പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 29, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനാറാം സർഗ്ഗം)

ഇനി നീ ഇങ്ങനെ ബർമുഡയും ഇട്ട്‌ കാളക്കൂറ്റനെ പോലെ നടക്കുന്നത്‌ നിനക്ക്‌ നാണമില്ലേങ്കിലും നമുക്ക്‌ നാണമുണ്ട്‌, തറവാട്ടിനു പേരു ദോഷവും ഉണ്ടാകും എന്ന ഗ്രേറ്റ്‌ ഗ്രീക്കൻ പഴമൊഴി വായിച്ചു പഠിച്ചതു കൊണ്ടാണോന്നറിയില്ല അന്ന് അമ്മ ഒരു ഒറ്റമുണ്ട്‌ സമ്മാനിച്ചു... അതുകൊണ്ട്‌ കാലുകൾ പൊതിയണൊ അതോ കൈകൾ പൊതിയണൊ അതോ മൊത്തം പൊതിയണോ എന്നൊക്കെ അമാന്തമുണ്ടായെങ്കിലും നാട്ടുനടപ്പ്‌ അനുസരിച്ചു കാലുകൾ പൊതിയാൻ തന്നെ തീർച്ചയാക്കി. ..ഇല്ലേങ്കിൽ ഒരു പണീം തോരോം ഇല്യാതെ ചോറീം ചൊണങ്ങും കുത്തി നടക്കുന്ന വെള്ളക്കോളർ നാടൻ ജന്മിമാർ ചായക്കടയിലിരുന്നു യോഗം വിളിച്ചു കൂട്ടി നമ്മെ കാട്ടി പൊട്ടിച്ചിരി ശിക്ഷ വിധിക്കും...അതുകൊണ്ട്‌ കാലുകൾ പൊതിഞ്ഞപ്പോൾ ...ദേ ഊരിക്കുത്തി വീഴുന്നു..

ആദ്യമായിട്ടു കോണകമുടുക്കുന്ന പട്ടർക്കും ഇങ്ങനെ തന്നെയാ അനുഭവം എന്ന വലീയ ശാസ്ത്രതത്വം പണ്ഡിത കേസരിയെ പോലെ, അതും ഈ നമ്മുടെ മുന്നിൽ,  ഞെളിഞ്ഞ്‌ നിന്ന് നമ്മുടെ മുന്നിൽ  വെറും പണ്ഡിത മാർജ്ജാരനായ ഏട്ടൻ വിളമ്പിയപ്പോൾ ചിന്തിച്ചു ചിന്തിച്ചു കുന്തം പോലെ നിന്നു..എന്താ പറയ്ക.. വന്നു വന്നു വീട്ടിൽ ആർക്കും നമ്മോട്‌ ഒരു ബഹുമാനോം ഇല്യാണ്ടായിരിക്കുന്നു. ...ഏട്ടനാച്ചാലും ലേശം അടക്കവും ഒതുക്കവും ആവാം!...നമുക്കൊരു സംശയോം ഇല്യാ അക്കാര്യത്തില്‌...നമ്മുടെ തലയ്ക്ക്‌ ഇടയ്ക്കൊക്കെ ഒരു കൊട്ട്‌ തരാനും നോക്കി പേടിപ്പിക്കാനും കരയിക്കാനും അദ്ദേഹം അധികാരം എടുക്കുന്നുണ്ടല്ലോ?.. അതൊക്കെ കപ്പമായിട്ട്‌ സ്വീകരിക്കുന്നുണ്ട്‌ താനും!.ഇല്ലേ?.. ഊവ്വ്‌.. ച്ചാൽ ബഹുമാനം ഇച്ചിരി ഇങ്ങോട്ടും ആവാം!

എന്നാലും ഒരു സംശയം!! അദ്ദേഹത്തിന്റെ വാക്കുകളിൽ ഇത്തിരി സത്യമില്ലേ..സംഗതിയില്ലേ!!
... എല്ലാ പട്ടരും ആദ്യമായി കോണകമുടുക്കാൻ എന്തു മാത്രം ത്യാഗം സഹിച്ചിട്ടുണ്ടാകും!.. .ആ വലിയ ത്യാഗത്തിനുമുന്നിൽ കൃമിയായ നാം സാഷ്ടാംഗം നമസ്കരിച്ചാലോന്ന് വിചാരിച്ചു... ...അപ്രകാരം അടിവസ്ത്രം തന്നെ ഉടുക്കണമെന്ന് തീരെ നിർബന്ധമില്ലാത്ത പട്ടൊരൊഴിച്ചു ബാക്കിയുള്ള മറ്റു ചില നാനാജാതി മത വിഭാഗങ്ങളെ പാവം തോന്നി നാം ഒന്നും പറയാതെ വെറുതെ വിട്ടു വീണ്ടും ചുറ്റിത്തിരിഞ്ഞു മുണ്ടുടുക്കാനുള്ള പരിശീലനം തുടർന്നു..

" ദേ പിന്നെയും മുണ്ടിന്റെ ഒരു തല ഉയർന്നും മറ്റേ തല താഴ്‌ന്നും ഇരുന്നു .. ഊരിക്കുത്തി വീഴുമൊന്ന ഭയം എന്നെ ഉലച്ചു..മുണ്ടുടുക്കാതെ നടന്നപ്പോൾ ആർക്കും വല്യ ആരോഗ്യപ്രശ്നമില്ല.. മുണ്ട്‌ ഉടുത്തതിനു ശേഷം ഇതെങ്ങാൻ ഊരിക്കുത്തി വീണെങ്കിൽ പഴയതെല്ലാം മറന്ന് സ്വബോധം ഇല്ലാത്ത ആളുകൾ ചിരിക്കും..സ്വൽപം ബോധമുള്ള ആളുകൾ കരയും.....മറ്റൊന്നും കൊണ്ടല്ല .. ഒരു വിഷമം...". ന്നാലും ചെക്കന്റെ മുണ്ടഴിഞ്ഞു വീണപ്പോൾ ചമ്മുന്ന മുഖം കാണാനുള്ള യോഗം ഇണ്ടായില്ലല്ലോന്ന് ഓർത്ത്‌!"...

ശാപം എന്നത്‌ ഭ്രാന്തെടുക്കുമ്പോൾ വരുന്ന ഒരു അവസ്ഥ തന്നെ..ഹോ...മുണ്ടൊക്കെ കണ്ടു പിടിച്ച തെണ്ടിയെ വിസ്തരിച്ചു അറ്റ്ലീസ്റ്റ്‌ പാന്റു വാങ്ങി ഉടുക്കാനുള്ള അഭ്യസ്ഥവിദ്യനാക്കാൻ വിദേശത്ത്‌ തെണ്ടാൻ വിടണം എന്നു വരെ ശപിച്ചു പോയി...ഇവനോക്കെ ഗവൺമന്റു ചിലവിലാണെങ്കിൽ നാലു കായ അടിച്ചു മാറ്റി ഉണ്ടാക്കുകയും ചെയ്യാം..നാടും നഗരവും കാണുകയും ചെയ്യാം, ഗവേഷിക്കുകയും ചെയ്യാം..മനുഷ്യനെ പോലെ നടക്കുകയും ചെയ്യാം!. നഷ്ടോന്നും ഇല്ലല്ലോ?.... പണ്ടു കാലത്ത്‌ ഗുഹാമനുഷ്യർ എന്തെങ്കിലും ഉടുത്തിട്ടാണോ നടന്നത്‌? അവരും മൻഷ്യരല്ലേ..അവർക്കില്ലാത്ത എന്തെങ്കിലും അധികം നമുക്കിപ്പോൾ ഫിറ്റ്‌ ചെയ്തിട്ടുണ്ടോ?.. ചൊണയും ചൊടിയും ചങ്കും കരളും നീരും മാംസോം ഉള്ളോരല്ലേ?..അവരും.. ആ വിചാരം ആർക്കെങ്കിലും ഉണ്ടോ?...(നോട്ട്‌ ദ പോയിന്റ്‌: XX). എന്നിട്ടും അവർ പയറു പോലെ എഴുന്നേറ്റു നടന്നിട്ടില്ലേ?. .ഊവ്വ്‌! ശരിയന്നെ എന്ന് തലകുലുക്കിയിട്ട്‌ എന്തെടുക്കാൻ.??. ഷ്രീംഗ്ഗാ..ഷ്രീംഗ്ഗാ എന്ന് ഷ്രിംഗ്ഗണം.. പരസ്യത്തിലേപ്പോലെ..മുട്ടായി ചപ്പിച്ചു കൊണ്ട്‌!.. ധൃവക്കരടി അടുത്തുണ്ടെന്ന് കരുതിയിട്ട്‌ കെട്ടിപ്പിടുത്തം ഏതെങ്കിലും കാണാൻ കൊള്ളാവുന്ന ഐശ്വര്യാറായിയെ മനസ്സിൽ കണ്ട്‌!..!

...നമ്മൾ അത്രേയ്ക്കങ്ങ്‌ കൊമ്പിൽ കേറി ഷ്രിംഗ്ഗിക്കേണ്ട എന്നേയുള്ളൂ..അതൊന്നും നാണവും മാനവും ഉള്ളവർക്ക്‌ പറഞ്ഞിട്ടുള്ളതല്ല! ....അത്‌ അവരെ അപമാനിക്കുന്നതിനു തുല്യമായി പോകും.. ചെറിയ ഒരു സെറ്റപ്പിൽ ഒന്നു ദേഹം മുഴുവൻ എളുപ്പത്തിൽ  ചുറ്റാൻ അവസ്ഥയുണ്ടാകണം... കാണുന്നവരുടെ നാണോം മാനോം മറയണം അത്രേ വേണ്ടൂ!

...പല കുറി ഉടുത്തപ്പോൾ മുണ്ട്‌ ചുക്കി ചുളിഞ്ഞു.. ഇനി പാവപ്പെട്ടവന്റെ ജപ്പാൻ ബെൽറ്റ്‌ തന്നെ ശരണം എന്നോർത്ത്‌ ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടി.. ഒരു കെട്ട്‌!... ആശ്ചര്യം ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടിയാൽ മെരുങ്ങാത്ത ഏതു മുണ്ടും മെരുങ്ങും!.. ഹൗ..ഹൗ... ഇതിനാണ്‌ നാം നെലോളിച്ചതെന്നോർത്ത്‌ സങ്കടം പിന്നെയും വന്നു..എന്നാൽ അത്ര പെട്ടെന്ന് ഈ ശാസ്ത്ര തത്വം ലോകത്തിനു മുന്നിൽ പരസ്യമാക്കേണ്ട എന്ന് വിചാരിച്ചു നാം അതു രഹസ്യമാക്കി വെച്ചു.. പിന്നീട്‌ മുണ്ടിന്റെ ഇരു തലകളും കൂടി പിടിച്ചു കെട്ടി നിർത്തിയപ്പോൾ പുതിയ തത്വങ്ങൾ പഴമയെ കൊഞ്ഞനം കുത്തും എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച്‌ ചാക്കിന്റെ നൂലെന്ന മഹാൻ ഏതോ മുറിയുടെ മൂലയിൽ എടുക്കാ ചരക്കായി വിസ്മൃതിയിൽ ആണ്ടു...

കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു പൊക്കം വെച്ചിരിക്കുന്നു..ഈ മുണ്ടിന്റെയൊരു തമാശ!.നാം നെലയും വെലയും ഉള്ള വല്യ ആളായിരിക്കുന്നു.. ഇനി അതൊന്നും ഒളിച്ചു വെച്ചിട്ട്‌ കാര്യമില്ല എന്നൊക്കെ തോന്നി!  ഒന്നു മാടിക്കെട്ടി നോക്കി.. കൊഴപ്പമില്ല!.. ആവേശം മൂത്ത്‌ ഒരിക്കൽ മാടിക്കെട്ടിയതിന്റെ മുകളിൽ ഒന്നു കൂടെ മാടിക്കെട്ടിയാലോന്ന് തോന്നി.. നമുക്കൊരു വിചാരവും ഇല്ലെങ്കിലും ..ശേ..‌ നാട്ടുകാരെന്തു വിചാരിക്കും?.. ഇവൻ കുടിച്ചിട്ടുണ്ടോന്ന് തോന്നിക്കണോ?. നാട്ടുകാരുടെ ഓരോ ചീപ്പ്‌ സെന്റിമെൻസേ..  ഈ നാട്ടുകാരൊക്കെ അമേരിക്കയിൽ പോയി തുലഞ്ഞാലെന്താ..എന്നാലെ പഠിക്കൂ സിമ്പിളായി പൊതിഞ്ഞു കെട്ടുന്ന തുണിക്കാണോ വില അതോ ശരീരത്തിനാണോ വില എന്ന്!.. അതറിഞ്ഞാൽ മാന്യന്മാർക്ക്‌ മാന്യമായി എങ്ങി നേയും നടക്കാം..
 
..ഒന്നൂടെ കണ്ണാടി നോക്കി.. മീശയ്ക്ക്‌ ലേശം കറുപ്പ്‌ നിറം വ്യാപിച്ചിരിക്കുന്നു.. ഒരു കരിക്കട്ട കിട്ടിയിരുന്നെങ്കിൽ കുറച്ചു കൂടെ കനപ്പിച്ച്‌ ഇതിനെയൊന്ന് മെരുക്കാമായിരുന്നു എന്ന ചിന്ത നമ്മെ വല്ലാതെ കീഴ്പ്പെടുത്തിയെങ്കിലും അതിനു തുനിഞ്ഞില്ല.. മീശയുടെ വിതയിട്ടു കഴിഞ്ഞു ഇനി മുളയ്ക്കും വരേയ്ക്കും കാത്തിരിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌!.. ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌ എന്ന് പറഞ്ഞ്‌ ശബ്ദം ശരിയാക്കാൻ ശരീരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു കുറച്ചു കാലമായിട്ട്‌ ..നടക്കട്ടേ ശരീരത്തിന്റെ ഓരോ ആഗ്രഹല്ലേ!നമുക്കൊരു ചേതവും ഇല്ലാത്ത പണി!.. കിളിനാദവും ഘനഗംഭീരനാദവും തമ്മിലുള്ള കടി പിടി.. സാരല്യ ഇതൊക്കെ ശരീരത്തിന്റെ ഒരു സ്വഭാവമല്ലേ എന്ന് നാം വിശ്വസിച്ചു കൊണ്ടിരുന്നു...വിശ്വാസം പാപമല്ല മകനേ.. അതു മഹനീയ കർമ്മമാണ്‌ മനസ്സ്‌ മന്ത്രിച്ചു..

==========
നോട്ട്‌ ദ പോയിന്റ്‌ XX.(.".അവരിൽ ആകൃഷ്ടരായി അവർക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ചാനലിലെ പെണ്ണുങ്ങൾ ഇന്നും തുണി ഉരിഞ്ഞ്‌ കളയാൻ ശ്രമിക്കുന്നില്ലേ.. അതിനവരെ കുറ്റം പറയാൻ പറ്റ്വോ.. ഇല്ല!.. അപ്പോൾ പിന്നെ ഒറ്റവഴിയേയുള്ളൂ ..അവരുടെ തന്തമാരേയും തള്ളമാരേയും (അങ്ങനെ ഒരു സങ്കൽപമെങ്കിലും ഉണ്ടെങ്കിൽ ....ഇല്ലെങ്കിൽ വിട്ടു കളയണം.. ) സ്വകാര്യം വിളിച്ച്‌ കൂട്ടിക്കൊണ്ട്‌ പോയി ആരും കാണാതെ ചെവിക്കുറ്റി നോക്കി രണ്ടേ രണ്ട്‌ പെട കൊടുത്ത്‌..ദാറ്റ്സ്‌ ഇറ്റ്‌! എന്ന ഒരു രണ്ടു പൊടി ഇംഗ്ലീഷ്‌ പറഞ്ഞാൽ പോരേ... എന്നൊക്കെ പല പല അഭിപ്രായങ്ങളും നിങ്ങൾക്കിന്നു പറയാം...മതി.. മതിയെങ്കിൽ മതി..നമുക്കൊരു വിരോധോം ഇല്യാ.. ... ഇത്‌ സംഭവം ചാനലുകൾ വിതയ്ക്കുന്നതിനും കൊയ്യുന്നതിനും മുന്നേയുള്ള കാലം!.)

ചൊവ്വാഴ്ച, സെപ്റ്റംബർ 28, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനഞ്ചാം സർഗ്ഗം)

"നിനക്ക്‌ ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയാൽ കുഴപ്പമെന്താ?"- നല്ല ചോദ്യം... ജേണലിസ്റ്റിൽ ബിരുദാനന്തര ബിരുദം നേടിയതു പോലെയാണ്‌ ചോദ്യങ്ങൾ!.

..എല്ലാറ്റിനും ഉത്തരം പറയേണ്ടത്‌ ഏകനായ ഈ നാമാണ്‌!..അമ്പലത്തിലെ നടയിൽ നിൽക്കുമ്പോൾ പൂജ കഴിഞ്ഞു  പുറത്തു വന്ന് തന്ത്രി പുണ്യാഹം കുടയുമ്പോൾ തെറിച്ചു വീഴുന്ന വെള്ളം ഒരു സ്പ്രേ ചെയ്യുന്ന പോലെങ്കിലും ഏറ്റവർക്ക്‌ ആ വിചാരം ഉണ്ടാവും.. എന്താ ചെയ്ക അതുപോലുമില്ല!..സുകൃതക്ഷയം.. .സുകൃതക്ഷയം! .. എങ്കിലും തപസ്സു ചെയ്ത പുണ്യാംശം ദേഹത്തുള്ളതിനാൽ മനോമകുരത്തിൽ വിരിഞ്ഞ സത്യാംശം നാം വിസ്തരിച്ചു പറഞ്ഞു കൊടുത്തു.. നാം എന്താണ്‌ പറയുന്നതെന്ന് അവർക്കും മനസ്സിലാവണമല്ലോ അതിനാൽ ഉത്തരം വളരെ ലളിതമായി പറഞ്ഞു ..
" ..കൊഴപ്പം ഉണ്ടായിട്ടല്ല.!"
"പിന്നെ?"-
.. ആകാംഷാ നിർഭരമായ അന്തരീക്ഷത്തിൽ, സുഖകരമായി സോഫയിൽ ചാരിയിരുന്ന് നാം വിവരിച്ചു..
..അന്തരീക്ഷത്തിന്‌ ഇടിയും മിന്നലുമുള്ള പ്രക്ഷുപ്തതയില്ല!..പ്രസരിപ്പില്ല!.....സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത!.

.."... അതായത്‌ നോം ഒന്നാം സ്ഥാനത്ത്‌ ഇരിക്കണം എന്നു തന്നെയാ ആഗ്രഹം.. പക്ഷെ ചില മൂരാച്ചികൾ നമ്മെ അതിനനുവദിക്കുന്നില്ല... അവരെ കടത്തി വെട്ടാൻ നമുക്കാവില്ല അമ്മ പെങ്ങന്മാരെ ..നമുക്കാവില്ല !! ".. അഥവാ ആർക്കെങ്കിലും നാം ഒന്നാം സ്ഥാനത്തിരിക്കണമെന്ന്  വല്ല നിർബന്ധവും ഉണ്ടെങ്കിൽ ആ നശ്ശൂലങ്ങളുടെ ചെവിയിൽ പിടിച്ച്‌ ഹെഡ്മാഷോടു പറഞ്ഞു ടീ.സി. കൊടുത്തു വിടണം!". എന്നു ഗുണപാഠം..

..പറ്റ്വോ അതിന്‌.. ഇല്ലെങ്കിൽ "ക" "മ" ന്ന് ശബ്ദിക്കരുത്‌ എന്ന മട്ടിലുള്ള നമ്മുടെ വിവരണം കേട്ട്‌ അമ്മ പറഞ്ഞു.." എടാ പൊട്ടാ.."

" എന്തോ?"- നാം ഭയഭക്തി ബഹുമാനങ്ങളോടും ആചാരമര്യാദകളോടും കൂടി വിളികേട്ടു..... നമ്മെ ആജീവാനന്തം രക്ഷിച്ചെടുത്ത പെറ്റ തടിയാണ്‌.. എന്തും വിളിക്കാനുള്ള അധികാരവും നമ്മെ എന്തും ചെയ്യാനുള്ള അവകാശവും നാം കൽപിച്ചു കൊടുത്തിട്ടുണ്ട്‌..

".. അവർ നിന്നെ പോലുള്ളവരല്ലേ... അമാനുഷിക ശക്തിയൊന്നും അവർക്കില്ല..അവർ നല്ലവണ്ണം പഠിക്കുന്നതിനാലാണ്‌ ഫസ്റ്റ്‌ ആകുന്നത്‌!"- അമ്മ.

" ഈ നാം ഇത്രകാലം കരുതിയതു പോലെ ഭൂമി പരന്നിട്ടല്ല ഉരുണ്ടിട്ടാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞതു പോലെ ഞെട്ടിത്തരിച്ചു നിന്നു പോയി.."അവരുടെ മുഖഭാവം അമാനുഷിക ശക്തിയുള്ളവരുടേത്‌ പോലെ തന്നെയാണെന്നാണ്‌ നാം ധരിച്ചു വെച്ചത്‌... ഏതോ അദൃശ്യശക്തികൾ അവരെ സഹായിക്കുന്നുണ്ടാകാം എന്നും!"

അമ്മയ്ക്കങ്ങിനെ ഈസിയായി പറയാം..ഒരു ബുദ്ധിമുട്ടും ഇല്ല .. നമ്മളല്ലേ ഇതൊക്കെ അനുഭവിക്കുന്നത്‌.. അതിനാൽ നാം പറഞ്ഞു.." ഈ പഠിപ്പിസ്റ്റുകൾ ആരും തരം താഴാൻ ശ്രമിക്കുന്നവരല്ല.. നല്ല തൊലിക്കട്ടിയാ..അമ്മേ"

അമ്മ തുടർന്നുപദേശിച്ചു.." മോനേ.. നല്ല വണ്ണം പഠിച്ച്‌ ക്ലാസ്സിൽ ഫസ്റ്റ്‌ ആകണമെന്ന വാശിയാ വേണ്ടത്‌.. വാശി!"
...സംഗതി അമ്മ പറയുമ്പോലെ സിമ്പിൾ ആണെങ്കിൽ ..അല്ലെങ്കിൽ പഴയ പടി കരുതിക്കൊള്ളണം ..ഏതൊ ദുർമൂർത്തികൾ നമ്മുടെ അശ്വമേധയാഗത്തിനു തടസ്സമായി അവർക്കൊപ്പം നിൽക്കുന്നു..നമ്മെ തോൽപ്പിക്കുന്നു എന്ന്.. - എന്നൊക്കെ മനസ്സിൽ നിരൂപിച്ചു കൊണ്ട്‌ നാം പറഞ്ഞു..

"വാശിയൊക്കെയിണ്ട്‌ .. അടുത്ത ക്ലാസ്സിൽ ഫസ്റ്റ്‌ ആകും നോക്കിക്കോ?".
..പൂഷ്‌ ചെയ്യു... സന്തോഷിക്കൂ...എന്നോർത്താകണം അമ്മ തുടർന്നു.
" അതാണു വേണ്ടത്‌"
"നല്ല വണ്ണം പഠിക്കുക..ക്ലാസ്സിൽ ഫസ്റ്റ്‌ നേടുക!..എങ്കിൽ എല്ലാവരും നിന്നെ എത്ര ബഹുമാനിക്കുമെന്നോ?...""- അമ്മ ഉപസംഹരിച്ചു.

എല്ലാവരും നിന്നെ പുകഴ്ത്തും.. മെഡൽ കിട്ടിയ ജേതാവിനേ പോലെ വീശിയെറിയും.. എന്നൊക്കെയുള്ള പ്രലോഭനങ്ങളിൽ നാം വീണു..പ്രലോഭനങ്ങളിൽ തളരാത്ത ഏതെങ്കിലും മഹാരാജാവുണ്ടോ ഭുവനത്തിൽ എന്നൊക്കെയോർത്ത്‌. ...നമുക്ക്‌ ബഹുമാനം ഭാവിയിലല്ല ഇപ്പോൾ തന്നെ കിട്ടിയാൽ കുഴപ്പമില്ല എന്നുവരെ നാം മനക്കോട്ട കെട്ടി.. പറ്റിക്കുമോ ആവോ?.. ഒരാളേയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്‌.. ഇതുവരെയില്ലാത്ത ബഹുമാനം പെട്ടെന്നു തരാം എന്ന് പറഞ്ഞതിൽ പന്തിയില്ലേ.. പന്തികേടില്ലേ എന്ന് അഹോ സംശയം... ന്നാലും.. മാതാവും പിതാവും ദൈവതുല്യരാണ്‌.. അവർക്ക്‌ നമ്മോട്‌ കളവു പറഞ്ഞ്‌ കമ്മീഷൻ അടിക്കേണ്ട കാര്യവുമില്ല... പിന്നെ നമ്മോട്‌ സത്യം പറയുന്നതിൽ എന്തിനു നാണിക്കണം?.. എന്നാൽ തുടങ്ങുക തന്നെ നാം തീർച്ചയാക്കി... അടുത്തു കൂടിയ സഹോദരങ്ങളെ നോക്കി..അവർക്ക്‌ ഇവൻ ഇപ്പോൾ ഒലത്തും എന്ന ഒരു പുശ്ചച്ചിരി!...നന്നാവാൻ പോകുന്ന ഉണ്ണീടേ അമേധ്യം കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം എന്നാണാവോ മഹാന്മാരും മഹതികളുമായ അവരുടെ മനസ്സിലെ സങ്കൽപം..
അവരുടെ ചിന്തകളും ചിരിയും അപ്പൂപ്പൻ താടി ഊതിപ്പറത്തുന്നതു പോലെ ഊതി പറത്തി   എഗ്രിമന്റിൽ സൈൻ ചെയ്തു..ഒരു വിറയുണ്ടായിരുന്നു..

.പാവം അമ്മ!.. ഇങ്ങനെ എത്രയൊക്കെ ഉപസംഹാരം നടത്തിയിട്ടാ നമ്മെ ഇത്രയെങ്കിലും സംസ്കരിച്ചെടുത്തത്‌.

ചുറ്റും കൂടിയ മഹാന്മാരൊക്കെ അവർ എല്ലാം തികഞ്ഞവരാണെന്ന മട്ടിൽ ചിരിക്കുകയാണ്‌.. എന്തു ചെയ്യാം ഫസ്റ്റ്‌ ക്ലാസ്സ്‌ എന്നത്‌ നമുക്ക്‌ ബാലികേറാ മലയായിരിക്കുവോളം കാലം അവർക്ക്‌ ചിരിക്കാം... അഥവാ അബദ്ധത്തിലെങ്ങാനും നാം ഉരുണ്ടു നിരങ്ങി കയറിപ്പോയെങ്കിൽ അവർക്ക്‌ സന്ന്യസിക്കാം!.. അതു നടക്കുമെന്ന് തോന്നുന്നില്ല..!.. .ക്ലാസ്സിലെ കാലമാടന്മാർ ഓരോ മാസം കഴിയുമ്പോഴും പഴംകഞ്ഞി കുടിച്ച അമ്പൂക്കനെ പോലെ കൂടുതൽ കരുത്താർജ്ജിച്ച്‌ നമ്മെ പിൻതള്ളി തന്നെ നിന്നു....ദയാ ദാക്ഷീണ്യംന്ന് പറയുന്ന സാധനം മാവേലീസ്റ്റോറിൽ നിന്നു പോലും ചുളുവിലക്ക്‌ പോലും വാങ്ങാത്ത വഹകൾ.. തുഫൂ!.. അറുപിശുക്കന്മാർ.!..അറുത്ത കൈക്ക്‌ സാൾട്ട്‌ തേക്കാതെ ഷുഗർ പുരട്ടുന്ന ശുദ്ധാത്മാക്കൾ!! ...നമുക്കവരെ കാണുമ്പോൾ കലിപ്പ്‌ വരും!

...ഇന്നാളൊരു ദിവസം കറ്റ മെതിക്കാൻ വന്ന അധികം വിദ്യാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പറയുന്നതു കേട്ടു.." ഇന്നലെ അവരുടെ കൊച്ചുമകൻ  വല്യ ആളായിന്ന ഭാവത്തിൽ പ്രോഗ്രസ്സ്‌ റിപ്പോർട്ടും കൊണ്ട്‌ വന്നൂത്രെ.. അതിനാൽ വീട്ടിൽ അവനും അവന്റെ അമ്മയുമായി പൊരിഞ്ഞ യുദ്ധം ഉണ്ടായീത്രെ..അവരുടെ കൊച്ചുമകന്‌ ക്ലാസ്സിൽ പഠനത്തിന്‌ 28ആം സ്ഥാനമാണത്രെ!.. രണ്ടോ മൂന്നോ സ്ഥാനമായിരുന്നെങ്കിൽ അവന്റെ അമ്മ വീട്ടിൽ കേറ്റില്ലാത്രെ!.. പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ 28ആം സ്ഥാനമായിട്ടു കൂടി അവന്റെ അമ്മ പൊതിരെ തല്ലിയത്രേ!.."..അഹങ്കാരം ആവശ്യത്തിന്‌ ആവാം എന്നാലും അത്രയ്ക്കൊക്കെ വേണോ?"അവരുടെ നുണകൾ കേട്ട്‌ ,ബഡായി കേട്ട്‌ തലമരവിച്ചു!..എന്റെ നെഞ്ചകം പണിമുടക്കുമ്പോലെ തോന്നിച്ചു .... ഹൗ... കേട്ടിട്ട്‌ പേടിയാവുന്നു...ത്രേ!"

.. മുൻ ജന്മസുഹൃദം!.. അല്ലാണ്ടന്താ പറയ്ക... ക്ലാസ്സിൽ അഞ്ചാം സ്ഥാനക്കാരനായ നാം നാലാം സ്ഥാനക്കാരനായി വലിയ പരുക്കില്ലാതെ ഒൻപതാം ക്ലാസ്സിലേക്ക്‌ ആനയിക്കപ്പെട്ടു.. അതോ എടുത്തെറിഞ്ഞോ?

-----------------------------------
നോട്ട്‌ ദി പോയിന്റ്‌:..വന്നവരെല്ലാം പോകുന്ന പോക്കിൽ സ്വമനസ്സാലെ ദയവായി ഒരു കമന്റ്‌ ചാറ്റിയാലും!.. നമുക്ക്‌ താങ്കളോട്‌ ഒരു വിരോധോം ഉണ്ടായിട്ടല്ല നാട്ടുകാർ വിചാരിക്കും ഇവൻ ഫയങ്കരനായ നിസ്സാരനാണെന്നും അയലോക്കക്കാരായ ബ്ലോഗന്മാരോട്‌ കണ്ണും മിഴിച്ച്‌ മീശചുരുട്ടി കമന്റി, കമന്റി പൊരിഞ്ഞ അടി നടത്തിയ പഞ്ചപ്പാവമാണെന്നും!!...ആളുകളെ കൊണ്ട്‌  അതും ഇതും പറയിച്ചിട്ട് നമുക്ക്‌ അങ്ങിനെ പണക്കാരനാവാമെന്ന ഒരൂ മോഹോം ഇല്യാ.. ന്നാലും..നിങ്ങളെ പറ്റി എന്തെങ്കിലും വിചാരിച്ചാൽ കുഴഞ്ഞൂലോ കാര്യങ്ങളുടെ കിടപ്പ്‌!...കമന്റിട്ട്‌ മടങ്ങിപോകും വരെ നമുക്കൊരു സമാധാനോം ഇല്യാണ്ടായിരിക്കണു!...കലി കാലം .. ശിവ!..ശിവ!

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനാലാം സർഗ്ഗം)

അമ്മാവന്റെ ചായക്കടയിലെ രണ്ടാമതും എണ്ണയിലിട്ടു പൊരിച്ച്‌ ഫ്രഷ്‌ ആക്കിയെടുത്ത അവിഞ്ഞ പരിപ്പു വടപോലെയല്ല. .. അറ്റ്ലീസ്റ്റ്‌ പഴം പൊരി ഓസിനു തിന്നുന്നതു പോലെയുമല്ല പഠിത്തം എന്ന് മനസ്സിലാക്കിയ പഴയ നമ്മുടെ ശാസ്ത്രജ്ഞൻ ഇനിയെന്ത്‌ എന്ന വിഭ്രാളന പ്രക്ഷാളനത്തിലായിരുന്നു...
അതായത്‌ ഇനിയെന്ത്‌ എന്ന പരിഭ്രമത്തിനാൽ തലച്ചോറിന്റെ പരിപ്പ്‌ ഒട്ടും വേവാത്ത അവസ്ഥ!.. ഒരു അൺസഹിക്കബിൾ മരവിപ്പ്‌!..ലോകത്തിലെ സകലമാന ഡോക്ടർ സായിപ്പ്‌ അവർകളും ഒന്നിച്ചിരുന്നു കൂടി ഗവേഷിച്ച്‌ ഗവണ്മേന്റിന്റെ  പൈസ മുഴുവൻ പുട്ടടിച്ചു തീർത്താലും കണ്ടു പിടിക്കാൻ പറ്റാത്ത രോഗം!....തുടർച്ചയായുള്ള പരീക്ഷണങ്ങൾ കരുതിക്കൂട്ടി പരാജയപ്പെടുത്തുന്നത്‌ ഏതൊരുവനേയും അന്ധാളിപ്പിലാക്കും. .അമേരിക്കയിലാണെങ്കിൽ അങ്ങിനെയല്ല...അവിടെ ഒരു ഡിഫ്രൻഡ്‌ തെറാപ്പിയാണ്.. ഇവിടെ വല്യ ഏമാന്മാർ മാത്രമേ പരീക്ഷണം നടത്തി സമ്മാനം വാങ്ങാവൂ എന്ന ഒരു പിൻതിരിപ്പൻ മൂരാച്ചി നയം.

..നമുക്കറിയാം പുല്ലു പറിച്ചിട്ട്‌ വാറ്റിയെടുത്താൽ പെട്രോളാവും എന്നു പറഞ്ഞ രാമറുടെ അവസ്ഥ!.."..ഒന്നു പോട ചെറുക്കാ നമ്മുടെ നാട്ടിൽ ഇതിനെ പട്ടച്ചാരായമെന്നാ പറയ്ക .പച്ച മലയാളത്തിൽ കള്ള വാറ്റ്!.... അതിൽ പഴുതാരയും ബേറ്ററിക്കരിയും, യൂറിയയും,യീസ്റ്റും മറ്റും കൂടെ ചേർക്കണം എന്നു പറഞ്ഞു പരീക്ഷണം പകുതി വഴി നിർത്തിച്ചു വാറ്റു കലവും കിടക്കയുമായി തലയിൽ ചുമപ്പിച്ചു ജയിലിലടച്ചു പാവം രാമറെ!..

... പ്രോൽസാഹനം ഈ നാട്ടിൽ ആരും കൊടുക്കില്ല..അതു ഗവൺമന്റായാലും സാക്ഷാൽ പെമ്പെറന്നോത്തിയായാലും!..അങ്ങിനെ മൊത്തമായി വേണ്ട.. വെറും അല്ലറ ചില്ലറ പ്രോൽസാഹനം തന്നിരുന്നെങ്കിൽ ഈ നാം തന്നെ അമേരിക്കയിൽ പോയി സാൻഫ്രാൻസിസ്ക്കോയിയിലൂടെ നൂണിറങ്ങി കോട്ടും ടൈയ്യും കെട്ടിപ്പോയി തീസ്സിസ്സ്‌ അവതരിപ്പിച്ചേനേ..ഹാ.. ജനിക്കേണ്ടെടത്ത്‌ ജനിച്ചില്ലെങ്കിൽ അവിടെ പട്ടി ജനിക്കും!.. കോട്ടും സൂട്ടും ടൈയ്യും കെട്ടി പട്ടി ഗമയിൽ വാലാട്ടി പോകും..മനുഷ്യനായ നമുക്ക്‌ ടീവീലും പത്രത്തിലും നോക്കി വെള്ളമിറക്കി മടുക്കാനേ നേരംണ്ടാവൂ!.."..നമുക്കൊരു യോഗോം ഇണ്ടായില്ലല്ലോ ദൈവമേ എന്നൊർത്ത്‌!..അവന്റെ തലയിൽ വരച്ച ഈർക്കിൽ കഷ്ണത്തിന്റെ കഷ്ണം.. മുഴുവൻ വേണ്ട.. ഇച്ചിരി മതി...ദൈവം നമ്മുടെ പറമ്പിലെങ്ങാനും ത്രോ ചെയ്തിരുന്നെങ്കിൽ നാമതെടുത്ത്‌ സ്വയംതന്നെ നമ്മുടെ ശിരസ്സിൽ അമർത്തി വരച്ചേക്കാമായിരുന്നു എന്നൊർത്ത്‌!.".... ദൈവത്തിനൊരു നഷ്ടവും ഇല്ല്യാലോ?..നാം തന്നെ ഒരു കൂലിയും വാങ്ങാതെ പണി ചെയ്യൂലോ?
..".. നിർത്തി..മതി പഠിച്ചത്‌.. ഒന്ന്, രണ്ട്‌, മൂന്ന് എന്ന് മണി മണി പോലെ എണ്ണാൻ പഠിച്ചല്ലോ.. ഇനി അടുപ്പിലെ പുക ഊതി അമ്മാവന്റെ ഹോട്ടൽ ഒരു പരുവത്തിലാക്കിക്കളയാമെന്നെ വ്യാമോഹം അദ്ദേഹത്തിന്റെ അമ്മാവൻ മണത്തറിഞ്ഞു....മോനെ ഈ കലത്തിൽ നിന്റെ പരിപ്പ്‌ വേവൂല എന്നു വിചാരിച്ചു വശക്കേട്‌ വന്ന അദ്ദേഹം..".ഇവിടെത്തെ ആവശ്യത്തിനു നീ തല പുകയ്ക്കേണ്ട അതു വിറക്‌ പുകച്ചോളും...എടുത്തുകൊടുക്കാനും കഞ്ഞി വെക്കാനും നമ്മൾ തന്നെ അധികമാണ്‌ .. നീ പോയി വയറു നിറച്ച്‌ തിന്നു  നാലക്ഷരം പഠിക്കെടാ"എന്ന് പറഞ്ഞ്‌ വിരട്ടി ഓടിച്ചു വിട്ടിരിക്കണം...."
...ചെറുക്കന്റെ വിഷമം കണ്ട്‌ മനസ്സലിഞ്ഞ്‌ കരഞ്ഞു പോയി അറ്റ്ലീസ്റ്റ്‌ ഹോട്ടലിൽ നിന്നോട്ടെ എന്നു വിചാരിച്ച്‌ നിർത്തിയാൽ വടയും തിന്ന് കൈകഴുകി പോകുമ്പോൾ എന്തിനാ വെറുതെ അമ്മാവന്റെ ഈ ചടാക്കു മേശയിൽ പൈസ കുമിഞ്ഞു കൂടി ചിതലരിക്കുന്നത്‌ അത്‌ നമ്മുടെ പോക്കറ്റിലിട്ടാൽ ഗുമു ഗുമാ ചിലവാക്കി സംതൃപ്തിയടയില്ലേ... മോക്ഷം കിട്ടിയ നോട്ടുകൾ നമ്മൾക്ക്‌ താങ്ക്സ്‌ ചൊല്ലില്ലേ എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മോഹം ഉയർന്നു വന്നു പടർന്നു പന്തലിക്കാതെ മുളയിലേ അമ്മാവൻ നുള്ളി അടുപ്പിലിട്ട്‌ എരിച്ചു കളഞ്ഞു...പിന്നെ പൊറോട്ടയ്ക്ക്‌ കുഴയ്ക്കുമ്പോലെ നല്ല സോഫ്റ്റായി ഒരു കുഴ കുഴച്ച്‌, മൂന്നു നാല്‌ പൊറോട്ട ചുട്ട്‌ കൊടുത്ത്‌ "കഴിക്കെടാ നല്ലോണം തടി തങ്കം പോലെ പെരുക്കട്ടേ എന്നു പറഞ്ഞു പറഞ്ഞയച്ചു!...
വർഗ്ഗ സ്നേഹമില്ലാത്ത അമ്മാവൻ പുകയൂതി പുകയൂതി.. നാട്ടുകാർക്ക്‌ പഴം പൊരിയും, പൂരിയും ചുട്ട്‌ നാറാണക്കല്ലെടുത്ത്‌ നടക്കുമ്പോൾ പഠിക്കും എന്നോർത്ത്‌ അദ്ദേഹം തിരിച്ചു ജയിലിലേക്ക്‌ കയറുന്ന ലാഘവത്തോടെ അന്ന് സകൂളിൽ കയറി..
ഉച്ചയ്ക്ക്‌ മണിയടിച്ചു..പുറത്തു പരോളിൽ വിട്ട തടവുകാർ എല്ലാം ഹാജരുണ്ടോന്ന് നിരീക്ഷിക്കാൻ ഇടയ്ക്കിടെ മൂക്കിൽ തോണ്ടി നടക്കുന്ന ഹെഡ്മാഷ്‌ പദ്ധതി പ്ലാൻ ചെയ്യുന്ന തിരക്കിലായി..
ചെറുപ്പത്തിൽ നല്ല അടി കൊടുക്കാഞ്ഞിട്ടല്ലേ ഈ മൂക്കിൽ തോണ്ടൽ എന്ന് നമുക്ക്‌ തോന്നി.. ഇപ്പോഴും ആവാം..പക്ഷെ  ഗുരുവിന്റെ ഗുരു അതായത്‌ പരമപൂജ്യ ഗുരുതൃപ്പാദം ആയിപ്പോയില്ലേ...
ചില്ലറക്കാരനാണോ..ഹെഡ്മാഷ്‌ .!.. അങ്ങേരുടെ കൈയ്യിലിരിപ്പോ പണ്ട്‌ കാലത്ത്‌ ഗുണ്ടയായിരുന്നെന്ന് തോന്നും...സുമുഖനാണെന്ന് പറഞ്ഞിട്ടെന്തു കാര്യം...ദുർമുഖമേ നമ്മൾ കണ്ടിട്ടുള്ളൂ!!..സോ സ്ട്രിക്റ്റ്‌.. അല്ലെങ്കിലും സ്വർഗ്ഗത്തിൽ ആളെ പേടിപ്പിക്കാൻ ഒരു ദുർമുഖം നല്ലതാ..ഇല്ലെങ്കിൽ വെറുതേ കിടന്ന് എന്തിനാ ഈ മരത്തിന്റെ ഡെസ്കും ബെഞ്ചും തുരുമ്പ്‌ പിടിക്കുന്നത്‌ എന്നൊർത്ത്‌ ആളുകൾ അതൊക്കെ പൊക്കിക്കൊണ്ട്‌ പോകും എന്തിന്‌ സ്കൂളുവരെ ആളുകൾ പൊളിച്ചടക്കി വീട്ടിൽ കൊണ്ട്‌ പോയിക്കളയും!
 
പൊസ്തകോം കളർച്ചോക്കും പരിവാരവുമായി മഹാരാജാവ്‌ എഴുന്നള്ളി... സത്യം.!. തമാശിച്ചതല്ല അദ്ദേഹം രാജകുടുംബത്തിൽ പെട്ടയാളാണ്‌...അധികം ഉയരമില്ലാത്ത മാഷ്‌.. എന്നാലോ പഞ്ചപാവം! വിവരം കണ്ടാൽ നമ്മൾ ഞടുങ്ങും... ടെക്സ്റ്റ്‌ ബുക്കൊക്കെ അയ്യാളാണെഴുതീതെന്ന് തോന്നും...പക്ഷെ ഒരു കുഴപ്പംണ്ട്‌.. അദ്ദേഹം ബയോളജിയാണ്‌ എടുക്കുന്നത്‌... വന്നയുടനെ റേഡിയോ തുറന്നുവെച്ച മാതിരി ക്ലാസ്സ്‌ തുടങ്ങും..അധികം ഒച്ചപ്പാടില്ലാതെ റേഡിയോ വെച്ചമാതിരി ഒരേ സ്വരം...നാമെല്ലാം ക്ലാസ്സെടുക്കും മുന്നേ വസന്ത വന്ന കോഴിയേ പോലെ തൂങ്ങിയിരിക്കും.. ഇടയ്ക്ക്‌ കണ്ണു തിരുമും!.. ഉറങ്ങിപോവരുതല്ലോ? നമുക്കൊരു വിഷമവും ഇല്ലെങ്കിലും മാഷ്ക്കല്ലേ അതിന്റെ കുറച്ചിൽ!.. അടുത്തിരിക്കുന്ന ഒരുവൻ രണ്ടു കൈ കൊണ്ടും കണ്ണുകൾ വലിച്ചു നീട്ടിയിരിക്കുന്നു...
 
അദ്ദേഹത്തിനൊരു കുലുക്കവും ഇല്ല.. ചറ പറ ക്ലാസ്സെടുക്കുകയാണ്‌..

നമ്മുടെ ശാസ്ത്രജ്ഞൻ മെല്ലെ ഡെസ്ക്കിൽ താടിക്ക്‌ താങ്ങു കൊടുത്തിരിക്കുന്നു..നമ്മുടെ ഉറക്ക്‌ എങ്ങിനെ കളയും എന്നോർത്ത്‌ ക്ലാസ്സിലെ പലർക്കു നേരെയും കണ്ണുയച്ചു കൊണ്ടിരുന്ന നാമും അതു ശ്രദ്ധിച്ചു.."എവൻ ഒരു വെടിക്ക്‌ ചാവൂലാ.."

കൈകളിൽ തലയിലെ ബുദ്ധിയുടെ ഭാരം അദ്ദേഹത്തിനു താങ്ങാൻ പറ്റാതായി..മെല്ലെ തലയോടൊപ്പം അദ്ദേഹത്തിന്റെ കൈകളും ഡെസ്ക്കിലേക്ക്‌ അമർന്നു...എത്ര നേരം എന്നു വെച്ചാ ഉറക്കം തൂക്കി തൂക്കി കൊടുക്കുന്നത്‌.. ആരായാലും ക്ഷീണം വരൂലേ.....ഇനിയൊന്നും നോക്കാനില്ല ...അദ്ദേഹം കൂർക്കം വലിയുടെ പരലോകത്തേക്ക്‌ യാത്രയായി..നമുക്ക്‌ സഹിച്ചില്ല... എന്നാലും നാം പയറുപോലെയിരിക്കുമ്പോൾ അദ്ദേഹം മാത്രം അങ്ങിനെ പരലോകത്ത്‌ വിഹരിക്ക്വാ!... .അതും മുൻബെഞ്ചിലിരുന്ന്!

"ടേയ്‌ എണീരെടാ.". നാം മെല്ലെ തോണ്ടി.." അവനൊരു കുലുക്കവും ഇല്ല..
"വീണ്ടും കുലുക്കി ..!
വേണമെങ്കിൽ നീ കുലുങ്ങിക്കൊളുന്ന മട്ടിൽ  അവൻ!
പെട്ടെന്ന് ഒരു ശബ്ദം..!

"യൂ സ്റ്റാൻഡ്‌ അപ്പ്‌!"- മാഷാണ്‌!
" നമ്മോടാണെന്ന് മനസ്സിലായെങ്കിലും അങ്ങിനെയല്ല എന്നു വരുത്തി നാം ചുറ്റും നോക്കി..."
'..നിന്നോടാണ്‌ പറഞ്ഞത്‌.."- അടുത്തേക്ക്‌ കുതിച്ച്‌ മാഷ്‌.
....നാം സ്റ്റാന്റി...
"കുറേ നേരമായി നാം നിന്നെ നോക്കി കൊണ്ടിരിക്കുന്നു.. എന്താ അവിടെ?"- ശബ്ദത്തിനു ഒരു കനം വെച്ച്‌ അദ്ദേഹം!
"ഒന്നും ല്യാ"
" ഒന്നും ഇല്യാണ്ട്‌ തനിക്കൊരു ഇളക്കം!

ഇപ്പോൾ ആ മഹാസാധുവിന്റെ മെഡുല്ലാ ഒബ്ലോംഗേറ്റയിൽ ഒരു കൊടുങ്കാറ്റുണ്ടായി നമ്മുടെ മുഖത്തേക്ക്‌ വീശിയടിച്ച്‌ നമ്മുടെ മനോഹരമായ കവിൾത്തടങ്ങൾ കൂമ്പിയേക്കാം അല്ലെങ്കിൽ ശരീരഭാഗങ്ങൾക്ക്‌ തേയ്മാനം വന്നേക്കാം എന്ന് ഉൾവിളിയുണ്ടായി വേഗം നാം സംഭവം ഒറ്റശ്വാസത്തിൽ വിവരിച്ചു.

" അത്‌.. അത്‌.. ഇവൻ ക്ലാസ്സിൽ ഉറങ്ങുന്നു.. അവനെ എണിപ്പിക്കാൻ ഒരു ശ്രമം നടത്തീതാ"
"അവനു വേണ്ടെങ്കിൽ അവൻ ഉറങ്ങിക്കോള്ളട്ടേ..അതിനു തനിക്കെന്ത്‌?"- മാഷ്‌.

...ശരിയന്നെ നമുക്കെന്ത്‌?.നമുക്കെന്തു കൊണ്ട്‌ മിണ്ടാതെ സൈഡെടുത്ത്‌ ഉറങ്ങാനുള്ള ബുദ്ധി തോന്നീല്യാ... മണ്ട പുകഞ്ഞില്ല ..നമ്മുടെ തല താണു പോയി..മാഷ്ക്ക്‌ ഇനി ചവിട്ടാം നാം മഹാബലിയായി.. വിശാല ഹൃദയനായി...നമ്രശിരസ്ക്കനായി.. പൂജ്യമായി....

"..നീ ക്ലാസ്സ്‌ ശ്രദ്ധിക്കുകയല്ലേ വേണ്ടത്‌?.. അവനോന്‌ വേണ്ടത്‌ അവനോൻ ചെയ്യട്ടേ"-മാഷ്‌.

ശബ്ദവീചികൾ കർണ്ണങ്ങൾക്ക്‌ അസഹ്യമായപ്പോൾ അവൻ എഴുന്നേറ്റു...കണ്ണുകൾ ചുവന്നു കലങ്ങി നിൽക്കുന്നു .

നോം നമ്മുടെ തലയ്ക്ക്‌ അപാരഭാരം വന്നുവെന്ന തോന്നലിനാൽ കൂടുതൽ കുനിച്ചു പിടിച്ചു.." ഇരിയവിടെ...നീ ക്ലാസ്സ്‌ ശ്രദ്ധിക്ക്‌... " - മാഷ്‌!

"നോം.. അതായത്‌ ഈ പ്രജയ്ക്ക്‌ ഒരു അബദ്ധം പറ്റിപോയതാണേ.. ഇനി അവിടുത്തെ ക്ലാസ്സിൽ എന്തു സംഭവിച്ചാലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ എന്ന മട്ടിൽ മെല്ലെ ഇരുന്നു.. അദ്ദേഹം ക്ലാസ്സ്‌ തുടർന്നു.. നമ്മൾ വസന്ത വന്ന കോഴിയേ പോലെ തൂങ്ങി തൂങ്ങിയും ഇരുന്നു..ഇത്ര പാവമാണ്‌ മാഷെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ നാമും അവനൊരു കൂട്ട്‌ കൊടുത്തേനേ.. പോയ ബുദ്ധി ആനവലിച്ചാലും വരുവോ?

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിമൂന്നാം സർഗ്ഗം)

വൈശാലിയുടേയും ഋശ്യശൃംഗന്റെയും കഥ പോലെ ഇവന്മാർ പെണ്ണുങ്ങളെ കണ്ട്‌ ഭ്രമിച്ച്‌.. കല്യാണം കഴിച്ചു കടമ മറന്നു പോകുമോ എന്ന് വിചാരിച്ചായിരിക്കണം ഗേൾസിനു പ്രത്യേകം സ്കൂളും ബോയ്സിനു പ്രത്യേക സ്കൂളും വിഭാവനം ചെയ്തത്‌....അധികാരികളായ മഹർഷിമാരുടെ ഓരോ കളികളേ.. കഷ്ടം! ...കഷ്ടം!...നഷ്ടം! .. നഷ്ടം!... അവർക്കല്ല നമുക്ക്‌!..

....അവർക്കെന്തു നഷ്ടപ്പെടാൻ!.. അവർക്ക്‌ പെണ്ണും പിടക്കോഴിയുമായി... വാനപ്രസ്ഥത്തിന്റെ സമയവുമായി...സിരകളിൽ ചോര തിളക്കേണ്ട പ്രായത്തിൽ നമ്മൾക്കല്ലേ നഷ്ടം!..ഹേ.. മാനവേർസ്‌...ഷേയിം ഓൺ ദെം.. ഷെയിം!

... ഗേൾസ്‌ രാജധാനിയും ബോയ്സ്‌ കിംഗ്ഡവും വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്ത്‌!..എന്നാലും ഇച്ചിരി ദൂരത്ത്‌!... നടുക്ക്‌ ഫുഡ്ബോൾ ഗ്രൗണ്ടിട്ട്‌ വെച്ചിരിക്കുന്നു അതിർത്തിയായിട്ട്‌. ആ പുഴ നീന്തിവേണം അക്കരെയെത്താൻ!..പരേഡും കൊടി താഴ്ത്തലും ഇല്ല!. .."വിഭാണ്ഡകമഹർഷി" അതായത്‌ ഋശ്യശൃംഗന്മാരാവാൻ വിധിക്കപ്പെട്ട നമ്മുടെ വളർത്തച്ഛൻ ഹെഡ്മാസ്റ്റർ മുൻ കോപിയാണ്‌.. .ഭേദ്യവും ചെയ്ത്‌ ശപിച്ച്‌ വെണ്ണീറാക്കി നമ്മളുടെ ജീവിതം നാശകോശമാക്കി ഒരു സർട്ടിഫിക്കേറ്റാക്കി കൈയ്യിൽ പൊതിഞ്ഞു കെട്ടി തന്നുവിടും! .ഹ.. കഷ്ടം!..നമ്മുടെ ഒരു ഭാഗ്യക്കേട്‌!.അല്ലാണ്ട്‌ എന്തൊക്കെയാ പറയ്ക!

... ചൈനീസ്‌ വന്മതിൽ പോലെ കെട്ടിപ്പൊക്കിയ മതിലകത്ത്‌ അവളുമാർ രാജ്ഞിമാരെ പോലെ വാഴുന്നു...അതിനാൽ നമ്മൾക്കവരെ കാണുവാൻ പറ്റില്ല... എന്നാലും ചില സുന്ദരികളാണെന്ന് ധരിച്ചു വശായ പെൺകിടാങ്ങൾ സംഭവം സത്യമാണോന്ന് പരീക്ഷിക്കാനോ മറ്റോ... അതോ കുറുകെ പോയാൽ നേരെ സ്ക്കൂളിലെത്താമെന്ന കുരുട്ടു ബുദ്ധിയാലോ എന്നും അറിയില്ല (അങ്ങിനെയാവാൻ സാധ്യത 0.005% മാത്രമേ വരൂ..)നമ്മുടെ കോമ്പൗണ്ടിലൂടെയുള്ള വിശാലമായ റോഡിലൂടെ കുണുങ്ങി ചിരിച്ചും വാ പൊത്തിച്ചിരിച്ചും നടന്നു പോകും.

നമ്മൾ ഋശ്യശൃംഗനെ പോലെ പാവങ്ങൾ!... ജനാലയിലൂടെ നോക്കും പിന്നെ നിരൂപിക്കും... "... ഹോ .. ഏതോ മുനികുമാരന്മാരായിരിക്കും... എന്നാലും എന്തൊരു തേജസ്സ്‌!"...നൃത്തമൊന്നും ചെയ്യില്ല..എന്നാലും നമ്മൾ നോക്കുമ്പോൾ നടത്തത്തിനു നൃത്തത്തിന്റെ ഭംഗീണ്ട്‌! ചടുലതാളമുണ്ട്‌!.. ചിലർ‌ ആക്രാന്തം മൂത്ത്‌ ഏന്തി വലിഞ്ഞു നോക്കും...എന്തു ചെയ്യാൻ മുനികുമാരന്മാർ ശരം വിട്ട പോലെയാ പോക്ക്‌!.. അവരുടെ ചിരി.. "ഹോ".. അതിന്റെ ആകർഷണീയതയിൽ മുങ്ങി.."ഒക്കെ മായ!" എന്നൊർത്ത്‌ ചിലർ മനക്കോട്ട കെട്ടും!..പൂജാം ദേഹികളായി ധ്യാനത്തിൽ മുഴുകും!

പലവിധ സൗകര്യങ്ങൾ ആ റോഡുകൊണ്ട്‌ നമുക്ക്‌ ഉണ്ടായിരുന്നു.. വിഷമ സന്ധികളിൽ മന:സ്ഥാപം തീർത്തു ഒഴുകി പരന്നു കിടക്കുന്ന റോഡ്‌!... ഒരിക്കൽ നമ്മുടെ ബുദ്ധിയിൽ അയൽഡിവിഷനിൽ പഠിക്കുന്ന സുഹൃത്തുക്കൾ ഒരു ഐഡിയ മിന്നിച്ചു..."വാട്ട്‌ ആൻ ഐഡിയ സർ ജി!" എന്ന മട്ടിൽ നമുക്കും സുഖിച്ചു..( നോട്ട്‌ ദ പോയിന്റ്‌ : ഐഡിയകൾ പങ്കുവെക്കാനുള്ളതാണ്‌ ..അല്ലാതെ പൊതിഞ്ഞു കെട്ടി വെച്ച്‌ പുഴുത്തു പോകാനുള്ളതല്ല..)

...അതായത്‌ അവസാന പിര്യഡിൽ ക്ലാസ്സിൽ നിന്നും മുങ്ങുക...അല്ലെങ്കിലും അവസാന പിര്യഡു വരെ ഇരുന്നാൽ നമ്മെ അമേരിക്കൻ പ്രസിഡന്റ്‌ ആയി അവരോധിക്കും എന്ന് ഒരു വാഗ്ദാനവും ആരും തന്നിട്ടുമില്ല!.. അപ്പോൾ പിന്നെ നേരത്തെ വീടു പിടിച്ചാൽ അത്രയെങ്കിലും സമാധാനം ആയി... തുടങ്ങുന്ന ദിവസം തരക്കേടില്ല!.. നാളും പക്കവും നമ്മുക്കനുയോജ്യം... .അന്നത്തെ ദിവസത്തെ അവസാന പിര്യഡ്‌ ഗെയിംസ്‌!... നമുക്ക്‌ കളി മടുത്തു.. ഇനി സീര്യസ്സ്‌ ആകണം.. ഒരു ഫുഡ്‌ ബോളു തട്ടി പെലെയാവാമെന്നോ മറഡോണയാവാമെന്നോ ഉള്ള മോഹത്തിനു മോക്ഷം കൊടുത്തു..അതിനാൽ ആ പിര്യഡ്‌ മുങ്ങിയേക്കാം എന്ന് വിചാരിച്ചു..

ഉള്ളകാലത്ത്‌ നേരത്തേ പോയാൽ ഉള്ള കഞ്ഞീം കുടിച്ച്‌ പള്ളേം നിറച്ച്‌ ഒന്നു വിശ്രമിച്ച്‌ പിന്നെ കളിക്കാൻ പോകാം..സ്കൂളി പോക്ക്‌ തുടങ്ങിയതിൽ പിന്നെ നമുക്ക്‌ വിശ്രമം തീരെ ഇല്ലാണ്ടായിരിക്ക്ണൂ.. ..ബാഗും തൂക്കി പോകുകെന്നെ പണി പോക്വ...ബാഗെടുക്കാൻ ചുമട്ടുകാരൻ നാരായണൻ ചേട്ടനെ കൂട്ടിയാലോന്ന്ണ്ട്‌... അദ്ദേഹത്തിന്‌ അലക്കൊഴിഞ്ഞിട്ട്‌ വേണ്ടേ നമ്മുടെ പണിക്ക്‌ വരാൻ!... ചീട്ടുകളിയെന്നെ ചീട്ടുകളി!...ആ നേരത്ത്‌ നമുക്ക്‌ ഒരു പരോപകാരം ചെയ്താലെന്താ...ചുമ്മാതല്ലേ നാം പൈസയൊന്നും കൊടുക്കില്ലല്ലോ?. ചുമട്ടുകാരുടെ ഒരു ഹുങ്കേ..!

സുഹൃത്തുക്കൾ ബാഗുമെടുത്ത്‌ റെഡിയായി പുറത്ത്‌ ദൂരെ നമ്മെ കാത്തു നിൽക്കുകയാണ്‌.. .ഇവന്മാരുടെ ഒരു ശുക്രദശ! അടുത്ത ക്ലാസ്സിലെ മാഷ്‌ കണ്ടാൽ പ്രശ്നമാണ്‌... അലമ്പുണ്ടാക്കും.. . നമ്മുടെ ഏതു ഗ്രേറ്റ്‌ പദ്ധതികളും സാധാരണ പൗരന്മാരായ ഏതൊരാൾക്കും പൊളിക്കാം അവർക്കു നഷ്ടമില്ലല്ലോ?. അപ്പോൾ സംയമനം പാലിക്കണം..കൂർമ്മബുദ്ധിയുള്ളവരായിരിക്കണം! അതിനാൽ നാം വേഗം ക്ലാസ്സിലേക്ക്‌ കയറി. ബാഗ്ഗ്‌ ജനാലയിലൂടെ പുറത്തുള്ള റോഡിലേക്ക്‌ പതിയേ വെച്ചു.....നമ്മൾ ആർക്കും കീഴെയാകരുത്‌ എപ്പോഴും മാന്യത കീപ്പ്‌ ചെയ്യണം!.. മാന്യമായി തുറന്നു വെച്ച മുൻ വാതിലിലൂടെ പുറത്തിറങ്ങി...

നാം ബാഗ്‌ ജനാലയിലൂടെ പുറത്ത്‌ വെക്കുന്നതു കണ്ട ഇന്നേവരെ നമ്മെ പഠിപ്പിക്കാത്ത ഒരു മാഷ്‌ രംഗം ക്ലോസ്‌ സർക്ക്യൂട്ട്‌ ടീവിയായ ജനലിലൂടെ നിരീക്ഷിച്ചു ഉടനടി ഒരു കുട്ടിയെ വിളിച്ച്‌ ഓർഡർ കൊടുത്തു.." ഡേയ്‌ ... ആ ബാഗിങ്ങെടുത്തു വാ"

അയാൾക്ക്‌ വല്ല ആവശ്യവും ഉണ്ടായിരുന്നോ?.. ഇതു കൊണ്ട്‌ അയാൾക്ക്‌ നമ്മുടെ ശാപം കിട്ടി എന്നതൊഴിച്ച്‌ എന്തു ലാഭമാണ്‌ തടിയനായ അയാൾക്കുണ്ടായത്‌.?... നത്തിംഗ്‌!..ഒരു ബോണസ്സോ ശമ്പള വർദ്ധനവോ ആരെങ്കിലും വാഗ്ദാനം ചെയ്തോ?.. മെഡലു കൊടുത്തോ?..അറ്റ്ലീസ്റ്റ്‌ ചായയും പരിപ്പു വടയുമെങ്കിലും വാങ്ങിക്കോടുത്തോ?..ഇല്ല.. ഇല്ല.. ഇല്ല.. എന്നാണ്‌ ഉത്തരമെങ്കിൽ വെറും കാൽക്കാശിനു കൊള്ളാത്ത അഹമ്മതിയല്ലേ അദ്ദേഹം കാട്ടിയത്‌!....വെറുതെയല്ല ദൈവം അയാൾക്ക്‌ സോഡാ ഗ്ലാസ്സു വെച്ച കട്ടിക്കണ്ണട സമ്മാനിച്ചത്‌..കണ്ണട വെച്ചിട്ടു കൂടി ഇങ്ങനെ.. ഇല്ലാതിരുന്നാലോ?...അന്ധനായി തപ്പിത്തടഞ്ഞ്‌ വന്ന് ലോകം മുഴുവൻ എനിക്കിരിക്കട്ടെന്ന് പറഞ്ഞ്‌ മൺ വെട്ടി കൊണ്ട്‌ ചറ പറ ചറ പറ കോരിയൊതുക്കുമല്ലോ?..

കുട്ടി ശരം വിട്ട പോലെ കുതിച്ചു വന്നു ..ഓട്ടത്തിൽ പീ.ടീ ഉഷ അവന്റെ അമ്മായി അമ്മയാണെന്ന് തോന്നി.. എന്തൊരു സ്പീഡ്‌!...

നാം ശാപത്തിന്റെ പങ്കുവെക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യനായ ആ മഹാപാപിയുടെ പിറകെ ഓടി..അപ്പോഴേക്കും അവൻ മാഷിനു ബാഗ്‌ കൈമാറി നിന്നു ചിരിക്കുന്നു..പഹയൻ!..

... ബ്രൂട്ടസ്‌ ഈസ്‌ ഹിസ്‌ അളിയൻ മൈഡിയർ ബ്ലോഗ്ഗേർസ്‌!..നോ അദർ വേഡ്സ്‌ ടു സേ!"..

"ഉം?"- അവന്റെ പുറകെ വന്ന് സഡൻ ബ്രേക്കിട്ടു നിന്ന നമ്മോട്‌ മാഷ്‌!!...പണിയൊക്കെ ഒപ്പിച്ചിട്ട്‌ നമ്മോടു തന്നെ ഒരു "ഉം?"

" ..ഈ ബാഗ്‌ എന്റെയാ മാഷേ!"
" അതു പുറത്തു വെക്കുമ്പോൾ തന്നെ നാം ആളെ കണ്ടിരുന്നല്ലോ?"
അതെനിക്കു താ മാഷേ"
"എന്തിനാ ബാഗ്‌ പുറത്തു വെച്ചത്‌?"
"ചുമ്മാ.. ബാഗ്‌ പുറത്തു വെച്ചതാ.. അതിൽ നിന്നൊരു നോട്ട്‌ ഒരു കുട്ടിക്ക്‌ വേണം പോലും!"- നിഷ്കളങ്കനായ നാം തപ്പിപ്പിടിച്ചു വിക്കി വിക്കി പറഞ്ഞു..

" ഇപ്പോൾ പിരിയഡ്‌ എന്താ?"
"ഗെയിംസ്‌!"
"എന്നാൽ മോൻ പോയി കളിച്ചോളു... ബാഗ്‌ ജന ഗണ മന പാടി തീർന്നിട്ട്‌ വരും അപ്പോൾ കൊടുക്കാം നോട്ട്‌!.. ബാഗ്‌ ഓഫീസ്‌ റൂമിലുണ്ട്‌!"- ആ മാഷ്‌ അതും കൊണ്ട്‌ പോയി..

അയ്യേ .. ഈ മാഷ്‌ നമ്മെ ഇങ്ങനെയാ കരുതീത്‌.. കഷ്ടം!...മതിയെങ്കിൽ മതീന്ന് നാം മനസ്സിൽ വിചാരിച്ചു.. നമുക്കങ്ങനെ ഒരഹങ്കാരവും ഇല്ലല്ലോ?

അങ്ങിനെ നാം ഗെയിംസ്‌ ഗ്രൗണ്ടിലെത്തി സുഹൃത്തുക്കളോട്‌ പറഞ്ഞു...".എച്ചു ക്യൂസ്മീ ഡിയർ ഫ്രെൻഡ്സ്‌. ബാഗ്‌ ജനഗണമന പാടാൻ പോയി.. നാമും അതു കഴിഞ്ഞിട്ടേയുള്ളൂ..."
" പെട്ടൂടാ മച്ചൂ...!"-ഒരുവൻ പറഞ്ഞു
" മരത്തലയാ.. നമ്മെ കുറിച്ചു പറഞ്ഞു കൊടുത്തോ?"-മറ്റവൻ!

" ഹേയ്‌ ഇല്ലെടാ ശവങ്ങളേ... ഒരു തരത്തിൽ മാനേജു ചെയ്തു..ഇനി കാലമാടൻ ഹെഡ്മാഷ്‌ അന്വേഷണകമ്മീഷനുമായി വരേണ്ട..ബാഗും കൊണ്ട്‌ നിങ്ങളെ ഇവിടെ കാണേണ്ട...... വിട്ടോടാ വേഗം!"

അവർ കേട്ട പാതി കേൾക്കാത്ത പാതി പറ പറന്നു...

നമ്മെ ബലി കൊടുത്തിട്ടായാലും നാം സുഹൃത്തുക്കളെ അടിയന്തിരഘട്ടത്തിൽ രക്ഷിക്കണം..നാം നമ്മുടെ കടമ നിർവ്വഹിച്ചു കൃതാർത്ഥനായി ഗ്രൗണ്ടിലേക്ക്‌ ചിന്താഭാരത്തോടെ മടങ്ങി.

ശനിയാഴ്‌ച, സെപ്റ്റംബർ 25, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പന്ത്രണ്ടാം സർഗ്ഗം)

ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!

അക്ഷരങ്ങൾ പഠിച്ച്‌ നല്ല നിലയിൽ എഴുതാനും വായിക്കാനും അറിഞ്ഞിരുന്ന നമ്മുടെ ദേശീയ ഭാഷയെ ഇവർക്ക്‌ വേണ്ടി എങ്ങെനെ വെറുക്കുന്ന ഒരു ഭാഷയാക്കാം എന്നതായിരുന്നു ഹിന്ദി മാഷിന്റെ ഗവേഷണം..

അദ്ദേഹത്തിന്‌ അതിനു ഡോക്ടറേറ്റു കൊടുക്കണം.." നമ്മൾ ഹിന്ദിയെ വെറുത്തു..വായിക്കാൻ അറിയാത്തവരായി.. അക്ഷരങ്ങൾ അറിയാത്തവരായി.. അദ്ദേഹം അതിൽ വിജയിച്ചു..വയസ്സനായ
ശബ്ദമില്ലാത്ത അദ്ദേഹത്തിന്റെ ഹിന്ദി പാഠമെടുക്കൽ പൂജ്യമിട്ടു കളിക്കാൻ നമുക്ക്‌ അവസരം ഏറെ തന്നു..

ചോദ്യവും ഉത്തരവും അദ്ദേഹം ബോർഡിൽ വേഗത്തിൽ എഴുതും.. വേഗത്തിൽ മായിക്കും. നമ്മൾ വേഗത്തിൽ കടലാസു കൈമാറി ഇടയിൽ വേഗത്തിൽ പൂജ്യമിട്ടു കളിക്കും.. ഇല്ലെങ്കിൽ സിനിമാ പേര്‌!

നീയ്യെന്തിനു വർത്തമാനം പറഞ്ഞു എന്ന് ചോദിച്ചാൽ ബോർഡിൽ എഴുതിയത്‌ മനസ്സിലാവാത്തത്‌ ചോദിച്ചതാണെന്ന് പറഞ്ഞാൽ മതി..പറച്ചിൽ കേട്ടാൽ ഒരു മിടുക്കന്റെ ലക്ഷണം വേണം..അല്ലാതെ കൊണാപ്പന്റെ പതറിച്ച പാടില്ല.. .കുരങ്ങിന്റെ ചിരി പാടില്ല!.. അതൊക്കെ നിരോധന വകുപ്പിലാണ്‌..അദ്ദേഹം ഹാപ്പി.. നമ്മൾ പെരുത്ത്‌ ഹാപ്പി!..

നോക്കിയെഴുത്ത്‌ എഴുതണംന്ന്‌ നിർബന്ധമായിരുന്നു.നിർബന്ധമില്ലാത്തവർക്കു ആവാം പക്ഷെ. എഴുതിയില്ലെങ്കിൽ അടി നിർബന്ധം!.

നോക്കിയെഴുത്തിനു ശരിയിടാൻ നല്ല പെന്നുകൾ മാത്രമേ അദ്ദേഹം വാങ്ങിക്കൂ...പെന്ന് നമ്മൾ സംഭാവന ചെയ്യണം.അതിനാൽ ഗൾഫുകാരുടെ മക്കളുടെ പെന്നു മാത്രമെ അദ്ദേഹം വാങ്ങിക്കൂ... വാങ്ങിയാൽ പിന്നെ തിരിച്ചു കിട്ടില്ല എന്നു സാരം...ആദ്യം പോക്കറ്റിൽ കുത്തി നോക്കും പിന്നെ പറയും .. "ഇതെനിക്കിരിക്കട്ടേ"... തങ്കപ്പെട്ട പെരുമാറ്റം!.. മാഷന്മാരായാൽ ഇങ്ങനെ വേണം!

മലയാളം മാഷ്‌ നല്ല മാഷാണ്‌ പക്ഷെ വയസ്സിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു..  ക്ലാസ്സ്‌ ലീഡർ ആണ്‌ മലയാളം മാഷുടെ പിരിയഡിൽ മലയാളം നോക്കിയെഴുത്ത്‌ നോക്കുന്നത്‌.. അതിനാൽ പ്രശ്നമില്ല. .പെൻസിൽ കൊണ്ട്‌ "ശരി" എന്ന് മാർക്കു ചെയ്യാൻ നമ്മൾ പറയും അപ്പോൾ പിന്നെ പ്രശ്നമില്ല.. പിറ്റേന്ന് ഒരു റബ്ബർ കൊണ്ട്‌ ഉരച്ചാൽ പിന്നെയും പിന്നെയും എഴുതി കൈ കുഴയ്ക്കേണ്ട!..പിന്നെയും പിന്നേയും ശരി അവനിടുകയും ചെയ്യാം..ഈ ചെറിയ കണ്ടു പിടുത്തത്തിനിടയിൽ നോബൽ സമ്മാനം വരെ കിട്ടിയേക്കാവുന്ന വിപ്ലവം കുറിക്കുന്ന വലിയ കണ്ടു പിടുത്തവുമായി മറ്റൊരു ശാസ്ത്രജ്ഞൻ രംഗപ്രവേശം ചെയ്തു!

.മലയാളം നോക്കിയെഴുത്തിലെ മലയാളം വാക്കുകൾക്ക്‌ മുകളിൽ ഒരു വര വരച്ചാൽ ഹിന്ദി നോക്കിയെഴുത്തായി മാറും എന്ന് കണ്ടു പിടിച്ച ആ മഹാപ്രതിഭ ഒന്നാം ബെഞ്ചിൽ ഒരു മുതൽക്കൂട്ടായി സ്ഥാനം പിടിച്ചിട്ടുണ്ട്‌..അദ്ദേഹത്തിന്റെ ഗവേഷണ ഫലത്തിനു ചുക്കാൻ പിടിക്കുന്നത്‌ ക്ലാസ്സ്‌ ലീഡർ തന്നെ..".  മലയാളം അധികം നന്നാക്കി എഴുതരുത്‌ ഒരു ഹിന്ദി പരുവത്തിലെഴുതണം...പിന്നെ മുകളിൽ ഓരോ വര.. "ശാസ്ത്രജ്ഞൻ ദീർഘകാലമായി ഗവേഷിക്കുകയാണ്‌...നമ്മുടെ സേർ , സേർ കലപിലക്കിടയിൽ ഒന്നിച്ചു പുസ്തകങ്ങൾ ഇട്ടു കൊടുക്കുന്നതിനിടയിൽ അദ്ദേഹം ഒന്നും നോക്കാതെ ശരിയിടും!..അങ്ങനെ മാസങ്ങളുടെ ഗവേഷണ ഫലം ഒരു നാൾ ലാബ്‌ ടെസ്റ്റിൽ അലങ്കോലമായി..

ഒരിക്കൽ ശാസ്ത്രജ്ഞന്റെ നോക്കിയെഴുത്തുമായി അദ്ദേഹം ക്ലാസ്സിനു പുറത്തു പോയി.. ഒപ്പിച്ചത്‌ മറ്റൊരു മാഷും ..അദ്ദേഹം ഹിന്ദി മാഷെ കാണാൻ വന്നതാണു പ്രശ്നമായത്‌!.. എന്തൊ സം സാരിച്ചു കഴിഞ്ഞു പുറത്തു നിന്നും വന്ന അദ്ദേഹം ശരിക്കു നോക്കിയെഴുത്തു നോക്കി..അദ്ദേഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു മഹത്‌ സംഭവം വരികളിൽ സിദ്ധാന്തമായി ഒളിഞ്ഞു കിടക്കുന്നു!..  ഇതെന്താണെന്നറിയാൻ അദ്ദേഹത്തിന്‌ ആകാംഷയായി.. ആകാംഷയാണ്‌ എല്ലാറ്റിന്റെയും നാശ ഹേതു! വിറപൂണ്ട അദ്ദേഹം ശാസ്ത്രജ്ഞനെ കലിയടങ്ങും വരെ തല്ലി..
.. മാഷേ.. ഇവന്റെ സ്ഥിരം പരിപാടിയാ ഇത്‌ എന്ന് കൂറുമാറിക്കൊണ്ട്‌ ലീഡറും പറഞ്ഞു..
..വീണ്ടും അവന്‌ അടി രണ്ടെണ്ണം കൂടെ വീണു!..

പുറത്തേക്ക്‌ വലിച്ചെറിഞ്ഞു കളയുന്നതും അളന്നു കളയണം എന്നാ പഴമക്കാർ പറയുക..അതിനാൽ നമ്മൾ എണ്ണിക്കൊണ്ടിരുന്നു.. ഒന്ന്, രണ്ട്‌, മൂന്ന്..

പറയാണ്ട്‌ വയ്യ നല്ല രസമായിരുന്നു കേട്ടോ...അനുഭവിച്ച ഒരാൾക്കൊഴിച്ചും!.. അനുഭവിപ്പിക്കുന്ന മറ്റൊരാൾക്കൊഴിച്ചും!

ആ മഹാ പ്രതിഭയുടെ പ്രതിഭ വറ്റിപ്പോയി..ഇനി വറ്റാനുള്ളത്‌ കണ്ണീർ!...കണ്ണിൽ നിന്നും പൊന്നീച്ച പാറി..." വേണ്ടായിരുന്നു..പരീക്ഷണം..എന്ന് അദ്ദേഹത്തിനു തോന്നി ..".. പ്രതിഭകൾ വിരിയിച്ചു വിടാതെഊതിക്കെടുത്തുന്നതിനുഅന്നത്തെക്ലാസ്‌സാക്ഷ്യംവഹിച്ചു.."നിശ്ബ്ദരായി... സൂചിവീണാൽ കേൾക്കാവുന്ന അന്തരീക്ഷത്തിൽ നമ്മളുടെ മനസ്സ്‌ എങ്ങോ വിഹരിച്ചു കൊണ്ട്‌ വിചാരിച്ചു.." കെട്ടിയോൾ ഈ കിളവൻ മാഷിന്‌ ഇന്ന് ബൂസ്റ്റ്‌ കലക്കി കൊടുത്തിരിക്കണം അല്ലാതെ ഇത്രയൊന്നും കരുത്ത്‌ മെലിഞ്ഞുണങ്ങിയ ഈ ദേഹത്തെവിടുന്നു വന്നു ചേരാൻ?..അതെ.. ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!..

അദ്ദേഹം കോമരം ഉറഞ്ഞു തുള്ളുന്ന പോലെ ക്ലാസ്സു മൊത്തം വിറച്ചു കൊണ്ട്‌ ഉറഞ്ഞു തുള്ളി നടന്നു..." ഇനിയാരെങ്കിലും.. എന്തെങ്കിലും പുതിയ ഗവേഷണം.!".. നാം പുസ്തകം വേഗം അടച്ചു വെച്ചു...ഇനി നമ്മളുടെ ഗവേഷണം കണ്ടിട്ട്‌ അതിയാന്റെ കെട്ടിയോൾക്ക്‌ ഹോർലിക്സു കൂടെ പാലിൽ കലക്കി കൊടുക്കണമെന്ന് തോന്നിയെങ്കിലോ?..അദ്ദേഹം ഓഫീസ്‌ റൂമിൽ നിന്നു നമ്മുടെ ക്ലാസ്സിലേക്ക്‌ വിനോദയാത്രയ്ക്ക്‌ വരുന്ന ചെറിയ ഇടവേളയിലാണ്‌ നാമും നമ്മുടെ കയ്യക്ഷരം നന്നാക്കാൻ നോക്കിയെഴുത്ത്‌ എഴുതാറ്‌.. അതിനാൽ രണ്ടു വരിയിൽ ഒരു പേജ്‌ നിറഞ്ഞിരിക്കും!..

സമയം തീരെയില്ലെന്നേ.. നമുക്കൊക്കെ ദിവസത്തിൽ 24 മണിക്കൂറൊന്നും ഇല്ല. .. ഈയ്യിടെയായി ദൈവവും കള്ള പറയിൽ അളന്നാണ്‌ നമുക്ക്‌ 24മണിക്കൂർ ഉണ്ടെന്ന് പറഞ്ഞു റേഷൻ തരുന്നതെന്നു തോന്നുന്നു...അഥവാ അല്ലെങ്കിൽ റേഷൻ കടയിലെത്തുമ്പോൾ അരിയുടെ തൂക്കം കുറയുന്നതു പോലെ ഇട നിലക്കാർ കുറച്ചു തരുന്നതായിരിക്കണം തീർച്ച!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 24, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനൊന്നാം സർഗ്ഗം)

അന്നത്തെ ദിവസം ക്ലാസ്സിൽ അദ്ധ്യാപകന്മാർ ആരും വന്നില്ല.. ഇവന്മാർ ഐ.. എ.. എസ്സിനൊന്നും അല്ലല്ലോ പഠിക്കുന്നത്‌.. വെറും ലോവർ ബാക്ക്‌ വേർഡ്‌ ക്ലാസ്സല്ലേ..ഒരു ദിവസം വന്നിട്ടില്ലെങ്കിൽ ഇവന്മാരുടെ ബുദ്ധിക്ക്‌ ബുദ്ധിമോശം ഒന്നും സംഭവിക്കില്ല എന്ന് കരുതിയിട്ടോ എന്തോ?...വന്നില്ല... ഒരു പക്ഷെ നമ്മെ പഠിപ്പിക്കാൻ മാത്രം പ്രിപ്പയർ ചെയ്തിരിക്കില്ല അത്ര തന്നെ...അല്ല വന്നിട്ടിപ്പം എന്താക്കാനാ....ബഹീരാകാശത്തേക്ക്‌ റോക്കറ്റ്‌ വിടുന്ന കൗൺഡ്‌ ഡൗൺ ഒന്നും ഇല്ലല്ലോ അന്ന് അവിടെ.!

അന്നത്തെ പിരിയഡ്‌ ഒഴിഞ്ഞു കിടന്നു.. ഒഴിഞ്ഞു കിടന്നാൽ ആർക്കാ സഹിക്കുക...നമ്മൾ വെറുതെയിരിക്കരുത്‌..വെറുതെയിരുന്ന് കെട്ടിക്കിടക്കുന്ന മനസ്സിൽ പായലുപിടിച്ച്‌ നാശകോശമാകുന്ന സമയത്ത്‌ സാത്താൻ വന്ന് ഡിംഗ്‌.. ഡൊങ്ങ്‌.. ഡിംഗ്‌ .. ചാർ പാഞ്ച്‌ സാത്ത്‌ ആട്ട്‌... കളിക്കുമെന്നാ ജനസംസ്സാരം..സമയം പാഴാക്കാൻ നമ്മുടെ കൈയ്യിൽ അധികം ഇല്ല താനും!.. നമ്മൾ സീരിയസ്സായി നമ്മളുടെ ക്ലാസ്സുകൾ തുടങ്ങി..ശബ്ദായമാന കോലാഹല സമാജം!..മീൻസ്‌ അവർ ഡ്രീംസ്‌ ഡേ!...

തൊട്ടടുത്ത ക്ലാസ്സിൽ ഭയങ്കര ക്ലാസ്സെടുക്കുന്നതായി ഭാവിക്കുന്ന ഒരു മാഷ്‌.!..വി ഗൈഡ്‌ അരച്ചു കലക്കി കുടിച്ചു വന്നതാണെന്ന് നമ്മൾക്കറിയില്ലേങ്കിലും മൂത്ത്‌ നരച്ച്‌ അപ്പ്‌ ലൈൻസ്‌ ആയ ലീഡേർസുകൾ എത്ര വട്ടം പറഞ്ഞു തന്നതാ..നമ്മൾ അത്രയ്ക്കൊന്നും വളർച്ച പ്രാപിച്ചിരുന്നില്ല അപ്പോൾ!.. വീ യെങ്കിൽ വി.. അത്രേയുള്ളൂ.! ദാറ്റ്‌ ഈ സ്‌ നോട്ട്‌ ഏ ഗമൻഡൻ പ്രാബ്ലം!.. ടെയ്ക്ക്‌ ഇറ്റ്‌ ഈസി!...ജീവിക്കാനല്ലേ.. ഒരു ചാൺ വയറിനു വേണ്ടി ആളുകൾ എന്തും ചെയ്യും.. നെവർ മൈൻഡ്‌!.

. നമ്മളുടെ ക്ലാസ്സിലേക്ക്‌ നോക്കി അദ്ദേഹം പറഞ്ഞു " സയലെൻസ്‌ പ്ലീസ്‌!.. ഒച്ചയുണ്ടാക്കരുത്‌"
നാം മിണ്ടാതിരുന്നു.. പറഞ്ഞിട്ട്‌ കേട്ടില്ലാന്ന് വേണ്ട..

നമ്മുടെ ക്ലാസ്സിലെ ശുനകന്മാർ അദ്ദേഹം വന്നു കയറി കൂവി വിളിക്കുമ്പോൾ ഒരു ബഹുമാനം കൊടുത്തു കളയാം എന്നു വിചാരിച്ച്‌ മിണ്ടാതെ അൽപ നേരം ഇരുന്നു..

പോയപ്പോൾ പിന്നെ എന്തിനാ ബഹുമാനം?.. അങ്ങിനെ ചീഞ്ഞു നാറാനുള്ളതാണോ ഈ ബഹുമാനം??... വന്നാൽ കൊടുത്താൽ പോരെ എന്നൊർത്ത്‌ വീണ്ടും ശബ്ദം കുറച്ച്‌ തുടങ്ങി.. കുറച്ച്‌ കൂട്ടി, കുറച്ചു കൂട്ടി.. വലിയ കുഴപ്പമില്ല എന്ന പരുവത്തിലായപ്പോൾ പഴയ പടിയായി..

അദ്ദേഹത്തിന്റെ ശൗര്യം ഇരട്ടിച്ചു..ക്ലാസ്സിലേക്ക്‌ കൊടുങ്കാറ്റു പോലെ വന്നു..ഏതു മണവും പിടിക്കുന്ന ശുനകന്മാർ മിണ്ടാതിരുന്നു...പെട്ടെന്നുള്ള ഇവന്മാരുടെ ഈ നിശബ്ദത എന്തിന്റെ ദു:സ്സൂചനയാണെന്ന് തിരിച്ചറിയാത്ത മുൻ ബെഞ്ചിലിരുന്ന നാം അറിയാതെ സംഭവം അറിയാൻ തിരിഞ്ഞു നോക്കിപ്പോയി..

അപരാധിയെ കിട്ടിയെന്ന മട്ടിൽ നിരപരാധിയായ നമ്മുടെ ദേഹം തകിലു കൊട്ടുന്ന മാരാറെ പോലെ "ടപ്പേ..ടപ്പേ..ടപ്പേന്ന് മൂന്നു നാല്‌ അടി!.കിറുങ്ങിപ്പോയി..ഭൂമി കുലുക്കമല്ല!...അൽപം കഴിഞ്ഞപ്പോഴാണ്‌ എന്താ സംഭവിച്ചത്‌ എന്ന് തന്നെ ഓർമ്മ വന്നത്‌!.... ആകെ തരിപ്പായിരുന്നു.. അടുത്തിരിക്കുന്നവനെ നോക്കി.. അവൻ ".. ഒന്നുമില്ല..ടേയ്ക്‌ ഇറ്റ്‌ ഈസി. സമ്മാനമല്ലേ ഒരു പ്രശ്നമാക്കേണ്ട... ക്ലാസ്സിലുള്ള എല്ലാവർക്കുമുള്ള പ്രതിനിധിയായി സന്തോഷത്തോടെ ഏറ്റു വാങ്ങൂ കുട്ടാ...".....എന്ന മട്ടിൽ കണ്ണിറുക്കി മിണ്ടാതെ നിന്നു..നമുക്ക്‌ കരച്ചിൽ വന്നു..ഇങ്ങനെ ഒഴുക്കിക്കളയാനുള്ളതാണോ കണ്ണീർ എന്നോർത്ത്‌ മാത്രം ക്ഷമിച്ചു..ഇല്ലെങ്കിൽ കാണാമായിരുന്നു...!.. നിരപരാധിയായ നമ്മുടെ കണ്ണീരു വീണ്‌ ഒരു ക്ലാസ്സു തന്നെ ഒഴുകിപ്പോകുന്നത്‌!..

അടി നമുക്ക്‌ പുല്ലാണ്‌ .. പക്ഷേ നിരപരാധിയായ നമ്മെ.. അത്‌ ആയിരം അപരാധികളെ ശിക്ഷിക്കാതെ വിട്ടാലും ഒരു നിരപരാധിയെ പോലും ശിക്ഷിക്കില്ലെന്ന് ഭരണഘടനയിൽ എഴുതി തന്നിട്ട്‌ ഈ മഹാപാപിയായ അദ്ധ്യാപകൻ നമ്മെ നോവിച്ചുവല്ലോന്ന സങ്കടം..

അയാൾക്ക്‌ സമാധാനമായി.. ഒരു അപരാധിയെ കിട്ടിയല്ലോ?...നിരപരാധിയായ നമ്മെ ദ്രോഹിച്ചു വിട്ട അയാൾക്ക്‌ ഉറക്കം ഒരു പ്രഹേളികയാകട്ടേ എന്ന് നാം ശപിച്ചു... ഇനിയെങ്കിലും നിരപരാധികളെ ഇങ്ങനെ ഉപദ്രവിക്കരുത്‌...അയാൾ ഉറക്കം കിട്ടാതെ അരയൗൺസ്‌ ഗുൽഗുലു തിക്തക വിദേശമദ്യ സേവ നിത്യം തുടങ്ങി പണ്ടാരമടങ്ങിയിട്ടുണ്ടാകും.. ഹേ ബ്ലോഗേർസ്‌
അതാണു പറയുന്നത്‌ ഒരിക്കലും നിരപരാധി തിരിഞ്ഞു നോക്കരുത്‌!.. അപരാധി കാച്ചിക്കളയും!
.. ഒരു നിരപരാധി ഒരു സംഭവവും കണ്ടാൽ കണ്ടു കളയാമെന്ന് കരുതി തിരിഞ്ഞു നോക്കി  നടക്കരുത്‌!.ഓടി വീടണയണം.ഇല്ലെങ്കിൽ അപരാധിയുടെ കിരീടം ചാർത്തി അവന്മാർ നിരപരാധികളെ എഴുന്നള്ളിച്ചു കൊണ്ടു പോയേക്കാം..!.. നമ്മുടെ പരീക്ഷണം നിങ്ങൾക്കൊരു മുതൽക്കൂട്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

ബുധനാഴ്‌ച, സെപ്റ്റംബർ 22, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പത്താം സർഗ്ഗം)

നോം പന പോലെ വളർന്നു... ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക്‌!..അവിടേയും ബർമുഡ തന്നെ നമ്മുടെ അന്തർദ്ദേശിയ വിശുദ്ധവസ്ത്രം!

. തടവറയിൽ നിന്നും സ്വതന്ത്ര്യത്തിലേക്ക്‌ എടുത്തു ചാടിയ സുഖം.... സമരമുണ്ട്‌... ലീവുണ്ട്‌.. തല്ലാനും കൊല്ലാനും ആരും ഇല്ല..!..സ്കൂളിൽ പോകും മുന്നേ അറിയാം .. സമരമുണ്ട്‌!.. ഇല്ലെങ്കിൽ മനസ്സിൽ നേതാക്കന്മാരുടെ തന്തയ്ക്ക്‌ വിളിക്കും.. " ഒന്നിനും കൊള്ളാത്ത ശവങ്ങൾ!

... പക്ഷേ ബസ്സുകാരുടെ പ്രശ്നം!...കണ്ടെക്ടറും ക്ലീനറും നമ്മോട്‌ ആജന്മ ശത്രുക്കളുടേതു പോലെയാ പെരുമാറ്റം..പത്തു പൈസക്കൊരു വിലയുമില്ലെന്നേ..നമ്മൾ അടിച്ചു പരത്തിയ എന്തോ അലുമിനിയം സാധനം കൊടുക്കുന്ന ഒരു നോട്ടം!..വിറക്‌ അട്ടിയിട്ട പോലെ തള്ളി തള്ളി നമ്മളെ അട്ടിയിടും.. ചിലപ്പോൾ നമ്മെ കയറ്റാതെ പോകും.. അവരുടെ വിചാരം മുതലാളി അവരുടെ അപ്പനാണെന്നാ... ആണോ ആ ആർക്കറിയാം!... നാം ചോദിക്കാൻ പോയില്ല്യ.. നമ്മൾ ചോദിച്ചിട്ട്‌ അവർ ഇനി അതിന്റെ ഗമയിൽ ഞെളിഞ്ഞു നടക്കേണ്ട!
 
..എന്തായാലും നമ്മളെ അവർക്ക്‌ കണ്ടൂടാ...ഒന്നൂകിൽ ഇവർ സ്കൂളിൽ നമ്മെ പോലെ പോയിരിക്കില്ല.. അല്ലെങ്കിൽ ഇവന്മാർ വിദേശികൾ!..അതിനാൽ അവിടെ ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാന്നും പറഞ്ഞ്‌ നമ്മളെ ബ്രെഡ്ഡിനു ചവിട്ടിക്കൂട്ടുമ്പോലെ ചവിട്ടിക്കൂട്ടിയാൽ കിളിക്ക്‌ സമാധാനമായി... പിന്നെ കിളിയുടെ ശംഖനാദം.!!. യുദ്ധം തുടങ്ങീന്നർത്ഥം!.. ബസ്സു സ്റ്റാർട്ടു ച്യ്തു ഡ്രൈവർ!...വിമാനം പറപ്പിക്കുന്ന പൈലറ്റായിരുന്നെങ്കിൽ ഇയ്യാളൊക്കെ ദുബായിക്കു പറപ്പിക്കേണ്ട വിമാനം അമേരിക്കേക്ക്‌ വിടും!.. നമ്മളെ സ്റ്റോപ്പിലിറക്കില്ല.. ഇറക്കിയാൽ ഒരു കുറച്ചില്‌.. പത്തു പൈസയും തന്ന് സുഖമായി നിന്നു യാത്ര ചെയ്തതല്ലേ.. ലേശം നടന്നാൽ പിത്തം ഉരുകും എന്ന ഒരു മട്ടും ഭാവവും! ..പഠിച്ചു ക്ഷീണിച്ചു വരുന്ന നമ്മെ ഇവന്മാർക്കെന്താ ബസ്സു നിർത്തി വീട്ടിലേക്ക്‌ എടുത്ത്‌ കൊണ്ടു പോയി ആക്കിയാല്‌ എന്ന ഒരു ഭാവം നമ്മൾക്കും !... വെറുതെയല്ലല്ലോ  പത്ത്‌ പൈസ എണ്ണിക്കൊടുത്തിട്ടല്ലേ!.. ആരുടേയും ഒരു ഓശാരത്തിനും അന്നും ഇന്നും നമ്മൾ പോയിട്ടില്ല.. അപ്പോൾ പിന്നെ കണ്ണുരുട്ടി ഉരുട്ടി വേറുതേ എന്തിനാ കണ്ണിന്റെ ഗോളം തെറിച്ചു താഴെ വരാൻ ഇടവരുത്തുന്നത്‌!

എട്ടാം ക്ലാസ്സിൽ ഒപ്പം പഠിച്ചു കുറച്ചു ഷേണായിമാർ!.എന്തൊരു പഠിത്തം!.. എന്തൊരു പഠിത്തം!.. ഹോ .. ഹോ... അന്നേ നാം കണക്കു കൂട്ടിയതാ.. എവന്മാരൊന്നും ഗതി പിടിക്കില്ലെന്ന്.. ... മഹാന്മാരൊക്കെ ഓരോ ഗതികിട്ടാത്ത നിലയിലായി.. നാമന്നേ കരുതീതാ..ഇങ്ങനെ പഠിച്ച്‌ തലപുണ്ണാക്കിയിട്ട്‌ എന്തെടുക്കാനാ...?.. പഠിച്ച്‌ പഠിച്ച്‌ ഭ്രാന്തെങ്ങാൻ വന്നാൽ പോയില്ലേ.. അവന്റെ അഹങ്കാരം!.... ആളുകളുടെ തല തെറ്റാൻ അത്രയ്ക്ക്‌ സമയം വേണോ? ..

...ഇന്ന് ചിലർ ഡോക്ടറായി, ചിലർ കമ്പ്യൂട്ടർ എഞ്ചിന്യോറായി അമേരിക്കയ്ക്ക്‌ പറന്നു.. .പറഞ്ഞാൽ മനസ്സിലാവാത്ത ആളുകൾക്ക്‌ അങ്ങിനെ തന്നെ വരണം!!..അനുഭവിക്കട്ടേ.. എന്നാലെ പഠിക്കൂ.!!..... ഒരുവൻ എന്റെ നോട്ട്‌ നോക്കിയെഴുതും... അവനെ നമ്മൾ നോട്ടമിട്ടു.. അവൻ ഏറിവന്നാൽ ഒരു വാധ്യാര്‌.. സത്യമായി അത്‌.. ഇന്ന് ലക്ചറർ ആയി അവൻ കൺകണ്ട പെൺപിള്ളേരുടേയും ആൺ പിള്ളേരുടേയും ശാപം വാങ്ങി.. നശിച്ചു നാറാണക്കല്ലെടുത്ത്‌ നടക്കുന്നു.. ഗുരുത്വദോഷം.. പഠിപ്പിക്ക്യെന്നേ..പഠിപ്പിക്യ.. ഇത്രയും ശാപം കിട്ടാൻ മാത്രം എന്തു ദോഷാ അവൻ ചെയ്തത്‌ ... ആ ആർക്കറിയാം!..അവനു ശാപമോക്ഷം കൊടുക്കണേ പര ദൈവങ്ങളേ...
നമ്മോടൊപ്പം പഠിച്ച്‌ വല്യ നിലയിലായ ഒരു ഓട്ടോറിക്ഷക്കാരൻ ഇന്നാളൊരു ദിവസം നമ്മോട്‌.. " ഇസ്തിരിം ഇട്ട്‌ വടിവൊത്ത കുപ്പായം ഇട്ട്‌ എങ്ങോട്ടാ....എന്താ ഇപ്പോൾ പണി!"..
അവന്‌ വല്യ ഭാവം... നാം ക്ഷമിച്ചു.. നമ്മെ മനസ്സിലാക്കാതെയല്ലേ ഈ കൃമി...സാരമില്ല !..
"..ഒന്നുമില്യാ.."-
"..ഒന്നുമില്യാണ്ട്‌...."
" പണീംണ്ട്‌...ഒരു പാട്‌! .
"എന്തു പണീ"
".. തിന്നുക ..സുഖിക്കുക.. കിടന്നുറങ്ങുക.!".
...സോ സിമ്പിൾ!..അതിന്റെ അഹങ്കാരമൊന്നും നമ്മൾ കാട്ടാറില്ല.. വേണമെങ്കിൽ നമ്മുടെ പട്ടി കാട്ടിക്കോട്ടേ!..നമുക്ക്‌ നെവർ മൈൻഡ്‌!
"ഒന്നും ആയില്യാ ..ലേ" -അഹംഭാവത്തിന്റെ ഒരു പോക്ക്‌! ...ഈ പറഞ്ഞ പണികൾ നിന്റെ മറ്റവൻ എടുക്കുമോന്ന് ചോദിക്കാൻ ഒരുങ്ങിയതാ.. പോട്ടെ .. ന്നാലും ഒപ്പം പഠിച്ചോനല്ലേ!
".... തിരക്കുണ്ട്‌.. വരാം പിന്നെക്കാണാം!.. ബസ്റ്റാൻഡില്‌ പോയി നാലു പിള്ളാരെ കാണാൻ കൂടെ ഇവന്മാർ സമ്മതിക്കില്ല.. നാം അവിടെയെത്തിയില്ലേങ്കിൽ അവരൊക്കെ അവരുടെ വഴിക്ക്‌ പറന്നു പോയി കളയും...അന്നത്തെ പണി പോയില്ലേ..നമ്മൾ സമയം മെനക്കെടുത്തിയതു വെറുതേ!.. പിന്നെ അന്ന് അവധിയെടുത്ത്‌ വീട്ടിലേക്ക്‌ തന്നെ തിരിച്ചു പോകണം..നാലു മണി വരെ മതി.. അപ്പോഴേക്കും ജോലി സ്റ്റാർട്ട്‌ ചെയ്യാം. ...ന്നാലും രാവിലേയുള്ള ജോലിയുടെ മേന്മ അതിനുണ്ടാവില്ലല്ലോ.. എന്തിനും ഏതിനും രാവിലെയാ നല്ലത്‌!..നമ്മുടെ തിരക്ക്‌ അറിയാത്ത അജ്ഞാനി!..തൂഫൂ!--നാം ബബിൾഗം തുപ്പിക്കളഞ്ഞു....തുപ്പേണ്ട സാധനം തുപ്പിക്കളയണം .. ഇല്ലേങ്കിൽ ആരും ഗതി പിടിക്കില്ല്യാ..തൊണ്ടയിലെങ്ങാൻ കുരുങ്ങിയാൽ കുഴങ്ങീലോ...മരിച്ചു പോവും!

അപ്പോൾ പറഞ്ഞു വന്നത്‌ ...8 എ ക്ലാസ്സ്‌ പിരിച്ചു വിട്ടു..."എ" എന്ന പദം ഹെഡ്മാഷ്ക്ക്‌ കൊറച്ചിലുണ്ടാക്കീട്ടുണ്ടാകും!..പഴയ ഓർമ്മയോ മറ്റോ ആവാം പിള്ളേർ വഴി പിഴക്കേണ്ടാന്ന് കരുതീട്ടുണ്ടാവും!..അതിനാൽ "എ" ഡിവിഷൻ വേണ്ട!...ബാക്കിയുള്ള ഡിവിഷനിലേക്ക്‌ നമ്മളെ അഭയാർത്ഥികളായി അയ്യഞ്ചു പേരെ വീതം അയച്ചു..നാം ചെന്നു കയറിയത്‌.. പഠനം അസ്സഹനീയമായി കരുതുന്ന ഡിവിഷനിലേക്കും..8 ജി.. അവിടെ എപ്പോഴും കളി തന്നെ.. പൂജ്യം ഇട്ടു കളിക്കണം, സിനിമാ പേരു പറഞ്ഞു കളിക്കണം...എന്തെല്ലാം.. എന്തെല്ലാം ..ഹൊ.. ഹൊ...എല്ലാം നമ്മൾ തന്നെ കളിക്കേണ്ടേ...അടുത്തുള്ള ഡിവിഷനിലുള്ളവരെ കൂട്ടണം എന്ന് നമ്മൾക്ക്‌ ആഗ്രഹമുണ്ട്‌.. അവരൊക്കെ തനി കണ്ട്രിയാ.. വെറും പുസ്തക ഞാഞ്ഞൂൽ!...എന്തൊക്കെ കളിച്ചാലും നമ്മൾക്ക്‌ ക്ഷീണം!.. ഹേയ്‌ അശേഷമില്ല!.. ഭയങ്കര എനർജിയാ..!".. മാഷന്മാർ വരും പാഠമെടുക്കും അതവരുടെ ഡ്യൂട്ടി.. കുഞ്ഞുങ്ങളെ പോറ്റാനുള്ളതല്ലേ.. നമ്മൾ അതിൽ തലയിട്ടു കൂട... ശാപം കിട്ടും..ശാപം!...ഇതു പോലെ സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തുണ്ടോന്ന് സംശയം ആയി..അങ്ങനെ നാം ആർമ്മാദിച്ചു..

ക്ലാസ്സിൽ അഭയാർത്ഥികളായി എത്തിയതിനാലാകണം ചില വിഘടന വാദികൾ നമ്മെ വരത്തന്മാരായി കരുതി..

ഒരീസം അതുണ്ടായി...ഫിസിക്സ്‌ സാറിന്റെ ക്ലാസ്സ്‌ .! ആകെ നിശബ്ദം..ടെസ്റ്റ്ബുക്ക്‌ കൊണ്ടുവന്നില്ലേങ്കിൽ അദ്ദേഹത്തിനു രക്തരക്ഷസ്സിനെ പോലെ ഹാലിളകും... തോളിടുക്കിൽ നുള്ളി രക്തം കണ്ടാൽ മാത്രമേ ശാന്തമാകൂ!..രക്തം വേണം രക്തം എന്ന മട്ട്‌!..ആയിക്കോട്ടെ തമ്പ്രാ.. ലേശം ശ്രദ്ധിച്ച്‌ അധികം വേദനയില്ലാതെ എടുത്തോളൂന്ന മട്ടിൽ നമ്മളും!...അന്ന് ക്ലാസ്സ്‌ ലീഡർ വന്നില്ല.. നമ്മെ ക്ലാസ്സിന്റെ നിയന്ത്രണം ഏൽപിച്ച്‌ ഫിസിക്സ്‌ അദ്ദേഹം പുറത്തു പോയി.. വരത്തനായ നമ്മെ ആരനുസരിക്കാൻ..!

കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു.."സംസാരിച്ചവരുടെ പേരു ഹാജരാക്കാൻ കൽപന!"

നാം ഹാജരാക്കി... സ്റ്റാൻഡ്‌ അപ്പ്‌ ആയ മഹാന്മാരുടെ തോളിലെ രക്തം കുടുകുടാ ചാടിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ കൂർത്ത നഖങ്ങളിലൂടെ...!

അദ്ദേഹം പോയി.. പ്രേതബാധ ഒഴിഞ്ഞവരെല്ലാം നമ്മുടെ നേരെ..!

ഉച്ചയ്ക്ക്‌ വിട്ടപ്പോൾ തോറ്റ്‌, തോറ്റ്‌ ബെഞ്ചു തഴമ്പു പിടിപ്പിച്ച നമ്മുടെ താതന്റെ പ്രായമായ ഒരുവൻ കത്തിയുമായി വന്നു എന്റെ പുറകേ.." നിന്നെ കുത്തി മലർത്തും ഹിമാറേ!..എന്റെ പേരെഴുതും അല്യോടാ...".

നാം ഓടി.. ഹേഡ്മാഷിന്റെ റൂമിനു പുറത്ത്‌ അഭയം പ്രാപിച്ചു.. ആരോടും പറഞ്ഞില്ല.. പറഞ്ഞെങ്കിൽ അവൻ കുത്തും ഒരു സംശയോം ഇല്യ!...നമ്മൾ കൊള്ളും ഒരു തർക്കവും ഇല്ല!..നമ്മോടാ അവന്റെ കളി!"

പിറ്റേന്ന് യദാർത്ഥ ക്ലാസ്സ്‌ ലീഡർ വന്നു.. നാം അവനോട്‌ പറഞ്ഞു.." ഇവന്മാരോട്‌ എന്റെ ജീവൻ വിട്ടു തരാൻ പറ!... ഇല്ലെങ്കിൽ നീയ്യും കൂടി എന്നെ കൊന്നു തിന്ന്!"

അവൻ അവരുടെ അടുത്തു ദൂതുമായി പോയി അവരെ ശാന്തരാക്കി.. "...പറ്റിപ്പോയതാടാ അവന്‌.. ക്ഷമിക്ക്‌.. അവൻ പാവമാ!"

മഹാ പാപി നമ്മുടെ അടുത്തു വന്നു.." വീണ്ടും കത്തി കാട്ടി പറഞ്ഞു .. ഇനിയിതാവർത്തിച്ചാൽ.. ഇസ്കൂളു മാത്രമല്ല പുറത്തും സ്ഥലമുണ്ട്‌.. ഓർത്താൽ നിനക്ക്‌ കൊള്ളാം!"
".. ഇല്ല!.. നാം ആവർത്തിക്കില്ല.. സത്യം!... " - നാം അങ്ങിനെ സന്ധി ചെയ്തു.. ഒരിക്കൽ കൂടി സ്റ്റീലിന്റെ തിളങ്ങുന്നകത്തി കാട്ടി അവൻ മുരണ്ടു.."ഓർമ്മേണ്ടല്ലോ?". പിന്നേ ഇവൻ ഒലത്തും.. എന്നാലും ഒരു മല്ലയുദ്ധത്തിൽ കത്തികൊണ്ട്‌  മോക്ഷം കിട്ടാതെ വീരചരമം പ്രാപിക്കുന്നതിനേക്കാൾ നല്ലതല്ലേ സന്ധിചെയ്ത്‌ സുഖമായി എവിടെയെങ്കിലും പോയി ഇരിക്കുന്നത്‌!

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഒൻപതാം സർഗ്ഗം)

സൗറാ

അയലോക്കത്തെ സൗറാ മതിലിൽ കയറിയിരിക്കും.. മരത്തിൽ വലിഞ്ഞു കയറും.. ഒരു ആണിന്റെ ശൗര്യം!.".വാവാനായ പെണ്ണാണ്‌.. മതിലിന്മേലാ ഇരുത്തം ഇറങ്ങെടീ ഒരുമ്പെട്ടോളേ!!.". അവളുടെ ഉമ്മയും ശബ്ദമുയർത്തും അവൾക്കൊരു കൂസലും ഇല്ല! ( വാവാനായ എന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ കല്യാണം കഴിപ്പിച്ചു വിടാറായ പെണ്ണാണെന്ന് സാരം!)

നമുക്കാണെങ്കിൽ അറപ്പും!... മൂക്കിന്നൊലി കണ്ടാൽ നമുക്ക്‌ ചോറു കൂടെ ഇറങ്ങില്ല... അസത്ത്‌!.. നമുക്കും ജലദോഷം വന്നാൽ മൂക്കിന്നൊലി വല്ലപ്പോഴും വന്നൂച്ചാലും ആരാന്റെ മൂക്കിൽ നിന്ന് ഒലിക്കുന്നത്‌ കാണണമെന്ന് നേർച്ചയൊന്നും ഇല്ലല്ലോ?..ഇത്‌ നോൺസ്റ്റോപ്പ്‌ ഒലിപ്പ്‌!..ടാപ്പ്‌ ഈസ്‌ ഓൺ എന്നർത്ഥം!.. ചിലപ്പോൾ അണ്ഡ കടാഹം വിറങ്ങ്ലിച്ചു നിൽക്കേണ്ട വണ്ണം ഒരു വലി മുകളിലേക്ക്‌ വലിക്കും.. താഴേക്ക്‌ കുതിച്ചു ചാടി ചുണ്ടിൽ മുത്തമിട്ട മൂക്കിള മുകളിലേക്ക്‌ കുതിക്കും ! നാക്കു കൊണ്ട്‌ മൂക്കിള മുത്തമിട്ട ചുണ്ട്‌ വൃത്തിയാക്കും!..കാണാനെങ്കിൽ വൃത്തിയും വെടിപ്പുമില്ല.. കുരുത്തക്കേടാണെങ്കിൽ അസംഖ്യം!..

ഒരേ പ്രായക്കാരായ നമ്മെ അവൾക്ക്‌ വല്യ ഇഷ്ടമാണ്‌...അവൾ തൊട്ടാൽ ആറു പ്രാവശ്യം കുളിച്ചാലും ലേശം ചെളി ബാക്കിയുണ്ടോന്ന സംശയം നമുക്ക്‌..കാരണം മൂക്കിൻ ദ്രാവകം ടപ്പേന്ന് കൈ കൊണ്ട്‌ കുടഞ്ഞെറിഞ്ഞ്‌ അവളുടെ പാവാടയിൽ ഉരയ്ക്കും..ചിലപ്പോൾ മൂക്ക്‌ മൊത്തമായും ചുമലുകളിലേക്ക്‌ നീളും!.. തലങ്ങും വിലങ്ങും തല ഉരുട്ടും!..സംഗതി ക്ലീൻ!.. ഇതിനെന്താപ്പോ ഇത്ര നാണിക്കാൻ എന്ന മട്ടിൽ വീണ്ടും മതിലിൽ കയറി ഇരിക്കും.. കൊഞ്ഞനം കുത്തും.. എന്തൊക്കെയോ ചോദിക്കും നമ്മോട്‌..

ഈ നാം ഹമ്മേന്ന് കണ്ണു പൊത്തും...!...ചോദ്യങ്ങൾക്ക്‌ ഉരുളയ്ക്ക്‌ ഉപ്പേരി എന്ന മട്ടിൽ ഉത്തരം പറയും നാം. .. !

പാലു വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ വരും..അപ്പോഴും നമ്മെ വെറുതെ ഒരടി അടിച്ച്‌ ഓടും.. ചിലപ്പോൾ കൈകളിൽ തോണ്ടും!..അവിടെമാകെ അവളുടെ അക്ഷയ പാത്രമായ മൂക്കിൽ നിന്നുള്ള മൂക്കിള വ്യാപിച്ചോന്ന് കരുതി സോപ്പിട്ട്‌ കഴുകും നാം.. നാളെ ഇവിടെ വരൂലോ.. നിനക്ക്‌ ഞാൻ വെച്ചിട്ടുണ്ട്‌ .. നാം ദേഷ്യം കൊണ്ട്‌ പുലമ്പും!.പാലു വാങ്ങിപ്പോയാൽ കുരങ്ങിനെ പോലെ ഓടി മതിലിൽ ഇരിക്കും...എന്തിനാണ്‌ ഇവൾ മതിലിൻ പുറത്ത്‌ ഇരിക്കുന്നത്‌??..ശരിക്കും മതിലിന്മേൽ വെച്ച പ്രതിഷ്ഠ പോലെയാണ്‌ അവൾ!

ചിലപ്പോൾ നമ്മെ കണ്ടാൽ പാത്തു പതുങ്ങി വന്ന് ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ വെള്ളമെടുത്ത്‌ നമ്മുടെ ദേഹത്ത്‌ ചീറ്റിക്കും... മടലെടുത്ത്‌ നിന്റെ നടുപ്പുറം കടപ്പുറം ആക്കും അസത്തേന്ന് പറഞ്ഞ്‌ അവളുടെ വീടു വരെ ഓടിക്കും!..
അവളുടെ ഉമ്മയെ കണ്ടാൽ നാമൊന്നും അറിയാത്ത പോലെ നടക്കും....മറ്റൊന്നും കൊണ്ടല്ല എന്തിനാ വെറുതെ നാമായിട്ട്‌ അവരുടെ വായിലെ തെറിവിളിയുടെ മൊത്ത വിതരണ ഏജൻസി ഏറ്റെടുക്കുന്നത്‌?.. അവർക്കറിയില്ലല്ലോ ആരാണ്‌ കുഴപ്പക്കാർ എന്ന്!..നമ്മളുടെ അമ്മയെ കണ്ടാലും ഒന്നും നാം ഉരുവിടാറില്ല!.. .നാമെത്ര പാവമാണെന്ന് ആണിയിട്ട്‌ അടിച്ച്‌ പറഞ്ഞാലും എല്ലാവരും പറയും .. വിളഞ്ഞ വിത്താ... ആരാ സാധനം ന്ന് അറിയോ?... നിരപരാധിയെ തൂക്കിലിടുന്നതും കുരിശിൽ തറക്കുന്നത്‌ ആളുകൾക്ക്‌ ആഹ്ലാദകരമാണ്‌!.. .ഇവനൊന്നും ജീവിക്കാൻ അർഹനല്ല എന്നതു കൊണ്ടാകാം അത്‌!..ആ സമയത്തൊക്കെ ആരെങ്കിലും അവളുടെ രക്ഷയ്ക്കെത്തും വീണ്ടും മതിലിൽ കൊഞ്ഞനം കുത്തി അവളിരിക്കും..!
ഇല്ലെങ്കിൽ അവളുടെ കൈ കാൽ നമ്മൾ അന്നേ തല്ലി ഒടിച്ചിട്ടുണ്ടാകും!...
 
വീട്ടുകാർ മതിൽ അവൾക്കിരിക്കാനായി പണിതതാണെന്നു തോന്നും.. ഒരു നാൾ  മുളകു പൊടി വാരി അവളുടെ ഉമ്മയോ മറ്റോഅവളുടെ ദേഹത്ത്‌ ഉരയ്ക്കുക വരെ ചെയ്തു കുരുത്തക്കേട്‌ സഹിക്കാൻ വയ്യാതെ!... എന്നാലും അവൾക്കൊരു പ്രശ്നവും ഇല്ല... അവൾ കാറി വിളിക്കുന്നു.. വിളിക്കട്ടേ.. കുരുത്തക്കേട്‌ ഉള്ളതിനാലല്ലേ.. നമ്മെ കൊഞ്ഞനം കുത്തിയ വകയിൽ ദൈവം കൊടുത്ത സമ്മാനം!...സന്തോഷം തോന്നി ആദ്യം.. അതിനു കിട്ടണം കിട്ടിയാൽ പോരാ. ..പക്ഷെ രംഗം കണ്ടപ്പോൾ നമ്മുക്ക്‌ സങ്കടം തോന്നി .. എന്നാലും ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു..അത്‌ ഫൗൾ! അവൾ നിലത്ത്‌ പിടഞ്ഞുരുളുന്നൂ...ദേഹം പുകയുന്ന വേദന നമ്മെ വല്ലാതെ വിഷമിപ്പിച്ചു..
പാവം!..പക്ഷെ കയ്യിലിരിപ്പ്‌!

അവളുടെ വീട്ടുമുറ്റത്തെ മാവിൽ  നല്ല സ്വാദുള്ള മാങ്ങകൾ ഒരു പാട്‌ ഉണ്ട്‌.. പക്ഷെ നമ്മുടെ മാവിന്റെ മാങ്ങകൾ  അവൾക്ക്‌ പ്രീയംകരം!..കാറ്റിൽ മാങ്ങ വീഴുന്നതു കണ്ട്‌ നമ്മൾ ഓടിയടുക്കുമ്പോഴേക്കും മതിലു ചാടി അവൾ മാങ്ങ കരസ്ഥമാക്കും !.. ഒരിക്കൽ പിടിച്ചു വലിച്ച്‌ മാങ്ങ കരസ്ഥമാക്കി.. പക്ഷെ പെട്ടെന്ന് ഓർത്തു.. മൂക്കിന്നൊലിച്ചിയുടെ മൂക്ക്‌ വീണു ആ മാങ്ങയുടെ പുറംതൊലി കുതിർന്നിരിക്കും ...തിന്നാൻ നോക്കിയപ്പോൾ വല്ലായ്മ തോന്നി. ഛേ.. ഓക്കാനം വന്നു...വെറിമൂത്ത അവൾ തന്നെ തിന്നട്ടേ.. അവൾക്ക്‌ എറിഞ്ഞു കൊടുത്തു.." കുരങ്ങന്റെ സ്വഭാവ ഗുണം അശേഷം ഉണ്ട്‌ അതിന്‌.. അത്‌ ഏറ്റു വാങ്ങി മതിലിന്മേൽ കയറി.. കറും മുറും ന്ന് തിന്ന് മാങ്ങയണ്ടി ഊമ്പിക്കുടിച്ച്‌ , കൈ നക്കി നക്കി..നമ്മെ നോക്കും..പിന്നെ കൊഞ്ഞനം കുത്തും!.. അസത്ത്‌ തന്നെ കുരങ്ങ്‌ ജന്മം!..
നോം തിരിച്ചങ്ങട്‌ കൊഞ്ഞനം കുത്തി...കണ്ടില്ലേ അവളുടെ അഹമ്മതി.. നമ്മളെ നോക്കി അവൾ രണ്ടു തവണ കൊഞ്ഞനം കുത്തി..ഒരാണിനെ നോക്കി കൊഞ്ഞനം കുത്താൻ വളർന്നൂ അവൾ.. നമ്മെ അത്‌ കോപാകുലനാക്കും! അടുപ്പിക്കാൻ കൊള്ളാത്ത ശവി...മാങ്ങ കൊടുത്ത നന്ദി വേണ്ടെ!"..നഹി ഹേ.. ബ്ലോഗേർസ്‌ !.. നഹീ...

പെട്ടെന്ന് അവൾ വളർന്നു..വേഗത്തിൽ തന്നെ അവളെ കെട്ടിച്ചു കൊടുത്തു..എല്ലാം വളരെ പെട്ടെന്നായിരുന്നു... എന്തൊരു സൗന്ദര്യം!.. പഴയ സൗറയല്ല അവളെ കെട്ടിച്ചു കൊടുക്കുമ്പോൾ.. കണ്ടാൽ നോക്കി നിന്നു പോകും..പണ്ടെത്തെ കേട്ടപല്ലില്ല!പവിഴനിരകൾ പോലുള്ള പല്ലുകൾ!.. ചെന്തൊണ്ടി പഴത്തിന്റെ നിറം ചുണ്ടിന്‌.. !..സ്വർണ്ണനിറം ദേഹത്തിന്‌, മാധുര്യമൂറുന്ന ചിരി.. നല്ല അടുക്കും ചിട്ടയും ഉള്ള മനോഹരമായ പെരുമാറ്റം!..ന്റെ സൗറ... നീയ്യെങ്ങിനെ ഇത്രപെട്ടെന്ന് മാറി.. വിശ്വസിക്കാൻ കഴിഞ്ഞില്ല...

നാം പണ്ട്‌ അവളെ കണ്ടാൽ അറപ്പു കാട്ടിയെങ്കിലും ഒരു ദേഷ്യവും ഇല്ല ആ പാവത്തിന്‌!...വിവാഹം കഴിഞ്ഞപ്പോൾ ഉമ്മയേയും കൂട്ടി നമ്മെ കാണാൻ കൂടി വന്നു... നാം കാട്ടിയ അറപ്പുകൾ ഒന്നും അവൾക്ക്‌ സാരമില്ലായിരുന്നു.. ഒന്നിച്ചു കളിച്ചവർ എന്ന മട്ടിൽ അവൾ നമ്മോട്‌ കുശലാന്വേഷണം നടത്തി...അല്ല .സ്വന്തം സഹോദരന്റെ സ്ഥാനം തന്നെ നൽകിയിരുന്നു അവൾ നമുക്ക്‌.!..എനിക്ക്‌ അവളുമായി ഉള്ള ആകെ ബന്ധം ചാവാലിപട്ടിയെ എറിഞ്ഞോടിക്കുന്ന മട്ടിൽ എറിഞ്ഞോടിച്ച ബന്ധം!..അവൾക്ക്‌ നമ്മോട്‌ സഹോദരന്റെ അടുപ്പവും!...സങ്കടായിരുന്നു നമുക്ക്‌!... പാവം!..അവളോട്‌ അങ്ങിനെ പെരുമാറരുതായിരുന്നു!.. നാം എറിഞ്ഞോടിക്കുന്നതിലും ആനന്ദം കണ്ടെത്തിയവൾ!.. ഒരു പക്ഷെ നമ്മുടെ മുൻ ജന്മത്തിലെ നമ്മുടെ സഹോദരിയായിരിക്കുമോ അവൾ!

പെട്ടെന്നൊരുനാൾ അറിഞ്ഞു എന്തോ രോഗം വന്ന് സൗറ  മെഡിക്കൽ കോളെജിലേക്ക്‌ പോയിട്ടുണ്ട്‌..വയറു വേദനയെന്നാണ്‌ പറഞ്ഞത്‌ പക്ഷെ അവൾക്ക്‌ ഈ ഭൂമി ജീവിതം അവസാനിപ്പിക്കാൻ അതു തന്നെ ധാരാളമായിരുന്നു.." പാവം സൗറ!.." വർഷങ്ങളായെങ്കിലും അവളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടേ എന്ന് ഓർമ്മിക്കുമ്പോഴൊക്കെ പ്രാർത്ഥിച്ചു പോകുന്നു!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( എട്ടാം സർഗ്ഗം)

നമ്മൾ വയലുകളിൽ ഫുഡ്ബോൾ എന്നു പറഞ്ഞ്‌ കടലാസു ചുരുട്ടി ബോളാക്കി കളിക്കുമ്പോൾ ആവേശത്തിന്‌ വയലിൽ കിടന്ന് ഉരുളും..ഇല്ലെങ്കിൽ കളിക്ക്‌ എന്തു രസം!...
നമുക്ക്‌ നല്ല നിശ്ച്യംണ്ട്‌... നമ്മളെയൊക്കെ തഴഞ്ഞതാ ഭാസന്മാരും ആഭാസന്മാരും, നിറഞ്ഞാട്ടക്കാരും അഴിഞ്ഞാട്ടക്കാരികളും ആയി നൂറുകോടിയിൽ പരം നിറഞ്ഞൊഴുകുന്ന മഹാജനതയുള്ള ഇന്ത്യക്ക്‌ ലോകകപ്പിൽ ഒരു ചായകപ്പു പോലും വാങ്ങിക്കാൻ ആളുകളെ അയക്കാൻ ഭാഗ്യം സിദ്ധിക്കാത്തത്‌!..പുത്തി വേണം.. പുത്തി.. അതില്ലാഞ്ഞാൽ ഇങ്ങനെ അവരൊക്കെ വക്ക, വക്ക കളിക്കുമ്പോൾ നമ്മൾക്ക്‌ ചക്ക, ചക്ക എന്ന് പറഞ്ഞ്‌ വരട്ടി തിന്നാം...

നിന്റെ ദേഹം നിറചും ചെളിയാ..സോപ്പ്‌ തേച്ച്‌ കുളിക്കുമ്പോൾ ചെളി ഇറങ്ങി ഓടുന്നതായി ഒന്നാം അമ്മായിയുടെ തമാശ!.." ദേ.. നോക്ക്‌!...നിന്റെ ദേഹത്തെ ചെളിയാ ഒഴുകുന്നത്‌..കരി കരി പോലെ!"
..അതൊന്നും നോക്കാൻ നമുക്ക്‌ നേരമില്ല!
അമ്മായി തമാശിക്കട്ടേ...
"..സോപ്പ്‌ തേച്ച്‌ കുളിക്കുന്നതിനാൽ അതിന്റെ പതയാണെന്ന് നോം..."
എല്ലാവരും ചിരിക്കുന്നു..

ഇതൊക്കെ സോപ്പ്‌ കമ്പനിയുടെ ഒരു നമ്പറല്ലേ!... ആണ്‌.. ആളുകളെ പറ്റിക്കാനുള്ള ഒരു നമ്പർ!... ചെളിയാണ്‌ നമ്മുടെ ദേഹത്ത്‌ അവരുടെ സോപ്പ്‌ അതൊക്കെ ഇളക്കി കളഞ്ഞു എന്നു വരുത്തി വേണം അവർക്ക്‌ ഗമ കാട്ടാൻ!..നമ്മളെ ഗുലുമാലിലാക്കി പണക്കാരനാവുന്നവർ!.. വലുതാകും മുന്നേ തന്നെ നാം ഇതെല്ലാം മനസ്സിലാക്കിയിരുന്നു..പക്ഷെ ആളുകൾ വിശ്വസിക്കില്ലല്ലോ.. പരസ്യം ആളുകളെ ഫൂളൂകൾ ആക്കിയിരുന്നു....ഇതൊക്കെ വിളിച്ചു പറയുന്ന നമ്മളെ ബുദ്ധിയില്ലാത്തോനും!!

..രണ്ടാം അമ്മാവൻ ലീവിനു വന്നു...നടത്തം പോലും എയർഫോഴ്സ്‌ സ്റ്റൈലിലാണ്‌.. അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും!...നമുക്ക്‌ വിറയലാണ്‌...ഒന്നും ഉണ്ടായിട്ടല്ല.. ഒരു പേടി..!..ഒരു പക്ഷെ ആജ്ഞാ ശീലത്വമുള്ള ഘന ഗംഭീരമായ ശബ്ദമാണോ നമ്മെ ഭയപ്പെടുത്തുന്നത്‌... എന്നൊന്നും അറിയില്ല... സംഭവം സത്യമാണ്‌.. വല്ലാത്ത ഭയം!...അതിനാൽ ശബ്ദം പോലും ചിലപ്പോൾ എങ്ങോ പോയി ഒളിക്കും!..വെറും തലയാട്ടലായി ചോദ്യങ്ങൾക്കുത്തരം രൂപപ്പെടും...

മുന്നിൽ അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും... നമ്മളെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ആരാ ശ്രദ്ധിക്കാൻ!....മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതല്ലേ..അവനു കിട്ടുന്നെങ്കിൽ മുതലും പലിശയും അടക്കം അമ്പതിരട്ടി കിട്ടിക്കോട്ടേ നമുക്കൊരു ചേതവും ഇല്യാ എന്ന് മനക്കോട്ട കെട്ടി നടക്കുന്ന നമ്മുടെ മൂത്ത നമ്പിമാരോ?..നല്ല ചേലായി...എടാ നീ പോയി കുരുത്തക്കേട്‌ ഒപ്പിച്ച്‌ പിന്നീട്‌ കിടന്ന് കാറി വിളിക്കേണ്ട എന്ന് ആരും പറയില്ല..വേണമെങ്കിൽ പലിശയ്ക്കുള്ള വക ഒപ്പിച്ചു മുങ്ങിക്കളയും!

എന്തെങ്കിലും പുതിയ കളിപ്പാട്ടങ്ങൾ നമുക്ക്‌ തന്നാൽ അവർ തന്നെ പൊട്ടിച്ചിട്ട്‌ നാലും നാലുവഴിക്കാക്കി വെച്ചിട്ട്‌ നിരപരാധിയായ നമ്മെ ചൂണ്ടിക്കാട്ടി ഇവനാണ്‌ അപരാധി എന്ന് പറഞ്ഞു കൊടുത്ത്‌ തടി തപ്പുന്നവരെ എങ്ങിനെ നാം വിശ്വസിക്കും!

അതിനാൽ ഒരു ഒളിച്ചു കളി നമ്മുടെ ദേഹത്തിനു ആട്ടിൻ സൂപ്പ്‌ കുടിച്ച ഗുണം ചെയ്യും എന്ന ഒരു തിരിച്ചറിവ്‌!.. അത്‌ നമുക്ക്‌ ദോഷം ചെയ്തു.." കള്ളനാണിവൻ..ഒളിച്ചു നടക്കുന്ന കള്ളൻ!" അവർ നിരൂപിച്ചു.. നമുക്ക്‌ സങ്കടായി.....ന്നാലും..നോം അങ്ങിനെത്തോനാണെന്ന് സ്വപ്നത്തിൽ കൂടി നോം നിരൂപിച്ചിട്ടില്ല്യാലോ?...

...അമ്മാവന്റെ ഒപ്പം അമ്മായിയും ഉണ്ട്‌...കൂടെ ഒരു സ്റ്റൈലൻ ചെറുക്കനും!..
...ജനനം നമ്മുടെ വീട്ടിലല്ലാത്തതിനാൽ അവനെ നമുക്കത്ര പരിചയം പോരാ... എന്നാലും നമ്മുടെ അനിയൻ തന്നെ അവൻ .. നാം തീർച്ചയാക്കി!...നമ്മളേക്കാൾ സ്റ്റൈലൻ ചെറുക്കൻ അനിയനായുള്ളത്‌ നമുക്കും ഒരു മുതൽ കൂട്ടാ..ഒരു ഗമ!.. കാൽ പാദം നിലത്തു നിന്ന് ഒരു ഒന്നരയടിവരെ പൊങ്ങിക്കാണണം!.. എടാ പീറപ്പിള്ളാരെ.. നമ്മുടെ അനിയനെ നോക്ക്‌ നിന്റെ കുശുമാണ്ഡൻ അനിയനെ പോലെ മൂക്കീന്നൊലിയനല്ല!.. സ്റ്റൈലൻ! .. സുന്ദരൻ!..എന്നൊക്കെ വിളിച്ചു പറഞ്ഞില്ലേങ്കിലും ഭാവം മുഖത്ത്‌ വിരിഞ്ഞു നിന്നു...

"...ശുംഭൻ!! എവിടെയായിരുന്നു നീ ഇതു വരെ?.. അന്നേ വരാമായിരുന്നില്ലേ..ഒരനിയനു വേണ്ടി കരഞ്ഞു നടക്കുന്ന ഈ വേഴാമ്പലിനെ നീ എന്തു കൊണ്ട്‌ കണ്ടില്ല ഇത്രകാലം!".എന്നൊക്കെ പരിഭവം മനസ്സിൽ നിറഞ്ഞു കത്തി നിൽക്കുന്നു......

അമ്മായി മുകളിലെ നിലയിലേക്ക്‌ പോകുന്നു.. അതിനിടയിൽ നമ്മെ ചൂണ്ടി അവനോട്‌ പറഞ്ഞു . " മോനേ.... അതാ.. അതാണ്‌..ഏട്ടൻ!.."

നാം പെണ്ണുകാണാൻ വന്ന ചെറുക്കന്റെ മുന്നിലെ പെണ്ണിനെ പോലെ സന്തോഷം കൊണ്ട്‌ മതി മറന്നു..".... നമ്മെ പരിചയപ്പെടുത്തിയിരിക്കണൂ...അനിയൻ ആയിരിക്ക്ണൂ.. ഇനി നമുക്ക്‌ മരിച്ചാലും വേണ്ടില്ല!"...

അത്ഭുതം!..ചിരപരിചിതനായവനെ പോലെ പെട്ടെന്ന് തന്നെ അവൻ എന്നോട്‌ അടുത്തു..
ബർമുഡക്കാരൻ ചെക്കനായ നമ്മുടെ കൈ പിടിച്ച്‌ , വന്നു കയറിയ അനിയൻ ചെറുക്കൻ പറഞ്ഞു.."
"ഏട്ടാ എനിക്ക്‌ മുള്ളണം!"

..ആദ്യത്തെ കൂടിക്കാഴ്ച അലങ്കോലമാക്കാൻ തന്നെയാ അവന്റെ പടപുറപ്പാട്‌ എന്നൊന്നും ഓർത്തില്ല!
ഏട്ടൻ എന്ന വിളി നമുക്കങ്ങട്‌ "ക്ഷ"- ബോധിച്ചു.അത്ര തന്നെ!.

.. പക്ഷെ ഈ കുഞ്ഞിന്റെ കൈയ്യിൽ മുള്ളെങ്ങിനെ തറച്ചു ...ന്റെ ഈശ്വരന്മാരെ.!!..എന്ന് വിചാരിച്ചു.. . പെരുത്ത്‌ സങ്കടായി.. ച്ചാലും... ഒതുങ്ങി....നാം പരിശോധന തുടങ്ങി...
"..എവിടെയാ മോനു മുള്ളു തറച്ചത്‌..?"
..കൈ പിടിച്ചു നോക്കി.
.. അവൻ തുള്ളിക്കളിച്ചു പറഞ്ഞു.." എനിക്ക്‌ മുള്ളണം!"
"..നീ മുള്ളു കാണിച്ചു താ.. നാം എടുത്തു തരാം..കാലിനാണോ?"-
... ഈ നാം നിൽക്കുമ്പോൾ അതും എന്റെ പൊന്നനിയൻ ഒരു പീറമുള്ളു കൊണ്ട്‌ കരയുകയോ?.. ഛെ..നമുക്ക്‌ സഹിച്ചില്ല!!..ഈ നിഷ്കളങ്കനായ നമ്മുടെ മുന്നിൽ ഇവനെന്തിനിത്ര പരവേശം! നാം വീണ്ടും കൈയ്യും കാലും പിടിച്ചു പരിശോധന തുടർന്നു...ദേഹമാസകലം പരിശോധന തന്നെ .. പരിശോധന!
" അവൻ തുള്ളിക്കളിച്ചു കൊണ്ട്‌ പറഞ്ഞു.." എനിക്കു മുള്ളണം.!. എനിക്കു മുള്ളണം.!.എനിക്കു മുള്ളണം!"
നോം കുഴങ്ങീലോ... ഈ ചെറുക്കൻ മുള്ളു കാണിച്ചു തരുന്നുമില്ല.. തുള്ളിക്കളിയും തുടങ്ങീരിക്കുന്നു..
അവൻ ചിണുങ്ങാൻ തുടങ്ങും മുന്നേ നാം അവനെ നമുക്ക്‌ ഏൽപ്പിച്ച അമ്മായിയെ വിളിച്ചു...
" ഇവനു മുള്ളു തറച്ചൂന്നാ തോന്നണത്‌.. അമ്മായി തന്നെ ശരിക്കു ചോദിച്ചു നോക്കിയേക്ക്‌.. നമുക്കിവൻ മുള്ളു കാട്ടി തരണില്ല!."

"എന്താ?"
അവൻ പറഞ്ഞു.. " എനിക്കു മുള്ളണം!"

"..മോനേ... ഇവനു മൂത്രമൊഴിക്കണം എന്നാ പറഞ്ഞത്‌.. മൂത്രമൊഴിക്കാൻ സ്ഥലം കാട്ടിക്കൊടുത്തേ..."- അമ്മായി..

ശിവ!.. ശിവ!... മൂത്രമൊഴിക്കണം എന്ന് നേരെ ചൊവ്വേ പറഞ്ഞാൽ പോരെ.. ആദ്യമായിട്ടാ നാം മുള്ളണം എന്ന പദം കേൾക്കുന്നത്‌!...തലച്ചോറിന്റെ അദ്യന്തകോണിലെ ഡിക്‌ ഷണറിയിൽ നമുക്കജ്ഞാതമായ ഒരു പദം കൂടി എഴുതി ചേർത്തു നാം.." മുള്ളണം മീൻസ്‌ മൂത്രം ഒഴിക്കണം!..

....നമ്മൾ സ്കൂളിൽ ഒന്നിനു പോകണം എന്ന് പറഞ്ഞാൽ മൂത്രമൊഴിക്കണം... രണ്ടിനു പോകണം എന്നു പറഞ്ഞാൽ കാര്യ സാധ്യത്തിന്‌.. എന്നാണ്‌...അപ്പോൾ മൂന്നിനു പോകണം ന്ന് പറഞ്ഞാലോ ന്ന് നിങ്ങൾ ചോദിച്ചേക്കാം..അപാര ബുദ്ധിമാന്മാരുടെ ചോദ്യങ്ങൾക്ക്‌ അപാര ബുദ്ധിമുട്ടും ഉണ്ടാവാം!.. നമുക്കത്ര നിശ്ച്യം ഇല്ല്യ.. അതെന്നെ..!..സെന്റ്‌ മേരീസ്‌ സ്കൂളിലെ നിത്യകന്യകമാരായ സിസ്റ്റർമാരെ സ്വതവേ നമുക്ക്‌ പേടിയാ.. അവരെയല്ല ... അവരുടെ ചൂരലിനെ..അവർ ഒന്നും രണ്ടും മാത്രമേ പറഞ്ഞു തന്നിട്ടുള്ളൂ..മൂന്നിനെ കുറിച്ച്‌ ചോദിച്ചിട്ടില്ല്യാ...ക്ലാസ്സിൽ വെച്ച്‌ " ഇന്നാടാ നീ ചോദിച്ച ചോദ്യത്തിനുത്തരം എന്ന് പറഞ്ഞു ചൂരലാണ്‌ ഉത്തരം തരുന്നതെങ്കിലോ?.. നമ്മുടെ തുട ഇനി സ്റ്റീലിൽ പൊതിയണംന്ന് വരുത്തി തീർക്കും!...കൊടിമരം സ്വർണ്ണത്തിൽ പൊതിയുമ്പോലെ... ഇല്ലെങ്കിൽ ഇവന്മാർക്ക്‌ വല്യ വെളിവുണ്ടോ?..അടിയോടടി...കൈതരിപ്പ്‌ മാറും വരെയടി!ഹോ..അതൊന്നും നമുക്ക്‌ ആലോചിക്കാൻ വയ്യാ..ന്റെ തേവരേ!

.അതിനാൽ പറഞ്ഞു തന്നത്‌ കേട്ടു.. തലച്ചോറിലെ ചിപ്പിൽ പ്രോഗ്രാം ചെയ്തു വെച്ചു..
. ഇവനെ എങ്ങിനെ നാം നേരെയാക്കിയെടുക്കും... ഇവനെന്നെ കുറേ വലയ്ക്കുമല്ലോ എന്നോർത്തു കൊണ്ട്‌ അവനേയും കൂട്ടി പുറത്തേക്ക്‌ ഓടി..

തിരിച്ചു വന്നപ്പോൾ സ്വർഗ്ഗം കിട്ടിയ ആശ്വാസത്തോടെ അവനെന്റെ കയ്യും പിടിച്ച്‌ കുശലങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..

നമുക്ക്‌ തൃപ്തിയായി.... അവൻ ഇഷ്ടം പോലെ മുള്ളിക്കോട്ടേ.....മുള്ളട്ടങ്ങിനെ മുള്ളട്ടേ.. ഇഷ്ടം പോലെ മുള്ളട്ടേ..
....ഏതു കാട്ടിലേക്കും കൈ പിടിച്ചു കൊണ്ട്‌ സ്ഥലംകാട്ടിക്കൊടുക്കാൻ നമുക്ക്‌ സമ്മതം!..

തിങ്കളാഴ്‌ച, സെപ്റ്റംബർ 20, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഏഴാം സർഗ്ഗം)

നോം കള്ളനു കഞ്ഞി വെച്ചിട്ടില്ല.. കള്ളനാണ്‌ നമുക്ക്‌..!

കർമ്മണ്യാ വാദി ഹാ പ്രതീ ഹാ,
ഫലം, മൂലം ഭക്ഷതി സാധാരണ ജന!-
ബിരിയാണി, തന്തൂരി ഭക്ഷതി അധികാരി ജന
രക്ഷമാം രക്ഷമാം മന്ത്രി പുംഗവ!-

-അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ! ബിരിയാണിയും തന്തൂരി ചിക്കണും ഭക്ഷിക്കാനർഹർ അധികാരി ജനം.. അവരെയും നമ്മേയും രക്ഷിക്കേണ്ടവൻ മന്ത്രിയും! എന്നർത്ഥം!.. തുടങ്ങും മുന്നേ അദ്ദേഹത്തെ ആദ്യം നമിക്കുന്നു...ഒരു പ്രഭാത പ്രാർത്ഥന!..ഇരിക്കട്ടേ .. ഒരു വഴിക്കിറങ്ങുകയല്ലേ!..മോക്ഷം കിട്ടാൻ ഒരു പക്ഷെ ഉപകരിച്ചാലോ?.. അവിശ്വാസം എന്നൊന്നും പറഞ്ഞ്‌ തള്ളിക്കളയാൻ വയ്യ!... ഇപ്പോൾ അവിശ്വാസികളാ ചരടും യന്ത്രത്തകിടും കൂടുതൽ കെട്ടുന്നത്‌... അവിശ്വാസവർദ്ധനയ്ക്കും ചിലപ്പോൾ രക്ഷ എഴുതിക്കെട്ടുന്നത്‌ ഗുണകരമാണെന്ന് അവർക്ക്‌ മനസ്സിലായിരിക്കും!

യുക്തിവാദികൾ നമ്മുടെ രക്ഷധരിച്ച്‌ പുറത്തിറങ്ങിയാൽ യുക്തിക്ക്‌ കൂടുതൽ ബലം കിട്ടും എന്ന് പരസ്യം കൊടുത്ത്‌ നമുക്കും ഒരു രക്ഷായന്ത്രം ഉണ്ടാക്കി വിറ്റാൽ കോടീശ്വരനാകാം എന്ന ലക്ഷ്യം ഉണ്ട്‌!.. പിന്നെ ചാനലിൽ സ്പോൺസർമാരെ തപ്പണം! ..പക്ഷെ മന്ത്രം അന്ധകാരത്തിലെ ഗുഹയിൽ ഉറങ്ങിക്കിടക്കുന്നു.. ഉണർത്തണം...തപം ചെയ്തുണർത്തണം. .മനനം ചെയ്തു പഠിക്കണം അതിനുള്ള മന്ത്രം..ശീ ബുദ്ധിമുട്ട്‌ തന്ന്യാ.. എങ്കിലേ നാമും പച്ച പിടിക്കൂ..
അതവിടെ കിടക്കട്ടേ.. നോം പറയാൻ വന്ന കാര്യം പ്രഭാത പ്രാർത്ഥനയുടെ അർത്ഥം വിവരിക്കുമ്പോൾ മറന്നു.. അതായത്‌.

- അന്നെത്തെ കുട്ടികളുടെ ദേശീയ വസ്ത്രം അടികീറിയ ബർമുഡയായിരുന്നു...കീറിയില്ലേങ്കിൽ നിലത്തിരുന്ന് നിരങ്ങി കീറണം..അതു നിർബന്ധാ...

വീട്ടുകാർ തെറിവിളിക്കും!.. നെവർ മൈൻഡ്‌!... അവർക്ക്‌ വാങ്ങിത്തരാനുള്ള മടി കൊണ്ടാണ്‌!..ഇല്ലെങ്കിൽ കഴിഞ്ഞ വർഷമിട്ട യൂണിഫോമില്ലേടാ ഫോമായി നടക്കാൻ എന്ന് ചോദിച്ചേക്കാം.. ആരോടെങ്കിലും ചോദിച്ചാൽ സെകനാന്റ്‌ ബുക്ക്‌ കിട്ടില്ലേടാ പഠിക്കാൻ എന്നൊക്കെയാ അന്നെത്തെ ഒരു സ്റ്റൈൽ!... വെറുതെ എന്തിനാ ബുക്ക്‌ വാങ്ങി കൈയ്യിലെ കാശു കളയുന്നത്‌?...എന്തിനാ യൂണീഫോമൊക്കെ വാങ്ങിത്തന്ന് സ്ക്കൂളിലയക്കുന്നത്‌?.. നീയ്യൊക്കെ വളർന്നാൽ പടുവിള!..എന്ന ഒരു 916 ക്യാരറ്റ്‌ വിശുദ്ധ ചിന്ത!

അന്നത്തെ ആളുകൾ പിശുക്കിന്റെ ഉസ്താദുമാരായിരുന്നു.. ഉണ്ടെങ്കിലും തരില്ല!...
അങ്ങിനെ നാമും ഒരൽപം മൂട്‌ കീറിയ ബർമുഡയിട്ട്‌ പീടികയിലേക്ക്‌ പോയി...അവിടെ ഒരാൾ ആശാരി പണി ചെയ്യുന്നു... നമ്മോട്‌ വലിയ ബഹുമാനം!
" എന്താ കുട്ടാ സുഖന്യാ?"
"ഊവ്വ്‌!"-
നമുക്ക്‌ സുഖത്തിനോരു കുറവും ഇല്ല്യാ.. ദു:ഖത്തിനാ ഒരു പാട്‌!..ആരെങ്കിലും പുഞ്ചിരിച്ചു കൊണ്ട്‌ എന്തെങ്കിലും പറയുന്നത്‌ കേട്ടാലല്ലേ ഇതാണ്‌ സു:ഖം ഇതാണ്‌ ദു:ഖം എന്ന് വേർ തിരിച്ചറിയാൻ പറ്റൂ...

ഒന്നുകിൽ പരിഹാസം!...ഇല്ലെങ്കിൽ ഒരു ദേഷ്യപ്പെടൽ.. ഇല്ലെങ്കിൽ മൂത്തു മൂത്ത്‌ വന്നാൽ തെറിവിളി!..ഇത്യാദികൾ കഴിഞ്ഞിട്ടു വേണം നമുക്കൊന്ന് റെസ്റ്റ്‌ കിട്ടാൻ!
"..നമ്മളെ കുട്ടന്‌ മുട്ടായി കൊടുക്ക്‌!..പഴം കൊടുക്ക്‌!"- അയാളുടെ കൽപന!
"നമുക്കൊന്നും വേണ്ട "-

 വാങ്ങിയാൽ വീട്ടിൽ നിന്നും വഴക്ക്‌ കേൾക്കണം തിന്നത്‌ ദഹിപ്പിക്കാൻ ആരും സമ്മതിക്കില്ല...!
" നമുക്കൊന്നും വേണ്ട!..നോം അങ്ങനെത്തോനല്ല!"
".. ".. ഒരു കിലോനേന്ത്രപഴം കൊടുക്ക്‌  ചെക്കന്‌... മുട്ടായിയും എന്റെ വക!"
" ഇത്രയും സ്നേഹമുള്ള ഇയാൾ ആരാ?".. ബർമ്മുഡയിട്ട നമ്മെ ബഹുമാനിക്കാൻ?.. ദൈവമോ മറ്റോ ആയിപ്പോയോ?...ആവാതെ തരമില്ല!!..അറ്റ്ലീസ്റ്റ്‌ വിശുദ്ധാത്മാവ്‌!

കടക്കാരൻ പഴം പൊതിഞ്ഞു തന്നു, മിഠായിയും.. വാങ്ങിയില്ല.. നിർബന്ധിച്ച്‌ കൈയ്യിൽ തന്നു
"..ഉം വിട്ടോ എന്ന് അയാൾ!
നാം നമ്മുടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി...ശബ്ദത്തോടൊപ്പം തുപ്പൽ തെറിച്ച്‌ വീഴുന്നു..കാർ പുകവിടുന്നതു പോലെ..വിസിൽ വായ കൊണ്ട്‌ വിളിച്ചു.. കാലു കൊണ്ട്‌ സ്റ്റാർട്ടാക്കി .. അതിവേഗതയിൽ ഓടിച്ചു.. ചക്രം നമ്മുടെ കാലായതിനാൽ സ്പീഡ്‌ ഇത്തിരി കുറവായിരുന്നു...എന്നാലും സ്പീഡിന്‌ വല്യ തരക്കേടില്ല!
"ഇതെവിടുന്നാടാ?"
" ആരാണെന്നറിയില്ല.. കറുത്തു തടിച്ച ഒരാൾ എനിക്ക്‌ തന്നു.. എന്നെ നിർബന്ധിച്ച്‌ വാങ്ങിത്തന്നതാ"
"നീയ്യെന്തിനു വാങ്ങി???"
" അയ്യാൾ നിർബന്ധിച്ചു തന്നതാ"
"നിർബന്ധിച്ചാൽ നീ വാങ്ങിക്ക്വോ?... ആരാണെന്നറിയാതെ?"
"നോം എന്ത്‌ ചെയ്യാനാ..നിർബന്ധിച്ചു തന്നു ...നിർബന്ധിച്ചു വാങ്ങിച്ചു അത്ര തന്നെ!"
" എന്തൊ വലിയ പുകിൽ ഉണ്ടായില്ല..!..ഏതോ മഹാത്മാവാണെന്ന് അവരും ധരിച്ചുവെച്ചു!
ഒരാഴ്ച കഴിഞ്ഞില്ല... നാട്ടിലെ ഇളനീരും തേങ്ങയും മറ്റ്‌ അല്ലറ ചില്ലറ മോഷണവും ആയി നടക്കുന്ന ഒരാളെ നാട്ടുകാർ തല്ലിയിട്ട്‌ പീടികയുടെ അവിടെ വീണു കിടക്കുന്നുവെന്ന് അറിഞ്ഞ്‌ അങ്ങോട്ട്‌ തിരിച്ചു.സമയം രാവിലെ ആറുമണി!

"... കമിഴ്‌ന്ന് കിടക്കുകയാണ്‌ അയാൾ. കണ്ണടച്ച്‌ ചത്തതു പോലെ...
.വന്നവർ വന്നവർ കുട്ടികൾ അടക്കം അയാളുടെ തലയ്ക്കിട്ട്‌ രണ്ട്‌ കൊട്ട്‌ കൊടുക്കുന്നു...
... അതെ അതയാൾ തന്നെ നമുക്ക്‌ മിഠായിയും പഴവും തന്നയാൾ!.. നമുക്ക്‌ തന്ന മിഠായിയും പഴവും ദഹിച്ചിട്ടില്ല".. കള്ളനായാലും വേണ്ടില്യാ നമുക്കയാളോട്‌ സഹതാപമായിരുന്നു..
ദൈവമേ!..അയാൾക്കൊന്നും വരുത്തരുതേ.. ഉള്ളറിഞ്ഞു പ്രാർത്ഥിച്ചു...അയാൾ ചത്തുവെ ന്ന് ഓർത്ത്‌ കുറേ കരഞ്ഞു...

സ്കൂളിലേക്ക്‌ പോകാൻ തുടങ്ങുമ്പോൾ അങ്ങോട്ട്‌ നോക്കി..." അയാൾ?."
.... അയാളെ അവിടെ കാണ്മാനില്ല...മഹാപാപികൾ അയാളെ കൊന്നു തിന്നോ?. എന്നോർത്ത്‌ കരച്ചിൽ വന്നു.. ആരോ പറഞ്ഞു .."അയാൾ എഴുന്നേറ്റു പോയി....ഇളനീരു കുടിച്ച തടിയാ, ഇടിയൊന്നും ഏശില്ല!..."

കട്ട പൈസയിൽ നിന്നാണോ ദൈവമേ അയാൾ സ്നേഹത്തോടെ നമുക്ക്‌ പഴവും മിഠായിയും വാങ്ങി തന്നത്‌?.. അപ്പോൾ നാമും കള്ളനായോ?.. നമ്മൾ ഏതു കർമ്മത്തിൽ പെടും വാദി ഭാഗമോ? പ്രതി ഭാഗമോ?..

വലുതായപ്പോൾ എനിക്കു മനസ്സിലായി -അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ!..ചിലപ്പോൾ വാദിയാകാം ചിലപ്പോൾ പ്രതിയും!!..

കള്ളന്റെ മിഠായി തിന്നവൻ എന്ന് ആരെങ്കിലും നമ്മെ വിളിക്കുന്നുണ്ടോ?... ഇല്യാ.. ഭാഗ്യം!..

 ഇതിനേക്കാൾ വലിയ കാട്ടു കള്ളന്മാരെയല്ലേ മന്ത്രിമാർ രക്ഷിച്ചടുക്കുന്നത്‌... അവർ കൊണ്ടു കൊടുക്കുന്ന ഫലമൂലാദികൾ ഭക്ഷിച്ചല്ലേ അധികാരി വർഗ്ഗങ്ങൾ കുംഭവീർത്ത്‌ നടക്കുന്നത്‌?..
അപ്പോൾ നാം നിരപരാധി തന്ന്യാ..!..എട്ടും പൊട്ടും തിരിയാത്ത ഒരു നിഷ്കളങ്കൻ!

ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ആറാം സർഗ്ഗം)

വാസു പട്ടിയുടെ തീർത്ഥാടനം:-


അന്ന് ബുദ്ധിമാന്മാരിൽ ഒരുവനായ ജ്യേഷ്ഠൻ വന്നത്‌ ഒരു പട്ടിയുമായിട്ടാണ്‌..അതി ബുദ്ധിമാന്മാരിൽ ചാണക്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വല്യമ്മയുടെ മകന്റെ ഒത്താശയോടെ..!
...കള്ളന്മാരുടെ ശല്യം!...ആകെ രക്ഷയ്ക്കുള്ളത്‌ അടുത്തവീട്ടിലെ അവുള്ളാപ്ല എന്ന മഹാനായ എഴുപത്‌ വയസ്സെങ്കിലും കഴിഞ്ഞ വയോധികൻ!.. .....പിന്നെ അയാളുടെഅത്ഭുത സിദ്ധിയുള്ള ടോർച്ചും!...നമ്മൾ സ്നേഹപൂർവ്വം ചന്തക്കാരേട്ടൻ എന്ന് വിളിക്കും...
ഇന്ന് നമ്മൾ പരസ്യത്തിൽ കാണുമ്പോലെ അന്ന് കള്ളന്മാരെ ടോർച്ചടിച്ച്‌ ചുമരിൽ തൂക്കി നിർത്തും എന്നൊക്കെയാണ്‌ സാധുക്കളിൽ സാധുവായ അയാളുടെ ബഡായി...

അടുത്തുള്ള തെങ്ങിലും വഴിയിലും ഒക്കെ 8 മണിയാകുമ്പോഴേക്കും ടോർച്ചടിച്ച്‌ നോക്കുന്നുണ്ടാകും അയാൾ..!! ടോർച്ചടിച്ചു നോക്കിയ സ്ഥലത്ത്‌ പിന്നെ ആ ദിവസം കള്ളന്മാർ വരില്ല എന്ന് ചിന്തിക്കുന്ന പരമ സാധു.
 എന്തായാലും അയാൾ നമുക്കും ഒരു ധൈര്യമായിരുന്നു..സ്നേഹമുള്ളവനുമായിരുന്നു... നമ്മുടെ വീട്ടിൽ അച്ഛാച്ഛനുമുണ്ട്‌...ഏതാണ്ട്‌ അതേ പ്രായം!.അച്ഛാച്ഛനാണെങ്കിൽ തീരെ പേടിയില്ല.. ബലശാലികളായ കള്ളന്മാർ!!.. ഇവരോ ബലം ചോർന്നു കൊണ്ടിരിക്കുന്നവരും. അതിനാൽ നമുക്ക്‌ പേടിയാണ്‌..!
..അപ്പോൾ ഒരു പട്ടി ആവശ്യമാണ്‌..ഒരു ധൈര്യത്തിന്‌!!..
 
"അമ്മയ്ക്ക്‌ പട്ടിയേയും പൂച്ചയേയും അറപ്പാണ്‌.. പക്ഷെ അവയുടെ സേവനം ഇഷ്ടമാണ്‌ താനും!

വന്ന പാടെ ഗമയിൽ ഏട്ടൻ പട്ടിയെ തെങ്ങിനിട്ടു കെട്ടി.. അതിന്റെ ഗുണഗണങ്ങൾ വാഴ്ത്തി.." ഈ പട്ടിയെ അവർ തരുന്നില്ല...അവിടെയുള്ള വേറെ പട്ടിയെ തരാമെന്നാണ്‌ അവർ പറഞ്ഞത്‌.. നിർബന്ധിച്ചിട്ടാ ഇതിനെ തന്നത്‌...നമ്മൾ പറഞ്ഞു ഇതിനെ തന്നെ തരണം അങ്ങിനെ തന്നതാ.."
..ഏട്ടന്റെ തറുതല കേട്ടിട്ട്‌." പട്ടി ശരണം ഗച്ഛാമീ!" എന്നു വരെ അമ്മ പറഞ്ഞു പോയിട്ടുണ്ടാവണം!
...ന്നാലും.. ചുളുവിൽ പട്ടിയുടെ ഉടമസ്ഥരെ നിർബന്ധിച്ച്‌, ഒരു സായാഹ്നത്തിൽ നിനച്ചിരിക്കാതെ പട്ടിയേയും കൊണ്ട്‌ വരിക!.. ആർക്കും തോന്നും ഇച്ചിരി ബഹുമാനം!  നമുക്കും ഏട്ടനോട്‌ ഇച്ചിരി ബഹുമാനം കൂടി...!
അരമണിക്കൂർ കഴിഞ്ഞില്ല .." ദേ..ഇതിന്‌ ഒക്കെ ഒത്താശ ചെയ്തു കൊടുത്ത നമ്മുടെ സാക്ഷാൽ ബുദ്ധിമാനും ഹാജർ!...
".. എന്തു കുരയാണ്‌ ഈ പട്ടിക്കെന്നറിയോ ....ഈ പട്ടിയെ പേടിച്ചിട്ട്‌ ഇന്ത്യയിലെ കള്ളന്മാർ ഗൾഫിലേക്കോ അമേരിക്കയിലേക്കോ നാടു വിട്ടു പോയി എന്ന മട്ടിലാണ്‌ അദ്ദേഹം ധരിപ്പിച്ചത്‌!..അഥവാ  അവശേഷിച്ചിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയാതെ ഇറക്കുമതി ചെയ്തു പോയ ഉണക്ക കള്ളന്മാരായിരിക്കും അത്‌ എന്ന പോലുള്ള വിവരണം കേട്ട്‌ നാം ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു...
"ഈ പട്ടിക്ക്‌ പേരിടേണ്ടേ"
ശുഭസ്യ ശീഘ്രം!.. ഇല്ലെങ്കിൽ ആ ക്രെഡിറ്റ്‌ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം! ..ഏട്ടൻ വേഗം പട്ടിക്ക്‌ പേരിട്ടു... "വാസു!"
" വാസു എന്ന് വിളിക്കുമ്പോൾ വാലാട്ടി ഇഷ്ടൻ!..എന്തായാലും അതിനു മാത്രം വിവരമുണ്ട്‌!
നമ്മുടെ വീട്ടിലെ ഭക്ഷണവും കഴിച്ചു വാസുവെന്ന പട്ടി സുഖമായ ഉറക്കം..കുരയുമില്ല ... കുന്തവും ഇല്ല..നമ്മുടെ വീട്ടിൽ വന്ന പട്ടി സാത്വികനായി..തപസ്സനുഷ്ടാനം തുടർന്നു...നമ്മളെ കണ്ടാൽ വാലാട്ടും അതിനൊരു കുറവും ഇല്ല!
" എന്തെങ്കിലും ശബ്ദം കേട്ടാൽ നമ്മൾ കുരച്ചാലും പട്ടി കുരയ്ക്കില്ല..മൗനവൃതം ശപഥം ചെയ്ത്‌ പട്ടി അരങ്ങു വാണു.!"
അങ്ങിനെ ഒരു നാൾ പൊട്ടിയ പ്ലാസ്റ്റിക്‌ ബക്കറ്റ്‌, ഇരുമ്പ്‌ സാധനങ്ങൾ എന്നിവ പെറുക്കുന്ന തമിഴത്തികൾ വീട്ടിന്നരികിൽ അതിക്രമിച്ചു കയറി എല്ലാം പെറുക്കിയെടുക്കുന്നു..അടുത്ത വീട്ടിലെ പുതിയ ബക്കറ്റും അവർ പെറുക്കി ചാക്കിലാക്കി..

ചങ്ങലക്കിട്ട വാസുവിന്‌ ഒരു കൂസലും ഇല്ല!..നമ്മളീ നാട്ടുകാരല്ല എന്ന ഒരു ഭാവം!!..പട്ടിയാണ്‌ മുയലല്ല എന്ന് ബോധ്യപ്പെടുത്താനെങ്കിലും ഒരു കുര!... അതു കണ്ടിട്ട്‌ കണ്ണടയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല!

" പട്ടിയുണ്ട്‌ ഇവിടെ!.. പട്ടിയുണ്ട്‌ ഇവിടെ... കടിക്കും .. കുരക്കും.. വേഗം ഇവിടെ നിന്ന് പോകുന്നതാണ്‌ നല്ലതെന്ന് ഏട്ടന്റെ ഭീഷണി!
 
അവർക്കൊരു കൂസലും ഇല്ല!...പട്ടിക്കൊരു നാണവും ഇല്ല..!!

ഏട്ടൻ പട്ടിയെ അഴിച്ചു വന്നു..
" .. കുരയ്ക്ക്‌ വാസു!... കുരയ്ക്ക്‌ വാസു!"-ഏട്ടന്റെ ആജ്ഞ!
" വാസു വാലാട്ടി...ഏട്ടന്റെ നിയന്ത്രണം വിട്ടു..സകലമാന ദൈവങ്ങളേയും വിളിച്ച്‌ അദ്ദേഹം ആജ്ഞാപിച്ചു....." ഏടാ... കുരയ്ക്കാൻ!"
വാസു വാലാട്ടി..മാനം എട്ടു നിലയിൽ പൊട്ടിയ ഏട്ടന്റെ അട്ടഹാസം!

....." ഏടാ... കുരയ്ക്കാൻ!"
".നായിന്റെ മോനെ.. കുരയ്ക്കാനും കൂടെ അറിയില്ലേങ്കിൽ.. നീ നമ്മളുടെ ചോറും തിന്ന് നടക്കണ്ട!"
അന്ത്യ ശാസനം!
അന്ത്യശാസനം വാസു പുല്ലു പോലെ പുശ്ചിച്ച്‌ തള്ളി..വീണ്ടും.. വീണ്ടും വാലാട്ടി..!!
അങ്ങിനെ വാസു ചങ്ങലയിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ടു..

....കണ്ടാലുടൻ വെടിവെക്കാൻ കൽപിക്കുന്നതു പോലെ അമ്മ ആജ്ഞാപിച്ചു.." വാസുവിനെ കണ്ടാലുടൻ എറിഞ്ഞോടിച്ചു കൊള്ളണം!"

ഒരു നാൾ ഉച്ച ദിവസം.!.പാത്തു പതുങ്ങി വാസു വന്നു വിറകു പുരയ്ക്കരികിൽ കിടന്നുറങ്ങുന്നു.. അടുത്ത്‌ ഒരു കോഴിക്കാല്‌...!!

ബർമുഡക്കാരൻ നമുക്ക്‌ ദേഷ്യം വന്നു.." ഈ കോഴിക്കാല്‌ കൊണ്ടിടാൻ കണ്ട സ്ഥലം!" ഉറങ്ങുന്നവരെ ഉണർത്താൻ നമുക്ക്‌ ലേശം വിഷമം!..വാസുന്‌ ഇഷ്ടായില്ലേങ്കിലോ?

വാസുവിനെ ഉണർത്താതെ മെല്ലെ കാലുകൊണ്ട്‌ കോഴിക്കാൽ എടുത്ത്‌ ദൂരെ കളയാൻ ഒരു ശ്രമം!

ഇന്നു വരെ ജീവിതത്തിൽ ആരെയും നോക്കിലോ കുരയിലോ ദ്രോഹിക്കാതിരുന്ന വാസു നമ്മെ ആക്രമിച്ചു.. എഴുന്നേറ്റ്‌ ഒരു കടി നമ്മുടെ കാലിന്റെ പെരുവിരലിൽ!

നാം അലറിക്കരഞ്ഞു.. പാവം ഉറക്കിലായിരുന്നു..വാസുവിന്‌ അബദ്ധം പറ്റിയതാകണം!...
വാസു ജീവനും കൊണ്ട്‌ ഓടി!...
എല്ലാവരും നമുക്ക്‌ പറ്റിയ ദുരിതം ഓർത്ത്‌ ചിരിച്ചു..." ഏട്ടൻ പറഞ്ഞു.." പന്ത്രണ്ട്‌ ഇഞ്ചക്ഷൻ വെക്കണം പൊക്കിളിൽ!"
പന്ത്രണ്ട്‌ ഇഞ്ചക്ഷനിൽ പൊട്ടിത്തകരുന്ന പൊക്കിൾ!.. ദൈവമേ.. ഏതു നേരത്താണാവോ നമുക്ക്‌ നല്ല ബുദ്ധി തോന്നിയത്‌?

ദൈവമേ... നാം വിങ്ങി.. വിങ്ങിക്കരഞ്ഞു...
ഏട്ടൻ കുലുങ്ങി.. കുലുങ്ങി ചിരിച്ചു.
അമ്മയുടെ കൈ പൊങ്ങിയെങ്കിലും ആരോ പിടിച്ചു താഴ്ത്തി.. " കടിയോ കിട്ടി.. ഇനി അടിയും കൂടി വേണ്ട.... ചെക്കന്‌ ഇനി വേണ്ടത്‌ ലേശം സമാധാനമാണ്‌!"
ഏട്ടൻ നമ്മെ ഹോസ്പിറ്റലിൽ കൊണ്ട്‌ പോയി... ഒരിഞ്ചക്ഷൻ കൈക്ക്‌ തന്നു ഡോക്ടർ പറഞ്ഞു.." പട്ടിയെ സൂക്ഷിക്കണം... എന്തെങ്കിലും പേയുടെ ലക്ഷണമുണ്ടോന്ന് നോക്കണം!"
നമ്മെ വഴിനീളെ പേടിപ്പിച്ച്‌ ഏട്ടൻ സുഖിച്ചു രസിച്ചു...
"അതു കഴിഞ്ഞിട്ടു വേണം നിനക്ക്‌ പന്ത്രണ്ട്‌ ഇഞ്ചക്ഷൻ താരാൻ അതാ ഡോക്ടർ പറഞ്ഞത്‌.."
സകല ദൈവത്തേയും വിളിച്ചു പ്രാർത്ഥിച്ചു..
വാസുവിന്‌ പേയും, കീയും ഒന്നും ഇല്ല.. ഒരു കോഴിക്കാലു നഷ്ട്പ്പെട്ട ..മനോവേദന!! . അതോടെ അതിനു സങ്കടം മുഴുത്ത്‌ പലരുടേയും വയലിൽ വെച്ച മുളപൊട്ടിയ വിത്തു തെങ്ങിന്റെ പുതു നാമ്പുകൾ കടിച്ചു പറിക്കാൻ തുടങ്ങി...

.തെങ്ങിന്റെ ഉടമസ്ഥർ നമ്മളോട്‌ വാഗ്വാദത്തിനു വന്നു...ഒടുവിൽ യാദാർത്ഥ്യം മനസ്സിലാക്കി തിരിച്ചു പോയി... വാസു പിഴച്ചതിനു നാമെന്തു ചെയ്യാൻ!...

...അങ്ങിനെ വാസു പട്ടി ഒരു ഭിക്ഷാടകനായി തീർത്ഥാടനത്തിനിറങ്ങി...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( അഞ്ചാം സർഗ്ഗം)

അന്ന് പരമേശ്വരൻ ചായക്കടയിൽ വന്നത്‌ ഒരു ചെറിയ തൂക്കു പാത്രവുമായാണ്‌..." എന്താ പരമേശ്വരാ... എന്താ വേണ്ടത്‌?."
"മൂന്ന് ചായ വേണം.. ഒരു പാലും!"
വയലിൽ പണിയെടുക്കാൻ മൂന്നാളുണ്ട്‌.. ഒരാൾക്ക്‌ പാലു മതി.. മറ്റു രണ്ടു പേർക്ക്‌ ചായ വേണം...
"ചായ പാത്രത്തിലൊഴിച്ച്‌ ചായക്കടക്കാരൻ നാരായണേട്ടന്റെ ചോദ്യം
 " പാലിനു പാത്രമെവിടെ?"
"...ചായയിൽ തന്നെ പാലും ഒഴിച്ചോളൂ.."-- ഉത്തരം സിമ്പിൾ!..കേൾക്കുന്നവർക്കും കാണുന്നവർക്കും ഡിഫിക്കൽട്‌.. ദാറ്റ്‌ ഈസ്‌ നോട്ട്‌ എ ബിഗ്ഗ്‌ പ്രോബ്ലം!..ആളുകൾ അങ്ങിനെയാണ്‌ പരമേശ്വരൻ ഈസിയായാക്കുന്നതിനെ നാട്ടുകാർ കോംപ്ലിക്കേറ്റ്‌ ആക്കി മാറ്റും!
ഇങ്ങനെ പരിപ്പ്‌ മുറിക്കാനുള്ള കത്തി വരെ തിരഞ്ഞു നടന്ന് കിട്ടാതെ ജീവിതം സഫലമാകാതെ ജീവിതം പുകച്ചു തീർത്ത എത്ര പരമേശ്വരന്മാരുണ്ട്‌ അതിനവരെ അയച്ച എത്ര മഹാന്മാരുണ്ട്‌ എന്ന് നിനച്ചിരിക്കേ, നമുക്കും വന്നു ചേർന്നു ഒരബദ്ധം!.. അബദ്ധം ആവർത്തിച്ചാൽ വിഡ്ഡി... ആവർത്തിച്ചില്ലേങ്കിൽ ബുദ്ധിമാൻ എന്നാണല്ലോ?... ഒരബ്ദ്ധം ഏത്‌ ബുദ്ധിമാനും ചെയ്യും.. ചെയ്യണം!.. നോം ഒരബ്ദ്ധം എന്നും തുടർച്ചയായി ചെയ്യാറില്ല.. പല അബദ്ധങ്ങൾ പലപ്പോഴായി മാത്രമേ ചെയ്യാറുള്ളൂ.. ബുദ്ധിമാൻ എന്ന് അറിയപ്പെടാൻ ഇടയായതും അതുകൊണ്ട്‌ തന്നെ...പലരും പറഞ്ഞിട്ടുണ്ട്‌ നമ്മുടെ ബുദ്ധി പലർക്കും തീറെഴുതി കൊടുക്കുന്നതു കൊണ്ടാണത്രേ.. നോം ബുദ്ധിശൂന്യത പ്രവർത്തിച്ചു പോകുന്നത്‌ ..ഒന്നും നോക്കാറില്ല....നോം അങ്ങിനെയാണ്‌.. മാവേലിയുടെ പ്രജ അങ്ങിനെ തന്നെയാണ്‌ വേണ്ടതും!!..യാചിച്ചു വരുന്നവന്‌ ബുദ്ധി അങ്ങോട്ട്‌ പറഞ്ഞു കൊടുക്കും!..പിന്നെ മുന്നും പിന്നും നോക്കാറില്ല... നോം പാതാളത്തിൽ കഴിയും...ഇല്ലെങ്കിൽ ഒരു കാര്യം സംഭവിക്കാം.. നോം സ്വർഗ്ഗത്തിൽ വാഴും, അവൻ കാരാഗൃഹത്തിലും!...ശിവ!..ശിവ!....ഒരു പാപിയെ കൊലപാതകി ആക്കിയിട്ട്‌ നമുക്കെന്ത്‌ നേടാൻ!

അവന്റെ അന്തക്കരണം മറിഞ്ഞ്‌ നമ്മെ വികലാംഗനാക്കിയാലും ദോഷം ഗവർമെന്റിനു തന്നെയാ.. പെൻഷൻ എന്ന് പറഞ്ഞു മന്ത്രി പുംഗവൻ കയ്യിൽ നിന്നു ഒരു മുന്നൂറ്‌ രൂപ തരണം.. പൊല്ലാപ്പ്‌ നമുക്ക്‌ അശ്ശേഷം ദഹിക്കില്ല .....അതെന്നെ..ഏതെന്നേ?... അതെന്നെ!!

.നാലുമണി..വിരുന്നുകാർ വരുന്നു...പെട്ടെന്നാണ്‌ അവർ എഴുന്നള്ളിയത്‌....അല്ല.. അമ്മാവൻ എന്തിനാ വിരുന്നു കാരെ കാണുമ്പോൾ പഞ്ച പുശ്ചമടക്കി നിൽക്കുന്നത്‌?..അമ്മാവൻ പുഞ്ചിരിക്കുന്നു.....ചിരിക്കുന്നു .. കൈ കൊടുക്കുന്നു...സന്തോഷിക്കുന്നു... ആർമ്മാദിച്ച്‌ ഒരു നഷ്ടവും ഇല്ലാത്ത വിരുന്നുകാർ!!...എന്നെ കാണുമ്പോൾ സിംഹമാണ്‌ അമ്മാവൻ! ..ഈ വിരുന്നുകാരുടെ ഒരു ഭാഗ്യം!...

".. അവനെവിടെ?"-
പശു പെറ്റാലും കാള വിരണ്ടാലും ഇരിക്കപ്പൊറുതിയില്ലാത്തത്‌ വീട്ടിലെ കിടാങ്ങൾക്കാണ്‌!
" നാം ഇവിടെയുണ്ട്‌!"
പിടയ്ക്കുന്ന നോട്ടെടുത്ത്‌ അമ്മാവൻ പറഞ്ഞു.. നീ പോയി ബേയ്ക്കറിയിൽ നിന്നും കുറച്ച്‌ കേയ്ക്ക്‌, കുറച്ച്‌ ജിലേബി, കുറച്ച്‌ മറ്റെന്തെങ്കിലും സാധനങ്ങളും വാങ്ങിക്കൊണ്ട്‌ വാ.... വേഗം വരണം ...ട്ടോ..ഓടി വാ...

" കൈയ്യിൽ പിടയ്ക്കുന്ന നൂറിന്റ്‌ നോട്ട്‌.!.. അന്ന് ബേയ്ക്കറി സാധനങ്ങൾക്ക്‌ തുശ്ചവില!... ഇന്നെത്തെ പോലെ വീട്‌ വിറ്റിട്ട്‌ പൈസയും കൊണ്ട്‌ ബേക്കറിയിൽ പോകേണ്ട ഒരു ആവശ്യവും ഇല്ല...
..നാം ബേക്കറിയിൽ പോയി പറഞ്ഞു... " ഇവിടെ ഈ ബേക്കറിയിൽ കേയ്ക്ക്‌ ഉണ്ടോ?. .ജിലേബിയുണ്ടോ?.. . മറ്റെന്തെങ്കിലും സാധനങ്ങൾ ഉണ്ടോ?"
" ഉണ്ട്‌.. ഏതു വേണം നിനക്ക്‌?"

ബെർമുഡയിട്ട (ട്രൗസർ എന്ന് അവിശ്വാസികൾ പറയും..നിക്കർ എന്ന് അന്ധവിശ്വാസികളും.!!..ശ്രദ്ധിക്കരുത്‌...വിശ്വാസത്തെ നാറ്റിച്ചാലെ അവർക്ക്‌ സമാധാനം ഉണ്ടാവൂ!) നമ്മോട്‌ അയാളുടെ ചോദ്യം ...നമുക്കത്ര സുഖിച്ചില്ല.. ന്നാലും വേണ്ടില്ല ക്ഷമിച്ചു!
" എന്നാൽ എല്ലാം കൂടി പൊതിഞ്ഞു കെട്ടിയേക്ക്‌!"
...ബേക്കറിക്കാരൻ ഞെട്ടി..." എത്ര വേണം എന്നാണ്‌ വീട്ടിൽ നിന്ന് പറഞ്ഞത്‌?"
" എത്രയ്ക്ക്‌ തരും?" - ബേക്കറി മൊത്തം കച്ചോടം ആക്കാൻ വന്ന ആളെ പോലെ നാം!..
നൂറു രൂപാ നോട്ടെടുത്ത്‌ വീശിക്കാണിച്ചു..ബേക്കറിക്കാരന്റെ മുഴുവൻ ബേക്കറി സാധനം കൂടിയാൽ ചിലപ്പോൾ അന്ന് വെറും 300രൂപയ്ക്കടുത്തേ വരൂ...ചിലപ്പോൾ അതിനു താഴെ."..
"....നീയ്യിവിടെ നിൽക്ക്‌!... വീട്ടിൽ നിന്ന് വിവരമുള്ളവർ ആരെങ്കിലും വരുമോന്ന് നോക്കട്ടേ...."- ബേക്കറിക്കാരൻ പറഞ്ഞു..
എന്നെക്കാൾ വിവരമുള്ളവരോ?..എങ്കിൽ അതറിഞ്ഞിട്ടു തന്നെ കാര്യം...നമുക്ക്‌ സാധനം കിട്ടിയേ തീരൂ...വല്യ തിരക്കൊന്നും ഇല്ല.. അമേരിക്കൻ പ്രസിഡന്റ്‌ ഒന്നും അല്ല നമ്മൾ!. ഇല്ലെങ്കിൽ അമ്മാവൻ വെറുതെ വിടില്ല...നിർത്തിപ്പോരിക്കുന്നതിലും ഭേദം നാടുവിട്ടു തുലയുന്നതാണ്‌!.. ജിലേബിയും കേയ്ക്കും കൊണ്ട്‌ മാന്യമായി ചെല്ലുന്നതാ.അതിന്റെ ഒരു ഡീസന്റ്‌.."
സന്ധ്യയായി....  വിവരമുള്ള ആൾ മെല്ലെ കയറി വരുന്നു... നമ്മുടെ ജ്യേഷ്ഠൻ!...
.." .. എന്താടാ... ബേക്കറി സാധനം വാങ്ങിക്കാൻ പോയിട്ട്‌.. എത്ര സമയം കഴിഞ്ഞു..?..നേരം സന്ധ്യയായല്ലോ?.."
"...ഇവർ തരുന്നില്ല..നെഞ്ചു വിരിച്ച്‌ നോട്ടെടുത്ത്‌ കാണിച്ച്‌ നാം "
നാശങ്ങൾ ജേഷ്ഠനോടും എന്തൊക്കെയോ കുശു കുശുത്തു...
" വാടാ..വീട്ടിലേക്ക്‌ നടക്ക്‌.." ഏട്ടൻ.
സാധനങ്ങൾ ഉണ്ടാക്കിച്ച്‌ കടയടപ്പിച്ച്‌ ബേക്കറിക്കാരനോടൊപ്പം സാധനങ്ങൾ എടുത്തു വരാം എന്ന് വെച്ച നാം മഠയൻ!
"...സാധനങ്ങൾ വാങ്ങണ്ടേ?...വീട്ടിൽ വിരുന്നുകാരുണ്ട്‌ "
...".. വേണ്ട.. അവരെല്ലാവരും പോയി...നടക്ക്‌.. നിന്നെ കാത്ത്‌ അമ്മാവൻ അവിടെയിരിപ്പുണ്ട്‌!.."
നാം തെറ്റൊന്നും ചെയ്തില്ലല്ലോ... ന്നാലും ചങ്ക്‌ പട പടാന്ന് ഇടിക്കുന്നു...ഇടിക്കട്ടേ.. ക്ഷീണിക്കുമ്പോൾ എപ്പോഴായാലും ഇടി മതിയാക്കും.... ന്നാലും....ഒരു തളർച്ച..ദേഹമാകെ പടരുന്നു... വിഷമം കൊണ്ടല്ല.. കരച്ചിൽ വന്നതു കൊണ്ടാണ്‌... ഒരു ഭയം...ഇനിയെന്തു പൊല്ലാപ്പാണാവോ?
..നടന്നു...മുന്നിൽ വിവരദോഷി നാം പിറകിൽ വിവരശാലി ജ്യേഷ്ഠൻ!...
വിവരശാലി നമ്മെ പ്രകോപിപ്പിക്കാൻ വൃഥാ ശ്രമം...നോം വിട്ടുകൊടുത്തില്ല.. കണ്ണിൽ കണ്ണീരു വന്ന് അതിനുത്തരം കൊടുത്തു..
.വീട്ടിൽ അമ്മാവൻ കാത്തു നിൽക്കുന്നു...
".. എന്താടാ?"
" അവർ സാധനങ്ങൾ തരുന്നില്ല!"
ഏട്ടനും എന്തൊക്കെയോ കുശു കുശുത്തു...എന്നിട്ട്‌ ചിരിച്ചു....ചിരി നമുക്ക്‌ ഹറാമാണെന്ന് അറിയാത്ത വകകൾ!
എന്തൊക്കെയോ പറഞ്ഞു .. എന്നിട്ട്‌ ഒടുവിൽ പറഞ്ഞു "...എന്നിട്ട്‌ നീ സത്യാഗ്രഹം ഇരിക്കാൻ പോയതാണോ?"
പൈസ തിരിച്ചു വാങ്ങി പോക്കറ്റിലിടുമ്പോൾ ലാഭമാക്കിക്കോടുത്ത നമുക്ക്‌ ഒരു താങ്ക്സ്‌ പോലും പറയാതെ ഒരു നോട്ടം..പിന്നെയൊരു പുഞ്ഞം!

"ഏട്ടനോട്‌ ഒരു സൗമ്യമായ പെരുമാറ്റം!

ഈ കുശുകുശുപ്പുകാർ ഉന്നതങ്ങളിൽ പിടിയുള്ളവരാകുന്നതെങ്ങിനെയെന്ന് ഇന്നും അന്നും നമുക്ക്‌ അജ്ഞാതം!

ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( നാലാം സർഗ്ഗം)

"..ആയിക്കോട്ടെ .. അതിനു കിട്ടുന്നത്‌ മതി... ഒന്നെങ്കിൽ ഒന്ന്....ഇവിടെ നീ പോലും കഴിക്കില്ലല്ലോ?.."
"അമ്മേ.. ഇതിനു കിട്ടില്ല..ആ മീൻകാരി.. കണ്ണിൽ ചോരയില്ലാത്തവളാ...ഈ രണ്ടു രൂപയ്ക്ക്‌.!"
"നീ പോയി നോക്ക്‌.. ഒന്നെങ്കിൽ ഒന്ന് അതു മതി.. ഇല്ലെങ്കിൽ ഉണക്ക മീൻ വാങ്ങിച്ചോളൂ.. .അതിന്‌.!"
മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക്‌ പോയി.. മീൻകാരി ഈ രാജ്യം ഭരിക്കുന്നത്‌ നാമാണ്‌ എന്ന മട്ടിൽ ഗമയിൽ ഇരിക്കുകയാണ്‌.. കീടമായി , ശിങ്കിടിയായി, ഭർത്താവ്‌ എന്ന ഈർക്കിലു പോലത്തെ തൊരപ്പൻ!

" അയാൾ കെഞ്ചുകയാണ്‌.." എടീ... താടീ..".. കെഞ്ചൽ നീണ്ടു കൊണ്ടിരുന്നു.. ഓരോ മീൻ വാങ്ങിക്കുന്നവരും പൈസകൊടുക്കുമ്പോൾ വെക്കുന്ന, രണ്ടു ഫുഡ്ബോൾ ഒന്നിച്ചു കൂടിയ പോലെത്തെ പെരുത്തവയറിനു മീതെയുള്ള പെരുത്ത മടിശ്ശീലയിലേക്ക്‌ മീൻ കണ്ടാൽ പൂച്ചയ്ക്കുണ്ടാകുന്ന ആർത്തിയോടെ നോക്കി.. നിരാശയോടെ വീണ്ടും അയാൾ കെഞ്ചി."... എടി.... താടി.." ആന പോലത്തെ ഇവർക്ക്‌ കോലു പോലത്തെ ഉണങ്ങിയ കോന്തൻ ഭർത്താവ്‌!...അയാളുടെ ദൈന്യത എന്നെ പോലും കരയിച്ചു.. പാവം!..കൊണാപ്പൻ!!
രൂക്ഷമായ നോട്ടത്തോടെ അവർ പൈസയെടുത്ത്‌ കൊടുത്തു .. ന്നാ പോയി ഷാപ്പീ കേറി..നല്ലോണം ...കേറ്റ്‌..പള്ള നിറച്ചും കേറ്റ്‌!!..."

" പൈസയേയും അവരെയും താണു തൊഴുത്‌ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മഹാത്മൻ എഴുന്നേറ്റു.. പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ ചിരിച്ച്‌ പിന്നെയും കെഞ്ചി.." ഇച്ചിരൂടേ..!"
ഒന്ന് തല ചൊറിഞ്ഞ്‌ വെറുതെ മോഹിക്കുവാൻ മോഹം എന്ന മട്ടിൽ അയാൾ നടുവൊടിഞ്ഞു നിന്നു.
" ഉം.. ഇന്നത്തെ കോട്ട തീർന്ന്.. അതു മതി... വേഗം.. മോന്തിയിട്ട്‌... വീട്ടീ പോയ്ക്കോ?എന്റെ സ്വഭാവം മാറേണ്ടെങ്കിൽ!"
അതൊരാജ്ഞയാണ്‌.. കല്ല് പിളർക്കുന്ന കൽപന!
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെങ്കിൽ ഈ ലോകം എന്നേ നന്നായേനേ..എല്ലാ ഭാര്യമാരും ഇങ്ങെനെയാണെങ്കിലും ഈ ലോകം എത്ര മനോഹരമായേനേ...അസൂയയ്ക്ക്‌ മരുന്ന് ചെന്നിനായകം ആണല്ലോ?..അതായത്‌ ചൂരൽ കൊണ്ട്‌ ഇരുട്ടടി!... അതിനാൽ അധികം അസൂയപ്പെട്ടിട്ട്‌ കാര്യമില്ല...!!...

അയാൾ  ഡീസെന്റായി എഴുന്നേറ്റ്‌ പോയി.....മര്യാദയ്ക്ക്‌ എഴുന്നേറ്റ്‌ നിൽക്കാൻ കൂടി കഴിയുന്നില്ല.. പിന്നെയാ പട്ടച്ചാരായത്തേയും കൂട്ടിപ്പിടിച്ച്‌ അയാൾ നടക്കുന്നത്‌?.. മനുഷ്യന്റെ ഓരോ അഹംഭാവം!
.പൈസ നഷ്ടപ്പെട്ട ദേഷ്യമാണെന്ന് തോന്നുന്നു.. എന്നെ കണ്ട മാത്രയിൽ അയാൾക്ക്‌ നൽകിയ നോട്ടം പാവമാം എന്റെ നേരെ...കത്തിക്കരിഞ്ഞു ചാമ്പലാവാത്തത്‌ എന്റെ തറവാട്ടിന്റെ നേര്‌!
" എന്താ?"
" കുറച്ച്‌ മീൻ?"
" എത്രയ്ക്ക്‌?"
" രണ്ടു രൂപയ്ക്ക്‌!"- തെല്ലു ജാള്യത്തോടെ നാം!
" പോയി ഉപ്പ്‌ വാങ്ങിക്കോ അതിന്‌!" അല്ല പിന്നെ!"
"ഇന്നാള്‌ ഞാൻ വാങ്ങിയിരുന്നല്ലോ മീൻ?"
".. പോടാ ചെക്കാ.. പോയി ഉപ്പ്‌ വാങ്ങി പോയ്ക്കോ..മീനിനു വലിയ വെലയാണ്‌..കേട്ടില്ലേ ..പോടാ ..മീൻ വാങ്ങാൻ വന്നിരിക്കുന്നു രണ്ട്‌ ഉലുവയും കൊണ്ട്‌... കോറെ ഒലത്തും!.!!"
രണ്ടു രൂപ എന്റെ കയ്യിലിരുന്നു പിടഞ്ഞു കരഞ്ഞു പറഞ്ഞു...". എന്നെ കൊണ്ട്‌.. എന്നെ കൊണ്ട്‌.. ഇതു ചെയ്യിച്ചു അല്ലേ?...നീ ഒരു പാട്‌, ഒരു പാട്‌വിഷമിച്ചു അല്ലേ?.. സാരമില്ല പോയി ഉണക്ക മീൻ വാങ്ങിക്കൊളൂ.. അതാ നിനക്ക്‌ നല്ലത്‌!"
പിറ്റേന്ന് അമ്മയുടെ നിർബന്ധത്താൽ അവിടെ വീണ്ടും വന്നു... മീൻ കണ്ട്‌ , .മീനാണല്ലോ എന്ന് തിരിച്ചറിഞ്ഞ്‌..കാണാത്ത ഭാവത്തോടെ പോയി...ഇല്ലെങ്കിൽ ഉപ്പ്‌ വാങ്ങി മടുക്കണം...നമ്മൾക്ക്‌ ഉപ്പ്‌ കച്ചോടമൊന്നും ഇല്ലല്ലോ?
അതാ അവർ വിളിക്കുന്നൂ .. ആ മീൻകാരി...വാടാ ..... മീൻ വേണോ?
" രണ്ടു രൂപ...പാ"
" ഇങ്ങു വാ..."

നാല്‌ അയല അവർ രണ്ടു രൂപയ്ക്ക്‌ തന്നു...ദൈവമേ.. ഇന്നലെ രണ്ടുരൂപയ്ക്ക്‌ ഉപ്പ്‌ വാങ്ങിക്കാൻ പറഞ്ഞവർ.. ഒരു അയല പോലും തരാത്തവർ.. ഇന്ന് നാല്‌ അയല തന്നിരിക്കുന്നു...ഇവർക്ക്‌ എന്തു പറ്റീ?
അമ്മയ്ക്ക്‌ സന്തോഷമായി... പൊതി തുറന്നു...അയലയുടെ ചെകിള മെല്ലെ തുറന്നു.. പിടയ്ക്കുന്ന മീനിനു പകരം പിടയ്ക്കുന്ന പുഴുക്കൾ!...ഇന്നാണെങ്കിൽ .. വക്ക... വക്ക..കളിക്കുമായിരുന്നു  ആ ..സായിപ്പന്മാർ!...അന്നായതിനാൽ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന് പറഞ്ഞ്‌ ഡിസ്ക്കൊ ഡാൻസ്‌ കളിക്കുന്ന ശവങ്ങൾ... ഐ മീൻ...ആ ഡീസന്റ്‌ പുഴുക്കൾ!
"എടാ ഇതിൽ പിടയ്ക്കുന്ന പുഴുക്കൾ!"
എന്തെങ്കിലും കിടന്ന് പിടച്ചാൽ പോരെ.. മീൻ പിടയ്ക്കണമെങ്കിൽ നമ്മൾ പിടയ്ക്കണം..തമ്മിൽ ഭേദം പുഴുവെങ്കിലും!

"..അവൾക്ക്‌ തന്നെ കൊണ്ട്വോയ്‌ കൊടുക്ക്‌...മോനെ.. വേഗം... അവൾ കാണട്ടെ.. ഇല്ലെങ്കിൽ എല്ലാവർക്കും പുഴുവുണ്ടെന്നറിയാതെ അവൾ വിൽക്കില്ലേ ഇത്‌?.."
. വന്നതിനേക്കാൾ വേഗം ഞാൻ തിരിഞ്ഞോടി...
സ്കൂൾ വിട്ടു പോകുന്ന നാലഞ്ച്‌ ടീച്ചർമാർ കൊഞ്ചിക്കുഴഞ്ഞ്‌ അയല വാങ്ങിക്കുകയാണ്‌... ദൈവമേ ഇതു ഞാൻ കൊടുക്കുന്നത്‌ കണ്ടാൽ അവരും മീൻ വാങ്ങാതെ പൈസ വാങ്ങി പോകും.
അങ്ങിനെ സംഭവിച്ചാൽ അവർ എന്നെ തല്ലും അല്ല തല്ലികൊല്ലും....പുഴുത്ത മീൻ പിടിച്ച നാറ്റക്കേസ്‌ കൈയ്യാണ്‌.!!...വീട്ടിലിരുന്ന് അമ്മയ്ക്ക്‌ എന്തും പറയാം.. ഉപ്പ്‌ വാങ്ങുക മാത്രമല്ല ചിലപ്പോൾ അവർ കഴിപ്പിക്കുക കൂടി ചെയ്യും.... രാജ്യം വാഴുന്ന തമ്പുരാട്ടിയാ അവർ തമ്പുരാട്ടി..! വെറും ചില്ലറക്കാരിയാണെന്നാണ്‌ വീട്ടിലിരിക്കുന്ന അമ്മയുടെ വിചാരം!
ഇന്നു പുഴുവിൻ മാംസം തിന്നു ടീച്ചർമാരുടെ ഭർത്താക്കന്മാർ ആർമ്മാദിക്കും!...സായിപ്പന്മാർ പുഴുക്കളുടെ ഒരു ഭാഗ്യം!!......അവർ പോകുന്നതു വരെ കാത്തു നിന്നു... പിന്നെ അൽപം പേടിയോടെ അവരുടെ അടുത്തു പോയി...
" ഉം എന്താടാ?"- അധികാര സ്വരം.. കുറച്ച്‌ കൂടെ കനത്തു...
" ഈ മീനിൽ നിറച്ചും പുഴുക്കളാണ്‌" മെല്ലെ പറഞ്ഞു..
അവരതു വാങ്ങി ഒന്നും പറയാതെ  കൂട്ടയിലേക്ക്‌ മീൻ ഇട്ട്‌ എന്റെ രണ്ടു രൂപ തന്നു... സമാധാനമായി ഞാൻ വീട്ടിലേക്ക്‌..അവർ മീൻ കൂട്ടയിലെ മീൻ ബക്കറ്റിലിട്ട്‌ കഴുകി വീണ്ടും കൂട്ടയിലേക്ക്‌ ഇടുന്നുണ്ടായിരുന്നു.. ഒരു കലാപ മുണ്ടാക്കി എന്റെ പേരു ചീത്തയാക്കണോ?..ഒന്നും അറിയാത്ത ആളുകൾ അടുത്തു വന്ന് ഡിസ്കൗണ്ടിൽ ലഭിക്കുന്ന മീൻ വാങ്ങി പോകുന്നതും നോക്കി ഞാൻ വീട്ടിലേക്ക്‌ നടന്നു...അന്നു ഉപ്പു വാങ്ങിയിരുന്നു ..സത്യായിട്ടും..

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.. ( മൂന്നാം സർഗ്ഗം)

അങ്ങിനെ രണ്ട്‌ സ്വപ്നങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ മൂന്നാം സ്വപ്നം കാണേണ്ട കാലമായിന്ന് 'ക്ഷ" ബോധ്യായി..ഈ ജീവിതം സ്വപ്നം കാണേണ്ടതു മാത്രമാണോ.. യാദാർത്ഥ്യമായി ഒന്നും സംഭവിക്കില്ലേ എന്നൊക്കെ ആളുകളുടെ ഒരു വിശ്വാസം!

"സ്വപ്നം സ്വപ്നേപ ശാന്തി"- എന്നാണല്ലോ..അതായത്‌ സ്വപ്നം സ്വപ്നയ്ക്ക്‌ മാത്രമല്ല സൗന്ദര്യം തുളുമ്പുന്ന സാക്ഷാൽ ശാന്തിയെന്ന പെൺകൊടിയായാലും, പൈസ പടിയിൽ വെച്ചാൽ മാത്രം ഓടി വന്ന് ചന്ദനമെറിഞ്ഞു തരുന്ന പുഞ്ചിരിയുതിർക്കുന്ന മുട്ടു ശാന്തിയായാലും സാക്ഷാൽ പൂജാരി മഹാരഥനായാലും സ്വപ്നം കാണേണ്ടത്‌ അത്യാവശ്യം എന്നർത്ഥം!..

അന്ന് ഉറക്കമുണർന്നത്‌ ഒരു തോടിനു കുറുകെയിട്ട പാലം തകർന്നു വീഴുന്ന സ്വപ്നം കണ്ടിട്ടാണ്‌...
അല്ല സത്യമായും സംഭവിച്ചത്‌... എനിക്ക്‌ ഉറപ്പുണ്ട്‌..ദേ എന്റെ കൺ വെട്ടത്താ നടന്നത്‌...പകലു പോലെ പച്ച പരമാർത്തം.. . നാമാണ്‌ ഒഴുകിപ്പോയത്‌!.. സത്യം..

പെങ്ങൾ ദോശ ചുടുന്നു.....
അമ്മ മുറ്റമടിക്കുന്നു.....
നോം സ്വപ്നം കണ്ട്‌ എഴുന്നേറ്റ്‌ പൊട്ടിക്കരഞ്ഞു നിൽക്കുന്നു..
"...എന്താടാ?" -
" നമ്മൾ എപ്പോഴും പോകുന്ന ആ പാലം പൊട്ടിത്തകർന്നു.ന്നൂ..ന്നൂ. ഞാനിന്ന് സ്കൂളിൽ പോകില്ല!"
"ഏതു പാലം?"
'ആ പാലം .സ്കൂളിലേക്ക്‌ എളുപ്പവഴിയിലൂടെ പോകുമ്പോൾ കടക്കുന്ന പാലം!."
"ഏട്ടൻ നീന്തി രക്ഷപ്പെട്ടു.. ഞാനൊഴുക്കിൽ പെട്ട്‌ നീന്തി.. നീന്തി..പുഴയിലേക്ക്‌.. ഞാനിന്ന് സ്കൂളിൽ പോകില്ല..ല്ലാ‍ാ‍ാ" നോം കരച്ചിലോട്‌ കരച്ചില്‌!..ഏങ്ങലടിച്ചു കരച്ചില്‌!"
" എന്റെ കരച്ചിലിന്‌ ഐക്യ ദാർഢ്യം പ്രകടിപ്പിക്കാതെ എല്ലാവരും ചിരിക്കുന്നു..
"ഒഴുക്കിൽ പെട്ട എന്നെ പിടിച്ചു കയറ്റാൻ ഒരാളും അടുത്തേക്ക്‌ വരുന്നില്ല..ഞാൻ ഒഴുകിപ്പോയി.. വീണ്ടും കരച്ചില്‌."
" എന്താ പ്രശ്നം?"-
എന്റെ വിവരണങ്ങൾ കേട്ട്‌ ഓടിയടുത്ത വീട്ടുകാരോട്‌ അറിഞ്ഞവർ ദുരന്ത വിവരണം പങ്കുവെക്കുകയാണ്‌.
.".ഈ ചെറുക്കൻ സ്വപ്നം കണ്ട്‌ .. വന്നതാ അമ്മേ!"- ചേച്ചിയുടെ അധികപ്രസംഗം! .. ഒപ്പം ചിരിയും!"

"..സ്കൂളിൽ പോകാനുള്ള മടി കൊണ്ട്‌ എഴുന്നള്ളീച്ചു വരുന്നതാ ..മടിയൻ"- ഏട്ടൻ..
"എവിടെയാടാ ?."ഏതു പാലം?"
".ചിരികൾക്കിടയിൽ ഒരു അപശബ്ദം പോലെ ആജ്ഞാസ്വരം... നോം വിവരിച്ചു.." സ്ഥിരമായി കടന്നു വരുന്ന തെങ്ങിൻ തടികൊണ്ട്‌ ഇട്ട പാലം, ടപ്പേന്ന് വെള്ളത്തിൽ വീണു.. ഏട്ടൻ കടന്നിരുന്നു.. നോം കടന്നില്ല..പകുതിക്ക്‌ വെച്ച്‌ തെങ്ങിൻ തടിയോടൊപ്പം വെള്ളത്തിൽ!! ബാഗും സ്ലേറ്റും, ബ്ലും എന്ന് നോമും..!... ഏട്ടൻ കയറി വരാൻ പറയുന്നു.. നമുക്ക്‌ നീന്തലറിയില്ല.. കുത്തൊഴുക്ക്‌.. ഒഴുകി.. ഒഴുകി.. ഒഴുകി..!..നോം ഒഴുകിപ്പോയി..." " സങ്കടം മൂത്ത്‌ വീണ്ടും വീണ്ടും കരഞ്ഞു.
".നമ്മെ നോക്കാതെ ഏട്ടൻ കൂളായി തിരിഞ്ഞു പോയി..."വീണ്ടും വീണ്ടും കരഞ്ഞു.
"...പിന്നെ ഒഴുകിപ്പോയ നീയ്യെങ്ങിനെയാടാ ഇവിടെ വന്നത്‌??"--ഏട്ടൻ അങ്ങിനെയാണ്‌ ഒന്നും സമ്മതിച്ചു തരില്ല.. കണ്മുന്നിൽ കണ്ട കാര്യം.. ചെയ്ത ചെയ്ത്‌ വിവരിച്ച്‌ ,വിവരിച്ച്‌ ആളുകൾ ശ്വാസം മുട്ടി മരിച്ചാൽ പോലും!..പച്ച മലയാളത്തിൽ പറഞ്ഞാൽ ദുഷ്ട സ്വഭാവം!.. അനിയനാണെന്ന ഒരു വിചാരവികാരങ്ങൾ തൊട്ടു തീണ്ടാത്ത ജാതിയിൽ പിറന്നവൻ!... ഒരു സപ്പോർട്ട്‌!!!.. കണ്ട സംഭവം തുറന്ന് പറഞ്ഞ്‌ എന്നെ രക്ഷപ്പെടുത്തൽ..." നഹി... നഹി...നഹി..

"..വേഗം പല്ലു തേച്ച്‌ സ്കൂളിൽ പോയ്ക്കോ?.. സ്വപ്നവും കണ്ടിട്ട്‌ വന്നിട്ട്‌ പൊനയുന്നു..."- ഒരു കരുണയുമില്ലാത്ത ആജ്ഞാ സ്വരം!... എന്നാലും സംഭവം സത്യമാണോന്ന് ഒരു അന്വേഷണം കൂടിയില്ല..എന്റെ കണ്ണീര്‌ ആളുകൾക്ക്‌ ചിരിക്കാനുള്ള അത്താണിയാണോ ഈശ്വരാ..!..ഈ ദുരന്തം പേറി നാം വലയുമല്ലോ ദൈവമേ...വെറുതെ വിളിക്കും മുന്നേ ഓടി വന്ന് നിലത്തു വീണു അകാലത്തിൽ മരിച്ച കണ്ണീർ തുള്ളികൾ!.. അതോർത്ത്‌ വീണ്ടും സങ്കടപ്പെട്ടു... ന്നാലും.. ഒരു കാര്യോം ഇല്ലാതെ..പാവങ്ങൾ!.!!

സ്കൂളിലേക്ക്‌ പോകാൻ കാൽ നട പ്രചരണ ജാഥ ഒരുങ്ങി...പാലത്തിനു സമീപം എത്തി.. തെങ്ങിൻ തടി പാലം അവിടെതന്നെയുണ്ട്‌..  ഒലിച്ചു പോയിട്ടില്ല.. ആരെങ്കിലും പുതിയതായി സ്ഥാപിച്ചതാണോ? നോം അധികം വിസ്താരത്തിനു പോയില്ല!...

" എന്നാലും ഇന്ന് ഒരു ലീവ്‌ തരാമായിരുന്നു...സ്വപ്നം കണ്ട്‌ വിറച്ചതിനെങ്കിലും..!...ഒരു മഹാപാപവും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു.. ഈശ്വരാ......കുനിഞ്ഞ ശിരസ്സുമായി പാലം കടന്നു....

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( രണ്ടാം സർഗ്ഗം...)

"മനുഷ്യാണാം മനുഷ്യത്വം,
കമന്റാം സ്വീകാര്യതാം,
മൃഗാണാം മൃഗത്വം
വികടത്വം അസ്വീകാര്യതാം"

- അതായത്‌ മനുഷ്യനാണെങ്കിൽ സഹജീവിയോട്‌ മനുഷ്വത്വം കാണിക്കണം... എനിക്ക്‌ നാലഞ്ച്‌ കമന്റെങ്കിലും ഇടണം എന്ന് സാരം!... മൃഗമാണെങ്കിൽ (ഇവിടെ മൃഗം എന്ന് പ്രത്യക്ഷ അർത്ഥത്തിൽ എടുക്കരുത്‌ എന്ന് ബ്ലോഗായനചരിതത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്‌.. അതായത്‌ എന്റെ ബ്ലോഗ്‌ വായിച്ച്‌ പ്രഷറു പിടിച്ച്‌, മീശ വിറച്ച്‌ നടക്കുന്ന നല്ല മനുഷ്യർക്ക്‌ വന്നു ചേരാവുന്ന മൃഗീയ വാസന എന്നർത്ഥം) വികടത്വം പറയരുത്‌ .. അത്‌ നമുക്ക്‌ അസ്വീകാര്യം എന്നർത്ഥം..
ഈ നാം വിവർത്തകനും ശ്ലോകനും ( ശ്ലോകം എഴുതിയവനും) ആകേണ്ടി വന്നത്‌ നിവൃത്തികേട്‌ കൊണ്ടാണ്‌.. കാരണം നമ്മുടെ ശ്ലോകം കേട്ടാൽ കോടീശ്വരൻ എന്നല്ല കോടീശ്വരന്മാരുടെ കോടീശ്വരനായ പട്ടി പോലും ഭിക്ഷാടകനായി തെരുവു തെണ്ടി പട്ടിയായി അലഞ്ഞു തിരിയാൻ ആഗ്രഹിച്ചു പോകും .. അപ്പോൾ പിന്നെ മനുഷ്യരുടെ കാര്യം പറയണോ?
അപ്പോൾ കഴിഞ്ഞ ലക്കത്തിൽ നാം പറഞ്ഞു വന്നത്‌ പൂർവ്വാശ്രമത്തിൽ കവിയാകാൻ ആഗ്രഹിച്ച്‌ തലകുത്തി നിന്ന് സുദർശന ക്രീയ ചെയ്യുമ്പോൾ ഓടിച്ചു വിട്ട കഥയാണ്‌... ഇനി അടുത്തശ്രമം!
"അറ്റൻഷൻ പ്ലീസ്‌!
ഓൾ സ്റ്റാൻഡ്‌ അപ്പ്‌!  സിറ്റ്‌ ഡൗൺ!
സ്റ്റാൻഡ്‌ അപ്പ്‌! സിറ്റ്‌ ഡൗൺ!
സ്റ്റാൻഡ്‌ അപ്പ്‌! സിറ്റ്‌ ഡൗൺ!"
"സോറി നിങ്ങളോടല്ല... ക്ലാസ്സിൽ നമ്മോട്‌  ടീച്ചർ പറഞ്ഞതാണ്‌...
നമ്മൾ നിന്നു.. ഇരുന്നു.. നിന്നു.. ഇരുന്നു.. നിന്നു... ഇരുന്നു.. വശം കെട്ടു..ഈ ടീച്ചർക്ക്‌ മറ്റൊന്നും പണിയില്ലേ.. ക്ലാസ്സെടുക്കുമ്പോൾ ഉറങ്ങാതിരിക്കാനുള്ള ഡ്രിപ്പ്‌ തന്നതാണ്‌... ഉറങ്ങണമെന്നുള്ളവർ ഉറക്കം വന്നാൽ ഉറങ്ങും.. ചിലപ്പോൾ കണ്ണ്‌ തുറന്ന് പിടിച്ചും..!.. മരുന്നും മന്ത്രവും ഒന്നും ഇവറ്റകൾക്ക്‌ ഏൽക്കില്ല എന്ന് ടീച്ചർക്കും അറിയാം.. എങ്കിലും ഒരു അറ്റകൈക്ക്‌ ഉപ്പ്‌ തേക്കൽ!..
കൊരങ്ങന്മാർ നന്നാവുന്നെങ്കിൽ നന്നാവട്ടേ.. അത്രേയുള്ളു...!

പക്ഷെ അന്ന് നിങ്ങളെയൊന്നും ഉറക്കില്ലെടാ ഞാൻ ടീച്ചറാണെങ്കിൽ എന്ന ശപഥവുമെടുത്തിട്ടാണെന്ന് തോന്നുന്നു ടീച്ചർ വന്നത്‌..
കുറച്ച്‌ കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു .." വലുതാവുമ്പോൾ ആരാകണമെന്നാ നിങ്ങളുടെ ആഗ്രഹം?"
നല്ല ചോദ്യം ....കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ ഞങ്ങൾ കലപില കൂട്ടി.
.".അറ്റൻഷൻ പ്ലീസ്‌.. ഓരോരുത്തരായി പറഞ്ഞാൽ മതി.."-ടീച്ചർ..
ഒ‍ാരോ ആളും മനക്കോട്ട കെട്ടാൻ തുടങ്ങി.. അവരവർക്ക്‌ സുഖമെന്ന് തോന്നുന്ന പണികൾ ഓരോ ആളും പറഞ്ഞു തുടങ്ങി..അടുത്തത്‌ നമ്മൾ..ആലോചിച്ചു.
.". യൂ സ്റ്റാൻഡ്‌ അപ്പ്‌.. തനിക്ക്‌ ഭാവിയിൽ ആരാകണമെന്നാ ആഗ്രഹം!"
".. എനിക്കങ്ങനെ ഒരഹംഭാവവും ഇല്ലേ .. എന്നു പറയാനാണ്‌ ആദ്യം തോന്നിയത്‌.. എന്തെങ്കിലും ആയാൽ ആയി.. ഒത്താൽ ഒത്തു .. ഇല്ലെങ്കിൽ ഇല്ല...ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം എന്നൊക്കെ നിരൂപിച്ച്‌ എഴുന്നേറ്റു നിന്നു...ഗമണ്ടൻ ചോദ്യത്തിന്‌ ഗമണ്ടൻ ഉത്തരം വേണം!
പിന്നെ ഒരു ധൈര്യം സംഭരിച്ച്‌ പറഞ്ഞു.." ഡോക്ടർ.. ർ ..ർ!"
"മിടുക്കൻ!..- ടീച്ചർ എന്നെ വാനോളം പൊക്കി നിർത്തി..
ഞാൻ സ്വയം അഭിനന്ദിച്ച്‌, അഭിനന്ദിച്ച്‌ വശക്കേട്‌ വന്നു... " കണ്ടോടാ.. എന്നെ കണ്ട്‌ പഠിക്ക്‌!.." എന്നൊക്കെ വിളിച്ച്‌ പറയണം എന്ന് തോന്നി.. സ്റ്റെതസ്കോപ്പ്‌ വെച്ച്‌ ഗമയിൽ നടക്കുന്നത്‌ സ്വപ്നം കണ്ടു.. അന്ന് ക്ലാസ്സ്‌ പിരിഞ്ഞു..

വീട്ടിലെത്തി... രാത്രി അതിനെകുറിച്ച്‌ ചർച്ചയായി .. അവതരിപ്പിച്ചതും ഈ പാവം നാം!...എല്ലാവരും എന്നെ പ്രോൽസാഹിപ്പിച്ചു.. എന്നെക്കാൾ ബുദ്ധിയുണ്ട്‌ അവർക്കെന്ന് എനിക്ക്‌ ബോധ്യമായി.. ഡോക്ടറായ എന്നോട്‌ എല്ലാവർക്കും വലിയ സ്നേഹം!.".ആട്ടെ ഡോക്ടറായാൽ കാറെവിടെ ഇടും?- ഏട്ടന്റെ കുനുഷ്ട്‌ ചോദ്യം..

അതു ന്യായമെന്ന് എനിക്കും തോന്നി.. റോഡുണ്ടാക്കാനാണോ പാട്‌!... കാറു കഴുകാൻ അയൽ വക്കത്തെ ഒരാളെ വരെ മനസ്സിൽ കണ്ടു വെച്ചു... അയാൾക്ക്‌ വല്യ പണിയില്ല എന്റെ വക ഒരു പണി.. എന്നാൽ കഴിയുന്ന ഒരു സഹായം!..(പേരു പറയില്ല... ഇന്ന് അയാൾ വലിയ പണക്കാരനാണ്‌.. ഇതറിഞ്ഞാൽ അദ്ദേഹം എന്നെ ചക്ക വരട്ടുന്നതു പോലെ വരട്ടും!).. എല്ലാവരും ചിരിച്ചു..
"എന്തു ഡോക്ടർ ആകാനാണ്‌ ആഗ്രഹം?"-ഏട്ടൻ വിടാൻ ഭാവമില്ല.. അവൻ അങ്ങിനെയാണ്‌ നെല്ല് കുത്തി അരിയാക്കി കഞ്ഞിവെചു കുടിക്കുന്നതു വരെ അറിയണം...
" കുടുക്ക്‌ ഡോക്ടർ!"- പറയുവാൻ എനിക്ക്‌ അമാന്തം വന്നില്ല..നമ്മൾക്ക്‌ തറിക്കാനും മുറിക്കാനും ഒന്നും വയ്യ.. അല്ലറചില്ലറ തക്കിട തരികിട.. ഏത്‌? അതേ ഉദ്ദേശിച്ചുള്ളൂ...
"അതെന്തു ഡോക്ടറാടാ.. കുടുക്ക്‌ ഡോക്ടർ?"-- അവർ ചിരി തുടങ്ങി....അവൻ വിടാൻ ഭാവമില്ല...
മൗനം വിദ്വാനു ഭൂഷണം!... നാം മിണ്ടാതിരുന്നു.. എന്നെ പറഞ്ഞു ചിരിച്ചു വിലങ്ങി നിൽക്കുന്നു ചിലർ!
പുതിയ തസ്തിക സൃഷ്ടിച്ചതിനു ഒരു നന്ദി സൂചകം പോലുമില്ലാത്ത വഹകൾ!
അന്നെത്തെ വീട്ടു മീറ്റിംഗ്‌ പിരിച്ചു വിട്ടു..
പിറ്റേന്ന് ഞായറാഴ്ച!... നാം വിടാൻ ഒരുക്കമായിരുന്നില്ല..ഡോക്ടർ !... അറ്റ്‌ ലീസ്റ്റ്‌ ഒരു വൈദ്യരെങ്കിലും ആയേ പറ്റൂ..
അമ്മമ്മയ്ക്കാണെങ്കിൽ വാതം പൂതം എന്നൊക്കെ അസുഖമുണ്ട്‌.. ചികിത്സിക്കാൻ രോഗി അടുത്ത്‌ തന്നെയുണ്ട്‌..അഭാവം ഡോക്ടറുടേത്‌.. അത്‌ നമ്മുടെ കൈയ്യിലുള്ളതും!

ഒരു കലം ആരും കാണാതെ സംഘടിപ്പിച്ചു.. ഗവേഷണം തുടങ്ങി... പുതിയ മരുന്നുണ്ടാക്കണം.. അമ്മമ്മയുടെ അസുഖം പമ്പ കടത്തണം..അന്ന് പേറ്റെന്റ്‌ സംഭവം സങ്കൽപം പോലും ഇല്ല.. ഉണ്ടെങ്കിൽ അതും ആഗ്രഹിച്ചേനേ...തൊട്ടടുത്ത വയലിൽ സ മൃദ്ധിയായി കാട്ട്‌ താള്‌ വളരുന്നുണ്ട്‌.. അതു പറിച്ച്‌ കൊണ്ടു വന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ കലത്തിലിട്ടു വെള്ളം ഒഴിച്ചു അടുപ്പു കൂട്ടി തീകത്തിച്ചു കലം വെച്ചു...തിളച്ചു തുടങ്ങിയപ്പോൾ മേമ്പൊടിയായി റോഡിൽ നിന്നും ഇളക്കിയെടുത്ത്‌ ഉരുട്ടി ഗോലിയാക്കി കൊണ്ടു വന്ന ടാറ്‌!...അതെടുത്ത്‌ ഇട്ട്‌ വടിയെടുത്ത്‌ ഇളക്കി കൊണ്ടിരുന്നു...വൈദ്യന്മാർ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.. ഒരു ലിറ്റർ കുറുക്കി കാൽ ലിറ്റർ ആക്കണം..കുറുകട്ടേ എന്നിട്ടല്ലേ കാൽ ലിറ്റർ!
" എന്താടാ അവിടെ പണിയെടുക്കുന്നത്‌?"- അമ്മയാണ്‌!
" ശ്ശോ .. അമ്മ കണ്ടിരിക്കുന്നു.. ഇനി രക്ഷയില്ല!"
" എന്താടാ?"-- അമ്മയുടെ ചോദ്യം.
" അത്‌.. അത്‌.."
" എന്താ"- അമ്മയ്ക്ക്‌ ദേഷ്യം വരാൻ തുടങ്ങി...
" ഞാൻ അമ്മമ്മയ്ക്ക്‌ മരുന്നുണ്ടാക്കുവാ"
" ഓടിക്കോ വേഗം!... തീ കൊണ്ട്‌ കളിക്കുന്നോ?"
പറഞ്ഞാൽ കേട്ടില്ലേങ്കിൽ മാരാർക്ക്‌ ചെണ്ട കിട്ടിയ പോലാ അമ്മ.. ജീവനും കൊണ്ട്‌ ഓടി..
അമ്മ അടുത്തു വന്നു നോക്കി.." കുറേ കാട്ടു താളും.. ടാറും!"
".. ഈ നാശക്കാരനെ കൊണ്ട്‌ തോറ്റല്ലോ!.. ഇവന്റെ ഓരോ പണികൾ... ഇങ്ങോട്ട്‌ വാ നീ.. പുതിയ കലത്തിൽ ടാറിട്ട്‌ ഉരുക്കിയിരിക്കുന്നു.."
എന്റെ ഗവേഷണ ഫലം പുറത്തു വരും മുന്നേ ആ മൺ കലം എല്ലാവരേയും കാട്ടി തൃപ്തി പ്പെട്ടതിനു ശേഷം കണ്ടത്തിലേക്ക്‌ ഒരേറു കൊടുത്തു അമ്മ!
ഡോക്ടറാവാൻ അറ്റ്ലീസ്റ്റ്‌ ഒരു വൈദ്യരാവാൻ കൂടെ ഇവന്മാരൊന്നും സമ്മതിക്കില്ല എന്ന് അന്നേ നാം തീർച്ചയാക്കിയിരുന്നു..
ഞാൻ ഗവേഷിക്കുമ്പോൾ അമ്മ അടുപ്പത്ത്‌ വെച്ചമരുന്നിളക്കണം..ഏട്ടൻ മരുന്ന് ആയോ എന്ന് മണത്തു നോക്കണം.. പെങ്ങൾ മരുന്ന് കുപ്പിയിലാക്കി സീൽ ചെയ്യണം എന്നൊക്കെ സ്വപ്നം കണ്ട്‌ നടന്ന എന്നെ പട്ടിയെ പോലെ ഓടിച്ചാൽ എങ്ങിനെ നാം ഡോക്ടറാവും നിങ്ങൾ പറ!... നാം അവരെ കുപ്പിയിലാക്കും മുന്നേ അവർ എന്നെ കുപ്പിയിലാക്കി കഴിഞ്ഞു...
പ്രോൽസാഹനം വേണം.. പ്രോൽസാഹനം!...അല്ലാതെ...

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ!..(.ഒന്നാം ഭാഗം)

മഹാന്മാർക്കു മാത്രമല്ലല്ലോ സത്യവും അന്വേഷണവും പരീക്ഷണവും ഉള്ളത്‌.... സാധാരണക്കാരായ ആളുകൾക്കുമില്ലേ ഇതൊക്കെ എന്ന എന്റെ മനസ്സിന്റെ അഹങ്കാരമാണ്‌ എന്നെ ഈ കടും കൈ ചെയ്യിച്ചത്‌!..എടുത്താൽ പൊങ്ങാത്ത ഒരഹന്ത!.. അതിനാൽ നാമും കുറിക്കുന്നു.. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ!...

"കപി കുല ജാതസ്യ
"പ" ലോപിതം കവി
" വാ" വീർത്തിടും കവി"

എന്നാണല്ലോ കപിധ്വജ പുരാണം പറയുന്നത്‌... നിശ്ചില്ല്യാത്തോർക്ക്‌ തുറന്നു നോക്കാം..ഒന്നു രണ്ടാവർത്തി വായിച്ചു നോക്കി സംശയ നിവൃത്തി വരുത്തി നോക്കാം!... നാലാം വാക്യം 12ആം ഖണ്ഡം താള്‌ 256..

അതായത്‌ കപി കുലത്തിന്‌ അന്തസ്സായി ജനിച്ചവനും "പ" യുടെ നീളം ചെറുതായി ചുരുങ്ങി "പ" യുടെ " വാ" വീർത്ത്‌ വലുതായി കഷ്ടപ്പെട്ട്‌ 'കവി'യായി തീർന്നൂന്ന് സാരം!

ഒരു തർക്കത്തിനിടയിൽ കപിയുടെ ധ്വജം അതായത്‌ കൊടിയായിരുന്ന വാല്‌ ശിങ്കിടികളോ, ശത്രുജനങ്ങളോ മോഷ്ടിച്ച്‌ ഇല്ലെങ്കിൽ കഷ്ണിച്ചെടുത്തപ്പോഴാണ്‌ കവിയുടെ ജനനം എന്നും കുറിച്ചിരിക്കണൂ ഒരിടത്ത്‌!..

നമ്മുക്ക്‌ വായിച്ചപ്പോൾ "ശ്ശീ' അതിശയം തോന്നി..പിറകിൽ അതിന്റെ അടയാളം ഇരിപ്പുണ്ടോ?.." തപ്പി നോക്കി"

ഉണ്ട്‌ എന്നോ ഇല്ല എന്നോ തോന്നിപ്പിക്കാത്ത അവസ്ഥ!..

അതായത്‌ ചന്ദനം തൊട്ട്‌ ചാണകം മണപ്പിക്കുന്നവന്‌ എവിടെയാ വാല്‌!.. എവിടെ വാലിൻ കഷ്ണം !!
" പേരു കെട്ട പണ്ഡിതകേസരിമാർ കുടുംബത്തിൽ ഉദയം ചെയ്തുവെ ങ്കിലും നാമാവശേഷമായി..പറഞ്ഞു വന്നത്‌ നോം നെറ്റിയിൽ ചന്ദനം തൊട്ട്‌ പശുതൊഴുത്ത്‌ വീടിനരികിനായതിനാൽ ചാണകം മണത്ത്‌ ഇരുന്നു..എന്ന് തന്ന്യാ.. ഒരു സംശയൊം ഇല്ല്യ അക്കാര്യത്തിൽ!

അന്ന് നമുക്ക്‌ പ്രായത്തിന്റെ അസ്കിത അപാരമാണ്‌ താനും...വെറും '7' വയസ്സ്‌ പ്രായം...കുടുംബത്തിൽ പണ്ഡിത കേസരിമാർ മുഴുവനായിട്ട്‌ അസ്തമിച്ചു എന്ന് വിട്ടു കൊടുക്കാൻ ലേശം മടി!...

വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെ ധ്യാനിച്ച്‌ ഒരു ശ്ലോകം അങ്ങട്‌ പാടി..

" ആറ്റും മണമേലെ ഉണ്ണിയാർച്ചേ,
ഞാൻ നിന്നെ പറ്റിച്ചേ ഉണ്ണിയാർച്ചേ!

..............".. ആവേശത്തിൽ ഉച്ചസ്ഥായിയിലായിരുന്നു ആ പാട്ട്‌..

അടുത്ത വരിക്കു വേണ്ടി നാം ശ്രമിക്കുന്നതിനിടയിൽ നന്നാവാൻ ശ്രമിക്കുമ്പോൾ തടസ്സം നിൽക്കുവാൻ നശ്ശൂലങ്ങള്‌ കയറിവന്നു.. അവർക്കുണ്ടോ വല്ല ബോധവും വെളിപാടും..!. കുടുംബത്തിന്‌ അന്യം നിന്ന ഒരു മഹാ കവി പുനർജനിക്കുകയാണ്‌ എന്ന ഒരു വിവരവും ഇല്ലാതെ അവർ പറഞ്ഞു.. അതായത്‌ എന്റെ മൂത്ത ജ്യേഷ്ഠൻ!... അങ്ങു നിർത്താതെ വാക്കുകൾ എഴുന്നള്ളീക്ക്യാ, പറയ്ക, ചിരിക്യ...ഒരു നാണോം ഇല്ല്യാ!

അദ്ദേഹം പറയ്ക്യയാ " എപ്പോഴാടാ .. നീ ആറ്റും മണമേലെ ഉണ്ണീയാർച്ചയെ പറ്റിച്ചത്‌?..."
"പറ്റിക്ക്യേ... നോം അങ്ങനത്തെ ആളല്ല!..."
"പിന്നെ ഇപ്പോൾ നീ പാടീതോ?"
"അത്‌!... അത്‌..!"
എന്നെ പറയിക്കാൻ അനുവദിക്കാതെ എന്തൊക്കെയോ നിരൂപിച്ചിരിക്കുന്നു... ഇഷ്ടൻ!
"... അവളെ നീ എങ്ങിന്യാ പറ്റിച്ചത്‌?....അവൾക്കെന്താ നീ വയറ്റിലിണ്ടാക്ക്യോ?... "-ഒരു ക്രോസ്‌ വിസ്താരം!!

ഒടുവിൽ നമ്മുടെ സമാധാനവും നാണോം മാനോം കെടുത്തി അങ്ങേരുടെ ഒരു സമാധാനത്തിന്‌ ഒരു ചോദ്യം.."അവള്‌ പെറ്റോ?"
എല്ലാവരും ചിരിക്കുകയാണ്‌.. ചിരിക്കാമല്ലോ എല്ലാർക്കും.. അതിനൊരു മുടക്കും ഇല്ലല്ലോ?...ഇതൊക്കെ നാം ഒറ്റയ്ക്കല്ലേ സഹിക്കേണ്ടത് എന്നൊരു വിചാരവും ഇല്ലാത്ത വഹകൾ!
പരിഭ്രാന്തനായ ബർമുഡയിട്ട നാം വെറും കുശ്മാണ്ഡമായി...എന്തൊക്കെയാ ഈ പറയുന്നത്‌... ഒരു കവിത ചൊല്ലിയപ്പോൾ അവൾക്ക്‌ വയറ്റിലുണ്ടാക്കിയയെന്ന് വരെ അർത്ഥം കണ്ടിരിക്കുണൂ.. അന്നൊന്നും വയറ്റിലാക്കിയെന്നോ, ഗർഭിണിയാക്കിയെന്നോ  പറഞ്ഞാൽ അജ്ഞനായി നടക്കുന്ന സമയം!...അതെന്താണെന്ന് അറിയാത്തതു കൊണ്ടാണ്‌ അല്ലാതെ അഹമ്മതി കൊണ്ടല്ല ഈ അജ്ഞത!.
...ആ നമ്മോടാണ്‌ ഈ താന്തോന്നി താന്തോന്നിത്തരം എഴുന്നള്ളിച്ചു നടക്കുന്നത്‌!...എന്താണ്‌ ഉദ്ദേശിച്ചതെന്നൊന്നും മനസ്സിലായില്ല.. എങ്കിലും ഉച്ചത്തിൽ ചിരിക്കുകയാണ്‌ എല്ലാവരും.

ഒപ്പം തുള്ളി ചിരിക്കാൻ കൊറെ വഹകളും...ഉണ്ടാവുമല്ലോ.. ലേശം മൂത്താൽ പിന്നെ ഇളയതുങ്ങളെ എന്തും പറയാമെന്ന ഒരഹങ്കാരം ഉണ്ടാവും മനുഷ്യർക്ക്‌!

.. നമുക്ക്‌ സങ്കടായി.. ഒരു മഹാകവിയുടെ ജനനത്തെയാ ഇവർ പൊട്ടിച്ചിരിച്ചു തോൽപിച്ചത്‌!... ഒരു കുടുംബത്തെ ഒന്നടങ്കം അതു നിരാശപ്പെടുത്തും നോക്കിക്കോ...എന്നൊക്കെ പതിയെ പറഞ്ഞ്‌ മനസ്സിനെ സമാധാനിപ്പിച്ചിരിക്കുമ്പോൾ... ഉള്ളിലുള്ള മഹാകവി പറഞ്ഞു.." മകനേ.. നിന്നെ ആരും മനസ്സിലാക്കിയിട്ടില്ല.. അതിനാൽ എനിക്ക്‌ സങ്കടമുണ്ട്‌...എന്നെ പുറത്താക്കി പടിയടച്ച്‌ പിണ്ഡം വെച്ച സങ്കടം!"..

.... ഞാനും ഒപ്പം തേങ്ങി.." ആഗ്രഹങ്ങളെ മുളയിലേ നുള്ളുന്ന വഹകൾ എന്നെ തോൽപിച്ചു കളഞ്ഞു പ്രഭോ...ഞാനിനി എന്തു ചെയ്യും?".

...അദ്ദേഹത്തിന്‌ എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു.. എന്റെ മനസ്സിൽ നിന്നും മെല്ലെ പടിയിറങ്ങി...സങ്കടത്തോടെ തിരിഞ്ഞു നോക്കി , തിരിഞ്ഞു നോക്കി...ഒന്നും മിണ്ടാതെ  ആ മഹാനുഭാവൻ യാത്രയായി..

കുടുംബത്തിന്‌ ഒരു ജ്ഞാന പീഠം അവാർഡ്‌ നഷ്ടപ്പെട്ടുവെന്നോർക്കാതെ അവർ പിന്നെയും പിന്നെയും ചിരിച്ചു..

--------------------
N:B..ഇതിൽ പറഞ്ഞവ നല്ല കവിതകൾ എഴുതുന്നവരെ ഉദ്ദേശിച്ചല്ല...എന്നേയും എന്നേ പോലുള്ളവരേയും ആണ്‌ ഉദ്ദേശിച്ചത്‌.. തെറ്റിദ്ധരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..

ബുധനാഴ്‌ച, സെപ്റ്റംബർ 08, 2010

കണ്ണേറ്‌!

അന്ന് രാവിലെയാണ്‌ ശാരദേടത്തി വന്നത്‌... ഉടനെ ദൂരെ നിന്നു തന്നെ വിളി തുടങ്ങിയിരുന്നു... " ....ഇവിടുത്തെ ആളൊക്കെ എങ്ങോട്ടു പോയി?... ആരും ഇല്ലേ ഇവിടെ?..."
പുഞ്ചിരിച്ചു കൊണ്ട്‌ വീട്ടുകാർ മുറ്റത്തേക്ക്‌ ഇറങ്ങി വന്നു..
" എല്ലാവരും ഇവിടെ തന്നെയുണ്ട്‌ ശാരദേച്ചി"
"..കുറച്ച്‌ മുരിങ്ങയില വേണം..ണേ... അതാ വന്നത്‌.."

'..അതിനെന്താ.. പറിച്ചെടുത്തോളൂ.. ദാ വേണമെങ്കിൽ മുളയുണ്ട്‌ അവിടെ.. അതിനെ കൊണ്ട്‌ താഴ്ത്തി പറിച്ചെടുത്തോളൂ.."

" എനിക്ക്‌ മുരിങ്ങയില വല്യ ഇഷ്ടമാ.. അതാ വന്നത്‌!...ഞാനിപ്പോൾ എവിടേയും പോകാറില്ല...കഴിയുന്നില്ല..ണെ..!"

ശാരദേടത്തി അങ്ങിനെയാണ്‌..എവിടെയെങ്കിലും ഏതെങ്കിലും വീട്ടിൽ പോകുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യം കാണും.. കാണാതിരിക്കില്ല... അല്ലാതെ ശാരദേച്ചി എങ്ങും പോകുന്നത്‌ ആരും കണ്ടിട്ടില്ല!

എഴുപത്‌ വയസ്സു കടന്നെങ്കിലും ആരും നോക്കി പോകും ശാരദേടത്തിയെ..പതിനെട്ട്‌ വയസ്സിന്റെ ചുറുചുറുക്ക്‌!. ഒത്ത വണ്ണം. നല്ല തങ്ക നിറം.. മുറുക്കാൻ ചവച്ച ചുവന്ന ചുണ്ടുകൾ!.. കണ്ടാൽ ലിപ്‌ സ്റ്റിക്ക്‌ ഇട്ടമാതിരി!..ഇത്രയും പ്രായമായിട്ടും ഇവർക്കിത്ര സൗന്ദര്യമുണ്ടെങ്കിൽ ചെറുപ്പകാലത്ത്‌ ഇവരുടെ സൗന്ദര്യം എന്തായിരിക്കണം!..

അവരുടെ സൗന്ദര്യം നോക്കി നിന്നു പോയി..!

കാലം പുറകോട്ട്‌ മറിഞ്ഞെങ്കിൽ, പാവാടക്കാരിയായി ശാരദേടത്തി മാറിയെങ്കിൽ !!.. ശാരദേടത്തിയെ ഓർത്ത്‌ അന്നത്തെ ആൾക്കാർക്ക്‌ ഊണും ഉറക്കവും ഉണ്ടായിരുന്നിരിക്കില്ല!മുരിങ്ങയില പറിച്ച്‌ ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക്‌ പോയി രണ്ടു മിനുട്ട്‌ കഴിഞ്ഞില്ല ...


മുരിങ്ങയില പറിച്ച്‌ ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക്‌ പോയി രണ്ടു മിനുട്ട്‌ കഴിഞ്ഞില്ല ...

നേരിയ ഒരു കാറ്റു പോലും ആ സമയത്ത്‌ ഉണ്ടായിരുന്നുമില്ല.. എന്നിട്ടും ആ മുരിങ്ങ മരം പത്തോന്ന് താഴെക്ക്‌ മറിഞ്ഞു വീണു..ഒരു പക്ഷെ ശാരദേച്ചിയുടെ സൗന്ദര്യം കണ്ട്‌ തലകറങ്ങി വീണതായിരിക്കുമോ?

അയൽ വക്കക്കാർ മുരിങ്ങ മരം വീഴുന്ന ശബ്ദം കേട്ട്‌ ഓടിവന്നു..

"..കാറ്റു പോലുമില്ലാതെ മുരിങ്ങമരം പൊട്ടി വീണതെങ്ങിനെ എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അയൽവക്കക്കാരി ചേച്ചി പറഞ്ഞു..
" ശാരദേടത്തി വന്നൂ.. ല്ലേ?"
" ഊവ്വ്‌ .. വന്നു"
"മുരിങ്ങയില ചോദിച്ചൂ ..ല്ലേ!"
" ഊവ്വ്‌ ചോദിച്ചു!"
" എങ്കിൽ മുരിങ്ങ നിലം പൊത്തിയില്ലേങ്കിലേ അത്ഭുതമുള്ളൂ....അതു തന്നെയാ കാരണം.. വെടിക്കണ്ണിച്ചിയാ.. വെടിക്കണ്ണിച്ചി!!.. ഒറ്റ നോക്കു മതി........ അവർക്ക്‌ ഒന്നുകിൽ കാന്താരി മുളക്‌, അല്ലെങ്കിൽ പപ്പായ, അല്ലെങ്കിൽ മുരിങ്ങയില ഇതാ പഥ്യം..!.. ഏതു വീട്ടിൽ പോയാലും അവർ അതുണ്ടോന്ന് നോക്കും.. അവരുടെ കണ്ണു കൊള്ളും അതാ ഈ മുരിങ്ങ വീണത്‌!"

" എന്റെ കാന്താരി മുളക്‌ ചെടി ഉണക്കിയത്‌ അവരാ!"

"..എന്നോട്‌ ചക്ക ചോദിച്ചിരുന്നു...പ്ലാവിൽ നിറച്ചും ചക്കയായിരുന്നു.. ഒരു ചക്ക ഞാനവർക്ക്‌ കൊടുത്തു..പിറ്റേന്നാൾ മുതൽ മുഴുവൻ ചക്കയും ഒന്നൊന്നായി കെട്ടു പോയി" സത്യമാ ഞാൻ പറയുന്നത്‌!

അയൽ വക്കക്കാർക്ക്‌ ഒരു ഇരയെ കിട്ടിയ സന്തോഷം!

" മറ്റൊരാൾ പറഞ്ഞു.." എന്റെ പപ്പായ മരം, പപ്പായ ചോദിച്ച്‌ ചോദിച്ച്‌.. പറിച്ചു കൊണ്ടു പോയി.. ആ മരവും ഇങ്ങനെ വീണിട്ടാ നശിച്ചത്‌!.. ഇപ്പോൾ അതിന്റെ മരമേ വേരു പിടിക്കുന്നില്ല.. തരിശാക്കാനാണ്‌ അവർ വന്നത്‌.. നശിച്ച ജന്മം!.. വയസ്സായാലും വീട്ടിൽ ഇരിക്കത്തില്ല..നാശം!!."
" ഹമ്മേ!...ശാരദേടത്തി ഒരു സംഭവമാണല്ലോ.. എന്ന് ഓർത്തിരിക്കുന്നതിനിടയിൽ ഒരാൾ സാക്ഷ്യങ്ങൾ നിരത്തി..!
"..സഹദേവന്റെ കുഞ്ഞിനെ ആശുപത്രിയിൽ ആക്കിയത്‌ ആരാ?."
"... ആരാ?."
" ശാരദേച്ചിയാ....പിന്നീട്‌  ഉഴിഞ്ഞിട്ട്‌ ,മന്ത്രിച്ച്‌,. ഊതിയിട്ടാ ..ആ കുഞ്ഞിനെ രക്ഷിച്ചെടുത്തത്‌!"
".. പശുവിനെ കറക്കുമ്പോൾ വന്ന ശാരദേച്ചി ഒറ്റ നോക്കു നോക്കിയതേയുള്ളൂ.. പിറ്റേന്ന് പശുവിന്‌ അകിടു വീക്കം വന്നു.. ചോരയാ കറന്നത്‌ പിറ്റേന്ന്.. ചോര!

പിന്നെ ചരട്‌ ജപിച്ച്‌ കെട്ടി ഉഴിഞ്ഞു കളഞ്ഞിട്ടാ അതിനു പിന്നെ ആലസ്യവും അകിടു വീക്കവും മാറിയത്‌!"

" എല്ലാം കേട്ട്‌ അവർ അത്ഭുതം കൂറി!..ശാരദേച്ചി ഒരു താരമാകുകയായിരുന്നു!" എല്ലാവരുടേയും അനുഭവക്കുറിപ്പുകൾ എല്ലാവരും പരസ്പരം പങ്കുവെച്ച്‌ എല്ലാവരും മുരിങ്ങയിലയും എടുത്തു തന്താങ്ങളുടെ വീട്ടിലേക്ക്‌ പോയി..

" ദേ നിങ്ങളു കേൾക്കുന്നുണ്ടോ?...ഇവരൊക്കെ പറയുന്നത്‌..!"- ഭർത്താവിനോടായി അവർ പറഞ്ഞു..

അയാൾ ചിരിച്ചു..യുക്തിവാദിയായിരുന്നു അയാൾ ഒരു മുഴുത്ത യുക്തി വാദി!
" ഓരോ അന്ധവിശ്വാസങ്ങളേ!... അയാൾ പിന്നെയും ചിരിച്ചു.."

"നിങ്ങൾക്കൊന്നിനും വിശ്വാസമില്ല .. എല്ലാം ഒരു പുശ്ചം!"-അവർ അയാളെ നോക്കി പറഞ്ഞു..

"... എടീ.. അങ്ങിനെയാണെങ്കിൽ നിന്റെ ഒന്നോ രണ്ടോ ശാരദേച്ചിമാരെ സംഘടിപ്പിച്ച്‌ ഇന്ത്യാ പാക്ക്‌ അതിർത്തിയിൽ കൊണ്ടു വിട്ടാൽ ഇന്ത്യയ്ക്ക്‌ എത്ര കോടി രൂപ ലാഭം കിട്ടും!.. ചിന്തിച്ചിട്ടുണ്ടോ നീയ്യ്‌!"

"നിങ്ങൾ കണ്ടതല്ലേ.. ആ മുരിങ്ങമരം കട പുഴകി വീണത്‌?...ഞാനൊന്നും പറയാൻ ആളല്ലേ!.. നിങ്ങളോട്‌ തർക്കിച്ച്‌ ജയിക്കാൻ മാത്രം ബുദ്ധിയൊന്നും നമുക്കില്ലേ!"- അവർ നിർത്തി..
"....ഇവിടാരുല്ലേ?..."
"ഓ വീണ്ടും വന്നോ നാശം!.. ഒന്ന് മറിച്ചിട്ടുവല്ലോ പിന്നേം എന്തിനാണാവോ ....!!"
" ആരാ"- അയാൾ ചോദിച്ചു
" എന്തു പറയാനാ ആ ശാരദേച്ചിയാ"
...ഓടിക്കിതച്ചു കൊണ്ട്‌ ശാരദേച്ചി!..
" എന്താ ശാരദേച്ചി?"- വലിയ മുഖം കൊടുത്തില്ലേങ്കിലും അവർ ചോദിച്ചു..
".. എണേ... നിന്റെ മുരിങ്ങമരം വീണിരുന്നോ?... എല്ലാവരും എന്നെയാ പറയുന്നത്‌.... നീ പറഞ്ഞിരുന്നോ?...എന്റെ കണ്ണു കൊണ്ടിട്ടാത്രേ മുരിങ്ങ മരം വീണത്‌!.."

അവരുടെ മുഖം വല്ലാതായിരുന്നു.. കണ്ണുകൾ ഈറനണിഞ്ഞിരുന്നു..
".. എന്തൊക്കെയാ ശാരദേച്ചി പറയുന്നത്‌?.. ഞാനങ്ങനെ പറയുമോ?... അതും നിങ്ങളെ?...ആരാ നിങ്ങളോട്‌ ഇതു പറഞ്ഞത്‌?'

" എല്ലാവരും പറയുന്നു എന്റെ കണ്ണു കൊണ്ടിട്ടാത്രേ...ഛേ.. ഞാൻ വരരുതായിരുന്നു.. നിന്റെ മുരിങ്ങയില ചോദിക്കരുതായിരുന്നു...ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ഭഗവാനേ!"-- ശാരദേച്ചിയുടെ കണ്ണ്‌ കൂടുതൽ നനഞ്ഞിരുന്നു... കണ്ണീർ താഴേക്ക്‌ ഊർന്നു വീണു..!"
"..ശാരദേച്ചിയെ ഒരു വിധം സമാധാനിപ്പിച്ച്‌ പറഞ്ഞയച്ച്‌ അവർ പറഞ്ഞു.
." പാവം!"
പെട്ടെന്ന് അയൽ വക്കക്കാർ വിളിച്ചു ചോദിച്ചു.." വീണ്ടും ശാരദേച്ചി വന്നൂ...ല്ലേ... "
" ഊവ്വ്‌!"
" കരച്ചിലും പറച്ചിലും ഉണ്ടായി ..ല്ലേ"
" ഊവ്വ്‌ .. പാവം!"
"... പാവമോ.. അവർ അങ്ങിനെയാണ്‌.. ചെയ്യേണ്ടതെല്ലാം ചെയ്യുകയും ചെയ്യും എന്നിട്ട്‌ ഒരു കള്ളക്കരച്ചിലും!.. എല്ലായിടത്തും ഇത്‌ സ്ഥിരം ഏർപ്പാടാ.."
" അതെയോ?'
" അയൽ വക്കക്കാർ പോയി.
..അവരുടെ അവസ്ഥ ഓർത്തപ്പോൾ സങ്കടം തോന്നി.." കണ്ണു പിഴച്ചതിന്‌.. പാവം ശാരദേടത്തി എന്തു പിഴച്ചു..!"
ആളുകളുടെ ഓരോ പ്രചാരങ്ങൾ!... അയാൾ ചിരിച്ചു
പെട്ടെന്ന് അയാൾ ഞെട്ടി.." അയാൾക്ക്‌ ഒരു വിറയൽ!..മുരിങ്ങയില പറിച്ചെടുക്കാൻ വന്നപ്പോൾ അവർ അയാളുടെ ശരീരം കാൽപാദം തൊട്ട്‌ ശിരസ്സ്‌ വരെ സ്കാൻ ചെയ്യുന്നതു പോലെ രണ്ടു മൂന്നു തവണ നോക്കിയിരുന്നു.. എന്നിട്ട്‌ മധുരസ്വരത്തിൽ ചോദിക്കുകയും ചെയ്തു.." ഓ.. ഇവിടെതന്നെ ഉണ്ടോ ഇന്ന് എവിടേയ്ക്കും പോയില്ലേ!"
അതെങ്ങാനും ഏറ്റോ???
"ശരിയാണ്‌.. ഒരു കുളിര്‌!...
".. എടീ ശാന്തേ... എന്റെ നെറ്റി തൊട്ട്‌ നോക്കിയേ.. ഒരു തളർച്ച!"- അയാൾ ഭാര്യയെ വിളിച്ചു..
കൈ വെച്ച്‌ നോക്കിക്കൊണ്ട്‌ അവർ പറഞ്ഞു"..ശരിയാണല്ലോ?.. ഇതാ ഞാൻ പറഞ്ഞത്‌ ഇനിയെങ്ങാൻ അവർ ഇവിടെ വന്നാൽ പുറത്തെങ്ങും ഇറങ്ങി നിൽക്കരുത്‌..പറഞ്ഞേക്കാം.. !"
" ഓ .. എന്നിട്ടൊന്നുമല്ലെന്നേ!"
" .. ഇങ്ങോട്ട്‌ വാ ഈ കസേരയിൽ ഇരുന്നേ... "
അയാൾ തണുത്തു വിറയ്ക്കുന്നതു പോലെ ഇരുന്നു..
"ഇത്‌ കണ്ണേറ്‌ തന്നെ.. കരിംകണ്ണ്‌!!....എന്നാലും ന്റെ ശാരദേച്ചീ..എന്നാലും ന്റെ ശാരദേച്ചീ..നമ്മളോട്‌ വേണോ ഈ പണീ!!." ."
അവർ പ്രാകീ കൊണ്ടിരുന്നു.
"..ഇതൊക്കെ നിന്റെ ഓരോ അന്ധവിശ്വാസങ്ങളാ !"അയാൾ വീണ്ടും പറഞ്ഞു
ശാന്തേച്ചി കുറച്ച്‌ വറ്റൽമുളകും അരിമണിയും കടുകും മറ്റെന്തൊക്കെയോ കൂട്ടി അയാളെ ഉഴിയുന്നുണ്ടായിരുന്നു...
അനുസരണയുള്ള കുട്ടിയെ പോലെ വിറച്ച്‌, വിറച്ച്‌ അയാളിരുന്നു..