പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 28, 2013

പരാജയം-2

"നിനക്കൊന്നും പറയാനില്ലേ?"
അവരുടെ ചോദ്യശരങ്ങൾ!
പറയാനൊരുപാടുണ്ടായിരുന്നു,
പാതിയടഞ്ഞതൊണ്ടയിൽ നിന്ന്,
തെറിച്ചു വീണ വാക്കെടുത്ത്,
വരളുന്ന നാവിലിട്ട്,
പുറത്തിട്ട് കിതച്ചു..
അപ്പോഴവരുടെ പൊട്ടിച്ചിരി,
ശൂന്യമായ മനസ്സെന്നപോലെ,
ശരീരത്തേയും ശൂന്യമാക്കി.

ഒരുവിധം രക്ഷപ്പെട്ട്
തിരിച്ചു വന്നു.
പിന്നെ ഞാനെന്റെ ശരീരത്തേയും,
മനസ്സിനേയും കണ്ണീരിന്റെ അകമ്പടിയോടെ,
അന്വേഷിച്ചു നടന്നു..
"നീ രക്തമാകുന്നു.....
മജ്ജയാകുന്നു......
ആത്മാവാകുന്നു.....
ശരീരമാകുന്നു.....
എന്നൊക്കെ ഓർമ്മിപ്പിക്കാൻ
ആരോ തട്ടിയുണർത്തി
പേരു വിളിച്ചു!
ഞാൻ വെറുമൊരു പേരുമാത്രമാകുന്നു..
എന്ന അറിവോടെ തിരിഞ്ഞു നിന്നു,
പുഞ്ചിരിച്ച് കുശലം പറഞ്ഞു.
എന്തു പറഞ്ഞുവെന്ന് ഓർമ്മയിലപ്പോൾ
ഉണ്ടായിരുന്നില്ല,
എന്തു കെട്ടുവെന്നും!

ആത്മാവും ശരീരവും എന്നെ വിട്ടകന്നുവെന്ന്
എന്റെ മനം  പൊളിപറഞ്ഞു വിശ്വസിപ്പിച്ചതോ?
അതോ മായയോ?
ആവശ്യ ഘട്ടത്തിൽ വാക്കുകളെ മായിച്ച്,
എന്തിനായ് മായ കാട്ടുന്നു?
എന്നു ചോദിച്ചപ്പോഴൊന്നും
ഉത്തരമുണ്ടായിരുന്നില്ല!

പരാജയം

എല്ലാ പുഞ്ചിരിയേയും
ഞാൻ സ്വീകരിക്കുമ്പോഴും,
മുളം തണ്ടിലേറിയോരെൻ പുഞ്ചിരി ചുമന്ന മനം
ചുടുകാട്ടിലെ ചിതയിലേക്കവയെ
എടുത്തു വെക്കുകയായിരുന്നു..
അവരെന്നെ അഹങ്കാരിയെന്ന് വിളിക്കുമ്പോഴും,
മുന്നിൽ നിന്ന് പല്ലിറുമുമ്പോഴും,
ഞാനറിഞ്ഞിരുന്നില്ല.
അപ്പോഴെല്ലാം,
മനസ്സിനേറ്റ ആഘാതം
ഭുജിച്ചു തീർക്കാനാകാതെ,
ഞാനേതോ ഭുവനത്തിലെ
അതിഥിയായിരുന്നു.
-----------

ശനിയാഴ്‌ച, ഡിസംബർ 21, 2013

മദവും മനുഷ്യനും!

മതങ്ങളെ മനുഷ്യൻ സ്നേഹിച്ചു,
സ്നേഹിച്ച് ഞെക്കി കൊന്നു,
പിന്നെ പിഴിഞ്ഞെടുത്ത്
മായം ചേർത്ത് കുപ്പിയിലാക്കി,
ചിലർ പിണ്ടിയെടുത്ത്, നവസാരവും,
 ബാറ്ററിക്കരിയും തേരട്ടയും ചേർത്ത്
വാറ്റി, വാറ്റി,
കയറ്റിയയച്ചു കുബേരരായി,
ചിലർ ഇറക്കുമതി ചെയ്ത് വമ്പൻ സ്രാവുമായി!

മദമിട്ടു വാറ്റിയ,
വിദേശി വാറ്റും സ്വദേശിവാറ്റും
 ഇഷ്ടപ്പെട്ടോരും വാങ്ങിയോരും
കുടിച്ചു കുടിച്ച്,
ആടിയാടി, ഗുണ്ടയായി, തെണ്ടിയായി,
എരപ്പാളിയായി,ഉന്മാദിയായി,!

മതി കെട്ട മാനവനും
മദമിളകിയ വിശ്വാസിയും
വീര്യമേറിയ വാറ്റ്,
എന്റേത് , നിന്റേതെന്ന്
പരിഹസിച്ചാർത്തപ്പോൾ..
പോർവിളിച്ച് കയർത്തപ്പോൾ..
ഗതിമുട്ടിയ സാധാരണ ജനങ്ങൾക്ക്
ഭൂമിയിലിടമില്ലാതായി,
ദൈവത്ത വിളിച്ചു കരഞ്ഞു..കരഞ്ഞ്.!

അയാൾ...

അയാൾക്കൊരുപാട്
പറയാനുണ്ടായിരുന്നു.
അവയിൽ ചിലത്,
ഏടുകളിൽ കുറിക്കപ്പെട്ടിരിക്കണം!
ഏടുകൾ മറിച്ചു നോക്കി,
അയാളുടെ ചരിത്രം അതിലുണ്ട്...
വായിക്കപ്പെട്ടതിങ്ങനെ..

“ആളുകൾ പറയുന്നുണ്ടാകണം
 ഞാൻ അഹങ്കാരിയാണെന്ന്!
നുകം വെച്ചു നടക്കുമ്പോൾ
കാളകൾ
ഉഴുതു മറിച്ചിടേണ്ട കൃഷിസ്ഥലമാണ്‌ കാണുന്നത്,
തീർക്കേണ്ട പാടങ്ങളും!
പിന്നെ മുതികിലേക്കുന്ന അടിയും!
തെളിക്കുന്നവന്റെ ക്രൂരതകൾ എന്നിൽ അടയാളമായി
പതിയുന്നുണ്ടോ?
തലച്ചോറിന്റെ സ്പന്ദനങ്ങളിൽ
വേദനയുടെ സംവേദനം!
ഹൃദയത്തിൽ കിനിഞ്ഞിറങ്ങുന്ന
വിങ്ങൽ!
ക്ഷീണം തീർക്കാനുള്ള ഇടവേളകളിൽ
നിവർന്നൊന്നു നില്ക്കുമ്പോൾ
ആളുകൾ പറയുന്നുണ്ടാവണം
ഞാനൊരു നന്ദിയില്ലാത്തവനാണെന്ന്!

ആളുകളെ നീയെന്തിനു ശ്രദ്ധിക്കണം?
എന്നൊരു ചങ്ങാതീ,
ആളുകൾക്ക് അവരെ ശ്രദ്ധിക്കാനുള്ള
സമയം കൂടിയില്ലത്രെ!

എന്നിട്ടും...
ആളുകൾ പറയുന്നതും നോക്കി,
ആളുകളുടെ നിഴലാട്ടം ഭയന്ന്..
ഞാനെന്റെ മനസ്സിന്റെ നിലവറയിൽ
അടച്ചു പൂട്ടി കിടന്നു..
ശീതമുണ്ടോ?...
പനിക്കുന്നുണ്ടോ?
എന്നൊന്നും ആരും ചോദിക്കാനുണ്ടായിരുന്നില്ല!
ആളുകൾ വരും
ഞാൻ തളർന്നു കിടന്നാൽ പിടിച്ചെഴുന്നേല്പിക്കാൻ..!
അല്ലെങ്കിൽ ആളുകൾ വരും
ഞാൻ മരിച്ചെങ്കിൽ എടുത്തു കുഴിച്ചിടാൻ..!.”

വൃഥാ സ്വപ്നങ്ങളുമായി
അയാൾ കഴിച്ചു കൂട്ടിയിട്ടുണ്ടാകണം
വീണ്ടും അയാൾ നുകം വെച്ചു നിലമുഴുതു മറിച്ചിട്ടുണ്ടാവണം..!
ഒരിറ്റു ജീവ ജലത്തിനു നിലവിളിച്ചിട്ടുണ്ടാകണം..!
പക്ഷെ.....
കുനിഞ്ഞു മടങ്ങിക്കിടന്ന..
അസ്ഥിയിൽ നോക്കി ഞാനിരുന്നു!
ആളുകൾ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ?

വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

ഒരു നിമിഷം!

യ്യോ.. ഞാനെന്റെ പേര്‌ എവിടെയോ മറന്നു വെച്ചു,
ചിതലു തിന്ന താളുകൾ
മറിച്ചിട്ടും, വായിച്ചിട്ടും.....!

പോം വഴി തേടി പകച്ചിരിക്കെ,
പിൻ വിളി വിളിച്ച് ഒരുവൻ,
ശബ്ദം അരോചകമായിരുന്നു..
എന്നെ തന്നെയോ വിളിച്ചത്?..
തിരിഞ്ഞു നോക്കി.

കടുപ്പിച്ചൊരു നോട്ടത്തോടെ,
എന്നെ ചൂണ്ടി,
പിന്നെം അവന്റെ വിളി,
മനസ്സിലായില്ല്യോടാ?

ചിതലു കാർന്നു തിന്ന്, തിന്ന്,
ഓട്ട വീണിടങ്ങളിൽ പരതി,
മുഖമോർമ്മയുണ്ട്,
തെളിഞ്ഞു വരാത്തത് പേര്‌,

“ഊവ്വ്,” സുഖമാണോ നിനക്കെന്ന
ആമുഖത്തോടെ,
പേരു തിരഞ്ഞു തിരഞ്ഞു,
ചിതലു തിന്നാത്ത ഭാഗം
ചികഞ്ഞെടുത്തു പറഞ്ഞു
പിന്നെ ചിരിച്ചു,
കൈ കൊടുത്തു പിരിഞ്ഞു.
ഭാഗ്യം അവനെന്റെ പേരു മറന്നില്ല!

പിന്നെ വീണു കിട്ടിയ
എന്റെ പേരെടുത്ത് ചുമന്നു
നടന്നു!
ഇനിയും മറന്നു വെച്ചു പോകുമോ
എന്റെ പേര്‌?
ഇനിയും എന്റെ പേരെടുത്തു
ചുമലിൽ വെക്കാൻ അവരും മറക്കുമോ?
ഇനി വീട്..........?


മൂഷിക സ്ത്രീ പിന്നേം...

ഞാൻ ചത്താലും
തിരുമേനി ചത്താലും
മേനി പുഴുക്കൾ തിന്നോ
തീയ്യിൽ പെട്ടോ മണ്ണോടു ചേരും

എന്നിട്ടും ഞാൻ ചത്തപ്പോൾ
അജ്ഞാതൻ
തിരുമേനി ചത്തപ്പോഴതൊരു  ചരിത്രം!
ഞാൻ ചത്തപ്പോ ചത്തുവെന്നും
തിരുമേനി ചത്തപ്പോൾ
സൂര്യൻ അസ്തമിച്ചെന്നും!

ഞാൻ ജനിച്ചപ്പോഴും
തിരുമേനി ജനിച്ചപ്പോഴും
തൊള്ളകീറി കരഞ്ഞു.

ഞാൻ തിന്നുമ്പോൾ
പോങ്ങുന്നവനും
തിരുമേനി തിന്നുമ്പോൾ
അമൃതേത്തും!

ഞാൻ കുളിച്ചപ്പോൾ
കാക്ക കുളി,
തിരുമേനി കുളിച്ചപ്പോൾ
നീരാട്ട്!

ഞാൻ ഉറങ്ങുമ്പോൾ
ചുരുണ്ട് കിടപ്പ്!
തിരുമേനി ഉറങ്ങുമ്പോൾ
പള്ളിയുറക്കം!

എന്റെ ഉണർത്ത്,
ചവിട്ടുണർത്ത്,
തിരുമേനിയുടേതോ,
പള്ളിയുണർത്ത്!

എന്നിട്ടും ഞാൻ തല തല്ലി കരഞ്ഞും.
തിരുമേനി തല തല്ലി ചിരിച്ചും വളർന്നു

എല്ലാം തല്ലി തകർത്ത്
ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത്‌
ആർപ്പുവിളിച്ചപ്പോൾ........

നേതാവെന്നൊരു വർഗ്ഗം ഭൂജാതനായി,
നേതാവു പിന്നെ തിരുമേനിയായി,
നേതാവിന്റെ മകൻ തിരുപുത്രനായി,
പേരെടുത്തു പിന്നേം രാജഭരണം!

അപ്പോ ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്,
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത
ഞാനാരായി?