പേജുകള്‍‌

ചൊവ്വാഴ്ച, മേയ് 31, 2011

സംശയങ്ങളുടെ തീർപ്പ്‌!

"എൻഡോ സൾഫാൻ തെളിച്ചാ ആളുകള്‌ മരിക്ക്വോ?"
"ഊവ്വ്‌ മോനെ അത്‌ മാരകമായ വിഷമാണ്‌."
"അപ്പോ ഓർഗാനിക്‌ എന്ന് പറഞ്ഞാലെന്താ?"
ഞാൻ പറഞ്ഞു കൊടുത്തു.
"അപ്പോ ഓർഗാനിക്‌ കഴിച്ചാലും ........ ?"

അവനറിയേണ്ടത്‌ സ്പെയിനിൽ നിന്ന് കയറ്റി അയക്കപ്പെട്ട ഒർഗാനിക്‌ വെള്ളരി കഴിച്ച്‌ ചത്തു പോയവരെ കുറിച്ചാണ്‌.

പത്രവും വായിച്ചു വന്ന് വായിൽ കൊള്ളാത്ത ഓരോ വേണ്ടാതീനവും ഉരുവിട്ട്‌ വരും നമ്മളെ മെനക്കെടുത്താൻ!

എനിക്കരിശം വന്നു..അവന്റെ മുഖം വിസ്തരിച്ച്‌ സ്കാൻ ചെയ്തു!

കള്ള ചെക്കന്റെ മനസ്സിൽ കള്ളമില്ല.!.. മായമില്ല !.. മന്ത്രമില്ല!.. വെറും 916 ശുദ്ധത മാത്രം!
അപ്പോൾ ഞാനും ഡീസെന്റായി, കള്ളമില്ലാത്ത, മായമില്ലാത്ത ഉത്തരം തന്നെ കൊടുത്തു കളയാം എന്ന് വിചാരിച്ചു ചാരുകസേരയിൽ ചാഞ്ഞിരുന്ന് വലിയ വായിൽ വെടി പറഞ്ഞു.
" മോനെ എപ്പോഴും വിഷം കഴിച്ചു ജീവിച്ചാൽ പിന്നെ വിഷമില്ലാത്തതു കഴിച്ചാലും പ്രശ്നമാവും... ബാക്ടീരിയ ആക്രമിക്കും..കള്ളു കുടിയന്മാരെ കണ്ടിട്ടില്ലേ.. എപ്പോഴും കുടിച്ചു കുടിച്ച്‌ ഒടുവിൽ അതു കിട്ടാതാവുമ്പോൾ കൈ വിറയ്ക്കും! അത്രേയുള്ളൂ..."

ചെക്കന്റെ ആകാംക്ഷ തുടുത്തു വന്നപ്പോൾഎനിക്കും ആവേശം കൊഴുത്തു വന്നു. ഞാൻ തുടർന്നു...

"ഉദാഹരണത്തിന്‌ രാഷ്ട്രീയക്കാർക്ക്‌ നമ്മുടെ തൊഴുത്തിലെ പരിശുദ്ധമായ ചാണകം ഇട്ട്‌ നട്ടു വളർത്തിയ വെണ്ടയ്ക്കയുടെ ഒരു കഷ്ണം കൊടുത്തു നോക്കൂ... ചിലരെയൊക്കെ ആശൂപത്രിയിലെ ഐ.സി.യു വില്‌ അഡ്മിറ്റ്‌ ചെയ്യേണ്ടിവരും.. ചിലർ ചത്തു പോകും!.അഥവാ അവരിൽ ആരെങ്കിലും രക്ഷപ്പെട്ടുവെങ്കിൽ മണ്ടരി ബാധിച്ചതു പൊലെ ഒറ്റ നിൽപ്പ്‌ നിൽക്കും!.... അവരിലുള്ള വിഷം നല്ലത്‌ ആഗിരണം ചെയ്താൽ ദഹിപ്പിക്കില്ല!"

വേണ്ടുന്നതിനും വേണ്ടാത്തതിനും ഒരാവശ്യവുമില്ലാതെ കാൽ കാശിനു കൊള്ളാത്ത അഭിപ്രായം പറയുന്ന പെൺ വ്യാഘ്രം ഒളിഞ്ഞിരുന്ന് ചാടി വീണ്‌ വായിൽ തോന്നിയത്‌ വിളമ്പി.

"ചെക്കന്‌ നിങ്ങൾ വെറുതേ ഓരോരു വേണ്ടാതീനം....!"

വെറുതെ കിട്ടുമായിരുന്ന അവളുടെ തല പെട്ടെന്ന് വലിഞ്ഞതു കൊണ്ട്‌ ഞാൻ എന്റെ തലയ്ക്ക്‌  ആഞ്ഞിടിച്ചു ചോദിച്ചു..

" അപ്പോൾ ഞാൻ പറഞ്ഞത്‌ , വേണ്ടാതീനമാണോ? അതോ ശീലമോ, ശ്ലീലമോ? അതോ അശ്ലീലമോ? ഒരു കൺഫ്യൂഷൻ!..

 കണ്ണാടി നോക്കി " ഹേയ്‌ മാറിയിട്ടില്ല... മാറാത്തത്‌ മാറ്റമാണത്രെ!"

വൃത്തത്തിനുള്ളിലെ കളികൾ!

പ്രതീക്ഷിച്ചതു പോലെത്തന്നെ ആരും മോശം കളിക്കാരല്ല എന്ന് മനസ്സിലാക്കിയ സാത്താൻ ദൈവം  വരച്ചതാണെന്ന്  പറഞ്ഞ്‌ കടലാസിൽ ഒരു വര കാണിച്ചു കൊടുത്തു  പിന്നെ കള്ളച്ചിരി ചിരിച്ച്‌ മുടന്തി , മുടന്തി ഗ്യാലറിയിൽ ഇരിപ്പുറപ്പിച്ചു..

ചോദ്യം മനസ്സിലായ ആളുകൾ തലകുലുക്കി..
പിന്നെ ചേരികളായി പിരിഞ്ഞു. കളി തുടങ്ങി..

........"ദൈവം വലത്തുനിന്നും ഇടത്തോട്ടാണ്‌ വരച്ചത്‌.!.."
........."അല്ല ഇടത്തു നിന്നും വലത്തോട്ട്‌.!."
........."നടുവിലെ ഒരു ബിന്ദുവിൽ നിന്നും രണ്ടു ഭാഗത്തേക്കും ഒരു പോലെ വരച്ചു.!."
കളി ആരംഭിച്ചു...കളി ആവേശകരമായപ്പോൾ സാത്താൻ കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു..
....ദൈവം വരച്ചതാണെന്നതിനു തെളിവ്‌ ചോദിച്ച കൂട്ടർ എല്ലാവരേയും പൊതിരെ തല്ലുന്നു...
....വര തന്നെ മിഥ്യയാണെന്ന് വേറൊരു കൂട്ടർ..!..
....ദൈവം തന്നെ മിഥ്യയാണെന്ന് വേറൊരു കൂട്ടർ!
....വാ പിളർന്ന് ഒന്നും കളിക്കാത്ത ചിലരും!

....അദൃശ്യനായി നിന്ന ദൈവം എല്ലാവർക്കും ഓരോരോ വൃത്തം വരച്ച്‌ അതിൽ നിന്നു കളിക്കാൻ പറഞ്ഞു ....അന്നാണത്രെ ജീവിത വൃത്തം ദൈവം വരച്ചത്‌..!..കളി കഴിഞ്ഞ്‌ തളർന്ന് വീഴുമ്പോൾ, ദൈവം ഓരൊരുത്തരേയും പിടിച്ച്‌ എങ്ങോ കൊണ്ടോവും!

"നിനക്കിതെങ്ങിനെ?" ഞാൻ സംശയം പ്രകടിപ്പിച്ചു..

പിന്നെ വരാമെന്ന് പറഞ്ഞ്‌ പൊട്ടിച്ചിരിച്ച്‌, എന്റെ തലച്ചോറിലെ പാളികളിലെവിടെയോ അവൻ മറഞ്ഞു!

ഹമ്മേ...! ആരോ വരച്ച ചതുരത്തിൽ തളച്ചിട്ടവരെല്ലാം ഇന്നു മരിച്ചാലും നാളെ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ മരിച്ചു കിടക്കുന്നു...!

അവരുടെ പ്രതീക്ഷകൾ യാദാർത്ഥ്യമാവട്ടേ എന്നാശംസിച്ച്‌, ചിന്തകൾ ഊതിക്കെടുത്തി, ഇന്നു മരിച്ച്‌ നാളെ ഉയർത്തെഴുന്നേക്കുമെന്ന എന്റെ പ്രതീക്ഷകൾക്ക്‌ സ്വയം ആശംസയർപ്പിച്ച്‌ ഞാനും മരിക്കാൻ കിടന്നു.. !

....നാശം! ഇനിയും മരിക്കാത്ത ചില ശവങ്ങൾ കൂർക്കം വലിക്കുന്നു...!

തിങ്കളാഴ്‌ച, മേയ് 30, 2011

പറ്റിക്കൽ!

പഴയ പിതാമഹന്റെ ബുദ്ധി,
കടമെടുത്ത്‌,
കാക്കയുടെ ശ്രമം,
കല്ലെടുത്ത്‌ മൺകുടത്തിലിട്ട്‌,
ഉയരുന്ന വെള്ളം കുടിച്ച്‌,
ദാഹം മാറ്റണം!
പിന്നെ ഊറിച്ചിരിക്കണം!

വെള്ളമില്ലാത്ത കുടം,
കൊത്തി കൊണ്ടു വന്ന കല്ലെടുത്തിട്ട്‌,
വെള്ളമുയരുന്ന ദിനം കിനാവു കണ്ട്‌
കാത്തിരുന്നു.!

ശാപം പറ്റിയ കുടം!
നീട്ടിക്കരഞ്ഞ്‌,
പ്രാകി വിളിച്ച്‌,
പറന്നു..

ദൂരെ ഒരിടത്ത്‌,
ആരോ കൊണ്ടു വെച്ച വെള്ളം കുടിച്ച്‌,
ദാഹം മാറ്റി,
കള്ളൻ കള്ളനെന്ന് വിളിച്ച്‌..
പിറകെ പറക്കുന്ന പക്ഷികളെ
കോക്രി കാട്ടി കരഞ്ഞ്‌ പിൻതിരിപ്പിച്ച്‌...
ഞെളിഞ്ഞു പറന്നു..!

ശനിയാഴ്‌ച, മേയ് 28, 2011

ഒരു തൊട്ടാവാടിയുടെ നിദ്ര.

അന്നെന്റെ നാട്ടിലെ കോണിലൊരു
തൊട്ടാവാടി വളർന്നിരുന്നു.
മരണമൊഴിച്ച നിറം പകർത്തി
ഒരു നാൾ, മദ്യ ചഷകം മറിഞ്ഞിരുന്നു..
തെമ്മാടി പെട്ടിയിൽ കൊണ്ടു പോയി,
തെമ്മാടി കുഴിയിലടക്കമാർന്നു..
പാവമാ തെമ്മാടി എന്തു ചെയ്തു
കുഴികുത്തി നോക്കി, തരിച്ചിരുന്നു..

മീശമുളയ്ക്കാത്ത രോഗമേകി,
ഹൃദയം തകർന്നങ്ങു പോയിരുന്നു.
മദ്യം കുടിക്കാത്ത കാരണത്താൽ,
കരളുമങ്ങേറേ ദ്രവിച്ചിരുന്നു.
പരിഹാസ ട്യൂമർ മുളച്ചു പൊന്തി,
സെറിബ്രം തകർന്നങ്ങു പോയിരുന്നു.
പൊട്ടിയൊലിച്ചൊരു ലാവ കൊണ്ട്‌,
നേത്രമുരുകി തിളച്ചിരുന്നു.
യുവത തൻ നാക്കിൽ കരി പുരട്ടി
മദ്യമന്നേറേ കുടിച്ചിരുന്നു.
ആസ്തമ പിടിപെട്ട ശ്വാസ കോശം
ശ്വാസം വലിച്ചു തളർന്നിരുന്നു!

ആഗ്രഹം..

കാർമേഘങ്ങളെ വിശ്വസിക്കരുത്‌,
വേണ്ടപ്പോൾ ഓടും,
വേണ്ടാത്തപ്പോൾ മൂക്ക്‌ പിഴിഞ്ഞു കരയും!
ഓരോ കരച്ചിലും ചിലപ്പോൾ പ്രളയമാക്കി ദുരന്തങ്ങൾ വിതയ്ക്കും!
സമൂഹമേ.. നിങ്ങൾ എന്നെക്കാൾ വിശാല ഹൃദയർ!
ഞാൻ നീട്ടിയ  പാത്രങ്ങങ്ങളിൽ
എറിഞ്ഞു തന്നത്‌ ഹൃദയം, ചിലപ്പോൾ കപടത,ചിലപ്പോൾ കല്ലും മറ്റുചിലപ്പോൾ ശൂന്യതയും!
ശൂന്യതയിലെ ഓക്സിജൻ ശ്വസിച്ച്‌,
കപടതയിലെ  ദൃശ്യത രസിച്ച്‌,
എറിയുന്ന കല്ലുകളിലെ താളങ്ങൾ ശ്രവിച്ച്‌,
ഹൃദയങ്ങളിലെ  നന്മയ്ക്ക്‌ നന്ദി പറഞ്ഞ്‌ നിറഞ്ഞു സന്തോഷിക്കും!

എന്റെ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുന്നത്‌,
നിങ്ങളുടെ മുന്നിലാകട്ടേ,
എന്റെ ദു:ഖങ്ങളിൽ ഞാൻ ഏങ്ങിക്കരയുന്നത്‌,
നിങ്ങളുടെ കൺവെട്ടത്താകാതിരിക്കട്ടേ!

എനിക്കന്യമാക്കപ്പെട്ട പുഞ്ചിരികളാണെനിക്കാവശ്യം!..
വിൽ പത്രങ്ങളിൽ പോലും ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നത്‌..
മൃതിയടഞ്ഞ്‌ ചിതയിൽ കത്തിയമരുമ്പോഴും..
കൺ കുളിർക്കെ കണ്ട്‌ എൻ മുന്നിൽ വന്ന്  തൂകുന്ന ചിരി....
ചിതയിലിരുന്ന് നിങ്ങളെ നോക്കി,
നിങ്ങളോടൊപ്പം എനിക്കും ഒന്നു പുഞ്ചിരിക്കണം!
അഥവാ വന്നില്ലെങ്കിലും എനിക്കെന്താണ്‌?
ഏതു കോണിലായാലും
മനം തെളിഞ്ഞ്‌ ചിരിച്ചാൽ മതി!
വക്രിച്ചായാലും,
സ്നേഹിച്ചായാലും!

ആവേശത്തോടടർത്തിയെടുത്ത്‌,
സ്വർണ്ണം പോലെ തിളക്കമേകി,
ഞാനെന്റെ ആത്മാവിനോടതു ചേർത്തു പിടിക്കും!
അബദ്ധത്തിലാണെങ്കിലും ഒരിക്കലെങ്കിലും നിങ്ങളെന്നെ
ഓർത്തിരുന്നുവെന്ന് കാറ്റിനോട്‌ വീമ്പു പറഞ്ഞ്‌..
മഴയോടെണ്ണി കണക്ക്‌ പറഞ്ഞ്‌..
..മണ്ണിനെ ഒരുനാൾ ഞാൻ കെട്ടി പുണരും!

അഥവാ കണ്ണുനീർ വീഴ്ത്താനെങ്കിൽ,
പൊതിഞ്ഞു വെച്ച കണ്ണീർ മറ്റാർക്കെങ്കിലും
കൊടുക്കാൻ മാറ്റിവെച്ച്‌  മടങ്ങി പോകുക,
പൊങ്ങച്ചങ്ങളെ എനിക്കറപ്പാണ്‌!
നിങ്ങളെന്റെ ചിതാഗ്നിയുടെ കൺവെട്ടത്ത്‌ വരരുത്‌!
ദേഷ്യപ്പെട്ട്‌ ഞാനെന്നെ മറന്നെൻ
ചിതാഗ്നിയുടെ താപം കൂട്ടും!

വെള്ളിയാഴ്‌ച, മേയ് 27, 2011

പുനർജനിച്ചെങ്കിൽ...

ചിന്തകരുടെ രാകിയെടുത്ത പ്രതിമ!
ആമ വന്നാലും ആന വന്നാലും
തോർത്ത്‌ അരയിൽ ചുറ്റി പാടണം!

വികാരങ്ങൾ ഓവു ചാലിലിട്ട്‌,
ചിന്തകൾ ഊരിവെച്ച്‌,
റോബോട്ടായി മാറ്റപ്പെട്ട,
പരീക്ഷണങ്ങൾ!
ചിന്ത കൊടുത്താൽ ബുദ്ധിയേറുമോ?
കിഴി കൊടുത്താൽ ബുദ്ധി വളയുമോ?

നിഷേധ്യമായ മനുഷ്യജന്മം!
ചിന്തയില്ലാത്ത,
നാണമില്ലാത്ത,
വിവേകശൂന്യൻ!
തിരിച്ചു വരാൻ വിമ്മിഷ്ടപ്പെട്ട്‌,
ജീവച്ഛമായി!

അടുത്ത ജന്മം,
ചിന്തകൾ ഫിറ്റു ചെയ്ത്‌,
പാഴാക്കിയ സമയങ്ങൾ‌ തിരിച്ചു പിടിച്ച്‌,
നിമിഷങ്ങൾക്ക്‌ നൂറീരട്ടി വിലയിട്ട്‌!
രാകിക്കാതെ, ഊരിവെക്കാതെ,
മനുഷ്യനായി അവതരിച്ചെങ്കിൽ!

വ്യാഴാഴ്‌ച, മേയ് 26, 2011

നിമിഷങ്ങളിലൂടെ...

മോഷണം ഒരു കല!

തലച്ചോറു മോഷ്ടിക്കപ്പെട്ട കുലപതി,
ഉണക്കച്ചോറു തിന്നു വലഞ്ഞു,
കാണുന്നോർക്കാഭാസമായി,
സഹികെട്ട ഛർദ്ദി!

മോഷ്ടിച്ച ജയപതി,
അവാർഡിന്റെ വെളിച്ചത്തിൽ,
നാണമില്ലാതെ ചിരിച്ച്‌!
കെട്ടിപ്പിടിച്ചുമ്മ വെച്ച്‌!
------------------------

മലയാളിയുടെ വഴി!

ചിന്തകൾ വിശുദ്ധമായിരുന്നു!
രീതിയാണശുദ്ധമായത്‌,
വേഗതയിൽ ഓടി,
ചവറുകൾ ആരാൻ പടിക്കലെറിഞ്ഞ രീതി!
------------------------------------
ഉണ്ടില്ലെങ്കിലും..

ഉമ്മറത്തെ ഏമാന്‌ ഒന്നു കൊടുത്ത്‌,
അയൽപക്കത്തെ അമ്മൂമയ്ക്കും ഒന്നു കൊടുത്ത്‌,
അവൻ ശാസ്ത്രം വിളമ്പി,
"ഹർത്താലിന്‌ പാലുണ്ട്‌,
പത്രവുമുണ്ട്‌!

പിന്നിട്ട വഴികൾ

പ്രണയം!

ഹൃദയം കുത്തിത്തുറന്നൊരിക്കൽ
ഞാനെന്നെ കട്ടു വിറ്റു!
വിരിഞ്ഞമീശയിൽ ഭയന്ന്,
ഞാനെന്നെ വീണ്ടെടുത്തു കൊടുത്തു!

പരാജയം
നിശബ്ദമായ്‌ ഹൃദയം കൊടുത്തത്‌ അറിയാത്തവൾ,
നിശബ്ദമായെന്റെ ഹൃദയം കുത്തിക്കീറി!

കുറ്റബോധം
പറയാത്ത പ്രണയത്തിൽ,
എന്തിനെന്നറിയാതെ വെന്തു!
കേൾക്കാത്ത ശബ്ദത്തിനവൾ,
കാതാർക്കുമെന്നോർത്ത്‌!

വിജയം
അറിയാത്ത പെണ്ണിനെ,
വിലങ്ങണിയിച്ച്‌,
ഹൃദയത്തിൽ തളച്ചു!

ബുധനാഴ്‌ച, മേയ് 25, 2011

തിരിച്ചറിവ്‌!

രക്തബന്ധങ്ങൾ ഭൂമിയെ പോലെ ഉരുണ്ടിട്ടാണത്രേ!
പായലു പിടിച്ചാലും ഉരുണ്ടുരുണ്ട്‌,
യാത്ര തുടങ്ങിയേടത്ത്‌ തിരിച്ചെത്തും!
രാത്രി വിറച്ചു വിറച്ച്‌,
ആടിയാടി പന്ത്രണ്ടടിച്ചപ്പോൾ
നോക്കിയിരുന്നത്ഭുതപ്പെട്ട്‌,
സ്വപ്നം കണ്ടേല്ലാം മറന്നോരെന്നെ ഒന്നടിച്ച്‌
കിടന്നുറങ്ങാൻ പറഞ്ഞു ആ ക്ലോക്ക്‌!
പുതപ്പു മൂടി പല്ലു ഞെരിച്ചു!
പാഴ്‌ ചിന്തകളെ കുഴി കുത്തി മൂടാൻ
ഇവനെന്താണിത്ര ധൃതി!"

അനസൂയക്ക്‌ മരുന്നുണ്ടോ?

സംശയമാണെന്നെ രോഗിയാക്കിയത്‌,
ഒളിഞ്ഞു നോക്കി!
ആളുകൾ പുകയൂതുന്നു,
സ്വപ്നങ്ങളിൽ വ്യാപരിക്കുന്നു,
നൃത്തം ചെയ്യുന്നു.
അട്ടഹാസം മുഴക്കുന്നു..
കമന്റി വീഴുന്നു..!

കൃഷിക്കാരന്റെ അജ്ഞത!
ഞാനിഞ്ചികൃഷി!
ചീഞ്ഞളിഞ്ഞ ഇഞ്ചിയെടുത്ത്‌
വാറ്റിയ വൈൻ!

പിന്നെയാണറിഞ്ഞത്‌,
അവന്‌ കഞ്ചാവു കൃഷി!
കഞ്ചാവു കൊടുത്ത്‌,
കമന്റു വാരുന്നു!
ഞാൻ വൈൻ കൊടുത്ത്‌,
തെറിയും!

ഒച്ചയുണ്ടാക്കാതെ,
എന്നെ തോർത്തിൽ പൊതിഞ്ഞ്‌
വീട്ടിലേക്ക്‌ നടത്തി!

ചില വെളിപാടുകൾ!

മെയ്‌ ഫൂളുകൾ:
--------------------
ലോകം അവസാനിച്ച്‌,
ഉയർത്തെഴുന്നേറ്റപ്പോൾ,
വെളിപാടുകാരന്റെ തകൃതി!
"കിടന്നപ്പോൾ അവസാനിച്ചു,
ഉണർന്നപ്പോൾ പുനർജനിച്ചു!
ഇനിയടുത്ത നിദ്ര
ഇരുപത്തൊന്നാം അക്കം കുറിച്ച
ഒക്ടോബറിൽ!"
കാട്ടിലുറങ്ങിയ കുഞ്ഞിമക്കൾ,
വീണ്ടും നോഹയുടെ പേടകത്തിൽ!

തിങ്കളാഴ്‌ച, മേയ് 23, 2011

സ്മാർട്ട്‌ നഗരം!

കാര്യസ്ഥന്മാർ സ്മാർട്ടാണ്‌!
സംശയം നയാപൈസകളുടെ
ഇന്നത്തെ രത്നമൂല്യത!
അലക്കി തേച്ച വെള്ളയുടുത്ത്‌,
അലക്കി തേച്ച്‌,
കൊയ്തു വെക്കും പത്തായങ്ങളിൽ,
കോടികളുടെ മുഴക്കം!

കാഴ്ചക്കുലയായി,
പറയ ജന്മിമാരുടെ ഉമ്മറപ്പടിയിൽ,
ഒരു രൂപയ്ക്ക്‌ അരി!
ആഢ്യജന്മികൾക്ക്‌,
രഹസ്യമായ്‌ പൊതിഞ്ഞു വെച്ച ഇരുമ്പുലക്ക!

ചില കാര്യസ്ഥന്മാരുടെ ധാർഷ്ട്ര്യം!
മിണ്ടാതുരിയാടാതെ,
സ്വന്തം ചിലവിൽ,
ഏറാന്മൂളിയുടെ നിയമനം!

ഇരന്നു നേടിയ സാമ്രാജ്യത്തിൽ,
നടപ്പാതയിൽ കണ്ണും നട്ട്‌,
വിളിക്കുമെന്ന് കിനാവ്‌ കണ്ട്‌,
ഇല പൊതിഞ്ഞു തോളിൽ വെച്ച പാവം പ്രതിനിധി,
കെടുകാര്യസ്ഥിതിയിൽ ഹൃദയം തകർന്ന്!
അടി പതറിയെന്ന് സംശയിച്ച്‌..
വേച്ചു.. വേച്ച്‌...കിടപ്പറയിൽ!
കമിഴ്‌ന്നടിച്ച്‌ ,ഏങ്ങലടിച്ച്‌..!
 
അമൃതു വിളമ്പാത്ത കാര്യസ്ഥരുടെ,
അമൃതു നക്കിയ ആത്മഗതം!
"വൃത്തി കെട്ടവൻ,
കൈയ്യിട്ട്‌ വാരി എച്ചിലാക്കും
കൈനക്കി മുഖത്ത്‌ തുപ്പും!"

പ്രത്യാശിക്കാം ആ നാൾ വരും,
തലമുറയ്ക്കായി പൊതിഞ്ഞു വെച്ച,
ധാന്യമണികൾ,
ദേശാടനക്കിളികൾ കൊത്തി തിന്ന്...
.... കൊത്തി തിന്ന്...!
ഒരു നാൾ...ചിറകിട്ടടിച്ച്‌...!

ഐ ടീ... ഐ ടീ.. എന്ന് ...
കൈകൊട്ടി, ഉദരംകൊട്ടി പാടും
സ്മാർട്ട്‌ നഗരം!

ഇനി സംശയം,
പറയനെന്നോ, ആഢ്യനെന്നോ
ഭേദമില്ലാതെ ഒത്തു കൂടേണ്ട,
തലമുറയിലെ ജന്മിമാരുടെ കാര്യം !

ഞായറാഴ്‌ച, മേയ് 22, 2011

പിഴച്ചത്‌...?

ഇന്നാളൊരു ഭ്രാന്തൻ,
അന്നൊരു മഹാത്മൻ,
മനസിലിട്ടുരുട്ടിയത്‌,
വാക്കുകളാക്കി തുപ്പി!
വാക്കുകൾ അഗ്നിയായത്രേ!

അന്നൊരു താപസൻ
ഇന്നാളൊരു  ജ്ഞാനി,
മനസ്സിലിട്ട്‌ ചവച്ചത്‌
മൗനമാക്കി വിഴുങ്ങി!
മൗനം സ്വർണ്ണമായത്രേ!

പുത്തൻ യുഗത്തിൻ,
ജീർണ്ണത കണ്ട്‌,
മൗനമായ്‌ നിന്നു,
വ്യാപിക്കുന്ന അന്ധത!
കാർക്കിച്ചു തുപ്പി,
കാലുകൾക്ക്‌ ചങ്ങല!
പിഴച്ചത്‌ മനസ്സിലിട്ടുരുട്ടാത്തതാകാം!

അക്ഷരങ്ങളെ തിരഞ്ഞു പിടിച്ച്‌,
മനസിലിട്ട്‌ ചവച്ച്‌,
മൗനമാക്കി വെച്ച്‌,
മനസ്സിലിട്ടുരുട്ടി,
ആഞ്ഞൊന്നു തുപ്പി!
കവിളിൽ തിമർത്ത പാട്‌!
അപ്പോൾ?

ശേ..ഈ കുട്ടി..!

നാശം! ..ഒതുക്കുന്തോറും വാരി
വലിച്ചെറിയുന്ന ചിന്തകൾ!
ചിലപ്പോൾ കരഞ്ഞ്‌ വിളിച്ച്‌,
പുഞ്ചിരിച്ച്‌, പൊട്ടിച്ചിരിച്ച്‌,
മൗനിയായി,പിണങ്ങി നിന്ന്!
പിടിച്ചേടത്ത്‌ നിൽക്കാതെ ഓടിക്കളിച്ച്‌!
വളർച്ചമുറ്റാത്ത മനസ്സിന്റെ കുട്ടിക്കളി!
ഒരു കുറ്റിച്ചൂലുമതി,
എനിക്കീ മതിലകം അടിച്ചുവാരാൻ!

ശുദ്ധമായി കിടക്കുവാൻ,
മനസ്സിന്റെ നിരസനം,
പായൽ പിടിച്ച ചിന്തകൾ,
സ്മാരകമായി കൂട്ട്‌ വേണമത്രെ!
പാവം കളിച്ചു മടുക്കുമ്പോൾ
എന്നെന്നേക്കുമായി ശയിക്കട്ടേ!

എനർജികൾ പൂക്കുന്നത്‌..

"എവിടെയാണ്‌ ഞാൻ,
പോസറ്റീവ്‌ എനർജി തിരയേണ്ടത്‌?"
ശവമഞ്ചം ചുമന്ന് ഉമ്മറപ്പടിയിൽ,
കുഴഞ്ഞു വീണ പത്രത്താളിലോ?
ചിതറിവീണ ഹിമോഗ്ലോബിൻ,
വർണ്ണചിത്രം നിമിഷമിടവിട്ട്‌,
വരച്ചു നൽകും ചാനലിൻ ചുവട്ടിലോ?
ഭൂമിയെ ഊഞ്ഞാലാട്ടി,
അമ്മയെ മുടിയാട്ടമാടിച്ച ആൺകരുത്തിൻ
പുളിച്ച ഉമിനീർ തുള്ളികളിലോ?"

മതിയെ കോർത്ത അവന്റെ ചൂണ്ട,
ഹൃദയം പിടഞ്ഞു വീണ നിമിഷം!
ചുണ്ടുകളിൽ നക്ഷത്രങ്ങൾ വിരിയിച്ച്‌,
അയാളവന്റെ ആകാശത്തിലെ ചന്ദ്രൻ!

നിന്റെയാകാശത്തിൽ
ക്ഷണികമായ ഗ്രഹണം!
നിന്റെ ചേതസ്സിൽ
നിതാന്തമായ അസ്തമനം!

ഞാൻ കാട്ടിയത്‌,
മഞ്ഞുരുക്കുന്ന ഉദയസൂര്യനെയാണ്‌!
നോക്കൂ കുട്ടീ കർമ്മസാക്ഷിയുടെ,
കരുത്താർജ്ജിച്ച വെളിച്ചം!"

താഴെ വീണ വടി!
തപ്പിത്തടഞ്ഞു പിടിച്ചെടുത്ത പോസറ്റീവ്‌ എനർജി!
ഭൂമിയുടെ നാദം ശ്രവിച്ച്‌,
പരസഹായമില്ലാതെ യാത്ര...!

ഉദയസൂര്യൻ?..
ഇയ്യാളെങ്ങിനെ?..

ശനിയാഴ്‌ച, മേയ് 21, 2011

ഞാൻ!

അസൂയ പെരുക്കുമ്പോൾ,
ഞാനെന്നെ പൊക്കി,
നദിയിലെറിയും!
ഒലിച്ചു പോകട്ടേ!

അഹങ്കാരം തിമർക്കുമ്പോൾ,
ഞാനെന്നെ കടലിലെറിയും,
മുങ്ങി താഴട്ടേ!

കോപം മുടിയാട്ടമാടുമ്പോൾ
ഞാനെന്നെ തീച്ചൂളയിലിടും,
ചുട്ട്‌ പോകട്ടേ!

സന്തോഷം വിളിക്കുമ്പോൾ,
ഞാനെന്നെ നിങ്ങൾക്കു മുന്നിലെറിയും,
പൊട്ടിച്ചിരിച്ചാർക്കട്ടേ!

സമ്പാദ്യമായ്‌ മ്യൂച്ച്വൽ ഫണ്ടിൽ,
പുരുഷായുസ്സോളം സമർപ്പിച്ച,
പൊതിഞ്ഞു കെട്ടിയ
അവഹേളനം!
വലിച്ചെറിഞ്ഞും, ദാനം ചെയ്തും,
ദരിദ്രനാകുവതെന്തിന്‌?

സങ്കടങ്ങൾ മുട്ടുമ്പോൾ,
ഞാനെന്നെ പിടിച്ചു കെട്ടും,
മറ്റൊരറിയിപ്പുണ്ടാകും വരെ!
നിങ്ങൾ വിഷമിക്കരുത്‌!
പൊട്ടിച്ചിരിച്ചു വഷളാകരുത്‌!

ആ കുറ്റം പിൻതുടർന്നാൽ,
ഭാരം കൂടിയെൻ,
കഴുത്തൊടിയും!

വെള്ളിയാഴ്‌ച, മേയ് 20, 2011

ബന്ധങ്ങൾ അറ്റു പോകുന്നത്‌!

എന്നെ ഞാൻ കൊന്നു കുഴിച്ചിട്ടേടത്ത്‌,
അലഞ്ഞു തിരിഞ്ഞ ആത്മാവിന്റെ ചോദ്യം.
"കൊന്നതെന്തിന്‌?
കുഴിച്ചിട്ടതെന്തിന്‌?"

ചോദ്യങ്ങളിൽ പകച്ച്‌,
എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു നടത്തിയപ്പോൾ,
പരേതാത്മാക്കളായവരുടെ ചോദ്യം,
സമ്മാനിച്ച കല്ലറയിലുറങ്ങാതെ,
"ഉയർത്തെഴുന്നേറ്റതെന്തിന്‌?
നടന്നതെന്തിന്‌?"

അണപ്പല്ലുരഞ്ഞ,
ചോദ്യങ്ങൾക്കുത്തരം പറയാൻ,
ബാധ്യസ്ഥനല്ലെന്നെന്നുത്തരം!
വിശ്വാസം മരിച്ച കണ്ണുകൾക്ക്‌,
അഹങ്കാരിയായതന്നാണ്‌,
വഴികൾ നടുകെ ചീന്തപ്പെട്ടതും!
ഇല്ലെങ്കിൽ എന്നും ചത്തു കിടന്നേനേ!

വ്യാഴാഴ്‌ച, മേയ് 19, 2011

ഇരട്ട സിമ്മുള്ള മൊബെൽ!

കാലത്തിനൊത്ത്‌ മാറ്റം!
പളുങ്കു മൊബൈലുകൾക്ക്‌,
സിമ്മുകൾ രണ്ട്‌!

ലൈഫ്‌ ടൈം സിമ്മുകൾ!
മാറ്റാതെ, ഊരിവെക്കാതെ,
ഒരു സിമ്മിന്റെ തഴച്ചിൽ,
മറ്റൊരു സിമ്മിലേക്ക്‌ വ്യാപരിപ്പിക്കുന്നു.
തിരിച്ചും മറിച്ചും!

ചിരിച്ചും, ഉല്ലസിച്ചും,
എസ്‌. എം സ്‌ അയച്ചും,
ഉണ്ണാതെ, ഉറങ്ങാതെ,
ഫ്രെഞ്ച്‌ കിസ്സുകളുടെ,
ചരിത്രമളന്നും,
ബന്ധങ്ങളുടെ ചൂടറിഞ്ഞും,
സീൽക്കാരങ്ങളുതിർത്തും,
അള്ളിപ്പിടിച്ചും, തള്ളിമാറ്റിയും!
ആസ്വാദനത്തിൻ പുതുമ!
മാറാത്തവ പഴഞ്ചൻ!

ആഗ്രഹത്തിന്റെ ശംഖൊലിയിൽ,
നിരാശയുടെ ചൂളം വിളികൾ!
പാളങ്ങളിൽ വീണ വിള്ളലുകളിലൂടെ,
വണ്ടിയുടെ കുതിച്ചോട്ടം!
മുറിച്ചു യോജിപ്പിച്ച പാതകളിൽ,
യമദേവന്റെ പൊട്ടിച്ചിരി!

കരിം പുകയുയർന്നത്‌,
കരിഞ്ഞു കത്തിയ കമ്പാർട്ടുമന്റുകളിലാണ്‌!

നിലച്ചു പോയേക്കാവുന്ന സിമ്മിന്റെ തലപ്പെരുപ്പ്‌!
ശീതീകരണ മുറികളിൽ വിയർത്ത്‌,
തുറന്ന വാതായനങ്ങളിൽ,
ഇരച്ചു കയറിയ കാറ്റിൽ,
സ്വാന്ത്വനമെന്നോണം
പുഴയുടെ ആളമളക്കപ്പെട്ട്‌!
ഇത്തവണ ദുര്യോഗം സിമ്മിനായിരുന്നു,
പഴയ സിമ്മിന്റെ തളർച്ചയിൽ,
പുതിയ സിമ്മിന്റെ തേർവ്വാഴ്ച!
ഭീഷണിയുടെ സ്വനങ്ങളിൽ,
വിച്ഛേദിക്കപ്പെടാത്ത സിമ്മിന്റെ ദുര്യോഗം!
ചെത്തിപ്പൂക്കളായ്‌,
പാളങ്ങളിൽ ചിതറിതെറിച്ച സിമ്മിന്‌
നിഷ്കളങ്കതയുടെ മുഖം!

എന്നിട്ടും....!
ജീവിതങ്ങൾ വഴിമുട്ടിക്കാൻ,
ചില രണ്ടു സിമ്മുകൾ..?

പുത്തൻ യുവത സാഹസികരാണ്‌!
മഴപ്പാറ്റയായ്‌ ജന്മയെടുത്ത്‌,
അഗ്നിയെ വേൾക്കുന്നവരാണ്‌!!

ബുധനാഴ്‌ച, മേയ് 18, 2011

ഒറ്റപ്പെടുന്ന തുരുത്തുകൾ!

കണ്ണു കെട്ടിയ നീതി പീഠങ്ങൾ!
തുലാസിൽ ഹൃദയം തൂക്കി,
ന്യായം തൂക്കി,
തെളിവുകൾ തൂക്കി,
കുറ്റവാളിയാക്കുന്ന നിമിഷം,
വിശ്വാസമായിരുന്നു അവരെ!
എന്റെ പാത മുന്നിലേക്ക്‌,
പിറകിൽ ശൂന്യത!

കാതു കെട്ടിയ നീതി പീഠങ്ങൾ!
തുലാസിൽ കനകം തൂക്കി,
വിശ്വാസം തൂക്കി,
നിരപരാധിയാക്കി,
ശ്വാസം നിലച്ച നിമിഷം!
സംശയമായിരുന്നു അവരെ,
മുന്നിൽ ഗർത്തം!
എനിക്കു പിറകിലേക്ക്‌ നടക്കണം,

പുറത്തൊരിടത്ത്‌ വിലപേശൽ!
ഒരിടത്ത്‌ ഭീഷണി!
ഒരിടത്ത്‌ എല്ലാം നഷ്ടപ്പെട്ട നിസ്സംഗത!
ഒരിടത്ത്‌ എല്ലാം പിടിച്ചടക്കി,
നുരഞ്ഞു പതയുന്ന ചഷകങ്ങൾ!

നീതിപീഠങ്ങളുടെ തുലാസിൽ,
മുളയാണി വെച്ചതാരാണ്‌?
തൂക്കക്കട്ടികൾക്ക്‌ പിറകിൽ ഈയ്യം
ഉരുക്കിയൊഴിച്ചതാരാണ്‌?
കള്ളപ്പറകൾ,
അളന്നിട്ട ന്യായങ്ങളിൽ,
അന്യായങ്ങളുടെ കൂമ്പാരം!

വശങ്ങളിൽ സമുദ്രങ്ങൾ നിറച്ചവരെവിടെ?
തിരമാല തുരുത്തുകൾ കവർന്നെടുക്കും മുമ്പ്‌...!

ചൊവ്വാഴ്ച, മേയ് 17, 2011

വൃദ്ധകളുടെ രാജധാനി!

"തലമുറ!..
"എന്തേ ഇങ്ങനെ?"
കേട്ടപ്പോൾ എനിക്ക്‌ നൂറ്‌ ചിന്ത!
പറയുമ്പോൾ അവർക്ക്‌ നൂറ്‌ നാവ്‌!

"അന്നും മേഘം പതിയെ വന്നു,
വിഷാദമുണ്ടായിരുന്നു,
ഒറ്റയ്ക്കായെന്നോർത്ത്‌,
പന്തത്തിന്റെ തെളിച്ചത്തിൽ,
പൊട്ടിക്കരഞ്ഞു,!
മുറ്റം നിറച്ചും മുഴക്കത്തോടെയുള്ള കണ്ണീർ!
ഞാനേങ്ങിക്കരഞ്ഞു,!
ഇന്നും!

തോർന്ന മഴ തലയിണ കുതിർത്തിരുന്നു!

ഞാനേങ്ങിക്കരഞ്ഞത്‌,
മേഘം പൊഴിച്ച കണ്ണീരു കണ്ടല്ല,
തെളിഞ്ഞ പന്തങ്ങളിൽ ഭയന്നല്ല,
പൊട്ടിക്കരച്ചിലിൽ ഞെട്ടിയുമല്ല,
എനിക്ക്‌ വേണ്ടി പൊഴിക്കാൻ
കണ്ണീരില്ലാത്തവരെ ഓർത്തപ്പോഴാണ്‌!

ഒറ്റപ്പെടുന്ന മനസ്സിൽ,
എണ്ണം പെരുക്കുന്ന,
സീരിയലുകളാണത്രെ അഭയം!
മണിയടിക്കുമ്പോഴുള്ള ഭക്ഷണവും!"
ഓർത്തപ്പോൾ രസക്കേട്‌!
രക്തം പാലാക്കിയൂട്ടിയോർക്ക്‌,
പുച്ഛമാണ്‌ അഭയം!

ഓർക്കാതിരുന്നത്‌ പന്തികേട്‌!
കടലാമയെ പോലെ കരയിൽ വന്ന്,
തലമുറയെ വിതച്ച്‌,
കാൽപാദങ്ങൾ മായിച്ച്‌,
കടലിലേക്ക്‌ മടങ്ങണം!"
കാതുകളിൽ മണിയടി!
സ്നേഹം കോരി വിളമ്പുന്നുണ്ടത്രെ!
പുഞ്ചിരിക്കാൻ ശ്രമിച്ച്‌,
ഭിക്ഷാ പാത്രവുമായി
അവരുടെ ചുവടുകൾ!

തിങ്കളാഴ്‌ച, മേയ് 16, 2011

ചക്കയും മുയലച്ചനും! (വലിയ കുട്ടികൾക്ക്‌ ചെറിയ കഥ!)

പണ്ട്‌.. പണ്ട്‌ ..പണ്ട്‌ ഞാനോക്കെ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കപ്പുറത്ത്‌...ഒരിടത്ത്‌ ഒരു മുയലച്ചൻ ഉണ്ടായിരുന്നു..

മുയലച്ചൻ യോഗാഭ്യാസം കഴിച്ച ക്ഷീണത്തിൽ മെല്ലെ പ്ലാത്തി.. പ്ലാത്തി..ഇന്നത്തെ ഫിറ്റ്നസ്സ്‌ സെന്ററിൽ പോയി പൊക്കാനാവാത്തതു പൊക്കി നടു ഇളകിയ കുമാരന്മാരെ പോലെ നടന്നു വന്നു...
ഒരു വലീയ മരം കണ്ടു.. അവിടെ ക്ഷീണം തീർക്കാൻ ഇരുന്നു.. പിന്നെ കിടന്നു...
.. അതിനടുത്തുള്ള മരങ്ങളെല്ലാം പൂത്ത്‌ കായ്ച്ച്‌ പഴങ്ങളുണ്ടായപ്പോൾ അതിലെ പഴങ്ങൾ .... മാ‍ാ.... ങാ‍ാ എന്നൊക്കെ അലറി വിളിക്കാൻ തുടങ്ങി...ആളുകൾ അവയ്ക്ക്‌ മാങ്ങാ എന്ന് പേരിട്ടു...

പക്ഷെ ആ വലീയ മരത്തിൽ ഒന്നും കായ്ച്ചില്ല.. പരിഹാസം സഹിക്കാനാകാതെ അത്‌ നെഞ്ചത്ത്‌ തല്ലി തല്ലി കരഞ്ഞു..

അങ്ങിനെ സ്വയം പീഡീപ്പിച്ചതിനാലാകണം മുള്ളു പോലെത്തെ പുറം തൊലിയോടെ ഒരു വലീയ സന്തതി ആ മരത്തിലും ഉണ്ടായി.. കുട്ടികൾ അ..ച്ചാ...കാ., .അ..ച്ചാ. കാ.. എന്ന്..പറഞ്ഞു ആളുകൾക്ക്‌ കാട്ടികൊടുത്തു.. അതു കേട്ട്‌ ആളുകൾ "ചക്ക" എന്നതിനെ വിളിച്ചു..
അങ്ങിനെ സന്തതിയുണ്ടായി ആഡ്യഭാവത്തിൽ നിൽക്കുന്ന  ആ മരത്തിന്റെ തണലിൽ മുയലച്ചന്റെ ക്ഷീണം തീർക്കൽ!
ആ മരമോ ചക്കയോ ആത്മഹത്യ ചെയ്യാൻ എൻഡോസൾഫാൻ കഴിച്ചിരുന്നില്ല.. ഫ്യൂരഡാൻ കഴിച്ചിരുന്നില്ല..എപ്പോഴും വൃതവും പ്രാർത്ഥനയും!...വല്ലപ്പോഴും കിട്ടുന്ന തുള്ളി വെള്ളം കുടിച്ച്‌..ജീവിച്ചു വന്നവരായിരുന്നു..!

എന്നിട്ടും ഹാർട്ട്‌ അറ്റാക്കാണെന്ന് തോന്നുന്നു..അതോ മുയലച്ചന്റെ യോഗഭാവം കണ്ട്‌ ഭയന്നോ എന്നും അറീല..ആ ചക്ക മുയലച്ചന്റെ മെഡുല്ല ഒബ്ലാംഗേറ്റ തകർത്ത്‌ താഴെ പതിച്ചു..!

അടുത്ത വീട്ടിലെ തോമ ഓടിവന്നു വലിയ വായിൽ അലറി...കർത്താവേ...!
അബ്ദുള്ള ഓടി വന്നു... യാ റബ്ബേ!
കുഞ്ഞമ്പു ഓടി വന്നു.. നാരായണ.. നാരായണ..!

ഓരോ ആളും ചക്കയെ തള്ളിയിട്ട്‌....മുയലച്ചനെ ഉയർത്തി..അദ്ദേഹത്തിനെ എടുത്ത്‌ കൊണ്ടു പോയി.. അവരെല്ലാം കൂടി അടുക്കളയിൽ അഡ്മിറ്റാക്കി..രാമായണം വായിക്കുന്നവർ വായിച്ചു, ഖുർ ആൻ ഓതുന്നവർ ഓതി, ബൈബിൾ വായിക്കുന്നവർ വായിച്ച്‌...പിന്നെ സുഖമായി ശ്രാദ്ധമുണ്ടു...!അപ്പോൾ ചക്ക ആരായി..!..കൊലപാതകീ.. ല്ലേ!

ആരാലും ശ്രദ്ധിക്കപ്പെടാതെ ചാവേർ അറ്റാക്ക്‌ നടത്തിയവനെ പോലെ ചത്തു കിടന്ന ചക്ക!...അതു കണ്ട തമിഴൻ സങ്കടം തോന്നി അതിനെയെടുത്ത്‌ നാട്ടിലേക്ക്‌ പോയി..പിന്നെ വഴിയരുകിൽ വെച്ച്‌ പോസ്റ്റ്‌ മോർട്ടം നടത്തി..

ദേ..ആളുകൾ അതിനെ കണ്ട്‌ വായിൽ വെള്ളമൂറ്റി നിൽക്കുന്നു... തമിഴരുടെ ഒരു കാര്യം!..
..അതിനെ വെട്ടി മുറിച്ച്‌, കഷ്ണങ്ങളാക്കി പൊന്നും വിലയ്ക്ക്‌ വിറ്റു... .. പെരുവഴീന്ന് കിട്ടിയാലെന്താ നല്ല ലാഭം!.. തമിഴൻ പൈസ എണ്ണി, എണ്ണി ചക്കയുടെ ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിച്ചു!.. അതിനാൽ ചെറു കഷ്ണത്തിനു ദക്ഷിണ വെച്ച്‌ പ്രാർത്ഥിച്ചവർക്ക്‌ നന്മവന്നു!

മുയലിന്റെ ശ്രാദ്ധമുണ്ടവർക്ക്‌.. കുറച്ച്‌ കഴിയുമ്പോൾ വയറിളക്കമായി പ്രശ്നമായി.
.....കൊതി തട്ടിയതെന്ന് അവർ പരസ്പരം പറഞ്ഞു... ആശൂത്രിയിലെത്തി...

ഡോക്ടർ പറഞ്ഞു... പ്രശ്നം നിസ്സാരം.. കാര്യം ഗൗരവം!." തമിഴന്റെ ഫ്യൂരിഡാനും എൻഡോ സൾഫാനും തിന്ന ക്യാരറ്റ്‌!... അതിനെ തിന്ന മുയൽ!.. അതിന്റെ ശ്രാദ്ധമുണ്ട നിങ്ങൾ കുറ്റക്കാരാണ്‌!"

...ദേഷ്യം വന്ന് തോമയും, അബ്ദുള്ളയും, കുഞ്ഞമ്പുവും ആ മരം തേടിയിറങ്ങി... കോടാലിയെടുത്ത്‌ വെട്ടി വെട്ടി ഫർണ്ണിച്ചറാക്കി എന്നിട്ടും കലിയടങ്ങാതെ നല്ല വിലയ്ക്ക്‌ വിറ്റു..!..

അങ്ങിനെ ഒരു വംശത്തോട്‌ അബ്ദുള്ളയുടേയും, കുഞ്ഞമ്പുവിന്റേയും, തോമായുടെയും തലമുറകൾ പ്രതികാരം ചെയ്തു വന്നു...പാവം മരം.!.. അതിന്റെ വംശം അറ്റു കൊണ്ടിരുന്നു!..
-----------------------------------------------------------------------------------------------------------
ഗുണപാഠം :- ചക്കയായാലും ഭൂഗുരുത്വാകർഷണ ബലം തെറ്റിച്ച്‌ ബഹീരാകാശത്ത്‌ പോയ്ക്കൊള്ളണം!

(...അപ്പോൾ കഥ ഇഷ്ടമാകാത്തവർ പണവും, കഥ ഇഷ്ടമായവർ കമന്റും അയച്ചു തരുമല്ലോ?..ചുമ്മാ.. ഒന്നും കിട്ടിയില്ലെങ്കിലും തെറി കിട്ടാതിരുന്നാൽ മതി!)

ഞായറാഴ്‌ച, മേയ് 15, 2011

"അണ" മോഷ്ടിക്കുന്നവർ!

ഒരൊപ്പിടുവാനാണ്‌ ആ ഭവ്യ കുമാരൻ എന്നോട്‌ പേന വാങ്ങിയത്‌..
എന്തൊരു വിനയം!
എന്തൊരു പുഞ്ചിരി!
"എക്സ്‌ ക്യൂസ്‌ മീ..."- എന്തൊരു സിമ്പിൾ, ഫ്ലുവന്റ്‌ ഇംഗ്ലീഷ്‌!..വാഹ്‌.. വാഹ്‌..
തലക്കു പിടിച്ച വിനയം എന്നേയും!...

എടുക്കാൻ മറന്നപ്പോൾ എനിക്ക്‌ അത്യാവശ്യത്തിനു വേണ്ടിയാണ്‌ പേന വാങ്ങിയത്‌...അല്ലാതെ....!.

കാര്യം കഴിഞ്ഞപ്പോൾ പേന അവന്റെ പോക്കറ്റിൽ കുത്തി മാന്യനായി നടന്നു പോകുന്നു...! ..
നാശക്കാരന്‌ ടൈ കെട്ടാനറിയാം.!..കോട്ടിടാനറിയാം.!.... ചോദിച്ചു വാങ്ങിയ പേന തിരിച്ചു തരാൻ അറിയില്ല..!

പേന അവന്റെ അപ്പൻ വാങ്ങിക്കൊടുത്തതല്ലെന്ന രോഷമാകണം എന്നേയും വിനയാന്വിതനാക്കി ഇംഗ്ലീഷ്‌ പറയിച്ചു...

"... എക്സ്‌ ക്യൂസ്‌ മീ....!..

".. നിൽക്കെടാ പട്ടീന്ന് മനസ്സ്‌ പറഞ്ഞു..പുറത്ത്‌ പറഞ്ഞില്ല!."

അവൻ "വാട്ട്‌...!" കലർത്തി മര്യാദാരാമനായി ..!"...അവന്റെ അപ്പനേയും അമ്മയേയും വരെ നല്ല വാക്കുകൾ കൊടുത്ത്‌ ഉപചരിക്കണമെന്നുണ്ട്‌.. പക്ഷെ അവന്റെ അപ്പനല്ലേ.. അമ്മയല്ലേ.. ഇഷ്ടായില്ലേങ്കിലോ?...നമ്മളു വെറുതെ ലോഹ്യം ചോദിച്ച്‌..!"

" പേന എന്റേതാണെന്ന് പറഞ്ഞപ്പോൾ " സോറിയെ ചവച്ചു, ചവച്ചു തുപ്പി ആ മിടുക്കൻ കടന്നു കളഞ്ഞു..!

" പ്രാന്താ!... പ്രാന്ത്‌!.. പേന കണ്ടാൽ ആളുകൾക്ക്‌ അടിച്ചു മാറ്റാനുള്ള പ്രാന്ത്‌!....ഒരു പേനയെ പോലും വെറുതെ വിടാത്ത നട്ട പ്രാന്ത്‌....!

ശനിയാഴ്‌ച, മേയ് 14, 2011

കഥയല്ലിത്‌ ജീവിതം!

ഭർത്താവെഴുതുന്ന ബ്ലോഗുകളുടെ പിറകെ ഭാര്യയുടെ കമന്റും ഉണ്ടാകുമായിരുന്നു.. അതിലെ തേൻ പുരട്ടിയ വാക്കുകളുടെ സാരാംശം ഇതായിരുന്നു.." ഈ കാലമാടനാണെന്റെ കെട്ടിയോൻ!"

ഭാര്യ വായിച്ചു തള്ളി കമന്റു കൊഴുപ്പിക്കുന്ന ബ്ലോഗുകൾക്കു പിറകെ ഭർത്താവിന്റെ മുന്നറിയിപ്പും  "ഇവളാണെന്റെ സംഹാര രുദ്ര!"

----------------------------------------------
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്‌:- പ്രഷർ കൂടുന്നതിനാലണത്രെ ഈയ്യിടെയായി എന്റെ വാമഭാഗം എന്റെ ബ്ലോഗുകൾ ദൂരെ നിന്നു എത്തി നോക്കാറേയുള്ളൂ!..അതിനാൽ നിങ്ങളും ബ്ലോഗെഴുതുമ്പോൾ നിങ്ങളുടെ വാമഭാഗത്തെ നിങ്ങളുടെ ബ്ലോഗിലേക്ക്‌  എത്തി നോക്കിക്കുക..എങ്കിൽ നിങ്ങൾക്ക്‌ ആഹാരം വല്ലതും കിട്ടും!

മരുഭൂമിക്കൊരുമ്മ!

അഗ്നിയാണുള്ളിൽ,
അകം കത്തിച്ചുരുക്കി,
ചാരമാക്കുന്നോരഗ്നി!

പൊടിക്കാറ്റാണ്‌ പുറത്ത്‌!
ആത്മാഭിമാനത്തെ,
തലകുനിച്ചിരുത്തുന്ന കാറ്റ്‌!

ഘനീഭവിച്ച കാർമുകിൽ,
മൂക്കൊന്ന് പിഴിഞ്ഞു,
ചോർത്തിക്കളയും,
മരുഭൂമഴയാണെന്റെ,
ഇടയ്ക്കുള്ള ഓരോ യാത്രയും!

ഈ വറച്ചട്ടിയിൽ,
ഞാൻ വറുത്തു കോരും
ജീവിതത്തിന്‌,
പ്രാരാബ്ദത്തിന്റെ ചുവ!
എണ്ണയ്ക്ക്‌ പരിദേവനത്തിന്റെ തിള!

നാട്ടിലെ ജഠരാഗ്നിയാവാഹനം!
വലിച്ചെറിയേണ്ടുന്ന,
അണകളാക്കിയെൻ രൂപാന്തരം!

ഫോബിയ!

അന്നെത്തെ കാലചക്രങ്ങളിൽ

കൗമാരത്തിന്റെ തിരയിളക്കം,
അതോ യൗവ്വനത്തിന്റെ ജയഭേരിയോ?
കിനാക്കളിൽ രക്ഷസുകളുടെ മുറു മുറപ്പ്‌!
മുഷിഞ്ഞ ചിന്തകളുടെ കെട്ടിയിരിപ്പ്‌!
കൊന്നു തള്ളിയ ആത്മാക്കളുടെ
കൂസലില്ലാത്ത സഞ്ചാരം!

ഞെട്ടിയുണർത്തി
വീണ്ടും തഴുകിയ നിദ്രയുടെ
മായിക രാത്രി!
ശുഭ്രവസ്ത്രധാരണമാവാം,
അജ്ഞാത മാലാഖകളുടെ
സൗര്യവിഹാരം!

അഭൗമികളുടെ തേജസ്സിൽ,
പിടയുന്ന ഹൃദയം!
തപമിളക്കുന്ന ലാസ്യ നടനം!
കടഞ്ഞെടുത്ത സൗന്ദര്യങ്ങളുടെ,
നേർത്ത കുശുകുശുപ്പ്‌!

നിസ്സഹായതയിൽ പിടയുമ്പോൾ
നിദ്രകൾ പുകമഞ്ഞാക്കിയ,
അപാര ശക്തികളുടെ,
ചാരിത്ര്യ നുകരലുകൾ!
നഷ്ടമായ ബ്രഹ്മചര്യം!
കാതുകളെ അസഹ്യമാക്കി,
മറഞ്ഞ മാലാഖകളുടെ പൊട്ടിച്ചിരി!

വരിഞ്ഞു ചുറ്റിയ ഭയത്തോടെ,
ശ്വാസം ഉണക്കിയ നാളങ്ങളോടെ,
 ഞെട്ടിയുണർന്നു.
ഛേ.. ചീത്തയായിരിക്കുന്നു!

എന്നെ വലച്ച കുറ്റബോധങ്ങളിൽ,
കുമ്പസാരക്കൂടില്ല, വികാരികളില്ല!
ഞാനറിയാത്ത മന്ത്രവാദി,
ആർക്കോ കുറിച്ച മന്ത്രം!
" എല്ലാ കുട്ടികുരങ്ങന്മാരും നാലു കാലിൽ നടന്ന്,
രണ്ടു കാലിൽ എഴുന്നേറ്റ്‌ പോകും!"
അപാരമായിരുന്നതിൻ ശക്തി!
അതെന്നോടല്ലേ?..
എന്നെ ഉപേക്ഷിച്ച,
 കുമ്പസാരവും, കുറ്റബോധവും,
മാലാഖമാരോടൊപ്പം രമിക്കുന്നുണ്ടാകണം..!

വ്യാഴാഴ്‌ച, മേയ് 12, 2011

ഫോർമാറ്റ്‌!

പണ്ടും ചിലർ ഫോർമാറ്റു ചെയ്തിരുന്നു,
വൈറസ്സു കയറി പ്രവർത്തിക്കുന്നില്ലത്രേ!
പ്രവർത്തിച്ചപ്പോൾ കയ്യടിച്ചും
ഗെയിംകളിച്ചും, ചിരിച്ചും
തലമറന്നെണ്ണ തേച്ചും..,
സിംഹാസനങ്ങളിൽ അവർ!
പതിവ്‌ ഘോഷം!

കൊതിച്ചും, തട്ടിപ്പറിക്കാൻ നോക്കിയും,
കൊഞ്ഞനം കുത്തിയും!
താഴെ ചിലർ!
പതിവ്‌ പരിഭവം!

കാലാവധി തീർന്നത്രെ!
ഈയ്യിടെ തർക്കം!
വൈറസ്സു കയറിയെന്നും ഇല്ലെന്നും!
ഫോർമാറ്റ്‌ ചെയ്യാൻ മത്സരിച്ച്‌,
സിംഹാസനങ്ങളിൽ ആരെങ്കിലും!
യജമാനന്മാർ മാറി വരും!
ആരാണെങ്കിലുമെന്ത്‌?

ചിലപ്പോൾ ഉപ്പു ചാക്കുകൾ!
ചിലപ്പോൾ പഞ്ചാര ചാക്കുകൾ!
പിഴിഞ്ഞും പിഴപ്പിച്ചും, ചാട്ടവാറടിച്ചും,
പുഴയില്ലാത്ത, വെള്ളമില്ലാത്ത
വഴി കാട്ടി ചുമപ്പിക്കും!
ചുമടെടുത്ത്‌ തളർന്ന്...!
കണ്ണിൽ ഇരുട്ടടിഞ്ഞ്‌...!
വിധിയാണത്രെ!
ജനവിധി!.. ആണോ?

ബുധനാഴ്‌ച, മേയ് 11, 2011

പാത

അവന്റെ നിഷ്കളങ്കമായ ചിരി അയാളെ ആകർഷിച്ചു...!
"..മോന്റെ അച്ഛനെവിടെ?.."
" വഴിയെ പോയ വ്യാപാരിയെ ചൂണ്ടി,
...കാറിൽ കയറുന്ന ധനവാനെ ചൂണ്ടി,
...ഗൗണിട്ട വക്കീലിനെ ചൂണ്ടി,
...ഡോക്ടറെ ചൂണ്ടി ...
...രാഷ്ട്രീയക്കാരനെ ചൂണ്ടി..
............................................

..ചെറു പല്ലു കിളിർത്തു വരുന്ന മോണകാട്ടി അവൻ നിഷ്കളങ്കമായി ചിരിച്ചു..!
...ആരെയോ കാത്ത്‌ പാതയോരത്ത്‌ കണ്ണും നട്ട്‌ സുന്ദരിയായ അവന്റെയമ്മ!...
...പൊല്ലാപ്പാകേണ്ടെന്ന് കരുതി അയാൾ‌ യാത്ര ചെയ്യേണ്ട ബസ്സിനടുത്തേക്ക്‌ നീങ്ങി..!

ചൊവ്വാഴ്ച, മേയ് 10, 2011

മനസമ്മതം!

പണ്ടും ചോദ്യമുണ്ടായിരുന്നു..
എന്തിനാണെന്നെ അഹങ്കാരിക്ക്‌ പിടിച്ചു കൊടുക്കുന്നത്‌?

ഇന്നാളും...?

ദുഷ്ടന്‌.....
കള്ളന്‌....
പണ്ഡിതന്‌...
ധർമ്മിഷ്ഠന്‌...
ധനവാന്‌....
തെണ്ടിക്ക്‌.....
വികൃതന്‌....
മരത്തലയന്‌....
........ഹോ....
ഇന്നലത്തെ ചോദ്യത്തിൽ പകച്ചു!
എന്തിനാണെന്നെ അസൂയയ്ക്ക്‌ ..?
...എന്തോ ഓർത്ത്‌ ഞാനെല്ലാം വേണ്ടെന്ന് വെച്ചു!...ആലോചനകൾ എന്നും വരുമെന്ന് കരുതാൻ പറ്റില്ലല്ലോ?..
ഇന്നത്തെ ചോദ്യമാണ്‌ എന്നെ പിടിച്ചു കുലുക്കിയത്‌....
എന്തിനാണെന്നെ ബ്ലോഗിനു പിടിച്ചു കൊടുക്കുന്നത്‌?
മനസ്സിന്റെ എതിർപ്പ്‌ വകവെക്കാതെ ഞാനതിനു സമ്മതിച്ചു!

വിജയം

എന്നും സ്വീകരണം പുഞ്ചിരിയിലായിരുന്നു..
വിശേഷങ്ങൾ ചോദിച്ചും,
സങ്കടച്ചാലുകൾക്ക്‌ ദിശകാട്ടിയും!
തിരിഞ്ഞു നോക്കിയത്‌,
അണപ്പല്ല്ലമരുന്ന ശബ്ദം കേട്ടപ്പോഴാണ്‌.
മയങ്ങി വീണപ്പോൾ,
പൊട്ടിച്ചിരികൾ ചിതറി തെറിക്കുന്നത്‌ ആരോ കേൾപ്പിച്ചു,
മിഴികൾ മെല്ലെ തുറന്നപ്പോൾ,
തെളിഞ്ഞു കണ്ടു..!
നേർത്ത ശബ്ദ തരംഗങ്ങൾ,
കാതുകളെ പരസ്പരം ഉമ്മവെക്കുന്നു..
"ചതിച്ചവരെ വിശ്വസിക്കില്ല...
വിശ്വസിച്ചവരെ ചതിക്കില്ല...."
വെള്ളാട്ടത്തിന്റെ വാക്കുകൾ!

അടിതെറ്റിയത്‌ പടയിലല്ല,
വിശ്വാസത്തിന്റെ നീരൊഴുക്കിലാണ്‌!
മുറിവുകൾ ശരീരത്തിലല്ല,
ഏച്ചു കെട്ടിയ ബന്ധങ്ങളിലാണ്‌!

മനസ്സിന്റെ അണപൊട്ടിയ രക്തം,
വിളറി വെളുത്ത്‌ കൺകളിലൂടെ താഴേക്ക്‌!
തിരിച്ചറിവു തന്നെ ഏറ്റവും വലിയ ജയമാണ്‌!
പടയിൽ നിന്നെഴുന്നേറ്റ്‌,
വേച്ചു വേച്ച്‌ തിരിഞ്ഞു നടന്നു.

പിന്നെ ചിന്തകളെ പെറുക്കിയെടുത്ത്‌
വഞ്ചിയിലേറ്റി,
മനസ്സ്‌ കൊണ്ട്‌ തുഴഞ്ഞു ..തുഴഞ്ഞ്‌..!

തിങ്കളാഴ്‌ച, മേയ് 09, 2011

കൊതിയൻ!

ഹേയ്യ്‌?
എന്തിനാണ്‌ നീയെന്നെ കാർന്നു തിന്നുന്നത്‌?
ചിന്തകൾ രുചിച്ച്‌,
തലച്ചോറുകൾ ഭക്ഷിച്ച്‌,
ധമനികളിലൊളിപ്പിച്ചതും നുകർന്ന്,
നിൻ വിശപ്പടങ്ങുമ്പോൾ ഞാനാരാകും?

പരിചിതരാണെന്ന് നടിച്ച്‌,
എന്നടുത്തെത്തുന്നവരെ,
എങ്ങിനെ തിരിച്ചറിയും?
അവർ വിളിക്കുമ്പോൾ ഞാനെന്റെ
പേരെങ്ങിനെ ...?
ചിന്തകൾ ഇനിയെവിടെ കുഴിച്ചിടും!

മാന്തിയെടുക്കപ്പെട്ട ഓർമ്മകളിൽ,
നീ കാർന്നു തിന്ന പാടുകൾ!
എന്നിട്ടും ആർത്തിമൂത്ത്‌...
തിന്നു തിന്ന്...
ദേ...നോക്കിയേ..നിന്നോടാണ്‌,
..ഛേ ..നിന്റെ പേര്‌..!
ഞാനെന്താണിപ്പോൾ.......?

കിനാവ്‌!

നിദ്രകളിൽ വരഞ്ഞു വെച്ച സ്വപ്നങ്ങൾക്കർത്ഥമുണ്ടായിരുന്നു..
തോണ്ടിയെടുത്ത്‌ ഓർമ്മകൾ ഉണർത്തും വരെ!
എന്റെ സങ്കൽപ്പങ്ങളിൽ ഞാൻ രാജാവും നീ സേവകനും!
ഒ‍ാരോ തമാശകൾ!..ല്ലേ?
മറന്നു പോയ സ്വപ്നങ്ങൾക്ക്‌ തർപ്പണം നൽകി,
പിന്നെയും നിദ്രകൾ വന്നു
സ്വപ്നങ്ങൾ വരഞ്ഞു..
ഇഷ്ടപ്പെട്ട കിനാവുകൾക്ക്‌ ചിറക്‌ വെച്ച്‌....
ഇഷ്ടപ്പെടാത്ത കിനാവുകളുടെ ചിറക്‌ മുറിച്ച്‌......!
ആരോ പറഞ്ഞു പകൽക്കിനാവുകാരനെ കുഴികുത്തി മൂടണം!
യാദാർത്ഥ്യങ്ങളിലേക്ക്‌ ഞാനൂഴിയിട്ടപ്പോൾ സർട്ടിഫിക്കറ്റുകളുടെ മൊഴി,
"....ചുമന്നു നടക്കാം!.. ചുമട്ടുകാരനെന്ന് വിളിക്കില്ല!"
പ്യൂപ്പയുടെ പുറം തോട്‌ ഭേദിച്ച്‌,
മനസ്സു മന്ത്രിച്ചു..
"നേർക്കാഴ്ചകൾ ഭീകരം!..ല്ലേ?
 കിനാവുകൾ വിശ്വസിക്കുമോ ആവോ?"

ഞായറാഴ്‌ച, മേയ് 08, 2011

കരിസ്മാറ്റിക്‌!

അവൻ പറഞ്ഞു "പ്രെയ്സ്‌ ദ ലോഡ്‌!"
അയാൾ പാവം...നിസ്സാരൻ!.. വല്ലാതെ വിഷമിച്ചു!..
ആ മഹാപാപി പിന്നെയും ആവർത്തിച്ചു!.."പ്രെയ്സ്‌ ദ ലോഡ്‌!"
ദൈവത്തെ പ്രെയ്സ്‌ ചെയ്യാൻ മാത്രം വളരാത്ത അയാൾ മെല്ലെ പുഞ്ചിരിച്ചു!..
...അവനു വേണ്ടത്‌ പണമായിരുന്നു.!...
..കിട്ടാകടം പെരുകിയത്‌ അവനെ പോലുള്ളവരിലൂടെയായിരുന്നു...
അവന്റെ കണ്ണിലത്‌ നേരത്തേ വായിച്ച്‌ അയാൾ കൈമലർത്തി...
..ദൈവത്തെ  പിന്നെ ആ അഹങ്കാരി പ്രെയ്സ്‌ ചെയ്തിരുന്നില്ല..പകരം തിരക്കുണ്ടെന്ന് പറഞ്ഞ്‌ എഴുന്നേറ്റു!
... അയാൾ മെല്ലെ മന്ത്രിച്ചു.
"താങ്ക്യൂ മൈ ഗോഡ്‌!

ചില ബ്ലോഗ്‌ അന്ധവിശ്വാസങ്ങൾ!

1) ബ്ലോഗ്‌ മാന്യന്റെ ഇരിപ്പിടം!
2) ബ്ലോഗ്‌ വാക്യം സത്യ വാക്യം!.. ബ്ലോഗൻ സത്യവിശ്വാസി!
3) ബ്ലോഗ്‌ മൗനം സ്വർണ്ണം .. 
4) ബ്ലോഗ്‌  വിമർശനം പാപമാണ്‌ ബ്ലോഗന്റെ ആത്മാവ്‌ കരയും.. ബ്ലോഗ്‌ നിർത്തി പോകും..തൊലിക്കട്ടിയുള്ളവർ വിമർശകരുടെ തൊലിയുരിയും.. വിമർശകർക്ക്‌ ബ്ലോഗ്‌ പേടി സ്വപ്നമാകും!
5) ബ്ലോഗ്‌ പെണ്ണുങ്ങളെ വിമർശിക്കരുത്‌.. അവർ ശപിക്കും..
7) ബ്ലോഗ്‌ പെണ്ണുങ്ങളെ കമന്റു കൊണ്ടഭിഷേകിച്ചാൽ മോക്ഷം കിട്ടും..
8) ബ്ലോഗിനെ വിമർശിച്ചാൽ ബ്ലോഗ്‌ മറുത രാത്രിയിൽ കൊക്കക്കോള കഴിക്കുന്നതു പോലെ ചോര കുടിക്കും..വിമർശകന്റെ ഫ്ലെഷ്‌ കെഫ്‌ സി ചിക്കൻ കഴിക്കുന്നതു പോലെ കൊറിച്ചു കൊറിച്ചു കഴിക്കും..
9) അന്യന്റെ മത വിശ്വാസത്തെ സ്വന്തം മത വിശ്വാസ ബ്ലോഗ്‌ കൊണ്ട്‌ പരിഹസിച്ചാൽ ബ്ലോഗ്‌ സ്വർഗ്ഗത്തിൽ സീറ്റ്‌ ലഭിക്കും...( വിശ്വസിച്ചാലും ഇല്ലെങ്കിലും: - ഈയ്യിടെ കുറച്ചു പേർക്ക്‌ സീറ്റു വാങ്ങികൊടുത്തതായി വിശ്വാസികൾ.!.നട്ടാൽ മുളയ്ക്കുന്ന നുണയെന്ന് അവിശ്വാസികൾ!)
10) അന്യന്റെ രാഷ്ട്രീയത്തെ ബ്ലോഗ്‌ കൊണ്ട്‌ എതിർത്താൽ ബ്ലോഗ്‌ മന്ത്രിയാകും..
11) ബ്ലോഗെഴുതി പാതി വഴിക്ക്‌ ചത്താൽ ബ്ലോഗ്‌ പ്രേതമാവും..
12) ബ്ലോഗ്‌ പ്രേമിച്ച്‌ പ്രേമിച്ച്‌ ചത്ത പെൺകൊടി ബ്ലോഗ്‌ രക്ഷസ്സാകും..
13) ബ്ലോഗിൽ രമിക്കുന്ന കമിതാക്കൾ ചത്താൽ അടുത്ത ജന്മത്തിൽ ബ്ലോഗി വംശത്തിൽ ജനിക്കും...
14) ബ്ലോഗെടുത്തവെനെല്ലാം ബ്ലോഗ്‌ വേന്ദ്രനായി..
15) ബ്ലോഗെഴുതി ചത്താൽ ബ്ലോഗ്‌ പുണ്യാളനായി..
16) ബ്ലോഗനുണ്ണി പിറന്നാൽ ബ്ലോഗനുണ്ണീ..
17) ബ്ലോഗ്‌ അന്ധവിശ്വാസി ബ്ലോഗിനെ എടുക്കും..
18) ബ്ലോഗ്‌ സ്വർഗ്ഗത്തിൽ വിമർശകരില്ല....
19) ബ്ലോഗന്റെ സ്വർഗ്ഗത്തിൽ മാലാഖകൾ ..ഉണ്ട്‌...ഇല്ല..
20) ബ്ലോഗൻ അമരനാണ്‌..!
21) ബ്ലോഗ്‌ ദുർമന്ത്രവാദി , ബ്ലോഗ്‌ നരകത്തിൽ ബ്ലോഗടിയേറ്റ്‌ ബ്ലോഗി, ബ്ലോഗി നടക്കും..
22 ) ബ്ലോഗ്‌ കൂടോത്രക്കാരൻ ബ്ലോഗ്‌ കമന്റു കിട്ടാതെ നീറി നീറി ബ്ലോഗും...
23) ബ്ലോഗിൽ ഹിജിഡകൾ ഉണ്ട്‌...
24) ബ്ലോഗിൽ വീണുമരിച്ചാൽ ബ്ലോഗ്‌ മോക്ഷം!
25) കമന്റു ദാനം മഹാദാനം..
26) ബ്ലോഗഹങ്കാരി ബ്ലോഗ്‌ നിത്യ നരകി..
27) ബ്ലോഗ്‌ കള്ളൻ ബ്ലോഗ രാക്ഷസൻ!
28)  ..ബ്ലോഗ തപസ്വി..ബ്ലോഗ സന്യാസി..
29) ..ബ്ലോഗെഴുതി തലത്തെറ്റിയവൻ- ബ്ലോഗ ഭ്രാന്തൻ..
30) ബ്ലോഗ നാമം മോക്ഷദായകം



                                       അന്ധവിശ്വാസം.. അതല്ലേ എല്ലാം!

ഉപദേശം

രാഷ്ട്രീയം!
-------------
ജനത്തിന്റെ മുതലു കട്ടു,
ഭാര്യയ്ക്ക്‌ കൊടുത്താൽ,
മാന്യനാകും.
മക്കൾക്ക്‌ കൊടുത്താൽ,
സത്യസന്ധനാകും!
പാർട്ടിക്ക്‌ കൊടുത്താൽ
ഹരിശ്ചന്ദ്രനാകും!
അണികൾക്കു കൊടുത്താൽ,
ചാമ്പ്യനുമാകും!
-------------------------
ചുംബനം
----------
അധരങ്ങളിലെ ചുംബനം,
ഹൃദയങ്ങളെ അടുപ്പിക്കുമത്രേ,
ചുംബിക്കാനർഹതയില്ലാത്തവന്റെ
അധരങ്ങൾ അകന്നിരിക്കട്ടേ,
വെറുതെ പൊല്ലാപ്പാകേണ്ട!

-------------------------------
സംശയദൂരീകരണം
----------------------
ജനത്തിനെ നോക്കി,
മാന്യതയുടെ മൂടുപടങ്ങൾ
ഉയർത്തിയ സംശയങ്ങൾ?
"ആട്ടിൻ കുട്ടിക്ക്‌ ചെന്നായ തോലെന്തിന്‌?"
ഉത്തരമില്ലാത്ത പാവം ആട്ടിൻകുട്ടികൾ,
വെറുതെ കരഞ്ഞു!
പിന്നെ കൈയ്യടിച്ചു!
കൈയ്യടി പ്രഷർ കുറക്കും!

വെറുതെ ഒരു ശയനം!

നിദ്ര തഴുകാത്ത രാത്രികളിൽ
നിദ്രയെ ക്ഷണിച്ചും പഴിച്ചും,
നിദ്ര ഒഴുകിയ രാത്രികളിൽ,
നിദ്രയെ നിരസിച്ചും ശപിച്ചും,
ചരിത്രസഞ്ചാരം!

എഴുതിവെച്ച ചരിത്രത്തേക്കാൾ
എഴുതാത്ത ചരിത്രം!
ചരിത്രത്തിലെ ചാരിത്ര്യത്തിൽ സംശയം!
സംശയങ്ങളെ സംശയിച്ച്‌, സംശയിച്ച്‌,
ശയിച്ചു!
പിന്നെ ആശ്വസിച്ചു
ശയനം രോഗമല്ല,
ചരിത്രവുമല്ല,
കുംഭകർണ്ണന്റേതൊഴിച്ച്‌!

മൂഢനെ ജ്ഞാനിയാക്കിയാൽ..!

നിൽക്കേണ്ടിടത്തു നിന്നാൽ
നിനക്ക്‌ വിലയുണ്ട്‌,
കനകത്തിന്റെ വില!
ഇരിക്കേണ്ടിടത്ത്‌ ഇരുന്നാൽ
നിനക്കു വിലയുണ്ട്‌,
വജ്രത്തിന്റെ വില!
കിടക്കേണ്ടിടത്ത്‌ കിടന്നാൽ,
നിനക്കു വിലയുണ്ട്‌,
മാന്യതയുടെ വില!
പറയേണ്ടിടത്ത്‌ പറഞ്ഞാൽ
നിനക്ക്‌ വിലയുണ്ട്‌,
ന്യായത്തിന്റെ വില!
കേൾക്കേണ്ടിടത്ത്‌ കേട്ടാൽ
നിനക്ക്‌ വിലയുണ്ട്‌,
വിശ്വാസത്തിന്റെ വില!
കാണേണ്ടത്‌ കണ്ടാൽ നിനക്ക്‌ വിലയുണ്ട്‌,
നീതിമാന്റെ വില!
ഉപദേശം കേട്ട്‌ തലകുലുക്കിയവന്‌
അറിയേണ്ടത്‌ അണയുടെ വില നിലവാരം!

ഹുങ്ക് !

സ്വപ്നങ്ങളിൽ ചമതയുണ്ട്‌,
അരണി കടഞ്ഞ്‌,
അഗ്നി ജ്വലിപ്പിച്ച്‌,
യാഗം ചെയ്യണം,
അശ്വമേധയാഗം!

ഓരോ സ്വപ്നവും
ലക്ഷ്യത്തിലേക്കുള്ള വഴികൾ,
ഓരോ ലക്ഷ്യവും
പുതുലക്ഷ്യത്തിനായുള്ള താവളം!

എന്നിട്ടുമെന്തേ,
ഇല്ലാത്ത നന്മയിൽ
ഊറ്റം കൊണ്ട്‌,
ഉള്ള നന്മയിൽ കൊഞ്ഞനം
കുത്തി യുവതകൾ തിമർക്കുന്നു?

ശനിയാഴ്‌ച, മേയ് 07, 2011

അങ്ങിനെ വിട്ടാൽ....!

വിഭ്രമത്തിന്റെതായിരുന്ന കാലങ്ങളിൽ ആത്മഹത്യ പരിഹാരമെന്നായിരുന്നു അയാൾ നിനച്ചത്‌....
     ഭ്രമത്തിന്റെതായിരുന്ന കാലങ്ങളിലും ആത്മഹത്യയായിരുന്നു അയാളുടെ മനസ്സിൽ....
         ത്തിന്റെതായിരുന്ന കാലത്തിലും ആത്മഹത്യയെ പൂജിച്ചു......

ഓരോ അക്ഷരകൊഴിച്ചയും ആത്മഹത്യയെ പിന്തിരിപ്പിച്ചില്ല..

"നീ ചത്തിട്ടു വേണം എനിക്കു സന്തോഷിക്കാൻ" എന്ന് ആരോ പറഞ്ഞതു കേട്ടപ്പോഴാണ്‌ അയാൾക്ക്‌ ജീവിക്കാൻ കൊതി മൂത്തത്‌!..അയാൾ ഉയർത്തെണീക്കാൻ ശ്രമിച്ചു..
അപ്പോഴേക്കും നുരയും പതയും മണ്ണിലൂർന്നു വീണിരുന്നു..

എനിക്കൊരിടം..?

എന്നെക്കാളുണ്ട ഓണക്കണക്കുകളിൽ,
കണക്കുപെരുപ്പിക്കുമ്പോൾ,
ഞാനുണ്ട കണ്ണീർ കണക്കുകളിൽ,
നിങ്ങൾ ശൂന്യമായിരുന്നു..!
അതേ ശൂന്യതയ്ക്ക്‌ പൂജ്യമെന്നു വിളിച്ച്‌,
നിൽക്കേണ്ടിടത്തു നിന്നാൽ
അക്കങ്ങളിൽ പൂജ്യത്തിനാണ്‌ വിലയെന്ന്
മുറിച്ചു പറഞ്ഞപ്പോൾ,
തോൽക്കപ്പെട്ടത്‌ വീണ്ടും ഞാനായിരുന്നു!
തോൽവികളിൽ ഞാൻ അഭിമാനിച്ചപ്പോഴും,
തോൽവി വിജയത്തിന്റെ ചവിട്ടു പടിയാണെന്ന്
പക്വതയാർന്ന് പറഞ്ഞപ്പോൾ ഞാൻ അന്ധാളിച്ചു!
ഇനി ഞാനെവിടെ നിൽക്കും..?

ദേശാടനം!

നക്ഷത്രങ്ങളുടെ ചിന്താമണ്ഡലം,
“ഹേ കുമാരാ ...
നിനക്ക്‌ വഴികൾ രണ്ട്‌, മുന്നിലേക്ക്‌ അല്ലെങ്കിൽ പിന്നിലേക്ക്‌”
പുതപ്പുയർത്തി..
സംശയങ്ങളുടെ പെരുമഴ!
മുന്നിൽ കല്ലും മുള്ളും പിന്നിൽ സുഖം!

“സ്വാർത്ഥനെങ്കിൽ പിന്നിലേക്ക്‌,
നിസ്വാർത്ഥനെങ്കിൽ മുന്നിലേക്ക്‌,”
അശരീരി!

കണ്ണുകൾ തീർത്ഥം കുടഞ്ഞു ,
സംശയങ്ങളെ പഴം തുണികെട്ടിലെടുത്ത്‌,
ചിന്തകളെ രുദ്രാക്ഷമായി കഴുത്തിലണിഞ്ഞ്‌,
രേഖകൾ കൈവെള്ളയിലൊതുക്കി പിടിച്ച്‌,
അഗ്നിപഥത്തിലൂടെ അവധൂതനായി നടന്നു,
സിദ്ധാർത്ഥ കുമാരനിൽ നിന്നും
ഗൗതമ ബുദ്ധനിലേക്കുള്ള ദൂരം അളന്നു കുറിച്ചു,
സങ്കൽപങ്ങളുടെ തേരിലേറി!

മുകളിൽ ആകാശം താഴെ അറ്റമില്ലാത്ത ആഴക്കടൽ!
തൃശ്ശങ്കു സ്വർഗ്ഗം!
കിട്ടിയ കച്ചിതുരുമ്പിൽ ഒട്ടിപ്പിടിച്ച്‌,
നീന്തിയും പിടഞ്ഞും, ശ്വസിച്ചും നിശ്വസിച്ചും!
തുരുത്തിലണഞ്ഞു.

ഭ്രമിപ്പിക്കാൻ സാത്താനുണ്ടായിരുന്നു,
മാലാഖകൾ, രാജഭോജ്യങ്ങൾ!
വീണ്ടും അശരീരി!
“പ്രലോഭനങ്ങളിൽ പെടരുത്‌!,
ലക്ഷ്യം ചുറ്റുമുള്ളവരുടെ സൗഭാഗ്യം!"
സർവ്വാംഗ പരിത്യാഗിയായി,
അവഹേളനങ്ങൾ ചുരുട്ടിക്കൂട്ടി എറിഞ്ഞു തരുന്ന ദിനാറുകൾ,
ആത്മാഭിമാനമില്ലാതെ പെറുക്കിയെടുത്ത്‌,
മടികൂടാതെ ദാനം ചെയ്ത് അലഞ്ഞു!

കുമിളകളുടെ നശ്വരത കാട്ടി,
ഉറഞ്ഞു തുള്ളുന്ന പരിപ്പു കറി!
ജീവിതത്തിൽ ഊറിയ ഉപ്പുകൾ തുടച്ചെറിഞ്ഞ്‌,
നുള്ള്‌ ഉപ്പ്‌ പകർന്ന് കൊടുത്ത്‌ മന്ദഹസിച്ചു!
ഖുബ്ബൂസിന്റെ ബന്ധനത്തിലാക്കിയ മൗനത്തെ
വിശപ്പിന്റെ ആക്രാന്തം ഭേദിച്ചു!
പരിപ്പിന്റെ മനം മടുപ്പിക്കുന്ന നിത്യ ചുംബനങ്ങളിൽ മുഖം തിരിച്ചു!

“സർവ്വാംഗ പരിത്യാഗിക്ക്‌ വേര്‌!”
ഗുരുഭൂതരുടെ സങ്കൽപമുണ്ടത്രെ!
അങ്ങിനെ യശോധരയും അവളുടെ ഉദരത്തിലെ കൈകാലിട്ടടിയും!
മൗനങ്ങളിൽ വീണ്ടും നക്ഷത്രങ്ങളെത്തി.
കടങ്കഥ പോലെ ചോദ്യങ്ങൾ?
“സമയമായല്ലോ പുറപ്പെടുകയല്ലേ?”
പിന്നിൽ സുഖം, മുന്നിൽ കല്ലും മുള്ളും!
സംശയത്തിന്റെ പാതി വഴികൾ!
“നിന്റെ സുഖമോ? അതോ ചുറ്റുമുള്ളവരുടെ..?”
യശോധര മുഖം പൊത്തി കരയുന്നുവോ?
ശരീരത്തെ മുൻനടത്തി,
ആത്മാവിനെ ബലാൽക്കാരമായി വലിച്ചിഴച്ച്‌..
പതറാതെ.. .. തിരിഞ്ഞു നോക്കാതെ..!

നാലു ചുവരുകൾക്കുള്ളിൽ,
അനുവദിച്ച തുണ്ടിടം!
പല ശരീരങ്ങൾക്കിടയ്ക്ക്‌,
ഒരു ശരീരം ഒതുക്കി വെച്ച്‌ ഒതുങ്ങിക്കിടന്ന് തപം!
തലയിണയുടെ അസ്ഥാന ശങ്ക!
ചിന്തകളുടെ കടപ്പെടൽ!
"യശോധര?"
സ്വപ്നങ്ങൾ അസ്തമിക്കരുതല്ലോ,
നക്ഷത്രമായി പ്രകാശിക്കേണ്ടേ!
കടം വാങ്ങിയ ദേഹത്തെ അഗ്നിക്കും ,
ആത്മാവിനെ ദൈവത്തിനും തിരിച്ചു കൊടുക്കും വരെ,
.... ആർക്കെല്ലാമോ കടപ്പെട്ട്‌!
.... ആർക്കൊക്കെയോ അടിപ്പെട്ട്‌..!

വെള്ളിയാഴ്‌ച, മേയ് 06, 2011

ബന്ധം!

കോർത്തിണക്കുന്ന മുത്തുകൾ
വീണ്ടും പൊട്ടി താഴെവീഴുന്നു.
കണ്ണികൾക്ക്‌ ബലം പോരാഞ്ഞിട്ടോ,
മുത്തുകൾക്കുള്ള കുഴപ്പമോ?
അതോ കോർക്കുന്നവരുടെ....!

ജീവിതം അങ്ങിനെയാണ്‌..
ബന്ധുത്വങ്ങൾക്ക്‌,
ബന്ധനത്തിന്റെ ആവശ്യമില്ല!

ലാവയിലുള്ള നീരാട്ടിൽ,
സ്നേഹത്തിന്റെ നീർച്ചോലകളിൽ,
മുങ്ങിക്കുളിച്ച നിർവൃതി അന്യം നിന്നു പോകുന്നു!
ഗ്രഹണമായിരുന്നുവത്രേ,
ചിന്തയിലും, വാക്കിലും, പ്രവർത്തിയിലും!

വിഷവ്യാപനങ്ങളിൽ,
ഭയപ്പെട്ടകവാതിലടച്ചു,
ഹൃദയം ചുട്ടുരുകിയൊലിച്ച,
കണ്ണീർ തുള്ളികൾ തഴുകിയ
കവിൾപാടുകൾ ഓർമ്മ പുതുക്കുമ്പോൾ,
പരിഹാസ്യ ശരങ്ങങ്ങളേകിയ മുറിവുകൾ,
മനസ്സിനെ മഥിക്കുമ്പോൾ,
എവിടെയോ കാലൊച്ച കേൾക്കുന്നു..
പുത്തനുണർവ്വിന്റെ ഓടക്കുഴൽ നാദം!

ഒരൽപം നടന്ന് തിരിഞ്ഞു നോക്കി,
ആരെങ്കിലും കാൽപാടുകൾ പിൻതുടരുന്നുവോ?..
നിരാശകൾ ചുഴികൾ തീർത്തപ്പോൾ,
മനസ്സിന്റെ സാന്ത്വനം,
"നീ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്‌! "
പൊള്ളിയ മനസ്സിൽ വസന്തം തീർക്കുവാൻ,
ഒരു പുതു സൂര്യോദയത്തിനാകുമോ?..