പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 14, 2019

ഒരു കിണറും പുലിവാലും

അന്നായിരുന്നു നാരായണൻ കുട്ടിയുടെ ജനനം. ഒരു തണുത്ത പ്രഭാതം. ഉമ്മറത്തിരുന്ന നാണിയമ്മയ്ക്ക് പ്രസവ വേദന..ആശുപത്രിയിൽ പോകും മുന്നെ കുട്ടി ലോകം കാണാൻ ആഗ്രഹപ്പെട്ടു കുതിച്ചു വന്നു.“എന്നാലും ന്റെ നാണിയമ്മേ..” എന്നാരും പറഞ്ഞില്ല. “എന്നാലും എന്റെ കുട്ട്യേ എന്തു ധൃതിയാ നിനക്ക്” എന്നും ആരും പറഞ്ഞില്ല.. വന്നു കണ്ടു ലോകത്തെ സ്വയം കാറി വിളിച്ച് അറിയിച്ചു...“ ഞാൻ വന്നേ.. “ അയല്പക്കക്കാരും ആ സന്തോഷം ഏറ്റെടുത്തു.
.“ ഓള് പെറ്റൂം തോന്നും... നിലവിളി ശബ്ദം കേൾക്കുന്നുണ്ട്.. എന്തൊരു പേറാ ഇത്...” .
“ഓനയല്ലേ പ്രസവിപ്പിക്കാത്ത ശവീന്നും പറഞ്ഞ് ആദ്യത്തെ ഓള് ഇറങ്ങി പോയത്..”
ആശുപത്രി വാസത്താലല്ലാതെ പ്രസവിക്കില്ലെന്ന് ശാഠ്യം ചെയ്ത് ഒരു മാസം മുന്നെ ആശുപത്രി ബുക്ക് ചെയ്തു നടക്കുന്ന തരുണീമണികളുടെ കീശ കീറിയ ഭർത്താക്കന്മാർ അസൂയ പൂണ്ടു  തങ്ങളുടെ ഭാര്യമാരെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു “ കണ്ട് പഠിക്ക്..”

ഒരു ലഹളയ്ക്കുള്ള തീപ്പൊരിയാണ് അവർ കൊളുത്തുന്നതെന്ന് അവർ സ്വപ്നേപി നിനച്ചിരിക്കില്ല, പറയുന്നത് തമാശയ്ക്ക് സ്വന്തം ഭാര്യയാണെങ്കിലും ഒരു പെണ്ണിനോടാണെന്നും ആ തീപ്പൊരികൾ ഇടയ്ക്കിടയ്ക്ക് ആളിക്കത്തി തങ്ങളുടെ അവസാനകാലത്തെ ചിതയിലെടുക്കും വരെ ഉമിത്തീ പോലെ തങ്ങളെ നീറിക്കുമെന്നും.

ആശാരി പണി കഴിഞ്ഞു വരുന്ന കുഞ്ഞപ്പേട്ടൻ അപ്പോഴാണ് അറിയുന്നത്, തന്റെ രണ്ടാം കെട്ടിലെ നാണിയമ്മ തനിക്ക് തന്ന നാലാമത്തെ അഭിമാനം ഭൂജാതനായെന്ന്ഒന്നാം കെട്ടിയോൾ പറഞ്ഞത് ആണത്തമില്ലാത്തവനായതു കൊണ്ടാണ് അവൾ പ്രസവിക്കാത്തതെന്നായിരുന്നു.. അതു തിരുത്തപ്പെട്ട ദിനങ്ങൾ ഒന്നല്ല നാലു കടന്നിരിക്കുന്നു... തന്നെ തകർത്ത് തിമർത്താടിയപ്പോൾ, കടംവാങ്ങിയ രണ്ടു ലക്ഷം അവളുടെ കൈയ്യിലേക്ക് നീട്ടി കൊടുക്കുമ്പോൾ തനിക്ക് വിറച്ചു .. എന്നാലും!... പക്ഷെ അതു വാങ്ങി ബന്ധം വേർപെടുത്തി അവൾ കൂസലില്ലാതെ പടിയിറങ്ങി.

തകർന്ന ഹൃദയത്തോടെ അയാൾ വർഷങ്ങളോളം കഴിഞ്ഞു.. പിന്നീട് അയൽക്കാർ കൊണ്ടു വന്ന ബന്ധമാണ് നാണിയമ്മ. ഒരു പെർഫെക്ട് സെലക്ഷൻ.
“ആ കട്ടില ഈ വീട്ടിനു ചേരില്ല മച്ചിയാണ് അവൾ. അതോ പോട്ടേ,.പോരാത്തതിനു അഹങ്കാരവും. ഇതാണ് നിനക്ക് ചേർന്ന പെണ്ണ്..” എന്ന്  അയൽക്കാർ പറഞ്ഞപ്പോഴും പഴയ സ്നേഹബന്ധത്തിൽ കടിച്ചു തൂങ്ങിയായിരുന്നു നിന്നത്.. കല്യാണം കഴിഞ്ഞുവെങ്കിലും നാണിയമ്മയെ ഭാര്യയായി കാണുവാൻ അയാളുടെ മനസ്സ് വർഷങ്ങളെടുത്തു.. എന്നിട്ടും നാണിയമ്മയ്ക്ക് പരിഭവമോ പ്രയാസമോ ഉണ്ടായില്ല.. ഒരു നാളിൽ പനിച്ചു കിടന്നപ്പോൾ നാണിയമ്മയുടെ സ്നേഹം അയാളുടെ മനസ്സലിയിച്ചു.. അന്നു മുതൽ ചറ പറ പ്രസവിച്ചു ന്റെ നാണിയമ്മ.. ആശുപത്രി വാസമില്ല, പൈസ ചിലവില്ല ബുദ്ധിമുട്ടുണ്ടാക്കലില്ല..അയാൾ ഓരോന്നോർത്തു മന്ദഹസിച്ചു..
ആ നാണിയമ്മയുടേയും കുഞ്ഞപ്പേട്ടന്റെയും നാലാമത്തെ മകനായിരുന്നു നാരായണൻ കുട്ടി..
എത്ര വേഗമാണ് കാലം ഓടി മറഞ്ഞത്.. നാണിയമ്മയും കുഞ്ഞപ്പേട്ടനും നാടകമാടി മുഖത്തെഴുത്തു മായ്ക്കാറാകുമ്പോഴേക്കും മൂന്ന് സഹോദരന്മാരെയും ഒരു സഹോദരിയെയും പരസ്പരം സ്നേഹിക്കാൻ വിട്ടു നൽകി, അവരിൽ മൂന്ന് പേരെയും കല്ല്യാണവും കഴിപ്പിച്ചു ഓർമ്മ പൂക്കൾ അണിഞ്ഞു ഫോട്ടോയിൽ ഇരുന്ന് ചിരിച്ചു..
നാരായണൻ കുട്ടി ഫോട്ടോയിൽ നോക്കി ഇരുന്നു.. സഹോദരങ്ങളെല്ലാം വിവാഹിതരായി മാറി താമസിച്ചു താൻ മാത്രം ഇവിടെ.
അയാൾ മരപ്പണിയിൽ അതിവിദഗ്ധനായി , ക്രമേണ വീടു കുറ്റിയിടലിൽ പ്രശസ്തനായി, നാട്ടുകാർക്കിടയിൽ പ്രസിദ്ധനായി അരങ്ങു തകർത്തു,
പിന്നീടെപ്പോഴോ നാരായണൻ കുട്ടി കള്ളിന് അടിപ്പെട്ടു. അതോടെ അയാളുടെ കഷ്ടകാലം തുടങ്ങി.. ആദ്യമാദ്യം കുടി വീട്ടിലായിരുന്നു പിന്നീട് കൂട്ടുകാരോടൊപ്പം ഷാപ്പിലായി.. ഒരു ഷാപ്പിൽ നിന്നും മറ്റൊരു ഷാപ്പിലേക്ക് ഓട്ടോറിക്ഷ പിടിച്ചു മാറി മാറി സഞ്ചരിച്ച് കുടിച്ചു തിമർത്തു, ഒടുവിൽ അവിടെ കിടന്നു.
ആയിടയ്ക്കായിരുന്നു ഒരാൾ  ഒരു നാൾ അയാളെ കിണറിനു കുറ്റിയടിക്കാൻ വിളിച്ചത്.. ലോണെടുത്ത് കിണറ് കുഴിക്കാൻ വേണ്ടി ഓടി നടന്ന് ഒടുവിൽ അയാൾ നാരായണൻ കുട്ടിയെ വിളിച്ചു.. നാരായണൻ കുട്ടി സ്ഥലം കണ്ടു.“. ഒന്നും പേടിക്കേണ്ട.. ആറ് പടവിൽ വെള്ളം കണ്ടിരിക്കും നല്ല പളുങ്കു പോലുള്ള ശുദ്ധ ജലം..പോരെ.”
ആളുകൾ ചിരിച്ചു..“ ആറ് പോയിട്ട് 20 പടവിലെങ്കിലും വെള്ളം കണ്ടാൽ മതിയായിരുന്നു.”
ചായ കുടിക്കാൻ അയാൾക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
“ തിരക്കാണ്.. വേഗം പോണം”
ഷാപ്പു കാരനു പച്ചരി വാങ്ങാനുള്ള കാശ് കൊടുക്കാനുള്ള ധൃതി അയാളുടെ കണ്ണിലുണ്ടായിരുന്നു. പ്രതിഫലവും വാങ്ങി  പെട്ടെന്ന് അയാൾ അപ്രത്യക്ഷനായി

കിണറു കുത്താനിറങ്ങിയ ആളുകൾ ആകെ പരവശരായി.. അമ്പതു പടവുകൾക്കുള്ളതു കുത്തിയിട്ടും വെള്ളമില്ല. പാവത്തെ ചതിച്ചു  ആ കള്ളു കുടിയൻ എന്ന് പറഞ്ഞ് ആളുകൾ  ചിരിച്ചു പിന്നെ അവർ സംഘടിച്ചു വന്നു.. “എവിടെ അയാൾ ആ നാരായണൻ കുട്ടി.. അവനെ  ഈ കുഴിയിൽ കെട്ടി താഴ്ത്തി  കുഴി മൂടണം ഒരു പാവത്തെ പറ്റിച്ചവൻ..” ആളുകൾ ആക്രോശിച്ചു.

ഷാപ്പിന്റെ മൂലയിൽ നായയെക്കാൾ ഡീസെന്റായി ചുരുണ്ടുറങ്ങുന്ന പാവം നാരായണൻ കുട്ടിക്ക് ഒരു ചവിട്ടു കൊടുത്ത് ഉണർത്തി..
“എന്തേ..? “                      
ആളുകൾ ആക്രോശിച്ചു “ കാലമാടാ..കള്ളും കുടിച്ചു പൈസയും വാങ്ങി നീ ഈ പാവത്തെ ചതിച്ചു..വെള്ളം കാട്ടി താടാഇല്ലെങ്കിൽ…”
“ഞാൻ ആരെയും ചതിച്ചില്ല.. ഇനി ചതിക്കുകയും ഇല്ല.. എന്റെ തൊഴിലാണെ സത്യം”
“ എങ്കിൽ വെള്ളം കാട്ടി താടാ
ആളുകളുടെ ആക്രാശത്തിൽനാരായണൻ കുട്ടിയുടെ മത്തിറങ്ങി..
നാരായണൻ കുട്ടി ചുറ്റികയും ഉളിയും ഉള്ള സഞ്ചിയും ചുമന്ന് അവരുടെ കൂടെ നടന്നു..
കിണറിന്റെ അവസ്ഥ കണ്ട് നാരായണൻ കുട്ടി പറഞ്ഞു ..“ ഇതാരാ നിങ്ങളോട് ഇത്രേം കുഴിക്കാൻ പറഞ്ഞത്..?”
‘’‘ എങ്കിൽ എവിടേടാ വെള്ളം ഇത്രേം കുഴിച്ചിട്ട്…“
“ ഞാൻ ആറു പടവ് കുഴിക്കാനല്ലേ പറഞ്ഞത്..”
“അപ്പോൾ വെള്ളം? നീ കാട്ടിത്താടാ..”
ആളുകൾ കയ്യാങ്കളിയിലേക്ക് കടക്കുന്ന വിധത്തിലായി.
നാരായണൻ കുട്ടി ഒന്നും പറയാതെ കിണറ്റിലേക്ക് ഇറങ്ങി കയറിൽ തൂങ്ങിയാടി ഉളിയെടുത്ത് കിണറിനു ചുറ്റും കൊട്ടി നോക്കി.. എന്നിട്ട് ഉളിയെടുത്ത് വടക്കു ഭാഗം മുട്ടി നോക്കി ചെവിടടുപ്പിച്ചു പിന്നെ അവിടെ തുരന്നു.. ചുറ്റികയെടുത്ത് ഇടിച്ച് ഒരു പാറകഷ്ണം പൊട്ടിച്ചു..
അതാ ജലധാര കിണറു മുഴുവൻ നിറയുന്നു.. നാരായണൻ കുട്ടിയെ ആളുകൾ പെട്ടെന്ന് വലിച്ചു കയറ്റി..
കിണർ ശുദ്ധജലത്താൽ നിറഞ്ഞു .
അത്ഭുതത്തോടെ ആളുകൾ നിൽക്കുമ്പോൾ നാരായണൻ കുട്ടി പറഞ്ഞു “ ഞാൻ ആറു പടവാണ് കുഴിക്കാൻ പറഞ്ഞത് ഭൂമിയുടെ അടിത്തട്ടോളം കുഴിച്ചതിനു ഞാനെന്തു പിഴച്ചു”
നടന്ന സംഭവം മറന്ന് ആളുകൾ തല കുത്തനെ പിടിച്ചു. “ അടിയും ഇടിയും തല്ലും കുത്തും കഴിഞ്ഞാൽ ആളുകൾ നിശബ്ദരാകും ..ഓരോരുത്തരായി മുടന്തൻ ഞായം പറഞ്ഞ് പിന്നെ പതുക്കെ തടിയൂരും.. കിട്ടിയവൻ നിരപരാധിയായിരുന്നാലും ഒക്കെ സഹിക്കണം .. ആളുകൾക്കൊരു സോറി കൊണ്ട് തടി തപ്പാം.“
 തല്ലാൻ ആഞ്ഞവരിലെ ചില തന്ത്ര ശാലികൾ ഒരു ഞൊടിയിടയിൽ കളം മാറ്റി ചവിട്ടി.
.” ഞാൻ പറഞ്ഞില്ലേ നാരായണൻ കുട്ടി പറഞ്ഞാൽ അച്ചട്ടാണെന്ന്.. ഇപ്പോ കണ്ടോടാ”.
ഏതോ മാന്യൻ അപ്പോൾ ആടി കൊണ്ട്  പറഞ്ഞു “ കണ്ടോടാകള്ള്  നാരയണൻ കുട്ടിയെ കുടിച്ചിട്ടില്ല .. നാരായണൻ കുട്ടിയാണ് കള്ള് കുടിച്ചത്.. അപ്രിഷിയേറ്റ് മാൻ.. ഇനി ഞാൻ പറേണത് ശ്രദ്ധിച്ചു കേൾക്കണം  നാരായണൻ കുട്ടിയെ പുലഭ്യം പറഞ്ഞവൻ ഈ ഊരു വിട്ട് പോയ്ക്കൊള്ളണം..”
അപ്പോഴൊരാൾ പറഞ്ഞു “ നിങ്ങളല്ലേ നാരായണൻ കുട്ടിയെ ഈ ഡാഷിനെ അതിലിട്ട് തെങ്ങു വെക്കും” എന്ന് പറഞ്ഞത്.
ഒരു നിമിഷം കുടിച്ച കള്ള് ആവിയായ ആ മാന്യൻ പറഞ്ഞു..” ഞാനീ വീട്ടിന്ന് പറഞ്ഞത് നീ റോഡിൽ കേട്ടെങ്കിൽ നിന്നെ ഇതിലിട്ട് വാഴ വെക്കണം..”
ചിരിയോടെ ആളുകൾ എല്ലാവരും  നാരായണൻ കുട്ടിയെ ബഹുമാനത്തോടെ ആദരിച്ചു..
ആളുകൾ ആർത്തു വിളിച്ചു.. നാരായണൻ കുട്ടീ കീ.. ജയ്..

അതെ ഇല്ലെങ്കിൽ നാരാ‍യണൻ കുട്ടിയെ ആളുകൾ അതിലിട്ട് കുഴിച്ചു മൂടി തെങ്ങു വെച്ചേനേ..


.. സതീശൻ പയ്യന്നൂർ