പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 25, 2009

ഉമ്മറിന്റെ കച്ചോടം!

അന്ന് സൗറാബി സന്തോഷിച്ചു..ഇത്രയും കാലത്തിനിടയ്ക്ക്‌ ആദ്യമായി ഒരു തൊഴിൽ ചെയ്യാൻ കെട്ടിയോൻ ഒരുങ്ങി പുറപ്പെടുകയാണ്‌..അനാദി കച്ചോടം!.. അതാണ്‌ ഉമ്മർ പറഞ്ഞത്‌... അങ്ങു ദൂരെയാണെന്നും.. സൗറാബിയാണ്‌ കച്ചോടത്തിനുള്ള മൂലധനവും കൊടുത്തത്‌ ....

മണിയറയിൽ ഏതു നേരവും ചടഞ്ഞു കൂടിയിരിക്കുന്ന കെട്ടിയോനായ ഉമ്മറിനെ പുറത്തിറക്കാൻ പെട്ട പാട്‌ സൗറാബിക്കേ അറിയൂ...
" അയമ്മദാണ്‌ കൂടെയുള്ളത്‌.... അതാ പ്രശ്നം!... ഒ‍ാൻ കലക്കുന്നോനാ...ആരും കാണാതെ പാലിൽ മോരൊഴിച്ച്‌ മിണ്ടാണ്ടിരിക്കണ ഹിമാറാ ഓൻ..!. പുളിച്ചാലെ മറ്റുള്ളോരറിയൂ..!"" സൗറാബി ഉമ്മയോട്‌ വിവരം പറയാൻ പോയപ്പോൾ പറഞ്ഞു..
"പടച്ചോനേ..!.. ഉമ്മ പേടിച്ചു!
'അങ്ങനെ പേടിച്ചാ പറ്റോ? കുഞ്ഞിത്താത്ത..ഓരുക്കും ന്ത്തെങ്കിലും ചെയ്യേണ്ടേ..?" അനിയത്തി റഹ്മത്ത്‌ പറഞ്ഞു..
"ങാ! അതും ശരിയാ!"- പഠിപ്പു കാരിയായ അനിയത്തിയുടെ വാക്കുകൾ കേട്ട്‌ സൗറാബി പറഞ്ഞു..

അഞ്ചു കിടാങ്ങളും സൗറാബിയെ പൊതിഞ്ഞു എടങ്ങേറാക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത്തെത്‌  ഇരട്ട പ്രസവവും..!.ഒരുത്തൻ കുരുത്തം കെട്ടോൻ ഞാന്ന് കിടന്ന് മുലകുടിച്ചും കൊണ്ടിരിക്കുകയാണ്‌. മറ്റവരവനെ തൊഴിച്ചു താഴെയിടാനും ശ്രമിക്കുന്നുണ്ട്‌.. !ഒരു യുദ്ധം കഴിഞ്ഞാലെ എല്ലാർക്കും പാലു കിട്ടൂ.. സമർത്ഥന്‌ നല്ലോണം!..ഇല്ലാത്തതിനു കുറച്ച്‌..!
" ആകെ അയാക്കറിയാവുന്ന കച്ചോടാ.. ഇത്‌. അതിനുമിടുക്കനാ. അള്ളാ തരുന്നത്‌ കൈനീട്ടി മാങ്ങണം ന്നാ മൂപ്പരു പറയ്ക!... പടച്ചോൻ പോലും ഞമ്മളെ എടങ്ങേറ്‌ കാണുന്നില്ലന്റെ റബ്ബേ..! നിർത്താനും മൂപ്പരു ബിടൂല!" പത്തു മാസം പേറീറ്റല്ലേ ...നമ്മള്‌.. ഇവറ്റകളെ..അള്ളാ..!  കുഞ്ഞുങ്ങൾക്ക്‌ മുലകൊടുത്തും കൊണ്ട്‌ സൗറാബി പറഞ്ഞു..

" അള്ളാന്റടുക്കാ ന്യൂനപക്ഷോം..ഭൂരിപക്ഷോം ഇല്ലല്ലോ കുഞ്ഞീത്ത..ഇണ്ടാരുന്നെങ്കീ നമക്കും സംവരണം വേണം ന്ന് പറഞ്ഞിട്ട്‌..ഒരുമാ സത്തെനോ രണ്ടു ദിവസത്തേനോ കൊണ്ട്‌ കാര്യം സാധിക്കാരുന്നൂ... പത്തുമാസം പേറാണ്ട്‌ കഴിക്കാരുന്നു...ഒരു ഡിസ്കൗണ്ട്‌!..ഇല്ലേ കുഞ്ഞീത്താ"-- റഹ്മത്ത്‌ കളിയായി പറഞ്ഞു.

"നീ പോടി ബലാലേ ... പഠിച്ചെയിന്റെ ചൊരുക്കാ അനക്ക്‌!"

"അങ്ങോർക്ക്‌ ത്രെക്കും ഇഷ്ടാന്നെ... മൊഞ്ചത്തീന്ന ബിളിക്ക്യ.. ബിളികേട്ടാ ഒ‍ാരുടെ അടുത്തുന്നും മാറാൻ തോന്നൂല്ല!"

"അതല്ലേ അനുഭവിക്കുന്നത്‌!"

"ഞീ മിണ്ടാതെ പോയ്ക്കോ .. അനക്ക്‌ പഠിക്കണങ്കീ പഠിക്ക്‌! അല്ലാണ്ടേ മൂത്തോരു പറയുന്നിടത്ത്‌ അനക്കെന്ത്‌ കാര്യം!" റഹ്മത്തിന്റെ തമാശദഹിക്കാതെ സൗറാബി പറഞ്ഞു..
ഇനിയും നിന്നാൽ അടി ഉറപ്പാണെന്ന് റഹ്മത്തിനു തോന്നി.. മെല്ലെ വലിഞ്ഞു..
വൈകുന്നേരത്തോടെ സൗറാബി സ്വന്തം വീട്ടിലേക്കും..!

ഒരുമാസം കഴിഞ്ഞപ്പോൾ ഉമ്മർ വന്നു... കൂടെ ഒരു ചൊകന്ന പെണ്ണും.!
"ആരാണ്ടാ ഇത്‌?" സൗറാബിക്ക്‌ മനസ്സിലായില്ല... ഉമ്മർ വന്ന പാടെ അകത്തേക്ക്‌... പിറകെ വന്ന പെണ്ണും ഒപ്പം അകത്തേക്ക്‌..! സൗറാബിക്കത്‌ പിടിച്ചില്ല... വിസ്താരം തുടങ്ങി..
" അബിട നിക്ക്‌... ഞീ .. ഐബിടപോണ്‌.." ആരാണ്‌ ഞീ..?"
ഉമ്മറാണതിനു മറുപടി പറഞ്ഞത്‌... ഒരു പണിക്കാരിനെ ബെക്കണം ന്ന് ഞീ എന്നോട്‌ പറഞ്ഞില്ലേ.. ഒ‍ാളാ.. അയിനും..മാണ്ടി കൊണ്ട്വന്നതാ..!"
സൗറാബിക്കത്ര വിശ്വാസം പോരാ... അത്രേയ്ക്ക്‌ വിശ്വാസം വന്നെന്ന് ഉമ്മറിനും.!.. ന്നാലും നടക്ക്വോന്ന് നോക്കാലോ!! അത്രെയുള്ളു ഉമ്മറിന്റെ മനസ്സിലും..

വലിഞ്ഞുകേറി വന്നവൾ അധികാര സ്ഥാപനത്തിനൊരുങ്ങുന്നത്‌ സൗറാക്കത്ര പിടിച്ചില്ല..! അവൾ കിടക്കയിൽ കിടക്കുന്നു.. ഉമ്മർ പലതും കാട്ടികൊടുക്കുന്നു.. ചിരിക്കുന്നു..!

'ന്റെടുത്തും ന്ന് മാറാത്ത പുയ്യാപ്ലക്കെന്ത്‌ പറ്റി.. ഇപ്പം ആ പണിക്കാരി പെണ്ണിന്റെ അടുത്തും ന്ന് മാറുന്നില്ലാലോ..കിണുങ്ങുന്നു.. ബർത്താനം പറയുന്നു.അവൾ പണിയെടുക്കുമ്പോൾ നോവുന്നത്‌ ഉമ്മറിനാണെന്ന് സൗറാക്ക്‌ മനസ്സിലായി..പുയ്യാപ്ല എന്തോ ഒപ്പിച്ചിരിക്കുന്നു.. അതും ഞമ്മളുടെ പണം കൊണ്ട്‌....മനസ്സിൽ വെള്ളിടി വെട്ടി...
"ടീ.. ഇബിടെ വാടി... അതാ ഇന്റെ റൂമ്‌.! "ഒരു ചെറുമുറി കാട്ടി സൗറാ പറഞ്ഞു...
"ങ എന്തിന്റെ പുറപ്പാടാ..?
" ടീ.. ന്റെ ബെ ഷമം...നിക്കറിയാം... നമ്മളെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ നാലുകെട്ടാന്ന്..! ഓളെ ഞമ്മള്‌ കെട്ടി...സൗറബിയെ പേടിയാണെങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ ഉമ്മർ പറഞ്ഞു"
സൗറാബിക്കതു താങ്ങാനായില്ല!... പുയ്യാപ്ലേന്റെ സ്നേഹം പകുക്കുവാൻ പുതിയ അവതാരം..!
"ഇത്‌ പണ്ടത്തെ കാലാ... ഒരുമ്പെട്ടോനേ..!" കോപിച്ച്‌ സൗറാബി പറഞ്ഞു..
" മലപ്പുറത്തെ ഡാകിട്ടർ ആയിഷു ന്നാള്‌ .. പറയുന്നത്‌ കേട്ടിട്ടില്ലേ ടീബീല്‌...ഓക്കെന്തെ പഠിപ്പില്ലാഞ്ഞിട്ടാ... ഞമ്മളാക്ക്‌ നാലു കെട്ടുന്നതിന്‌ ഒരു കൊയപ്പൂം ല്ലാന്ന്..!!"
" അത്‌ ഓക്ക്‌..!... അത്‌ ഇബിടപറ്റൂല... ഓക്ക്‌ അതു സുയിക്കണുണ്ടാകും.. ഖുർ ആനിൽ പറയുന്നെന്നും പറഞ്ഞിട്ട്‌ ഞമ്മള പറ്റിക്കേണ്ട.. അതു ഈ സൗറാബീന്റെടുക്ക നടക്കൂല.."
"ഓൾ പണിക്കാരിയായിട്ട്‌ നിന്നോട്ടേ... എന്താ.." ഉമ്മർ പറഞ്ഞു..
സൗറാബിക്കതു രസിച്ചു..!..
" ഖുർ ആൻ പറഞ്ഞ്‌ മനസ്സിലാക്കാംന്ന് ബെച്ചാലും മനസ്സിലാക്കൂല..! ബലാല്‌..!അപ്പപിന്നെ ഇതേ ഒരു വഴിയുള്ളു.." ഉമ്മർ നിനച്ചു.
ഉമ്മറു കുഴങ്ങിപ്പോയി..
അടുക്കളയിൽ പണികൾ കൂടുന്നത്‌ പണിക്കാരിയായി ചമഞ്ഞു വന്ന മണവാട്ടിക്ക്‌ മനസ്സിലായി.. ഉമ്മറാണെങ്കിൽ സൗറാബിയെ പേടിച്ച്‌ അടുക്കുന്നും ഇല്ല..മടുത്തപ്പോൾ മണവാട്ടി ഉമ്മറോട്‌ പറഞ്ഞു... " ഞാമ്പോണ്‌..! ഇങ്ങള്‌ ബരുന്നുണ്ടേങ്കീ ബന്നോളീ.. അനക്കിങ്ങനെ നിക്കാം പറ്റൂല..!"
" നിക്കാം പറ്റൂലാങ്കി കെടന്നോ? എന്ത്യെയ്‌" സൗറാബി പറഞ്ഞു.
"ഓളു പാവാണ്‌ സൗറാ... ഉമ്മർ പറഞ്ഞു..
"ഇങ്ങളിതിൽ എടപെടേണ്ട.. ഇങ്ങളെ പണി നോക്കികോളി..." സൗറാബീയുടെ താക്കീത്‌.
ഉമ്മർ നിസ്സഹായൻ കൈമലർത്തി.. ഉമ്മറിന്റെ അവസ്ഥ അവൾക്കും മനസ്സിലായി..അവൾ പെട്ടിയെടുത്തിറങ്ങി...

സൗറാബി രണ്ടായിരം ഉറുപിക കയ്യിൽ നിർബന്ധിച്ചു കൊടുത്തു പറഞ്ഞു..." ന്നാ ബാങ്ങിക്കോളീ... രണ്ടായിരം ഉറുപ്യണ്ട്‌.. കുറച്ചായി ഇബിട പണിയെടുത്ത തല്ലേ... ബെറുക്കനെ പോണ്ടാ..ബയിക്കെ ചെലവിനിരിക്കട്ടേ"

മണവാട്ടി ഉമ്മറെ ഒരു നോക്ക്‌ നോക്കി.. പിന്നെ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു...... ഉമ്മർ മണിയറയിലേക്കും...!.. അതോടെ ഉമ്മറുടെ പുറത്തെ കച്ചോടം നിന്നു...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ