പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 25, 2012

നന്മ നിറഞ്ഞവരേ…..

“ഹോ ഇതെങ്ങിനെ സാധിക്കുന്നു.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു”- ടീവീം കണ്ട് ഇരിക്കുന്നതിനിടയിൽ ഒരുവന്റെ പുകഴ്ത്തൽ..! ഭക്ഷണം കഴിക്കുന്നതിനു മുന്നെ കൈ കഴുകിയാൽ വിറ്റാമിൻസ് കുറഞ്ഞാൽ പനിക്കൂലെ എന്നു കരുതുന്ന ഒരുവൻ!...റൂമേറിയനാണ്..!. അവന്റെയൊരു പുന്നാരിക്കൽ! ഞാൻ മൈൻഡ് ചെയ്തില്ല..ഡീസെന്റായി സ്വന്തമായി കറിയുണ്ടാക്കി, ചോറുണ്ടാക്കി ഒറ്റയ്ക്ക് വിഴുങ്ങി.
…..സത്യം പറയാമല്ലോ കുടിക്കാൻ വെള്ളം അടുത്തുള്ളത് നല്ലതാണെന്ന് എനിക്കു തോന്നി..വിഴുങ്ങുന്നത് നാവ് അറിയേണ്ടല്ലോ?.തൊണ്ട അറിഞ്ഞാൽ പോരെ!.. വയറ്റിൽ എത്തുന്നതു വരെ ശ്വാസം വിട്ടില്ല!..പല്ലിനോടു പോലും ക.. മ.. മീണ്ടീല! …എന്നോട് സ്നേഹമില്ലാത്തവർ!.. അവരരച്ച് നാവിനു കൊടുക്കും!..

ഇപ്പോൾ അവൻ അവന്റെ ഫ്രെൻഡിനോട് കുശുകുശുക്കുന്നത് കേൾക്കാം… “പിശുക്കൻ!” എന്ന്..

നിരപരാധിയായ ഞാൻ എങ്ങിനെ ജയിലിൽ പോകാതെ കഴിയുമെന്നോർത്തിരിക്കുന്നത് സഹിക്കാൻ പറ്റാത്ത മൂർഖൻ..!.. അന്ന് ചോദിച്ചാലും കൊടുക്കില്ല എന്ന് ഞാൻ തീർച്ചയാക്കിയിരുന്നു..പിശുക്കു കൊണ്ടല്ല…ഇതെങ്ങാനും കഴിച്ച് വയറ്റിളക്കം വന്ന് ചത്തു പോയാൽ അവന് മാന്യമായി ചത്തു കിടന്നാൽ മതി..!

ചത്തോർക്കൊക്കെ കോടിയുണ്ടെങ്കിൽ വരി നിർത്തി നെക്സ്റ്റ്, നെക്സ്റ്റ് എന്ന് പറഞ്ഞു കൊടുക്കാമായിരുന്നു.. അതില്ല… കോടിമുണ്ട് പുതപ്പിക്കാനെങ്കിലും വാങ്ങാൻ വിടാതെ പോലീസുകാർ എന്നെ തൂക്കിയെടുത്താൻ ഇവനൊക്കെ എന്തു ചേതം ?.. വഷളൻ!

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

പൂച്ചകളുടെ ലോകം

ഒരിടത്തൊരിടത്തൊരു അമ്മപൂച്ച
ചുവന്നു കലങ്ങിയ കണ്ണോടെ,
വിറച്ചും പനിച്ചും
അടുപ്പിനരുകിൽ കുത്തിയിരിപ്പാണ്!

അച്ഛൻ പൂച്ച വെള്ളം കുടിക്കാതെന്നും
ഷാപ്പു കറി പിഞ്ഞാണത്തോടെ,
നക്കി നക്കി വെളുപ്പിക്കും,
ആറ്റു നോറ്റുണ്ടാക്കിയ വാറ്റുകൾ
കണ്ണടച്ചു കുടിക്കും!

എന്നിട്ടും കുഞ്ഞിപ്പൂച്ച
മൊബൈലു മണത്തു മണത്തു പോയത്,
അച്ഛൻ പൂച്ച തൊട്ടു കൂട്ടിയതു കൊണ്ടാത്രെ,
ഇനി നാട്ടു കൂട്ടവും തൊട്ടു കൂട്ടട്ടെ എന്ന ധിക്കാരം!
അതോ പ്രതികാരമോ?

അമ്മപൂച്ച ഇപ്പോഴും അടുപ്പിനരുകിൽ
കുത്തിയിരിപ്പാണ്,
അവാർഡു പടം കണ്ട പോലെ നാട്ടുകാരിപ്പോഴും
മിഴിച്ചു മിഴിച്ച് കണ്ടോണ്ടിരുപ്പാണ്!

അച്ഛൻ പൂച്ച കുഞ്ഞിപ്പൂച്ചയെ കടിച്ചു കീറുമത്രെ,
മൊബൈലു മണത്തു മണത്തു പോയാലും
നാണ്യം കൊടുക്കാത്ത കോപം,
തിരിച്ചെത്താത്ത അങ്കലാപ്പ്!
കടം തീർക്കണമത്രെ!
ഇനി ഷാപ്പു പൂച്ചയോടെന്തു സമാധാനം പറയും?

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

നിങ്ങളാരാ?

നിങ്ങളാരെന്ന് നിങ്ങൾ പറഞ്ഞില്ലെങ്കിൽ
നിങ്ങളുടെ നാട്ടുകാരു പറയും,
നിങ്ങളുടെ സുഹൃത്തുക്കൾ പറയും,
നിങ്ങളുടെ ബന്ധുക്കൾ പറയും,

നാക്കിനെല്ലുള്ളവരും
നാക്കിനെല്ലില്ലാത്തവരും
പോകുന്നോനും വരുന്നോനും
തെങ്ങു ചാരി നിന്നും
കസേരയിലിരുന്നും
കുത്തിയിരുന്നും പറയും
നാക്കിട്ടലയ്ക്കും!

പറഞ്ഞു പറഞ്ഞവർ വെടക്കാക്കും മുന്നെ സത്യം പറയുക..
സത്യത്തിൽ നിങ്ങളാരാ?
ഉറുപ്യക്ക് തൂക്കി തൂക്കി വിൽക്കുന്ന
നാക്കുള്ളവനോ?
അതോ നാക്കുകൾ ചെരുപ്പാക്കിയ പ്രമാണിയോ?
അതോ കാലണയ്ക്ക് കൊള്ളാത്ത
നാടുവാഴിയോ?

ഇപ്പോഴും ഉശിരായി തർക്കം നടക്കുന്നുണ്ട്!
ജനം ആരെന്നു തിരിച്ചറിയാത്തവർക്കെതിരെ,
കല്ലെടുത്തെറിയണമെന്നോ?
പുറത്താക്കണമെന്നോ,
പൂമാലയിടണമെന്നോ,
അതോ വോട്ടെറിയണമെന്നോ ഉള്ള തർക്കം!

ഇനി രസമുള്ള അടികാണുവാൻ
ടീവി ഓൺ ചെയ്യണം,
ചാനലു കാണണം!
ശേഷം വെള്ളിത്തിരയിലാണത്രേ!
ഈ സീരിയൽ കണ്ടു തീരും മുന്നെ
അടുത്ത തിരഞ്ഞെടുപ്പടുക്കുമോ?
അടി കൊഴുക്കുമോ?
തറവാട് കുളം തോണ്ടുമോ?
കഴുക്കോലു മൊത്തം എണ്ണുമോ?
ഒക്കെ പ്രശ്നമാണ്..
ഭരിക്കാൻ പാങ്ങില്ലാത്ത പ്രശ്നം!
ചെവിപരസ്പരം കടിക്കും!

ഞായറാഴ്‌ച, ഏപ്രിൽ 15, 2012

ഒരിടത്തൊരു പെണ്ണുകാണൽ...

പെണ്ണൊന്നു പരതണം!
കല്ല്യാണം കഴിക്കണം!,
പ്രായമായിരിക്കുന്നു..
വീട്ടു കൂട്ടത്തിന്റെ ആഗ്രഹമായിരുന്നു.!
കറങ്ങി നടക്കുമ്പോൾ,
നാട്ടുകൂട്ടത്തിന്റെ കല്പനയായിരുന്നു..!
സ്വന്തം മോഹമാ‍യിരുന്നു.
ഒറ്റത്തടിയായിരുന്നപ്പോൾ,
അമിതസ്വാതന്ത്ര്യം വന്നപ്പോൾ
ചങ്ങലയ്ക്കിടാനുള്ള അത്യാഗ്രഹം!

കൂട്ട് വന്ന അവന്റെ ആണയിടൽ
പെണ്ണു കാണാൻ പോയത്
ഒരേഒരു വീട്ടിൽ മാത്രം
കെട്ടിയതും ആ പെണ്ണിനെ!
“നീയ്യെന്താ ഇങ്ങനെ?”
തലയിൽ കൈവെച്ച്
ഞാനും സ്വയം ചോദിച്ചു
“ഞാനെന്താ ഇങ്ങനെ?”

ഒരിടത്തൊരു പെണ്ണുണ്ടത്രെ
അവൻ കണ്ടതാത്രെ
പ്രീയം വദ!
കണ്ടപ്പോൾ പ്രീയം തോന്നാതെ,
മുഷിഞ്ഞു തിരിഞ്ഞു നടന്ന്
വീടു വീടു തെണ്ടി നടന്ന്
നാടായ നാട് ചുറ്റി നടന്ന്
പരവശനാകുമ്പോൾ
അവൻ പറയുന്നു
ആ വീട്ടിലൊക്കെ അവൻ
പെണ്ണു കാണാൻ പോയതാത്രേ!

എനിക്കവനെ അഭിനന്ദിക്കണം
നൂറ് പെണ്ണിനെ കണ്ട്
ഒരു പെണ്ണിനെ കല്ല്യാണം കഴിച്ച
മിടുക്കൻ!

അവൻ യുക്തിവാദിയാത്രെ,
ജാതകമൊന്നും നോക്കേണ്ടത്രെ,
ഒടുവിലവൻ പറയുന്നു,
അവർക്ക് പത്തിൽ പത്തു
പൊരുത്തമുണ്ടത്രേ!
രസികൻ!

അവനു നാക്കിനെല്ലില്ലത്രെ,
വീണ്ടുംവീണ്ടും ഓർമ്മിപ്പിച്ചു,
സ്ത്രീധനം വാങ്ങേണ്ടത്രെ,
മോശാത്രെ,
അവനു നൂറു പവൻ കിട്ടീത്രെ,
ശുദ്ധൻ,
അവനൊരവാർഡ് കൊടുക്കണം!

-----------------------------------------------------
(…ഇനിയൊരു സത്യം... ഏതോ കശ്മലന്റെ കുടിലതയാവണം .പണ്ടുമുതലേ നമ്മുടെ നാട്ടിൽ നമുക്കിടയിൽ സ്ത്രീധനമില്ല.. അതിനാൽ തന്നെ അന്ന് നടന്നു തളർന്നപ്പോൾ  "സ്ത്രീധനം കൊടുക്കാതെഅഹങ്കാരികളായി തീരുന്ന വിശുദ്ധപിതാക്കന്മാരെ നിലക്കു നിർത്തുക.. .. പാവം പെൺ കുട്ടികളെ നമ്മളെ പോലുള്ളവർക്ക് കെട്ടിച്ചു തരിക" എന്നൊക്കെ വിളിച്ചു കൂവണമെന്നുണ്ടായിരുന്നു....ആരു കേൾക്കാൻ.!.. തല തിരിഞ്ഞ വർഗ്ഗം)

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

അറിയാതെ പോകുന്നത്..


കുത്തി കുത്തി അരിയാക്കിയപ്പോൾ
ഞാൻ പറഞ്ഞു നിങ്ങളെന്റെ അഭ്യുദയകാംഷികൾ,
കുത്തിക്കുത്തി വെളുപ്പിച്ചപ്പോഴും ,
ഞാൻ മൊഴിഞ്ഞു നിങ്ങളെന്റെ ഹൃദയം.
പിന്നെ കുത്തി കുത്തി പൊടിയാക്കിയപ്പോൾ
ഞാനെന്തോ പ്രതീക്ഷിച്ചു...
പിന്നെ മുഖം പൊത്തിക്കരഞ്ഞു
കലക്കി കലക്കി ചുട്ടെടുത്ത് തിന്നു
ദഹിപ്പിക്കുമ്പോഴായിരുന്നു തനി നിറമറിഞ്ഞത്.!
എന്റെ അസ്ഥിത്വം അവർക്ക് അരോചകമായിരുന്നത്രെ!

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

മാറ്റങ്ങൾ…

ഞാൻ കണ്ടതാണ്…
അന്ന് ഒട്ടിയ വയറായിരുന്നു ആഭരണം,
ഒടിഞ്ഞു കുത്തി, കുനിഞ്ഞ ശിരസ്സ്,
ദൈന്യതയുടെ കഥ മെനഞ്ഞു,
എന്നിട്ടുമവൻ മനോഹരമായി പുഞ്ചിരിച്ചിരുന്നു..
പാവം.!..നന്ദിയെന്തെന്ന് കാട്ടിയിരുന്നു..

ഇന്നലെ നടുവ് പിറകോട്ട് വളച്ചിരിക്കുന്നു..
സമ്പന്നതയുടെ കുംഭയാണപ്പോൾ
ചിരിക്കുന്നതും കഥ മെനയുന്നതും
എന്നോട് സംവദിക്കുന്നതും
പുഞ്ചിരിയെ കാർമേഘം മറച്ചിരുന്നു…
ദുഷ്ടൻ..! അവൻ നന്ദിയെ മറന്നിരിക്കുന്നു..

അതറിയാതെ ഞാൻ തേടിയ പഴയ സൌഹൃദം!
പണത്തിന്റെ കസേരയിൽ നിന്നും,
അസൂയയുടെ കുതിരപ്പുറത്തേറി,
പരിഹാസത്തിന്റെ അതിവേഗതയോടെ.
അവൻ വന്നു,
ഓച്ഛാനിച്ചു ഒതുങ്ങി നിന്നോരെന്നെ
ഹായ് എന്നൊരാംഗ്യം കാട്ടി,
അടുത്തു വിളിച്ചു വിളമ്പാൻ തുടങ്ങിയത്,
കുടുംബ മഹിമയുടെ ഡംഭ്! 

ഒന്നും അവനോട് ആവശ്യപ്പെട്ടില്ലെങ്കിലുംസംശയമാവാം,
അവൻ വലിച്ചെറിഞ്ഞു,

വെറുതെ പൊടിച്ചു കളയുന്ന
ലക്ഷത്തിന്റെ കണക്കുകൾ!
കൈനീട്ടുന്നവരോടുള്ള നീരസം!

പണം കണ്ടു മടുത്ത മഞ്ഞളിച്ച കണ്ണുകൾ!
പുച്ഛത്തിന്റെ രസം വിളമ്പുന്ന നാവുകൾ!
സ്നേഹം പുതുക്കാനാണു വന്നതെന്നറിയാതെ,
പണത്തിനാവും എന്നോർത്ത്
വിമ്മിഷ്ടപ്പെടുന്നോരവന്റെ വാമഭാഗം,
കണ്ണിറുക്കിയും, കണ്ണടച്ചും
അവനോടെന്റെ വരവിനെ ചോദ്യം ചെയ്യുന്നു..
ചുണ്ടടക്കിയോരെൻ ചിരിയും
അന്ധനാമെൻ കണ്ണും!
എന്തൊക്കെയെനിക്കു പറഞ്ഞു തന്നു..?

ക്ഷമയുടെ നെല്ലിപ്പലക കണ്ട് തിരിച്ചു വരുമ്പോൾ
അവൻ പറഞ്ഞു
"ആരുടെ സഹായവും എനിക്കു വേണ്ട
നോക്കൂ ഞാനെത്രെ മാന്യനാണ്!"

കൈ കൊടുത്ത് അഭിനന്ദിച്ചു ഞാൻ മൊഴിഞ്ഞു!
“അതെ, അതെനിക്കറിയാം!“"

ഇന്ന് രോഗം വന്ന് ചികിത്സയിലായപ്പോൾ
പണം കാണുമ്പോൾ തുറക്കുന്ന കണ്ണുകൾ!
നന്ദി ചൊല്ലുമ്പോൾ വിറക്കുന്ന ചുണ്ടുകൾ!

അവൻ ഓർത്തോർത്ത് പറയുന്നുണ്ടായിരുന്നു
പഴയ ദാരിദ്ര്യ കഥ!
ലക്ഷത്തിന്റെ കണക്കുകൾ കണ്ട്,
അകന്ന ബന്ധുക്കൾ!
“ഇപ്പോഴവനു കൈനീട്ടാൻ മടിയില്ലത്രെ!“
പാവം..! അവൻ എത്രമധുരമായി പുഞ്ചിരിക്കുന്നു
ശീലം..! അതല്ലേ എല്ലാം!
പരിഹാസമെന്നത് ഇന്നോളം അവനറിവില്ലത്രെ!

മറവി.. അതുമല്ലേ എല്ലാം!
മനുഷ്യനെ മനുഷ്യനാക്കുന്ന പ്രകൃതിയുടെ വികൃതി!

വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012

ത്യാഗസ്മരണകൾ..

ഒറ്റിക്കൊടുക്കുന്നവരെ നോക്കി
ഒരു നിമിഷം!
“ഇതാ എന്റെ രക്തം!”
ഇടറിയ ശബ്ദത്തിൽ യേശു.

അനന്തരം അവർ
യേശുവിന്റെ മാംസം
വളഞ്ഞു കൂടിയിരുന്ന് തിന്നു..

യാതൊരു ഉളുപ്പുമില്ലാതെ,
ചോര കുടിച്ചു,
അവസ്ഥയിൽ ഇരുന്നു..
പിന്നെ ഛർദ്ദിക്കുന്നു.
ഒടുവിൽ കൂടിയിരുന്നാലോചിച്ചു.
“എത്ര വെള്ളിക്കാശു കിട്ടും?“

നാണമില്ലാത്തവർ!
അത് കേട്ടാകണം
എനിക്കവരോട് വെറുപ്പുവന്നത്,
യേശുവിനോടു അടങ്ങാത്ത
സ്നേഹവും!
സജ്ജലങ്ങളായോരെൻ കണ്ണുകൾ,
മൊഴിഞ്ഞു,
ഹേ നിരപരാധീ.....
എൻ പ്രീയാ.....
ഇനിയവരുടെ അടുത്തു പോകരുത്!
അവരിനിയും നിന്നെ വിൽക്കും,
തുണ്ടം തുണ്ടമായീ,
അവരിനിയും നിന്റെ വചനം തുപ്പി,
ആളുകളെ ചേർത്ത്,
വെള്ളിക്കാശ് എണ്ണി വാങ്ങും!

പാവം നിഷ്ക്കളങ്കൻ!
ഒരു ചിരി!
ഒരു പൊൻ പുഞ്ചിരി,
ഒപ്പം ത്യാഗമെന്തെന്ന് കാട്ടിയിട്ടും
മനസ്സലിവില്ലാത്ത
അവരോടുള്ള പുച്ഛച്ചിരി!

അപ്പോഴും നനുത്ത രക്തതുള്ളികൾ
കുരിശിൽ നിന്നടർന്നിരുന്നു!
ഒപ്പം സ്മരണപുതുക്കുന്ന
നിഷ്ക്കളങ്കഭക്തരാം പാവങ്ങളുടെ
കണ്ണീരും!

ബുധനാഴ്‌ച, ഏപ്രിൽ 04, 2012

സ്വപ്നങ്ങൾ വെളിപ്പെടുത്താത്തത്..

അന്ന് സ്വപ്നങ്ങളെ
പൂക്കളാക്കി,
ഞാൻ മയങ്ങി,
അവയുടെ സൌരഭ്യമോർത്ത്,
ചിരി ചിരിച്ച് ..!

അവനുദിച്ച്
സ്വപ്നങ്ങളെ കട്ടുറുമ്പാക്കി!

അവയുടെ കടി കൊണ്ട്,
പിറു പിറുത്ത്,
ഞാനുണർന്നു..!

പിന്നെ യാഥാർത്ഥ്യങ്ങളോട് ചോദിച്ചു
കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ,
ഉദരപൂരണം?
അതോ വടക്കോട്ടോ തെക്കോട്ടോ,
സുഖശയനം?

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

പ്രാർത്ഥന!

ഹൃദന്തത്തിൽ ദു:ഖ തിരകളടിച്ചും
നിറയേ വിഷാദങ്ങൾ മർദ്ദിച്ചു കൂട്ടിയും
വേലിയേറ്റത്തിലിറക്കത്തിലെന്നും
പകച്ചൊന്നിരുന്നും, ഏങ്ങിക്കരഞ്ഞും!
കാലങ്ങളോളം ചിപ്പിയിലൊളിച്ചൊരാ തുള്ളികൾ!
ദൃഡത കൈവന്നോ,രെൻ പൊന്നു മുത്തുകൾ!

നിന്റെ സവിധത്തിൽ വന്നൊരാ നാളതിൽ
കൂമ്പിയ ചിപ്പികൾ പാതി തുറന്നു പോയി,
തെറിച്ചൊന്നു കവിളിൽ നിന്നിടറിവീഴുന്നു
തറയിലെ സ്പന്ദനം കേട്ടമരുന്നു!
ആശ്വസിപ്പിച്ച നിൻ പുഞ്ചിരി കണ്ടു ഞാൻ
വിഷാദത്തെ പൊട്ടിച്ചിരിപ്പിച്ച നേരം!
കണ്ണാ യെന്നോതി കൂപ്പിയ കൈകളാൽ
നാരായണ നാമം വീണ്ടും ജപിച്ചു!

ഹേ പാർത്ഥ സാരഥേ, മായായാൽ എന്നെ നീ,
നിത്യം വലച്ചും ചിരിച്ചും രസിച്ചും
ജാലങ്ങൾ കാട്ടി മറഞ്ഞും ഒളിഞ്ഞും
വലച്ചെന്റെ രോദനം കണ്ടു കൊണ്ടെന്നും
ഒടുവിൽ ഞാൻ നിന്റെ സവിധത്തിലെത്തുമ്പോ-
ഴെന്റെയാ ഹൃത്തടം കഴുകി തുടച്ചും
എന്നുമെനിക്കേകിയാനന്ദം ഹേ പ്രീയ
നിൻ തൃപ്പാദം നമിച്ചൊന്നിരിപ്പു ഞാൻ!

നിന്റെ മുരളിക ഏകിയോരെൻ ജീവൻ
നിന്റെ സവിധത്തിൽ ആടുന്നു നാടകം
നിൻ മായ കെട്ടിക്കും വേഷപകർച്ചയിൽ
ഒടുവിലായെന്നെ തിരിച്ചു വിളിച്ചു നീ
നാടകം തീർന്നെന്നു ചൊല്ലും നിമിഷങ്ങൾ
സ്മരിച്ചൊന്നിരിന്നു ഞാൻപുഞ്ചിരിച്ചീടാം,
കൈപിടിച്ചെന്നും നീ കൂടെയായി കൂട്ടണേ..!

ഭക്തന്റെ ദാസനാണെന്നു മൊഴിഞ്ഞു നീ
പാർത്ഥന്റെ തേരു തെളിച്ചൊന്നിരുന്നതും,
പാഞ്ചജന്യത്തിന്റെ നാദം മുഴക്കി നീ
വിശ്വരൂപത്തെ കാട്ടി കൊടുത്തതും,
ലോകവും സർവ്വ ചരാചര ജാലവും
സർവ്വവും ആവാഹിക്കുന്നതും കാലവും
ജനനമരണ പ്രകൃതിയും ഭാവവും
കണ്ടു നെടുങ്ങി പാർത്ഥൻ വിറച്ചതും,
തൃപ്പാദമഭയമെന്നൊതിക്കരഞ്ഞതും
ഭീരുതമാറ്റിയഭയം കൊടുത്തതും
ഒക്കെ സ്മരിക്കുന്നു,വീണ്ടു മെൻ കണ്ണാ നീ
എന്നെയും പാർത്ഥനായൊന്നിന്നു മാറ്റണം
എന്റെയും സാരഥിയായൊന്നു വന്നുനീ
എന്റെ രഥത്തെയും തെളിക്കൂ നീ നാഥനേ!

"ഞാനാണു സാരഥി, എവിടെയ്ക്കു പോകണം?
പറയൂ നീ വേഗ'മെന്നോതും നിമിഷത്തിൽ
ഞെട്ടിയുണർന്നു ഞാനോതിയ വാക്കുകൾ
ഓർക്കുന്നതുണ്ടു വീണ്ടുമീവേളയിൽ
എവിടേയ്ക്ക് നീ തെളിക്കുന്നു ജഗല്പതേ,
അവിടെയ്ക്ക് പോകാമെന്നന്നു ചൊന്നതും
രക്ഷയ്ക്കു തൃപ്പാദം കെട്ടിപ്പിടിച്ചു ഞാൻ
പാർത്ഥനെപോലെ നിലവിളിച്ചോതിയോൻ
അജ്ഞനാണെൻ പ്രഭോ അന്ധനാണിന്നു ഞാൻ!
ധർമ്മത്തിൻ നേർവഴി നീ യെന്നും തെളിക്കണേ!
കർമ്മത്തിൻ പാത നീ കാട്ടി നടത്തണേ!
ശ്രീധര, ഗുരുവായൂർ വാഴും ജഗല്പതേ!