പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 02, 2009

സ്മൃതികൾ!!

"ആരാന്റെ ചോറും ബെയിച്ച്‌ പള്ളീല്‌ കെടന്നൊറങ്ങണ മോയ്‌ല്യാരെ... നല്ല മൊയ്‌ല്യാരെ.

...മൂക്കറ്റം എറച്ചീം തിന്ന് ..മൂന്നാലു പെണ്ണുംകെട്ടി നല്ലോണം സുയിച്ച്‌ നടക്കണ മൊയില്യാറെ ... നല്ല മൊയില്യാറെ..."

താളത്തിൽ പാടി വരുമ്പോൾ അത്‌ ഒരു ഭ്രാന്തന്റെ വരികളാണെന്ന് എനിക്ക്‌ തോന്നിയിരുന്നില്ല..ഒരു കവിയുടെ .മണം!!..കവിതയുടെ തരംഗം!...

"അനക്ക്‌ സുഖം തന്നെയാ...? ഇപ്പം ഏടാ.. പണി...അങ്ങു ദുഫായിലല്ലേ?..അനക്ക്‌ ചായ കുടിക്കാൻ പൈസ...?".. എന്നെ കണ്ടപ്പോൾ അവുള്ള പാട്ടു നിർത്തി....വിസ്താരം തുടങ്ങി..

"ഞാൻ നാട്ടിലാ.."

"ആയ്ക്കോട്ടെ ... എനക്ക്‌ തന്നാ അനക്ക്‌ പടച്ചോൻ നല്ലോണം തരും... വാരിക്കോരി... "... "വേണങ്കി ചോയിച്ചു നോക്കിക്കോ?"

"ആരോട്‌ പടച്ചോനോടോ"

"അതാ ഒ‍ാരോട്‌.!! ...സത്യാ പറയ്ന്ന്.. കളല്ല അള്ളാണ"

"ഓനോട്‌ അന്നേ ബാങ്ങിനുടാ..അവുള്ളാ...അനക്ക്‌ മറന്നതാ...." എന്നെ രക്ഷിക്കാൻ ആരോ പീടികതിണ്ണയിൽ നിന്ന് വിളിച്ച്‌ പറഞ്ഞു.

"നിങ്ങൾക്ക്‌ ബീഡി വലിക്കാനല്ലേ?.. അല്ലെങ്കിൽ മുറുക്കാൻ വാങ്ങാൻ..... ഞാനിനി തരില്ല... അന്നേ ഞാൻ തന്നിരുന്നു.നിങ്ങളെ വീതം.... പോരാത്തതിനു ഞാൻ നാട്ടിലാ...ദുബായിലൊന്നും അല്ല..."ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു

അവുള്ള വിടാൻ ഭാവമില്ല..."അല്ലടാ പടചോനാണേ കളല്ല..ഇന്നോട്‌ കളവ്‌ എന്തിനു പറെന്ന്..... ഞാൻ ഒന്നും കയിച്ച്ചിട്ടില്ല ബയര് കണ്ടില്ലേ..ഇട്ടിരുന്ന ബനിയൻ ഉയർത്തികാട്ടി ഒട്ടിയ വയർ അയാൾ എനിക്കു കാട്ടി തന്നു...

"ഇങ്ങളു പോയ്ക്കോ അത്‌ ഇബിട പതിവാ.. ഓനെ നോക്കാതെ പോയ്ക്കോ" ആളുകൾ വിളിച്ചു പറഞ്ഞു..

" ഇനി ..ബീഡി വലിക്ക്വോ.."

"അള്ളാണ... ബലിക്കൂല"...

"ആരും പണിതരുന്നില്ല... അതാ.. ബെശന്നിട്ട്‌ ബയ്യ... ഇണ്ടങ്കി മതി"..

അവുള്ള തലചൊറിഞ്ഞു നിന്നു...

അടുത്തു വരുമ്പോൾ വല്ലാത്ത നാറ്റം!... കുളിക്കാത്ത .. മുഷിഞ്ഞ വേഷം! മുറുക്കാൻ ചവച്ച്‌ കേടായ വികൃതമായ പല്ലുകൾ!! ബീഡി വലിച്ച്‌ കറുകറുത്ത തടിച്ച ചുണ്ടുകൾ!!" ഒരു പേക്കോലം!.. വിയർപ്പ്‌ നാറ്റത്തിനാൽ ഓക്കാനം വന്നു...

" വെളുത്ത നിറം, ചുവന്ന ചുണ്ടുകൾ... ആരെയും ആകർഷിക്കുന്ന കണ്ണുകൾ... എല്ലാം തികഞ്ഞ സുന്ദരൻ!!" പണ്ടത്തെ ആ അവുള്ള തന്നെയോ ഇത്‌??

ജോലിയും കൂലിയും ഇല്ലാതെ തെക്കു വടക്ക്‌ നടക്കുന്നകാലം!..മൂക്കിൽ രോമം കിളിർത്തിട്ടും....വീട്ടുകാരുടെ ദയകൊണ്ട്‌ ചില്ലറത്തുട്ടുകൾ കൊണ്ട്‌ കാലം കഴിക്കുന്ന സമയം!! പറഞ്ഞിട്ടെന്ത്‌ കാര്യം.... അവുള്ള വിടില്ല എന്നു മനസ്സിലായി... നാറ്റമാണെങ്കിൽ സഹിക്കാനും പറ്റുന്നില്ല ....രക്ഷപ്പെടാൻ പോക്കറ്റിൽ ആകെയുണ്ടായിരുന്ന 20 രൂപ എടുത്തു കൊടുത്തപ്പോൾ അവുള്ള പോയി.

.ഉടനെ ബീഡിയും പുകയിലയും വാങ്ങി...

"അവുള്ളാ.."

"അള്ളാണ.. പല്ല് കടച്ചലെടുത്തിറ്റാ .. ബീഡി വാങ്ങിന് ... ഇങ്ങള്‌ പോയ്ക്കോ .. ഞാൻ അങ്ങനൊന്നുംബലിക്കൂല..അള്ളാണ... "

ബീഡി വലിച്ചു കൊണ്ട്‌ അവുള്ള വീണ്ടും വിണ്ടും പാടി....

"ആരാന്റെ ചോറും ബെയിച്ച്‌ പള്ളീല്‌ കെടന്നൊറങ്ങണ മോയ്‌ല്യാരെ... നല്ല മൊയ്‌ല്യാരെ..."

1 അഭിപ്രായം: