പേജുകള്‍‌

വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2014

ചീട്ട് കൊട്ടാരം

വെളുക്കനെ ചിരിക്കുമ്പോൾ,
കറു കറുത്ത പല്ലുകൾ
ആളുകളെ കൊഞ്ഞനം കുത്തും,
ക്രിക്കറ്റു ബോളു കൊണ്ട് ചെരിഞ്ഞു
പോയ സ്റ്റമ്പു പോലെ നില്ക്കുന്ന
 കൊന്തമ്പല്ലുകൾ!
സിഗരറ്റു വലിക്കുമ്പോൾ,
ഒട്ടിയ കവിളുകൾ,
അണ്ണാനെ ഓർപ്പിക്കും.
ന്നാലും വേണ്ടില്ല,
ഫേസുബുക്കു തുറക്കുമ്പോൾ,
മീൻ കാരൻ അയമൂട്ടി
ചെറുപ്പക്കാരൻ,
കാമരൂപൻ!

മീൻ കൊട്ട നാറ്റത്തെ,
കുളിപ്പിച്ച് സ്പ്രെയിട്ട്,
മണപ്പിച്ച് മണപ്പിച്ച്,
അയമൂട്ടിയിരിക്കും,
ഓളുക്കും മണക്ക്വോ ഈ നാറ്റം
ഒരു വല്ലായ്ക!
പിന്നെ കമ്പ്യൂട്ടറിനൊടൊരു താക്കീത്,
"ഓളെ നാറ്റിച്ചാൽ അന്നെ നമ്മള്‌ മയ്യത്താക്കും!"
പിന്നേം മുഖത്തൊരു നാണം,
മനസ്സിലൊരു തിടുക്കം,
കമ്പ്യൂട്ടർ തുറക്കുമ്പോൾ
പരകോടി പരവേശം
ഉമ്മറപ്പടിയിൽ കുറുമ്പിപ്പെണ്ണ്‌ വന്നോ?
പരട്ട പേരക്കുട്ടികൾ സ്കൂളീന്ന് വരുമ്പോൾ,
കളിയാക്കും,
ഉപ്പുപ്പാക്ക് ഫേസു ബുക്ക് കണ്ടാ പിരാന്താ!
നാലു പെറ്റുമ്മ ഉമ്മുമ്മാക്ക് ഫേസ് ബുക്ക് നോക്കുന്ന
ഉപ്പുപ്പാനെ കണ്ടാലും അതേ വികാരം!"
ഒളികണ്ണിട്ട് നോക്കി,
നൊണ പറഞ്ഞിരിക്കുമ്പോൾ
പുരകത്തിച്ചത്താലും ഓളറിയൂല.. ഭാഗ്യം
കുറുമ്പിപെണ്ണ്‌ ഹായ് പറഞ്ഞെത്തി,
അയമൂട്ടിയുടെ ഹായും പാഞ്ഞെത്തി,
ഒളിച്ചോട്ടത്തിന്റെ സ്വപ്ന കാർമേഘം,
പെയ്യോ മഴ?
അയമൂട്ടിക്ക് ചങ്കിടിപ്പ്,
എന്തു തേച്ച് വെളുപ്പിക്കും കരിവീട്ടി ദേഹം?
കുറുമ്പിപെണ്ണിനും അതേ വിചാരം,
അയമൂട്ടിക്ക് നെഞ്ചെരിച്ചൽ,
എന്തു കഴിച്ചു വയസ്സു കുറയ്ക്കും?
കുറുമ്പിക്കും അതേ പ്രകാരം,
എന്ത് വസ്ത്രം ധരിച്ചാൽ ചെറുപ്പമാകും?
അവരങ്ങനെ ചീട്ട് കോട്ടകെട്ടി..
നാലു പെറ്റുമ്മ പത്തിരി ചുട്ടു കൊണ്ടിരുന്നു..!

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

ഇരിപ്പിടം

എവിടെയാണൊന്നിരിക്കേണ്ടത്,
കേട്ടും, കേൾക്കപ്പെട്ടും?
മോന്തായത്തിൻ  കീഴിലെല്ലാം
സീരിയലിന്റെ കരിഞ്ഞ മണമാണ്‌
അവരതാവേശത്തോടെ
ശ്വാസകോശങ്ങളിലേക്ക്
വലിച്ചു കയറ്റുന്നുണ്ട്,
അവരുടെ രക്തത്തിൽ സീരിയലിന്റെ
നിക്കോട്ടിൻ നിറഞ്ഞിരിക്കുന്നു.
ചുമച്ചു ചുമച്ച് അവിടെ നിന്നിറങ്ങി.

മറ്റൊരിടത്തേക്ക് നടന്നു,
അവരുടെ മോന്തായത്തിൻ കീഴിൽ
രാഷ്ട്രീയത്തിന്റെ വളിച്ച ഗന്ധമാണ്‌,
അമൃതം കിട്ടിയ സന്തോഷത്തോടെ,
അവരതാവേശത്തോടെ തിന്നു തീർക്കുന്നുണ്ട്,
ഓക്കാനം വന്നപ്പോൾ തിരിഞ്ഞു നടന്നു.

പിന്നെ നോക്കിയത് കാടും പുഴയുമാണ്‌,
ഒരിടത്തതു കണ്ടു,
കാടല്ല ബോൺസായികൾ,
പുഴയല്ല പുഴയുടെ ബോൺസുകൾ,
ബോൺസായി ആലിനു മുന്നിലിരുന്ന്
ധ്യാനിക്കാൻ പറ്റില്ലല്ലോ?
ആലിനെ മടിയിൽ വെച്ചും?

പിന്നേയും നടന്നു.
ആളുകൾ ധൃതിയിലാണ്‌ ,
കാണുമ്പോൾ കൈകൾ വീശി,
കൂവി വിളിച്ചവർ,
ഇലക്ട്രിക്ക് ട്രൈയിനിനേക്കാൾ വേഗതയിൽ,
ഒന്നോ രണ്ടൊ മിനുട്ടുകൾ നിർത്തപ്പെട്ട്,
ജീവിതത്തിന്റെ റെയിൽവെ
സ്റ്റെഷനവർ താണ്ടുന്നുണ്ട്.

പിന്നെയും നടന്നു,
ആത്മീയ വാദികൾ ആത്മീയം
പൈസയ്ക്ക് വിളമ്പുന്നുണ്ട്,
അവിടെങ്ങളിൽ ആയിരങ്ങൾ
അഡ്മിഷൻ ഫീസ് കൊടുക്കണം,
ആത്മാവിനെ തിരഞ്ഞു പിടിച്ച്,
പൊതിഞ്ഞു കെട്ടി കൈയ്യിൽ തരുന്നവർക്ക്,
ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു,
പിന്നെ, മനുഷ്യത്വവും, ക്ഷമയും!

പിന്നേയും നടന്നു.
അടുത്തു കണ്ട വൃദ്ധ സദനത്തിൽ
അവിടെ മനുഷ്യരുണ്ട്,
അവർക്ക് കഥകളുണ്ട്,
കേൾക്കാൻ മനസ്സുമുണ്ട്,
പറയാൻ സമയവുമുണ്ട്,
പക്ഷെ നാവുകളാണില്ലാത്തത്,
ഒടുവിൽ തിരഞ്ഞു പിടിച്ച് ,
നഷ്ടപ്പെട്ട നാവെടുത്ത്,
കൊടുത്തപ്പോൾ,അതെടുത്ത്
ഭൂതകാലത്തിലിട്ട് അവർ കരഞ്ഞു!
അപ്പോഴവർക്ക് പറയാൻ
അക്ഷരങ്ങളാണില്ലാത്തത്!
അതെല്ലാം ഒപ്പിയെടുത്ത്
പിന്നേയും നടന്നു..

എവിടെയാണൊന്നിരിക്കേണ്ടത്?
ആരോടാണോന്നു കുശലം ചോദിക്കേണ്ടത്?
പിന്നെ കണ്ണൊന്നടച്ച്,
മനസ്സിന്റെ കോണിലൊരു
കസേരയിട്ടൊന്നിരുന്നു.
പറയാൻ തോന്നിയപ്പോൾ,
ഉച്ചത്തിൽ പറഞ്ഞ്,
സ്വന്തം കാതുകളോട് ചോദിച്ചു,
കേൾക്കുന്നുണ്ടോ?

രക്ഷാപ്രവർത്തനം.

തുപ്പിയൊലിപ്പിക്കാൻ പറ്റുന്ന
അഴിമതിയെ,
തുപ്പിയൊലിപ്പിച്ചു
കടലിലൊഴുക്കാതെ,
തുപ്പലിനെ തൊണ്ടയിൽ താഴ്ത്തി,
നമ്മൾ നമ്മുടെ
മാനം കാത്തു!
ഭാഗ്യം..
ഊർദ്ധ്വം വലിക്കുന്നെങ്കിലും,
ചത്തിട്ടില്ല,
പാവം രാജ്യം..!
പിന്നെ കൈയ്യെടുത്ത്
നാസാരന്ദ്രങ്ങളോടടുപ്പിച്ചു,
നമ്മൾക്കും ജീവനുണ്ടെന്നു തോന്നുന്നു..

പണ്ടു പണ്ടെന്നൊരിന്ന്...!

വീടൊന്നു തിരഞ്ഞു,
വടി കുത്തി നിന്നു,
പടി കടന്നു വന്നു,
നടു നിവർത്തി പറഞ്ഞു,
ഞാൻ നിന്റെ മുത്തശ്ശി!
ഡെവിളിനെ കണ്ടപോലെ കുഞ്ഞു ഡെവിളുകൾ,
നിലവിളീച്ചു,
“യോ ഒരു ഭീകര രൂപി!”
ടോർച്ചടിച്ചു നോക്കി മറ്റൊരു ഡെവിൾ പറഞ്ഞു,
“തോന്നിയതാവും”.
മുഖത്തെഴുത്തു നടത്തിയിരുന്ന്
മണിക്കൂറെണ്ണുന്ന
മറ്റൊരു ഡെവിൾ കണ്ണോന്നു മൂടിയ
വെള്ളരി തുണ്ടം താഴ്ത്തി വെച്ച്,
“കതകൊന്നാഞ്ഞടച്ചു പറഞ്ഞു,
പോയി പഠിക്കെടാ,,,
പുറത്തൊന്നും ആരുമില്ല”

മുണ്ടിന്റെ കോന്തലയ്ക്കലെ,
രണ്ടു മിഠായികൾ
നിലത്തു വീണുരുണ്ടു,
ആത്മാഭിമാനം
മുണ്ടിന്റെ ഇരു തലയും വലിച്ചു മുറുക്കി,
പിറുപിറുത്തു,
“ .. ഉപ്പു ചുമന്നവൻ ഉപ്പു കൂലിയായെടുക്കട്ടെ,
സ്വർണ്ണം ചുമന്നവൻ സ്വർണ്ണവും“
പടി കടന്ന മുത്തശ്ശി
വടി കുത്തി നിന്ന്,
നെടുവീർപ്പിട്ട്,
പടി കടന്നു പോയി..
പണ്ട് ചുരത്തിയത് അമൃതമാണോ?
വിഷമാണോ എന്നറിയാതെ,
പാതി മൂടിയ മാറിടം ഇടിഞ്ഞു തൂങ്ങിയുലഞ്ഞു....
അന്നുമുതലൊരു മുത്തശ്ശിയും,
വടി കുത്തി പടി കടന്നു വന്നിട്ടില്ല,
സദനത്തിന്റെ മൂലയിൽ,
മഴയായി പെയ്തിരുന്നിട്ടേയുള്ളൂ..
വിജ്ഞാനികളുടെ ലോകത്ത്,
ഡെവിളുകൾ തഴച്ചു വളർന്നു കൊണ്ടെയിരുന്നു..
ജ്ഞാനികളായ മുത്തശ്ശികൾ
കളകളായി പറിച്ചെറിയപ്പെട്ട്,
വംശ നാശം ഭവിച്ചും

ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

കണ്ണാടി

ഞാനൊരു കണ്ണാടി വാങ്ങി,
അതിൽ ഭൂതകാലം കണ്ടു,
വർത്തമാനവും
ഭാവിയെ മാത്രം കണ്ടില്ല,
പിന്നെയും നോക്കി,
ഭാവിയെ എല്ലാവരും കുഴിച്ചു മൂടുന്നു
ഒരിക്കലും തിരിച്ചു വരാത്തവണ്ണം!

അപ്പോൾ
മരിച്ചവരെല്ലാം
തിരിച്ചു വന്നു പറഞ്ഞു,
മകനെ ഞങ്ങളുടെ
അസ്ഥിത്തറയിൽ
വിളക്കു കൊളുത്തുക,
വെളിച്ചം പരക്കട്ടേ,

മരിക്കാത്തവരെല്ലാം
ഒന്നടങ്കം പറഞ്ഞു,
മകനേ നീയൊരിക്കലും ഒരിടത്തും
വിളക്കു കൊളുത്തരുത്,
അതപകടമാണ്‌,
അപ്പോഴേക്കും ഇരുട്ട്,
ഭൂമിയെ വിഴുങ്ങിയിരുന്നു.
വിഷക്കാറ്റ് ചുഴറ്റിയടിക്കാൻ
തുടങ്ങിയിരുന്നു

ശനിയാഴ്‌ച, ഫെബ്രുവരി 22, 2014

കുത്തിക്കുറിക്കൽ

ലൈക്ക്
-------------
മുഖം മിനുക്കിയിരുന്നു,
ലൈക്കി,ലൈക്കി,
“മോനെ നിന്റെ അമ്മ മരിച്ചെന്നു”
വിവരമറിയിച്ചപ്പോഴും
ലൈക്കി പോകുന്ന തലമുറകൾ,
അവരുടെ ആത്മാവിനു പ്രണാമം!
===========================

യന്ത്ര സംസ്ക്കാരം
-----------------
മനുഷ്യന്മാരാരുമില്ലാത്തതിനാൽ
ഞാൻ യന്ത്രങ്ങളോട് ചോദിച്ചു "സുഖമല്ലേ?"
യന്ത്രങ്ങൾ എന്നോടു പറഞ്ഞു "സുഖമാണ്‌.."
പിന്നെ ഞാൻ യന്ത്രങ്ങളോട് സംസാരിച്ചില്ല..
നൂറോളം സുഹൃത്തുക്കളോട്
ഒരേ സമയം സംസാരിക്കുമ്പോൾ,
വെറുക്കാതിരിക്കാൻ,
അവരെന്നോട് സംസാരിച്ചു കൊണ്ടിരിക്കും..
ഒക്കെ ഹൃദയത്തിൽ നിന്നെടുക്കാത്ത
അർത്ഥമില്ലാത്ത വെറും പുലമ്പലുകൾ!
---------------------
രാക്ഷസിയും രാക്ഷസനും
=================
അവനും അവളും ഒരു പാട് 
അകലെ നിന്നു സംസാരിച്ചത്,
മുഖം കാണാതെയാണ്‌,
മനം മടുക്കാതെയാണ്‌,
മുഖം വികൃതമാണെന്നൊരുനാൾ
കണ്ണുകൾ കൊത്തിയെടുക്കുമ്പോൾ,
ഹൃദയത്തെ മറക്കും,
പ്രണയത്തേയും..
അതുവരെ അവൾക്ക് അവൻ ഗന്ധർവ്വൻ,
അവനു  അവൾ അപ്സരസ്സും!

====================================
ജീവിതം
======
കരഞ്ഞു തളർന്ന്,
ചിരിച്ചു രസിച്ച്,
പരിഹസിച്ചിരുന്ന്,
നുണ പറഞ്ഞിരുന്ന്,
ലജ്ജിച്ചു തലതാഴ്ത്തി,
കലഹിച്ച് നടന്ന്,
സ്നേഹിച്ചിരുന്ന്,
ഉണ്ടുറങ്ങി,
ചത്തു പോകുന്നു,
ഇതിനിടയിലെ അർത്ഥം 
ചികയുമ്പോൾ 
മരവിച്ചു പോകുന്നു!

വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014

വെറുതെയൊരു കുത്തിക്കുറിക്കൽ

സത്യം..
======
ഒരുപാട് പറഞ്ഞപ്പോൾ
പതിരായി മടുപ്പായി,
കുറച്ചൊന്നു പറഞ്ഞപ്പോൾ,
കെറുവായി, മുഷിച്ചലായി...ലേ...
കാരണം ഞാനും നീയും
സഹനത്തിന്റെ നെല്ലി പലക കണ്ടവർ,

എങ്കിലും എപ്പോഴും ഞാൻ പറയുന്നത് മുഴുവൻ
നിങ്ങൾ കേൾക്കണമെന്നു ഞാനും
നീ പറയുന്നത് മുഴുവൻ
ഞാൻ കേൾക്കണമെന്നു നീയ്യും
ഒരാഗ്രഹം വെച്ചു നടക്കും,
ഇല്ലെങ്കിൽ എന്റെയും നിന്റെയും
മനസ്സിലൊരു മന്ത്രമുണ്ടാകും
“അഹങ്കാരി”
കണ്ണിലൊരു ത്രിമാന ദൃശ്യമുണ്ടാകും
“ധിക്കാരി”
ഇല്ലെന്നാണയിട്ടാലും
സത്യം പറയാതിരിക്കാൻ
എന്റെയും നിന്റെയും
മുഖത്തിനു കഴിയുമോ?

============
പരിഷ്ക്കാരം
=======
കണ്ടിട്ടുണ്ടോ പരിഷ്ക്കാരി പെണ്ണുങ്ങളെ?
ബ്യൂട്ടി പാലറുകാരായ പാവക്കൂത്തൂകാരുടെ
കൈകളിലെപാവകൾ,
സമൂഹത്തിനു മുന്നിലെ പാവ നടനക്കാർ.

കേട്ടിട്ടുണ്ടൊ പരിഷ്ക്കാരി ആണുങ്ങളെ?
പുറത്ത് ....
കോട്ടിനുള്ളിലാകുമ്പോൾ
സട കുടഞ്ഞെഴുന്നേറ്റ സിംഹം.
വീട്ടിൽ ...
കോട്ടിനുള്ളിൽ നിന്നൂരിയെടുക്കപ്പെടുമ്പോൾ,
തൊലി കളഞ്ഞ ചെമ്മീൻ പോലെ,
പിന്നെ വെറും അടുക്കളയിലെ പരിചാരകർ!

===========
പലയിടങ്ങളിലും സംഭവിക്കുന്നത്...
=========================
രൂപയുണ്ടെങ്കിൽ ആരാന്റെ നെഞ്ചത്തും വഴിപോകാം,
രൂപയില്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും
ഓയ്..ഹൊയ് .....ഓയ് ..ഹൊയ്  വിളിക്കും,
മാറിപോകൂ ശുദ്ധം മാറുമെന്നാ അതിനർത്ഥം!
=======================
ഞാനെന്നോട് പറഞ്ഞു ഫലിപ്പിച്ചത്
=========================
അറിവിന്റെ ഒന്നാം പാഠം ജനനമാണ്‌,
തോണിക്കായുള്ള കൂവി വിളിക്കൽ,
അറിവിന്റെ രണ്ടാം പാഠം ജീവിതവും,
വെറും തോണി തുഴയൽ,
അറിവിന്റെയവസാനം മരണമാണ്‌,
മറുകരയെത്തൽ!

വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

മന്ത്രവാദം!

മരങ്ങളെ അറുത്തു ചോരവീഴ്ത്തി,
തടാകത്തെ ചവിട്ടികൊന്നു,
ചുടേണ്ട കോഴിയുടെ പൂടയും
അറവുമാലിന്യവും വലിച്ചെറിഞ്ഞു,
മാരണം നടത്തി പുഴയെ ഇല്ലാതാക്കി,
കളം വരഞ്ഞു ഫ്ളാറ്റു കെട്ടി,
കടലിൽ വിഷം കലക്കി,
മലയെ സമതലമാക്കി,
സ്തംഭിപ്പിച്ചൊരു കർമ്മം!
മുത്തച്ഛന്മാർക്കറിയാത്ത മന്ത്രവാദം,
കൊടിയ മന്ത്രവാദികളായ

കുഞ്ഞു പിള്ളേരുടെ ഉച്ഛാടന കർമ്മം!

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

വില

ജീവനൊരു വിലയിട്ടു
ജീവിതത്തിനൊരു വിലയിട്ടു,
സ്നേഹത്തിനൊരു വിലയിട്ടു
മരണത്തിനൊരു വിലയിട്ടു
ചിരിക്കും, കരച്ചിലിനും
കണ്ണിൽ കണ്ടതിനൊക്കെ
വിലയിട്ടു നമ്മൾ നടന്നപ്പോൾ
ജീവിക്കാൻ മറന്നു..
വളരാൻ മറന്നു...
പക്ഷെ നമ്മൾ ചിന്താശേഷിയുള്ളവരാണ്‌.
ഒരു കല്ലുവെച്ച നുണയിലെങ്കിലും
നമ്മൾ  മഹാ ബുദ്ധിമാനായിരിക്കട്ടേ,
പ്രബുദ്ധരാകട്ടേ..
അല്ലെങ്കിൽ നമ്മളെ മൃഗങ്ങൾ മനുഷ്യാ ..
എന്ന് തറപ്പിച്ചൊരു നോട്ടം
നോക്കി കടന്നു പോയേക്കാം!

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2014

തിരക്ക്

സമയമുണ്ടെങ്കിൽ
അവസാനമെനിക്കും കുറിക്കണം..
കുറച്ചു വരികൾ...................
"മരണമതിന്റെ ഡയറിയിൽ കുറിച്ചു വെച്ച
എന്റെ താളുകൾ വായിക്കുമ്പോഴും
ഞാനെന്തൊരു തിരക്കിലായിരുന്നു?
സമയമേ കിട്ടുന്നില്ല,
പിടലിയിൽ പിടിച്ചെന്നെ കൊണ്ടു പോകുമ്പോഴും
ഞാനെന്തൊരു പിടച്ചിലായിരുന്നു,
ജീവിച്ചിട്ടേയില്ല!"

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

കൊതുകിന്റെ നെയ്യെടുക്കുന്നവർ!

അവൻ പറഞ്ഞു വന്നതങ്ങനെയാണ്‌,
"കൊതുകിന്റെ നെയ്യെടുത്ത്,
ബിരിയാണി വെച്ചു കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ?"
“ഇല്ല?”
"ദാ...."
ചൂണ്ടിയേടത്തു നോക്കി,
കൊടിവെച്ച കാറിൽ ചാഞ്ഞു കിടന്നു പോകുന്നവനും,
അവനൊപ്പം അകമ്പടി പോകുന്നവരും!
സൂക്ഷിച്ചു നോക്കി,
ശരിയാണ്‌.
“നല്ല തടിയും തൂക്കവും ഉണ്ടല്ലോ?
അദ്ധ്വാനിച്ചു ജീവിച്ചു കൂടെ!”
“അവരുടെ പിത്തം ഉരുകും”-അവൻ
‘ഉരുകിയാൽ..?“
“ചത്തു പോകും”
നെയ്യെടുക്കപ്പെട്ടവർ
പിന്നേയും പിന്നേയും
 ജയ് വിളിച്ച് പിറകെ..!

പാതയോരങ്ങളിൽ,
പണി മുടക്കി,
നാടിന്റെ അവകാശികളായ
തമ്പുരാക്കന്മാരെ ഒരു നോക്ക്  കാണാൻ,
ഓച്ഛാനിച്ചു നില്കൂന്ന പാവങ്ങൾ!

ശനിയാഴ്‌ച, ഫെബ്രുവരി 15, 2014

ആധുനിക വിളകൾ

പുത്തൻ യുവത്വം,

കാർമേഘം മൂടിയ ആകാശം,

വീർപ്പിച്ച കവിൾ തടങ്ങളിൽ

ദുരഭിമാനത്താൽ,

ഒരിക്കലുംപെയ്തിറങ്ങാത്ത മഴ,

വറ്റി വരണ്ടൊന്നുണങ്ങിയ കൃഷി ഭൂമി!


ഷോപ്പിംഗ് മാളുകളിൽ
സഹസ്രങ്ങൾ വലിച്ചെറിഞ്ഞ്,
വിലയേറിയവ 
ചുളുവിലയ്ക്ക് കിട്ടിയ പോലെ വാങ്ങി
മറയ്ക്കേണ്ടവ മറയ്ക്കാനാകാത്ത
ചെറു തുണിക്കഷ്ണങ്ങളിൽ,
ശരീരത്തെ നിർബന്ധിച്ച്
കയറ്റിയിരുത്തി,
ഞെളിപിരികൊണ്ട്,
പൊങ്ങച്ചമടിച്ച് ,
വരൾച്ച മറക്കുന്നവർ.

കുടുംബത്തിലെ ഉഷ്ണം

വിത്തുകളെ നിർബന്ധപൂർവ്വം

കരിക്കപ്പെട്ടിരിക്കുന്നു.

സമയക്കുറവ്

ഇണ ചേരാനുള്ള താല്പര്യം

കെടുത്തിയിരിക്കുന്നു,

സൗന്ദര്യബോധം

ഗർഭപാത്രത്തിനു വന്മതിലും.

കാത്തിരിക്കാം

തലമുറയുല്പാദനത്തിന്‌,

ആശ്രയം 

കൂണു പോലെ മുളച്ചു പൊങ്ങിയേക്കാവുന്ന

സർവ്വകലാശാലകൾ.

ശീതീകരണ സംഭരണികളിൽ

വില കൊടുത്തു വാങ്ങാവുന്ന

തലമുറ വിളകൾ.


നിർദ്ദേശങ്ങൾ സമർപ്പിക്കാം.

അവയ്ക്കു മണമുണ്ടാവണം,

നിറമുണ്ടാവണം,

ഗുണമുണ്ടാവണം.

ബോർഡിംഗുകളിൽ അവയെ നടാം

ഇംഗ്ളീഷു വളമിട്ട് പരിപാലിക്കാം,

അക്ഷമയുടെ വെള്ളമൊഴിച്ച് വളർത്താം.

ബന്ധു ജനങ്ങളെ തേടിപ്പോകുന്ന വേരുകൾ

അറുത്തുമാറ്റി കെട്ടുറപുള്ള മതിലു കെട്ടാം.

 

പലതരം ഫലങ്ങൾ

ഒരു ചെടിയിൽ കായ്ക്കാൻ

വാശി പിടിക്കാം,

പൂത്തുലയാൻ കീടനാശിനിയടിക്കാം.

സൗകര്യങ്ങളനവധി.

എങ്കിലും……

ബംഗ്ളാവിന്റെ

ചുവരുകൾക്കുള്ളിലെ ജീവിതം,

ഉഷ്ണിച്ചുഷ്ണിച്ച്,

മോചനം തേടി വക്കീലിന്റെ

അറവുമേശയ്ക്കരികിൽ!

 

ഹൃദയങ്ങളെ അറുത്തെടുത്ത്,

പൊതിഞ്ഞു കെട്ടി കൊടുത്ത്

അറവുകാരന്റെ വില പേശൽ.

പിന്നെ മഹിമ വാഴ്ത്തൽ,
ഇനി നിങ്ങൾ സ്വതന്ത്രർ

 

മോചനം കിട്ടിയത്രെ,

കയറൂരി വിട്ട കാലിക്കൂട്ടങ്ങളെ പോലെ,

തിന്നും കുടിച്ചും, മദിച്ചും, രമിച്ചും നടന്നു,

 

കുത്തഴിഞ്ഞ പോക്കിൽ

നിയമമാണോ,

സാക്ഷരതയാണോ,

ക്ഷമയില്ലായ്മയാണോ,

പക്വതയില്ലായ്മയാണോ,

സംസ്ക്കാരത്തെ തൂക്കിലേറ്റിയത്?

 

നര കേറിയ പഴയ മുത്തശ്ശിയെ

പടിയടച്ചു പിണ്ഡം വെച്ച്

കമ്പ്യൂട്ടർ മുത്തശ്ശി

പടി കടന്നു വന്നപ്പോഴോ

കുടുംബത്തിന്റെ കെട്ടുറപ്പ്

പടിയിറങ്ങി പോയത്?

 

വിവരശാലികൾക്കിടയ്ക്,

എവിടേയ്ക്കീയാത്രയെന്ന,

സംശയത്തെ ചുട്ടു തിന്ന്,

അജീർണ്ണം ബാധിച്ച മനസ്സുമായി,

വിവരദോഷികളായി ഒരു

പറ്റം ജനവും!

അതെ.. സർവ്വരും സാക്ഷരരായിരിക്കുന്നു.

എങ്കിലും ……

മണലെഴുത്തായെങ്കിലും

കുടുംബ ബന്ധത്തിന്റെ

ഹരിശ്രീ അറിയാത്തവർ.!

വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2014

പ്രശ്നം!

തുറക്കാൻ മടിച്ച യാഥാർത്ഥ്യങ്ങളിൽ
എന്റെ കണ്ണീരുണ്ടായിരുന്നു,
അടയ്ക്കാൻ മറന്ന സ്വപ്നങ്ങളിൽ
എന്റെ സന്തോഷവും!

മുൻ ജന്മ കർമ്മങ്ങളിലൂടെ
സഞ്ചരിച്ച് തളർന്നപ്പോൾ
മനസ്സിന്റെ പാതയോരത്ത്
ക്ഷീണിച്ചിരുന്നു..

നിഴലൊന്നു  പറഞ്ഞു,
വർത്തമാനത്തിലേക്ക്
കാലുനീട്ടിയിരുന്നു,
ഭൂതകാലത്തെ തുരന്ന്,
തുരന്നു ഭാവിയെ പുറത്തെടുക്കാം.

കൂടൊന്നു തുറന്നപ്പോൾ,
ഒരു ശീട്ടെടുത്ത് പുറത്തിട്ട്,
പുറത്തു വന്ന സ്വപ്നം,
വീണ്ടും കൂട്ടിലിരുന്നു.

വീണ്ടും കൂടടച്ച്,
കൈ നോട്ടക്കാരനെ പോലെ,
ശീട്ടിൽ നോക്കി,
സ്വന്തം കൈവെള്ളയിൽ നോക്കി,
ഒരു മഹാസത്യം കണ്ടു പിടിച്ചു,
ശുക്രരേഖയിലെവിടെയോ
മൂഷികൻ കയറി വഴി മുറിച്ചു കളിക്കുന്നു,
വഴി പിഴപ്പിച്ച മൂഷികനെ മറന്ന്,
ശുക്രരേഖയുടെ മറു വഴി തേടി,
വീണ്ടുമൊരു പ്രയാണം!

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

പപ്പയും, അച്ഛനും

മരുഭൂവിന്റെ തണുപ്പിൽ
വെറുതെയൊന്ന് നടന്നു,
പലരും പറയുന്ന,
ഒരു സായാഹ്ന സവാരി.
ഞെട്ടിത്തിരിഞ്ഞൊന്നു നോക്കി,
ഓടിക്കിതച്ചെന്റെ മുന്നിലെത്തുമ്പോൾ,
അവനാവേശമായിരുന്നു,
ഒരഞ്ചു വയസ്സുകാരൻ!
ആരാകുമവനൊപ്പം?
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി,
ആരുമില്ല,
എന്നെ പിന്നിലാക്കി ഗമയിൽ തിരിഞ്ഞു നോക്കി,
നടന്നു പോകുന്നവനെ,
ആവേശത്തോടെ ഞാനും പിന്നിലാക്കി,
യൗവനം പടി കടന്നു പോകാറായിട്ടും,
ഒരു കുട്ടി കുസൃതി!

അവന്റെ പുഞ്ചിരിക്കിടയിൽ,
അവനോടു വെറുതേയൊരു ചോദ്യം.
മോന്റെയച്ഛനെവിടെ?"
അച്ഛനില്ല മരിച്ചെന്നവൻ,
ഒറ്റയ്ക്കായെന്നവൻ,
അനാഥനായവനെങ്ങിനെയിവിടെയെത്തിയെന്ന്
സങ്കടപ്പെട്ടു.
ദൂരെ പിറകിൽ
ഇരു കൈകളിലും
പാലും പഴങ്ങളും നിറച്ച
 ഭാരമേറ്റി വരുന്നവനെ കണ്ടു
പിന്നേയും ഒരു ചോദ്യം 
"അപ്പോഴതാരാ?"
അത് പപ്പയെന്നവൻ!
അച്ഛൻ മരിച്ച് പപ്പയെ കൂട്ടി നടക്കുന്നവനെ കണ്ട്  
നെടുവീർപ്പിട്ട്,
തെല്ലിട നിന്നു,,
ഒപ്പം അവനും..
പിന്നെ പപ്പ യായവനോട് ചോദിച്ചു,
ഇവനാരാ?“
എന്റെ മകൻ
”...പിന്നെ മരിച്ച അച്ഛനാരാ?“
അതെന്റെയച്ഛൻ!