പേജുകള്‍‌

ബുധനാഴ്‌ച, സെപ്റ്റംബർ 08, 2010

കണ്ണേറ്‌!

അന്ന് രാവിലെയാണ്‌ ശാരദേടത്തി വന്നത്‌... ഉടനെ ദൂരെ നിന്നു തന്നെ വിളി തുടങ്ങിയിരുന്നു... " ....ഇവിടുത്തെ ആളൊക്കെ എങ്ങോട്ടു പോയി?... ആരും ഇല്ലേ ഇവിടെ?..."
പുഞ്ചിരിച്ചു കൊണ്ട്‌ വീട്ടുകാർ മുറ്റത്തേക്ക്‌ ഇറങ്ങി വന്നു..
" എല്ലാവരും ഇവിടെ തന്നെയുണ്ട്‌ ശാരദേച്ചി"
"..കുറച്ച്‌ മുരിങ്ങയില വേണം..ണേ... അതാ വന്നത്‌.."

'..അതിനെന്താ.. പറിച്ചെടുത്തോളൂ.. ദാ വേണമെങ്കിൽ മുളയുണ്ട്‌ അവിടെ.. അതിനെ കൊണ്ട്‌ താഴ്ത്തി പറിച്ചെടുത്തോളൂ.."

" എനിക്ക്‌ മുരിങ്ങയില വല്യ ഇഷ്ടമാ.. അതാ വന്നത്‌!...ഞാനിപ്പോൾ എവിടേയും പോകാറില്ല...കഴിയുന്നില്ല..ണെ..!"

ശാരദേടത്തി അങ്ങിനെയാണ്‌..എവിടെയെങ്കിലും ഏതെങ്കിലും വീട്ടിൽ പോകുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യം കാണും.. കാണാതിരിക്കില്ല... അല്ലാതെ ശാരദേച്ചി എങ്ങും പോകുന്നത്‌ ആരും കണ്ടിട്ടില്ല!

എഴുപത്‌ വയസ്സു കടന്നെങ്കിലും ആരും നോക്കി പോകും ശാരദേടത്തിയെ..പതിനെട്ട്‌ വയസ്സിന്റെ ചുറുചുറുക്ക്‌!. ഒത്ത വണ്ണം. നല്ല തങ്ക നിറം.. മുറുക്കാൻ ചവച്ച ചുവന്ന ചുണ്ടുകൾ!.. കണ്ടാൽ ലിപ്‌ സ്റ്റിക്ക്‌ ഇട്ടമാതിരി!..ഇത്രയും പ്രായമായിട്ടും ഇവർക്കിത്ര സൗന്ദര്യമുണ്ടെങ്കിൽ ചെറുപ്പകാലത്ത്‌ ഇവരുടെ സൗന്ദര്യം എന്തായിരിക്കണം!..

അവരുടെ സൗന്ദര്യം നോക്കി നിന്നു പോയി..!

കാലം പുറകോട്ട്‌ മറിഞ്ഞെങ്കിൽ, പാവാടക്കാരിയായി ശാരദേടത്തി മാറിയെങ്കിൽ !!.. ശാരദേടത്തിയെ ഓർത്ത്‌ അന്നത്തെ ആൾക്കാർക്ക്‌ ഊണും ഉറക്കവും ഉണ്ടായിരുന്നിരിക്കില്ല!മുരിങ്ങയില പറിച്ച്‌ ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക്‌ പോയി രണ്ടു മിനുട്ട്‌ കഴിഞ്ഞില്ല ...


മുരിങ്ങയില പറിച്ച്‌ ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക്‌ പോയി രണ്ടു മിനുട്ട്‌ കഴിഞ്ഞില്ല ...

നേരിയ ഒരു കാറ്റു പോലും ആ സമയത്ത്‌ ഉണ്ടായിരുന്നുമില്ല.. എന്നിട്ടും ആ മുരിങ്ങ മരം പത്തോന്ന് താഴെക്ക്‌ മറിഞ്ഞു വീണു..ഒരു പക്ഷെ ശാരദേച്ചിയുടെ സൗന്ദര്യം കണ്ട്‌ തലകറങ്ങി വീണതായിരിക്കുമോ?

അയൽ വക്കക്കാർ മുരിങ്ങ മരം വീഴുന്ന ശബ്ദം കേട്ട്‌ ഓടിവന്നു..

"..കാറ്റു പോലുമില്ലാതെ മുരിങ്ങമരം പൊട്ടി വീണതെങ്ങിനെ എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അയൽവക്കക്കാരി ചേച്ചി പറഞ്ഞു..
" ശാരദേടത്തി വന്നൂ.. ല്ലേ?"
" ഊവ്വ്‌ .. വന്നു"
"മുരിങ്ങയില ചോദിച്ചൂ ..ല്ലേ!"
" ഊവ്വ്‌ ചോദിച്ചു!"
" എങ്കിൽ മുരിങ്ങ നിലം പൊത്തിയില്ലേങ്കിലേ അത്ഭുതമുള്ളൂ....അതു തന്നെയാ കാരണം.. വെടിക്കണ്ണിച്ചിയാ.. വെടിക്കണ്ണിച്ചി!!.. ഒറ്റ നോക്കു മതി........ അവർക്ക്‌ ഒന്നുകിൽ കാന്താരി മുളക്‌, അല്ലെങ്കിൽ പപ്പായ, അല്ലെങ്കിൽ മുരിങ്ങയില ഇതാ പഥ്യം..!.. ഏതു വീട്ടിൽ പോയാലും അവർ അതുണ്ടോന്ന് നോക്കും.. അവരുടെ കണ്ണു കൊള്ളും അതാ ഈ മുരിങ്ങ വീണത്‌!"

" എന്റെ കാന്താരി മുളക്‌ ചെടി ഉണക്കിയത്‌ അവരാ!"

"..എന്നോട്‌ ചക്ക ചോദിച്ചിരുന്നു...പ്ലാവിൽ നിറച്ചും ചക്കയായിരുന്നു.. ഒരു ചക്ക ഞാനവർക്ക്‌ കൊടുത്തു..പിറ്റേന്നാൾ മുതൽ മുഴുവൻ ചക്കയും ഒന്നൊന്നായി കെട്ടു പോയി" സത്യമാ ഞാൻ പറയുന്നത്‌!

അയൽ വക്കക്കാർക്ക്‌ ഒരു ഇരയെ കിട്ടിയ സന്തോഷം!

" മറ്റൊരാൾ പറഞ്ഞു.." എന്റെ പപ്പായ മരം, പപ്പായ ചോദിച്ച്‌ ചോദിച്ച്‌.. പറിച്ചു കൊണ്ടു പോയി.. ആ മരവും ഇങ്ങനെ വീണിട്ടാ നശിച്ചത്‌!.. ഇപ്പോൾ അതിന്റെ മരമേ വേരു പിടിക്കുന്നില്ല.. തരിശാക്കാനാണ്‌ അവർ വന്നത്‌.. നശിച്ച ജന്മം!.. വയസ്സായാലും വീട്ടിൽ ഇരിക്കത്തില്ല..നാശം!!."
" ഹമ്മേ!...ശാരദേടത്തി ഒരു സംഭവമാണല്ലോ.. എന്ന് ഓർത്തിരിക്കുന്നതിനിടയിൽ ഒരാൾ സാക്ഷ്യങ്ങൾ നിരത്തി..!
"..സഹദേവന്റെ കുഞ്ഞിനെ ആശുപത്രിയിൽ ആക്കിയത്‌ ആരാ?."
"... ആരാ?."
" ശാരദേച്ചിയാ....പിന്നീട്‌  ഉഴിഞ്ഞിട്ട്‌ ,മന്ത്രിച്ച്‌,. ഊതിയിട്ടാ ..ആ കുഞ്ഞിനെ രക്ഷിച്ചെടുത്തത്‌!"
".. പശുവിനെ കറക്കുമ്പോൾ വന്ന ശാരദേച്ചി ഒറ്റ നോക്കു നോക്കിയതേയുള്ളൂ.. പിറ്റേന്ന് പശുവിന്‌ അകിടു വീക്കം വന്നു.. ചോരയാ കറന്നത്‌ പിറ്റേന്ന്.. ചോര!

പിന്നെ ചരട്‌ ജപിച്ച്‌ കെട്ടി ഉഴിഞ്ഞു കളഞ്ഞിട്ടാ അതിനു പിന്നെ ആലസ്യവും അകിടു വീക്കവും മാറിയത്‌!"

" എല്ലാം കേട്ട്‌ അവർ അത്ഭുതം കൂറി!..ശാരദേച്ചി ഒരു താരമാകുകയായിരുന്നു!" എല്ലാവരുടേയും അനുഭവക്കുറിപ്പുകൾ എല്ലാവരും പരസ്പരം പങ്കുവെച്ച്‌ എല്ലാവരും മുരിങ്ങയിലയും എടുത്തു തന്താങ്ങളുടെ വീട്ടിലേക്ക്‌ പോയി..

" ദേ നിങ്ങളു കേൾക്കുന്നുണ്ടോ?...ഇവരൊക്കെ പറയുന്നത്‌..!"- ഭർത്താവിനോടായി അവർ പറഞ്ഞു..

അയാൾ ചിരിച്ചു..യുക്തിവാദിയായിരുന്നു അയാൾ ഒരു മുഴുത്ത യുക്തി വാദി!
" ഓരോ അന്ധവിശ്വാസങ്ങളേ!... അയാൾ പിന്നെയും ചിരിച്ചു.."

"നിങ്ങൾക്കൊന്നിനും വിശ്വാസമില്ല .. എല്ലാം ഒരു പുശ്ചം!"-അവർ അയാളെ നോക്കി പറഞ്ഞു..

"... എടീ.. അങ്ങിനെയാണെങ്കിൽ നിന്റെ ഒന്നോ രണ്ടോ ശാരദേച്ചിമാരെ സംഘടിപ്പിച്ച്‌ ഇന്ത്യാ പാക്ക്‌ അതിർത്തിയിൽ കൊണ്ടു വിട്ടാൽ ഇന്ത്യയ്ക്ക്‌ എത്ര കോടി രൂപ ലാഭം കിട്ടും!.. ചിന്തിച്ചിട്ടുണ്ടോ നീയ്യ്‌!"

"നിങ്ങൾ കണ്ടതല്ലേ.. ആ മുരിങ്ങമരം കട പുഴകി വീണത്‌?...ഞാനൊന്നും പറയാൻ ആളല്ലേ!.. നിങ്ങളോട്‌ തർക്കിച്ച്‌ ജയിക്കാൻ മാത്രം ബുദ്ധിയൊന്നും നമുക്കില്ലേ!"- അവർ നിർത്തി..
"....ഇവിടാരുല്ലേ?..."
"ഓ വീണ്ടും വന്നോ നാശം!.. ഒന്ന് മറിച്ചിട്ടുവല്ലോ പിന്നേം എന്തിനാണാവോ ....!!"
" ആരാ"- അയാൾ ചോദിച്ചു
" എന്തു പറയാനാ ആ ശാരദേച്ചിയാ"
...ഓടിക്കിതച്ചു കൊണ്ട്‌ ശാരദേച്ചി!..
" എന്താ ശാരദേച്ചി?"- വലിയ മുഖം കൊടുത്തില്ലേങ്കിലും അവർ ചോദിച്ചു..
".. എണേ... നിന്റെ മുരിങ്ങമരം വീണിരുന്നോ?... എല്ലാവരും എന്നെയാ പറയുന്നത്‌.... നീ പറഞ്ഞിരുന്നോ?...എന്റെ കണ്ണു കൊണ്ടിട്ടാത്രേ മുരിങ്ങ മരം വീണത്‌!.."

അവരുടെ മുഖം വല്ലാതായിരുന്നു.. കണ്ണുകൾ ഈറനണിഞ്ഞിരുന്നു..
".. എന്തൊക്കെയാ ശാരദേച്ചി പറയുന്നത്‌?.. ഞാനങ്ങനെ പറയുമോ?... അതും നിങ്ങളെ?...ആരാ നിങ്ങളോട്‌ ഇതു പറഞ്ഞത്‌?'

" എല്ലാവരും പറയുന്നു എന്റെ കണ്ണു കൊണ്ടിട്ടാത്രേ...ഛേ.. ഞാൻ വരരുതായിരുന്നു.. നിന്റെ മുരിങ്ങയില ചോദിക്കരുതായിരുന്നു...ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ഭഗവാനേ!"-- ശാരദേച്ചിയുടെ കണ്ണ്‌ കൂടുതൽ നനഞ്ഞിരുന്നു... കണ്ണീർ താഴേക്ക്‌ ഊർന്നു വീണു..!"
"..ശാരദേച്ചിയെ ഒരു വിധം സമാധാനിപ്പിച്ച്‌ പറഞ്ഞയച്ച്‌ അവർ പറഞ്ഞു.
." പാവം!"
പെട്ടെന്ന് അയൽ വക്കക്കാർ വിളിച്ചു ചോദിച്ചു.." വീണ്ടും ശാരദേച്ചി വന്നൂ...ല്ലേ... "
" ഊവ്വ്‌!"
" കരച്ചിലും പറച്ചിലും ഉണ്ടായി ..ല്ലേ"
" ഊവ്വ്‌ .. പാവം!"
"... പാവമോ.. അവർ അങ്ങിനെയാണ്‌.. ചെയ്യേണ്ടതെല്ലാം ചെയ്യുകയും ചെയ്യും എന്നിട്ട്‌ ഒരു കള്ളക്കരച്ചിലും!.. എല്ലായിടത്തും ഇത്‌ സ്ഥിരം ഏർപ്പാടാ.."
" അതെയോ?'
" അയൽ വക്കക്കാർ പോയി.
..അവരുടെ അവസ്ഥ ഓർത്തപ്പോൾ സങ്കടം തോന്നി.." കണ്ണു പിഴച്ചതിന്‌.. പാവം ശാരദേടത്തി എന്തു പിഴച്ചു..!"
ആളുകളുടെ ഓരോ പ്രചാരങ്ങൾ!... അയാൾ ചിരിച്ചു
പെട്ടെന്ന് അയാൾ ഞെട്ടി.." അയാൾക്ക്‌ ഒരു വിറയൽ!..മുരിങ്ങയില പറിച്ചെടുക്കാൻ വന്നപ്പോൾ അവർ അയാളുടെ ശരീരം കാൽപാദം തൊട്ട്‌ ശിരസ്സ്‌ വരെ സ്കാൻ ചെയ്യുന്നതു പോലെ രണ്ടു മൂന്നു തവണ നോക്കിയിരുന്നു.. എന്നിട്ട്‌ മധുരസ്വരത്തിൽ ചോദിക്കുകയും ചെയ്തു.." ഓ.. ഇവിടെതന്നെ ഉണ്ടോ ഇന്ന് എവിടേയ്ക്കും പോയില്ലേ!"
അതെങ്ങാനും ഏറ്റോ???
"ശരിയാണ്‌.. ഒരു കുളിര്‌!...
".. എടീ ശാന്തേ... എന്റെ നെറ്റി തൊട്ട്‌ നോക്കിയേ.. ഒരു തളർച്ച!"- അയാൾ ഭാര്യയെ വിളിച്ചു..
കൈ വെച്ച്‌ നോക്കിക്കൊണ്ട്‌ അവർ പറഞ്ഞു"..ശരിയാണല്ലോ?.. ഇതാ ഞാൻ പറഞ്ഞത്‌ ഇനിയെങ്ങാൻ അവർ ഇവിടെ വന്നാൽ പുറത്തെങ്ങും ഇറങ്ങി നിൽക്കരുത്‌..പറഞ്ഞേക്കാം.. !"
" ഓ .. എന്നിട്ടൊന്നുമല്ലെന്നേ!"
" .. ഇങ്ങോട്ട്‌ വാ ഈ കസേരയിൽ ഇരുന്നേ... "
അയാൾ തണുത്തു വിറയ്ക്കുന്നതു പോലെ ഇരുന്നു..
"ഇത്‌ കണ്ണേറ്‌ തന്നെ.. കരിംകണ്ണ്‌!!....എന്നാലും ന്റെ ശാരദേച്ചീ..എന്നാലും ന്റെ ശാരദേച്ചീ..നമ്മളോട്‌ വേണോ ഈ പണീ!!." ."
അവർ പ്രാകീ കൊണ്ടിരുന്നു.
"..ഇതൊക്കെ നിന്റെ ഓരോ അന്ധവിശ്വാസങ്ങളാ !"അയാൾ വീണ്ടും പറഞ്ഞു
ശാന്തേച്ചി കുറച്ച്‌ വറ്റൽമുളകും അരിമണിയും കടുകും മറ്റെന്തൊക്കെയോ കൂട്ടി അയാളെ ഉഴിയുന്നുണ്ടായിരുന്നു...
അനുസരണയുള്ള കുട്ടിയെ പോലെ വിറച്ച്‌, വിറച്ച്‌ അയാളിരുന്നു..

2 അഭിപ്രായങ്ങൾ: