പേജുകള്‍‌

വെള്ളിയാഴ്‌ച, നവംബർ 13, 2009

നാരായണേട്ടന്റെ ഗുരു.

അന്നും നാരായണേട്ടൻ അതിരാവിലെ ശരം വിട്ട പോലെ പോകുന്നുണ്ടായിരുന്നു..പല്ലുതേച്ചും കൊണ്ട്‌ പുല്ലിനോടും പുഴുവിനോടും വർത്തമാനം പറഞ്ഞും കൊണ്ട്‌ പുറം ലോകം മുഴുക്കേ ചുറ്റി സഞ്ചരിക്കുന്ന... ഒടുവിൽ അമ്മയുടെ ചീത്തവിളിയും കേട്ട്‌ ... ഒപ്പം ഏട്ടന്റെ മൂപ്പിക്കലും കേട്ട്‌...സഹികെട്ട്‌ മുഖം കഴുകി ചായകുടിക്കുന്ന ശീലമുള്ള അന്നു നാലാം ക്ലാസ്സുകാരനായിരുന്ന ഞാൻ പതിവായി ഈ കാഴ്ച കാണാറുണ്ട്‌..

പുഴക്കരയിലേക്കാണ്‌ അദ്ദേഹത്തിന്റെ ഈ ധൃതി പിടിച്ച സഞ്ചാരം..!

"ഇയാൾ എവിടേക്കാണ്‌ ഇത്ര ധൃതിയിൽ..?? "

എനിക്ക്‌ ആകാംഷയായി...

"നാരായണേട്ടാ ... ഒന്നു നിന്നേ... എവിടെയാ പോകുന്നത്‌??" കേട്ടഭാവം പോലും ഇല്ലാതെ നാരായണേട്ടൻ...!


വീട്ടിൽ എന്തെങ്കിലും പണിക്കു വന്നാൽ    " വിട്‌... പ്ലാവേ ( അനുബന്ധം നോക്കുക)... വിട്‌... അവന്‌ രണ്ട്‌ അടികൊടുക്കട്ടേ" എന്നും പറഞ്ഞ്‌ പ്ലാവിനെ കെട്ടിപ്പിടിച്ചു കൊണ്ട്‌ എന്നെ പേടിപ്പിക്കുന്ന നാരായണേട്ടൻ...

പ്ലാവു പിടിവിട്ടാൽ എന്നെ അടിച്ചു ശരിയാക്കും നാരായണേട്ടൻ എന്ന് വിചാരിച്ച്‌ ഓടുന്ന കാലം....

.അതിനാൽ കുറച്ച്‌ ദൂരെ നിന്നാണ്‌ ചോദിച്ചത്‌..

"... നാരായണേട്ടാ... ഒന്നു നിന്നേ... എവിടെയാപോകുന്നത്‌?"

"..ഹേയ്‌ നിൽക്കാൻ തീരെ സമയമില്ല..."

"ഹെന്താ.. എവിടെയ്ക്കാ പോകുന്നത്‌?"

"...ഗുരുവിനെ കാണാൻ.."

നാരായണേട്ടൻ ഓടുന്നുണ്ടായിരുന്നു..

നാരായണേട്ടന്റെ ഗുരു ആരാണ്? അറിയാനുള്ള എന്റെ ആകാംഷ നാൾക്കുനാൾവർദ്ധിച്ചു വന്നു...

പിറ്റെന്നും ഞാൻ കാത്തു നിന്നു....

നാരായണേട്ടൻ അന്നും ധൃതിയിൽ തന്നെ...പതിവു ചോദ്യം ഞാൻ ചോദിച്ചു...

"..ഗുരുവിന്റെ അടുത്തേക്ക്‌.."

"ഇന്നലെ കണ്ടില്ലേ ഗുരുവിനെ..?.. നിഷ്കളങ്കനായ ഞാൻ ചോദിച്ചു.... "

"...കണ്ടു."

"പിന്നെ ദിവസവും പോണോ?"

"ഗുരുവിനെ കണ്ടാൽ മാത്രം പോരാ.. എപ്പോഴും ധ്യാനിക്കണം അതിനാ പോകുന്നത്‌.." ഓടുന്ന ഒ‍ാട്ടത്തിൽ നാരായണേട്ടൻ പറഞ്ഞു...

"...എനിക്കും കാട്ടിതരുവോ നാരായണേട്ടാ ഗുരുവിനെ..? "

അതു നാരായണേട്ടൻ കേട്ടില്ല... എങ്ങിനേയും നാരായണേട്ടന്റെ ഗുരുവിനെ കാണണം...പുഴക്കരയിൽ എവിടെയാണ്‌ നാരായണേട്ടന്റെ ഗുരു...?... ഏതായാലും ഏട്ടനൊട്‌ ചോദിച്ചു നോക്കാം ... എന്റെ ആകാംഷ നാളെവരെ നീട്ടാൻ എനിക്കു മനസ്സു വന്നില്ല...

" ഏട്ടനറിയോ ഈ നാരായണേട്ടൻ എപ്പൊഴും രാവിലെ ഗുരുവിനെകാണാൻ പോകും.". ഒരു വലിയ രഹസ്യം പരസ്യമാക്കിയ ഗമയിൽ വീട്ടു കാർ എല്ലാവരും കേൾക്കേ ഞാൻ പറഞ്ഞു.."
" എടാ... മണ്ടാ... അയാൾ നിന്നെ പറ്റിച്ചതാ.."

"സത്യയിട്ടും അതേ .. എന്നോട്‌ പറഞ്ഞിരുന്നു ഇന്നു വരെ.." ഞാൻ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല... എന്നെ കൊച്ചാക്കുന്ന ഒരു മുശടൻ സ്വഭാവമാണ്‌ ഏട്ടന്‌... അതിനാൽ
ഗമയിൽ ഞാൻ പറഞ്ഞു

"അയാൾ കളവൊന്നും പറയില്ല.."

എല്ലാവരും എന്നെ നോക്കി ചിരിച്ചു...

" എടാ... അയാളുടെ കക്കൂസ്സ്‌ പുഴയാ... അതിനാ അയാൾ അതിരാവിലെ പോകുന്നത്‌....അല്ലാതെ ഗുരുവിനെ കാണാനൊന്നും അല്ല."

വലിയ ഒരു കണ്ടുപിടുത്തത്തിന്റെ പേറ്റന്റ്‌ ഒരു നിമിഷത്തിൽ ഏട്ടൻ കൈക്കലാക്കി ഗമയിൽ ഞെളിഞ്ഞിരുന്നു... ഞാൻ ഇളിഭ്യനായി....പറ്റിപ്പോയി അമളി പറഞ്ഞിട്ടെന്ത്‌ കാര്യം..?സാത്വികനായ ഗുരുവിനെയോർത്ത്‌ എല്ലാവരും ചിരിച്ചു....

ധൃതിയിൽ തിരിച്ചു വരുന്ന നാരായണേട്ടനെകണ്ടപ്പോൾ ഞാൻ ചോദിച്ചു " നാരായണേട്ടാ ഗുരുവിനെ കണ്ടോ?"

" ഇപ്പോൾ കണ്ടിട്ടു വരുന്നതേയുള്ളൂ....!!" നാരായണേട്ടൻ നിൽക്കാതെ പറഞ്ഞു കൊണ്ട്‌ പോയി... (ഇതു വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌... ഇപ്പോൾ നാരായണേട്ടൻ ഗുരുവിനെ കാണാൻ പുഴക്കരയിൽ പോകാറില്ല... വീട്ടിൽ തന്നെയാണ്‌ ധ്യാനം!)
-------
അനുബന്ധം:-ഫ്ലാറ്റിൽ വളരുന്ന ആധുനിക കുഞ്ഞുങ്ങൾക്ക്‌ മാത്രം ഉള്ള സൂചിക ....മറ്റുള്ളവർ സദയം പൊറുക്കുക... പ്ലാവ്‌= നമ്മുടെ പ്രാപിതാമഹന്മാർ -മീൻസ്‌... ഓൽഡ്‌ ജെനറേഷൻ..കാലാകാലങ്ങളായി നട്ടു പിടിപ്പിച്ച്‌ വളർത്തുകയും ആധുനികർ വെട്ടി മുറിച്ച്‌ വാതിലും ജനാലകളും ഫർണ്ണിച്ചറുകളും ഉണ്ടാക്കി അന്യം നിന്നു പോരികയും ചെയ്ത ഒരു മരം..ബോൺസായി അല്ല.. ഉയരത്തിൽ വളരും

3 അഭിപ്രായങ്ങൾ:

 1. വായിച്ചതിനു നന്ദി എറക്കാടൻ / Erakkadan

  മറുപടിഇല്ലാതാക്കൂ
 2. ബോൺസായി അല്ല.. ഉയരത്തിൽ വളരും (എന്നെ ഒന്ന് ആക്കിയതാണല്ലേ?)
  പോട്ടെ ഞാനങ്ങ് സഹിച്ചു.
  *********************
  ഇനി പോസ്റ്റിനെ പറ്റി: പതിവ് ക്ലൈമാക്സ് തന്നെ. കർത്താവിന്റെ കൈയിലിരിപ്പ് കണക്ക് കൂട്ടി നോക്കിയപ്പോൾ ഇതു തന്നെയായിരുന്നു പ്രതീക്ഷിച്ചത്.
  ആശംസകൾ
  ലിങ്കുകൾ വിട്ടോളൂ. സ്വാഗതം.

  മറുപടിഇല്ലാതാക്കൂ