പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 28, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനഞ്ചാം സർഗ്ഗം)

"നിനക്ക്‌ ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയാൽ കുഴപ്പമെന്താ?"- നല്ല ചോദ്യം... ജേണലിസ്റ്റിൽ ബിരുദാനന്തര ബിരുദം നേടിയതു പോലെയാണ്‌ ചോദ്യങ്ങൾ!.

..എല്ലാറ്റിനും ഉത്തരം പറയേണ്ടത്‌ ഏകനായ ഈ നാമാണ്‌!..അമ്പലത്തിലെ നടയിൽ നിൽക്കുമ്പോൾ പൂജ കഴിഞ്ഞു  പുറത്തു വന്ന് തന്ത്രി പുണ്യാഹം കുടയുമ്പോൾ തെറിച്ചു വീഴുന്ന വെള്ളം ഒരു സ്പ്രേ ചെയ്യുന്ന പോലെങ്കിലും ഏറ്റവർക്ക്‌ ആ വിചാരം ഉണ്ടാവും.. എന്താ ചെയ്ക അതുപോലുമില്ല!..സുകൃതക്ഷയം.. .സുകൃതക്ഷയം! .. എങ്കിലും തപസ്സു ചെയ്ത പുണ്യാംശം ദേഹത്തുള്ളതിനാൽ മനോമകുരത്തിൽ വിരിഞ്ഞ സത്യാംശം നാം വിസ്തരിച്ചു പറഞ്ഞു കൊടുത്തു.. നാം എന്താണ്‌ പറയുന്നതെന്ന് അവർക്കും മനസ്സിലാവണമല്ലോ അതിനാൽ ഉത്തരം വളരെ ലളിതമായി പറഞ്ഞു ..
" ..കൊഴപ്പം ഉണ്ടായിട്ടല്ല.!"
"പിന്നെ?"-
.. ആകാംഷാ നിർഭരമായ അന്തരീക്ഷത്തിൽ, സുഖകരമായി സോഫയിൽ ചാരിയിരുന്ന് നാം വിവരിച്ചു..
..അന്തരീക്ഷത്തിന്‌ ഇടിയും മിന്നലുമുള്ള പ്രക്ഷുപ്തതയില്ല!..പ്രസരിപ്പില്ല!.....സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത!.

.."... അതായത്‌ നോം ഒന്നാം സ്ഥാനത്ത്‌ ഇരിക്കണം എന്നു തന്നെയാ ആഗ്രഹം.. പക്ഷെ ചില മൂരാച്ചികൾ നമ്മെ അതിനനുവദിക്കുന്നില്ല... അവരെ കടത്തി വെട്ടാൻ നമുക്കാവില്ല അമ്മ പെങ്ങന്മാരെ ..നമുക്കാവില്ല !! ".. അഥവാ ആർക്കെങ്കിലും നാം ഒന്നാം സ്ഥാനത്തിരിക്കണമെന്ന്  വല്ല നിർബന്ധവും ഉണ്ടെങ്കിൽ ആ നശ്ശൂലങ്ങളുടെ ചെവിയിൽ പിടിച്ച്‌ ഹെഡ്മാഷോടു പറഞ്ഞു ടീ.സി. കൊടുത്തു വിടണം!". എന്നു ഗുണപാഠം..

..പറ്റ്വോ അതിന്‌.. ഇല്ലെങ്കിൽ "ക" "മ" ന്ന് ശബ്ദിക്കരുത്‌ എന്ന മട്ടിലുള്ള നമ്മുടെ വിവരണം കേട്ട്‌ അമ്മ പറഞ്ഞു.." എടാ പൊട്ടാ.."

" എന്തോ?"- നാം ഭയഭക്തി ബഹുമാനങ്ങളോടും ആചാരമര്യാദകളോടും കൂടി വിളികേട്ടു..... നമ്മെ ആജീവാനന്തം രക്ഷിച്ചെടുത്ത പെറ്റ തടിയാണ്‌.. എന്തും വിളിക്കാനുള്ള അധികാരവും നമ്മെ എന്തും ചെയ്യാനുള്ള അവകാശവും നാം കൽപിച്ചു കൊടുത്തിട്ടുണ്ട്‌..

".. അവർ നിന്നെ പോലുള്ളവരല്ലേ... അമാനുഷിക ശക്തിയൊന്നും അവർക്കില്ല..അവർ നല്ലവണ്ണം പഠിക്കുന്നതിനാലാണ്‌ ഫസ്റ്റ്‌ ആകുന്നത്‌!"- അമ്മ.

" ഈ നാം ഇത്രകാലം കരുതിയതു പോലെ ഭൂമി പരന്നിട്ടല്ല ഉരുണ്ടിട്ടാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞതു പോലെ ഞെട്ടിത്തരിച്ചു നിന്നു പോയി.."അവരുടെ മുഖഭാവം അമാനുഷിക ശക്തിയുള്ളവരുടേത്‌ പോലെ തന്നെയാണെന്നാണ്‌ നാം ധരിച്ചു വെച്ചത്‌... ഏതോ അദൃശ്യശക്തികൾ അവരെ സഹായിക്കുന്നുണ്ടാകാം എന്നും!"

അമ്മയ്ക്കങ്ങിനെ ഈസിയായി പറയാം..ഒരു ബുദ്ധിമുട്ടും ഇല്ല .. നമ്മളല്ലേ ഇതൊക്കെ അനുഭവിക്കുന്നത്‌.. അതിനാൽ നാം പറഞ്ഞു.." ഈ പഠിപ്പിസ്റ്റുകൾ ആരും തരം താഴാൻ ശ്രമിക്കുന്നവരല്ല.. നല്ല തൊലിക്കട്ടിയാ..അമ്മേ"

അമ്മ തുടർന്നുപദേശിച്ചു.." മോനേ.. നല്ല വണ്ണം പഠിച്ച്‌ ക്ലാസ്സിൽ ഫസ്റ്റ്‌ ആകണമെന്ന വാശിയാ വേണ്ടത്‌.. വാശി!"
...സംഗതി അമ്മ പറയുമ്പോലെ സിമ്പിൾ ആണെങ്കിൽ ..അല്ലെങ്കിൽ പഴയ പടി കരുതിക്കൊള്ളണം ..ഏതൊ ദുർമൂർത്തികൾ നമ്മുടെ അശ്വമേധയാഗത്തിനു തടസ്സമായി അവർക്കൊപ്പം നിൽക്കുന്നു..നമ്മെ തോൽപ്പിക്കുന്നു എന്ന്.. - എന്നൊക്കെ മനസ്സിൽ നിരൂപിച്ചു കൊണ്ട്‌ നാം പറഞ്ഞു..

"വാശിയൊക്കെയിണ്ട്‌ .. അടുത്ത ക്ലാസ്സിൽ ഫസ്റ്റ്‌ ആകും നോക്കിക്കോ?".
..പൂഷ്‌ ചെയ്യു... സന്തോഷിക്കൂ...എന്നോർത്താകണം അമ്മ തുടർന്നു.
" അതാണു വേണ്ടത്‌"
"നല്ല വണ്ണം പഠിക്കുക..ക്ലാസ്സിൽ ഫസ്റ്റ്‌ നേടുക!..എങ്കിൽ എല്ലാവരും നിന്നെ എത്ര ബഹുമാനിക്കുമെന്നോ?...""- അമ്മ ഉപസംഹരിച്ചു.

എല്ലാവരും നിന്നെ പുകഴ്ത്തും.. മെഡൽ കിട്ടിയ ജേതാവിനേ പോലെ വീശിയെറിയും.. എന്നൊക്കെയുള്ള പ്രലോഭനങ്ങളിൽ നാം വീണു..പ്രലോഭനങ്ങളിൽ തളരാത്ത ഏതെങ്കിലും മഹാരാജാവുണ്ടോ ഭുവനത്തിൽ എന്നൊക്കെയോർത്ത്‌. ...നമുക്ക്‌ ബഹുമാനം ഭാവിയിലല്ല ഇപ്പോൾ തന്നെ കിട്ടിയാൽ കുഴപ്പമില്ല എന്നുവരെ നാം മനക്കോട്ട കെട്ടി.. പറ്റിക്കുമോ ആവോ?.. ഒരാളേയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്‌.. ഇതുവരെയില്ലാത്ത ബഹുമാനം പെട്ടെന്നു തരാം എന്ന് പറഞ്ഞതിൽ പന്തിയില്ലേ.. പന്തികേടില്ലേ എന്ന് അഹോ സംശയം... ന്നാലും.. മാതാവും പിതാവും ദൈവതുല്യരാണ്‌.. അവർക്ക്‌ നമ്മോട്‌ കളവു പറഞ്ഞ്‌ കമ്മീഷൻ അടിക്കേണ്ട കാര്യവുമില്ല... പിന്നെ നമ്മോട്‌ സത്യം പറയുന്നതിൽ എന്തിനു നാണിക്കണം?.. എന്നാൽ തുടങ്ങുക തന്നെ നാം തീർച്ചയാക്കി... അടുത്തു കൂടിയ സഹോദരങ്ങളെ നോക്കി..അവർക്ക്‌ ഇവൻ ഇപ്പോൾ ഒലത്തും എന്ന ഒരു പുശ്ചച്ചിരി!...നന്നാവാൻ പോകുന്ന ഉണ്ണീടേ അമേധ്യം കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം എന്നാണാവോ മഹാന്മാരും മഹതികളുമായ അവരുടെ മനസ്സിലെ സങ്കൽപം..
അവരുടെ ചിന്തകളും ചിരിയും അപ്പൂപ്പൻ താടി ഊതിപ്പറത്തുന്നതു പോലെ ഊതി പറത്തി   എഗ്രിമന്റിൽ സൈൻ ചെയ്തു..ഒരു വിറയുണ്ടായിരുന്നു..

.പാവം അമ്മ!.. ഇങ്ങനെ എത്രയൊക്കെ ഉപസംഹാരം നടത്തിയിട്ടാ നമ്മെ ഇത്രയെങ്കിലും സംസ്കരിച്ചെടുത്തത്‌.

ചുറ്റും കൂടിയ മഹാന്മാരൊക്കെ അവർ എല്ലാം തികഞ്ഞവരാണെന്ന മട്ടിൽ ചിരിക്കുകയാണ്‌.. എന്തു ചെയ്യാം ഫസ്റ്റ്‌ ക്ലാസ്സ്‌ എന്നത്‌ നമുക്ക്‌ ബാലികേറാ മലയായിരിക്കുവോളം കാലം അവർക്ക്‌ ചിരിക്കാം... അഥവാ അബദ്ധത്തിലെങ്ങാനും നാം ഉരുണ്ടു നിരങ്ങി കയറിപ്പോയെങ്കിൽ അവർക്ക്‌ സന്ന്യസിക്കാം!.. അതു നടക്കുമെന്ന് തോന്നുന്നില്ല..!.. .ക്ലാസ്സിലെ കാലമാടന്മാർ ഓരോ മാസം കഴിയുമ്പോഴും പഴംകഞ്ഞി കുടിച്ച അമ്പൂക്കനെ പോലെ കൂടുതൽ കരുത്താർജ്ജിച്ച്‌ നമ്മെ പിൻതള്ളി തന്നെ നിന്നു....ദയാ ദാക്ഷീണ്യംന്ന് പറയുന്ന സാധനം മാവേലീസ്റ്റോറിൽ നിന്നു പോലും ചുളുവിലക്ക്‌ പോലും വാങ്ങാത്ത വഹകൾ.. തുഫൂ!.. അറുപിശുക്കന്മാർ.!..അറുത്ത കൈക്ക്‌ സാൾട്ട്‌ തേക്കാതെ ഷുഗർ പുരട്ടുന്ന ശുദ്ധാത്മാക്കൾ!! ...നമുക്കവരെ കാണുമ്പോൾ കലിപ്പ്‌ വരും!

...ഇന്നാളൊരു ദിവസം കറ്റ മെതിക്കാൻ വന്ന അധികം വിദ്യാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പറയുന്നതു കേട്ടു.." ഇന്നലെ അവരുടെ കൊച്ചുമകൻ  വല്യ ആളായിന്ന ഭാവത്തിൽ പ്രോഗ്രസ്സ്‌ റിപ്പോർട്ടും കൊണ്ട്‌ വന്നൂത്രെ.. അതിനാൽ വീട്ടിൽ അവനും അവന്റെ അമ്മയുമായി പൊരിഞ്ഞ യുദ്ധം ഉണ്ടായീത്രെ..അവരുടെ കൊച്ചുമകന്‌ ക്ലാസ്സിൽ പഠനത്തിന്‌ 28ആം സ്ഥാനമാണത്രെ!.. രണ്ടോ മൂന്നോ സ്ഥാനമായിരുന്നെങ്കിൽ അവന്റെ അമ്മ വീട്ടിൽ കേറ്റില്ലാത്രെ!.. പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ 28ആം സ്ഥാനമായിട്ടു കൂടി അവന്റെ അമ്മ പൊതിരെ തല്ലിയത്രേ!.."..അഹങ്കാരം ആവശ്യത്തിന്‌ ആവാം എന്നാലും അത്രയ്ക്കൊക്കെ വേണോ?"അവരുടെ നുണകൾ കേട്ട്‌ ,ബഡായി കേട്ട്‌ തലമരവിച്ചു!..എന്റെ നെഞ്ചകം പണിമുടക്കുമ്പോലെ തോന്നിച്ചു .... ഹൗ... കേട്ടിട്ട്‌ പേടിയാവുന്നു...ത്രേ!"

.. മുൻ ജന്മസുഹൃദം!.. അല്ലാണ്ടന്താ പറയ്ക... ക്ലാസ്സിൽ അഞ്ചാം സ്ഥാനക്കാരനായ നാം നാലാം സ്ഥാനക്കാരനായി വലിയ പരുക്കില്ലാതെ ഒൻപതാം ക്ലാസ്സിലേക്ക്‌ ആനയിക്കപ്പെട്ടു.. അതോ എടുത്തെറിഞ്ഞോ?

-----------------------------------
നോട്ട്‌ ദി പോയിന്റ്‌:..വന്നവരെല്ലാം പോകുന്ന പോക്കിൽ സ്വമനസ്സാലെ ദയവായി ഒരു കമന്റ്‌ ചാറ്റിയാലും!.. നമുക്ക്‌ താങ്കളോട്‌ ഒരു വിരോധോം ഉണ്ടായിട്ടല്ല നാട്ടുകാർ വിചാരിക്കും ഇവൻ ഫയങ്കരനായ നിസ്സാരനാണെന്നും അയലോക്കക്കാരായ ബ്ലോഗന്മാരോട്‌ കണ്ണും മിഴിച്ച്‌ മീശചുരുട്ടി കമന്റി, കമന്റി പൊരിഞ്ഞ അടി നടത്തിയ പഞ്ചപ്പാവമാണെന്നും!!...ആളുകളെ കൊണ്ട്‌  അതും ഇതും പറയിച്ചിട്ട് നമുക്ക്‌ അങ്ങിനെ പണക്കാരനാവാമെന്ന ഒരൂ മോഹോം ഇല്യാ.. ന്നാലും..നിങ്ങളെ പറ്റി എന്തെങ്കിലും വിചാരിച്ചാൽ കുഴഞ്ഞൂലോ കാര്യങ്ങളുടെ കിടപ്പ്‌!...കമന്റിട്ട്‌ മടങ്ങിപോകും വരെ നമുക്കൊരു സമാധാനോം ഇല്യാണ്ടായിരിക്കണു!...കലി കാലം .. ശിവ!..ശിവ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ