പേജുകള്‍‌

ബുധനാഴ്‌ച, മേയ് 23, 2012

പിഞ്ചു പൈതൽ!

കൊച്ചു കുഞ്ഞാണ് അവൻ
നിഷ്ക്കളങ്കൻ!
എതിരു പറഞ്ഞവന്റെ
ഗളഛേദം ചെയ്ത്,
കണ്ണാടി നോക്കി,
ഇപ്പോൾ സുന്ദരനായോ,
എന്നു പിറുപിറുക്കുന്നവൻ!

തർക്കിച്ചോനെ വെട്ടി നുറുക്കി,
നിണമെടുത്ത് നീരാടി,
എന്നും പൊട്ടിച്ചിരിച്ചു  പറയും
“കാണാനിപ്പോഴെങ്ങിനെ?
നന്നായോ?”

ഇന്നലേയും ഒരാളെ,
തുണ്ടം തുണ്ടമാക്കി,
നിണത്തിൽ നീരാടി,
കുടൽമാലയെടുത്ത്,
അട്ടഹസിച്ച്,
പിന്നെ പിച്ചാ പിച്ചാ
നടത്തുന്നോരുടെ കൈപിടിച്ച്,
പിച്ചാ പിച്ചാ നടന്ന്,
എങ്ങോ പോയൊളിച്ചു,

ഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ  ഉമ്മ തരുമോ?
അതോഅടിക്ക്വോ?
അടിച്ചാൽ വേദനിക്ക്വോ?
ഇല്ലേങ്കിൽ വരാം"

സംസാരത്തിൽ എന്തൊരു ഭവ്യത!
ഭാവങ്ങളിൽ എന്തൊരു വിനയം!
നിപ്പിളു ഘടിപ്പിച്ച കുപ്പിപ്പാലുമായി
ഏമാന്മാർ പോയിട്ടുണ്ട്!

ഏമാന്മാർക്ക് ഇനി ഹാലിളകി
എന്തെങ്കിലും ചെയ്യുമോ ആവോ?
പാവം! എട്ടും പൊട്ടും തിരിയാത്ത
പിഞ്ചു പൈതൽ!
രക്തം വലിച്ചു കുടിച്ചും
മാംസം വെട്ടി നുറുക്കിയും,
രാഷ്ട്രീയക്കാരുടെ തണലിൽ
വളർന്നു പന്തലിക്കേണ്ടവൻ!

ചൊവ്വാഴ്ച, മേയ് 08, 2012

ദാരിദ്ര്യരേഖ

സത്യത്തിനൊരു കൂടൊരുക്കി
പിന്നെ വിളിച്ചു പറഞ്ഞു.
“ ഇവിടെ മൊത്തം അജ്ഞാനികളാണ്!”
സത്യത്തിനെ പിന്നെ കശാപ്പു ചെയ്തു.
പതിയെ പറഞ്ഞു.
“ ഇവിടെ നമ്മൾ പട്ടിണിയിലാണ്”
സത്യത്തിനെ വിറ്റു തിന്നു മുറുമുറുത്തു.
“ ഇവിടെ നമ്മൾക്കും ജീവിക്കണം!”
സ്വരം കനക്കുമ്പോഴേക്കും,
മണിമാളികകളും ആഢംബരങ്ങളും
പൂന്തോപ്പുകളും, വ്യാപാരങ്ങളും
കള്ളം പറഞ്ഞ്, കള്ളം പറഞ്ഞ്.. !

ഞായറാഴ്‌ച, മേയ് 06, 2012

അണക്കെട്ടിന്റെ തിരുമുറിവ്!

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!

വ്യാഴാഴ്‌ച, മേയ് 03, 2012

ശുഭദിനം

കറ

യുഗങ്ങളിൽ ഏറെ കറയുള്ളത്
കലിയുഗത്തിനാണത്രേ!

 കൂലി കൊടുത്ത് ഡിഗ്രി വാങ്ങി
പാമരൻ പണ്ഡിതനാവുന്നതും,
കൂലി കൊടുത്ത് അവാർഡു വാങ്ങി,
വാനോളം വളരുന്നതും
കറയല്ലത്രെ, അമൃതാത്രെ!

പുഴുവെടുത്തരിക്കും മുന്നേ,
ഏതു മൃതപ്രായനും
അമരത്വത്തിലേക്കെത്താനുള്ള കുറുക്കു വഴി!

അപ്പോൾ പറഞ്ഞു വന്നത്....
അമൃത കുംഭം നിങ്ങൾക്കുണ്ടെങ്കിൽ,
അമരത്വം നേടാമെന്നല്ല,
ആളും തരവും വികസിച്ച കുടിലത്വവും
നിർഭയത്വവും വേണം,

അതു കൊണ്ടാകണം
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!