പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

ഉപാസനാ മൂർത്തി.

അർപ്പിച്ച പൂജയും തെറ്റി
നേദിച്ച നൈവേദ്യം മാറി
ഉപാസനാ മൂർത്തിയുറഞ്ഞു-
കൺകളിൽ, ക്രൂരത താണ്ഡവമാടി
അന്ധത ബാധിച്ചു തേങ്ങി,
മിഴികളിൽ ഗംഗയൊഴുകി.
ക്ഷീണിതമായ ഞരമ്പിൽ,
ശരീരത്തിൽ ദുർമൂർത്തി നർത്തനമാടി

പൂജാരി നിന്നു വിയർത്തു-
നിത്യവും ഇൻസുലിൻ നൈവേദ്യമായി
പാവയ്ക്കയർച്ചന ചെയ്തു-
കയ്പ്പിന്റെ, ലോകത്തിലന്നു തളച്ചു.
വൃക്കയിൽ , കരളിൽ ശരീരത്തിലൊക്കെയും,
ദുർമൂർത്തി നർത്തനം ചെയ്തു
പിന്നെയും രൗദ്രയായി താണ്ഡവമാടുമ്പോൾ
കാലയാൾ ബലിയേകി നിന്നു,
സ്വന്തം കൈകൾ തളർത്തിയും നിന്നു.
വിങ്ങി വിളറി മെലിഞ്ഞ ശരീരത്തിൽ,
വ്രണങ്ങൾ നിറഞ്ഞുമിരുന്നു,
രൗദ്രമൂർത്തിയുറഞ്ഞുമിരുന്നു.
ബലിയായി, നേർച്ചയായി ചിതയിലൊടുങ്ങുമ്പോൾ,
തൃപ്തയായി മൂർത്തിയടങ്ങി,
സംതൃപ്തയായി എങ്ങോ മറഞ്ഞു.

(സൂക്ഷിക്കുക.. പ്രമേഹം നമുക്കരികിലുണ്ട്‌.. )

ശനിയാഴ്‌ച, ഫെബ്രുവരി 27, 2010

കാക്കയുടെ ദുഃഖം!

..കാക്കയെ പറ്റിച്ച സന്തോഷത്തിൽ കുയിൽ പറന്നു പോയി....കുയിൽ തന്റെ കൂട്ടിൽ മുട്ടയിട്ടതു കണ്ട്‌ കാക്ക ഉള്ളാലെ ചിരിച്ചു.."മടിയൻ!"
...മുട്ടപുറത്തെറിയാൻ തീരുമാനിച്ചു....വേണം...ണ്ട... വേണം.. ണ്ട...സങ്കടം തോന്നി...
..പെറ്റതള്ളയ്ക്ക്‌ മറുകുഞ്ഞിനോടുണ്ടാവില്ലേ ഒരു ചെറിയ സ്നേഹം... ദയ..!.. കാക്ക ചിന്തിച്ചു.
ഒരു സേവനം.!.. ഇരിക്കട്ടേ.. ഏതായാലും അടയിരിക്കണം എന്ന് ചിന്തിച്ച്‌ അടയിരുന്നു വിരിയിച്ചു...തന്റെ മക്കളോടൊപ്പം പുറത്തു വന്ന അവരേയും പൊന്നു പോലെ ആഹാരം കൊടുത്തു വളർത്തി... തിന്നാനവർ ബഹുമിടുക്കരായിരുന്നു... വലുതായപ്പോൾ എഴുത്തിനിരുത്തി... ബാലപാഠത്തിൽ തന്നെ കല്ലുകടി!
....കാ..കാ...കാ.. എന്ന് ഗുരുനാഥൻ!...
...കൂ.. കൂ...കൂ... എന്ന് വിമതർ!
ഇങ്ങനെയുമുണ്ടോ പരിഹാസം!കാക്കയ്ക്ക്‌ ദേഷ്യം വന്നു... നന്ദി വേണം ... നന്ദി... ഇത്രയും കാലം പോറ്റിയതിന്റെ നന്ദി പോലും കാണിക്കാത്ത വിമതരെ കാക്ക കൊത്തിയോടിച്ചു... കുയിലപ്പോൾ ഉള്ളാലെ ചിരിച്ചു..." പോറ്റിയില്ലെങ്കിലും തന്റെ മക്കൾ വർഗ്ഗസ്നേഹം കൈവിട്ടില്ലല്ലോ?"...
....കാക്കയപ്പോൾ ചിന്തിക്കയായിരുന്നു..". സാമാന്യബുദ്ധിയുള്ള മനുഷ്യരിൽ നിന്ന് ഇവർക്കെന്താണ്‌ വ്യത്യാസം?.. മാതാപിതാക്കളുടെഎല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്‌ ഒടുവിൽ ഒരു നന്ദിയോ, പരിചയമോ കാട്ടാതെ അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്നില്ലേ.....എന്നാലും...ഇവർ അവരെപോലെയാകാമോ.?...".

ദുഃഖം തീർക്കാൻ ചുണ്ട്‌ ഇരിക്കുന്ന മരത്തിലുരച്ച്‌, ശരീരം കുടഞ്ഞ്‌ തൂവൽ തെറിപ്പിച്ച്‌ ഇത്രയ്ക്കൊക്കെ ദുഃഖമേ ഇതിനൊക്കെ അർഹിക്കുന്നുള്ളൂ എന്ന് നിനച്ച്‌ പറന്നുപോയി...

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

നേതാവ്‌!!

.........റോഡിലൂടെ അയാൾ നയിച്ചുകൊണ്ടിരുന്നു..... അവർ നയിക്കപ്പെട്ട്‌ പുറകേയും!!.അയാൾ മുഷ്ടി ചുരുട്ടി മാനത്തേക്കെറിഞ്ഞു.... അത്‌ അനുകരിച്ച്‌ അവരും..!!.... സത്യം !!.....ഞാൻ കണ്ടതാണ്‌...അവർ ഒരു പാട്‌ പേരുണ്ടായിരുന്നു...

അപ്പോൾ ഉമ്മറപ്പടിയിലിരുന്ന് ഒരു കൊച്ചു കുട്ടി ഉച്ചത്തിൽ പഴയ കഥ വായിക്കുകയായിരുന്നു...

" .... അയ്യേ... കഴുതയേ നടത്തികൊണ്ടു പോകുകയോ.... ചുമലിലെടുത്തല്ലേ കൊണ്ടു പോകേണ്ടത്‌.!!.. കഷ്ടമാണ്‌ കാര്യം.!!.. ഇതു കേട്ട മണ്ടനായ അയാൾക്കത്‌ ശരിയാണെന്ന് തോന്നി... അയാൾ കഴുതയെ ചുമലിലെടുത്തു.."

അവർ അതു കേട്ടിരിക്കുമോ ആവോ?.... ആരവത്തോടെ അവരയാളെ ചുമലിലെടുത്തു. കഴുതയ്ക്ക്‌ പൂമാല ചാർത്തുവാ നൊന്നും കുട്ടിയുടെ കഥയിൽ ഉണ്ടാവുകയോ, അവൻ വായിക്കുകയോ ചെയ്തിരുന്നില്ല... എന്നിട്ടും അവർ ഒരു പടി കൂടി കടന്ന് അയാൾക്ക്‌ പൂമാലയോടൊപ്പം ഒരു നോട്ടു മാല കൂടി ചാർത്തി...

അപ്പോൾ ഞാനാരായി?

... അവൻ ഗോലി കളിച്ചു...വലുതായപ്പോൾ ക്രിക്കറ്റും!... ഞാൻ സ്ലേറ്റും...വലുതായപ്പോൾ പുസ്തകവും.!
പഠിച്ചു പഠിച്ചു സർട്ടിഫിക്കറ്റുമായി വന്നപ്പോൾ അവന്‌ സർട്ടിഫിക്കേറ്റ്‌ നിരവധി...എനിക്ക്‌ ഒന്ന്!
ഇതെങ്ങിനെ സംഭവിച്ചു?.. ഞാൻ അത്ഭുതം കാറി വിളമ്പി..
അവൻ പൊട്ടിച്ചിരിച്ചു ... ചിരിയടങ്ങാൻ പാടു പെട്ടു... അടങ്ങിയപ്പോൾ പോക്കറ്റിൽ തട്ടി പറഞ്ഞു...." ജോർജ്ജുകുട്ടി വേണമിഷ്ടാ.. ജോർജ്ജുകുട്ടി...തുപ്പാനും തുമ്മാനും, മാന്യനായി നടക്കാനും..."
എന്റെ തല ശൂന്യം!... അവന്റെ തല ബുദ്ധി..!

തിരിഞ്ഞു നടക്കുമ്പോൾ കീറിപ്പറിഞ്ഞ ഷർട്ട്‌ പൊക്കി, മുണ്ടിനിടയിൽ കിടന്ന് പ്ലാസ്റ്റിക്‌ കുപ്പായമിട്ട സർട്ടിഫിക്കേറ്റ്‌ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ചോദിച്ചു.
." താൻ സമയം പാഴാക്കിയോ?"

അവൻ കോട്ടും സൂട്ടുമിട്ട്‌ കാറിൽ പോകുമ്പോൾ ഞാൻ മരത്തിനു പിറകിൽ ഒട്ടിയ വയറുമായി ഒളിച്ചിരുന്നു കണ്ടു... അവൻ മാനേജറാത്രെ...ഏതോ വലിയ കമ്പനിയിലെ മാനേജറ്‌!...
"ചോദിക്കണോ വേണ്ടയോ?... ഒരു ജോലി.!.. ഗുമസ്ഥനായിട്ടെങ്കിലും!..."
ഒടുവിൽ മനസ്സു പറഞ്ഞു.." വേണ്ട...അവൻ ചിരിക്കും... പൊട്ടിച്ചിരിക്കും... ചിരിയടങ്ങുമ്പോൾ ഒരു പക്ഷേ പറഞ്ഞേക്കും...ഗെറ്റൗട്ട്‌... വിഡ്ഡികളെ എന്റെ കമ്പനിക്ക്‌ വേണ്ടെന്ന്..!..
അഴിഞ്ഞ മുണ്ടിൻ തലപ്പ്‌ മുറുക്കിയുടുത്ത്‌ ഞാൻ വിട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.....

ശനിയാഴ്‌ച, ഫെബ്രുവരി 20, 2010

റൊബോട്ട്‌ യുഗം!

സമയമായപ്പോൾ യന്ത്രക്കോഴികൂകി..യന്ത്ര പക്ഷികളുടെ കളകളാരവം മനസ്സു കുളിർക്കെ അയാൾ കേട്ടു..ക്ലോക്കൊന്നടിച്ചപ്പ‍ാൾ കുയിൽ പുറത്തിറങ്ങി വന്നു കൂകി.. കുയിലിന്റെ നാദം ആവോളം അയാൾ ആസ്വദിച്ചു..ഫ്ലാറ്റു തുറക്കരുത്‌! മലിനവായുവിന്റെ തള്ളിക്കയറ്റം രോഗമുണ്ടാക്കും.. അതെല്ലാവർക്കു അറിയാവുന്ന അലിഖിത നിയമമാണ്‌..ഇറുകിയടച്ച ഫ്ലാറ്റിന്റെ മൂലയ്കുള്ളിൽ വെച്ചു പിടിപ്പിച്ച ബോൺസ്സായി മരങ്ങൾ കണ്ട്‌ അയാൾ പ്രകൃതിയെ അറിഞ്ഞു. അതിലൂടെ ഉലാത്തുന്നതായി സ്വപ്നം കണ്ടു...ശുദ്ധവായുവിനായി അയാൾ കൈ ഞൊടിച്ചു..യന്ത്രമനുഷ്യൻ(റൊബോട്ട്‌) ഓടിവന്ന് സ്വിച്ച്‌ ഒന്നമർത്തിയപ്പോൾ മുറിയിൽ ഓക്സിജൻ നിറഞ്ഞു..
"മതി.. വിശക്കുന്നുണ്ട്‌ എന്തെങ്കിലും കഴിക്കണം."..യന്ത്രമനുഷ്യൻ സ്വിച്ചൊന്നമർത്തി കട്ടിൽ നിവർത്തി..ഗമണ്ടൻ കുപ്പിയിലടച്ച ഗുളികയെടുത്തു കൈവെള്ളയിൽ വെച്ചു കൊടുത്തു.. കുറിപ്പടി വായിച്ചു കൊടുത്തു.
"പ്രാചീനർ കഴിക്കുന്ന ഭക്ഷണത്തിൽ വിറ്റാമിനുകളുടെ കുറവ്‌ നിരവധിയായിരുന്നു... അതിനാൽ അവർക്ക്‌ രോഗങ്ങൾ കൂടുതലായിരുന്നു. അവരുടെ ബ്രെയിൻ ശരിക്കു പ്രവർത്തിച്ചിരുന്നില്ല.. വിറ്റമിൻ കുറവായതിനാൽ അവർ വാരിവലിച്ചു തിന്നിരുന്നു .ദിവസം മൂന്നു നേരം, ചിലപ്പോൾ അഞ്ചു നേരം!.....നൂറിരട്ടി പോഷകങ്ങൾ അടങ്ങിയ ഈ ഗുളിക ഒന്ന് മാത്രം അലിച്ചിറക്കുക.പിന്നെ ഒരു മാസത്തേക്ക്‌ നിങ്ങൾ ഒന്നും കഴിക്കേണ്ടതില്ല...ഒന്നിൽ കൂടുതൽ അറിയാതെ കഴിച്ചാൽ ഉടനേ ഇന്റർനെറ്റിലെ ഈ വിലാസത്തിൽ ബന്ധപ്പെടുക.."
വായിച്ചു കേട്ട്‌ തൃപ്തിപ്പെട്ടപ്പോൾ അയാൾ ഗുളികയെടുത്ത്‌ അലിച്ചിറക്കി.. വിശപ്പുമാറ്റി..
ദാഹിക്കുന്നുണ്ട്‌.യന്ത്രമനുഷ്യൻ ഓടിച്ചെന്ന് അലമാരയിലെ കുപ്പിയെടുത്തു.. ഒരു സ്പൂൺ മരുന്നെടുത്ത്‌ കൊടുത്തു...ഞൊടിയിടയിൽ ദാഹം മാറി.. ആറുമാസം കഴിഞ്ഞിനി സേവിച്ചാൽ മതി.. താങ്ക്സ്‌ പറഞ്ഞപ്പോൾ "വെൽക്കം" എന്നു പറഞ്ഞു യന്ത്രമനുഷ്യൻ പോയി..

വീണ്ടും തന്റെ യന്ത്രക്കട്ടിലിൽ കമഴ്‌ന്നടിച്ചു വീണു.. വിശപ്പും ദാഹവും മാറി ഇനി വ്യായാമം..എനർജി കുറയ്ക്കണം!..സമയം നോക്കി യന്ത്രമനുഷ്യൻ ഓടിവന്നു ഒരു സ്വിച്ച്‌ അമർത്തിയപ്പോൾ യന്ത്രക്കട്ടിൽ കുലുങ്ങി.. ഭാഗ്യം വ്യായാമവും പൂർത്തിയായി... എത്രയോ കുതിരശക്തി അലിയിച്ചു കളഞ്ഞിരിക്കുന്നു!!

.. സമയം ഉറപ്പു വരുത്തി.. ഇനി പ്രകാശം വേണം വീണ്ടും യന്ത്രമനുഷ്യൻ വന്നു ഒരു സ്വിച്ചിട്ടപ്പോൾ സൂര്യൻ പ്രകാശിച്ചു.... സമയമായപ്പോൾ ആ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ മറ്റൊരു സ്വിച്ചിട്ടു.. അപ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും!..ഉറങ്ങാൻ സമയമായപ്പോൾ അയാൾ ചന്ദ്രനേയും നക്ഷത്രങ്ങളേയും നിയന്ത്രിക്കുന്ന സ്വിച്ച്‌ ഓഫാക്കാൻ കൽപ്പിച്ചു.. പുതപ്പിച്ചു കൊടുത്ത്‌ യന്ത്രമനുഷ്യൻ അയാൾക്ക്‌ കാവലിരുന്നു....
അയാൾക്ക്‌ ബോറടിച്ചിരുന്നു.... പക്ഷേ എന്തു ചെയ്യാം.. പുറത്ത്‌ കൂരാക്കൂരിരുട്ടാണ്‌... പണ്ടത്തെപ്പോലെ സൂര്യനും, ചന്ദ്രനും, ആകാശവും, പ്രകൃതിയും, പ്രതിഭാസവും ഇല്ലല്ലോ... എല്ലാവരും മരിച്ചിരിക്കുന്നു ... അല്ല കൊന്നിരിക്കുന്നു... ഇനി ഈ കൃത്രിമ വഴിതന്നെ ശരണം!..

അയാൾ മെല്ലെ ചുമച്ചപ്പോൾ യന്ത്രമനുഷ്യൻ വന്ന് അയാളെ താങ്ങിയെടുത്ത്‌ കട്ടിലിലിരുത്തി..തലയിൽ തട്ടി ചിരിച്ചു കൊണ്ട്‌ ചോദിച്ചു " ഇന്ന് പരിപാടിയുണ്ടോ?" "ഊവ്വേന്ന് പറഞ്ഞപ്പോൾ വേറൊരു യന്ത്ര മനുഷ്യൻ സാരിയും ചുറ്റി വന്നു.. ഇനി ഭോഗം!!...വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ വേലക്കാരൻ യന്ത്രമനുഷ്യൻ സഹായിച്ചു.. വസ്ത്രമഴിച്ചു നഗ്നനായ യന്ത്രമനുഷ്യൻ അയാളോടൊപ്പം ശയിച്ചു.മൃദുലമേനിയിൽ അയാൾക്കൊന്നും ചെയ്യേണ്ടി വന്നില്ല.. എല്ലാം യന്ത്രകൃപ..!! ശാസ്ത്രപുരോഗതി!...നിർവൃതിയിൽ ലയിച്ചു ലയിച്ച്‌ അയാൾ അങ്ങിനെ കിടന്നു.. കയ്യനങ്ങാതെ മെയ്യനങ്ങാതെ!!

----------------------------
ഞാൻ ഭയക്കുന്നു പുതിയ തലമുറയെ.... കമ്പ്യൂട്ടറിൽ മാത്രം എന്തും ഏതും മുക്കിത്തിന്നുന്ന പുതിയ തലമുറയെ...

അടിമത്തം

വെളുപ്പിച്ച ചിരിയുമായ്‌
രുചിമുകുളങ്ങളിൽ
നിർവൃതിയായി
ഞെരമ്പിലെ
നിണപ്രവാഹത്തിനു
തടയായവൻ പൊട്ടിച്ചിരിച്ചു
വിജയാഹ്ലാദം!
അയാളും രോഗിയായി!

ഞരമ്പുകളിലിൻസുലിൻ
വേദനയായി പടർന്നവനെ
ആട്ടിതുരത്തുമ്പോഴും
ഒളിപ്പിച്ച ഭരണിയിൽകൈയ്യിട്ടു
ചുംബിച്ചയാളവനെ സ്നേഹിച്ചു
"ഇനിയെങ്കിലും ചതിക്കാതിരുന്നൂടേ!"
അയാളും അടിമത്തം ആസ്വദിച്ചു.

കാക്കയുടെ ചിന്തകൾ--(2)

ഈസ്ട്രജൻ ഡേ.
-----------------------
അയാൾ ആരോഗ്യദൃഡഗാത്രനായിരുന്നു..സ്വന്തം കൃഷിയിടങ്ങളിൽ തൂമ്പയെടുത്തു വാഴവെക്കാനുള്ള മടി കാരണം ജിമ്മിലേക്ക്‌ യാത്രയായി.. അവിടെ കിളക്കുകയും മാന്തുകയും ചെയ്ത്‌ ഊർജ്ജം ചോർത്തി ആശ്വാസം കൊണ്ടു.. മലർന്നുകിടന്നും ചെരിഞ്ഞു കിടന്നും എന്തൊക്കെയോ വികൃതികൾ കാണിച്ചു..ചുമ്മാ...


സൂപ്പർ മാർക്കെറ്റിൽ നിന്നും അഞ്ചു കിലോ അരി പൊക്കി അഞ്ചു മിനുട്ട്‌ നടക്കാനുള്ള ശേഷിയില്ലാത്തതിനാൽ ഓട്ടോറിക്ഷ പിടിച്ചു വരുന്ന അയാൾ 50 കിലോയും 60 കിലോയും ഉള്ള ഇരുമ്പു കട്ടകൾ പൊക്കി കരുത്തു തെളിയിച്ചു.. ചുമ്മാ... വെറുതേ..

കസർത്തുകൾ കഴിഞ്ഞ്‌ റോഡരികിലെ പെട്ടിക്കടയിൽ വണ്ടി നിർത്തി... ..ജിമ്മിനു പോകുന്ന പയലുകൾക്ക്‌ വേണ്ടി മുട്ടകൾ കൂമ്പാരമാക്കി വെച്ചിട്ടുണ്ട്‌ അവിടെ...ചുമ്മാ വെറുതേയല്ല... ചുമ്മാ പൈസകൊടുത്താൽ....
ആന വായിലമ്പഴങ്ങ എന്ന മട്ടിൽ മുട്ടകൾ ഒന്നൊന്നായി സിക്സർ അടിച്ചു കൊണ്ടിരുന്നു..
കൊതി തീർത്ത്‌ എഴുന്നേറ്റു പോയപ്പോൾ..വായിൽ സ്ത്രീശബ്ദം മാത്രം വരുന്നു...  മുട്ടയിലെ ഈസ്റ്റ്ട്രജൻ! യാദാർത്ഥ്യം മനസ്സിലായപ്പോൾ അയാൾ അതിനോടു പൊരുത്തപ്പെട്ടു..


മരക്കൊമ്പിലിരുന്ന കാക്ക തലചെരിച്ചു പിടിച്ചു എല്ലാം കാണുന്നുണ്ടായിരുന്നു..." പരിണാമം ...പരിണാമം..ഈസ്ട്രൻ തിന്നാൽ പൂവൻ കോഴിയും പറകണക്കിനു മുട്ടയിടും ... ആശുപത്രിയിൽ പോയി പ്രസവിക്കും..". കാക്ക നെടുവീർപ്പിട്ടു.

വേൾഡ്‌ ഹെൽത്ത്‌ ഒർഗനൈസേഷൻ അന്നേ ദിവസം മുതൽ ഈസ്ട്രജൻ ദിനമായി പ്രഖ്യാപിച്ചു... ഒപ്പം ജനങ്ങളും!

കാക്കകളുടെ ഗുരുനാഥൻ കാക്കകൾക്കായി കഥ പറഞ്ഞു കൊടുത്തിട്ടിപ്രകാരം പറഞ്ഞു .." മനുഷ്യന്‌ എല്ലാമറിയാമെന്ന അഹങ്കാരമാ... അഹങ്കാരം!"
കാക്ക ശിഷ്യർ അത്‌...കാ..കാ.. കാ.. എന്ന് ശരിവെച്ചു..
ആരോ ശബ്ദമുണ്ടാക്കുന്ന കാക്കകളെ കല്ലെറിഞ്ഞോടിച്ചു..
" അഹങ്കാരികൾ മാത്രമല്ല..ദുഷ്ടന്മാരും...കണ്ടില്ലേ..ഒന്നും ചെയ്യാത്ത നമ്മളേയും കല്ലെറിയുന്നത്‌..."

"കാ..കാ.. കാ എന്ന് ശിഷ്യർ അതു ശരിവെച്ചു..

തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010

തെരുവ്‌ വേശ്യയുടെ മാനം

അവൾ അയാളുടെ കരവലയങ്ങളിൽ നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...പകലോന്റെ പ്രകാശം, അടഞ്ഞ ജനലഴിയുടെ ചെറുദ്വാരത്തിലൂടെ അരിച്ചരിച്ച്‌ ഇറങ്ങിയിരുന്നത്‌ ഹവ്വയെ ലൂസിഫർ നാണമെന്നതെന്തെന്ന് പഠിപ്പിച്ചപ്പോഴത്തതിനു സമാനമാക്കി.....ഒരു കൈ കൊണ്ട്‌ ശരീരം ആസകലം മറക്കാൻ ശ്രമിച്ച്‌ ഊരിയെറിഞ്ഞതും, ഊർന്നിറങ്ങിയതുമായ വസ്ത്ര ശകലങ്ങൾക്കായി അവൾ പരുതി. അല്ലെങ്കിലും പെണ്ണുങ്ങൾ ഇപ്പോൾ വസ്ത്രങ്ങൾ ധരിക്കാറില്ലല്ലോ.. വസ്ത്ര ശകലങ്ങളല്ലേ ധരിക്കാറുള്ളൂ!.. വസ്ത്രങ്ങൾ നന്നായി ധരിക്കുന്നത്‌ കുറച്ചിലായതിനാൽ മേനിയുടെ കൊഴുപ്പും ,മെഴുപ്പും ,വെളുപ്പും നാലാളു കാണാൻ പുറമ്പോക്കായി ഒഴിച്ചിടുമ്പോൾ ഭർത്താക്കന്മാർ അതിനെ പ്രോൽസാഹിപ്പിക്കും..അല്ലെങ്കിൽ സ്ത്രീയെ അവഹേളിച്ചതിനു വനിതാവേദികളുടെ തെളിവെടുപ്പും ,വിളവെടുപ്പും ശകാരവും ഉണ്ടാകും...ടീവിയിൽ ഒരാഴ്ചത്തെ ഒരു പരിപാടിക്ക്‌ അതൊക്കെ മതി.
കസേരയിൽ വെച്ചിരുന്ന വസ്ത്ര ശകലങ്ങൾ ധരിച്ചപ്പോൾ ഇച്ചിരി നാണക്കേട്‌ മാറിയതായി അവൾക്ക്‌ തോന്നി... കണ്ണാടിയിൽ നോക്കി മുടിചീകിയൊതുക്കി ..പൗഡറിട്ട്‌ വീണ്ടും സുന്ദരിയായി... വാനിറ്റി ബാഗ്‌ തോളിൽ തൂക്കിയതിനു ശേഷം അവൾ അയാളെ വിളിച്ചു.

".. ദേ.. എട്ടുമണിയായി..എനിക്കു പോണം"

" രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ"- ഒഴുക്കൻ മട്ടിൽ അയാൾ ചോദിച്ചു..

" അതിന്‌ താങ്കൾക്ക്‌ ഞാൻ ഡെയിറ്റ്‌ തന്നിട്ടില്ലല്ലോ..ഇനി ഒരാഴ്ച കഴിഞ്ഞേ ഡെയിറ്റ്‌ ഉള്ളൂ... വേണമെങ്കിൽ ഇപ്പോൾ പറയണം.. "- അവൾ ഡയറിയെടുത്തു .പെന്നെടുത്തു ഡെയിറ്റ്‌ കുറിക്കാൻ അയാളുടെ ചുണ്ടനങ്ങുന്നത്‌ കാത്തു കൊണ്ട്‌ പറഞ്ഞു ."വേണോ?..വേണമെങ്കിൽ വേഗം പറ!"

ഡെയിറ്റ്‌ മാറി ആളുകളെ നിരാശപ്പെടുത്താത്തതിനാൽ എന്നും കച്ചോടം ഉണ്ട്‌.ഏതു പണിയായാലും കൃത്യനിഷ്ഠത വേണമെന്ന് അവൾക്ക്‌ നിർബന്ധമായിരുന്നു..

"ഉം വേണമെങ്കിൽ പിന്നീട്‌ വിളിക്കാം"- അയാൾ ആലസ്യത്തോടെ പറഞ്ഞു. പിന്നെ തലയിണക്കടിയിൽ നിന്നും പേഴ്സ്‌ എടുത്ത്‌ നോട്ടുകൾ പുറത്തെടുത്തു കൊണ്ടു ചോദിച്ചു..

" എത്രെയാ?"

" ഓർമ്മയില്ലേ... ഇന്നലെ പറഞ്ഞുറപ്പിച്ച തുക!"

"അയാൾ തലചൊറിഞ്ഞു "അതിത്തിരി കൂടുതലാ"

"എന്റെ റേറ്റ്‌ പറഞ്ഞാണല്ലോ ഞാൻ വന്നത്‌?" അവൾക്ക്‌ ദേഷ്യം വന്നിരുന്നു...

"... എടീ.. ന്നാലും ഞാൻ സ്ഥിരം കുറ്റിയവുമെന്നെങ്കിലും ഓർത്തിട്ട്‌ ഡിസ്ക്കൗണ്ടൊക്കെ തന്നൂടേ?." അയാൾ അൽപം താഴ്‌ന്നു.

"അതിനു ഞാൻ അധിക കാലം ഈ ഫീൽഡിൽ നിൽക്കില്ലല്ലോ?"

" അങ്ങിനെയാടീ ഈ ഫീൽഡിൽ വരുന്ന പല കൂത്തച്ചികളും ആദ്യം പറയാറ്‌... പിന്നെ പിന്നെ അതൊരു ശീലമാവും!.. നല്ല മണി കിട്ടുന്ന കച്ചോടാ ഇത്‌...മറക്കേണ്ട!!അതാ പറഞ്ഞത്‌ എനിക്ക്‌ ഡിസ്ക്കൗണ്ട്‌ തന്ന് ഐശ്വര്യമായി ഈ ഫീൽഡിൽ ഇറങ്ങിക്കോന്ന്.. ചുമ്മാതല്ല!"-അയാളുടെ വായ ഏതു പദവും മെരുക്കാനും അതു പോലെ ശക്തമായി പുറത്തേക്ക്‌ തുപ്പിക്കളയാനും മാത്രം വലുതായിരുന്നു.

...ഒരു പക്ഷെ കുടുംബപ്രാരാബ്ധത്തിന്റെ വിങ്ങലിലായിരിക്കണം സ്വയം അശുദ്ധയായി മറ്റുള്ളവരെ ശുദ്ധരാക്കാൻ അവൾ പാടുപെടുന്നത്‌!!അതുകൊണ്ടു തന്നെ അവൾ താഴാൻ തയ്യാറായില്ല.

".. ആദ്യമേ പറയണമായിരുന്നു... ഇത്ര നാറിയായ താങ്കളുടെ അടുത്തു ഞാൻ വരില്ലായിരുന്നു...നിവൃത്തികേടുകൊണ്ടാ ഇതിനൊക്കെ ഇറങ്ങി തിരിച്ചത്‌ ..അല്ലാതെ..." - അവൾ തുറന്നടിച്ചു.

"..ഓ ഒരു ശീലാവതി.. .എന്താടീ തന്റെ ഫിറ്റിംഗ്സുകളൊക്കെ സ്വർണ്ണമോ രത്നമോ അല്ലല്ലോ..സാധാരണ പെണ്ണുങ്ങളിൽ നിന്ന് എന്താ ഒരു വ്യത്യാസം?...ഇത്രയും വിലകൂട്ടിപ്പറയാൻ? "- യാതൊരു ഉളുപ്പുമില്ലാതെ അയാൾ പറഞ്ഞു.

അവൾ അയാളുടെ പക്കൽ നിന്നും പണവും പേഴ്സും തട്ടിപ്പറിച്ചു.. പറഞ്ഞുറപ്പിച്ച തുകയെടുത്തു.. ബാക്കി അയാളുടെ കൈയ്യിലേക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തു.

"ഡിസ്ക്കൗണ്ടില്ലേ.. തന്നാൽ നിനക്കു നല്ലത്‌..എന്നെ പറ്റിച്ചു പോകുന്നെങ്കിൽ പോയ്ക്കോ...എന്നാലും കുറച്ച്‌ ഡിസ്ക്കൗണ്ട്‌ തന്നെങ്കിൽ നിനക്കു എന്തെങ്കിലും നഷ്ടമുണ്ടോന്ന് ആലോചിക്കണം ലാഭമല്ലാതെ... ഉപയോഗിച്ചാൽ നഷ്ടമാകുന്ന എന്തെങ്കിലും ഉണ്ടോ തന്നിൽ!!"-അയാളുടെ വായ കൂടുതൽ ചീഞ്ഞു നാറാൻ തുടങ്ങി..

അവളുടെ കോപം ഇരട്ടിച്ചിരുന്നു..." എന്റെ മാനത്തിനു വിലപറയുന്നോടാ നായെ.... നിന്റെ ശവമടക്കിനു തികയുമെങ്കിൽ ദാ ... ഇതീരിക്കട്ടേ..നീ പറഞ്ഞ ഡിസ്ക്കൗണ്ട്‌!!".... ചവിട്ടിതുള്ളിക്കൊണ്ട്‌ പോകുമ്പോൾ അവൾ ഒരു നോട്ട്‌ അയാളുടെ മുഖത്ത്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ പറഞ്ഞു..

വാനിറ്റീ ബാഗിൽ നിന്നും ഡയറിയെടുത്ത്‌ അടുത്തയാളുടെ പേരും നമ്പരും തിരയുമ്പോൾ അവൾ പിറുപിറുത്തു " ദൈവമേ അറ്റകൈക്ക്‌ ഉപ്പു തേക്കാത്തവനായിപ്പോയല്ലോ ശകുനം..അടുത്തത്‌ എങ്ങനെത്തെയാണാവോ?!!"

"ദൈവമേ.. തെരുവു വേശ്യയ്ക്കും മാനമോ.. അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല... കിടക്കയിലേക്ക്‌ മറിഞ്ഞുവീണു പുതപ്പിനുള്ളിലേക്ക്‌ ഊർന്നിറങ്ങുമ്പോൾ അയാളുടെ മാനം അവളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു...എന്നിട്ടും അയാൾ കഴിഞ്ഞ രാത്രിയെ കുറിച്ചോർത്തു പിറുപിറുത്തു.." കൊള്ളാം നല്ല പീസ്‌!!.. വെറുതേ ശുണ്ഠി പിടിപ്പിക്കേണ്ടായിരുന്നു."

ശനിയാഴ്‌ച, ഫെബ്രുവരി 13, 2010

പ്രണയത്തിന്റെ പ്രഫസർ

അവരുടെ ഇടയിൽ ഞാനൊരു അദ്ധ്യാപകനായി.. പ്രഫസ്സറായി...


കണ്ണിമയ്ക്കാതെ എന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു....ഉള്ള സാഹിത്യം കടക്കോലുകൊണ്ട്‌ കടഞ്ഞെടുത്ത്‌ തൈരിൽ നിന്നും വെണ്ണയെടുക്കുന്ന പരിശ്രമത്തിനൊടുവിൽ ഞാൻ തുടർന്നു...
...ശരീരമാകുന്ന ഭൂവിൽ, മനസ്സാകുന്ന കർത്താവ്‌, അഹോരാത്രം പണിയെടുത്ത്‌ ഹൃദയ വാടികളിൽ വിരിയിക്കുന്ന മനോജ്ഞമായ പുഷ്പത്തിന്റെ മുകുളമത്രെ പ്രണയം!!...
... അവരെന്നെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു...

വീണ്ടും വെണ്ണയെടുത്തു കൊണ്ട്‌ ഞാൻ തുടർന്നു...

.......അതു മെല്ലെ മെല്ലെ വിരിയും... സുന്ദരന്മാരായ തേൻ ശലഭങ്ങളോടൊപ്പം കരിവണ്ടുകളും അതിന്റെ തേൻ നുകരാനെത്തും..എല്ലാവർക്കും തേൻ നുകരാൻ അവസരം കൊടുക്കും.. അപ്പോഴൊന്നും ആ സുഗന്ധപുഷ്പം..ആളെനോക്കാറില്ല.. കറുപ്പും വെളുപ്പും സൗന്ദര്യവും നോക്കാറില്ല.. വീണ്ടും വീണ്ടും അതു വിരിയും... പിന്നെ... മെല്ലെ മെല്ലെ കണ്ണടയ്ക്കും... .കൊഴിഞ്ഞു വീഴും....പിന്നെ അഴുകും... ചിതലരിക്കും .......അതോടെ എല്ലാം തകരും!..

ഞാൻ നിർത്തുമ്പോൾ.. അവർ ... ഹ...ഹ.. ഹാ.. എന്ന് അട്ടഹസിച്ചു പരിഹസിക്കയാണ്‌... കൂവിയാർക്കുകയാണ്‌....

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ?...പ്രണയത്തെ കുറിച്ച്‌, അതിന്റെ മനോഹാരിതയെ കുറിച്ച്‌ പറയാനാണ്‌ താങ്കളോടു പറഞ്ഞത്‌... ദുരന്തത്തെ കുറിച്ചല്ല..". അവർ അട്ടഹസിച്ചു പിന്നെയും ചിരിച്ചു..പ്രഫസറൊടുള്ള ബഹുമാനം അവർക്കെന്നോടില്ല... തെരുവു തെണ്ടിയോടുള്ള അവഗണന... പരിഹാസം..!

സത്യത്തെ എല്ലാവർക്കും ഭയമാണെന്ന് എനിക്കു മനസ്സിലായി.....

പരിഹസിച്ചു ചിരിക്കുന്നിടത്തു നിന്നും പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ശപഥം ചെയ്തു കൊണ്ടിരുന്നു.....

ചുട്ടെടുക്കുന്ന ദോശയുടെ മണം!..ഇതെവിടുന്ന്! എനിക്കശ്ചര്യം തോന്നി..ഞാൻ ശപഥത്തോടെ കണ്ണുതുറന്നു.... ചട്ടുകത്തോടെ അവൾ വന്നെന്നെ കുലുക്കി വിളിച്ചു പറഞ്ഞു ."...ദേ ഒരുപാട്‌ സമയമായി... വേഗം പല്ലു തേച്ചു വാ... ചായ കുടിക്കാം! ....ഏതു പെണ്ണിനെയാണാവോ ആലോചിച്ചു കിടക്കുന്നത്‌..."

വീണ പൂവിനെ വീണ്ടും ചവിട്ടണോ?.. അല്ല ആരെങ്കിലും അതെടുത്ത്‌ ഉമ്മവെക്കുമോ? ... എന്നൊന്നും നോക്കാനുള്ള, തർക്കിക്കാനുള്ള സമയമല്ലിത്‌.. വൈകിയാൽ ഇന്നും മാനേജറുടെ തെറിവിളി കേൾക്കേണ്ടിവരും..മെല്ലെ എഴുന്നേറ്റു..

തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2010

എന്റെ കൂലി?? ( കവിത)

( കവിത- അങ്ങിനെ വിളിക്കാമോ എന്നറിയില്ല .. ക്ഷമിച്ചാലും.. അർത്ഥങ്ങളില്ലാത്ത വാക്കുകൾ കൊണ്ടുള്ള പ്രയോഗം എന്നെങ്കിലും വിളിച്ചൂടേ?)
------------------------------------------------------------

വ്യക്തമായി ഞാനറിയുന്നെൻ കണ്ഠത്തിൽ -
പൂമാലെയെന്നൊതി കാലം
ചാർത്തിയ കുരുക്കുകൾ,
മുറുകുന്നു മെല്ലെയോരൊനിമിഷാർദ്ധത്തിലും!.

ഞാനറിയുന്നു സഹസ്രയുഗങ്ങളാൽ
കടഞ്ഞെടുക്കേണ്ട വാക്കുകൾ,
ഞൊടിയിൽ കടഞ്ഞെടുക്കപ്പെട്ടെൻ
ഹൃദയഭിത്തികളിൽ തട്ടി-
യൊടുവിലെൻ മാനസത്തിൽ ലയിക്കുന്നു.
പുറം ലോകമറിയാതെൻ ചുണ്ടുകൾ
വിതുമ്പുന്നു, ഉരുണ്ടു കൂടിയകാർമേഘങ്ങൾ
പെരുമഴയായി കൺകളിൽ പെയ്തിറങ്ങുന്നു


ഞാനറിയുന്നുസ്നേഹത്തിൻ
പൂച്ചെണ്ടുകൾ വിരിയുന്നതും
ആയിരം പൂമ്പാറ്റകളെൻ
ഹൃദന്തത്തിലുയിർ-
കൊണ്ട്‌ പറന്നുയരുന്നതും.
വിദ്വേഷത്തിൻ
വിഷവിത്തുകളവയുടെ-
ചിറകുകളറുക്കുന്നു-
പിടയുന്നവയ്ക്കായുസ്സു
കുറവെന്നട്ടഹസിക്കുന്നു.
സ്നേഹം നിറച്ച്‌ പറന്നുയരേണ്ട
ചിറകുകളമർത്തി-
കല്ലെടുക്കാനാജ്ഞാപിക്കുമ്പോഴെൻ-
കയ്യുമ്മെയ്യും തളരുന്നു,
കണ്ണിരുട്ടടയ്ക്കുന്നു.

ഞാനറിയുന്നു, അറിയാതെ
വിഷം കുടിക്കാൻ വിധിക്കപ്പെട്ടവർ,
അമൃതെന്നൊർത്താനന്ദനൃത്തം ചവിട്ടുന്നു,
അടിമകളായടിയാളായ്‌
ജീവിതം തള്ളി നീക്കുന്നു

മണ്ണിനെ പെണ്ണുകൊണ്ടളക്കുന്നതും,
പെണ്ണിനെ പണം കൊണ്ടറുക്കുന്നതും,
മാനത്തെ ചന്ദ്രനെ മനം കൊണ്ട്‌-
വലിച്ചു താഴെയിട്ടമ്മാനമാടുന്നതും,
പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, മലകൾ-
പിന്നെയീ സമതലം പോലും
കൊള്ളയടിച്ചൂക്കിൽ ഏമ്പക്കം വിട്ടു -
മലർന്നു കിടക്കുന്ന സ്വപ്നാടകനാം
മലർപ്പൊടിക്കാരനെ,
പിന്നെ ഞാൻ കാണുന്നു,
പ്രശാന്തമാമീ ഭൂമി നാശമാക്കിയ സൃഷ്ടികൾ,
മലിനമാക്കാൻ മറുഗ്രഹം തേടി അലയുന്നതും.

കാലത്തിൻ മായാപ്രപഞ്ചത്തിൽ,
നടമാടിയ നാടകം തീരാൻ
സമയമേറെയില്ലെങ്കിലും,
മുറുക്കിപ്പിടിച്ചൊരെൻ ജീവനെ ഉടയോനു-
തിരിച്ചെൽപ്പിക്കേണ്ട വ്യഗ്രത!
മുട്ടി ഞാൻ ചിത്രഗുപ്തസന്നിധി,
ഞാനാണെന്നറിഞ്ഞപ്പോഴുഗ്രശബ്ദം,
"പോയ്‌ മുഴുമിപ്പിക്കുക നടമാടിയ നാടകം,
സമയമാകുമ്പോൾ വിളിക്കാം,
കണക്കു തീർത്ത്‌ കൂലി നൽകാം,
വിളിപ്പുറത്തുണ്ടാകണമന്നേരം!"

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

അദ്ദേഹത്തിന്റെ ഉപദേശം

ജീവിതത്തിന്റെ മേച്ചിൽ പുറങ്ങളിൽ ഓടിതിമർത്ത്‌ തളർന്നപ്പോൾ അദ്ദേഹം കിതച്ചു.. അദ്ദേഹത്തിന്റെ രക്തം ഊറ്റിക്കുടിച്ചു വളരുന്ന ഒരു വെറും പരാഗമായി ഇനിയും തുടരാൻ അവന്റെ മനസ്സ്‌ അനുവദിച്ചില്ല.. അതിനാൽ പടിയിറങ്ങി.. അവന്റെ കക്ഷത്തിൽ അദ്ദേഹത്തിന്റെ വിയർപ്പു തുള്ളികൾ മണക്കുന്ന സർട്ടിഫിക്കെറ്റുകളുടെ കെട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..മനസ്സിൽ അദ്ദേഹത്തിന്റെ കിതയ്ക്കുന്ന രൂപവും. കമ്പനികളുടെ ഓഫ‍ീസുകളുടെ വാതിലിൽ പ്രതീക്ഷയോടെ മുട്ടിക്കൊണ്ട്‌ അവൻ നടന്നു.പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവനെ നിരാശനാക്കി....നിരാശ അവനെ തളർത്തിയപ്പോൾ ലക്ഷ്യം അവനെ ഉയർത്തി. ഏതോ വാതിൽ അവനെ കാത്തു തുറന്നു കിടപ്പുണ്ടായിരുന്നു..ഹാർദ്ദമായി അവരവനെ സ്വീകരിച്ചു..മാസം തികഞ്ഞപ്പോൾ കിട്ടിയ തുട്ടുനാണയങ്ങളുമായി സന്തോഷത്തോടെ, അഭിമാനത്തോടെ, ഒരൽപം അഹങ്കാരത്തോടെ അവൻ അദ്ദേഹത്തെ ചെന്നു കണ്ടു. വാർദ്ധിക്യം ചുംബിച്ച മെലിഞ്ഞ കൈകളിൽ വെച്ചു കൊടുത്ത പണം തിരികെ അവന്റെ കൈകളിലേക്ക്‌ തന്നെ വെച്ചു കൊടുത്തിട്ടദ്ദേഹം പറഞ്ഞു.." ആത്മാഭിമാനം പണയം വെച്ചു കിട്ടിയ മുപ്പത്‌ വെള്ളീക്കാശാണിത്‌.. അതിനാൽ ഒരു ചില്ലിക്കാശും ഇതിൽ നിന്ന് അനാവശ്യമായി കളയരുത്‌".

ഉറുമ്പരിച്ച ചിന്തകളിൽ ബാക്കിയായവ എടുത്തു കൂട്ടി അവൻ പരുതി. എന്തിനായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌?.. ക്രമേണ അർത്ഥം മനസ്സിലായപ്പോൾ അവൻ ഒരു വ്യവസായത്തിന്റെ അധിപനായി വളർന്നു കഴിഞ്ഞിരുന്നു.. വീണ്ടും മാസം തികഞ്ഞപ്പോൾ കിട്ടിയ ലാഭമെടുത്ത്‌ അഹങ്കാരലാഞ്ചനയോടെ അദ്ദേഹത്തിനരികിലെത്തി..മെലിഞ്ഞുണങ്ങിയ വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങി തിരികെ തന്നെ കൊടുത്തു കൊണ്ടദ്ദേഹം പറഞ്ഞു " മുപ്പത്‌ വെള്ളിക്കാശിന്‌ പണയപ്പെട്ടുപോയ അഭിമാനങ്ങളാണിത്‌..ഇതിൽ നിന്നും ഒരു ചില്ലിക്കാശും അനാവശ്യമായി കളയരുത്‌!"...എന്തു കൊണ്ടാണ്‌ വീണ്ടും അദ്ദേഹം തിരസ്കരിച്ചതെന്ന് അവൻ ചിന്തിച്ചു..ബാക്കി വന്ന ചിതലരിച്ച ചിന്തകൾക്കിടയിൽ പരുതി നോക്കി അവൻ ഒടുവിൽ കണ്ടു പിടിച്ചു. ഓടിപ്പോകുമെന്ന് ഭയപ്പെട്ട്‌ അവൻ കെട്ടിയ ചങ്ങലകൾ അവന്റെ തൊഴിലാളികളുടെ കഴുത്തിൽ ഞാന്നു കിടന്നിരുന്നു.. മുരളുന്നവന്റെ കഴുത്തിൽ ബലമുള്ള ചങ്ങല, തെറിവിളിക്കുന്നവന്റെ കഴുത്തിൽ കുരുക്കും!...അവന്‌ കുറ്റബോധം തോന്നി... സാമ്രാജ്യത്തിനു ചുറ്റും കോട്ടപോലെ മതിലുയർത്തി, പ്രതീക്ഷകളുടെ ഭക്ഷണം അവരെകൊണ്ടു പാചകം ചെയ്യിച്ചു...പാകമായപ്പോൾ ഭക്ഷിപ്പിച്ചു.. തൊഴിലാളികളുടെ ചങ്ങല ഊരിയെറിഞ്ഞു... ചങ്ങല നഷ്ടപ്പെട്ട തൊഴിലാളികൾ മതിൽക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിച്ചു.. ചാടിപ്പോകാനവസരം കൊടുത്തിട്ടും അവർ പോയില്ല..വീണ്ടും, ബാക്കിവന്ന ലാഭമെടുത്ത്‌ അദ്ദേഹത്തിനരികിലെത്തി അദ്ദേഹത്തിന്റെ കാൽക്കൽ സമർപ്പിച്ചു. ഇത്തവണ പുഞ്ചിരിയൊടെ നിറഞ്ഞ തൃപ്തിയിൽ അദ്ദേഹം പറഞ്ഞു.."ഇതിൽ നിന്നും ഒരു തുട്ടെടുത്ത്‌ എനിക്കും അനാഥാലയത്തിനും വേണ്ടി ഒരു പിടിച്ചോറിനായി മാറ്റി വെക്കുക.. ബാക്കി വരുന്ന ഒരു തുട്ടും അനാവശ്യമായി കളയരുത്‌.. അത്മാഭിമാനം വിതച്ച്‌ കൊയ്യപ്പെട്ട  സന്തോഷമാണത്‌!!".. അയാളുടെ പ്രശസ്തിഉയർന്നു കൊണ്ടിരുന്നപ്പോൾ ലോകം കേൾക്കെ അവൻ വീളിച്ചു പറഞ്ഞു. " നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുത്തു തന്ന ശക്തിയാണ്‌ അദ്ദേഹം!"

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ഒരു ചുവന്ന പട്ടുകോണകം വരുത്തിയ വിന!

റെയിൽ വേ സ്റ്റേഷനടുത്തായിരുന്നു അവരുടെ വീട്‌...ചുറ്റും മണിമാളികകൾ!... അവരുടേത്‌ ഓടിട്ട ചെറിയ കൊച്ചു വീട്‌!!അതൊരു കുറ്റമായിരുന്നില്ല. പണമുള്ളവർ മണിമാളികകൾ കെട്ടി നിവർന്നു നിൽക്കുമ്പോൾ ഒരു കൊച്ചുവീടെങ്കിലും കെട്ടി, വളഞ്ഞെങ്കിലും നിൽക്കാൻ പെട്ടപാട്‌ അവർക്കേ അറിയൂ..ഒരു പക്ഷേ ചെറുവീടുകൾ നഗരത്തിൽ അശുഭമുണ്ടാക്കും, നഗരശോഭ നശിപ്പിക്കും എന്നൊക്കെ പറഞ്ഞ്‌ പ്ലാൻ അപ്പ്രൂവ്‌ ചെയ്യുന്ന വല്ല്യേമാന്മാർ അനുമതി നിരസ്സിക്കുന്ന കാലം വിദൂരമല്ല!...ഇപ്പോൾ അതല്ല നമ്മുടെ വിഷയം... വിഷയം.. കൊച്ചു വീട്ടിൽ തൂക്കിയിട്ട പട്ടു കോണകമാണ്‌!.. വിഷയത്തിൽ നിന്ന് വ്യതി ചലിക്കുന്നത്‌ വിധിക്കും വിധേതാവിനും നേട്ടമല്ല കോട്ടമേ വരുത്തൂ എന്നത്‌ സ്മരണീയം!!

രാവിലെകുളിച്ച്‌ വന്ന് സുരേഷ്‌ തന്റെ നരച്ച ചുവന്ന പട്ടു കോണകം നിവർത്തിക്കുടഞ്ഞ്‌ വീടിന്റെ ഉമ്മറപ്പടിയിൽ ഉണങ്ങാനിട്ടു. യോഗാഭ്യാസം പഠിക്കാൻ പോകുന്നത്‌ നാലാളുകാണട്ടേ എന്നേ സുരേഷ്‌ ഓർത്തുള്ളൂ.. അതും ഓർത്തോ എന്നറിയില്ല.. ഒരു പക്ഷേ നാളെ യോഗാഭ്യാസത്തിനു പോകുമ്പോഴേക്കും അതുണങ്ങുമല്ലോ എന്നേ ആ പാവം ഒ‍ാർത്തിരിക്കാൻ വഴിയുള്ളൂ..ഉടനെ തന്നെ കോളേജിലേക്ക്‌ ഓടി..സമയം ഏറേ വൈകിയിരുന്നു...ഒരുപാട്‌ സർക്കസ്സ്‌ കഴിഞ്ഞിട്ടു വേണം ബസ്സിൽ കയറിപ്പറ്റാൻ!.
"ഇവനെന്താ ഇവിടെ കൊണ്ട്‌ വന്ന് ഇട്ടിരിക്കുന്നത്‌?"-സു രേഷിന്റെ അമ്മ ചോദിച്ചു..
" അമ്മേ ഏട്ടൻ യോഗാഭ്യാസത്തിനു ചേർന്നിട്ടുണ്ട്‌. അതിന്റെ മുന്നോടിയാ ഇത്‌"-- ആറാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ രമേഷ്‌ പറഞ്ഞു.
"ഓൻ യോഗാഭ്യാസമല്ല... ലോക ആഭാസം പഠിക്കുകയായിരിക്കും...കണ്ടില്ലേ ചെയ്ത്‌!!....ഒരു നാണവും ഇല്ലാത്ത വശളൻ!" - എന്തിനും ഏതിനും എപ്പോഴും തരം കിട്ടുമ്പോഴൊക്കെ മർമ്മത്തിൽ വിസ്തരിച്ചു കുത്തി നോവിച്ച്‌ പല്ലുവെളുപ്പിക്കുന്ന ഇളയമ്മ വിളിച്ചു പറഞ്ഞു.
കൂനിക്കൂടികൊണ്ട്‌ മുത്തശ്ശി പറഞ്ഞു" ഐശ്വര്യത്തിനു വേണ്ടി ഓനെന്തെങ്കിലും കെട്ടി തൂക്കിയതായിരിക്കും..  ഓൻ വന്നിട്ട്‌ ചോദിക്കാം..എപ്പേളും ചെക്കനെ കുറ്റം പറയുന്നത്‌ നിർത്താറായില്ലേ ...നിനക്ക്‌.."
"ഞാനൊന്നും പറയാൻ ആളല്ലേ " --ഇളയമ്മ ചവിട്ടിത്തുള്ളീക്കോണ്ട്‌ അകത്തേക്ക്‌ പോയി..
" അല്ല മുത്തശ്ശീ വീടിനു കണ്ണുകൊള്ളാതിരിക്കാനാ"- രമേഷ്‌ പറഞ്ഞു.
സുരേഷിന്റെ അച്ഛൻ മാർക്കെറ്റിൽ പോയിരുന്നു.. തിരിച്ചു വന്നപ്പോൾ അതു കണ്ട്‌ചോദിച്ചു.
" എന്താടാ ഇത്‌?"
" അത്‌ ഏട്ടന്റെ പണിയാ"- രമേഷ്‌ പറഞ്ഞു
സംഭവം അറിഞ്ഞ്‌ അദ്ദേഹം പറഞ്ഞു --" നാലാളുകാൺകെ കെട്ടിതൂക്കി വീടിന്റെ മാനം കളയാൻ നടക്കുന്നു... കൈ കൊണ്ട്‌ പിടിക്കാൻ കൊള്ളൂലല്ലോ...ഒരു വടിയെങ്ങാനും എടുത്ത്‌ ദൂരെക്കളയെടാ രമേഷെ."
ഒരു വലിയ വടിയുമായി രമേഷ്‌ വന്നു ..അതിൽ കുത്തി അതിനെ ഐശ്വര്യമായി താഴെയിറക്കി..
" വീടിനു മുൻപിൽ ചാർത്താൻ കണ്ട ഒരു സാധനം!....ദൂരെക്കള ...."- അദ്ദേഹത്തിന്റെ അന്ത്യശാസനം!!
പട്ടം പോലെ വടിയിൽ പട്ടു കോണകം ഞാന്നു കിടന്നു. അതെടുത്ത്‌ രമേഷ്‌ എന്തും ഏതും നിക്ഷേപിക്കാൻ മൗനാനുമതിയുള്ള ആരേയും പേടിക്കേണ്ടാത്ത, റെയിൽ വേ സ്റ്റേഷനരികിലുള്ള കുളത്തിനേക്കരികിൽ ഓടി. കുണ്ടു കുളത്തിൽ ഏട്ടന്റെ യോഗാഭ്യാസം വിസ്മൃതിയിൽ ആഴട്ടേ എന്നേ അവനും കരുതിയിരുന്നുള്ളൂ..
പെട്ടെന്ന് ഓടിവരികയായിരുന്ന വണ്ടി നിന്നു..
 "അപകടം! .. അപകടം!--അപകടം മണത്തറിഞ്ഞ ഡ്രൈവർ ആരോടോ പറയുന്നുണ്ടായിരുന്നു.

ആളുകൾ ഇറങ്ങുന്നു..ഡ്രൈവർ ഇറങ്ങുന്നു...എന്തോ സംഭവിച്ചിട്ടുണ്ട്‌.." ആളുകൾ എന്തൊക്കെയോ പറയുന്നു..
 നേരെ പട്ടുകോണകം തൂക്കിയ വടിയുമായി രമേഷും അങ്ങോട്ടു നീങ്ങി..രമേഷിനെ ചൂണ്ടിക്കാട്ടികൊണ്ട്‌ ഡ്രൈവറും പരിവാരങ്ങളും രമേഷിനടുത്തേക്ക്‌..
" എന്താ കുട്ടി കാര്യം?" അധികൃതരുടെ ചോദ്യം. ആളുകൾ അവനു ചുറ്റും കൂടി..
കുട്ടിക്കെന്ത്‌ കാര്യം. കാര്യം വണ്ടിക്കല്ലേ..വണ്ടിയല്ലേ എന്തോ കണ്ട്‌ പേടിച്ച്‌ നിന്നത്‌.രമേഷ്‌ അമ്പരന്നു.
ചോദ്യം രമേഷിനോട്‌...വീണ്ടും!
അവൻ പറഞ്ഞു." എന്താണ്‌ കാര്യം എന്നറിയാനാ ഞാനും...!"
" താനെന്തിനാ ചുവന്ന തുണി വീശിക്കാണിച്ചേ..അപകടം വല്ലതും??" അധികൃതരുടെ ചോദ്യം..
രമേഷ്‌ ഞെട്ടി.." ഞാൻ ചുവന്ന തുണി വീശിക്കാണിച്ചെന്നോ?"
" എടോ തന്റെ കയ്യിലെ വടിയിൽ പിന്നെന്താണ്‌?"

"....ഇതോ ഇത്‌ ഏട്ടന്റെ പട്ടു കോണകം... ഇത്‌ കളയാൻ വരുന്ന വഴിയാണ്‌ .. അപ്പോഴാ ഈ വണ്ടി നിൽക്കുന്നത്‌ കണ്ടത്‌..".പിന്നെ നടന്ന സംഭവം അശ്ശേഷം പൊടിപ്പും തോങ്ങലും ഇല്ലാതെ ഒറ്റ ശ്വാസത്തിൽ  അവൻ  വിവരിച്ചു.


കോണകത്തിനെതിരേയോ, അതു ചുറ്റി പട്ടം പറത്തിയ രമേഷിനെതിരേയോ, അതുണങ്ങാനിട്ട സുരേഷിനെതിരെയോ അതല്ല അതു വലിച്ചെറിയാൻ കൽപിച്ച അവരുടെ അച്ഛനെതിരെയോ. ആർക്കെതിരെയാണ്‌ കേസെടുക്കേണ്ടത്‌! അധികൃതർ അന്തിച്ചു നിന്നു.


"ഇനിയീ ചുവന്ന തുണിയും വീശിക്കൊണ്ട്‌ മേലാൽ ഇവിടം വന്നേക്കരുത്‌ മനസ്സിലായോ"
അധികൃതർക്ക്‌ കാര്യം മനസ്സിലായപ്പോൾ അവന്‌ താക്കീതു കൊടുത്തു.... ചിരിച്ചുകൊണ്ട്‌ അവർ പോയി.ചുറ്റും കൂടിയ ആളുകൾ തലമറന്നു ചിരിക്കുന്നു..ഇറങ്ങിയ യാത്രക്കാരോട്‌ ഇറങ്ങാത്ത യാത്രക്കാർ ചോദിച്ചു.." എന്താ സംഭവം...അപകടം വല്ലതും.?"

"ഹേയ്‌ അപകടമില്ലാത്ത സംഭവമാണെന്നേ ഒരു പട്ടു കോണകം വരുത്തിയ പൊല്ലാപ്പാ.."ചിരിച്ചു കൊണ്ടവർ പറഞ്ഞു..
" എന്താ.. എന്താ പറ്റീത്‌?"-കേൾവി കുറഞ്ഞ  ഒരു കിളവൻ പരിഭ്രമം വിട്ടു മാറാതെ ചോദിച്ചു
"മൂപ്പിലാനേ.പട്ടുകോണകം ചുറ്റി വന്നിരിക്കയാണോ?...പട്ടുകോണകം ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌..പട്ടുകോണകം ഇനിയാരും റെയിൽവേ സ്റ്റേഷനരികിൽ പിഴിഞ്ഞുണക്കുകയോ കളയുകയോ ചെയ്യരുതെന്ന് .. ..ചെയ്താൽ.. ദാ.. ഇതു പോലെ അപകടം വരും" -ഒരു രസികൻ ഗൗരവത്തിലും ഉച്ചത്തിലും പറഞ്ഞു..കേൾവിയുടെ ബാലൻസ്‌ വല്ലതും ബാക്കി ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം കേട്ടു കാണണം!
..വീണ്ടും ചൂളം വിളിച്ചും കൊണ്ട്‌ (അതോ പറ്റിയ അമിളിയിൽ കൂവിവിളിച്ചും കൊണ്ടോ എന്നറിയില്ല)വണ്ടി നീങ്ങി..
" ഹമ്മേ.. ഇങ്ങനെയും ഉണ്ടോ ഒരു പട്ടു കോണകം?"അടുത്തൊരപകടമായി മറ്റൊരു വണ്ടി വന്നു നിൽക്കുന്നതിനു മുൻപേ പ്രശസ്തമായ പട്ടു കോണകം കുണ്ടു കുളത്തിൽ വലിച്ചെറിഞ്ഞ്‌ രമേഷ്‌ ജീവനും കൊണ്ടോടി.
വൈകീട്ട്‌ കോളേജു വിട്ടു വന്ന സുരേഷ്‌ കോണകം പരുതി.. " എന്റെ കോണകമെവിടെ?...എന്റെ യോഗാഭ്യാസം!....."

"ചുവന്ന പട്ടു കോണകം ഈ വീടിന്റെ ഐശ്വര്യം എന്നുകൂടി എഴുതിവെക്കെടാ പഹയാ ഉമ്മറത്ത്‌..... ഇവനെ കൊണ്ട്‌നാണക്കേടു കൊണ്ട്‌ പുറത്തിറങ്ങാൻ വയ്യാണ്ടായല്ലോ.. ദൈവമേ...." അൽപം അരിശത്തിലും ഒട്ടേറെ തമാശയിലും അവരുടെ അച്ഛൻ പറഞ്ഞു..

"ഒരു കോണകവും യോഗാഭ്യാസവും ഇത്രെയും പ്രശ്നമോ ദൈവമേ.".ഒന്നും അറിയാതെ പാവം സുരേഷ്‌ അന്തിച്ചു നിന്നു.