പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

പുതുവത്സരാശംസകൾ!

രഥ ചക്രമുരുളുമീ രാവിൽ,
കാതോർത്തു ഞാനിരിക്കും,
പൊൻ ചിലമ്പുയർത്തും
സ്വനമോർത്തുണർന്നിരിക്കും
കൺ കുളിർക്കെ കാണും,
സൌഭാഗ്യ പൊൻ പുലരി!

ഹൃദയം  പകർന്നു ഞാനേകും
എൻ ആശംസതൻ പൂക്കൾ
അമൃതം നിറഞ്ഞ മനസ്സാൽ
അമരത്വം നേടീയുണരൂ!

കടല്‍ കടന്നൊരീ
മലയാണ്മയാലെന്റെ
പദമുറഞ്ഞാടി ,
പദമുണർന്ന നിൻ
മനസ്സിലെന്നോടി-
തീർഷ്യയൊന്നമർക്കൂ!

നിൻ പഥങ്ങളിൽ ഞാനും,
എൻപഥങ്ങളിൽ നീയ്യും
കഴുകനെപ്പോലെ പദങ്ങൾ
ചികയുമ്പോൾ
ഓർക്കുന്നു ഞാനിന്നും,
പരസ്പരം നമ്മൾ
ശുചിത്വമാക്കിയ
കർമ്മ മണ്ഡലങ്ങൾ!

എൻ വിമർശനം നിന്നെ
വിജയ സോപാന
പടി കടത്തിടുമ്പോൾ,
നിൻ വിമർശനം
എന്റെ വീഥിയിൽ
പൂ , ക്കളമൊരുക്കുമ്പോൾ
നിന്നെയോർത്തു ഞാൻ
ഏകിടുന്നിതാ
പുതുവത്സരാശംസ!
നിൻ കുടുംബത്തിനേകിടുന്നു
ഒരു നവവത്സരാശംസ!

( ഏവർക്കും നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു..)

ബുധനാഴ്‌ച, ഡിസംബർ 28, 2011

ശത്രു...!

എന്നെ ചതിച്ചവരിൽ മുഖ്യൻ,
ഞാനാണെന്നാണയിടുമ്പോൾ,
നിങ്ങൾ മുഖം ചുളിക്കുന്നതെന്തിന്?

നിങ്ങൾക്ക് കാതു തന്നപ്പോഴെല്ലാം
ശരിയാണെന്ന് തലകുലുക്കി,
എന്നോട് പറഞ്ഞു ഫലിപ്പിച്ച
ചതിയനാണു ഞാൻ!

എന്നെ വഞ്ചിച്ചവരിൽ ഒന്നാമൻ ഞാനാണ്!
നിങ്ങൾ പരിഭ്രമിക്കുന്നോ?
നിങ്ങൾ വഞ്ചിച്ചപ്പോഴൊക്കെ,
വഞ്ചന ലാഞ്ജനയില്ലാത്തോരാണെന്ന്
ആണയിട്ടെന്നോട് പറഞ്ഞതാരാണ്?
വഞ്ചിക്കാത്തപ്പോൾ,
വഞ്ചിച്ചുവെന്ന് മൊഴിഞ്ഞതാരാണ്?

നിങ്ങളെന്നെ സ്നേഹിക്കാത്തപ്പോഴൊക്കെ,
എന്നെ സ്നേഹിക്കുന്നുവെന്ന്,
ആണയിട്ട് കുഴിയിൽ ചാടിച്ചവൻ!
എന്നെ കൊതിപ്പിച്ച്,ചിരിപ്പിച്ച്,കരയിച്ച്,
ഒടുവിൽ എന്നെ തള്ളിപ്പറയുമ്പോൾ,
കുത്തിയത് പിന്നിൽ നിന്നോ
അതോ മുന്നിൽ നിന്നോ?
ഞാനൊന്നും എന്നോട് ചോദിച്ചില്ല!

എങ്കിലും ഓരോ തവണയും
തളർന്നു പോയപ്പോഴൊക്കെ,
ഓരോ ഉയർച്ചയും തടഞ്ഞോരെൻ പ്രീയ ശത്രുവേ
നിന്നെ എത്ര സ്നേഹിച്ചാലാണ്…
നിർമ്മലമാം സ്നേഹം തിരിച്ച് നൽകുക,
എത്ര സ്നേഹിച്ചാലാണ് നീയ്യെന്നെ
മിത്രമെന്ന്, ബന്ധുവെന്ന് ഒരിക്കലെങ്കിലും
നൊന്തു വിളിക്കുക
എന്നൊന്നു ചോദിച്ചു പോകുന്നു

ചൊവ്വാഴ്ച, ഡിസംബർ 27, 2011

മഴ!

അന്നായിരുന്നൂ ആ മഴ!
പരിഹാസ്യമായിരുന്നു ആ മുഖത്ത്,
എന്റെ അധരങ്ങളെ വിതുമ്പിച്ച്,
ഹൃദ യത്തെ കുലുക്കിയ മഴ,
കുത്തൊഴുക്കായപ്പോൾ
ചാലുകളായി, തോടുകളായി
ഒഴുകിയപ്പോൾ
തോടുകളിലൂടൊഴുകി
പുഴയിലൂടൊഴുകി ഞാനും
കടലിലെത്തി,

എന്നെ ദഹിക്കാത്ത കടൽ,
അടിച്ചടിച്ച് കരയിലേറ്റി!
കരയിലിരുന്നും ഞാൻ വിതുമ്പി!

എത്രെയെത്രജന്മങ്ങൾ,
എന്നെപോലെ
തൂവിയ കണ്ണീർ,
ഈ കടലിലേക്കൊഴുകി..
അതായിരിക്കണം കടലിത്ര വിശാലം!
അതായിരിക്കണം കടലിന് ഉപ്പുരസം!

എത്രെയെത്ര ജന്മങ്ങൾ
ജലമായി ഒഴുകി,
 ഖരരൂപം പ്രാപിച്ച്
പ്രത്യക്ഷനായ്,
ജന്മമെടുത്തൊടുവിൽ
നീരാവിയായി,മായയായി!
ജീവനും മൂന്നവസ്ഥ!
വിചിത്രം...!

എന്നിട്ടും അറിയേണ്ടാത്തതു പോൽ
മുഖം തിരിച്ച്,
കാർമേഘം ഉരുണ്ടു കൂടി
ജീവിതങ്ങളിൽ
മഴപെയ്തു,
ഒഴുക്കിക്കൊണ്ടു നടക്കുന്നു.!

ഞായറാഴ്‌ച, ഡിസംബർ 25, 2011

ജീവിതം ദുസ്സഹം!

അരുതാത്തതൊന്നും കാണരുത്,
കണ്ടതൊന്നും പറയരുത്,
കേട്ടതൊന്നും കേൾപ്പിക്കരുത്,
റാനെന്നു മൂളീ!

മിണ്ടരുത്, മിഴിക്കരുത്,
നോക്കരുത്, തോണ്ടരുത്,
ചൂണ്ടരുത്, മൂക്ക് പിഴിയരുത്,
ചുമയ്ക്കരുത്, തുമ്മരുത്!

അടിയൻ! എന്നു മൂളീ,
കാതടച്ച്, കണ്ണടച്ച്,
മൂക്കടച്ച്, വായടച്ച്,
മൂലയിൽ പരുങ്ങി!
സ്വന്തം മീശമുറിച്ചു തോരൻ വെച്ചു,
സ്വയം നാക്കു മുറിച്ചു അച്ചാറിട്ടു
കൈവിരലുകൾ മുറിച്ച് ഓലൻ വെച്ചു,
കാലുകൾ മുറിച്ചു സാമ്പാർ വെച്ചു
പിരികം വടിച്ച് മേമ്പൊടി ചേർത്തു
വേണ്ടാത്തതൊന്നും ഭൂഷണമല്ല!

കണ്ണാടി നോക്കി.
ഇപ്പോൾ മനുഷ്യനായോ?

കിളിവാതിൽ തുറന്ന്
ഭയത്തോടെ നോക്കി,
ആരെങ്കിലും, ഏതെങ്കിലും…
കണ്ണുകൾ?

മനസ്സെന്നോടു ചോദിച്ചു
തന്നെ ആരെങ്കിലും,
തുറിച്ച് നോക്കുന്നുണ്ടോ?
“നേർത്ത ഭയം!“
“ആരെയെങ്കിലും വിമർശിച്ചോ?“
“ഊവ്വ്!“
“എങ്കിൽ സ്വന്തം തലകൂടി വെട്ടി
മതിലിനു പുറത്തു വെച്ചോളൂ!“
മനുഷ്യനാവട്ടേ!“

മനസ്സിനെന്തും എന്നോട് പറയാം.
പക്ഷെ വിറച്ചു വിറച്ച്
പനിച്ചു ,പനിച്ച്
ഞാനൊന്നും പറഞ്ഞില്ല!

ഹാപ്പി ക്രിസ്തുമസ്സ്

  എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു..

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ജീൻ, വാൽ ജീൻ!

ജീനുകൾക്ക് കൈമാറ്റ വ്യവസ്ഥയുണ്ടത്രെ,
തലമുറകളിൽ നിന്നു മുറപൊലെ
തലമുറകളിലേക്ക്,
ജ്ഞാനം, ആർജ്ജവം,
കുന്തം, കുടചക്രം എന്നിങ്ങനെ!
തലയുള്ള തലമുറകളിലേക്കു മാത്രമോ?
അതോ പണമുള്ള മുറങ്ങളിലേക്കു മാത്രമോ?

അച്ഛൻ പാടും,
അമ്മ നൃത്തം ചെയ്യും,
ഏട്ടൻ ചിത്രം വരയ്ക്കും
ഇളയച്ഛൻ നാലും കൂട്ടി മുറുക്കും,
ഇളയമ്മ കാർക്കിച്ചു തുപ്പും!

അച്ഛന്റെ പാട്ട് കേട്ട്,
കരഞ്ഞ ജനം,
അമ്മയുടെ നൃത്തം കണ്ട്
ചിരിച്ച ജനം,
ഏട്ടന്റെ വര കണ്ട്,
കൺ മിഴിച്ച് ,
ബോധം നശിച്ച ജനം!

ജീനിന്റെ സഞ്ചാരത്തിൽ
ജീനിന്റെ കൈമാറ്റം
അതോ ജീനിന്റെ വീഥികളിൽ
ജീനിന്റെ കൈയ്യേറ്റമോ?

പാരമ്പര്യത്തിൻ കണക്കു പറഞ്ഞും
യാദാർത്ഥ്യത്തിന്റെ കണക്കു പൂഴ്ത്തിയും
ജീവിത വഴികളിൽ അരങ്ങിലെത്തിയ
ജീനിന്റെ കർട്ടൻ താഴുമ്പോൾ
പുതിയൊരു ജീൻ അരങ്ങിലുണ്ടാകും!

ജ്ഞാനങ്ങളിൽ വെള്ളം ചേർത്ത്,
നേർപ്പിച്ച വിപ്ലവങ്ങളിൽ,
പരിഭവമോ, സങ്കടങ്ങളോ?

ഉമ്മറപ്പടിയിലിരുന്ന്
ബബിൾഗം ചവച്ചു തുപ്പിയപ്പോൾ
ജീനിന്റെ പരിഭവം,
“നിനക്കുമില്ലേ പ്രഭോ
പാരമ്പര്യത്തിന്റെ മഹിമ ചൊല്ലാൻ?“
അന്നായിരിക്കണം ജീനിന്റെ ഉറവിടം തേടി ,
വഴിമാറി അസൂയയുടെ സാമ്രാജ്യത്തിലെത്തിയത്,

ജനത്തിന്റെ കൈയ്യടിമുഴുക്കുമ്പോൾ
അസൂയയ്ക്കുമുണ്ടോ കൈയ്യടി!
തിരിഞ്ഞു നോക്കുമ്പോൾ,
ഒരു തരം വികാരം!
“ആ ലാസ്യ നര്‍ത്തകി”
അവന്റെ വാമഭാഗമാണത്രേ!
തുള്ളിക്കളിച്ച പയ്യൻ അവന്റെ മോനും!

ഭേഷെന്ന് മൊഴിഞ്ഞ്,
ഡീസെന്റായി,
ജീനിന്റെ അസൂയയെ,
ചവുട്ടിതാഴ്ത്തിയൊരു
അഭിനന്ദനം!
"മോനു മൊഞ്ചുണ്ട്,
കഴിവുണ്ട്,
ഭാവമുണ്ട്,
ജ്ഞാനമുണ്ട്!
പണ്ടാരമുണ്ട്!

വാമഭാഗത്തിനു
നാക്കുണ്ട്
ജോക്കുണ്ട്,
മികവുണ്ട്,
എസ്. എം എസുണ്ട്!"

ഇപ്പോൾ
തുടികൊട്ടുമവന്റെ
ഹൃയത്തിനു
ചൊരിഞ്ഞിടാൻ
ഒരു പാട് വീമ്പുണ്ട്!
എനിക്കു പ്രാർത്ഥനയും
സഹിക്കാനെനിക്കു കരുത്തുണ്ടാകണേ!

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

രക്ഷ!

ത്രിസന്ധ്യയ്ക്കകത്തും
പുറത്തുമില്ലാതെ,
ഹൃദയം പിളർക്കുന്ന
നാരായ വീഥിയിൽ
രുധിരം തെറിക്കുന്ന
കുടലിന്റെ പിടയലിൽ,
ഭൂമിയിലല്ലാകാശത്തിലല്ലാതെ,
മടിയിൽ കിടന്നു
പിടയുന്ന കായത്തിൽ-
നിന്നൊരുമാത്ര,
മോക്ഷമായി,
കൈതൊഴുതീടുന്ന,
കവിതയെഴുതാത്ത
ഞാനെത്രെ ഭാഗ്യവാൻ!
കഥയൊന്നെഴുതാത്ത,
ഞാനെത്രെ ധന്യവാൻ!

ചൊവ്വാഴ്ച, ഡിസംബർ 20, 2011

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

നമുക്കങ്ങനെ ഒരൂ അഹങ്കാരോം ഇല്ല.. അതോണ്ട് എല്ലാം നിങ്ങളുടെ ഇഷ്ടം!.. വിശ്വസിക്കുന്നോർക്ക് വിശ്വസിക്കാം ഇല്ലാത്തോർക്ക് അവിശ്വസിക്കാം!..

ഇനി ഒരു സത്യം പറഞ്ഞാൽ നിങ്ങളു വിശ്വസിക്ക്വോ….
ഞാനാണ് ആദ്യ മനുഷ്യൻ…. എനിക്കങ്ങനെ ജാതീം മതോം ഒന്നും ഉണ്ടായിരുന്നില്ല...മാ .. ന,, മ.. ന… എന്ന് പശൂം പക്ഷിം പൂച്ചേം പട്ടീം പറഞ്ഞപ്പോ ചില പിന്മുറക്കാരു വിളിച്ചു മനു .. മനു എന്ന്….
.അ ..ദാ.. അ..ദാ.. എന്ന് പൂച്ചേം പട്ടീം പശൂം പക്ഷിം പറഞ്ഞപ്പോ ആദം എന്നായിരിക്കും പേര് ലെ എന്ന് വിചാരിച്ച് ചില പിന്മുറക്കാരു വിളിച്ചു…ആദം..
ഞാനൊഴികെ ഒരൂ മനുഷ്യനും അപ്പോൾ അവരോട് പറഞ്ഞു കൊടുക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും ജനിച്ചിട്ടുണ്ടായിരുന്നില്ലല്ലോ?.. …ആ ഒരു കുറവ്!...
ഞാൻ ചുറ്റും നോക്കി..
മൃങ്ങൾ "ബപ്പ "..".ബമ്മ"കളിച്ചു നിൽക്കുന്നു.. ഭാഷ അറീലല്ലോ?.. ഞാനവർക്ക് ഒന്നും പഠിപ്പിച്ചു കൊടുത്തില്ലല്ലോ? ..എനിക്ക് സങ്കടായി.. എന്റെ പക്ഷത്ത് ആരും ഇല്ല!.. അറിയുന്നോർ മൌനികളായ മൃങ്ങൾ മാത്രം!നീയ്യായ്യി .. നിന്റെ ബന്ധക്കാരായി.. നിന്റെ പാടായി എന്നും പറഞ്ഞ് ദൈവം ഒരറ്റ പോക്ക്!.. ഞാൻ വല്ലാണ്ടായി…ഒറ്റയ്ക്കായി!
അവരെനിക്ക് മതം വാങ്ങി തന്നു.. ജാതി വാങ്ങി തന്നു.. കൈകൊട്ടി വിളിച്ചു സൊകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ..ദൈവത്തെ എന്റേതെന്നു പറ.. ദൈവത്തെ എന്റേതെന്നു പറാ.. എന്ന് ചേരി തിരിഞ്ഞ് കൂവി വിളിച്ചു…
ഞാനൊന്നും മിണ്ടാത്തപ്പോ..അവരു പറഞ്ഞു ദൈവം എന്റെതാ.. എന്റേതാ…അവരങ്ങിനെ ശണ്ഠ തുടങ്ങി..
അവരങ്ങിനെ പരസ്പരം നുള്ളാനും മാന്താനും തുടങ്ങി.. പിന്നെ അടിക്കാനും പിടിക്കാനും ഒടുവിൽ കുത്താനും കൊല്ലാനും
ഞാനിവരാരുടേയും പക്ഷത്തല്ല…!..ദൈവപക്ഷത്താ…!
ദൈവം എന്നെ ആദ്യായി സൃഷ്ടിച്ച ആ കാലം ഞാനോർക്കുകയായിരുന്നു.. എന്തു രസമായിരുന്നെന്നോ കാടും പുഴയും മലയും ഒക്കെ കാണാൻ.. എന്തു സ്നേഹായിരുന്നെന്നോ മൃഗങ്ങൾക്കൊക്കെ എന്നോട്.. !.. ഞാനാരേയും ഉപദ്രവിച്ചില്ല .. മൃഗങ്ങളെ ചുട്ട് തിന്നില്ല.. വെറും പുല്ലു തീനി…!..ഞാൻ പച്ചപ്പുല്ല് തിന്നുമ്പോൾ കുരങ്ങൻ മാങ്ങ തരും തിന്നാൻ… ഞാൻ വെള്ളം കുടിക്കുമ്പോൾ പശു പാലു തരും കുടിക്കാൻ ..! മിൽമാ പാല് പോലത്തെ പൌഡർ കലക്കിയ പാലല്ല.. ശുദ്ധ വെജിറ്റേറിയൻ പാൽ!..മുയലു വന്ന് ക്യാരറ്റു തരും തിന്നാൻ.. അതിന്ന് മുക്രയിടുന്ന തമിഴന്റെ ഫ്യൂരഡാൻഒഴിച്ച് വണ്ണം വെച്ച  ക്യാരറ്റല്ല.. പരിശുദ്ധ മരുന്നടിക്കാത്ത ക്യാരറ്റ്!
അങ്ങിനെ പശൂം പക്ഷീം പട്ടിം ഒക്കെ ജനിച്ച് നമ്മോട് കുശലം പറഞ്ഞു നടക്കുകയായിരുന്നു .. കുറേ കഴിയുമ്പോൾ വന്ന പിന്മുറക്കാര്.. അവമ്മാരേ കൊണ്ട് തോറ്റൂ.. അവർ അവരെയൊക്കെ ഓടിച്ചു പിടിച്ചു ചുട്ടു തിന്നു തീർത്തു…എന്റെ മിത്രങ്ങളായ മൃഗങ്ങളെല്ലാം ശത്രുക്കളായി.. എന്റെ പിഴ!.. എന്റെ ഏറ്റവും വല്യ പിഴ!

ഇപ്പോ വീണ്ടുംപുനർജ്ജനിച്ചതാ.. ബാക്കിയുള്ളോരൊക്കെ അതിനു ശേഷാ ഭൂജാതരായത്..!

ഇപ്പോ മനസ്സിലായില്ലേ അതാ സംഭവം!

ഇപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ.. എങ്കിൽ ഇപ്പോ നടന്ന ഒരു സംഭവം പറയാം..

ഞാനിങ്ങനെ റോഡിലൂടെ ഒരീസം നടക്കുമ്പോ ഒരു പട്ടി നോക്കി നിൽക്കുന്നു… അതെന്നെ മനസ്സിലാവാഞ്ഞപ്പോൾ കുരയോട് കുര… !...വല്യ വീട്ടിലെ പട്ടിയായി അവനിപ്പോൾ.. അതിന്റെ അഹങ്കാരം!... ഞാനൊരു കല്ലെടുത്ത് പോട പട്ടീ നിന്നെ എനിക്ക് പണ്ടേ അറിയാം എന്ന് പറഞ്ഞ് തമാശയ്ക്ക് ഒരേറ്..!.. വർഷങ്ങളായിട്ട് കാണാതെ പെട്ടെന്ന് കണ്ട സ്നേഹിതന്മാരുടെ പുറത്ത് അടിക്കാറില്ലേ അതു പോലെ..!.. അത് കൌ.. കൌ.. എന്ന് പറഞ്ഞു…അവരുടെ ഗ്രാമ്യ ഭാഷ!.. മീനിംഗ് ...അറിയാം.. അറിയാം…എന്ന്.!.. കിട്ടേണ്ടതു കിട്ടിയാൽ ഏതവനും പറയും അറിയാം.. അറിയാം എന്ന്..!.. ഞാൻ ആ വെഷമൊന്നും കാട്ടാതെ ചിരിച്ചോണ്ട് പോയി…നമ്മൾ എപ്പോഴും അഹങ്കരിക്കരുത്.. വിനയമുള്ളവരാകണം ! ..നമ്മൾ പരസ്പരം തല്ലു കൂടരുത്.. സ്നേഹിക്കണം!..തമിഴനായാലും  കന്നടക്കാരനായാലും.
ഇനി  ചിലപ്പോ  നിങ്ങൾ പറയും എനിക്ക് ലേശം..! അപ്പോ തല തെറ്റാത്തോരൊക്കെ നല്ല ബുദ്ധിയിലാ…നല്ല സ്നേഹത്തിലാ..?ഓരോ മതവും നോക്കൂ.. ഓരോ കുടുംബവും നോക്കൂ ..ഓരോ സമൂഹവും നോക്കൂ.ഓരോ സംസ്ഥാനവും നോക്കൂ. ഓരോ രാജ്യവും നോക്കൂ.. ...മുന്നിൽ നിന്നു പല്ലിളിച്ച് കാട്ടുന്ന എല്ലാവരുടേയും, പിറകിലെക്ക് മടക്കിയ കൈക്കുള്ളിൽ ആയുദ്ധമില്ലേബോംബില്ലേ എല്ലാവർക്കും ഭ്രാന്താ.. ഭ്രാന്ത്!.. നാമെല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാത്ത ഭ്രാന്ത്!
ഇപ്പോ വിശ്വസിച്ചു ല്ലേ.അതോ..ഇനീം വിശ്വസിച്ചില്ല അല്ലേ!.. അതിനു ഞാനും ബ്ലൊഗും ഉത്തരവാദിയല്ല..!
അപ്പോ ഇപ്പോ പിരിയാം ..വന്ദേ മാതരം!
=======================================
വെറുതെ എഴുതിയ ഒരു ഭ്രാന്തല്ല.. ഹരിനാഥിന്റെ ബ്ളൊഗിൽ കമന്റിട്ടപ്പോൾ അധികമായി... എന്നാൽ പിന്നെ എന്റേതിൽ പ്രതിഷ്ഠിക്കാം ആ സംഭവം എന്ന് കരുതി...
പാരമ്പര്യത്തിന്റെ പൊരുളും പ്രാധാന്യവും

http://bhoogolam.blogspot.com/2011/12/blog-post.html

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

കൃഷി

അമ്പുവിന്റെ മോള് ഇന്ദു ലേഖ!
എണ്ണ തലയിൽ തേച്ചു തേച്ച്,
മുടി വളർത്തി,
മുടി മുറിച്ച് വിറ്റ് വിറ്റ്
ധനികത്തിയായി!

ചന്തുവിന്റെ മോള് ചന്ദ്രലേഖ!
പാലറിൽ പോയി,
മുടി നട്ട് വളർത്തി,
നാട്ടുകാർക്ക് കൃഷി
കാട്ടിക്കൊടുത്ത്,
 കേമത്തിയായി!

ഇനി രാജന്റെ മോൻ
മോഡേൺ കുഞ്ഞുണ്ണി,
ലാപ് ടോപ്പു വാങ്ങി,
നെറ്റിലു പോയി ഭൂമി വാങ്ങി
നെറ്റു കൃഷി നടത്തി,

പഴവും വിളവും,
പയറും പാലും
മൌസോണ്ട് വാങ്ങി,
കീബോർഡു കൊണ്ട് വിറ്റ്,
കോള കുടിച്ചിരുന്നു!

കൃഷി അറിയാത്ത കുഞ്ഞുമക്കൾ,
ഉമിക്കരി കൊണ്ട്,
പല്ലു തേച്ചു തേച്ച്,
ഞാറു നട്ട് വെള്ളം കേറി,
കൃഷി നശിച്ച്
തരിച്ചിരുന്നു!
ബാങ്കു ഗുണ്ട കണ്ണുരുട്ടി,
തറവാടു മാന്തി,
നിധിയെടുക്കുമ്പോൾ,
പഴം കഥയിലെ

നിധികാത്ത സർപ്പം പോലെ,
ദൂരെയൊരു മാവിൻ തുഞ്ചത്ത്
ഊഞ്ഞാലാട്ടം!

എനിക്കുമാടണം ഊഞ്ഞാലെന്ന്,
ഒരു നിഷ്ക്കളങ്കന്റെ വാശി,
മാറോടടക്കി കെട്ടിപ്പിടിച്ചൊരു നിലവിളി!
ദിഗന്തം നടുങ്ങീട്ടും
കേരളം വിറങ്ങലിച്ചിട്ടും!
നടപടി... ഒരു പടി!
ഒരു രൂപയ്ക്ക് ഒരു പിടിയരി!
കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ...

1) പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ
     പഴമയ്ക്ക് ഭ്രാന്തു വന്നു,
     പുതുമയ്ക്ക് നട്ട പിരാന്തും!
    പഴമ പുതുമയെ പിണക്കിയപ്പോൾ,
    പുതുമ പഴമയെ പിണ്ഡം വെച്ചു!
    ശ്രാദ്ധമുണ്ടു

----------------------------------------------------------

2) മനുഷ്യനു നട്ട പിരാന്തുവന്ന കാലം അച്ഛനേയുമമ്മയേയും പുറത്താക്കി വാതിലടച്ചു..

അച്ഛനുമമ്മയ്ക്കും ഭ്രാന്താണെന്ന് കൂവി വിളിച്ചു!

അതു കണ്ട് കൊച്ചു മക്കൾ കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു..

മോട്ടിവേഷനായി ...ഇനി വിജയത്തിന് മുൻ കൂട്ടി ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.!

“…പപ്പയ്ക്കെത്രാം വയസ്സിലാ ഭ്രാന്തു വരിക…. മമ്മയ്ക്കെപ്പോഴാ …..! .എന്നു കണക്കു കൂട്ടി ഒരു കൺഫ്യൂഷൻ!
 "..പുടവ കൊടുത്തോ, പാന്റിടുവിച്ചോ യാത്രയാക്കേണ്ടത്?.."
------------------------------------------------------------
3)
അപ്പൂപ്പൻ പോകുമ്പോ ലാപ് ടോപ്പ് കൊടുത്തു വിടണംഎപ്പോഴെങ്കിലും വീഡിയോ ചാറ്റു ചെയ്യാലോ“ എന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ അപകടം മണത്ത്  “ഈഡിയറ്റ്!...“ നിനക്കിന്ന് ട്യൂഷനില്ലേ?" എന്ന് പറഞ്ഞ് അയാളവന്റെ വായ മൂടി!
"വിറ്റ പശുവിന്റെ പുറം തലോടേണ്ടത്രേ!"
ഓരോ വിശ്വാസങ്ങൾ.!. വിശ്വാസം അതല്ലേ എല്ലാം!

--------------------------------------------
4)
ഭാര്യയ്ക്ക് വീണ രോഗം, ഭർത്താവിന് വീഴ്ത്തിയ രോഗം, മകൾക്ക് വിഷാദരോഗം, മകന് ചുഴലി രോഗം.!....വൈറസ്സ് പനി പടർന്നു പിടിച്ചപ്പോൾ ഡോക്ടർമാർ തർക്കത്തിലായി ....
സിമ്മാണ്! .
.മെസേജാണ്…!
മിസ്ഡ് കോളാണ് …!
മൊബൈലാണ് ..!
ചാനലാണ്.!
സീരിയലാണ്…! -- രോഗ വാഹിനി..!
"ഓന്റെ തലയിൽ ഇടിത്തീ വീഴട്ടെ!" എന്ന് പിറുപിറുത്തോണ്ട് ചാരു കസേരയിൽ എവിടെയോ ഒരു ആട്ടമുണ്ടായിരുന്നു..
.അകമ്പടിയായി ഒരേങ്ങലടിയും!
. വെറസ്സ് വന്ന് മരിച്ച വീടല്ലേ അത്!...

...അകത്തേ കാറ്റു കൊണ്ടാൽ പനി പിടിക്കുമെന്ന് കരുതി പുറത്തേ കാറ്റ് കൊള്ളാൻ പറഞ്ഞു വിട്ട മുത്തച്ഛന്റേയും മുത്തശ്ശിയുടേയും പിറു പിറുപ്പോ?... ശാപ വചസ്സോ?
   

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

നെഗറ്റീവ് എനർജി

പ്രീയപ്പെട്ടവരെ ,
നെഗറ്റീവെനർജി കൂട്ടി നിങ്ങളവനെ തെറി വിളിക്കരുത്,
പകയ്ക്കരുത്, കാർക്കിച്ച് തുപ്പരുത്,കൂക്കി വിളിക്കരുത്,
അവനൊരു ഗമയുണ്ടാകും
സംസ്ക്കാര സമ്പന്നനായെന്ന്!,
നിങ്ങൾക്കൊരു തോന്നലുണ്ടാകും,
നിങ്ങൾ തെരുവിൽ  ഓരിയിട്ടു നടന്ന
കുറുക്കനാണെന്ന്!

മുഖം വലിഞ്ഞു മുറുകി,
ഹൃദയം പൊട്ടി മരിക്കാനാഗ്രഹമില്ലേങ്കിൽ
നിങ്ങളവനോട് ദേഷ്യപ്പെടരുത്,
മുന്നിൽ നിന്ന് ചിരിക്കരുത്,
കരയരുത്,
അവാർഡ് പടമെന്ന മട്ടിൽ
സ്തംഭിച്ചിരിക്കുക!

വിമ്മിഷ്ടമെങ്കിൽ മിണ്ടാതുരിയാടാതെ,
മടങ്ങുക,
ഉറഞ്ഞു കൂടിയ ടെൻഷൻ
ഡാമു പൊട്ടുമെന്ന പോൽ ഭീതിയിൽ,
അല്പം തുറന്നു വിടുക,
ഒളിഞ്ഞു നിന്ന്, ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുക.
പ്രീയപ്പെട്ടവരെ നിങ്ങളവനെ,
ആകാശത്തോളം പുകഴ്ത്തി,
പാതാളത്തോളം താഴ്ത്തുക!
തെറികൾ പോക്കറ്റിൽ നിറഞ്ഞു തുളുമ്പുന്നുങ്കിൽ,
കപ്പലണ്ടി വാങ്ങി കൊറിക്കുക!

അങ്ങനെയെങ്കിലും നെഗറ്റീവെനർജി
അവനിലെത്തിയെങ്കിൽ,
നിങ്ങൾക്കൊരു സംതൃപ്തിയുണ്ടാകും
ഒരുവൻ സെല്ലിലെത്തിയെന്ന്!

അല്ലെങ്കിൽ
 പൂച്ചയെ കണ്ട്,
പേപ്പട്ടിയെ ഓടിക്കുമ്പോലെ,
പുറകെയോടി
പുലിയെ കണ്ടെന്ന്
വീമ്പിളക്കുന്നോർക്കൊപ്പം
കിതച്ചിരിക്കേണ്ടിവരും!

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ഇണക്കവും പിണക്കവും!

നേത്ര പടലങ്ങൾ സംവദിക്കുമത്രേ!
പലഭാഷകൾ, പല വികാരങ്ങൾ!
അന്നെനിക്കെന്താശ്വാസമായെന്നോ?
വിറകൊള്ളുന്ന ചുണ്ടുകളേക്കാൾ,
മുറിയുന്ന വാക്കുകളേക്കാൾ,
ധൈര്യം പകർന്ന്…!
അന്നെനിക്കെന്തു വിശ്വാസമായെന്നോ?
നേത്രപടലങ്ങൾ ഒഴുക്കോടെ, സരസമായി..!

നേത്ര പടല ചുണ്ടുകളുടെ സംസാരം കണ്ട്,
തീപ്പാറുന്നൊരുനേത്രപടലം!
എനിക്കു പൂർണ്ണ വിശ്വാസമായിരുന്നു..!
നേത്ര പടലം ഫ്യൂസായെന്നും,
ഞാൻ ഐസായാന്നും!

മറ്റൊരു മിഴി പിടപ്പിൽ
അവളെന്റെ ജീവിത സഖി!
ഹായ് എന്റേത് അഭൌമ തേജസ്സുള്ള നേത്ര പടലങ്ങൾ!
തുള്ളീക്കളിച്ചു ഞാനവയെ അഭിനന്ദിച്ചു,

തിരിച്ചു ഭൂമിയിൽ വന്നിറങ്ങിയപ്പോൾ,
ഞാനറിഞ്ഞു..!
ഞാൻ പൂർണ്ണനായി അന്ധനായിരുന്നെന്ന്!

സത്യം പറഞ്ഞെഴുന്നള്ളീച്ചതിൽ
ഇഷ്ടപ്പെടാത്ത മറ്റൊരു നേത്രപടലം!
തിരിഞ്ഞിരുന്നു മുഖം കറുപ്പിച്ചു!

മനസ്സ് നാവോടു കേൾപ്പിച്ചതിലധികാര സ്വരം!
“ കഥയില്ലാത്ത പിണക്കങ്ങൾക്ക്
കഥയേകുന്ന ജീവിതങ്ങളുണ്ട്!
നിറമേകിയതിനൊടുവിൽ
ഇണക്കുന്ന ചാനലുകളുമുണ്ട്!
കഥയുള്ള പിണക്കങ്ങൾക്ക്
ചില കഥയില്ലായ്മകളുമുണ്ട്!
നേത്ര പടലം ഊറിച്ചിരിച്ചു!

കഥകേട്ട് മത്തു പിടിച്ച്,
ആടിക്കുഴഞ്ഞ്,
ബോധമില്ലാത്ത നാക്കിൻ പിഴ!
“ നീ ത്രിപുര സുന്ദരി!“
പിണക്കങ്ങൾക്ക് ചാനലിൻ
തേജസ്സില്ലാത്ത മരണം!

ചൊവ്വാഴ്ച, ഡിസംബർ 13, 2011

“ഞാൻ” എന്ന പദവും “നീ” എന്ന ഭാവവും!

ഞാനതു വായിച്ചപ്പോഴെല്ലാം അത് “നീയായിരുന്നു…!
ഞാനതു കണ്ടപ്പോഴെല്ലാം അതു “ നീയ്യായിരുന്നു!
പകയുതിർത്തു നിന്ന്,
നീചൻ!.. കുരുടൻ!.. ബധിരൻ..പൊട്ടൻ.. എന്നൊക്കെ വിളിച്ചു!
നീയതു വായിച്ചപ്പോഴും കണ്ടപ്പോഴും അത് ഞാനായി മാറി!
കോപം കൊണ്ട് ജ്വലിച്ചു,
ദുഷ്ടൻ!.. പാപി.!.. അഹങ്കാരി..ചതിയൻ.. എന്നൊക്കെ വിളിച്ചു,
ഞാൻ നിങ്ങളേയും നിങ്ങൾ എന്നേയും മാറി മാറി ചൂണ്ടിയപ്പോൾ
“അതിനനുവാദം നൽകിയത് നിങ്ങളല്ലേ?..“
വീണ്ടും മേൽക്കാണിച്ച വാചകം വായിച്ചു അല്ലേ?
പരസ്പരം ചൂണ്ടി വീണ്ടും കൺഫ്യൂഷൻ അല്ലേ?
എന്താണെന്നല്ലേ….. ഇനി വയ്യ!..സമ്മതിക്കുന്നു..
“അപരാധിയാണ് ഞാൻ!“
മേൽക്കൊടുത്ത വാചകം മനസ്സലിഞ്ഞ് ഉച്ചത്തിൽ വായിച്ചോളൂ!.. മനസ്സു തണുക്കട്ടേ!
“ നിരപരാധിയാണ് നിങ്ങൾ!
മേൽക്കൊടുത്ത വാചകം അതിനേക്കാൾ ഉച്ചത്തിൽ വായിച്ചോളൂ!.. ലോകമറിയട്ടേ!
അപ്പോൾ നമ്മൾ രണ്ടും എഴുതിയും വായിച്ചും
നമ്മൾക്കിടയിലെ മഞ്ഞുരുകിക്കഴിഞ്ഞാൽ.....
...ഒഴുകുന്ന വെള്ളമാണ് ഇനി പ്രശ്നം!.
....അതു നമ്മെ ഒഴുക്കുമോ? അതോ ഒഴുക്കണോ?..
...അണകെട്ടണോ?.. അതോ അണ പൊട്ടണോ?.
..തീരുമാനം ആരുടേതാകും?

റൌഡി!

“ ചങ്കുറപ്പുള്ളോനുണ്ടെങ്കിൽ വരിനെടാ…
“ ഹൃദയം കഠിനമായുള്ളോരുണ്ടെങ്കിൽ വരിനെടാ…
ചോരത്തിളപ്പുള്ളോരുണ്ടെങ്കിൽ ഇറങ്ങി പുറത്തു വാടാ ..
ഒരു കൈ നോക്കാം!“—പുറത്തൊരട്ടഹാസ ശബ്ദം!.. ഞാൻ വല്ലാതെ പേടിച്ചു…!
ആരോ വെല്ലു വിളിക്കയാണോ?....

ഒരു പക്ഷെ പതിനെട്ടടവും പഠിച്ചു കഴിഞ്ഞ ബീവറേജസിന്റെ ശിഷ്യനായിരിക്കും, അതുമല്ലേങ്കിൽ ആളു തെറ്റി വന്നതാവും അതുമല്ലേങ്കിൽ തല തെറ്റിയ ഏതോ…..!....അല്ലാതെ മറ്റാരാണ് എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ?…. പണ്ട് കൊതുകിനെ തല്ലി കൊന്ന മുൻ പരിചയമല്ലാതെ മറ്റൊന്നും എനിക്കില്ല ഇപ്പോൾ ആ ധൈര്യവും ഇല്ലാതായിരിക്കുന്നു.. മനസുറപ്പു കുറവാണ്.. വെല്ലുവിളിക്കുന്ന കൊതുകുകളെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ ഗുഡ്നൈറ്റിനെ ഗുണ്ടയായി കൂലിക്കു വെച്ചാണു ഞാനുറങ്ങുന്നത്….ആ ഞാൻ നിരപരാധിയാണ്.. വെറും നിരപരാധി! ഞാനൊരു പാട് സംശയങ്ങൾ, ആവലാതികൾ മനസ്സുമായി പങ്കു വെച്ചു…!.. ആരായിരിക്കുമത്!

ധൈര്യമുണ്ടെങ്കിലും ആരാണെന്നറിയണമല്ലോ? ..പുറം വാതിലുള്ളപ്പോൾ ഭയവുമില്ലല്ലോ?.. എങ്കിലും ജനലുള്ളപ്പോൾ വാതിൽ തുറന്ന്, വെറുതെ മേടിച്ചു കൂട്ടിയിട്ട് ആരാണെന്നറിയാൻ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ? ഞാൻ ജനൽ പാളി മെല്ലെ തുറന്നു നോക്കി..

"ഹമ്മേ.. അതു നമ്മുടെ ഹംസയല്ലേ?..."... ഇന്നലെയും നാരായണേട്ടന്റെ കടയിലെ പറ്റു കൊടുത്തിട്ടുണ്ടാവില്ല .. വിശപ്പിന്റെ കാറി വിളിയാണ് .. ചായ കുടിക്കാൻ ഒപ്പം പോവാനുള്ള കൂവി വിളിയാണ്…! ..റൌഡിയല്ലെങ്കിലും എല്ലാ മാസവും പൈസ പൊതിഞ്ഞു കെട്ടി സ്വന്തം ബാങ്കിലിടാനും പുട്ടും പഴവും കുഴച്ചടിച്ചതിന്റെ പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കാനും കരാറുറപ്പിച്ച പോലുള്ള ഒരു റൌഡിയെ എനിക്കു ഭയമായിരുന്നു…ഞാൻ അവൻ കാണാതെ പതുക്കെ ജനൽ ചേർത്തടച്ചു..!..നാരായണേട്ടന്റെ നാവിട്ടലക്കുന്നതു കേൾക്കാനുള്ള പവറില്ലാത്തതിനാൽ അവൻ നിരാശയോടെ അടുത്ത ഫ്രെൻഡന്റെ റൂമിനടുത്തേക്ക് നീങ്ങുന്നതും നോക്കി ഭയത്തോടെ ഞാനിരുന്നു..!..
ആ റൌഡി ഇനിയവനെ കൂട്ടി കൊണ്ട് പോയി നാരായണേട്ടന്റെ മുന്നിൽ!

സ്കൂൾ!

എന്നെ നട്ടു നനച്ച ഇടനാഴികൾ!
പാഴ് വിളയായെയെങ്കിലു മിന്നു ഞാൻ
പടർന്നു പന്തലിച്ചപ്പോൾ,
എനിക്കുറപ്പുണ്ട്,
അവരിൽ ചിലരീയിടനാഴികയിലെവിടെയോ
സ്മാരകം പോലുമില്ലാതലഞ്ഞു നടക്കയാണ്!

ഒരു നോക്കെങ്കിലും ..
ഒരു വാക്കെങ്കിലും..
ഒരു ചിരിയെങ്കിലും..

ഈ ഇളംകാറ്റിൽ അവരൊഴുക്കിയെങ്കിൽ,
ഈ ശിഷ്യൻ അവരോടു പറയും!

എന്നെ നട്ടു നനച്ചതിന്..
വളമേകിയതിന്....
വളർത്തിയതിന്...

നിങ്ങളെന്താണെൻ നന്ദിയെങ്കിലുമേറ്റു-
വാങ്ങാനെത്താത്തത്?

എന്തുകൊണ്ടാണ് പാദസ്പർശനം,
എൻ കൈകളെ അനുവദിക്കാത്തത്?

ഒളിമങ്ങിയ സ്മരണകളിൽ,
ഓർത്തു വെച്ച ചിലത്!
കൈകൾ അരുതെന്ന് വിലക്കീട്ടും,
മുഖമന്ന് വേണ്ടെന്ന് പറഞ്ഞിട്ടും
പൊക്കിയ ട്രൌസറിൻ കീഴെ
ചൂരൽ ശാന്തി തേടി-
യന്തരീക്ഷത്തിലലഞ്ഞപ്പോൾ,
ചൊടിച്ചു വീർത്തു നിന്ന തുടകൾ!
കണ്ണുകൾ സജ്ജലങ്ങളാക്കി,
തൊട്ടു തടവി സാന്ത്വനമേകി,
ഏറ്റു വാങ്ങിയ ശിക്ഷകളിൽ,
പണ്ടു ഞാൻ പിറു പിറുത്തിരുന്നു..!

നാശങ്ങളെന്ന്!..
വെറുക്കപ്പെട്ടവരെന്ന്!...

അറിയാത്തബ്ദ്ങ്ങളിലിന്നു-
മാപ്പിനായിരന്ന്!
തിരുത്തീയീയിടനാഴികയിൽ ഞാൻ

നിങ്ങൾ പുണ്യാത്മാക്കളാണെന്ന്!....
വിശുദ്ധന്മാരാണെന്ന്!....
എന്നിട്ടുമെന്തേയെൻ മനസ്സിനൊരു-
നൊമ്പരം?
എന്നിട്ടുമെന്തേയീ കാറ്റിനൊരു-
മർമ്മരം!

ശനിയാഴ്‌ച, ഡിസംബർ 10, 2011

വിഷമം!

കണ്ടിട്ടെന്റെ മനസ്സു പിടഞ്ഞു,
കേട്ടിട്ടെന്റെ കാതു ഭയന്നു!
വിറകൊണ്ടെന്റെ കാലു തളർന്നു!
സാബൂവേട്ടന്റെ മോള്!
എത്ര നല്ല സുന്ദരി!
ഒളിച്ചോടിയത്രേ,
ഒരു കരിമ്പന്റെ കൂടെ..!
അവൾക്കെത്ര നല്ല ആളു വരും!
ഓർത്തിട്ടെനിക്ക് ഓക്കാനിച്ചു!
ദുഷ്ടത്തി!
കുടുംബം കലക്കി!
പിടിച്ചു കെട്ടണമതിനെ..!
അടിച്ചു കൊല്ലണമവനെ..!
വെളു വെളുത്ത ഞാനുള്ളപ്പോ,
എന്റെ കൂടെ ഒളിച്ചോടാതെ,
കറു കറുത്ത അവനൊപ്പം!
മാനഹാനി അയാളു താങ്ങുമോ എന്തോ?

--------------------------------------------------------------------------

(  വായിക്കുന്ന ഓരോ ആളും ഞാനായി മാറട്ടേ.. എന്ന് ലക്ഷം ഉരു മന്ത്രണം ചെയ്തിട്ടാണ് ഞാനിതു തൊടുത്തു വിട്ടത്..ഇതു വായിക്കുമ്പോൾ തന്നെ നിങ്ങൾ ഞാനായി മാറിക്കഴിഞ്ഞു.. ഇതെഴുതിയ ഈ ഞാൻ പാവാണ്.. വെറും പച്ചപശുവാണ്..ശുദ്ധ അബദ്ധമാണ്.. (ഇനി അങ്ങിനെയല്ലേ? ….അർത്ഥം മാറിയോ?)...ആ നിങ്ങളാണ്…!..ഇനി ശ്രദ്ധിച്ചു വായിച്ചു നോക്കൂ.. മനസ്സിരുത്തി..! ....എനി അദർ ഡൌട്ട്?...പ്ലീസ്....ഹി .. ഹി..)
.

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

പ്രണയം!

കേട്ടു കേട്ടൊരെൻ ചിന്തയുറയുന്നൂ.
പ്രണയം ദിവ്യമാണത്രേ!
കണ്ടു കണ്ടെൻ മനമുരുകുന്നു,
പ്രണയം ചാപല്യമാണത്രെ!
എരിവറിഞ്ഞൊരു നയനമൊഴുകുന്നൂ
പ്രണയം ക്രൂരമാണത്രെ!
പുകഞ്ഞു പുകഞ്ഞെന്റെ ചിതയൊരുങ്ങുന്നു!
പ്രണയം കുന്തിരിക്കമാണത്രേ!

പ്രണയമൊരു മഞ്ഞാണത്രെ!
മൂടലൊരുക്കിയൊരു ഭയം വിടർത്തുന്നു!
പ്രണയം കുളിർമഴയത്രെ!
തിമർത്തു പെയ്തൊരു  പ്രളയമാകുന്നു..!

പ്രണയമൊരിളം തെന്നലത്രെ!
ഒടുവിലതൊരു കൊടുങ്കാറ്റാകുന്നു!
പ്രണയമൊരു മഴവില്ലത്രെ!
കുലച്ചു കുലച്ചത് ഇടിമിന്നലായ് ഞെടുക്കുന്നു!
പ്രണയമൊരു പൂമൊട്ടത്രെ!
മനോജ്ഞമായി വിടർന്നു,
ചീഞ്ഞളിഞ്ഞപ്പോഴൊരു ഫലം!
മധുരമോ? കയ്പ്പോ?
വേരറിഞ്ഞപ്പോഴൊരു ഫലം!
അകത്തോ? പുറത്തോ?

എവിടെയോ ഘന സ്വരം!
“ ഗ്രഹണത്തിൽ ദംശിച്ച ഞാഞ്ഞൂലാണു നീ!“
എവിടെയോ ഒരു കിളി നാദം!
“ രാജാവായ് വാഴിച്ച  രാജവെമ്പാല നീ!“

പ്രണയമൊരു ബാധയാണത്രെ!
ദക്ഷിണയിൽ പ്രസാദിക്കും
കറുത്ത കോട്ടിട്ട മന്ത്രവാദിയഭയം!
“കൂടിയതെപ്പോൾ?
പിരിയുന്നതെപ്പോൾ?“
ബാധ നീക്കുന്ന ധീഷണാ മന്ത്രം!
നീക്കലും പാടലും തകിടെഴുതലും,
കേട്ടു തളർന്ന വരാന്തകൾ!
ചൊല്ലും ചിലവും നൽകി
ബാധയൊഴിച്ചാമോദമിരു ചേരികളിലും!

ഉദയപ്രകാശത്തിൽ
എന്നിട്ടുമാരോ കേട്ടു
പ്രണയമൊരു ദിവ്യാമൃതം!
സായാഹ്ന വീഥിയിൽ
അപ്പോഴുമൊരു രോദനം!
പ്രണയമൊരു പൂതന!
പ്രണയം!....
.................
പണ്ടാരോ പാടിയ ശീലുകൾ,
എന്നെയുണർത്തി..
അഞ്ജനമെന്നാലെനിക്കറിയാം,
മഞ്ഞളു പോലെ വെളുത്തിട്ട്!“..

ബുധനാഴ്‌ച, ഡിസംബർ 07, 2011

ക(ഥ /കവി)തകൾ!

(ഥ /കവി)കൾ !
------------------------------
1) മുല്ലപെരിയാറമ്മ !
അമ്മാ ശരണം, തായേ ശരണം
പെരിയാർ കാക്കും മാതാ ശരണം
തന്നൊരു സ്വത്തും ധനൈശ്വര്യവും
അനുഗ്രഹ വർഷവും തീർന്നേ ശരണം

ഉപകാരത്തിൻ സ്മരണ പുതുക്കി-
നാറ്റിക്കല്ലേ മായേ ശരണം!
അടരാടുന്നോന്റജ്ഞതയെന്ന്,
കരുതി ക്ഷമിക്കൂ  തമിഴകമമ്മേ
തന്നതു മൊത്തം തെളിച്ചു പറഞ്ഞാൽ,
വിവരദോഷികൾ കൂവി വിളിക്കും!
കേട്ടൊരു സത്യമറിഞ്ഞു തുലഞ്ഞാൽ
നാട്ടാരൊക്കെ അടിച്ചു പൊളിക്കും!

സംഹാരത്തിൻ ഉറവ യുണർന്നാൽ,
വോട്ടർമാരവരറബിക്കടലിൽ!
കനിവുണ്ടായി അണകെട്ടീടാൻ
നീട്ടോലയിലൊരു വരയും കുറിയും,
നീട്ടിയ മൂളലും കാത്തീടുന്നേ!
നേതാവിന്റെ പ്രാർത്ഥനയാണേ,
കനിവുണ്ടായി പൊറുത്തീടേണം!
തെറ്റുകളൊക്കെ ക്ഷമിച്ചീടേണം!

----------------------------------------------
2) സംസ്ഥാപനം
നിന്റെ നാവുകൾ  അഴിമതിയെന്ന്
കാറി വിളിക്കവേ,
പട്ടിണിക്കിടേണ്ടി വരുന്നോരെൻ
കുടുംബത്തിൻ കന കഥയോർത്ത്,
ഞാൻ മുഷിഞ്ഞു..
കോടികളിക്കാലം കടല കൊറിക്കാൻ
തികയുമോ?
പ്രതി സ്ഥാനത്തു പ്രതി പക്ഷവും
മർമ്മസ്ഥാനത്ത് ജനപക്ഷവും നിൽക്കവേ,
ഒരു വിഷമം!
ഭരണമൊരു മുൾക്കിരീടമെങ്കിലും
രാജി ജനതയെ പട്ടിണിയിലാഴ്ത്തും!
--------------------------------
3) ഉപദേശം
ഞങ്ങൾക്കഞ്ചുവർഷം കൊണ്ട്,
സാധിക്കാത്തതഞ്ചു നിമിഷം കൊണ്ടു
സാധിക്കുന്നില്ലേങ്കിൽ രാജി വെച്ചൊഴിയുണ്ണീ…!
എന്നിട്ട് മുണ്ടു മടക്കിക്കുത്തി തൂമ്പായെടുത്ത്
കിളയുണ്ണീ…!
--------------------------------------------------------
 ശൂന്യമാണെൻ ചിന്തകൾ,
ബുദ്ധിശൂന്യത പൊറുക്കണം,
ഗഹനമാണു നിൻ വിചാരങ്ങൾ,
സ്പഷ്ടമാക്കി ഗമിക്കണേ..

ചൊവ്വാഴ്ച, ഡിസംബർ 06, 2011

പഥം

തളർച്ച  അഭിമാനികൾക്കധമം!
ഭീരുക്കൾക്കുത്തമം!
ശവത്തിൽ തോണ്ടി രസിക്കും
എതിരാളികൾക്കേകുമാഹ്ലാദം!

അല്ലയോ മനമേ,
നിൻ വഴികളിൽ കരിങ്കൽ ചീളുകൾ,
നിൻ ചിന്തകളിൽ മുള്ളുകൾ,
ചിതറിയോടിയതാരാണ്?
രക്തം പൊടിയുന്ന നിൻ കൺകളിൽ
ഭീരുത്വത്തിൻ ചുംബനമേകിയതാര്?

പനിമതിയുടെ കുളിർനിലാവിൻ തലോടലിൽ
അഗ്നിയുടെ കെട്ടടങ്ങാത്ത ആവേശമായി,
ഒഴുകി നടക്കേണ്ട നിന്നെ കുരുതി കഴിച്ചതാര്?

ഫിനിക്സ് പക്ഷിയായ് പിടഞ്ഞെഴുന്നേറ്റ്
ഓരോ ചുവടും അർക്കനെ നോക്കി,
ഭൂമിയേയോർത്ത് നീങ്ങുക,
ഓരോ ഭ്രമണത്തിലും പകലു രാവിനോട്
ഉജ്ജ്വല തേരോട്ട കഥ പറഞ്ഞുറക്കട്ടേ!

അല്ലയോ മനമേ,
എന്റെ അവസാന തുള്ളി രക്തത്തിലും
ജീവന്റെ കണിക  കാണിക്കുക,
വയോധികന്റെ ചങ്ങലകൾ
ഭൂഷണമാക്കാത്ത പാദങ്ങളാൽ വഴി നടത്തുക
നിനക്കീ പാതകൾ സ്വർഗ്ഗമാകട്ടേ!
നിനക്കീയിടനേര വിശ്രമം
കുതിപ്പിനു പുണ്യമാകട്ടേ!
നിനക്കീയരനിമിഷങ്ങൾ,
ധൃതിയില്‍ വിജയസോപാന കൊടിയൊരുക്കട്ടേ!

ഞായറാഴ്‌ച, ഡിസംബർ 04, 2011

അകലം!


മുന്നോട്ട്, മുന്നോട്ട്…
അശരീരി ശബ്ദം കാതുകളിൽ,
ലക്ഷ്യ പ്രതീക്ഷ മനസ്സിൽ!
നേർ രേഖ വരച്ച്,
നടന്നു നടന്ന്
ചതുരത്തിലൊതുങ്ങിയ ജീവിതം!
ഒരു ചാൺ വയറു നിറയ്ക്കാൻ,
അടിമയായി സ്വയമർപ്പിച്ച്,
ഇടം കൈ ചൂണ്ടിയേടത്ത്,
പണിയെടുത്ത്,
വലം കൈ ചൂണ്ടിയേടത്ത്,
ശകാരം തിന്ന്
വിലങ്ങിയപ്പോൾ
പരിഹാസം കുടിച്ച്
ഓച്ഛാനിച്ച് വാങ്ങിയ ഭിക്ഷ!
ഡ്രാഫ്റ്റായി അയച്ച്,
കടമ തീർത്ത്,
ജീവിതം ഇറക്കിവെച്ച്,
കൂർക്കം വലിച്ചുറങ്ങി!

നിദ്രയുടെ അവസാന വേളയിൽ
അവളുടെ രംഗ പ്രവേശം!
ജീവരക്തത്തിന്റെ തള്ളിച്ചയാൽ
അവളെന്നെ മലിനമാക്കി!
പിടഞ്ഞെഴുന്നെറ്റപ്പോൾ
സർവ്വം മായ!

എന്റെ സാമ്രാജ്യത്തിലെ
എന്റെ പട്ടമഹിഷി പട്ടം!
എന്നിട്ടുമവൾ കയ്യെത്താദൂരത്ത്,
പരാതി പറഞ്ഞും, പിറു പിറുത്തും
വൃത്താകൃതിയിൽ  നടന്നു നടന്ന്
കാല ചക്രത്തെ ഉരുട്ടി..

തലയിൽ പൊൻ മുടി നട്ടു നനച്ചും
മീശയും മുടിയും കറുപ്പിച്ചും,
ഭ്രമണം എണ്ണി,
മനമുരുക്കി,
പരാതി ഉൾക്കൊണ്ട്
തലകുലുക്കി,
നല്ലൊരു നാളെ വിരിയിക്കാൻ
ഭീഷ്മ പ്രതിജ്ഞ!
ഞാനീ കരയിൽ
ശരശയ്യയിലിപ്പോഴൊന്ന് ..!

ബുധനാഴ്‌ച, നവംബർ 30, 2011

രാജ്യസ്നേഹം!

കേരളക്കര രോഗം ബാധിച്ചു നട്ടോട്ടമോടുമ്പോൾ,
അജ്ഞയായി നടിച്ച് അയലത്തമ്മ പറഞ്ഞു
“ വെറും സംശയ രോഗം!”
കുരുടിത്തള്ളയെന്ന് കൂവി വിളിച്ചപ്പോൾ,
അയലത്തമ്മ പറഞ്ഞു.." അവർക്ക് പ്രാന്ത്!"

അയലത്തമ്മയ്ക്ക് ഡോക്ടറേമാന്റെ കൌൺസിലിങ്ങ്!
“അണകെട്ടിക്കൂടേ",
മുതലാളിത്തം പറഞ്ഞിട്ടും, കമ്മ്യൂണിസം പറഞ്ഞിട്ടും
തള്ളയ്ക്കൊറ്റ വാശി
“അണകെട്ടാതിരുന്നൂടേ!“
യുദ്ധമെങ്കിൽ യുദ്ധമെന്ന് കേരളപ്പടത്തലവൻ!
ഒരു കൈ നോക്കാമെന്ന് തമിഴത്തലവൻ!
സംസ്ഥാനങ്ങൾ രാജ്യങ്ങളായി സ്വതന്ത്രമായോ?
ഞാനൊന്നുമറിഞ്ഞില്ലേ എന്റെ മന മോഹന ലാല..

ചൊവ്വാഴ്ച, നവംബർ 29, 2011

മനീഷ് ഏകനല്ല..!

..പ്രഭാതം..!..ഞാൻ റോഡിലൂടെ നടക്കുകയാണ്‌..പതിവുള്ള പ്രഭാത സവാരി !.. ഒരു കാർ മെല്ലെ നിൽക്കുകയാണ്‌.. ആരുമില്ലാത്ത ഇടം...ഒരു കിഴവനെ വഴിയിൽ തള്ളി അവർ കാറിൽ കയറി രക്ഷപ്പെടുകയാണ്‌... !
എന്തൊരു ക്രൂരത!
എന്തൊരു ലോകം!
അപ്പോഴെന്റെ തല പൊട്ടി പിളർക്കുകയാണ്‌...എന്റെ ക്ഷമ നശിച്ചിരുന്നു...
ഒരു കല്ലെടുത്ത്‌ കാർ ലക്ഷ്യമാക്കി ഒരേറ്‌!..
അതിന്റെ ചില്ലുകൾ തകർന്നു.. അത്‌ റിവേഴ്സ്ടുത്തു..കാറിന്റെ ഡോറിനു പോലും ക്ഷമയില്ലാതായിരുന്നു
അവരെന്റെ കോളറിൽ പിടുത്തമിട്ടു... ആ സംസ്ക്കാര സമ്പന്നർ സഭ്യമല്ലാത്തതൊക്കെ വിളിച്ചു പറയുകയാണ്‌..!
ആളുകൾ കൂടി, എനിക്കു കിട്ടേണ്ട അടി തടുത്തു..!
ഇപ്പോൾ വാക്കു തർക്കം നടക്കുകയാണ്‌!..അവരെന്നെ വിസ്തരിക്കുകയാണ്‌..!
" അവരുടെ കാറിന്റെ ചില്ല് തകർത്തത്‌ താനല്ലേ?"
" ഊവ്‌!"
"അതിന്റെ പൈസ കൊടുത്തിട്ടു പോയാൽ മതി!"
" ഇവർ....." ഞാൻ വിവരിച്ചു
.............
"അവർക്കു വേണ്ടാത്ത സാധനം കളഞ്ഞിട്ടു പോകുന്നതിൽ തനിക്കെന്ത്‌?"- ആളുകൾ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു..
എന്റെ വാദമുഖങ്ങൾക്ക്‌ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു..എന്തു പറഞ്ഞാണ് ഇവരെ... !
"ഭ്രാന്തൻ!"- ആളുകൾ എന്നെ ചൂണ്ടിപ്പറഞ്ഞു.. 
അവരെന്റെ പേഴ്സ് കൈക്കലാക്കി. തലേന്ന് വാങ്ങിയ ശമ്പളം പേഴ്സില്‍ തന്നെയുണ്ടായിരുന്നു..  വീട്ടില്‍ എടുത്ത് വെക്കാന്‍ മറന്നു .. അതില്‍ നിന്നും അവര്‍ സ്വന്തം പൈസ എണ്ണി ക്കൊടുക്കുംപോലെ എണ്ണിക്കൊടുക്കുകയാണ് ... പേഴ്സ് പോലും അവര്‍ തരിച്ചു തന്നില്ല... അല്ലെങ്കിലും ഒഴിഞ്ഞ പേഴ്സ് അവര്‍ക്കിരിക്കട്ടെ...!
ഒടുവിൽ ആരോ പറഞ്ഞു.." സാറു പോയ്ക്കോ?.. ഞങ്ങളിവനെ..!"
സഭ്യതകൾ കാർ സ്റ്റാർട്ടു ചെയ്യിച്ചു..അസഭ്യതകൾ കാർ കുതിച്ചു പായിച്ചു..!..
വഴിയിൽ തള്ളിയ വൃദ്ധന്റെ ഞരക്കം..!... എന്റെയും..!

എനിക്കാണോ ഭ്രാന്ത്‌!.. കാറിലെ, സഭ്യത പൊതിഞ്ഞു കെട്ടി നടന്നവർക്കോ? അതോ സ്വന്തം നാളെകളെ തിരിച്ചറിയാത്ത, തെറ്റും  ശരിയുമറിയാത്ത   ന്യായവാദി ആളുകള്‍ക്കോ?
അയാളെ താങ്ങിയെടുത്തപ്പോൾ അയാൾ പറഞ്ഞു.." മോനെ...എനിക്കു വേണ്ടി നീയ്യെന്തിനാണ്‌....?"... അയാളുടെ കണ്ണു തുളുമ്പിയിരുന്നു..  
അയാളെ താങ്ങി സുരക്ഷിതത്വം കൊടുക്കുമ്പോൾ,  ഒട്ടിയതും വെളിച്ചമൂര്‍ന്നതും ആയ മുഖങ്ങള്‍ എത്തി നോക്കി.പല ഭാവങ്ങളില്‍ പ്രതിഷ് ഠിച്ചിട്ടുള്ള ശില്പങ്ങള്‍ പോലെ അവര്‍ അവിടവിടെ തൂങ്ങിയിരിപ്പാണ് . സ്ഥാനഭ്രഷ്ടരാക്കപ്പെട്ട രാജസിംഹങ്ങളുടെ ഗതകാലഗാംഭീര്യം അവരുടെ മുഖങ്ങളില്‍ നിന്നും തുടച്ചെടുക്കാം ...!
അതില്‍ പോറലും പൊട്ടലും വന്ന ഒരു ശില്പം എന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു.." "നീയ്യെന്റെ ഭർത്താവിനെ കൊണ്ടു വന്നു തന്നു...!...ദൈവം മോനെ അനുഗ്രഹിക്കട്ടെ !... അവരുടെ കണ്ണുകളിലെ തിളക്കം!.

അവരെന്നെ സ്നേഹത്തോടെ യാത്രയാക്കി... മറ്റു ശില്പങ്ങള്‍ അവരോട്‌ തിരക്കുകയാണ്.
.." ആരാ മകനാണോ?... അതോ മകളുടെ ഭര്‍ത്താവോ?. .."
" അല്ല ഏതോ അജ്ഞാതന്‍ !.ദൈവാണ് അവനെ.... ഞാന്‍ അവനെ പെറ്റില്ലെന്നെയുള്ളൂ.... എന്നാലും എന്റെ മകന്‍ തന്നെ..!..എന്റെ മകന്‍ !.. അവനാണ് അത്രെയെങ്കിലും..!.
അവര്‍ അയാളുടെ നേരെ തിരിഞ്ഞു   അഭിമാനത്തോടെ പറയുകയാണ്  ".. അവനാണ് എന്നെയും..!"
ഞാനെന്തിനാണ് ആവശ്യമില്ലാത്തത് ശ്രദ്ധിക്കുന്നത് ? ഇന്നത്തെ എന്റെ ജോലി തീര്‍ന്നിരിക്കുന്നു... അവരുടെ വാക്കുകള്‍ക്കു ചെവിയോര്‍ക്കാതെ വേച്ചു വേച്ചു നടന്നു ...ശരീരം നീറുകയാണ് ... ചോര
പൊടിയുന്നുണ്ടാവണം..  വിയര്‍പ്പിന്റെ ചുംബന പ്രവാഹമാകണം നീറ്റല്‍ അസഹ്യമാക്കുന്നത് ..!
ഇപ്പോൾ ഞാൻ ജോലി ചെയ്യുകയാണ്‌..
ബോസിന്റെ എത്ര കഠിന ജോലിയേയും നിസ്സാരവൽക്കരിച്ചു കൊടുത്തിട്ടും അയാൾ നന്ദിയുതിർക്കുന്നില്ല. പകരം പറയുന്നത്‌ ഒളിഞ്ഞു നിന്നു കേട്ടു.
"അവനൊരു പൊട്ടനാണ്‌..!"
"ശ്രദ്ധയില്ലാത്തവൻ!."
"...ഒരു വസ്തുവിന്‌ കൊള്ളില്ല"
എന്റെ പേരല്ലേ അയാൾ പറയുന്നത്‌....ഇന്നലെ വരെ നീ ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണെന്ന് മൊഴിഞ്ഞ  തിരുവായില്‍ നിന്നാണോ  ആ  മൊഴിയും !.... എന്റെ കർമ്മങ്ങളെല്ലാം അവർ നിസ്സാരവൽക്കരിക്കുകയാണ്‌..
.... എന്റെ ഹൃദയം ഭ്രാന്തായി സ്വയം ആഞ്ഞാഞ്ഞിടിക്കുകയാണ്‌!
" ഇവനെ എന്തിനാണിവിടെ വെച്ചത്‌?"- കേൾക്കപ്പെടുന്നവന്റെ ചോദ്യം..
"..ങാ.. പിരിച്ചു വിടണമെന്ന് കരുതിയതാണ് പക്ഷേ ഒരു സഹതാപം.!. ജീവിച്ചു പോയ്ക്കോട്ടേ!"- ബോസ്സിന്റെ സ്വരം.
"നിനക്ക് കാണണോ അവന്റെ കളി.. നല്ല രസമാണ്!.."
എന്നെ വിളിക്കുകയാണ് ..
ഫയലുകള്‍ എടുപ്പിച്ച് ...അത് വായിക്കുന്നതായി നടിച്ച് ...
അതെ അവര്‍ എന്നെ ഒരു കാരണവും ഇല്ലാതെ കുരങ്ങു കളിപ്പിക്കയാണ് ... ഞാനവിടെ നിന്നും പുറത്തു കടന്നപ്പോള്‍ ഒരു പൊട്ടിച്ചിരി !.. ദേഷ്യപെട്ടപ്പോഴും പരിഹസിച്ചപ്പോഴും കുടുംബത്തിന്റെ നിസ്സഹായ ചിത്രം  തുറിച്ച്    നോക്കുകയാണ് ..   അപ്പോള്‍ ഞാനെങ്ങിനെ?

.. കേൾക്കപ്പെടുന്നവൻ കമ്പനിയെ മൊത്തം കൊള്ളയടിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്നവൻ.. ഒരു ചതിയൻ!.. അവനെ കൊണ്ടാണീ കമ്പനിക്ക്‌ നഷ്ടങ്ങൾ ഉണ്ടാകുന്നത്‌.. ഒരു പാട്‌ പൈസ അടിച്ചെടുത്തത്‌ അവനാണ്‌.. തെളിവുണ്ടായിട്ടും തെളിവില്ലാതാക്കാൻ അതിസമർത്ഥൻ!

ഒരു ശകുനിയുടെ കൂടെ കമ്പനി കൂടി ചിയേഴ്സ്‌ പറഞ്ഞു രസിക്കുകയാണ്‌ പാവം ബോസ്സ്‌!...എന്റെ പല്ലുകൾ കൂട്ടിയിടിക്കയാണ്‌.. ഞെരിയുകയാണ്‌... പക്ഷെ ഒരു മതിപ്പും ഇല്ലാത്ത ബോസ്സിനായി ഞാനെന്തിന്‌..!.
." ഹ ഹ ഹ.. ഒരു ഭ്രാന്തനാണവൻ!"- ബോസ്സും അയാളും ചിരിക്കുകയാണ്‌..ഞാൻ അതു കേട്ടിട്ടും കേൾക്കാതെ നടന്നു..
പാവം ബോസ്സ് .. നല്ലതാര്, ചീത്തയാര്   എന്നു   തിരിച്ചറിയാതെ ഇളിക്കുകയാണ്...  ഇളിക്കട്ടെ! ..  ഒപ്പം ഇളിക്കുന്ന ഭ്രാന്തന്‍ ഇപ്പോള്‍ ബോസ്സിനെ കൊല്ലാനുള്ള വഴി , അല്ലേങ്കില് തകര്‍ക്കാനുള്ള വഴി തേടി മനസ്സു പുണ്ണാക്കുകയാവും .. ബോസ്സിനെ കൊല്ലാതെ  വിട്ടാല്‍ മതിയായിരുന്നു.... എനിക്കെന്തു   എന്നു വേണമെങ്കില്‍ കരുതാം പക്ഷെ അങ്ങിനെയല്ലല്ലോ ?.. അയാളുടെ ഉപ്പും ചോറും തിന്നതിനു ഒരു കൂറ് ഞാനെങ്കിലും !... എപ്പോഴും ബോസ്സിന്റെ കൂടെയുള്ള ആ എമ്പോക്കിയുടെ മുകളില്‍  ഒരു കണ്ണ് വേണം !... രക്ഷയ്ക്ക് ഞാനല്ലാതെ മറ്റാരും ഉണ്ടാവില്ലെന്ന് ബോസ്സ് തിരിച്ചറിയണം !... അവരുടെ ചിരി എന്റെ ഒരു കാതു തുളച്ചു മറു കാതിലൂടെ പോകാന്‍ വെമ്പല്‍ കൊള്ളുകയാണ് !!..

ഇപ്പോൾ രോഗം വന്ന് തളർന്നു കിടന്ന ഒരാളെ എനിക്ക്‌ ആശുപത്രിയിൽ എത്തിക്കണം. .ഒരജ്ഞാതൻ..! റോഡരുകിൽ അയാൾ ഛർദ്ദിക്കയാണ്‌..അയാൾ കുഴഞ്ഞു വീഴുകയാണ്‌..ഞാനയാളെ റോഡരുകിൽ പിടിച്ചിരുത്തി..കണ്ട ഭാവം നടിക്കാത്ത റിക്ഷാക്കാരൻ!

ഇപ്പോൾ ഞാൻ റിക്ഷക്കാരനോട്‌ തർക്കിക്കയാണ്‌..
"ഓട്ടം പോകാൻ കഴിയില്ല!"
" കാരണം?"
" ഗെയിറ്റടക്കും!.. വണ്ടി വരാറായി..!"
" നിങ്ങൾക്കും അച്ഛനും അമ്മയും ഇല്ലേ?... അയാൾ രോഗിയാണ്‌..മരിച്ചു പോകും. !"-ഞാൻ യാചിച്ചു.."..താൻ തന്റെ പണി നോക്കെടോ?.. എനിക്കു പറ്റില്ലെന്ന് പറഞ്ഞില്ലേ?"
അയാളുടെ മുഖം വലിഞ്ഞു മുറുകുകയാണ്‌..!
വീണ്ടും അയാളോട്‌ കെഞ്ചി..അയാൾ ചെവിക്കൊണ്ടില്ല..!ഞാൻ തക്കം പാർത്തിരുന്നു..!അന്യ ഭാഷാ സം സാരിക്കുന്ന ഒരാളും കുടുംബവും നടന്നു വരുന്നു...നല്ല കോളു കണ്ട്‌ അയാൾ റിക്ഷ സ്റ്റാർട്ട്‌ ചെയ്യുകയാണ്‌..!
മുഖമടച്ച്‌ ഞാനൊന്നു കൊടുത്തു അയാളെ തള്ളി താഴെയിട്ടു... പിന്നെ അയാളുടെ റിക്ഷയെടുത്ത്‌ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു..!

ആ നീചന്‍ റിക്ഷ തട്ടികൊണ്ട്‌ പോയെന്ന് നിലവിളിക്കുന്നുണ്ടായിരുന്നു... കാക്കാ കൂട്ടം പോലെ റിക്ഷകൾ എന്നെ പിന്തുടരുകയാണ്‌..രോഗിയെ ആശുപത്രിയിലാക്കി പുറത്തിറങ്ങുമ്പോഴേക്കും അവരെന്റെ കോളറിൽ പിടുത്തമിട്ടു..!... റിക്ഷക്കാരോടാ നിന്റെ കളി..!...നീ റിക്ഷക്കാരനെ തള്ളിയിട്ട്‌ റിക്ഷ തട്ടിക്കൊണ്ടു പോകും അല്ലെടാ...." അവർ ആക്രോശിച്ചു..
കാരണം പോലും ചോദിക്കാതെ അവരെന്നെ ഭേദ്യം ചെയ്യുകയാണ്‌..!..ആളുകൾ ചുറ്റും കൂടി..അടി തടുത്തു നിര്‍ത്താന്‍ കൂടി ആരും ..!
ഒരു കുട്ടി വിളിച്ചു പറഞ്ഞു.." അയാൾ എന്താ പറയുന്നതെന്ന് ഒന്നു കേട്ടിട്ട്‌..!"
അതു കേൾക്കാൻ ആളുകൾക്ക്‌ സമയമുണ്ടായിരുന്നില്ല!...താല്‍പര്യവും ..!.
"ഓടെടാ..ഒരു വക്കാലത്തും കൊണ്ട് വന്നിരിക്കുന്നു.. "..അവരവനെ ഓടിച്ചു !

വേച്ചു വേച്ചു രണ്ടു ദിവസം കഴിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോഴേക്കും പഴയ രോഗിയേയും കൊണ്ട്‌ ബന്ധുക്കൾ സ്ഥലം വിടുകയാണ്‌..!...എ‍ന്തായെന്നറിയാനുള്ള ആകാംഷയിൽ ഞാനടുത്തു ചെന്നു.." പിന്നെ ചോദിച്ചു... " ഇപ്പോഴെങ്ങിനെ?"
"കുറവുണ്ട്‌!"" മുഖത്തു കൂടി നോക്കാതെ അയാൾ പറഞ്ഞു..
അവരെന്നെ അപരിചിതനെ പോലെ നോക്കി..അയാളും!...
അവരെന്നോട്‌ പുച്ഛത്തോടെയല്ലേ പെരുമാറിയത്‌! എനിക്കു സങ്കടമായിരുന്നു.. " ഞാനാണിയാളെ..!"
അവരതു കേൾക്കാൻ കൂടി കൂട്ടാക്കിയില്ല...അവർ താങ്ക്സ്‌ കൂടി പറഞ്ഞില്ല... അയാളെ അവർ കാറിൽ കയറ്റുകയാണ്‌.. അയാൾ തിരിഞ്ഞു പോലും നോക്കിയില്ല..!
എന്റെ തല പെരുക്കുകയാണ്‌.!.....ലോകം!...ഇനി റിക്ഷാക്കാരൻ ചെയ്തതാണോ ശരി!
ഇപ്പോൾ ഒരാൾ സിഗരറ്റു വലിക്കയാണ്‌..
വേണോ?..വലിക്കുന്നോ?"
വലിക്കുന്നവരെ കണ്ടാൽ എനിക്ക്‌ ഭ്രാന്തു വരുമെന്നറിയാത്ത ശപ്പൻ!.. ഞാൻ സംയമനം പാലിച്ചു.. പിന്നെ ഒരു പലക ചൂണ്ടി..."... നോ സ്മോക്കിംഗ്‌!"
അയാൾ രണ്ടു പുകചുരുളുകൾ കൂടി വിട്ട്‌ കോപത്തോടെ അതു ഞെരിച്ചു കളഞ്ഞു..." മെല്ലെ പിറു പിറുത്തു...ഈഡിയറ്റ്‌!"

  ഇപ്പോൾ ഞാൻ ഈ മെയിൽ ചെക്കു ചെയ്യാനായി കഫേയിലാണ്‌..തൊട്ടടുത്ത അടഞ്ഞ ക്യാബിനിൽ നിന്ന് സീൽക്കാരം കേൾക്കുന്നു.. അതോ ചുംബനത്തിന്റെ ശബ്ദമോ ?.. അതെ അടുക്കിപ്പിടിച്ച ചിരി ! പാത്ത് പതുങ്ങി നേര്‍ത്തവിടവിലൂടെ നോക്കി ....ഒരു ചെക്കനും  ഒരു പെണ്ണും!..
. അവര്‍ ആലിംഗനനിര്‍വൃതിയിലാണ് ... !..അനാശാസ്യം!..ആരാണവര്‍?...
"ആ അടഞ്ഞു കിടക്കുന്ന വാതിലിനു പിറകില്‍ ആരാണ്?" കഫെയുടമയോടു ചോദിച്ചു
 അയാള്‍ ചൂടായി ..." തനിക്കെന്തു... ?
എന്റെ ത ല പെരുക്കുകയാണ്  ...
എന്റെ അനിയന്റെ മുഖം..!.. ഛേ അവൻ!..
എന്റെ അനിയത്തിയുടെ മുഖം!... ഛേ അവൾ..!
ക്യാബിന്‍ ത‍ല്ലി തകര്‍ത്തു .. അകത്ത് അവര്‍ ഭിതിയോടെയിരിക്കുന്നു... നീങ്ങിയ വസ്ത്രങ്ങള്‍..!..
ദേഷ്യം വന്നു കണ്ണ് കാണാത്ത പോലെ ... വീട്ടില്‍ നിന്നും പഠിക്കാനാണെന്നു പറഞ്ഞു വന്നിട്ട് .. ഇവിടെ ഈ കഫെയില്‍ ....!....സ്ഥല കാല ബോധം പോലുമുണ്ടായില്ല ....പൊതിരെ തല്ലി!
ആളുകൾ കൂടുകയാണ്‌.. ചോദ്യങ്ങൾ ചോദിക്കുകയാണ്‌..
"എന്താ സംഭവിച്ചത് ?"
"ഇനിയെന്ത് സംഭവിക്കാന്‍ ?..കലിതുള്ളി എന്തൊക്കെയോ ഞാന്‍ വിളിച്ചു പറഞ്ഞു .
"..നിങ്ങളുടെ ആരാണിയാൾ?"-അവർ അവനോട് തിരക്കുകയാണ്.. എന്നോടല്ലേ തിരക്കേണ്ടത്?.. ഞാനല്ലേ അവരെ അടിച്ചത്..!
"ആ അറിയാൻ പാടില്ല!.."- അവർ
പേട മാന്‍ പോലത്തെ പെണ്‍കുട്ടി എങ്ങിക്കരയുന്നു.. പേടിച്ചു വിറച്ച് കുറുക്കനെ പോലത്തെ ആണ്‍കുട്ടി നിഷ്കളങ്കത ചമയുന്നു..
"ഞങ്ങൾ നെറ്റു ചെക്കു ചെയ്യാൻ വന്നവരാണ്‌....ഇയാള്‍ ...ഇയ്യാൾ ഞങ്ങളെ..!." -അവർ നിഷ്ക്കളങ്കരായി മാറി!
"നിങ്ങൾ എന്തിനാണിവരെ?.."... നിങ്ങൾക്കിവരെ അറിയോ?.."- ചോദ്യ ശരം!.."...
സൂക്ഷിച്ചു നോക്കി.. അയ്യോ എനിക്കറിയില്ലല്ലോ ...അവനെന്റെ അനിയനല്ല!...അവൾ എന്റെ അനിയത്തിയുമല്ല!.. എനിക്കെന്തു പറ്റി..!
"മുഖത്തു നോക്കി പറയടാ...അറിയോ?...."- ആളുകൾ ആക്രാശിച്ചു.
..അപ്പോൾ പറഞ്ഞു.." അറിയില്ല..!.. പക്ഷെ ... ഇവർ അനാശാസ്യം.!".എന്റെ പല്ല്ലു ഞെരിഞ്ഞു.!
"...നീയല്ലേടാ ...തോന്ന്യവാസി അവരെ അപമാനിക്കാന്‍ ശ്രമിച്ചത്?... നീയാരാടാ സദാചാര പോലീസോ ?"
"..തങ്ങളുടെ സുഹൃത്തിനെ തല്ലാൻ നീയ്യാര്‌?"- ഒരുവനെന്റെ കോളറിനു പിടിച്ചു!
"ഭ്രാന്താ..ഇവന്.."- കടയുടമ എന്നെ കടന്നു പിടിച്ചു..!
പിന്നെ കടയുടമ ആളുകളോട്‌ വിവരിക്കുകയാണ്‌.. പാവം കുട്ടികൾ മെയിലു ചെക്കു ചെയ്യാൻ വന്നതാ... നമ്മളെ നേതാവിന്റെ മകനും, ക്ലാസ്സിലെ ഒരു കുട്ടിയും..!. ഈ ദുഷ്ടൻ അവരെ അപമാനിക്കാൻ ശ്രമിച്ചു..
എന്നെ കേൾക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല... ഞാൻ ഏകനായിരുന്നു...അവരെന്നെ കശക്കിയെറിഞ്ഞു... ..എന്തിനാണ്‌ ഞാൻ പ്രതികരിച്ചത്‌.?. അറിയില്ല.. ഛെ എന്തിനാണ്‌ ഞാൻ...!
നേതാവിന്റെ മകനും പ്രീഡിഗ്രിപെണ്ണും പ്രശ്നങ്ങൾക്കിടെ രംഗത്തു നിന്നും അപ്രത്യക്ഷരായിരുന്നു.
അവര്‍ക്ക് നാണോം മാനോം കാക്കെണ്ടതുണ്ട് !

ഞാനിപ്പോൾ പഴയ കൂട്ടുകാരുടെ അടുത്താണ്‌..!
അവർ സന്തോഷിക്കുകയാണ്‌.. അകമഴിഞ്ഞ്‌..!
അവർ പാട്ടു പാടുകയാണ്‌.. നൃത്തം ചവിട്ടുകയാണ്‌..
"..അവർ മദ്യത്തിന്റെ അടപ്പു തുറക്കുകയാണ്‌.."
"..ആണാണോടാ താൻ?.."- അവരെന്നെ പരിഹസിക്കുകയാണ്‌..
".. എടാ ലേശം അടിച്ചാൽ തനിക്ക്‌ മനസ്സിലാവും.. പിന്നെ അതൊരു........." ഉപദേശങ്ങൾ ഫ്രീയായി അവർ തരികയാണ്‌..ഞാൻ രൂക്ഷമായി നോക്കി.. മദ്യത്തിന്റെ രൂക്ഷത എന്നെ ദേഷ്യം പിടിപ്പിക്കുകയാണ്
ഒരു ഗ്ലാസ്സ്‌ അവനെന്റെ നേരെ നീട്ടി, എന്റെ ആണെത്തത്തെ അവര്‍ ചോദ്യം ചെയ്യുകയാണ് .. സംയമനം പാലിച്ചു ഞാന്‍ നിന്നു..മദ്യ ലഹരിയില്‍ ഒരുവന്‍ എന്നെ ബലം പ്രയോഗിച്ചു മദ്യം വായിലോഴിക്കാന്‍ ശ്രമിക്കയാണ് ..
ഞാനാ ഗ്ലാസ്സ്‌ മദ്യത്തോടൊപ്പം എറിഞ്ഞുടച്ചു.....
" അവനു പ്രാന്താടാ... നീയ്യല്ലാതെ അവനോട്‌ ....!"-- നോട്ടം കണ്ടിട്ടാകണം ഒരു പഴയ സുഹൃത്ത്‌ ഉപദേശിയെ ശകാരിക്കയാണ്‌..
"വട്ടാ ...!.. അവർ ഒച്ചത്തിൽ ചിരിച്ചു...തന്നെ പരിഹസിക്കുകയാണ്‌..
ഞാൻ അവരുടെ അടുത്തു നിന്നും മെല്ലെ നടന്നു നീങ്ങി..

ഇപ്പോൾ ഞാന്‍ വേച്ചു വേച്ചു  വിടണയുകയാണ്  .. !.. വീടെത്തിയപ്പോള്‍ പരമാവധി ശക്തി സംഭരിച്ചു നേരെ നടന്നു ...... .അമ്മ സംശയത്തോടെ നോക്കുകയാണ്‌.." മോനേ!.. നിനക്കെന്താണ്‌......!
"അനിയൻ എന്റെ കരം ഗ്രഹിച്ചു.." ഏട്ടാ... എന്തൊക്കെയാണ്‌...ഈ കേൾക്കുന്നത്?...!"
" അമ്മയുടെ മുഖം നോക്കി .. അമ്മയ്ക്കെന്താണ്‌ പറ്റിയത്...?"
എന്റെ തല പെരുക്കുകയാണ്‌..
അനിയനെ നോക്കി..." .. എന്റെ പൊന്നനിയനെന്തു പറ്റി!.. സാധാരണ അവനിങ്ങനെയൊന്നും അല്ലല്ലോ?"
എന്റെ കുഞ്ഞു പെങ്ങൾ അവളുടെ കുട്ടിയോട്‌ സ്വകാര്യം പറയുന്നത് തെളിഞ്ഞു കേട്ടു!
"...മാമന്റെ അടുത്തു പോകേണ്ട..ട്ടോ"
ആ കുട്ടി ആരും കാണാതെ എന്റെ അടുത്തു വന്നു സ്വകാര്യം പറഞ്ഞു
.." മാമന്‌ ഭ്രാന്താ?"
"മോനോടാരു പറഞ്ഞു എനിക്ക്‌ ഭ്രാന്താണെന്ന്!"
"അമ്മ!"
"മാമാ ഭ്രാന്ത്‌ മാറുവോ?..മാമൻ എന്നെ ഉപദ്രവിക്ക്വോ?"
അവൻ പരിഭ്രമത്തോടെ ചോദിച്ചു.. അവനെ ചേർത്തു പിടിച്ചു തെരു തെരെ ഉമ്മ വെച്ചു..
പിന്നെ പറഞ്ഞു " ഊവ്‌... ദാ.. ഇങ്ങനെ ഉപദ്രവിക്കും!"
അവന്‍ നിഷ്ക്കളങ്കനായി .." എന്റെ അമ്മയ്ക്ക് ഒന്നും അറിയില്ല അമ്മ പറയുവാ...."
അവന്‍ എന്തൊക്കെയോ പറയുകയാണ്‌ കണ്ട കാര്യങ്ങളും കേട്ട കാര്യങ്ങളും !... ഒക്കെ എന്നെ കുറിച്ചല്ലേ ..അതും എന്റെ പ്രീയപ്പെട്ടവര്‍ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ !... അവരങ്ങിനെ നിഷ്കളങ്കനായ ഒരു കുഞ്ഞിന്റെ മുന്നില്‍ നിന്ന് വല്യ വല്യ കാര്യങ്ങള്‍ പറയാമോ ?.. വിവരദോഷികള്‍..!... അതെനിക്ക് കേള്‍ക്കേണ്ട ..!
പിന്നെ പറഞ്ഞു "മോൻ പോയി കളിച്ചോളൂ..!" അവൻ തെരു തെരെ എന്റെ കവിളിൽ ഉമ്മ വെച്ച് സന്തോഷത്തോടെ പുറത്തേക്കോടി..!
ആരോ മെല്ലെ സംസാരിക്കയാണ് ..
"നിങ്ങള്‍ക്ക് വേണ്ടി അവനൊഴുക്കിയ വിയര്‍പ്പുകള്‍ മറന്നു അല്ലെ ? .. ചെറിയൊരു വെഷമം അവനു വന്നപ്പോ ?"
" മോനെ ഉപദ്രവിക്ക്വോന്നാ എന്റെ പേടി!".. പെങ്ങളുടെ ശബ്ദമല്ലേ ആ കേൾക്കുന്നത്‌?
"നിനക്കു പേടിയുണ്ടെങ്കിൽ ഓന്റെ അടുത്തു പോണ്ട.... നിന്റെ മോനും.!...എന്റെ മോൻ ആരെയും ഉപദ്രവിക്കില്ല.. ഒരു കൊച്ചുറുമ്പിനെ പോലും !"- അമ്മയുടെ ശബ്ദമല്ലേ അത്‌..!
എന്റെ കണ്ണുകളിൽ ഭ്രാന്ത്‌ ആവേശിച്ചിരുന്നു.. അവ തെരു തെരെ കണ്ണീർ വാർത്തു... എന്തിനാണ്‌ ഞാൻ...?... എന്തു കൊണ്ടാണ്‌ ഇവർ..!

"ഏട്ടനെന്താ ഇവിടെ ഇരുന്നാൽ പോരെ.. നാട്ടുകാർ പറയുന്നത്‌ കേട്ടിട്ട്‌ തൊലി ഉരിയുന്നു.. ചിലവിന്‌ ഞാൻ കൊടുക്കാമായിരുന്നല്ലോ?..വേണമെങ്കില്‍ രണ്ടോ മൂന്നോ ആയിരം!" അനിയൻ ഉച്ചത്തിൽ അമ്മയോടും അച്ഛനോടും തർക്കിക്കയാണ്‌..

ഞാൻ വളർത്തി വലുതാക്കിയ അനുജൻ..! .. ഞാൻ എത്ര പണം അവനായി ചിലവാക്കിയിട്ടുണ്ട്‌.. കണക്കുകള്‍ പോലും എന്റെ പക്കലില്ല...എന്നിട്ടും ...!..ഇപ്പോള്‍ അവനെന്നെ വിലയ്ക്ക് വാങ്ങണം !.. ചില്ലറ നാണയ തുട്ടുകള്‍ക്ക് !...

മെല്ലെ റൂമിനകത്തേക്ക്‌ നടന്നു...വാമഭാഗം ഭീതിയോടെ ഇരിക്കയാണ്‌.. അവളെ അടുത്തു വിളിച്ചു..."... എന്റെ നോട്ടം അവൾക്ക്‌ പേടിയാണത്രെ..!"ഒന്നും ചോദിക്കാന്‍ പോയില്ല .... കട്ടിലില്‍ മലർന്നു കിടന്നു.. അവൾ താഴെ വിരിപ്പു വിരിച്ചും..!

ഇപ്പോൾ ഞാൻ ഡോക്ടറുടെ അടുത്താണ്‌.. അയാൾ എന്നെ സൂക്ഷ്മമായി പരിശോധിക്കുകയാണ്‌... എല്ലാം വിശദമായി പറഞ്ഞ ശേഷം ഞാൻ ചോദിച്ചു..
"ഡോക്ടർ എനിക്ക്‌...!..."
" ഡോക്ടർ മെല്ലെ പുഞ്ചിരിച്ചു പിന്നെ പറഞ്ഞു " ..നീ നോർമലാണ്‌..100% നോർമൽ.. പക്ഷെ.. സമൂഹം....!.. ഞാൻ നിസ്സഹായനാണ്‌.."..ഡോക്ടർ കൈ മലര്‍ത്തുകയാണ് !
എന്റെ തല പൊട്ടിപ്പിളർക്കയാണ്‌.. പാവം ഡോക്ടർ..!...പാവം വീട്ടുകാർ..!.... പാവം സമൂഹം..!...
ഞാൻ മെല്ലെ പുറത്തിറങ്ങി...എന്നെ കൊണ്ടു വന്നവർ ഡോക്ടറുടെ റൂമിനകത്തു കയറി..ഞാൻ ഡോക്ടറുടെ അടഞ്ഞ റൂമിനു പിറകിൽ നിന്നു ശ്രദ്ധിച്ചു എന്താണവർ കുശു കുശുക്കുന്നത്‌?.. .താക്കോൽ പഴുതിലൂടെ നോക്കി.. എന്താണവർ ചെയ്യുന്നത്‌...!.. ഡോക്ടർ പണത്തിനായി വിലപേശുകയാണ്‌.. അവർ പണം എണ്ണിയെണ്ണി കൊടുക്കുകയാണ്‌..!. അപ്പോള്‍ ഡോക്ടറും !
എന്റെ തല പെരുക്കുകയാണ്‌...??.. "...യൂണിഫോമണിഞ്ഞ ഏതോ ബലിഷ്ഠകരങ്ങൾ എന്നെ.... "

കഥയ്ക്കിടെ തെല്ലിട നിര്‍ത്തിയിട്ട് മനീഷ് പറഞ്ഞു നിങ്ങള്‍ പറയൂ എനിക്ക് ഭ്രാന്താണോ ?
ഞാന്‍ പറഞ്ഞു " മനീഷ് താങ്കള്‍ നോർമലാണ് !

"... എന്റെ കരളും വൃക്കയും ഹൃദയവും കണ്ണും ഒക്കെ നല്ല വണ്ണം പ്രവര്‍ത്തി ക്കുന്നവയാണ് .. അവര്‍ക്കെന്നെ വേണ്ടെങ്കില്‍ അതൊക്കെയെടുത്ത് ആര്‍ക്കെങ്കിലും നല്ല വിലയ്ക്ക് വിറ്റ് അവര്‍ക്ക് കൊടുത്താല്‍ അറ്റ്‌ ലീസ്റ്റ് എന്റെ ഭാര്യയ്ക്കും  അച്ഛനും അമ്മയ്ക്കുമൊന്നും ചിലവിനു കൊടുക്കാറില്ല എന്ന ദുഷ്പ്പെരെങ്കിലും മാറുമായിരുന്നു..."...

"മനീഷ് താങ്കള്‍ സങ്കടപ്പെടുന്നതെന്തിനാണ് ?... താങ്കളെ എല്ലാവര്ക്കും വേണം .. താങ്കള്‍ നോര്‍മ്മലാണ് !.. ഡോക്ടര്‍ പറഞ്ഞത് പോലെ നൂറു ശതമാനവും നോര്‍മ്മല്‍..!..." ഞാന്‍ മനീഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..!
വിശ്വാസം വരാത്ത അവന്റെ കണ്ണ്  പൊഴിച്ച ഒരു തുള്ളി കണ്ണീര്‍ ആര്‍ത്തിയോടെ ഭൂമി കുടിക്കുന്നുണ്ടായിരുന്നു ...!
എല്ലാവരിൽ നിന്നും അകന്ന്  ദൂരെ ഒരിടത്ത് അവൻ സ്വന്തമായി ഇരുപത് സെന്റ് ഭൂമിയിൽ വെച്ച ഒരു കൊച്ചു കൂര!..അവൻ അതിലിപ്പോൾ  ഏകനാണ്!..അവനോടു യാത്ര പറഞ്ഞു മെല്ലെ പുറത്തേക്ക് നടന്നു... അങ്ങിനെ  രണ്ടു മൂന്നു സന്ദര്‍ശനങ്ങള്‍ !...ഒടുവിലെ ഉപസംഹാര വാക്കുകള്‍ എന്നും ഒന്നായിരുന്നു... " സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും ഇവിടെ വരെ. ..!...എനിക്കാരും ഇല്ല അതാ .. ഓര്‍ക്കാനും ഓര്‍ക്കപ്പെടാനും.... കേള്‍ക്കാനും കേള്‍ക്കപ്പെടാനും ...!"
"ഞാനുണ്ടല്ലോ ? ഇല്ലേ ?....തീര്‍ച്ചയായും വരും !".. ഞാന്‍ പറഞ്ഞു .
....നേര്‍ത്ത പുഞ്ചിരിയോടെ ആശ്വാസത്തോടെ അവന്‍ കൈ വീശുന്നുണ്ടായിരുന്നു..

ഇപ്പോള്‍   ഞാന്‍ അവനോടു സംസാരിക്കയാണ്  .. അവനൊന്നും മിണ്ടുന്നില്ല.. ..  എന്ത് പറഞ്ഞിട്ടും  അവനൊരു നിസ്സംഗത!.. ഒടുവില്‍ യാത്ര പറയാന്‍ നേരം ‍ഞാന്‍ കൈ വീശിക്കൊണ്ടിരുന്നു .....
പൂമുഖപ്പടിയിൽ തൂക്കിയിട്ട പൂമാലയര്‍പ്പിച്ചു , കത്തുന്ന ഹൃദയമുള്ള ബള്‍ബിന്റെ അകമ്പടിയോടെയുള്ള   അവന്റെ ഫോട്ടോയാണ്   അതെന്നു  ഓര്‍ക്കാതെ അല്പം ഉച്ചത്തില്‍ തന്നെ  ഞാന്‍ പറഞ്ഞു  "മനിഷ്  നോക്കു താങ്കള്‍   സങ്കടപ്പെടെണ്ട ...  താങ്കള്‍  നോര്‍മലാണ് ..  ആര് വന്നില്ലെങ്കിലും  നിന്നെ  കാണാന്‍  ഞാന്‍ വരും  ... ദേ.. ഇപ്പോള്‍ വന്നത് പോലെ ഇനിയും .!" .. അതെ ഇപ്പോൾ അവന്‍  പുഞ്ചിരിയോടെ .....!.. ഞാനും.. !
അകത്തു നിന്നും ഒരു ശബ്ദം കേൾക്കുന്നു…
“ആരായിരിക്കും ഇവിടെ ഇപ്പോൾ താമസം?.. ആരുമില്ലെന്നാണല്ലോ കരുതിയത്”.. ആശങ്കയോടെ ഞാൻ നിന്നു..
അവർ വാതിൽ തുറന്നു പുറത്തിറങ്ങി…“.ആരാ..?”
മനീഷിന്റെ പെങ്ങൾ?..എനിക്ക് അത്ഭുതമായിരുന്നു..
“മനീഷിന്റെ പെങ്ങളല്ലേ?”

“ അതെ നിങ്ങൾ?”

“ ഞാൻ മനീഷിന്റെ കൂട്ടുകാരൻ!.. ഞാൻ വെറുതെ മനീഷിനെ കാണാൻ…”

“.. മനീഷ് ഏട്ടൻ മരിച്ചിട്ട് കുറേയായി...."
“അറിയാംമരിച്ചപ്പോൾ ഇവിടെ ഞാനും വന്നിരുന്നു ..”
"..ഇപ്പോൾ ഞങ്ങളാണിവിടെ താമസം!.. ഞാനും കുടുംബവും.. ..ഏട്ടൻ ഒറ്റയ്ക്ക് കഴിഞ്ഞതല്ലേ?..അതിനാൽ സൌകര്യം തീരെ കുറവാണിവിടെ.. ഇനി ഈ വീടൊന്ന് പൊളിച്ച് പുതിയതു പണിയണം. .എന്നാലെ സൌകര്യം ഉണ്ടാവൂ..”..അവർ കഥകൾ പറയുകയാണ്..
"അപ്പോൾ മനീഷിന്റെ ഭാര്യ?.".
"..ഏട്ടനു ലേശം തല തെറ്റിയിരുന്നല്ലോ? അതിനാൽ അവരന്നേ വേറെ കല്ല്യാണം കഴിച്ചു പോയി..ഇപ്പോൾ സുഖമായി ജീവിക്കുന്നു.. ! ..മരിച്ചു കഴിഞ്ഞപ്പോഴാ നമ്മൾ അറിഞ്ഞത് ഏട്ടൻ  ഇവിടെയായിരുന്നു താമസമെന്ന്..!  
“.. അകത്തേക്ക് കയറുന്നില്ലേ?..ചായ കുടിച്ചിട്ട്...”
“വേണ്ട തിരക്കുണ്ട്..!“ ..ഞാൻ നടന്നു മറഞ്ഞു.. പതിവായി യാത്രയാക്കാൻ വരുന്നതു പോലെ അന്നും മനീഷ് എന്റെ കൂടെ റോഡുവരെ അനുഗമിക്കുന്നുണ്ട് എന്ന തോന്നലിൽ ഞാൻ പറഞ്ഞു

“ മനീഷ് ഇപ്പോൾ നിങ്ങളെ ചിലർക്കൊക്കെ വേണം!.. സന്തോഷമായില്ലേ?”
ഞാൻ പറഞ്ഞത്  ഒരു പക്ഷെ അവൻ നിസ്സംഗതയോടെ ശ്രവിക്കുന്നുണ്ടാകണം!

ബുധനാഴ്‌ച, നവംബർ 16, 2011

ഇങ്ങനെയുമുണ്ട് ജനനം!

വാതുവെച്ചും വീറുവെച്ചുമൊരു ജനനം,
"പെണ്ണാണോ?"
വീതു വെച്ചും വീർപ്പുമുട്ടിയും ജനം,
"ആണാണോ?"
ഫെയ്സ് ബുക്കിന്റെ താളുകളിൽ,
ബ്ലോഗിന്റെ പേജുകളിൽ.
പത്രത്തിന്റെ വർണ്ണനയിൽ,
ചാനലിന്റെ കരച്ചിലിൽ,
പപ്പരാസികളുടെ പാപ്പരത്തം കാട്ടി,
ഒരു ള്ളേ, ള്ളേ..
ആശ്വാസം!
ഐശ്വര്യ മാതാവിനു ജനിക്കാത്ത നമ്മൾ,
കുപ്പി പൊട്ടിച്ച്,
ങേ.. ങേ....
ചായ മോന്തീട്ട്,
ആ..ഹാ….ഓ..ഹോ!

ഞായറാഴ്‌ച, നവംബർ 13, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പത്തൊന്നാം സർഗ്ഗം)

മാതാശ്രീ അന്നത്തെ മോസ്റ്റ്‌ മോഡേണ്‍ മൊബൈല്‍ ആയ ഇന്‍ ലെന്റ്റ് എടുത്തു .. പിതാശ്രീക്ക് വിസ്തരിച്ച് എഴുതി ....മുകളില്‍ "ശ്രീ " എന്ന് വരച്ചു താഴെ എഴുതാന്‍ ആരംഭിച്ചു ..ഇവിടെ നമുക്ക് സുഖം .. അവിടെ നിങ്ങള്‍ക്ക് സുഖമെന്ന് കരുതുന്നു... ആ ഒരു വരി എല്ലാ കത്തിലും ഒരു പോലെ യായതിനാല്‍ പിതാശ്രീ വായിക്കില്ലെന്നു നിശ്ചയം..!.. രണ്ടാം ഖണ്ഡികയില്‍ തൊടങ്ങി നമ്മെ കുറിച്ചുള്ള വര്‍ണ്ണന നോം ഊഹിച്ചതിന്‍ പ്രകാരം ഇവിടെ ചേര്‍ക്കുന്നു . .
" ഈ പറെണവന്റെ മൂത്തവന്‍ നല്ലോണം മൂത്തപ്പോള്‍ കുയിലിനെ പോലെ പറന്നു പൊയീന്നാ തോന്നണത് .. ഇനി ഈ മഹാത്മാവിനെ ഒരു കരേല്‍ എത്തിച്ചില്ലെന്ന വിഷമം അദ്ദേഹത്തിനു വേണ്ട ...ഈ മഹാന്‍ സകലമാന അഭ്യാസവും കഴിഞ്ഞു ഇപ്പൊ ശീര്‍ഷാസനത്തില്‍ നിക്ക്വാ ണ്.. ഇനി ഒരഭ്യാസവും ഏല്‍ക്കില്ലെന്നാണ് തോന്നണത്..  ഇപ്പോ ഒരഭ്യാസവും കൊണ്ടു വന്നിരിക്കയാണ് .... സാങ്കേതിക പഠനം.. അതായത് കമ്പ്യൂട്ടര്‍ !..കരെല്‍ എത്തിയില്ലെങ്കിലും വേണ്ടില്ല .. നടുക്കടലില്‍ കൊണ്ട്വോയി കളഞ്ഞാല്‍ നീന്തിയോ,തൊഴഞ്ഞോ അവന്‍ വരും.. !.. ബന്ധുക്കളൊക്കെ പറെണത് ഇപ്പോ വിദേശത്തു അതിനാത്രേ ഡിമാന്‍ഡു കൂടുതല്‍ .. അപ്പൊ  ..പൊന്‍ പണം പൊതി പോലെ പൊതിഞ്ഞു കെട്ടി വെച്ചതുണ്ടെങ്കില്‍ ലേശം ഡ്രാഫ്ടായി അയക്കാന്‍ മറന്നു പോണ്ട .. ചുമ്മാ അവന്‍, അവന്റെ കാര്യം നടത്തിക്കോളും!.. അതു കഴിഞ്ഞാല്‍ പിന്നെ അവനു അവന്റെ കാര്യം നോക്കാന്‍ കഴിവും പ്രാപ്തിയും ആയിക്കൊള്ളും!"

സ്നേഹത്തോടെ
ഒപ്പ്

ഏതൊരു മക്കളും അങ്ങിനെയാ.. മാതാ പിതാക്കന്മാർ പറത്തി വിട്ടാൽ മതി .. പറന്നോളും.. തിരിച്ചെത്തിയാ എത്തി അത്രെ കരുതാവൂ..!..
ഒരു മാസം കഴിയണം ഉത്തരമെഴുത്ത് കിട്ടാന്‍ ... നോം മാതാശ്രീ  എന്നിവര്‍  പോസ്റ്റ്‌ മാനെ  നോക്കി നോക്കിയിരുന്നു ...ഒടുവില്‍ അതു വന്നു...
പോസ്റ്റു മാൻ സന്തോഷിച്ചു.. കൈ മടക്കു കിട്ടും .പോസ്റ്റു മാൻ ആദ്യം തന്നെ കൈ നീട്ടിക്കൊണ്ട് കൈമടക്കു വേണ്ടാന്നു പറഞ്ഞു  വാങ്ങണ ആ സന്തോഷം ഇന്നത്തെ കുട്യേൾക്ക് കണി കാണാൻ പറ്റില്ല്യ നോം സന്തോഷിച്ചു..മാതാശ്രീയും സന്തോഷിച്ചു .. 

 നമ്മുടെ വക, പിതാശ്രീന്റെ പൈസ വന്നതിന്റെ സന്തോഷത്തിന് , പിതാശ്രീന്റെ പോക്കറ്റിലെ മണി കൊണ്ട് പോസ്റ്റുമാൻ ഒരു ചായ കുടിച്ചോട്ടേ..!.. നമുക്കെന്നാ നഷ്ടോം കഷ്ടപ്പാടും?
... അതില്‍ പിതാശ്രീ  വിസ്തരിച്ചെഴുതി .. ഒരെഴുത്തെ പിതാശ്രീ എഴുതൂ .. രണ്ടാള്‍ക്കാണ് ഉന്നം ! അതിന്റെ സാരം ഇങ്ങനെയായിരുന്നു..
പ്രീയപ്പെട്ട ഭാര്യക്കും, മകനും,

"എനിക്ക് സുഖം തന്നെ .. എഴുത്ത് വായിച്ചു നല്ലോണം തൃപ്തിപ്പെട്ടു .. മൂത്തവന്‍ മുത്തും പവിഴോം കൊണ്ടു വരാമെന്ന് പറഞ്ഞു നാട് വിട്ടിട്ടു എനിക്ക് ലേശം കുഴമ്പ് ആണ് അയച്ചു തന്നിരിക്കുന്നത് ..അത് തേച്ചു കുളിച്ചിട്ടു ആരോഗ്യം വെച്ചു നല്ലോണം പണിയെടുത്തോട്ടെന്നാവും പാവം കരുതീത് ... ഇനി ഈ മഹാന്‍ മുത്തും പവിഴോം കൊണ്ട്വരാം അതിനു ട്രെയിനിങ്ങ് വേണംന്ന്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുംന്ന്‍ കരുതണ്ടാ ..എന്റെ ഭാര്യയായ നീ അവരെ കണ്ടു വല്ല കലോം ചട്ടിം വാങ്ങി വെച്ചിട്ടുണ്ടെങ്കില്‍ തല്‍ക്കാലം അത് അടുപ്പില്‍ വെക്കേണ്ട .. നിനക്ക് ചിലവിനു തരാന്‍ ഈ ഞാനേ ഉണ്ടാവൂ ..!... ന്നാലും ചെളിയെങ്കിലും കടത്തി ഓനും ജീവിച്ചോട്ടെ ... അത്രേയുള്ളൂ .. അതിനാല്‍ മാത്രം ഇതിന്റെ കൂടെ ഡ്രാഫട് വെക്കുന്നു .."

സ്നേഹത്തോടെ
ഒപ്പ്

അധികം സുഖിപ്പിക്കേണ്ട എന്ന് സാരം ..!...ശിവ.. ശിവ..! ഒരു തെറ്റെ പറ്റൂ ന്ന്‍ പിതാശ്രീ അങ്ങോട്ട്‌ ചുമ്മാ നിരൂപിചിരിക്ക്യാണ്.. പല തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ എന്താ കൊഴപ്പം ?...  എന്നാലല്ലേ നന്നാവാന്‍ പറ്റു  എന്നൊന്നും അറീല .. ആളുകള്‍ അങ്ങിനെയാണ് .. ഒരു തെറ്റെ ചെയ്യുന്നു പറേം ചെയ്യും പല തെറ്റുകള്‍ പിന്നേം പിന്നേം ചെയ്യേം ചെയ്യും ...

എല്ലാ പിതാക്കന്മാരും ചെലപ്പോ ഇങ്ങനെയാകും... മക്കള്‍ മാനത്ത് കാണുന്നത് പിതാക്കള്‍ മുറുക്കിത്തുപ്പി അതില്‍ കാണും  ചന്ദ്രഗ്രഹണോം, സൂര്യ ഗ്രഹണോം ഒക്കെ ..!...

.... ങാ...സാരമില്ല .. നമ്മെക്കാള്‍ ഒരു പാടു ദെവസോം , മാസോം കൊല്ലോം കണ്ടവരല്ലേ ?... അവര്‍ക്ക് ലേശം മുന്നേ ജനിക്കാത്തതിന്റെ കൊഴപ്പം ..!.. നാമാണ് അവര്‍ക്ക് മുന്നേ ജനിച്ചതെങ്കില്‍ , അവരാണ് നമ്മോടിത്തരം ആവശ്യം ചോദിച്ചതെങ്കില്‍ ഇപ്രകാരം ക്രോസ് വിസ്താരം ഉണ്ടാവോ?. .ഇല്ല്യ.. പോയി അടി ച്ചു  പൊളിക്കെടാന്നല്ലേ പറേണ്ടത് തറവാട്ടിന്റെ മാനം കളയാതെ പറ്റ്വൊങ്കി ബൈക്ക് അല്ലെങ്കിൽ കാറ്‌  എവിടുന്നെങ്കിലും ലോണെങ്കിലും വാങ്ങി ചെത്തി നടക്കെടാന്നല്ലെ പറയേണ്ടത്..?.. പറഞ്ഞിട്ടെന്ത്  ..  മുന്നെ ജനിക്കാനുള്ള യോഗ ഭാഗ്യം ഇണ്ടായില്ല്യ ... ഏതായാലും ഇപ്പൊ കാര്യം നടക്കാന്‍ പൈസ ഒത്തു .. ..!.. പിന്നെല്ലെ മുത്തും പവിഴോം വാരേണ്ടത് ..!.. അത്രേ കരുതെണ്ടു..!

പിതാശ്രീന്റെ പൈസ വന്നപ്പോ മാതാശ്രീ നിത്യ ശീവേലി പോലെ പറയും.. “ .. ദാ… വെറും തൈരും കൂട്ടി ചോറുണ്ട്, എവിടെയോ കെടന്ന്, രാത്രി പന്ത്രണ്ടു മണിവരെ ഒറക്കമിളച്ച് പൊലർച്ചയ്ക്ക് മൂന്നു മണിക്കെഴുന്നേറ്റു കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കണ പൈസയാ… നിങ്ങളെ പോലെ മൂക്കറ്റം തിന്ന് ഏമ്പക്കോം ഇട്ട് നടക്ക്വല്ല…ഒരു കടല പോലും കൊറിക്കില്ല്യ.. മര്യാദയ്ക്ക് പഠിച്ചോണം!"
“ .. നോം മൂക്കറ്റം തിന്നാറില്ലല്ലോ?.. ലേശം താഴെ വരെയേ തിന്നാറുള്ളൂ.. എത്ര വട്ടം എത്ര പ്രാവശ്യം ഈ ആരോപണങ്ങൾ..!...നമുക്ക് കരച്ചിൽ വന്നു!....ന്നാലും മാതാശ്രീനെ പെണക്കണ്ട… സാരല്ല്യ … മാതാശ്രീയല്ലെ..നോം ഒരു വിരോധോം ഇല്ല്യാതെ ആ കുറ്റം ഏറ്റെടുക്കും..!..
കമ്പ്യൂട്ടര്‍ പഠിപ്പിക്ക്യാൻ  ഇത്രേം വിവരമുളോര്‍ വേറെയില്ല്യ അമേരിക്കേലെ മൈക്രോസൊഫ്റ്റിന്റെ ഒടയോനായ ബില്ലിനെ സൊഫ്റ്റാക്കി പഠിപ്പി ച്ച് നടന്നോരാ നമ്മൾ ..ഇപ്പോ അവരെവിടെ എത്തി എന്നു നോക്കിക്കേ ന്ന മട്ടിൽ  ഏതോ കമ്പനി വല്യ പരസ്യം പത്രത്തില്‍ കൊടുത്തതും പൊത്തിപ്പിടിച്ചു  നമ്മുടെ ഒരു ബന്ധു നമ്മുടെ വീട്ടില്‍ ലാന്റി..മാതാശ്രീ പറഞ്ഞു..” നിനക്ക് മംഗളം വരുത്തട്ടേ..!.. ഇവനെ എവിടെയെങ്കിലും ഒന്ന് ചേർത്ത് കിട്ടിയാൽ മതി..!
 അദ്ദേഹം നമ്മെ പൊക്കി കൊണ്ടോയി...
 അവര്‍ പറഞ്ഞു " നമുക്ക് വിദേശത്തൊക്കെ മാങ്ങാത്തൊലി പോലെ ഇൻസ്റ്റിട്ട്യൂട്ടുണ്ട്   ... ഇവന്‍ ഒന്ന് മൂളിയാല്‍ മതി പിന്നെ അവിടായിരിക്കും  പ്രാതലും ലഞ്ചും എന്നൊക്കെയുള്ള അവരുടെ വാചകമടിയില്‍ മൂക്കും കുത്തി വീണു നമ്മെ അവിടെത്തെ സൊഫ്റ്റുവെയർ പഠിക്കാനാഞ്ഞ ഒരു പ്രതിയായി ചേർത്തു. അദ്ദേഹം ഹാപ്പി .. നോം ഹാപ്പി..
നമ്മെ അവർക്കു പെരുത്ത് ഇഷ്ടായത്രെ.. നമുക്ക് 20% ഡിസ്കൌണ്ട് തന്നു.. പിന്നെം ചോദിച്ചപ്പോ 5% സ്പെഷൽ ഡിസ്ക്കൌണ്ട്.. !..നോം കരുതി…പിന്നെം പിന്നെം ചോദിച്ചോണ്ടിരിക്കാരുന്നു…. അപ്പോ പിന്നെ ഫീസേ കൊടുക്കേണ്ടി വരില്ല്യാർന്നു.. പക്ഷെ ഒപ്പം വന്നാ ആൾ അവിടം കൊണ്ടു നിർത്തി..ഇൻസ്റ്റിട്ട്യൂട്ടുകാർ പണോം എണ്ണിക്കൊണ്ട് മേശവലിപ്പിലിട്ട് ഹാപ്പി..!.  
..ഒടുവില്‍ അവര്‍ ചോദിച്ചു " ഇയാളുടെ ബന്ധുവാണോ?.. അദ്ദേഹം പറഞ്ഞു ".. ഹേ അല്ല ഒരു വഴിപോക്കനാ ..!".. എന്തോണ്ടായിരിക്കും അയാള്‍ അങ്ങിനെ പറഞ്ഞത് ..സോഫ്റ്റുവെയറും പഠിച്ച് സോഫ്റ്റുഡ്രിങ്ക്സും കുടിച്ചു അമേരിക്കേലോട്ട് കെട്ടിയെടുക്കാൻ വിധിക്കപ്പെട്ട നമ്മെ കണ്ടപ്പോൾ  ഒരു ബന്ധുവാണെന്ന്  പറയാൻ ലേശം നാണം തോന്നിയിരിക്കുമോ? .. അതോ.ചെലപ്പോ ഇവനെങ്ങാനും പൈസകൊടുക്കാതെ ഇരുന്നാൽ അയാളുടെ തലേൽ വരുവോ ന്ന ഒരു പേടി ആവും! "നോം ചോദിച്ചില്ല്യ "..നമ്മുടെ ബന്ധുവാണെന്നു പറയാന്‍ ഒരു കൊറച്ചില്‍..!....
...
. ഉം പോട്ടെ സാരമില്ല .. ..നാളെ നമ്മുടെ ബന്ധുവാണെന്നു പിന്നെ മാറ്റി പറയരുത് ന്നെ ഉള്ളു .... പിന്നെ ആളോള് വിചാരിക്കും എന്തേ ഈ മഹാത്മാവിന്റെ ബന്ധുക്കള്‍ കളവു പറയുന്നവരായി എന്ന്‍.. ബന്ധുവല്ലെന്നു ബോധം വന്നുച്ചാല്‍ പിന്നെ ചത്താലും ആരെങ്കിലും തല്ലിക്കൊല്ലുമെന്നു പറഞ്ഞാലും അതിനിടം കൊടുക്കരുത് .. ആ ഒരു നിര്‍ബന്ധം നമുക്കിണ്ടാര്‍ന്നു..പൊകഞ്ഞ കൊള്ളി പൊര പൊറത്ത്!.. അത്രെ നിനക്കേണ്ടൂ...

അദ്ദേഹം പോയി .. നോം പഠനം തുടരുകയാണ് ..

"എന്താ ഇത് ?"- കമ്പ്യൂട്ട ര്‍ സാര്‍
"കമ്പ്യൂട്ട ര്‍!"- നമുക്ക് നാണമൊന്നും ഇണ്ടാര്ന്നില്ല അങ്ങിനെ വിളമ്പാന്‍ !
അദ്ദേഹം പറഞ്ഞു ."ആട്ടെ കമ്പ്യൂട്ടരിനെ പറ്റി എന്തറിയാം !

ഒരു ചുക്കും അറീല എന്ന് പറേണം എന്നിണ്ടാർന്നു.. അറിയുമെങ്കിൽ ഇല്ലാത്ത ചക്കച്ചുള പിതാശ്രീയോട് ഇരന്നു വാങ്ങി ഇതിയാന്റെ പോക്കറ്റിലിട്ടു കൊടുക്കാൻ നമുക്ക് പ്രാന്താ?അയാള്‍ ആള് ശരിയല്ല എന്ന് നമുക്ക് തോന്നാന്‍ തുടങ്ങി
 
നോം കമ്പ്യൂട്ടറിനെ കുറിച്ചറിയുന്നത് മനസ്സിലാക്കീട്ടു വേണമായിരിക്കും ഇഷ്ടന് വേറെ ഇനി വരുന്ന മറ്റു പ്രതികൾക്കൊക്കെ പറഞ്ഞു കൊടുക്കാൻ.. ഓരോ പൂതി !..വഷളൻ!
അയാള് പറഞ്ഞു " കണക്കു കൂട്ടാം, ചിത്രം വരക്കാം, പാട്ട് കേള്‍ക്കാം ..."
ഇതൊക്കെ ദെവസോം ചെയ്യുന്നതല്ലേ .. റേഡിയോ വിലൂടെ , കാല്ക്കുലെ റ്ററിലൂടെ ... അപ്പൊ ഇത്രേ ഉള്ളു കമ്പ്യൂട്ടര്‍ ..!...ആളൊരു മഹാനാ ണെ ന്നോക്കെയാ ണ ല്ലോ ഈ നോം കേട്ടത് !ഒക്കെ വെറുതെയായി .. പൈസ പാറയ്ക്കടിച്ചു ന്ന്‍ തോന്നി തൊടങ്ങീപ്പോ അയാള് പറയുകയാ ഇനി ഡോസ് പഠിക്കാം ..
അയാള്‍ക്ക്‌ പോലും അറിയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞു നമ്മളെ ഇടങ്ങേറാ ക്കി ..
എം എസ് ഡോസ്സ് എന്നു പറഞ്ഞു ഡോസ്സ്, ഡോസ്സായി അയാൾ നമുക്ക് തരികയാണ്
 " ഫയൽ, ഡയരക്ടറി, മാങ്ങാ തൊലി ന്നൊക്കെ പറഞ്ഞു പുള്ളി നമ്മുടെ സമയം കളഞ്ഞു ..
അറിയാത്ത ചോദ്യങ്ങൾ ചോദിച്ച് നമ്മുടെ മാനം കളഞ്ഞു..!. ചതി ചതി കൊല ചതി .. എന്നൊക്കെ പിന്നെ മനസിലായി .. അതിയാനൊന്നും അറീല ..പുസ്തകം നോക്കി എന്തൊക്കെയോ വായിച്ചു മനസിലാവത്തപ്പോ പറയും അതൊന്നും നെനക്ക് ആവശ്യമില്ല ..
ദേഷ്യം വന്ന് അതിയാന്റെ തന്തപ്പടിക്ക് അതൊക്കെ ആവശ്യമുണ്ടാവുമോ എന്ന് ചോദിക്കണം എന്ന് തോന്നി പക്ഷെ ഗുരു ശാപം  പച്ചവെള്ളം ചൂടാക്കി കുളിച്ചാലും പോവില്യാത്രേ!..
പൈസ എണ്ണുന്നവന്‍ പറയും " പൈസ നമുക്കാവ ശ്യ മുണ്ട്‌ രണ്ടാം ഗഡൂ ... " ഇയ്യളെന്തോക്കെയാ പറയുന്നത് " പൈസ തന്നു ഒരാഴ്ച യായില്ലല്ലോ ? ..ഡോസ്സല്ലേ കഴിച്ചുള്ളൂ. മറ്റു സോഫ്റ്റു വെയർ കഴിച്ചു പൂസായിട്ടൊന്നും ഇല്യാലോ?"നോം സംശയിച്ചു .. അതൊക്കെ എം എസ് ഡോസോടെ ഒലിച്ചു പോയത്രേ .. ഇനി എം .എസ് .വിന്‍ഡോസ് ആണത്രേ ...ദൈവമേ ഇക്കണക്കിനു പോയാ ഇനി നമ്മുടെ വീടും പറമ്പും!

എന്തിനാണ് ഇതൊക്കെ പഠിക്കുന്നതെന്ന് ഒരു ബോധോം ഇണ്ടായില്ല്യ പക്ഷെ  ഒരു ബോധം
ഇണ്ടായി ..ഉച്ചയ്ക്ക് കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ ഒരു കമ്പാര്‍ട്ടുമെന്റില്‍ കയറിയിരുന്നു മാതാശ്രീ പൊലർച്ചയ്ക്കുണ്ടാക്കി തന്ന ചോറ്, വലിച്ചു കെട്ടി കൊണ്ടു വന്നതല്ലേ എന്നു കരുതി അത് ഒരു ബഹുമാനത്തോടെ തിന്നണം ..എന്ന ഒരറ്റ സൊബോധം!. അതിനു കൂട്ടായി സുഹൃ ത്ത് ക്കളെ കിട്ടി .. നമ്മോട് അവര്‍ പറയുവാ " അവര്‍ക്കിന്നു തിയറിയുണ്ടായി .. നാളെ ലാബ് ഉണ്ടാകും എന്നൊക്കെ ..." " അവർ ഇപ്പോഴെ ശാസ്ത്രത്തെ വാലിൽ കെട്ടി മുള്ളിച്ചൂ, പ്രൊജക്റ്റു ചെയ്തൂന്നൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോ ..നോം ആകാശം നോക്കിയിരിപ്പായി.. ദൈവമേ…! "അവരുടെ ഒരു തിയറീം മാങ്ങയണ്ടീം !.. ".. നമുക്കൊന്നും മനസിലായില്ല ..നട്ട പിരാന്തു വന്നു അവരോടു ചോദിച്ചു.." .. എസ് ക്യൂസ് മീ " തിയറീന്ന്‍ പറഞ്ഞാലെന്താ ?... ലാബെന്നു പറഞ്ഞാലെന്താ ?.."..ഈ പ്രൊജക്റ്റെന്നു നിങ്ങൾ പറേണതെന്താ?
 അവര്‍ പറഞ്ഞു തന്നു അപ്പോഴാ ഇതൊക്കെ മനസ്സിലായത്
" കൊറക്കേണ്ട... നോം സത്യം പറഞ്ഞു " നോം ലാബിലാ മൊത്തം സമയോം, നോം പ്രൊജക്റ്റിലാ മൊത്തം ദെവസോം  അതോണ്ട് തമാശയ്ക്ക് ചോദിച്ചതാ .. "
.. അവര്‍ അതിശയിച്ചു .."
 സത്യാ നോം പറഞ്ഞത് ..
 പക്ഷെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നോര്‍ക്ക് ഒന്നും അറീലെങ്കില്‍ കമ്പൂട്ടര് കൊണ്ട് നമുക്ക് എന്നാ പ്രയോജനം  ഉറക്ക് വന്നിട്ട് നില്ക്കാന്‍ മേലാ അത്രേന്നെ ".. ചോദ്യം ചോദിക്കുന്നത് പേടിച്ചു മാഷന്മാര്‍ മര്യാദയ്ക്ക് നമ്മുടെ അടുത്ത് വരുന്നും ഇല്യാ !
..അവര്‍ ആപ്പിളിലാത്രേ പഠിക്കുന്നത് .. നോം പേരക്കയില്‍ കൂടിയല്ല എന്നാലും നോം പറഞ്ഞു വല്യ ഇന്സ്ടിട്യൂട്ടാ .. ഗള്‍ഫിലൊക്കെ അവര്‍ക്ക് ചപ്പാത്തി ചുട്ട പരിചയം ഉണ്ട് എന്നൊക്കെ ?." ഇല്ലെങ്കില്‍ ആര്‍ക്കാ കൊറച്ചില്‍ നമുക്ക് !
.".ചെലപ്പോ നമ്മേം..വിദേശത്തൊക്കെ!
..ഇൻസ്റ്റിറ്റ്യൂട്ടു കാരു പറഞ്ഞ പുളു നമ്മളും പറഞ്ഞു..! നമുക്കറീലല്ലോ അതു പുളുവാണെന്ന്!...
അപ്പൊ ഇപ്പൊ അവര്‍ക്ക് നട്ട പിരാന്തായി .".... ഛെ ..നമ്മള്‍ വെറുതെ ആപ്പിളില്‍ ചേര്‍ന്നു.. മര്യാദയ്ക്ക് ലാബു പോലും കിട്ടുന്നില്ല നെന്റെ ഒരു ഭാഗ്യം..!"..
ഇതൊക്കെ നമ്മൊടൊരു വാക്കു ചോദിച്ചു ചെയ്യേണ്ട ചെയ്ത്തല്ലേ..നോം വാചാലനായി!

തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പതാം സർഗ്ഗം)


നോം കസേരയില്‍ വളഞ്ഞു കുത്തിയിരുന്നു ....ഒരു ഗാനം എങ്ങുനിന്നോ ഒഴുകീട്ടോ പറന്നിട്ടോ വരുന്നു... നമ്മുടെ കര്‍ണ്ണ പുടങ്ങള്‍ക്ക് അതൊരു കുളിരായിരുന്നു.. പക്ഷെ നമ്മുടെ മനസ്സിന് ഒരു നൊമ്പരമായിരുന്നു.. ചിറകു മുള ച്ചു പറന്നു പോകാറായ സംഗീത സ്വപ്നം ചിറകൊടിച്ചു താഴെയിട്ടതിനാല്‍  തകര്‍ന്നു മണ്ണടിഞ്ഞ നൊമ്പരം .!.. അക്കഥയാകാം ഇനി ..!
സാരീ.... ഗാമാ...
അങ്ങനെയല്ല കുട്ടീ നിർത്തി നിർത്തിപ്പാടൂ..
നിര്‍ത്ത്യാലും നീട്ട്യാലും അറീന്നതല്ലേ പാടാന്‍ പറ്റൂ .. ...ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ ...നമ്മള്‍  പാടി ..നിർത്തി ..നിരത്തി..  പാടി...
സാ...രി.. ഗാ...മ..പ...
നാട്ടാരെല്ലാം ആ നാട്ടിലെ പശുക്കളെയെല്ലാം, ഇങ്ങനെ ഒരു ടീച്ചറും ഇതു പോലെത്തെ കൊറേ ഭാഗവത ശിരോമണികളും രംഗപ്രവേശം ചെയ്യും ന്ന് മനക്കണ്ണിൽ കണ്ട്‌, ഇവറ്റകൾ അവറ്റകളുടെ ഗന്ധർവ്വാലാപനം കേട്ട്‌ വിവശരായി കുറ്റീം പറിച്ച്‌ ഏതെങ്കിലും അടുത്ത നാട്ടിലേക്ക്‌ കുടിയേറി പാർത്ത്‌ പിണ്ണാക്കും കാലിത്തീറ്റേം ഉപേക്ഷിച്ച്‌ ,ശുദ്ധ വെജിറ്റേറിയൻസായി അവിടെത്തെ ആയിരക്കണക്കിനുറുപ്യ കൊടുത്തു ആർക്കും ഉപകോരോല്ല്യാതെ നട്ടു വളർത്തുന്ന പരവതാനി വിരിച്ച പോലത്തെ പച്ചപ്പുല്ലും, കുബേരകുമാരന്മാരുടെ ഉദ്യാനിയിൽ വെച്ചു പിടിപ്പിച്ച ഒട്ടിച്ചുണ്ടാക്കിയ തെങ്ങു പോലത്തെ മരത്തിന്റോലയും തിന്ന് തപസ്സു ചെയ്ത്‌ കിടക്കുമ്പോൾ പിടിക്കപ്പെട്ട്‌, കസ്റ്റഡീൽ വെച്ച്‌ തന്തേം തള്ളേം ആരെടാന്ന് ചോദിച്ച്‌ മിണ്ടാ പ്രാണികളായ അവറ്റകളെ ഉരുട്ടേം ചവിട്ടേം, അടിക്കേം ചെയ്ത്‌ പീഡീപ്പിക്കും പിന്നെ തടവറേലാക്കും കണ്ണീച്ചോരയില്ലാത്തോരാണെങ്കിൽ അറുത്തു കളേം , ബിരിയാണീ അരീം വെച്ച്‌ അതിന്റൊപ്പം ഇട്ട്‌ മുക്കറ്റം അടിച്ചു കളേം ചെയ്യുന്ന് നിരീച്ച്‌, ഒക്കെ വിറ്റു തൊലച്ചു ,മിൽമേടെ പാലിനായി ഭർത്താക്കന്മാരെ എണീപ്പിച്ച്‌, ഓടിച്ചു വിട്ട്‌ വാങ്ങിപ്പിച്ച്‌ കുടിക്കുന്നതിനാൽ നമുക്കൊരു വെഷമോം ഇണ്ടാർന്നില്ല തൊള്ള തുറന്നു കൂവാൻ... അതിനാൽ ഒപ്പം ഒന്നിച്ച്‌ കാക്കാ കൂട്ടിൽ കല്ലെറിഞ്ഞ മട്ടിൽ പാടി... സാരീ.. ഗാമാ...

സാരീം ,ഗാമയും ഒന്ന്വല്ല കുട്ടീപിശാചുക്കളെ ഭാവോണ്ടാവട്ടേ..നിർത്തി നിർത്തി വിട്ട്‌ വിട്ട്‌ പാടൂന്നൊക്കെ ടീച്ചർ നിലോളിക്കുന്നുണ്ട്‌..” ഇങ്ങനെത്തെ എത്രെ ഭാവോം താളോം നമ്മൾ കണ്ടതാ.. എന്ന ഒറ്റ നിസ്സാര ഭാവം നമുക്ക്‌!

അതോണ്ട്‌ വല്യ കാര്യം ഇല്ല്യാന്ന് മനസ്സിലായ ടീച്ചർ വിചാരിച്ചിട്ടുണ്ടാവണം. “…. ഒടേ തമ്പുരാൻ വിചാരിച്ചാലും നടക്കൂല... സാധകം ചെയ്യാൻ ഇവറ്റകളെ പൊഴേ കൊണ്ടു പോയി മുക്കി കൊല്ലേണ്ടി വരും... അലമ്പുണ്ടാക്കുന്ന ഇവരോ നന്നാവൂല.. അപ്പോ നാടെങ്കിലും രക്ഷപ്പെട്ടാൽ എന്റെ കേരളം എത്ര സുന്ദരം ന്ന പോലെത്തെ പാട്ട്‌ സത്യാവും!"

മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാർ കഷ്ടപ്പെട്ട്‌ പൊലർച്ചയ്ക്ക്‌ കെട്ടിയോനെ വിളിച്ചോണർത്തി.. ചായേം കടീം... പുട്ടും കടലേം... ചോറും കറീം.. ഒക്കെ ഇണ്ടാക്കിച്ചിട്ട്‌ ബദ്ധപ്പെട്ട്‌ വലിച്ചു വാരി തിന്ന് സാരീം ചുറ്റി വന്നിട്ട്‌ ക്ലാസ്സെടുക്കുമ്പോ, വെരണ്ട്‌ കണ്ണും തൊറന്ന് ഒറങ്ങണ കുട്യോളെ കാണുമ്പോ.." ഈകുട്ട്യോൾക്ക്‌ അച്ഛന്മാരൊന്നും ഇല്യേ ഹോർലിക്സോ, ബോൺ വീറ്റയോ കലക്കി കൊടുക്കാൻ.,.. അമ്മമാരൊന്നും ഇല്ലേ അച്ഛന്മാരെ വിളിച്ചൊണർത്തി അതു കലക്കിപ്പിക്ക്യാൻ എന്നൊക്കെ കരുതുമ്പോ, അവറ്റകളെ രക്ഷിക്ക്യാൻ നമ്മുടെ ഗാനാലാപനം സഹായിച്ചിട്ടുണ്ടാവണം.! ആ പാവങ്ങളുടെ രക്ഷയ്ക്ക്‌, നോം,ക്ലാസ്സിലെ പിള്ളേർ, ടീച്ചർ അങ്ങനെ മൊത്തത്തിൽ കാലേ കൂട്ടി അവതരിച്ചിരിക്ക്യാണ്‌... ധർമ്മ സംസ്ഥാപനാർത്ഥം, സംഭവങ്ങൾ മുന്നേ ചൊല്യതിൻ പ്രകാരം!!

പഠിക്ക്യാൻ, ദൂരെ ചാക്കെടുത്തു പൊറത്തിട്ടിരിക്കുന്ന അയിത്തക്കാരു കുട്യോളെ പോലെ അടുത്ത ക്ലാസ്സിലുള്ളോരും നോം പാടുന്നത്‌ ആവർത്തിക്കും!.. ഇണ്ട്‌.. സത്യാ...അവരൊക്കെ കണക്കു കൂട്ടുമ്പോ മെല്ലെ പാടും നമ്മളു പഠിപ്പിക്കണ സാരീ,ഗാമ..

..നമ്മളായിട്ട്‌ ഈയ്യോം ചെമ്പുമൊന്നും അവറ്റകളുടെ കാതിൽ ഒരുക്കിയൊഴിക്ക്യാൻ പോകാറില്ല!.. പാവങ്ങൾ!.. ഇക്കാലത്ത്‌ ഇച്ചിരി ഗാനം പഠിക്കുന്നത്‌ ഒരു കൊറച്ചിലാ?..

അല്ല..അപ്പോ നാലക്ഷരം പഠിച്ചാല്‍ ഭാവിയിലെങ്ങാനും ഇന്നത്തെ സ്റ്റാര്‍ സിങ്ങര്‍ പോലത്തെ  ഏതെങ്കിലും സ്റ്റാർ സിംഗറിൽ പാടുമ്പോ അവറ്റകളെങ്ങാനും ചോദിച്ചാ പൊട്ടിക്കരഞ്ഞു പറേം ചെയ്യാം ആ അവതാര വർഗ്ഗങ്ങളില്ല്യായിരുന്നെങ്കിൽ ഈ സ്റ്റേജിൽ നമ്മൾ നിക്കാൻ യോഗ്യരാവില്ല്യാ... ആദ്യ ഗുരുക്കന്മാരായ അവരെ ആദരിക്കേണം ന്ന്.. പിന്നെ കോളേജിലും ഇസ്കൂളിലും അവരുടെ കൈ പിടിച്ച്‌ വന്ന് " ആ ഭാഗവതന്മാരാണ്‌ നമ്മെ രക്ഷിച്ചതെന്ന് പറേം ചെയ്യാം.!. കുന്തം വിഴുങ്ങ്യത് പോലെ
നില്‍ക്കണ കൊറേ എണ്ണത്തിന്റെ കൂടെ, കൊറേ നേരം നമുക്ക് കോരിത്തരിച്ചു നില്‍ക്കേം ചെയ്യാം!
വടിം പിടിച്ചു നടക്കണ ചാനല് കാരോട് .. ദാ.. ആ മാന്യ ദേഹാണ് സംഭവങ്ങള്‍ക്ക് നിദാനം ന്ന്‍ പറഞ്ഞു അവറ്റകള്‍ ഒരു ഭവ്യത കാട്ടും.. ചാനലുകാര്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി നമ്മോടു ഗുരുഭൂതവാക്യം ചൊല്ലാന്‍ പറയേം ചെയ്യും !
അപ്പോ നോം പറയും “..അങ്ങനൊന്നും വേണ്ട.. പഠിച്ച്‌ വല്യ ആളായീലോ.. വല്യ നെലേലെത്തീലോ... കരിങ്കല്ലു വെട്ടി പൊട്ടിക്കുമ്പോലെ ചുറ്റികേം കൊണ്ട്‌ ആഞ്ഞടിച്ചാലും, വെടിമരുന്ന് കുഴിച്ചിട്ട്‌ കൊളുത്ത്യാലും പൊട്ടാത്ത ഇളേ മനസ്സുള്ള ആ പാവം ആ ജഡ്ജസിനെ കുളിരണീയിച്ച്‌, മാർക്കു പറയുമ്പോൾ പാവക്കൂത്ത്‌ കളിപ്പിക്കണോർ പാവേടെ നൂല്‌ വലിച്ചു നിർത്ത്യപോലെ എടക്കൊക്കെ നിക്കണ ടീച്ചറെ കെട്ടിപ്പിടിച്ച്‌ ചെലപ്പോക്കെ രോമാഞ്ചം കൊണ്ട്‌ നിന്ന്വല്ലോ.. അത്‌ ഇനിം ഇനീം നമുക്ക്‌ ഓരോ എപ്പിസോഡിലും ഡെഡിക്കേറ്റ്‌ ചെയ്യണം..!”

അപ്പോ ഇത്രേം ചെയ്യാൻ ആ ഗാനാലാപനത്തിനുണ്ടായി എങ്കിൽ നോം കൃതാർത്ഥരായിട്ടുണ്ടാകും.. ജീവനോടെ സ്വഗ്ഗത്തിൽ ടൂറടിക്കാൻ പോയി തിരിച്ചു വന്ന് ഭൂമീലെ ആളുകളെ മൊത്തം വിളിച്ചു കൂട്ടി വെടിപറയാൻ ഇരിക്കണ അവസ്ഥ!.. പക്ഷെ അക്കാലത്ത്‌ നമ്മെ നൊമ്പരപ്പെടുത്താൻ അതൊന്നും ഇണ്ടായില്ല്യാ.. ഈ പറേണ ചാനലും, അവറ്റകളുടെ ഈ പറേണ മക്കളും വാലില്ല്യാത്ത കുഞ്ഞു കുട്ടി മക്കളും ഒന്നും പിറവി എടുത്തിട്ടുണ്ടായിരുന്നില്ല്യ...! അങ്ങിനെ കൊറേ കാലം കഴിഞ്ഞപ്പോ, കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തെക്കോട്ടോ വടക്കോട്ടോ ഉദിച്ച നക്ഷത്രം നോക്കി നോക്കീ നടന്നിട്ടായിരിക്ക്യാം ഗന്ധർവ്വന്മാരോട്‌ ഇഷ്ടം ഒള്ള ആളുകൾ ചാനലു ജനിച്ച വിവരം അറിഞ്ഞത്‌..! അവരങ്ങിനെ കാടും ദേശോം കടന്ന് വന്നതാണ്‌!... അതോടെ തൊടങ്ങീട്ടുണ്ടാവും പാട്ടും കൂത്തും സമ്മാനം കൊടുപ്പും!......നമ്മുടെ ആ സംഭവം ഒരു നിമിത്തമായിട്ടുണ്ടാകാം..നോം കൃതകൃത്ത്യനായി, കൃതാർത്ഥനായി..

പറഞ്ഞു വന്നത്‌ വേറൊരു കാര്യം.. ഭൂത കാലത്തെക്ക്‌ ഊളിയിട്ടു മുങ്ങി തപ്പുമ്പോൾ വർത്തമാനകാലത്തേക്ക്‌ ഒന്നു ശ്വസിക്കാൻ വന്നൂന്നേ ഉള്ളൂ..!.. അപ്പോ തുടങ്ങ്യേടത്തേക്ക്‌ പോവാം..!

പാവം യേശുദാസൊക്കെ ഇങ്ങനെ എപ്പോഴും പാടിക്കൊണ്ടിരിക്ക്യാണ്‌.. തൊണ്ടയ്ക്ക്‌ കേടല്ലേ അത്‌.!..ലോക പ്രസിദ്ധി നേടീന്നും വെച്ച്‌ നിർത്താതെ പാടിച്ച്യാൽ എന്താ കഥ!.. മനുഷ്യനല്ലേ ?.. ഉപകരണോന്ന്വല്ലല്ലോ?

നാണക്കേടല്ലേ സംഗീത ലോകത്തിന്‌… അപ്പോ ഗാനഗന്ധർവ്വൻ യേശുദാസിനു ഇനി പണി കൊടുത്തൂടാന്ന് വിചാരിച്ചു കച്ചേം കെട്ടി മുറുക്കി സ്വരങ്ങൾ രസത്തിലും ഭാവത്തിലും താളത്തിലും പാടിക്കൊണ്ടിരിക്കുമ്പോൾ ആ അത്യാഹിതം സംഭവിച്ചു!

ഒരു തോന്ന്യാസി ചെക്കൻ നമ്മെ ഒരു തോണ്ടൽ!

മുറുക്കിയ കച്ച ലേശം ലൂസാക്കി നോം നമ്മുടെ വിധിയെ മാറ്റി മറിച്ച ആ മർക്കടന്റെ നേരെയായി!

നോം തിരിച്ചും തോണ്ടി..!

അവൻ നമ്മെ നുള്ളി,

നോം തിരിച്ചും നുള്ളീ,..

തിരിച്ചും നുള്ളീപ്പോ.... നീങ്ങി നെരങ്ങി ഇരുന്ന അവൻ മർക്കടത്വം ഇനി ആവർത്തിക്കില്ല്യാന്ന് വിചാരിച്ചു നോം അതൊക്കെ മറന്ന് സംഗീതത്തോട്‌ ക്ഷമസ്വാന്നും പറഞ്ഞ്‌ വീണ്ടും സാരീയിൽ തൊടങ്ങി ഗാമയിൽ തൊട്ടു തൊഴുതോണ്ടിരിക്കണ പുണ്യ സമയം!

ടീച്ചർ അടുത്ത ക്ലാസ്സിലെ ടീച്ചറോട്‌ അപ്പോ ഓർമ്മേൽ വന്ന എന്തോ നൊണ, ചൂടോടെ വെളമ്പാൻ പോയ തക്കത്തിനു അവൻപാത്തു പതുങ്ങി വന്ന് ഗാനാലാപനത്തിൽ ശ്രദ്ധാലുവായ നമ്മുടെ നടുപ്പൊറത്ത്‌ കൈമടക്കി ഒന്നു രണ്ടു കുത്ത്‌!..

പശൂനേ പോലും മർമ്മത്തിൽ കൊണ്ടാ ചത്തു പോവും ന്ന് പേടിച്ച്‌ അടിച്ച്‌ ഓടിക്ക്യാത്ത നോം അവനോട്‌ അരിശത്തിനു വിളിച്ചു പറഞ്ഞു.. ".. മഹാ നാറീ,.. ചതിയാ... തെണ്ടീ…ഒരുമ്പെട്ടോനെ… നെന്നെ ഇന്നുകൊന്നു കെട്ടിത്തൂക്കും.. ഈ കച്ചേരി ഒന്നു കഴിഞ്ഞോട്ടേ!".. വേദനേൽ പുലമ്പി പോയതാണ്‌… “ അടിയനോട്‌ തെറ്റുണ്ടെങ്കിൽ പൊറുക്കണം അവിടുന്ന് ” ന്ന് പറയാൻ പറ്റീല!

അവൻ കൊഞ്ഞനം കുത്തി...

ആ ക്ലാസ്സ്‌ വല്യ പരുക്കില്ലാതെ കഴിഞ്ഞു..!.. അവസാന ക്ലാസ്സായതിനാൽ ബാഗുമെടുത്ത്‌ ജീവനും കൊണ്ട്‌ അവനോടി..

“നാളേം ഇവിടേക്കു തന്നെ വരുവല്ലോ? അല്ലാതെ പെണ്ണിന്റെ കൈയ്യും പിടിച്ച്‌ നാട്ടീന്ന് ഒളിച്ചോടീതൊന്നും അല്ലല്ലോ?” നോം കരുതി..

പിറ്റേന്ന് നമുക്ക്‌ എന്തെന്നില്ലാത്ത ഉത്സാഹായിരുന്നു..സ്കൂളിലെ പ്രഭാത പ്രാർത്ഥന പോലെ, അവന്റെ കരണക്കുറ്റിലേ പൊഹ പറക്കുന്നത്‌ കണ്ടിട്ടേ ക്ലാസ്സ്‌ തൊടങ്ങൂളുന്ന് മനസ്സിൽ കണ്ടു..

അവൻ വന്നില്ല..!

നോം വെയിറ്റു ചെയ്തു..ആവശ്യം നമ്മുടേതല്ലേ.. നിർബന്ധിച്ചു കൊടുക്കുന്നതല്ലേ.. ഇഷ്ടോണ്ടായിട്ടു വാങ്ങുന്നതാണോ?...അയാൾക്ക്‌ ആവശ്യമില്ല്യല്ലോ?.. അപ്പോ വെയിറ്റു ചെയ്യണം!

ഇല്ല …അവന്റെ പൊടി പോലുമില്ല കണ്ടു പിടിക്ക്യാൻ!

ക്ലാസ്സു തുടങ്ങി.. ആ എരണം കെട്ട പ്യൂൺ മണി ആഞ്ഞടിക്കുന്നതു വരെ നോം വെയിറ്റു ചെയ്തു.. പിന്നെ വെയിറ്റു ചെയ്താൽ ഹെഡ്മിസ്ട്രസ്സ്‌ ആയ ആൾ വിചാരിക്കും .. അവർ ജയനായി മാറീന്ന്!.. പുണ്യമായ പെണ്ണാണ്‌ ജന്മം ന്ന വിചാരോം മാറ്റിവെച്ച്‌, ജയന്റെ സ്റ്റെലിൽ വന്ന് നാലു ചോദ്യം ചോദിച്ചു ചുമ്മാ തുടയിൽ ചൂരലെടുത്ത്‌ പെട തരും.... ഗുരൂന്റെ അനുഗ്രഹോന്നും ഇല്യാതെ, ദക്ഷിണ വെക്കാതെ നോം ഓട്ടൻ തുള്ളലു പഠിച്ചു പോവും.. നമുക്ക്‌ അതൊന്നുമല്ലല്ലോ ആവശ്യം!... അതൊക്കെ വേണെങ്കിൽ പിന്നേം സമയോം സൗകര്യോംള്ളപ്പോ ആവാലോ?... ഇവർ കല്യാണം കഴിക്കാത്തോണ്ട്‌,മക്കളില്ല്യാത്തതിന്റെ വെഷമം നമ്മളോടാ തീർക്ക്വാ….റൂമീന്ന് ഇറങ്ങുമ്പോ വെഷമം വന്നൂച്ചാൽ തലയിണക്ക്‌ പട..പടാന്ന് അടിച്ച്‌ കോപം തീർത്ത്‌ ഒരു സന്തോഷത്തോടെ പുഞ്ചിരിയോടെ നമ്മുടെ മുന്നിൽ വന്നാൽ, പ്രഷറും കൊറയും ഡോക്ടർക്കും മരുന്നിനും കൊടുക്കണ കാശ്‌ ളോഹ പോലത്തെ കുപ്പായത്തിൽ ഭദ്രമായിട്ടിരിക്ക്വേം ചെയ്യും.. അറീല.. കൗൺസലിംഗിനു കൊണ്ടോണം..!.. പക്ഷെ ആര്‌?.. അതാ നമ്മുടെ ചിന്ന വെഷമം!

നോം പ്രതിമ പോലെ നിന്ന നിൽപ്പിൽ നിന്നും ഓടി ക്ലാസ്സിൽ കയറി!

ഒരു പിര്യേട്‌ കഴിഞ്ഞൂന്ന് ബെല്ല് മുഴങ്ങുമ്പോ അതാ അയാള്‌ ഹാജർ!.. ഒപ്പം ആ മഹാന്റെ പിതാശ്രീയും ഉണ്ട്‌.. കൊടേം കുത്തിപ്പിടിച്ച്‌ !

"എന്താപ്പോ ഇവൻ ഈ വേഷത്തില്‌!".. നമുക്കാദ്യം ഒന്നും മനസ്സിലായില്ല്യ…. നേരത്തെ വന്നൂച്ചാൽ നമുക്കതൊരു ഉപകാരോം ആയി..കിട്ടുന്നോനൊരു കിട്ട്യതിന്റെ വിഷമോം മാറും!

അവർ ടീച്ചറെ പൊറത്തേക്ക്‌ വിളിച്ചു!... ടീച്ചർ അപരാധീനെ പൊറത്തേക്ക്‌ വിളിച്ചു!....

നോം ഇവിടില്ല്യാന്ന മട്ടിൽ നോം!

വീണ്ടും വിളിച്ചപ്പോ എഴുന്നേറ്റു വെറച്ചു, വെറച്ചു പോയി..തലകുമ്പിട്ടു നിന്നു..! നോം പ്രതികാരദാഹത്തിനായി ഹൃദയത്തെ ഇടിപ്പിച്ചത്‌.. ഇപ്പോ രക്ഷപ്പെട്ടാമതീന്നാക്കി ട്യൂൺ മാറ്റി വോള്യം കൂട്ടി..!..

അവനാണാദ്യം കേസ്‌ കൊടുത്തത്‌ ... അവനാണ്‌ അവന്റെ പിതാശ്രീനെ വക്കീലിന്റെ കോട്ടും ഇടുവിച്ച്‌ കൊണ്ടു വന്നത്‌... അപ്പോ അവനു ഒരു ഗമ!

ചോദ്യായി.." നീ ഇവനെ കൊന്നു കെട്ടി ത്തൂക്കും ന്ന് പറഞ്ഞോ?"- ടീച്ചർ.

" ഊവ്വ്‌!... അവൻ എന്നെ വെറുതെ കൊറേ അടിക്കേം നുള്ളേം കൊറേ കുത്തേം ഒക്കെ ചെയ്തു!.. എന്നിട്ട്‌ ഇപ്പൊഴാ നോം അവനെ കാണണേ..."- പകരം തീർക്കാൻ പറ്റാത്ത ദേഷ്യം നമുക്ക്‌ പരാതിയായി പൊങ്ങി വന്നു

“അപ്പോ നീ കൊല്ല്വോ"

“ഇല്ല്യ”

“പിന്നെ കെട്ടിത്തൂക്ക്വോ?”

“ഇല്ല്യ!”

വിചാരണ കേട്ട്‌ ആ കൊശവൻ ഇളിക്ക്യാണ്‌... നമുക്ക്‌ പരവേശം!

“നമ്മെ ആദ്യം നുള്ളീത്‌ അവനാണ്‌.."

“നമ്മെ ആദ്യം കുത്തീതും അവനാണ്‌"

വീറോടെ വാദം തുടങ്ങി..

വാദി പ്രതിയായി തുടങ്ങി..

“ഇനി മേലാൽ ഇങ്ങനെ ഉണ്ടാകരുത്‌...ടീച്ചർ അവനോട്‌!

അപ്പോ അവനും തല കുമ്പിട്ടു!..

" നീയ്യെന്തു കൊണ്ട്‌ അവന്റെ പേരിൽ നമുക്ക്‌ അന്യായം ഫയൽ ചെയ്തു തന്നില്ല!"- ടീച്ചർ

" അവസാനത്തെ സംഗീത പിര്യഡായിരുന്നു ടീച്ചർ"- നോം

" നോം നിരപരാധീം .. അവനാണ്‌ കുറ്റവാളീം ന്ന് തിരിച്ചറിഞ്ഞ അവന്റെ വക്കീലായ ആ പിതാവ്‌ തന്റെ കക്ഷിയെ ജയിപ്പിക്കാനായി എല്ലാവക്കീലും ചെയ്യണ നാറിയ പണ്യെടുത്തു... അറ്റകൈ പ്രയോഗം!

" ..ഇന്നലെ സ്ക്കൂളീന്ന് വന്ന ഒടനെ അവനു പൊള്ളുന്ന പനി!... വെറലും പനീം... രാത്രീല്‌ ഒരു പോള കണ്ണടച്ചിട്ടില്ല്യ.. ഇനി സ്കൂളി പോകൂലാ.. അവനെന്നെ കൊല്ലും ന്ന് പറഞ്ഞ്‌ രാത്രീല്‌ ഞെട്ടി ഞെട്ടി നെലോളിക്ക്യാ... അതാ ഞാൻ വന്നത്‌!"

എന്തൊക്കെയാ വീട്ടിൽ പോയി ആ മഹാപാപി പറഞ്ഞു കൊടുത്തത്‌, ചെയ്തു കൂട്ട്യത്‌.. നോം തലേൽ കൈവെച്ച്‌ പോയി.. സങ്കടപ്പെട്ടു.. അവന്‌ സ്കൂളില്‌ വെരണ്ടേങ്കില്‌.. കച്ചേരി നടത്താൻ സാധകം ചെയ്യുന്ന നമ്മേ മാത്രേ കിട്ടിയുള്ളൂ.. വേറെ എത്ര അടി കിട്ടിയാൽ പൊറകെ വീടുവരെ പോയി അടിച്ചു ഷെയിപ്പെന്നെ മാറ്റാൻ ത്രാണീയുള്ള തല തെറിച്ചു നടക്കണ പിള്ളേരുണ്ട്‌! .. ഷെയിം ഓൺ യൂ.. ഫ്രെൻഡ്‌.. ഷെയിം!!

" .. ഇനി ഇങ്ങനെ ഇണ്ടാവരുത്‌.. കേട്ടല്ലോ?.. രണ്ടാളോടുമാ പറേണത്‌...."-ടീച്ചർ.

"....കുത്തും അടീം കൊണ്ടു പോരാത്തതിനു പിന്നേം അടി തന്നോനോട്‌ മാപ്പു പറയാൻ ഈ ജന്മം ഇനിയും ലേശം ബാക്കി.."- നോം വെഷെമിച്ചോണ്ട്‌ നിന്നു!

."...ഉം രണ്ടാളോടുമാണ്‌ പറഞ്ഞത്‌..ട്ടോ!" ആദ്യായി കിട്ടിയ കേസ്‌ തീർപ്പാക്കിയ ഗമേൽ ഇന്നതു പറയാംന്നൊന്നും ഇല്യ ടീച്ചർക്ക്‌!

"നോം തല കുലുക്കി.. അവനും!" മേപ്പടി വക്കീൽ അതായത്‌ അവന്റെ പിതാശ്രീ അവനെ കെട്ടിപ്പിടിച്ച്‌ പറഞ്ഞു “ഇനി ഒന്നും ഇണ്ടാവില്ല്യ.. ക്ലാസ്സീ പോയി ഇരുന്നോ?”

നോം മനസ്സിൽ പറഞ്ഞു “പിന്നേ വന്ദ്യനായ അവന്റെ പിതാവേ..അവനേം മടീൽ വെച്ച്‌ താങ്കളും കൂടി ക്ലാസിൽ ഇരുന്നോ?..അപ്പോ പിതാവും, പുത്രനുമായല്ലോ?... ഇനി നാളെ വരുമ്പോ മാതാവിനേം കൂടെ കൂട്ട്യാൽ കുടുംബം മൊത്തത്തിലായി.. പിന്നെ താരാട്ടു പാടി കുട്യ ഒറക്കാം...നമ്മോടായോണ്ട്‌ രക്ഷ ..മറ്റു പിള്ളേരോടാണെങ്കി അവന്റെ മൊഖത്തിന്റെ ഷെയിപ്‌ മാറ്റിയതും കൊണ്ട്‌ കെട്ടി പിടിച്ചു പോവാരുന്നു..!:”

അവൻ പേടി അഭിനയിച്ചു ക്ലാസ്സിലേക്ക്‌ നടന്നു.. "..ഇവനെ സിനിമേൽ കയറ്റിയാ അവാർഡ്‌ ഒറപ്പാ" നോം കരുതി...

ഇനി എന്തേങ്കിലും ചെയ്യുന്നത്‌ കോടതി അലക്ഷ്യാവും... പ്രശ്നാവും.. നോം വേദന ഒക്കെ സഹിച്ചു!..പിന്നെ അവനോട്‌ കളിക്കുന്നത്‌ സൂക്ഷിച്ചാണ്‌.. അടീം തന്ന് പിന്നേം കേസും കൊടുത്താൽ, നമ്മുടെ വീട്ടിലെ വക്കീലന്മാർ ആരും വാദിക്ക്യാൻ വരില്ല!.. അവരൊക്കെ വല്യ സുപ്രീം കോടതീലേ വാദിക്കൂന്ന ഒരു ഭാവോം പെരുമാറ്റോം!... എന്തെങ്കിലും ഉണ്ടായാൽ കേസ്‌ ഏറ്റെടുത്ത്‌ നടത്തേണ്ടതിനു പകരം ഒരു കത്തെഴുതി ഭദ്രമായി ഒട്ടിച്ച്‌ നമുക്ക്‌ തന്നയച്ച്‌ പറേം.. സ്കൂളിലെ ഹെഡ്മാഷിനു തന്നെ കൊടുക്കണം.. അവരാവുമ്പോ ഇതിനൊരു പരിഹാരം എളുപ്പം തരും.. ഒക്കെ ശരിയാവും.. ഒന്നും പേടിക്കേണ്ട.. ധൈര്യായി പോയ്ക്കോ.. അതിൽ ഇങ്ങനെ എഴുതീട്ടുണ്ടാവും..

".. ഈ കത്തും കൊണ്ടു വരുന്ന മേപ്പടിയാന്‌.. നിങ്ങളാൽ കഴിയുന്ന സഹായമായി അടീം തൊഴീം കൊടുത്ത്‌ കേസ്‌ എത്രയും പെട്ടെന്ന് ഒതുക്കിക്കളയാൻ താൽപര്യം!..ഇതിനു വരുന്ന കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദിത്വപ്പെട്ടവരാണ്‌ ഇതു പറയുന്നതെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു"

എന്ന് ഒപ്പ്‌!"

അപ്പോ അതു വേണ്ട..

ചെലരൊക്കെ മക്കളെ സ്നേഹിക്കുന്നത്‌ കണ്ടു പഠിക്കണം...... ചെലപ്പോ പണ്ടൊക്കെ മാതാശ്രീ തമാശയായി പറേണത്‌ സത്യായിരിക്ക്വോ..." .. നിന്നെ തോട്ടിൻ കരേന്ന് നെലവിളിച്ചോണ്ടിരിക്കുമ്പോ കിട്ട്യതാ..".. ഇതൊക്കെ കാണുമ്പോ ഒരു സന്ദേഹം.. ഇല്ലാച്ചാൽ നമ്മേം അകമൊഴിഞ്ഞു സ്നേഹിച്ചാലെന്താ?.. നോം പന പോലെ വളർന്ന് പന്തലിക്കൂലേ..!

അവൻ വളർന്നു പന്തലിച്ചു..നമ്മോട്‌ വല്യ കാര്യാണ്‌.. പക്ഷെ നമുക്ക്‌ ലേശം പേടീം!
ഇപ്പോൾ അവൻ മെഡിക്കൽ റപ്പാണ്‌.. ബൈക്കിലാണ്‌ യാത്ര!... അവന്റെ പിതാശ്രീനേം പൊക്കിയെടുത്തോണ്ട്‌ വന്നിട്ട്‌ പാവം ഡോക്ടർമാരേം എന്തെങ്കിലും കുനുഷ്ട്‌ കൊണ്ട്‌ ഒതുക്കുന്നുണ്ടാവ്വോ ആവോ?..
ചോദിക്ക്യാനും പറയാനും ഒരു ബലോം ഇല്യാത്ത ആളൊൾക്ക്‌ എവിടെ പോയാലും എപ്പളും കഷ്ടപ്പാടാ.. നൊം നെടുവീർപ്പിട്ടു..