പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 17, 2009

ഒരു ശാപമോക്ഷം!

ആകാശം സുന്ദരിയായിരുന്നു.ഒരു യൗവ്വനയുക്ത..!.പലപ്പോഴും കാണുന്ന കാഴ്ച്ചയാണ്‌, ചുവന്ന കുങ്കുമം ചാർത്തിയ തിരുമുഖം തലമുടിയഴിച്ചുലച്ച്‌ സമുദ്രത്തിൽ പോയി മുങ്ങിക്കുളിക്കുന്നത്‌! ആകാശത്തിന്റെ കുങ്കുമം വീണ്‌ ചുവന്ന തിരകൾ!

"അമ്മ വിളക്കെടുത്ത്‌ പുറത്തേക്ക്‌ ദീപം കാണിക്കുകയാണ്‌... രാമ...രാമ..."
അച്ഛന്റെ പേരും രാമൻ എന്നാണ്‌.. അച്ഛനെയാണോ അമ്മ വിളിക്കുന്നത്‌... പതിവിനു വിപരീതമായി അന്നു ചിന്തിച്ചു...
 ഹേയ്‌ അച്ഛനെയാകില്ല... ഭക്തിപൂർവ്വമായി തന്നെയാണ്‌ ദീപവും കൊണ്ട്‌ അമ്മ വന്നത്‌...മാത്രമല്ല ഇന്നേവരെ അമ്മ ബഹുമാനത്തോടെയല്ലാതെ അച്ചനെ സംബോധന ചെയ്തിട്ടും ഇല്ല. "നിങ്ങൾ! "ഇവരുടെ അച്ഛൻ" എന്നൊക്കെ തന്നെയാണ്‌ സംബോധന! അപ്പൊൾ പിന്നെ അതല്ല! വിളക്കെടുത്തും കൊണ്ട്‌ വന്ന അമ്മ "രാമ... രാമ..." എന്നും പറഞ്ഞു പകുതിക്കു നിർത്തി പറഞ്ഞു
..." എടാ... ചട്ടിയിൽ ഒരു ചകിരിയെടുത്തു വെച്ച്‌ പുകയിട്ടേ.. രാമ..രാമ...രാമ"
അപ്പോൾ പിന്നെ അതാണ്‌ കാര്യം... അമ്മയുടെ ജപം മുടക്കാൻ പോലും ശക്തിയുള്ള ആ മഹാന്മാർ സ്വന്തം വീട്ടിലേക്ക്‌ കയറുന്ന ലാഘവത്തോടെയാണ്‌ അകത്തേക്ക്‌ ആഞ്ഞു പിടിക്കുന്നത്‌... പുറത്ത്‌ ഉലത്തുന്ന...ഉലാത്തുന്ന... സോറി.. ഏതാണെന്നറിയില്ല... എന്നേയും ഓടിച്ചിട്ടു കടിക്കുന്നതിനാൽ വേഗത്തിലാണ്‌... എന്റെ ഉലാത്തൽ...!
ചട്ടിയിൽ ചകരിവെച്ച്‌ സാമ്പ്രാണി പുകച്ചു..
 പുകച്ചു പുകച്ചു വീട്‌ പുകഞ്ഞു കറുത്തുവെ ന്നതല്ലാതെ അവന്മാർക്ക്‌ ഒരു കൂസലുമില്ല!...
സഹികെട്ടപ്പോൾ രൗദ്രഭാവം പൂണ്ട്‌ വല്ല്യമ്മ പടവാളില്ലേങ്കിൽ ചൂലെങ്കിൽ ചൂലെന്ന ഭാവത്തോടെ റൂമായ റൂമൊക്കെ ഓടിനടക്കുകയാണ്‌...ശത്രുസംഹാരത്തിന്‌..! പെയിന്റ്ടിച്ചിട്ട്‌ അധികനാളായിട്ടില്ല!.. ശത്രുരക്തം വീഴ്ത്തി പ്രേതാലയം പോലെ ചുമരാക്കുമെന്നഭീതിയിൽ അമ്മ വലിയമ്മയുടെ പിറകെ.. സമധാനിപ്പിക്കൻ ഒരു വിഫലശ്രമം!!
"കൊന്നാൽ പാപം തിന്നാൽ തീരും" എന്നനിഷ്കളങ്കമായ എന്റെ തമാശകേട്ട്‌.. " അവനു തന്നെ വറുത്തു കൊടുക്ക്‌ അവറ്റകളെ...നല്ലോണം തിന്നട്ടെ!!" എന്ന് പെങ്ങളുടെ കമന്റ്‌...
ഞങ്ങളുടെ കോലാഹലത്തിനിടയിൽ വന്ന കുടുംബസുഹൃത്ത്‌ പറഞ്ഞു....ആൾ ഗാന്ധിയനാണ്‌..  "ഇവറ്റകൾക്ക്‌ ജീവിക്കാൻ രക്തം വേണമെന്ന് എല്ലാവർക്കും അറിയാം.. എന്നാൽ വേണ്ടത്‌ കുടിച്ചിട്ട്‌ മിണ്ടാതെ പോയാൽ പോരെ... രക്തം കുടിക്കുന്നതോ പോകട്ടെ, ചെവിയിൽ ഒരു കച്ചേരിയും...മറ്റെന്തും സഹിക്കാം അതാ സഹിക്കാൻ പറ്റാത്തത്‌.!!"
പാവം!! നന്ദി സൂചകമായി ഒരു പാട്ടെങ്കിലും ആയികൊട്ടെന്നു കരുതുന്നതിനു കിട്ടുന്ന കൂലി..!!
ഇന്നാൾ ഒരു ദിവസം അമ്പലത്തിൽ പോയപ്പോഴും അതു തന്നെ സ്ഥിതി..!.." ബ്രാഹ്മണനെ ചണ്ഡാലനാക്കുകയായിരുന്നു അവിടെ.. ചന്ദനം കൊടുക്കുന്ന അയാൾ ഒന്ന്, രണ്ട്‌, മൂന്ന്.. എന്ന് പറഞ്ഞ്‌ കൊന്നു തള്ളുകയാണ്‌.
"ഇതു കാളിക്ഷേത്രമല്ല ബലികൊടുക്കാൻ എന്നു പറയണമെന്നുണ്ട്‌" പക്ഷെ...എല്ലാം വിഴുങ്ങും...!
"...ഏട്ടാ സുഖമല്ലേ എന്ന് പറഞ്ഞു കണുവെട്ടിച്ച്‌ അൻപതു പൈസ, അഞ്ചു രൂപ നാണയതുട്ടിനിടയിലേക്കെറിഞ്ഞു.. അഞ്ചു രൂപയാണു ദക്ഷിണയായി നൽകിയതെന്നു തോന്നിപ്പിച്ചു മാറിനിൽക്കും..അപ്പോൾ അയാൾ ഒരുപാടു സം സാരിക്കും...ചിലപ്പോൾ തണ്ണീനമൃതിന്റെ ഒരു കഷ്ണം കിട്ടിയെന്നിരിക്കും!!...അബദ്ധത്തിൽപോലും നോക്കാൻ ഭയക്കുന്ന സുന്ദരമുഖമുള്ള എന്നെ ചന്ദനം വാങ്ങാൻ വരുന്ന തരുണീമണികൾ ഒന്നു നോക്കും..എവൻ ആരെന്ന മട്ടിൽ!!... മതി.. അത്രമതി!!" ഒരു ക്ഷുദ്രജീവിയെക്കൊണ്ട്‌ അതില്ലാതാക്കണോ?
ഇടത്‌ കൗൺസിലറിന്റെ ആളുകൾ വന്ന് ഇടത്‌ ഭാഗത്ത്‌ മരുന്നടിക്കും .. എവൻ വലതു ഭാഗത്ത്‌ വരും..വലത്‌ കൗൺസിലറിന്റെ ആളുകൾ വലതു ഭാഗത്തു മരുന്നടിക്കുമ്പോൾ എവൻ ഇടത്‌ ഭാഗത്ത്‌ വരും.!
സഹികെട്ടപ്പോൾ " ഗുഡ്‌ നൈറ്റ്‌" വാങ്ങി വെച്ചു... ക്രമേണ "ഗുഡ്നൈറ്റിനോടും.." ഹായ്‌..! ഗുഡ്‌ നൈറ്റ്‌ എന്നു പറഞ്ഞ്‌ ചുംബനം വരെയായി" എന്ന ഘട്ടത്തിലാണ്‌ അമ്മാവന്റെ വരവ്‌!...
" എന്താ പ്രശ്നം..!
"പ്രശ്നം എവൻ കൊതുക്‌" അച്ഛൻ തട്ടിവിട്ടു"
'അത്രേയുള്ളു.." അമ്മാവൻ!..."
"അത്രമതിയല്ലോ?.." അച്ഛൻ!
" എങ്കിൽ ചൈനീസ്‌ ബാറ്റ്‌ വാങ്ങിച്ചാൽ മതി..." ഉപദേശം പോലെ അമ്മാവൻ.
" ബാറ്റ്മിന്റൻ കളിക്കുന്നതു പോലെ കളിക്കുകയും ചെയ്യാം ശരീരം അനങ്ങിയാൽ ഭൂമി കുലുങ്ങുമോന്ന് പേടിച്ച്‌ നടക്കുന്ന ഇവനോക്കെ എക്സർസൈസുമാകും" അമ്മാവന്റെ ഉപദേശം ഫലിച്ചു..!
പിറ്റേന്ന് തന്നെ ചൈനീസ്‌ ബാറ്റു വാങ്ങി..!
" ഹിത്‌ കൊള്ളാമല്ലോ? അന്നു മുതൽ കളി തുടങ്ങി... പിന്നെ ഞാനായി ക്യാപ്റ്റൻ!.. റഫ്രിയായി അയൽപക്കത്തുള്ള കുട്യോളും..എന്റെ പെങ്ങളുടെ കുട്ടിയും!"
പിന്നീടുള്ള കോലാഹലം ഞങ്ങളുടേത്‌..!
ആദ്യമൊക്കെ ചത്തുകിടന്ന കൊതുകുകൾക്ക്‌ കാര്യം പിടികിട്ടി...!.. ചത്തുകിടന്നാലും പറന്നു നടക്കണം എന്നവർക്ക്‌ മനസ്സിലായി.!!
ക്രമേണ ചത്തു കിടന്നവൻ പറന്നു നടക്കാൻ തുടങ്ങി..! സംഗതി പന്തിയല്ലെന്നറിഞ്ഞ അമ്മ ചത്തു കിടന്നവരെയെല്ലാമെടുത്തു ദഹിപ്പിച്ചു..!

"ഞാൻ പറഞ്ഞു   " അസുര ജന്മം!... അവറ്റകൾക്ക്‌ അമ്മയുടെ കൈകൾകൊണ്ടെങ്കിലും ശാപമോക്ഷം കിട്ടട്ടെ..!".അങ്ങിനെ അധർമ്മികൾക്കും ശാപമോക്ഷം കിട്ടി.!

(എൻ:ബി:.ഞങ്ങൾ ധർമ്മസംസ്ഥാപനത്തിനായി പൊരുതുകയാണ്‌ കൊതുകു കടിയേറ്റ എല്ലാവർക്കുമായി സമർപ്പണം!)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ