പേജുകള്‍‌

ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

ഓർമ്മ!

കൈയ്യിലിരുന്ന
കാലണയും നഷ്ടപ്പട്ട്,
പരവേശത്തോടെ നിന്ന്,
ഭർത്താവിന്റെ,
അച്ഛന്റെ,
കാമുകന്റെ,
കൂട്ടുകാരന്റെ,
ഗുണവാന്റെ,
നിർഗുണന്റെ,
മുഖം മൂടി അഴിച്ചു,
ലോകത്തോട്
ഞാൻ വിളിച്ചു ചോദിച്ചു
“ഓർമ്മയുണ്ടോ ഈ മുഖം?”

അറിയില്ലെന്ന് ഒരേ സ്വരത്തിൽ
വിളിച്ചു പറയുമ്പോൾ
ഒരു മുഖത്തു മാത്രം കിനിയുന്ന കണ്ണീർ !

അരികിൽ ഓടിയെത്തി
പിന്നെയെൻ മൂർദ്ധാവിൽ ചുംബിച്ച്
എന്നെ മാറോടണച്ച് ഇടറുന്ന സ്വരം.!

“നിനക്കോർമ്മ വെക്കുന്നതിനും മുന്നെ
നിന്നേക്കാൾ എനിക്കോർമ്മയുണ്ട്,
നീ രൂപം പൂണ്ടതു മുതൽ
നീ അനങ്ങിയതു പോലും!

എന്റെ ഗർഭ ഗൃഹത്തിൽ നീ പിച്ച വെച്ച പാട്,
നിന്റെ അമരത്വത്തിനായ് അന്നും
ഇന്നും ചുരത്തിയ അമൃതം,
നിന്റെ അശുദ്ധികൾ
ഊണിനിടയിലും
അറപ്പില്ലാതെ കോരിയ ഈ കൈകൾ,

നിന്റെ സുഖ നിദ്രയ്ക്കായ്
എന്റെ നിദ്രയെ വലിച്ചെറിഞ്ഞ കാലങ്ങൾ,
നിന്റെ നന്മയ്ക്കായ്,
ഞാനുരുകിയ വർഷങ്ങൾ!
നിൻ മുഖം ഏതു മുഖം മൂടി ധരിച്ചാലും
ഏതു മുഖം മൂടി അഴിച്ചാലും
നിൻ കാലനക്കം മതി
സ്വരം മതി തിരിച്ചറിയാൻ!

ഇനി പറയുക,
നീറുമ്പോൾ നീയെന്നെ മറന്നതെന്ത്?”
പകരം നൽകാൻ ഒന്നുമില്ലാത്ത ഞാൻ
ഹൃദയമുരുകി,
കൺകളിൽ ഗംഗയൊഴുക്കി,
കാൽ തൊട്ടു വണങ്ങുമ്പോൾ
വീണ്ടും എന്നെത്തേയും പോലെ
ഉയരങ്ങളിലേക്ക് പിടിച്ചുയർത്തി,
മൂർദ്ധാവിൽ ചുംബിച്ച്..
അനുഗ്രഹിച്ച്, അനുഗ്രഹിച്ച്….!

അപ്പോഴും എവിടെയോ ഒരു അമ്മ,
വരില്ലെന്നറിഞ്ഞിട്ടും
നീരൊഴുക്കി മകനെ തിരയുന്നുണ്ടായിരുന്നു.
വെറുതെ ഒരു നോക്ക് കാണാൻ,
പിന്നെ വാത്സല്യത്തിന്റെ അമൃതം ചുരത്താൻ!

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

കീഴാളൻ

ശ്രമമാണെന്നെ വെളിച്ചത്തു നടത്തുന്നത്,
ചിന്തകളാണെന്നെ സമയത്ത് നടത്താത്തത്,
ഇരുളു കാണുമ്പോൾ നിന്ന്,
വെളിച്ചം കാണുമ്പോൾ നടന്ന്,
കിതച്ച്, കിതച്ച് തളർന്നു വീണ്…!
എന്നിട്ടുമവരെന്നോടു പറയുന്നു..
മടിയൻ, മടിയൻ എന്ന്!
ആവേശത്തോടെ നടക്കുന്നവർ..!
അവർ ഇരുളിലൂടെ ഓടുന്നു.
വെളിച്ചം കണ്ടാൽ വിശ്രമിക്കുന്നു..!
മഹാ ബുദ്ധിമാന്മാർ,
അവർക്കിപ്പോഴും മധുരപതിനേഴ്!
അവരെയൂട്ടാനും പുകഴ്ത്താനും
ഒപ്പം ചിരിക്കാനും
ആളുകളുടെ തിക്കി തിരക്ക്!

ഞാനോ പാവം മഠയൻ!
കുഴിയിലേക്ക് കാലു നീട്ടിയിട്ടും
ജീവിതമെന്തെന്ന്
ഇനിയും പഠിക്കാത്തവൻ!
എനിക്കിപ്പോഴും വൃദ്ധരുടെ വിവേകം,
യുവാക്കളുടെ ശരീരം!

എന്റെ ഊണു മുടക്കാനും,
അവഹേളിക്കാനും,
ഉറക്കു കളയാനും,
കണ്ണീരു കാട്ടി ചിരിക്കാനും,
ആളുകളുടെ തിരക്ക്!

വലിച്ചെറിഞ്ഞു തരുന്നത് വിഴുങ്ങാൻ
അവരെന്നോട് ശട്ടം കെട്ടിയിട്ടുണ്ട്,
വിഴുങ്ങുമ്പോൾ തൊണ്ടയിൽ
കുരുങ്ങുന്നത് പാപമാണെന്ന്
അവർ പരിഹസിച്ചിട്ടുണ്ട്!
സ്വയം തൊണ്ടയമർന്ന്
വറ്റുകളെ തടുത്തപ്പോൾ
"ആർത്തി വേണ്ട"
ഇനിയും തിന്നോളൂ നല്ലോണം
എന്നവർ അട്ടഹസിച്ചിട്ടുണ്ട്!

എന്റെ അന്ധവിശ്വാസം,
"എന്റെ വീഥികളിൽ പശ്ചാത്താപങ്ങളില്ല
അവരുടെ വഴികളിലൊരുനാൾ
പശ്ചാത്താപങ്ങളുണ്ടാകും!"

അവർ ചിരിക്കുന്നുണ്ടാകും,
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും,
ഇന്നു ജീവിച്ചിട്ടല്ലേ
നാളത്തെ പശ്ചാത്താപം എന്നാവാം!
തുട്ട് തിന്നുമ്പോൾ വട്ടു പിടിപ്പിക്കരുതെന്ന്
അവരെന്നെ താക്കീത് ചെയ്തിട്ടുണ്ട്.
തട്ടു കിട്ടുമ്പോൾ പൊട്ടിക്കരയരുതെന്നും!

എന്നിട്ടും ഞാൻ മടിയനായി ജീവിച്ചത്
മഠയനായതു കൊണ്ടാണോ ?
ആർക്കറിയാം..
ഇരുട്ടിനേയും വെളിച്ചത്തേയും എണ്ണുമ്പോൾ
തുല്ല്യമായി വരുന്നതെന്തു കൊണ്ടാണ്‌?
ഉത്തരങ്ങൾക്ക് ചോദ്യങ്ങളുടെ അകമ്പടിയുണ്ടാവാം
എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ 
പിറകെ വരണമെന്നില്ലല്ലോ?

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

മദം

മദം പൊട്ടി,
മതത്തെ കത്തികാട്ടി,
ചങ്ങലയ്ക്കിട്ട,
മദം പൊട്ടിയോനെ കണ്ട്,
മതമായി ധരിച്ച്,
മദം കണ്ട് കൊണ്ടവർ,
മദയാനകളായി,
കിളച്ചു മറിച്ച്…!

മതം ചത്തോ?
മതം അവശതയിലോ?
കാണാൻ പോകാൻ
ഭയമായ,
വിരലിലെണ്ണാവുന്ന മതക്കാർ
പിന്നെയും വിറയലോടെ 
 മൊഴിഞ്ഞു. “പാവം മതം!”

എങ്ങു നിന്നോ
മദക്കാരുടെ മുദ്രാവാക്യം!
കൊല്ലണം, കൊല്ലണം!
ഹാ..കഷ്ടം ..
അവരത്രേ ഇന്നിന്റെ ജ്ഞാനികൾ!  

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

സങ്കല്പം

കറിയും ചോറും പിന്നെ
പീടികത്തളങ്ങളും
ഒറ്റയ്ക്ക് കളിച്ചങ്ങു
മടുത്ത നിമിഷത്തിൽ
അന്നെന്റെ ഹൃത്തിൽ
വെച്ച വിളക്കിൽ കൊളുത്തിയ
ഭദ്രദീപമാണിന്നും
അനുജ സങ്കല്പങ്ങൾ

ഓരോരോ നിമിഷവും
ജ്യേഷ്ഠനായി ഞാനും പിന്നെ
നിഴലായി അനുജനും.
തർക്കിച്ചും പിണങ്ങിയും,
ഹൃത്തിലായി വഴിയുന്ന-
 പൂന്തേനെൻ അനുജനു
നിറച്ചും കൊടുക്കണം

അറിയാതിന്നുമീ ഞാൻ
അന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,

ആനന്ദ വേളകളിൽ,
ഉത്സവകാലങ്ങളിൽ,
ഒരു മാത്രയിൽ പോലും
ഓർത്തിരിക്കുന്നുണ്ടാമോ അവർ
ജ്യേഷ്ഠാ എന്നൊരു വിളി
പ്രതീക്ഷയർപ്പിക്കുന്നെന്നെ!

അന്നുഞാനെഴുതിയ
വരികൾ കണ്ടിട്ടവർ,
മറക്കില്ലേട്ടാ ജീവൻ
ബാക്കിയായ്
ഉണ്ടെന്നാകിൽ
എന്നോതി പുഞ്ചിരിച്ചും
ആണയൊന്നിട്ടും പോയോർ!

ഇന്നെന്റെ അന്ത്യകാല
കാഹളം മുഴക്കേണ്ട
സമയം ഓട്ടത്തിന്റെ
ലഹരി നുണയുമ്പോൾ
എവിടെയെന്നനുജൻ
ഞാനെന്നുമാഗ്രഹിച്ചോൻ
എവിടെയെന്നനുജത്തി
ഞാനെന്നു മാഗ്രഹിച്ചോൾ!

ഓരോരൊ ദിക്കിൽ പോകും
നേരത്ത് പോലുമിന്നും
അറിയാതെന്നുമീ ഞാൻ
തിരഞ്ഞു പോയീടുന്നു.
കണ്ണിനു കുളിരേകും വദനം
നിരാശയാൽ!

നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!

------------------------
സതീശൻ പയ്യന്നൂർ