ്മിഷ്ടപ്പെടുന്ന ഒരു ശവം!
ഏതോ കൃഷീ വലൻ!
ലക്ഷണങ്ങൾ..അടയാളങ്ങൾ!
താണു നോക്കുകയാണവൾ,

മറ്റൊരിടത്ത് വേറൊരാൾക്കൂട്ടം,
ചിരിക്കാത്ത, കരയാത്ത പരബ്രഹ്മങ്ങൾ പൊതിഞ്ഞ്,
നിരാശ ബാധിച്ച ശവം !
സംസ്ക്കാരവും സ്റ്റാറ്റസ്സുമുള്ള ഏതോ പാവം കുബേരൻ!

വേറൊരിടത്ത് അജ്ഞാതമായ,
എന്തൊക്കെയോ പറയാൻ ബാക്കിവെച്ച്..
വിറങ്ങലിച്ച ശവം!
ലഭ്യമായ തെളിവു വെച്ച് ഈച്ചകൾക്ക് പ്രീയൻ!
പിന്നെ പുഴുക്കൾക്ക്!
ഒടുവിൽ ചിലരുടെ ശാപങ്ങൾക്ക് കാതോർത്ത്..

മറ്റൊരിടത്ത് സ്പിരിറ്റ് പൂശിയ ശവം
സയൻസിന്റെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു..!
സയൻസിന്റെ കഥകൾക്കൊപ്പം
സാമൂഹ്യ കഥകളും,നീതിക്കഥകളും!
ജീവിതം കൂട്ടി കണക്കിൻ കഥകളും!
ആർത്തിയുടെ, വിരുതിന്റെ,ഓമനക്കഥകളും!

അല്ല… അല്ല..അല്ല..
പിന്നെയും അവളെന്റെ ശവത്തെ തിരയുകയാണ്.
പുഞ്ചിരിച്ചു നിൽക്കുന്നൊരാൾക്കൂട്ടം
നടുവിൽ പുഞ്ചിരിച്ചു കിടക്കുന്ന ശവം!

“അതാണെന്റെ ശവം“ ചിരിച്ചു കൊണ്ട്
ആവേശത്താൽ  ചൂണ്ടി,
ചാടിയെണീറ്റപ്പോൾ,
ഉറങ്ങാതെ സംശയത്തോടെ,
അവളെന്റെ അലമാര തിരയുകയാണ്!

എന്റെ സർവ്വസ്വവും ചികഞ്ഞു, ചികഞ്ഞ്….
ഡയറികൾ മറിച്ചു നോക്കി..ശ്രദ്ധയോടെ…
മൊബൈൽ മെസേജ് ചികഞ്ഞിട്ടുംവിശ്വാസം വരാതെ..
ഉണർന്നിരിക്കുമ്പോൾ ചിരിക്കാത്ത ഒരുവൻ,
നിദ്രകളിൽ ചിരിച്ചത് അവളോടല്ലെന്ന തീർച്ച,…
മഹാ പാപി…!
അവൾക്ക് സംശയരോഗം ബാധിച്ചിരിക്കുന്നു..
ചമ്മിയ മുഖത്ത് നിരാശയുണ്ടോ?
തെളിവു കിട്ടാത്ത നിരാശ!

വലിഞ്ഞു മുറുകിയ മുഖങ്ങൾ,
അവരുടെ ഹൃദയം തുരക്കുന്നതു ഞാനറിയുന്നു..
പൊട്ടിച്ചാകുന്ന ജന്മങ്ങൾ!
അതെന്നെ നൊമ്പരപ്പെടുത്തുന്നു
 
മടങ്ങിപ്പോകുമ്പോഴെങ്കിലും
എല്ലാവരിൽ നിന്നും പിടിച്ചെടുത്ത
എല്ലാവരുടേയും ചിരി
അവരവർക്കു ചുണ്ടുകളിൽ
തിരികെ കൊടുക്കണം!

എല്ലാവരുടേയും
സന്തോഷം എന്റെ സന്തോഷം
അതെന്റെ അഭിലാഷം,
എന്നതെന്താണവളോർക്കാത്തത്!

ബുധനാഴ്‌ച, ജനുവരി 11, 2012

ചെസ്സ്

അറുപത്തി നാലു കളങ്ങൾ!
തമസ്സും ജോതിസ്സും
കറുപ്പും വെളുപ്പും!
ധർമ്മാധർമ്മ കരുക്കളും!
അവൾ വിശ്വാസമുന്തി,
ഞാൻ അവജ്ഞയും,
അവൾ ആശയുന്തി,
ഞാൻ കോപവും
അവൾ ദു:ഖമുന്തി.
ഞാൻ നിരാശയും
അവൾ പരാതിയും പരിഭവവും
ഞാൻ അഹന്തയും അഭിമാനവും!

ഒരിക്കലവളും പിന്നെ ഞാനും
മാറി മാറി ചെക്ക് വിളിച്ചു!
തോറ്റപ്പോൾ തിരിഞ്ഞിരുന്നു പല്ലിറുമി,
മുൻശുണ്ഠിയാൽ തെറിവിളിച്ചു
ജയിച്ചപ്പോൾ ആഹ്ലാദിച്ച്
ആവേശത്താൽ പരിഹസിച്ചു!
ഒരു തരം സാഡിസം!

അവൾ തോറ്റപ്പോഴും
ഞാൻ തോറ്റപ്പോഴും
തോറ്റത് ഞാനല്ലേ?

സങ്കടവും സന്തോഷവും
കൂട്ടിയും കിഴിച്ചും നൽകി
ശൂന്യത!
സ്നേഹവും വിഷമവും
ഗുണിച്ചും ഹരിച്ചും നൽകി
ജയിച്ചതാര്?
പരസ്പരം ചൂണ്ടി.
വീണ്ടും വീറോടെ,
വാശിയോടെ
പന്തയം വെച്ചു!

ജീവിതത്തിന്റെ
അറുപത്തി നാല് കളങ്ങളിൽ
സന്തോഷവും പരിഭവവും,
സുഖവും ദു:ഖവും വെച്ച്
ചെസ്സു കളിച്ച്..!

അവൾ തിരുത്തി
മൃങ്ങളോടിരന്നു വാങ്ങിയ
പുരുഷായുസ്സ് തീരും വരെ!

ചൊവ്വാഴ്ച, ജനുവരി 10, 2012

വിക്രമാദിത്യനും വേതാളവും!

ചിലപ്പോൾ ഞാൻ വിക്രമാദിത്യൻ,
അവൾ വേതാളം!
ചിലപ്പോൾ അവൾ വിക്രമാദിത്യൻ
ഞാൻ വേതാളം!

കാതിൽ കഥകളുമായ് അവൾ
ഞാനവൾക്കുത്തരവും!
പൊട്ടിത്തെറിക്കാത്ത എന്റെയും
അവളുടേയും തലകൾ!

അന്നും അവളുടെ കഥകൾ
“പ്രണയം മനോഹരം?“
എന്റെ ഉത്തരം,
പ്രണയത്തിനു വഞ്ചനയുടെ പിന്നാമ്പുറങ്ങളുണ്ട്.
മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ പോലെ,
തകർന്നടിയുന്ന സ്വപ്നങ്ങൾ!
നോക്കൂ സമൂഹത്തിന്റെ,
മാതാപിതാക്കളുടെ,
ബന്ധുജനങ്ങളുടെ
 പ്രതീക്ഷകളോടുള്ള വഞ്ചന!
കഥ കേട്ട്,
പൊട്ടിച്ചിരിച്ചു കൊണ്ടവൾ ദൂരെയ്ക്ക് പോയി.

പിന്നേയും അവൾ വന്നു
മുട്ടിയുരുമിയിരുന്നു.
“പ്രേമം അതുല്യമാണെന്ന് വാഴ്ത്തപ്പെട്ട കഥകൾ“,
കേട്ടു പെരുത്ത തല,
പ്രേമം നട്ടപിരാന്തനാക്കിയ കഥകൾ മൊഴിഞ്ഞപ്പോൾ
തുല്യതയുടെ മണം ശ്വസിച്ച് അന്നും അവൾ മറഞ്ഞു.

പിന്നെ കൈ കവർന്നവൾ പറഞ്ഞത്
വിശാലമായ ജീവിതം കെട്ടിപ്പെടുക്കേണ്ട കഥകൾ,
നിരാശാജനകമായ ജീവിത ഏടുകൾ കാട്ടിയപ്പോൾ
മണി മന്ദിരം കാട്ടി അവൾ,
ഞാനവൾക്കെന്റെ കുടിലും!

യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും
പൊരുത്തപ്പെടാത്ത നിമിഷങ്ങൾ തുറന്ന്,
ഞാൻ നടന്നു മറഞ്ഞപ്പോൾ
വേതാളമായ അവൾ പറഞ്ഞു
എന്നെങ്കിലും ഹൃദയത്തിൽ
എനിക്കൊരു താജ് മഹളൊരുക്കുമോ?

പ്രണയത്തിൽ രക്തം പുരട്ടിയ ചക്രവർത്തി!
പ്രണയിനീ സ്മരണയ്ക്കായ്
ശില്പികളുടെ കൈവെട്ടിയ ഷാജഹാൻ,
ക്രൂരതയുടെ പ്രതീകം!

മനസ്സുമാറ്റാത്ത ഞാൻ
മറ്റുള്ളവരുടെ മുറിവുകളിൽ കുത്തി
എങ്ങിനെ താജ് മഹളൊരുക്കും!

എന്റെ ദയനീയാവസ്ഥയിൽ
നിർവികാരനായ് ഞാൻ പറഞ്ഞു
നല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!

പുച്ഛത്തോടെ അവൾ മറഞ്ഞു!
അതോ തലപൊട്ടിത്തെറിക്കാൻ ശപിച്ച്
കോപത്തോടെയോ..
നിരാശയോടെയോ!

അവളുടെ മനസ്സിൻ ഭാവമറിയാതെ,
നല്ല ജീവിതത്തിനുടമയാകട്ടേയവളെന്ന്
ആശീർവദിച്ച് നടന്നുമറഞ്ഞു!

 ഇപ്പോഴവൾ നന്ദിയോടെ
ഓർക്കുന്നുണ്ടാകണം,
എന്റെ വേതാളമായി
നശിക്കാതെ,
പുണ്യമാക്കപ്പെട്ട ജീവിതം!

തിങ്കളാഴ്‌ച, ജനുവരി 09, 2012

പ്രശ്നം!

ഇത്രയും കുഴപ്പം പിടിച്ച ഒരു പ്രശ്നം ഇതുവരെ ഉണ്ടായിരുന്നിട്ടില്ല.. മനസ്സിനെ അതു വല്ലാതെ മഥിച്ചു കൊണ്ടിരുന്നു.. ഒടുവിൽ യുവാവായ ഞാൻ സോക്രട്ടീസിനെ അഭയം പ്രാപിച്ചു.. അദ്ദേഹത്തിനത്‌ നിസ്സാരമായിരിക്കാം. പക്ഷെ എനിക്ക്‌...!
ചോദ്യം നിസ്സാരമായി കണ്ട അദ്ദേഹം മെല്ലെ നടന്നു..ഞാൻ പുറകെയും..
അദ്ദേഹം വെള്ളത്തിലിറങ്ങി.. ഞാനും...!
പെട്ടെന്ന് അദ്ദേഹം ബലമായി എന്നെ കടന്നു പിടിച്ച്‌ വെള്ളത്തിൽ മുക്കി പിടിച്ചു..ശ്വാസത്തിനായി ഞാൻ കിടന്നു പിടഞ്ഞു.. അദ്ദേഹം പിടി വിട്ടില്ല... ഒരിറ്റു ശ്വാസത്തിനായി ഞാൻ പിടഞ്ഞു.. ഒടുവിൽ അദ്ദേഹം പിടി വിട്ടു...എന്നിട്ടദ്ദേഹം പറഞ്ഞു.." ദാ ഇതു പോലെ പിടയണം!"
ഞാൻ പറഞ്ഞു " നിങ്ങൾക്കെന്താ ഭ്രാന്താ?... ചോദ്യത്തിനുള്ള ഉത്തരമാണ്‌ എനിക്ക്‌ വേണ്ടത്‌! "
എനിക്കൊന്നും മനസ്സിലായില്ല, ഒരെത്തും പിടിയും കിട്ടിയില്ല എന്നു മനസ്സിലാക്കി അദ്ദേഹം എന്നെ വീണ്ടും പിടിച്ചു വെള്ളത്തിൽ മുക്കി..ആ ബലിഷ്ഠകരങ്ങളിൽ പെട്ട്‌ പിടഞ്ഞു പിടഞ്ഞ്‌ ഞാൻ മരിച്ചു..
ആത്മാവായി വന്ന് ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു " അല്ലയോ ഗുരോ ജീവിത വിജയം നേടാൻ എന്തു ചെയ്യണം എന്നാണ്‌ ഞാൻ ചോദിച്ചത്‌... താങ്കൾക്ക്‌ അതറിയില്ലേങ്കിൽ അതിനെന്നെ മുക്കി കൊന്നതെന്തിന്‌? ..പ്ലീസ്‌ ടെൽമീ"

അദ്ദേഹം മെല്ലെ പുഞ്ചിരിച്ചു കൊണ്ട്‌ എന്നോട്‌ പറഞ്ഞു.." ഇതേ ചോദ്യം വേറൊരു തരത്തിൽ ഭൂമീ ദേവി എന്നോട്‌ ചോദിക്കുന്നതായി തോന്നി.. ഒരാൾക്കുള്ള ഉത്തരമേ എന്റെ പക്കലുണ്ടായിരുന്നുള്ളൂ!"

ആത്മാവായി ചുരുണ്ടു കൂടി തർക്കിച്ചു കൊണ്ടിരുന്ന എന്നെ തട്ടിവിളിച്ച മാതാശ്രീയുടെ അഭ്യർത്ഥന.." ചായയും പുട്ടും കടലയും മേശപ്പുറത്തു വെച്ചിട്ടുണ്ട്‌.. എഴുന്നേറ്റു പല്ലു തേച്ച്‌ അതും കുടിച്ച്‌ എന്തെങ്കിലും ഒരു ജോലി ഇന്നെങ്കിലും...!"
പുട്ടും കടലയും കഴിച്ച്‌ ഏമ്പക്കമിട്ടപ്പോഴും എന്റെ മനസ്സിനെ അപ്പോഴും മഥിച്ചു കൊണ്ടിരുന്നത്‌ സോക്രട്ടീസ്‌ ഒരാൾക്ക്‌ കൊടുത്ത ഉത്തരത്തിന്റെ പൊരുളെന്ത്‌ എന്നതായിരുന്നു..
ഒടുവിൽ സിഗരറ്റു പുകച്ച്‌ ഞാനാശ്വസിച്ചു.. " പുവർ ഓൾഡ്‌ മാൻ!..അദ്ദേഹം പറഞ്ഞതാണ്‌ ശരി... എന്റെ ചോദ്യത്തിനുത്തരമൊരുപക്ഷെ അദ്ദേഹത്തിന്‌ അറിയില്ലായിരിക്കാം.. പിന്നെ കസേരയിൽ ചാഞ്ഞു കിടന്ന് ആലോചിച്ചു.." ഇനി ആരോട്‌?"

പിന്നെ തലേന്ന് ക്യൂ നിന്നു വാങ്ങിച്ച കുപ്പി പൊട്ടിച്ച്‌....!

ഞായറാഴ്‌ച, ജനുവരി 08, 2012

സ്ഥിത പ്രജ്ഞൻ!

മൂലകാരണങ്ങളല്ല,
എന്റെ കണ്ണിൽ കരടിട്ടത്‌!
അവരുടെ മിഴി തുറക്കാത്ത
ചിന്താധാരയാണ്‌!

സങ്കടങ്ങൾ കണ്ട്‌,
വിഷയം മാറ്റിയും,
വിഷമങ്ങൾ കേട്ട്‌,
കാഴ്ചകൾ മാറ്റിയും
ദിശമാറ്റിയ വികാരം!

എന്റെ വീഴ്ച്ചകളിൽ
കൺകളുടക്കിയതാകാം
അവരുടെ ടീവിയിൽ
 കോമഡി ചാനൽ!
മാറ്റിയും, മറിച്ചും,
കുലുങ്ങി ചിരിച്ചും
അവരുടെ സ്ഥിരപ്രജ്ഞ!

അവരുടെ നിസ്സാരപ്രശ്നങ്ങളിൽ,
എന്റെ കണ്ണീരിന്റെ
ലക്ഷ്മണരേഖാ ലംഘനം!

എന്നെങ്കിലും തെന്നുമെന്ന് ഭയന്ന,
അപരിചിതന്റെ ജീവിതം കാട്ടി,
മിഴികൾ കൂമ്പി,
 വിഷാദങ്ങളിൽ പങ്കാളികളായി,
വിശാലമായ്‌ തുറന്ന,
അവരുടെ വിശാല ഹൃദയത്വം!
എന്നിൽ സ്റ്റാമ്പ്‌ ചെയ്തത്‌ നിർദ്ദയത്വം!

സങ്കടമില്ലാത്തൊരെന്നെ,
തിരഞ്ഞു പിടിച്ച്‌,
പരമാനന്ദനാക്കി
അവരുടെ പുഞ്ചിരി!

അവരുടെ കാഴ്ചകൾക്ക്‌,
നിറഭേദമാകാതെ,
സ്ഥിത പ്രജ്ഞനാക്കി
ഒടിഞ്ഞു കുത്തി വീണോരെൻ,
നിറ പുഞ്ചിരി!

മൂടിക്കെട്ടിയ കാർമേഘങ്ങൾ!
അതിർത്തികളെ ഭേദിച്ച്‌  പറന്നെത്തും,
ഹൃദയത്തിലാഞ്ഞടിച്ച തിരമാലകൾ
ക്കതിർത്തി കെട്ടി!
അനാവശ്യമായ പ്രകടങ്ങൾ,
പരിഹാസ്യനാക്കും!

അവർ പല്ലു ഞെരിക്കയാണോ?
അതോ ഉണ്ടായ വീഴ്ചകൾ മറക്കാൻ
ഇല്ലാത്ത തെറ്റുകൾ ചികഞ്ഞ്,
പൊട്ടിച്ചിരിക്കയാണോ?

ദു:ഖം കൊണ്ട് അന്ധനായ
എനിക്കെന്തിനാണ് വേവലാതി
എന്റെ കൺകൾ എന്നേ
ആ കാഴ്ചകളെ മറച്ചിരിക്കുന്നു!

ശനിയാഴ്‌ച, ജനുവരി 07, 2012

ഒരു വഴി പിഴപ്പ്!

ഒരു പിഴ!
അമർത്തിയടയ്ക്കാൻ മറന്നപ്പോൾ,
തുറന്നു കിടന്നൊരു കൈപ്പിഴ!
നാണമൂരി ജനങ്ങൾക്ക് നൽകി,
മുഖം മൂടിയില്ലാതെ നടന്നു!
നാണം വന്ന ജനത്തിന്റെ ജയ് വിളി!
വാങ്ങിയോർക്കും കൊടുത്തവർക്കുമില്ലാത്ത വീറ്,
കേട്ടോനും കേൾപ്പിച്ചോനും!
നാണം കീറി മാധ്യമങ്ങൾക്ക് കൊടുത്തു!

അപ്പോഴുമൊരാൾ പോരിനടുത്തു,
ജയിലു നിറക്കും!
ആമം വെച്ചു നടത്തും!
അസൂയ!.. അല്ലെങ്കിൽ ദഹനക്കേട്!
ഇനി നാണം കീറിയത് അയാൾക്കും വേണോ?
പരിഭ്രമത്തിലായി,
കഷ്ടത്തിലായി
പോം വഴി കാണാതെ നട്ടം തിരിഞ്ഞു!

ബുധനാഴ്‌ച, ജനുവരി 04, 2012

ആശംസ!

വെട്ടും മുറികളും,
കുത്തും കൊലകളും,
രാഷ്ട്രിയ തുമ്മലും,
പൊട്ടിക്കരച്ചിലും
കോഴക്കഥകളും,
കോഴിക്കഥകളും
തീവ്രവാദങ്ങളും,
നനച്ച പടക്കവും

നടിയുടെ ഡംബും,
നടന വിലാസവും,
അവതാരക കൊഞ്ചലും
പൂവാല ചോദ്യവും!
തുണിപറിച്ചേറും
തുണിയില്ലാതുള്ളലും

ത്മാഭിമാനം
നിറഞ്ഞ ഭാവത്താലെ,
പുഞ്ചിരിച്ചിടുന്ന
പീഢന വീരരും
മുഖം മറച്ചീടുന്ന
പീഢിത വൃന്ദവും
ചപ്പും ചവറും,
മോങ്ങലും ചീറ്റലും,

മണിയറ തീർപ്പായ
പ്രേമ പ്രതിഭയും
അണിയറത്തീർപ്പായ
വിജയ പ്രതിഭയും,
അജ്ഞരാം പ്രേഷക
എസ്. എം എസ്സും
കൈകൊട്ടി കളിപോലെ
പ്രോത്സാഹനങ്ങളും!

തട്ടിപ്പുംചതിവും
മൂക്കു പിഴിച്ചിലും
വിറ്റു തുലപ്പിക്കും
പണയപ്പരസ്യവും!
സ്വർഗ്ഗത്തിലെത്തിക്കും,
ബ്ലേഡു പരസ്യവും!

ആവശ്യമില്ലാത്ത
ചർച്ചയും, തെറിയും,
ആവശ്യമുള്ളോർക്ക്,
അടിയും പിടിയും!
അശ്ലീലകഥകളും
അത്ഭുതകഥകളും
നിറഞ്ഞൊരെൻ ചാനൽ
സമ്പൽ സമൃദ്ധം!
നാം കാണും ചാനൽ
റേറ്റിൽ പ്രസിദ്ധം!

ചാനലു കാണാതെ,
മുങ്ങിമരിച്ചോർക്കും!
ചാനലു കണ്ട്
തൂങ്ങിമരിച്ചോർക്കും
ചാനലു കേട്ട്,
ഹൃദയം തകർന്നോർക്കും
നേരുന്നു കേരളം
പുതുയുഗാശംസ!
പുതുയുഗപിറവിയിൽ
അനുശോചനാശംസ!

പരിദേവനം!

കല്ലറയിൽ,ചിതാമണ്ഡലങ്ങളിൽ,
സമാധിയിരുത്തും പവിത്ര സ്ഥലങ്ങളിൽ,
കരുണയില്ലാതെ വീശിയെറിഞ്ഞൊരു-
ചോരകുഞ്ഞിന്റെ വിധി പർവ്വങ്ങളിൽ,
നീണ്ടനന്തമാം റെയിൽപാള മാറിലായ്‌,
ചിതറിവീണ കബന്ധരക്തങ്ങളിൽ,
വിനാശമേകിയ ജീവിത കാഴ്ചയിൽ,
ഹൃദന്തമൂറ്റിയ കണ്ണീരിൻ സാഗരം!

സങ്കടങ്ങൾ മിഴികൾ തുറന്നതിൻ,
നൊമ്പരങ്ങൾ ഒപ്പിയെടുത്തതും,
മുങ്ങി താഴുന്ന ജീവന്റെ വെപ്രാളം,
സിംഹവായിലെ ജീവന്റെ താളവും
രക്ഷയേകാതെ നക്കിയെടുത്തതും
ക്രൂരനാണെന്ന ഖ്യാതി ലഭിച്ചതും,

രാജകീയ കതിർമണ്ഡപത്തിലും,
സാധുവിന്റെ വേളീഗൃഹത്തിലും,
കൺകളന്നൊന്നു ചിമ്മിതുറന്നതും,
പുണ്യമേകിയ നിർവൃതിയായതും,
എന്നുമെന്നും സ്മരിക്കുന്ന കാഴ്ചകൾ!
എന്നുമെന്റെ രോമാഞ്ച ചിന്തകൾ!

നാട്യ ഗേഹത്തിൽ, മഞ്ഞിൽ, മഴകളിൽ,
അഗ്നി ചുംബിക്കും വന്യ നിമിഷത്തിൽ,
വാന ശാസ്ത്രത്തിൽ, യുദ്ധരംഗങ്ങളിൽ
വിസ്മയത്തിന്റെ ചിത്രസ്മരണകൾ!

ഓർമ്മതെറ്റാൽ വിളറി പിടിച്ചൊരു,
താതനെയവർ മൂലയ്ക്കിരുത്തിയും,
നാനോ ആക്കിയും മാന്യനായി മാറ്റിയും
ചിപ്പൊന്നേകി ഓർമ്മ പുതുക്കിയും,
പുത്തൻ വംശചരിത്രം രചിക്കുന്നു,
അത്ഭുതത്തിൻ വരക്കാഴ്ചയേകുന്നു.

കമ്പ്യൂട്ടറിൻ ശിരസ്സിൽ പ്രതിഷ്ഠിച്ച്‌,
ചാറ്റ്‌ ചീറ്റിച്ച്‌ മൂക്കു പിഴിക്കുന്നു
കുഞ്ഞു ഫോണിൻ കടക്കണ്ണൊന്നാക്കിയും
പാത്തും പതുങ്ങിച്ചും,തൊട്ടു തലോടിയും
കൂടെ കൂട്ടി ക്രിമിനലായ്‌ മാറ്റുന്നു.
എന്റെ സഞ്ചാര വീഥി പിഴയ്ക്കുന്നു

കിടപ്പറകളിൽ, മൂത്രപ്പുരകളിൽ,
രാഷ്ട്രീയമണ കോഴയിടങ്ങളിൽ,
ജാര സഞ്ചാര രാത്രികളൊക്കെയും,
ചാരനായ്‌ മൊഴിയെണ്ണിയെടുക്കുന്നു,

നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
ഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.!