പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 30, 2009

പോക്കർഹാജിയും മകനും!

അന്ന് പോക്കർ ഹാജിയുടെ ഇളയമകൻ ബഷീർ സ്കൂളിൽ നിന്നും ഓടിക്കിതച്ചു വന്നു പറഞ്ഞു..
"വാപ്പ... വാപ്പ...മനുഷ്യകുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രം കണ്ടു പിടിച്ചു.."
പോക്കർ ഹാജി ഞെട്ടി.ഞെട്ടാൻ കാരണമുണ്ട്‌....കെട്ടിയോള്‌ സൈനബാക്ക്‌ മക്കളെ കാണാതെ ഉറക്കം വരില്ല.അതിനാൽ മണിയറയിൽ തന്നെയാണ്‌ അഞ്ചു മക്കളും ചുരുണ്ട്‌ കൂടികിടക്കുന്നതു...എല്ലാവരും ഉറങ്ങുന്നതു വരെ പോക്കർ ഹാജി കണ്ണും പൂട്ടി ഉറക്കം നടിച്ചു കിടക്കും... ചിലപ്പോൾ കൂർക്കം വലിക്കും..പിന്നീടാണ്‌ സൈനബയെ തൊണ്ടി വിളിക്കുക.! അതറിയുന്ന സൈനബായും അങ്ങിനെ തന്നെ!! മക്കളെ പറ്റിക്കാൻ പെടുന്ന പാട്‌ അവർക്കേ അറിയൂ..അതിനിടയ്ക്കാണ്‌ ഈ സംഭവം!!....പോക്കർ ഹാജി കരുതി."..ഇന്നലെ മക്കളഞ്ചും ഒറങ്ങീന്നും ബെച്ച്‌ സൈനബാനോട്‌ കാട്ടികൂട്ടിയതൊക്കെ കൈയ്യോടെ ഹിമാറ്‌ കണ്ടു പിടിച്ച്‌...
...കണ്ട്‌ പിടിച്ചെന്ന് മാത്രമല്ല ബലാല് ബിളിച്ചും പറയുന്ന്..."
"... ബലാലെ ഹിനിയത്‌ ബിളിച്ചും പറഞ്ഞു ഞമ്മളെ എടങ്ങേറാക്കല്ലേ...അന്റെ മയ്യത്ത്‌ ഇന്ന് ഞമ്മളോരുക്കും പറഞ്ഞില്ലാന്ന് ബേണ്ട.!"
ചെറുക്കൻ വിട്ടില്ല "....ഇന്ന് ജബ്ബാർ... മാഷ്‌ പറഞ്ഞ്‌..!"
"പടച്ച തമ്പിരാനെ.. ജബ്ബാർ മാഷും അറിഞ്ഞാ.."
"നിക്കടാ..അവുട...!"
"ഉപ്പാ കേക്കുപ്പ!..എന്നെ തല്ലേണ്ടാ...ജബ്ബാർ മാഷാ പറഞ്ഞത്‌... അവൻ പറഞ്ഞു... എന്തോ ഗ്ലാസ്സിന്റെ കോയലില്‌ എന്തൊക്കെയോ ഇട്ട്‌ ബെച്ചാല്‌...കുഞ്ഞീണ്ടാവ്വുത്രെ..."
"...ങാഹാ.അതുശരി...ന്നാ പിന്നാ അത്‌ നേരത്തെ പറഞ്ഞൂടെ ബലാലെ....ഞാൻ ബിചാരിച്ചു..വളിച്ച ചിരിയൊടെ പോക്കർ ഹാജി പറഞ്ഞു..അതു നല്ല ഐഡിയ തന്നെയെന്ന് പോക്കർഹാജിക്കു തോന്നി.
".....ന്നാ ഞമ്മളെ പൂട്യേലും കുഞ്ഞീനെ ഉണ്ടാക്കീറ്റ്ബിക്കാലാ....പുള്ള ഇല്ലാത്തോരെല്ലാം ബാങ്ങിക്കും..ഉള്ളോരും ബാങ്ങിക്കും..!" ബഷീർ പറഞ്ഞു..
"നി ...യെന്റ്മോനന്നെന്ന് ഇപ്പം ഞമ്മക്ക്‌ മനസ്സിലായി!" സന്തോഷത്തോടെ പോക്കർഹാജി മകന്റെ പുറത്തു തട്ടി.
"ഉപ്പാ അതാ ജബ്ബാറു മാഷു ബരുന്ന്.. ഓരോട്‌ ചോദിച്ചു നൊക്ക്ന്ന്..."
.".ന്നാപിന്നെ ആയിക്കോട്ടേ.."
"..മാശേ...ജബ്ബാർ മാശേ... ഒന്നിബിടംവരെ ബരിം...ഒന്ന് ചോയിക്കാനാ"
"എന്താ?..പോക്കർക്കാ..!!" ജബ്ബാർ മാഷ്‌ ചോദിച്ചു..
."..ചെറുക്കൻ പറയിന്ന്......"

ജബ്ബാർ മാഷിനു പിടികിട്ടി..." പോക്കരിക്കാ... അത്‌ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവാ... ആ കഥ ജബ്ബാർ മാഷ്‌ പോക്കർ ഹാജിക്ക്‌ പറഞ്ഞു കൊടുത്തു...
"പടച്ചോനേ....ഓനു ബിബരംണ്ട്‌..!!"
"ആർക്ക്‌!" ജബ്ബാർ മാഷ്‌ ചോദിച്ചു..
"...ന്റെ..പുള്ളാക്ക്‌..ഞമ്മടെ ബശീറു പറയുന്ന്..
"എന്ത്‌?"
"... ന്നാ..പിന്നെ ഞമ്മളെ പൂട്യേലും ബിക്കാൻ പറ്റ്വൊ മാശേ...കുഞ്ഞീനേന്ന്.. എബിടുന്ന് കിട്ടും മാശെ ആ പറഞ്ഞ കൊയലും കുഞ്ഞീം..!"
-

പോക്കർ ഹാജിയും കടയും!

മഹാനായ പോക്കർ ഹാജി.വളഞ്ഞകാലൻ കുടയും ചൂടി നടക്കാനിറങ്ങി.... നടക്കുമ്പോൾ നിട്ടപ്രാണ ഒരു ബോധോധയം!...സംഭവം ഉസ്മാന്റെ കച്ചോടം കണ്ടിട്ടായിരുന്നു...അവിടെ നല്ലതിരക്ക്‌!

"അനക്കും വേണം.ഒരു കച്ചോട പീടിയ..!..പാത്തുന്റെ പുയ്യാപ്ല ഉസ്മാനു മാത്രം മതിയോ കച്ചോടം!"
"...പോരാ...ഇങ്ങാക്കും ..ബേണം..!"പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബായും മൂപ്പിച്ചു.."
അങ്ങനെ ഒരു പലചരക്ക്‌ കട ഹാജിയും സ്വന്തമാക്കി... ആദ്യമൊക്കെ ഹാജിക്ക്‌ ഭയങ്കര രസം തോന്നി.. അഭിമാനം തോന്നി... ക്രമേണ മടുത്തു...സൈനബാനെ പിരിഞ്ഞ്‌ എപ്പോഴും ഇങ്ങനെ? അതു ശരിയാവൂല..!..ഒഴിവു വേണം... ഹാജിയാർക്ക്‌ തോന്നി..
അങ്ങിനെ ഹാജിയാർ ആർട്ടിസ്റ്റിനെ വിളിച്ചു... ഒരു ബോർഡ്‌ വേണം...
ആർട്ടിസ്റ്റ്‌ എത്തി.. ഒരു വിധം വാക്കു തർക്കത്തിനോടു വിൽ ബോർഡ്‌ എഴുതാൻ ഏർപ്പാടാക്കി...
"എന്തെഴുതണം!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
"സൈനബാ സ്റ്റോർ" എന്നെഴുതിക്കോളീ..
..".താഴെ.. ഒഴിവ്‌ എന്നും എഴുതണം!"
"ഏതു ദിവസമാണ്‌ ഒഴിവ്‌!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
" വെള്ളിയാഴ്ച!"
പിറ്റെന്ന് ബോർഡ്‌ കിട്ടി... തൂക്കുകയും ചെയ്തു...രണ്ടു ദിവസം കഴിഞ്ഞു.... പക്ഷെ ഹാജിയാർക്കത്‌ പിടിച്ചില്ല..!
"ഒഴിവ്‌ രണ്ടു ദിവസം കൂടെ വേണം..!.. വ്യാഴം, വെള്ളീ ദിവസം എന്ന് മാറ്റിയെഴുതിക്കോളി..!"
....ബോർഡ്‌ മാറ്റിയെഴുതിച്ചു...പിന്നെയും.. രണ്ടു ദിവസം കഴിഞ്ഞു... ഹാജിയാർ പിന്നെയും ബോർഡ്‌ നോക്കി..ശരിയല്ല.. മാറ്റിയെഴുതിച്ചു.... അങ്ങിനെ അവസാനം ആർട്ടിസ്റ്റ്‌ ബോർഡ്‌ തൂക്കി..

ഹാജിയാർക്ക്‌ പെരുത്തിഷ്ടപ്പെട്ടു..പച്ച കളറുള്ള ബോർഡിലെ വെള്ള നിറമുള്ള എഴുത്ത്‌ ഇങ്ങനെയായിരുന്നു.." കട വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി.! ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം തുറക്കും!"

ബുധനാഴ്‌ച, നവംബർ 25, 2009

ഉമ്മറിന്റെ കച്ചോടം!

അന്ന് സൗറാബി സന്തോഷിച്ചു..ഇത്രയും കാലത്തിനിടയ്ക്ക്‌ ആദ്യമായി ഒരു തൊഴിൽ ചെയ്യാൻ കെട്ടിയോൻ ഒരുങ്ങി പുറപ്പെടുകയാണ്‌..അനാദി കച്ചോടം!.. അതാണ്‌ ഉമ്മർ പറഞ്ഞത്‌... അങ്ങു ദൂരെയാണെന്നും.. സൗറാബിയാണ്‌ കച്ചോടത്തിനുള്ള മൂലധനവും കൊടുത്തത്‌ ....

മണിയറയിൽ ഏതു നേരവും ചടഞ്ഞു കൂടിയിരിക്കുന്ന കെട്ടിയോനായ ഉമ്മറിനെ പുറത്തിറക്കാൻ പെട്ട പാട്‌ സൗറാബിക്കേ അറിയൂ...
" അയമ്മദാണ്‌ കൂടെയുള്ളത്‌.... അതാ പ്രശ്നം!... ഒ‍ാൻ കലക്കുന്നോനാ...ആരും കാണാതെ പാലിൽ മോരൊഴിച്ച്‌ മിണ്ടാണ്ടിരിക്കണ ഹിമാറാ ഓൻ..!. പുളിച്ചാലെ മറ്റുള്ളോരറിയൂ..!"" സൗറാബി ഉമ്മയോട്‌ വിവരം പറയാൻ പോയപ്പോൾ പറഞ്ഞു..
"പടച്ചോനേ..!.. ഉമ്മ പേടിച്ചു!
'അങ്ങനെ പേടിച്ചാ പറ്റോ? കുഞ്ഞിത്താത്ത..ഓരുക്കും ന്ത്തെങ്കിലും ചെയ്യേണ്ടേ..?" അനിയത്തി റഹ്മത്ത്‌ പറഞ്ഞു..
"ങാ! അതും ശരിയാ!"- പഠിപ്പു കാരിയായ അനിയത്തിയുടെ വാക്കുകൾ കേട്ട്‌ സൗറാബി പറഞ്ഞു..

അഞ്ചു കിടാങ്ങളും സൗറാബിയെ പൊതിഞ്ഞു എടങ്ങേറാക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത്തെത്‌  ഇരട്ട പ്രസവവും..!.ഒരുത്തൻ കുരുത്തം കെട്ടോൻ ഞാന്ന് കിടന്ന് മുലകുടിച്ചും കൊണ്ടിരിക്കുകയാണ്‌. മറ്റവരവനെ തൊഴിച്ചു താഴെയിടാനും ശ്രമിക്കുന്നുണ്ട്‌.. !ഒരു യുദ്ധം കഴിഞ്ഞാലെ എല്ലാർക്കും പാലു കിട്ടൂ.. സമർത്ഥന്‌ നല്ലോണം!..ഇല്ലാത്തതിനു കുറച്ച്‌..!
" ആകെ അയാക്കറിയാവുന്ന കച്ചോടാ.. ഇത്‌. അതിനുമിടുക്കനാ. അള്ളാ തരുന്നത്‌ കൈനീട്ടി മാങ്ങണം ന്നാ മൂപ്പരു പറയ്ക!... പടച്ചോൻ പോലും ഞമ്മളെ എടങ്ങേറ്‌ കാണുന്നില്ലന്റെ റബ്ബേ..! നിർത്താനും മൂപ്പരു ബിടൂല!" പത്തു മാസം പേറീറ്റല്ലേ ...നമ്മള്‌.. ഇവറ്റകളെ..അള്ളാ..!  കുഞ്ഞുങ്ങൾക്ക്‌ മുലകൊടുത്തും കൊണ്ട്‌ സൗറാബി പറഞ്ഞു..

" അള്ളാന്റടുക്കാ ന്യൂനപക്ഷോം..ഭൂരിപക്ഷോം ഇല്ലല്ലോ കുഞ്ഞീത്ത..ഇണ്ടാരുന്നെങ്കീ നമക്കും സംവരണം വേണം ന്ന് പറഞ്ഞിട്ട്‌..ഒരുമാ സത്തെനോ രണ്ടു ദിവസത്തേനോ കൊണ്ട്‌ കാര്യം സാധിക്കാരുന്നൂ... പത്തുമാസം പേറാണ്ട്‌ കഴിക്കാരുന്നു...ഒരു ഡിസ്കൗണ്ട്‌!..ഇല്ലേ കുഞ്ഞീത്താ"-- റഹ്മത്ത്‌ കളിയായി പറഞ്ഞു.

"നീ പോടി ബലാലേ ... പഠിച്ചെയിന്റെ ചൊരുക്കാ അനക്ക്‌!"

"അങ്ങോർക്ക്‌ ത്രെക്കും ഇഷ്ടാന്നെ... മൊഞ്ചത്തീന്ന ബിളിക്ക്യ.. ബിളികേട്ടാ ഒ‍ാരുടെ അടുത്തുന്നും മാറാൻ തോന്നൂല്ല!"

"അതല്ലേ അനുഭവിക്കുന്നത്‌!"

"ഞീ മിണ്ടാതെ പോയ്ക്കോ .. അനക്ക്‌ പഠിക്കണങ്കീ പഠിക്ക്‌! അല്ലാണ്ടേ മൂത്തോരു പറയുന്നിടത്ത്‌ അനക്കെന്ത്‌ കാര്യം!" റഹ്മത്തിന്റെ തമാശദഹിക്കാതെ സൗറാബി പറഞ്ഞു..
ഇനിയും നിന്നാൽ അടി ഉറപ്പാണെന്ന് റഹ്മത്തിനു തോന്നി.. മെല്ലെ വലിഞ്ഞു..
വൈകുന്നേരത്തോടെ സൗറാബി സ്വന്തം വീട്ടിലേക്കും..!

ഒരുമാസം കഴിഞ്ഞപ്പോൾ ഉമ്മർ വന്നു... കൂടെ ഒരു ചൊകന്ന പെണ്ണും.!
"ആരാണ്ടാ ഇത്‌?" സൗറാബിക്ക്‌ മനസ്സിലായില്ല... ഉമ്മർ വന്ന പാടെ അകത്തേക്ക്‌... പിറകെ വന്ന പെണ്ണും ഒപ്പം അകത്തേക്ക്‌..! സൗറാബിക്കത്‌ പിടിച്ചില്ല... വിസ്താരം തുടങ്ങി..
" അബിട നിക്ക്‌... ഞീ .. ഐബിടപോണ്‌.." ആരാണ്‌ ഞീ..?"
ഉമ്മറാണതിനു മറുപടി പറഞ്ഞത്‌... ഒരു പണിക്കാരിനെ ബെക്കണം ന്ന് ഞീ എന്നോട്‌ പറഞ്ഞില്ലേ.. ഒ‍ാളാ.. അയിനും..മാണ്ടി കൊണ്ട്വന്നതാ..!"
സൗറാബിക്കത്ര വിശ്വാസം പോരാ... അത്രേയ്ക്ക്‌ വിശ്വാസം വന്നെന്ന് ഉമ്മറിനും.!.. ന്നാലും നടക്ക്വോന്ന് നോക്കാലോ!! അത്രെയുള്ളു ഉമ്മറിന്റെ മനസ്സിലും..

വലിഞ്ഞുകേറി വന്നവൾ അധികാര സ്ഥാപനത്തിനൊരുങ്ങുന്നത്‌ സൗറാക്കത്ര പിടിച്ചില്ല..! അവൾ കിടക്കയിൽ കിടക്കുന്നു.. ഉമ്മർ പലതും കാട്ടികൊടുക്കുന്നു.. ചിരിക്കുന്നു..!

'ന്റെടുത്തും ന്ന് മാറാത്ത പുയ്യാപ്ലക്കെന്ത്‌ പറ്റി.. ഇപ്പം ആ പണിക്കാരി പെണ്ണിന്റെ അടുത്തും ന്ന് മാറുന്നില്ലാലോ..കിണുങ്ങുന്നു.. ബർത്താനം പറയുന്നു.അവൾ പണിയെടുക്കുമ്പോൾ നോവുന്നത്‌ ഉമ്മറിനാണെന്ന് സൗറാക്ക്‌ മനസ്സിലായി..പുയ്യാപ്ല എന്തോ ഒപ്പിച്ചിരിക്കുന്നു.. അതും ഞമ്മളുടെ പണം കൊണ്ട്‌....മനസ്സിൽ വെള്ളിടി വെട്ടി...
"ടീ.. ഇബിടെ വാടി... അതാ ഇന്റെ റൂമ്‌.! "ഒരു ചെറുമുറി കാട്ടി സൗറാ പറഞ്ഞു...
"ങ എന്തിന്റെ പുറപ്പാടാ..?
" ടീ.. ന്റെ ബെ ഷമം...നിക്കറിയാം... നമ്മളെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ നാലുകെട്ടാന്ന്..! ഓളെ ഞമ്മള്‌ കെട്ടി...സൗറബിയെ പേടിയാണെങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ ഉമ്മർ പറഞ്ഞു"
സൗറാബിക്കതു താങ്ങാനായില്ല!... പുയ്യാപ്ലേന്റെ സ്നേഹം പകുക്കുവാൻ പുതിയ അവതാരം..!
"ഇത്‌ പണ്ടത്തെ കാലാ... ഒരുമ്പെട്ടോനേ..!" കോപിച്ച്‌ സൗറാബി പറഞ്ഞു..
" മലപ്പുറത്തെ ഡാകിട്ടർ ആയിഷു ന്നാള്‌ .. പറയുന്നത്‌ കേട്ടിട്ടില്ലേ ടീബീല്‌...ഓക്കെന്തെ പഠിപ്പില്ലാഞ്ഞിട്ടാ... ഞമ്മളാക്ക്‌ നാലു കെട്ടുന്നതിന്‌ ഒരു കൊയപ്പൂം ല്ലാന്ന്..!!"
" അത്‌ ഓക്ക്‌..!... അത്‌ ഇബിടപറ്റൂല... ഓക്ക്‌ അതു സുയിക്കണുണ്ടാകും.. ഖുർ ആനിൽ പറയുന്നെന്നും പറഞ്ഞിട്ട്‌ ഞമ്മള പറ്റിക്കേണ്ട.. അതു ഈ സൗറാബീന്റെടുക്ക നടക്കൂല.."
"ഓൾ പണിക്കാരിയായിട്ട്‌ നിന്നോട്ടേ... എന്താ.." ഉമ്മർ പറഞ്ഞു..
സൗറാബിക്കതു രസിച്ചു..!..
" ഖുർ ആൻ പറഞ്ഞ്‌ മനസ്സിലാക്കാംന്ന് ബെച്ചാലും മനസ്സിലാക്കൂല..! ബലാല്‌..!അപ്പപിന്നെ ഇതേ ഒരു വഴിയുള്ളു.." ഉമ്മർ നിനച്ചു.
ഉമ്മറു കുഴങ്ങിപ്പോയി..
അടുക്കളയിൽ പണികൾ കൂടുന്നത്‌ പണിക്കാരിയായി ചമഞ്ഞു വന്ന മണവാട്ടിക്ക്‌ മനസ്സിലായി.. ഉമ്മറാണെങ്കിൽ സൗറാബിയെ പേടിച്ച്‌ അടുക്കുന്നും ഇല്ല..മടുത്തപ്പോൾ മണവാട്ടി ഉമ്മറോട്‌ പറഞ്ഞു... " ഞാമ്പോണ്‌..! ഇങ്ങള്‌ ബരുന്നുണ്ടേങ്കീ ബന്നോളീ.. അനക്കിങ്ങനെ നിക്കാം പറ്റൂല..!"
" നിക്കാം പറ്റൂലാങ്കി കെടന്നോ? എന്ത്യെയ്‌" സൗറാബി പറഞ്ഞു.
"ഓളു പാവാണ്‌ സൗറാ... ഉമ്മർ പറഞ്ഞു..
"ഇങ്ങളിതിൽ എടപെടേണ്ട.. ഇങ്ങളെ പണി നോക്കികോളി..." സൗറാബീയുടെ താക്കീത്‌.
ഉമ്മർ നിസ്സഹായൻ കൈമലർത്തി.. ഉമ്മറിന്റെ അവസ്ഥ അവൾക്കും മനസ്സിലായി..അവൾ പെട്ടിയെടുത്തിറങ്ങി...

സൗറാബി രണ്ടായിരം ഉറുപിക കയ്യിൽ നിർബന്ധിച്ചു കൊടുത്തു പറഞ്ഞു..." ന്നാ ബാങ്ങിക്കോളീ... രണ്ടായിരം ഉറുപ്യണ്ട്‌.. കുറച്ചായി ഇബിട പണിയെടുത്ത തല്ലേ... ബെറുക്കനെ പോണ്ടാ..ബയിക്കെ ചെലവിനിരിക്കട്ടേ"

മണവാട്ടി ഉമ്മറെ ഒരു നോക്ക്‌ നോക്കി.. പിന്നെ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു...... ഉമ്മർ മണിയറയിലേക്കും...!.. അതോടെ ഉമ്മറുടെ പുറത്തെ കച്ചോടം നിന്നു...!

ചൊവ്വാഴ്ച, നവംബർ 24, 2009

അവരുടെ ലോകം!

ഏവരും കൊതിക്കുന്ന സ്വർഗ്ഗം! ..വിശാലമായ ഇസ്തിരിയിട്ട പോലെയുള്ള റോഡുകൾ!.. അനൂപ്‌ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു...വളരാൻ ആർത്തിയോടെ കൊതിക്കുന്ന മരങ്ങളുടെ തലകൾ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു....ചീകിയൊതുക്കി... പല മോഡലുകളിൽ നിരയായി അവർ കിടക്കുകയാണ്‌...അടുത്ത മുണ്ഡനത്തിനായി!!....അവർക്കതാണ്‌ യോഗം!... !
" അനൂപ്‌ എന്താ ആലോചിക്കുന്നത്‌...? "..അയാൾ ചോദിച്ചു

"ഒന്നും ഇല്ല!... വെറുതെ കാഴ്ചകാണുകയാ..മരങ്ങൾക്കും ബാർബർമാരുണ്ടിവിടെ. അല്ലേ?!"
അയാൾ ചിരിച്ചു..." ഇതുപോലെയാണ്‌ ഇവിടെയെത്തുന്ന ഒരുവിധപ്പെട്ട ഏതു പ്രവാസിയുടേയും യോഗം!... വളരാനായി കൊതിക്കും... തലമുണ്ഡനം ചെയ്യപ്പെടും!..

അയാൾ ചിരിച്ചു...!

":...ഭാര്യ.?.. മക്കൾ?"

"ഉണ്ട്‌...ലേശം നേരത്തെയായിരുന്നു കല്ല്യാണം... നാൽപത്തഞ്ചാം വയസ്സിൽ..!എങ്കിലും ഒരു മകനുണ്ട്‌. . 10 ആം. ക്ലാസ്സിൽ ..മാർച്ചിൽ പോകണമെന്ന് കരുത്തിയതാണ്‌.. എല്ലാം ഒരുക്കിയതാണ്‌..പക്ഷെ.. അവർ തീരുമാനിച്ചു... ഇപ്പോഴെ വരേണ്ടെന്ന്..!!..പരീക്ഷയല്ലേ മകന്റെ... അതാ.. മാസാ മാസം പണം മുടങ്ങിയാൽ വിളിവരും... സുഖമറിയാനല്ല... പണമെറിയാനാണ്‌.."
അയാളുടെ വാക്കുകളിൽ ദുഃഖം പടർന്നിരുന്നോ?

"മോനേ ഗൾഫ്‌..ലൂസിഫറിന്റെ ലോകമാണ്‌!.....ലൂസിഫർ ആരെന്നറിയോ?"
"..ഉം...അറിയാം സാത്താൻ!"
" അതെ .. നമ്മളെ പ്രലോഭിപ്പിക്കും..! പ്രലോഭനത്തിൽ കുടുങ്ങി ഇവിടെയെത്തിയാൽ പെട്ടു പോകും.!!."

അയാൾ വീണ്ടും ചിരിച്ചു...ആ ചിരി തമാശയായിരുന്നോ..ദുഃഖമായിരുന്നോ?... രക്ഷപ്പെടുവാനുള്ള ഉപദേശമായിരുന്നോ? എന്നൊന്നും അനൂപിനു മനസ്സിലായില്ല.. അതിനുള്ള പ്രായമായി വരുന്നതേയുള്ളൂ...ഏറിയാൻ അഞ്ചു വർഷം പിടിച്ചു നിൽക്കണം അത്രേ ഉദേശമുള്ളൂ...അതിനുള്ളിൽ നാട്ടിൽ തന്നെ കാലുറപ്പിക്കണം... അത്യാഗ്രഹങ്ങളില്ല!.. അല്ലാതെ ഇയാളെ പോലെ...!

അയാളുടെ തലയിൽ ഇടതൂർന്ന മുടികൾ ഉണ്ട്‌... ഒതുക്കിയ താടിയും.!!...അതിൽ കാലം ഒരിക്കലും മായ്ക്കാനാകാത്ത വൈറ്റ്‌ വാഷ്‌ ചെയ്തിരുന്നെങ്കിലും, ജപ്പാൻ ബ്ലാക്ക്‌ പോലത്തെ സാധനം മാസാമാസം അടിച്ചടിച്ച്‌ അയാൾ കാലത്തെ പോലും വെല്ലു വിളിച്ചിരുന്നു..! അയാൾ കുപ്പൂസ്‌ ( കുബ്സ്‌ - അറബിക്‌ ബ്രെഡ്‌) എടുത്തു കാട്ടി.. അഞ്ചെണ്ണമുണ്ടതിൽ .. ഇതിന്റെ രസം പിടിച്ചാൽ പോവില്ല..മോനെ...! ഇവിടെ നിന്നും...മണ്ണും കൂട്ടി തിന്നാൻ എന്തു സ്വാദാണെന്ന് അറിയുവോ...?

അയാൾ പറയുന്നതിന്റെ പൊരുൾ അനൂപിനു മനസ്സിലായില്ല... കണ്ണീരിന്റെ ഉപ്പു രസം പടരുന്നതായി തോന്നി..!

" മുപ്പത്‌ വർഷമായി ഇത്‌ ഞാൻ തിന്നാൻ തുടങ്ങിയിട്ട്‌... ശരീരത്തിനു പിടിച്ച്‌ പോയി..."

കാറിന്റെ വേഗം കുറഞ്ഞു... മരുഭൂമിയുടെ ഹൃദയഭാഗത്തേക്കാണ്‌ യാത്രയെന്ന് മനസ്സിലായി..തീച്ചൂളയുടെ അടുത്തു പോയ പൊലുള്ള വെയിൽ!....ഒപ്പം മണൽ നൃത്തവും....ആദ്യമാണ്‌ മണലിന്റെ നൃത്തം കാണുന്നത്‌... താണ്ഡവ നൃത്തമോ ഇത്‌?... കാറ്റിന്റെ താളത്തിൽ ചുഴിയായി ആകാശത്തോളം പൊടി പടലം ഉയരുന്നുണ്ടായിരുന്നു... വലിയ കോൺക്രീറ്റ്‌ പൈപ്പുകൾ ഉയർത്തികൊണ്ട്‌ കുറച്ചാളുകൾ... കനമുള്ള വലിയ കേബിൾ വലിച്ചും കൊണ്ട്‌ കുറച്ചാളുകൾ..! അവർക്കു സൗന്ദര്യം കുറഞ്ഞെന്ന് തോന്നിയതിനാലാകണം പ്രകൃതി ദേഹം മുഴുവൻ പൗഡർ കുടഞ്ഞെറിയുകയാണ്‌.... ഭീകരന്മാരെ പോലെ മുഖം മൂടിയിട്ടുണ്ട്‌ അവർ..!
"നാട്ടിലൊക്കെ മരിച്ചാൽ കുഴിയിൽ വെക്കുമ്പോഴാണ്‌ മണ്ണിടുക.. ഇവിടെ ജീവനോടെ തന്നെ മണ്ണിടും.. മൂക്കിലും വായിലും..!"

ദൃശ്യങ്ങൾ കാട്ടി തന്ന് അയാൾ പറഞ്ഞു.".. ഇതാ ഇവിടെയാണ്‌ എനിക്കും പണി..!"കുറച്ചാളുകൾ കുബൂസ്‌ തിന്നുന്നു...അല്ല ... കടിച്ചു പറിക്കുന്നു...എന്നതാണ്‌ ഏറെ ശരിയെന്ന് തോന്നുന്നു..!കുബൂസിൽ മണ്ണിട്ട്‌ കഴിക്കുന്ന രസത്തിന്റെ പൊരുൾ അനൂപിനു മനസ്സിലായി..!
അനൂപും അയാളും തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പോയി.....
 
"..നാട്ടിൽ പോയ്ക്കൂടെ ഇയാൾക്ക്‌ ..!!..... നടന്നു വന്നതാ... പെട്ടിയിൽപോകാനാ ഇഷ്ടൻ കാത്തിരിക്കുന്നത്‌!.."  അടുത്ത കാലത്തായി വന്ന ഒരു റൂമേറിയൻ അനൂപിനോട്‌ അയാൾ മൂത്രമൊഴിക്കാൻ പോയ ഇടവേളയിൽ അയാളെ കുറിച്ചു കുശുമ്പി.


കുബൂസ്‌ അനൂപിനെ ആകർഷിച്ചിരുന്നില്ല.
"...ഓ.... അതിന്റെ രസം പിടിച്ചില്ല..!...വൈകാതെ രസം പിടിക്കും... ആദ്യമായിട്ടാ...ഒരു ഗമ..!..വേറൊന്നും ഇല്ല ഇവിടെ...! "ആരോ ഒരാൾ പറഞ്ഞു..
അവർക്കൊരു പണികൊടുക്കേണ്ടെന്ന് തീർച്ചയാക്കി അനൂപ്‌ അതിൽ നിന്ന് ഒരെണ്ണമെടുത്തു കഴിച്ചു..
സമയം രാത്രിയായി...

അയാൾ വാഷ്‌ ബേസിനടുത്തെത്തി...  കൈകൾ വായ്ക്കുള്ളിലാക്കി... ഒരമർത്തൽ..!
പ്ലക്കെന്ന് പല്ലുകൾ കൈയ്യിൽ!

"തുടുത്ത മുഖമല്ല അയാൾക്കെന്ന് ബോധ്യമായി... പല്ലുകൾ കൈയ്യിൽ അയാളെ നോക്കി ചിരിക്കുന്നു... ഒരു ബ്രേഷെടുത്തു അയാൾ നല്ലപോലെ അതിനെ ഉരച്ചു വൃത്തിയാക്കി..!..ഒരു പാത്രത്തിൽ ഇട്ടുവെച്ചു... നിമിഷാർദ്ധത്തിൽ അയാൾ വയസ്സനായിരിക്കുന്നു... ഒട്ടിയ കവിളുകൾ കാട്ടി അയാൾ വെളുക്കനെ ചിരിച്ചു..."
അത്ഭുതം കാണുന്ന പോലെ അനൂപ്‌ അയാളെ നോക്കി നിന്നു...
"പോയി കിടന്നോളു കുട്ടി.." അയാൾ പറഞ്ഞു..
"ശരി .. കിടക്കാം!"
"ഇവിടെയായതിനാലാ എനിക്കിപ്പോഴും ജോലി ചെയ്യാൻ പറ്റുന്നത്‌... അല്ലെങ്കിൽ പെൻഷനായിട്ടുണ്ടാകും..ജോലിയിൽ നിന്നും!..ഒരുപക്ഷെ. ടെൻഷനടിച്ച്‌... ജീവിതത്തിൽ നിന്നും..!..പ്രായമായാൽ ആർക്കു വേണം... നമ്മളെ.!!"...ഒരുദീർഘനിശ്വാസം ഉതിർത്തു കൊണ്ട്‌ അയാൾ ഉപസംഹരിച്ചു...
അനൂപ്‌ കിടന്നു... ആദ്യമായാണ്‌ ഡബിൾ ഡക്കർ കട്ടിലിൽ കിടക്കുന്നത്‌..!

മുകളിലുള്ളയാൾ ഒന്നു തിരിഞ്ഞു കിടന്നാൽ താഴെത്തെ ബേർത്തിലുള്ളവനും  തിരിഞ്ഞു കിടക്കും..!. കിടക്കണം!!...അതാണ്‌ കട്ടിലിന്റെ അലിഖിതനിയമം!
 മുകളിലുള്ളവൻ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു... തിരിഞ്ഞു കിടക്കുന്നു... അതിന്റെ കുലുക്കം അനൂപിനെയും പിടിചുലച്ചു...ഉറക്കമില്ലാത്ത രാത്രി..!

കണ്ണടക്കുമ്പോൾ... ലൂസിഫർ ചിരിക്കുന്നു!.... തുറക്കുമ്പോൾ അയാളു ടെ ദൈന്യതയാർന്ന മുഖം!!... ...മോചനമില്ലാതെ താനും ലൂസിഫറിന്റെ വലയിൽ പെട്ടോ..!!. ഉറക്കം വന്നില്ലെങ്കിലും മിഴികൾ ചിമ്മിഅനൂപ്‌കിടന്നു !..പാത്രത്തിലെ സെറ്റു പല്ലുകൾ അനൂപിനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു...... അനൂപ്‌ നാളെ നിനക്കും എന്നു പറയുന്നതായി തോന്നി!!..............അനൂപ്‌ കണ്ണുകൾ ഇറുക്കിയടച്ചു..!!

തിങ്കളാഴ്‌ച, നവംബർ 23, 2009

അച്ചായന്റെ നമ്പർ!

അന്ന് വെള്ളിയാഴ്ചയായിരുന്നു...ഗൾഫുകാരുടെ ഞായറാഴ്ച...!!..
....പന്ത്രണ്ട്‌ മണിവരെ കിടന്നുറങ്ങുന്ന സഹമുറിയൻസ്‌!!...
" ടെയ്‌.. മൂത്രമൊഴിച്ച്‌ കെടക്കെടോ."...എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുവൻ കൊച്ചു കുട്ടി ആദ്യമായി ലോകം കാണുന്നതു പോലെ കണ്ണുതുറന്നു നോക്കി..അതുപോലെ കണ്ണടച്ചു..!

"ചായ ഉണ്ടാക്കിവെച്ചിട്ടുണ്ടോ?" പുതപ്പിനുള്ളിൽ നിന്നും എലി മാളത്തിൽ നിന്നും നോക്കുന്നതു പോലെ തലപോക്കി നോക്കി കൊണ്ട്‌ മറ്റൊരുവൻ..!
"ഭാര്യയുണ്ടോ ഇവിടെ തനിക്കൊക്കെ ചായ ഇട്ടു തരാൻ!"എണീക്കെടാ കാലമാടാ"
."..നാശങ്ങൾക്കൊന്നും ഉറക്കവുമില്ല... ഉറങ്ങുന്നവരെ ഉറക്കുകയും ഇല്ല... "എന്ന് പിറു പിറുത്ത്‌ വേറൊരുവൻ പുതപ്പിനുള്ളിൽ മറഞ്ഞു..!
ബാത്തുറൂമിൽ കയറിക്കളയാമെന്ന് തീർച്ചയാക്കി ഞാൻ നടന്നു....ഒന്നു കുളിക്കണം... വെറുതെ ഒന്ന് കറങ്ങിയേക്കാം എന്ന് കരുതി..കൂർക്കം വലിയുടെ അപശബ്ദം എന്നെ വിമ്മിഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു...!
ബാത്തു റൂമിൽ കയറിയ ഉടനെ ഒരു മുട്ട്‌...ഒരു മുട്ടല്ല തുടർച്ചയായി പല മുട്ടുകൾ!
"കുറെ നേരമായല്ലോ?"... കുളിച്ചാൽ പോരെ നീന്തണോ?" അപ്പോൾ എഴുന്നേറ്റു വന്ന ഒരു കരിങ്കാലി ഒച്ചയെടുത്തു..
"ഉറങ്ങുകയാണോ?" -മറ്റൊരുവൻ!
ഇവന്മാരെ വിളിച്ചത്‌ അബ്ദ്ധമായെന്ന് തോന്നി... എല്ലാം ചാടിയെണീറ്റിരിക്കുന്നു..
" ആകെ കിട്ടുന്ന ഒരു ഒഴിവു ദിനം!... വല്ലപ്പോഴുമൊന്ന് അലക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല.. എടാ കൂവേ എറങ്ങിവാടാ.." ക്ഷമയില്ലാത്ത അച്ചായനാണ്‌..
കയറിയിട്ട്‌ അഞ്ചു മിനിട്ട്‌ കൂടിയായില്ല" ഇങ്ങനെ തൊള്ളകീറണോ"? ഞാൻ സീരിയസ്സായി..
"ഹോ നീയാണോ?" അച്ചായൻ പറഞ്ഞു..എന്തോ അച്ചായനെന്നോട്‌ വല്ല്യ സ്നേഹമാണ്‌... എന്നെ മാത്രമൊന്നും പറയില്ല.! അച്ചായൻ കള്ളു കുടിക്കാറില്ല!.. കുടിക്കാഞ്ഞിട്ടാണ്‌ ഈ പ്രകൃതം....ദൈവമേ..!.. പണ്ടു കുടിക്കാറുണ്ടായിരുന്നത്രെ...കുടിച്ചു കിറുങ്ങികിടന്ന ഒരു ദിനം ബാത്തു റൂമാണെന്ന് കരുതി അടുത്ത സുഹൃത്തിന്റെ അലമാര തുറന്നു മൂത്രമൊഴിച്ചത്രെ!!.വേണമെന്ന് വെച്ച്‌ ചെയ്ത ചെയ്ത്താണെന്ന് അയാൾ.. അല്ലെന്ന് അച്ചായനും..!..അയാൾ പിണങ്ങി... അന്നു തൊട്ടിന്നോളം അച്ചായനു കുടി അലർജിയായി!
"ഉറങ്ങി പോകരുതേ...!"വീണ്ടും ഡോറിനു മുട്ടി.. അച്ചായൻ ഓർമ്മിപ്പിച്ചു!..
അപ്പോൾ അലക്കല്ല വിഷയം എന്നെനിക്കു മനസ്സിലായി!
ഞാൻ വേഗം വാതിൽ തുറന്നു...
"മുട്ടി നിൽക്കുന്നവനെ തട്ടി മാറ്റിയിട്ടെന്തു കാര്യം?"
അച്ചായൻ ധൃതിക്കാരനാണ്‌! ഉടുമുണ്ട്‌ ഉടുക്കുന്തോറും എനിക്കു വയ്യായെ എന്ന് പറഞ്ഞ്‌ കീഴ്പ്പോട്ട്‌ ഉരി ഞ്ഞിറങ്ങുന്ന പ്രകൃതം!..യംഗ്‌ ലൈഫൊ?.. ഹിംഗ്സോ" അറ്റ്‌ ലീസ്റ്റ്‌ ഒരു സാധാരണക്കാരന്റെ അഭിമാന മായ പട്ട്‌ കോണകമോ ഉടുത്തിരുന്നുവെ ങ്കിൽ അഭിമാനിക്കാമായിരുന്നു..അതിനാൽ അതുരിഞ്ഞിറങ്ങുമ്പോൾ നമുക്കു കാണാൻ വയ്യായ്യേ ലോകാവസാനം എന്നോർത്ത്‌ നമ്മൾ റൂമേറിയൻസ്‌ ( റൂമേറിയൻസ്‌= റൂമിലുള്ള സകല ജാതി, മതത്തിൽ പെടുന്ന സഹജീവികൾ) കണ്ണടക്കും! ചിലപ്പോഴൊക്കെ അതുരിഞ്ഞു തറയിൽ വീഴും..താഴെ വീഴാറാകുമ്പോഴാണ്‌  മിക്കപ്പോഴും അച്ചായനു ബോധം ഉദിക്കുക ...അതുകേറ്റിപ്പിടിച്ചുടുത്തുകൊണ്ടാണ്‌ വരവ്‌..!...
ഞാൻ പുറത്തെക്ക്‌ തെറിച്ചു..!. സൂപ്പർ ഫാസ്റ്റ്‌ വേഗത്തിൽ അച്ചായൻ ഉള്ളിലും..! .
എക്സ്പ്രസ്സ്‌ വെയിലാണ്‌‌ വണ്ടിയോടിക്കുന്നത്‌ എന്ന മട്ടിലാണ്‌ ഷേവിംഗ്‌.!, പാട്ടീന്റെ മരം.. പൊട്ടി യാൽ പൊട്ടി... പാട്ടിക്ക്‌ നഷ്ടം! ..കിട്ടിയാൽ ..കിട്ടി... പാട്ടിക്ക്‌ ലാഭം!! എന്ന മട്ടിലാണ്‌ നാവു തുടക്കൽ, പല്ലുതേക്കുമ്പോഴുള്ള കോലാഹലങ്ങൾ , ഓക്കാനശബ്ദങ്ങൾ! ആദ്യമായി കണ്ടപ്പോൾ അച്ചായന്റെ പല്ലുതേപ്പ്‌ ഞങ്ങൾക്ക്പേടിയുണ്ടാക്കിയിരുന്നു.. പല്ലു തേക്കുമ്പോഴുള്ള അലർച്ച കഴിഞ്ഞു പിന്നെ ശബ്ദമൊന്നും കേൾക്കില്ല..അടഞ്ഞ വാതിൽ!..ശ്വാസം മുട്ടി ചത്തു കിടക്കുകയാണോ എന്നു വിചാരിച്ച്‌ .പുറത്ത്ശ്വാസം മുട്ടി ഞങ്ങളും!... ഒടുവിൽ ഞങ്ങൾ മുട്ടി നോക്കും...
എന്തെടാ എന്ന കനമുള്ള ശബ്ദംകേൾക്കുമ്പോൾ ഞങ്ങൾ പരുങ്ങികോണ്ട്‌ പറയും... " ഒന്നൂല... അടിയങ്ങള്‌ ജീവനുണ്ടൊന്ന് നോക്കിയതാ?"
കയറിയതിനേക്കാൾ വേഗത്തിൽ കുളിവരെ കഴിച്ച്‌ അച്ചായൻ ബാത്തുറൂമിൽ നിന്നും പുറത്തിറങ്ങി..
റൂമിലെത്തിയ അച്ചായന്‌ ഒരു സംശയം.... ആരോ തന്റെ ടെം പീസിൽ അലാറം മാറ്റി വെക്കുന്നുണ്ടോ?
ഞങ്ങൾ നിസ്സഹായത വെളിപ്പെടുത്തി...എല്ലാവരും കൈ മലർത്തി...
"പിന്നെയാര്‌?"
തന്നെ ആരോ കളിപ്പിക്കുന്നുണ്ടെന്ന് അച്ചായൻ!
ഇല്ലെന്ന് നമ്മളും!
ജാംബവാൻ കാലത്തെ ടെം പീസ്‌!.. ഇഷ്ടൻ ചിലപ്പോൾ വേഗത്തിൽ നടക്കും.. കൊഴിഞ്ഞു പോയ കാലമോർക്കുമ്പോൾ .. തനിക്കും വയസ്സായെന്നോർത്താകണം ചിലപ്പോൾ വളരെ പതുക്കെ നടക്കും..!
നമ്മളാരും ടെം പീസിന്റെ അയൽ പക്കത്തു കൂടിപോകാറില്ല..! അതിനെ പേടിച്ചിട്ടല്ല.. അച്ചായന്റെ വായയെ പേടിച്ചിട്ട്‌!... തുറന്നാൽ തുള്ളിക്കൊരു കുടം പേമാരി എന്ന മട്ടിലാണ്‌ തെറിവിളി!.. ഒപ്പം തെറിച്ചു വിഴുന്ന തുപ്പൽ ശകലങ്ങളും!...അതിനാൽ അയൽ രാജ്യമായ പാക്കിസ്ഥാനേക്കാൾ പേടിക്കുന്ന ഞങ്ങൾ ഒരു നുഴഞ്ഞു കയറ്റം നടത്താറില്ല..! എന്നിട്ടും അച്ചായനു സംശയം!
"ടെം പീസ്‌ തിരിച്ചു വെക്കുന്നവന്മാരുടെ തലയിൽ ഇടിത്തീ വീഴട്ടേ..."
ആരും ഒന്നും മിണ്ടിയില്ല..!
ഒരുനാൾ അച്ചായൻ പൊട്ടിത്തെറിച്ചു!
ടെം പീസെടുത്ത്‌ നിലത്തടിച്ചു...! ഞങ്ങൾ ഞെട്ടി ..! ആകെ നിശബ്ദത!...അയാൾ എന്തൊക്കെയോ പുലമ്പി...! പ്രഷർ കൂടി തളർന്ന അച്ചായൻ!.. ചുറ്റിലും നമ്മൾ! ഞങ്ങൾ അല്ല അതു ചെയ്തതെങ്കിലും... ഞങ്ങൾ അച്ചായന്‌ പുതിയ ടെം പീസ്‌ വാങ്ങികൊടുത്തു..
".. ഇതാ ടെം പീസ്‌..!"
അച്ചായൻ നമ്മളെ അടി മുടി നോക്കി.. പിന്നെ ടെം പീസും!...
"ഇതിന്റെ അലാറവും മാറ്റി വെക്കുമോ..?"
ഞങ്ങൾ ചിരിച്ചു..!അച്ചായനും..!
മറാട്ടിക്കാരൻ പയ്യൻ എന്നെ തോണ്ടി വിളിച്ചു പറഞ്ഞു.." ഇത്‌ അച്ചായന്റെ നമ്പറാണ്‌...!! അവന്‌ തീർച്ചയുണ്ടത്രെ!..
എനിക്കും തോന്നി "ശരിയാണോ.... ദൈവമേ?.... അച്ചായന്റെ പല നമ്പറുകളിൽ ഒന്നായിരുന്നോ ഇതും!!"

ഞായറാഴ്‌ച, നവംബർ 22, 2009

ഒരു സങ്കീർത്തനം പോലെ!

അയാൾ നല്ലവനായിരുന്നു...പാർട്ടിക്കു വേണ്ടി നടന്നു.. പട്ടിണി കൊണ്ട്‌ വലഞ്ഞു...പക്ഷേ

ആദർശധീരനായിരുന്നു.. സത്യസന്ധനായിരുന്നു.. സർവ്വോപരി ഉത്തമനായ ഒരു പ്രാസംഗികൻ!..പാർട്ടിയിൽ അയാളുടെ വളർച്ച ദൃതഗതിയിൽ ആയിരുന്നു
അയാളുടെ വളർച്ചയിൽ നേതാവിനു വിഷമമുണ്ടായി!.".അടക്കയായാൽ മടിയിൽ വെക്കാം... അടയ്ക്കാമരമായാലോ?.."

ഒരിക്കൽ നേതാവിനൊരു വെളിപാട്‌...

 " നമ്മുടെ ഇടയിൽ ആരും ശ്രാദ്ധമുണ്ണുകയോ, ഊട്ടുകയോ ചെയ്യരുത്‌...അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌!"

നല്ല ആശയം !! അതു പ്രചരിപ്പിക്കാൻ അണികളും തീരുമാനിച്ചു...പ്രചാരണം പാരമ്യത്തിലെത്തി നിൽക്കുമ്പോൾ കഷ്ട കാലമെന്നു പറയട്ടേ നേതാവിന്റെ ബന്ധു മരിച്ചു...നേതാവിന്റെ വീട്ടിൽ നേതാവിനു വിലയില്ലെന്ന് അണികൾക്ക്‌ മനസ്സിലായ ദിവസം..!!
വീട്ടിലെ വിലയറിയുന്ന നേതാവ്‌ വിലകളയേണ്ടല്ലോ എന്നൊർത്ത്‌ തകൃതിയായി ശ്രാദ്ധമുണ്ണുകയും ഊട്ടുകയും ചെയ്യുന്നു..എവിടെയും ഒറ്റുകാരുണ്ടാകും പിൻ തിരിപ്പന്മാരുണ്ടാകും!! അങ്ങിനെ എല്ലാവരും അതറിഞ്ഞു...!

" പണക്കാരായ അവർ നടത്തുന്നത്‌ ചോദ്യം ചെയ്യുന്നതെന്തിന്‌? ഞാനെല്ലല്ലോ നടത്തുന്നത്‌..?"
എല്ലാവരുടേയും വായ അടപ്പിച്ച്‌ നേതാവിന്റെ പ്രഖ്യാപനം!!

ചെറുപ്പത്തിലേ വിശ്വസിച്ച ഒരു പാർട്ടിയെ ചോദ്യം ചെയ്യാൻ ആരും മുന്നോട്ട്‌ വന്നില്ല!!
ആദർശധീരനായ അയാൾ അതിനെ ചോദ്യം ചെയ്തു..

."പാർട്ടീ തീരുമാനങ്ങൾ ധിക്കരിക്കുന്നു.. പാർട്ടിയെ ചോദ്യം ചെയ്യുന്നു.."
കുറ്റം വിധിച്ചു.... ആദർശധീരൻ പുറത്തായി..!

"അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി കുഴിച്ചകുഴിയിൽ താൻ തന്നെ വീണു" ദാവീദിന്റെ സങ്കീർത്തനം പോലെ നേതാവ്‌ സന്തോഷത്തോടെ പറഞ്ഞു!

അയാളെ സമാധാനിപ്പിക്കാൻ എതിർ പാർട്ടിക്കാർ എത്തി... പഴയ പാർട്ടിയെ വെറുത്തതിനാൽ അയാൾ പുതിയ പാർട്ടിയിൽ ചേർന്നു..

ജ്ഞാപക സങ്കീർത്തനം പോലെ പുതിയ നേതാവു അയാളോടു പറഞ്ഞു " ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും!"  അയാൾ ജ്ഞാന സ്നാനം ചെയ്തു.. പുതിയ ഒരാളായി!
രണ്ടാം നേതാവു ശലമോന്റെ സങ്കീർത്തനം പോലെ മന്ത്രിച്ചു..
" ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുകഷ്ണം തിന്നണം"
അയാൾ ഏറ്റു പാടി..അതുപോലെ ചെയ്തു... അവർക്കിഷ്ടപ്പെട്ടു.!

ആസാഫിന്റെ ധ്യാനം പോലെ അയാൾ അറിഞ്ഞു.." ജനങ്ങൾക്കെന്ന മട്ടിൽ വാദിക്കണം... സ്വന്തമായി ഉണ്ടാക്കണം!!"
അങ്ങിനെ അയാൾക്കും ചില്ലറ തടഞ്ഞു... വീടും കുടിയുമായി! യൊഹന്നാന്റെ വെളിപാടുപോലെ .. അവനും ഒരു കസേര ഉറച്ചു... അയാൾ ആദർശധീരനായി പ്രസംഗിച്ചു... കിട്ടുന്നതിൽ നിന്നെല്ലാം കൈയ്യിട്ട്‌ വാരി..!!

എല്ലാം ഒരു സങ്കീർത്തനം പോലെ!...അയാളും സർവ്വ സമ്മതനായ നേതാവായി...!!

ശനിയാഴ്‌ച, നവംബർ 21, 2009

അമ്മിണീദാസൻ!

അന്ന് ക്ലാസ്സിൽ മാഷ്‌ കഥകൾ വിവരിച്ചു..കാളിദാസന്റെ കഥ!

മണ്ടനായ ഒരു ബാലൻ കാളിക്ഷേത്രത്തിൽ പോയി.. കാളീക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി...."പുറത്താരാ?" എന്ന് കാളീദേവീ!..
"ഞാനാ!" എന്ന് മണ്ടനായ ആ ബാലൻ!
"അകത്താരാ? എന്ന് ആ ബാലൻ തിരിച്ച്‌ ചോദിച്ചു!
" കാളിദേവി..!! എന്ന് മറുപടി!

തൊഴുകൈയോടെ ആ ബാലൻ നിന്നു!.. ഉഗ്രരൂപിണിയും ഭക്തവ ൽസലയുമായ അമ്മ മണ്ടനായ ബാലന്റെ ഭകതിയെ കണ്ട്‌ സന്തോഷിച്ചു.!
മണ്ടനായ അവനെ സർവ്വജ്ഞനാക്കി അനുഗ്രഹിച്ചു..! അങ്ങനെ കാളിദാസനെന്നവനു പേരു വന്നു!.മണ്ടനായ അവൻസർവ്വജ്ഞനായി.. പേരും പ്രശസ്തിയും ആയി! മാഷ്‌ പറഞ്ഞു നിർത്തി!

കഥയതല്ല!!.. കഥ കേട്ടു വളർന്ന ബുദ്ധിമാനായ വേറൊരു വെറും ബാലൻ ഒരു നാൾരാത്രി ആരുംകാണാതെ എപ്പോഴൊ കണ്ടുവെച്ച ഒരു ചെറ്റക്കുടിലിനു മുട്ടി...

" പുറത്താരാ..?" ഒരു ശബ്ദം..
" ഞാനാ.. "പതിഞ്ഞ ശബ്ദത്തിൽ ബാലൻ!"
"അകത്താരാ..?"
" അമ്മിണി!"
പലപ്പോഴും ഇതു തുടർന്നു....ആളുകൾ ശ്രദ്ധിച്ചു..ഉറക്കില്ലാത്ത ദുഷ്ടന്മാർ അമ്മിണിയുടെ ചെറ്റക്കുടിലിൽ സ്ഥിരം കുറ്റിയായ ബാലനെ കണ്ടു പിടിച്ചു... അനുഗ്രഹവും കൊടുത്തു....ബാലൻ അങ്ങിനെ അമ്മിണിദാസനെന്ന് നാട്ടിൽ പേരും പെരുമയും ആയി.!

വെള്ളിയാഴ്‌ച, നവംബർ 20, 2009

മിനിക്കഥ

മിനിയൊരുപാവം-

നാടൻ പരുഷ;
പാവാടക്കാരി, പരിഷ്കാരി-
ക്കഥയില്ലാത്തപെണ്ണ്!!
പ്രേമം മൂത്ത്കൊഴുത്തപ്പോൾ-
നുണയന്മാരവരുണ്ടായി-
നുണകൾ പെറ്റുപെരുത്തപ്പോൾ
അവർക്കതു പണിയായി
കാമുകനൊത്ത്‌ നടന്നപ്പോൾ-
അവർക്കൊരു രസമായി
"വിഹിതം" കൊണ്ട്‌ വന്നപ്പോളവർ
"അവിഹിതമെന്ന്" പെരുപ്പാക്കി;
അവൾക്കും കഥയായി,
"മിനിക്കഥയുണ്ടായി!!

ഗ്രേറ്റ്‌ ഓൾഡ്‌ മാൻ!

സ്വപ്നമുണർന്നന്ന്-

ഞെട്ടിത്തരിച്ചു-
സർഗ്ഗസൃഷ്ടികൾ
ബൂമാറാങ്ങായതിനാലല്ല!
ചവറുകൾ മുറികൾ നിറച്ചതിനല്ല!
ചിറകറ്റുവീണ സ്വപ്നങ്ങൾ
പിടഞ്ഞതിനാലാണ്‌!

മുന്നിൽ കോട്ടില്ല, കോട്ടയില്ല;
കൊത്തളങ്ങളില്ല!
പരിചാരകവൃന്ദങ്ങളില്ല, കാറില്ല!
കീഴെവെറും കീറിയ തഴപ്പായ!
മുകളിൽ ചോരുന്നമേൽക്കൂരയും-
ചുരുണ്ടുണങ്ങിയ വെറും ഞാനും!

ചാരുകസേരയിലിരുന്നച്ഛൻ -
ചുമച്ചു, പിന്നെ ചിരിച്ചു!
ആക്കിയ ചിരി!
"ജീവിതം സുഖം മാത്രമല്ല!
അധ്വാനവുമാണ്‌!"
തഴമ്പിച്ച കൈകൾ കാട്ടി-
യന്നച്ഛൻ, നേരിയ-
പുച്ഛത്തോടെ ഞാനും!

"രോമകൂപങ്ങളിൽ രക്തം
കണങ്ങളായി ചിതറിതെറിക്കണം!"
കനം വെച്ച തൂമ്പയുയർത്തിയന്നച്ഛൻ!

മുമ്പിൽ വിശാലമാം ഭൂമി,
തരിശായി, മനസ്സു പുകഞ്ഞു,
മുന്നിൽ നടന്നു!
പിറകിലായച്ഛൻ കൈകൾ വീശുന്നു!
നേരിയ പ്രതീക്ഷ!
എൻ മൃദുകൈകൾ!
അച്ഛന്റെ തഴമ്പ്‌!
ഇടയിലായ്‌ ഞാനും!
ഒരു കണ്ണീർ!!

സ്വപ്നങ്ങൾ ചിറക്മുളച്ചു;
വളർന്നു; പറന്നു-
കോട്ടകൾ ഉയർന്നു,
കൊത്തളങ്ങളുയർന്നു
കട്ടിലിൽ സ്വർണ്ണ-
ചിറകുകൾ വെപ്പിച്ച്‌ ഞാനും!

ചാരുകസേരയിലച്ഛൻ,
പേരക്കുട്ടികൾ ചിരിക്കുന്നു;
ഒരുവൻ പറഞ്ഞു,
"ഓൾഡ്‌ മാൻ ഈസ്‌ ഗ്രേറ്റ്‌"
"ഓൾഡ്‌ മാൻ ഈസ്‌ ഗോൾഡെന്ന്
മറ്റൊരുവൻ!"
"ഹീ ഈസ്‌ എവെരിതിംഗെന്ന്!"
മുടിഞ്ഞ ഇംഗ്ലീഷിൽ,
രോമകൂപത്തിൽ
രക്തം ചിതറിച്ച ഞാനും!

ബുധനാഴ്‌ച, നവംബർ 18, 2009

യുക്തിവാദിയും ഈശ്വരവാദിയും!

കഥയിൽ ചോദ്യമില്ലെന്ന് ഞാൻ

ഉണ്ടെന്നവനും -
തർക്കം മുഴുത്തു;മേളം കൊഴുത്തു-
പത്തുവർഷ പരിചയം മറന്നെൻ-
കരണകുറ്റിപുകഞ്ഞും-
നാഭി തടവികൊണ്ടവനും

അവനുമുണ്ടാളുകളെനിക്കും
ശബ്ദമുയർന്നതിനൊപ്പം-
വിലാപവും;താളവും തുടിയും.
വഴങ്ങാത്ത ഞാനും;
ഒതുങ്ങാത്ത അവനും

മധ്യസ്ഥർ വന്നു;
വെറുപ്പോടെ അവനും,
കലിപ്പോടെ ഞാനും.

"ഉണ്ട്‌!".." "ഇല്ല!"
തുണ്ടു കടലാസിലവർ-
കുത്തി കുറിച്ച ചെറുവാക്കുകൾ,
കറക്കിയെറിഞ്ഞു-
നറുക്കെടുപ്പ്‌..!

ഹൃദയം പുകഞ്ഞു;
മനസ്സ്‌ പിടഞ്ഞു,
ജയമിന്നിതാർക്ക്‌?

തുണ്ടിൽ അക്ഷരം ശൂന്യം;
മധ്യസ്ഥന്റെ പറ്റിപ്പ്‌!
സത്യം തെളിഞ്ഞെന്ന് ഞാനും-
അവനും,വീണ്ടും കൂട്ടയിടി.

എൻപക്ഷമെന്നെയു-
മെതിർപ്പക്ഷമവനെയും-
നെഞ്ചിലെറ്റികൊണ്ട്‌-
 "ജയ്‌ വിളിച്ചു!"
ഒരിക്കലും തീരാത്ത-
തർക്കവുമായി.

ചൊവ്വാഴ്ച, നവംബർ 17, 2009

ഒരു ശാപമോക്ഷം!

ആകാശം സുന്ദരിയായിരുന്നു.ഒരു യൗവ്വനയുക്ത..!.പലപ്പോഴും കാണുന്ന കാഴ്ച്ചയാണ്‌, ചുവന്ന കുങ്കുമം ചാർത്തിയ തിരുമുഖം തലമുടിയഴിച്ചുലച്ച്‌ സമുദ്രത്തിൽ പോയി മുങ്ങിക്കുളിക്കുന്നത്‌! ആകാശത്തിന്റെ കുങ്കുമം വീണ്‌ ചുവന്ന തിരകൾ!

"അമ്മ വിളക്കെടുത്ത്‌ പുറത്തേക്ക്‌ ദീപം കാണിക്കുകയാണ്‌... രാമ...രാമ..."
അച്ഛന്റെ പേരും രാമൻ എന്നാണ്‌.. അച്ഛനെയാണോ അമ്മ വിളിക്കുന്നത്‌... പതിവിനു വിപരീതമായി അന്നു ചിന്തിച്ചു...
 ഹേയ്‌ അച്ഛനെയാകില്ല... ഭക്തിപൂർവ്വമായി തന്നെയാണ്‌ ദീപവും കൊണ്ട്‌ അമ്മ വന്നത്‌...മാത്രമല്ല ഇന്നേവരെ അമ്മ ബഹുമാനത്തോടെയല്ലാതെ അച്ചനെ സംബോധന ചെയ്തിട്ടും ഇല്ല. "നിങ്ങൾ! "ഇവരുടെ അച്ഛൻ" എന്നൊക്കെ തന്നെയാണ്‌ സംബോധന! അപ്പൊൾ പിന്നെ അതല്ല! വിളക്കെടുത്തും കൊണ്ട്‌ വന്ന അമ്മ "രാമ... രാമ..." എന്നും പറഞ്ഞു പകുതിക്കു നിർത്തി പറഞ്ഞു
..." എടാ... ചട്ടിയിൽ ഒരു ചകിരിയെടുത്തു വെച്ച്‌ പുകയിട്ടേ.. രാമ..രാമ...രാമ"
അപ്പോൾ പിന്നെ അതാണ്‌ കാര്യം... അമ്മയുടെ ജപം മുടക്കാൻ പോലും ശക്തിയുള്ള ആ മഹാന്മാർ സ്വന്തം വീട്ടിലേക്ക്‌ കയറുന്ന ലാഘവത്തോടെയാണ്‌ അകത്തേക്ക്‌ ആഞ്ഞു പിടിക്കുന്നത്‌... പുറത്ത്‌ ഉലത്തുന്ന...ഉലാത്തുന്ന... സോറി.. ഏതാണെന്നറിയില്ല... എന്നേയും ഓടിച്ചിട്ടു കടിക്കുന്നതിനാൽ വേഗത്തിലാണ്‌... എന്റെ ഉലാത്തൽ...!
ചട്ടിയിൽ ചകരിവെച്ച്‌ സാമ്പ്രാണി പുകച്ചു..
 പുകച്ചു പുകച്ചു വീട്‌ പുകഞ്ഞു കറുത്തുവെ ന്നതല്ലാതെ അവന്മാർക്ക്‌ ഒരു കൂസലുമില്ല!...
സഹികെട്ടപ്പോൾ രൗദ്രഭാവം പൂണ്ട്‌ വല്ല്യമ്മ പടവാളില്ലേങ്കിൽ ചൂലെങ്കിൽ ചൂലെന്ന ഭാവത്തോടെ റൂമായ റൂമൊക്കെ ഓടിനടക്കുകയാണ്‌...ശത്രുസംഹാരത്തിന്‌..! പെയിന്റ്ടിച്ചിട്ട്‌ അധികനാളായിട്ടില്ല!.. ശത്രുരക്തം വീഴ്ത്തി പ്രേതാലയം പോലെ ചുമരാക്കുമെന്നഭീതിയിൽ അമ്മ വലിയമ്മയുടെ പിറകെ.. സമധാനിപ്പിക്കൻ ഒരു വിഫലശ്രമം!!
"കൊന്നാൽ പാപം തിന്നാൽ തീരും" എന്നനിഷ്കളങ്കമായ എന്റെ തമാശകേട്ട്‌.. " അവനു തന്നെ വറുത്തു കൊടുക്ക്‌ അവറ്റകളെ...നല്ലോണം തിന്നട്ടെ!!" എന്ന് പെങ്ങളുടെ കമന്റ്‌...
ഞങ്ങളുടെ കോലാഹലത്തിനിടയിൽ വന്ന കുടുംബസുഹൃത്ത്‌ പറഞ്ഞു....ആൾ ഗാന്ധിയനാണ്‌..  "ഇവറ്റകൾക്ക്‌ ജീവിക്കാൻ രക്തം വേണമെന്ന് എല്ലാവർക്കും അറിയാം.. എന്നാൽ വേണ്ടത്‌ കുടിച്ചിട്ട്‌ മിണ്ടാതെ പോയാൽ പോരെ... രക്തം കുടിക്കുന്നതോ പോകട്ടെ, ചെവിയിൽ ഒരു കച്ചേരിയും...മറ്റെന്തും സഹിക്കാം അതാ സഹിക്കാൻ പറ്റാത്തത്‌.!!"
പാവം!! നന്ദി സൂചകമായി ഒരു പാട്ടെങ്കിലും ആയികൊട്ടെന്നു കരുതുന്നതിനു കിട്ടുന്ന കൂലി..!!
ഇന്നാൾ ഒരു ദിവസം അമ്പലത്തിൽ പോയപ്പോഴും അതു തന്നെ സ്ഥിതി..!.." ബ്രാഹ്മണനെ ചണ്ഡാലനാക്കുകയായിരുന്നു അവിടെ.. ചന്ദനം കൊടുക്കുന്ന അയാൾ ഒന്ന്, രണ്ട്‌, മൂന്ന്.. എന്ന് പറഞ്ഞ്‌ കൊന്നു തള്ളുകയാണ്‌.
"ഇതു കാളിക്ഷേത്രമല്ല ബലികൊടുക്കാൻ എന്നു പറയണമെന്നുണ്ട്‌" പക്ഷെ...എല്ലാം വിഴുങ്ങും...!
"...ഏട്ടാ സുഖമല്ലേ എന്ന് പറഞ്ഞു കണുവെട്ടിച്ച്‌ അൻപതു പൈസ, അഞ്ചു രൂപ നാണയതുട്ടിനിടയിലേക്കെറിഞ്ഞു.. അഞ്ചു രൂപയാണു ദക്ഷിണയായി നൽകിയതെന്നു തോന്നിപ്പിച്ചു മാറിനിൽക്കും..അപ്പോൾ അയാൾ ഒരുപാടു സം സാരിക്കും...ചിലപ്പോൾ തണ്ണീനമൃതിന്റെ ഒരു കഷ്ണം കിട്ടിയെന്നിരിക്കും!!...അബദ്ധത്തിൽപോലും നോക്കാൻ ഭയക്കുന്ന സുന്ദരമുഖമുള്ള എന്നെ ചന്ദനം വാങ്ങാൻ വരുന്ന തരുണീമണികൾ ഒന്നു നോക്കും..എവൻ ആരെന്ന മട്ടിൽ!!... മതി.. അത്രമതി!!" ഒരു ക്ഷുദ്രജീവിയെക്കൊണ്ട്‌ അതില്ലാതാക്കണോ?
ഇടത്‌ കൗൺസിലറിന്റെ ആളുകൾ വന്ന് ഇടത്‌ ഭാഗത്ത്‌ മരുന്നടിക്കും .. എവൻ വലതു ഭാഗത്ത്‌ വരും..വലത്‌ കൗൺസിലറിന്റെ ആളുകൾ വലതു ഭാഗത്തു മരുന്നടിക്കുമ്പോൾ എവൻ ഇടത്‌ ഭാഗത്ത്‌ വരും.!
സഹികെട്ടപ്പോൾ " ഗുഡ്‌ നൈറ്റ്‌" വാങ്ങി വെച്ചു... ക്രമേണ "ഗുഡ്നൈറ്റിനോടും.." ഹായ്‌..! ഗുഡ്‌ നൈറ്റ്‌ എന്നു പറഞ്ഞ്‌ ചുംബനം വരെയായി" എന്ന ഘട്ടത്തിലാണ്‌ അമ്മാവന്റെ വരവ്‌!...
" എന്താ പ്രശ്നം..!
"പ്രശ്നം എവൻ കൊതുക്‌" അച്ഛൻ തട്ടിവിട്ടു"
'അത്രേയുള്ളു.." അമ്മാവൻ!..."
"അത്രമതിയല്ലോ?.." അച്ഛൻ!
" എങ്കിൽ ചൈനീസ്‌ ബാറ്റ്‌ വാങ്ങിച്ചാൽ മതി..." ഉപദേശം പോലെ അമ്മാവൻ.
" ബാറ്റ്മിന്റൻ കളിക്കുന്നതു പോലെ കളിക്കുകയും ചെയ്യാം ശരീരം അനങ്ങിയാൽ ഭൂമി കുലുങ്ങുമോന്ന് പേടിച്ച്‌ നടക്കുന്ന ഇവനോക്കെ എക്സർസൈസുമാകും" അമ്മാവന്റെ ഉപദേശം ഫലിച്ചു..!
പിറ്റേന്ന് തന്നെ ചൈനീസ്‌ ബാറ്റു വാങ്ങി..!
" ഹിത്‌ കൊള്ളാമല്ലോ? അന്നു മുതൽ കളി തുടങ്ങി... പിന്നെ ഞാനായി ക്യാപ്റ്റൻ!.. റഫ്രിയായി അയൽപക്കത്തുള്ള കുട്യോളും..എന്റെ പെങ്ങളുടെ കുട്ടിയും!"
പിന്നീടുള്ള കോലാഹലം ഞങ്ങളുടേത്‌..!
ആദ്യമൊക്കെ ചത്തുകിടന്ന കൊതുകുകൾക്ക്‌ കാര്യം പിടികിട്ടി...!.. ചത്തുകിടന്നാലും പറന്നു നടക്കണം എന്നവർക്ക്‌ മനസ്സിലായി.!!
ക്രമേണ ചത്തു കിടന്നവൻ പറന്നു നടക്കാൻ തുടങ്ങി..! സംഗതി പന്തിയല്ലെന്നറിഞ്ഞ അമ്മ ചത്തു കിടന്നവരെയെല്ലാമെടുത്തു ദഹിപ്പിച്ചു..!

"ഞാൻ പറഞ്ഞു   " അസുര ജന്മം!... അവറ്റകൾക്ക്‌ അമ്മയുടെ കൈകൾകൊണ്ടെങ്കിലും ശാപമോക്ഷം കിട്ടട്ടെ..!".അങ്ങിനെ അധർമ്മികൾക്കും ശാപമോക്ഷം കിട്ടി.!

(എൻ:ബി:.ഞങ്ങൾ ധർമ്മസംസ്ഥാപനത്തിനായി പൊരുതുകയാണ്‌ കൊതുകു കടിയേറ്റ എല്ലാവർക്കുമായി സമർപ്പണം!)

തിങ്കളാഴ്‌ച, നവംബർ 16, 2009

ഞാൻ ബ്ലോഗനായതെങ്ങിനെ

അതൊരു വലിയ കഥയാണ്‌..എനിക്ക്‌ ബ്ലോ ഗെന്തെന്ന് അറിയാത്ത കാലം..!


ഞാൻ നിരക്ഷരകുക്ഷി.....ബോഗന്മാർ എന്തൊക്കെയോ എഴുതുന്നു..കുത്തിക്കുറിക്കുന്നു... നിരക്ഷരനായ ഞാൻ ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുന്നു...!..ആഭാസത്തരം ഒന്നും അറിയില്ലെങ്കിലും,എന്നെ വയോജനവിദ്യാഭ്യാസത്തിന്‌ ആരും നിർബന്ധിച്ചില്ല..ക്ഷണിച്ചില്ല...

ഒരു സാഹിത്യമെന്തെന്നറിയാത്ത ഒരു അധകൃതൻ!... ഒരു ഉച്ചനേരത്ത്‌..രണ്ടും കൽപിച്ച്‌.. പാത്തു പതുങ്ങി ..ഇന്റർന്നെറ്റ്‌ കണക്റ്റ്‌ ചെയ്തു....ഏകലവ്യനെപ്പോലെ...ഒറ്റയ്ക്ക്‌.. ഏതോ ഗുരുവിനെ ധ്യാനിച്ച്‌.. .. ഒരു തുറക്കൽ... ഒരു അടക്കൽ...!

...അവർ ചോദിച്ചു..." നീയ്യാര്‌?... എന്തിനു വന്നു... നാടെവിടെ..? വീടെവിടെ?"
കുഴഞ്ഞെല്ലോ ഭഗവാനേ..?അവരുടെ തെറ്റല്ല! വാതിൽ തുറന്ന് ഉള്ളിലേക്ക്‌ നുഴഞ്ഞു കയറാൻ ശ്രമിച്ചവൻ ഞാൻ...

അറിയാതെ പറ്റിപ്പോയി..ബ്ലോഗന്മാരെ ഒളിഞ്ഞു നോക്കിപ്പോയി....!..അടിയന്‌ എന്തോന്നാ ഇവന്മാരുടെ പണി എന്നറിയാനുള്ള ഒരാഗ്രഹം അത്രെയുള്ളു.!! അല്ലാതെ ഒന്നും അരുതാത്തത്‌ ചെയ്യാനല്ല!!.. ..ചെവിയിൽ ഈയം ഉരുക്കിയൊഴിക്ക്‌ .. എന്നാരും പറയില്ല .. എന്ന ഒരു ധൈര്യം...ചോർന്നു പോയിരുന്നു...!!

വിറച്ച്‌ വിറച്ചു ..പനിക്കാറായി....എങ്കിലും പറഞ്ഞു!..

അടിയൻ "ഓർക്കൂട്ടിന്നാ"...

അർജ്ജുനനെയും മറ്റും കണ്ടില്ല...! .. ഉണ്ടെങ്കിൽ "സാധനം കൊണ്ടു വന്നിട്ടുണ്ടോ? ...മീൻസ്‌ തള്ളവിരൽ?" എന്ന് ചോദിച്ചേനെ... ദക്ഷിണ ചോദിച്ചേനേ...ഭാഗ്യം!!... മനസ്സിൽ വിചാരിച്ചു..അവർ എന്നെയാകെ ചുഴിഞ്ഞു നോക്കി...കള്ളനും പിടിച്ചു പറിക്കാരനുമല്ല എന്നുറപ്പ്‌ വരുത്തി.



" ഗൂഗിൾ തറവാട്ടിന്നാ.." ഒന്നും പറയാതിരുന്നപ്പോൾ എനിക്കു ധൈര്യം വന്നു...

അവർ അഡ്രസ്സ്‌ ചോദിച്ചു.... മടിച്ചാണെങ്കിലും പറഞ്ഞുകൊടുത്തു...അവർ ഒന്നും പറഞ്ഞില്ല... ബ്ലോഗ്‌ ഗൂഗിളിന്റെയാത്രെ..!! ഭാഗ്യം.. തറവാട്‌ പറഞ്ഞപ്പോൾ അവറ്റക്ക്‌ "ക്ഷ" പിടിച്ചിരിക്കണം!...
"ഗൈഡൻസ്‌ തരാം...!"
"ഹേയ്‌ ഞാൻ പുറത്ത്‌ നിന്നോളാം..!"
എന്റെ അജ്ഞത അവർക്ക്‌ നന്നായി ബോധിച്ചു..
പിന്നെയൊന്നും പറഞ്ഞില്ല... പടച്ചോനെ...ന്റെ ഭാഗ്യം..!..ആദ്യം ഒരു വീടുണ്ടാക്കി...നിരക്ഷരനായ ഞാൻ അക്ഷരങ്ങൾ പെറുക്കി തിന്നാൻ തുടങ്ങി...നുള്ളാനും പറിക്കാനും കൂട്ടുകാർ ആരും വന്നില്ല..ഗൃ ഹപ്രവേശത്തിനു ആരൊടും പറഞ്ഞുമില്ല...പക്ഷേ കേട്ടറിഞ്ഞ്‌ എന്റെ ഒരു അഭ്യുദയകാംഷി വന്നു..എന്റെ ദയനീയത ഓർത്താകണം ചീത്തയൊന്നും വിളിച്ചില്ല!.എന്നൊയാകെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട്‌..പോയി... ഭാഗ്യം....!!.. ..അതിനാൽ ഇനി സുഖായിട്ട്‌ അങ്ങനെ കഴിയാം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ ഒരാൾ പറഞ്ഞു.."കുറെ നേരമായല്ലോ കമ്പ്യൂട്ടറിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട്‌...വല്ലതും നടക്കുവോ..?."
ഞാൻ കേട്ടഭാവം നടിച്ചില്ല...!.ഭാര്യയാണ്‌..!.... എന്നെ താറടിക്കാനുള്ളബൂർഷ്വാ ശ്രമം..!....നാലക്ഷരം പഠിക്കുമ്പോൾ മുടക്കാൻ കച്ചകെട്ടി വന്നിരിക്കുവാ.. മനസ്സിൽ പറഞ്ഞു..
" ഹേയ്‌... ഇന്നെങ്കിലും ഒരു ചായ വെച്ചു തരുമോ..ഇന്നെനിക്ക്‌ ഭയങ്കര തലവേദനയായിട്ടാ..പ്ലീസ്‌!"
"എന്റെ പട്ടി വരും..!" എന്നു ഞാൻ പറഞ്ഞു.. ഒരു കാർ ശബ്ദമുണ്ടാക്കി കടന്നു പോയി..അവൾ കേട്ടില്ല.. ഇല്ലെങ്കിൽ വെറുതെ പ്രശ്നമുണ്ടായേനെ..!!"
അവൾ ചോദിച്ചു.." ആരു വരുമെന്നാ പറഞ്ഞത്‌?"

" നീ ഇട്ടാൽ മതിയെന്നാ പറഞ്ഞത്‌.. എന്നാലെ ചായക്കു ടേസ്റ്റ്‌ ഉണ്ടാകൂ.".ബ്ലോഗിൽ എന്തൊക്കെയോ അറിയാത്ത പദങ്ങൾ കുത്തിക്കുറിച്ചും കൂട്ടിനോക്കിയും കിഴിച്ചു നോക്കിയും ഞാൻ പറഞ്ഞു
പ്രശ്നങ്ങൾ പലപ്പോഴും അങ്ങിനെയാണ്‌ തുടങ്ങുന്നതും ഒതുങ്ങുന്നതും...ഒടുവിൽ..      " എനിക്കു സുഖമില്ലാതായാൽ പോലും നിങ്ങൾക്കൊരു വിഷമവും ഇല്ലല്ലോ?..ഹും..ഒരു ബ്ലോഗൻ!!" എന്നു പിറുപിറുത്തും കൊണ്ട്‌ അവൾ എനിക്കു ചായ തന്നു....

അങ്ങിനെയാ ഞാൻ ബ്ലോഗിന്റെ അക്ഷരമാല പഠിച്ചെടുത്തത്‌..! ആദ്യമായി അവളാ എന്നെ "ബ്ലോഗൻ" എന്നു വിളിച്ചത്‌..!..അവൾക്കു നാക്കു പിഴക്കാത്തത്‌ എന്റെ ഭാഗ്യം.. ഇല്ലെങ്കിൽ ബോറൻ എന്ന് വിളിച്ചേനെ. ...എനിക്കു കണ്ണുനിറഞ്ഞു.....ഹായ്‌ ഞാനും "ബ്ലോഗനായി..!!!"..പിന്നെയാണ്‌ ..മലയാള മനോരമയിൽ കുറെ ഏക്കർ സ്ഥലമുണ്ടെന്നറിഞ്ഞത്‌..പേരുമാറ്റി ഞാനവരെ കണ്ടു!...ഭയത്തോടെ ചോദിച്ചു..
"കാശ്‌!"...
"കാശോന്നും വേണ്ട... എത്രെനടക്കുന്നുവോ അത്രെയും സ്ഥലം സ്വന്തം പേരിൽ എഴുതിതരും" അവർ പറഞ്ഞു.. അതാ ഈ നടപ്പ്‌...!!

ഞായറാഴ്‌ച, നവംബർ 15, 2009

സമയമായ്‌...?

"പനിയാണന്നമ്മയെനിക്കൊരു-

റൊട്ടി വാങ്ങിത്തന്നു...
മടിയാണന്നമ്മയെനിക്കോരു-
പെടയും വാങ്ങിത്തന്നു...!! "

ആരോ പറഞ്ഞു...!

"ഒരുപാടുറങ്ങിയാൽ
പെടുക്കാനെങ്കിലും എഴുന്നേൽക്കണം!!"
സടകുടഞ്ഞലറണം...!
പടയിലായി ജയിക്കണം!
ജീവിച്ചിരുക്കുന്നെന്നാക്രോശിച്ചിടാനെങ്കിലും..!


അന്തകവിത്തിടുമ്പോൾ
ബന്ധുക്കളെ വിളിക്കണം
നശിക്കയായ്‌ ലോകമെന്നറിവ്‌ പകരുവാൻ..!
അതുവൃതാവെ ങ്കിലൊതുങ്ങി-
ക്കിടക്കണം സ്മാരകശിലക്കകം-
കൈയും തലയും പുറത്ത്‌ കാട്ടാതെ...!

ഇല്ലേങ്കിൽ ലോകാവസാന-
ദിനമടുക്കുമ്പോൾ
മുളച്ചവേരറുക്കുവാൻ
കടമായെങ്കിലും
കത്തി കരുതണം .!!
നാട്യമായെങ്കിലും
ഓടാൻ തുനിയെണം..!!

ജനവും അവരും!

"എനിക്കും ജീവിക്കണം...!"

സഹികെട്ട്‌ ജനം..!
"അപ്പോൾ നീ ജീവിക്കുന്നതാണ്‌ പ്രശ്നം...!"
സഹികെട്ട്‌ അവരും..!
പരസ്പരമുള്ളപ്രശ്നം
"വെറും സഹികേടിന്റേത്‌!"

"ജീവിതത്തിനും മരണത്തിനുമിടയ്ക്കാണോ
ഈ സഹികേട്‌?"
കോടതിയുടെ ചോദ്യം...
ഉത്തരമില്ല...!
കോട്ടും സൂട്ടുമണിഞ്ഞ വക്കീൽ സായ്‌വന്മാർ

ജീവിക്കാൻ കൊതിച്ച ജനത്തോട്‌ എന്തോ മന്ത്രിച്ചു...
മറുഭാഗത്തോടും...!
എന്തോ ഓർത്ത്‌ ജനം തലകുലുക്കി..!
എന്തൊക്കെയോ ഓർത്ത്‌ അവരും...!

ഒടുവിൽ...!
"സഹികെട്ട്‌ ജീവിക്കാൻ" ജനം പഠിച്ചു...!
"ക"..! "മ"..! എന്ന അക്ഷരം പോലും
കഞ്ഞിയോടൊപ്പം അവർ വിഴുങ്ങി..!

അശ്ലീലവും ശ്ലീലവും!!

ആരോ പാടി....


..ഭീഷണിയോ, ഉപദേശമോ..?

..അറിയില്ല..!...രണ്ടുമൊന്നിച്ചായാലുമെനിക്കെന്ത്‌...?

മൂടുക ചെവികളശ്രീകരം കേൾക്കരുത്‌..!

ചെവികൾ മൂടി...!

അരുതാത്തത്‌ പറയരുത്‌...!

..വായും മൂടി..!

കാണേണ്ടാത്തത്‌ കാണരുത്‌..!

കണ്ണും മൂടി...!

പറയില്ല, കേൾക്കില്ല,കാണില്ലയിപ്പോൾ..!

മൂടിക്കെട്ടി നടക്കുന്നതും സുഖം...!

മൂടുകദേഹമശ്ലീല പ്രദർശനം പാപം!

പണ്ടേകേട്ടവരികളിൽ പതറി ഞാൻ..!

മൂടിക്കെട്ടിയെൻ ദേഹം!

മൂടിയാൽ ശ്ലീലം...!

തുറന്നാലശ്ലീലം..!

 ഒരു " അ" യുടെ ഗർവ്വ്‌!

ഭയന്നു ഞാൻ കണ്ണാടി നോക്കി..!

കൈകാലുകൾ കാണുന്നു..!

...മുഖം കാണുന്നു..!

..കണ്ണുകാണുന്നു!..

ഞെട്ടിത്തെറിച്ചു ഞാൻ സർവ്വവും മൂടി...!

ചുറ്റിലും അന്ധത..കൂരാകൂരിരുട്ട്‌...!

അന്ധനായപ്പോൾ അകകണ്ണിൽ കണ്ടു...!

ഒരു വെളിച്ചം...! പുതു വെളിപാട്‌...!

പുതപ്പിൽ ചുരുണ്ടുകൂടികിടക്കുന്നതാണ്‌ ശ്ലീലം..!

മറ്റെല്ലാമശ്ലീലം!!.

വെള്ളിയാഴ്‌ച, നവംബർ 13, 2009

നാരായണേട്ടന്റെ ഗുരു.

അന്നും നാരായണേട്ടൻ അതിരാവിലെ ശരം വിട്ട പോലെ പോകുന്നുണ്ടായിരുന്നു..പല്ലുതേച്ചും കൊണ്ട്‌ പുല്ലിനോടും പുഴുവിനോടും വർത്തമാനം പറഞ്ഞും കൊണ്ട്‌ പുറം ലോകം മുഴുക്കേ ചുറ്റി സഞ്ചരിക്കുന്ന... ഒടുവിൽ അമ്മയുടെ ചീത്തവിളിയും കേട്ട്‌ ... ഒപ്പം ഏട്ടന്റെ മൂപ്പിക്കലും കേട്ട്‌...സഹികെട്ട്‌ മുഖം കഴുകി ചായകുടിക്കുന്ന ശീലമുള്ള അന്നു നാലാം ക്ലാസ്സുകാരനായിരുന്ന ഞാൻ പതിവായി ഈ കാഴ്ച കാണാറുണ്ട്‌..

പുഴക്കരയിലേക്കാണ്‌ അദ്ദേഹത്തിന്റെ ഈ ധൃതി പിടിച്ച സഞ്ചാരം..!

"ഇയാൾ എവിടേക്കാണ്‌ ഇത്ര ധൃതിയിൽ..?? "

എനിക്ക്‌ ആകാംഷയായി...

"നാരായണേട്ടാ ... ഒന്നു നിന്നേ... എവിടെയാ പോകുന്നത്‌??" കേട്ടഭാവം പോലും ഇല്ലാതെ നാരായണേട്ടൻ...!


വീട്ടിൽ എന്തെങ്കിലും പണിക്കു വന്നാൽ    " വിട്‌... പ്ലാവേ ( അനുബന്ധം നോക്കുക)... വിട്‌... അവന്‌ രണ്ട്‌ അടികൊടുക്കട്ടേ" എന്നും പറഞ്ഞ്‌ പ്ലാവിനെ കെട്ടിപ്പിടിച്ചു കൊണ്ട്‌ എന്നെ പേടിപ്പിക്കുന്ന നാരായണേട്ടൻ...

പ്ലാവു പിടിവിട്ടാൽ എന്നെ അടിച്ചു ശരിയാക്കും നാരായണേട്ടൻ എന്ന് വിചാരിച്ച്‌ ഓടുന്ന കാലം....

.അതിനാൽ കുറച്ച്‌ ദൂരെ നിന്നാണ്‌ ചോദിച്ചത്‌..

"... നാരായണേട്ടാ... ഒന്നു നിന്നേ... എവിടെയാപോകുന്നത്‌?"

"..ഹേയ്‌ നിൽക്കാൻ തീരെ സമയമില്ല..."

"ഹെന്താ.. എവിടെയ്ക്കാ പോകുന്നത്‌?"

"...ഗുരുവിനെ കാണാൻ.."

നാരായണേട്ടൻ ഓടുന്നുണ്ടായിരുന്നു..

നാരായണേട്ടന്റെ ഗുരു ആരാണ്? അറിയാനുള്ള എന്റെ ആകാംഷ നാൾക്കുനാൾവർദ്ധിച്ചു വന്നു...

പിറ്റെന്നും ഞാൻ കാത്തു നിന്നു....

നാരായണേട്ടൻ അന്നും ധൃതിയിൽ തന്നെ...പതിവു ചോദ്യം ഞാൻ ചോദിച്ചു...

"..ഗുരുവിന്റെ അടുത്തേക്ക്‌.."

"ഇന്നലെ കണ്ടില്ലേ ഗുരുവിനെ..?.. നിഷ്കളങ്കനായ ഞാൻ ചോദിച്ചു.... "

"...കണ്ടു."

"പിന്നെ ദിവസവും പോണോ?"

"ഗുരുവിനെ കണ്ടാൽ മാത്രം പോരാ.. എപ്പോഴും ധ്യാനിക്കണം അതിനാ പോകുന്നത്‌.." ഓടുന്ന ഒ‍ാട്ടത്തിൽ നാരായണേട്ടൻ പറഞ്ഞു...

"...എനിക്കും കാട്ടിതരുവോ നാരായണേട്ടാ ഗുരുവിനെ..? "

അതു നാരായണേട്ടൻ കേട്ടില്ല... എങ്ങിനേയും നാരായണേട്ടന്റെ ഗുരുവിനെ കാണണം...പുഴക്കരയിൽ എവിടെയാണ്‌ നാരായണേട്ടന്റെ ഗുരു...?... ഏതായാലും ഏട്ടനൊട്‌ ചോദിച്ചു നോക്കാം ... എന്റെ ആകാംഷ നാളെവരെ നീട്ടാൻ എനിക്കു മനസ്സു വന്നില്ല...

" ഏട്ടനറിയോ ഈ നാരായണേട്ടൻ എപ്പൊഴും രാവിലെ ഗുരുവിനെകാണാൻ പോകും.". ഒരു വലിയ രഹസ്യം പരസ്യമാക്കിയ ഗമയിൽ വീട്ടു കാർ എല്ലാവരും കേൾക്കേ ഞാൻ പറഞ്ഞു.."
" എടാ... മണ്ടാ... അയാൾ നിന്നെ പറ്റിച്ചതാ.."

"സത്യയിട്ടും അതേ .. എന്നോട്‌ പറഞ്ഞിരുന്നു ഇന്നു വരെ.." ഞാൻ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല... എന്നെ കൊച്ചാക്കുന്ന ഒരു മുശടൻ സ്വഭാവമാണ്‌ ഏട്ടന്‌... അതിനാൽ
ഗമയിൽ ഞാൻ പറഞ്ഞു

"അയാൾ കളവൊന്നും പറയില്ല.."

എല്ലാവരും എന്നെ നോക്കി ചിരിച്ചു...

" എടാ... അയാളുടെ കക്കൂസ്സ്‌ പുഴയാ... അതിനാ അയാൾ അതിരാവിലെ പോകുന്നത്‌....അല്ലാതെ ഗുരുവിനെ കാണാനൊന്നും അല്ല."

വലിയ ഒരു കണ്ടുപിടുത്തത്തിന്റെ പേറ്റന്റ്‌ ഒരു നിമിഷത്തിൽ ഏട്ടൻ കൈക്കലാക്കി ഗമയിൽ ഞെളിഞ്ഞിരുന്നു... ഞാൻ ഇളിഭ്യനായി....പറ്റിപ്പോയി അമളി പറഞ്ഞിട്ടെന്ത്‌ കാര്യം..?



സാത്വികനായ ഗുരുവിനെയോർത്ത്‌ എല്ലാവരും ചിരിച്ചു....

ധൃതിയിൽ തിരിച്ചു വരുന്ന നാരായണേട്ടനെകണ്ടപ്പോൾ ഞാൻ ചോദിച്ചു " നാരായണേട്ടാ ഗുരുവിനെ കണ്ടോ?"

" ഇപ്പോൾ കണ്ടിട്ടു വരുന്നതേയുള്ളൂ....!!" നാരായണേട്ടൻ നിൽക്കാതെ പറഞ്ഞു കൊണ്ട്‌ പോയി... (ഇതു വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌... ഇപ്പോൾ നാരായണേട്ടൻ ഗുരുവിനെ കാണാൻ പുഴക്കരയിൽ പോകാറില്ല... വീട്ടിൽ തന്നെയാണ്‌ ധ്യാനം!)
-------
അനുബന്ധം:-ഫ്ലാറ്റിൽ വളരുന്ന ആധുനിക കുഞ്ഞുങ്ങൾക്ക്‌ മാത്രം ഉള്ള സൂചിക ....മറ്റുള്ളവർ സദയം പൊറുക്കുക... പ്ലാവ്‌= നമ്മുടെ പ്രാപിതാമഹന്മാർ -മീൻസ്‌... ഓൽഡ്‌ ജെനറേഷൻ..കാലാകാലങ്ങളായി നട്ടു പിടിപ്പിച്ച്‌ വളർത്തുകയും ആധുനികർ വെട്ടി മുറിച്ച്‌ വാതിലും ജനാലകളും ഫർണ്ണിച്ചറുകളും ഉണ്ടാക്കി അന്യം നിന്നു പോരികയും ചെയ്ത ഒരു മരം..ബോൺസായി അല്ല.. ഉയരത്തിൽ വളരും

ബുധനാഴ്‌ച, നവംബർ 11, 2009

ഒരു വിവാഹ മോചനം!!

ഇനി നിനക്കെന്നോട്‌ സംസ്സാരിക്കാം...!
ഇനി നിനക്കെന്നോട്‌ സംവദിക്കാം...!
പർവ്വതഗർഭമാം അഗ്നിയായി ,ജ്വാലയായി-
ലാവയായി എങ്ങും പരന്നൊഴുകാം!
ഓരോ ആഗ്നേയാസ്ത്രവുമന്റെ കണ്ഠത്തെ നോക്കി-
തൊടുത്തു വിടാം..!
ഓരോ കണ്ണുനീർ തുള്ളിയായെന്റെ -
ഹൃദയത്തെ ചീന്തി വലിച്ചെറിയാം!!
ഓരോ ചോദ്യശരങ്ങളും കൊണ്ടെന്റെ-
ചിന്തയെയൊക്കെ ചിതറിച്ചിടാം..!...
പിന്നെ വാക്മുനയാലെന്റെ നാവിനെ കൊത്തിനുറുക്കി-
ചിരിച്ചു തിമർത്തുപോകാം..!

സ്നേഹരേണുക്കൾ കുടഞ്ഞെറിഞ്ഞുംകൊണ്ട്‌-
കോടതി മുൻപാകെ വാദിച്ചിടാം..!
ഒരു പടു ദുഷ്ടന്റെ പതനമോർത്തുംകൊണ്ട്‌
നെടുവീർപ്പുമിട്ട്‌ പിരിഞ്ഞു പോകാം...!

പിഴയിലൊടുങ്ങാത്ത പഴിപറഞ്ഞുംകൊണ്ട്‌-
മൗനമായി നിന്നെ ഞാൻ യാത്രയാക്കാം..!
ഒരു പുതു ജീവിതദർശനം തന്ന നിൻ -
കാപട്യചിന്തയെ യാത്രയാക്കാം..!
വിഷണ്ണനായ്‌, ഗദ്ഗദകണ്ഠനായി നിന്നു ഞാൻ
കുറ്റങ്ങൾ ഒക്കെയും ഏറ്റെടുക്കാമന്റെ-
കുറവുകൾ ഒക്കെയും സമ്മതിക്കാം..!

ഇനി ഞാനുറങ്ങട്ടേയുണർത്താൻ തുനിയരുതീ-
ഭൂതകാലത്തിൻ വിസ്മൃതിയേ..
തിരയിൽ പെട്ടു ചിതറിയുഴറിയ വെറും-
കണമായി മണ്ണിൽ ലയിച്ചിടട്ടെ ഞാൻ-
സ്വപ്നമായി ഭൂവിൽ അമർന്നിടട്ടെ..
പോകുക വേഗം ഇനിയും പതറരുത്‌,
വേഗം പോകുക ഇനിയും തളരരുത്‌!

ചൊവ്വാഴ്ച, നവംബർ 10, 2009

ആത്മാവിന്റെ കുപ്പായം!!

ഒരിക്കൽ ആത്മാവു ചോദിച്ചു

"ഞാൻ ഊരിവെച്ച എന്റെ കുപ്പായം എവിടെ?
മോശമായെന്നു നിങ്ങൾ പറയുന്ന  എന്റെ കുപ്പായമെവിടെ..?
കീറിപ്പറിഞ്ഞാലും അതെടുത്തിട്ട്‌ എനിക്ക്‌ വിലസണം..!
ചുക്കിച്ചുളിഞ്ഞാലും അതെടുത്തിട്ട്‌ നടക്കണം!
എന്നെ തിരിച്ചറിയാൻ എനിക്കു കുപ്പായം തരൂ..
എനിക്കു സം സാരിക്കാൻ എന്റെ കുപ്പായം തരൂ
എനിക്ക്‌ ഭൂമിയിലൂടെ നടക്കാൻ എനിക്കെന്റെ ഉടുതുണി തരൂ...."

കേട്ടവർ വിലാപത്തിന്‌ സമാധാനമുണ്ടാക്കി..

ചോദ്യത്തിന്‌ ഉത്തരവും!!

ഒരു കൂട്ടർ പറഞ്ഞു.....

"അതെടുത്ത്‌ കത്തിച്ചു..
മുഷിഞ്ഞു നാറാൻ വെക്കാൻ ഞങ്ങൾക്കാവില്ലല്ലോ..?"

മറുകൂട്ടർ പറഞ്ഞു...

"അതെടുത്തു മണ്ണിനു വളമാക്കി..
വെറുതെ കളയേണ്ടല്ലോ..?"

വേറൊരു കൂട്ടർ പറഞ്ഞു

"മെഡിക്കൽ സ്റ്റുഡ്ൻസിന്റെ കളിതമാശയ്ക്ക്‌ ഞങ്ങൾ ദാനം ചെയ്തു...

അവർ കളിച്ചു ല്ലസിക്കട്ടേ!!...കീറി രസിക്കട്ടെ..

എങ്കിലേ പുതിയകുപ്പായം കീറി തുന്നിക്കെട്ടി പഴയതാക്കാൻ പറ്റൂ.."

ഒടുവിൽ ആത്മാവ്‌ പരിതപിച്ചു...
 
വസ്ത്രമില്ലാതെ ഉഴറി നടന്നു
പുതിയൊരു വസ്ത്രം കിട്ടുന്നതും കാത്ത്‌....!!

തിങ്കളാഴ്‌ച, നവംബർ 09, 2009

അവലെളയ

പ്രശാന്തമായ അന്തരീക്ഷം!...മതിൽ കെട്ട്‌ കടന്നപ്പോൾ തന്നെ എന്തോ ഒരു ശാന്ത ത മനസ്സിൽ നിറഞ്ഞു.... ശ്രീ കുറുവന്തട്ട ക്ഷേത്രം!..സൗമ്യയും അതിതേജസ്സിയും ആയ ദേവിയാണവിടെ.!! ശ്രീ പൂമാല ഭഗവതി....ശാന്തയെങ്കിലും ദുഷ്ടന്മാർക്ക്‌ വിനാശം വരുത്തിയ ദേവി....പൂമാല ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം!!.. ഒന്നു തൊഴണം!.. സങ്കടങ്ങളുടെ ഭാരം ഇറക്കിവെക്കണം..!!.. എന്നിട്ട്‌ സന്തോഷത്തോടെ പോകണം!!..


ഒരുപാട്‌ അനുഭവ കഥകൾ!... കേട്ടറിഞ്ഞതും ... കണ്ടറിഞ്ഞതും.....

മനസ്സ്‌ ആത്മീയതയിൽ ആറാടുന്നു. അത്രെയും തീക്ഷണത മറ്റെങ്ങും ലഭിച്ചതായി തോന്നിയിട്ടില്ല...

പഴയകാലത്തെ കുറിച്ച്‌ ഒരു നിമിഷം ഒ‍ാർത്തു...ഉത്സവ ദിനം!!. നാലാം പാട്ട്‌ ദിവസ്സം അർദ്ധരാത്രി കഴിഞ്ഞാൽ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി മാലയെടുത്തു കൊണ്ടു വരുന്ന ചടങ്ങ്‌!!... അപ്പോൾ മുൻപിൽ ആരും പെടരുത്‌...അത്‌ വെറും വിശ്വാസമല്ല ....കണ്ടും കേട്ടും അറിഞ്ഞ യാദാർത്ഥ്യം..!! ..ഭയഭക്തിയോടെ ആളുകൾ അത്‌ ഇന്നും തുടരുന്നു...വഴികൾ പോലും ആളുകൾ വൃത്തിയാക്കുന്നു.....

രാമന്തളിയിലെ.. ..കാതങ്ങൾക്കപ്പുറത്തെ ശ്രീശങ്കരനാരായണക്ഷേത്രത്തിൽ നിന്നും തിരുവായുധത്തിൽ  കോർത്ത്‌ കൊണ്ടു വരുന്ന പൂമാല!!... പൂമാലയാണ്‌ കൊണ്ടു വരുന്നതെങ്കിലും അത്‌ വിലമതിക്കാനാകാത്ത വൈര്യമാലയാണത്രെ!!..അതു വെളിച്ചപ്പാട്‌ ദേവീ വിഗ്രഹത്തിൽ ചാർത്തും..അതു കഴിഞ്ഞ്‌ എഴുന്നള്ളത്ത്‌...അവ്യക്തമായി വെളിച്ചപ്പാടിന്റെ ഉരിയാടൽ.....ദേവിയെ വെല്ലുവിളിച്ചവരെ ശിക്ഷിച്ച ഒരുപാട്‌ അനുഭവങ്ങൾ!..ഭക്ത രെ അനുഗ്രഹിച്ച അനുഭവങ്ങൾ!!. ഓർക്കുമ്പോൾ കുളിരു കോരുന്നു!.. അന്നും ഇന്നും!!... ആ മായാത്ത സ്മരണകൾക്കു മുന്നിൽ സ്വയം ചോദിച്ചു... എന്തിനു ഈ പ്രശാന്തമായ സ്ഥലം ഉപേക്ഷിച്ച്‌ ദൂരേക്ക്‌ പോയി??

. തിരുമുറ്റത്ത്‌ പടുകൂറ്റൻ ആൽ....വർഷങ്ങളായി തപസ്സുചെയ്യുന്ന മഹാമുനിയെപോലെ പന്തലിച്ചു കിടക്കുന്നു....ജഡപിടിച്ച മുടിപോലെ തോന്നിച്ച്‌ അതിനു മുകളിൽ തലകീഴായി തൂങ്ങിയാടുന്ന വവ്വാലുകൾ!!.......എന്തിനാണവ തലകീഴായി തൂങ്ങി നിൽക്കുന്നത്‌??......പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യം......

ആവോ ? ആർക്കറിയാം?...

ചിലപ്പോഴവ വരിവരിയായി പോകുന്നതു കാണാം....വരി വരിയായി തിരിച്ചും പറന്നെത്തും!. പയ്യന്നൂർ അമ്പലം വലം വെച്ച്‌ വരികയാണത്രെ!!

അതിന്റെ കലപിലകൾ മാത്രമാണ്‌ ശബ്ദമായി കേൾക്കാനുള്ളത്‌!!.. ഒരു പക്ഷെ ലോകകാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാവാം!!..അവരുടെ നാട്ടുകൂട്ടം നടക്കുകയായിരിക്കാം!..

മതസൗഹാർദ്ദത്തിനുദാഹരണമായി തൊട്ടടുത്ത്‌ തന്നെ 17 ശുഹദാക്കളുടെ പള്ളി... മണ്മറഞ്ഞയുദ്ധവീരന്മാരാണത്രെ 17 ശുഹദാക്കൾ!!.... പ്രസിദ്ധമായ ജുമാമസ്ജിദ്‌.!!

ചെറുപ്പകാലത്തേക്ക്‌ മനസ്സ്‌ മെല്ലെ നടന്നു നീങ്ങി...... എല്ലാം ഇന്നലെയെന്ന പോലെ തോന്നിപ്പിക്കുന്ന ഓർമ്മകൾ...!!

"ലാ ഇലാഹ.. " എന്ന് ഉച്ചരിച്ചുകൊണ്ട്‌ ഒരു കൂട്ടം ആളുകൾ വരികയാണ്‌....... ആരാകും മരിച്ചത്‌??...ഒരു ജിജ്ഞാസ!!

"മരിചൂത്രേ... നമ്മടെ അവലെളയ....".ഒരു കുട്ടി പറഞ്ഞു.... അതാ പോണ്‌.....

" ങേ...മരിച്ചോ?...."

"ഊം.." കുട്ടി മൂളി....

വളരെ ചെറുപ്പത്തിലേ കാണുന്ന ഒരു രംഗമാണ്... തലയിൽ എടുത്താൽ പൊങ്ങാത്ത വലിയ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് ഒരാൾ!....... നരച്ച ഊ ശാൻ താടി!..ഭാണ്ഡം വഹിച്ചു കൊണ്ടുള്ള അയാളെ കണ്ടാൽ പലപ്പോഴും തോന്നിയിട്ടുണ്ട്‌..അയാളാണോ‌ ഭൂമിയെ വഹിക്കുന്നതെന്ന്...!!

.. പ്രായം എഴുപതിനടുത്തുണ്ടാവും!... അതികായൻ!!

രാവിലെ വടക്കോട്ടും... വൈകീട്ട്‌ തെക്കോട്ടും നടക്കും!..ക്ഷീണിക്കുമ്പോൾ ഏതെങ്കിലും ഒഴിഞ്ഞകടതിണ്ണയിൽ ഭാണ്ഡം ഇറക്കിവെക്കും തലയിണയായി ഭാണ്ഡം വെച്ച്‌ കിടന്നുറങ്ങും.

ഒരിക്കൽ കടയിൽ അവിലു വാങ്ങിക്കാനെത്തിയ നരന്തു ചെക്കൻ..... 1/2 സേർ അവിൽ എന്ന് പറഞ്ഞത്‌ ഓർത്തപ്പോൾ ചിരിവന്നു.... 1/2 സേർ അവിൽ! എന്നു പറഞ്ഞതും..തെറിവിളിയുടെ അഭിഷേകവും ഒന്നിച്ചായിരുന്നു...

ആരംഭിച്ചത്‌ "നിന്റെ ഉമ്മാന്റെ....." എന്നാണ്‌... അവസാനിപ്പിച്ചത്‌ കേൾക്കാൻ അവലു വാങ്ങാൻ വന്ന ചെറുക്കൻ അവിടെ നിന്നില്ല......ജീവനും കൊണ്ട്‌ ഓടി....അദ്ദേഹത്തിന്റെ ഡിക്‌ ഷണറിയിലെ പദങ്ങൾ തീരും വരെ അയാൾ പറഞ്ഞു കൊണ്ടിരുന്നു...

അതാണ്‌ അവലെളയാ....

.. അവൽ എന്ന് കേട്ടാൽ അയാൾക്ക്‌ ഹലാ ലിളകും... ഇതിന്റെ ഹിക്മത്‌ എന്താണെന്ന് എനിക്കും വല്യപിടിയില്ല!!...

സഭ്യമല്ലാത്ത ഭാഷ!..... കലവറയില്ലാത്ത മലയാള പദങ്ങളുടെ തെളിനീരൊഴുക്ക്‌!!.... അതിന്റെ രസം പിടിച്ചിട്ടാകണം. ആളുകൾ അയാളെ കണ്ടാൽ അവൽ എന്നു വിളിച്ചിട്ട്‌ പോകും!....

കുട്ടികൾ സൈക്കിളിൽ അടുത്തു വന്ന് അവൽ എന്നു വിളിച്ച്‌ സ്പീഡിൽ സൈക്കിൾ ഓടിച്ചു കടന്നു പോകും....

നല്ല നല്ല മലയാള പദങ്ങൾ കേട്ട സന്തോഷത്താൽ കുട്ടികളും ആളുകളും ചിരിക്കും .സ്വന്തം തന്തയ്ക്കും തള്ളയ്ക്കും വിളിപ്പിച്ച്‌ ചിരിക്കുന്നതും ആളുകൾക്ക്‌ ഒരു രസമാണ്‌.....പാവം ...!!

.ആളുകൾക്ക്‌ "അവൽ" എന്നു പറഞ്ഞ്‌ പോയാൽ മതി..... മണിക്കൂറുകളോളം നല്ല നല്ല പദം കണ്ടു പിടിച്ച്‌ പ്രയോഗിക്കേണ്ടത്‌ അയാൾ ഒറ്റയ്ക്കാണ്‌ എന്ന വിചാരം ആർക്കും ഉണ്ടാകാറില്ല!!

എങ്കിലും അയാൾ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.. .... !!

ആളുകൾക്ക്‌ അവലിന്റെ രസം ബാക്കിയാക്കി .... ജീവിതത്തിന്റെ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് തെക്ക്‌ വടക്ക്‌ നടക്കുന്നവരാണ്‌ നാമെല്ലാം എന്നോർമ്മിപ്പിച്ചു കൊണ്ട്‌ അയാളും കബറിടത്തിലേക്ക്‌ മടങ്ങി...

പഴയ കാര്യങ്ങൾ ഒന്നും ഓർക്കാനോ ഓർമ്മിക്കപ്പെടാനോ സമയമില്ലാത്ത സ്വാർത്ഥത നിറഞ്ഞ പുതിയ തലമുറ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ പറഞ്ഞു... .. "വരൂ.....ഇപ്പോൾ തന്നെ സമയം..ഒരുപാട്‌ വൈകി.. അതും നോക്കി നിന്നാൽ ഇനിയും വൈകും വീട്ടിലെത്താൻ....എനിക്കു നാളെ... എക്സാമാ...!!."


...അവരൊടൊപ്പം ഓടിയെത്താൻ ...ജീവിതത്തിലും മനസ്സിലും ഊന്നുവടികൾ കൂടിവേണം എന്ന് തോന്നി..

ആരാന്റെ ഡയറിയിൽ നിന്ന്

ഒരു രസത്തിനാണ് ഞാൻ അവന്റെ ഡയറി എടുത്ത്‌ വായിച്ചത്‌...ആരാന്റെ ഡയറി വായിക്കരുതെന്നാണ് പ്രമാണം. അതിനാൽ സുക്ഷിച്ച്‌ ആരും ഇല്ല എന്നു ഉറപ്പ്‌ വരുത്തി.. .ശ്രീ വിഘ്നേശ്വരനെ സ്തുതിച്ചു...ഇടയ്ക്‌ തടസ്സം നേരിടരുതല്ലോ?..

.. ഞാൻ അവന്റെ ഡയറി മെല്ലെ എടുത്തു....എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു... അവൻ വന്നാൽ എന്നെ തല്ലികൊല്ലും..ഞാനാണത്രെ അവന്റെ രഹസ്യങ്ങൾ പാട്ടാക്കി നടക്കുന്നത്‌...? മഹാപാപി അതല്ല പലതും പറയും...ഞാൻ ആരുടേയും രഹസ്യങ്ങൾ പാട്ടാക്കി നടക്കാറില്ല....ആരും കാണാതെ... ഒന്നും മിണ്ടാതെ ബ്ലോഗിലിടും...സത്യം!!..; എന്നിട്ടും.....അത്‌ പാട്ടാകും... പാണന്റെ കൈയ്യിൽ ഉടുക്കു കിട്ടിയ പോലെ എന്റെ ഫ്രൻഡ്സ്‌ ആയ ബ്ലോഗന്മാർ പാടി നടക്കും..ഓരോ തോന്ന്യാസങ്ങള്‌....... ഞാൻ നിരപരാധി...!!

ഡയറി മെല്ലേ തുറന്നു....

.. അതിൽ അവൻ ഇങ്ങനെ എഴുതി "... എനിക്ക്‌ ഡിഗ്രി,പി.ജി, എം.ബി.എ. എന്നിവയുണ്ട്‌...ഡോക്ടറേറ്റും ഉണ്ട്‌..."

"പിന്നേ.... മണ്ണു ലോറിയിൽ കയറി ലെഫ്റ്റ്‌, റൈറ്റ്‌ എന്ന് പറയുന്നവനാ കക്ഷി... ഞാൻ മനസ്സിൽ കരുതി...തുടർന്ന് വായിച്ചു.....

"ഒരുപാട്‌ കഷ്ടങ്ങളും , ദുഃഖങ്ങളും അനുഭവിച്ചിട്ടുണ്ട്‌...അതാണ്‌ എന്റെ ഡിഗ്രി!"

"ശരിയാ..ഒരുപാട്‌ കഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്‌... ജാനുചേച്ചിയുടേ കുളിമുറിയുടെ ജനലിലൂടെ ഒളിഞ്ഞു നോക്കിയ കഥ എനിക്കറിയാം.." ആരടാ അത്‌ എന്ന അവരുടെ ചോദ്യത്തിനു "ഞാനും രമേശനും" എന്ന് വിളിച്ചുപറഞ്ഞ്‌ ജീവനും കൊണ്ട്‌ ഓടിയത്‌ മറക്കാനാവില്ലല്ലോ?

"ഒരുപാട്‌ തെറ്റുകൾ ചെയ്തു എന്നുള്ളതാണ്‌ എന്റെ പി.ജി..അടിയോ തെറിവിളിയോ കിട്ടാതെ ഇത്രെയും കാലം പിടിച്ചു നിന്നു എന്നുള്ളതാണ്‌ എന്റെ എം. ബി. എ...

"ഓഹോ...?? ഭയങ്കരം ഭയങ്കരം!!" മനസ്സിൽ കരുതി..

"എല്ലാതെറ്റുകളും തിരുത്തി എന്നുള്ളതാണ്‌ എന്റെ ഡോക്ടറേറ്റ്‌...ഇതൊന്നും ഞാൻ എന്റെ പ്രോഫൈലിൽ വെക്കാറില്ല... ഇതൊന്നും കിട്ടിയതിൽ ഞാൻ അഹങ്കരിക്കുന്നവ്യക്തിയേ അല്ല"

"പാവം...!!"

അടുത്ത പേജ്‌ തുറന്നു...

നവമ്പർ 05,
ഇന്നലെ ദൗർബാഗ്യത്തിന്റെ ദിവസമായിരുന്നു... രാവിലെ നേരത്തെ എഴുന്നേറ്റു.. മറ്റു പണിയൊന്നും ഇല്ലാത്തതിനാൽ കുളിച്ചു കുറിതൊട്ടു കവലയിൽ പോയി...ഉച്ചവരെ കാത്തുനിന്നു അവൾ വന്നില്ല...അവളെ കിട്ടും എന്നു കരുതി അവളുടെ വീട്ടിൽപോയി... അവൾ ബന്ധുവീട്ടിൽ പോയത്രെ!...ദുഷ്ടത്തി...ഒന്നും പറഞ്ഞില്ല...രാത്രി വരെ കാത്തു നിന്നു നിരാശനായി തിരിച്ചു വീട്ടിൽ വന്നു ജനഗണമന പാടി.. ഉറങ്ങി...

എനിക്കു വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ട്‌ വായിക്കുന്നതാ.. ഒരു രസത്തിന്‌.......

ഛേ.. ഛേ..നിങ്ങൾക്കൊന്നും വേറെ ഒരുപണിയും ഇല്ലേ... മോശമല്ലേ.. ഒരുനാണവും ഇല്ലല്ലോ ആരാന്റെ ഡയറി വായിക്കുന്നത്‌ കേട്ടു സുഖിക്കാൻ??. എന്നിട്ട്‌ വേണം അവന്റെ വായിലിരിക്കുന്നത്‌ മുഴുവൻ ഞാൻ കേൾക്കാൻ!!.. എന്തിനും ഒരതിരില്ലേ. അതിനാൽ ഞാൻ അടുത്ത താളുകൾ മനസ്സിലേ വായിക്കൂ...അങ്ങിനെ സുഖിക്കണ്ടാ...!!

ശനിയാഴ്‌ച, നവംബർ 07, 2009

എന്റെ ആദ്യ ട്യൂഷൻ ക്ലാസ്സ്‌

"... തുന്ന് മാഷെ... തുന്ന്..."

കേയ്ക്കും ബിസ്ക്കറ്റും , പഴങ്ങളും എന്നെ നോക്കി ചിരിക്കുമ്പോഴും ചമ്മൽ കാരണം ഒന്നും എടുക്കാതെ ഗമയിലിരുന്ന എന്നെ നോക്കി അവൻ വീണ്ടും വീണ്ടും പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.....

"... തുന്ന് മാഷെ... തുന്ന്..."...പിന്നെയും ചെറുക്കന്റെ നിർബന്ധം..... ഒരു പക്ഷേ എന്നെ മണിയടിക്കുന്നതാകാം!!

വെറും വെള്ളം മാത്രം കുടിച്ചിട്ടാണ് അവിടെയെത്തിയതെങ്കിലും എന്റെ മാനത്തിനു വിലപറയാൻ മനസ്സ്‌ എന്നെ അനുവദിച്ചില്ല...!!

മാത്രമല്ല വീടു വലുതാണെങ്കിലും മറാല കെട്ടിയ റൂമുകൾ..ആകെ അറപ്പുളവാക്കുന്ന അന്തരീക്ഷം!!. പണക്കാരാണ്‌..പക്ഷേ... വൃത്തിയിൽ പരമദരിദ്രർ!!.... നിങ്ങൾക്കെന്താ ഇതു വല്ലപ്പോഴുമെങ്കിലും വൃത്തിയാക്കിക്കൂടെ എന്നു ചോദിക്കാൻ ഉറച്ചുവെ ങ്കിലും വേണ്ടെന്നു വെച്ചു...

മേശമേൽ കറിയൊക്കെ മറിഞ്ഞ പാടുകൾ... മനം പി രട്ടാതെ.. ചായ വലിച്ചു കുടിക്കാൻ പാടുപെട്ടു...

"..തുന്ന്... മാഷേ.." സ്നേഹപൂർവ്വമുള്ള നിർബന്ധം!!

"ഹേയ്‌.. ഞാനിപ്പോൾ കഴിച്ചിട്ടാണ്‌ വന്നത്‌... വയറിൽ ചുണ്ടെലി കരയുന്ന ശബ്ദം കാര്യമാക്കാതെ.. കുറച്ചു ചായമാത്രം ഒരു വിധം കഴിച്ചു ഞാൻ ആരംഭിച്ചു...അതും.കണ്ണടച്ച്‌ ഒരിറക്ക്‌!!.

..എന്റെ ആദ്യത്തെ ട്യൂഷൻ ക്ലാസ്സ്‌...!!..

.. പണ്ടെന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച.ടീച്ചറുടെ നിർബ്ന്ധമില്ലായിരുന്നെങ്കിൽ ഇതിനിറങ്ങിതിരിക്കില്ലായിരുന്നു..


തലയിൽ തട്ടമിട്ട പെണ്ണുങ്ങൾ വന്ന് എത്തി നോക്കി...

"എന്തേ..."

"... ഒന്നും ല്ല!... മാഷെന്തെ ഒന്നും തുന്നായിന്‌..?." സ്നേഹപൂർവ്വമുള്ള അവരുടെ ചോദ്യം

"ഹേയ്‌... ഇപ്പോ കഴിച്ചിട്ടാ വന്നത്‌ അതാ"..

"ഓൻ പഠിക്ക്ന്നിണ്ട.."

"നോക്കട്ടെ... "

ഇന്നാള്‌ ഒരു ടീച്ചറ് വന്നിറ്റ്‌ പിന്നെ ബന്നിറ്റില്ല.. "

" ഓനൊന്നും അറിയൂല......പഠിക്കിന്നില്ലാങ്കി...നല്ലോണം കൊടുത്തോ മാഷേ....ഇന്നാ വടി.".....വലിയ ഒരു  വടി നീട്ടി പിടിച്ച്‌ എനിക്ക്‌ അടിക്കാനുള്ള അധികാരം എല്ലാവരും കൂടി കൽപിച്ചു തന്നു..

പഠിക്കാത്ത ഇവന്റെ അവസാനം തീർക്കാൻ വരുത്തിയ ഗുണ്ടയെ പോലെയാണൊ ആവോ എന്നെ കണ്ടത്‌ ... ഞാനൊന്നു പരുങ്ങി...

അതെടുത്ത്‌ പ്രയോഗിച്ചാൽ പോലീസ്‌ സ്റ്റേഷനിൽ ഞാൻ സമാധാനം പറയേണ്ടിവരും....

"ന്നാ മാഷെ...വടി മാങ്ങിക്കോ."

"ഉം" എന്നു മൂളി ....ഇപ്പം ശരിയാക്കിതരാം എന്ന മട്ടിൽ ഭീകരനായ ഒരു ഹെഡ്മാഷിനെപ്പോലെ ഞാൻ വടി വാങ്ങി വെച്ചു...


എനിക്കു കുറച്ചു കൂടി എരിവു കേറ്റി കൊണ്ട്‌ അവർ പലതും പറഞ്ഞു... ..കുറച്ചു നേരം കൂടി ട്യുഷനെടുക്കുന്നത്‌ നോക്കിനിന്ന് അവർ അകത്തേക്ക്‌ പോയി...

എന്തോ ഭയങ്കര സീരിയസ്സ്‌ ആയിട്ടാണ്‌ അവൻ ക്ലാസ്സ്‌ ശ്രദ്ധിച്ചത്‌... കൊള്ളാം കൊഴപ്പമില്ല എന്നു എനിക്ക്‌ തോന്നി..മിടുക്കൻ..ചെക്കൻ!!"

പിന്നീടാണ്‌ അറിയുന്നത്‌.. എട്ടിലെത്തിയിട്ടും..സ്വന്തം പേരുപോലും എഴുതാൻ അറിയില്ല എന്ന്..!!

എങ്ങിനെയാണ്‌ എട്ടിലേക്ക്‌ ഇഷ്ടൻ വലിഞ്ഞു കേറി വന്നത്‌ എന്ന് ഓർത്ത്‌ ഞാൻ അത്ഭുതപ്പെട്ടു...ആകെ ദേഷ്യം വന്നു ...ഇംഗ്ലിഷും, മലയാളവും അക്ഷരമാല തൊട്ടു പഠിപ്പിക്കണം...!!

പുല്ലുതീനിയായ ഞാൻ പറഞ്ഞു.."ശവം തിനിയായിട്ടല്ലേ ഇങ്ങനെ....ഒന്നും മനസ്സിലാകാത്തത്‌.."

അവനൊന്നും മനസ്സിലായില്ല.. അവൻ വാ പൊളിച്ചു നിന്നു....പണ്ടേ ചീത്ത വിളിക്കാൻ മിടുക്കുള്ള ഞാൻ തുടർന്നു..

"പോത്തിറച്ചി നല്ലോണം കേറ്റിക്കോണം മൂക്കു മുട്ടേ... അതല്ലേ ഒന്നും തലയിലില്ലാത്തത്‌... വെറും ചെളിയാ തന്റെ തലയിൽ..... നല്ലവണ്ണം പച്ചക്കറി കഴിക്കണം.. എന്നാലെ ബുദ്ധി തെളിയൂ..."..ഉപദേശ രൂപേണ പുല്ലുതീനിയായ ഞാൻ സംഹരിച്ചു.....

എന്റെ ദേഷ്യം അവനെ കരയിച്ചിരുന്നു...എനിക്കും സങ്കടമായി... വേണ്ടായിരുന്നൂ...വയ്യാവേലി...

നിഷ്കളങ്കനായി അവൻ പറഞ്ഞു "മാഷേ .. സത്യായിട്ടും ഞാൻ പോത്തിറച്ചി തുന്നാറില്ല... അള്ളാണ... തുന്നാറില്ല...."

"പിന്നേ..."

"മാഷ്‌ വേണങ്കി ചോദിച്ചോ.. ഉപ്പാനോട്‌...."

"പിന്നെ പച്ചക്കറിയാണോ എപ്പോഴും..? ..വിശ്വാസം വരാതെ ഞാൻ ചോദിച്ചു...

"അല്ല...പിന്നിണ്ടല്ല.....നിക്ക്‌ പോത്തിറച്ചി ഇഷ്ടല്ലാത്ത്‌ കൊണ്ട്‌... ഉപ്പ..പോത്തിന്റെ തലച്ചോറു കൊണ്ട്തരും... നല്ല രസാണ്‌.. മാഷേ.. പോത്തിന്റെ തലച്ചോറ്‌... അതു മാഷു തുന്നാ..പിന്നേ അതേ തുന്നൂ....." വായിൽ വെള്ളം ഊറിക്കോണ്ട്‌ അവൻ പറഞ്ഞു...
--

ബുധനാഴ്‌ച, നവംബർ 04, 2009

അങ്ങിനെയാണ്‌ അയാൾ പ്രേമിച്ചു കല്ല്യാണം കഴിക്കാനുണ്ടായ കാരണം !

"എന്റെ മോനൊരു പെണ്ണ് കെട്ടുന്നത്‌ കണ്ടിറ്റ്‌ മരിച്ചാലും വേണ്ടില്ല!!..".അമ്മയുടെ കണ്ണീർ!..

".....ഓനൊന്നു സമ്മതിച്ചാൽ മതിയായിരുന്നു എല്ലാം ഞാൻ ചെയ്യാമായിരുന്നു" അച്ഛന്റെ വിഷമം.."

"... ഇങ്ങനെയൊക്കെ നടന്നാമതിയാ നിനക്കും വേണ്ടേ ഒരു കുടുംബം" നാട്ടുകാരുടെ ഉപദേശം!

... ഒട്ടനവധി വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അയാളും പെണ്ണു കെട്ടാൻ സമ്മതിച്ചു..

പെണ്ണു കാണാൻ അയാൾ ആദ്യം അമ്മയെ കൂടെ കൂട്ടി...

" പെണ്ണിനു മുടി കുറവാണെന്നായിരുന്നു അമ്മയുടെ ആദ്യ പ്രശ്നം..ഒരിക്കൽ കൂടി നോക്കി അമ്മ പറഞ്ഞു.ഹേയ്‌.. പോര... സൗന്ദര്യം പോര!.. നിനക്ക്‌ പറ്റുന്ന പെണ്ണല്ല!"

പിന്നീട്‌ പെങ്ങന്മാരെകൂട്ടി.. " പെണ്ണിനു മീശയുണ്ടോന്നാന്റെ സംശയം."
"..നമ്മളെ ഭരിക്കാൻ വരുമോ ആവോ?...ഹേയ്‌ തീരെ ...പോര നമുക്ക്‌ വേറെ നോക്കാം."

"...അവൾ അഹങ്കാരിയാണെന്നാ തോന്നുന്നത്‌.നോട്ടം കണ്ടില്ലേ നമ്മളെ അത്രെ പിടിക്കാത്ത പോലെ" അവർ പരസ്പരം പറഞ്ഞു പിരിഞ്ഞു.

അയാൾ അച്ഛനെ കൂട്ടി നടന്നു"... ജാതകം ചേരണം..പൊരുത്തം നോക്കണം..അല്ലാത്ത ഒരിടപാടും വേണ്ട". അച്ഛൻ ആണയിട്ടു..

അയാൾ അമ്മാവനെ കൂടെ കൂട്ടി....

"പെണ്ണു കറുത്താലും, വെളുത്താലും ..വൃത്തികുറഞ്ഞാലും സാരമില്ല...സ്വത്ത്‌ എത്രെയുണ്ട്‌ ആവോ?....അവർ സ്വത്ത്‌ വിവരം ഒന്നും പറയുന്നില്ലല്ലോ..?... എല്ലാം മറച്ചു വെക്കുന്നു... അതിനാൽ നിനക്ക്‌ പറ്റിയതല്ല..." അമ്മാവൻ തറപ്പിച്ചു പറഞ്ഞു.

പിന്നീട്‌ അയാൾ കൂട്ടുകാരനെ കൂടെ കൂട്ടി പെണ്ണുകാണാൻ പോയി....

" അവൾ ആരുടെയോ കൂടെ ബൈക്കിൽ ചുറ്റിയടിക്കുന്നത്‌ ഞാൻ കണ്ട പോലെ ഒരു സംശയം.!!!.."

എല്ലാവരുടെയും അഭിപ്രായങ്ങൾ അയാൾ ചികഞ്ഞു പരിശോധിച്ചു....തനിക്കു പറ്റിയ പെണ്ണില്ല എന്നയാൾ ഉറപ്പിച്ചു...
.
ഒടുവിൽ സഹികെട്ട്‌ പ്രേമിച്ച്‌ അയാൾ കല്ല്യാണം കഴിച്ചു.. അപ്പോൾ ആർക്കും ഒരു സംശയവും ഉണ്ടായില്ല!!."

"... ഓന്റെ ഇഷ്ടല്ലേ... നമ്മളായിട്ട്‌ എന്തിനാ എതിരു പറയുന്നത്‌!!.." ഒരേ സ്വരത്തിൽ എല്ലാരും പറഞ്ഞു..

കേരളം- വൻ കിട വ്യവസായം- സാദ്ധ്യതാ പഠനം!

"ഇവിടെ വേശ്യയെ സൃഷ്ടിക്കപ്പെടുന്നത്‌ നല്ലതോ പാപമോ എന്നതല്ല വിഷയം!... അതു കുത്തക മുതലാളിമാരുടെ ഇരട്ട ത്താപ്പാണ്‌!!.വിഷയം ബിസിനസ്സ്‌ വളർത്താനുള്ള കഴിവുണ്ടോ എന്നതാണ്‌!!""...

.ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിൽ പെട്ടപ്പോഴും തകരാതെ .. തളരാതെ പിടിച്ചു നിന്ന .. അസാമാന്യ വ്യക്തിത്വത്തിനുടമ.....ഒരു വ്യവസായ സംരംഭകന്റെ... ഉദ്ധരണിയിൽ നിന്ന് പകർത്തിയതാണ്‌ ....

. പറഞ്ഞു വരുന്നത്‌ അയാളെ കുറിച്ചാണ്‌... എല്ലാം നഷ്ടപ്പെട്ട്‌ കുത്തുപാളയെടുത്തു നിൽക്കുമ്പോൾ ഉൾവിളിയുണ്ടായി കേരളത്തിൽ വിജയിച്ച ഒരു ചെറുകിടവ്യവസായ സംരംഭത്തെ കുറിച്ചാണ്‌!!

അയാൾക്കു പെട്ടിക്കടയായിരുന്നു.....അയാൾക്ക്‌ കടം കയറി. ബ്ലേഡിൽ നിന്നും ബാങ്കിൽ നിന്നും കടമെടുത്തു.. നശിച്ച്‌ നാറാണ കല്ലെടുത്തു നിൽക്കണ സമയം!... വീട്‌ ജപ്തി ചെയ്ത്‌ ആൽത്തറയിൽ കിടക്കണകാലം .അയാളെ കണ്ടാൽ ബന്ധുക്കൾ ജീവനും കൊണ്ട്‌ ഓടുന്നകാലം...ഒക്കെ ഒരു പഴം കഥ!!.ഒരു.പുരാണ കഥ!!..

..സങ്കടങ്ങൾ പങ്കുവെക്കണമെന്ന് എല്ലാവരും പറയുന്നത്‌ കേട്ടാണ്‌ അയാൾ ഭാര്യയെ പലർക്കും പങ്കുവെച്ചത്‌. അതൊരു നിമിത്തമായി.....

...ഭാര്യക്ക്‌ ഒരുകൂട്ടാകട്ടെ എന്നു കരുതിയാണ്‌ പല പെണ്ണുങ്ങളെയും അയാൾ അവളുടെകൂടെ പാർപ്പിച്ചത്‌...അതൊരു വൻ വിജയമായി!!

..ഇതൊരു വൻ വ്യവസായമാണെന്ന് മനസ്സിലാക്കിയപ്പോഴാണ്‌ അയാൾ "പിമ്പ്‌" ആയത്‌!.ഒരു ബുദ്ധിമാനായ വ്യവസായ സംരംഭകന്റെ ജനനം!!

അങ്ങിനെയാണ്‌ അയാൾക്കു മണിമാളികകളുണ്ടായത്‌....

.അപ്പോഴാണ്‌ അയാൾക്ക്‌ ഭരണതലത്തിൽ വരെ പിടി വന്നത്‌!...അടുത്ത കാലം വരെ വെറുമൊരു കിഴങ്ങനായിരുന്ന അയാളെ വരെ ഭരണതലം വരെ ഉയർത്തിയ ഈ ഒരു ചെറുകിട വ്യവസായത്തിനു ലോൺ കൊടുക്കുന്നതിൽ എന്താണ്‌ തടസ്സം? എന്നാണ്‌ വ്യവസായ മന്ത്രിയോട്‌ അയാൾക്കു ചോദിക്കാനുള്ള ഏക ചോദ്യം!!

തിങ്കളാഴ്‌ച, നവംബർ 02, 2009

സ്മൃതികൾ!!

"ആരാന്റെ ചോറും ബെയിച്ച്‌ പള്ളീല്‌ കെടന്നൊറങ്ങണ മോയ്‌ല്യാരെ... നല്ല മൊയ്‌ല്യാരെ.

...മൂക്കറ്റം എറച്ചീം തിന്ന് ..മൂന്നാലു പെണ്ണുംകെട്ടി നല്ലോണം സുയിച്ച്‌ നടക്കണ മൊയില്യാറെ ... നല്ല മൊയില്യാറെ..."

താളത്തിൽ പാടി വരുമ്പോൾ അത്‌ ഒരു ഭ്രാന്തന്റെ വരികളാണെന്ന് എനിക്ക്‌ തോന്നിയിരുന്നില്ല..ഒരു കവിയുടെ .മണം!!..കവിതയുടെ തരംഗം!...

"അനക്ക്‌ സുഖം തന്നെയാ...? ഇപ്പം ഏടാ.. പണി...അങ്ങു ദുഫായിലല്ലേ?..അനക്ക്‌ ചായ കുടിക്കാൻ പൈസ...?".. എന്നെ കണ്ടപ്പോൾ അവുള്ള പാട്ടു നിർത്തി....വിസ്താരം തുടങ്ങി..

"ഞാൻ നാട്ടിലാ.."

"ആയ്ക്കോട്ടെ ... എനക്ക്‌ തന്നാ അനക്ക്‌ പടച്ചോൻ നല്ലോണം തരും... വാരിക്കോരി... "... "വേണങ്കി ചോയിച്ചു നോക്കിക്കോ?"

"ആരോട്‌ പടച്ചോനോടോ"

"അതാ ഒ‍ാരോട്‌.!! ...സത്യാ പറയ്ന്ന്.. കളല്ല അള്ളാണ"

"ഓനോട്‌ അന്നേ ബാങ്ങിനുടാ..അവുള്ളാ...അനക്ക്‌ മറന്നതാ...." എന്നെ രക്ഷിക്കാൻ ആരോ പീടികതിണ്ണയിൽ നിന്ന് വിളിച്ച്‌ പറഞ്ഞു.

"നിങ്ങൾക്ക്‌ ബീഡി വലിക്കാനല്ലേ?.. അല്ലെങ്കിൽ മുറുക്കാൻ വാങ്ങാൻ..... ഞാനിനി തരില്ല... അന്നേ ഞാൻ തന്നിരുന്നു.നിങ്ങളെ വീതം.... പോരാത്തതിനു ഞാൻ നാട്ടിലാ...ദുബായിലൊന്നും അല്ല..."ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു

അവുള്ള വിടാൻ ഭാവമില്ല..."അല്ലടാ പടചോനാണേ കളല്ല..ഇന്നോട്‌ കളവ്‌ എന്തിനു പറെന്ന്..... ഞാൻ ഒന്നും കയിച്ച്ചിട്ടില്ല ബയര് കണ്ടില്ലേ..ഇട്ടിരുന്ന ബനിയൻ ഉയർത്തികാട്ടി ഒട്ടിയ വയർ അയാൾ എനിക്കു കാട്ടി തന്നു...

"ഇങ്ങളു പോയ്ക്കോ അത്‌ ഇബിട പതിവാ.. ഓനെ നോക്കാതെ പോയ്ക്കോ" ആളുകൾ വിളിച്ചു പറഞ്ഞു..

" ഇനി ..ബീഡി വലിക്ക്വോ.."

"അള്ളാണ... ബലിക്കൂല"...

"ആരും പണിതരുന്നില്ല... അതാ.. ബെശന്നിട്ട്‌ ബയ്യ... ഇണ്ടങ്കി മതി"..

അവുള്ള തലചൊറിഞ്ഞു നിന്നു...

അടുത്തു വരുമ്പോൾ വല്ലാത്ത നാറ്റം!... കുളിക്കാത്ത .. മുഷിഞ്ഞ വേഷം! മുറുക്കാൻ ചവച്ച്‌ കേടായ വികൃതമായ പല്ലുകൾ!! ബീഡി വലിച്ച്‌ കറുകറുത്ത തടിച്ച ചുണ്ടുകൾ!!" ഒരു പേക്കോലം!.. വിയർപ്പ്‌ നാറ്റത്തിനാൽ ഓക്കാനം വന്നു...

" വെളുത്ത നിറം, ചുവന്ന ചുണ്ടുകൾ... ആരെയും ആകർഷിക്കുന്ന കണ്ണുകൾ... എല്ലാം തികഞ്ഞ സുന്ദരൻ!!" പണ്ടത്തെ ആ അവുള്ള തന്നെയോ ഇത്‌??

ജോലിയും കൂലിയും ഇല്ലാതെ തെക്കു വടക്ക്‌ നടക്കുന്നകാലം!..മൂക്കിൽ രോമം കിളിർത്തിട്ടും....വീട്ടുകാരുടെ ദയകൊണ്ട്‌ ചില്ലറത്തുട്ടുകൾ കൊണ്ട്‌ കാലം കഴിക്കുന്ന സമയം!! പറഞ്ഞിട്ടെന്ത്‌ കാര്യം.... അവുള്ള വിടില്ല എന്നു മനസ്സിലായി... നാറ്റമാണെങ്കിൽ സഹിക്കാനും പറ്റുന്നില്ല ....രക്ഷപ്പെടാൻ പോക്കറ്റിൽ ആകെയുണ്ടായിരുന്ന 20 രൂപ എടുത്തു കൊടുത്തപ്പോൾ അവുള്ള പോയി.

.ഉടനെ ബീഡിയും പുകയിലയും വാങ്ങി...

"അവുള്ളാ.."

"അള്ളാണ.. പല്ല് കടച്ചലെടുത്തിറ്റാ .. ബീഡി വാങ്ങിന് ... ഇങ്ങള്‌ പോയ്ക്കോ .. ഞാൻ അങ്ങനൊന്നുംബലിക്കൂല..അള്ളാണ... "

ബീഡി വലിച്ചു കൊണ്ട്‌ അവുള്ള വീണ്ടും വിണ്ടും പാടി....

"ആരാന്റെ ചോറും ബെയിച്ച്‌ പള്ളീല്‌ കെടന്നൊറങ്ങണ മോയ്‌ല്യാരെ... നല്ല മൊയ്‌ല്യാരെ..."