പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 25, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പതാം സർഗ്ഗം)

നോം ഇപ്പോഴും ആരേയും പഠനത്തിൽ നിർബന്ധിക്കാറില്ല..നല്ലോണം പഠിക്കണം ന്ന് പറയും.. അല്ലാതെ നിർബന്ധിച്ച്‌ പഠിക്കാൻ പറയില്ല.. നിശ്ചയം! !...ശിവ! .. ശിവ! ..പറഞ്ഞാൽ.... അസ്ഥാനത്തെങ്ങാൻ കയറി കൊണ്ട്‌ സാമാന്യ വിവരം നഷ്ടപ്പെട്ട്‌ നടന്നാൽ കുറച്ചിൽ ആർക്കാ?... ഈ നൊമിന്‌..!

അപ്പോൾ നോം കുറ്റക്കാരനാവില്ല്യേ....ഊവ്വ്‌!..അതൊന്നും വേണ്ട!.. നമുക്കാച്ചാൽ ഇല്ലേങ്കിലും ആരോപണത്തിനൊന്നും ഒരൂ കുറവും ഇല്യാ...വെറുതേ ആരെയും ഉപദ്രവിക്കാതെ സൈഡിലൂടെ പോകാച്ചാലും ആരോപണമാ..

."എന്താ അവൻ മിണ്ടാതെ പോയേ!.. അഹങ്കാരല്ലേ അതിന്‌".. എന്നൊക്കെ പറയും..അതിനാൽ ലേശം പുഞ്ചിരി ഫിറ്റു ചെയ്ത്‌ ആരേയും പിണക്കാതെ പുല്ലിനോട്‌ പോലും പുഞ്ചിരിക്കും..! .. അപ്പോൾ മറ്റ്‌ ആരോപണമായി.." ഇവനെന്താ പറ്റീത്‌!"-- വെറുതേ ചിരിക്ക്വാ.. തലങ്ങും വിലങ്ങും നടക്ക്വാ.. എന്താ കഥ!" .. എന്ന്.. നോം ആകെ വിഷമിക്കും!..നോം എന്താ ചെയ്ക! ..ആരും വിഷമിക്കൂലോ?..

നോം ഒരൂ നിർബന്ധവും പറഞ്ഞില്ലാച്ചാലും.. നമ്മുടെ അദ്ദേഹം അവർകൾ..അതായത്‌ സാക്ഷാൽ ഏട്ടൻ തിരുവടികൾ യൂണിവേർസിറ്റിയിൽ തന്നെ സ്കോളർഷിപ്പോടെ എം. കോമിനു പഠനം നടത്തി നമുക്ക്‌ നാണം വരുത്തീ..!.. എന്താ കഥ..!... അദ്ദേഹം ഇങ്ങനെ പഠിച്ചാൽ ആർക്കാ കുറച്ചില്‌... ഈ എളേടത്തിന്‌... !..." അവനെ കണ്ടു പഠിയെടാ.. അവനെ കണ്ടു പഠിയെടാ.".ന്ന് ഓരോ ആളും നമ്മെ ആട്ടും തുപ്പും നടത്തും!.. നോം അങ്ങിനത്തോനല്ല എന്നൊന്നും പറഞ്ഞാൽ ആളുകൾക്ക്‌ മനസ്സിലാവ്വോം ഇല്യ...തലയിലോട്ട്‌ കേറുവേം ഇല്യാ.. അദ്ദേഹത്തെ കുറിച്ച്‌ പറയുന്നത്‌ കേട്ട്‌ കേട്ട്‌ നോം ക്ഷമിച്ചു.. ഏട്ടനല്ലേ..! .. ന്നാലും ആളുകൾ അങ്ങിനെ പരാതി പറയാവോ?.. ആളുകൾക്ക്‌ ലേശം ക്ഷമിച്ചൂടേ!..ഊവ്വോ?

ഒരീസം അതുണ്ടായി അമ്മയെ കുപ്പിയിലാക്കാനും നമ്മെ മനക്കോട്ടയിൽ തടവറയിലാക്കാനും ഏട്ടൻ അവർകൾ യൂണിവേർസിറ്റിയിൽ നിന്നങ്ങനെ ടൂറിനു വരുന്നവണ്ണം ലാന്റ്‌ ചെയ്തു..നമ്മെ കാണുകയും ചെയ്യാം..പുട്ട്‌ അടിക്കുകയും ചെയ്യാം എന്ന മൂത്രശങ്കയാണെന്ന് തോന്നുന്നു..

വിശേഷങ്ങൾ വിളമ്പുന്ന വകയിൽ നമ്മെ കണ്ണു മഞ്ഞളിപ്പിക്കുന്ന പ്രകടനമാണന്ന് അദ്ദേഹം കാഴ്ച വെച്ചത്‌...ആ യൂണിവേർസിറ്റി പഠിത്തത്തിനിടയ്ക്ക്‌ ഒരു പ്രഫസ്സറുടെ മകനെ ട്യൂഷനെടുക്കാൻ കിട്ടിയത്രെ..!.. പ്രഫസ്സറുടെ നിർബന്ധം.. !..ഇദ്ദേഹത്തിന്റെ മൂളൽ ...!.. അതാകണം ഒക്കെ തുലച്ചു!.. അങ്ങിനെ ട്യൂഷനെടുത്ത്‌ അവന്‌ നല്ല മാർക്ക്‌ കിട്ടിയത്രെ!.. നോമും അമ്മയും പുളു കേട്ടിരുന്നു...

നമുക്കോ വയ്യാണ്ടായിവരുന്നൂ.. ഏട്ടനെങ്കിലും നാലക്ഷരം പഠിച്ചിട്ട്‌ എന്തെങ്കിലും ഉദ്യോഗോണ്ടായാൽ ആർക്കാ നേട്ടം!..  കുടുംബത്തിന്‌..! .. അപ്പോൾ പ്രോൽസാഹനം വേണ്ടേ .. വേണം..!

നോമും അമ്മയും ബ്രൈറ്റ്‌ ലൈറ്റ്‌ ടോർച്ച്‌ മുഖത്തടിച്ച വണ്ണം ശോഭിച്ചിരുന്നു കേട്ടു..
"മോനേ.. നല്ലതു തന്നെ.. എല്ലാവരേ കൊണ്ടും നല്ലതു പറയിക്കണം..സാരമില്ല പ്രഫസ്സറല്ലേ.. അദ്ദേഹം പറയുന്നത്‌ കേൾക്കണം "- അമ്മ.

" നോം എന്തോ മോശം പറയിച്ച പോലെ അമ്മ നമ്മെ നോക്കി..

കണ്ടോടാ എന്റെ മോൻ എന്നാണോ?...ആ നോട്ടത്തിന്റെ അർത്ഥം!...അതല്ല.. കാരണം നോമും അമ്മയുടെ മോൻ തന്ന്യാ... ചന്തയിൽ നിന്നും വാങ്ങിയതല്ല. അപ്പോൾ കണ്ടു പഠിക്ക്‌ എന്നാവാം!..

പിന്നെ ഒരു ഷർട്ട്‌ പീസ്‌, ഒരു ഫ്ലാസ്ക്‌, ഒരു ചെറിയ ട്രോഫി , ഒരു ക്യാപ്പ്‌ എന്നിവ ബാഗിൽ നിന്നും ഗമയിൽ പുറത്തെടുത്തു അദ്ദേഹം തുടർന്നു.. " ഞാൻ ട്യൂഷനെടുത്തതിന്‌ ഒന്നും വാങ്ങിയില്ല അതിനാൽ അദ്ദേഹം തന്നതാ ഇതൊക്കെ!."
നോമും അമ്മയും കൺ കുളിർക്കെ കണ്ടു..
"അയ്യേ ഇതെന്താ?.. അങ്ങിനെ തരുന്നെങ്കിൽ പൈസയല്ലേ തരേണ്ടത്‌!"- അമ്മ..
"ഞാനൊന്നും വേണ്ടെന്ന് പറഞ്ഞു..അതിനാൽ നിർബന്ധിച്ചു തന്നതാ ഇതൊക്കെ!"-ഏട്ടൻ
"അതു ശരിയാ.. പ്രഫസ്സറല്ലേ.. ഒന്നും വാങ്ങേണ്ട.. അവരുടെയൊക്കെ അനുഗ്രഹാ വേണ്ടത്‌."- അമ്മ
.".. ഇതൊക്കെ നിനക്കിരിക്കട്ടേ!"-ഏട്ടൻ.
"സപ്ത മഹാത്ഭുതങ്ങളിലൊന്ന് കണ്ട പോലെ നോം സ്തംഭിച്ചു നിന്നു..എന്തൊക്കെയാ ഈ പറയുന്നത്‌.. നമുക്ക്‌ നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..!..
"നമുക്കൊന്നും വേണ്ട!"- നോം പറഞ്ഞു..
".. നീ ആ തുണി കൊണ്ട്‌ ഷർട്ട്‌ തയ്പ്പിച്ചോ.."- ഏട്ടന്റെ നിർബന്ധം.
പിന്നെ അദ്ദേഹം ഒരു നല്ല ഹാൻഡ്‌ ബാഗ്‌ കാണിച്ചു..".. കൊള്ളാം നല്ല ബാഗ്ഗ്‌!.അതിനു നല്ല ക്വാളിറ്റിയുണ്ട്‌ .നമുക്കായിരിക്കും എന്ന് നോം മനക്കോട്ട കെട്ടും മുന്നേ അദ്ദേഹം പറഞ്ഞു " ഇതു നിനക്കല്ല... എനിക്കു തന്നെയാണ്‌ ഇത്‌. നിനക്ക്‌ വേറെ ഒരെണ്ണം കിട്ടുമോ എന്ന് ഞാൻ നോക്കുന്നുണ്ട്‌..അവിടെ കലാ പരിപാടിയാണ്‌..അതിനായി യൂണീവേർസിറ്റിയിൽ നിന്നും തന്നതാ ഇത്‌!"

" നോ പ്രോബ്ലം!"- നോം പറഞ്ഞു..കിട്ടില്ലാച്ചാൽ നോ പ്രോബ്ലം.. അല്ലാണ്ടെന്താ.. യെസ്‌ പ്രോബ്ലം എന്ന് പറഞ്ഞാൽ അദ്ദേഹം തരുവോ?.. ഇല്യാ..നോം എക്സ്ട്രാ ഡീസെന്റായി..അതിനാൽ കിട്ടാത്ത മുന്തിരി = നോ പ്രോബ്ലം!

"പിന്നെ അമ്മേ യൂണിവേർസിറ്റിയിൽ കലാ പരിപാടിയാണ്‌..അമ്മ പൈസ തരണം...അവിടെ പഠിക്കുന്ന എല്ലാവരും വലീയ പണക്കാരാ..ഞാനും കൂട്ടുകാരനും മാത്രേയുള്ളൂ പാവങ്ങൾ!.".
.. മറ്റുള്ള എല്ലാവരും അവിടെ ഹെലികോപ്റ്ററിലാ ഡെയിലി വരുന്നത്‌ എന്ന മട്ടിലുള്ള വർത്താനം കേട്ട്‌ അമ്മ പറഞ്ഞു.. " മോനെ നമ്മളേയും മറ്റുള്ളവരെയും തുല്യമായി കരുതേണ്ട... ട്ടോ!.. നിനക്കറിയാലോ നമ്മുടെ വിഷമം.!!....പഠിക്കുകയാണ്‌ വേണ്ടത്‌..നന്നായി പഠിച്ച്‌ വളരുകയാണ്‌ വേണ്ടത്‌!"
അദ്ദേഹം പറഞ്ഞു " അതല്ലേ ഞാനൊന്നും ചോദിക്കാത്തത്‌.. പക്ഷെ കുറച്ചു പൈസ അമ്മ തരണം...യൂണിവേർസിറ്റിയിൽ കൊടുക്കാനാ.. കൂടുതലൊന്നും വേണ്ട!."
"എത്ര?"
അമ്മ അദ്ദേഹത്തിന്‌ ആയിരമോ അഞ്ഞൂറോ മറ്റോ കൊടുത്തു....അതോ അതിൽ കൂടുതലോ എന്നൊന്നും അറിയില്ല!..ചോദിച്ചതു കൊടുത്തു.. പിറ്റേന്ന് അദ്ദേഹം പോയി..
ആദ്യമായി ഏട്ടന്റെ വക ഷർട്ടിന്റെ തുണിയല്ലേ.. നോം അതെടുത്ത്‌ തയ്ക്കാൻ കൊടുത്തു... ടൈയിലർ ഏമാൻ പറഞ്ഞു " ഇത്‌ ഗുണമില്ലാത്ത തുണിയാ...അടിക്കൂലി പോലും നഷ്ടമാ.. !".. നമുക്ക്‌ ദേഷ്യം വന്നു.. ടെയിലറുടെ അഹമ്മതിയല്ലേ.. അദ്ദേഹം കാട്ടീത്‌.. കൊടുത്ത തുണി അടിച്ച്‌ തരാതെ കുറ്റവും കുറവും കണ്ടു പിടിക്ക്യാ വേണ്ടത്‌?..അയാളുടെ ഒരു കൊണവതികാരം പറച്ചില്‌..!
"ഇതെവിടുന്നു വാങ്ങി?"
"ഏട്ടനാരോ കൊടുത്ത താ.."
'വേഗം തയ്ച്ചു തരുവോ?"
" ഞാൻ നാളെ തന്നെ തരാം.. യദാർത്ഥ്യം പറഞ്ഞെന്നേയുള്ളൂ.. തുണി ഗുണമില്ലാത്ത താ".
നോം പിന്നെ ഒന്നും പറഞ്ഞില്ല..ഗുണമില്ലാത്ത താണെങ്കിൽ നോം സഹിച്ചാൽ പോരെ..!.. നാലാളെ കേൾപ്പിക്കാൻ കാറി വിളിക്കണോ?

ദിവസങ്ങൾ കഴിഞ്ഞു.. അച്ഛൻ നാട്ടിൽ ലീവിനു വന്നപ്പോൾ നോമും അമ്മയും അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ പാണനാരെ പോലെ തുടികൊട്ടി വാഴ്ത്തിപ്പാടി..

അദ്ദേഹത്തിനു കിട്ടിയ ട്രോഫിയും, ഫ്ലാസ്ക്കും,നമുക്ക്‌ തന്ന തുണി ഉപയോഗിച്ച്‌ തയ്ച്ച ഷർട്ടും, ക്യാപ്പുമൊക്കെ നോം അച്ഛനു കാട്ടി കൊടുത്തു...

അച്ഛൻ അതു കണ്ട ഉടനേ പറഞ്ഞു.. " ഇവനെന്താ ഏഷ്യാഡിനാണോ പോയത്‌?.. കപ്പും ട്രോഫിയുമായി വരാൻ!"
ഇതെന്താ അച്ഛൻ പ്രതിപക്ഷ ബഹുമാനം പോലും ഇല്യാതെ അദ്ദേഹത്തെ കുറിച്ചു പറയുന്നത്‌.. നോം ആദ്യം സംശയിച്ചു..
തുണി പിടിച്ചു നോക്കി അച്ഛൻ പറഞ്ഞു " ഇത്‌ ചന്ത തുണിയാണ്‌!" ഫ്ലാസ്ക്‌ നോക്കി അച്ഛൻ പറഞ്ഞു.." ഇത്‌ റോഡ്‌ സൈഡിൽ വെച്ചു വിൽക്കുന്ന സാധനം വാങ്ങി കൊണ്ട്‌ അവൻ നിങ്ങളെ പറ്റിച്ചു!"
"..അച്ഛൻ പറേന്നത്‌ സത്യമാണോ?...- നമുക്ക്‌ സംശയമായി.. ശരിയാവാതെ തരമില്ലല്ലോ. .ഫ്ലാസ്കിൽ ചായയോ ചൂടുവെള്ളമോ ഒഴിച്ചു അടച്ച്‌ വെച്ചാൽ പുറത്ത്‌ ഗ്ലാസ്സിൽ ഒഴിച്ചു വെച്ചതിനേക്കാൾ വേഗം തണുക്കുന്നു...അതോ ഫ്രീഡ്ജിന്റെ ഉപയോഗമുള്ള ഫ്ലാസ്കും ഉണ്ടാവ്വോ?.. നോം അങ്കലാപ്പിലായി.. ഛേ....
എന്നാലും അങ്ങിനെയുണ്ടാവോ?... അദ്ദേഹം പിന്നെത്തെ ലീവിൽ വന്നപ്പോൾ നോം അദ്ദേഹത്തെ  ക്യാപ്പ്‌ കാണിച്ചു.."  ദേ ആ തുണിയുടെ ക്യാപ്പിന്റെ പുറകു വശം കീറിയത്‌ തുന്നിവെച്ചിരിക്കുന്നു!..  ഇത്‌ പഴേതാണ്‌!..ഷർട്ടിന്റെ ഉപയോഗോം തീർന്നു..."..
അദ്ദേഹമൊന്നും മിണ്ടീല്യ...അദ്ദേഹം...' കീറിയോ ..എവിടെ? "എന്നു പറഞ്ഞ്‌ ആ ക്യാപ്പ്‌ പരിശോധിച്ചു തൃപ്തിപെട്ടു..
നോം പറഞ്ഞു.. " ഏട്ടനെ പ്രഫസ്സറദ്ദേഹം പറ്റിച്ചു!"

"തന്നത്‌ വാങ്ങി.. ഞാനൊന്നും നോക്കീല.."- എന്ന് ഏട്ടൻ പറഞ്ഞു..

."..ആ പ്രഫസ്സറദ്ദേഹത്തെ കൈയ്യിൽ കിട്ടിയാൽ കുനിച്ചു മടക്കി പരിപ്പെടുക്കണം..ചന്ത തുണിയും വാങ്ങി കൊടുത്ത്‌, കീറി തുന്നിയ പഴേ ക്യാപ്പും വാങ്ങി കൊടുത്ത്‌ നമ്മുടെ ഏട്ടനെ അയാൾ പറ്റിച്ചിരിക്കണൂ.."- നോം മനസ്സിൽ പറഞ്ഞു...അദ്ദേഹം പറ്റിച്ചതാവുമോ?.. അതോ ഏട്ടൻ നമ്മെ പറ്റിച്ചതാവുമോ?.. ഏതാ ശരി?... ആരാ ശരി.?. ..

നോം പറഞ്ഞ്‌ അസ്ഥാനത്തെങ്ങാൻ കയറി കൊണ്ട്‌ സാമാന്യ വിവരം നഷ്ടപ്പെട്ട്‌ നടന്നാൽ കുറച്ചിൽ ആർക്കാ?... ഈ നൊമിന്‌..!..നോം ഒന്നും മിണ്ടാതിരുന്നു

1 അഭിപ്രായം:

  1. കഴിഞ്ഞ ബ്ലോഗിലേത് കൂടെ ഇതിലുണ്ടായിരുന്നു. വാക്കുകളില്ല സതീശേട്ടാ..........
    superb...............all the best

    മറുപടിഇല്ലാതാക്കൂ