പേജുകള്‍‌

ശനിയാഴ്‌ച, മാർച്ച് 31, 2012

കഷ്ടപ്പാട്..

1)തറുതലപറഞ്ഞാൽ
 തള്ളയാരെടാന്ന് ചോദിച്ചു,
തന്ത നീയ്യെന്നു ചൊല്ലിയോൻ,
തന്ത മുൻ രാജ കോപിച്ചു,
ചാണകം മുക്കി ചൂലേന്തിയിനി,
പാർട്ടി സംശുദ്ധമാക്കണം!

( കുഞ്ചൻ നമ്പ്യാരോട് കടപ്പാട്)

2) മുറ ജപം

കട്ടോനെല്ലാം രാജപഥത്തിൽ
ചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
ഇതു കണ്ടോരെല്ലാം നട്ട പിരാന്തർ!

3) നക്ഷത്രത്തോട്..
വടക്കേ മൂലയിലെ നക്ഷത്രത്തോട്
കിഴക്കേ മൂലയിലേക്ക് മാറിയുദിക്കാൻ പറഞ്ഞു-
ഞാൻ വെറുതെ പുലമ്പി,
നാണമില്ലാത്ത നക്ഷത്രം
ഉദിക്കാതിരുന്നൂടെ!
നക്ഷത്രം കേട്ടു കാണുമോ?
അതോ തരിച്ചിരിക്കുമോ?

4) ക്ഷമസ്വ

ക്ഷമിക്കുക യുഗജന്മങ്ങളെ
എനിക്കിനിയും പറയണം
ഓരോ നിമിഷവും പരാതി!
ഞാൻ പോറ്റി വളർത്തിയ
ഇരുപത്തിനാലു മണീക്കൂറിനെ
ആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു
വിശപ്പടങ്ങാത്ത അയാളെന്നെ
കാണും മുന്നേ
എനിക്കിനിയും പറയണം
എന്റെ വേവലാതി!

വ്യാഴാഴ്‌ച, മാർച്ച് 29, 2012

ചില തലവരകൾ

1) തലവര

നേതാക്കന്മാരെല്ലാം
രാജാക്കന്മാരായൊരു ദേശത്ത്,
രാജാവിനുണ്ട്
വോട്ടു കൊടുക്കേണ്ട ശീട്ട്!

മന്ത്രിമാരെല്ലാം മുഖ്യരായൊരു
രാജ്യത്ത്,
മുഖ്യമന്ത്രിക്കുണ്ടാകാം
തുക്കട സായ് വിന്റെ കോട്ട്!

കഥയറിഞ്ഞാട്ടം കണ്ട്,
കളി പറഞ്ഞു നേരം പോക്കി
തല തിരിഞ്ഞു നടക്കും ജനം
ചിരിചിരിച്ചിനിയുമെന്നും
വോട്ടിനെത്തണം!

--------------------------------
2) ഉപദേശം!

മിണ്ടരുത് മുഖം കോടും
തുമ്മരുത് കഴുത്തൊടിയും
ചൂണ്ടരുത് ചൂടറിയും
നിവരരുത് നടുവൊടിയും
ചുമക്കരുത് ചുമയേറും
ചുമടെടുത്തോളൂ ഭംഗിയേറും.
പ്രമുഖ കക്ഷികൾക്ക്
ഘടകകക്ഷികളുടെ,
നൈർമ്മല്ല്യമാം ഉപദേശം!

തിളച്ചൊരെണ്ണയിൽ
വീഴുന്ന കടുകും
പൊട്ടിത്തെറിച്ചാൽ
പരിക്കേൽക്കുമെന്ന ഭീതിയിൽ
മൌനീ ബാബയാകുന്ന പ്രമുഖർ-
ക്കെന്നും പ്രണാമം!
ശിഷ്യർക്കേറേ പ്രണാമം!

3) കൊട്ടാരത്തിലെ ഉത്സവം

അകത്താക്കിയാൽ പുറത്താകും
പുറത്തായാൽ ഗുലുമാലാകും
ഗുലുമാലായാൽ
തറവാട് കുളം തോണ്ടും!
തറവാട്ടു കാരണോർക്കെന്നും
ചാരു കസേരയിൽ മൂട്ടകടി!
തുണിപൊതിഞ്ഞാലും

വലയിട്ടാലും
തറവാട്ടംഗം
കൊച്ചു ചെറുക്കനു
പറന്നു വന്നെന്നും
കൊതുകു കടി!

ബുധനാഴ്‌ച, മാർച്ച് 28, 2012

ചില പുതു ഡെഫനിഷനുകൾ..

1) പ്രജാക്ഷേമ തൽപ്പരൻ!

കട്ടു കട്ടു മുടിച്ചിട്ടു
ചുട്ടു ചുട്ടു തിന്നുന്നവൻ!

2) കുലദ്രോഹി

കൈക്കൂലി തന്ന്
സുഖിപ്പിച്ച്
വിജിലൻസായി മാറി
പിടികൂടിയോൻ!

3) മന്ത്രി

സ്വന്തം വീട്ടിൽ തൊട്ടതെല്ലാം
പൊന്നാക്കിയ പൊന്നു തമ്പുരാൻ!

4) ഡോക്ടർ

പാപിയെ വീഞ്ഞാക്കുന്ന മജീഷ്യനായ പുണ്യവാൻ!

5) നേഴ്സ്

രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ!

6) രോഗി – പഠിക്കുന്ന ഡോക്ടറുടെ ജീവിക്കുന്ന രക്തസാക്ഷി!


7)  കപ്പിത്താൻ

വലയെറിയുന്നോനെ നിയമമറിഞ്ഞ് കൊല്ലുന്നോൻ

8) ഷാപ്പുകാരൻ

പരന് പരമാനന്ദം നൽകി ആനന്ദിക്കുന്ന പരോപകാരി സാമൂഹ്യ സേവകൻ!

9)  മദ്യപാനി

കളർ വെള്ളം പോലും മൃദുവായി പാനം ചെയ്യുന്ന നിർമ്മല ചിത്തൻ!

10) ബ്ലോഗു മോഷ്ടാവ്

ആരാന്റെ ബ്ലോഗു തലച്ചോറ് കട്ടു വിറ്റു കമന്റു തിന്നു വിശപ്പടക്കിയൊടുവിൽ ബ്ലോഗാന്ധത വന്നു ബ്ലോഗിൽ ചത്തു പോകുന്ന നിശാചരൻ!

11) ഗാന്ധിയർ-  നിരാശ ബാധിച്ച കോടീശ്വരക്കൂട്ടവും, നിരാഹാരമിരിക്കാൻ വിധിക്കപ്പെട്ട  ഒരു ഗാന്ധിയനും ഇടയിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടവും!

12) കേരള ജനത:- മുല്ലപ്പെരിയാറു പൊട്ടുമെന്ന് പേടിച്ച് തമിഴ്നാട്ടിൽ മുല്ലപ്പൂ കൃഷി തുടങ്ങിയ കൂട്ടരും   മുല്ലപ്പൂ വിൽക്കുവാൻ വിധിക്കപ്പെട്ട കൂട്ടരും!


13) നേതാവ്- എല്ലാം എന്റെ സഹോദരങ്ങളാണ്...പക്ഷെ ഇന്ത്യ എന്റെ രാജ്യമാണ് . അതിനാൽ ഞാൻ ഭരിക്കാൻ യോഗ്യനാണെന്ന്  നെഞ്ചിൽ കൈവെച്ചു പറയുന്ന രാജകുമാരൻ!

14) ജനം – പുതിയ നികുതി ചുമത്തുമെന്ന് ഭയന്ന് ശ്വാസം വിടാത്ത അന്തേവാസി!

15) വക്കീൽ - കള്ളനെ പുണ്യാളനാക്കുന്ന മന്ത്രവാദി.

തിങ്കളാഴ്‌ച, മാർച്ച് 26, 2012

ചില സത്യങ്ങൾ പറയുന്നത്

1) പ്രതികാരം
ഓരോ ചിക്കണും മട്ടണും
പറയുന്നത്,
ആരാൻ ചെയ്ത പാപം
നിങ്ങൾ ഏറ്റെടുത്ത്,
ആസ്വദിക്കുന്നുവെന്നതാണ്..

…അതു കൊണ്ടാകണം
പ്രേതമായി
പ്രഷറും കൊഴുപ്പും
നിങ്ങളോട് കണക്കു
തീർക്കാനെത്തുന്നത്!
ചിലപ്പോൾ അർശ്ശസ്സായി
പ്രതികാരം തീർക്കുന്നത്!
2) പരീക്ഷണം

അടി മേടിച്ച് അങ്ങാടീൽ പോയപ്പോൾ
അങ്ങാടീലെല്ലാം വക്കീലും ഡോക്ടറും!
വടി മേടിച്ചു നാട്ടിലൊന്നിറങ്ങ്യപ്പം
നാട്ടിലെല്ലാം എഞ്ചിനിയോറും വാദ്ധ്യാരും!
അരി മേടിച്ചു വീട്ടിലു വന്നപ്പോൾ
വീട്ടിലെല്ലാം ക്യാറ്ററിംഗ് ഫുഡും!

3) നിദ്രയറിയാത്തവർ
കൂടുതൽ ശമ്പളക്കാരന് വിശപ്പുണ്ടാവില്ല..
അവൻ കിമ്പളം തിന്നാൻ,
ചർച്ച ചെയ്തോണ്ടിരിക്കും!
കൂടുതൽ വിശപ്പന് ശമ്പളവും!
അവൻ ശമ്പളം തിന്നാൻ
അട്ടം നോക്കി കിടക്കും!

4)ഭാവം

അരി തിന്നാത്ത ബുദ്ധി
നൂഡിൽ സ് കഴിക്കുന്നവൻ എവിടേയും കാട്ടും
എന്തും ഏതും എളുപ്പം ഉണ്ടാക്കാമെന്നും
ദഹിക്കുമെന്നും ദഹിപ്പിക്കാമെന്നുമുള്ള
ഒരു തരം അഹംഭാവം!
അല്ലെങ്കിൽ അലംഭാവം!

ശനിയാഴ്‌ച, മാർച്ച് 24, 2012

ചില ചിന്തകൾ...

1) ചിലർക്ക് തെറ്റുന്നത്...!


അകക്കണ്ണു തുറന്നു നിൻ മുഖം നോക്കി
സഹായിക്കപ്പെടേണ്ടവൻ!
മുഖക്കണ്ണു തുറന്നു നിൻ മുഖം നോക്കി
നാശം ദരിദ്രൻ, ശുഷ്ക്കൻ, വികൃതൻ!
ആട്ടിപ്പായിക്കെണ്ടവൻ!

2) വ്യത്യാസങ്ങൾ

എവിടേയും നിവർന്നു നടക്കുന്നോന്,
ബുദ്ധി തെറ്റിയാൽ ബുദ്ധിമുട്ടായി,
അടി തെറ്റിയാൽ അടിമത്തമായി!
എവിടേയും വളഞ്ഞു കുത്തിയോന്,
ബുദ്ധി തെറ്റിയാൽ ലോകം വിശാലമായി
അടിമത്തമായാൽ പിന്നെ കുശാലായി!

3) ആരോപണം

കണ്ണിലുണ്ടോ, കരളിലുണ്ടോ,
മൂക്കിലുണ്ടോ, മുഖത്തിലുണ്ടോ,
വായിലുണ്ടോ, വാക്കിലുണ്ടോ,
കാതിലുണ്ടോ, കയ്യിലുണ്ടോ
നിൻ ഗുരുത്വമുള്ള സ്നേഹം?
എങ്കിൽ കുരുത്തം കെട്ട ഞാനെന്നേ
ഗുരുത്വമുള്ളോനായേനേ!

4) ലക്ഷ്യം

ലക്ഷ്യമൊന്നേപാടുള്ളൂ
അമ്പ് രണ്ടു വേണം
ഒന്നു തെറ്റിയാൽ മറ്റൊന്ന്!
വീണ്ടും തെറ്റിയാൽ
ശിക്ഷയൊന്നേ പാടുള്ളൂ
വീര്യത്തോടെ തുടരണം!
വീണ്ടും തെറ്റിയാൽ
സ്വയം അഭിനന്ദിച്ച്
വീണ്ടും ജനിക്കണം,
വീണ്ടും തെറ്റിയാൽ
ലക്ഷ്യത്തെ,
തല്ലിക്കൊല്ലണം!
ഒന്നുമാവാത്തോർക്ക്
പിന്നെ കാപ്പി കുടിച്ച്
അടുത്ത ലക്ഷ്യം നോക്കി കളിയാകാം..!
ചടഞ്ഞിരിക്കുന്ന മനസ്സിൽ,
സാത്താന്റെ കുടിലുകെട്ടൽ,
തടയാൻ ഒരുപായം!

5) യാഥാർത്ഥ്യങ്ങൾ പറയുന്നത്..

ഓരോ ഭരണാധികാരിയും കൊതിക്കുന്നത്
രാജ്യം കാൽക്കീഴീലാക്കീട്ടു വേണം.
ജനങ്ങളുടെ പട്ടിണി മാറ്റാൻ!
സ്വന്തം പ്രാരാബ്ദം തീർന്നിട്ടു വേണം
സമയമുണ്ടെങ്കിൽ ജനങ്ങളെ ഒരു നോക്ക് നോക്കാൻ!
ഓരോ ജനങ്ങളും കൊതിക്കുന്നത്
ഭരണാധികാരി നന്നായിട്ടുവേണം
സന്തോഷിക്കാൻ!
കൂടുതൽ സന്തോഷിച്ചിട്ടു വേണം
സമയം പോലെ ഭരണാധികാരിയെ പുറത്താക്കാൻ!

6) ട്രെൻഡ്

സ്നേഹിച്ചോന് ഹൃദയം കൊടുക്കണം
ദ്രോഹിച്ചോന് മനസ്സും
വെറുത്തോന് കടവും കൊടുക്കണം!
എന്നിട്ടെന്നും തെറി സേവിച്ചും
കൊടുത്തും നടക്കണം!
പേറ്റെന്റ് കിട്ടിയ തെറികളും
പേറ്റെന്റു കിട്ടാത്ത തെറികളും!
ആരോഗ്യദായകം തെറിയെന്ന്
പുത്തൻ യൌവ്വനത്തിന്റെ ശീലുകൾ!
ആരോഗ്യ പാനകം തെറിയെന്ന്
പുത്തൻ ലോകത്തിന്റെ ചിന്തകൾ!

7) സേവകനു വിധിച്ചിട്ടുള്ളത്..

പുകൾപെറ്റ കുടുംബത്തിലെ
പുകൾ പെറ്റ ഡോഗായി
വീമ്പു കേട്ടു കേട്ടു നടക്കാം!
അല്ലെങ്കിൽ തിരക്കുള്ള കവലയിൽ
തെരുവിന്റെ നായപോൽ
തെറി കേട്ടു കേട്ടു വാലാട്ടി നടക്കാം!
അതുമല്ലെങ്കിൽ ആട്ടും തുപ്പും
അമൃതപാനമാക്കി മോന്തിക്കൊണ്ട്
നാലു കാലിൽ നടക്കാം!

8) ആഗ്രഹങ്ങൾ

കോണകമെങ്കിലുമരയിലുണ്ടെങ്കിൽ
രാജാവിനെ പോലെ നടക്കണം
നാണമെന്നത് മനസ്സിലുണ്ടെങ്കിൽ
ലോകം പോലും ഭരിക്കണം!
ഒന്നുമില്ലെങ്കിലും സമയമാകുമ്പോൾ
ചക്രവർത്തിയെ പോലെ മരിക്കണം!
അല്ലാതെ ...
ചുട്ടമാംസത്തിന്റെ എല്ല് കിട്ടാൻ
പട്ടിയെ പോലെ നാക്കു വെളിയിലിടരുത്!
9) രാജാധിരാജ..

ഞാൻ ചൂണ്ടും രാജാവ്
നീ ചൂണ്ടുന്ന രാജാവല്ല,
നേതാവല്ല, മന്ത്രിയല്ല
രാജവെമ്പാലയല്ല
ലോകത്തിന്റെ
ചക്രവർത്തി,
ആത്മാഭിമാനമുള്ള
സാധാരണൻ!

നീ ചൂണ്ടുന്ന രാജാവ്,
കോടികൾ എണ്ണിയെണ്ണി ചുട്ടു
പെട്ടി നിറയ്ക്കുന്ന
എന്നും ദരിദ്രവാസിയായ
ഏതോലോക സമ്പന്നൻ!
---------------------------

(എനിക്കെന്റെ ലോകം
ഭ്രമിക്കുന്ന ലോകം
നിനക്കെന്റെ ലോകം
വെറും ജല്പന ലോകം!)

വ്യാഴാഴ്‌ച, മാർച്ച് 22, 2012

ഒരിടത്തൊരിടത്ത്..

ചന്ത!

അന്നൊരാൾ പറഞ്ഞത്
ചായ കുടിക്കാൻ ക്ഷണിച്ച്
ഹോട്ടലിലിരുത്തീട്ട്,
പിറകുവാതിലൂടെ കടന്നു കളഞ്ഞ കഥ!

ഇന്നൊരാൾ പറഞ്ഞ കഥ,
പ്രണയിക്കാൻ ക്ഷണിച്ചിട്ട്
ഭോഗോത്സവക്കളരീയിൽ വിറ്റ കഥ!

കേട്ടയാൾ പറഞ്ഞത്,
കഥ കേട്ട് തരിച്ചിരിക്കാൻ നേരമില്ലാതോടി,
ക്യൂ നിന്ന് തിരിച്ചറിയാതെ, പരേഡിൽ രക്ഷപ്പെട്ട കഥ!

നേരില്ലാത്ത ഭൂമില്,കാടില്ലാത്ത രാജ്യത്ത്,
മാതാവും പിതാവും മാതുലനും ഉടപ്പിറന്നോനും
മൃഗമായ കഥ പറയുമ്പോൾ,
ജനിക്കുന്ന കുഞ്ഞുങ്ങൾ ഇനിയേതു കഥ കേൾക്കണം
ഇനിയേതു കാട്ടു മൃഗങ്ങളുടെ ഗുണപാഠമറിയേണം!

പ്രണയം ഓർമിപ്പിക്കുന്നത്.

പഷ്ണിക്കാരനായ
രായന്റെ മോളും
കുബേരനായ
രാജന്റെ മോളും
മിസ്സടിച്ച
കണ്ടോനോടൊപ്പം
നാടുവിട്ടപ്പം
രായന്റെ മോള്
വഴിയാധാരമായി
രാജന്റെ മോള്
തിരിച്ചു വന്ന്
കല്യാണം കഴിച്ച്
തമ്പുരാട്ടിയായ്!

യുഗരാശി

അപ്പൂന്റെ അപ്പൂപ്പനും
അമ്മൂന്റെ അമ്മൂമ്മയ്ക്കും
ഇനിയും പ്രേമിക്കണം
അപ്പൂന്റെ അപ്പൂപ്പന്
നാലു വയസ്സു കാരിയെ!
അമ്മൂന്റെ അമ്മൂമ്മയ്ക്ക്
അഞ്ചു വയസ്സുകാരനെ!
പ്രേമിച്ചും പീഢിപ്പിച്ചും
കല്ല്യാണം കഴിച്ചും
ചാവുമുമ്പേ പ്രേമം
ആഘോഷമാക്കണം,
അനശ്വരമാക്കണം!
കുഴിയടി കണ്ടാലും,
കുടുംബമഹിമ വിറ്റിട്ടും
ജയിലിൽ പോണം!
യുവാക്കൾക്കില്ലാത്ത യുവരക്തം!

ചൊവ്വാഴ്ച, മാർച്ച് 20, 2012

പറയേണ്ട ചിലതും പറയാത്ത ചിലതും

1) യാത്ര

നഷ്ട സ്വപ്നങ്ങളാണെനിക്ക് ഇറക്കി വെക്കാനുള്ളത്
നരകത്തിന്റെ വാതിൽ പടിക്കൽ
എന്നിട്ടെനിക്കുറക്കെ വിളിച്ചു പറയണം
നഷ്ടപ്പെട്ട ഈ സ്വപ്നങ്ങൾ നിങ്ങൾക്കുള്ളത്
അകത്തു വെക്കുക
“തിളപ്പിച്ചു കഴിച്ചോളൂ”
ഇനിയും നഷ്ട സ്വപ്നങ്ങൾക്കായി
കാത്തിരിക്കരുത്..
ഇതവസാനത്തെ തിരിച്ചടവ്!
ദൂരെയൊരു മഴവില്ലു കാണുന്നു
പുതിയ സ്വപ്നങ്ങൾ വിതച്ചു കൊയ്യാൻ
വേഗം എനിക്ക് സ്വർഗ്ഗത്തിലേക്ക് പോകണം!

2)  തുലാസ്
ചിലരെന്നെ വിശ്വസിക്കാറുണ്ട്
ചിലരെന്നെ അവിശ്വസിക്കാറും!
എനിക്കെന്ത്?
ശ്വാസവും നിശ്വാസവും
ഇട്ടു തൂക്കുന്ന
വിശ്വാസവും
അവിശ്വാസവുമാണെന്റെ
തുലാസ്!
വിളിച്ചും, കൂവിയും
പമ്മിയിരിക്കുന്നോർക്കും
മുങ്ങിയിരിക്കുന്നോർക്കും
ഉണർന്നോർക്കും
ഉറങ്ങിയോർക്കും
സ്നേഹം കലക്കി കൊടുക്കണം!
അണുവായെങ്കിലും
ജീവൻ ബാക്കിയുണ്ടെങ്കിൽ!

2) നുണകൾ പറയുന്നത്!

അന്നും ഇന്നും
എന്നും എവിടേയും
ഇപ്പോഴും എപ്പോഴും
ആരോടും എന്തിനും
ആവശ്യമായും അനാവശ്യമായും
കണ്ടും കാണാതെയും
കേട്ടും കേൾക്കാതെയും
നടന്നും ഓടിയും
ഇരുന്നും ഒളിഞ്ഞു നോക്കിയും
വിഷമിച്ചും വിഷമിപ്പിച്ചും,
നിങ്ങൾ നുണ പറയാറില്ല,
കുശുകുശുക്കാറില്ല, ചെവി കൊടുക്കാറില്ല,
ചെവികടിക്കാറില്ല
തരിമ്പുംവിശ്വസിക്കാറുമില്ല!
തലയിണവെക്കാത്തതിനാൽ
മന്ത്രങ്ങൾ ഉപദേശിക്കുന്നത്
ഉരുക്കഴിക്കാറുമില്ല!

3) അന്ന്

കണ്ടെങ്കിൽ ഉണ്ടിട്ട് പോണം
ഉണ്ടെങ്കിൽ കണ്ടിട്ട് പോണം
നന്ദി പ്രകടിപ്പിച്ചോനേ,
ബഹുകേമൻ എന്ന് വിളിക്കണം!

ഇന്ന്

കാണാതെ പോയി ഉണ്ടിട്ട് പോണം
ഉണ്ണാതെ പോയെന്ന് കണ്ടിട്ട് പറയണം!
നന്ദി കാട്ടുന്നോനെ കണ്ടാൽ കുളിക്കണം!

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

വംശ ചരിത്രം!


ഇനിയെന്തിനു പാണോരേ
തുടി കൊട്ടുന്നൂ..
ഇന്നെന്തിനു മാളോരേ
ചെവിയോർക്കുന്നൂ
കുറ്റിച്ചൂലാൽ  തൂത്തുവാരിയോർ
തമ്പ്രാക്കളായി,
തമ്പ്രാക്കളുടെ ഏറാൻ മൂളികൾ
നേതാക്കളായി,
തമ്പ്രാന്റെ തലയരിഞ്ഞോരും
മുളയാണി വെച്ചോനും
പഞ്ചാംഗവും രാശിയും
നോക്കി ഓന്തിന്റെ
വംശവുമായി!
അകമഴിഞ്ഞു വേവിച്ചോരെല്ലാം
അരി മറന്ന് പട്ടിണിയായ്!
അരിയെറിഞ്ഞു വാഴിച്ചോരെല്ലാം,
നിലമറന്ന് തെണ്ടലുമായി!

ഞായറാഴ്‌ച, മാർച്ച് 11, 2012

ചില കലിപ്പുകളും ചില എരണം കെട്ട വഹകളും!

“..നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. ..അതും വിട്ടു കൊടുക്ക....”
യേശുവിന്റെ വാക്കുകൾ എവിടെയൊ വായിച്ചു കേട്ടായിരിക്കണം അതിന്റെ യഥാർത്ഥ അർത്ഥമറിയാത്ത അവർ പരുങ്ങി..
വേണോ?... വേണ്ടയോ..?.. വേണം ണ്ട...!
ഒടുവിൽ രണ്ടും മൂന്നും നാലും അഞ്ചും ഒക്കെ കല്പിച്ച്... പിന്നെ അവർ പുതപ്പു വിട്ടു കൊടുത്തു..മഹാമനസ്ക്കരായ അവർ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞെറിഞ്ഞ് സിമ്പിളായി നടന്നു...വല്യ വല്യ ആളുകൾ പറഞ്ഞു ഗ്ളാമറസ്സ് ..ബ്യൂട്ടിഫുള്‌...
ചെറിയ ചെറിയ ആളുകൾ പറഞ്ഞു..“ അയ്യേ...എക്സ്ണ്ട്രിക്....ഈ നടിമാരു പെണ്ണുങ്ങള്‌ക്ക് എന്തിന്റെ കേടാ,,, എവിടെയൊക്കെ കേടാ...”
അതൊന്നും കാര്യമാക്കാതെ അവർ പിന്നേയും വായിച്ചു കേട്ടത് ഓർത്തോണ്ടിരുന്നു... ..അർത്ഥമറിയാത്ത പാവം അവർ.!..മനസ്സിലാക്കാനുള്ള വിഷമം... തലയിൽ പച്ചച്ചോറ്‌ പൊതിഞ്ഞു വെച്ചിട്ടില്ലാത്ത നിഷ്ക്കളങ്കർ..!
അവർ പറഞ്ഞു “ കലിപ്പുകള്‌ തീരണില്ലല്ലോ എന്റെ കർത്താവേ....” .. പിന്നെ വിളിച്ചു പറഞ്ഞു ഗ്ളാമറസ്സ് വേഷം ധരിക്കാൻ തയ്യാറാണ്.. വേഷം തന്നാൽ തുണി ഇല്ല്യാതെയും...“
അവർ തുണീം കുപ്പായോം ഉരിഞ്ഞെറിഞ്ഞു...ലേശമെങ്കിലും ഇല്ലെങ്കിൽ ആളോള്‌ എന്തെങ്കിലും വിചാരിക്കും..കുടുംബക്കാരും മറ്റും കാണുന്നതാണ്‌...അവർക്ക് നാണം വരും എന്ന് ഡയരക്ടർമാർ പറഞ്ഞതു കൊണ്ടാകണം .. ഉടുത്തു എന്ന് തോന്നിപ്പിക്കാൻ ഒരു ടൗവ്വൽ കൊണ്ട് ദേഹം പൊതിഞ്ഞു..
പിന്നെം പിന്നെം പറഞ്ഞു..“ കലിപ്പുകള്‌ തീരണില്ലല്ലോ....”
 പിന്നെ അവർ വലീയ ഹോട്ടലിൽ വലീയ റൂമെടുത്ത് കലിപ്പുകള്‌ തീരാതെ ശരീരം പങ്കുവെച്ചു പങ്കു വെച്ചു കൊടുത്തു ..അവരെപ്പോലെ മുറുമുറുപ്പുകള്‌ തീരാത്ത  ചിലര്‌ ചിതലരിച്ചു പോകുന്ന ഉറുപ്പ്യകൾ  വെറുതെ നാശമാകേണ്ട എന്നു കരുതി വലിച്ചെറിഞ്ഞു കൊടുക്കുന്ന പത്തായിരോം, ഇരുപതിനായിരോം അടുക്കി പെറുക്കി വെച്ചു വെച്ചു..
പിന്നെം പിന്നെം പറഞ്ഞോണ്ടിരുന്നു.. കലിപ്പുകള്‌ തീരണില്ലല്ലോ ..ന്റെ കർത്താവേ..!....കലിപ്പുകള്‌ തീരണില്ല്യല്ലോ ന്റെ കർത്താവേ...!
ഇതൊന്നുമറിയാത്ത പാവം റെയിഡന്മാർ ഏമാന്മാർ അവരെ പിടിച്ചോണ്ടു പോയി ..
മറ്റൊരു പണീം ഇല്ല്യാതെ മുറുക്കി തുപ്പിയും കണ്ടോന്‌ പാര വെച്ചും നടക്കണ ചാനലച്ഛന്മാർ “ നിലവിളിച്ചോണ്ട്  ലോകം മൊത്തം പറഞ്ഞോണ്ടിരുന്നു.''..ദേണ്ടെ അവർ,.... ദേണ്ടെ .. ഇവർ.....”
പിന്നെ ബാറിലൊക്കെ ചുമ്മാ കാൽ ക്കാശിനു കൊള്ളാത്ത വെടി പറഞ്ഞോണ്ട് ഇരിക്കുന്നോരേയും, ബീവറേജസിനു മുന്നിൽ നാട്ടുകാരെ തീറ്റിപ്പോറ്റാൻ കഷ്ടപ്പെട്ട് ക്യൂ നിന്ന് കുടിക്കണോരേയും,ഞാനെത്രെ കുടിച്ചാലും പൂസ്സാവില്ല തറേൽ കിടക്കത്തേയുള്ളൂ വെന്ന് വീമ്പടിക്കണോരേയും. അടിച്ചു ആടിയാടി നടക്കണോരെയും, കുടിക്കാതെ തന്നെ ലോകം സ്വന്തം അപ്പന്റെ വകേലാണെന്ന് വെറുതെ വെടി പറഞ്ഞിരിക്കണോരേയും വിളിച്ചോണ്ട് പോയി ചർച്ചിച്ചു ഛർദ്ദിപ്പിച്ചു..

അനുകൂലിക്കണോരും പ്രതികൂലിക്കണോരും കൂലിത്തല്ലുകാരും അലമ്പും വഴക്കും വക്കാണവുമായി.. കസേരയില്ലാത്ത ആളുകൾ അടിക്കാനെന്ന വ്യാജേന കസേരയുമെടുത്ത് തലേൽ വെച്ച് സ്വന്തം വീട്ടിലേക്ക് വെച്ചു പിടിച്ചു..
മാതാപിതാക്കന്മാർ “ ഇതൊന്നും ശരിയല്ല.. ഇതൊന്നും ശരിയല്ല എന്ന്.. പറഞ്ഞോണ്ട് മക്കളോട് പോയി പഠിക്കാൻ പറഞ്ഞു...”..
മക്കളൊക്കെ അകത്തോട്ട് പോയപ്പോൾ മെല്ലെ ശബ്ദം കുറച്ച് കണ്ട് ചർച്ച ചെയ്യാൻ തുടങ്ങി...
"....ഇതാ ഇപ്പം വല്യ കാര്യം ഇതിനേക്കാൾ വല്യ സംഭവം നമ്മൾ കണ്ടിട്ടുണ്ട്.. എന്നും പിറുപിറുത്തോണ്ട് റൂമിലേക്ക് പോയി കതകടച്ച് മക്കൾ അരചന്മാർകമ്പ്യൂട്ടറ്‌ ഓണാക്കി...
ഈ അസ്സമയത്ത് നെറം മാറുന്ന ഓന്തന്മാർ മൂക്കേൽ കൈവെച്ചു.. പിന്നെ തലേൽ കൈവെച്ചു പറഞ്ഞു..” ഓൾക്കിതിന്റെ ആവശ്യോണ്ടായിരുന്നോ... വല്യ നടിമാരാണത്രെ ..നടിമാര്‌... എന്നെ കല്യാണോം കഴിച്ച് , എന്നേം പോറ്റി കഴിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നോ?.... കലിപ്പുകള്‌ തീരുന്നില്ലെങ്കിൽ അവരെം വെച്ച് വ്യാപാരോം നടത്തി സുഖായി ജീവിക്കാരുന്നു..!"
ഏതോ ഒരു കൂരയിൽ നിന്നും ഒരു മുത്തശ്ശി ടീവീം കണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു..” വെവരം കെട്ടോള്‌.. എരണം കെട്ടോള്‌.. "
” വെവരം ഇല്ല്യാഞ്ഞിട്ടൊന്നും അല്ല അമ്മേ ... അവരൊക്കെ വല്ല്യ പത്രാസ്സും പഠിപ്പും ഉള്ളോരാ...പണോം പ്രശസ്തീം ഉള്ളോരാ..അല്ലാതെ നമ്മളെ പോലെ കഞ്ഞി കുടിക്കാനില്ലാത്തോരൊന്നും അല്ല!“.. കൂരയിലെ കസേരയിൽ ചാഞ്ഞിരുന്നോണ്ട് അയാൾ പറഞ്ഞു കൊടുത്തു...
അപ്പോഴും അത്രെയ്ക്കൊന്നും വിവരമില്ലാത്ത മുത്തശ്ശി പറഞ്ഞോണ്ടിരുന്നു..”..തുഫൂ.. എരണം കെട്ടോള്‌... വെവരം കെട്ടോള്‌....!“

അങ്ങിനെ ഈ ഭൂമി മലയാളത്തിൽ കാല്ക്കാശിനു വകയില്ലാത്ത മുത്തശ്ശി പറയുന്ന ചെല എരണം കെട്ടൊളും വെവരം കെട്ടോളും പുതപ്പു വിട്ടു കൊടുത്തും വസ്ത്രം വിട്ടു കൊടുത്തും നടനം തുടങ്ങി...
നാടു നാട്ടാരും കൈയ്യടിച്ച് അഭിനന്ദിച്ചോണ്ടിരുന്നു...പിന്നെ പറഞ്ഞു "പോരാ അല്ലേ...ഇത്തിരി കൂടി ആവാമായിരുന്നു ഗ്ളാമറസ്സ് സ്സ് സ്സ്......."

ചൊവ്വാഴ്ച, മാർച്ച് 06, 2012

ഒരറിയിപ്പ്!

ബഹു മാന്യരായ എന്റെ പ്രീയ സഹോദരീ സഹോദരങ്ങളെ,

നിങ്ങളെ ഈശ്വരൻ, അള്ളാഹു,യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ..!

നിങ്ങൾക്കെല്ലാമറിയുന്ന കാര്യമാണ് ഞാനിവിടെ പറയുന്നത്…. എന്റെ ഒരു ദയനീയാവസ്ഥ..! അതു കണ്ടറിഞ്ഞു നിങ്ങൾ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്..

എല്ലാവരും ബെൻസ് കാറ് ഓടിക്കുമ്പോൾ ഇപ്പോഴും ഞാൻ പഴഞ്ചൻ ബസ്സിലാണ് യാത്ര ചെയ്യുന്നത്… ചിലപ്പോൾ ഓട്ടോ റിക്ഷയിലും.. പൈസ ഓട്ടോക്കാരൻ പറയുന്നത് കൊടുത്താലും ഓട്ടോക്കാരന്റെ ആട്ടും തുപ്പും കേട്ട് സഹി കെട്ടു…ആദ്യം വിസ്തരിക്കും… എവിടെയ്ക്കാ പോകേണ്ടത്.. ഹേയ് ഞങ്ങൾക്ക് വേറെ ഓട്ടമുണ്ട്… പറ്റില്ല അടുത്ത റിക്ഷ നോക്കൂ.. എന്നിങ്ങനെ പറഞ്ഞ് എന്നെ റിക്ഷ ക്യൂവിന്റെ അവസാനം വരെ ഇട്ട് നടത്തുന്നു…കാരണം ചെറിയ ഓട്ടം അവർക്ക് താല്പര്യമില്ലത്രെ..! ഒടുവിൽ സഹികെടുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കും.. അപ്പോൾ ദൈവദൂതനെ പോലെ ഏതെങ്കിലും ഒരു റിക്ഷാക്കാരൻ അവൻ പറയുന്ന പൈസ എണ്ണിക്കൊടുത്താൽ വീട്ടു പടിക്കലെത്തിക്കും…അതല്ലെങ്കിൽ കൈവീശി നടരാജ ബസ്സിൽ പോകണം..( മൂന്ന് കിലോമീറ്ററോളം കൈവീശി നടക്കുന്നത് ഇന്നെത്തെ കാലത്ത് ഒരു ദയനീയാവസ്ഥയാണെന്ന് നിങ്ങൾ പറയുമെന്ന് എനിക്കുറപ്പുണ്ട്...ചിലപ്പോൾ എന്റെ ദയനീയാവസ്ഥ ഓർത്തു കരഞ്ഞു പോയവരെ ഞാൻ വിസ്മരിക്കുന്നില്ല.. അവർക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു..സങ്കടം തോന്നി ബൈക്കിൽ എന്നെ വീട്ടു പടിക്കൽ എത്തിച്ച രാമഭദ്രൻ, ഹംസക്കോയ എന്നിവർക്ക് എന്നും ദൈവം നല്ലതു വരുത്തട്ടേ)

ഈ ദയനീയാവസ്ഥയിൽ നിന്ന് കര കയറുവാൻ ഒരു കാറ് അടിയന്തിരമായി വാങ്ങിക്കുവാൻ സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു. ബെൻസു കാറ് വാങ്ങിക്കുവാൻ ആകും നിങ്ങൾ നിർദ്ദേശിക്കുക എന്നെനിക്കുറപ്പുണ്ട്..

(പ്രത്യേക അറിയിപ്പ്:-… കൂടുതൽ പൈസയുള്ളവർ ആജീവാനന്തം പെട്രോൾ അടിച്ചു തന്നാൽ ദൈവം നിങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞിടാൻ പ്രാർത്ഥിക്കുന്നതാണ്.. പൈസ ഡ്രാഫ്റ്റായി സ്വീകരിക്കുന്നതാണ്..ബാങ്ക് എകൌണ്ട് ഡീറ്റേൽ സ് താഴെ..)


ബാങ്ക്;‌‌‌‌‌‌‌‌‌

ബ്രാഞ്ച്:-


പേര്:
ഒപ്പ്:

(ഈ അറിയിപ്പ് നിങ്ങൾക്ക് എത്തിച്ചു തന്നവൻ സത്യസന്ധനും ബഹുമാന്യനും നീതിമാനുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു..
ചായക്കടക്കാരൻ അയമ്മദ് കുട്ടി

ഒപ്പ്: )


(ഈ നോട്ടീസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു…ഈ നോട്ടീസ് കണ്ട് പരിഹസിച്ചവർ പെട്രോളടിക്കാൻ കാശില്ലാതെ, കാറു വിറ്റ് കാശീൽ പോയിട്ടുണ്ട്…ചിലരിപ്പോൾ കാറ് ഷെഡ്ഡിൽ കയറ്റി വെച്ചിരിക്കുന്നു..സത്യം കയ്ക്കുമെന്നറിയാം എന്നാലും പറയാതെ വയ്യല്ലോ?)

ഞായറാഴ്‌ച, മാർച്ച് 04, 2012

അതിജീവനങ്ങൾ

1) ഓരോ മൂട്ടയും കൊതുകും
    അധികാരം പങ്കിട്ടെടുക്കുകയാണ്.
    പറന്നു നടന്നവനും
    പതുങ്ങി വന്നവനും
    അവർക്ക് ജീവിക്കുവാൻ
    അവരെന്റെ രക്തമെടുത്തു,
    എനിക്കു ജീവിക്കുവാൻ
    ഞാനവരുടെ ജീവനും!
    ചില തകർച്ചകൾ
    ആസന്നമാകുന്നത്,
    ക്ഷമയുടെ നെല്ലിപ്പലക
    കാണുമ്പോഴാകണം!

2)  ഈച്ചയ്ക്ക് എച്ചിൽ
     പോരത്രെ,
     മൃതേത്ത്
    മുടക്കിയോനെ പ്രാകി
     ജീവനെ അമര്‍ച്ച ചെയ്ത
     നിര്‍വൃതിയോടെ
     നിൽക്കുന്നോരെ,
      ഗുണ്ടയെന്നോ,
     കൊലപാതകിയെന്നോ,
     വിളിക്കേണ്ടത്,
     അതോ
     സാമൂഹ്യ പരിഷ്ക്കാർത്താവെന്നോ?
    
3)
      ഓരോ പുഴുക്കളും
     പ്രാർത്ഥിക്കുന്നത്
     പാദങ്ങളിൽ പെട്ട്
    ചതഞ്ഞരയരുതെന്നാകാം
    ഓരോ സർപ്പവും പ്രാർത്ഥിക്കുന്നതും
     മനുഷ്യനെ കാണരുതെന്നാകാം,
    എങ്കിലും വിഷസർപ്പമെന്നോതി,
    ഓടിയടുത്ത്തല്ലിക്കൊല്ലുമ്പോൾ
    നന്മ നിറഞ്ഞവനായി
   മുദ്രകുത്തപ്പെടുന്ന മനുഷ്യൻ!
   അതിജീവനത്തിനായി
   ഓടിയൊളിക്കുന്നവനെ
   പിന്തുടർന്നില്ലാതാക്കുന്ന ക്രൂരത!