പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

ഇരിപ്പിടം

എവിടെയാണൊന്നിരിക്കേണ്ടത്,
കേട്ടും, കേൾക്കപ്പെട്ടും?
മോന്തായത്തിൻ  കീഴിലെല്ലാം
സീരിയലിന്റെ കരിഞ്ഞ മണമാണ്‌
അവരതാവേശത്തോടെ
ശ്വാസകോശങ്ങളിലേക്ക്
വലിച്ചു കയറ്റുന്നുണ്ട്,
അവരുടെ രക്തത്തിൽ സീരിയലിന്റെ
നിക്കോട്ടിൻ നിറഞ്ഞിരിക്കുന്നു.
ചുമച്ചു ചുമച്ച് അവിടെ നിന്നിറങ്ങി.

മറ്റൊരിടത്തേക്ക് നടന്നു,
അവരുടെ മോന്തായത്തിൻ കീഴിൽ
രാഷ്ട്രീയത്തിന്റെ വളിച്ച ഗന്ധമാണ്‌,
അമൃതം കിട്ടിയ സന്തോഷത്തോടെ,
അവരതാവേശത്തോടെ തിന്നു തീർക്കുന്നുണ്ട്,
ഓക്കാനം വന്നപ്പോൾ തിരിഞ്ഞു നടന്നു.

പിന്നെ നോക്കിയത് കാടും പുഴയുമാണ്‌,
ഒരിടത്തതു കണ്ടു,
കാടല്ല ബോൺസായികൾ,
പുഴയല്ല പുഴയുടെ ബോൺസുകൾ,
ബോൺസായി ആലിനു മുന്നിലിരുന്ന്
ധ്യാനിക്കാൻ പറ്റില്ലല്ലോ?
ആലിനെ മടിയിൽ വെച്ചും?

പിന്നേയും നടന്നു.
ആളുകൾ ധൃതിയിലാണ്‌ ,
കാണുമ്പോൾ കൈകൾ വീശി,
കൂവി വിളിച്ചവർ,
ഇലക്ട്രിക്ക് ട്രൈയിനിനേക്കാൾ വേഗതയിൽ,
ഒന്നോ രണ്ടൊ മിനുട്ടുകൾ നിർത്തപ്പെട്ട്,
ജീവിതത്തിന്റെ റെയിൽവെ
സ്റ്റെഷനവർ താണ്ടുന്നുണ്ട്.

പിന്നെയും നടന്നു,
ആത്മീയ വാദികൾ ആത്മീയം
പൈസയ്ക്ക് വിളമ്പുന്നുണ്ട്,
അവിടെങ്ങളിൽ ആയിരങ്ങൾ
അഡ്മിഷൻ ഫീസ് കൊടുക്കണം,
ആത്മാവിനെ തിരഞ്ഞു പിടിച്ച്,
പൊതിഞ്ഞു കെട്ടി കൈയ്യിൽ തരുന്നവർക്ക്,
ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു,
പിന്നെ, മനുഷ്യത്വവും, ക്ഷമയും!

പിന്നേയും നടന്നു.
അടുത്തു കണ്ട വൃദ്ധ സദനത്തിൽ
അവിടെ മനുഷ്യരുണ്ട്,
അവർക്ക് കഥകളുണ്ട്,
കേൾക്കാൻ മനസ്സുമുണ്ട്,
പറയാൻ സമയവുമുണ്ട്,
പക്ഷെ നാവുകളാണില്ലാത്തത്,
ഒടുവിൽ തിരഞ്ഞു പിടിച്ച് ,
നഷ്ടപ്പെട്ട നാവെടുത്ത്,
കൊടുത്തപ്പോൾ,അതെടുത്ത്
ഭൂതകാലത്തിലിട്ട് അവർ കരഞ്ഞു!
അപ്പോഴവർക്ക് പറയാൻ
അക്ഷരങ്ങളാണില്ലാത്തത്!
അതെല്ലാം ഒപ്പിയെടുത്ത്
പിന്നേയും നടന്നു..

എവിടെയാണൊന്നിരിക്കേണ്ടത്?
ആരോടാണോന്നു കുശലം ചോദിക്കേണ്ടത്?
പിന്നെ കണ്ണൊന്നടച്ച്,
മനസ്സിന്റെ കോണിലൊരു
കസേരയിട്ടൊന്നിരുന്നു.
പറയാൻ തോന്നിയപ്പോൾ,
ഉച്ചത്തിൽ പറഞ്ഞ്,
സ്വന്തം കാതുകളോട് ചോദിച്ചു,
കേൾക്കുന്നുണ്ടോ?

12 അഭിപ്രായങ്ങൾ:

 1. ഇതുതന്നെയാണ്‌ എന്റെയും അഭിപ്രായം. മനസ്സിനെ മടുപ്പിക്കുന്ന 6 കാര്യങ്ങളാണ്‌ വ്യക്തമായി എഴുതിയിരിക്കുന്നത്...
  പ്രകൃതിഭംഗി ആസ്വദിക്കാനായി ഉല്ലാസയാത്ര പോകുന്നു. പക്ഷെ വാതോരാതെയുള്ള സംസാരം. പ്രകൃതിഭംഗി അവർ ആസ്വദിക്കുന്നില്ല. മൗനത്തിന്റെ അഗാധതയിലേക്ക് പോകാനുള്ള അവയവം അവർക്ക് കൈമോശം വന്നുപോയതുപോലെ. അവർ ഇരുന്നിട്ടുപോയ പുൽമേട്ടിലും പച്ചപ്പിലുമെല്ലാം കൊളക്കുപ്പികളും ഡിസ്പോസിബിൾ പ്ലേറ്റുകളും സ്ഥാനം പിടിച്ചിട്ടുണ്ടാവും.
  നൈസർഗ്ഗികമയുള്ളതിനെ ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെട്ട മനുഷ്യർ...

  ഒരുചാൺ വയറിനുവേണ്ടി അധ്വാനിക്കുന്നു എന്ന് അവർ പറയും, പക്ഷെ രാപകലില്ലാതെ അദ്ധ്വാനിക്കുന്നതുകാരണം ഒന്നും തിന്നാൻപോലും സമയമില്ലായെന്നും അവർ തന്നെ പറയും. ജീവിക്കാനറിയില്ല, ജീവിക്കാൻ വേണ്ടി ഓടാനേ അറിയൂ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഹൃദയംഗമമായ നന്ദി ഹരിനാഥ്

   ഇല്ലാതാക്കൂ
 2. മനസ്സാക്ഷിയുള്ളവര്‍ക്ക് കണ്ടാല്‍ ദുഃഖമുണ്ടാക്കുന്നതും, കേട്ടാല്‍ ത്രസിപ്പിക്കുന്നതും ,വായിച്ചാല്‍ നടുക്കമുണ്ടാക്കുന്നതുമാണ് സംഭവങ്ങള്‍...
  നന്നായിരിക്കുന്നു കാലികപ്രസക്തിയുള്ള വിഷയം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഹൃദയംഗമമായ നന്ദി തങ്കപ്പേട്ടാ

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. നന്ദി അനുരാജ് ..വന്നതിനും അഭിപ്രായം കുറിച്ചതിനും

   ഇല്ലാതാക്കൂ
 4. ഇരിയ്ക്കാനും അറിയാനും ഒരു ഇടം കണ്ടെത്തണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിക്കാലത്തുണ്ടാകുമോ ?... ആർക്കറിയാം അജിത്തേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 5. പരിഗണന കിട്ടാനായിട്ടാ എല്ലാരുടേയും ഓട്ടം.കുടുംബത്തിൽ നിന്ന്,സുഹൃത്തുക്കളിൽ നിന്ന്,സമൂഹത്തിൽ നിന്ന്; ഒക്കെ. പക്ഷേ ആർക്കുമത് കിട്ടുന്നില്ല. കൊടുത്താലല്ലേ കിട്ടൂ.അതിനെവിടെ സമയം? ആകെ മൊത്തം ടോട്ടൽ റിസൽട്ട്സ് ഇൻ ഫ്രസ്ട്രേഷൻ. ഒക്കെക്കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പൊ തോന്നും. അയ്യോ ,ഇങ്ങനൊക്കെ മതിയാരുന്നോ. എന്റെ ഭാഗത്തുമുണ്ടായിരുന്നല്ലോ തെറ്റ്? എന്നാ ഇനി മുതൽ നന്നായിക്കളയാം. അപ്പോഴേക്കും മരണമങ്ങെത്തി വിളിക്കും. ''മതി.മതി.വാ അണ്ണാ പോവാം'' ഹി...ഹി..


  വളരെ വളരെ നല്ല കവിത.

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആർക്കും സമയമില്ലാതായിരിക്കുന്നു.. മരിച്ചാലെങ്കിലും സമയം കിട്ടുമോ ആവോ?.. ആർക്കറിയാം.. അല്ലേ?.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സൗഗന്ധികം

   ഇല്ലാതാക്കൂ