പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 23, 2009

അച്ചായന്റെ നമ്പർ!

അന്ന് വെള്ളിയാഴ്ചയായിരുന്നു...ഗൾഫുകാരുടെ ഞായറാഴ്ച...!!..
....പന്ത്രണ്ട്‌ മണിവരെ കിടന്നുറങ്ങുന്ന സഹമുറിയൻസ്‌!!...
" ടെയ്‌.. മൂത്രമൊഴിച്ച്‌ കെടക്കെടോ."...എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുവൻ കൊച്ചു കുട്ടി ആദ്യമായി ലോകം കാണുന്നതു പോലെ കണ്ണുതുറന്നു നോക്കി..അതുപോലെ കണ്ണടച്ചു..!

"ചായ ഉണ്ടാക്കിവെച്ചിട്ടുണ്ടോ?" പുതപ്പിനുള്ളിൽ നിന്നും എലി മാളത്തിൽ നിന്നും നോക്കുന്നതു പോലെ തലപോക്കി നോക്കി കൊണ്ട്‌ മറ്റൊരുവൻ..!
"ഭാര്യയുണ്ടോ ഇവിടെ തനിക്കൊക്കെ ചായ ഇട്ടു തരാൻ!"എണീക്കെടാ കാലമാടാ"
."..നാശങ്ങൾക്കൊന്നും ഉറക്കവുമില്ല... ഉറങ്ങുന്നവരെ ഉറക്കുകയും ഇല്ല... "എന്ന് പിറു പിറുത്ത്‌ വേറൊരുവൻ പുതപ്പിനുള്ളിൽ മറഞ്ഞു..!
ബാത്തുറൂമിൽ കയറിക്കളയാമെന്ന് തീർച്ചയാക്കി ഞാൻ നടന്നു....ഒന്നു കുളിക്കണം... വെറുതെ ഒന്ന് കറങ്ങിയേക്കാം എന്ന് കരുതി..കൂർക്കം വലിയുടെ അപശബ്ദം എന്നെ വിമ്മിഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു...!
ബാത്തു റൂമിൽ കയറിയ ഉടനെ ഒരു മുട്ട്‌...ഒരു മുട്ടല്ല തുടർച്ചയായി പല മുട്ടുകൾ!
"കുറെ നേരമായല്ലോ?"... കുളിച്ചാൽ പോരെ നീന്തണോ?" അപ്പോൾ എഴുന്നേറ്റു വന്ന ഒരു കരിങ്കാലി ഒച്ചയെടുത്തു..
"ഉറങ്ങുകയാണോ?" -മറ്റൊരുവൻ!
ഇവന്മാരെ വിളിച്ചത്‌ അബ്ദ്ധമായെന്ന് തോന്നി... എല്ലാം ചാടിയെണീറ്റിരിക്കുന്നു..
" ആകെ കിട്ടുന്ന ഒരു ഒഴിവു ദിനം!... വല്ലപ്പോഴുമൊന്ന് അലക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല.. എടാ കൂവേ എറങ്ങിവാടാ.." ക്ഷമയില്ലാത്ത അച്ചായനാണ്‌..
കയറിയിട്ട്‌ അഞ്ചു മിനിട്ട്‌ കൂടിയായില്ല" ഇങ്ങനെ തൊള്ളകീറണോ"? ഞാൻ സീരിയസ്സായി..
"ഹോ നീയാണോ?" അച്ചായൻ പറഞ്ഞു..എന്തോ അച്ചായനെന്നോട്‌ വല്ല്യ സ്നേഹമാണ്‌... എന്നെ മാത്രമൊന്നും പറയില്ല.! അച്ചായൻ കള്ളു കുടിക്കാറില്ല!.. കുടിക്കാഞ്ഞിട്ടാണ്‌ ഈ പ്രകൃതം....ദൈവമേ..!.. പണ്ടു കുടിക്കാറുണ്ടായിരുന്നത്രെ...കുടിച്ചു കിറുങ്ങികിടന്ന ഒരു ദിനം ബാത്തു റൂമാണെന്ന് കരുതി അടുത്ത സുഹൃത്തിന്റെ അലമാര തുറന്നു മൂത്രമൊഴിച്ചത്രെ!!.വേണമെന്ന് വെച്ച്‌ ചെയ്ത ചെയ്ത്താണെന്ന് അയാൾ.. അല്ലെന്ന് അച്ചായനും..!..അയാൾ പിണങ്ങി... അന്നു തൊട്ടിന്നോളം അച്ചായനു കുടി അലർജിയായി!
"ഉറങ്ങി പോകരുതേ...!"വീണ്ടും ഡോറിനു മുട്ടി.. അച്ചായൻ ഓർമ്മിപ്പിച്ചു!..
അപ്പോൾ അലക്കല്ല വിഷയം എന്നെനിക്കു മനസ്സിലായി!
ഞാൻ വേഗം വാതിൽ തുറന്നു...
"മുട്ടി നിൽക്കുന്നവനെ തട്ടി മാറ്റിയിട്ടെന്തു കാര്യം?"
അച്ചായൻ ധൃതിക്കാരനാണ്‌! ഉടുമുണ്ട്‌ ഉടുക്കുന്തോറും എനിക്കു വയ്യായെ എന്ന് പറഞ്ഞ്‌ കീഴ്പ്പോട്ട്‌ ഉരി ഞ്ഞിറങ്ങുന്ന പ്രകൃതം!..യംഗ്‌ ലൈഫൊ?.. ഹിംഗ്സോ" അറ്റ്‌ ലീസ്റ്റ്‌ ഒരു സാധാരണക്കാരന്റെ അഭിമാന മായ പട്ട്‌ കോണകമോ ഉടുത്തിരുന്നുവെ ങ്കിൽ അഭിമാനിക്കാമായിരുന്നു..അതിനാൽ അതുരിഞ്ഞിറങ്ങുമ്പോൾ നമുക്കു കാണാൻ വയ്യായ്യേ ലോകാവസാനം എന്നോർത്ത്‌ നമ്മൾ റൂമേറിയൻസ്‌ ( റൂമേറിയൻസ്‌= റൂമിലുള്ള സകല ജാതി, മതത്തിൽ പെടുന്ന സഹജീവികൾ) കണ്ണടക്കും! ചിലപ്പോഴൊക്കെ അതുരിഞ്ഞു തറയിൽ വീഴും..താഴെ വീഴാറാകുമ്പോഴാണ്‌  മിക്കപ്പോഴും അച്ചായനു ബോധം ഉദിക്കുക ...അതുകേറ്റിപ്പിടിച്ചുടുത്തുകൊണ്ടാണ്‌ വരവ്‌..!...
ഞാൻ പുറത്തെക്ക്‌ തെറിച്ചു..!. സൂപ്പർ ഫാസ്റ്റ്‌ വേഗത്തിൽ അച്ചായൻ ഉള്ളിലും..! .
എക്സ്പ്രസ്സ്‌ വെയിലാണ്‌‌ വണ്ടിയോടിക്കുന്നത്‌ എന്ന മട്ടിലാണ്‌ ഷേവിംഗ്‌.!, പാട്ടീന്റെ മരം.. പൊട്ടി യാൽ പൊട്ടി... പാട്ടിക്ക്‌ നഷ്ടം! ..കിട്ടിയാൽ ..കിട്ടി... പാട്ടിക്ക്‌ ലാഭം!! എന്ന മട്ടിലാണ്‌ നാവു തുടക്കൽ, പല്ലുതേക്കുമ്പോഴുള്ള കോലാഹലങ്ങൾ , ഓക്കാനശബ്ദങ്ങൾ! ആദ്യമായി കണ്ടപ്പോൾ അച്ചായന്റെ പല്ലുതേപ്പ്‌ ഞങ്ങൾക്ക്പേടിയുണ്ടാക്കിയിരുന്നു.. പല്ലു തേക്കുമ്പോഴുള്ള അലർച്ച കഴിഞ്ഞു പിന്നെ ശബ്ദമൊന്നും കേൾക്കില്ല..അടഞ്ഞ വാതിൽ!..ശ്വാസം മുട്ടി ചത്തു കിടക്കുകയാണോ എന്നു വിചാരിച്ച്‌ .പുറത്ത്ശ്വാസം മുട്ടി ഞങ്ങളും!... ഒടുവിൽ ഞങ്ങൾ മുട്ടി നോക്കും...
എന്തെടാ എന്ന കനമുള്ള ശബ്ദംകേൾക്കുമ്പോൾ ഞങ്ങൾ പരുങ്ങികോണ്ട്‌ പറയും... " ഒന്നൂല... അടിയങ്ങള്‌ ജീവനുണ്ടൊന്ന് നോക്കിയതാ?"
കയറിയതിനേക്കാൾ വേഗത്തിൽ കുളിവരെ കഴിച്ച്‌ അച്ചായൻ ബാത്തുറൂമിൽ നിന്നും പുറത്തിറങ്ങി..
റൂമിലെത്തിയ അച്ചായന്‌ ഒരു സംശയം.... ആരോ തന്റെ ടെം പീസിൽ അലാറം മാറ്റി വെക്കുന്നുണ്ടോ?
ഞങ്ങൾ നിസ്സഹായത വെളിപ്പെടുത്തി...എല്ലാവരും കൈ മലർത്തി...
"പിന്നെയാര്‌?"
തന്നെ ആരോ കളിപ്പിക്കുന്നുണ്ടെന്ന് അച്ചായൻ!
ഇല്ലെന്ന് നമ്മളും!
ജാംബവാൻ കാലത്തെ ടെം പീസ്‌!.. ഇഷ്ടൻ ചിലപ്പോൾ വേഗത്തിൽ നടക്കും.. കൊഴിഞ്ഞു പോയ കാലമോർക്കുമ്പോൾ .. തനിക്കും വയസ്സായെന്നോർത്താകണം ചിലപ്പോൾ വളരെ പതുക്കെ നടക്കും..!
നമ്മളാരും ടെം പീസിന്റെ അയൽ പക്കത്തു കൂടിപോകാറില്ല..! അതിനെ പേടിച്ചിട്ടല്ല.. അച്ചായന്റെ വായയെ പേടിച്ചിട്ട്‌!... തുറന്നാൽ തുള്ളിക്കൊരു കുടം പേമാരി എന്ന മട്ടിലാണ്‌ തെറിവിളി!.. ഒപ്പം തെറിച്ചു വിഴുന്ന തുപ്പൽ ശകലങ്ങളും!...അതിനാൽ അയൽ രാജ്യമായ പാക്കിസ്ഥാനേക്കാൾ പേടിക്കുന്ന ഞങ്ങൾ ഒരു നുഴഞ്ഞു കയറ്റം നടത്താറില്ല..! എന്നിട്ടും അച്ചായനു സംശയം!
"ടെം പീസ്‌ തിരിച്ചു വെക്കുന്നവന്മാരുടെ തലയിൽ ഇടിത്തീ വീഴട്ടേ..."
ആരും ഒന്നും മിണ്ടിയില്ല..!
ഒരുനാൾ അച്ചായൻ പൊട്ടിത്തെറിച്ചു!
ടെം പീസെടുത്ത്‌ നിലത്തടിച്ചു...! ഞങ്ങൾ ഞെട്ടി ..! ആകെ നിശബ്ദത!...അയാൾ എന്തൊക്കെയോ പുലമ്പി...! പ്രഷർ കൂടി തളർന്ന അച്ചായൻ!.. ചുറ്റിലും നമ്മൾ! ഞങ്ങൾ അല്ല അതു ചെയ്തതെങ്കിലും... ഞങ്ങൾ അച്ചായന്‌ പുതിയ ടെം പീസ്‌ വാങ്ങികൊടുത്തു..
".. ഇതാ ടെം പീസ്‌..!"
അച്ചായൻ നമ്മളെ അടി മുടി നോക്കി.. പിന്നെ ടെം പീസും!...
"ഇതിന്റെ അലാറവും മാറ്റി വെക്കുമോ..?"
ഞങ്ങൾ ചിരിച്ചു..!അച്ചായനും..!
മറാട്ടിക്കാരൻ പയ്യൻ എന്നെ തോണ്ടി വിളിച്ചു പറഞ്ഞു.." ഇത്‌ അച്ചായന്റെ നമ്പറാണ്‌...!! അവന്‌ തീർച്ചയുണ്ടത്രെ!..
എനിക്കും തോന്നി "ശരിയാണോ.... ദൈവമേ?.... അച്ചായന്റെ പല നമ്പറുകളിൽ ഒന്നായിരുന്നോ ഇതും!!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ