പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 24, 2009

അവരുടെ ലോകം!

ഏവരും കൊതിക്കുന്ന സ്വർഗ്ഗം! ..വിശാലമായ ഇസ്തിരിയിട്ട പോലെയുള്ള റോഡുകൾ!.. അനൂപ്‌ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു...വളരാൻ ആർത്തിയോടെ കൊതിക്കുന്ന മരങ്ങളുടെ തലകൾ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു....ചീകിയൊതുക്കി... പല മോഡലുകളിൽ നിരയായി അവർ കിടക്കുകയാണ്‌...അടുത്ത മുണ്ഡനത്തിനായി!!....അവർക്കതാണ്‌ യോഗം!... !
" അനൂപ്‌ എന്താ ആലോചിക്കുന്നത്‌...? "..അയാൾ ചോദിച്ചു

"ഒന്നും ഇല്ല!... വെറുതെ കാഴ്ചകാണുകയാ..മരങ്ങൾക്കും ബാർബർമാരുണ്ടിവിടെ. അല്ലേ?!"
അയാൾ ചിരിച്ചു..." ഇതുപോലെയാണ്‌ ഇവിടെയെത്തുന്ന ഒരുവിധപ്പെട്ട ഏതു പ്രവാസിയുടേയും യോഗം!... വളരാനായി കൊതിക്കും... തലമുണ്ഡനം ചെയ്യപ്പെടും!..

അയാൾ ചിരിച്ചു...!

":...ഭാര്യ.?.. മക്കൾ?"

"ഉണ്ട്‌...ലേശം നേരത്തെയായിരുന്നു കല്ല്യാണം... നാൽപത്തഞ്ചാം വയസ്സിൽ..!എങ്കിലും ഒരു മകനുണ്ട്‌. . 10 ആം. ക്ലാസ്സിൽ ..മാർച്ചിൽ പോകണമെന്ന് കരുത്തിയതാണ്‌.. എല്ലാം ഒരുക്കിയതാണ്‌..പക്ഷെ.. അവർ തീരുമാനിച്ചു... ഇപ്പോഴെ വരേണ്ടെന്ന്..!!..പരീക്ഷയല്ലേ മകന്റെ... അതാ.. മാസാ മാസം പണം മുടങ്ങിയാൽ വിളിവരും... സുഖമറിയാനല്ല... പണമെറിയാനാണ്‌.."
അയാളുടെ വാക്കുകളിൽ ദുഃഖം പടർന്നിരുന്നോ?

"മോനേ ഗൾഫ്‌..ലൂസിഫറിന്റെ ലോകമാണ്‌!.....ലൂസിഫർ ആരെന്നറിയോ?"
"..ഉം...അറിയാം സാത്താൻ!"
" അതെ .. നമ്മളെ പ്രലോഭിപ്പിക്കും..! പ്രലോഭനത്തിൽ കുടുങ്ങി ഇവിടെയെത്തിയാൽ പെട്ടു പോകും.!!."

അയാൾ വീണ്ടും ചിരിച്ചു...ആ ചിരി തമാശയായിരുന്നോ..ദുഃഖമായിരുന്നോ?... രക്ഷപ്പെടുവാനുള്ള ഉപദേശമായിരുന്നോ? എന്നൊന്നും അനൂപിനു മനസ്സിലായില്ല.. അതിനുള്ള പ്രായമായി വരുന്നതേയുള്ളൂ...ഏറിയാൻ അഞ്ചു വർഷം പിടിച്ചു നിൽക്കണം അത്രേ ഉദേശമുള്ളൂ...അതിനുള്ളിൽ നാട്ടിൽ തന്നെ കാലുറപ്പിക്കണം... അത്യാഗ്രഹങ്ങളില്ല!.. അല്ലാതെ ഇയാളെ പോലെ...!

അയാളുടെ തലയിൽ ഇടതൂർന്ന മുടികൾ ഉണ്ട്‌... ഒതുക്കിയ താടിയും.!!...അതിൽ കാലം ഒരിക്കലും മായ്ക്കാനാകാത്ത വൈറ്റ്‌ വാഷ്‌ ചെയ്തിരുന്നെങ്കിലും, ജപ്പാൻ ബ്ലാക്ക്‌ പോലത്തെ സാധനം മാസാമാസം അടിച്ചടിച്ച്‌ അയാൾ കാലത്തെ പോലും വെല്ലു വിളിച്ചിരുന്നു..! അയാൾ കുപ്പൂസ്‌ ( കുബ്സ്‌ - അറബിക്‌ ബ്രെഡ്‌) എടുത്തു കാട്ടി.. അഞ്ചെണ്ണമുണ്ടതിൽ .. ഇതിന്റെ രസം പിടിച്ചാൽ പോവില്ല..മോനെ...! ഇവിടെ നിന്നും...മണ്ണും കൂട്ടി തിന്നാൻ എന്തു സ്വാദാണെന്ന് അറിയുവോ...?

അയാൾ പറയുന്നതിന്റെ പൊരുൾ അനൂപിനു മനസ്സിലായില്ല... കണ്ണീരിന്റെ ഉപ്പു രസം പടരുന്നതായി തോന്നി..!

" മുപ്പത്‌ വർഷമായി ഇത്‌ ഞാൻ തിന്നാൻ തുടങ്ങിയിട്ട്‌... ശരീരത്തിനു പിടിച്ച്‌ പോയി..."

കാറിന്റെ വേഗം കുറഞ്ഞു... മരുഭൂമിയുടെ ഹൃദയഭാഗത്തേക്കാണ്‌ യാത്രയെന്ന് മനസ്സിലായി..തീച്ചൂളയുടെ അടുത്തു പോയ പൊലുള്ള വെയിൽ!....ഒപ്പം മണൽ നൃത്തവും....ആദ്യമാണ്‌ മണലിന്റെ നൃത്തം കാണുന്നത്‌... താണ്ഡവ നൃത്തമോ ഇത്‌?... കാറ്റിന്റെ താളത്തിൽ ചുഴിയായി ആകാശത്തോളം പൊടി പടലം ഉയരുന്നുണ്ടായിരുന്നു... വലിയ കോൺക്രീറ്റ്‌ പൈപ്പുകൾ ഉയർത്തികൊണ്ട്‌ കുറച്ചാളുകൾ... കനമുള്ള വലിയ കേബിൾ വലിച്ചും കൊണ്ട്‌ കുറച്ചാളുകൾ..! അവർക്കു സൗന്ദര്യം കുറഞ്ഞെന്ന് തോന്നിയതിനാലാകണം പ്രകൃതി ദേഹം മുഴുവൻ പൗഡർ കുടഞ്ഞെറിയുകയാണ്‌.... ഭീകരന്മാരെ പോലെ മുഖം മൂടിയിട്ടുണ്ട്‌ അവർ..!
"നാട്ടിലൊക്കെ മരിച്ചാൽ കുഴിയിൽ വെക്കുമ്പോഴാണ്‌ മണ്ണിടുക.. ഇവിടെ ജീവനോടെ തന്നെ മണ്ണിടും.. മൂക്കിലും വായിലും..!"

ദൃശ്യങ്ങൾ കാട്ടി തന്ന് അയാൾ പറഞ്ഞു.".. ഇതാ ഇവിടെയാണ്‌ എനിക്കും പണി..!"കുറച്ചാളുകൾ കുബൂസ്‌ തിന്നുന്നു...അല്ല ... കടിച്ചു പറിക്കുന്നു...എന്നതാണ്‌ ഏറെ ശരിയെന്ന് തോന്നുന്നു..!കുബൂസിൽ മണ്ണിട്ട്‌ കഴിക്കുന്ന രസത്തിന്റെ പൊരുൾ അനൂപിനു മനസ്സിലായി..!
അനൂപും അയാളും തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പോയി.....
 
"..നാട്ടിൽ പോയ്ക്കൂടെ ഇയാൾക്ക്‌ ..!!..... നടന്നു വന്നതാ... പെട്ടിയിൽപോകാനാ ഇഷ്ടൻ കാത്തിരിക്കുന്നത്‌!.."  അടുത്ത കാലത്തായി വന്ന ഒരു റൂമേറിയൻ അനൂപിനോട്‌ അയാൾ മൂത്രമൊഴിക്കാൻ പോയ ഇടവേളയിൽ അയാളെ കുറിച്ചു കുശുമ്പി.


കുബൂസ്‌ അനൂപിനെ ആകർഷിച്ചിരുന്നില്ല.
"...ഓ.... അതിന്റെ രസം പിടിച്ചില്ല..!...വൈകാതെ രസം പിടിക്കും... ആദ്യമായിട്ടാ...ഒരു ഗമ..!..വേറൊന്നും ഇല്ല ഇവിടെ...! "ആരോ ഒരാൾ പറഞ്ഞു..
അവർക്കൊരു പണികൊടുക്കേണ്ടെന്ന് തീർച്ചയാക്കി അനൂപ്‌ അതിൽ നിന്ന് ഒരെണ്ണമെടുത്തു കഴിച്ചു..
സമയം രാത്രിയായി...

അയാൾ വാഷ്‌ ബേസിനടുത്തെത്തി...  കൈകൾ വായ്ക്കുള്ളിലാക്കി... ഒരമർത്തൽ..!
പ്ലക്കെന്ന് പല്ലുകൾ കൈയ്യിൽ!

"തുടുത്ത മുഖമല്ല അയാൾക്കെന്ന് ബോധ്യമായി... പല്ലുകൾ കൈയ്യിൽ അയാളെ നോക്കി ചിരിക്കുന്നു... ഒരു ബ്രേഷെടുത്തു അയാൾ നല്ലപോലെ അതിനെ ഉരച്ചു വൃത്തിയാക്കി..!..ഒരു പാത്രത്തിൽ ഇട്ടുവെച്ചു... നിമിഷാർദ്ധത്തിൽ അയാൾ വയസ്സനായിരിക്കുന്നു... ഒട്ടിയ കവിളുകൾ കാട്ടി അയാൾ വെളുക്കനെ ചിരിച്ചു..."
അത്ഭുതം കാണുന്ന പോലെ അനൂപ്‌ അയാളെ നോക്കി നിന്നു...
"പോയി കിടന്നോളു കുട്ടി.." അയാൾ പറഞ്ഞു..
"ശരി .. കിടക്കാം!"
"ഇവിടെയായതിനാലാ എനിക്കിപ്പോഴും ജോലി ചെയ്യാൻ പറ്റുന്നത്‌... അല്ലെങ്കിൽ പെൻഷനായിട്ടുണ്ടാകും..ജോലിയിൽ നിന്നും!..ഒരുപക്ഷെ. ടെൻഷനടിച്ച്‌... ജീവിതത്തിൽ നിന്നും..!..പ്രായമായാൽ ആർക്കു വേണം... നമ്മളെ.!!"...ഒരുദീർഘനിശ്വാസം ഉതിർത്തു കൊണ്ട്‌ അയാൾ ഉപസംഹരിച്ചു...
അനൂപ്‌ കിടന്നു... ആദ്യമായാണ്‌ ഡബിൾ ഡക്കർ കട്ടിലിൽ കിടക്കുന്നത്‌..!

മുകളിലുള്ളയാൾ ഒന്നു തിരിഞ്ഞു കിടന്നാൽ താഴെത്തെ ബേർത്തിലുള്ളവനും  തിരിഞ്ഞു കിടക്കും..!. കിടക്കണം!!...അതാണ്‌ കട്ടിലിന്റെ അലിഖിതനിയമം!
 മുകളിലുള്ളവൻ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു... തിരിഞ്ഞു കിടക്കുന്നു... അതിന്റെ കുലുക്കം അനൂപിനെയും പിടിചുലച്ചു...ഉറക്കമില്ലാത്ത രാത്രി..!

കണ്ണടക്കുമ്പോൾ... ലൂസിഫർ ചിരിക്കുന്നു!.... തുറക്കുമ്പോൾ അയാളു ടെ ദൈന്യതയാർന്ന മുഖം!!... ...മോചനമില്ലാതെ താനും ലൂസിഫറിന്റെ വലയിൽ പെട്ടോ..!!. ഉറക്കം വന്നില്ലെങ്കിലും മിഴികൾ ചിമ്മിഅനൂപ്‌കിടന്നു !..പാത്രത്തിലെ സെറ്റു പല്ലുകൾ അനൂപിനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു...... അനൂപ്‌ നാളെ നിനക്കും എന്നു പറയുന്നതായി തോന്നി!!..............അനൂപ്‌ കണ്ണുകൾ ഇറുക്കിയടച്ചു..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ