പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

തിരഞ്ഞെടുപ്പ്‌!

പഴുതുണ്ട്‌,
രക്ഷപ്പെടുവാനും
പെടുത്തുവാനും,
കാശെണ്ണിവാങ്ങുന്ന,
രാഷ്ട്രീയമുണ്ട്‌.

ഇന്നലെ ചെയ്ത വോട്ട്‌,
ഇന്നിനെ നോക്കി പല്ലിളിക്കുന്നു,
ഇന്ന്, തോറ്റതിടത്‌,
ജയിച്ചത്‌ വലത്‌,
അന്ന് ,ജയിച്ചതിടത്‌,
തോറ്റത്‌ വലത്‌!

അപ്പോൾ ജനം?

വീണ്ടും സംശയം!
വോട്ട്‌ ചെയ്തത്‌ ആര്‌?

എപ്പോഴും തോറ്റു തൊപ്പിയിട്ട്‌,
ഇടതിനൊപ്പം നിന്ന്,
വലതിനൊപ്പം നിന്ന്,
മറ്റു പലതിനൊപ്പം നിന്ന്,
ജയ്‌ വിളിച്ച്‌,
നെടുവീർപ്പിട്ട്‌,
ആഹ്ലാദിച്ചഭിനന്ദിച്ച്‌,
നികുതിയേകി,
നടുവ്‌ നിവർക്കാതെ,
മരിച്ചു വീഴേണ്ട ഇനം,
ഒരു പാവം ജനം!

ജയിച്ചത്‌ ആര്‌?

കാറുകളിൽ അവർ സഞ്ചരിക്കട്ടേ,
ഏ.സികളിൽ അവരുറങ്ങട്ടേ,
വീണ്ടും വോട്ടെടുപ്പിൽ,
ചിരിച്ചു കൊണ്ടവർ വരട്ടേ,

വീണ്ടും സംശയം!
ജയിക്കേണ്ടതാര്‌?
തോൽക്കേണ്ടതാര്‌?
ചോദ്യങ്ങൾ വിഴുങ്ങി,
ഉത്തരങ്ങൾ വേണ്ടാതെ,
ശൂന്യതയിൽ നെടുവീർപ്പിട്ട്‌,
പണ്ട്‌ ആനയേ പേടിച്ചവർ,
ഇന്ന് പിണ്ഡത്തേയും!

ചാനൽ!

നാടിന്റെ ഉമ്മറത്ത്‌,
കസേരയിട്ട്‌,
കൊണ്ടും കൊടുത്തും,
നാട്ടുകൂട്ടങ്ങൾ,
കുടുംബപുളിശ്ശേരി
വിളമ്പി,

ചുരിദാറു ചുറ്റി,
സാരി ചുറ്റി,
ഷർട്ടും പാന്റുമിട്ട്‌,
പണിയും,
തൊരയുമില്ലാത്ത,
ചൊറികുത്തി നടക്കുന്ന
വഴക്കാളികൾ!

അവതാരകന്റെ
ഊർദ്ധ്വം വലി,
കണ്ടും കേട്ടും,
ഉറക്കഗുളിക,
ചാനലാക്കി,
കൂർക്കംവലിച്ചുറങ്ങി!

നീഹാരം!

ഞാനർത്ഥശൂന്യത വിളമ്പും,
നീയ്യക്കമിട്ടെന്നിൽ അപരാധവും!
ഞാൻ നിൻ ബന്ധുവിപ്പോഴും,
നീയ്യന്നേയെൻ ശത്രു!

വിദ്വേഷത്തിൻ ചെതുമ്പലുകൾ-
തട്ടി കളഞ്ഞ പകലുകൾ,
പരിഭവലേശമന്യേ,
നിനക്കേകിയത്‌ തട്ടിമാറ്റി,
അഹങ്കാരത്തിൻ തൂവൽ,
കോർത്തുകെട്ടിയ,
അന്ധകാരച്ചിറകുകൾ,
നീയ്യണിഞ്ഞു പറക്കാനാഞ്ഞ്‌-
ധർമ്മത്തിൻ ആൽമരത്തിൽ തട്ടി,
വീണു കിടക്കവേ,
ഞാനേകിയ സ്നേഹത്തിൻ-
കണം കുടഞ്ഞെറിഞ്ഞെ-
വിടെയ്ക്കായിഴയുന്നു,
ഏത്‌ ഉണ്മയ്ക്കായ്‌
വേഴാമ്പലായി നീ,
മിഴികൾ തുറന്ന്‌ കാക്കുന്നു.

വിശ്വാസമില്ലാതെ നീയ്യെന്നെ-
ചുഴ്‌ന്നു നോക്കുന്നതിൽ,
അവിശ്വാസിയായി ഞാൻ,
നടന്നു മറയുമ്പോൾ,
നിന്റെ സൽക്കാരമായ്‌
മുന്നിൽ കള്ളക്കുഴി,
സീൽക്കാരമായ്‌
പിറകിൽ കുന്തമുന!

നിൻ മുഖപങ്കജത്തിൽ
ഞൊടിയിൽ,
കണ്ണൊന്നയച്ചു ഞാൻ,
തിരിഞ്ഞു നിന്നു.
ഭാഗ്യം നിൻ ചുണ്ടിൽ പുഞ്ചിരി,
ആഹ്ലാദത്തിൻ അലയൊലി!
മതി എനിക്കതു മതി!

വീണ്ടും എൻ നാശത്തിനായി
 മിഴിയടച്ച്‌ നീ കേഴുമ്പോൾ,
പുഞ്ചിരിച്ചു ഞാനകന്നു,
ഭാഗ്യം അന്നേ നീയ്യെന്നെ
ശത്രുവാക്കിയത്‌!
ഇല്ലായ്കിൽ ബന്ധുവെന്നോർത്ത്‌
മിഴി തുടച്ചേനേ!

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2010

നാരി!

നരിക്കും നാരിക്കും
ഒരു ദീർഘത്തിന്റെ കുറവ്‌,
നടിക്കും നരിക്കും
ഒരക്ഷരത്തിന്റെ കുറ്റം!

കുറ്റവും കുറവും കൂട്ടി വെച്ച്‌,
നരിയായി വന്ന്,
നടിയായി മാറി,
കരഞ്ഞു വിളിച്ച്‌,
വിരിമാറിലൊതുങ്ങി,
പൂച്ചയായി മൂളി.

വീണ്ടും പതം കണ്ട്‌,
നരിയായി മാറി,
ജീവിതം ശപിച്ച്‌,
തിരിഞ്ഞിരുന്നു.
നാട്യം തീർന്ന്,
തളർന്ന് മയങ്ങി,
ചോറു വിളമ്പി,
ചേർന്നിരുന്നു.

ഉണ്ണിച്ചും ഊട്ടിച്ചും,
ചെയ്ത തെറ്റിൽ,
മനം കലക്കി-
ക്ഷമയാചിച്ചു,
പിന്നേം തഥൈവ!

അകത്തുവെച്ചാൽ,
മനസ്സുടയും,
വലിച്ചെറിഞ്ഞാൽ,
തകർന്നുടയും,
താക്കീതിലൊതുക്കി,
പുലിവാലു പിടിച്ച,
നായരായി!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

ബാഷ്പാഞ്ജലി

ഏതോ അറം പറ്റും വാക്കുകൾ-
പാടി പതിഞ്ഞു കവിയൊടുങ്ങുന്നു,
ഒപ്പം തീക്ഷ്ണമാം കവിതയും!
ഇല്ല രാജസിംഹാസനങ്ങളിൽ നീതി,
ഇല്ല ജനാധിപത്യ സിംഹാസനങ്ങളിലും.

ഒട്ടിയ വയറിൽ ചാഞ്ഞുറങ്ങിയ,
തൂലിക പടവാളാണത്രേ,
വറ്റിറങ്ങാത്ത തൊണ്ടയിലൂറിയ,
നിശ്വാസം ചാട്ടവാറത്രേ,
ദാരിദ്രകെടുതിയിൽ,
കാറി വിളിച്ച കുടലിൻ രോദനം,
പടഹധ്വനിയത്രേ!

വിമശകർ തലനാരിഴ കീറി,
കണങ്ങളെ വേർ പെടുത്തുന്നൂ,
അമർഷം കൊണ്ടമരും ,
അണപ്പലുകൾ ചാനലുകളിൽ,
അശ്ലീല നൃത്തം വെക്കുന്നൂ,
വൃഥാ രസക്കേടിനായ്‌.

കൊടിയും തോരണവും തൂക്കി,
നമുക്കിനി പാടാമാവരികൾ,
പാഠപുസ്തകങ്ങളിൽ,
സർക്കാരിൻ ദയ!

ചുരുട്ടി വെച്ച കുപ്പായക്കയ്യിലെ,
ചുരുട്ടു കടലാസിൽ-
കോറിയ വരകൾ നോക്കി,
മഹത്തരമെന്നോതി സ്വയം,
നമ്മെ പരിഹസിച്ചീടാമിനി,
കവികൾക്കായ്‌ രക്തസാക്ഷിത്വം-
വരിച്ച ഒരുപാവം കവിയുടെ
ഓർമ്മ പുതുക്കലുകൾ!

അല്ലെങ്കിൽ വിസ്മരിച്ചീടാം,
തണ്ടും താവും പറഞ്ഞു,
കാൽ നക്കാനറിയാത്ത
ദരിദ്രന്റെ കോറിവരകൾ,
നമുക്കപമാനമെങ്കിൽ!

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തൊന്നാം സർഗ്ഗം)

അന്ന് പയ്യന്നൂരിൽ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ ഉത്സവാത്രെ! അച്ഛൻ നാട്ടിൽ വന്ന സമയം!.. അച്ഛന്റെ പെങ്ങൾ അച്ഛനോട്‌ പറഞ്ഞു..".. ഏട്ടാ ഉത്സവാണല്ലോ ഇവിടെ..ഏടത്തിയേയും മക്കളേയും എല്ലാവരേയും കൂട്ടി വരണം.. എല്ലാവർക്കും ഇവിടുന്ന് ഭക്ഷണം കഴിക്കാം"
"ആവാം..വരാം.."- തറവാടല്ലേ..അച്ഛൻ ഉറപ്പു കൊടുത്തു..
" നിന്റെ മകളും ഭർത്താവും വരില്ലേ..!"- അച്ഛൻ
" ഊവ്വ്‌!"
".. എങ്കിൽ നല്ല ഭക്ഷണം ഉണ്ടാക്കണം..ട്ടോ..ആരാൻ തറവാട്ടുകാരാ നാണക്കേട്‌ വരുത്തരുത്‌!"- അച്ഛൻ.
"സാധനങ്ങൾ വാങ്ങേണ്ടേ..ഒന്നിനും ഒരു കുറവും വരുത്തേണ്ട.. ഇതാ പൈസ!"- അച്ഛന്റെയൊരു തമാശ!.. അച്ഛൻ പൈസ കൊടുത്തു..

"വേണ്ടെന്ന് പറഞ്ഞെങ്കിലും അച്ഛൻ നിർബന്ധിച്ചു പിടിപ്പിച്ചു..!"

അച്ഛന്റെ വീട്ടുകാർ പഴയ വല്യ തറവാട്ടുകാരാണ്‌..കൊല്ലത്തോട്‌ കൊല്ലം ഉണ്ണുവാനുള്ള നെല്ലുണ്ട്‌!.. നടന്നാൽ തീരാത്തത്ര തെങ്ങിൻ തോപ്പുണ്ട്‌..ഒക്കെയുണ്ട്‌..എന്നത്‌ സത്യം!..
പക്ഷെ അങ്ങിനെയല്ലല്ലോ സംഭവങ്ങളുടെ കിടപ്പ്‌!..വീട്ടുകാരെ അച്ഛന്‌ നന്നായിട്ടറിയാം..പെങ്ങളെ അതിനേക്കാൾ നന്നായിട്ടും!

.".. ഒരപ്പകഷ്ണം കൊണ്ട്‌ യേശു അയ്യായിരം ആളെയോ മറ്റോ ഊട്ടി എന്നത്‌ കൃസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളിൽ പറയുന്നതിൽ സംശയിക്കേണ്ട ഒരു കാര്യവും ഇല്ല... അതൊരു പുളുവും അല്ല..!..നമ്മളുടെ അച്ഛൻ പെങ്ങളുടെ കൈപുണ്യം കണ്ടാൽ യേശുവും തോറ്റു കൊണ്ട്‌ ചോദിച്ചു പോകും.. " .. നീയ്യേതു മഹദ്‌ വനിതയാണു മകളേ നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു... നീയ്യിതെങ്ങിനെ ഒപ്പിച്ചു!.. ആ രഹസ്യം എനിക്കും പറഞ്ഞു തരാമോ?"

കാരണം ഒരു കോഴിയെ, അല്ലെങ്കിൽ ഒരു മീനിനെ കൊന്ന് കറിവെച്ച്‌ ആറായിരത്തി മുപ്പത്തി മൂന്നേ കാല്‌ (  കണക്ക്‌ കൃത്യം പറയണമല്ലോ ..ഇവിടെ കണക്കിൽ കാല്‌ വന്നത്‌ വല്യോരേക്കാളും കൂടുതൽ ഭക്ഷണം കഴിക്കുന്ന ചില ചെറുകിടാങ്ങളെ കൂട്ടിയാണ്‌) ആളെ ഊട്ടിയാലും ആ മഹദ്‌ വനിതയുടെ ചട്ടിയിൽ കറി പിന്നെയും ലേശം ബാക്കി കാണും.. ഒരു അഞ്ചു പത്തു പേരെ കൂടെ പുല്ലു പോലെ മൃഷ്ടാന്നം ഊട്ടാനുള്ള വക! .. ചട്ടിയിൽ നിന്നും ഒരു അക്ഷയപാത്രമായ ഒരു ചെറിയ ബോണിയിലേക്ക്‌ ( ഒരു ചെറിയ പാത്രം) കറി മാറ്റി ഒരു ചെറിയ കരണ്ടിയുമായി ആ സുകൃതം ചെയ്ത പുണ്യാത്മാവ്‌ വിളമ്പാൻ തുടങ്ങുമ്പോൾ തന്നെ ആളുകൾ അതിശയിക്കും..ഞെട്ടിത്തരിച്ചു നിൽക്കും!.. പിന്നെ മനസ്സിൽ സ്തോത്രമാല ഉരുക്കഴിക്കും..!
" .. അന്നപൂർണ്ണേ മഹാമായേ...."
" ഇനിയും വേണോ?... തരാലോ?.. ഇഷ്ടം പോലെ..ചോദിക്കാൻ മടിക്കേണ്ട.."-- വീണ്ടും വിളമ്പും!
കഴിച്ച്‌ തൃപ്തി വന്നിട്ടേ എഴുന്നേൽക്കാവൂന്ന് സാരം...!.. അവർ എല്ലാം മതിയാക്കി..ഏമ്പക്കം വിട്ട്‌ എഴുന്നേൽക്കും!..എഴുന്നേറ്റല്ലേ പറ്റൂ!... നമുക്കിവിടെ ആരൂഢം വേണം ഇരുന്നേടത്തു തന്നെ പ്രതിഷ്ഠ നടത്തിക്കോളൂന്ന് പറഞ്ഞ്‌ വാക്കു കൊടുത്തിട്ടല്ലല്ലോ ഓരോ വിരുന്നുകാരും വീട്ടിൽ നിന്നു പുറപ്പെട്ട്‌ വരുന്നത്‌! 
അങ്ങിനെ അച്ഛനും അമ്മയും മക്കളായ നമ്മളും ഉത്സവ ദിവസം യാത്രയാകാനൊരുങ്ങി...അച്ഛന്റെ മറ്റൊരു പെങ്ങളുടെ മകൻ നമ്മുടെ ഏട്ടനെ കൂട്ടു പിടിച്ചു.. ഏട്ടന്‌ തൽക്ഷണം എന്തോ രഹസ്യ മന്ത്രം ഉപദേശിച്ചതിനു ശേഷംപറഞ്ഞു..!

" അമ്മായീ ഒന്നും വിചാരിക്കരുത്‌.. നമുക്ക്‌ രണ്ടു പേർക്കും കുറച്ച്‌ കഞ്ഞിയെങ്കിലും വെച്ചു തരണം..നമ്മളിവിടുന്ന് കഴിച്ചോളാം..എന്നിട്ട്‌ വന്നേക്കാം!!"
മൂത്ത പൊത്രനും തലയാട്ടി.
മൂത്ത പൊത്രനെ  വഴി പിഴപ്പിക്ക്യണോ ഇവൻ!
" അതെന്താ.. അവിടുന്ന് കഴിച്ചൂടേ.."-വിശ്വാസം വരാതെ അമ്മ!.. " അതൊക്കെ പിന്നീടും ആകാലോ!"- അദ്ദേഹം!

..അദ്ദേഹമാകട്ടേ അവിടുത്തെ രഹസ്യങ്ങൾ എല്ലാം അറിയുന്നവനാണ്‌..അവിടുത്തെ എഴുതപ്പെടാത്ത,  മറഞ്ഞു നിൽക്കുന്ന പരമശുദ്ധ ഗ്രന്ഥങ്ങളെല്ലാം മന: പാഠമാക്കിയ മഹാജ്ഞാനി!. കടമുറ്റത്ത്‌ കാത്തനാരെ വരെ ഒറ്റ മന്ത്രം ചൊല്ലി പച്ചയ്ക്ക്‌ കത്തിച്ച്‌ വീണ്ടും ജീവിപ്പിക്കാൻ വരെ പ്രാപ്തൻ!..മുതുകാടിനെ മൂക്കിൽ പൊടി വലിച്ച്‌ തുമ്മി പുറത്തിടാൻ വരെ കൺകെട്ട്‌ അറിയുന്ന മഹാത്മൻ!

അദ്ദേഹം ലീവെടുത്താൽ അതു ലീവാകാറില്ല..പിറ്റേന്ന് ഏത്‌ അധികാരിയായാലും കൂളായി അയാളുടെ മുന്നിൽ ചെന്ന് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു ചാക്കിൽ കയറ്റി സെക്കന്റിൽ എടുത്ത ലീവു ദിവസം വരെ ഹാജരുണ്ടായിരുന്നുവെന്ന് ഒപ്പിട്ട്‌ തിരിച്ചു വരും!..

ഒരിക്കൽ ആ രഹസ്യം അസാമാന്യ വ്യക്തിത്വത്തിനുടമയായ അദ്ദേഹം പറഞ്ഞു.." അമ്മായീ.. അവിടെ അതായത്‌ തറവാട്ടിൽ അഞ്ചു കിലോ പരിപ്പ്‌ ഇന്നു വാങ്ങിക്കൊടുത്താൽ നൂറുഗ്രാം മാത്രം കറിവെച്ച്‌ ബാക്കി ഞൊടിയിടയ്ക്കുള്ളിൽ അപ്രത്യക്ഷമാകും... അത്ര മഹാമാന്ത്രികരുള്ള സ്ഥലമാ അത്‌.. അമ്മായിക്കറിയോ ആ സാധനങ്ങൾ എവിടെ പോകുന്നുവെന്ന്!"
"..ഇല്ല!.. എവിടെ?"
".. ഇത്രകാലമായിട്ടും അമ്മായിക്കറിയില്ല അല്ല?...അതായത്‌ ആരും കയറാൻ മടിക്കുന്ന തട്ടിൻ പുറത്ത്‌ നിറയെ മൺകലങ്ങൾ നിരത്തി വെച്ചിട്ടുണ്ട്‌..അവിടേക്കാണ്‌ എല്ലാം പോകുന്നത്‌!"
" തട്ടിൻ പുറത്തു കയറാൻ ആരേയും അവിടെ നിന്നും അനുവദിക്കാറില്ല... ദുർമൂർത്തികൾ ഉണ്ടെന്ന മട്ടിലാ അവിടെയ്ക്ക്‌ ആരെങ്കിലും കയറുമ്പോൾ പറയുക!"

.." ന്റെ ശിവനേ!.. നോം എന്തൊക്കെയാ ഈ കേൾക്കണത്‌!..നോം ഒരിക്കൽ തട്ടിൻ പുറത്തു കയറാൻ ശ്രമിച്ചതാ.. മോനെ വീഴും .. തല ചുറ്റും എന്നൊക്കെ പറഞ്ഞ്‌ നമ്മെ വിലക്കിയത്‌ നോം ഓർക്കുന്നു..!.. എങ്കിലും നോമും കയറി..കുറേ പഴയ മൺകലങ്ങൾ നോം കണ്ടു.. ഒന്നും തുറന്നു നോക്കിയില്ല.. വല്ല ദുർഭൂതങ്ങളേയും ആവാഹിച്ചതാണെങ്കിൽ എന്നോർത്ത്‌ നോം വേഗം താഴേക്കിറങ്ങി!"

അച്ഛനോട്‌ പറയേണ്ട എന്നു പറഞ്ഞു ആ രഹസ്യം നമ്മോട്‌ മാത്രം പരസ്യമാക്കിയ അദ്ദേഹമാണ്‌ പറയുന്നത്‌ ചോറും കറിയും വെച്ചു തരാൻ! .. " അങ്ങിനെ ചോറും കറികളും അവർക്കായി അവിടെ വെച്ചു കൊടുത്തിട്ട്‌ നമ്മൾ തറവാട്ടിലെ മൃഷ്ടാന്നമടിക്കാൻ യാത്രയായി..

ഉത്സവം കണ്ടു.. ചോറൂട്ടിനായി തറവാട്ടിലെത്തി... വിരുന്നുകാരും അല്ലാതെ വലിഞ്ഞു കേറി വന്നവരും ഒക്കെ എത്തി..ഒരു ചട്ടിയിൽ കോഴിയുടെ നുറുക്കി നുറുക്കി പ്രോട്ടോണും ന്യൂട്രോണും വരെ ശണ്ഠകൂടും എന്ന നിലയിലെത്തിയ കുറച്ചു കഷ്ണങ്ങൾ!... അമ്മയ്ക്ക്‌ അക്ഷയ പാത്രം എടുത്തു കൊടുത്തിട്ട്‌ അച്ഛൻ പെങ്ങൾ പറഞ്ഞു " ഏടത്തി വിളമ്പ്വോ?"

" എന്നെ കൊണ്ടാവില്ല.. ഈ ഒരു പരീക്ഷണം എന്നോട്‌ കാട്ടരുത്‌... ഞാൻ തോറ്റിരിക്കുന്നു..!" അമ്മ കൈ മലർത്തി...
അങ്ങിനെ അച്ഛൻ പെങ്ങൾ തന്നെ ഇലയിൽ വിളമ്പു തുടങ്ങി..
" ഹയ്യ്‌..ഹയ്യ്‌... അത്ഭുതം!.. പിന്നേയും പിന്നെയും കഷ്ണങ്ങളും ചാറും ബാക്കി!"
പിന്നേയും പിന്നേയും ആളുകളെ അവർ മൃഷ്ടാന്ന ഭോജനത്തിനായി വിസ്തരിച്ചു ക്ഷണിക്കുകയാണ്‌..
അമ്മ ഭയന്ന് കണ്ണടച്ചു...
" ഏടത്തി മിണ്ടാതിരി!..ഇവിടെ എല്ലാവർക്കും മൃഷ്ടാന്നത്തിനുണ്ട്‌ .. " - എന്ന് അച്ഛൻ പെങ്ങൾ!
ആളുകൾക്ക്‌പരാതിയുണ്ടോന്ന് കേൾക്കാൻ നമ്മൾ നിന്നില്ല..എങ്ങിനെ രക്ഷപ്പെടും എന്ന ചിന്തയായിരുന്നു നമ്മൾക്ക്‌!..നമ്മളാരുടേയും മുഖത്ത്‌ നോക്കിയില്ല... നമ്മളീ നാട്ടുകാരല്ല എന്ന മട്ടിൽ പെരുമാറി!...അങ്ങിനെ വല്യ പരുക്കില്ലാതെ  നമ്മൾ രക്ഷപ്പെട്ടു..
 
"പരാതിയുണ്ടെങ്കിൽ ഒരു പരാതി അനക്കും, ഒരു പരാതി കലക്ടർക്കും അയച്ചു കൊടുക്ക്‌ .. പരിശോധിച്ചു നോക്കീട്ട്‌ പറയാം...കേട്ടാ"..വീണ്ടും പരാതിയെങ്കിൽ "ഓൻ നമ്മുടെ എതിർചേരിയുടെ ആളാ" എന്ന നമ്മുടെ അനശ്വരനായ നായനാരുടെ പറച്ചിലിന്റെ  മട്ടാണ്‌ അവർക്ക്‌!..
 
 പിറ്റേന്ന് നമ്മൾ അതിരാവിലെ ഇറങ്ങി....ചായ കുടിച്ചിട്ട്‌ പോയാൽ പോരേ എന്ന അവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തെ " പോയിട്ട്‌ എന്തൊക്കെയോ പണിയുണ്ട്‌ " ചായ വീട്ടിൽ നിന്നു കുടിച്ചോളാമേ എന്നു പറഞ്ഞു നമ്മൾ എല്ലാവരും ഇറങ്ങി.."
" എന്നാലും ചായ കുടിക്കാതെ എങ്ങിനെയാ ഏടത്തീ!"- അച്ഛൻ പെങ്ങൾ!
അവർ ദോശ ചുടാനുള്ള അരിയൊക്കെ അരച്ചു വെച്ചിട്ടുണ്ടത്രെ..

ആ ദോശ തിന്നവർക്കെല്ലാം പിന്നിട്‌ ലോകത്തെവീടെയെങ്കിലും അബദ്ധത്തിൽ ദോശ കണ്ടാൽ പ്രാന്താ...മൊത്തത്തിൽ അടിച്ചു മാറ്റി വയറ്റിലിട്ടു കളയും! ഇതു പോലെ നേരിയ ദോശ ചുടുന്നവർ ഗിന്നസ്സ്‌ ബുക്കിൽ പേരു വരേണ്ടവരാണ്‌!.. ആരും അറിയിച്ചില്ല ...ഗിന്നസ്സുകാർ കൊടയും പുടവയും ചക്രവുമായിവന്നില്ല..അതിനാൽ ഗിന്നസ്സിൽ പേരുവന്നില്ല! അത്രേന്നെ!

" അതൊക്കെ പിന്നെ വന്ന് കുടിക്കാം!"- എന്നു പറഞ്ഞ്‌ അമ്മയും നമ്മളും ഇറങ്ങി വഴിക്കു വെച്ച്‌ കിട്ടിയ ഓട്ടോറിക്ഷയിൽ നമ്മൾ യാത്രയായി.. വഴിയിൽ വെച്ച്‌ ഒരു കടയിൽ കയറി കുറച്ച്‌ അവലും പഴവും വാങ്ങി വീട്ടിലെത്തി നമ്മൾ കുഴച്ചടിച്ചു..കുറച്ചു നേരം വെയ്റ്റ്‌ ചെയ്യ്‌ എന്തെങ്കിലും ആക്കി തരാമെന്ന് പറഞ്ഞിട്ട്‌ വയറു കേൾക്കുന്നില്ല..  "എന്തെങ്കിലും പെട്ടെന്ന് താ..എന്തെങ്കിലും പെട്ടെന്ന് താ" എന്നും പറഞ്ഞ്‌ കരച്ചിലോട്‌ കരച്ചില്‌.. "

"ഈ അവലും പഴവും ഒക്കെ കൂട്ടിക്കുഴച്ച്‌ അടിച്ചാൽ ഇത്രയും രുചിയുണ്ടാവ്വോ?"
പിന്നീടൊരിക്കലും ഇത്രയും രുചിയോടെ അവലും പഴവും കൂട്ടി കുഴച്ചത്‌ നമ്മുടെ ജീവിതത്തിൽ കഴിച്ചിട്ടില്ല!.. നോം പറയുന്നത്‌ സത്യാ!..

പക്ഷേ ഇന്ന് അച്ഛൻ പെങ്ങൾ കാലത്തിനൊത്ത്‌ മാറി...നമ്മളെ പോലെ വെടക്കായി...കലി കാലം!..സുകൃതക്ഷയം!.. സുകൃതക്ഷയം!.. അല്ലാണ്ടെന്താ പറയ്ക!... ..അവരുടെ അക്ഷയ പാത്രം കാലഹരണപ്പെടുത്തി സ്മൃദ്ധി മാത്രേ പാടുള്ളൂന്ന്  മക്കൾ ശപിച്ചൂത്രേ!...
ശാപം ഏറ്റിരിക്ക്ണൂ.. നോം ഈയ്യിടെ അനുഭവിച്ച കാര്യാ ഈ പറയണത്‌!..

ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010

കാക്കയുടെ ചിന്തകൾ..(20)

അയ്യപ്പേട്ടൻ കവിയാണെന്ന് ആരും അറിഞ്ഞിട്ടില്ല..! ..അതോ അറിഞ്ഞവർ അറിഞ്ഞിട്ട്‌ വേണ്ടെന്ന് വെച്ചതാണോ?. കഷ്ടം!.. അദ്ദേഹത്തിന്റെ കഷ്ടപ്പാടും ആരും അറിഞ്ഞില്ല... മരിച്ചപ്പോഴാണ്‌ എല്ലാവരും ഇതൊക്കെ അറിഞ്ഞത്‌!.

..കവിയായത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ?.. കഷ്ടപ്പാടുണ്ടായത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? ആണെന്നും അല്ലെന്നും പറയാം!.. സൗകര്യം പോലെ!

സാംസ്ക്കാരിക നായകന്മാർ ഒത്തു കൂടി.." ഈയ്യാൾക്കൊക്കെ ചാകാൻ കണ്ട സമയം!.. രണ്ടു ദിവസം കഴിഞ്ഞ്‌ ചത്താൽ പോരെ" എന്നാണോ ഉദ്ദേശിച്ചത്‌ എന്നറിയില്ല സംസ്ക്കാരം മാറ്റിവെക്കണം എന്ന് അഭ്യർത്ഥന!.. കേട്ടപാതി കേൾക്കാത്ത പാതി.വൈദ്യൻ കൽപിച്ച തും രോഗി ഇച്ഛിച്ചതും പാല്‌ എന്ന് ഗവൺമന്റും!

അദ്ദേഹത്തെ അറിയുന്നവരും അറിയാത്തവരും ഒത്തു കൂടി കുറേ കണ്ണീർ വാർത്തു..." ഇപ്പോൾ കണ്ണീർ വാർക്കുന്നതെന്തിന്‌?.. ജീവിച്ചിരിക്കുമ്പോൾ  അയാൾക്ക്‌  ഒരു നയാ പൈസ കൊടുത്തോ ഈ നാറികൾ!!" എന്ന് ചാനലിനു മുന്നിലും പ്രസിദ്ധീകരണത്തിനു മുന്നിലും ഒരാൾ ഷെൻ ചെയ്ത്‌ രോഷത്തോടെ അട്ടഹസിച്ചു!..വിമർശനങ്ങളുണ്ടായി.. വിവാദങ്ങളുണ്ടായി.. പരിഹാസങ്ങളുണ്ടായി.. തല തല്ലി കരയലുകളുണ്ടായി!

ചാനലുകൾ എല്ലാം വാർത്തയാക്കുകയാണ്‌... !

ചാനലിന്റെ പ്രഭാവലയം കെട്ടടങ്ങിയ നേരം!

**അട്ടഹസിച്ച ആ മഹാപ്രതിഭയോടൊരു കള്ളു കുടിയൻ മെല്ലെ തോണ്ടി വിളിച്ചു സ്വകാര്യം ചോദിച്ചു! .." ഇവരോ പോകട്ടേ..താങ്കളെന്താണ്‌ അയ്യപ്പേട്ടന്‌ വേണ്ടി ചെയ്തത്‌.?. ഒരു കാലണയെങ്കിലും നൽകിയോ?"

കേട്ട പാതി കേൾക്കാത്ത പാതി അദ്ദേഹം ആത്മാഭിമാനത്തോടെ പറഞ്ഞു.." ഞാൻ കള്ളുകുടിയന്മാരോട്‌ സംസാരിക്കാറില്ല!"

.. ഇത്രെയുള്ളൂ കാര്യം!- കാക്ക പ്രീയതമയോടും മറ്റ്‌ കാക്കകളോടും പറഞ്ഞു .... കാക്കകൾ കാ..കാ.. എന്ന് ശരിവെച്ചു!

--------
NB**ഇതെന്റെ ചിന്തകൾ!

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010

വലിച്ചെറിയപ്പെടുന്നവർ!

കഴിവെടുത്ത്‌ കുഴിച്ചിട്ട്‌ ദരിദ്രനാമയാൾ മാറിനിന്നു. വെള്ളമൊഴിക്കേണ്ടവർ കാട്ടുമരങ്ങൾക്ക്‌ വെള്ളമൊഴിച്ചു. മാനത്തേക്ക്‌ നോക്കി അയാൾ പിറു പിറുത്തു.മഴപെയ്യുമോ ആവോ?കാർമേഘങ്ങൾ അകന്നു പോയി.. വരണ്ടുണങ്ങിയ മണ്ണിൽ വരണ്ടുണങ്ങിയ കഴിവ്‌!
ആരോ കാർക്കിച്ചു തുപ്പിയ ജലാംശം! ആർത്തിമൂത്ത്‌ ഞൊടിയിൽ വലിച്ചെടുത്ത്‌ പടർന്നു പന്തലിച്ചു നിന്നു.

അയാൾ ഒളിഞ്ഞു നോക്കി അതിൻ കീഴെ ശീട്ടു കളിക്കുന്നവർ കള്ളു കുടിക്കുന്നവർ. മാനം വിൽക്കുന്നവർ. കട്ടെടുത്ത്‌ പ്രശ്സ്തരാകാൻ നോക്കുന്നവർ..വീണ്ടും അയാൾ കണ്ണീർ വാർത്തു.കഴിവു മുളയ്ക്കാതിരുന്നെങ്കിൽ!!

. ഏതോ ദുരാത്മാവാവേശിച്ചു കഴിവുകൾ ഉണങ്ങി.അയാളും കഴിവുകൾക്കൊപ്പം ചത്തു മലച്ചു,
"ഈയ്യാളാണോ അയാൾ, അയാളാണോ ഇയ്യാൾ" - വീണ്ടും ആളുകൾക്ക്‌ കൺഫ്യൂഷൻ!

അറിയുന്നവരും, അറിയാത്തവരും ചാനലിന്റെ പ്രകാശത്തിൽ പൊട്ടിക്കരഞ്ഞു,..ഒരു റീത്ത്‌ നൽകി സർക്കാർ പ്രതിബദ്ധത കാട്ടി! സർക്കാരിന്‌ ആവുന്നത്‌ ചെയ്തു..! ..ആവാത്തത്‌ ചെയ്യാനാവില്ലല്ലോ?

" പിന്നേ മറ്റൊന്നും പണിയില്ലേ! " ഒടുവിൽ അണഞ്ഞ വെളിച്ചത്തിന്റെ മറവിൽ ഇതും പറഞ്ഞ്‌ ആളുകൾ പിരിഞ്ഞു,

അയാളും കഴിവുകളും വീണ്ടും അനാഥത്വത്തിലേക്ക്‌..!

കോഴികൾ നിശബ്ദത പാലിക്കുക!

എനിക്ക്‌ നീയ്യേകിയ സ്നേഹം,
നിനക്കായി പലിശയ്ക്കേകി
വീണ്ടും തിരിച്ചടുത്തും,
വീണ്ടും നിക്ഷേപിച്ചും,
നിന്നെ പാപ്പരാക്കി,
ഉറക്കമില്ലാത്ത രാത്രികളിൽ,
വറ്റാത്ത ചിന്തയുമായി,
ഞാൻ തിരിഞ്ഞു നടന്നു.

ഈ ഇരുണ്ടയുഗത്തിൽ,
ഞാനേകനല്ല നീയ്യും!
പുലർ കാലമായിട്ടില്ല,
പൂവൻ കോഴി കൂവി,
അനിഷ്ടമോ,
മറന്നതിന്റെ ഓർമ്മ-
പുതുക്കലോ?
അതോ അലാറം വെച്ചത്‌
മാറിയതോ?

അതിന്റെ കഴുത്തു ഞെരടി-
ക്കറിയാക്കി,
നീ കൊണ്ട്‌ വന്ന കള്ളിൽ മുക്കി,
വയറ്റിലേക്ക്‌ ഒരു തള്ള്‌!,
അമൃതേത്ത്‌!

ഇനി നിന്റെ വയറ്റിലും
എന്റെ വയറ്റിലും,
കോഴി ആർമ്മാദിക്കട്ടേ!

നിരപരാധിയെ കൊന്നത്‌,
നിന്നോടുള്ള സ്നേഹത്താലല്ല,
എന്നോടുള്ള പുച്ഛത്താലുമല്ല,
രാത്രി കൂവിയ കോഴിക്ക്‌,
വയറ്റിലാ സ്ഥാനമത്രെ!
പഴമക്കാരുടെ ഒരു പഴമ!
പകൽ കൂവിയ കോഴിക്ക്‌,
രാജ സിംഹാസനമാണോ വിധി?

കോഴിയേ കാണാനില്ലത്രെ,
അയൽവക്കക്കാരുടെ ഒരു തമാശ!
നീയ്യും ഞാനും ആർത്തു ചിരിച്ചു!

ദിസ്‌ ഈസ്‌ ദ പാത്ത്‌!.

ഞാൻ ജനൽപ്പാളി തുറന്നു പാളി നോക്കി...കവി അയ്യപ്പേട്ടൻ നടക്കുന്നു...
"ഹേയ്‌.. അയ്യപ്പേട്ടാ..അയ്യപ്പേട്ടാ.."ഞാൻ വിളിച്ചു.

..".അയ്യപ്പേട്ടൻ എന്നു വിളിക്കാൻ നിനക്കെന്തർഹത!.. നിന്റെ ആരാ അയാൾ? .. അയാളെ അറിയോ നിനക്ക്‌!.. എന്തെങ്കിലും പരിചയം?." മനസ്സ്‌ വിചാരണ ചെയ്യുകയാണ്‌..
."..ഇല്ല.. എന്നാലും പ്രായമായ ആളല്ലേ..കവി അയ്യപ്പൻ എന്നു വിളിച്ചാൽ മതിയോ?.."-ഞാൻ ചോദിച്ചു.

 "എന്തെങ്കിലും വിളിക്ക്‌.!"-. മനസ്സിന്‌ ദേഷ്യം വന്നു..

"അല്ലേ... ഇയ്യാളെങ്ങോട്ടാ.?.. ചന്ത മുക്കിൽ ആരും കാണാത്തൊരിടത്ത്‌ വസ്ത്രമൂരി വെച്ചിട്ട്‌... അയാൾ പോയിരിക്കുന്നു.."..
കുറേ കഴിഞ്ഞ്‌ ആളുകൾ വന്ന് ആ വസ്ത്രം അജ്ഞാതന്റേതാണെന്ന് പറയുന്നു.. " അവകാശികളില്ലാത്ത ആ വസ്ത്രം ആരോ തിരിച്ചറിഞ്ഞുവത്രെ..  അയ്യപ്പേട്ടന്റെ വസ്ത്രമാണ്‌ അത്‌.!. കവി അയ്യപ്പേട്ടന്റെ.!.!

നമുക്കറിയാത്ത വസ്ത്രം..!...ഞാൻ പോയില്ല.. ..പക്ഷെ ഇയ്യാൾ എങ്ങോട്ടു പോയി?
കുറേ കഴിഞ്ഞപ്പോൾ വസ്ത്രം ഏതോ ആശുപത്രിയുടെ ചടാക്കു വണ്ടിയിൽ ആരോ കൊണ്ട്‌ പോയി....
എന്നാലും അയാൾക്കെന്തിന്റെ കേടാ...!.. തുറന്ന ജനൽ പാളി വലിച്ചടച്ചു..കസേരയിൽ ചാഞ്ഞിരുന്നു..

എവിടെയെങ്കിലും കവി സമ്മേളനം ഉണ്ടാകും.. കവിത ചൊല്ലാൻ പോയതായിരിക്കും..!

ഇന്നാളൊരു ദിവസം ഒരു രാഷ്ട്രീയക്കാരനും അങ്ങിനെ പോയി പിന്നെ വന്നില്ല.. ഇവന്മാരൊക്കെ ഇവിടേയ്ക്കാ യാത്ര?
പെട്ടെന്ന് ഞാനുമറിഞ്ഞു.."ആരോ എവിടേയ്ക്കോ വിളിക്കുന്നു.!!..എന്നെയാണോ?.. ഞാൻ കൈ കൊണ്ട്‌ ആംഗ്യം കാട്ടി..
അതേയെന്ന് മറുപടി..
" എന്റെ വസ്ത്രം എടുക്കട്ടേ!.. എന്നിട്ട്‌ വരാം" ഞാൻ പറഞ്ഞു..
"വേണ്ട..അതിന്റെ ആവശ്യമില്ല!" - കർക്കശമായിരുന്നു ആ സ്വരം..
" അപ്പോൾ അതൊക്കെ അവിടെ കിട്ടുമോ?"

" എന്റെ സംശയത്തെ കർക്കശ സ്വരം വിലക്കി..!"

" വരിക..!.. അനുസരിച്ചാൽ മതി....ദിസ്‌ ഈസ്‌ ദ പാത്ത്‌!."-കനപ്പെട്ട സ്വരം!

..സ്വരം ഇംഗ്ലീഷും പറയ്യോ?..സംശയമായി.. പക്ഷെ.. ചോദിച്ചില്ല..

ഞാനും വസ്ത്രമുപേക്ഷിച്ചു ആ സ്വരത്തിന്റെ പിറകേ പോയി...പുഴകൾ താണ്ടി, കാടുകൾ താണ്ടി, കനാലുകൾ താണ്ടി, എവിടേക്കാ .. ചോദിക്കണം എന്നുണ്ട്‌.. പക്ഷെ കർക്കശക്കാരനെ ഭയന്നു മിണ്ടിയില്ല..!.
അതെ എല്ലാരുമുണ്ടല്ലോ.... അവിടേക്ക്‌ തന്നെ.... അവരെല്ലാം പോയ ഇടത്തു തന്നെ...അവരെ ഗ്രീറ്റ്‌ ചെയ്തേക്കാം.." ഹായ്‌.. ഹൗ ആർ യൂ?
 
അവിടെ അയ്യപ്പേട്ടൻ കവിത ചൊല്ലി നടക്കുന്നു.. നല്ല രസം കേട്ടിരുന്നു..
രാഷ്ട്രീയക്കാരൻ പ്രസംഗിക്കുന്നു..ഈ മുശ്ശേട്ടയ്ക്ക്‌ ഇവിടേയും ഒരു റെസ്റ്റുമില്ലാതെ പറ്റിപ്പാണോ ജോലി..!..സംശയം ഞാൻ ഉച്ചത്തിൽ തന്നെ കാച്ചി.. കേൾക്കട്ടേ.. എല്ലാരും കേൾക്കട്ടേ.. ഇല്ലാത്തതൊന്നും ഞാൻ പറഞ്ഞില്ലല്ലോ?..

" എന്നാലും ഭയക്കേണ്ടേ.. അദ്ദേഹത്തിന്റെ അനുയായികൾ കൊന്നു കൊലവിളിച്ചാലോ?.. -മനസ്സിന്റെ ഓരോ സംശയം!
"..അയ്യോ.അത്‌ സത്യമാണല്ലോ?...അതൊന്നും അപ്പോൾ ഓർത്തില്ല!.".ആരും ഒന്നും മിണ്ടിയില്ല.. എല്ലാരും പ്രസംഗം കേൾക്കുന്ന തിരക്കിലാണ്‌.. ഭാഗ്യം!

. നമുക്കറിയുന്നവരും അറിയാത്തവരും ഒക്കെ ഉണ്ടല്ലോ?. ...അയ്യേ.. നമ്മുടെ അയമൂക്കയല്ലേ അത്‌.. മീൻ വിൽക്കുന്ന അയമൂക്കാ..

"അയമൂക്കാ..അയമൂക്കാ..!"

അയാൾ കേട്ടില്ല...അയാളുടെ ഒരു ഗമയേ....ഒരു പക്ഷെ എന്നെ കണ്ടിട്ടില്ലായിരിക്കും.. അല്ലാതെ അയാൾ ഒന്നും മിണ്ടാതെ പോവില്ല....ഉച്ചത്തിൽ വിളിച്ചു.

.........അയമൂക്കാ‍ാ‍ാ‍ാ...........

....അലാറമടിച്ചു...മെല്ലെ കൺതുറന്നു.. ഞാനെവിടെയാണ്‌?...... വസ്ത്രമെവിടെ?.. എല്ലാമുണ്ട്‌!... അപ്പോൾ അയ്യപ്പേട്ടൻ... രാഷ്ട്രീയക്കാരൻ.... അയമൂക്ക..!..വീണ്ടും അലാറമടിച്ചു..!
റൂമേറിയൻസൊക്കെ ജോലിക്കു പോയി..ഇനി എന്റെ ഊഴം!.. എഴുന്നേറ്റ്‌ കോൾഗേറ്റും ബ്രെ ഷുമായി വാഷ്ബേസിനടുത്തേക്ക്‌ മെല്ലെ നടന്നു..

തിങ്കളാഴ്‌ച, ഒക്‌ടോബർ 25, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പതാം സർഗ്ഗം)

നോം ഇപ്പോഴും ആരേയും പഠനത്തിൽ നിർബന്ധിക്കാറില്ല..നല്ലോണം പഠിക്കണം ന്ന് പറയും.. അല്ലാതെ നിർബന്ധിച്ച്‌ പഠിക്കാൻ പറയില്ല.. നിശ്ചയം! !...ശിവ! .. ശിവ! ..പറഞ്ഞാൽ.... അസ്ഥാനത്തെങ്ങാൻ കയറി കൊണ്ട്‌ സാമാന്യ വിവരം നഷ്ടപ്പെട്ട്‌ നടന്നാൽ കുറച്ചിൽ ആർക്കാ?... ഈ നൊമിന്‌..!

അപ്പോൾ നോം കുറ്റക്കാരനാവില്ല്യേ....ഊവ്വ്‌!..അതൊന്നും വേണ്ട!.. നമുക്കാച്ചാൽ ഇല്ലേങ്കിലും ആരോപണത്തിനൊന്നും ഒരൂ കുറവും ഇല്യാ...വെറുതേ ആരെയും ഉപദ്രവിക്കാതെ സൈഡിലൂടെ പോകാച്ചാലും ആരോപണമാ..

."എന്താ അവൻ മിണ്ടാതെ പോയേ!.. അഹങ്കാരല്ലേ അതിന്‌".. എന്നൊക്കെ പറയും..അതിനാൽ ലേശം പുഞ്ചിരി ഫിറ്റു ചെയ്ത്‌ ആരേയും പിണക്കാതെ പുല്ലിനോട്‌ പോലും പുഞ്ചിരിക്കും..! .. അപ്പോൾ മറ്റ്‌ ആരോപണമായി.." ഇവനെന്താ പറ്റീത്‌!"-- വെറുതേ ചിരിക്ക്വാ.. തലങ്ങും വിലങ്ങും നടക്ക്വാ.. എന്താ കഥ!" .. എന്ന്.. നോം ആകെ വിഷമിക്കും!..നോം എന്താ ചെയ്ക! ..ആരും വിഷമിക്കൂലോ?..

നോം ഒരൂ നിർബന്ധവും പറഞ്ഞില്ലാച്ചാലും.. നമ്മുടെ അദ്ദേഹം അവർകൾ..അതായത്‌ സാക്ഷാൽ ഏട്ടൻ തിരുവടികൾ യൂണിവേർസിറ്റിയിൽ തന്നെ സ്കോളർഷിപ്പോടെ എം. കോമിനു പഠനം നടത്തി നമുക്ക്‌ നാണം വരുത്തീ..!.. എന്താ കഥ..!... അദ്ദേഹം ഇങ്ങനെ പഠിച്ചാൽ ആർക്കാ കുറച്ചില്‌... ഈ എളേടത്തിന്‌... !..." അവനെ കണ്ടു പഠിയെടാ.. അവനെ കണ്ടു പഠിയെടാ.".ന്ന് ഓരോ ആളും നമ്മെ ആട്ടും തുപ്പും നടത്തും!.. നോം അങ്ങിനത്തോനല്ല എന്നൊന്നും പറഞ്ഞാൽ ആളുകൾക്ക്‌ മനസ്സിലാവ്വോം ഇല്യ...തലയിലോട്ട്‌ കേറുവേം ഇല്യാ.. അദ്ദേഹത്തെ കുറിച്ച്‌ പറയുന്നത്‌ കേട്ട്‌ കേട്ട്‌ നോം ക്ഷമിച്ചു.. ഏട്ടനല്ലേ..! .. ന്നാലും ആളുകൾ അങ്ങിനെ പരാതി പറയാവോ?.. ആളുകൾക്ക്‌ ലേശം ക്ഷമിച്ചൂടേ!..ഊവ്വോ?

ഒരീസം അതുണ്ടായി അമ്മയെ കുപ്പിയിലാക്കാനും നമ്മെ മനക്കോട്ടയിൽ തടവറയിലാക്കാനും ഏട്ടൻ അവർകൾ യൂണിവേർസിറ്റിയിൽ നിന്നങ്ങനെ ടൂറിനു വരുന്നവണ്ണം ലാന്റ്‌ ചെയ്തു..നമ്മെ കാണുകയും ചെയ്യാം..പുട്ട്‌ അടിക്കുകയും ചെയ്യാം എന്ന മൂത്രശങ്കയാണെന്ന് തോന്നുന്നു..

വിശേഷങ്ങൾ വിളമ്പുന്ന വകയിൽ നമ്മെ കണ്ണു മഞ്ഞളിപ്പിക്കുന്ന പ്രകടനമാണന്ന് അദ്ദേഹം കാഴ്ച വെച്ചത്‌...ആ യൂണിവേർസിറ്റി പഠിത്തത്തിനിടയ്ക്ക്‌ ഒരു പ്രഫസ്സറുടെ മകനെ ട്യൂഷനെടുക്കാൻ കിട്ടിയത്രെ..!.. പ്രഫസ്സറുടെ നിർബന്ധം.. !..ഇദ്ദേഹത്തിന്റെ മൂളൽ ...!.. അതാകണം ഒക്കെ തുലച്ചു!.. അങ്ങിനെ ട്യൂഷനെടുത്ത്‌ അവന്‌ നല്ല മാർക്ക്‌ കിട്ടിയത്രെ!.. നോമും അമ്മയും പുളു കേട്ടിരുന്നു...

നമുക്കോ വയ്യാണ്ടായിവരുന്നൂ.. ഏട്ടനെങ്കിലും നാലക്ഷരം പഠിച്ചിട്ട്‌ എന്തെങ്കിലും ഉദ്യോഗോണ്ടായാൽ ആർക്കാ നേട്ടം!..  കുടുംബത്തിന്‌..! .. അപ്പോൾ പ്രോൽസാഹനം വേണ്ടേ .. വേണം..!

നോമും അമ്മയും ബ്രൈറ്റ്‌ ലൈറ്റ്‌ ടോർച്ച്‌ മുഖത്തടിച്ച വണ്ണം ശോഭിച്ചിരുന്നു കേട്ടു..
"മോനേ.. നല്ലതു തന്നെ.. എല്ലാവരേ കൊണ്ടും നല്ലതു പറയിക്കണം..സാരമില്ല പ്രഫസ്സറല്ലേ.. അദ്ദേഹം പറയുന്നത്‌ കേൾക്കണം "- അമ്മ.

" നോം എന്തോ മോശം പറയിച്ച പോലെ അമ്മ നമ്മെ നോക്കി..

കണ്ടോടാ എന്റെ മോൻ എന്നാണോ?...ആ നോട്ടത്തിന്റെ അർത്ഥം!...അതല്ല.. കാരണം നോമും അമ്മയുടെ മോൻ തന്ന്യാ... ചന്തയിൽ നിന്നും വാങ്ങിയതല്ല. അപ്പോൾ കണ്ടു പഠിക്ക്‌ എന്നാവാം!..

പിന്നെ ഒരു ഷർട്ട്‌ പീസ്‌, ഒരു ഫ്ലാസ്ക്‌, ഒരു ചെറിയ ട്രോഫി , ഒരു ക്യാപ്പ്‌ എന്നിവ ബാഗിൽ നിന്നും ഗമയിൽ പുറത്തെടുത്തു അദ്ദേഹം തുടർന്നു.. " ഞാൻ ട്യൂഷനെടുത്തതിന്‌ ഒന്നും വാങ്ങിയില്ല അതിനാൽ അദ്ദേഹം തന്നതാ ഇതൊക്കെ!."
നോമും അമ്മയും കൺ കുളിർക്കെ കണ്ടു..
"അയ്യേ ഇതെന്താ?.. അങ്ങിനെ തരുന്നെങ്കിൽ പൈസയല്ലേ തരേണ്ടത്‌!"- അമ്മ..
"ഞാനൊന്നും വേണ്ടെന്ന് പറഞ്ഞു..അതിനാൽ നിർബന്ധിച്ചു തന്നതാ ഇതൊക്കെ!"-ഏട്ടൻ
"അതു ശരിയാ.. പ്രഫസ്സറല്ലേ.. ഒന്നും വാങ്ങേണ്ട.. അവരുടെയൊക്കെ അനുഗ്രഹാ വേണ്ടത്‌."- അമ്മ
.".. ഇതൊക്കെ നിനക്കിരിക്കട്ടേ!"-ഏട്ടൻ.
"സപ്ത മഹാത്ഭുതങ്ങളിലൊന്ന് കണ്ട പോലെ നോം സ്തംഭിച്ചു നിന്നു..എന്തൊക്കെയാ ഈ പറയുന്നത്‌.. നമുക്ക്‌ നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..!..
"നമുക്കൊന്നും വേണ്ട!"- നോം പറഞ്ഞു..
".. നീ ആ തുണി കൊണ്ട്‌ ഷർട്ട്‌ തയ്പ്പിച്ചോ.."- ഏട്ടന്റെ നിർബന്ധം.
പിന്നെ അദ്ദേഹം ഒരു നല്ല ഹാൻഡ്‌ ബാഗ്‌ കാണിച്ചു..".. കൊള്ളാം നല്ല ബാഗ്ഗ്‌!.അതിനു നല്ല ക്വാളിറ്റിയുണ്ട്‌ .നമുക്കായിരിക്കും എന്ന് നോം മനക്കോട്ട കെട്ടും മുന്നേ അദ്ദേഹം പറഞ്ഞു " ഇതു നിനക്കല്ല... എനിക്കു തന്നെയാണ്‌ ഇത്‌. നിനക്ക്‌ വേറെ ഒരെണ്ണം കിട്ടുമോ എന്ന് ഞാൻ നോക്കുന്നുണ്ട്‌..അവിടെ കലാ പരിപാടിയാണ്‌..അതിനായി യൂണീവേർസിറ്റിയിൽ നിന്നും തന്നതാ ഇത്‌!"

" നോ പ്രോബ്ലം!"- നോം പറഞ്ഞു..കിട്ടില്ലാച്ചാൽ നോ പ്രോബ്ലം.. അല്ലാണ്ടെന്താ.. യെസ്‌ പ്രോബ്ലം എന്ന് പറഞ്ഞാൽ അദ്ദേഹം തരുവോ?.. ഇല്യാ..നോം എക്സ്ട്രാ ഡീസെന്റായി..അതിനാൽ കിട്ടാത്ത മുന്തിരി = നോ പ്രോബ്ലം!

"പിന്നെ അമ്മേ യൂണിവേർസിറ്റിയിൽ കലാ പരിപാടിയാണ്‌..അമ്മ പൈസ തരണം...അവിടെ പഠിക്കുന്ന എല്ലാവരും വലീയ പണക്കാരാ..ഞാനും കൂട്ടുകാരനും മാത്രേയുള്ളൂ പാവങ്ങൾ!.".
.. മറ്റുള്ള എല്ലാവരും അവിടെ ഹെലികോപ്റ്ററിലാ ഡെയിലി വരുന്നത്‌ എന്ന മട്ടിലുള്ള വർത്താനം കേട്ട്‌ അമ്മ പറഞ്ഞു.. " മോനെ നമ്മളേയും മറ്റുള്ളവരെയും തുല്യമായി കരുതേണ്ട... ട്ടോ!.. നിനക്കറിയാലോ നമ്മുടെ വിഷമം.!!....പഠിക്കുകയാണ്‌ വേണ്ടത്‌..നന്നായി പഠിച്ച്‌ വളരുകയാണ്‌ വേണ്ടത്‌!"
അദ്ദേഹം പറഞ്ഞു " അതല്ലേ ഞാനൊന്നും ചോദിക്കാത്തത്‌.. പക്ഷെ കുറച്ചു പൈസ അമ്മ തരണം...യൂണിവേർസിറ്റിയിൽ കൊടുക്കാനാ.. കൂടുതലൊന്നും വേണ്ട!."
"എത്ര?"
അമ്മ അദ്ദേഹത്തിന്‌ ആയിരമോ അഞ്ഞൂറോ മറ്റോ കൊടുത്തു....അതോ അതിൽ കൂടുതലോ എന്നൊന്നും അറിയില്ല!..ചോദിച്ചതു കൊടുത്തു.. പിറ്റേന്ന് അദ്ദേഹം പോയി..
ആദ്യമായി ഏട്ടന്റെ വക ഷർട്ടിന്റെ തുണിയല്ലേ.. നോം അതെടുത്ത്‌ തയ്ക്കാൻ കൊടുത്തു... ടൈയിലർ ഏമാൻ പറഞ്ഞു " ഇത്‌ ഗുണമില്ലാത്ത തുണിയാ...അടിക്കൂലി പോലും നഷ്ടമാ.. !".. നമുക്ക്‌ ദേഷ്യം വന്നു.. ടെയിലറുടെ അഹമ്മതിയല്ലേ.. അദ്ദേഹം കാട്ടീത്‌.. കൊടുത്ത തുണി അടിച്ച്‌ തരാതെ കുറ്റവും കുറവും കണ്ടു പിടിക്ക്യാ വേണ്ടത്‌?..അയാളുടെ ഒരു കൊണവതികാരം പറച്ചില്‌..!
"ഇതെവിടുന്നു വാങ്ങി?"
"ഏട്ടനാരോ കൊടുത്ത താ.."
'വേഗം തയ്ച്ചു തരുവോ?"
" ഞാൻ നാളെ തന്നെ തരാം.. യദാർത്ഥ്യം പറഞ്ഞെന്നേയുള്ളൂ.. തുണി ഗുണമില്ലാത്ത താ".
നോം പിന്നെ ഒന്നും പറഞ്ഞില്ല..ഗുണമില്ലാത്ത താണെങ്കിൽ നോം സഹിച്ചാൽ പോരെ..!.. നാലാളെ കേൾപ്പിക്കാൻ കാറി വിളിക്കണോ?

ദിവസങ്ങൾ കഴിഞ്ഞു.. അച്ഛൻ നാട്ടിൽ ലീവിനു വന്നപ്പോൾ നോമും അമ്മയും അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ പാണനാരെ പോലെ തുടികൊട്ടി വാഴ്ത്തിപ്പാടി..

അദ്ദേഹത്തിനു കിട്ടിയ ട്രോഫിയും, ഫ്ലാസ്ക്കും,നമുക്ക്‌ തന്ന തുണി ഉപയോഗിച്ച്‌ തയ്ച്ച ഷർട്ടും, ക്യാപ്പുമൊക്കെ നോം അച്ഛനു കാട്ടി കൊടുത്തു...

അച്ഛൻ അതു കണ്ട ഉടനേ പറഞ്ഞു.. " ഇവനെന്താ ഏഷ്യാഡിനാണോ പോയത്‌?.. കപ്പും ട്രോഫിയുമായി വരാൻ!"
ഇതെന്താ അച്ഛൻ പ്രതിപക്ഷ ബഹുമാനം പോലും ഇല്യാതെ അദ്ദേഹത്തെ കുറിച്ചു പറയുന്നത്‌.. നോം ആദ്യം സംശയിച്ചു..
തുണി പിടിച്ചു നോക്കി അച്ഛൻ പറഞ്ഞു " ഇത്‌ ചന്ത തുണിയാണ്‌!" ഫ്ലാസ്ക്‌ നോക്കി അച്ഛൻ പറഞ്ഞു.." ഇത്‌ റോഡ്‌ സൈഡിൽ വെച്ചു വിൽക്കുന്ന സാധനം വാങ്ങി കൊണ്ട്‌ അവൻ നിങ്ങളെ പറ്റിച്ചു!"
"..അച്ഛൻ പറേന്നത്‌ സത്യമാണോ?...- നമുക്ക്‌ സംശയമായി.. ശരിയാവാതെ തരമില്ലല്ലോ. .ഫ്ലാസ്കിൽ ചായയോ ചൂടുവെള്ളമോ ഒഴിച്ചു അടച്ച്‌ വെച്ചാൽ പുറത്ത്‌ ഗ്ലാസ്സിൽ ഒഴിച്ചു വെച്ചതിനേക്കാൾ വേഗം തണുക്കുന്നു...അതോ ഫ്രീഡ്ജിന്റെ ഉപയോഗമുള്ള ഫ്ലാസ്കും ഉണ്ടാവ്വോ?.. നോം അങ്കലാപ്പിലായി.. ഛേ....
എന്നാലും അങ്ങിനെയുണ്ടാവോ?... അദ്ദേഹം പിന്നെത്തെ ലീവിൽ വന്നപ്പോൾ നോം അദ്ദേഹത്തെ  ക്യാപ്പ്‌ കാണിച്ചു.."  ദേ ആ തുണിയുടെ ക്യാപ്പിന്റെ പുറകു വശം കീറിയത്‌ തുന്നിവെച്ചിരിക്കുന്നു!..  ഇത്‌ പഴേതാണ്‌!..ഷർട്ടിന്റെ ഉപയോഗോം തീർന്നു..."..
അദ്ദേഹമൊന്നും മിണ്ടീല്യ...അദ്ദേഹം...' കീറിയോ ..എവിടെ? "എന്നു പറഞ്ഞ്‌ ആ ക്യാപ്പ്‌ പരിശോധിച്ചു തൃപ്തിപെട്ടു..
നോം പറഞ്ഞു.. " ഏട്ടനെ പ്രഫസ്സറദ്ദേഹം പറ്റിച്ചു!"

"തന്നത്‌ വാങ്ങി.. ഞാനൊന്നും നോക്കീല.."- എന്ന് ഏട്ടൻ പറഞ്ഞു..

."..ആ പ്രഫസ്സറദ്ദേഹത്തെ കൈയ്യിൽ കിട്ടിയാൽ കുനിച്ചു മടക്കി പരിപ്പെടുക്കണം..ചന്ത തുണിയും വാങ്ങി കൊടുത്ത്‌, കീറി തുന്നിയ പഴേ ക്യാപ്പും വാങ്ങി കൊടുത്ത്‌ നമ്മുടെ ഏട്ടനെ അയാൾ പറ്റിച്ചിരിക്കണൂ.."- നോം മനസ്സിൽ പറഞ്ഞു...അദ്ദേഹം പറ്റിച്ചതാവുമോ?.. അതോ ഏട്ടൻ നമ്മെ പറ്റിച്ചതാവുമോ?.. ഏതാ ശരി?... ആരാ ശരി.?. ..

നോം പറഞ്ഞ്‌ അസ്ഥാനത്തെങ്ങാൻ കയറി കൊണ്ട്‌ സാമാന്യ വിവരം നഷ്ടപ്പെട്ട്‌ നടന്നാൽ കുറച്ചിൽ ആർക്കാ?... ഈ നൊമിന്‌..!..നോം ഒന്നും മിണ്ടാതിരുന്നു

കർണ്ണന്‌

ഹൃദയതന്തുക്കളിലുറവയായ്‌,
കുത്തൊഴുക്കായ്‌,
മനസ്സിലുൾ ചാലുകളായ്‌,
എൻ മിഴിത്താരിൽ ചാഞ്ഞിറങ്ങിയ,
കണ്ണീർക്കണം!
ഒരപശപ്ത നിമിഷത്തിൽ
കോരിയെടുത്തെങ്ങോ വലിച്ചെറിഞ്ഞതും
നിനക്കസ്വസ്ഥതയേകുന്നോ?
നിന്റെ ആനന്ദക്കണ്ണീരിലതു-
കാളകൂടവിഷം കലർത്തുന്നോ?

വിഹ്വലതയാൽ ഭ്രമിച്ചൊരെന്നെ-
കപടമാം മുഖാവരണം,
നുണകളുടെ പകിടയുരുട്ടി,
നേടിയതാം തന്ത്രത്തിൻ,
നെരിപ്പോടുകൾ പിൻതുടർന്നു,
ചുട്ടെരിക്കാനാളുമ്പോൾ,

തോറ്റ അപമാനഭാരമാൽ,
തലകുനിച്ചൊരെന്നെ-
പരിഹസിച്ചട്ടഹസിക്കുമ്പോൾ,
വഴിതെറ്റിയുഴറിയവർക്കൊപ്പമായ,
നിൻ പുഞ്ചിരിയെൻ മനം
കലക്കുമ്പോൾ,
നിൻ അണപ്പല്ലെന്തിനോ
അമരുമ്പോൾ,
നിന്നിലൂറിയ ആഹ്ലാദമെൻ,
മനസ്സിൽ സങ്കടത്തിന്റെ,
നിശ്വാസം തീർക്കുമ്പോൾ,
അറിയാതെൻ ചുണ്ട്‌ വിറച്ചത്‌,
ശാപമായെങ്കിലതിൽ പഴിച്ച്‌,
ഊടും പാവും നെയ്തെന്നെ-
വീണ്ടും വിസ്തരിക്കുവതെന്തിന്‌!

നീ തീർത്ത അന്ധകാരത്തിലെൻ,
ആത്മശക്തി തൻ സൂര്യകിരണം തട്ടി,
തകർത്തു പ്രകാശമാനമാക്കുമ്പോൾ,
പുതപ്പുമൂടിയന്ധകാരത്തിലുറങ്ങാതെ,
പുറത്തേക്കൊന്നു തല നീട്ടി നോക്കുക,
ഒരു നിമിഷാർദ്ധം കണ്മിഴിയുയർത്തുക.

ഇവിടെ ഉദയസൂര്യന്റെ കിരണമുണ്ട്‌,
ധർമ്മത്തിൻ ശാശ്വത സത്യമുണ്ട്‌,
സ്നേഹത്തിൻ കെടാത്ത ജ്വാലയുണ്ട്‌,
നിൻ വെറുപ്പുമൊരുനാളതിൽ,
ഈയ്യാമ്പാറ്റയായ്‌ ,
ചിറകറ്റ്‌ വീഴും നാൾ വരേക്കും,
അന്ധകാരം തുണയെന്ന്,
നീ വിശ്വസിച്ചോളൂ!
സ്ഥിതപ്രജ്ഞനെങ്കിൽ,
വിധിയെ പഴിച്ചു നാൾ,
നുറുക്കിയെറിഞ്ഞോളൂ!
അല്ലായ്കിൽ ചിന്തകൾ
വഴിപിഴച്ചുവെന്ന പഴി,
സ്വയമാരോപിച്ച്‌
മിഴി തുടച്ചോളൂ!

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാൽ പാദം

കള്ളുകുടിച്ചു,
കാർക്കിച്ചു തുപ്പി,
ചുവന്ന കണ്ണുരുട്ടി വിരട്ടി,
കുഴഞ്ഞ നാവിൽ,
വികട സരസ്വതിക്ക്‌,
നെയ്‌വേദ്യമർപ്പിച്ചും

ബീഡിയുടെ ചുവപ്പു ബെൽറ്റിൽ,
തീ പുരണ്ടപ്പോൾ
വേണ്ടാതായി
വലിച്ചെറിഞ്ഞ്‌,
തൂങ്ങിയാടുന്ന ലുങ്കിതൻ,
തലപരുതി ക്ഷീണിച്ചയാൾ,
ചാഞ്ഞു കിടന്നു.

ആരും കാണാതെ,
മെല്ലെ പുറത്തെത്തി,
വലിച്ചെറിഞ്ഞ ബീഡി
തുമ്പ്‌ രണ്ടാം ക്ലാസുകാരൻ,
മകൻ വലിച്ച്‌ വലിച്ച്‌,
ചുമച്ച്‌, ചുമച്ച്‌,
പുകയുതിർത്ത്‌
നിന്നപ്പോൾ,
അവനെ തേടിയെത്തിയ
അഞ്ചാം ക്ലാസ്സു-
കാരനാമെനിക്കും ആശ!

"..വലിയെടാ, വലി,
പുകചുരുട്ടി വിടെടാ വേഗം!"
എന്നിട്ടെനിക്ക്‌ താടാ
തീകളയാതെ.."

വല്യോരെ പോലെ,
പുകയുതിർക്കാനറിയാത്ത,
മഹാനിധി!

അവനാകാശത്ത്‌,
പുകയുതിർത്ത്‌,
ചുണ്ട്‌ പൊള്ളിച്ച്‌,
ദേഷ്യം വന്ന്
നമ്മെ തെറി പറഞ്ഞു,.
ഇനി നെക്സ്റ്റ്‌ ഐറ്റം..!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഒൻപതാം സർഗ്ഗം)

കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ ആ മാന്യദേഹം അതായത്‌ സാക്ഷാൽ ഏട്ടൻ അവർകൾ ബോംബെയിലേക്ക്‌ പോയി തിരികെ വരികയാണ്‌.. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശ്യം പെങ്ങളെയും അളിയൻസിനേയും കണ്ട്‌ അവിടെത്തെ നിലവാരം നേരിൽ കണ്ട്‌ ബോധ്യപ്പെട്ട്‌ റിപ്പോർട്ട്‌ ചെയ്യുക എന്നതു തന്നെയാണ്‌..

അമ്മ "മോനേ സൂക്ഷിച്ച്‌ പോകണേന്നും" പറഞ്ഞ്‌ കൊടുത്ത അച്ഛന്റെ പൈസയ്ക്കാണ്‌ പോയത്‌..അല്ലാതെ അങ്ങോരുടെ പൈസയ്ക്കല്ല!..അങ്ങേർ കഷ്ടപ്പെട്ട്‌ അദ്ധ്വാനിച്ച്‌ വിഷമിച്ച്‌ യാത്ര തിരിച്ചതാണെന്ന് ഓർത്ത്‌ അങ്ങിനെ പുളിക്കാമെന്ന് ആരും കരുതേണ്ട!..സത്യത്തിൽ ഒരു ഫ്രീ ടിക്കറ്റ്‌...അച്ഛന്റെ പൈസ! അമ്മയുടെ വക!.. ഒരു റിഫ്രേഷ്‌മന്റ്‌ യാത്ര!... ഐ മീൻ വിനോദയാത്ര!..

തിരിച്ചു വന്നത്‌ ഒപ്പം ഒരു വയസ്സനേയും ഇമ്പോർട്ട്‌ ചെയ്തു കൊണ്ടായിരുന്നു..അളിയൻ കൂട്ടിന്‌ ഏർപ്പാടാക്കികൊടുത്ത ഒരു വയസ്സൻ!..നമ്മളുടെ സഹന ശക്തി എത്രത്തോളം വരുമെന്ന ഒരു പരീക്ഷണം..!! അല്ലാണ്ടെന്തു പറയാൻ! ....

അദ്ദേഹം നാടുവിട്ട്‌ പോയിട്ട്‌ വർഷങ്ങളായത്രേ.. നാടു കാണണമെന്ന പൂതി കയറി,കയറി കാടു കയറി നിൽക്കുമ്പോൾ ശല്യമായപ്പോൾ എവിടെയെങ്കിലും പോയി ലേശം സമാധാനം തരട്ടേ എന്നു കരുതി  അദ്ദേഹത്തെ മക്കൾ കയറൂരി വിട്ടതു തന്നെയാണ്‌.. എന്ന് നമുക്ക്‌ തോന്നി.. കെളവൻ പച്ച കോട്ടിലാണ്‌!..അതു ഒരിക്കലും ഊരാറില്ല എന്നു പറഞ്ഞു നമ്മുടെ ചേട്ടച്ചാർ!..
മണത്തോണ്ട്‌ വന്നതല്ലേ..അതിനാൽ എക്സ്പീരിയൻസ്‌ ഉണ്ട്‌ അദ്ദേഹത്തിന്‌! ..നാറ്റത്തിനു മറുമരുന്നായി നല്ല വാസനാ തൈലവും പുരട്ടിയതിനാൽ രണ്ടിന്റെയും മണം ഒന്നു ചേർന്ന് ഓക്കാനം വരും!.. വേണ്ടെന്ന് പറഞ്ഞെങ്കിലും ഇവിടെ ആവശ്യത്തിനു വെള്ളം ഉണ്ട്‌.. പാഴാക്കി കളയുന്നതിന്‌ ഒരു മടിയും വേണ്ട എന്ന് മനസ്സിൽ പറഞ്ഞ്‌ "കുളിച്ചോളൂ ..യാത്ര ചെയ്ത്‌ ക്ഷീണിച്ചതല്ലേന്നും" പറഞ്ഞ്‌ നമ്മൾ നിർബന്ധിച്ചു കുളിക്കാൻ പറഞ്ഞയച്ചു...അയാൾക്ക്‌ പ്രശ്നമില്ലെങ്കിലും നമുക്ക്‌ ജീവിക്കേണ്ടേ.. നല്ല കഥ!

കോളേജിൽ പോക്കെന്ന മഹാവ്യാധി നമ്മെ അലട്ടുന്നുണ്ട്‌..!..അതൊരു ശീലമായതിനാൽ നമുക്കതൊരു വിഷയോം ഇല്യാണ്ടായിരിക്കുന്നു?..

അവർ വന്നയുടനേ കോളേജിൽ പോകാനാഞ്ഞ നമുക്കിട്ട്‌ ചേട്ടച്ചാർ പണി തന്നു.." എടാ ഓടിപ്പോയി.. ചായയ്ക്ക്‌ അങ്ങേർക്ക്‌ കഴിക്കാനുള്ള പഴം, ബിസ്ക്കറ്റ്‌ ,പാല്‌ എന്നിവ വാങ്ങിക്കൊണ്ടു വാ"
"നമുക്ക്‌ കോളേജിൽ പോണം!"-നോം തുറന്നടിച്ചു.
"അതു സാരമില്ല!.. വേഗം ഓടി വാ"
നമ്മളോട്‌ പിടയ്ക്കാൻ പറഞ്ഞ്‌ നല്ല പിടയ്ക്കുന്ന നോട്ടെടുത്തു തന്നു..അതു കണ്ടപ്പോൾ നോം കരുതിപ്പോയി അങ്ങേർ വല്ല കള്ള നോട്ടടിയും തുടങ്ങി ബഹുമാന്യനായോ?...ഒരു പത്തു രൂപ തരുന്ന സിമ്പിൾ അറ്റെംപ്റ്റ്‌!..അതെല്ല ഉദ്യോഗോം പോക്കറ്റിലിട്ടാണോ വരവ്‌!..അങ്ങിനെയല്ലേ ഇക്കാലത്ത്‌..പൈസ എങ്ങിനുണ്ടാക്കീ എന്നാരും ചോദിക്കില്ല.. പത്തു രൂപയുണ്ടെങ്കിൽ വണക്കം തമ്പ്രാന്ന് ആളുകൾ കുമ്പിടും..അത്‌ കട്ടിട്ടോ ചുട്ടിട്ടോന്നൊരു നോട്ടോം ഇല്യാ...മന്ത്രം ചൊല്ലീട്ടായാലും ചുട്ട കോഴീനെ പറത്തീട്ടായാലും കായ്‌ ഉണ്ടാകണം .. അത്രേ വേണ്ടു.. ഒന്നും ഇല്യാത്തോനായാലോ  ചവിട്ടും നായേന്ന മട്ടാ...പക്ഷെ ഇതതൊന്നും അല്ല..ഒപ്പം കിളവനുള്ളതല്ലേ അളിയൻസ്‌ ടിക്കറ്റെടുത്ത്‌ പോക്കറ്റ്‌ മണീസും കൊടുത്ത്‌ വിട്ടിട്ടുണ്ടാകണം..അമ്മ കൊടുത്ത പൈസ ചിലവായിട്ടും ഉണ്ടാകില്ല!.അതേ അതായിരുന്നു സത്യമെന്ന് പിന്നീട്‌ അറിഞ്ഞു...
"നോം ദേഷ്യത്തിൽ നോക്കി..  കിളവനോക്കെ ബിസ്ക്കറ്റും പഴവും പാലുമേ കഴിക്കൂല്ല്യേ... പറ്റിയ പ്രായം!... കുപ്പി പാലു തരാലോ.. ന്റെ കുഞ്ഞിക്ക്‌..നിപ്പിളും വേണോ?"നോം മനസ്സിൽ പറഞ്ഞു..
"നോം ഓടി.."
നമുക്ക്‌ കോളേജിൽ പോകാൻ നേരായിരിക്കുമ്പോഴാ അങ്ങേരുടെ ഒരു എഴുന്നള്ളത്ത്‌!...കൈയ്യും കാലും കാട്ടിയാലും ബസ്സ്‌ നിർത്തില്ല.. പിന്നെ ഹൃദയം വരെ പറിച്ചെറിഞ്ഞ്‌.." മഹാപാപി നിർത്തി താ!" എന്ന് മനമുരുകി പ്രാർത്ഥിച്ചാലാ ഒരു ബസ്സെങ്കിലും നിർത്തുക!
കഴിക്കട്ടേ നല്ലോണം .പാലും പഴവും മാത്രം കഴിച്ച്‌ അങ്ങേരുടെ പശിയടങ്ങിയില്ലേങ്കിലോ?. നോം അഞ്ചു പത്ത്‌ മുട്ട കൂടി വാങ്ങി.."

അങ്ങിനെ കഷ്ടപ്പെട്ട്‌ ഓടി തിരിച്ചു വന്നപ്പോൾ ഒരു വിധം ബസ്സു കിട്ടി കോളേജിലെത്തി ..പിന്നീട്‌ കഷ്ടപ്പെട്ട്‌ തിരിച്ചു വന്നു..

" നമുക്കായി ഏട്ടൻ എന്തൊക്കെ കൊണ്ടു വന്നു സമ്മാനമായി...നോം അതു നോക്കിക്കളയാമെന്ന മട്ടിൽ മുറികൾ കയറിയിറങ്ങി.". മൂന്ന് നല്ല കോലാപ്പുരി ചെരുപ്പ്‌ മൂന്നെണ്ണം, നാലഞ്ചു ഷർട്ടുകൾ അത്രേയ്ക്കൊക്കെയേ സാധനങ്ങൾ ഉള്ളൂ"

നോം കരുതി ബോംബെ മുഴുക്കെ കച്ചോടാക്കി വരും എന്നാ.. അതുണ്ടായില്ല.. പോട്ടേ.. ഉദ്യോഗസ്ഥനൊന്നും അല്ലല്ലോ?.. അൽപം ക്ഷമിക്യാ എന്തേ?.. നോം മനസ്സിനെ അടക്കി..

മതി..അതു മതി.. ഒരു ചെരുപ്പ്‌ നമുക്കായിരിക്കും.. പാവം ബോംബെയിൽ പോയി നമ്മളെ ഓർത്തു വാങ്ങീലോ അതു മതി!.. അച്ഛനെത്ര പാന്റു തയ്പിച്ച്‌ തന്നാലും നമുക്ക്‌ പഴയതിടാനേ യോഗം ഇണ്ടാവൂ,...നമുക്ക്‌ പുതിയ പാന്റോ ഷർട്ടോ തയ്പിച്ചാൽ അങ്ങോർ ഇട്ട്‌ പോകും..അങ്ങേർക്ക്‌ അദ്ദേഹത്തിന്റേതും വേണം നമ്മുടേതും വേണം! ..പഴേതായാലേ നമുക്ക്‌ പിന്നെ കിട്ടു.., നമുക്കൊരു പരാതീം ഇല്ലാരുന്നല്ലോ?..  അപ്പോൾ പിന്നെ നമ്മേ ഓർത്താകണം!"

"നോം അങ്ങിനെ ചെരുപ്പിന്റെ ഭംഗിയോർത്ത്‌ നിൽക്കുമ്പോൾ അദ്ദേഹം വന്നു...
ചോദിക്കാനെന്തിരിക്കുന്നു.. അതെ.. എന്നാലും നോം ചോദിച്ചു.."ഒരു ചെരുപ്പ്‌ നമുക്കായിരിക്കും ..ല്ലേ"

 "ഹേയ്‌ നിനക്കോ? അത്‌ ഒന്ന് എനിക്കും.. മറ്റു രണ്ടെണ്ണം കൂട്ടുകാർ പറഞ്ഞിട്ടും വാങ്ങിയതാ"- അദ്ദേഹം.
"എപ്പോൾ ഷർട്ട്‌!"
"അതും കൂട്ടുകാർ പറഞ്ഞിട്ട്‌ വാങ്ങിയതാ"
..നോം ഒന്നും മിണ്ടീല..ങാ പോട്ടേ സാരമില്ല!.. നമ്മോട്‌ അദ്ദേഹത്തിന്റെ സ്നേഹം നോം എത്ര കണ്ടിരിക്കുന്നു...!..അതിനാൽ അതൊരു വിഷയമേ അല്ല!...
" അപ്പോൾ ഇവനൊന്നും ഇല്ലേടാ.. നിനക്കു ഞാൻ കുറേ പൈസ തന്നതല്ലേ.. ഇവനെന്തെങ്കിലും നിനക്കു വാങ്ങാമായിരുന്നില്ലേ"-അമ്മ
അവൻ ഒരു നൂറു രൂപാ നോട്ടെടുത്തു അയ്യായിരം ഉലുവ തരുന്ന ഗമയിൽ തന്നു ഞെളിഞ്ഞ്‌ നിന്നു പറഞ്ഞു .. "..നല്ല ചെരുപ്പ്‌ വാങ്ങിക്ക്‌ തീർന്നൂലോ ഇവന്റെ പരാതി!"

നോം പോയി ബാറ്റാ ഷോറൂമിൽ നിന്നും നല്ല ഒരു ചെരുപ്പ്‌ നൂറു രൂപാ കൊടുത്ത്‌ വാങ്ങി വന്നു..അന്ന്  നൂറ്‌ രൂപയ്ക്ക്‌ നല്ല തുകൽ ചെരുപ്പ്‌ കിട്ടും...അവൻ നമ്മെ തെറി പറഞ്ഞു.. " നോക്കിയേ.. നൂരു രൂപായുടെ ചെരുപ്പാ അവൻ ഉപയോഗിക്കുന്നത്‌.. ഞാൻ വെറും 30 രൂപായുടെ ചെരുപ്പാ ഇന്നും ഇടുന്നത്‌.. ഇതു കളഞ്ഞാലുണ്ടല്ലോ!"

അമ്മ പറഞ്ഞു " സാരമില്ല..അവന്‌ നീയ്യൊന്നും കൊണ്ടു വന്നില്ലല്ലോ?...അവനൊന്നിനും വാശി പിടിക്കാറും ഇല്ലല്ലോ?"
"വല്യ ആളുകളേ പോലെയാ ഇവൻ കോളേജിൽ പോകുന്നത്‌.. അമ്മ കണ്ടല്ലോ.. ആ ചെരുപ്പ്‌ വേഗം കളയുകയോ മറ്റോ ചെയ്താലുണ്ടല്ലോ പറഞ്ഞേക്കാം"-അവനോൻ അധ്വാനിച്ച പൈസ തന്ന പോലെ അദ്ദേഹം നമുക്ക്‌ താക്കീത്‌ തന്നു..

അതു കേട്ട്‌ ഭയന്ന് നോം ആ ചെരുപ്പ്‌ ഒരു ദിവസം മാത്രം ഇട്ടു..പിറ്റേന്ന് പഴയ ചെരുപ്പ്‌ ഇട്ടു.... നമുക്ക്‌ വയ്യ ഇദ്ദേഹത്തിന്റെ തെറിവിളി കേൾക്കാൻ !.. ചെരുപ്പെങ്ങാനും പൊട്ടി പോയാൽ ഇദ്ദേഹം നമ്മുടെ കരളു മാന്തിപ്പറിക്കും അതിനാൽ ശ്രീ രാമൻ, ഭരതന്‌ തന്റെ മെതിയടി കൊടുത്തപ്പോൾ ചെയ്ത പോലെ കോളേജിൽ പോകുമ്പോൾ ചെരുപ്പ്‌ ഊരി തലയിൽ വെച്ചു നടക്കണോ എന്നു വരെ നമ്മുക്ക്‌ തോന്നി..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ മാന്യദ്ദേഹം മെല്ലെ സ്നേഹപൂർവ്വം നമ്മെ സമീപിച്ചു.. " നീ ഉപയോഗിക്കുന്നില്ലെങ്കിൽ ആ ചെരുപ്പ്‌ ഞാനിടാം!"-- ഉദാര മനസ്കത!

" നോം കരുതി.. പോട്ടെ സാരമില്ല.. ഏട്ടനല്ലേ..അവൻ നന്നായാൽ നമുക്കും ഗുണം ഉണ്ടാവില്ലേ.. അപ്പോൾ ഒരു ത്യാഗം!..അദ്ദേഹം നല്ല നിലയിൽ നടന്നോട്ടേ..നമുക്കൊരു പരാതീം ഇല്ല്യാ!"
ആ ശ്രീമാൻ നമ്മുടെ ചെരുപ്പും ഇട്ട്‌ അങ്ങിനെ ഉലാത്തി!.. പേരു നമുക്കും ഗുണം അവനും!.. അവൻ മാറി മാറി പല പല ചെരുപ്പുകൾ ഇട്ടു നടന്നു..!..നോം നമ്മുടെ പഴയ ചെരുപ്പും!

..അപ്പോൾ പറഞ്ഞു വന്നത്‌ ഒപ്പം വന്ന ആ വയോധികൻ നമ്മെ കാത്തു നിന്നു... അദ്ദേഹത്തിനു ഊരു ചുറ്റണം പോലും..കൂട്ടി കൊണ്ടു വന്ന മാന്യ ദേഹത്തിനു മടി.. കിളവന്റെ കൂടെ നടക്കാൻ!

നോം അങ്ങിനെ അദ്ദേഹത്തെ കൂട്ടി ഊരു ചുറ്റി... അദ്ദേഹത്തിനു ഹിന്ദിയേ വായിൽ വരൂ..നമുക്ക്‌ നോ പ്രോബ്ലം..!... ആംഗ്യഭാഷ പിന്നെ എന്തിനാ.. ലോകത്തുള്ള സമസ്ത ഭാഷയും അതിന്റെ പുറകിൽ നിൽക്കണം.. ആംഗ്യ ഭാഷയാ ലോകത്തുള്ള സമസ്ത ഭാഷകളുടെയും മാതാവ്‌!.. നമുക്കാച്ചാൽ അതു നല്ലോണം അറിയേം ചെയ്യാം!..അതിൽ ഡോക്ടറേറ്റ്‌ ഇല്യാത്തതിനാൽ കിട്ടിയില്ല.. !
നോം ..ജി ഹാം.. ജി നെഹി എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിനു തൃപ്തിയായി...കൂടുതൽ എന്തൊക്കെയോ പറഞ്ഞപ്പോൾ നോം ആസ്വദിച്ചു ചിരിച്ചു.. മതി..മനസ്സിലാകാത്തതു പറഞ്ഞാൽ ചിരിച്ചാൽ മതി!.. അദ്ദേഹം ഹാപ്പി!.ആളുകൾ നമ്മെ നോക്കുന്നു... ഖൂർഖയേ പോലെ ഡ്രസ്സു ചെയ്ത കിളവനേയും കൂട്ടി ഹിന്ദിയിൽ പൊടി പൊടിച്ചു വർത്തമാനം പറയുന്ന ഇവനാളു കൊള്ളാലോ?..
" ഒരാൾ നമ്മോട്‌ കണ്ണോണ്ട്‌ ആംഗ്യം കാട്ടി.." ആരാ ഇദ്ദേഹം?"
നോം പറഞ്ഞു മുംബൈയിൽ നിന്നും ചേട്ടച്ചാരുടെ കൂടെ നാടു കാണാൻ വന്നതാ..പേടിക്കേണ്ട.. നാളെ പോകും!"

പല പല കഷ്ടപ്പാടും സഹിച്ചു കോളേജിൽ പോകുമ്പോഴും പോയി വന്നാലും സൗര്യം തരാതെ നമ്മെ വട്ടം ചുറ്റിച്ച ആ മഹാപാപി വൃദ്ധനെ ഒരു വിധത്തിൽ നോം തന്നെ വണ്ടിയിൽ കയറ്റി മുംബൈക്ക്‌ തന്നെ എക്സ്പോർട്ടു ചെയ്തു...
 
---------------------------------------------------------------------------------------------------------
N:B
 
നമുക്കൊരു കാര്യോം ഇല്ലായിരുന്നെങ്കിലും...അമ്മമ്മയ്ക്ക്‌ വേണ്ടി നമ്മുടെ ജ്യേഷ്ഠൻ എന്ന മാന്യ ദേഹം ചെറുപ്പത്തിലേ ഒരു പാട്‌ കഷ്ടപ്പെട്ടിരുന്നു എന്നത്‌ സ്മരിക്കാതെ വയ്യ.. അത്‌ നോം സത്യത്തിനു നേരെ കണ്ണടക്കുന്നതിനു തുല്യമാകും!..ആഴ്ചയ്ക്കാഴ്ചയ്ക്ക്‌ ഡോക്ടറേ വീട്ടിലേക്ക്‌ കൂട്ടി കൊണ്ടു വരിക...ഡോക്ടറദ്ദേഹത്തെ കൊണ്ടു വിടുക..ഡോക്ടർ കുറിച്ചു കൊടുക്കുന്ന മരുന്ന് വാങ്ങി.അർദ്ധരാത്രി ധൈര്യത്തോടെ തലങ്ങും വിലങ്ങും നോക്കാതെ കണ്ണും പൂട്ടി കിലോമീറ്ററോളം ഓടിക്കൊണ്ടു വരിക.. എന്നതൊക്കെ അദ്ദേഹത്തിന്റെ വകുപ്പ്‌ തന്നെയായിരുന്നു..ഇതൊക്കെ വല്യ പണിയാണോന്ന് ചിലർ പറഞ്ഞേക്കാം... ആ പരിഹസിച്ചവരുടെ ഒരു കാര്യവും ആവശ്യസമയത്ത്‌ അമ്മമ്മയ്ക്ക്‌ കിട്ടിയിരുന്നില്ല..എന്തിന്‌ പ്രമേഹം എന്നത്‌ അന്ന് അത്യപൂർവ്വ രോഗമായിരുന്നു..അതിനാൽ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌ എന്ന കാര്യത്തിൽ ഭയവുമായിരുന്നു.. അമ്മമ്മയുടെ ഒരു കാലും ഒരു കൈയ്യും തളർന്നിരുന്നു.. ആ അമ്മമ്മയെ ഒരിക്കലെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കാൻ കൂടെ കൂടെ നിൽക്കാത്തോർക്ക്‌ എന്തും പറയാം..സ്വന്തം കാര്യലാഭത്തിനായി നുണയും നൊട്ടയും പറഞ്ഞു നടക്കാം.. പക്ഷെ അത്‌ ദൈവ നിന്ദയാകുമെന്ന് മാത്രം...മാത്രമല്ല അന്ന് വാഹനസൗകര്യം അത്രയ്ക്കൊന്നും ഇല്യാതിരുന്ന സമയത്ത്‌ രാവെന്നോ പകലെന്നോ നോക്കാതെ കിലോ മീറ്ററോളം ഓടിക്കൊണ്ടും, നടന്നു കൊണ്ടുമാണ്‌ ഡോക്ടറെ വിളിക്കാനും മറ്റും ഒറ്റയ്ക്ക്‌ എട്ടാം ക്ലാസ്സോ ഒൻപതാം ക്ലാസ്സിലോ അന്ന് പഠിക്കുന്ന അദ്ദേഹം പോകാറ്‌..മാത്രമല്ല മരുന്ന് ആഴ്ചയ്ക്കാഴ്ചയ്ക്കെന്ന പോലെ ഡോക്ടർ മാറ്റുകയും ചെയ്യും..ഈ രണ്ടു ദിവസം കൂടുമ്പോൾ എന്ന പോലെ  മൂത്രം ടെസ്റ്റ്‌ ചെയ്യാനും ഇതു പോലെ ദൂരെയുള്ള ലാബിലേക്ക്‌ ഓടി കൊണ്ടും നടന്നു കൊണ്ടും പോകണം.. അതിന്റെ റിപ്പോർട്ട്‌ ഡോക്ടർക്ക്‌ നൽകി മരുന്നു മാറാനും.!! .ഈ ടെസ്റ്റു നടത്തുന്നതിൽ നിന്നും ഒരു പക്ഷെ തെല്ലൊരാശ്വാസം വന്നത്‌ ടെസ്റ്റ്‌ നടത്താനും ഇൻസുലിൽ ഇഞ്ചെക്ഷൻ എടുക്കാനും അറിയുന്ന അമ്മായിയുടെ വരവോടെയാണ്‌..അല്ലാത്ത സമയത്ത്‌ പൈസ വേണ്ട വേണ്ട എന്ന് പറഞ്ഞ്‌ കൈ നീട്ടി പൈസ വാങ്ങിക്കുന്ന ഒരു കമ്പോണ്ടർ അദ്ദേഹമാണ്‌ ഇൻസുലിൻ എടുത്തു കൊണ്ടിരുന്നത്‌!

സമർപ്പണം!

ഒ‍ാരോ ജന്മവും
പ്രഭാതത്തിൽ,
ബ്രാഹ്മണനായി,
കൈകാലിട്ടടിച്ച്‌,
ക്ഷത്രിയനായി,
മദ്ധ്യാഹ്നത്തിൽ
വൈശ്യനായി,
പ്രദോഷത്തിൽ
ശൂദ്രനായൊടുങ്ങുന്നു.

കിഴക്ക്‌ ജ്ഞാന മണ്ഡലം,
പടിഞ്ഞാറ്‌ സത്യ മണ്ഡലം,
വടക്ക്‌ സമ്പന്ന മണ്ഡലം,
തെക്കോ ആത്മീയ മണ്ഡലം!

കിഴക്ക്‌ നോക്കി നമസ്ക്കരിച്ച്‌,
പടിഞ്ഞാറ്‌ നോക്കി ആശ്ചര്യപ്പെട്ട്‌,
വടക്കു നോക്കി നടന്നു നടന്നു,
തെക്കോട്ടുള്ള യാത്രകണ്ട്‌
കിതയ്പ്പോടെ നിന്നു!

ആരോ യാചിച്ചു വാങ്ങിയ,
ചെറുമാവിൻ കൊമ്പിന്റെ,
ചുള്ളി വിറകിലൊടുങ്ങി,
സർവ്വ പാപങ്ങളും,
അഗ്നിദേവനിൽ തർപ്പണം!

എന്റേതായൊന്നുമില്ല,
എനിക്കായൊന്നുമില്ല,
സ്മൃതികൾ നിങ്ങൾക്കേകി,
നശിക്കാത്തൊരാത്മാവായ്‌,
ഞാൻ മോക്ഷമാവട്ടേ!
ദൈവത്തിങ്കലേക്ക്‌ ,
മടങ്ങട്ടേ!

അറിവില്ലായ്മയാലൂറിയ
അഹങ്കാരത്താൽ,
ചെയ്തൊരീ വികൃതികൾ,
മാപ്പാക്കിടേണം,
പുറം പാളിയിൽ തീർത്തൊരരക്കില്ല-
മഗ്നിയിൽ ചാമ്പലാകും മുന്നേ,
സമർപ്പിക്കുന്നൂ എന്നെ-
നിൻ കാൽക്കൽ,
ഹൃദന്തമെൻ ശുദ്ധം!
ഭയപ്പാടു മുറ്റി സ്വരക്ഷയ്ക്കായി
ചീറ്റിക്കൊണ്ടിരുന്നതാണെൻ
നാവും, വാക്കുമെന്നറിഞ്ഞാലും.

ആരോടും ദേഷ്യമില്ലാതെ,
പരിഭവങ്ങളേതുമില്ലാതെ,
സ്നേഹത്തിലൂർന്നുണ്മയിൽ,
തലചായ്ച്ചുറങ്ങീടാൻ,
ഒരിക്കൽ ഞാനും യാത്രയായീടും.
പുഞ്ചിരിച്ചൂർന്നു ചിരിച്ചെന്നെ,
കൈവീശി യാത്രയാക്കീടേണ-
മെല്ലാം മറന്നു നീ!

ഒരിക്കൽ കൂടി മാപ്പ്‌,
തെറ്റു ചെയ്തില്ലയെങ്കിലും,
കുറ്റമായെന്തെങ്കിലും,
അറിയാതെയെന്നിലുണർന്ന്,
നിന്നെ പുണർന്നിപ്പോഴും
നിൽക്കുന്നുവെങ്കിൽ,
നിൻകണ്ണിൽ അറിയാതെ,
ഒരു കണ്ണീർ തുള്ളിയെങ്കിലും,
പൊഴിഞ്ഞു പോയെങ്കിൽ!

ഒ‍ാരോ നിമിഷവും,
നിന്നെയോർത്തൊർത്തിരുന്നെന്നെ-
മറന്നു ഞാൻ നിനക്കായി,
പ്രാർത്ഥിച്ചീടവേ,

ഒ‍ാരോ പ്രഭാതവും പ്രദോഷവും
നിന്റെ ചിന്തകളാലെൻ മനം
കലങ്ങി മറിയവേ,
ഞാനോതിയ പരുഷവാക്കുകൾ,
നിന്നോടുള്ളമിതസ്നേഹത്തിൻ,
വിശ്വാസ്യത;
നിന്നെ ഞാനെത്ര
സ്നേഹിക്കുന്നുവെന്നു
ഹൃദയം തുറന്നു കാട്ടാനുള്ള,
ആലസ്യത;

നിന്റെ ശാപമെന്നെ,
കാർന്നു തിന്നുമ്പോഴുമെൻ മനം
അനുഗ്രഹിക്കാൻ
കരങ്ങളുയർത്താനാജ്ഞാപിച്ചിടും!
നന്മയായി, തേജസ്സായി
മാറുക; എന്റെയീ ജന്മം,
പാഴെങ്കിൽ ക്ഷമിക്കുക!

വ്യാഴാഴ്‌ച, ഒക്‌ടോബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി എട്ടാം സർഗ്ഗം)

നോം ഒന്നും അറിഞ്ഞില്ല!... അല്ലേങ്കിലും ഒരു ബർമുഡക്കാരൻ പയ്യനെ വീട്ടിലുള്ള രഹസ്യങ്ങൾ മുഴുക്കെ അറിയിച്ചു കൊള്ളാൻ നോം മഹാരാജനൊന്നും അല്ലല്ലോ?... എന്നാലും അങ്ങിനെയല്ലല്ലോ.. . എവിടെയെങ്കിലും നൂണ്ടിറങ്ങി, താനല്ലാത്ത ഭാവത്തിൽ നിന്ന് , ആരെങ്കിലും പറയുമ്പോൾ വായ നോക്കി, നോക്കി മനസ്സിലാക്കണം..എന്തൊക്കെ സഹിച്ചാ ഈ ചാരപ്പണി!.. അവരോ പറഞ്ഞു തരില്ല എന്നാൽ  നമ്മൾ സ്വയം മനസ്സിലാക്കാമെന്ന് വെച്ചാൽ വല്യോരെല്ലാം പറയും.." എടാ...ചെക്കാ... വേഗം പോയ്ക്കോ... ഒരു പാട്‌ പഠിക്കാനില്ലേ നിനക്ക്‌.. നൊണയും കേട്ട്‌ നിക്കുവാണോ?.. ഓടിക്കോ.."..

അല്ലാത്തപ്പോഴെല്ലാം ഈ പറയുന്ന ചെക്കന്മാരുടെ തോണ വേണം എന്തിനും ഏതിനും!..തേങ്ങ പെറുക്കാനും മാങ്ങ പെറുക്കാനുമെല്ലാം!..ആവശ്യം കഴിഞ്ഞാൽ ചെക്കന്മാർ വെറും കറിവേപ്പില!..
അവർ തമ്പുരാക്കന്മാരും നമ്മൾ വെറും നൂറുവാര അകലെ നിൽക്കേണ്ട അധ:കൃതരും!

എന്താ കഥ!.. കലികാലം!..നമ്മൾ പിള്ളേരായാലുള്ള തൊന്തരവേ..വല്യോർക്ക്‌ നമുക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നാലെന്താ?...പൂച്ച വിഴുങ്ങ്വോ അവരെ?..അഥവാ പൂച്ച പിടിക്കാൻ വന്നാൽ നമ്മൾ വിട്ടു കൊടുക്ക്വോ അവരെ..?...അപ്പോൾ പിന്നെ വെറും കാൽ കാശിനു കൊള്ളാത്ത ഭീതി !..അല്ലാണ്ടെന്താ?.

.... പക്ഷെ ആരും ഒന്നും അറിഞ്ഞീല... ആരെയും അറിയിക്കാതെ അമ്മ നമ്മേക്കാൾ കുറച്ചധികം മൂത്ത്‌ നമുക്കൊരു കാര്യമില്ലെങ്കിലും റേഷൻ കടയിലെ കാർഡിലും മറ്റും മൂത്തവനെന്ന് എഴുതാനും നാട്ടുകാരെ കൊണ്ടും വീട്ടുകാരെ കൊണ്ടും നിന്റെ ജ്യേഷ്ഠനാ അവൻ, അവന്റെ ചെയ്ത്താ ചെയ്ത്ത്‌ എന്നും പറയിച്ച്‌ നമ്മെ പരിഹസിച്ച്‌ ചിരിക്കാനും അതൊക്കെ ഓർത്ത്‌ അന്തർമുഖനായി നോം വിഷമിക്കാനും മാത്രം വിശാലമായി പിന്നീട്‌  വളർന്ന പുത്രനെ സ്വകാര്യം വിളിച്ചു വീട്ടിന്റെ മുകൾ നിലയിലേക്ക്‌ പോയി.. ഗുരു ശിഷ്യന്‌ രഹസ്യമന്ത്രം ഓതിക്കൊടുക്കാൻ ആരും ഇല്ലാത്ത, ആരും ശല്യപ്പെടുത്താത്ത സ്ഥലം തിരഞ്ഞെടുത്തതു പോലെയായിരുന്നു ആ യാത്ര..!.. തികഞ്ഞ അച്ചടക്കം!.. മൗനം!..മുഖത്തെ ഗാംഭീര്യം പൂർവ്വാധികം ശോഭിച്ചു നിൽക്കുന്നു.....!
"..എന്താ അമ്മേ സംഭവം?.." - അവൻ.
"..ഒന്നൂല്യ... വാ പറയട്ടേ....നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്‌.." - സ്നേഹപൂർവ്വം അമ്മ..
"..നോം ശ്രദ്ധിച്ചു...ഇതെന്താ രഹസ്യ മന്ത്രമോ മറ്റോ ആണോ.. ആരും കാണാതെ അമ്മ അവന്‌ എന്തൊക്കെയാ കൊടുക്കുന്നത്‌?.. ഏതൊക്കെയാ കൊടുക്കുന്നത്‌ എന്നൊന്നും അറിയാൻ പറ്റീലെങ്കിലോ?.. അതൊരു വൻ വീഴ്ചയായിരിക്കും.. നമുക്കും കണക്കു പറഞ്ഞു വാങ്ങാമല്ലോ?.. അവന്‌ അത്രേയ്ക്കെങ്കിൽ അമ്മയുടെ ഇളയ പുത്രനായ നമുക്കെത്രെ തരണം? നമുക്കെന്തൊക്കെ തരണം.. കണക്കുകൾ കൂട്ടിക്കൂട്ടി ഒരൂ നിശ്ച്യോം ഇല്യാണ്ടായിരിക്കുന്നു..."

അവനെ ഒരു റൂമിനുള്ളിലാക്കി അമ്മ പറഞ്ഞു " നീയ്യിവിടെ നില്ല്.. ഞാനിപ്പോൾ വരാം!"

പിന്നെ കാണുന്നത്‌ സിനിമേലെ സ്റ്റണ്ട്‌ പടം കാണുന്ന അനുഭവമായിരുന്നു... നോം എന്തായീ കാണണേന്റെ ശിവനേ.... അടുക്കി പിടിച്ചിരുന്നു ബർമുഡക്കാരനായ നോം അന്തിച്ചു പോയി... സംഭവം കുശാൽ!.. നമുക്കെല്ല അവന്‌..!

ഒരു ചൂലെടുത്ത്‌ കൊണ്ട്‌ വന്ന് അമ്മ അവനെ ആഞ്ഞടിക്കുകയാണ്‌.. ഇടയ്ക്ക്‌ കൈ പ്രയോഗവും!... "ന്റെ ശിവനേ.!. നമുക്കൊന്നും വേണ്ടായേ.. ഒക്കെ മൂത്തവനായ അവന്‌ തന്നെ കൊടുത്തോ..അല്ല്ലേങ്കിലും മൂത്തവനല്ലേ യദാർത്ഥത്തിൽ അതിനർഹത!.. നമ്മളങ്ങനെ ആവശ്യമില്ലാത്തത്‌ എന്തും മോഹിക്കമോ?.. നമുക്കങ്ങിനെയുള്ള ഒരു ആഗ്രഹവും ഇല്ലേ.... നേരത്തെ ആഗ്രഹിച്ചതെല്ലാം നോം ഞൊടിയിടകൊണ്ട്‌ വേണ്ടെന്നു വെച്ചു....ആർക്കെങ്കിലും നന്മ വരുന്ന കാര്യം വെറുതെ നമ്മളായിട്ട്‌ തട്ടിയെടുത്താൽ തീർത്താൽ തീരാത്ത ശാപം കിട്ടും!... അത്‌ മുൻ ജന്മത്തിൽ നിന്ന് പറിച്ചു നട്ടതാണ്‌, ഒടിച്ചു നട്ടതാണെന്നൊന്നും പിന്നീട്‌ കാറി വിളിച്ചിട്ട്‌ കാര്യമില്ല.. തടി കേടാകുന്ന ഇടപാടാ..!.

അമ്മയുടെ അടികൊണ്ട്‌ അവൻ പുളയുകയാണ്‌...കരയുകയാണ്‌...

" ഇനിയിത്‌ ആവർത്തിക്ക്യോ?..." അമ്മയുടെ കർശന സ്വരം!..

അവൻ കരഞ്ഞു കൊണ്ട്‌ പറഞ്ഞു .." ഇല്യാ... ഇല്യാ.. ഇല്യാ...".. കിട്ടേണ്ടത്‌ കിട്ടുമ്പോൾ ഏതവനും എന്തും പറയും!...അത്‌ ഇന്നത്‌ എന്നൊന്നും ഇല്യ..തോന്നുന്നതെന്തും!..ഇല്യാ എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഇല്യാന്നു പറയും.. ഉണ്ട്‌ എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഉണ്ട്‌ എന്ന്..ആൻസർ സമയവും സന്ദർഭവും നോക്കി..മാറാം.. മറിയാം..

." ...അങ്ങിനെ നീ നമ്മളെ നാണം കെടുത്തിയാൽ നിന്നേം കൊന്നു ഞാനും ജീവനൊടുക്കും... അല്ലെങ്കിൽ തന്നെ ഒരു കാരണവും ഇല്ലേങ്കിലും നമ്മളെ ചവിട്ടിത്താഴ്ത്താൻ ബന്ധുക്കൾ തക്കം പാർത്തിരിക്കുകയാ അതിന്റെ കൂടെയാ ഇതും...!"- അമ്മ സങ്കടപ്പെട്ടു പറഞ്ഞു..

...വീണ്ടും നിരാശയോടെ, സങ്കടത്തോടെ ഒ‍ാരോന്നും പറഞ്ഞു ഓടിപ്പോയി വീണ്ടും അമ്മ പൊയ്ത്തു തുടങ്ങി... അവൻ ചാവും എന്നായപ്പോൾ നോം കരുതി അതു ഫൗൾ!....അവൻ പശ്ചാത്തപിച്ചൂലോ?.. ഇനി നന്നാവും.!.. ... ശബ്ദം കേട്ട്‌ മറ്റുള്ളവരും ഓടി വന്നു..അവന്റെ കരച്ചിൽ കണ്ട്‌ സഹിക്കവയ്യാതെ പെങ്ങളും നോമും അമ്മയുടെ പിന്നെത്തെ അടി ലേശം ഷെയർ ചെയ്തു..പോട്ടെ സാരമില്ല..ഒരേ വയറ്റിൽ പിറന്നോനല്ലേ..!

".. എന്താ സംഭവം?..ഭൂമികുലുക്കത്തിന്‌ ഒരു വിധം ശമനമായപ്പോൾ അന്വേഷിക്കപ്പെട്ടു...
."... ഇവന്‌.. ഈ കഴുതയ്ക്ക്‌ പ്രേമാത്രെ..മുട്ടയിൽ നിന്ന് വിരിഞ്ഞില്ല..ഇതിനാണോ ഇവരെ പോറ്റുന്നത്‌?..ആളെ കൊണ്ട്‌ പറയിപ്പിക്കാൻ..! !"- അമ്മയുടെ കണ്ണും കലങ്ങിയിരുന്നു..

"പോട്ടെ അമ്മേ നമ്മൾ കരഞ്ഞു പറഞ്ഞു .." ഇനി അങ്ങിനൊന്നും ഉണ്ടാവില്ല!".. അന്ന് നമ്മൾ നമ്മുടെ ആഗ്രഹം പറഞ്ഞു ..പക്ഷെ എവിടെ? .. അതുണ്ടായില്യ...നന്നാവാത്തോനെ എളവൂർ തൂക്കം നടത്തിയാലും വികൃതിയും കൊണ്ട്‌ നടക്കും..!

".. നിങ്ങളുടെ മകന്‌ കലശലായ പ്രേമാത്രെ....ഇനി വേഗം മകനെ കെട്ടിച്ചു കൊടുത്തോ..പോറ്റാൻ ചെലവിനു കൊടുത്തോ..ട്രൗസർ ഇട്ടു നടക്കുന്ന പ്രായല്ലേ...വളരും വരെ കുറച്ചു ഗോലിയും വാങ്ങിക്കൊടുത്തോ.... എന്താ നിങ്ങൾക്ക്‌ പറ്റില്ലേ..."..എന്നൊക്കെ പറഞ്ഞ്‌ വല്യമ്മയുടെ മക്കൾ അമ്മയെ അറ്റാക്കു ചെയ്തത്രെ!...

ആകെ തകർന്ന് വല്ലാതായ അമ്മ പൊട്ടിക്കരഞ്ഞാണ്‌ അന്ന് വീട്ടിലെത്തിയത്‌... അതിന്റെ പ്രത്യാഘാതമാണ്‌.. നോം ഈ കണ്ടത്‌!.നോം വല്ലാതായി.. അമ്മ കരയുന്നു.. തളരുന്നൂ...മക്കൾ നല്ലോണം നന്നായി ആരെകൊണ്ടും പറയിക്കാതെ അഭിമാനത്തോടെ നടക്കണം ന്ന് കരുതി ആഗ്രഹിച്ചു നടന്ന അമ്മയ്ക്ക്‌ അവൻ നൽകിയ പ്രഹരം അമ്മയ്ക്ക്‌ താങ്ങാൻ പറ്റാവുന്നതിലും അധികമായിരുന്നു ഒപ്പം നമ്മൾക്കും!...
 
പ്രേമത്തിന്‌ കണ്ണില്ല.. കാലില്ല..മൂക്കില്ല.. ചെവിയില്ല.. ചെതുമ്പലില്ല...എന്തിന്‌.. ബന്ധങ്ങൾ പോലും ഇല്ല എന്ന് പിന്നെ വലുതായപ്പോൾ മനസ്സിലായി....നോം ഒറ്റപ്പെടുന്നുണ്ടോ?... ഊവ്വ്‌ നോം ഒറ്റപ്പെടുന്നുണ്ട്‌.. അന്നേ നോം ഒറ്റപ്പെട്ടിട്ടാണല്ലോ?..അപ്പോൾ പിന്നെ സംശയം എന്തിന്‌!
 
 
 

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഏഴാം സർഗ്ഗം)

പൊസ്തകവും കൈയ്യിലേന്തി ബസ്സിന്റെ അരികെ കനിവിനായി കാത്തു നിന്നു നിന്ന് കിനാവു കണ്ടു മടുത്ത നമ്മളോട്‌ കയറുവാൻ അനുജ്ഞയായീന്നും പറഞ്ഞ്‌ കിളി ബെല്ലു കൊടുത്തു..നമ്മളൊക്കെ അറിയാതെ പോലും നോക്കി പോകാത്ത പെൺകിടാങ്ങളെ,അവരെന്തു വിചാരിക്കും എന്നോർത്ത്‌ നോക്കി നിന്നു, നോക്കി നിന്നു വെള്ളമിറക്കി ചായ പോലും കുടിക്കാൻ സമയം കിട്ടാതെ ബീഡി പുകച്ചു തീർത്ത ഡ്രൈവറേമാൻ ജയൻ ഹെലികോപ്റ്ററിലേക്ക്‌ എന്ന വണ്ണം ബസ്സിൽ ചാടിക്കയറി വളയം പിടിച്ചു...

"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി."
"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി"

....അവസാനവട്ടത്തെ വരവിളി കൂടി കിളിയൻ ചേട്ടൻ നിർവ്വഹിച്ചു!

"എടാ നീ മുപ്പത്‌ പൈസ താ നിന്റെ പൈസ ഞാൻ കൊടുക്കാം."- ഫ്രെണ്ടാണ്‌.!...ഫ്രെണ്ടിച്ചു ഫ്രെണ്ടിച്ച്‌ നമ്മുടെ പൈസ വാങ്ങി നമ്മുടെ ആവശ്യം അവൻ നടത്തിതരും...അഞ്ചു നയാ പൈസ കളയാനല്ല .. .ആവശ്യത്തിനാണ്‌ ..അല്ലാതെ നാട്ടു കൂട്ടം വിളിച്ച്‌ ചേർത്ത്‌ കള്ളടിച്ചു നടക്കേണ്ട പ്രായോം വെളിവും അവനായിട്ടില്ല..നമ്മേക്കാൾ പാവം പച്ച പശു!..

..നോം അവന്‌ മുപ്പത്‌ പൈസ കൊടുത്തു..ആ മഹാനിധി നമ്മോട്‌ പൈസ വാങ്ങിക്കയും ചെയ്യും എന്നിട്ട്‌ അവനാണ്‌ നമ്മെ പോറ്റിവളർത്തി വലുതാക്കിയതെന്ന ഭാവത്തോടെ ഞെളിഞ്ഞു നിൽക്കുകയും ചെയ്യും.. എന്തു ചെയ്യാം ഫ്രെണ്ട്‌ നമ്മുടെ തലേൽ കയറി നെരങ്ങുന്നെങ്കിലും നോം ക്ഷമിക്കയാണെന്ന് അവൻ അറിയുന്നില്ലല്ലോ ദൈവമേ!.. ആ നിഷ്കളങ്കനെ നോം ഒന്നും പറയാതെ വെറുതെ വിട്ടു.. ഏതോ ആളുടെ അമ്മാവൻ പ്രാഞ്ചി പ്രാഞ്ചി എഴുന്നേൽക്കുന്നു.. ..അദ്ദേഹത്തെ ഒരു വിധം യാത്രയാക്കി. നോം സീറ്റ്‌ ആർക്കും കൊടുക്കാതെ അതിവിദഗ്ധമായി കൈക്കലാക്കി ആഞ്ഞിരുന്നു..അവൻ നമ്മെ നേരയിരുത്തില്ല എന്ന ഭാവം! .. നമ്മെ തള്ളി അവനും ഇരുന്നു ..ഒട്ടകത്തിനു കൂടാരത്തിൽ തല വെക്കാൻ സ്ഥലം കൊടുത്തതു പോലെ അവനെന്നെ സീറ്റിൽ നിന്നും പുറത്താക്കിയ പോലായി... നോം ഒന്നും പറഞ്ഞില്ല.. നമ്മുടെ ചിലവിൽ അവനും ഒന്നിരുന്ന് ആശ തീർത്തോട്ടേ..!...ബസ്സ്‌ പകുതിയോളം കുതിച്ചു പാഞ്ഞു...
പെട്ടെന്ന് അതു സംഭവിച്ചു..

. ...പ്രായായില്ലേ നമുക്കിങ്ങനെ കുതിച്ച്‌ പായാൻ വയ്യ കിടാവേന്നും പറഞ്ഞ്‌ ബസ്സ്‌ ഒരു നിൽക്കൽ!. ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട്‌ എത്തീട്ടും ഇല്യ...

ഡ്രൈവർ ഏമാന്‌ എഞ്ചിനെ കുറിച്ച്‌ വല്യ പിടിപാടുണ്ടാവില്ല്യ..പെണ്ണുങ്ങളുടെ മുന്നിൽ ഷൈൻ ചെയ്ത്‌ ബസ്സെടുത്തതാ...ദേ കിടക്കുന്നു..നാണം കെട്ട ശവം..വിളറി വെളുത്ത്‌!."
ഡ്രൈവർ എന്തൊക്കെയോ കണ്ട്രാവിയെ പിടിച്ചു കുശുകുശുത്തു.. പിന്നെ കിളിയെ പിടിച്ചു ഓടിച്ചു.. തള്ളീ നോക്കി.. നോ രക്ഷ!..ഉന്തി നോക്കി..ആ കശ്മലൻ ബസ്സ്‌ അനങ്ങുന്നില്ല!...നോം ഫ്രെണ്ടനോട്‌ പറഞ്ഞു.." എവന്മാരെല്ലാവരും ഉത്സാഹിച്ചു മാടായി വരെ നമ്മളെ തള്ളി കൊണ്ട്‌ പോയെങ്കിൽ മതിയായിരുന്നു!"

പരിശ്രമങ്ങളെല്ലാം പാളിയപ്പോൾ കണ്ട്രാവീ ബാഗ്‌ കൊട്ടി വിളംബരം നടത്തി..
"..എല്ലാവരും ഇറങ്ങി കൊള്ളുക.. ബസ്സ്‌ തകരാറിലാണ്‌...എല്ലാവരും ടിക്കറ്റ്‌ തരൂ.. പൈസ മടക്കി തരാം.."
"..കുട്യോളൊന്നും വരേണ്ട..പത്തു പൈസക്കാരൊന്നും വരേണ്ട.."-- ആ മുശേട്ട ഡ്രൈവറുടെ വായ ലൗഡ്‌ സ്പീക്കർ വെച്ച പോലെ പറഞ്ഞു.. പിന്നെ  കണ്ട്രാവിയോട്‌ ഉപദേശം കുട്യാൾക്കൊന്നും പൈസ കൊടുക്കേണ്ട...ട്ടോ. !"

....ദേഷ്യം വന്നു കണ്ണു കാണുന്നില്ല ..."നല്ല തൂക്കവും തടിയും ഉണ്ടല്ലോ?...ആദ്യം നേരാം വണ്ണം ബസ്സൊടിക്കാൻ പഠിക്കെടാ ശവീ.. അതു കഴിഞ്ഞിട്ടാകാം കണ്ടോനൊടൊക്കെ തന്റെ  ഉപദേശം.!".. നോം മനസ്സിൽ പറഞ്ഞു..

എന്തൊരഹങ്കാരമാണ്‌ ആ ഡ്രൈവർക്ക്‌.!!.. സാധാരണ ചില പ്രഗൽഭന്മാരായോർ ചുമ്മാ കടലാസിൽ നൂറ്‌ രൂപയെന്നോ, ആയിരം രൂപയെന്നോ പെന്നോണ്ട്‌ എഴുതി കടക്കാരനു കൊടുത്ത്‌ കടേലെ സാധങ്ങൾ മുഴുവൻ വാങ്ങി ശേഷം ബാക്കി പൈസ കൂടെ വാങ്ങിക്കാറുണ്ടല്ലോ?.. നോം സിനിമേൽ കണ്ടതാണ്‌.. .നമുക്കത്ര പരിചയം പോര!

... മുതിർന്നോർ രണ്ടു രൂപയും മൂന്നു രൂപയും കൊടുക്കുമ്പോൾ അത്ര തന്നെ ദൂരം നമ്മൾ അന്ന് വെറും പത്തു പൈസയ്ക്കും 30 പൈസയ്ക്കുമാണ്‌ പോകുന്നത്‌..അതായത്‌ നമ്മൾ പ്രഗൽഭന്മാർക്ക്‌ 30 പൈസ = 3 രൂപ .. അതു ഗവണ്മേന്റിനും അറിയാം.. സത്യത്തിൽ 30 പൈസ നമ്മൾ കൊടുത്താൽ അതു വാങ്ങി മുപ്പതു രൂപ തന്നു എന്ന സന്തോഷത്തോടെ 27 രൂപ ബാക്കിയെങ്കിലും നമുക്ക്‌ തരേണ്ടതാണ്‌..ന്യായം അതാണ്‌..!...നാളെത്തെ ഭാവി തലമുറയായ നമ്മൾക്ക്‌ ആ സൗകര്യം ചെയ്യണമെന്ന ഒരു നിയമം ഓർഡിനൻസിലൂടെ സർക്കാറിന്‌ പാസ്സാക്കാവുന്നതേയുള്ളൂ... ..ചുമ്മാതാണോ?....നമ്മൾ വളർന്നിട്ട്‌ ഒരു പതിനെട്ടൊക്കെ പടി കടന്ന്  വന്നാൽ ഇവന്മാർക്കൊക്കെ തന്നെയല്ലേ ഗുണം!... കട്ടു മുടിക്കാൻ കൈ നിറച്ചും വോട്ട്‌ കൊടുക്കുന്നത്‌ അമേരിക്കൻ പ്രസിഡന്റിനൊന്നും അല്ലല്ലോ?.. അപ്പോഴെങ്ങിനെ അദ്ദേഹത്തോട്‌ പോയി പരാതി പറയാൻ പറ്റും?..ഇതൊന്നും ഇവിടെ ആരും അത്ര സീരിയസ്സ്‌ ആയി എടുക്കുന്നില്ല... അതാ കുഴപ്പം! .. ആ പോട്ടെ സാരമില്ല.. അതൊക്കെ പറഞ്ഞാൽ നമ്മുടെ ക്ഷമ നശിച്ച്‌ കാടു കയറും!

"..നോം വിഷമിച്ചു.അത്ര തന്നെ..".. എടാ പെട്ടൂടാ..കോളേജിലേക്ക്‌ പോയാൽ തിരികെ വരാൻ കായില്ല..നിന്റെ കൈയ്യിലുണ്ടോടാ?"

" അവനും കൈമലർത്തി.. കരയുന്ന പോലായി."...രാവിലെ കുളിച്ചു വന്നോളും..റിട്ടെൺ ടിക്കറ്റിനുള്ള അറുപതു പൈസയുമെടുത്ത്‌..വൺവേ ടിക്കറ്റിന്റെ പൈസയെടുത്ത്‌ ഒരു കാര്യോം ഇല്ല്യാതെ ചിലവാക്കി...കോളെജിലേക്ക്‌ പോയാൽ വീട്ടിലെത്താൻ കഴിയില്ല..തമ്മിൽ ഭേദം ഇന്ന് പണി മുടക്കി വീട്ടിലേക്ക്‌ തിരിക്കുന്നതാ.. .. അവനെ മാത്രമല്ല നമ്മേ കൂടെ ഒപ്പം ചുട്ടു തിന്നാനുള്ള ദേഷ്യം വന്നു...നമ്മേ അറിയുന്ന ഒറ്റയാളും ആ ബസ്സിലില്ല..!

ഫ്രെൻഡൻ പറഞ്ഞു.." ഒരു നിമിഷം നിൽക്ക്‌ നോക്കട്ടേ!"

"കുട്ടികൾക്ക്‌ കൊടുക്കേണ്ടാ."..പിന്നെയും ആ മനുഷ്യൻ തല തല്ലി കാറി വിളിക്കുന്നു...പിന്നെ ..കുട്യാൾക്കെല്ലാം അദ്ദേഹത്തിന്റെ അമ്മായി അപ്പന്റെ വകയല്ലേ ഉച്ചയൂണ്‌!.. .പൈസയും വാങ്ങി പോക്കറ്റിലിട്ട്‌ നാണമില്ലാത്ത ശവി!..

"...വണ്ടി ഓടിക്കാനറിയില്ല ..ആ മഹാത്മന്‌ .. എന്നാലോ കാറി വിളിക്കാൻ ആരും പഠിപ്പിച്ചു കൊടുക്കേണ്ട!.. ഇയാൾക്കൊക്കെ മക്കളില്ലേ...ആ മക്കളോടും വീട്ടിൽ ഇതു പോലെ തന്നെയാണോ പെരുമാറ്റം?.. ഒരു ബഹുമാനോം ഇല്യാതെ.!.. അതോ മക്കളും ഭാര്യയും ഈയ്യാളെ ഡൈവോർസു ചെയ്തോ..ആ ദേഷ്യമായിരിക്കും അതിയാൻ പാവം നമ്മോട്‌ കാട്ടണത്‌." - നോം ഫ്രെൻഡനൊട്‌ പറഞ്ഞു...."..ഈ മനുഷ്യൻ ചത്താൽ നരകത്തിൽ ചെന്നാലും നക്കിക്കുടിക്കും!.. സ്വർഗ്ഗത്തിലാണെങ്കിൽ പറയേം വേണ്ട!...ചത്ത നാട്ടുകാർക്ക്‌ മൊത്തം നട്ട പിരാന്താക്കും!."
"നീ വെഷമിക്കാതെടാ നമുക്ക്‌ നോക്കാം"- ഫ്രെൻഡെൻ സമാധാനിപ്പിച്ചു.

ടിക്കറ്റ്‌ എടുത്തവർ പൈസ വാങ്ങി പോയി രംഗം ഒട്ടൊന്ന് ശാന്തമായപ്പോൾ, നോമും ഫ്രെൻഡും ബാങ്കിൽ നിന്നും ചെക്കു വാങ്ങി പൈസ കൊടുക്കുന്നതു പോലെ ടിക്കറ്റ്‌ വാങ്ങി പൈസ കൊടുക്കുന്ന കണ്ട്രാവിയുടെ അടുത്തെത്തി..

കണ്ട്രാവി നമ്മളെ സൂക്ഷിച്ചു നോക്കീ ..ഫ്രെൻഡൻ തല ചൊറിഞ്ഞു..അമ്മാ വല്ലതും തരണേന്ന മട്ടിൽ നിൽക്കുന്ന അവനെ നോക്കി.. അവന്റെ ദയനീയ ഭാവം അയാളുടെ കരളലിയിച്ചു.
...". എന്താ?..എത്രെയാ തന്നത്‌?"
" 60 പൈസ!.. നമ്മുടെ രണ്ടാളുടേയും പൈസ!"-അവൻ തല ചൊറിഞ്ഞു പണ്ടാരമടങ്ങി.
അയാൾ എന്നെ നോക്കി!.".. നോമും ദയനീയമായി അയാളെ നോക്കി.. ദണ്ഡിയാത്ര നടത്തിക്കല്ലേ ചേട്ടാ കൊടുത്തേക്ക്‌ എന്ന മട്ടിൽ ... അവൻ പാവാ..നോം അതിനേക്കാൾ പാവാ...എന്ന് നമ്മുടെ മിഴികൾ അദ്ദേഹത്തോട്‌ പറഞ്ഞു..!"

" ഉം.. ഇന്നാ പിടിച്ചോ?"

അറുപതു പൈസ അവന്റെ കൈ വെള്ളയിൽ വെച്ചു കൊടുത്തപ്പോൾ.. അവൻ ഏതോ അമ്പലത്തിൽ നേർച്ച നേർന്നു..ഭാവിയിൽ പൈസയുണ്ടായാൽ ഒരു മുപ്പത്‌ പൈസ നേർച്ചയിട്ടേക്കാമേ!"

അവനില്ലായിരുന്നെങ്കിൽ നോം റോഡിന്റെ അളവെടുത്ത്‌ നടന്നേനേ..ആപത്തിൽ സഹായിക്കുവനാണ്‌ അവൻ എന്ന് നമുക്ക്‌ ബോദ്ധ്യായി..നോം അവനെ അനുഗ്രഹിച്ചു.". ഈ പച്ചയായ ജീവിത ഗന്ധിയായ അഭിനയം തുടർന്നാൽ നീയ്യി പരമാണു ലോകത്തിൽ എവിടെ പോയാലും വിജയിക്കും മകനേ!.. "

ഞായറാഴ്‌ച, ഒക്‌ടോബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്താറാം സർഗ്ഗം)

കോളേജിലെ ഒരു പെണ്ണും പിടക്കോഴിയും നമ്മെ ഒരു മൈൻഡും ചെയ്തില്ല!..നമുക്കെന്തിന്റെ കുറവാ?... മീശയില്ലേ .. ഷേവു ചെയ്ത താടിയില്ലേ.. കൈയ്യില്ലേ.. കാലില്ലേ.. ?.. എല്ലാം ഉണ്ട്‌ ..പറയാച്ചാൽ.. കൈകളിലേയും കാലുകളിലേയും നഖം വെട്ടിയ വികലാംഗത്വമല്ലാതെ മറ്റൊരു വികലാംഗത്വമോ പെൻഷനോ ഇല്യാ! ...ആരും അങ്ങിനെ ആക്കിയിട്ടും ഇല്യാ..എന്നാൽ പിന്നെ എന്തിന്റെ കുറവാ..?

നമുക്കൊരു പിടിപാടും ഇല്യാ..

.. ഒരു ശകുന്തളയ്ക്കും പ്രേമവും ലേഖനവും എഴുതാൻ തോന്നീട്ടില്ല്യാ... ഒരു പക്ഷെ നമ്മുടെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും മാറ്റു കൂട്ടുവാൻ പറ്റുന്ന ഒരൊറ്റ പെൺകൊടികളും ശകുന്തളയായി അവതരിച്ച്‌ അവിടെ അഡ്മിഷൻ നേടിയിരിക്കില്ല..അല്ലെങ്കിൽ ഇതൊന്നും അറിയാത്ത ഏതോ ലോകത്തു നിന്നും ഇറക്കുമതി ചെയ്ത നാണമില്ലാത്ത വിശുദ്ധ പുണ്യാളത്തികൾ നമ്മെ പരിഹസിക്കാൻ അവിടെ വന്ന് ഉലാത്തുന്നതായിരിക്കണം!

... അസൂയ മൂത്ത്‌, മൂത്ത്‌ ഇനി ഇറക്കാൻ വിഷഹാരിക്കു പോലും ആവില്യാന്ന് പറഞ്ഞ്‌ കൈയ്യൊഴിഞ്ഞു വിട്ടതിന്റെ അഹംഭാവത്തിൽ ആർമ്മാദിച്ച്‌ നടക്കുന്ന ചിലർ പറഞ്ഞു.." എടോ തന്റെ മുഖം പ്രേമത്തിനു കൊള്ളില്ല.. അതു വല്ല വില്ലന്മാർക്കും ഫിറ്റു ചെയ്തു കൊടുത്തിട്ട്‌ നീ ഒറ്റയ്ക്ക്‌ കൈയ്യും വീശി വാ.. ഇതൊക്കെ ഓരൊരുത്തർക്ക്‌ പറഞ്ഞിട്ടുണ്ട്‌."....ഇടിവെട്ടേറ്റ തെങ്ങു പോലെ നോം ഇത്തിരി വിഷമിച്ചു...." അങ്ങിനെയെങ്കിൽ വില്ലത്തികൾക്ക്‌ നോക്കാമാരുന്നല്ലോ?.. ചുമ്മാ രസത്തിനെങ്കിലും!."

.... നമ്മെ കണ്ടാൽ പെൺകിടാങ്ങൾ ഒരു വട്ടം നോക്കും പുഞ്ചിരിക്കും പിന്നെ തലകുനിച്ചു പിടിച്ചു നടക്കും.. ഷെയിം കെട്ട ഷെയിമികള്‌!..എന്തിന്‌ നമ്മുടെ ക്ലാസ്സിലുള്ളോർ പോലും മാന്യന്മാരിൽ മാന്യനായി രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു ബുദ്ധിജീവികളിൽ ബുദ്ധിജീവിയായി അഭിനയിച്ചു തലയാട്ടി ഇരുന്നിട്ടു പോലും.. ഛേ മിണ്ടിയിട്ടു കൂടിയില്ല... !

"എന്താ നിന്റെ പേര്‌?.. എവിടെയാ നാട്‌.?.. തന്നെ പ്രേമിക്കാൻ കൊള്ളാവോ?.. ആരെയെങ്കിലും പ്രേമിച്ച മുൻപരിചയം?.. അഥവാ ഉണ്ടെങ്കിൽ ആ കൃഷി ഇപ്പോഴും തുടരുന്നുണ്ടോ?.. മറ്റെവിടെയെങ്കിലും രണ്ടാമത്തെ ഇടവിളയ്ക്ക്‌ താൽപര്യമുണ്ടോ? ഈ ഫീൽഡിൽ ആദ്യമായാണോ?.." --ഈ വക ചോദ്യങ്ങൾ ഒന്നും നമ്മോട്‌ ആരും ചോദിച്ചില്യാ.. പെണ്ണുങ്ങളായാൽ സ്മാർട്ട്‌ ആയിരിക്കേണ്ടേ..നമ്മോടൊക്കെ ഇടപഴകിയില്ലെങ്കിൽ അമ്മായി അമ്മമാരുടെ ചവിട്ടും തൊഴിയും കിട്ടുമ്പോൾ ഇവളുമാരൊക്കെ കാറി വിളിക്കില്യേ?..നമുക്ക്‌ ഈ വക കാര്യത്തിൽ അതായത്‌ ട്യൂഷനെടുക്കുന്ന കാര്യത്തിൽ ഒരു താൽപര്യവും ഇല്യാ... എന്നാലും അങ്ങെനെയൊക്കെയല്ലേ ഒരു പരിചയപ്പെടൽ!.. നമ്മൾ ഇത്തിരി പവറുകാട്ടിയാൽ അവളുമാർ വന്ന് "ചേട്ടാ" എന്ന് സ്നേഹത്തോടെ വിളിച്ചാൽ ഇടനെഞ്ച്‌ കലങ്ങി ..നോമും ആ വിളി കേൾക്കില്ലേ..".എന്തോ?" എന്ന്!

നമുക്കത്ര ഭാവം പൊട്ടി വിരിഞ്ഞിട്ടുണ്ടാവില്ല്യാ...ഒരു തൃശ്ശൂർ പൂരത്തിന്റെ അമിട്ട്‌ പൊട്ടുന്ന ഭാവം  നമ്മുടെ മുഖത്ത്‌ ഫിറ്റു ചെയ്തെങ്കിൽ ദൈവത്തിനു എന്തെങ്കിലും നഷ്ടമുണ്ടോ?.. എത്രെയോ അഹങ്കാരികളെ ദൈവം മനോഹരമായി പ്ലാസ്റ്റിക്‌ സർജറി നടത്തി കുട്ടപ്പനായി വിട്ടിരിക്കുന്നു.... അവരോട്‌ ദൈവത്തിനൊരു മമത.!!. .പാവം നമുക്ക്‌ മാത്രം..ഇവൻ അത്ര വല്യാനായി നടക്കേണ്ടാന്ന് ദൈവം വിചാരിച്ചിരിക്കുമോ?.!..

... എങ്കിലും നോം ചുമ്മാ കണ്ണാടിയിൽ നോക്കി ....ശര്യന്നേ..നമ്മെ ആരോ ചതിച്ചിരിക്കുന്നു.. ഇതു നമ്മുടെ മുഖമല്ല.. ആരോ നോം ഉറങ്ങിക്കിടക്കുമ്പോഴോ മറ്റോ നമ്മുടെ മുഖം മോഷ്ടിച്ച്‌ അവരുടെ മുഖം ഫിറ്റു ചെയ്ത്‌ തന്ന് കടന്നു കളഞ്ഞിരിക്കുന്നു.. ആരോട്‌ നോം പരാതി പറയും.?.. സങ്കടപ്പെട്ടിരുന്നു.. അതെ സ്വന്തം മുഖം സൂക്ഷിക്കാനറിയാത്ത മഹാപാപിയാണ്‌ നോം.. അത്‌ സൂക്ഷിക്കാൻ കൂടി അറിയില്ലെങ്കിൽ അതു വെച്ചു നടക്കാനും അർഹതയില്ല.. നഷ്ടപ്പെടും.. തീർച്ച!

" ഹച്ചി!".. തുമ്മീതാണ്‌...ദേ നോക്ക്‌ സത്യം!.. അതോ നമ്മുടെ മുഖം കണ്ട്‌ സഹിക്കാനാവാതെ നമ്മുടെ വായ കാർക്കിച്ചു തുപ്പീതോ?..

അതിനാൽ ലോകത്തുള്ള സകലമാന പെൺകുട്ടികളേയും നോം ഹൃദയത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു....ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാത്രം കട തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ഒരു ബോർഡ്‌ വെച്ച പോലെ നടന്നു..!..ഒരു സിമ്പിൾ അറ്റകുറ്റപ്പണി!..

എന്നിട്ടും നമ്മോട്‌ സ്നേഹത്തിൽ പെരുമാറിയ ഒരു പെൺകൊടി ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.. ഒരിക്കൽ അവളെ കാട്ടി ഒരു കന്നാലി പറഞ്ഞു.." ദേ.. ഇതു ഞാൻ സ്നേഹിക്കുന്ന പെൺകൊടിയാ"
"..നോം ഞെട്ടി!.."..  ഒന്നും പറഞ്ഞില്ല.."
"എങ്ങിനുണ്ടെടാ"
"കൊള്ളാം .."- നമ്മുടെ വീട്ടിൽ വലിഞ്ഞു  കേറിയിട്ട്‌ നമുക്ക്‌ തന്നെ വിലപറയുന്നു..
"നിന്നെ ഇഷ്ടമാണോ അവൾക്ക്‌!"- നോം ചോദിച്ചു.." അവനോടും അവൾക്ക്‌ നമ്മുടെ അതേ ഇഷ്ടമാണെങ്കിൽ പിന്നെ നോമെന്തിന്‌ മഞ്ഞു കൊള്ളണം!

".. അവൾക്ക്‌ എന്നെ ഇഷ്ടമാ.. അവളുടെ അച്ഛനും!.. പക്ഷെ അവളോട്‌ ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടീല്ല...ഇതൊക്കെ എനിക്കു പേടിയാ ഇനി മേലാൽ ഇങ്ങനൊന്നും പറയരുത്‌ " എന്നു മാത്രം പറഞ്ഞു.. അതിനർത്ഥം അവൾക്കെന്നെ ഇഷ്ടമാണെന്നാ!"- അവൻ ഗമയിൽ ഇരുന്നു..

അത്ര നാനാർത്ഥം കാണണോ മഹാപഹയാന്ന് നോം മനസ്സിൽ നിരൂപിച്ചു....ഇക്കണക്കിന്‌ ഇവൻ ആധാരമോ സ്ഥലമോ ഒന്നും ഇല്യാതെ ലോകമെല്ലാം നമുക്കവകാശപ്പെട്ടതാണെന്നും പറഞ്ഞ്‌ ഏതു സ്ഥലത്തും ആരാന്റെ പൈസയ്ക്ക്‌ സ്വന്തം വീടു പണിയുമല്ലോ?
"ശുംഭൻ!..ഏഭ്യൻ..!.. എരണം കെട്ടവൻ!.. " നോം മനസ്സിൽ തോന്നിയതൊക്കെ മനസ്സിൽ തന്നെ വിളിച്ചു..


" ഉം നടക്കട്ടേ!" - എങ്കിലും നോം പ്രോൽസാഹിപ്പിച്ചു..അവളുടെ അച്ഛനുവരെ അവനെ പ്രീയമാണെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. നമ്മുടെ മനസ്സു തേങ്ങി.. മെല്ലെ .. മെല്ലെ പിൻവാങ്ങി.. എന്നെങ്കിലും അവൾ നമുക്ക്‌ ഒരു വരിയെങ്കിലും എഴുതി അവളുടെ സ്നേഹം നമ്മേ അറിയിക്കും.. നോം കാത്തിരുന്നു... ഇല്യാച്ചാൽ ദൈവ വിധി!...
 
."...അസതോമാ സദ്ഗമയാ..!..എന്താ കേട്ടത്‌?.. നോം സന്യാസി പഥത്തിലേക്ക്‌ എഴുന്നള്ളിക്കോ എന്നാണോ അതിനർത്ഥം? .. നോം ചെവി കൊടുത്തു.. റേഡിയോവിൽ നിന്നും സംഗീതം പൊഴിഞ്ഞതാണ്‌.. നോം കണ്ണടച്ചു.. ദൈവമേ..!

അവനവിടെ കൃഷി തുടങ്ങാൻ പേപ്പർ വായന വരെ തുടങ്ങിയിരിക്കുന്നൂന്ന് നോം അറിഞ്ഞു.. നമ്മുടെ ഹൃദയം പാണ്ടി ലോറി കയറിയ തവളയുടെ ആത്മാവു പോലെ ഗതി കിട്ടാതെ അലഞ്ഞു..!..മോക്ഷത്തിനാക്കണം.. .. ഇങ്ങനെ അലഞ്ഞു തിരിയുന്നത്‌ നല്ലതല്ലത്രെ!..എന്തു ചെയ്യാം..!

ഇവനോട്‌ നമ്മുടെ ഇഷ്ടം രേഖപ്പെടുത്തിയാൽ പിന്നെ ബുദ്ധം ശരണം ഗച്ഛാമീന്നും പറഞ്ഞ്‌ നടക്കേണ്ടി വരും....നമ്മളെ കുത്തു പാളയെടുപ്പിക്കാൻ ഐഡിയകൾ പൊതിഞ്ഞു കെട്ടി വന്ന് പലവട്ടം കാത്തു നിന്ന് പരാജയപ്പെട്ടവനാണവൻ!

കാലങ്ങൾ കടന്നിട്ടും ആ കാലമാടത്തി നമ്മോടൊരു വാക്കും പറഞ്ഞീല... ഒരു വാക്ക്‌ അവൾ പറഞ്ഞെങ്കിൽ... അയി ലൗ എന്ന് പറഞ്ഞെങ്കിൽ.. നോം ബാക്കി പൂരിപ്പിക്കായിരുന്നു.... നോം അവളോടും ഒന്നും പറഞ്ഞില..!..അയി ലൗ എന്ന്  നോം പറഞ്ഞെങ്കിൽ അവൾ ചിലപ്പോൾ നമ്മെ കാലിലെ ചെരുപ്പൂരി പൂരിപ്പിച്ചെങ്കിലോ?..ഇനി നോമായിട്ട്‌ അവളുടെ കാലിലെ ചെരുപ്പ്‌ അഴിപ്പിക്കേണ്ട..നോം അത്രേയ്ക്ക്‌ അധ: പതിച്ചിട്ടില്യ...ഏട്ടാന്ന് വിളിച്ച നാവു പുളിച്ച്‌ നാറി എടാ‍ാ‍ാന്ന് കാറിവിളിപ്പിക്കണോ?..."എന്നോട്‌ അങ്ങിനെ പറയാൻ തനിക്കെന്ത്‌ യോഗ്യത" എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളം കയ്യിലെ രേഖ കാട്ടി ഇപ്പോൾ മണ്ഡരിയോഗ...എന്നാലും ശുക്രവശാൽ രാജ യോഗ, ഗജ കേസരിയോഗ.. ഭാഗ്യുണ്ടാച്ചാൽ എന്നേ പറയാനേ പറ്റു....അവൾക്ക്‌ നമ്മെ വളരെ ചെറുപ്പം തൊട്ടേ അറിയാലോ.. നോം അവളെ വളരുന്നതും നോക്കീ ഇരുന്നൂലോ.. .മനസ്സിന്റെ കോണിൽ കിടന്ന് ആ സ്നേഹം ചാകണോ, ജീവിക്കണോന്ന് ഓർത്ത്‌ ഊർദ്ധ്വം വലിച്ചു നീണ്ട കാലം കിടന്നു...

അങ്ങിനെ എന്തെങ്കിലും ഭാവിയിലെങ്കിലും നടക്കുമോ ഇല്ലയോ എന്ന് കരുതി നോം തലയിലെ സ്ക്രൂ ഇളകി നടക്കുന്ന വേളയിൽ, നമ്മുടെ പയ്യൻസും, നോമും, കുറച്ചകലെ ഉറങ്ങുമ്പോൾ മാത്രം പഞ്ച പാവങ്ങളായ പയ്യത്തീസുകളും കൂട്ടം കൂടി നിൽക്കുന്ന ചെറിയ ഇടയിലൂടെ മനോഹരിയായ മദാലസയായ ഐശ്വര്യാറായിയെ, മാടായിയിലെ ആ തെരുവിൽ വെച്ച്‌, പച്ച പകലിൽ ഒരു നാലു മണി നേരത്തിൽ ഒരു നാണവും ഇല്യാതെ സ്ഥലത്തെ പ്രധാന വില്ലൻസായ ഒരു പൂവൻ കോഴി മാന്യന്മാരായ നമ്മെ സാക്ഷികളാക്കി ഓടിച്ചിട്ട്‌ പിടിച്ച്‌ അതിക്രൂരമായി ബലാൽസംഗം ചെയ്തു...
നോമും പയ്യൻസും പയ്യത്തീസുകളും എല്ലാം സ്തംഭിച്ചു പോയി..

അരനിമിഷത്തിനുള്ളിൽ ഒന്നും സംഭവിക്കാത്ത പോലെ രണ്ടു പേരും പോയി..പറഞ്ഞുറപ്പിച്ച അറ്റാക്കാണോ?.. നോം ഒന്നും മിണ്ടീല്യാ..കണ്ടിട്ട്‌ കാണാത്ത പോലെ നിന്നു.. മാന്യത കീപ്പ്‌ ചെയ്തു..

ഒരു വികൃതി ചെറുക്കൻ നമ്മോട്‌ പറഞ്ഞു.." എടാ .. പയലേ..കണ്ടോ സംഭവം ..അവരായി അവരുടെ പാടായി.. അവരുടെ കാര്യം .... ദാ.. ഇത്രേയുള്ളൂ...കണ്ടില്ലേ.... ഇനി നമ്മുടെ കാര്യം എന്നാണാവോ?..."

നോം അവനെ ഉപദേശിച്ചു..."നിനക്കൊക്കെ നാണമില്ലേ, അച്ഛനില്ലേ, അമ്മയില്ലേ.....ചെന്നു പോയി പറഞ്ഞു നോക്ക്‌..അവർ കനിഞ്ഞാൽ നിന്റെ കാര്യം നടക്കും.. പക്ഷെ ഈ പ്രീഡിഗ്രി എന്ന വലയിൽ നിന്ന് ഒന്നു പുറത്ത്‌ കടന്നിട്ട്‌ തൂമ്പായ്ടുക്കാനെങ്കിലും ഉള്ള വിവരം വെച്ചിട്ടു പോരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌?.."

" ബസ്സു വന്നു നിന്നു....നമ്മുക്ക്‌ എന്തെങ്കിലും സഹായം ചെയ്തിട്ടാണോ?.. അല്ല പക്ഷെ ഇരിക്കട്ടേ. ..നമ്മുടെ സൗമനസ്യം!....കൺക്ടർക്കും മൊതലാളിക്കും ബാക്കിയുള്ള തൊഴിലാളികൾക്കും പച്ചരി വാങ്ങേണ്ടേ..

....നോം പേഴ്സ്‌ തപ്പിയെടുത്തു...മുപ്പത്‌ പൈസ, സമ്പന്നരായ ആൾക്കാർ മുപ്പത്‌ ലക്ഷം കൊടുക്കുന്ന ലാഘവത്തോടെ ചുമ്മാ കൊടുക്കുവാൻ നോമും നമ്മുടെ കൂട്ടുകാരനും കൈയ്യിൽ എടുത്തുവെച്ചു...കുറച്ചപ്പുറം പോയി നിന്നാൽ 25 പൈസ കൊടുത്താൽ മതി.. ആ.. പോട്ടെ.. സാരമില്ല  അഞ്ചു പൈസ ടിപ്പെങ്കിൽ ടിപ്പ്‌ അതു കണ്ട്രാവിക്കിരിക്കട്ടേ...ആ സ്ഥലം പൂരം കഴിഞ്ഞ ഉത്സവ പ്പറമ്പു പോലെ അനാഥമാക്കി കൊണ്ട്‌ പയ്യന്നൂർ ഭാഗം.. അംശം.. ദേശം.. പയ്യൻസും പയ്യത്തികളും പയ്യെ ബസ്സിലേക്ക്‌ കയറി ..

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തഞ്ചാം സർഗ്ഗം)

ഒരു സാവാള പലതായി താമര പോലെയാക്കി മുറിച്ച്‌ ഒരു ഓട്ടു പാത്രത്തിൽ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സ്വർണ്ണതളിക, വെച്ച്‌ കുറച്ച്‌ തിരിയിട്ട്‌ കത്തിച്ച്‌ അതിൽ വെച്ചു... താമരയാണെന്ന് ഏതു കോടതിയിലും നാം പറയും..നമുക്കാരേം പേടിയില്ല! ..സത്യം പറയാൻ സുപ്രീം കോടതിയായാലും ഭയക്കേണ്ടതില്ല..... നോം ഗമയിൽ നിന്നു..

കോളേജിലെ ലക്ചർമാരാത്രേ കൈകാര്യക്കാർ!...നമ്മുടെ കാര്യക്ഷമതയ്ക്ക്‌ എന്തു മാർക്ക്‌ ഇടും ലക്ചർ ഏമാന്മാർ എന്നറിയാമല്ലോ?.. അവരുടെ ബുദ്ധി നമ്മളെ പഠിപ്പിച്ച്‌ എത്ര വരെ വികസിച്ചു എന്നറിയാനുള്ള പരീക്ഷണ ദിവസം!.. ഇങ്ങനെ നമ്മൾ നടത്തുന്ന എത്രയൊക്കെ പരീക്ഷകൾ അറ്റൻഡ്‌ ചെയ്തിട്ടാണ്‌ നമ്മൾ അവർക്കൊക്കെ പ്രഫസ്സർ പദവി നൽകുന്നത്‌ എന്ന് സാധാരണ ജനത്തിനു വല്ല വിവരവും ഉണ്ടോ?

.... ക്ലാസ്സിലെ തൊരപ്പന്മാർക്ക്‌ ഒന്നും പിടികിട്ടിയില്ല....ഇവനെന്തിന്റെ ഭാവാ?... . തല തെറ്റിയോന്ന ആശങ്ക!...മീനിന്റെ ചങ്കും കരളും കരഞ്ഞ്‌ പറഞ്ഞ്‌ വാങ്ങിക്കൊണ്ട്‌ വന്ന് കാട്ടി കൊടുത്താൽ തവള മുട്ട എന്ന് പറയുന്ന ഇത്രയും അജ്ഞരായ ഒരു വർഗ്ഗം ഈ ഭൂലോക ത്തുണ്ടോന്ന് നോം ചോദിച്ചാൽ ഹി ഹി ഹി.. എന്ന് ചിരിക്കും എന്നറിയുന്നത്‌ കൊണ്ട്‌ നോം ചോദിക്കാൻ പോയില്ല.!.. ഒന്നു രണ്ടാളുകൾ നമ്മെ പ്രോൽസാഹിപ്പിച്ചു... ഏതു ഭ്രാന്തനെയും ആളുകൾ പ്രോൽസാഹിപ്പിക്കുമല്ലോ? അവർക്കൊരു രസം... നമുക്കൊരു ഹാപ്പി!.. ..പല തരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കി മറ്റുള്ള മത്സരാർത്ഥികൾ നമ്മോട്‌ മത്സരത്തിനുണ്ട്‌..കാണാലോ.. സിംഹത്തോടാ മുയലിന്റെ ചൊറിയൽ!...

.".ഇതെന്താ..?" - അവാർഡ്‌ പടം കണ്ട അണ്ടനും അടകോടനും എന്ന പോലെ ഒന്നും മനസ്സിലാകാതെ മാർക്കിടേണ്ട പുണ്യാത്മാക്കൾ വന്നു ചോദിച്ചു.. !.. ..അത്ഭുതമാണോ?..അഹമ്മതിയാണോ?.. സഹതാപമാണോ ആ മനോജ്ഞമുഖങ്ങളിൽ പൊൻ താമര പോലെ വിരിഞ്ഞത്‌.?. നമുക്ക്‌ ആകാംഷയായിരുന്നു..പിന്നെ നമ്മോട്‌ തന്നെ പുശ്ചവും!.. ഒരു കര കൗശലം കണ്ടിട്ട്‌ മനസ്സിലായില്ലെങ്കിൽ ശിൽപിയുടെ കുറ്റമാണ്‌.. അതിനാൽ ശിൽപത്തെ കുറിച്ച്‌ വിവരിച്ചു..അത്രെയെങ്കിലും അവർക്ക്‌ വിവരം വെച്ചെങ്കിൽ ക്രെഡിറ്റ്‌ ഈ മഹാപാപിയായ നമുക്കെല്ലാതെ ആർക്കാ!

"ഇത്‌ വെജിറ്റബിൾ ലോട്ടസ്‌...!.. അതായത്‌ സവാള താമര!"

അവർ ക.. മ.. മിണ്ടിയില്ല.. അറിയാത്തോരെ മാർക്ക്‌ ഇടാനാക്കിയാൽ എന്തെങ്കിലും കാര്യമുണ്ടോ?...  ലക്ചറന്മാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം.. പഠിക്ക്യാ.. പഠിപ്പിക്യ.. ഈ രണ്ടു കാര്യം ഭംഗിയായി നടത്തും എന്നതൊഴിച്ചാൽ അവരുടെ കാര്യം തഥൈവ!...അല്ലാതെ ശൂന്യതയിൽ നിന്ന് കലാവാസനയെ മണപ്പിക്കാനൊന്നും അറീല്യ... വെറും ഗ്രന്ഥജ്ഞാനികൾ!.. അവരെന്തോ കുറിച്ചു വെച്ചു...ശുഭം എന്നോ മറ്റോ ആണോ?...

അടുത്ത മാരണങ്ങൾ ചെയ്തു വെച്ച ചെയ്ത്‌ നോക്കാൻ ഇറങ്ങി അവർ പുറപ്പെട്ടു. സഞ്ചിയും തൂക്കി കമ്പോളത്തിൽ പച്ചക്കറിക്ക്‌ വില ചോദിക്കാൻ നടക്കുന്നതു പോലെ!...

ഇന്ന് നാം പണ്ട്‌ കാണിച്ച ആ കരകൗശലങ്ങൾ ചാനലുകളിൽ ഏദൻ തോട്ടത്തിൽ നിന്ന് ഫ്ലൈറ്റിൽ ഇപ്പോൾ വന്നതേയുള്ളൂ  തുണി ഉടുക്കാൻ സമയം കിട്ടീല്യ എന്ന മട്ടിൽ വന്നിറങ്ങുന്ന തരുണീ മണികൾ കൊഞ്ചി കൊഞ്ചി പറഞ്ഞ്‌ കാണിക്കുമ്പോൾ പഴയ നമ്മുടെ ലക്ചർ ഏമാന്മാർ
 അതിന്റെ പ്രാധാന്യം മനസ്സിലാക്കി തല കുമ്പിട്ട്‌, കുമ്പിട്ട്‌ ഉറങ്ങി പോയിട്ടുണ്ടാവും!... ചിലപ്പോൾ കുറ്റബോധം തോന്നും അവർക്ക്‌!.. പോട്ടേ ചെയ്ത ചെയ്ത്ത്‌  വർഷങ്ങൾ കഴിഞ്ഞാൽ, പറഞ്ഞു കുമ്പസാരിച്ച്‌  കാലിനു വീണു മാപ്പപേക്ഷിച്ചിട്ട്‌ നമുക്കെന്താകാൻ.." അപ്രകാരം ഭവിക്കട്ടെ...മംഗളം ഭവിക്കട്ടേ. ശുഭാസ്തു.. "എന്ന് പറയാം അത്ര തന്നെ... അതായത്‌ ഫ്രൂട്ടുകൾ കൊണ്ട്‌, പച്ചക്കറികൾ കൊണ്ട്‌ പലതരത്തിലുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കുക.. പക്ഷികൾ, കാട്‌, തുടങ്ങിയവ!. മനസ്സിൽ തോന്നുന്നതെന്തും!.. ഇതൊക്കെ ഇപ്പോൾ വല്യ വല്യ സ്റ്റാർ ഹോട്ടലുമാർ നടത്താറുണ്ട്‌......അതവർ കണ്ടിട്ടാണ്‌ നമ്മുടെ കൗശലം നോക്കീതെങ്കിൽ നമുക്ക്‌ ഫസ്റ്റ്‌ കിട്ടിയേനേ!.. നമ്മുടെ ജഡ്ജസ്‌ മത്തി പൊരിച്ചതും കൂട്ടി ഒരു പിടി പിടിക്കുംന്നല്ലാതെ വല്ല സ്റ്റാർ ഹോട്ടലും സന്ദർശിച്ചിട്ടുണ്ടോ..? ഇല്യ.. നോം സന്ദർശിച്ചിട്ടുണ്ടോ?.. ഇല്യ.. പക്ഷെ നോമും അവരും തമ്മിൽ വ്യത്യസ്തതയുണ്ട്‌... നോം എല്ലാ വിദൂരതയിലുള്ളതും അടുത്തു കാണും.. സത്യം പറഞ്ഞാൽ....

....ഒരു പിണ്ണാക്കും കിട്ടിയില്ലാന്ന് സാരം..!

"..എന്താടാ ഒന്നും കിട്ടീലേ!"- സങ്കടപ്പെടുമെന്നോർത്ത്‌ ഒരു ജന്മം നമ്മുടെ പിറകേ..

" നോം പറഞ്ഞു.." പ്രീയ സോദരാ.. പങ്കെടുക്കൂ .. സന്തോഷിക്കൂ... പറ്റില്ലാച്ചാൽ വായടക്കൂ.. സന്തോഷിക്കൂ...അല്ലാതെ കുറ്റവും കുറവും കണ്ടു പിടിച്ച്‌ മാർക്കിടാൻ നാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല... നമ്മുടെ തലയുടെ സ്ക്രൂ ആണി ഇളകിയിരിക്കയാ.. ഇന്നത്‌ ചെയ്യും എന്ന് പറയാൻ പറ്റില്ല.. പിന്നെ നിന്റെ അടിയും കൊണ്ട്‌ നോം വീട്ടിൽ പോകേണ്ടി വരും പറഞ്ഞേക്കാം!"

നമ്മുടെ താക്കീത്‌ അവന്‌ ശരിക്കും ഏറ്റു!

" അവൻ പറഞ്ഞു " പോട്ടെടാ.. നിന്റെ വിഷമം എനിക്കറിയാം.. വാ..അവൻ കാന്റീനിൽ നിന്ന് ഒരു ബോണ്ട വാങ്ങി പകുതി തന്നു.നമ്മുടെ വിഷമം മാറ്റി... സമ്മാനം അവന്റെ കൈയ്യിൽ നിന്നാണ്‌ വാങ്ങിക്കുവാൻ ദൈവം വിധിച്ചതെങ്കിൽ അതാകട്ടേ...നോം നിശ്ചയിച്ചു...കറുമുറ ചവച്ചു തിന്നു... അതെടുത്ത്‌ മിക്സീൽ അടിക്കണം എന്നു തോന്നിച്ചു.. കാന്റീൻകാർ ചൂടാക്കി, ചൂടാക്കി വെച്ച എത്ര ദിവസത്തെ പഴക്കമുള്ള ആവി പറക്കുന്ന ബോണ്ടയാണ്‌ നമ്മുടെ ആട്ടുകല്ലിലിട്ട്‌ ആട്ടേണ്ടത്‌? പല്ലിന്റെ സ്ക്രൂ ആണി കയ്യിൽ വരുമല്ലോ? ..പോട്ടെ അവൻ വാങ്ങി തന്നതല്ലേ.. ആഗ്രഹിച്ച്‌.. കൊതിപ്പിച്ചിട്ട്‌! .. ഇല്ലാച്ചാൽ ജീവിതത്തിൽ അവൻ കാന്റീനിൽ നിന്നും ഒരു പഴം പൊരിയുടെ നേരിയ പൊരി കൂടി  ആർക്കും കൊടുക്കുന്നത്‌ നോം ഇതുവരെ കണ്ടിട്ടില്ല.. നമുടെ കൗശലം അത്രേയ്ക്ക്‌ അവന്‌ ബോധിച്ചൂന്ന് സാരം!...

മതി..നല്ലവനായ ഒരു ആസ്വാദകൻ മതി.. അല്ലാതെ ലോകം മുഴുവൻ നമ്മുടെ കൃഷി വ്യാപിപ്പിക്കാൻ ഒരു പദ്ധതിയും ഇല്ല.. കമ്മീഷൻ ഏജന്റിനെ വെക്കാനോ?ഫ്രാഞ്ചൈസി വെക്കാനോ താൽപര്യവും ഇല്ല!.. പണ്ടെത്തെ ചെയ്ത്തിന്റെ ഗുണം ഇപ്പോഴും മനസ്സിലുണ്ട്‌..!

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാം വിചാരിച്ചിരുന്നു ഒരു രാജാ രവി വർമ്മയായാലോന്ന്.. ..വിചാരിച്ച്‌ ചുമ്മാ മനക്കോട്ട കെട്ടിയിരുന്നില്ല പ്രവർത്തി പഥത്തിലെത്തിച്ചു..അമ്മാവന്മാർ വീടെടുത്തു കൊണ്ടിരിക്കുന്ന സമയം.. ചുമരൊക്കെ സിമന്റു പൂശിയിരിക്കുന്നു. .കൊള്ളാം വല്യ മോശമില്ല..  .. നോം കരുതി ഒരു ഏണി വരച്ച്‌ അതിനെ ആർഭാടമാക്കിയാലോന്ന്!... അതിന്റെ കൊഴപ്പമേ ബാക്കിയുള്ളൂ.. ബാക്കിയെല്ലാം ഒരു വിധം ഓ.കേ....അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നല്ലേ.. നോം നിശ്ചയിച്ചു..


.. .ഒരു ആണി കയ്യിൽ കിട്ടി അതെടുത്ത്‌ ഒരു റൂമിലെ ചുമരിൽ പണിപ്പെട്ട്‌ ഒരു ഏണി വരച്ചു വെച്ചു..കലാ സപര്യ.. ഒറ്റയ്ക്ക്‌ ആരോടും പറയാതെ ധ്യാനത്തിനവസാനം ഒരു വിധത്തിൽ  വരച്ചു.... നിർവൃതി പ്രാപിച്ചു..അമ്മയോ..ഏട്ടനോ.. ആരും കണ്ടില്ല.. കണ്ടിട്ടെന്തിനാ വെറുതെ നമ്മളുടെ ദേഹം വെടക്കാക്കുന്നത്‌.. എന്തായാലും ഒരു പ്രോൽസാഹനവും തരാത്തവരാ അവർ!. ..അങ്ങിനെയല്ലേ രാജാ രവിവർമ്മയൊക്കെ.. നിങ്ങളു പറ!...വരക്കെടാ ചുമരിൽ എന്ന് പറയാൻ അദ്ദേഹത്തിന്‌ ആളുകൾ ഉണ്ടായിരുന്നു.. നോം ആരോടും പറഞ്ഞില്യ... ആരെയും വിളിച്ചു കാട്ടീട്ടും ഇല്യ.... പക്ഷെ ആസ്വാദകർ മണത്തു മണത്തു കണ്ടു പിടിച്ചു.. വീടെടുക്കാൻ ചുമതലപ്പെട്ട മറ്റൊരു തല മുതിർന്ന അമ്മാവൻ!..

ചിത്രം കണ്ട്‌ "ക്ഷ" ബോധിച്ച ഘന ഗംഭീര സ്വരത്തിനുടമയായ ആ മഹാപണ്ഡിതൻ, കേരള കലാ സാഹിത്യ അക്കാദമി അവാർഡു വാങ്ങിയ ആ മഹാനിധി നമ്മെ വിളിച്ചു..
"ഇങ്ങടുത്തു വാ!"
" നോം പോയി.. എന്തെങ്കിലും കാര്യമില്ലാതെ ഏഴാം കൂലിയായി നടക്കുന്ന നമ്മെ വിളിക്കാൻ ചാൻസില്ലല്ലോ?.. അദ്ദേഹത്തിനു സാധിക്കാത്ത എന്തൊ വല്യ പണി നമ്മെകൊണ്ട്‌ സാധിക്കാനുണ്ട്‌ എന്നാണ്‌ നാം കരുതീത്‌!
" ഉം"-ഒരു മൂളൽ...അതും നമ്മെ നോക്കിയിട്ട്‌!..എന്താ പറയ്ക!
" നീയ്യെവിടാരുന്നൂ"- ഘനഗംഭീര സ്വരം!
" വെള്ളം നിറച്ച  ഗ്ലാസ്സിൽ ഐസിട്ടാലുണ്ടാകുന്ന നേരിയ സ്വരത്തൊടെ നാം.. "ഇവിടെയുണ്ടായിരുന്നു.."
" ഉം" -പിന്നെയും ശബ്ദത്തിനെന്തോ പന്തികേട്‌!
നമ്മെ അടുത്ത്‌ വിളിച്ചു ചോദിച്ചു.." ഇതാരാ വരച്ചത്‌?"
നോം ഒന്നും മിണ്ടീല.. സ്വരം സ്വന പേടകത്തിൽ പൂട്ടി വെച്ചു.... നേരിയ വിറയൽ!
"നീയ്യല്ലേ?"- ദിഗന്തം മുഴങ്ങുന്ന അട്ടഹാസം പോലെത്തെ സ്വരം!
"നോം തലയാട്ടി...നാവു വരണ്ടു.. ശബ്ദം പമ്പ കടന്നു... ശരണം വിളിയിലെത്തി.." രക്ഷിക്കണേ മഹാമായേ!.....നമ്മളുടെ ജീവനെങ്കിലും വിട്ടു തരാൻ കനിവുണ്ടാക്കണേ...!!"
അദ്ദേഹം കൈയുയർത്തി നമ്മുടെ ചെവി പരുതി...പിടുത്തമിട്ടു...പിന്നെ ചെവിയും തലയും ആ വലിയ കൈയ്യിൽ കിടന്ന് ഒരു പാട്‌ നേരം തിരിഞ്ഞു.. അദ്ദേഹത്തിനു തൈരു കടയാൻ ഭയങ്കര എക്സ്പീരിയൻസാണെന്നു തോന്നുന്നു.. കടഞ്ഞു കടഞ്ഞു ഊപ്പാട്‌ ഇളകിയപ്പോൾ ഒരു റെസ്റ്റ്‌ തന്നു..പക്ഷെ ചെവി വിട്ടില്ല വിടാനൊരു പ്രങ്ങ്യാസം!

." ഇദ്ദേഹമെന്താ നമ്മുടെ ചെവി ഊരിയെടുക്കാൻ പണി പെടുകയാണോന്ന് ചിന്തിക്കാൻ കൂടെ പറ്റിയില്ല.. ആ ബലിഷ്ഠകരങ്ങളിൽ ചെവി ചതഞ്ഞരഞ്ഞു..

" നീ ഇത്ര വലിയ ഏണി വരച്ചു വെക്കുമെങ്കിൽ നോമെന്തിനാ ആശാരിയുടെ പിറകെ നടക്കുന്നത്‌?..നീ പോരേ!"
അദ്ദേഹം പിന്നെയും ചെവിയെ വിടാൻ ഭാവമില്ലാതെ ഞെരിച്ചു..
" രാജാ രവി വർമ്മയാണോ നീ?"
ആകാൻ ശ്രമിക്കുകയാണ്‌ എന്നോ അല്ല എന്നോ ഒന്നും പറയാൻ പറ്റീയില്ല..കരഞ്ഞു കൊണ്ടിരുന്നു..
" ഇനിയിത്‌ ആവർത്തിക്ക്വോ?"
"ഇല്യാ"-കരഞ്ഞു പറഞ്ഞിട്ടും അദ്ദേഹത്തിനു നമ്മുടെ ചെവിയോടുള്ള സ്നേഹം തീരുന്നില്ല.. ..
" നീയ്യൊക്കെ ഏണി വരച്ചു നടന്നാൽ ആശാരിപ്പണിക്കാർ പട്ടിണിയിലാവില്ലേ?"
..ശര്യന്നെ...നോം എന്തു മണ്ടത്തരമാ കാട്ടീത്‌!.. നോം കരഞ്ഞു...
ഒരു വിധം അദ്ദേഹം പിടുത്തം വിട്ടു..പാവം പിള്ളാരുടെ ചെവി കണ്ടാൽ ഇങ്ങനെയുമുണ്ടോ ഒരു ആക്രാന്തം!
ചെവി അവിടെ ഉണ്ടോ അതോ.. ആ മഹാത്മാവ്‌ ബലാൽക്കാരേണ അതെടുത്ത്‌ വിശുദ്ധമായ വെള്ള ഖദറിന്റെ പോക്കറ്റിലിട്ടോ എന്നൊന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും നമുക്ക്‌ മനസ്സിലായില്ല.. സംഭവം അവിടെയില്ലാത്ത പോലെ....എന്തോ ഒരു തരിപ്പ്‌!

കിട്ടട്ടങ്ങനെ.. കിട്ടട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട്‌ എരിവു കൂട്ടിക്കൊണ്ട്‌ ഏട്ടൻ!
കുറേകാലം കഴിഞ്ഞു നോം വളർന്നു വന്നപ്പോഴാ അദ്ദേഹത്തിന്‌ അവാർഡ്‌ കിട്ടിയത്‌.. അപ്പോൾ മനസ്സിലായി.. ഇത്‌ അതു തന്നെ.. നോം രാജാ രവി വർമ്മയെ പോലെ വല്യ ആളായാൽ അദ്ദേഹത്തിന്‌ ഷൈൻ ചെയ്യാൻ പറ്റുമോ?... ഇല്യാ.....ച്ചാൽ നമ്മെ ഒടിച്ചു മടക്കി.. നമ്മുടെ കലാവാസന വാസനയില്ലാത്ത പുഷ്പം പോലെയാക്കി.. ആരും മണപ്പിക്കാത്ത വകയാക്കി മൂലയ്ക്കാക്കി..കുടുംബത്തിലെ ഒരു ചിത്രകാരന്റെ തേജോപ്രഭാവം ഒരു ചെവി പിടുത്തത്തോടെ നാമാവശേഷമാക്കി....

ഇവിടെ രാജാ രവി വർമ്മയ്ക്ക്‌ ചിത്രം എവിടെയും വരയ്ക്കാം... വീട്ടുകാർ ഇഷ്ടം പോലെ പ്രോൽസാഹിപ്പിച്ചു....ആളുകൾ കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു...ഈ പാവപ്പെട്ടവൻ സിമന്റിട്ട ചുമരിൽ ഒന്നു കോറി വരച്ചപ്പോഴേക്കും ആൾക്കാരൊക്കെ ആക്രമാസക്തരായി.. വീട്ടുകാർ വേണം ആദ്യം പ്രോൽസാഹിപ്പിക്കാൻ.. പിന്നെയല്ലേ നാട്ടുകാരും ലോകവും!...വീട്ടുകാർക്ക്‌ നമ്മെ കാൽ കാശിനു വിലയില്ല.. പിന്നെയല്ലേ നാട്ടുകാർക്ക്‌!...രത്നത്തിന്റെ വിലയറിയാത്തോർക്ക്‌ കിട്ടിയാൽ ചവിട്ടു നാടകത്തിനുപയോഗിക്കും ...ശിവ.. ശിവ...നമുക്കിവരെ തിരുത്തുവാനുള്ള ശേഷിയില്ലെന്നായപ്പോൾ നോം ആ പണിയിൽ നിന്ന് പാതി വെച്ച്‌ റിട്ടയർ ചെയ്തു...പെൻഷ നൊന്നും അപേക്ഷിച്ചിട്ടില്ല..എന്തു ചെയ്യാൻ കാലം തികച്ചില്ലല്ലോ.. പോട്ടെ.. നമ്മുടെ ജീവിതം ഇങ്ങനെയൊക്കെയെങ്കിലും പോയാൽ മതിയേ.....!!

ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

കാക്കയുടെ ചിന്തകൾ (18)

വ്യത്യസ്ഥനായ ഗാന്ധി
------------------------------
മരണത്തിന്റെ മാർക്കിട്ടു വെച്ച അവസാനത്തെ വലിയ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ കയറിയിരുന്നു കാക്ക പറഞ്ഞു..

" കള്ളന്മാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥരുള്ള ഓഫീസുകളുടെ ചുവരിൽ തൂങ്ങി നിൽക്കുന്ന ഗാന്ധിയെ കാണുമ്പോൾ എനിക്ക്‌ പുശ്ചമാ.. വെറും പുശ്ചം!

" ഉം അതെന്താ ?...

.".അർഹതയില്ലാത്തവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്ത്‌ അധികാരം നൽകി അർഹതയുള്ളവരെ പുറത്താക്കിയതിന്‌!.."

"ദേ.. നോക്ക്‌.!".. പുറത്ത്‌ ആവശ്യങ്ങൾക്കായി കാത്തു നിൽക്കുന്ന ജനത്തെ ചൂണ്ടിക്കാട്ടി കാക്ക പറഞ്ഞു.." അർഹതയുള്ളവർ പുറത്തും... അർഹതയില്ലാത്തവർ അകത്തും!"

മര്യാദയ്ക്ക്‌ പണിയെടുക്കില്ലെങ്കിലും ,കൂടിയ ശമ്പളം കിട്ടിയിട്ടും, മതിലിനു പുറത്ത്‌ പന്തലു കെട്ടി ശമ്പള വർദ്ധനയ്ക്കു നിരാഹാരം നടത്തി മുറവിളി കൂട്ടുന്ന ഉദ്യോഗസ്ഥരെ കാട്ടി കാക്ക പറഞ്ഞു..
" കണ്ടോ..കണ്ടോ...ഇതൊക്കെ തന്നെ കാര്യം!"

 മൂത്രമൊഴിക്കാൻ വേണ്ടി കൊഴിഞ്ഞു പോയി ആഹാരം അകത്താക്കുന്ന മാന്യന്മാരെ കാട്ടി കാക്കയുടെ പ്രീയതമ പറഞ്ഞു.

"ദേ..നിരാഹാരത്തെ അവർ ബലാൽസംഗം ചെയ്യുന്നു.!."

"വരൂ..!... ഗാന്ധി ആശ്രമത്തിലേക്ക്‌ അവർ പറന്നു...

".. ഈ ഗാന്ധീ പ്രതിമ കാണുമ്പോൾ എനിക്ക്‌ ബഹുമാനമാണ്‌!".. ഗാന്ധീ പ്രതിമയ്ക്ക്‌ മുന്നിൽ പ്രണാമം അർപ്പിച്ച്‌ കാക്ക പറഞ്ഞു.. അവിടത്തെ ജനസേവനത്തെ പ്രീയതമയായ കാക്ക ഇമവെട്ടാതെ നോക്കി നിന്നു..അവർ കഴിച്ച്‌ വലിച്ചെറിഞ്ഞ ചോറിലയിൽ നിന്നും ശകലം ചോറ്‌ കഴിച്ച്‌ വിശപ്പടക്കി.. അമൃതേത്ത്‌ കഴിച്ചെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ അവർ കൂട്ടിലേക്ക്‌ പറന്നു പോയി..

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

കാക്കയുടെ ചിന്തകൾ..(19)

സീസറിനുള്ളത്‌ സീസറിന്‌
----------------------------------
"..എടോ.. എനിക്കൊരു കാര്യം സാധിക്കാനുണ്ട്‌... താൻ വരുന്നോ?"

"..കാര്യ സാധനയ്ക്ക്‌ ..ടോയ്‌ലറ്റിൽ ഒറ്റയ്ക്ക്‌ പോയാൽ പോരെ? അതിനു കൂട്ടെന്തിന്‌?"
" അല്ലെടാ... ഗവർമന്റ്‌ ഓഫീസിലേക്കാ ?.. ഒന്നു വാടോ?.."- അങ്ങിനെയാണ്‌ അയാളുടെ കൂടെ അവൻ പോയത്‌.

ഓഫീസിൽ കൈക്കൂലി കൊടുക്കരുത്‌ ... വാങ്ങരുത്‌ എന്ന് വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു..കൈക്കൂലി രഹിത വാരം!.

ഇവിടെയാണ്‌.. അവിടെയാണ്‌ .. എന്നീ തട്ടിക്കളികളും ചൂണ്ടലും കഴിഞ്ഞ്‌ അയാളും അവനും ഒരു റൂമിലേക്ക്‌ കടന്നു...

".. എല്ലാം കേട്ട്‌, വായിച്ച്‌, കൈക്കൂലി വാങ്ങാത്ത, ചോദിക്കാത്ത ഏമാൻ പറഞ്ഞു..
" .. ഒക്കെ ശരിയാക്കാം...ഞാൻ ഫയൽ നോക്കട്ടേ..!"
" .. ക്ഷീണിച്ചു വന്നതല്ലേ..ഞാൻ ഫയൽ നോക്കുമ്പോഴേക്കും പോയി നാരങ്ങാ വെള്ളം കുടിച്ചു വാ.. ദാ..മതിലിനപ്പുറത്ത്‌ പെട്ടിക്കടക്കാരൻ നാരായണന്റെ നാരങ്ങാ വെള്ളം കുടിച്ച്‌ വാ.. ആരൊടെങ്കിലും ചോദിച്ചാൽ കാട്ടിത്തരും.." -ഏമാൻ!

" തങ്കപ്പെട്ട മനുഷ്യൻ!.." അയാൾ അവനോട്‌ മെല്ലെ പറഞ്ഞു.

"അതേയതേ..." അവനും ശരി വെച്ചു..

."...ദാഹിച്ചു വരുന്ന മനുഷ്യനു കടപോലും പറഞ്ഞു തന്നില്ലേ.. സ്നേഹപൂർണ്ണമായ പെരുമാറ്റം!... ഇങ്ങനെ വേണം ഓഫീസറായാൽ.. ഒരു ജാഡയുമില്ല അല്ലേ?.."- അവൻ അയാളോട്‌ പറഞ്ഞു.
" ഊവ്വ്‌!"
ഒരുവൻ മെല്ലെ അയാളുടെ കൈയ്യിൽ തൊട്ട്‌ പറഞ്ഞു.." എവിടേയ്ക്കാ സാറെ!"
".. നാരായണെന്റെ പെട്ടിക്കട നോക്കി പോകുവാ"-
"അറിയോ താങ്കൾക്ക്‌ നാരായണന്റെ കട!"

" ..നാരായണന്റെ കടയോ?.. എങ്കിൽ വാ സാറെ!.." -അയാൾ അവരെ അങ്ങോട്ടേക്ക്‌ കൂട്ടികൊണ്ട്‌ കാണിച്ചു കൊടുത്തു..

".. ഹോ ഇത്‌ മതിലിനു പുറത്തു തന്നെയാണല്ലോ?... താങ്ക്സ്‌ ട്ടോ .. "

" താങ്ക്സ്‌'-- അയാൾ തലചൊറിഞ്ഞു..

"ശരി നിങ്ങൾ പോയ്ക്കോ?'"

" അയാൾ ചിരിച്ചു!'

".. എന്താ?"

"വഴിക്കൂലി!.. സാറേ ഇതാ ഇവിടത്തെ പതിവ്‌!.. താങ്കളെ സഹായിക്കാൻ ഞാൻ താങ്കളുടെ അളിയനൊന്നും അല്ലല്ലോ?"..മനസ്സിലാകാത്ത രണ്ടു മണ്ടന്മാരെ കണ്ടപ്പോൾ അയാൾക്ക്‌ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

അയാൾക്ക്‌ വഴിക്കൂലി കൊടുത്തപ്പോൾ.. ചൊട്ടക്കുറി വലിച്ച നാരായണൻ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു..
" നാരങ്ങാ വെള്ളം കുടിക്കാൻ വന്നതാ അല്ലേ?...എസ്‌. ബീ.. പറഞ്ഞയച്ചതാ അല്ലേ..? എന്താ കാര്യം?"
"..ഇയ്യാൾക്കെങ്ങനെ സിക്സ്ത്‌ സേൻസ്‌ ഉണ്ടോ?.." അവൻ അയാളെ തൊട്ട്‌ പറഞ്ഞു..
എസ്‌. ബീ യോ? അതാരാ?"
"..ഏമാൻ!"

എന്താ കാര്യം എന്നു പറയൂ.. നാരങ്ങാവെള്ളം കൊടുത്ത്‌ നാരായണൻ സംഗതികൾ കേട്ടു.. പിന്നെ ഒരു ഫീസ്‌ പറഞ്ഞു..ഇതാ ഇവിടുത്തെ ഒരു രീതി!..

"..ഉം.. കാര്യം നടക്കട്ടേ.അല്ലേ..അധികം ഇതിന്റെ പിറകെ നടക്കാൻ സമയമില്ല അയാൾ പറഞ്ഞു".
"...ഇല്ലെങ്കിൽ കാര്യം നടക്കില്ല.. അഥവാ നടക്കണമെങ്കിൽ പത്തു പ്രാവശ്യമെങ്കിലും വരേണ്ടി വരും!.. അത്രേയുള്ളു കാര്യം!"- അയാൾ യാദാർത്ഥ്യം പറഞ്ഞു തന്നു..

അയാൾ പറഞ്ഞ ഫീസ്‌ കൊടുത്തപ്പോൾ ഒരു ഡയറിയിൽ അയാൾ കുറിച്ചിട്ടു..എസ്‌. ബി.. വരവ്‌..!
നാരങ്ങാ വെള്ളം കുടിച്ച്‌ പൈസ കൊടുക്കാനിരുന്നപ്പോൾ നാരായണൻ പറഞ്ഞു.." വേണ്ട.. പൈസ വേണ്ട!"

ആദ്യമായി നാരങ്ങാവെള്ളത്തിനു പൈസ വാങ്ങാത്ത മഹാനായ ആ ആളെ കൺ കുളിർക്കെ കണ്ടു കൊണ്ടിരുന്നപ്പോൾ അയാൾ തുടർന്നു..

" ഇതിൽ എന്റെ നാരങ്ങാവെള്ളത്തിന്റെ പൈസയും ആയി!"

ഒരു മെസേജ്‌ നാരായണൻ കൊടുത്തു കൊണ്ട്‌ അവരോട്‌ പറഞ്ഞു.." പോയ്ക്കോളൂ ..നിങ്ങളുടെ ഫയൽ നീങ്ങിയിട്ടുണ്ട്‌...കാര്യം സാധിച്ചിരിക്കുന്നു !"

എല്ലാമറിയുന്ന ആ കമ്പ്യൂട്ടർ മനുഷ്യനെ നോക്കികൊണ്ടിരുന്നപ്പോൾ വന്നവർ കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാൽ അയാൾ തുടർന്നു..
".. എല്ലാവരും നാരങ്ങാവെള്ളം കുടിക്കാൻ ഇവിടെ വരും.. ഞാൻ നാരങ്ങാ വെള്ളം കുടിക്കാൻ വൈകീട്ട്‌ എസ്‌. ബീ .. സാറിന്റെ വീട്ടിലോട്ട്‌ പോകും!"

ഒളികണ്ണാലെ പാളി നോക്കിയിട്ട്‌ കാ.. കാ എന്ന് വിളിച്ചു പ്രീയതമയോട്‌ കാക്ക പറഞ്ഞു.
." ..സീസറിനുള്ളത്‌ സീസറിനും, സാത്താനുള്ളത്‌ സാത്താനും!.. ബാക്കിയുണ്ടെങ്കിലേ ദൈവത്തിനുള്ളൂ!"

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിനാലാം സർഗ്ഗം)

പ്രചട.. പ്രചട..പ്രചട... അവന്റെയൊരു ഒടുക്കത്തെ സംഘഗാനം.!.... അതിനപ്പുറം വരുന്നില്ല!! ... വായിൽ കൊള്ളാവുന്ന, വയറ്റീന്ന് വരുന്ന നാലക്ഷരം എഴുതാനറിയില്ല... ആ കുശ്മാണ്ഡത്തിന്‌.!!... ഓരോ ഗവേഷണവും കൊണ്ട്‌ വന്നോളൂം. ..നോം പറഞ്ഞതല്ലേ നമുക്ക്‌ അഷ്കരപുടത ഇല്യാന്ന്..!!..  തുഫൂ..!!.. വെള്ളം ചിതറി വീണു..ല്ല്യേ...വായ കഴുകീതാണ്‌...ഒന്നും വിചാരിക്കരുത്‌.!.. ഉച്ചയ്ക്കുള്ള ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ചാൽ വായ ഒന്നു വെള്ളം കൊണ്ട്‌ കുലുക്കുഴിയണം.. നമുക്ക്‌ നിർബന്ധാ.. നിങ്ങൾക്കും ആവാം.. നോം തടസ്സം നിൽക്കില്യാ.....

... "കാരണം ബാക്റ്റീരിയ! "..."കാരണം ബാക്റ്റീരിയ" വന്നാൽ മിസ്റ്റർ കോൾഗേറ്റിന്റെ വീട്ടിൽ അല്ലെങ്കിൽ അതിന്റെ പാർട്ട്ണേർസ്മാരും ഏമാന്മാരുമായ ദന്തഡോക്ടറച്ചന്റെ വീട്ടിൽ പോയി സത്യാഗ്രഹം ഇരിക്കണം!.. അതു വല്യഗേറ്റായ ബിൽഗേറ്റായാലും!.. നമുക്ക്‌ വയ്യ..അതിനൊന്നും!

അപ്പോൾ പറഞ്ഞു വന്നത്‌ പണ്ടേ അവർ നോം പറേണത്‌ കേൾക്കില്ല്യാ .എന്നു തന്ന്യാ... അതിനാൽ കോളേജ്‌ ഡേയ്ക്ക്‌ ഒരു പരിപാടീം കൊണ്ട്‌ ഒരു വഷളൻ നമ്മെ നിർബന്ധിച്ചു.!.. സംഘഗാനം.!.... അവന്റെ കൂടോത്രത്തിൽ നാം വഴങ്ങീല.. പിറ്റേന്ന് കോളേജിൽ വരാനുള്ളതാണ്‌.. അതോടെ കാശീലേക്ക്‌ കമണ്ഡലവും എടുത്ത്‌ തീർത്ഥയാത്ര നടത്തി ആത്മാവിനു മോക്ഷം കൊടുക്കാനുള്ളതല്ല!..പിന്നെ ഉടുത്തിരുന്ന മുണ്ടെടുത്ത്‌ തലയിൽ കെട്ടി ലേശം പട്ട ചാരായവും അടിച്ച്‌ ഭ്രാന്തെനെ പോലെ നടക്കുന്നതാണ്‌ നല്ലത്‌!.. പരിപാടിയുടെ വിജയം കൊണ്ട്‌ തല തെറ്റീന്നെങ്കിലുമുള്ള സഹതാപമെങ്കിലും കിട്ടും!

....നാം അവനെ ഉപദേശിച്ചു.". എടാ ശവി... ഉള്ള മാനം പയറു പോലെ വലിച്ചെറിഞ്ഞിട്ട്‌ നടക്കുന്നതിലും ഭേദം കാണിയായി കൂവി വിളിക്കുന്നതാണ്‌.. അതിലൊരു ഗമയുണ്ട്‌.. അന്തസ്സുണ്ട്‌.. പുളിങ്കുരുവുണ്ട്‌!.... നോം പറഞ്ഞു തരുന്നതെന്തേ നീ തൊണ്ട തൊടാതെ വിഴുങ്ങാത്തേ.. .!!. അങ്ങിനെ ഒരു സാധനം ജനനത്തിൽ മുതൽ ഇന്നേവരെ തനിക്ക്‌ ആരും ഫിറ്റു ചെയ്തു തന്നിട്ടുണ്ടോന്ന് നമുക്ക്‌ അറിഞ്ഞു കൂട .. നമ്മുടെ കൂടെ കൂടി ഇത്തിരി നാണം ഒത്തിരി മാനോം നോം നിനക്ക്‌ ഫ്രീയായി തന്നിട്ടുണ്ടല്ലോ?..അതെങ്കിലും ഫിറ്റു ചെയ്തു നടന്നൂടെ ഒരു വഴിക്കിറങ്ങുമ്പോൾ??..."

...അവൻ ഒരു വഴിക്ക്‌ ആയുദ്ധം വെച്ചു കീഴടങ്ങി..ന്നാ നോം കരുതീത്‌!

....ഒടുവിൽ പിന്നേയും അവൻ പിന്മാറാതെ പുതിയ ദുർമന്ത്രവാദവുമായി വന്നു... പ്രച്ഛന്ന വേഷം നടത്താം.എന്താ?." നാലാളുടെ കൂവി വിളി കിട്ടിയില്ലേങ്കിൽ ഒരു സമാധാനോം ഇല്ല്യാന്ന് വിചാരിക്കുന്ന തനി നാടൻ ചെറുക്കൻ!.. "ഇവനെ എന്തൊക്കെ പറഞ്ഞാ നാം സമാധാനിപ്പിക്കുക!

..അവന്റെ സന്തോഷത്തിനു നാം വഴങ്ങി... അതു കൊഴപ്പമില്ല.. നോം മീശയും താടിയും വെച്ച്‌ സ്റ്റേജിൽ കയറി.. വല്യ കൊഴപ്പമില്ല.. നാമാണെന്ന് നമുക്കു പോലും തിരിച്ചറിയാൻ പറ്റീല പിന്നെല്ലേ.. പിന്നെ ആരെ പേടിക്കണം?.. അവൻ ഒരു യാചകനായി സ്റ്റേജു മുഴുക്കെ തെണ്ടി.. പിന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി കാണികളോട്‌ ആ ശവി തെണ്ടൽ തുടങ്ങി.. മുജ്ന്മസുഹൃദം തൂത്താൽ പോകില്ലല്ലോ?...തരുണീമണികളായ പെൺകിടാങ്ങളോടൊക്കെ മാന്യമായി ഇരന്നു. ...സ്റ്റേജിൽ കയറി മൈക്കിലൂടെ ഉച്ചത്തിൽ നിർത്തെടാ കൂവേ എന്ന് വിളിച്ചു പറയണം എന്ന് തോന്നി.... കാരണം കുലത്തൊഴിൽ ഓർത്തു നിർത്തിയില്ലെങ്കിലോ?..പെണ്ണുങ്ങളോടൊക്കെ യാചിക്കുമ്പോൾ ഒരു സമാധാനം വേണ്ടേ..! പണി പാളും!...ഒടുവിൽ ഒരു പരുവത്തിനു നിർത്തി അവൻ സ്റ്റേജിലെത്തി...നാം യുദ്ധം കഴിഞ്ഞു നാട്ടിലെത്തിയ ഉടനെയുള്ള കുവൈറ്റ്‌ പ്രവാസി മഹാരാജൻ! .. നമ്മോട്‌ പൈസ ചോദിച്ച്‌ കൊടുക്കാൻ ഇല്ലാതെ പോക്കറ്റ്‌ തപ്പി ചമ്മി നിൽക്കുമ്പോൾ അവൻ അവന്റെ ഭിക്ഷാ പാത്രം നമുക്ക്‌ നേരെ നീട്ടുന്നു..നാം അതിലെ ചില്ലറയെടുത്ത്‌ പോക്കറ്റിലിടുന്നു..ഭിക്ഷാപാത്രം വാങ്ങുന്നു..ഒപ്പം തെണ്ടുന്നു.. പോകുന്നു". ...അതിൽ നാം വിജയിച്ചു.. പക്ഷെ സമ്മാനവും ഉലക്കേടെ മൂടൊന്നും കിട്ടീല.".ഇതിലെന്ത്‌ പുതുമ! ഇതൊക്കെ നിങ്ങളുടെ ജീവിത ഗന്ധിയായ അവതരണമല്ലേ എന്ന മട്ട്‌ മാർക്കിടുന്ന ലക്ചറുമാർക്ക്‌! .". ആകെയുള്ള പ്രവർത്തി പരിചയം ചെറുപ്പത്തിൽ ചെയ്ത ചെയ്ത്താണ്‌.. .അതിൽ നാം മാന്യമായി വിജയിക്കുകയും ചെയ്തു.. ആ പ്രവർത്തി പരിചയം അഥവാ എക്സ്പീരിയൻസ്‌ ദാ ഇങ്ങനെ...!

പണ്ട്‌ ഒരീസം..!" ബാലസംഘത്തിന്റെ കലാപരിപാടീണ്ട്‌ .. നീ എഴുന്നള്ളീ ഒരു പാട്ട്‌ പാടി സംഭവം കുളമാക്കി നമ്മുടെ നാടിന്റെ അഭിമാനം കളേണം എന്ന് മാന്യമഹാജനങ്ങൾ നമ്മോട്‌ അഭ്യർത്ഥിച്ചു.... വില കളയുന്ന പീറ ഫ്ലാറ്റോ, പാടുന്ന പെണ്ണിനോടൊപ്പം സൊള്ളാനോ ഉള്ള സംഗതിയൊന്നും ഇല്യാ.. ഒരു സെറ്റപ്പുമില്ലാത്ത തനി കണ്ട്രീ പരിപാടി!.. കണ്ട്രികൾക്ക്‌ വേണ്ടി കണ്ട്രികൾ നടത്തുന്ന കണ്ട്രീപരിപാടികൾ, ഫൈവ്‌ സ്റ്റാർ ഹോട്ടൽ പരിപാടി പോലെ നടത്താൻ പറ്റില്ല എന്ന് വാശിപിടിക്കുന്ന കണ്ട്രീശുദ്ധാത്മാക്കൾ!..ഉച്ചയ്ക്ക്‌ നാട്ടുകാരോട്‌ പിരിച്ച പയറോ കഞ്ഞിയോ മറ്റോ ഉണ്ടെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ പട്ടിണി കിടക്കാം!..അതും ഇത്തിരി കുടിച്ചാൽ മതി ...കുടിച്ചൂന്ന് വരുത്തിയാ മതി. ...വറ്റും വെള്ളവും വയറ്റിൽ തൊട്ടൂന്ന് വരുത്തിയാ മതി..മൊത്തം തറവാട്ടു സൊത്തല്ലേ കുറഞ്ഞാൽ നഷ്ടമല്ലേ എന്നോർത്ത്‌ മോന്തേണ്ട.. എല്ലാർക്കും എത്തിക്കാനുള്ളതാ എന്ന മട്ടിലാണ്‌ സംഘാടകർ!.. വിജയീഭവന്മാർക്ക്‌ വെറും സോപ്പിന്റെ പെട്ടിയോ ഒരു പ്ലാസ്റ്റിക്ക്‌ കപ്പോ തരും.. സന്തോഷത്തോടെ ഏറ്റു വാങ്ങാം!" സിമ്പിൾ!

അന്നു ബർമുഡയിൽ നിൽക്കണ കാലം!..നമ്മുടെ പേർ അവർ എഴുതി കഴിഞ്ഞു...നാം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..അവരുടെ നിർബന്ധം!..നമ്മുടെ ഒരു യോഗം!..... കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത്‌ പിന്നെയാ മനസ്സിലായത്‌!.

അവിടെ നല്ല രസമായിരുന്നു.. ബാലസംഘം സിന്ദാബാദ്‌ എന്ന് അവർ ആർത്തു വിളിച്ചു മുന്നിൽ നടന്നു.. ആരോ പറഞ്ഞപോലെ ആവേശം മൂത്ത്‌ ബലാൽസംഗം സിന്ദാബാദ്‌ എന്നു വരെ വിളിച്ചു പോയിന്നാ തോന്നണത്‌.. അതു പിന്നെ ആരോ തിരുത്തീന്നും!.. നമുക്കറീലല്ലോ.. .മനുഷ്യനല്ലേ...അൽപം അശ്രദ്ധയുണ്ടായാൽ പശുവും മരത്തിൽ കയറാൻ ഒരു ശ്രമമൊക്കെ നടത്തീന്ന് വരും!

സ്റ്റേജിൽ നമ്മുടെ പേരു വിളിക്കുന്നു...

..നോം ചത്താലും പോവില്യാന്ന് തീരുമാനം!..പോയേ തീരൂന്ന് അവരും!..ആകെ അവരുടെ യൂണിറ്റിൽ നാമെ ഉള്ളൂ അവരുടെ മാനം രക്ഷിക്കാൻ!.. ആ ഭാഗ്യശാലി നാമാണ്‌ എന്ന് അവരും.. കുഴങ്ങീലോ.. അവർ എന്നെ പിടിച്ചു കെട്ടി സ്റ്റേജിൽ നിർത്തിക്കും എന്ന ഘട്ടം വന്ന പോലായപ്പോൾ നോം എഴുന്നേറ്റു..മോശല്ലേ ഒരു കുട്ടീനെ മാനഭംഗം ചെയ്യുന്നതിനു തുല്യമല്ലേ!..

കാലുകൾ മന്ത്രവാദീയെ പോലെ തുള്ളാൻ തുടങ്ങി..കൈകളും ചലിക്കുന്നുണ്ടോ..?.. ഊവ്വ്‌ .. നമുക്കെന്തോ ആവേശിച്ച പോലെ തന്നെ...ഒരു കോമരത്തിന്റെ ഉറഞ്ഞു തുള്ളലിനേക്കാൾ പവറുണ്ട്‌!..ടെമ്പോയുണ്ട്‌...സംഗതികൾ മൊത്തം ഉണ്ട്‌!!..ഇനിയൊരു വാളും കൂടെ കിട്ടിയാൽ കുശാലായി!!

അവർക്ക്‌ വല്ല ആവശ്യവും ഉണ്ടോ. മൈക്ക്‌ തരാൻ ..!.ഗമയിൽ നാം മൈക്ക്‌ പിടിച്ചു..!.. ശനിയന്മാർ.!. എല്ലാവരും നമ്മെ നോക്കി നിൽക്കുന്നു.. ഇവന്മാർക്കെന്താ പുറംതിരിഞ്ഞിരുന്നാല്‌.. നമുക്കത്രേയ്ക്ക്‌ സ്റ്റൈലുണ്ടോ?...നമ്മുടെ ദേഹം തുറിച്ചു നോക്കുന്ന കണ്ണുകൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.... നോം ഭയപ്പെട്ടു.. കവിത പോയിട്ട്‌..കവിതാ ശകലം പോലും വരുന്നില്ല..രണ്ടു വരി പാടി!... പിന്നെയൊന്നും തൊണ്ടയിൽ വരുന്നില്ല.. വണ്ടീടെ ചങ്ങല വലിച്ച പോലെ നിന്നു.. സ്റ്റാന്ററ്റീസ്‌ ആയി നോക്കി.. അറ്റൻഷനായി നോക്കി.. കുറച്ചു നേരം നിന്ന് രംഗപടം വീക്ഷിച്ചു. .ഇവൻ കവിത ചൊല്ലാൻ തുടങ്ങണമെങ്കിൽ പരിപാടി നാളെ കൂടി വെക്കേണ്ടി വരും എന്ന് മണത്തറിഞ്ഞ സംഘാടകർ നമ്മോട്‌ പറഞ്ഞു.. .."ഇറങ്ങിക്കോളൂ.. പരിപാടിക്ക്‌ ഒരു പാട്‌ കുട്യോള്‌ ഇനീം പാടാനുണ്ട്‌!...അതു പറ്റില്ല്യാന്ന് എന്ന പോലെ നാമും.. നമ്മോടൊരു ചിറ്റമ്മ നയം.!"". പിന്നെയും നിന്നു നോക്കി.. നോ രക്ഷ..!!

" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ്‌ ചരിത്ര സംഭവമാകുമായിരുന്നു..

...അയാൾക്കൊക്കെ എന്തിന്റെ കേടാ?....എന്തൊക്കെ കേടാ?.. മനുഷ്യന്‌ കവിത ഒന്ന് ഓർത്തെടുക്കാൻ സമയം തരാതെ!. .ഇതു പോലെ തന്ന്യാ എല്ലാ പ്രതിഭകളുടേയും പ്രതിഭയെ ഇല്യാണ്ടാക്കി ആളുകൾ നിഷ്പ്രഭരാക്കുന്നത്‌!

നോം മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. നമ്മുടെ പരിപാടി കണ്ട്‌ മനം കുളിർത്ത്‌ നിന്ന, നമ്മെ നിർബന്ധിച്ച്‌ പങ്കെടുപ്പിച്ച, ആളുകൾ കുറച്ചു സമയം കൂടി മറ്റുള്ളവരുടെ പരിപാടി കണ്ട്‌ ആസ്വദിച്ചു.. പിന്നെ പറഞ്ഞു.." വാ പോകാം.."

അവസാനമാണ്‌ സമ്മാന ദാനം....ഒരു സോപ്പ്‌ പെട്ടിയെങ്കിലും കിട്ടാതെ..!!

".. നാം നമ്മുടെ സംശയം മറച്ചു വെച്ചില്ല.. "സമ്മാനദാനം കഴിഞ്ഞിട്ടു പോയാൽ പോരെ!"
അവർ പറഞ്ഞു.." സമ്മാനമെന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ യൂനിറ്റിൽ എത്തിക്കും!"

നാം മനസ്സിൽ കരുതി..".. മതി.. അതു മതി.. സോപ്പ്‌ പെട്ടിയാണെങ്കിലും മതി..ഒരു സ്ലേറ്റ്‌ പെൻസിലാണെങ്കിലും മതി.. നമുക്കെന്താ പ്രശ്നം!.. മൊമന്റോ വാങ്ങുമ്പോലെ വാങ്ങി.. നിങ്ങൾ നമ്മളോട്‌ സഹകരിച്ചതിന്‌ നന്ദീം ന്ന് പറഞ്ഞു ആണുങ്ങളെ പോലെ കൈവീശി പോവാലോ.. വേണമെങ്കിൽ ജഡ്ജസിനെ കരഞ്ഞു കരഞ്ഞു കരയിക്കാലോ?.."- നമ്മൾക്കത്രെ വിശാല മനസ്സുണ്ടെന്ന് അന്നെങ്കിലും അവരെ തിരിച്ചറിഞ്ഞു കാണിക്കണം!!

പക്ഷെ ഒന്നും അവർ യൂണിറ്റിൽ നിന്നും തന്നില്ല.." സമ്മാനം അവർ പകുത്തെടുത്തിട്ടുണ്ടാവും.. നിശ്ചയം!"

എന്റെ ഭ്രാന്ത്‌!

മനസ്സേകി ചിരിച്ച കാലം മറന്ന്,
കണ്ണാടി നോക്കി ഇളിച്ചു,
ഇളി പുഞ്ചിരിയത്രെ!
ചിരിച്ചേക്കാം,
തയ്യാറെടുത്തു,
ചിരിച്ചു ,
ചിരിച്ചു,
ചിരിച്ച്‌,
കരഞ്ഞു!

പിന്നെ ഉച്ചത്തിൽ,
ഉച്ചിയിൽ കൈ ചേർത്ത്‌
പൊട്ടിക്കരഞ്ഞു!
ചിരിയുടെ ഒടുവിൽ,
കരച്ചിലത്രേ!
അതോ മനസ്സു തെറ്റിക്കും
സങ്കൽപ്പമോ?
പ്രവാസിക്കെന്നും
കരച്ചിലിന്റെ ,
ഉമിത്തീയിലെരിയുന്ന പുകച്ചില്‌!
സ്വയം സാന്ത്വനമായി!

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിമൂന്നാം സർഗ്ഗം)

അമ്മ രാവിലെ എഴുന്നേറ്റു..മക്കൾ പഠിക്കണംന്ന് ഇത്തിരി ആഗ്രഹമുള്ള അമ്മമാർ രാവിലെ എഴുന്നെൽക്കും.. ടൈമ്പീസിൽ അലാറം വെച്ച്‌ നോം ചുരുണ്ടു കൂടി കിടന്നു..ടൈമ്പീസ്‌ അടിച്ച്‌ ശല്യം ചെയ്തപ്പോൾ അതിലെ സൂചിയുടെ ചെവി പിടിച്ച്‌ വട്ടം കറക്കി..ഒരു കിഴുക്കും കൊടുത്തു

...ശവം!... ശബ്ദിച്ചു പോകരുത്‌!...അത്രേന്നെ!

" അവന്റെ അലോസരം അതോടെ നിന്നു..അപ്പോൾ നമ്മേ പേടീണ്ട്‌!...

നോം പുതപ്പു വീണ്ടും മൂടി ഒന്ന് ശയിച്ചേക്കാം എന്നു കരുതി പിന്നേം ഒന്നു ചുരുണ്ടു.. ഇതു വരെ ശയിച്ചത്‌ ഒരു ശയനമാണോ? ഉറക്കമല്ലേ.. സാധാരണക്കാരൻ ഉറങ്ങുന്നതു പോലുള്ള ഉറക്കം!.. ഇനിയാണ്‌ ശയനം!..യദാർത്ഥ പള്ളിയുറക്കം!

അമ്മ മെല്ലെ അടുത്തു വന്നു എത്തി നോക്കി!..ഭാവം എന്താണെന്ന് അറിയാലോന്ന മട്ടിൽ!..
.. പല്ലു തേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത്‌ വന്ന് വെള്ളവും എടുത്തു തന്നു കഴുകെടാ മുഖം, തേയ്ക്കെടാ പല്ല്, കുടിയെടാ ചായ, പഠിക്കെടാ വേഗം എന്നൊക്കെ പറയണംന്ന്ണ്ട്‌ അമ്മയ്ക്ക്‌ എന്ന് തോന്നി...പക്ഷെ പറഞ്ഞീല,...വലുതായാൽ ഒക്കെ സ്വന്തം വകുപ്പാ.. ഈ വകുപ്പുണ്ടാക്കിയോരെ നാലു തെറി പറഞ്ഞിട്ട്‌ വീണ്ടും കിടക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞു കിടന്നു...നോം തലയേതാണ്‌ കാലേതാണെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്തവണ്ണം പുതപ്പിനാൽ മൂടിയ ശുഭസമയം!!

."...എടാ...എഴുന്നേറ്റ്‌ നാലക്ഷരം പഠിയെടാ..!.. സമയം എത്രയായെന്നാ... പോത്തു പോലെ കിടന്നുറങ്ങുകയാ പിന്നേം!"-വീണ്ടും ചുരുണ്ടിടാൻ ആഞ്ഞ നമുക്കിട്ട്‌ പ്രഹരം!..കുട്യോളുടെ നേരെ ആർക്കും എന്തും ആവാലോ?

"നോം അലാറം വെച്ചതാണല്ലോ?"
"അതു നേരത്തെ അടിയുന്നത്‌ കേട്ടല്ലോ?"
" അതു നിന്നെന്നാ തോന്നുന്നത്‌!"
"അതു പിന്നെ നിൽക്കുലോ?..നമ്മെ അത്രേയ്ക്ക്‌ വിശ്വാസം വരാതെ അമ്മ!"
ഇങ്ങനെ തന്നെയാണോ എല്ലാ അമ്മമാരും!....വയ്യ എന്നാലും നോം എഴുന്നെറ്റു..!...നടുവിന്‌ ഒക്കെ ഒരു പിടുത്തം!..പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയേട്ടനായി നടന്നു..

പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു.. ഫാസ്റ്റിനെ ബ്രേക്കിക്കൊണ്ട്‌ ഒന്നു, രണ്ട്‌, നാലു ദോശ വിഴുങ്ങി...  മൂന്ന് ഇല്ല മൂന്നും നാലും ദോശ ഒന്നാകെയാ വിഴുങ്ങിയത്‌...പഠിക്കാൻ പോകുമ്പോഴത്തെ ചായ അത്ര നന്നായില്ല ..അത്ര ഗുമ്മില്ല.. എന്നാലും സാരമില്ല!..

"..ഇനിയെന്തു പഠിത്തം ഇപ്പോൾ പോകാനാവുമല്ലോ?"- അമ്മ..
 അപ്പറഞ്ഞത്‌ നമുക്കത്ര സുഖിച്ചില്ല
" ഇനിയല്ലേ പഠിത്തം സ്റ്റാർട്ട്‌ "എന്ന് നാമും!"

അപ്പുറം അതായത്‌ പൂമുഖത്തിലെ സോഫയിൽ ഇരുന്നു..ആഞ്ഞിരുന്നു.പിന്നെ ചെരിഞ്ഞിരുന്നു.. ശരിയാവാതെ പിന്നെം ചാഞ്ഞിരുന്നു...ഇരിപ്പുറച്ചിട്ടു വേണ്ടെ പഠിക്കാൻ!.നട്ടെല്ലിനു ബലം പോര.....പിന്നെ ചാഞ്ഞു കിടന്നു..!..

മനനം ചെയ്തു പഠിക്കണം .. പഠിച്ചത്‌ ഉരുക്കഴിക്കണം.. നാം കണ്ണടച്ചു ഉരുക്കഴിച്ചു..ഉരുക്കഴിച്ചു ഉരുക്കഴിച്ചു.. കിറുങ്ങിപ്പോയി .. അവിടെ ഉറങ്ങി പോയി..

ശബ്ദമൊന്നും ഉയരാതായപ്പോൾ അമ്മ പതുക്കെ ചാരപ്പണിക്കിറങ്ങി..

" എടാ..ഉറങ്ങുകയാണോ?"

" ഞെട്ടിപ്പിടഞ്ഞ്‌ നാം എഴുന്നേറ്റു."...അല്ല! നോം ഉരുക്കഴിക്കയായിരുന്നു.."
"കളവു പറയാനും തുടങ്ങി.. ല്ലേ... അപ്പോൾ പിന്നെ കൂർക്കം വലി കേട്ടതോ?...
നമുക്ക്‌ ആരോടും കളവു പറയണമെന്ന് ശ്ശി ആഗ്രഹം കൂടിയില്ല.. നാം ഉരുക്കഴിക്കാൻ കണ്ണടച്ചു.. കണ്ണ്‌ ചതിച്ചു അത്രേന്നേ!..ഉറങ്ങിയതായിട്ട്‌ നമുക്കൊട്ട്‌ തോന്നിയിട്ടും ഇല്യാ! ...ഈ അമ്മയ്ക്ക്‌ എന്തിന്റെ കേടാ..അഥവാ അങ്ങിനെ സംഭവിച്ചൂന്നിരിക്കട്ടേ കൂർക്കം വലി കേട്ടാൽ പിള്ളാരെ ശല്യം ചെയ്യാതെ ചെവി പൊത്തുകയല്ലേ വേണ്ടത്‌.. അതിനു പകരം പറഞ്ഞു.. " പഠിക്കാതെ നടന്നോ?.. നിന്നൊടൊക്കെ ആര്‌ പറയും.. ചായയും കുടിച്ച്‌ നല്ലോണം ഉറങ്ങിക്കോ?"
പെട്ടെന്ന് ഉറക്കച്ചടവിൽ അൽപം ദേഷ്യത്തോടെ നാം പറഞ്ഞു - " എന്റെ കാര്യം നോക്കാൻ എനിക്കറിയില്ലേ.. അമ്മയെന്തിനാ വെറുതെ..!"

നമ്മെ വിശ്വാസത്തിലെടുത്ത അമ്മയ്ക്കത്‌ സങ്കടായി.." നിനക്കറിയാം അല്ലേ?.. ഇനി ഞാൻ ഇടപെടുന്നില്ല.. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ..!"..എന്നാലും അവൻ അങ്ങിനെ പറഞ്ഞല്ലോ എന്നായി അമ്മയുടെ ചിന്ത!... അമ്മ തിരിഞ്ഞു അടുക്കളയിലേക്ക്‌ നടന്നു..
" ഛേ.. വേണ്ടായിരുന്നു.. എന്റെ നാവാ ചതിച്ചത്‌!.. അസത്തിനെ അരിഞ്ഞു കളയണംന്നൊക്കെ വിചാരിച്ചു നോം ഇരുന്നു..

അമ്മയുടെ ഹൃദയം നുറുങ്ങിയിരുന്നു... അമ്മ പെങ്ങളോട്‌ പരാതി പറഞ്ഞു... പെങ്ങൾ എന്റെടുത്തു വന്നു.." നീയ്യെന്താ അമ്മയോട്‌ പറഞ്ഞത്‌?..നിന്റെ കാര്യം നീ നോക്കും എന്നൊക്കെ പറഞ്ഞെത്രെ! അമ്മയ്ക്കത്‌ വളരെ സങ്കടായി ഇരിക്കയാ.."!"
നോം ഒന്നും മിണ്ടിയില്ല.. കുറ്റബോധം തോന്നി..
നോം മനസ്സിൽ പോലും വിചാരിച്ചില്ല ഇതത്രെ പ്രശ്നമാകുമെന്ന്.. ഉറക്കിൽ എന്തൊ പിച്ചും പേയും പറഞ്ഞതാണ്‌..

നമുക്ക്‌ സങ്കടായി...ഇനി ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല.. അമ്മയെ വിഷമിപ്പിച്ചിട്ട്‌.. ഛേ...നാം ആരോടും മിണ്ടാതെ കരഞ്ഞു ...മൗനവൃതത്തിലായി..."പെറ്റമ്മയെ ദ്രോഹിച്ചിട്ട്‌, വേദനിപ്പിച്ചിട്ട്‌ നിൽക്കുന്ന മൂശ്ശേട്ടയ്ക്ക്‌ കുറഞ്ഞ ശിക്ഷ മരണമാണ്‌.!.മരിക്ക്വന്നേ!..... നമ്മുടെ മനസ്സ്‌ നമുക്ക്‌ ശിക്ഷാ വിധി പകർപ്പ്‌ വായിച്ചു കേൾപ്പിച്ചു ചോദിച്ചു.."വല്ലതും ബോധിപ്പിക്കാനുണ്ടോ?.

."..ഇല്യ .. വല്യ വേദന വേദനിക്കാണ്ട്‌ പെട്ടെന്ന് ഒടുക്കണം ഇത്രെ ആഗ്രഹം ഉള്ളൂ!..ആർക്കും ദ്രോഹുല്യാണ്ട്‌ തീരണം!"...

ശിക്ഷ അപ്പീലില്ലാത്ത വണ്ണം പാസ്സാക്കപ്പെട്ടു.. ഇനി നടത്തണം അത്രേ വേണ്ടൂ....
കാലാവധി പരിമിതമാണ്‌!.. വിധിയിൽ നമുക്കൊരു വിഷമോം ഇല്യ.. തെറ്റു ചെയ്തത്‌ നോം..അത്‌ തലകുലുക്കി നോം സമ്മതിച്ചിരിക്കുണൂ.. അല്ലെങ്കിലും നോം ജീവിച്ചിട്ട്‌ ഭൂമിക്ക്‌ ഭാരായെങ്കിൽ അത്‌ ഇല്ലാതാക്കാനുള്ള സമയം വന്നിരിക്കുണൂ..

ഒരു തട്ടാൻ ചെറുക്കനുണ്ട്‌ അവന്റെ കൈയ്യിൽ പൊട്ടാസ്യം സയനൈഡ്‌ ഉണ്ടാകും എന്നറിഞ്ഞു..
നോം ഒരടവെടുത്ത്‌ അവന്റെടുക്കലെത്തി പറഞ്ഞു " എടാ ഒരു ഭ്രാന്തൻ നായ കടിച്ച ഒരു നായയുണ്ട്‌ അതിനെ കൊല്ലുവാൻ ഉടമസ്ഥന്‌ വല്ലാത്ത ബുദ്ധിമുട്ട്‌ അതിനാൽ തന്റെ കൈയ്യിൽ സയനൈഡ്‌ ഉണ്ടെങ്കിൽ തരുമോ?"

അവൻ തന്നില്ല.. പഹയൻ എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു ഒഴിവായി..
അവനെ ആ നിമിഷം തല്ലിക്കൊന്ന് കെട്ടി തൂക്കേണ്ട മനസ്സു വരെ നമുക്കുണ്ടായി... എന്തായാലും വല്യ ശിക്ഷ നമുക്കുണ്ട്‌ അതിൽ പരം ശിക്ഷ നമുക്കിനി കൂടുതൽ ലഭിക്കാനില്ലല്ലോ?.. എന്നാലും പോട്ടേ.. ആ നാശക്കാരൻ എവിടെയെങ്കിലും പോയി തുലയട്ടേ.. എന്ന് നാം മനസ്സിൽ കരുതി..അവനെ വെറുതെ വിട്ടു..നമ്മുടെ സന്മനസ്സ്‌ അത്ര തന്നെ!.. മറ്റൊരാളായിരുന്നെങ്കിൽ കാണാമായിരുന്നു...


പിന്നെ വേറൊരു പയ്യന്റെ അടുക്കലെത്തി.. " അവന്റെ വളർത്തു നായയ്ക്ക്‌ പേയിളകിയപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഇതേ മരുന്ന്കൊണ്ടു വന്നു കൊടുത്തുവത്രെ അവന്റെ അച്ഛൻ.!. അൽപം ബാക്കിയുള്ളത്‌ പറമ്പിന്റെ മൂലയിൽ എവിടെയോ കുഴിച്ചിട്ടുവത്രെ.. അവൻ തരുന്നില്ല.. അറ്റ്ലീസ്റ്റ്‌ എവിടെയാണ്‌ കുഴിച്ചിട്ടതെന്നു  കൂടി പറഞ്ഞു തരുന്നില്ല...പറഞ്ഞു തന്നെങ്കിൽ പാത്തു പതുങ്ങി വന്ന് അതു നാം മോഷ്ടിച്ചേനേ!....മൊത്തം ജേസിബി കൊണ്ടു വന്ന് കിളച്ച്‌ കണ്ടു പിടിക്കാൻ പറ്റുമോ?

.. ഇനിയെന്ത്‌ രക്ഷ എന്നു കരുതി ഭ്രാന്തെടുത്തു.. മനസ്സിന്റെ താളം തെറ്റി.. ഇനി തീരുമാനം ഒന്നു മാത്രം ...കടലോ, കയറോ, കേന്ദ്ര സർക്കാരിന്റെ വണ്ടിയോ?.. ആകെ അസ്വസ്ഥമായി ഇരുന്നു.. പദ്ധതി തയ്യാറാക്കി...ആത്മഹത്യ എന്നത്‌ അന്താരാഷ്ട്രകുറ്റമാണ്‌.. പക്ഷെ ഇത്‌ ആവശ്യമായി.. അത്യാവശ്യമായി വിധിക്കപ്പെട്ട വിധിയാണ്‌!.. അത്‌ ആത്മഹത്യയല്ല..!..വിധി വന്നു.. ഇനി അപ്പീലിനു പോകലൊന്നും ഇല്യ..നമ്മുടെ ജൂഡീഷ്യറിയെ നാം വാഴ്ത്തി.. ധാർമ്മികമായ വിധി തന്നെ അതിനാൽ അംഗീകരിച്ചിരിക്കുന്നു..! .നോം മുറിയുടെ മൂലയിൽ ലൈറ്റ്‌ ഇടാതെ ഇരുന്നു..!.. ഇന്ന് അവസാന അത്താഴം!..
" ഇവനെവിടെ?.. കാണുന്നില്ലല്ലോ?..
"എന്താടാ..ലൈറ്റ്‌ ഇടാതെ?"- പെങ്ങൾ ചോദിച്ചു..
"ഒന്നൂല്യ!"
-നമുക്ക്‌ വെളിച്ചം തന്നെ അറപ്പായി തോന്നി...നാണോം മാനോം കെട്ട വെളിച്ചം!...
"എന്താടാ നിനക്ക്‌ പറ്റിയേ!"- അമ്മയും ആദ്യം കലിപ്പോടെ ചോദിച്ചു..അമ്മ ആദ്യം വിചാരിച്ചു നാം സ്വന്തം കാര്യം നോക്കാൻ പ്രാപ്തനായി സന്തോഷിച്ചിരിക്കുകയാണെന്നാണ്‌!
"നിന്റെ മുഖം കുറേ ആയല്ലോ കടന്നലു കുത്തിയ മാതിരി!.. ഒരു മൗനവൃതം!"
" ഒന്നുല്യ!"- അന്നു രാത്രി ഒടുക്കാൻ വെച്ച ദേഹം ജീവനോടെ അവർ കണ്ടോട്ടേ എന്നു നാം മനസ്സിൽ കരുതി....
"നമ്മുടെ അടുത്തിരുന്നു അമ്മ നിർബന്ധിച്ചു.." എന്താടാ.. പറയെടാ.."
" ഒന്നുല്യ!"-
"എന്തുണ്ടെങ്കിലും പറയെടാ..എന്താ നിനക്ക്‌ പറ്റീത്‌.. രണ്ടു മൂന്നു ദിവസമായി ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ?"
" ഒന്നൂല്യാന്ന് പറഞ്ഞില്ലേ.."
 "പറയെടാ.."
പറയണോ വേണ്ടയോ? നമ്മുടെ മനസ്സ്‌ ആടിയുലഞ്ഞു...പക്ഷെ അവർ നിർബന്ധിച്ചു പറയിച്ചു..
".. മാപ്പ്‌!... അമ്മയ്ക്ക്‌ അന്നു പറഞ്ഞത്‌ വിഷമം ഇണ്ടാക്കിയെങ്കിൽ!... കൂടുതൽ ഒന്നും പറയാൻ നാവു പൊങ്ങിയില്ല വിഷമം എന്റെ നാവിനെ വരിഞ്ഞു മുറുക്കിയിരുന്നു..
"നീയെന്താ പറയുന്നത്‌?"
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനെ നിന്റെ നന്മയ്ക്ക്‌ വേണ്ടിയല്ലേ..ഞാൻ പറഞ്ഞത്‌ ..അല്ല്ലാതെ എനിക്കെന്താ വേണ്ടത്‌...!"
" നമ്മുടെ അന്വേഷണം അവരുമായി നാം പങ്കുവെച്ചു.. കഥകൾ കേട്ട അവർ ഞെട്ടിപ്പോയി..ഒന്നും മിണ്ടാതെ സ്തംഭിച്ചിരുന്നു...
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനേ .. നീ!... എനിക്കൊരു വിഷമോം ഇല്യാ ട്ടോ.."!"-അമ്മയും കരഞ്ഞു പോയിരുന്നു..

ഒരു കൊച്ചു കുഞ്ഞിനെ സ്വാന്ത്വനിപ്പിക്കും പോലെ അമ്മ നമ്മെ സാന്ത്വനിപ്പിച്ചു..ഒപ്പം പെങ്ങളും..!
ആ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നാം നിങ്ങളെ ഇങ്ങനെ വധിക്കാൻ ഇന്നുണ്ടാകുമായിരുന്നില്ല..!..സത്യം!!

**എല്ലാ മാതാ പിതാക്കളും നമ്മുടെ നന്മയെ ലക്ഷ്യമിട്ടാണ്‌ നമ്മെ ശകാരിക്കുന്നത്‌... നമ്മുടെ ഉയർച്ച മറ്റുള്ളവരേക്കാളും ആഗ്രഹിക്കുന്നത്‌ അവരല്ലാതെ മറ്റാരുമില്ല.. !!

വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തി രണ്ടാം സർഗ്ഗം)

ജിന്ദകി കേ സഫ്രോം കീ സുനാമി ഹേ.. ഹും.. ഹോ?..ഒരു മലയാളിയെ മനസ്സിലാക്കിക്കാൻ ഇത്രെയൊക്കെ ഹിന്ദി മതി.. ഈ ഹിന്ദിക്കാരെ മനസ്സിലാക്കിക്കാനാ പാട്‌!.. ഭാഷ അവരുടേതെന്ന് പറഞ്ഞിട്ടെന്താ കാര്യം?..നോ കാര്യംസ്‌!.. തലച്ചോറിൽ ഇച്ചിരി KFC ചിക്കൻ വേണം..ഇച്ചിരി ഹം ബർഗർ കിംഗിന്റ്‌ സത്ത്‌ വേണം!.. ഉണ്ടായാൽ പോരാ.. അതു വല്ലപ്പോഴും ഞാനിവിടെയുണ്ടേ എന്ന് പറഞ്ഞു നെലോളിക്കയും വേണം!... അറ്റ്‌ ലീസ്റ്റ്‌ മൂന്ന് നാല്‌ പെഗ്ഗ്‌ നാടൻ വ്യാജന്റെ ഗുൽഗുലു തിക്തക സേവ വേണം! .അതൊന്നും ഇല്യാത്ത പാവങ്ങളാണെങ്കിൽ ജോണി വാക്കറുടെ വാക്കിംഗ്‌ വേണം!...നമുക്കതന്നും ഇല്യാച്ചാലും ഇതൊക്കെ ഉണ്ടെന്ന് ആളുകൾക്ക്‌ തോന്നണം!... നമുക്കിതൊന്നും ഇല്യാലോ.. എന്നിട്ടും ആളുകൾ അതൊക്കെ കൂടി ഇവൻ ചെയ്യോന്ന് എത്ര പേടിച്ചു.. എന്നിട്ട്‌ വല്ലതും നടന്നോ?

ചളുപ്പില്ലാതെ പറയാൻ ഇത്രേ വേണ്ടൂ.... .. കേൾക്കാനും അതു പോലെ അർത്ഥം മനസ്സിലാക്കാനും പഠിക്കണം!.

... നമ്മുടെ ഹിന്ദി കേട്ട്‌ പേടിച്ചു പോയോ? .. പേടിക്കയൊന്നും വേണ്ട നാമില്ലേ കൂടെ ..അർത്ഥം നോം പറഞ്ഞു തരില്ലേ?..ഹിന്ദി സിമ്പിൾ !.. ബട്ട്‌ ഡിഫിക്കൽട്ട്‌ ടു എക്സ്പ്ലേയിൻ..!!..നമ്മുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷു കേട്ട്‌ ഇപ്പോൾ ഇംഗ്ലീഷും ബുദ്ധിമുട്ടായോ?..വായെടുത്താൽ നമുക്ക്‌ ഇംഗ്ലീഷേ വരൂ.. ഇല്ലാച്ചാൽ ഹിന്ദി.. അറിയാത്തതിന്റെ കൊഴപ്പാ...! കൈ തരിപ്പാണോന്ന് നിങ്ങൾ സംശീച്ചു പോവും.. അല്ല..... നമ്മെ തൊടാൻ നാട്ടുകാർ സമ്മതിക്കില്ല.." ഓൻ പാവാ" എന്ന് പറഞ്ഞ്‌ നാട്ടുകാർ തന്ന സർട്ടിഫിക്കേറ്റും കൊണ്ട്‌ നടക്കുന്ന നമ്മെ ഈ ഭൂമിമലയാളത്തിൽ ആരും ഒരു ചുക്കും ചെയ്യില്ല്യാ.. ചെയ്താൽ കോടതിയലക്ഷ്യം എന്ന മട്ടിൽ നാട്ടുകാർ കൈവെക്കും!..ജാമ്യം കിട്ടാത്ത വകുപ്പാ!

....അതായത്‌ നിസ്സാരമായി പറയ്കാച്ചാൽ ...ഹിന്ദി എയർ ഇന്ത്യ പ്ലെയിനിൽ കയറും പോലെ സാധു.. തിരിച്ചിറങ്ങാനാ പാട്‌!.. എത്തിയാൽ എത്തി.. എന്നർത്ഥം!. . ഇല്ലെങ്കിൽ കാസർഗോട്ടുകാരനെ മംഗലാപുരമായീന്നും പറഞ്ഞ്‌ കൊച്ചീലെറക്കിക്കളയും!..  അവിടുന്നു കപ്പലണ്ടിയും കൊറിച്ച്‌ ട്രൈയിനിനു വരാം.. വിരോധമില്ലെങ്കിൽ എയർ ഇന്ത്യ വണ്ടി എത്തിച്ചു തരും വരെ, അല്ലെങ്കിൽ ലീവു തീരും വരെ ഒന്നും രണ്ടും പറഞ്ഞിരിക്കാം..നല്ല കുടുംബത്തിൽ പിറന്നോരാ അവര്‌...നല്ല സ്നേഹാ എല്ലാരോടും .."നിങ്ങളിപ്പം പോകേണ്ടാന്ന്.... ചോറും കറിയും ഇല്ലെങ്കിലും ഉള്ള പച്ചവെള്ളം കുടിച്ച്‌ എവിടെയെങ്കിലും കുത്തിയിരുന്നോളൂന്ന് " അവർ പറയും.. അത്ര സ്നേഹാ!...നമ്മളെ വേഗം പറഞ്ഞു വിട്ടിട്ട്‌ അവർക്കത്രയ്ക്ക്‌ തിരക്കൊന്നുമില്ല എന്നു സാരം!..നമ്മൾ അൽപം തൊയ്‌ര്യവും ഇച്ചിരി ക്ഷമയും കൊടുത്താൽ മതി!
 
അപ്പോൾ നോം പറഞ്ഞത്‌ ഇത്രമാത്രം.. ജിന്ദകീ നഗരത്തിലെ ( മുംബെയിലെ) സഫ്രാംകെട്ട്‌ എന്നറിയപ്പെടുന്ന ചുവന്ന തെരുവിൽ സുനാമി വന്നപ്പോൾ എന്നർത്ഥം!...അവിടെ സുനാമി വന്നപ്പോൾ കേരളത്തിലെ ആഗ്രഹമുള്ള പെണ്ണുങ്ങൾക്ക്‌ സ്വയം തൊഴിലു കൈമാറി അവർ മാതൃക കാട്ടീന്നർത്ഥം.. കുഞ്ഞുങ്ങൾ ഇത്രയും മനസ്സിലാക്കിയാൽ മതി.. പ്രായമാവുമ്പോൾ എല്ലാം വഴി പോലെ തിരിഞ്ഞോളും..  ചില മൊബൈലു മാമൻന്മാർ പറഞ്ഞ്‌ തരാം പറഞ്ഞ്‌ തരാം എന്ന് പറഞ്ഞ്‌ പുറകേ മെസ്സേജുമായി വരും...കേൾക്കരുത്‌.. പോകരുത്‌..!..ജീവിതം തുലച്ച്‌ പിന്നീട്‌ കാറി വിളിക്കരുത്‌!.. .അവർക്കെന്തു നഷ്ടം.?. ചൂണ്ടയിട്ടാൽ പരലെങ്കിൽ പരലു മീൻ!..തിന്നണം.. ബാക്കീണ്ടെങ്കിൽ ചന്തയിൽ കൊണ്ട്‌ പോകണം, വിൽക്കണം  പുട്ടടിക്കണം അത്രെന്നെ.. മഹാ പാപികൾ!.. എന്നെ കേൾക്കുന്ന പീള്ളേർ നല്ല പിള്ളയായി.. നല്ല വഴിയേ നടക്കണം എന്നൊരാഗ്രഹംണ്ട്‌!.. അതിനാൽ നോം പറഞ്ഞു .. നിങ്ങൾ കേട്ടു.. അത്രേന്നേ!.. ഇനി നല്ല പിള്ളയായി നടക്കുമെന്ന് ഇന്നെങ്കിലും സത്യ പ്രതിജ്ഞ ചെയ്തോളൂ..!
 
അന്നത്തെ സമയത്ത്‌ നമുക്കാ സാധനം അതായത്‌ ആ അസത്ത്‌ മൊബൈൽ സങ്കൽപത്തിൽ കൂടി ഉണ്ടായിരുന്നില്ല..അതിനാൽ നമ്മൾ രക്ഷപ്പെട്ടു!..ഇന്നത്തെ പിള്ളേരുടെ ഒരു യോഗേ.. മദ്യകാമമോക്ഷസന്യാസയോഗം!.. അതും മുലകുടി മാറാത്ത പ്രായത്തിൽ തന്നെ!..നമ്മെ പറയാൻ സമ്മതിക്യാ...നിങ്ങള്‌ കേൾക്ക്വാ..

"എന്റെ മോളും നിന്റെ കൂടെ ഏഴാം ക്ലാസ്സു വരെ പഠിച്ചോളല്ലേ..ഇപ്പോ ഇവളും കോളേജിൽ നിന്റെ ക്ലാസ്സിലാ..നീയ്യെടുത്ത ഗ്രൂപ്പാത്രെ... കോളേജിൽ റാഗിങ്ങോ, എന്തൊക്കെയോ പറയുന്നു .. എനിക്ക്‌ പേടിയാവുന്നു.. ന്റെമോനേ.. ഇവളെ ഇടയ്ക്ക്‌ നീ ശ്രദ്ധിക്കണേ.."- പരിഭ്രമത്താൽ ഒ‍ാടിക്കൊണ്ട്‌ വന്ന ഒരു മാതാവ്‌ ഒരുവളെ എന്റെ മേൽനോട്ടത്തിലാക്കി ..കോളേജിലേക്ക്‌ ആദ്യായിട്ടാ നാമും!.. എങ്കിലും പറഞ്ഞു..

" ഈ നോമില്ലേ.. ഒന്നും പേടിക്കേണ്ട!..."

അമ്മ എന്റെ ബലം പിടുത്തം ഒട്ടൊന്നയച്ചു പറഞ്ഞു.." ഇവനെയാ എനിക്ക്‌ പേടി!"
നോം ഞെട്ടി... നോം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെയായി..എന്തൊക്കെയാ നാം കേൾക്കണത്‌!
.. ..പച്ച പശുവായ നമ്മെ കുറുക്കനാണിവൻ എന്ന് അമ്മ മുദ്രകുത്തിയോ?.. കോഴിയെ കുറുക്കന്റെ കൈയ്യിൽ ഏൽപിക്കരുത്‌ എന്നാണോ അതിന്റെ അർത്ഥം??
 
"ഹേയ്‌.. നിങ്ങൾ ഭയക്കേണ്ട!".. എന്നു നോം പറയും മുന്നേ അമ്മ പറഞ്ഞു.". അയലോക്കത്തെ മറ്റൊരു പെൺകുട്ടീണ്ട്‌.. അവളിപ്പോൾ രണ്ടാം വർഷമാ...അതാ എനിക്ക്‌ സമാധാനം!.."
നമ്മുടെ സമാധാനം പോയിക്കിട്ടി!...നമ്മെ അമ്മ അയലോക്കത്തെ പെൺകുട്ടിയെ നോക്കാൻ ഏൽപിച്ചൂന്ന് സാരം!.. അതായത്‌ ചാരപ്പണിക്ക്‌ ആളെ നിർത്തീന്ന്...". അവൾ കുഴപ്പമില്ല.. നമ്മുടെ പെങ്ങളെ പോലെ തന്ന്യാ എന്നാലും അവള്‌ ആൺകുട്ട്യാ"- അമ്മേടെ ഓരോ അധിക പ്രസംഗം.!. നോം മിണ്ടീല.. നോം ഒരു പെൺകുട്ടീനെ നോക്കണം... നമ്മെ മറ്റൊരു പെൺകുട്ടി പിറകിൽ നിന്നു നിരീക്ഷണത്തിനും.. നമുക്ക്‌ വയ്യ!..ചത്താ മതീന്നായി!.. ഒരു പാവാടേം ബ്ലൗസും കൂടി തുന്നി തന്നാൽ പൊട്ടും കുത്തി മാന്യമായി അവരുടെ കൂടെ കുണുങ്ങി, കുണുങ്ങി പോവാരുന്നല്ലോ?..

"..ഈ പറേണ കുട്ടി നമ്മുടെ ക്ലാസ്സിൽ ഒപ്പം പഠിച്ചിട്ട്‌ എന്തെങ്കിലും മാന നഷ്ടം ആ കുട്ടിക്കിണ്ടായോ?..അവള്‌ ഛർദ്ദിച്ച്‌ കുഴഞ്ഞ്‌ വീണോ?.. അമ്മ അവൾക്ക്‌ ചിലവിനു കൊടുക്കാൻ പോകുകയിണ്ടായോ?..അവളെ നോം നോക്കിയോ? .. കോക്രി കാട്ടിയോ?.."
.-നോം പൊട്ടിതെറിച്ചു!..അതൊക്കെയല്ലേ നാട്ടു നടപ്പ്‌!..മാതാ പിതാക്കന്മാർ ചെയ്യേണ്ട കർത്തവ്യം?
" അതല്ലെടാ ആദ്യായി പോക്വല്ലേ.. അവിടെ പിള്ളേര്‌ എന്തെങ്കിലും കോമിക്ക്‌ കാട്ടിയാൽ ആ പെൺകുട്ടി നിന്നെ അവരുടെ ക്ലാസ്സിലുള്ള കുട്യോളോട്‌ പറഞ്ഞ്‌ രക്ഷിക്കില്ലേ.. അതാ"
അമ്മ പഴയ പ്ലേറ്റ്‌ കഴുകി വെച്ച്‌ പുതിയ പ്ലേറ്റ്‌ തന്നു... അമ്മേടെ ഒ‍ാരോ കളികളേ.. സംശയങ്ങളേ..!..ഈ ഇളം മുറ തമ്പുരാനുമില്ലേ ആശയും ആഗ്രഹങ്ങളും.. ആവേശവും.. പരവേശവും!! ..

തെറ്റിദ്ധരിക്കേണ്ട...ആ പെൺകിടാവല്ല നമ്മുടെ മനസ്സിൽ ....അതു പാവം പയ്യൻസ്‌!.നോം ആ ടൈപ്പല്ല....ഇച്ചിരി മുന്തിയ ഇനമാണ്‌!.... കോളേജിൽ എത്രെയെത്രെ തരം കിടാങ്ങൾ നമുക്ക്‌ മോക്ഷം തരുവോ?.. നമുക്ക്‌ മോക്ഷം തരുവോന്ന് പറഞ്ഞ്‌ വേറെ കിടപ്പുണ്ട്‌?... നമുക്ക്‌ അങ്ങിനെത്തെ ആഗ്രഹമില്ലെങ്കിലും നല്ല പെൺകിടാവാണെങ്കിൽ ഒരു സംശയത്തിന്റെ ആനുകൂല്യം കൊടുക്കാലോ?..ഒഴുകി ഒഴുകി നടക്കുന്ന അവൾക്ക്‌ ഒരു സമാധാനമാവൂലോ... അത്‌ അവളുടെ ജീവിതത്തിൽ ഒരു കച്ചിതുരുമ്പ്‌ കിട്ടിയെന്നെങ്കിലും കരുതൂലോ? . ഹാവൂന്ന് .സമാധാനീക്കൂലോ?... അതൊക്കെ വെള്ളമൊഴിച്ച്‌ അമ്മ കെടുത്തി..ചാരപ്പണിക്ക്‌ ആളെ വെച്ചു!

നമ്മെ നോക്കാനായി കൂലിക്ക്‌ വെച്ച പെൺകുട്ടി നമ്മെ നോക്കി.." ഇവൻ ബസ്സിൽ കേറിയോ?"
"നോം നമ്മെ ഏൽപിച്ച പെൺകുട്ടീനെം നോക്കി.." ഇവളെങ്ങാൻ ബസ്സിൽ നിന്നും ചാടി പോയില്ലല്ലോ?... പോയാൽ ഉത്തരം നാം പറയണമല്ലോ എന്റെ ദൈവമേ..".. ഇടയ്ക്ക്‌ നോക്കും എപ്പോഴാ ഇതിന്റെയൊക്കെ മനസ്സു മാറുന്നത്‌ എന്നൊന്നും അറീലല്ലോ?...നിന്നെ ഏൽപിച്ച പെൺകിടാവ്‌ എവിടാടാന്ന് ആ മാതാവെങ്ങാൻ ചോദിച്ചാൽ പകരം കൊടുക്കാൻ പെൺകിടാങ്ങൾ നമ്മുടെ അടുത്തുണ്ടോ നാം പെറ്റു കൂട്ടി വെച്ചിട്ട്‌..?..". ഓരോ ഗതികേടേ!.."പുലി മടയിൽ ആടു ഭരണം!

ഒരാഴ്ചയോളം ഏൽപിച്ച ജോലി പരസ്പരം ചെയ്തു തീർത്തു.." ഇനി സ്വന്തം തന്നെ ബസ്സിൽ കയറി വീടെത്താനും പോകാനും എക്സ്പീരിയൻസായീന്ന് മനസ്സിലാക്കിയപ്പോൾ ..പിന്നെ പിന്നെ നമ്മെ പഠിപ്പിക്കുംന്നായപ്പോൾ നമ്മുടെ പഠിപ്പിക്കൽ നിർത്തി നാം അവരെ എന്റെ സ്കൂളീന്ന് ടീ. സി കൊടുത്ത്‌ പറഞ്ഞയച്ചു പറഞ്ഞു .." മകാളെ  സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തായി!"

കോളേജിലെ റാഗിംഗ്‌ ഇത്രേ ഉണ്ടായിരുന്നുള്ളൂ.." എന്താ പേര്‌ എന്നു ചോദിക്കാൻ വല്യേമാന്മാർ വരും.. സ്നേഹ പൂർവ്വം ചുമലിൽ കൈവെച്ച്‌ പേരു ചോദിക്കും..അത്രെന്നെ.. തങ്കപ്പെട്ട സ്വഭാവം ന്ന് നാം മനസ്സിൽ കരുതും.. ക്ലാസ്സെടുക്കുമ്പോഴാണറിയുക.." എഴുതാൻ പെന്നില്ല!..തങ്കപ്പെട്ട മൻഷ്യൻ കൊണ്ട്‌ പോയിട്ടുണ്ടാവും!.. ഇതൊരു റാഗ്ഗിംഗാ...എന്ന്  നിങ്ങൾപ്പറയും.. അല്ല ഒരു തമാശ!.
... നമ്മൾ പാവങ്ങളല്ലേ സാറന്മാരെ.നിങ്ങളെ പോലെ തല്ലാനും തുണി ഉരിയിക്കാനും മാത്രം നമ്മൾ വഷളന്മാരാ നമ്മൾ?..ചീപ്പെസ്റ്റ്‌ എന്നാണോ കരുതീത്‌!....നല്ല ആളുകളാ നിങ്ങൾ!... അപ്പോൾ നമുക്കത്രയൊക്കെ റാഗിംഗോക്കെ മതി!..പക്ഷെ അവിടെ മിക്കപ്പോഴും സമരമായിരുന്നു.. കേ എസ്‌ യൂ കാരൻ  എസ്‌ എഫ്‌ ഐ കാരനേ നോക്കി., കണ്ണുരുട്ടീന്നൊക്കെ പറഞ്ഞു, അടിയും പിടിയും.. ഇങ്ക്വിലാബും.. നാം എല്ലാം നോക്കിക്കണ്ടു.. കേ എസ്‌ യു കാരന്റെ മീറ്റിംഗിൽ ഒപ്പിടും, എസ്‌ എഫ്‌ ഐക്കാരന്റെ മീറ്റിംഗിൽ പോയിരിക്കും.. നമുക്കങ്ങനെ ഇന്നതിൽ പോയിരിക്കണം എന്ന ഒരു അഹംഭാവമില്ല.. വിളിച്ചോ പോകും.. വിളിച്ചിട്ടല്ലേ.. ചുമ്മാതല്ലല്ലോ? "..എന്തെങ്കിലും ചായയോ വടയോ വാങ്ങി തന്നാൽ മതീന്ന്‌..വെഷമിച്ച്‌ ബിരിയാണിം നെയ്ച്ചോറും ഒന്നും വേണ്ട ..നമുക്കറിയൂലേ നിങ്ങളുടെ വിഷമം " എന്ന മട്ടിൽ! എസ്‌ എഫ്‌ ഐ ക്കാരൻ ചോറു വാങ്ങി തന്നു.. നമ്മൾ 4 മണി വരെ അവരുടെ യോഗത്തിൽ പങ്കു കൊണ്ടു.. 5 മണി വരെ ചർച്ചയുണ്ടെന്ന് അവൻ.. തന്ന ചോറിന്റെ പണി കഴിഞ്ഞൂന്ന് നാമും!.. ഒടുവിൽ നാമിങ്ങു പോന്നു.. ചർച്ചിച്ച്‌ ചർച്ചിച്ച്‌ അല്ലെങ്കിൽ തന്നെ പണ്ടാരമടങ്ങി!..കുറച്ചു കൂടി ചർച്ചിച്ചാൽ നാം മുഖ്യമന്ത്രിയായി പോയീന്ന് അഹങ്കാരം വരെ വന്നെന്നിരിക്കും!

അതിനാൽ ജിന്ദകീ കെ സഫ്രോംകി യൊന്നും നമുക്ക്‌ പരിചയമില്ല മക്കളേ.... ഇന്നത്തെ കുട്യോള്‌.. മൊബൈലിൽ മണിക്കൂറുകളോളം സംസാരിച്ച്‌ കുണുങ്ങി ചിരിക്കുമ്പോൾ,ഡൈയിറ്റിംഗും ന്ന് പറഞ്ഞു പോകുമ്പോൾ അബദ്ധത്തിലെങ്ങാനും കുട്ടീണ്ടായാൽ കുട്ടീനെ അനാഥാലയത്തിലെവിടെയെങ്കിലും ആക്കീട്ടു വരണേന്ന് പറയുന്ന ഒരു തലമുറയിലേക്കാണോ ദൈവമേ ഈ പോക്ക്‌!...മൊബൈലു മാമന്മാരെ കൊണ്ട്‌ കേരളം നശിച്ചൂലോ.. ദൈവമേ!