പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 31, 2014

നയം

രാജ്യം സ്വാതന്ത്ര്യമായപ്പോൾ,
കാവല്ക്കാരനെ നിയമിച്ചു,,
ജനാധിപത്യ വീട്ടിൽ
വിശ്വസ്ഥനായ കാവല്ക്കാരൻ!

വിധിയെഴുതിയ യജമാനനെ
കാണുമ്പോൾ,
ഉമ്മറത്തെ കാവല്ക്കാരൻ,
കുരയോടു കുര!

പിന്നെ  ജനാധിപത്യത്തിന്റെ
അടിത്തറമാന്തിക്കിളച്ച്,
വേർപിരിച്ചിട്ട്,
ന്യൂനനും ഭൂരിയുമാക്കി,

അരിശം തീരാതെ,
ശൂദ്രനും ചണ്ഡാളനുമാക്കി,
കടിച്ചു കുടഞ്ഞിട്ട്,
ശൂന്യനും, ധനികനുമാക്കി.

പിന്നെ വീടിനു ചുറ്റുമോടി.
ക്ഷീണിച്ചപ്പോൾ,
ചെവി കൂർപ്പിച്ച്, കിടന്നുറങ്ങി,
യജമാനനെത്തുമ്പോൾ,
പിന്നെയും കുരയ്ക്കാൻ!

ശനിയാഴ്‌ച, ജനുവരി 25, 2014

അയാൾ..

ഹൃദയരക്തം ചാലിച്ചു കണ്ണെഴുതി,
തിരിഞ്ഞു നില്ക്കുമ്പോഴാരോ,
പുറത്തു തട്ടുന്നു,
പിന്നെയൊരു വാക്ക്,
"നിന്റെ യാതനയെനിക്കറിയാം",
അപ്പോൾ അടഞ്ഞ വാതിൽ വിടവിലൂടെ,
മറ്റൊരാളുടെ ചെവിയിൽ തട്ടി,
പൊട്ടിച്ചിരിയോടൊപ്പം
പുറത്തെത്തിയ വായുവിൽ,
മുൻപ് അലിഞ്ഞു ചേർന്നതോ?
ഹിമാർഎന്നൊരു മൂന്നക്ഷരം?
ചെയ്യാത്ത കുറ്റത്തിന്റെ വിഴുപ്പു ചുമന്ന കൂലി!

വീണ്ടും തുളഞ്ഞു കയറുന്ന വിശപ്പു കൊണ്ടു
തുലഞ്ഞു പോയ ഉദരത്തെ ബെൽ റ്റു കൊണ്ട്,
മുറുക്കി ക്കെട്ടി സാന്ത്വന്വിപ്പിച്ച്,
ചായ കോപ്പയും,
ബിരിയാണി പാത്രവുമായി അയാൾ നീങ്ങി,
ആട്ടും തുപ്പും കേട്ടുകൊണ്ട്
മരുഭൂവിന്റെ മക്കളുടെ അടുത്തേക്ക്,
ഇടയിൽ വെറുതെ ചിന്തിച്ചു.
"അദ്ദേഹമെന്റെ യാതന,
മനസ്സിലാക്കുന്നുണ്ടാകണം!"

നടു നിവർക്കാൻ കിട്ടിയ ഇടവേളയിൽ,
സന്തോഷത്തോടെ വീട്ടിലേക്കൊരു ഫോൺ....
അവിടെയാരും ഉണ്ടായിരുന്നില്ല..
എന്നും മിച്ചം വന്ന സന്തോഷം
കച്ചവടമാക്കാൻ പോയവരെ കാത്ത്,
ഫോണുറങ്ങുമ്പോൾ,
കബ്ബൂസിന്റെ രുചിയോടൊപ്പം
 ഒരു കട്ടൻ ചായ മോന്തി,
ചുമടെടുക്കുന്ന
മറ്റുള്ള ഇരുകാലികളായ നാല്ക്കാലികളോട്,

അയാൾ വീമ്പ് പറഞ്ഞു.
"ഒരു പാട് ഉടുപ്പുകൾ
നാട്ടിലേക്ക് അയച്ചിട്ടുണ്ട്..
..ന്നാലും.."
"കുറച്ച് തരണം
നിന്റെ അറബി കുട്ട്യളുടെ ഉടുപ്പ്..
ന്റെ കുട്ട്യൾക്കും അയക്കാനാ“
മറ്റൊരുവൻ!

അറബി കുട്ടികൾ ഉപയോഗിച്ച്
വലിച്ചെറിഞ്ഞ ഒരു കെട്ടുടുപ്പ് 
അയാൾ അവനു സമ്മാനിക്കുമ്പോൾ,
ആ കണ്ണുകളിലും ഒരു തിളക്കം!

ചൊവ്വാഴ്ച, ജനുവരി 21, 2014

ഏമാനും ,അമ്പട്ടന്മാരും

നികുതിയിലിട്ട്
വറുത്ത് കോരിയെടുത്ത്,
തീന്മേശയിൽ വെച്ച്,
മുറിച്ച് കോരിത്തിന്നു,
ഏമാനും ഏമാന്റെ അമ്പട്ടന്മാരും!

കൊതി തട്ടാതിരിക്കാൻ,
വെള്ളമൊലിപ്പിച്ച് കരഞ്ഞോർക്ക്,
ഇലയിൽ നിന്നും
നുള്ളിയെടുത്തെറിഞ്ഞു കൊടുത്തു,
എല്ലിൻ കഷ്ണവും,
ഇത്തിരി മസാലയും.

കണ്ണുമിഴിച്ചോർക്ക്,
തിളയ്ക്കുന്ന നികുതിയിൽ
നിന്നും ഒരു തുടം
ചൊരിഞ്ഞൊഴിച്ചു കൊടുത്തു,
ദയാദാക്ഷിണ്യമായി,

പിന്നെ പെരുവയറു തടവി,
തലങ്ങും വിലങ്ങും
ഉലാത്തി,
ചാരുകസേരയിലിരുന്ന്,
നാലും കൂട്ടി മുറുക്കി പറഞ്ഞു,
“അത്താഴപഷ്ണീക്കാരുണ്ടോ ചോദിക്ക്വാ? ”
വിളിച്ചു ചോദിച്ചു,
“അത്താഴപഷ്ണീക്കാരുണ്ടോ? ”

ഉണ്ടെന്നാർത്തു വിളിച്ചടുത്തോരെ,
തള്ളിയിട്ടു അമ്പട്ടന്മാർ പറഞ്ഞു,
“തിന്നാലും തിന്നാലും
ആർത്തി തീരാത്ത ജന്മം!”
“ അഹമ്മതി,, അഹമ്മതി.."
ഏമാൻ പിറു പിറുത്തു!

വീണ്ടും മുണ്ടു മുറുക്കി,
തിരിഞ്ഞു നടന്നോനെ,
നികുതിയിലിട്ട് നന്നായി
വറുത്തെടുക്കാൻ
അമ്പട്ടന്മാർ ഏമാനോടു പറഞ്ഞു!

ശനിയാഴ്‌ച, ജനുവരി 18, 2014

ഇന്ന്...

ഇന്ന്...
വിജ്ഞാനങ്ങൾ കൂട്ടിയിട്ട് കത്തിച്ച്,
ധൂമപാനം ചെയ്തവരും സർവ്വജ്ഞപീഠമേറി
ജ്ഞാനം വിളമ്പി,
ഗുരുകുലത്തിൽ,
ഗുരുവേ എന്നഭിസംബോധന ചെയ്തവരിൽ,
ബീജാവാപം നടത്തി,
പൂർണ്ണരാക്കി ശിഷ്യ ദക്ഷിണ നല്കിയ ഗുരുക്കന്മാർ!
ജ്ഞാനം തലയിലാവാഹിക്കപ്പെടേണ്ടതിനു പകരം,
ഉദരത്തിലാവാഹിക്കപ്പെട്ടതു കണ്ട്,
നെടുവീർപ്പിട്ടും,
നെട്ടോട്ടമോടിയും ചില രക്ഷാകർത്താക്കൾ!

മൗനീ ബാബകളായി ഫേസ് ബുക്ക് ധാരികൾ
യജ്ഞത്തിനായ് ഉപവിഷ്ടരായി,
അവർ മന്ത്രിക്കുകയോ ചിലപ്പോൾ
ഷിട്ട് ..ഷിട്ട്  എന്ന അത്യുഗ്രമന്ത്രങ്ങൾ
ഉരുവിടുകയോ ചെയ്യുന്നുണ്ട്.

ചിലർ മുറ ജപം നടത്തുന്നു.
ചിലർ നാറാണത്തു ഭ്രാന്തനെ പോലെ.
പൊട്ടിച്ചിരിക്കുന്നു.
ചിലർ തലങ്ങും വിലങ്ങും കൈ ചൂണ്ടി പിറു പിറുക്കുന്നുണ്ട്,
അടുത്തെങ്ങും ആരുമില്ല, അപ്പോൾ
ആത്മാവിനെ തിരയുകയാവാം..
അല്ലെങ്കിൽ അന്തരംഗത്തിൽ പിറന്ന മന്ത്രങ്ങളുരുവിട്ട്,
അലഞ്ഞു നടക്കുന്ന പ്രേതങ്ങളെ തളയ്ക്കുകയാവാം..

എഴുപതു വയസ്സു തികഞ്ഞ ഒരു ക്രൗഞ്ചപക്ഷി,
പതിനാറു തികയാത്ത ക്രൗഞ്ചപക്ഷിയോട്
സല്ലപിക്കുകയാണ്‌,
ഇരുപത്തിയഞ്ചു വയസ്സു തികഞ്ഞ പടുവൃദ്ധനായ ഒരുവൻ
വേച്ചു വേച്ചടുത്തപ്പോഴേക്കും,
അമ്പു തൊടുക്കുകയാണെന്നറിഞ്ഞപ്പോൾ,
മറ്റൊരു എഴുപത്തഞ്ചു വയസ്സു തികഞ്ഞ യുവാവായ സാധകൻ
ചെവിയിൽ തിരുകിയ വസ്തു പുറത്തെടുക്കാതെ,
“മാനിഷാദാ” എന്നാക്രോശിച്ചു!
വർഷങ്ങളായി നിരത്തിലൂടെ നടന്നിട്ടും,
ആളുകളുടെ കൂട്ടത്തിൽ നിന്നിട്ടും,
ആകെ കേട്ട ഒരേ ഒരു പദം!
മഹാപരാധത്താൽ ചൂളിപ്പോയ ആ വേടൻ
ദൂരേയ്ക്കു വേച്ചു നടന്നു.!

ആളുകൾ  തപസ്സു തുടങ്ങിയിരിക്കുന്നു..
ചില മുനിമാർ ബസ്സുകളിലും യോഗവേളകളിലും,
തരുണികളെ തനു ആസകലം കരാനുഗ്രഹം നല്കി,
ആയൂഷ്മതികളാകട്ടേയെന്നാശംസിക്കുന്നുണ്ട്...!

പൂരുവായ് ജനിച്ചു പോയ യുവജനങ്ങളെയോർത്ത്,
യയാതികളെ വാഴ്ത്തി,
കാല ചക്രം മുന്നോട്ടാണോ പുറകോട്ടാണോ?
സംശയിച്ചു, തപസ്സിലാണ്ട ഋഷിവര്യന്മാരെ
പലയിടങ്ങളിലും കണ്ട്,
വേച്ചു വേച്ചു നടന്നു.

അകത്തും പുറത്തും ആളുകളുണ്ട്,
നിരത്തിലും വെളിച്ചത്തും ഇരുട്ടിലും ആളുകളുണ്ട്,
തട്ടിയും മുട്ടിയും വീഴുന്നുമുണ്ട്,
പക്ഷെ.............!!
നിനക്കെന്നോട് സംസാരിക്കണമെങ്കിൽ
എനിക്കു നിന്നേയും നിനക്കെന്നെയും വെട്ടിപ്പൊളിച്ച്,
ആത്മാവിനെ പുറത്തെടുക്കണം!
അതെ തൊട്ടുരുമിയിരുന്നിട്ടും,
ഞാനും നീയ്യും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുന്നു...
ആധുനിക ലോകത്തിന്റെ വരദാനം!

വ്യാഴാഴ്‌ച, ജനുവരി 16, 2014

പൂജ്യം

                                                     ചിത്രം ഗൂഗിളമ്മച്ചിക്ക് കടപ്പാട്..

വിമർശിക്കുന്നവരിൽ
ഒന്നാമനാകണമെന്ന
നിർബന്ധ ബുദ്ധിയൊന്നുമല്ല.,
അന്ന് പക്വതയില്ലായ്മ,
എന്നെ ചൂഴ്ന്ന് നിന്നിരുന്നു,
ഇന്നും...!
വ്യത്യാസം ഇന്ന് തൊലിയുമായി
സൗഹൃദമായി കൂടു വെച്ചെന്നു മാത്രം!

ആത്മാഭിമാനം നിറച്ചോന്നൂതിയ ശരീരം,
ഹീലിയം നിറച്ച ബലൂണുപോലെ,
ഉയർന്നു പൊങ്ങിയിരുന്നുവോ...?
അറിയില്ല..,
ആരോ ചെറു മൊട്ടു സൂചി കൊണ്ടൊന്ന്,
തൊട്ടപ്പോഴേക്കും!

ഞാൻ ഒരു പാട് വളർന്നിരിക്കുന്നുവെന്ന്
 മനസിലായതപ്പോഴാണ്‌,
വെറും ഒരു പൂജ്യത്തിനൊപ്പം
ഒരു പാട് പൂജ്യങ്ങൾ ബിരുദങ്ങളായി കടന്നു വന്നപ്പോൾ.
പൂജ്യങ്ങൾ ശൂന്യതകളാണ്,
എങ്കിലും..! 
പൂജ്യങ്ങൾക്കും സ്ഥലവാവശ്യമുണ്ടെന്നതും സത്യം,
അതു ഭൂമിയിലല്ലെന്നു മാത്രം,

മനസ്സു പറഞ്ഞു തളരരുത്
ഉലയിലിട്ട് പഴുപ്പിച്ചും,
ചുറ്റികകൊണ്ട് ചതച്ചപ്പോഴും,
ഉള്ളുരുകിയൊലിച്ചു പോയ,
നിന്നെ ഞാനാക്കിയത് ഞാനാണ്‌

ഭാരം നിറഞ്ഞു കുനിഞ്ഞ ശിരസൊന്നുയർത്തി.
പലരും പറഞ്ഞു,
നില്ക്കേണ്ടിടത്തു നിന്നാൽ പൂജ്യത്തിനും വിലയുണ്ടെന്ന്,
നില്ക്കേണ്ടിടത്താണോ നില്ക്കുന്നത്?
അറിയില്ല,

ഇരുട്ടെന്റെ കണ്ണിലെ കൃഷ്ണമണിക്ക്,
തിരശീലയിട്ടപ്പോൾ,
ദിശയറിയാതെ പകച്ചു,
തപ്പിതടഞ്ഞു പഴിച്ചു,
പിഴച്ചു പോയോ ഈ നടപ്പാത?
പിന്നെ പകച്ചൊന്നിരുന്നു!
വെള്ള ത്തിരശീല കൊണ്ടു മൂടുന്നതായൊരു 
സങ്കല്പത്തോടെയിരുന്നു..

ദൂരെ നിന്നു മിന്നിയ മിന്നാമിനുങ്ങിന്റെ ഭാഷ്യം
"ഇത്തിരിപ്പോന്ന ഞാൻ പോലും പ്രകാശം പരത്തുമ്പോൾ,
നിനക്ക് ഈ ഇരുട്ടിന്റെ ശീലകൾ,
 കീറിയെറിയുന്ന ഒരു സൂര്യനായി ജലിച്ചൂടേ?
അതുമല്ലെങ്കിലൊരു നക്ഷത്രമായെങ്കിലും"
പൂജ്യമായൊരുവനെങ്ങെനെ
സംപൂജ്യനാവാനാണ്‌,
ഫിനിക്സ് പക്ഷിയായ് ഉയർത്തെണീറ്റോ?
ഒന്നുമുരിയാടാനാകാതെ,
തല കുമ്പിട്ടിരുന്നു..

തിങ്കളാഴ്‌ച, ജനുവരി 13, 2014

മുതലാളി

വിതുമ്പലുമായി വന്നോരെന്റെ,
ചെതുമ്പലു കളഞ്ഞിട്ട്,
കറിവെച്ചു കൂട്ടിയവനൊന്നി
ന്നേമ്പക്കമിട്ടു!
എന്നിട്ടുമെന്നേക്കുറിച്ചേറേ,
പരാതിയും പരിഭവവും!

ശനിയാഴ്‌ച, ജനുവരി 11, 2014

നിങ്ങൾക്കായിരം നന്ദി..

പറയാൻ മറന്നു പോയത്,
എന്റെ തനിമയാണ്‌,
എന്നും മനസ്സിലിട്ടടക്കി പിടിച്ച,
നിങ്ങളോടുള്ള തീർത്താൽ തീരാത്ത നന്ദി!
കേൾക്കാൻ കൊതിച്ചത്,
ഒരിറ്റു സ്നേഹമാണ്‌,
ഞാനൊരിക്കലും
നിങ്ങളെ മറക്കില്ലെന്ന നിങ്ങളുടെ
പൂർണ്ണ വിശ്വാസം.

എന്നിട്ടും!
അഹങ്കാരിയാണ്‌ ഞാനെന്ന്,
നിങ്ങൾക്കും,
നിങ്ങളെന്നെ മറന്നുവെന്ന്
എനിക്കും തോന്നിയിരിക്കണം,

അല്ലെങ്കിൽ
കൂലം കുത്തിയൊഴുകിവന്നിരുന്ന
കണ്ണീർ പാച്ചിലിൽ പെട്ട്
ഒഴുകി നടന്നപ്പോൾ,
അഹങ്കരിച്ചാർത്തു
നടക്കുകയാണെന്ന് നിങ്ങളും,
വിളിച്ചന്വേഷിച്ചില്ലല്ലോ എന്ന്
ഞാനും മനസ്സിലിട്ടടക്കി
പിടിച്ച് നടക്കില്ലല്ലോ?

ഫേസ് ബുക്കിന്റെ
കണക്ഷനിൽ,
ചുമ്മാ ഒരു തമാശയ്ക്ക്,
സോറീഡാ എന്ന്
പേരുവെച്ചു തുന്നി പിടിപ്പിക്കാൻ ഞാനോ,
നിങ്ങളോ മറന്നു പോകുന്നത്,
സുഹൃത്തുക്കളുടെ ബാഹുല്യം കൊണ്ടാകണം..
അല്ലെങ്കിൽ ഇന്നലെ നെറ്റിൽ കണ്ട
മുഖത്തിന്റെ മൂല്യമില്ലായ്മ?

അതോ....
ഇന്ന് ആർക്ക് ആരോടാണ്‌
സ്നേഹം!!എന്ന
കലികാല സത്യത്തെ ഞാനോ
നിങ്ങളോ വെറുതെ ഓർത്തു പോയതായിരിക്കുമോ?

ഒരു ചെറുചാണുദരത്തിനായി,
 ജീവിതം തന്നെ ബലികഴിക്കാൻ,
പരക്കം പാഞ്ഞു നടക്കുമ്പോൾ,
സമയമില്ലാത്തതാകാം.

അതുമല്ലെങ്കിൽ,
കാലത്തിന്റെ കൂലംകുത്തിയൊഴുകലിൽ,
ദു:ഖത്തിന്റെ തീരത്ത്,

നിങ്ങളും കൂനിക്കൂടിയിരിക്കയാകാം.

എന്തായാലും,
ഈ പാന്ഥാവിൽ,
ഈ നെറ്റിന്റെ തീരത്ത് കണ്ടുമുട്ടിയ,
സന്മനസ്സുകളെ,
നിങ്ങൾക്കായിരം നന്ദി..

വരവ്, ചെലവ് ,കണക്ക്

പകൽ മുഴുവനലഞ്ഞ മനസ്സ്
രാത്രിയോടാണ്‌ കണക്ക് ചോദിക്കുന്നത്,
രാത്രിമുഴുവൻ അലഞ്ഞ മനസ്സ്
പകലിനോടും,
രാത്രി നൽകുന്ന ഉറക്കം തിരിച്ചു കൊടുത്ത്,
കണക്ക് തീർക്കുമ്പോഴും,
പകലു നൽകുന്ന ഉണരൽ ,
തിരിച്ചു കൊടുത്ത് കടം വീട്ടാമെന്ന്
കരുതിയപ്പോഴേക്കും,
ദീർഘയാമങ്ങളായ്
അയാളുറങ്ങിപോയി..

പട്ടി ഓരിയിട്ടെന്ന്,
കുറച്ചകലെ നിന്നൊരു വീട്ടിൽ നിന്നും
പഴയ മുത്തച്ഛനും,
കാലം കോഴി കൂവിയെന്ന്,
പഴയ മുത്തശ്ശിയും
പരസ്പരം പറഞ്ഞു!
സാധൂകരണമെന്നോണം,
അയാളുടെ വീട്ടുമുറ്റത്തെ മാവിന്റെ
കൊമ്പൊന്നൊടിഞ്ഞു വീണു

വ്യാഴാഴ്‌ച, ജനുവരി 09, 2014

നാറ്റം!

മുതുകൊടിഞ്ഞിട്ടും,
പ്രഹരം,
തൊലിയുരിഞ്ഞ,
ചോരയുറ്റുമ്പോഴും,
മസാല പുരട്ടി,
ജീവനോടെ പൊരിച്ചു,
തീന്മേശയിൽ വെച്ച്,
വെടി പറഞ്ഞു ചിരിച്ചാർത്തു,
നില്ക്കുന്ന സുമുഖൻ.

മനസ്സു പിടഞ്ഞ്,
സാത്താനോ ഇവനെന്നു
ചുഴിഞ്ഞു നോക്കുമ്പോൾ,
സാത്താന്റെ ചെവിയിൽ,
മന്ത്രിച്ചു പ്രസാദിപ്പിക്കുന്ന മറ്റൊരു
കുഞ്ഞിചാത്തൻ!
അവന്റെ രൂപത്തിൽ,
എന്റെ രാജ്യത്തിന്റെ മണം!

വായുവിൽ പരക്കുന്നതും
പടർന്നു പിടിക്കുന്നതും,
കണ്ടുഞെട്ടലോടെയോർത്തു,
ഞാൻ പറഞ്ഞ സത്യങ്ങളാണ്‌,
അവന്റെ മന്ത്ര സാധന!
ഇനിയറിയേണ്ടത് അവനു കിട്ടിയ,
മന്ത്രസാധനയുടെ ഉറവിടം!,
പിന്നെയും മണം,
എന്റെ രാജ്യത്തിന്റേത്!

മനസ്സിൽ പറഞ്ഞു,
ഇതാ എന്റെ ശരീരവും രക്തവും,
ഇതു നിനക്കുള്ളത്,
ആവോളം എടുത്തു കൊള്ളുക,
ആവേശത്തോടെ കുടിച്ചും,
ഭക്ഷിച്ചും തിമർത്തു നടക്കുക!

ശനിയാഴ്‌ച, ജനുവരി 04, 2014

യാത്ര...

രക്തം കിനിഞ്ഞിറങ്ങുന്ന ഹൃദയത്തിനും,
തപിച്ചുരുകുന്ന മനസ്സിനും,
അടഞ്ഞു പോയ തൊണ്ടയ്ക്കും,
കണ്ണീർ തടാകത്തിനും,
സ്വസ്ഥത കൊടുത്ത്,
ഭൂമിവിട്ടകലുമ്പോൾ,
തളർന്നു പോകുന്നതെവിടെയാണ്‌?
കണ്ണീരൊന്നടർന്നു പോകുന്നതെന്താണ്‌?
നന്മ നിറഞ്ഞവരേ
നിങ്ങൾക്ക് മംഗളം ഭവിക്കട്ടേ,
എന്ന് പറയാൻ വിട്ടു പോകുമ്പോഴോ?
അല്ലെങ്കിൽ വിട പറയുമ്പോഴോ?

വീണ്ടും കണ്ണോന്നു
തുറന്നു ചുറ്റും നോക്കും,
മകനേ, നീയെത്തിയോ എന്നൊന്നറിയാൻ!
പിന്നെ  യാത്രയാകും,
അവൻ തന്ന വിസയിൽ,
അവന്റെ ലോകത്തേക്ക്!
അപ്പോഴെങ്കിലും നീ സമ്മാനിച്ച,
സദനത്തിന്റെ തീരത്ത്,
നീയ്യെത്തുമോ?
നിന്റെ സമാധാനത്തിന്‌,
ക്യാമറയിൽ ഒപ്പിയൊന്നെടുക്കാൻ
ഒരു പിടി പൊട്ടിക്കരച്ചിലുമായ്!

വ്യാഴാഴ്‌ച, ജനുവരി 02, 2014

കൊതുക്!

രക്ത ചോപ്പുണ്ട് കൈയ്യിൽ,
പാവപ്പെട്ടവരെ പിഴിഞ്ഞെടുത്ത രക്തം,
അവരുടെ ഭാഷയിൽ വെറും
കൊതുക്!
അവരോ, കൊതുകിന്റെ നെയ്യ് തവണകളായി ഊറ്റിയെടുത്ത്,
നെയ്പ്പായസം കുടിക്കുന്നവർ!
എന്നിട്ടും കൊതുകുകൾ ജയ് വിളിച്ചു,
നമുക്കുവേണ്ടി നമ്മളാൽ തിരഞ്ഞെടുത്തു
ഭരിക്കുന്നവർ!

ഭരണം
നമുക്ക് വേണ്ടിയോ, അവർക്കോ എന്നതാണ്‌ സംശയം
വോട്ട് കൊയ്ത്,
അശ്വമേധയാഗം നടത്തി,
ചക്രവർത്തിയായവർ!
ചക്രവർത്തികളുടെ ചക്രവർത്തികൾ!

അവരുടെ കണ്ണു തുറക്കാൻ
ചൂലെടുത്ത്,
വെൺ ചാമരം വീശുന്നവർ വീശട്ടെ!
ചാണകം കുടയുന്നവർ കുടയട്ടേ!
ശുദ്ധീകരണം എന്നും ആവശ്യം!
എങ്കിലും ആശിച്ചു പോകുന്നു
ചരിത്രത്തിന്റെ താളുകളിൽ
അവരും ചക്രവർത്തിമാരായി
മാറാതിരിക്കട്ടേ!
കൊതുകുകൾ എന്നും കൊതുകുകളും!

നഷ്ടക്കണക്ക്

ഭാവി ഭാഗധേയം നിർണ്ണയിക്കുന്നത്
എന്നും പണമാണ്‌,
പരുന്തു പറക്കാത്ത സാമ്രാജ്യത്തിൽ,
ദാരിദ്രത്തിനെന്തു പ്രസ്ക്തി!
ഒരത്താഴ പഷ്ണിക്കാരനെ,
പട്ടിണിക്കിട്ട് കൊന്ന്,
ഒന്ന്, രണ്ട്, എന്ന് ധനം കൂട്ടി വെക്കുമ്പോൾ,
നമ്മൾ എഴുന്നേറ്റ് നില്ക്കും,
രാജ്യദ്രോഹികൾ എന്നു വിളിച്ചല്ല,
രാജാക്കന്മാർ എന്നവരെ വിളിച്ച്!

അതിലോരോ രാജ്യദ്രോഹിയും,
പാവപ്പെട്ടവന്റെ ശരീരം പിഴിഞ്ഞെടുത്ത്,
പെട്രോളുണ്ടാക്കി വില്ക്കും,
ബാക്കി ഗ്യാസാക്കിയും!
കണക്കുകളിലെ നഷ്ടങ്ങൾ,
അവർക്കുള്ള ലാഭങ്ങളാണ്‌.
ഭരണാധികാരിക്കതറിയാമെന്ന്
നമ്മളറിഞ്ഞാലും
തിരുവായ്ക്കെതിർവായില്ല്ലാതെ
നമ്മൾ കണ്ണുകെട്ടണം!
വായമൂടണം!

അപ്പോൾ മൗനം തിന്നു,
അവർക്കൊക്കെ ആയുരാരോഗ്യം നേർന്ന്,
നമ്മുടെ ഭരണാധികാരികളുണ്ടാകും,
ജനത്തിനു വേണ്ടി ജനങ്ങളാൽ ഭരിക്കുമെന്ന്
കരുതി നെഞ്ചിലേറ്റിയപ്പോൾ,
ജനങ്ങളെ ചാക്കിലാക്കി,
മൂലക്കിട്ട രാജാക്കന്മാർ!
ചാക്കിൽ കിടന്ന് മോങ്ങിയാൽ,
തലയ്ക്കിട്ടു കൊട്ടാൻ
വഴികണ്ടു പിടിക്കാൻ
 മടിക്കാത്തവർ!


2014

പുതു വർഷമാണത്രെ,
വിശ്വസിക്കാനാകുന്നില്ല..!
ചക്രവാളത്തിന്റെ
ചുവപ്പു പരവതാനിയിൽ,
നെറ്റിയിൽ സിന്ദൂരമണിഞ്ഞ്,
പ്രതീക്ഷകളുടെ വരവ്.!
കാത്തിരിക്കുന്നവർ
കുരവയിടുന്നു,
ആർപ്പു വിളിക്കുന്നു.

കുത്തി നോവിക്കലിന്റെയും
പരിഹാസത്തിന്റേയും
ചീന്തുകൾ,
പെയ്തൊഴിഞ്ഞു പോയ കുറ്റങ്ങളും,
കുറവുകളും.
മനസ്സിലിട്ടടക്കി ,
വിങ്ങലിലായവർ.

ചത്തു പോയ വർഷത്തിന്റെ,
മഞ്ചൽ പേറിയോർ,
ശവമടക്കു കഴിഞ്ഞു തിരിച്ചെത്തും,
പിന്നെയൊന്നവരും ആർപ്പു വിളിക്കും,
ഒരു യുഗത്തിന്റെ പുത്തനുണർവ്
ആവാഹിക്കുവാൻ,..!


കണ്ണീരിന്റെ നനവ്
ചുണ്ടിന്റെ വിതുമ്പൽ,
ഒക്കെ തുടച്ചെറിഞ്ഞുള്ള പുതിയൊരു വർഷം,
ആ പാൽ പുഞ്ചിരിയുണ്ടാകട്ടേ,
നിങ്ങൾക്കുമെനിക്കും!

ബുധനാഴ്‌ച, ജനുവരി 01, 2014

ആർക്കും സംഭവിക്കുന്നത്..

ചുറ്റും കല്ലു കെട്ടി,
ചെറിയൊരു കൂടു പണിതു,
എനിക്കാണത്രെ!
പിന്നെ അവർക്കു മറക്കാതിരിക്കാൻ
പേരെഴുതി,
ഒപ്പം കുറിച്ചു വെച്ചു എന്റെ ജന്മവും,
മരണവും ,
എന്റെ കൂടു നോക്കുമ്പോഴൊക്കെ,
അവരുടെ കണ്ണു നിറഞ്ഞുവത്രേ!,
തൂവാല മുക്കി പിഴിഞ്ഞതെത്ര?
കൂടു നോക്കാത്തപ്പോൾ
അവരുടെ മനം മറന്നു.
കണ്ണുവെട്ടിച്ച് നടന്നതെത്ര?
പിന്നെ എന്റെ സമ്പാദ്യത്തിലേക്കവരുടെ നോട്ടം
ഞാൻ നട്ട മരം വിറ്റു,
ഞാൻ തൊട്ട മണ്ണു വിറ്റു,
ഞാൻ ജീവിച്ചതിനേക്കാൾ,
നന്നായി ജീവിക്കാമെന്ന്
മിടുക്കു കാട്ടി കാണിച്ചു!

ചിറിനക്കി, നുണഞ്ഞുണ്ടു ജീവിച്ച്,
കെട്ടിപൊതിഞ്ഞുണ്ടാക്കിയ സ്വത്ത്,
നിമിഷാർദ്ധം കൊണ്ടു വിറ്റ്,
സമർത്ഥരാകുമ്പോൾ
അവരെ അഭിനന്ദിക്കാൻ,
ഞാനതൊക്കെ
കാണുന്നുണ്ടാകുമോ?
ഞാനതൊക്കെ കേൾക്കുന്നുണ്ടാകുമോ?

അല്ലെങ്കിലുമെന്റെ പേരിലുള്ള കല്ക്കൂട്ടിൽ,
 കിടന്നുറങ്ങാത്ത ഞാനാരെ പ്രതീക്ഷിക്കണം?
ഒരു നാൾ എന്റെ പേരിൽ അവർ കെട്ടിയ കൂട് തകർത്ത്,
അകത്തില്ലാത്തൊരെന്നെ
പോരിനു വിളിക്കുമ്പോൾ,

ഞാനെന്തിനു കുറ്റം വിധിക്കണം?

പക്ഷെ....
മരിക്കാത്തൊരെന്നെ,
അണുകുടുംബമായിരുന്നിട്ടും,
ഓമനിച്ചുമ്മ കൊടുത്തിട്ടും,
ഉന്നതിയെത്തി നടന്നിട്ടും,
ഇന്നേ അടക്കം ചെയ്യണമെന്ന്
വാശികാട്ടുമ്പോഴാണ്‌
ഓരോരുത്തർക്കും കണ്ണീർ 
തുള്ളിയടർന്ന് പോകുന്നത്!.