പേജുകള്‍‌

ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

ന്യായാന്യായങ്ങൾ!


അണു കുടുംബങ്ങളിൽ
നിറച്ചും അണുക്കൾ,
തലമുറകളിൽ നിന്നും തലമുറകളിലേക്ക്
 പടർന്നു പിടിക്കുന്ന രോഗങ്ങൾ!

പകലിലെ
കൊയ്ത്തു കഴിഞ്ഞു
കസേരകളിൽ ചുരുളുന്ന
എടുക്കാത്ത അണകൾ!

മനസ്സുകളിൽ
വ്രണങ്ങൾ നിറഞ്ഞും
വ്രണിതരാക്കപ്പെട്ടും
മിഴിനിറയുന്ന സായാഹ്നങ്ങൾ!

അണു കുടുംബത്തിലെ
ദൃഢചിത്തനെ
കരയിച്ചോരുള്ളി,
തറിഞ്ഞൊടുങ്ങുമ്പോൾ
ചോദ്യം ചെയ്തു,
ഹൃദയശൂന്യാനാം നീ
മിഴികൾ അനാവശ്യമായി
നിറയ്ക്കുന്നതെന്തിന്?
തുടയ്ക്കുന്നതെന്തിന്?
 
( പ്രതിഭ കുവൈറ്റ് ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

ജനന ഗുണം

1) കടുക്

ചെയ്ത പാപമറിയാതെ,
വിചാരണ കൂടാതെ,
തിളച്ച എണ്ണയിൽ
വലിച്ചെറിയപ്പെട്ട
കാപ്പിരികൾ,
പിടഞ്ഞൊടുങ്ങുന്ന
അവരുടെ രക്തവും ദേഹവും
കറികളിൽ നിറഞ്ഞ്,
യജമാനരുടെ
സംതൃപ്തിക്ക്,
ആമാശയങ്ങളിൽ
പടരണം!
അന്നും ഇന്നും എന്നും
അധികാരി കീഴ്ത്തട്ടുകാരന് കല്പിച്ചു
നൽകപ്പെട്ട മാന്യമായഅവകാശം!

-------------------------
2)കറിവേപ്പില

ഗുണവും മണവുമെന്നോതി
പറിച്ചെടുത്ത് കറിയിലിട്ടു തിളപ്പിച്ചൊടുവിൽ
വലിച്ചെറിഞ്ഞേമ്പക്കമിട്ടവർ പോയപ്പോൾ
തിരിച്ചറിഞ്ഞ സത്ത്വം ജനനഗുണം!
സാന്ത്വനമോതിയ
ഭൂമിയെ അള്ളിപ്പിടിച്ചു കിടന്നു.
അപ്പോഴും സഹിക്കാത്തൊരു കാറ്റ്
കിടന്നേടത്തു നിന്നും
വീണ്ടും അകലങ്ങളിലേക്ക്വലിച്ചെറിയാൻ

അമർഷത്തോടെ മുരളുന്നു…..!
 

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ഭിക്ഷാംദേഹി!

അർത്ഥവത്തായതൊന്നും എനിക്കില്ല,
ഓർമ്മഹത്യാ പാപം!
അർത്ഥശൂന്യതയും എന്നെ വേട്ടയാടാറില്ല
തലച്ചോറിൽ ഓർമ്മയുടെ  പുനർജന്മ നൃത്തം !
കുപ്പത്തൊട്ടിയിൽ നിന്നും
എച്ചിലിലകൾ വാരിയെടുത്തു.
ആർത്തിയോടെ ഭക്ഷിച്ച്
ഏമ്പക്കമിട്ടപ്പോൾ,
എന്നെ കൊത്തിയെടുക്കുന്ന,
വിസ്തരിക്കുന്ന ഉരുണ്ട കണ്ണുകൾ,
പുച്ഛത്തോടെ ,അറപ്പോടെ, വെറുപ്പോടെ…!
കോട്ടും പാന്റും ടൈയ്യും കെട്ടിയ മഹാമാന്യതകൾ!
അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
അസ്ഥിത്വം തിരിച്ചറിയാത്തവർ!

ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,
കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,
ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്ന
അവരുടെ അഭിമാനമോർത്ത്..!
പിന്നെ ഊറിച്ചിരിച്ചു,!
ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽ
പുക ഉയരാതിരിക്കട്ടെ!
ഷൂസിട്ട കനമുള്ള കാലടികൾ
യാന്ത്രികമായി ചലിക്കുമ്പോൾ,
അകത്തുള്ള ചെളികൾ
പുറത്തേക്ക് വമിക്കാതിരിക്കട്ടേ!
 ടൈ ആത്മാഭിമാനത്താൽ
സ്വയം മുറുകി കൊല്ലാതിരിക്കട്ടെ!

മനസാക്ഷിയോട് ചോദിക്കുക,
ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
മറ്റൊരുത്തന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരി,
ആർത്തിയോടെ തിന്നു ഏമ്പക്കമിട്ടവർ?
ഈ തടി ആർക്കൊക്കെ അവകാശപ്പെട്ടിരിക്കുന്നു,
ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം?

ഞാൻ കുപ്പത്തൊട്ടിയിൽ നിന്നും
അവർ പിച്ചച്ചട്ടിയിൽ നിന്നും!
തിന്നുന്നത് സ്വർണ്ണതളികയിലായാലും
എച്ചിലുകൾ എച്ചിലുകൾ തന്നെ!
എന്നിട്ടും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിക്കുന്നു.

ഒരു പക്ഷെ അഹന്തയാവാം,
അല്ലെങ്കിൽ മറവിയാവാം,
അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!

മനുഷ്യൻ എന്നും അങ്ങിനെയാണ്,
ഉയർച്ചകൾ താഴ്ചയെ നോക്കി പുച്ഛിക്കും
താഴ്ചകൾ ഉയർച്ചയെ നോക്കി നെഞ്ചു തടവും!
ചൂടും തണുപ്പും, ഉയർച്ചയും താഴ്ചയും,
വീക്ഷിച്ചു തിരിഞ്ഞു നടന്നു.
ഭിക്ഷാംദേഹി എന്നും നിസ്സംഗനാണ്!

വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

കല്ലുരുട്ടൽ!

ചതുപ്പു നിലത്തിൽ അസൂയയുടെ വഴുക്കൽ!
കല്പടവുകൾക്ക് ബലം പോരാ!
വിജയത്തിലേക്ക് കാലുയർത്തുമ്പോൾ കുലുങ്ങുന്നു.
കാർമേഘം ഉരുണ്ടു തുടങ്ങി.
മുഖം തിരിപ്പിന്റെ കാറ്റ്!
മഴ തുടങ്ങി.!
പുച്ഛത്തിന്റെ ചാറ്റൽ മഴ!
കുശു കുശുപ്പിന്റെ മിന്നൽ!
ശപിക്കുന്നവരുടെ ഇടിമിന്നലുകൾ!
ഉരുൾ പൊട്ടൽ പോലെ
അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദങ്ങൾ!

വീണ്ടും പുഞ്ചിരിച്ചു നിവർന്നു നിന്നു..
സ്നേഹം ചാന്തു ചേർത്തുറപ്പിച്ചുയർത്തി.
വിയർപ്പ് കുടഞ്ഞെറിഞ്ഞു..
ഇനി കയറണം..പതിയെ പതിയെ..

ഇപ്പോൾ നടുവിന് ബലം പോര..!
കൈകൾക്കു കരുത്തും!
ഒടിഞ്ഞു കുത്തിക്കയറണം!
സംശയം മഹാമാരി തന്നെ!
ഹൃദയത്തെ കാർന്നു തിന്നുന്ന രോഗം!

ഊന്നു വടികളുമായി ആളുകൾ കുത്തിപ്പൊക്കി,..
ഇനി മുളയിൽ കയറി മാവിൽ ചാടണം!
സാഹസം തന്നെ!
ആളുകൾ കൈകൊട്ടി ചിരിക്കുന്നുണ്ടാവും!

-------------------------------------------------------------
• മുളയിൽ കയറി മാവിൽ ചാടുക- പ്രസിദ്ധമായ പഴം ചൊല്ല്.