പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

പുതുവത്സരാശംസകൾ!

രഥ ചക്രമുരുളുമീ രാവിൽ,
കാതോർത്തു ഞാനിരിക്കും,
പൊൻ ചിലമ്പുയർത്തും
സ്വനമോർത്തുണർന്നിരിക്കും
കൺ കുളിർക്കെ കാണും,
സൌഭാഗ്യ പൊൻ പുലരി!

ഹൃദയം  പകർന്നു ഞാനേകും
എൻ ആശംസതൻ പൂക്കൾ
അമൃതം നിറഞ്ഞ മനസ്സാൽ
അമരത്വം നേടീയുണരൂ!

കടല്‍ കടന്നൊരീ
മലയാണ്മയാലെന്റെ
പദമുറഞ്ഞാടി ,
പദമുണർന്ന നിൻ
മനസ്സിലെന്നോടി-
തീർഷ്യയൊന്നമർക്കൂ!

നിൻ പഥങ്ങളിൽ ഞാനും,
എൻപഥങ്ങളിൽ നീയ്യും
കഴുകനെപ്പോലെ പദങ്ങൾ
ചികയുമ്പോൾ
ഓർക്കുന്നു ഞാനിന്നും,
പരസ്പരം നമ്മൾ
ശുചിത്വമാക്കിയ
കർമ്മ മണ്ഡലങ്ങൾ!

എൻ വിമർശനം നിന്നെ
വിജയ സോപാന
പടി കടത്തിടുമ്പോൾ,
നിൻ വിമർശനം
എന്റെ വീഥിയിൽ
പൂ , ക്കളമൊരുക്കുമ്പോൾ
നിന്നെയോർത്തു ഞാൻ
ഏകിടുന്നിതാ
പുതുവത്സരാശംസ!
നിൻ കുടുംബത്തിനേകിടുന്നു
ഒരു നവവത്സരാശംസ!

( ഏവർക്കും നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു..)

ബുധനാഴ്‌ച, ഡിസംബർ 28, 2011

ശത്രു...!

എന്നെ ചതിച്ചവരിൽ മുഖ്യൻ,
ഞാനാണെന്നാണയിടുമ്പോൾ,
നിങ്ങൾ മുഖം ചുളിക്കുന്നതെന്തിന്?

നിങ്ങൾക്ക് കാതു തന്നപ്പോഴെല്ലാം
ശരിയാണെന്ന് തലകുലുക്കി,
എന്നോട് പറഞ്ഞു ഫലിപ്പിച്ച
ചതിയനാണു ഞാൻ!

എന്നെ വഞ്ചിച്ചവരിൽ ഒന്നാമൻ ഞാനാണ്!
നിങ്ങൾ പരിഭ്രമിക്കുന്നോ?
നിങ്ങൾ വഞ്ചിച്ചപ്പോഴൊക്കെ,
വഞ്ചന ലാഞ്ജനയില്ലാത്തോരാണെന്ന്
ആണയിട്ടെന്നോട് പറഞ്ഞതാരാണ്?
വഞ്ചിക്കാത്തപ്പോൾ,
വഞ്ചിച്ചുവെന്ന് മൊഴിഞ്ഞതാരാണ്?

നിങ്ങളെന്നെ സ്നേഹിക്കാത്തപ്പോഴൊക്കെ,
എന്നെ സ്നേഹിക്കുന്നുവെന്ന്,
ആണയിട്ട് കുഴിയിൽ ചാടിച്ചവൻ!
എന്നെ കൊതിപ്പിച്ച്,ചിരിപ്പിച്ച്,കരയിച്ച്,
ഒടുവിൽ എന്നെ തള്ളിപ്പറയുമ്പോൾ,
കുത്തിയത് പിന്നിൽ നിന്നോ
അതോ മുന്നിൽ നിന്നോ?
ഞാനൊന്നും എന്നോട് ചോദിച്ചില്ല!

എങ്കിലും ഓരോ തവണയും
തളർന്നു പോയപ്പോഴൊക്കെ,
ഓരോ ഉയർച്ചയും തടഞ്ഞോരെൻ പ്രീയ ശത്രുവേ
നിന്നെ എത്ര സ്നേഹിച്ചാലാണ്…
നിർമ്മലമാം സ്നേഹം തിരിച്ച് നൽകുക,
എത്ര സ്നേഹിച്ചാലാണ് നീയ്യെന്നെ
മിത്രമെന്ന്, ബന്ധുവെന്ന് ഒരിക്കലെങ്കിലും
നൊന്തു വിളിക്കുക
എന്നൊന്നു ചോദിച്ചു പോകുന്നു

ചൊവ്വാഴ്ച, ഡിസംബർ 27, 2011

മഴ!

അന്നായിരുന്നൂ ആ മഴ!
പരിഹാസ്യമായിരുന്നു ആ മുഖത്ത്,
എന്റെ അധരങ്ങളെ വിതുമ്പിച്ച്,
ഹൃദ യത്തെ കുലുക്കിയ മഴ,
കുത്തൊഴുക്കായപ്പോൾ
ചാലുകളായി, തോടുകളായി
ഒഴുകിയപ്പോൾ
തോടുകളിലൂടൊഴുകി
പുഴയിലൂടൊഴുകി ഞാനും
കടലിലെത്തി,

എന്നെ ദഹിക്കാത്ത കടൽ,
അടിച്ചടിച്ച് കരയിലേറ്റി!
കരയിലിരുന്നും ഞാൻ വിതുമ്പി!

എത്രെയെത്രജന്മങ്ങൾ,
എന്നെപോലെ
തൂവിയ കണ്ണീർ,
ഈ കടലിലേക്കൊഴുകി..
അതായിരിക്കണം കടലിത്ര വിശാലം!
അതായിരിക്കണം കടലിന് ഉപ്പുരസം!

എത്രെയെത്ര ജന്മങ്ങൾ
ജലമായി ഒഴുകി,
 ഖരരൂപം പ്രാപിച്ച്
പ്രത്യക്ഷനായ്,
ജന്മമെടുത്തൊടുവിൽ
നീരാവിയായി,മായയായി!
ജീവനും മൂന്നവസ്ഥ!
വിചിത്രം...!

എന്നിട്ടും അറിയേണ്ടാത്തതു പോൽ
മുഖം തിരിച്ച്,
കാർമേഘം ഉരുണ്ടു കൂടി
ജീവിതങ്ങളിൽ
മഴപെയ്തു,
ഒഴുക്കിക്കൊണ്ടു നടക്കുന്നു.!

ഞായറാഴ്‌ച, ഡിസംബർ 25, 2011

ജീവിതം ദുസ്സഹം!

അരുതാത്തതൊന്നും കാണരുത്,
കണ്ടതൊന്നും പറയരുത്,
കേട്ടതൊന്നും കേൾപ്പിക്കരുത്,
റാനെന്നു മൂളീ!

മിണ്ടരുത്, മിഴിക്കരുത്,
നോക്കരുത്, തോണ്ടരുത്,
ചൂണ്ടരുത്, മൂക്ക് പിഴിയരുത്,
ചുമയ്ക്കരുത്, തുമ്മരുത്!

അടിയൻ! എന്നു മൂളീ,
കാതടച്ച്, കണ്ണടച്ച്,
മൂക്കടച്ച്, വായടച്ച്,
മൂലയിൽ പരുങ്ങി!
സ്വന്തം മീശമുറിച്ചു തോരൻ വെച്ചു,
സ്വയം നാക്കു മുറിച്ചു അച്ചാറിട്ടു
കൈവിരലുകൾ മുറിച്ച് ഓലൻ വെച്ചു,
കാലുകൾ മുറിച്ചു സാമ്പാർ വെച്ചു
പിരികം വടിച്ച് മേമ്പൊടി ചേർത്തു
വേണ്ടാത്തതൊന്നും ഭൂഷണമല്ല!

കണ്ണാടി നോക്കി.
ഇപ്പോൾ മനുഷ്യനായോ?

കിളിവാതിൽ തുറന്ന്
ഭയത്തോടെ നോക്കി,
ആരെങ്കിലും, ഏതെങ്കിലും…
കണ്ണുകൾ?

മനസ്സെന്നോടു ചോദിച്ചു
തന്നെ ആരെങ്കിലും,
തുറിച്ച് നോക്കുന്നുണ്ടോ?
“നേർത്ത ഭയം!“
“ആരെയെങ്കിലും വിമർശിച്ചോ?“
“ഊവ്വ്!“
“എങ്കിൽ സ്വന്തം തലകൂടി വെട്ടി
മതിലിനു പുറത്തു വെച്ചോളൂ!“
മനുഷ്യനാവട്ടേ!“

മനസ്സിനെന്തും എന്നോട് പറയാം.
പക്ഷെ വിറച്ചു വിറച്ച്
പനിച്ചു ,പനിച്ച്
ഞാനൊന്നും പറഞ്ഞില്ല!

ഹാപ്പി ക്രിസ്തുമസ്സ്

  എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു..

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ജീൻ, വാൽ ജീൻ!

ജീനുകൾക്ക് കൈമാറ്റ വ്യവസ്ഥയുണ്ടത്രെ,
തലമുറകളിൽ നിന്നു മുറപൊലെ
തലമുറകളിലേക്ക്,
ജ്ഞാനം, ആർജ്ജവം,
കുന്തം, കുടചക്രം എന്നിങ്ങനെ!
തലയുള്ള തലമുറകളിലേക്കു മാത്രമോ?
അതോ പണമുള്ള മുറങ്ങളിലേക്കു മാത്രമോ?

അച്ഛൻ പാടും,
അമ്മ നൃത്തം ചെയ്യും,
ഏട്ടൻ ചിത്രം വരയ്ക്കും
ഇളയച്ഛൻ നാലും കൂട്ടി മുറുക്കും,
ഇളയമ്മ കാർക്കിച്ചു തുപ്പും!

അച്ഛന്റെ പാട്ട് കേട്ട്,
കരഞ്ഞ ജനം,
അമ്മയുടെ നൃത്തം കണ്ട്
ചിരിച്ച ജനം,
ഏട്ടന്റെ വര കണ്ട്,
കൺ മിഴിച്ച് ,
ബോധം നശിച്ച ജനം!

ജീനിന്റെ സഞ്ചാരത്തിൽ
ജീനിന്റെ കൈമാറ്റം
അതോ ജീനിന്റെ വീഥികളിൽ
ജീനിന്റെ കൈയ്യേറ്റമോ?

പാരമ്പര്യത്തിൻ കണക്കു പറഞ്ഞും
യാദാർത്ഥ്യത്തിന്റെ കണക്കു പൂഴ്ത്തിയും
ജീവിത വഴികളിൽ അരങ്ങിലെത്തിയ
ജീനിന്റെ കർട്ടൻ താഴുമ്പോൾ
പുതിയൊരു ജീൻ അരങ്ങിലുണ്ടാകും!

ജ്ഞാനങ്ങളിൽ വെള്ളം ചേർത്ത്,
നേർപ്പിച്ച വിപ്ലവങ്ങളിൽ,
പരിഭവമോ, സങ്കടങ്ങളോ?

ഉമ്മറപ്പടിയിലിരുന്ന്
ബബിൾഗം ചവച്ചു തുപ്പിയപ്പോൾ
ജീനിന്റെ പരിഭവം,
“നിനക്കുമില്ലേ പ്രഭോ
പാരമ്പര്യത്തിന്റെ മഹിമ ചൊല്ലാൻ?“
അന്നായിരിക്കണം ജീനിന്റെ ഉറവിടം തേടി ,
വഴിമാറി അസൂയയുടെ സാമ്രാജ്യത്തിലെത്തിയത്,

ജനത്തിന്റെ കൈയ്യടിമുഴുക്കുമ്പോൾ
അസൂയയ്ക്കുമുണ്ടോ കൈയ്യടി!
തിരിഞ്ഞു നോക്കുമ്പോൾ,
ഒരു തരം വികാരം!
“ആ ലാസ്യ നര്‍ത്തകി”
അവന്റെ വാമഭാഗമാണത്രേ!
തുള്ളിക്കളിച്ച പയ്യൻ അവന്റെ മോനും!

ഭേഷെന്ന് മൊഴിഞ്ഞ്,
ഡീസെന്റായി,
ജീനിന്റെ അസൂയയെ,
ചവുട്ടിതാഴ്ത്തിയൊരു
അഭിനന്ദനം!
"മോനു മൊഞ്ചുണ്ട്,
കഴിവുണ്ട്,
ഭാവമുണ്ട്,
ജ്ഞാനമുണ്ട്!
പണ്ടാരമുണ്ട്!

വാമഭാഗത്തിനു
നാക്കുണ്ട്
ജോക്കുണ്ട്,
മികവുണ്ട്,
എസ്. എം എസുണ്ട്!"

ഇപ്പോൾ
തുടികൊട്ടുമവന്റെ
ഹൃയത്തിനു
ചൊരിഞ്ഞിടാൻ
ഒരു പാട് വീമ്പുണ്ട്!
എനിക്കു പ്രാർത്ഥനയും
സഹിക്കാനെനിക്കു കരുത്തുണ്ടാകണേ!

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

രക്ഷ!

ത്രിസന്ധ്യയ്ക്കകത്തും
പുറത്തുമില്ലാതെ,
ഹൃദയം പിളർക്കുന്ന
നാരായ വീഥിയിൽ
രുധിരം തെറിക്കുന്ന
കുടലിന്റെ പിടയലിൽ,
ഭൂമിയിലല്ലാകാശത്തിലല്ലാതെ,
മടിയിൽ കിടന്നു
പിടയുന്ന കായത്തിൽ-
നിന്നൊരുമാത്ര,
മോക്ഷമായി,
കൈതൊഴുതീടുന്ന,
കവിതയെഴുതാത്ത
ഞാനെത്രെ ഭാഗ്യവാൻ!
കഥയൊന്നെഴുതാത്ത,
ഞാനെത്രെ ധന്യവാൻ!

ചൊവ്വാഴ്ച, ഡിസംബർ 20, 2011

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

നമുക്കങ്ങനെ ഒരൂ അഹങ്കാരോം ഇല്ല.. അതോണ്ട് എല്ലാം നിങ്ങളുടെ ഇഷ്ടം!.. വിശ്വസിക്കുന്നോർക്ക് വിശ്വസിക്കാം ഇല്ലാത്തോർക്ക് അവിശ്വസിക്കാം!..

ഇനി ഒരു സത്യം പറഞ്ഞാൽ നിങ്ങളു വിശ്വസിക്ക്വോ….
ഞാനാണ് ആദ്യ മനുഷ്യൻ…. എനിക്കങ്ങനെ ജാതീം മതോം ഒന്നും ഉണ്ടായിരുന്നില്ല...മാ .. ന,, മ.. ന… എന്ന് പശൂം പക്ഷിം പൂച്ചേം പട്ടീം പറഞ്ഞപ്പോ ചില പിന്മുറക്കാരു വിളിച്ചു മനു .. മനു എന്ന്….
.അ ..ദാ.. അ..ദാ.. എന്ന് പൂച്ചേം പട്ടീം പശൂം പക്ഷിം പറഞ്ഞപ്പോ ആദം എന്നായിരിക്കും പേര് ലെ എന്ന് വിചാരിച്ച് ചില പിന്മുറക്കാരു വിളിച്ചു…ആദം..
ഞാനൊഴികെ ഒരൂ മനുഷ്യനും അപ്പോൾ അവരോട് പറഞ്ഞു കൊടുക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും ജനിച്ചിട്ടുണ്ടായിരുന്നില്ലല്ലോ?.. …ആ ഒരു കുറവ്!...
ഞാൻ ചുറ്റും നോക്കി..
മൃങ്ങൾ "ബപ്പ "..".ബമ്മ"കളിച്ചു നിൽക്കുന്നു.. ഭാഷ അറീലല്ലോ?.. ഞാനവർക്ക് ഒന്നും പഠിപ്പിച്ചു കൊടുത്തില്ലല്ലോ? ..എനിക്ക് സങ്കടായി.. എന്റെ പക്ഷത്ത് ആരും ഇല്ല!.. അറിയുന്നോർ മൌനികളായ മൃങ്ങൾ മാത്രം!നീയ്യായ്യി .. നിന്റെ ബന്ധക്കാരായി.. നിന്റെ പാടായി എന്നും പറഞ്ഞ് ദൈവം ഒരറ്റ പോക്ക്!.. ഞാൻ വല്ലാണ്ടായി…ഒറ്റയ്ക്കായി!
അവരെനിക്ക് മതം വാങ്ങി തന്നു.. ജാതി വാങ്ങി തന്നു.. കൈകൊട്ടി വിളിച്ചു സൊകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ..ദൈവത്തെ എന്റേതെന്നു പറ.. ദൈവത്തെ എന്റേതെന്നു പറാ.. എന്ന് ചേരി തിരിഞ്ഞ് കൂവി വിളിച്ചു…
ഞാനൊന്നും മിണ്ടാത്തപ്പോ..അവരു പറഞ്ഞു ദൈവം എന്റെതാ.. എന്റേതാ…അവരങ്ങിനെ ശണ്ഠ തുടങ്ങി..
അവരങ്ങിനെ പരസ്പരം നുള്ളാനും മാന്താനും തുടങ്ങി.. പിന്നെ അടിക്കാനും പിടിക്കാനും ഒടുവിൽ കുത്താനും കൊല്ലാനും
ഞാനിവരാരുടേയും പക്ഷത്തല്ല…!..ദൈവപക്ഷത്താ…!
ദൈവം എന്നെ ആദ്യായി സൃഷ്ടിച്ച ആ കാലം ഞാനോർക്കുകയായിരുന്നു.. എന്തു രസമായിരുന്നെന്നോ കാടും പുഴയും മലയും ഒക്കെ കാണാൻ.. എന്തു സ്നേഹായിരുന്നെന്നോ മൃഗങ്ങൾക്കൊക്കെ എന്നോട്.. !.. ഞാനാരേയും ഉപദ്രവിച്ചില്ല .. മൃഗങ്ങളെ ചുട്ട് തിന്നില്ല.. വെറും പുല്ലു തീനി…!..ഞാൻ പച്ചപ്പുല്ല് തിന്നുമ്പോൾ കുരങ്ങൻ മാങ്ങ തരും തിന്നാൻ… ഞാൻ വെള്ളം കുടിക്കുമ്പോൾ പശു പാലു തരും കുടിക്കാൻ ..! മിൽമാ പാല് പോലത്തെ പൌഡർ കലക്കിയ പാലല്ല.. ശുദ്ധ വെജിറ്റേറിയൻ പാൽ!..മുയലു വന്ന് ക്യാരറ്റു തരും തിന്നാൻ.. അതിന്ന് മുക്രയിടുന്ന തമിഴന്റെ ഫ്യൂരഡാൻഒഴിച്ച് വണ്ണം വെച്ച  ക്യാരറ്റല്ല.. പരിശുദ്ധ മരുന്നടിക്കാത്ത ക്യാരറ്റ്!
അങ്ങിനെ പശൂം പക്ഷീം പട്ടിം ഒക്കെ ജനിച്ച് നമ്മോട് കുശലം പറഞ്ഞു നടക്കുകയായിരുന്നു .. കുറേ കഴിയുമ്പോൾ വന്ന പിന്മുറക്കാര്.. അവമ്മാരേ കൊണ്ട് തോറ്റൂ.. അവർ അവരെയൊക്കെ ഓടിച്ചു പിടിച്ചു ചുട്ടു തിന്നു തീർത്തു…എന്റെ മിത്രങ്ങളായ മൃഗങ്ങളെല്ലാം ശത്രുക്കളായി.. എന്റെ പിഴ!.. എന്റെ ഏറ്റവും വല്യ പിഴ!

ഇപ്പോ വീണ്ടുംപുനർജ്ജനിച്ചതാ.. ബാക്കിയുള്ളോരൊക്കെ അതിനു ശേഷാ ഭൂജാതരായത്..!

ഇപ്പോ മനസ്സിലായില്ലേ അതാ സംഭവം!

ഇപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ.. എങ്കിൽ ഇപ്പോ നടന്ന ഒരു സംഭവം പറയാം..

ഞാനിങ്ങനെ റോഡിലൂടെ ഒരീസം നടക്കുമ്പോ ഒരു പട്ടി നോക്കി നിൽക്കുന്നു… അതെന്നെ മനസ്സിലാവാഞ്ഞപ്പോൾ കുരയോട് കുര… !...വല്യ വീട്ടിലെ പട്ടിയായി അവനിപ്പോൾ.. അതിന്റെ അഹങ്കാരം!... ഞാനൊരു കല്ലെടുത്ത് പോട പട്ടീ നിന്നെ എനിക്ക് പണ്ടേ അറിയാം എന്ന് പറഞ്ഞ് തമാശയ്ക്ക് ഒരേറ്..!.. വർഷങ്ങളായിട്ട് കാണാതെ പെട്ടെന്ന് കണ്ട സ്നേഹിതന്മാരുടെ പുറത്ത് അടിക്കാറില്ലേ അതു പോലെ..!.. അത് കൌ.. കൌ.. എന്ന് പറഞ്ഞു…അവരുടെ ഗ്രാമ്യ ഭാഷ!.. മീനിംഗ് ...അറിയാം.. അറിയാം…എന്ന്.!.. കിട്ടേണ്ടതു കിട്ടിയാൽ ഏതവനും പറയും അറിയാം.. അറിയാം എന്ന്..!.. ഞാൻ ആ വെഷമൊന്നും കാട്ടാതെ ചിരിച്ചോണ്ട് പോയി…നമ്മൾ എപ്പോഴും അഹങ്കരിക്കരുത്.. വിനയമുള്ളവരാകണം ! ..നമ്മൾ പരസ്പരം തല്ലു കൂടരുത്.. സ്നേഹിക്കണം!..തമിഴനായാലും  കന്നടക്കാരനായാലും.
ഇനി  ചിലപ്പോ  നിങ്ങൾ പറയും എനിക്ക് ലേശം..! അപ്പോ തല തെറ്റാത്തോരൊക്കെ നല്ല ബുദ്ധിയിലാ…നല്ല സ്നേഹത്തിലാ..?ഓരോ മതവും നോക്കൂ.. ഓരോ കുടുംബവും നോക്കൂ ..ഓരോ സമൂഹവും നോക്കൂ.ഓരോ സംസ്ഥാനവും നോക്കൂ. ഓരോ രാജ്യവും നോക്കൂ.. ...മുന്നിൽ നിന്നു പല്ലിളിച്ച് കാട്ടുന്ന എല്ലാവരുടേയും, പിറകിലെക്ക് മടക്കിയ കൈക്കുള്ളിൽ ആയുദ്ധമില്ലേബോംബില്ലേ എല്ലാവർക്കും ഭ്രാന്താ.. ഭ്രാന്ത്!.. നാമെല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാത്ത ഭ്രാന്ത്!
ഇപ്പോ വിശ്വസിച്ചു ല്ലേ.അതോ..ഇനീം വിശ്വസിച്ചില്ല അല്ലേ!.. അതിനു ഞാനും ബ്ലൊഗും ഉത്തരവാദിയല്ല..!
അപ്പോ ഇപ്പോ പിരിയാം ..വന്ദേ മാതരം!
=======================================
വെറുതെ എഴുതിയ ഒരു ഭ്രാന്തല്ല.. ഹരിനാഥിന്റെ ബ്ളൊഗിൽ കമന്റിട്ടപ്പോൾ അധികമായി... എന്നാൽ പിന്നെ എന്റേതിൽ പ്രതിഷ്ഠിക്കാം ആ സംഭവം എന്ന് കരുതി...
പാരമ്പര്യത്തിന്റെ പൊരുളും പ്രാധാന്യവും

http://bhoogolam.blogspot.com/2011/12/blog-post.html

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

കൃഷി

അമ്പുവിന്റെ മോള് ഇന്ദു ലേഖ!
എണ്ണ തലയിൽ തേച്ചു തേച്ച്,
മുടി വളർത്തി,
മുടി മുറിച്ച് വിറ്റ് വിറ്റ്
ധനികത്തിയായി!

ചന്തുവിന്റെ മോള് ചന്ദ്രലേഖ!
പാലറിൽ പോയി,
മുടി നട്ട് വളർത്തി,
നാട്ടുകാർക്ക് കൃഷി
കാട്ടിക്കൊടുത്ത്,
 കേമത്തിയായി!

ഇനി രാജന്റെ മോൻ
മോഡേൺ കുഞ്ഞുണ്ണി,
ലാപ് ടോപ്പു വാങ്ങി,
നെറ്റിലു പോയി ഭൂമി വാങ്ങി
നെറ്റു കൃഷി നടത്തി,

പഴവും വിളവും,
പയറും പാലും
മൌസോണ്ട് വാങ്ങി,
കീബോർഡു കൊണ്ട് വിറ്റ്,
കോള കുടിച്ചിരുന്നു!

കൃഷി അറിയാത്ത കുഞ്ഞുമക്കൾ,
ഉമിക്കരി കൊണ്ട്,
പല്ലു തേച്ചു തേച്ച്,
ഞാറു നട്ട് വെള്ളം കേറി,
കൃഷി നശിച്ച്
തരിച്ചിരുന്നു!
ബാങ്കു ഗുണ്ട കണ്ണുരുട്ടി,
തറവാടു മാന്തി,
നിധിയെടുക്കുമ്പോൾ,
പഴം കഥയിലെ

നിധികാത്ത സർപ്പം പോലെ,
ദൂരെയൊരു മാവിൻ തുഞ്ചത്ത്
ഊഞ്ഞാലാട്ടം!

എനിക്കുമാടണം ഊഞ്ഞാലെന്ന്,
ഒരു നിഷ്ക്കളങ്കന്റെ വാശി,
മാറോടടക്കി കെട്ടിപ്പിടിച്ചൊരു നിലവിളി!
ദിഗന്തം നടുങ്ങീട്ടും
കേരളം വിറങ്ങലിച്ചിട്ടും!
നടപടി... ഒരു പടി!
ഒരു രൂപയ്ക്ക് ഒരു പിടിയരി!
കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ...

1) പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ
     പഴമയ്ക്ക് ഭ്രാന്തു വന്നു,
     പുതുമയ്ക്ക് നട്ട പിരാന്തും!
    പഴമ പുതുമയെ പിണക്കിയപ്പോൾ,
    പുതുമ പഴമയെ പിണ്ഡം വെച്ചു!
    ശ്രാദ്ധമുണ്ടു

----------------------------------------------------------

2) മനുഷ്യനു നട്ട പിരാന്തുവന്ന കാലം അച്ഛനേയുമമ്മയേയും പുറത്താക്കി വാതിലടച്ചു..

അച്ഛനുമമ്മയ്ക്കും ഭ്രാന്താണെന്ന് കൂവി വിളിച്ചു!

അതു കണ്ട് കൊച്ചു മക്കൾ കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു..

മോട്ടിവേഷനായി ...ഇനി വിജയത്തിന് മുൻ കൂട്ടി ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.!

“…പപ്പയ്ക്കെത്രാം വയസ്സിലാ ഭ്രാന്തു വരിക…. മമ്മയ്ക്കെപ്പോഴാ …..! .എന്നു കണക്കു കൂട്ടി ഒരു കൺഫ്യൂഷൻ!
 "..പുടവ കൊടുത്തോ, പാന്റിടുവിച്ചോ യാത്രയാക്കേണ്ടത്?.."
------------------------------------------------------------
3)
അപ്പൂപ്പൻ പോകുമ്പോ ലാപ് ടോപ്പ് കൊടുത്തു വിടണംഎപ്പോഴെങ്കിലും വീഡിയോ ചാറ്റു ചെയ്യാലോ“ എന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ അപകടം മണത്ത്  “ഈഡിയറ്റ്!...“ നിനക്കിന്ന് ട്യൂഷനില്ലേ?" എന്ന് പറഞ്ഞ് അയാളവന്റെ വായ മൂടി!
"വിറ്റ പശുവിന്റെ പുറം തലോടേണ്ടത്രേ!"
ഓരോ വിശ്വാസങ്ങൾ.!. വിശ്വാസം അതല്ലേ എല്ലാം!

--------------------------------------------
4)
ഭാര്യയ്ക്ക് വീണ രോഗം, ഭർത്താവിന് വീഴ്ത്തിയ രോഗം, മകൾക്ക് വിഷാദരോഗം, മകന് ചുഴലി രോഗം.!....വൈറസ്സ് പനി പടർന്നു പിടിച്ചപ്പോൾ ഡോക്ടർമാർ തർക്കത്തിലായി ....
സിമ്മാണ്! .
.മെസേജാണ്…!
മിസ്ഡ് കോളാണ് …!
മൊബൈലാണ് ..!
ചാനലാണ്.!
സീരിയലാണ്…! -- രോഗ വാഹിനി..!
"ഓന്റെ തലയിൽ ഇടിത്തീ വീഴട്ടെ!" എന്ന് പിറുപിറുത്തോണ്ട് ചാരു കസേരയിൽ എവിടെയോ ഒരു ആട്ടമുണ്ടായിരുന്നു..
.അകമ്പടിയായി ഒരേങ്ങലടിയും!
. വെറസ്സ് വന്ന് മരിച്ച വീടല്ലേ അത്!...

...അകത്തേ കാറ്റു കൊണ്ടാൽ പനി പിടിക്കുമെന്ന് കരുതി പുറത്തേ കാറ്റ് കൊള്ളാൻ പറഞ്ഞു വിട്ട മുത്തച്ഛന്റേയും മുത്തശ്ശിയുടേയും പിറു പിറുപ്പോ?... ശാപ വചസ്സോ?
   

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

നെഗറ്റീവ് എനർജി

പ്രീയപ്പെട്ടവരെ ,
നെഗറ്റീവെനർജി കൂട്ടി നിങ്ങളവനെ തെറി വിളിക്കരുത്,
പകയ്ക്കരുത്, കാർക്കിച്ച് തുപ്പരുത്,കൂക്കി വിളിക്കരുത്,
അവനൊരു ഗമയുണ്ടാകും
സംസ്ക്കാര സമ്പന്നനായെന്ന്!,
നിങ്ങൾക്കൊരു തോന്നലുണ്ടാകും,
നിങ്ങൾ തെരുവിൽ  ഓരിയിട്ടു നടന്ന
കുറുക്കനാണെന്ന്!

മുഖം വലിഞ്ഞു മുറുകി,
ഹൃദയം പൊട്ടി മരിക്കാനാഗ്രഹമില്ലേങ്കിൽ
നിങ്ങളവനോട് ദേഷ്യപ്പെടരുത്,
മുന്നിൽ നിന്ന് ചിരിക്കരുത്,
കരയരുത്,
അവാർഡ് പടമെന്ന മട്ടിൽ
സ്തംഭിച്ചിരിക്കുക!

വിമ്മിഷ്ടമെങ്കിൽ മിണ്ടാതുരിയാടാതെ,
മടങ്ങുക,
ഉറഞ്ഞു കൂടിയ ടെൻഷൻ
ഡാമു പൊട്ടുമെന്ന പോൽ ഭീതിയിൽ,
അല്പം തുറന്നു വിടുക,
ഒളിഞ്ഞു നിന്ന്, ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുക.
പ്രീയപ്പെട്ടവരെ നിങ്ങളവനെ,
ആകാശത്തോളം പുകഴ്ത്തി,
പാതാളത്തോളം താഴ്ത്തുക!
തെറികൾ പോക്കറ്റിൽ നിറഞ്ഞു തുളുമ്പുന്നുങ്കിൽ,
കപ്പലണ്ടി വാങ്ങി കൊറിക്കുക!

അങ്ങനെയെങ്കിലും നെഗറ്റീവെനർജി
അവനിലെത്തിയെങ്കിൽ,
നിങ്ങൾക്കൊരു സംതൃപ്തിയുണ്ടാകും
ഒരുവൻ സെല്ലിലെത്തിയെന്ന്!

അല്ലെങ്കിൽ
 പൂച്ചയെ കണ്ട്,
പേപ്പട്ടിയെ ഓടിക്കുമ്പോലെ,
പുറകെയോടി
പുലിയെ കണ്ടെന്ന്
വീമ്പിളക്കുന്നോർക്കൊപ്പം
കിതച്ചിരിക്കേണ്ടിവരും!

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ഇണക്കവും പിണക്കവും!

നേത്ര പടലങ്ങൾ സംവദിക്കുമത്രേ!
പലഭാഷകൾ, പല വികാരങ്ങൾ!
അന്നെനിക്കെന്താശ്വാസമായെന്നോ?
വിറകൊള്ളുന്ന ചുണ്ടുകളേക്കാൾ,
മുറിയുന്ന വാക്കുകളേക്കാൾ,
ധൈര്യം പകർന്ന്…!
അന്നെനിക്കെന്തു വിശ്വാസമായെന്നോ?
നേത്രപടലങ്ങൾ ഒഴുക്കോടെ, സരസമായി..!

നേത്ര പടല ചുണ്ടുകളുടെ സംസാരം കണ്ട്,
തീപ്പാറുന്നൊരുനേത്രപടലം!
എനിക്കു പൂർണ്ണ വിശ്വാസമായിരുന്നു..!
നേത്ര പടലം ഫ്യൂസായെന്നും,
ഞാൻ ഐസായാന്നും!

മറ്റൊരു മിഴി പിടപ്പിൽ
അവളെന്റെ ജീവിത സഖി!
ഹായ് എന്റേത് അഭൌമ തേജസ്സുള്ള നേത്ര പടലങ്ങൾ!
തുള്ളീക്കളിച്ചു ഞാനവയെ അഭിനന്ദിച്ചു,

തിരിച്ചു ഭൂമിയിൽ വന്നിറങ്ങിയപ്പോൾ,
ഞാനറിഞ്ഞു..!
ഞാൻ പൂർണ്ണനായി അന്ധനായിരുന്നെന്ന്!

സത്യം പറഞ്ഞെഴുന്നള്ളീച്ചതിൽ
ഇഷ്ടപ്പെടാത്ത മറ്റൊരു നേത്രപടലം!
തിരിഞ്ഞിരുന്നു മുഖം കറുപ്പിച്ചു!

മനസ്സ് നാവോടു കേൾപ്പിച്ചതിലധികാര സ്വരം!
“ കഥയില്ലാത്ത പിണക്കങ്ങൾക്ക്
കഥയേകുന്ന ജീവിതങ്ങളുണ്ട്!
നിറമേകിയതിനൊടുവിൽ
ഇണക്കുന്ന ചാനലുകളുമുണ്ട്!
കഥയുള്ള പിണക്കങ്ങൾക്ക്
ചില കഥയില്ലായ്മകളുമുണ്ട്!
നേത്ര പടലം ഊറിച്ചിരിച്ചു!

കഥകേട്ട് മത്തു പിടിച്ച്,
ആടിക്കുഴഞ്ഞ്,
ബോധമില്ലാത്ത നാക്കിൻ പിഴ!
“ നീ ത്രിപുര സുന്ദരി!“
പിണക്കങ്ങൾക്ക് ചാനലിൻ
തേജസ്സില്ലാത്ത മരണം!

ചൊവ്വാഴ്ച, ഡിസംബർ 13, 2011

“ഞാൻ” എന്ന പദവും “നീ” എന്ന ഭാവവും!

ഞാനതു വായിച്ചപ്പോഴെല്ലാം അത് “നീയായിരുന്നു…!
ഞാനതു കണ്ടപ്പോഴെല്ലാം അതു “ നീയ്യായിരുന്നു!
പകയുതിർത്തു നിന്ന്,
നീചൻ!.. കുരുടൻ!.. ബധിരൻ..പൊട്ടൻ.. എന്നൊക്കെ വിളിച്ചു!
നീയതു വായിച്ചപ്പോഴും കണ്ടപ്പോഴും അത് ഞാനായി മാറി!
കോപം കൊണ്ട് ജ്വലിച്ചു,
ദുഷ്ടൻ!.. പാപി.!.. അഹങ്കാരി..ചതിയൻ.. എന്നൊക്കെ വിളിച്ചു,
ഞാൻ നിങ്ങളേയും നിങ്ങൾ എന്നേയും മാറി മാറി ചൂണ്ടിയപ്പോൾ
“അതിനനുവാദം നൽകിയത് നിങ്ങളല്ലേ?..“
വീണ്ടും മേൽക്കാണിച്ച വാചകം വായിച്ചു അല്ലേ?
പരസ്പരം ചൂണ്ടി വീണ്ടും കൺഫ്യൂഷൻ അല്ലേ?
എന്താണെന്നല്ലേ….. ഇനി വയ്യ!..സമ്മതിക്കുന്നു..
“അപരാധിയാണ് ഞാൻ!“
മേൽക്കൊടുത്ത വാചകം മനസ്സലിഞ്ഞ് ഉച്ചത്തിൽ വായിച്ചോളൂ!.. മനസ്സു തണുക്കട്ടേ!
“ നിരപരാധിയാണ് നിങ്ങൾ!
മേൽക്കൊടുത്ത വാചകം അതിനേക്കാൾ ഉച്ചത്തിൽ വായിച്ചോളൂ!.. ലോകമറിയട്ടേ!
അപ്പോൾ നമ്മൾ രണ്ടും എഴുതിയും വായിച്ചും
നമ്മൾക്കിടയിലെ മഞ്ഞുരുകിക്കഴിഞ്ഞാൽ.....
...ഒഴുകുന്ന വെള്ളമാണ് ഇനി പ്രശ്നം!.
....അതു നമ്മെ ഒഴുക്കുമോ? അതോ ഒഴുക്കണോ?..
...അണകെട്ടണോ?.. അതോ അണ പൊട്ടണോ?.
..തീരുമാനം ആരുടേതാകും?

റൌഡി!

“ ചങ്കുറപ്പുള്ളോനുണ്ടെങ്കിൽ വരിനെടാ…
“ ഹൃദയം കഠിനമായുള്ളോരുണ്ടെങ്കിൽ വരിനെടാ…
ചോരത്തിളപ്പുള്ളോരുണ്ടെങ്കിൽ ഇറങ്ങി പുറത്തു വാടാ ..
ഒരു കൈ നോക്കാം!“—പുറത്തൊരട്ടഹാസ ശബ്ദം!.. ഞാൻ വല്ലാതെ പേടിച്ചു…!
ആരോ വെല്ലു വിളിക്കയാണോ?....

ഒരു പക്ഷെ പതിനെട്ടടവും പഠിച്ചു കഴിഞ്ഞ ബീവറേജസിന്റെ ശിഷ്യനായിരിക്കും, അതുമല്ലേങ്കിൽ ആളു തെറ്റി വന്നതാവും അതുമല്ലേങ്കിൽ തല തെറ്റിയ ഏതോ…..!....അല്ലാതെ മറ്റാരാണ് എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ?…. പണ്ട് കൊതുകിനെ തല്ലി കൊന്ന മുൻ പരിചയമല്ലാതെ മറ്റൊന്നും എനിക്കില്ല ഇപ്പോൾ ആ ധൈര്യവും ഇല്ലാതായിരിക്കുന്നു.. മനസുറപ്പു കുറവാണ്.. വെല്ലുവിളിക്കുന്ന കൊതുകുകളെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ ഗുഡ്നൈറ്റിനെ ഗുണ്ടയായി കൂലിക്കു വെച്ചാണു ഞാനുറങ്ങുന്നത്….ആ ഞാൻ നിരപരാധിയാണ്.. വെറും നിരപരാധി! ഞാനൊരു പാട് സംശയങ്ങൾ, ആവലാതികൾ മനസ്സുമായി പങ്കു വെച്ചു…!.. ആരായിരിക്കുമത്!

ധൈര്യമുണ്ടെങ്കിലും ആരാണെന്നറിയണമല്ലോ? ..പുറം വാതിലുള്ളപ്പോൾ ഭയവുമില്ലല്ലോ?.. എങ്കിലും ജനലുള്ളപ്പോൾ വാതിൽ തുറന്ന്, വെറുതെ മേടിച്ചു കൂട്ടിയിട്ട് ആരാണെന്നറിയാൻ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ? ഞാൻ ജനൽ പാളി മെല്ലെ തുറന്നു നോക്കി..

"ഹമ്മേ.. അതു നമ്മുടെ ഹംസയല്ലേ?..."... ഇന്നലെയും നാരായണേട്ടന്റെ കടയിലെ പറ്റു കൊടുത്തിട്ടുണ്ടാവില്ല .. വിശപ്പിന്റെ കാറി വിളിയാണ് .. ചായ കുടിക്കാൻ ഒപ്പം പോവാനുള്ള കൂവി വിളിയാണ്…! ..റൌഡിയല്ലെങ്കിലും എല്ലാ മാസവും പൈസ പൊതിഞ്ഞു കെട്ടി സ്വന്തം ബാങ്കിലിടാനും പുട്ടും പഴവും കുഴച്ചടിച്ചതിന്റെ പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കാനും കരാറുറപ്പിച്ച പോലുള്ള ഒരു റൌഡിയെ എനിക്കു ഭയമായിരുന്നു…ഞാൻ അവൻ കാണാതെ പതുക്കെ ജനൽ ചേർത്തടച്ചു..!..നാരായണേട്ടന്റെ നാവിട്ടലക്കുന്നതു കേൾക്കാനുള്ള പവറില്ലാത്തതിനാൽ അവൻ നിരാശയോടെ അടുത്ത ഫ്രെൻഡന്റെ റൂമിനടുത്തേക്ക് നീങ്ങുന്നതും നോക്കി ഭയത്തോടെ ഞാനിരുന്നു..!..
ആ റൌഡി ഇനിയവനെ കൂട്ടി കൊണ്ട് പോയി നാരായണേട്ടന്റെ മുന്നിൽ!

സ്കൂൾ!

എന്നെ നട്ടു നനച്ച ഇടനാഴികൾ!
പാഴ് വിളയായെയെങ്കിലു മിന്നു ഞാൻ
പടർന്നു പന്തലിച്ചപ്പോൾ,
എനിക്കുറപ്പുണ്ട്,
അവരിൽ ചിലരീയിടനാഴികയിലെവിടെയോ
സ്മാരകം പോലുമില്ലാതലഞ്ഞു നടക്കയാണ്!

ഒരു നോക്കെങ്കിലും ..
ഒരു വാക്കെങ്കിലും..
ഒരു ചിരിയെങ്കിലും..

ഈ ഇളംകാറ്റിൽ അവരൊഴുക്കിയെങ്കിൽ,
ഈ ശിഷ്യൻ അവരോടു പറയും!

എന്നെ നട്ടു നനച്ചതിന്..
വളമേകിയതിന്....
വളർത്തിയതിന്...

നിങ്ങളെന്താണെൻ നന്ദിയെങ്കിലുമേറ്റു-
വാങ്ങാനെത്താത്തത്?

എന്തുകൊണ്ടാണ് പാദസ്പർശനം,
എൻ കൈകളെ അനുവദിക്കാത്തത്?

ഒളിമങ്ങിയ സ്മരണകളിൽ,
ഓർത്തു വെച്ച ചിലത്!
കൈകൾ അരുതെന്ന് വിലക്കീട്ടും,
മുഖമന്ന് വേണ്ടെന്ന് പറഞ്ഞിട്ടും
പൊക്കിയ ട്രൌസറിൻ കീഴെ
ചൂരൽ ശാന്തി തേടി-
യന്തരീക്ഷത്തിലലഞ്ഞപ്പോൾ,
ചൊടിച്ചു വീർത്തു നിന്ന തുടകൾ!
കണ്ണുകൾ സജ്ജലങ്ങളാക്കി,
തൊട്ടു തടവി സാന്ത്വനമേകി,
ഏറ്റു വാങ്ങിയ ശിക്ഷകളിൽ,
പണ്ടു ഞാൻ പിറു പിറുത്തിരുന്നു..!

നാശങ്ങളെന്ന്!..
വെറുക്കപ്പെട്ടവരെന്ന്!...

അറിയാത്തബ്ദ്ങ്ങളിലിന്നു-
മാപ്പിനായിരന്ന്!
തിരുത്തീയീയിടനാഴികയിൽ ഞാൻ

നിങ്ങൾ പുണ്യാത്മാക്കളാണെന്ന്!....
വിശുദ്ധന്മാരാണെന്ന്!....
എന്നിട്ടുമെന്തേയെൻ മനസ്സിനൊരു-
നൊമ്പരം?
എന്നിട്ടുമെന്തേയീ കാറ്റിനൊരു-
മർമ്മരം!

ശനിയാഴ്‌ച, ഡിസംബർ 10, 2011

വിഷമം!

കണ്ടിട്ടെന്റെ മനസ്സു പിടഞ്ഞു,
കേട്ടിട്ടെന്റെ കാതു ഭയന്നു!
വിറകൊണ്ടെന്റെ കാലു തളർന്നു!
സാബൂവേട്ടന്റെ മോള്!
എത്ര നല്ല സുന്ദരി!
ഒളിച്ചോടിയത്രേ,
ഒരു കരിമ്പന്റെ കൂടെ..!
അവൾക്കെത്ര നല്ല ആളു വരും!
ഓർത്തിട്ടെനിക്ക് ഓക്കാനിച്ചു!
ദുഷ്ടത്തി!
കുടുംബം കലക്കി!
പിടിച്ചു കെട്ടണമതിനെ..!
അടിച്ചു കൊല്ലണമവനെ..!
വെളു വെളുത്ത ഞാനുള്ളപ്പോ,
എന്റെ കൂടെ ഒളിച്ചോടാതെ,
കറു കറുത്ത അവനൊപ്പം!
മാനഹാനി അയാളു താങ്ങുമോ എന്തോ?

--------------------------------------------------------------------------

(  വായിക്കുന്ന ഓരോ ആളും ഞാനായി മാറട്ടേ.. എന്ന് ലക്ഷം ഉരു മന്ത്രണം ചെയ്തിട്ടാണ് ഞാനിതു തൊടുത്തു വിട്ടത്..ഇതു വായിക്കുമ്പോൾ തന്നെ നിങ്ങൾ ഞാനായി മാറിക്കഴിഞ്ഞു.. ഇതെഴുതിയ ഈ ഞാൻ പാവാണ്.. വെറും പച്ചപശുവാണ്..ശുദ്ധ അബദ്ധമാണ്.. (ഇനി അങ്ങിനെയല്ലേ? ….അർത്ഥം മാറിയോ?)...ആ നിങ്ങളാണ്…!..ഇനി ശ്രദ്ധിച്ചു വായിച്ചു നോക്കൂ.. മനസ്സിരുത്തി..! ....എനി അദർ ഡൌട്ട്?...പ്ലീസ്....ഹി .. ഹി..)
.

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

പ്രണയം!

കേട്ടു കേട്ടൊരെൻ ചിന്തയുറയുന്നൂ.
പ്രണയം ദിവ്യമാണത്രേ!
കണ്ടു കണ്ടെൻ മനമുരുകുന്നു,
പ്രണയം ചാപല്യമാണത്രെ!
എരിവറിഞ്ഞൊരു നയനമൊഴുകുന്നൂ
പ്രണയം ക്രൂരമാണത്രെ!
പുകഞ്ഞു പുകഞ്ഞെന്റെ ചിതയൊരുങ്ങുന്നു!
പ്രണയം കുന്തിരിക്കമാണത്രേ!

പ്രണയമൊരു മഞ്ഞാണത്രെ!
മൂടലൊരുക്കിയൊരു ഭയം വിടർത്തുന്നു!
പ്രണയം കുളിർമഴയത്രെ!
തിമർത്തു പെയ്തൊരു  പ്രളയമാകുന്നു..!

പ്രണയമൊരിളം തെന്നലത്രെ!
ഒടുവിലതൊരു കൊടുങ്കാറ്റാകുന്നു!
പ്രണയമൊരു മഴവില്ലത്രെ!
കുലച്ചു കുലച്ചത് ഇടിമിന്നലായ് ഞെടുക്കുന്നു!
പ്രണയമൊരു പൂമൊട്ടത്രെ!
മനോജ്ഞമായി വിടർന്നു,
ചീഞ്ഞളിഞ്ഞപ്പോഴൊരു ഫലം!
മധുരമോ? കയ്പ്പോ?
വേരറിഞ്ഞപ്പോഴൊരു ഫലം!
അകത്തോ? പുറത്തോ?

എവിടെയോ ഘന സ്വരം!
“ ഗ്രഹണത്തിൽ ദംശിച്ച ഞാഞ്ഞൂലാണു നീ!“
എവിടെയോ ഒരു കിളി നാദം!
“ രാജാവായ് വാഴിച്ച  രാജവെമ്പാല നീ!“

പ്രണയമൊരു ബാധയാണത്രെ!
ദക്ഷിണയിൽ പ്രസാദിക്കും
കറുത്ത കോട്ടിട്ട മന്ത്രവാദിയഭയം!
“കൂടിയതെപ്പോൾ?
പിരിയുന്നതെപ്പോൾ?“
ബാധ നീക്കുന്ന ധീഷണാ മന്ത്രം!
നീക്കലും പാടലും തകിടെഴുതലും,
കേട്ടു തളർന്ന വരാന്തകൾ!
ചൊല്ലും ചിലവും നൽകി
ബാധയൊഴിച്ചാമോദമിരു ചേരികളിലും!

ഉദയപ്രകാശത്തിൽ
എന്നിട്ടുമാരോ കേട്ടു
പ്രണയമൊരു ദിവ്യാമൃതം!
സായാഹ്ന വീഥിയിൽ
അപ്പോഴുമൊരു രോദനം!
പ്രണയമൊരു പൂതന!
പ്രണയം!....
.................
പണ്ടാരോ പാടിയ ശീലുകൾ,
എന്നെയുണർത്തി..
അഞ്ജനമെന്നാലെനിക്കറിയാം,
മഞ്ഞളു പോലെ വെളുത്തിട്ട്!“..

ബുധനാഴ്‌ച, ഡിസംബർ 07, 2011

ക(ഥ /കവി)തകൾ!

(ഥ /കവി)കൾ !
------------------------------
1) മുല്ലപെരിയാറമ്മ !
അമ്മാ ശരണം, തായേ ശരണം
പെരിയാർ കാക്കും മാതാ ശരണം
തന്നൊരു സ്വത്തും ധനൈശ്വര്യവും
അനുഗ്രഹ വർഷവും തീർന്നേ ശരണം

ഉപകാരത്തിൻ സ്മരണ പുതുക്കി-
നാറ്റിക്കല്ലേ മായേ ശരണം!
അടരാടുന്നോന്റജ്ഞതയെന്ന്,
കരുതി ക്ഷമിക്കൂ  തമിഴകമമ്മേ
തന്നതു മൊത്തം തെളിച്ചു പറഞ്ഞാൽ,
വിവരദോഷികൾ കൂവി വിളിക്കും!
കേട്ടൊരു സത്യമറിഞ്ഞു തുലഞ്ഞാൽ
നാട്ടാരൊക്കെ അടിച്ചു പൊളിക്കും!

സംഹാരത്തിൻ ഉറവ യുണർന്നാൽ,
വോട്ടർമാരവരറബിക്കടലിൽ!
കനിവുണ്ടായി അണകെട്ടീടാൻ
നീട്ടോലയിലൊരു വരയും കുറിയും,
നീട്ടിയ മൂളലും കാത്തീടുന്നേ!
നേതാവിന്റെ പ്രാർത്ഥനയാണേ,
കനിവുണ്ടായി പൊറുത്തീടേണം!
തെറ്റുകളൊക്കെ ക്ഷമിച്ചീടേണം!

----------------------------------------------
2) സംസ്ഥാപനം
നിന്റെ നാവുകൾ  അഴിമതിയെന്ന്
കാറി വിളിക്കവേ,
പട്ടിണിക്കിടേണ്ടി വരുന്നോരെൻ
കുടുംബത്തിൻ കന കഥയോർത്ത്,
ഞാൻ മുഷിഞ്ഞു..
കോടികളിക്കാലം കടല കൊറിക്കാൻ
തികയുമോ?
പ്രതി സ്ഥാനത്തു പ്രതി പക്ഷവും
മർമ്മസ്ഥാനത്ത് ജനപക്ഷവും നിൽക്കവേ,
ഒരു വിഷമം!
ഭരണമൊരു മുൾക്കിരീടമെങ്കിലും
രാജി ജനതയെ പട്ടിണിയിലാഴ്ത്തും!
--------------------------------
3) ഉപദേശം
ഞങ്ങൾക്കഞ്ചുവർഷം കൊണ്ട്,
സാധിക്കാത്തതഞ്ചു നിമിഷം കൊണ്ടു
സാധിക്കുന്നില്ലേങ്കിൽ രാജി വെച്ചൊഴിയുണ്ണീ…!
എന്നിട്ട് മുണ്ടു മടക്കിക്കുത്തി തൂമ്പായെടുത്ത്
കിളയുണ്ണീ…!
--------------------------------------------------------
 ശൂന്യമാണെൻ ചിന്തകൾ,
ബുദ്ധിശൂന്യത പൊറുക്കണം,
ഗഹനമാണു നിൻ വിചാരങ്ങൾ,
സ്പഷ്ടമാക്കി ഗമിക്കണേ..

ചൊവ്വാഴ്ച, ഡിസംബർ 06, 2011

പഥം

തളർച്ച  അഭിമാനികൾക്കധമം!
ഭീരുക്കൾക്കുത്തമം!
ശവത്തിൽ തോണ്ടി രസിക്കും
എതിരാളികൾക്കേകുമാഹ്ലാദം!

അല്ലയോ മനമേ,
നിൻ വഴികളിൽ കരിങ്കൽ ചീളുകൾ,
നിൻ ചിന്തകളിൽ മുള്ളുകൾ,
ചിതറിയോടിയതാരാണ്?
രക്തം പൊടിയുന്ന നിൻ കൺകളിൽ
ഭീരുത്വത്തിൻ ചുംബനമേകിയതാര്?

പനിമതിയുടെ കുളിർനിലാവിൻ തലോടലിൽ
അഗ്നിയുടെ കെട്ടടങ്ങാത്ത ആവേശമായി,
ഒഴുകി നടക്കേണ്ട നിന്നെ കുരുതി കഴിച്ചതാര്?

ഫിനിക്സ് പക്ഷിയായ് പിടഞ്ഞെഴുന്നേറ്റ്
ഓരോ ചുവടും അർക്കനെ നോക്കി,
ഭൂമിയേയോർത്ത് നീങ്ങുക,
ഓരോ ഭ്രമണത്തിലും പകലു രാവിനോട്
ഉജ്ജ്വല തേരോട്ട കഥ പറഞ്ഞുറക്കട്ടേ!

അല്ലയോ മനമേ,
എന്റെ അവസാന തുള്ളി രക്തത്തിലും
ജീവന്റെ കണിക  കാണിക്കുക,
വയോധികന്റെ ചങ്ങലകൾ
ഭൂഷണമാക്കാത്ത പാദങ്ങളാൽ വഴി നടത്തുക
നിനക്കീ പാതകൾ സ്വർഗ്ഗമാകട്ടേ!
നിനക്കീയിടനേര വിശ്രമം
കുതിപ്പിനു പുണ്യമാകട്ടേ!
നിനക്കീയരനിമിഷങ്ങൾ,
ധൃതിയില്‍ വിജയസോപാന കൊടിയൊരുക്കട്ടേ!

ഞായറാഴ്‌ച, ഡിസംബർ 04, 2011

അകലം!


മുന്നോട്ട്, മുന്നോട്ട്…
അശരീരി ശബ്ദം കാതുകളിൽ,
ലക്ഷ്യ പ്രതീക്ഷ മനസ്സിൽ!
നേർ രേഖ വരച്ച്,
നടന്നു നടന്ന്
ചതുരത്തിലൊതുങ്ങിയ ജീവിതം!
ഒരു ചാൺ വയറു നിറയ്ക്കാൻ,
അടിമയായി സ്വയമർപ്പിച്ച്,
ഇടം കൈ ചൂണ്ടിയേടത്ത്,
പണിയെടുത്ത്,
വലം കൈ ചൂണ്ടിയേടത്ത്,
ശകാരം തിന്ന്
വിലങ്ങിയപ്പോൾ
പരിഹാസം കുടിച്ച്
ഓച്ഛാനിച്ച് വാങ്ങിയ ഭിക്ഷ!
ഡ്രാഫ്റ്റായി അയച്ച്,
കടമ തീർത്ത്,
ജീവിതം ഇറക്കിവെച്ച്,
കൂർക്കം വലിച്ചുറങ്ങി!

നിദ്രയുടെ അവസാന വേളയിൽ
അവളുടെ രംഗ പ്രവേശം!
ജീവരക്തത്തിന്റെ തള്ളിച്ചയാൽ
അവളെന്നെ മലിനമാക്കി!
പിടഞ്ഞെഴുന്നെറ്റപ്പോൾ
സർവ്വം മായ!

എന്റെ സാമ്രാജ്യത്തിലെ
എന്റെ പട്ടമഹിഷി പട്ടം!
എന്നിട്ടുമവൾ കയ്യെത്താദൂരത്ത്,
പരാതി പറഞ്ഞും, പിറു പിറുത്തും
വൃത്താകൃതിയിൽ  നടന്നു നടന്ന്
കാല ചക്രത്തെ ഉരുട്ടി..

തലയിൽ പൊൻ മുടി നട്ടു നനച്ചും
മീശയും മുടിയും കറുപ്പിച്ചും,
ഭ്രമണം എണ്ണി,
മനമുരുക്കി,
പരാതി ഉൾക്കൊണ്ട്
തലകുലുക്കി,
നല്ലൊരു നാളെ വിരിയിക്കാൻ
ഭീഷ്മ പ്രതിജ്ഞ!
ഞാനീ കരയിൽ
ശരശയ്യയിലിപ്പോഴൊന്ന് ..!