നോം പന പോലെ വളർന്നു... ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക്!..അവിടേയും ബർമുഡ തന്നെ നമ്മുടെ അന്തർദ്ദേശിയ വിശുദ്ധവസ്ത്രം!
. തടവറയിൽ നിന്നും സ്വതന്ത്ര്യത്തിലേക്ക് എടുത്തു ചാടിയ സുഖം.... സമരമുണ്ട്... ലീവുണ്ട്.. തല്ലാനും കൊല്ലാനും ആരും ഇല്ല..!..സ്കൂളിൽ പോകും മുന്നേ അറിയാം .. സമരമുണ്ട്!.. ഇല്ലെങ്കിൽ മനസ്സിൽ നേതാക്കന്മാരുടെ തന്തയ്ക്ക് വിളിക്കും.. " ഒന്നിനും കൊള്ളാത്ത ശവങ്ങൾ!
... പക്ഷേ ബസ്സുകാരുടെ പ്രശ്നം!...കണ്ടെക്ടറും ക്ലീനറും നമ്മോട് ആജന്മ ശത്രുക്കളുടേതു പോലെയാ പെരുമാറ്റം..പത്തു പൈസക്കൊരു വിലയുമില്ലെന്നേ..നമ്മൾ അടിച്ചു പരത്തിയ എന്തോ അലുമിനിയം സാധനം കൊടുക്കുന്ന ഒരു നോട്ടം!..വിറക് അട്ടിയിട്ട പോലെ തള്ളി തള്ളി നമ്മളെ അട്ടിയിടും.. ചിലപ്പോൾ നമ്മെ കയറ്റാതെ പോകും.. അവരുടെ വിചാരം മുതലാളി അവരുടെ അപ്പനാണെന്നാ... ആണോ ആ ആർക്കറിയാം!... നാം ചോദിക്കാൻ പോയില്ല്യ.. നമ്മൾ ചോദിച്ചിട്ട് അവർ ഇനി അതിന്റെ ഗമയിൽ ഞെളിഞ്ഞു നടക്കേണ്ട!
..എന്തായാലും നമ്മളെ അവർക്ക് കണ്ടൂടാ...ഒന്നൂകിൽ ഇവർ സ്കൂളിൽ നമ്മെ പോലെ പോയിരിക്കില്ല.. അല്ലെങ്കിൽ ഇവന്മാർ വിദേശികൾ!..അതിനാൽ അവിടെ ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാന്നും പറഞ്ഞ് നമ്മളെ ബ്രെഡ്ഡിനു ചവിട്ടിക്കൂട്ടുമ്പോലെ ചവിട്ടിക്കൂട്ടിയാൽ കിളിക്ക് സമാധാനമായി... പിന്നെ കിളിയുടെ ശംഖനാദം.!!. യുദ്ധം തുടങ്ങീന്നർത്ഥം!.. ബസ്സു സ്റ്റാർട്ടു ച്യ്തു ഡ്രൈവർ!...വിമാനം പറപ്പിക്കുന്ന പൈലറ്റായിരുന്നെങ്കിൽ ഇയ്യാളൊക്കെ ദുബായിക്കു പറപ്പിക്കേണ്ട വിമാനം അമേരിക്കേക്ക് വിടും!.. നമ്മളെ സ്റ്റോപ്പിലിറക്കില്ല.. ഇറക്കിയാൽ ഒരു കുറച്ചില്.. പത്തു പൈസയും തന്ന് സുഖമായി നിന്നു യാത്ര ചെയ്തതല്ലേ.. ലേശം നടന്നാൽ പിത്തം ഉരുകും എന്ന ഒരു മട്ടും ഭാവവും! ..പഠിച്ചു ക്ഷീണിച്ചു വരുന്ന നമ്മെ ഇവന്മാർക്കെന്താ ബസ്സു നിർത്തി വീട്ടിലേക്ക് എടുത്ത് കൊണ്ടു പോയി ആക്കിയാല് എന്ന ഒരു ഭാവം നമ്മൾക്കും !... വെറുതെയല്ലല്ലോ പത്ത് പൈസ എണ്ണിക്കൊടുത്തിട്ടല്ലേ!.. ആരുടേയും ഒരു ഓശാരത്തിനും അന്നും ഇന്നും നമ്മൾ പോയിട്ടില്ല.. അപ്പോൾ പിന്നെ കണ്ണുരുട്ടി ഉരുട്ടി വേറുതേ എന്തിനാ കണ്ണിന്റെ ഗോളം തെറിച്ചു താഴെ വരാൻ ഇടവരുത്തുന്നത്!
എട്ടാം ക്ലാസ്സിൽ ഒപ്പം പഠിച്ചു കുറച്ചു ഷേണായിമാർ!.എന്തൊരു പഠിത്തം!.. എന്തൊരു പഠിത്തം!.. ഹോ .. ഹോ... അന്നേ നാം കണക്കു കൂട്ടിയതാ.. എവന്മാരൊന്നും ഗതി പിടിക്കില്ലെന്ന്.. ... മഹാന്മാരൊക്കെ ഓരോ ഗതികിട്ടാത്ത നിലയിലായി.. നാമന്നേ കരുതീതാ..ഇങ്ങനെ പഠിച്ച് തലപുണ്ണാക്കിയിട്ട് എന്തെടുക്കാനാ...?.. പഠിച്ച് പഠിച്ച് ഭ്രാന്തെങ്ങാൻ വന്നാൽ പോയില്ലേ.. അവന്റെ അഹങ്കാരം!.... ആളുകളുടെ തല തെറ്റാൻ അത്രയ്ക്ക് സമയം വേണോ? ..
...ഇന്ന് ചിലർ ഡോക്ടറായി, ചിലർ കമ്പ്യൂട്ടർ എഞ്ചിന്യോറായി അമേരിക്കയ്ക്ക് പറന്നു.. .പറഞ്ഞാൽ മനസ്സിലാവാത്ത ആളുകൾക്ക് അങ്ങിനെ തന്നെ വരണം!!..അനുഭവിക്കട്ടേ.. എന്നാലെ പഠിക്കൂ.!!..... ഒരുവൻ എന്റെ നോട്ട് നോക്കിയെഴുതും... അവനെ നമ്മൾ നോട്ടമിട്ടു.. അവൻ ഏറിവന്നാൽ ഒരു വാധ്യാര്.. സത്യമായി അത്.. ഇന്ന് ലക്ചറർ ആയി അവൻ കൺകണ്ട പെൺപിള്ളേരുടേയും ആൺ പിള്ളേരുടേയും ശാപം വാങ്ങി.. നശിച്ചു നാറാണക്കല്ലെടുത്ത് നടക്കുന്നു.. ഗുരുത്വദോഷം.. പഠിപ്പിക്ക്യെന്നേ..പഠിപ്പിക്യ.. ഇത്രയും ശാപം കിട്ടാൻ മാത്രം എന്തു ദോഷാ അവൻ ചെയ്തത് ... ആ ആർക്കറിയാം!..അവനു ശാപമോക്ഷം കൊടുക്കണേ പര ദൈവങ്ങളേ...
നമ്മോടൊപ്പം പഠിച്ച് വല്യ നിലയിലായ ഒരു ഓട്ടോറിക്ഷക്കാരൻ ഇന്നാളൊരു ദിവസം നമ്മോട്.. " ഇസ്തിരിം ഇട്ട് വടിവൊത്ത കുപ്പായം ഇട്ട് എങ്ങോട്ടാ....എന്താ ഇപ്പോൾ പണി!"..
അവന് വല്യ ഭാവം... നാം ക്ഷമിച്ചു.. നമ്മെ മനസ്സിലാക്കാതെയല്ലേ ഈ കൃമി...സാരമില്ല !..
"..ഒന്നുമില്യാ.."-
"..ഒന്നുമില്യാണ്ട്...."
" പണീംണ്ട്...ഒരു പാട്! .
"എന്തു പണീ"
".. തിന്നുക ..സുഖിക്കുക.. കിടന്നുറങ്ങുക.!".
...സോ സിമ്പിൾ!..അതിന്റെ അഹങ്കാരമൊന്നും നമ്മൾ കാട്ടാറില്ല.. വേണമെങ്കിൽ നമ്മുടെ പട്ടി കാട്ടിക്കോട്ടേ!..നമുക്ക് നെവർ മൈൻഡ്!
"ഒന്നും ആയില്യാ ..ലേ" -അഹംഭാവത്തിന്റെ ഒരു പോക്ക്! ...ഈ പറഞ്ഞ പണികൾ നിന്റെ മറ്റവൻ എടുക്കുമോന്ന് ചോദിക്കാൻ ഒരുങ്ങിയതാ.. പോട്ടെ .. ന്നാലും ഒപ്പം പഠിച്ചോനല്ലേ!
".... തിരക്കുണ്ട്.. വരാം പിന്നെക്കാണാം!.. ബസ്റ്റാൻഡില് പോയി നാലു പിള്ളാരെ കാണാൻ കൂടെ ഇവന്മാർ സമ്മതിക്കില്ല.. നാം അവിടെയെത്തിയില്ലേങ്കിൽ അവരൊക്കെ അവരുടെ വഴിക്ക് പറന്നു പോയി കളയും...അന്നത്തെ പണി പോയില്ലേ..നമ്മൾ സമയം മെനക്കെടുത്തിയതു വെറുതേ!.. പിന്നെ അന്ന് അവധിയെടുത്ത് വീട്ടിലേക്ക് തന്നെ തിരിച്ചു പോകണം..നാലു മണി വരെ മതി.. അപ്പോഴേക്കും ജോലി സ്റ്റാർട്ട് ചെയ്യാം. ...ന്നാലും രാവിലേയുള്ള ജോലിയുടെ മേന്മ അതിനുണ്ടാവില്ലല്ലോ.. എന്തിനും ഏതിനും രാവിലെയാ നല്ലത്!..നമ്മുടെ തിരക്ക് അറിയാത്ത അജ്ഞാനി!..തൂഫൂ!--നാം ബബിൾഗം തുപ്പിക്കളഞ്ഞു....തുപ്പേണ്ട സാധനം തുപ്പിക്കളയണം .. ഇല്ലേങ്കിൽ ആരും ഗതി പിടിക്കില്ല്യാ..തൊണ്ടയിലെങ്ങാൻ കുരുങ്ങിയാൽ കുഴങ്ങീലോ...മരിച്ചു പോവും!
അപ്പോൾ പറഞ്ഞു വന്നത് ...8 എ ക്ലാസ്സ് പിരിച്ചു വിട്ടു..."എ" എന്ന പദം ഹെഡ്മാഷ്ക്ക് കൊറച്ചിലുണ്ടാക്കീട്ടുണ്ടാകും!..പഴയ ഓർമ്മയോ മറ്റോ ആവാം പിള്ളേർ വഴി പിഴക്കേണ്ടാന്ന് കരുതീട്ടുണ്ടാവും!..അതിനാൽ "എ" ഡിവിഷൻ വേണ്ട!...ബാക്കിയുള്ള ഡിവിഷനിലേക്ക് നമ്മളെ അഭയാർത്ഥികളായി അയ്യഞ്ചു പേരെ വീതം അയച്ചു..നാം ചെന്നു കയറിയത്.. പഠനം അസ്സഹനീയമായി കരുതുന്ന ഡിവിഷനിലേക്കും..8 ജി.. അവിടെ എപ്പോഴും കളി തന്നെ.. പൂജ്യം ഇട്ടു കളിക്കണം, സിനിമാ പേരു പറഞ്ഞു കളിക്കണം...എന്തെല്ലാം.. എന്തെല്ലാം ..ഹൊ.. ഹൊ...എല്ലാം നമ്മൾ തന്നെ കളിക്കേണ്ടേ...അടുത്തുള്ള ഡിവിഷനിലുള്ളവരെ കൂട്ടണം എന്ന് നമ്മൾക്ക് ആഗ്രഹമുണ്ട്.. അവരൊക്കെ തനി കണ്ട്രിയാ.. വെറും പുസ്തക ഞാഞ്ഞൂൽ!...എന്തൊക്കെ കളിച്ചാലും നമ്മൾക്ക് ക്ഷീണം!.. ഹേയ് അശേഷമില്ല!.. ഭയങ്കര എനർജിയാ..!".. മാഷന്മാർ വരും പാഠമെടുക്കും അതവരുടെ ഡ്യൂട്ടി.. കുഞ്ഞുങ്ങളെ പോറ്റാനുള്ളതല്ലേ.. നമ്മൾ അതിൽ തലയിട്ടു കൂട... ശാപം കിട്ടും..ശാപം!...ഇതു പോലെ സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തുണ്ടോന്ന് സംശയം ആയി..അങ്ങനെ നാം ആർമ്മാദിച്ചു..
ക്ലാസ്സിൽ അഭയാർത്ഥികളായി എത്തിയതിനാലാകണം ചില വിഘടന വാദികൾ നമ്മെ വരത്തന്മാരായി കരുതി..
ഒരീസം അതുണ്ടായി...ഫിസിക്സ് സാറിന്റെ ക്ലാസ്സ് .! ആകെ നിശബ്ദം..ടെസ്റ്റ്ബുക്ക് കൊണ്ടുവന്നില്ലേങ്കിൽ അദ്ദേഹത്തിനു രക്തരക്ഷസ്സിനെ പോലെ ഹാലിളകും... തോളിടുക്കിൽ നുള്ളി രക്തം കണ്ടാൽ മാത്രമേ ശാന്തമാകൂ!..രക്തം വേണം രക്തം എന്ന മട്ട്!..ആയിക്കോട്ടെ തമ്പ്രാ.. ലേശം ശ്രദ്ധിച്ച് അധികം വേദനയില്ലാതെ എടുത്തോളൂന്ന മട്ടിൽ നമ്മളും!...അന്ന് ക്ലാസ്സ് ലീഡർ വന്നില്ല.. നമ്മെ ക്ലാസ്സിന്റെ നിയന്ത്രണം ഏൽപിച്ച് ഫിസിക്സ് അദ്ദേഹം പുറത്തു പോയി.. വരത്തനായ നമ്മെ ആരനുസരിക്കാൻ..!
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു.."സംസാരിച്ചവരുടെ പേരു ഹാജരാക്കാൻ കൽപന!"
നാം ഹാജരാക്കി... സ്റ്റാൻഡ് അപ്പ് ആയ മഹാന്മാരുടെ തോളിലെ രക്തം കുടുകുടാ ചാടിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ കൂർത്ത നഖങ്ങളിലൂടെ...!
അദ്ദേഹം പോയി.. പ്രേതബാധ ഒഴിഞ്ഞവരെല്ലാം നമ്മുടെ നേരെ..!
ഉച്ചയ്ക്ക് വിട്ടപ്പോൾ തോറ്റ്, തോറ്റ് ബെഞ്ചു തഴമ്പു പിടിപ്പിച്ച നമ്മുടെ താതന്റെ പ്രായമായ ഒരുവൻ കത്തിയുമായി വന്നു എന്റെ പുറകേ.." നിന്നെ കുത്തി മലർത്തും ഹിമാറേ!..എന്റെ പേരെഴുതും അല്യോടാ...".
നാം ഓടി.. ഹേഡ്മാഷിന്റെ റൂമിനു പുറത്ത് അഭയം പ്രാപിച്ചു.. ആരോടും പറഞ്ഞില്ല.. പറഞ്ഞെങ്കിൽ അവൻ കുത്തും ഒരു സംശയോം ഇല്യ!...നമ്മൾ കൊള്ളും ഒരു തർക്കവും ഇല്ല!..നമ്മോടാ അവന്റെ കളി!"
പിറ്റേന്ന് യദാർത്ഥ ക്ലാസ്സ് ലീഡർ വന്നു.. നാം അവനോട് പറഞ്ഞു.." ഇവന്മാരോട് എന്റെ ജീവൻ വിട്ടു തരാൻ പറ!... ഇല്ലെങ്കിൽ നീയ്യും കൂടി എന്നെ കൊന്നു തിന്ന്!"
അവൻ അവരുടെ അടുത്തു ദൂതുമായി പോയി അവരെ ശാന്തരാക്കി.. "...പറ്റിപ്പോയതാടാ അവന്.. ക്ഷമിക്ക്.. അവൻ പാവമാ!"
മഹാ പാപി നമ്മുടെ അടുത്തു വന്നു.." വീണ്ടും കത്തി കാട്ടി പറഞ്ഞു .. ഇനിയിതാവർത്തിച്ചാൽ.. ഇസ്കൂളു മാത്രമല്ല പുറത്തും സ്ഥലമുണ്ട്.. ഓർത്താൽ നിനക്ക് കൊള്ളാം!"
".. ഇല്ല!.. നാം ആവർത്തിക്കില്ല.. സത്യം!... " - നാം അങ്ങിനെ സന്ധി ചെയ്തു.. ഒരിക്കൽ കൂടി സ്റ്റീലിന്റെ തിളങ്ങുന്നകത്തി കാട്ടി അവൻ മുരണ്ടു.."ഓർമ്മേണ്ടല്ലോ?". പിന്നേ ഇവൻ ഒലത്തും.. എന്നാലും ഒരു മല്ലയുദ്ധത്തിൽ കത്തികൊണ്ട് മോക്ഷം കിട്ടാതെ വീരചരമം പ്രാപിക്കുന്നതിനേക്കാൾ നല്ലതല്ലേ സന്ധിചെയ്ത് സുഖമായി എവിടെയെങ്കിലും പോയി ഇരിക്കുന്നത്!
ഈ സരസമായ ശൈലി എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂi really waiting for next......................!
Dear muje,
മറുപടിഇല്ലാതാക്കൂതാങ്കൾക്കെന്റെ സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു..
സസ്നേഹം