പേജുകള്‍‌

തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2010

ഗതകാല സ്മരണ!

"ള്ളേ..ള്ളേ.". അകത്തൊരു കരച്ചിൽ!

"..കുട്ടി ആണാണ്‌.!"

"അമ്മയ്ക്കൊരു കുഴപ്പവും ഇല്ല! അതൊന്നും പേടിക്കേണ്ട"!.."- മലി ചീയ്യേയി എന്ന പ്രസവമെടുപ്പു കാരി പറഞ്ഞു.

മലി ചീയ്യേയി പറഞ്ഞാൽ അച്ചട്ടാണ്‌!.. ഡോക്ടർമാർ പുറകിൽ നിൽക്കണം!.. ആൺ കുഞ്ഞാണോ, അതോ പെൺകുഞ്ഞാണോ എന്നൊക്കെ ലക്ഷണം കണ്ട്‌ ഗണിച്ച്‌ പറഞ്ഞു തരും!

രണ്ടു ദിവസം മുൻപാണ്‌ അവർ വന്നത്‌... എന്താണ്‌ സംഭവം എന്നൊന്നും അവന്‌ വല്യ പിടിയില്ലായിരുന്നു... ഒന്നറിയാം വല്യമ്മ വയറു വീർത്തിട്ടാണ്‌ വന്നത്‌..!വയറു വീർത്ത്‌ പൊട്ടാനായതു പോലെ..!!

ഡോക്ടരുടെ പദവിയാണ്‌ ഭാണ്ഡവും കെട്ടിപൊതിഞ്ഞു വന്ന മലി ചീയ്യേയി എന്ന പ്രസവമെടുപ്പു കാരിക്ക്‌ വീട്ടുകാർ കൊടുക്കുന്നത്‌..ഇന്നെത്തെ പോലെ ആർഭാടപ്രസവം ആളുകൾക്ക്‌ പുശ്ചമായതു കൊണ്ടും , പൈസക്കുറവു കൊണ്ടും മാത്രമല്ല അന്നൊക്കെ ഡോക്ടർ വളരെ അപൂർവ്വമായ ജനു സ്സിലോ, ജീവിയിനത്തിലോ പെടുന്നവരായതു കൊണ്ട്‌ കൂടിയാണ്‌ ഇതൊക്കെ അരങ്ങേറിയിരുന്നത്‌..!.

". എനിക്ക്‌ ഒന്നും ചെയ്യാൻ പറ്റണില്ലല്ലോ.. എന്റെ തേവരെ!""- എന്ന് പുറത്ത്‌ വന്ന് പറഞ്ഞാലാണ്‌ ഡോക്ടരുടെ അടുത്ത്‌ തലച്ചുമടായോ എപ്പോഴെങ്കിലും അബ്ദ്ധവശാലോ, ഭാഗ്യത്താലോ കിട്ടിയേക്കാവുന്ന വാഹനത്തിലോആൾക്കാർ പ്രസവക്കാരിയെ കൊണ്ടു പോവുക..സംഭവം ഗൗരവമാണ്‌എന്നർത്ഥം!..ഇന്നത്തെ പോലെ പറയുകയാണെങ്കിൽ കാറിൽ മെഡിക്കൽ കോളേജിൽ പോയി ആംബുലൻസ്‌ പിടിച്ചു ആർഭാടമായി വരാമെന്ന് സാരം!..

....അപ്പോൾ പഴയ എം. ബി .ബി. എസ്സ്‌ കാരൻ ഡോക്ടർ വെറുതെ പറയും.." ചോറെല്ലാം പോയി കഞ്ഞിയായപ്പോഴാണോ എന്റെടുക്കൽ കൊണ്ടുവരുന്നത്‌?.."

. അവർ തീരും എന്ന് ഉറപ്പായാൽ ഡോക്ടർ മുൻ കൂർ ജാമ്യമെടുക്കുന്നതാണ്‌!..രക്ഷപ്പെട്ടാൽ ഡോക്ടറുടെ കൈപുണ്യം..! രക്ഷപ്പെട്ടില്ലെങ്കിൽ അവരുടെ വിധി!.. അല്ലാതെ അങ്ങാടിയിൽ തോറ്റാൽ ഡോക്ടറുടെ പിടലി ഉളുക്കിക്കുന്ന പുതിയ പരിപാടി അരങ്ങേറാറില്ല.. ആശുപത്രിയുടെ ജനാല ചില്ലുകൾ ചാത്തനേറു പോലെ തകർന്നു നിലം പൊത്താറില്ല!...ആശുപത്രിയിലെ ചില ഗമ ശാലികളായ നേഴ്സ്മാരുടെ നമ്മളും സാധാരണക്കാരായ മനുഷ്യരാണ്‌എന്ന നിലയിലേക്ക്‌ താഴ്‌ന്നു വരുന്ന നിലയിൽ കൈത്തണ്ട ഒടിയാറില്ല എന്നൊക്കെ സാരം!

അല്ലെങ്കിലും എത്ര ലാഘവത്തോടെയാണ്‌ അന്നത്തെ സ്ത്രീകൾ പ്രസവിച്ചത്‌?... ഉരലും ഉലക്കയുമെടുത്ത്‌ അരികുത്തുമ്പോൾ പാതിക്കു നിർത്തി പ്രസവം!... അലക്കുമ്പോൾ പാതിക്കു നിർത്തി ഓടിപ്പോയി പ്രസവം!... ഇന്ന് ഒന്നാം മാസത്തിൽ തന്നെ ആട്ടുകട്ടിലിൽ കിടന്ന് സുഖിച്ചു ഡോക്ടർ വന്ന് തീയ്യതി കുറിച്ച്‌ വയറു കീറിയ ആശ്ചര്യകരമായ പ്രസവം!..എന്താശ്ചര്യം.ഒരു ആശ്ചര്യവുമില്ല!. നിത്യ സംഭവം!.. വയറു കീറാതെങ്ങിനെയാ പ്രസവിക്കുന്നേ എന്ന് ചോദിക്കും പുതിയ തലമുറ!.

...ഒരു പക്ഷെ ഇതൊക്കെ "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം " എന്ന ഒരു പഴയ ഒറ്റമൂലിയായിരിക്കുമോ?.. ആയിക്കൂടായ്കയില്ല... ജീവിക്കേണ്ടത്‌ എല്ലാവരുടേയും ആവശ്യമാണ്‌ .. മാന്യമായി ജീവിക്കുന്നതിന്‌ ന്യായമായ പണം വേണം...ന്യായമായ പണത്തിന്‌ അന്യായമായ ചില ചെയ്ത്തുകളും ചിലപ്പോൾ വേണ്ടി വരും!..അതു നല്ലവനായാലും കെട്ടവനായാലും!..ഇല്ലേങ്കിൽ ഒന്നിനും കൊള്ളാത്ത കൃമിയായി വാഴാം!

..ചിലപ്പോൾ വയറു കീറൽ മാത്രമല്ല ചോദിക്കാനും പറയാനും ആളില്ലേങ്കിൽ മറ്റു ചില അമൂല്യങ്ങളായ അവയവങ്ങളും രണ്ടെണ്ണമെന്തിനാ വെറുതെ കിടന്ന് അളിഞ്ഞുപോകാൻ കിടക്കുന്നത്‌ എന്നൊക്കെ ധരിച്ച്‌ വശായി, വശക്കേടായി സാമൂഹ്യ സേവനത്തിന്‌ അടിച്ചെടുത്തു കൂടായ്കയില്ല! ..അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തോർക്ക്‌ അവയവങ്ങൾ എന്തിനാ രണ്ടെണ്ണം!..ഒരെണ്ണം ഉണ്ടായാലും ജീവിക്കാം!

..അവൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അതു സംഭവിച്ചത്‌!..

തികച്ചും ഒറ്റയാനായ അവന്‌ ആരും കൂട്ടുണ്ടായിരുന്നില്ല.. എന്നും മരണത്തെ കുറിച്ച്‌ ആലോചിച്ചു നടന്ന ഒരു കുട്ടി!... ആരെങ്കിലും മരിച്ചാൽ പൊട്ടിക്കരയുന്ന ആൾക്കാരെ കണ്ട്‌ സങ്കടപ്പെട്ട്‌ തന്റെ ജീവനെടുത്ത്‌ അയാൾക്ക്‌ കൊടുത്ത്‌ അയാളെ ജീവിപ്പിക്കണേ എന്ന് പ്രാർത്ഥിച്ചു നടന്ന കുട്ടി!.. എന്തിനായിരുന്നു അങ്ങിനെ ചിന്തിച്ചത്‌ എന്ന് വലുതായപ്പോൾ തല നാരിഴ കീറി പരിശോധിച്ചപ്പോൾ മനസ്സിലായത്‌ ഒറ്റയാനായിരുന്നു അവനെപ്പോഴും എന്നതായിരുന്നു...

ഏട്ടനുണ്ട്‌, ഏട്ടത്തിയും ഉണ്ട്‌.. എങ്കിലും അനിയനോ അനിയത്തിയോ ഇല്ലല്ലോ എന്ന ഒരു പരിഭവം!.. തന്നെ എന്നും നോവിക്കുന്ന ഏട്ടൻ , പരിഹസിക്കുന്ന ഏട്ടൻ അതല്ലാതെ താൻ പറയുന്നത്‌ കേൾക്കാൻ ആരും തയ്യറായിരുന്നില്ല..ഒരനുജനുണ്ടായിരുന്നെങ്കിൽ പൊന്നു പോലെ അവനെ നോക്കാമായിരുന്നു... "എടാ " എന്നല്ലാതെ വീട്ടിൽ വിളികൾ ഉണ്ടാകുമായിരുന്നില്ല... വല്ലപ്പോഴും വരുന്ന വല്യമ്മയുടെ മോനേ എന്ന വിളി കേൾക്കുമ്പോൾ ഹൃദയം അലിഞ്ഞ്‌ അലിഞ്ഞില്ലാതാകും!

എപ്പോഴോ ഒരു നാൾ ദേഷ്യത്തിൽ അമ്മ വഴക്കു പറഞ്ഞപ്പോൾ സങ്കടം സഹിക്കവയ്യാതെ കായ്യാലപുറത്തു നിന്ന ഏതോ കാട്ടു വള്ളിയിൽ നിന്നു കുറേ കായ്കൾ പറിച്ച്‌ വിഴുങ്ങി മരിക്കുവാൻ തന്നെ നിശ്ചയിച്ചു.. ഇപ്പോൾ ചാകും എന്ന് സ്വപ്നം കണ്ടു നടന്നു..

" എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന മട്ടിൽ ചാകാതെ അവൻ!"

അയാൾ ദൈന്യതയിൽ ചിരിച്ചു..." ഏകനാണ്‌ ഞാൻ !.. ഇപ്പോഴും!.. എപ്പോഴും!

ലീവിൽ ആണ്ടിലൊരിക്കൽ വരുന്ന അച്ഛൻ!..ഒരു പാട്‌ സാധനങ്ങൾ കൊണ്ടു വരും!.. അതിൽ തനിക്കുള്ള ഷർട്ടും പാന്റും ഒക്കെയുണ്ടാവും!.. പിന്നെ മിഠായികൾ!.. ഒന്നോ രണ്ടോ മാസം ഉണ്ടാവും.. പിന്നെ പോകും!..പിന്നെ അടുത്ത വർഷമേ ലീവിൽ വരൂ!

"എന്താ?..നന്നായി പഠിക്കുന്നുണ്ടോ?"

ഊവ്വ്‌ എന്ന് തലയാട്ടും!

സാധനങ്ങൾ എടുത്ത്‌ തന്ന്.". ഇതാ ഇതെടുത്തോളൂ"

ആകെ തന്നോട്‌ അന്ന് അച്ഛന്റെ പറച്ചിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ..

" സാധനങ്ങൾ എടുത്ത്‌ അകത്തേക്ക്‌ പോയാൽ പിന്നെ അച്ഛന്റെ മുന്നിൽ വരാറില്ല!.. പേടിയായിരുന്നോ? അതോ സങ്കോചമോ?" .. അച്ഛനെന്ന് പറഞ്ഞാൽ ആണ്ടിൽ ഒരു പ്രാവശ്യം വരുന്ന ഒരു വ്യക്തിയായിരുന്നു അന്നൊക്കെ... ഒരു മാവേലി ശൈലി!.. സ്വന്തം സുഖം ഉപേക്ഷിച്ച്‌ കഠിനമായി അധ്വാനിച്ചു കുടുംബത്തിനെ പോറ്റുന്ന മഹദ്‌ വ്യക്തിയാണെന്ന് പിന്നീടാണവൻ അറിഞ്ഞത്‌.. അതും വലുതായപ്പോൾ അച്ഛനെ പോലെ താനും ജീവിത വൃത്തിക്കായി നാടു വിട്ടപ്പോൾ!

വിചിത്രസ്വഭാവമായിരുന്നു അമ്മയുടേത്‌!.. സ്നേഹത്തിന്റെ നിറകുടം!.. പക്ഷെ പുറത്തു കാണിക്കില്ല!.. ആരും കാണാതെ കറിക്കത്തിയെടുത്ത്‌ വല്ല മരത്തടിയും എടുത്ത്‌ തോണി പോലെ ഉണ്ടാക്കാൻ ശ്രമിക്കും... ആദ്യത്തെ വെട്ട്‌ മരക്കൊമ്പിലാണെങ്കിൽ രണ്ടാമത്തെ ഉന്നം കാലിലായിരുന്നു...ആരും കാണാതെ കറിക്കത്തി എവിടെയിരുന്നു മുൻപ്‌ അവിടെ തന്നെ വെച്ച്‌ ആരൊടും പരിഭവമില്ലാതെ അവൻ നടന്നു...

രക്തം ഇറ്റിറ്റു വീണ പാടുകൾ വീട്ടിൽ നിറയും!.. അമ്മയുടെ അന്വേഷണ ത്വര അവനിലേക്ക്‌ എത്തും...

..സ്വന്തം കാലു പോലും മുറിക്കാനുള്ള സ്വാതന്ത്ര്യം അവനില്ല!.

".. ഇങ്ങടുത്തു വാടാ.. നിന്റെ കൈ മുറിഞ്ഞോ?

"ഇല്ലാ"- അവൻ!

"കളവു പറയുന്നോ?" ഇങ്ങടുത്തു വന്നേ.. കാണട്ടേ"- അമ്മ

" ഇല്ല കൈ മുറിഞ്ഞിട്ടില്ല!"

മുറിഞ്ഞെന്ന് പറഞ്ഞാലുള്ള പുകില്‌!...തമ്മിൽ ഭേദം ആ കത്തി കൊണ്ട്‌ സ്വന്തം തലയറുത്ത്‌ ചാകുന്നതാണെന്നു തോന്നും!

" നീയ്യടുത്തു വാടാ.." നോക്കട്ടേ"- അമ്മ.

അത്രയ്ക്ക്‌ സ്നേഹമാണ്‌ അമ്മ കാണിക്കുക... മുറിഞ്ഞ ആൾ ജീവനും കൊണ്ട്‌ ഓടിക്കൊള്ളണം!... മുറിവു വന്നെന്ന് തീർച്ചയായെങ്കിൽ സ്നേഹത്തോടെ അടുത്തു വിളിച്ച്‌ ..ഠേ..ഠേ.. എന്ന് നാല്‌ പെട തരും .. പിന്നീടേ മുറിവെവിടെ, രക്തമെവിടെ എന്ന അന്വേഷണം ഉള്ളൂ... മുറിവു പറ്റിയാലും പോര, വേദന പറ്റി കരയാതെ, ആരോടും പരിഭവം പറഞ്ഞില്ലെങ്കിലും അടി ചികിൽസയ്ക്ക്‌ ഒരു മുടക്കവും ഉണ്ടാകില്ല.. വേദനയ്ക്കോപ്പം അടി!..അതായത്‌ മുറിവിന്‌ പ്രഥമ ശുശ്രൂഷ അടിഎന്നു വരെ വരുത്തി തീർത്ത അമ്മ!

ഒ‍ാരോ ഗതികേട്‌!

രക്തം കുറു കുറാന്ന് ചാടുന്നുണ്ടാകും.. അനുസരണയില്ലാത്ത കത്തി... അതു പോലെത്തെ രക്തം!

അടിച്ചതിനു ശേഷം അമ്മയുടെ കണ്ണീൽ കണ്ണീർ വരും!..അടിച്ചതു കൊണ്ടുള്ള വിഷമം കൊണ്ടോ?.. അതോ മുറിവു പറ്റിയ ആഴം കണ്ടിട്ടോ ..? ആ ആർക്കറിയാം!

"...എന്തായാലും ഒരു അനിയനോ അനിയത്തിയോ വേണം.. അവനെ പൊന്നു പോലെ വളർത്തുമല്ലോ..വേദനിപ്പിക്കാതെ , സ്നേഹിച്ച്‌.. സ്നേഹിച്ച്‌.... പൊന്നേ.. മുത്തേ .. എന്ന് മനസ്സിൽ വിളിച്ച്‌.. ചിലപ്പോൾ കേൾക്കെ വിളിച്ച്‌.. ചിലപ്പോൾ ഏട്ടൻ തനിക്ക്‌ തരുമ്പോലുള്ള ചെറിയ മേട്ടം തലയ്ക്ക്‌ കൊടുത്ത്‌, അവൻ കരയുമ്പോൾ അവന്റെ സങ്കടം ഒപ്പിയെടുത്ത്‌ .. കെട്ടിപ്പിടിച്ച്‌.. എല്ലാവർക്കും സ്നേഹമെന്തെന്ന് കാട്ടിക്കൊടുത്ത്‌...!..അങ്ങിനെ, അങ്ങിനെ..!"

"...ചിന്തിച്ചാൽ ഒരു അന്തവുമില്ല... ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന ഒരവസ്ഥ!.. പക്ഷെ ചിന്തിക്കെണ്ടത്‌ ആവശ്യമാണ്‌..!"

...ആരെങ്കിലും തന്നെ സ്നേഹിക്കണം!.. ഏട്ടാ എന്ന് മനം നിറഞ്ഞ്‌ വിളിക്കണം!... "അനിയാ", അല്ലെങ്കിൽ "അനിയത്തീ" എന്ന് മനമലിഞ്ഞ്‌ തിരിച്ചും!!"

"...ള്ളേ !..ള്ളേ..!"- കുഞ്ഞ്‌ കരയുകയാണ്‌..

മലി ചീയ്യേയി എന്ന മഹദ്‌ വനിത മുറുക്കാൻ എടുത്ത്‌ ചവച്ചു..

പിന്നെ മുറ്റത്തേക്ക്‌ ചുണ്ടത്ത്‌ കൈവെച്ച്‌ നീട്ടിയൊരു തുപ്പ്‌!

പഞ്ചാര മണലിൽ രക്ത നിറം പൂക്കളം തീർത്തു!..ചുണ്ടത്തു പറ്റിയ രക്തവർണ്ണങ്ങൾ ഒരു കൈ കൊണ്ട്‌ തുടച്ചു..

വല്യ ഭാവത്തിൽ ട്രൗസറിട്ട്‌ നടന്ന അവനെ വിളിച്ചു.

." എന്താ ചെക്കാ .. സുക്കീളീ പോണ്ടേ..!"

"ഇന്ന് ഞായറാഴ്ചയാ!". ഇസ്കൂളില്ല!...രാവിലെ എഴുന്നെറ്റ്‌ കണ്ണു തിരുമി വന്ന അവൻ പറഞ്ഞു

" മോനേ!.. നിന്റെ വല്യമ്മ പ്രസവിച്ചു..അറിഞ്ഞോ നീയ്യ്‌!"

" മോനെ" എന്ന വിളി അവന്‌ വളരെ ബോധിച്ചു.."ചെക്കൻ, "എടാ" എന്നീ വിളികൾ കേട്ട്‌ മടുത്ത അവന്റെ കാത്‌ ഒന്നു കൂർത്തു. മുറുക്കാൻ ചവച്ച്‌ ഇരിക്കുന്ന അവരെ ശ്രദ്ധിച്ചു..!" "ഇങ്ങടുത്തു വാ!"

അടുത്തേക്ക്‌ പോയി!

" എന്താ?"

" നിനക്ക്‌ കുഞ്ഞിനെ ഇഷ്ടമാണോ?

"ഊവ്വ്‌!"

അതിനെ വേണോ? ‘

അവൻ തലയാട്ടി.പിന്നെ മനസ്സിലുരുൾ പൊട്ടിയ സംശയം പറഞ്ഞു.

"അത്‌ ..അത്‌ .. അത്‌ വല്യമ്മയുടെ കുഞ്ഞല്ലേ..!"

"അവർ പൊട്ടിച്ചിരിച്ചു.."ആരാ പറഞ്ഞത്‌ നെന്നോട്‌?..ഞാൻ വരുമ്പോൾ കൊണ്ടുവന്ന ഭാണ്ഡം കണ്ടില്ലേ...അതിൽ പൊതിഞ്ഞു ഞാൻ കൊണ്ടു വന്നതല്ലേ കുഞ്ഞിനെ?"

" നുണ!.. നുണ!"

" അല്ല മോനേ.. ഞാനാ കൊണ്ടു വന്നത്‌!.. നീ പറ.. നിനക്കു കുഞ്ഞിനെ വേണോ?.. നിന്റെ അനിയനായിട്ട്‌ വളർത്താൻ?

മനസ്സിൽ പൂത്തിരി കത്തി..തന്റെ മനസ്സ്‌ അവർ വായിച്ചിരിക്കുന്നു..തനിക്ക്‌ അനിയൻ!.. അവൻ വല്ലാതെ ആശിച്ചത്‌!

" വേണമെങ്കിൽ പറ!.. ഇല്ലെങ്കിൽ എനിക്ക്‌ മറ്റാർക്കെങ്കിലും കൊടുക്കേണ്ടി വരും.. കുഞ്ഞിന്‌ ആവശ്യക്കാർ എത്രയുണ്ടെന്നറിയാമോ?"

"ഊം.. വേണം!"

" എന്താ ചീയ്യേയി നീ ചെക്കനോട്‌ പറേന്നത്‌?"- അമ്മമ്മ പുറത്തു വന്നു ചോദിച്ചു..

"..അതേയ്യ്‌.. ഇവന്‌ ..കുഞ്ഞിനെ വേണം ന്ന്!"- മലിചീയ്യേയ്യി പറഞ്ഞു..

" എങ്കിൽ അവന്‌ കൊടുത്തേക്കൂ"- അമ്മമ്മ

" ഹായ്‌ അമ്മമ്മയും എന്റെ സൈഡിൽ .. ദാ.. കുഞ്ഞെനിക്ക്‌!"

സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി.. കണ്ണീൽ കണ്ണീരു വന്നു നിറഞ്ഞു..

" എങ്കിൽ താ..!"

" നല്ല കഥയായി.!!. വെറുതേ തരാനോ?.. പണം കൊണ്ടു വാ.. അല്ലാതെ കുഞ്ഞിനെ തരില്ല!.. ഞാൻ കൊണ്ട്‌ പോവും"- അവർ!

" .. ഇതു പുലി വാലായല്ലോ?.. തുള്ളീച്ചാടിയ അവൻ പെട്ടെന്ന് നിന്നു.. അമ്മമ്മ സഹായിക്കാതിരിക്കില്ല.. അമ്മമ്മയുടെ അടുത്തേക്കവൻ ഓടി..

‘ അമ്മമ്മേ.. അമ്മമ്മേ പൈസ താ അമ്മമ്മേ"- എല്ലാം കേട്ടു നിന്ന അമ്മമ്മ ചിരിച്ചു.. പിന്നെ ഹോർലിക്സിന്റെ കുപ്പി പോലുള്ള പൈസ ഇട്ടു വെക്കുന്ന കുപ്പിയിൽ നിന്നും ചില്ലറ തിരഞ്ഞു.. അൻപതു പൈസ എടുത്തു തന്നു...

‘ ചീയ്യേയ്യിയേടത്തി.. ചീയ്യേയ്യിയേടത്തീ ഇതാ പൈസ!"

അതു കൊടുത്തപ്പോൾ മലിചീയ്യേയി ചിരിച്ചു.." അൻപതു പൈസയ്ക്കു കുട്ടിയോ?.. കുട്ടിക്കിപ്പോൾ എത്രയാ പൈസാന്നറിയോ ..ന്റെ മോനേ...മോൻ തന്നത്‌ മുറുക്കാനു കൂടി തികയില്ല! ‘

മുഖം വല്ലാതെ വിളറി ,കരച്ചിലിന്റെ വക്കിലെത്തി.".ഇനി അമ്മമ്മ പൈസതരില്ല... !!"

" എങ്കിൽ കുട്ടിയെ ഞാൻ കൊണ്ടു പോകും ട്ടോ!"-

അവന്റെ കരച്ചിൽ കാണേണ്ട എന്ന് കരുതിയായിരിക്കണം അമ്മമ്മയിടപെട്ടു.

. " ചീയ്യേയ്യി.. കുഞ്ഞിനെ കൊടുത്തേക്ക്‌ ചീയ്യേയ്യി! ഓൻ വല്യ കാശുകാരനായാൽ നിനക്കു നല്ലവണ്ണം പൈസ തരും!"

അമ്മമ്മയുടെ ഉറപ്പിലാണെന്ന് തോന്നുന്നു അവർ പറഞ്ഞു.

." തരുമല്ലോ? തീർച്ചയാണല്ലോ"

" ഊവ്വ്‌!"

"പറ്റിക്കുമോ?"

"ഇല്ല!".. സത്യായിട്ടും ഇല്ല!"

"എങ്കിൽ വാ"

"അകത്തേക്ക്‌ വിളിച്ച്മെല്ലെ കുഞ്ഞിനെയെടുത്ത്‌ അവന്റെ കൈകളിൽ വെച്ച്‌ കൊടുത്തു പറഞ്ഞു.." ഇനി ഇവൻ നിനക്ക്‌.. ട്ടോ.. ആർക്കും കൊടുക്കരുത്‌.. നല്ല വണ്ണം നോക്കണം!" സന്തോഷിച്ചു കണ്ണു നിറഞ്ഞ അവനോട്‌ അവർ പറഞ്ഞു.". ഇനി മതി.. കുട്ടിക്ക്‌ മുല കൊടുക്കണം അതിന്‌ വല്ല്യമ്മയുടെ അടുത്തു വിടുകയാണ്‌!..വലുതാകുമ്പാൾ മോനു തന്നെ തരാൻ വല്ല്യമ്മയോട്‌ ഞാൻ പറയാം ..ട്ടോ.."
"അങ്ങിനെ അവർ കുഞ്ഞിനെയെടുത്ത്‌ വല്യമ്മയുടെ അടുത്ത്‌ കിടത്തി..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മലി ചീയ്യേയ്യി പോയി..

മൂന്നു മാസം കഴിഞ്ഞപ്പോൾ കുട്ടിയേയുമെടുത്ത്‌ വല്യമ്മയും കൂട്ടാളികളും യാത്ര തിരിച്ചു!

അവൻ പൈസ കൊടുത്തു വാങ്ങിച്ച കുട്ടിയെയും കൊണ്ട്‌ പോകുമ്പോൾ ആകെ വിഷമമായിരുന്നു.. എന്നിട്ടും !!..

"ഞാൻ പൈസകൊടുത്തു വാങ്ങിച്ച കുഞ്ഞ്‌!!.. "-അവനു കരച്ചിൽ വന്നു....എന്നിട്ടും തടയാനാകാതെ അവൻ നോക്കി നിന്നു..!

"...വലുതായപ്പോൾ അവൻ തന്നെ ഏട്ടാന്നു വിളിച്ചു ഒപ്പമുണ്ടായോ?... തന്റെ പൊന്നനിയനായി കൂടെയുണ്ടായോ?... എന്ത്‌ എല്ലാം വെറും തോന്നലല്ലേ!!.. സ്നേഹം!!... ആർക്ക്‌?, എപ്പോൾ? , എവിടെ?.."

ഹൃദയത്തിലിട്ടടച്ച അടങ്ങാത്ത അനിയൻ, അനിയത്തി എന്നീ വിചാരങ്ങളുമായി പലരേയും അവൻ സങ്കൽപിച്ചു.. എല്ലാം വൃഥാവിലായിരുന്നു.. ആർക്കു വേണം തന്റെ സ്നേഹം!..

എല്ലാവരും കാര്യ സാധനത്തിനായി അവനെ ഏട്ടാ എന്ന് വിളിച്ചു.കൈപിടിച്ചു നടന്നു.. സ്നേഹം കൊണ്ട്‌ നിറയുകയായിരുന്നു അപ്പോഴൊക്കെ!.. . കാര്യം കഴിഞ്ഞപ്പോൾ ഒന്നും അന്വേഷിക്കാതെയായി..സുഖമാണോന്ന് പോലും!. സ്നേഹം ഹൃദയത്തിൽ നിറച്ച്‌, തന്നെ മനസ്സിലാക്കി എന്നെങ്കിലും അവർ തിരിച്ചു വരുമെന്ന് അവൻ മനസ്സിൽ വൃഥാ സങ്കൽപിച്ചു ചാരു കസേരയിൽ ചാഞ്ഞിരുന്നു..

" ...ഏതെങ്കിലും പെണ്ണുങ്ങളെയൊക്കെ ആലോചിച്ചിരിക്കുകയായിരിക്കും... ല്ലേ..പഴയ ഏതോ പെണ്ണുങ്ങളെ.!!... വിളിച്ചിട്ടു കൂടി അറിയുന്നില്ല..ഒരു ബോധവും ഇല്ലല്ലോ!. ദേ.. ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക്‌ പോവ്വ്വാ.. നേരത്തെ തന്നെ നിങ്ങളോട്‌ പറഞ്ഞില്ലേ!"-ഭാര്യ ഇറങ്ങാൻ നേരം പറഞ്ഞു.

അയാൾ പെട്ടെന്ന് എഴുന്നേറ്റു.." ങേ.. ഞാനിത്ര വേഗം വലുതായോ?.അതോ സ്വപ്നമോ?.. ഛേ..ഞാനെന്താ ഇങ്ങനെ?... ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ.. ഇപ്പോഴും പഴയ വിചാരങ്ങൾ അയവിറക്കി!.അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല!."

" ഉം ശരി!"- അയാൾ മൂളി!

ഞായറാഴ്‌ച, ഓഗസ്റ്റ് 29, 2010

നാണം വേലു!

വേലുവെ ന്ന വേലായുദ്ധൻ... !.. ആളൽപം ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു.. ഒരു സമർത്ഥൻ!.. ഒരു ബുദ്ധി ജീവി ഗണം!..കുത്തൊഴുകുന്ന തന്റെ ചിന്തകൾ ആരും അറിയാതെ നാമാവശേഷമാവുന്നത്‌ കണ്ട്‌ സഹികെട്ടോ എന്തോ ഒരു നാൾ അയാൾ തന്റെ പുത്തൻ ചിന്താധാര സമൂഹ മദ്ധ്യത്തിൽ പ്രകടിപ്പിച്ചു..

" നാണം വിറ്റും പണമുണ്ടാക്കിയാൽ പണം നാണത്തെ കൊണ്ടു വരും!"

വേലുവിന്റെ ചിന്താമണ്ഡലത്തിൽ നിന്നുതിർന്നു വന്ന വാക്യങ്ങൾ മഹദ്‌ വാക്യങ്ങളായി സമൂഹം അംഗീകരിച്ചു..ആളുകൾ ആ മഹദ്‌ വചനം ഹൃദയത്തിലേക്ക്‌ ആവാഹിച്ച്‌ പ്രവർത്തനം ആരംഭിച്ചിരുന്നു.. ചിലർ ശിഷ്യപ്പെട്ടു.!

അങ്ങനെ വേലുവെന്ന വേലായുദ്ധൻ നാണം വേലുവായി!

ആളുകൾ സ്നേഹ പൂർവ്വം വിളിച്ചു

" നാണം വേലുവിന്റെ ഭാര്യ!,

" നാണം വേലുവിന്റെ വീട്‌!.

" നാണം വേലുവിന്റെ മക്കൾ!.


അയാളുടെ ഭാര്യക്ക്‌ അത്‌ കുറച്ചിലായി..അവർക്കയാളെ വെറുപ്പായി..അറപ്പായി!.അവർ പറഞ്ഞു

" ഒരു നാണവും ഇല്ലാത്ത ഈ മനുഷ്യനെകൊണ്ട്‌ തോറ്റു!".

 മക്കൾ കരച്ചിലായി!

" നാശം ചത്താൽ മതി!"..അതയാളെ കുറിച്ച്‌ തന്നെയായിരുന്നു.. അല്ലെങ്കിൽ അവർക്ക്‌ ഉച്ചത്തിൽ പറയാതെ കഴിക്കാമായിരുന്നുവല്ലോ?

അവരുടെ പിറുപിറുപ്പും മക്കളുടെ കുറ്റപ്പെടുത്തലും കേട്ട്‌ ,സങ്കടപ്പെട്ട്‌, നാണക്കേട്‌ കൊണ്ട്‌ ഹൃദയം ബലൂണു പോലെ വീർത്ത്‌ വീർത്താണെന്നു തോന്നുന്നു അയാൾ ദീർഘശ്വാസം വലിച്ച്‌ ഭൂമിയെ വിട്ട്‌ നാണക്കേടും മാനക്കേടും ഇല്ലാത്ത, അറ്റ്ലീസ്റ്റ്‌ ശിഷ്യപ്പെട്ടവരും ഭാര്യയും മക്കളും കണ്ടു മുട്ടാത്ത ഏതോ സ്ഥലത്തു പോയി!..

കരച്ചിൽ ആരംഭിക്കും മുന്നെ മക്കളും ഭാര്യയും ആധാരം നോക്കി!...വിൽ പത്രം നോക്കി.. ! തിട്ടപ്പെടുത്തി.." വിൽ പത്രത്തിലെ അവസാന ഭാഗം ഇങ്ങനെയായിരുന്നു..".. എന്റെ ശരീരം മെഡിക്കൽ കോളേജിനു ദാനമായി നൽകണം!"

അവരെങ്കിലും തന്റെ നാണത്തെ കുറിച്ച്‌ ഗവേഷണം നടത്തട്ടെ എന്നായിരിക്കുമോ ആ ചിന്താശീലന്റെ കാഴ്ചപ്പാട്‌!

ശേഷം ചടങ്ങ്‌.!!. അവർ ഒന്നടങ്കം അലമുറയിട്ടു കരഞ്ഞു... ആളുകൾ ബ്യൂട്ടീ പാലറിലേക്ക്‌ ഓടി മുഖം മിനുക്കി വന്നു... ബന്ധുക്കൾ വിൽ പത്രം നടപ്പാക്കാൻ തുടങ്ങി!...

പുറത്ത്‌ മെഡിക്കൽ കോളേജ്‌ ദല്ലാളന്മാരുടെ പട!...ആർക്കു നൽകും?

" ദാനം നൽകാൻ പറ്റില്ല.. പണം നൽകിയാൽ നൽകാമെന്നായി"

കൂടുതൽ പണം നൽകിയവർക്ക്‌ സ്വകാര്യമായി , തർക്കം നടത്തിയവർ കൈമാറി..കമ്മീഷനടിച്ചു!

അലമുറയിട്ടു കരയുന്ന ഭാര്യയുടെ കൈയ്യിൽ ആ തുക നൽകി... അവർ കര ച്ചിൽ നിർത്തി പണമെണ്ണി നോക്കി.. യാതൊരു നാണവുമില്ലാതെ പറഞ്ഞു.

." .വന്ന എല്ലാവരേയും പരിഗണിച്ചിരുന്നോ?..ഒന്നു കൂടെ മൂപ്പിച്ചിരുന്നുവെ ങ്കിൽ ഇതിൽ കൂടുതൽ കിട്ടില്ലായിരുന്നോ?"

മക്കളുടെ കരച്ചിലും നാണവും മാറിയിരുന്നു.. പണം പങ്കിടാൻ അവരും തർക്കം തുടങ്ങിയിരുന്നു..

അയാളുടെ ചിന്താധാരയോട്‌ അകന്നു നിന്നിരുന്ന ഭാര്യയും മക്കളും അയാളുടെ മഹദ്വചനങ്ങളോട്‌ സമരസപ്പെട്ട്‌ ശിഷ്യന്മാരായപ്പോൾ ആളുകൾ മൂക്കിൽ വിരൽ വെച്ച്‌ പറഞ്ഞു.." നാണം വേലുവിന്റെ ബന്ധുക്കൾ!

ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

എനിക്ക്‌ ചോദ്യമുണ്ട്‌... നിങ്ങൾക്ക്‌ ഉത്തരവും:

" കല്ലറകളിൽ ഉറങ്ങിക്കിടക്കുന്ന ലോകം വിറപ്പിച്ച വില്ലാളി വീരന്മാരെന്തേ അധർമ്മത്തിനെതിരെ ശബ്ദിക്കാത്തത്‌?"

" അവർ മണ്ണിലലിഞ്ഞു മണ്ണായി!"- പരിഹസിച്ചു ചിരിച്ച്‌ നിങ്ങൾ ഉത്തരമേകിയേക്കാം..

"ഇപ്പോഴും മരിക്കാത്ത ഈജിപ്തിലെ പ്രതാപികളായ രാജാക്കന്മാരുടെ മമ്മികളെന്തേ ഇപ്പോൾ പഴയ പോലെ ആളുകളെ കണ്ണുരുട്ടി ഭയപ്പെടുത്താത്തത്‌?"

" അവർ മിണ്ടാൻ കഴിയാത്ത വെറും ശവശരീരങ്ങളായെന്ന ഉത്തരം കേട്ട്‌ ഞാൻ തൃപ്തിപ്പെട്ടോളാം!"

എങ്കിൽ ഭീകരന്മാരായ അധർമ്മികൾ നിരപരാധികളെ വെട്ടുന്നതും, കൊല്ലുന്നതും ജീവനുള്ള നിങ്ങൾ കാണുമ്പോഴെന്താ ഒരു കുരുത്തോല കൊണ്ടു പോലും വീശിയാട്ടാത്തത്‌?
- നിസ്സാരന്മാരിൽ നിസ്സാരനായ എന്റെ ചോദ്യം.!

"അവർ ശക്തന്മാരാണ്‌!.. സംഘടിതരും!"

എന്തിനും ഏതിനും മുറവിളി കൂട്ടുന്ന, സമരിക്കുന്ന, മറ്റുള്ളവരുടെ മേൽ കുതിര കയറാൻ മിടുക്കുള്ള മിടുക്കന്മാരായ നിങ്ങളുടെ ഉത്തരം എന്നെ ഉലച്ചു കളഞ്ഞിരിക്കുന്നു..

നാവു വിഴുങ്ങിക്കൊണ്ട്‌, തലങ്ങും വിലങ്ങും നോക്കി, ഭയത്തിനു അറുതി വരുത്തി പറഞ്ഞ, വിജ്ഞാനികളായ നിങ്ങളുടെ ജ്ഞാനം തുളുമ്പുന്ന ഉത്തരം ശ്രവിച്ച്‌ ഭീരുവെന്ന് പോലും വിളിക്കാനറച്ച്‌ എന്റെ ഭ്രാന്തൻ ചോദ്യവും അവരുടെ ഉത്തരവും കിട്ടാത്ത എല്ലാവർക്കും എറിഞ്ഞു കൊടുക്കുന്നു..

എന്തിനും ഏതിനും നിങ്ങൾക്കുത്തരമുണ്ട്‌ എന്ന് സന്തോഷിച്ച്‌ ഞാൻ പിൻതിരിഞ്ഞു നടക്കുകയാണ്‌.

പിടഞ്ഞു വീഴുന്ന നിരപരാധികളുടെ അറുക്കപ്പെടുന്ന ശരീരഭാഗങ്ങൾകണ്ട്‌, പിടഞ്ഞൊടുങ്ങുന്ന ശവങ്ങൾ കണ്ട്‌ വിറങ്ങലിച്ച്‌ നിൽക്കാതെ എനിക്ക്‌ പൊട്ടിക്കരയണം... ശ്മശാനങ്ങളിൽ കല്ലെടുത്ത്‌ അടുപ്പു കൂട്ടി അൽപം ചോറു വെച്ച്‌ അവരുടെ ആത്മാവിനേയും ഊട്ടി ആ കല്ല് തന്നെ തലയിണയായി വെച്ച്‌ എനിക്കും അൽപനേരമെങ്കിലും ശയിക്കണം!

വിറങ്ങലിച്ച്‌ നിൽക്കാൻ ശീലിച്ച എല്ലാവരും വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഒരു നിസ്സാരൻ അത്രെയെങ്കിലും സമാധാനിച്ചോട്ടേ!

നഗര ശോഭ!

അല്ലയോ റിയലെസ്റ്റേറ്റുകാരാ,
നമുക്കീ നഗരത്തെ മോടിയാക്കണം,
നഗരത്തിൻ ശോഭകെടുത്തും,
മൊട്ട മല വേരറുത്തവിടെ
എവറസ്റ്റ്‌ പണിയണം!

എന്ത്‌ പക്ഷികളുണ്ടെന്നോ?
നല്ല മുളകരച്ചു കറി കൂട്ടി,
ശ്രാദ്ധമുണ്ട കൈമണം,
മാറ്റിയ കാലമെത്രയായി!

എന്ത്‌ മൃഗങ്ങളെന്നോ?
തോലെടുത്ത്‌ മമ്മിയാക്കി-
പ്രദർശനം വർഷങ്ങളായല്ലോ?

പാപം നുരച്ചു പൊങ്ങും,
കറുത്ത ഹലുവ പുഴകളുണ്ടല്ലോ?
വേരോടെ പിഴുതെടുത്ത,
മൊട്ടമല അവയ്ക്ക്‌
മോക്ഷമേകുമല്ലോ?

നമുക്കിനി പുഴയുടെ ചിത്രം മതി,
നമുക്കിനി മലയുടെ തെർമോകോൾ
രൂപം മതി!
 
വെക്കുന്നു മൊബൈലിൽ,
പൈസയില്ല,
പണി ഉടൻ തുടങ്ങട്ടേ!
1)  കണ്ണാടിയുടെ ഉപദേശങ്ങൾ!

വിലപിച്ചിട്ട്‌ കാര്യമില്ല,
വിലാപം പാപമാണ്‌ മകനേ,
അതു നിന്നെ ചവിട്ടിത്താഴ്ത്തും!,
സന്തോഷിച്ചിട്ടു കാര്യമില്ല,
സന്തോഷം അഹങ്കാരമാണ്‌ മകനേ,
അതു നിന്നെ നശിപ്പിക്കും..
അസൂയപ്പെട്ടിട്ട്‌ കാര്യമില്ല!
അസൂയ അലങ്കാരമല്ല മകനെ
അതു നിന്നെ തളർ വാദത്തിലാക്കും!
ശപിച്ചിട്ട്‌ കാര്യമില്ല,
ശാപം ദ്രോഹമാണ്‌ മകനേ,
അതു നിന്നെ വേട്ടയാടും!
പ്രതികാരം ചിന്തിക്കരുത്‌,
പ്രതികാരം ദുരന്തമാണ്‌ മകനേ,
അതു നിന്നെ നിന്ദ്യനാക്കും!
സൗന്ദര്യത്തെ ചിന്തിക്കരുത്‌
സൗന്ദര്യം ശാപമാണ്‌ മകനേ,
അതു നിന്റെ ജീവിതം കുട്ടിച്ചോറാക്കും!

-----------------------------------------------------
2) ഉത്തമം!

എനിക്കങ്ങനെ ഒരു കഴിവുണ്ടായിരുന്നു വെങ്കിൽ ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകില്ല... സന്തോഷിച്ച്‌, സന്തോഷിച്ചു പണ്ടാരമടങ്ങി നീ സന്തോഷത്തോട്‌ വിരക്തിയുള്ളവനായി മാറും! ...എനിക്ക്‌ തന്നെ പാരവെച്ച്‌ നടക്കും!

എനിക്കതിനു കഴിവുണ്ടായിരുന്നു വെങ്കിൽ ഞാൻ നിന്നെ നരകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകില്ല, നരകിച്ച്‌ , നരകിച്ച്‌ നീ നരകമാണ്‌ സ്വർഗ്ഗമെന്ന് ധരിച്ച്‌ നാശമായി പോകും!!..എന്നോട്‌ തന്നെ ആസ്വദിക്കാൻ പറയും!
നിനക്ക്‌ ത്രിശ്ശങ്കു സ്വർഗ്ഗമാണ്‌ നല്ലത്‌!,

അവിടെ ഇടയ്ക്ക്‌ ചിരിക്കാം,

ഇടയ്ക്ക്‌ കരയാം,

ഇടയ്ക്ക്‌ വിഷാദത്താൽ

മൂകനായിരിക്കാം.
---------------------------------------------------

വ്യാഴാഴ്‌ച, ഓഗസ്റ്റ് 26, 2010

അലക്കുകാരൻ രാജൻ!

അയാൾ ഗൾഫി ലെ കൃഷിയിടങ്ങളിൽ പണിയെടുത്തിട്ടുണ്ട്‌, ഈന്തപ്പനയിൽ വലിഞ്ഞു കയറിയിട്ടുണ്ട്‌.., മുൻസിപ്പാലിറ്റിയിൽ കരാറു പണിയെടുത്തവന്മാരുടെ ജോലിക്കാരനായി ഓടകളിൽ നിരങ്ങിയിട്ടുണ്ട്‌, കടലിൽ പോയിട്ടുണ്ട്‌..എല്ലാം കഴിഞ്ഞ്‌ നാട്ടിൽ ലീവിനു വരുമ്പോഴൊക്കെ ആളുകൾ അയാളെ ഗൾഫുകാരൻ എന്ന ഒറ്റപ്പേരിലേ വിളിച്ചുള്ളൂ...

ഗൾഫൊക്കെ വിട്ട്‌ നാട്ടിൽ എന്തെങ്കിലും ബിസിനസ്സ്‌ തുടങ്ങണം.." അയാൾ തീരുമാനിച്ചു..

നല്ല ബിസിനസ്സ്‌ ഇവിടെ ലൗണ്ട്രിയാ...അയാളുടെ മനസ്സ്‌ പറഞ്ഞു.. കടമെടുത്ത്‌, ബാങ്കിനോട്‌ കടം പറഞ്ഞ്‌ അയാൾ ലൗണ്ട്രി തുടങ്ങി!.. സാമാന്യം തരക്കേടില്ലാത്ത വരുമാനം!

ആളുകൾ അയാളെ തിരിച്ചറിയാനും അറിയിപ്പിക്കാനും തുടങ്ങി

..." അലക്കുകാരൻ രാജൻ!'...

അങ്ങിനെ അറിയപ്പെടാൻ ഇഷ്ടപ്പെടാതെ അയാൾ ഒരു നാൾ ആളുകളോട്‌ പരിഭവം പറഞ്ഞു...".. എന്താ കഥ!.. അലക്കുകാരനെ കലക്ടർ എന്ന് വിളിക്കാൻ പറ്റ്വൊ?... മന്ത്രീന്ന് വിളിക്കാൻ പറ്റ്വോ."- ആളുകൾ അയാളെ യാദാർത്ഥ്യം പറഞ്ഞു ബോധ്യപ്പെടുത്തി..

ഇനി നിങ്ങളുടെ അലക്കും വേണ്ട .. കടയും വേണ്ട..!..ആളുകളുടെ അലക്കുകാരൻ വിളി കേൾക്കുമ്പോൾ തൊലിയുരിയുന്നു.. സ്വൽപം ജാഡയും അതിലേറെ അഹങ്കാരവും ഉള്ള ഭാര്യ കട്ടായം പറഞ്ഞു..

അയാൾ കടപൂട്ടി സീലു വെച്ചു!...അപ്പോഴും ആളുകൾ വിളിച്ചു.
." അലക്കുകാരൻ രാജൻ!"

മറ്റൊരു തൊഴിലും അറിയാത്ത, ഒന്നിലും പച്ച പിടിക്കാത്ത രാജൻ! ബാങ്കുകാരുടെ തോയിര്യം സഹിക്കാനാകാതെ ഹാർട്ട്‌ അറ്റാക്കായി ഭൂമി ജീവിതം അവസാനിപ്പിച്ചു...

വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകളും ബാങ്കും അയാളെയും മക്കളേയും അലക്കിക്കൊണ്ടിരുന്നു..

ഒരു ദരിദ്രവാസിക്ക്‌ പറയാനുള്ളത്‌!

എൻ ശരീരം എന്നെക്കാൾ,
കടുത്ത അഭിമാനി,
ആരോ വെച്ചു നീട്ടും,
കുബേര ഭക്ഷണം,
പോലും വിലക്കുന്നു!

എൻ ഉദരം എന്നെക്കാൾ,
വലിയ നിഷേധി!
എന്നെയോർത്തുള്ളം കലക്കും,
ദുർബല ചിത്തരുടെ,
സ്നേഹസമ്മാനമായ,
രാജഭക്ഷണം കണ്ട-
ലറി വിളിക്കുന്നു!

എന്റെ നാവോ എന്നേക്കാൾ,
വലിയ താന്തോന്നി,
രുചികരമാം ഭക്ഷണം,
ഉമിനീരിൽ മായം പടർത്തി
രുചികേടാക്കി തിരിച്ചു നൽകുന്നു.

ചക്രവർത്തിയുടെ
ചിന്തയുമായി,
ചക്രവർത്തിയുടെ
മനസ്സുമായി,
ഞാനേകിയ,
സന്ന്യാസിയുടെ ഭക്ഷണം,
മടിയും പിറുപിറുപ്പുമില്ലാതെ,
ആസ്വാദ്യതയോടെ
സ്വീകരിച്ചവർ,
നന്ദി ചൊല്ലി മിണ്ടാതിരുന്നു!

പണമുള്ളവന്‌ രാജഭോജന-
മാസ്വാദ്യകരം!
പാവപ്പെട്ടവന്റെയുദരം,
കണ്ടറിഞ്ഞെല്ലാം നിഷേധിക്കും!
ചില നേരങ്ങളിൽ കൊണ്ടറിഞ്ഞും!

ബുധനാഴ്‌ച, ഓഗസ്റ്റ് 25, 2010

ഉപദേശികൾ!

1) ഒന്നാം ഉപദേശി


"വെറുതേ സ്വർണ്ണം വെച്ചിട്ടേന്തിനാ?
നാട്ടിൽ കേണു നടപ്പൂ!"

ഉപദേശിയുടെ ഉപദേശം കേട്ട്‌ അയാൾ സന്തോഷത്തോടെ തലകുലുക്കി.. അടുപ്പത്ത്‌ വെച്ച കഞ്ഞിക്കലത്തിനിട്ടൊരു ചവിട്ടു കൊടുത്ത്‌ കാന്തയുടെ കെട്ടു താലിയെടുത്ത്‌ പണയം വെച്ച്‌ പണം വാങ്ങി, പുന്നെല്ല് കണ്ട പെരുച്ചാഴിയെ പോലെ  പുഞ്ചിരിച്ച്‌.. ഷാപ്പിൽ കേറി.... കുടിച്ച്‌.. കുടിച്ച്‌.. കുടിച്ച്‌...!
2) രണ്ടാം ഉപദേശി!

ഡോക്ടറാക്കാൻ എരണം കെട്ട്‌ ഇറങ്ങി മനക്കോട്ട കെട്ടി നടന്ന് കാലു തേക്കുമ്പോൾ, ഇതുവരെ ഉപദേശം കൊടുത്തതല്ലാതെ ജീവിതത്തിൽ പകർത്തിയിരിക്കാൻ ഇടയില്ലാത്ത ഉപദേശിയുടെ കവല പ്രസംഗം!

എഞ്ചിനിയറെങ്കിലും ആകുമെന്ന് ബെറ്റു വെച്ച മകൻ തിരിച്ചു വന്ന് കലമെടുത്ത്‌ അടുപ്പിൽ വെച്ച്‌ പുളിശ്ശേരി വെച്ച്‌ പുളിച്ച്‌.. പുളിച്ച്‌.. പുളിച്ച്‌..!

3) മൂന്നാം ഉപദേശി

അമ്മ പറഞ്ഞു ശുഭകാര്യങ്ങൾക്ക്‌ പോകുമ്പോൾ മധുരം കഴിക്കണമെന്നാ?
!!!!!
നിന്നെ ഞാൻ വീട്ടിൽ വിട്ടാലോന്ന് ആലോചിക്കുകയാ!-അവൻ!!
അവൾ  ചിരിച്ചു..

....മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടി!......നാട്ടുകാരുടെ വക കുറച്ച്‌ എല്ലുകളും!
കണ്ണീൽ പൊന്നീച്ച പാറിയപ്പോൾ അവനു മനസ്സിലായി...
...എല്ലാം മായ! ...സംഭവിച്ചതെല്ലാം നല്ലതിന്‌!

മരണം!

ഭയമോ?
എന്റെയീ ജന്മത്തിൽ,
ആർക്കു ഞാനേകിയെൻ വാക്ക്‌!
എന്നെന്ന്, എന്തിനെന്ന്?
എവിടെയെന്ന്,
എപ്പോൾ എരിഞ്ഞൊടുങ്ങി,
അസ്തമനമെന്ന്!

നിരാശയോ?
കനിവില്ലാത്ത ലോകത്ത്‌,
കനിവില്ലാത്ത ജീവിതം!
തോറ്റോ? ജയിച്ചോ?
എപ്പോൾ? എവിടെ?

നിൻ അട്ടഹാസം,
എൻ അട്ടഹാസത്തിലൊതുങ്ങി,
നിൻ പരിഹാസം,
എൻ പരിഹാസത്തിലമർന്ന്!
നിൻ അസൂയ,
എൻ അസൂയയിൽ വിലയിച്ച്‌,
മല്ലിടിച്ച്‌ പരസ്പരം പോരടിച്ചീ-
ജീവിതം തകർത്തു ചാഞ്ചാടണം!

ചവിട്ടിയരയ്ക്കപ്പെട്ട ജീവിതം,
ചവിട്ടിമെതിക്കപ്പെട്ട്‌,
നിന്ദ്യമാക്കിയ ആത്മാക്കൾ,
നിന്ദ്യമായിക്കൊണ്ടീ,
ലോകം വിടുമ്പോൾ,
സന്തോഷമെന്നോ?
സങ്കടമെന്നോ?

പിറകെയെത്തുമീ-
കൈത്തുമ്പിൽ നിയ്യുമുണ്ട്‌,
നിന്നെ നീയ്യാക്കിയ-
ഞാനുമുണ്ട്‌!
 
ഈ പിടച്ചിൽ,
അനിവാര്യതയുടെ താളം!
കായലീ ഭൂലോകം,
വലക്കാരൻ യമൻ,
വലയീ ജന്മ പുണ്യശാപം!
മൽസ്യങ്ങൾ,ജീവിവർഗ്ഗങ്ങൾ,

കുടുങ്ങിയൊടുങ്ങി,
അസ്തമിക്കേണ്ടതീ
ആകാശ ഗംഗയാം
തീരഭൂമിയിൽ!

അകക്കണ്ണടച്ച്‌,
പുളഞ്ഞു മദിച്ച്‌,
നീന്തിത്തുടിച്ച്‌
നടക്കാമതുവരേക്കും
വലക്കാരന്റെ വീശലിൽ,
കുടുങ്ങീടുമാ സായന്തനത്തിൻ,
നഷ്ടബോധമില്ലാതെ!
ഭീതിയേതുമില്ലാതെ!

ചൊവ്വാഴ്ച, ഓഗസ്റ്റ് 24, 2010

നിരപരാധി

അകത്തിരുന്നോക്സിജൻ-
ശ്വസിച്ച്‌ മനം പിരട്ടി ,
പുറത്തിരുന്ന് കാർബൺ-
ശ്വസിച്ച്‌ ശ്വാസം മുട്ടി ,
കുഴഞ്ഞു വീണു!

വീണതാണെന്നും,
വീഴ്ത്തിയതാണെന്നും,
തർക്കം മൂത്ത്‌-
കോടതിയിലെത്തി,
വക്കീലന്മാരുടെ കാർബൺ,
ശ്വസിച്ച്‌,
ജഡ്ജിയുടെ ഓക്സിജനില്ലാത്ത,
സിലിണ്ടറിൻ ഓക്സിജൻ,
ശ്വസിച്ച്‌,
വീണ്ടും കുഴഞ്ഞു വീണു,
കണ്ണടച്ചു!

ആരാണ്‌ വമ്പൻ!

നോട്ട്‌ മാല വേണ്ടവനെല്ലാം,
പ്രശംസ കൊണ്ടവനെ മൂടി,
വോട്ട്‌ ബാങ്ക്‌ വേണ്ടവരെല്ലാം,
നോട്ടുകൾ കൊണ്ടും,
കിട്ടാത്തമുന്തിരിക്കുഴറി,
കൂവി വിളിച്ച്‌ ചിലരും!.

കോലാഹലങ്ങൾക്കിടയിൽ,
വീർപ്പുമുട്ടും നമുക്ക്‌,
തുണ്ടം പഞ്ഞി പോലുമില്ലല്ലോ?
മൂക്കിലും വായിലും പിന്നെ,
ചെവിയിലും തിരുകി,
ശാന്തമായൊന്നുറങ്ങാൻ!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2010

കാക്കയുടെ ചിന്തകൾ (14)

"ചുമരുണ്ടായിട്ടു വേണ്ടേ ചിത്രമെഴുതാൻ!"
ഒട്ടിയ വയറുമായി ജനത്തിന്റെ നെടുവീർപ്പ്‌!

"മുഖമുണ്ടായിട്ടു വേണ്ടേ മുഖ ചിത്രമെഴുതാൻ!"

വീർത്ത കുംഭ തടവിക്കൊണ്ട്‌ നേതാവിന്റെ പരിഹാസം!

"ശമ്പളം ആയിരം ഇരട്ടിയായി പ്രഖ്യാപിച്ച്‌ ഒരു നാൾ സഭ പിരിയും!"-- കാ... കെരാ..ക്രാ..ക്രാ..ക്രാ.. സഭയിലെ ജനാധിപത്യത്തിന്റെ കളി തമാശ കണ്ട്‌ കാക്കയ്ക്ക്‌ അറപ്പു തോന്നി മിമിക്രി കാട്ടി!

ആദ്യാന്തം!

1) ആഗ്രഹം
--------------
 എടുത്തെറിയുകയീ-
 മൺ അട്ടകളെ,
 ചോര കുടിക്കും
 കുളയട്ടകളെ!
=================================
2) ആവേശം!
-----------------
ഒരു കാറ്റെങ്കിലും വീശുമെങ്കിൽ,
ഞാനീ പർവ്വതം തകർത്തെറിയുമായിരുന്നു,
ഒരു ചെറുകണമെങ്കിലും തെറിക്കുമെങ്കിൽ,
ഞാനീ ചെളികൾ കുടഞ്ഞെറിയുമായിരുന്നു.
===============================
3) പരവേശം!
---------------
നെറികെട്‌ കണ്ട്‌,
നരിയായി വന്ന്,
സിംഹത്തെ കണ്ട്‌,
പൂച്ചയായി മാറി,
പതുങ്ങി നിന്നു.
എലിയെ കണ്ടിട്ടു വേണം
ഇനി സടകുടയാൻ!
=================
4) അഹന്ത!
-------------
അംബര ചുംബിക്കുമുണ്ടാകും,
ചുംബനത്തിൻ കണക്കു ചൊല്ലാൻ,
അമ്പല കുളത്തിനു മുണ്ടാകും,
തെളി നീരിൻ കീഴിൽ,
ചെളി പൂഴ്ത്തിവെച്ച കണക്കു കാട്ടാൻ,
ചെളിയുടെ നീരൂറ്റിയെടുത്ത്‌,
തഴച്ച ആമ്പൽ പൂവും കണക്ക്‌ ചൊല്ലിയേക്കാം,
ചെളി ചവിട്ടിയില്ലെന്ന അഹങ്കാരം!

ഞാനവനെ കണ്ടില്ല

"കുട്ടി?"

"സുഖമായിരിക്കുന്നു."പറഞ്ഞു കേട്ട കഥ വെച്ച്‌ ഞാൻ പറഞ്ഞു .

ഉദരത്തിലുള്ള അവനെ, അവളോടൊപ്പം പറഞ്ഞയക്കുകയായിരുന്നു.. 28 ആം ദിവസത്തിലേക്ക്‌ അവൻ കാലെടുത്തു വെക്കുകയാണ്‌!.. അവനെന്നെ ഇതേവരെ കണ്ടില്ല ഒരു നിഴലായി പോലും!.. ഞാനവനെ കണ്ടില്ല ഒരു ചിത്രം പോലും!...എന്നെപോലെ നിഷേധിയെങ്കിൽ, അവൻ പറയാൻ പഠിച്ചെങ്കിൽ നിങ്ങളെന്തച്ഛൻ എന്ന് പരിഹസിക്കുമായിരിക്കും!.. ഓരോ പ്രവാസി മേഖലകളിലും എന്നെക്കാൾ ദു:ഖമോ നിരാശയോ പേറുന്ന ഒരു പാട്‌ സമൂഹങ്ങളുണ്ടെന്ന തിരിച്ചറിവിലൂടെ സഹികെട്ട എന്റെ കമ്പളി പുതപ്പെന്നെ മൂടി പുതപ്പിച്ച്‌ ഉറങ്ങാൻ പറഞ്ഞു!

ഞായറാഴ്‌ച, ഓഗസ്റ്റ് 22, 2010

തിരുവോണം!

തിരുവിതാം കൂറിന്റെ ഓണമോ?
തിരുവോണം!
തൃശ്ശൂരിന്റെ ഓണമോ
തിരുവോണം!
മാവേലിയെ ചൊല്ലി വടം വലി!

കൊച്ചിക്കാരൻ
കൊച്ചിനെയുമെടുത്ത്‌,
കൊഞ്ചിപ്പറഞ്ഞത്‌,
കോട്ടയത്ത്‌ കാരൻ
കൊട്ടിക്കൊണ്ട്‌ തിരുത്തി,
കൊല്ലത്ത്‌കാരൻ കൊലവിളിച്ചു,
മലപ്പുറക്കാരൻ മുറം കൊണ്ട്‌ വീശി

തിരുവനന്തപുരക്കാരന്റെ
കുത്തിത്തിരിപ്പിന്‌,
കണ്ണൂരുകാരൻ കണ്ണുരുട്ടി,
കോഴിക്കോടു കാരൻ,
കോമരമാടി,
കാസർക്കോട്ട്‌ കാരൻ,
കസറി കൊണ്ട്‌ കാളി,
ഇടുക്കികാരൻ ഇരുകണ്ണുമിറുക്കി,
വയനാടു കാരൻ വായനയ്ക്കിരുന്നു
ആലപ്പുഴക്കാരൻ അലമുറയിട്ടു
പാലക്കാട്ടു കാരൻ പാടികൊണ്ട്‌ വന്നു,
പത്തനം തിട്ടക്കാരൻ പത്തലുമായി വന്നു..
തൃശ്ശൂരുകാരൻ തിരശ്ശീലയിട്ടു,



ചാനലച്ചന്റെ തീർപ്പ്‌ കേൾക്കാൻ,
കയ്യാലപ്പുറത്ത്‌ കേറി,
പെണ്ണുങ്ങളുടെ കൈകൊട്ടി കളി,
ആണുങ്ങളുടെ ഓണത്തല്ല്!

വികാരിയും,വെളിച്ചപ്പാടനും,
മൊയ്‌ല്യാരും,
അവേശിച്ച്‌ കുന്നിറങ്ങി-
മലയിറങ്ങി വന്ന,
മാവേലിയെ ആർപ്പു വിളിയോടെ,
കൂക്കു വിളിയോടെ സ്വീകരിച്ചു!

ചാനലച്ചന്റെ മായമുള്ള
മാവേലി കണ്ട്‌,
മായമുള്ള മാനുഷ്യരെല്ലാം
മായമുള്ള ഒന്നു പോലെയായി!

ലക്ഷത്തിന്റെ പൂക്കൾ വിറ്റ,
തമിഴണ്ണന്റെ വായ്‌ പാട്ട്‌,
"കള്ളവുമില്ല ചതിവുമില്ല,
എള്ളോളമില്ല പൊളിവചനം!"
ബീവറേജസ്‌ കോർപ്പറേഷന്റെ ആശം സ!
"ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കു മൊട്ടില്ല താനും!"

ഇപ്പോഴും അയിത്തമുണ്ട്‌!

മണ്ണുവാരി രുചിയോടെ ചവച്ച്‌,
വിശപ്പകറ്റും ആദിവാസി!
കണ്ടറിഞ്ഞ്‌, കേട്ടറിഞ്ഞ്‌,
മലകേറിയ അധികാരി ദയ!
ഒരു ചാക്ക്‌ അരി ദാനം!,

തീർന്നാൽ മണ്ണു തിന്നു കഴിയാം,
ഇല്ലെങ്കിൽ ചത്തു മണ്ണടിയാം!
ഈ ആദിവാസികൾ,
ദരിദ്രവാസികൾ തന്നെ,
അടുപ്പിക്കാൻ കൊള്ളാത്ത വഹ!,
വോട്ടു പോലും തൊട്ടു തീണ്ടാത്ത കറ!

കാക്കയുടെ ചിന്തകൾ...(13)

ഓർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !


അന്ന് കർക്കിടക മാസം! കോരിച്ചെരിയുന്ന മഴ!..മഴ ലേശം തോർന്നപ്പോൾ കോരനും അവുള്ളയും, പൈലിയും ഉന്നത തല യോഗം വിളിച്ചു!.. ഇന്ന് കടലിൽ പോയി ഗവൺമന്റിന്‌ പണി കൊടുക്കണോ? അതോ വീട്ടിലിരിക്കണോ?..ഒപ്പം കടലിലിറങ്ങാൻ ചങ്കുറപ്പുള്ള ചേകവന്മാരും ഉണ്ടായിരുന്നു...
കോരൻ പറഞ്ഞു .." ചീട്ടു കളിക്കാം!"

അവുള്ള പറഞ്ഞു" ചൂണ്ടയിടാം.. രണ്ട്‌ പരലെങ്കിലും കിട്ടിയാൽ ...!"

പൈലി പറഞ്ഞു " പള്ളിമേടയ്ക്കരികിൽ പോയി ക്യാരംസ്‌ കളിക്കാം!"

പല അഭിപ്രായം!

ഉന്നത തലയോഗം തീരുമാനമാകാതെ പിരിഞ്ഞു...ഒടുവിൽ മറ്റൊരു തീരുമാനം ശബ്ദ ഘോഷങ്ങളോടെ പാസ്സാക്കി.!!...അനന്തന്റെ ചായ്പിലേക്ക്‌ അവർ മെല്ലെ അടിവെച്ച്‌ നടന്ന് നാടൻ ചാരായം അകത്താക്കി സൊറ പറഞ്ഞും കലമ്പിച്ചൊടിച്ചും ഇരുന്നു......

ചാനലുകൾ ഉന്നത തല യോഗം നിമിഷാർദ്ധങ്ങളുടെ ഇടവേളകളിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു..

കാക്കകൾ കാ ..കാ ..കാ എന്ന് വിളംബരം ചെയ്തു ഉന്നത തലയോഗം വിളിച്ചു !..

"ഇന്നും പാറുവമ്മയുടെ വീട്ടിൽ പാറുവമ്മ വലിച്ചെറിയുന്ന മത്തിത്തല പൂച്ചയെ പറ്റിച്ച്‌ പറന്നെടുത്തുയരാൻ ഒരു വഴിയുമില്ല .. ദേ.. ലവന്മാര്‌ .. അടിച്ചു പൂക്കുറ്റിയായി!..ഇന്നവർക്ക്‌ പണിയും കോപ്പുമൊന്നും ഇല്ല!"-കാക്കകളുടെ നേതാവ്‌ യോഗത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു..

ഉന്നത തലയോഗം തീരുമാനമാകാതെ പിരിഞ്ഞു.

അപ്പോൾ പാറുവമ്മയുടെ ചെറുമകൾ ചിണുങ്ങിക്കൊണ്ട്‌ ഒരു പാത്രത്തിൽ ദോശയുമായി ഉമ്മറപ്പടിയിൽ വന്ന് ഇരുന്നു.

."ഇന്ന് ലവളെ പറ്റിച്ചിട്ടു തന്നെ കാര്യം!.." - കാക്കകൾ ശബ്ദ ഘോഷങ്ങളോടെ പറന്നുയർന്ന് അടുത്തുള്ള മരക്കൊമ്പിലിരുന്നു അവളുടെ ദോശയിലേക്ക്‌ കൊതിയോടെ നോക്കി!..
സംഗതിയില്ലാത്ത സംഗതികൾ എല്ലാം തൽസമയം സംപ്രേഷണം ചെയ്തു കഴിഞ്ഞ ചാനലുകൾ ക്ഷീണിച്ചവശരായി ചാനലുകളുടെ ഉന്നത തലയോഗം വിളിച്ച്‌ അടുത്ത എപ്പിസോഡുകൾക്കായി ക്യാമറ തുടച്ചു മിനുക്കി..!!...

വന്നു വന്ന് ഈ ഉന്നത തലയോഗം ഉന്നതന്മാർക്ക്‌ മാത്രമല്ല ആർക്കും കാലിലിട്ടു നടക്കുന്ന ചെരുപ്പിന്റെ അവസ്ഥയിലായി!...

...പ്രേക്ഷകരുടെ ഒരു യോഗം!

ശനിയാഴ്‌ച, ഓഗസ്റ്റ് 21, 2010

രാക്കിളികൾ:

തള്ളേ!
വേലക്കാരി കൊച്ചമ്മിണി,
കൊച്ചമ്മയായി!,
പഴയ കൊച്ചമ്മ,
പ്രമോഷനായി,
സോസേറ്റിയമ്മയായി.

ചെറു തുണി കുറുകെ ചുറ്റി,
കള്ളു കുടിച്ചമ്മാനമാടി,
ആടിയാടി, ആരുടെയെങ്കിലും,
പതമുള്ള, പണമുള്ള,
കൈകളിൽ ആട്ടമാടി
സീൽക്കാരമുതിർത്തുയിർ കൊണ്ട്‌,
നിന്നാൽ ക്ലബ്ബായി,
മോഡേണായി.

കൊണ്ടു നടക്കും-
പൊത്തിപ്പൊതിഞ്ഞു കോട്ടിട്ട-
കോന്തനെ ബ്ലൗസും
സാരിയും ധരിപ്പിച്ചാൽ,
നമുക്കും സമാധാനമായി!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 19, 2010

സ്പോൺസേർഡ്‌ മാവേലി!!

ഓണം വന്നു,
ഉണ്ണി വിളിച്ചു!
ഏഷ്യാനെറ്റ്‌ മാവേലി നാടുചുറ്റി
കൈരളി മാവേലി സ്റ്റേജുചുറ്റി
ജീവന്റെ മാവേലി ആരെയോ ചുറ്റി
അവരുടെ  മാവേലി ഗൾഫു ചുറ്റി
ഇവരുടെ മാവേലി ലോകം ചുറ്റി
എന്നിട്ടുമെന്തേ ഒറിജിനൽ മാവേലി
ദൈവത്തിൻ നാട്ടിൽ എഴുന്നള്ളാത്തേ...!!

ദാസനില്ലാതെ നമുക്കെന്താഘോഷം!

"ദാസന്റെ അച്ഛനു സുഖമില്ല!"

-അതിനെനിക്കെന്ത്‌?- അയാൾ ഇരുന്നേടത്ത്‌ നിന്നനങ്ങാതെ നിർവ്വികാരതയിൽ!,
"ദാസനു നാട്ടിൽ പോകണം!"

-ആയിക്കോട്ടേ! - ആയാൾക്ക്‌ ഭാവമാറ്റം ഉണ്ടായില്ല!

"ദാസനു ജോലിയില്ല... വിഷമത്തിലാണ്‌!.."

-കാലിന്മേൽ കാലുവെച്ച്‌ അയാളിരുന്നു.. അയാൾക്ക്‌ പുച്ഛമായിരുന്നു!

"ദാസനു കുടിക്കണം!"

-അയാൾക്ക്‌ കണ്ണുകളിൽ തിളക്കമായിരുന്നു... ആവേശത്തോടെ എഴുന്നേറ്റ്‌, ഗ്ലാസ്സുകൾ  കഴുകി വെച്ച്‌ കുപ്പിയെടുത്ത്‌ പൊട്ടിച്ച്‌ അയാളാദ്യം ഇരുന്നു!

അൽഷിമേഷ്യസ്‌ യുദ്ധം!

മറവിയുടെ അവകാശം മറപ്പിക്കുക എന്നതാണ്‌! ഓർമ്മയുടേ അവകാശം ഓർപ്പിക്കുക എന്നതും...
വടം വലിയിൽ കുടുങ്ങി കാരണവർ തലച്ചോർ അനുഗ്രഹമെന്നും , ശാപമെന്നും, മാറിയും മറിച്ചും പറഞ്ഞ്‌ രണ്ട്‌ പേർക്കും വീതം വെച്ച്‌  വെറുതെയിരുന്നു!
യുദ്ധക്കൊതിയന്മാർ അധികാരത്തിനു തർക്കിച്ചു, ..ചരിത്രകാരന്മാർ അൽഷിമേഷ്യസ്‌ യുദ്ധം എന്ന് പേരിട്ട്‌ ഓമനിച്ചു

മിനി(ക്ക്‌ ) കഥകൾ!!

1) അർഹതയില്ലാതെ അർഹത തേടുന്നവർ:
----------------------------------------------------------
"നീയ്യെന്തുണ്ടാക്കി?" -അച്ഛൻ!

"ഒന്നുമില്ല!!"-കൂളായ ഞാൻ!

"എങ്കിൽ അർഹത!"-അച്ഛൻ!

"ഇത്‌ നാട്ടു നടപ്പാണ്‌!"-ചൂടായ ഞാൻ!

"നീ കഷ്ടപ്പെട്ടുണ്ടാക്കിയിട്ടു പോരെ തർക്കുത്തരം!"-അച്ഛൻ!


"ഭാഗം വെക്കണം!.. വീതം വെക്കണം!.. വിറ്റു തുലയ്ക്കണം!"

പട്ടച്ചാരായം പോലും മണപ്പിക്കാത്ത ഞാൻ പച്ചവെള്ളം കുടിച്ചട്ടഹസിച്ചപ്പോഴച്ചൻ ശാന്തനായി പറഞ്ഞു.. "..ഇവൻ പട്ടച്ചരായം കൂടി കുടിച്ചെങ്കിൽ നമ്മുടെ ഗതിയെന്താകുമായിരുന്നു.??!"
ഇതെന്റെ അവകാശമാണെന്ന മട്ടിൽ വീതം കിട്ടും വരെ ഞാൻ ചൂടായി കൊണ്ടിരുന്നു!
----------------------------------------------------------------------------------------
2) നാക്കും തോക്കും!
-------------------------
അവൻ തോക്കെടുത്തു ഞാൻ നാക്കും.
അവൻ വെടിവെച്ചു കൊന്നതിനേക്കാൾ വേഗം ഞാൻ നാക്കുകൊണ്ട്‌ അരിഞ്ഞു വീഴ്ത്തി!

3)സന്ദേഹം:-
-----------------
സമയമില്ലെന്നറിഞ്ഞിട്ടും ഞാൻ സമയം കടമെടുത്തെഴുത്തിനിരുന്നു... നിന്നോട്‌ സംവദിക്കുവാൻ ആഗ്രഹമുണ്ടായിട്ടും ഭയപ്പെട്ട്‌ ഞാൻ പേനയൊളിച്ചുവെച്ച്‌ കടമെടുത്ത സമയം കൊന്നു തീർത്തു!!

4) ആവലാതി
-------------------
"..എന്തിനേയാണ്‌ നീ ഭയക്കുന്നത്‌?" അവന്റെ ചോദ്യം മുഴങ്ങി..


"..നീയ്യെന്റെ കൂട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഭയന്നു.. നീയ്യെന്റെ ബന്ധുവെ ന്നറിഞ്ഞപ്പോൾ നടുങ്ങി മോഹാൽസ്യപ്പെട്ടു... എന്റെ പോക്കറ്റ്‌ കാലിയായത്‌ നീയ്യോഴികെ ഞാനാരൊടും പറഞ്ഞില്ല"- ചോദ്യമെറിഞ്ഞ അവൻ എന്റെ ഉത്തരം കേൾക്കാൻ നിൽക്കാതെ, തീരെ സമയമില്ലാത്ത പോലെ ബൈക്കെടുത്ത്‌ പാഞ്ഞു..ബാറിന്റെ കോലായിൽ എന്നെ കാത്ത്‌ അവനിരിപ്പുണ്ടത്രേ!.. എന്നെ പോലും കൂടെ കൂട്ടാത്തത്ര തിടുക്കം!!
====================================================================

(...ഞാൻ അഹങ്കാരിയെന്നോ?... ദുഷ്ടനെന്നോ?... കഷ്ടം!.. എന്നിലെ എന്നെ, വായിക്കുന്ന നിന്നിലെ നീയ്യിലേക്ക്‌ സന്നിവേശിപ്പിച്ച്‌ എല്ലാമുപേക്ഷിച്ച്‌ എന്നേ ഞാൻ മരവുരിയെടുത്തിരുന്നു!!.. എനിക്ക്‌ സമയം പരിമിതമാണ്‌ ...എനിക്ക്‌ കാഴ്ച കണ്ട്‌ അത്ഭുതപ്പെട്ട്‌, പൊട്ടിക്കരയുന്നതു കണ്ട്‌ വിങ്ങി കരഞ്ഞ്‌, ആഹ്ലാദിക്കുന്നത്‌ കാണുമ്പോൾ ചിരിച്ച്‌ സന്യസിക്കണം!..ചുറ്റിലും പുഞ്ചിരിക്കുന്ന മുഖങ്ങൾ കണ്ട്‌ കണ്ണടയ്ക്കണം!.. പുഞ്ചിരിക്കുന്നത്‌ പഠിക്കാനാണ്‌ ഞാൻ നിങ്ങൾക്കരികിലേക്ക്‌ ശിഷ്യനായി നടന്നടുത്തത്‌..നന്നായി കരയാൻ എനിക്കറിയാം.. ഒരു പാട്‌ എക്സ്പീരിയൻസേൻ പുറകിലുണ്ട്‌! )

ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

ഒരിക്കലും മണ്ടനാകപ്പെടാത്തവൻ!

ചില ജില്ലക്കാർ അവനെ പറ്റിച്ചു,
അവനെ പറ്റിച്ച അവരോടവന്‌ കലിയായിരുന്നു..
ചില രാജ്യങ്ങളിലുള്ളവരും അവനെ മുന്നിലൂടെ സ്തുതിച്ച്‌ പിറകിലൂടെ പാര പണിതു.. അവനവരോടും വെറുപ്പായിരുന്നു..
എന്നിട്ടും പറ്റിക്കപ്പെട്ട്‌ അവൻ അവരോടൊപ്പം ചേർന്നു.
"ഞാൻ മണ്ടനെന്നാ അവന്റെയൊക്കെ വിചാരം! തൂ! "- അതിനെ കുറിച്ച്‌ ഒരു നാൾ ചോദിച്ചപ്പോൾ  അവൻ അമർഷം തുപ്പിക്കളഞ്ഞു!

ജന്മി

പത്തു സെന്റിലെനിക്ക്‌,
അമ്പതു സെന്റിന്റെ വീടു വേണം,
മുകളീലോട്ടാവാം,
കള്ളപ്പണം അട്ടിയിടാൻ,
അറ വേണം,
താഴോട്ടാവാം!
കാറു വേണം,
കന്നാലികൾ,
കാവൽ വേണം,

അൽഷിമേഷ്യസിൻ,
വിളയാട്ടം,
പത്തുസെന്റല്ല-
മ്പതു സെന്റിന്റെ ,
ഗുണിതമുണ്ടെനിക്ക്‌,
കാട്ടിൽ മരത്തൊലിയിട്ട,
ആദിമനുഷ്യനെ പറ്റിച്ച,
തറവേലയുണ്ട്‌!

ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

അമീറയുടെ ബാപ്പായ്ക്ക്‌,

അമീറ ഇപ്പോഴും മുലകുടി മാറാത്ത കുട്ടിയാണ്‌!
അമീറയ്ക്ക്‌ അമറണമെങ്കിൽ മൈക്ക്‌ വേണം!
അമീറയ്ക്ക്‌ ചിരിക്കണമെങ്കിൽ മൈക്ക്‌ വേണം!
എസ്‌ .എം. എസ്‌ .അയച്ച്‌ അമീറയ്ക്ക്‌ വോട്ടു കൊടുക്ക്വോ?
അതോ എല്ലാം ഏഷ്യാനെറ്റിനു കൊടുത്തു പാപ്പരായോ?.
വല്ലപ്പോഴും വീട്ടിലേക്കും പൈസ അയക്കണേ!
 
സ്നേഹത്തോടെ


അമീറയുടെ ഉമ്മ!

ഫ്ലാറ്റു കിട്ടാത്ത അസൂയ!- കോടിയാ.. ഒരു കോടി!

സംഗീതം കൊണ്ട്‌ അമൃതുണ്ടാക്കിയ,
അമൃതയെ ജീവിതാമൃതമാക്കി അവൻ!
സംഗീതം സാന്ത്വനമാക്കിയ,
ദുർഗ്ഗയെ കൈപിടിച്ച്‌ മറ്റൊരുവൻ!

ഇനിയും അമൃതകൾ വരും,
ദുർഗ്ഗകൾ തകർത്താടും
പരുന്തുകൾ റാഞ്ചും,
ചൊടിച്ചു നിന്നാൽ,
സ്ത്രീധനം ലാഭം!
 
ഏഷ്യാനെറ്റിനു ബ്രോക്കർ ഫീസില്ല!
കഴിവുവേണം,
ലേശം ഉളുപ്പും കെടണം!
ഉളുപ്പു കെടുത്താൻ
ഫ്രോക്കിട്ടു നടക്കും
രഞ്ജനി ടീച്ചറുണ്ട്‌!
കണ്ണുരുട്ടുന്നവരുണ്ട്‌,
മിണ്ടരുത്‌,
കെട്ടിപ്പിടിക്കുന്നവരുണ്ട്‌,
പതറരുത്‌,
റെജിസ്റ്റർ ചെയ്താൽ വീട്ടിൽ വന്നു,
തപ്പും തുടിയും കൊട്ടി
 തെളിച്ചു പോയ്ക്കോളും!

ബ്യൂട്ടീ പാലർ:

ബ്യൂട്ടീഷ്യന്റെ കരവിരുത്‌ കേട്ട-
മലയെല്ലാം റോഡ്‌ പണിക്കോടി-
സമതലമായി മുഖം മിനുക്കി!
ഇനിയൊരു പ്രളയം വന്നാൽ,
മലയില്ല കയറിപ്പറ്റാൻ,
തമ്പ്രാക്കൾ ഉള്ളിടം നടപ്പാത പോര!

സിംഹാസനത്തിലെ നീതി!

നിന്റെ ആമാശയത്തിനു
എന്റെ വിശപ്പിനെ
ദഹിപ്പിക്കാനുള്ള ശേഷിയില്ല,
അതിനാൽ എന്റെ വിശപ്പിനെ,
ശമിപ്പിക്കാൻ
എന്റെ ആമാശയത്തിനു,
ഭക്ഷണം കൊടുത്ത്‌,
നിന്റെ ആമാശയത്തെ,
പട്ടിണിക്കിട്ടു കൊല്ലും ഞാൻ!
അധികാരി വർഗ്ഗത്തിൻ,
അധികപ്രസംഗത്തിൽ,
വേച്ച്‌ വേച്ച്‌ ജനം നടന്നു.
ഏമ്പക്കമിട്ടധികാരിയും!
അപ്പോൾ ഒരു തീർപ്പായി!

ജനം ധ്യാന കേന്ദ്രത്തിലാണ്‌!

കറുത്ത ബോർഡിൽ വെളുത്ത അക്ഷരം എഴുതി വായിക്കുന്നതിനു മുന്നേ മായ്ക്കുന്നതു കണ്ടപ്പോൾ ഭരണ പക്ഷം പറഞ്ഞു കറുത്ത ബോർഡിൽ കറുത്ത അക്ഷരത്തിൽ എഴുതണം!


തെളിയില്ലെന്ന് പ്രതിപക്ഷ വാശി!..

തെളിയിക്കണമെന്ന് ഭരണ പക്ഷ വാശി!

ആരു ജയിക്കണമെന്ന് സി.ബി. ഐ തീരുമാനിക്കട്ടേ!

ജനത്തിനു ഉത്തരമുണ്ടായിരുന്നില്ല.. എത്രകാലമിങ്ങനെ മിണ്ടാട്ടം മുട്ടിയിരിക്കുമിഷ്ടാ എന്ന് ചോദിക്കാൻ മാത്രം ചങ്കുറപ്പുള്ള ആരും അവിടെയുണ്ടായിരുന്നില്ല!..ക്ഷമ!.. അതു തന്നെ കാര്യം!..തങ്കപ്പെട്ട ജനം ധ്യാനം ശീലിച്ചിരുന്നു...

വിഷമ വൃത്തം!

"കരയുന്നോ?"
കരയാൻ മാത്രമെന്തുണ്ടായി?
" ചിരിക്കുന്നോ?"
"ചിരിക്കാൻ മാത്രമെന്തുണ്ടായി?"
"മിണ്ടാതിരിക്കുന്നോ?"
"തന്റെ വീർത്തമുഖം കാണാൻ മാത്രം ഞാനെന്തു തെറ്റു നിന്നോട്‌ ചെയ്തു!"
ഒരിക്കലും സംതൃപ്തനാക്കാൻ പറ്റാത്ത അയാളെ സഹിച്ച്‌ സഹിച്ച്‌ ഒടുവിൽ അവൾ പരിഭ്രമിച്ചു നിലവിളിച്ചു!

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2010

ഇന്ത്യ & പാക്കിസ്ഥാൻ!

1) സംയമനം:
-------------
"കുറ്റം ചെയ്തെന്നോ? തെളിവുണ്ടോ?" - പാക്കിസ്ഥാൻ.
"ഊവ്വ്‌! അടിയൻ ഹാജരാക്കാം!" - ഇന്ത്യ
തെളിവുണ്ടെന്നോ?കുറ്റം ചെയ്തോ?- പാക്കിസ്ഥാൻ.
"എങ്കിൽ പോണൂ..നമ്മളീ നാട്ടുകാരല്ല!"- ഇന്ത്യ!
"ഒന്നു നിന്നേ ..പറഞ്ഞിട്ട്‌ പോയ്ക്കോ! - പാക്കിസ്ഥാൻ.
"യ, ര, ല, വ, ശ, ഷ!"- ഇന്ത്യ

"ദേ.. ഇന്ത്യ വെറുതേ കൊഞ്ഞനം കുത്തുന്നു....ദേ.. ഇന്ത്യ വെറുതേ കൊഞ്ഞനം കുത്തുന്നു...എല്ലാവരും ഓടി വരണേ...എല്ലാവരും ഓടി വരണ! "--പാക്കിസ്ഥാൻ.

"ഛേ.. ഇന്ത്യ അങ്ങനെ പ്രതികരിക്കരുതായിരുന്നു!..ഇതു തീരെ പ്രതീക്ഷിച്ചില്ല.. ഒരു മുത്തം കൊടുത്തേ!!...അങ്ങനെ!.... അങ്ങനെ!.. മിടുക്കൻ.! അപ്പോ പ്രശ്നം തീർന്നല്ലോ?..ഇനി രണ്ടു പേരും വഴക്കുണ്ടാക്കാതെ പോയി കളിച്ചോ?!"   - അമേരിക്ക

=====================================================================
2) പാക്കിസ്ഥാൻ കയറ്റുമതി (വഴി വാണിഭം) !

-------------------------------------------------
അന്ന്:- 100 രൂപയ്ക്കൊരു ഭീകരൻ!, വെറും 100 രൂപയ്ക്കൊരു ഭീകരൻ!

ഇന്നലെ:- 10 രൂപയ്ക്കൊരു ഭീകരൻ !.. വെറും 10 രൂപയ്ക്കൊരു ഭീകരൻ!

ഇന്ന്: 1രൂപയ്ക്കൊരു ഭീകരൻ! വെറും ഒരു രൂപയ്ക്കൊരു ഭീകരൻ!

നാളെ: ഒന്നെടുത്താൽ ഒന്നു ഫ്രീ, ഒന്നെടുത്താൽ ഒന്നു ഫ്രീ!കാലിയാക്കൽ വിൽപന!..കട കാലിയാക്കൽ വിൽപന!
=====================================================================

ശത്രു ബഹുമാനം!

നിനക്കെന്നെ കാണുമ്പോഴുള്ളയീ-
വെറുപ്പ്‌ മനോഹരം!
ഞാൻ നിക്ഷേപിച്ചത്‌,
പലിശയായി തിരിച്ചെടുക്കാം.

എനിക്കു നിന്നെ കാണുമ്പോഴുള്ളയീ-
ബഹുമാനം മുതൽ സൂക്ഷിപ്പിന്‌,
ലഭ്യമായ കമ്മീഷൻ,
നിനക്കർഹതപ്പെട്ടത്‌!

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

കോഴികളുടെ പോഴത്തം!

കോഴികളെല്ലാം വോട്ട്‌ ചെയ്ത്‌ കുറുക്കനെ രാജാവാക്കി..

...കോഴികളുടെ അംഗബലം കുറയുന്നോന്ന് സംശയം!.

.കോഴികൾ യോഗം ചേർന്ന് വോട്ട്‌ ചെയ്ത്‌ മറ്റൊരു കുറുക്കനെ രാജാവാക്കി!.
....കൂടടക്കം പോളിയുന്നോന്ന് സംശയം!

മറ്റൊരു കുറുക്കൻ വരുമ്പോഴേക്കും യോഗതീരുമാനമാകും!

പോളീംഗ്‌ ബൂത്തിലേക്ക്‌!

കരഞ്ഞു കഴുതക്കാൽ
പിടിച്ചു നേടിയ ജയം,
സിംഹാസനത്തിലിരുന്ന്-
കാലു നീട്ടി, മുറുക്കി തുപ്പി,
കഴുതകൾക്കുഴിയുവാൻ,
അവസരമേകിയാർമ്മാദിച്ചു!

തോർന്നൊഴിഞ്ഞപ്പോൾ,
ദേഹത്തിലെ കൊഴുപ്പുരുക്കി,
പഞ്ചാരവിതറി,
കരഞ്ഞു തളർന്ന്,
നടന്നു മെലിഞ്ഞ്‌,
വീണ്ടും കഴുതക്കാൽ പരുതി.

ധാത്രി!

ധാത്രിയുടെ (ഭൂമി) മടിയിലിരുന്ന്,
ധാത്രിയുടെ(അമ്മ)കൈകൊണ്ട്‌,
ധാത്രി( എണ്ണ) തേച്ച്‌ കുളിച്ചു,
ധാത്രി ( എണ്ണ) മുടി കൊണ്ട്‌ വരുമോ?
ധാത്രി ( കമ്പനി) പണം കൊണ്ട്‌ പോകുമോ?
കഷണ്ടി പാരമ്പര്യമുള്ളവൻ
ശുണ്ട്ഠിയെടുക്കുവതെന്ത്‌?

ചരിത്രം!

ഓർക്കുന്നു മലയുടെ കീഴ്‌വാരത്ത്‌ ഒരു ബോർഡുണ്ടായിരുന്നു..

"സൂക്ഷിക്കണം വന്യമൃഗങ്ങളുണ്ട്‌! .. വന്യമൃഗങ്ങളെ ഉപദ്രവിക്കരുത്‌!"

ഓർക്കുന്നു കുറച്ചു ദൂരെയായി മറ്റൊരു ബോർഡുണ്ടായിരുന്നു

"സൂക്ഷിക്കുക .. ചെങ്കുത്തായ പാത!"

ഓർക്കുന്നു വീണ്ടും പണ്ടു കണ്ട മറ്റൊരു ബോർഡ്‌‌:

"സൂക്ഷിക്കണം... വളവുണ്ട്‌!"

ഇന്നലെ ആ സ്ഥലത്ത്‌ ഒരു ബോർഡേ ഉണ്ടായിരുന്നുള്ളൂ..ആ ബോർഡിൽ ഇങ്ങനെയേ ഉണ്ടായിരുന്നുള്ളൂ

"ചരിത്രം.. ഇവിടെ ഒരു മലയുണ്ടായിരുന്നു!മലയിൽ കിളികളും മൃഗങ്ങളും ഉണ്ടായിരുന്നു..ശാപം കൊണ്ട അവരെ നാട്ടു രാജാക്കന്മാർ  ചുട്ടു തിന്നു..മലയെ സമതലമാക്കി!"
ഇന്നത്തെ  മഴവെള്ളപ്പാച്ചിലിൽ ആ ബോർഡും ഒഴുകിപ്പോയി!

സാഡിസ്റ്റ്‌!

വെറുതേയൊരാവേശം!
ഞാനിന്നു ചത്താലും,
വിഷമം തീണ്ടില്ല!

നിൻ ചിതയെരിയുന്നതെൻ,
മാനസത്തിലന്നേ കണ്ടു ഞാൻ,
പൊട്ടിച്ചിരിച്ചു,

ആദ്യം ഞാനെങ്കിൽ ,
നിൻ ചിതയെനിക്ക്‌,
അജ്ഞാതമായെങ്കിലോ?

കലിയുഗ ദൈവങ്ങൾ!

നാടു നടുങ്ങിയ ബോംബാക്രമണം,
വെറും തോട്ട പൊട്ടിച്ചത്‌!
വീടു തകർത്ത മിസൈലാക്രമണം,
ഉൽക്ക വീണത്‌!
മുതലാളിക്ക്‌ പണമുണ്ട്‌,
അധികാരിക്ക്‌ രേഖയുണ്ട്‌!
കാണണോ, കേൾക്കണോ?
അനുഭവിച്ചറിയണോ?

വാൾമുനയിൽ നിൽക്കും,
ജനത്തിനത്‌ സത്യമെന്ന-
ബോധവുമുണ്ട്‌!

മറക്കരുത്‌ ഇത്‌ കലിയുഗം!
ത്രേതായുഗത്തിൽ രാമ നാമം!,
ദ്വാപരയുഗത്തിൽ കൃഷ്ണനാമം!
കലിയുഗത്തിലീ കാപാലികരുടെ-
നിന്ദ്യനാമം!
ധ്യാനിക്കുവാനവരുടെ ജപം പഠിക്കുക,
ജീവിക്കുവാൻ മുദ്രാവാക്യവും!

അഭിനവ ദൈവങ്ങൾ അരങ്ങു വാഴട്ടേ,
വാഴ്ക, വാഴ്ക എന്നു വാഴ്ത്തണം
പ്രൗണ്ടകന്മാർ കൃഷ്ണവേഷം പൂണ്ട്‌,
മനം തെളിഞ്ഞു വരമരുളും,
രാക്ഷസൻ ഹിരണ്യകശിപു,
ദൈവമായി അവതരിച്ചു,
പൊലിക പൊലിക എന്നാർക്കണം!
പുഞ്ചിരിച്ചുയിർ കാക്കും!

എതിർക്കുവോർക്ക്‌ കുടലെടുത്ത,
തലയറുത്ത, യാഗ വസ്തുവായി,
യാഗാഗ്നിയിൽ പുകയാം!

സ്വാതന്ത്ര്യം!

തന്നെ ജീവിക്കാൻ അനുവദിക്കാത്തത്‌ മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാത്തതിനാലാണെന്നത്‌ മറന്ന് ജീവിക്കാൻ അനുവദിക്കണമെന്ന് പരാതി പറഞ്ഞു അയാൾ മൂക്ക്‌ പിഴിഞ്ഞു..

ഹൃദയമുള്ള എല്ലാവർക്കും അതും ഹൃദയഭേദകമായിരുന്നു..!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 13, 2010

പ്രതിസന്ധി തരണം ചെയ്യുന്നവർ!

"...നിന്നെ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ചതെല്ലേടാ ഞാൻ!..." - സഹികെട്ട്‌ അവന്റെയമ്മ കാറി വിളിച്ചു കരഞ്ഞപ്പോൾ അവൻ പോക്കറ്റിലെ പേഴ്സ്‌ വലിച്ചു പുറത്തെടുത്തു ..

" ഇതിനേക്കാൾ വലിയ എത്രയോ പ്രതിസന്ധി ഞാൻ തരണം ചെയ്തിട്ടുണ്ടമ്മേ..!!.!"

പേഴ്സിൽ നിന്നും അനാഥാലയത്തിൽ വളരുന്ന രണ്ട്‌ കുഞ്ഞുങ്ങളുടെ ഫോട്ടോ കാട്ടി കല്യാണ പ്രായത്തിലേക്ക്‌ നടന്നടുക്കാത്ത അവൻ പറഞ്ഞു..

അവർ കരച്ചിൽ നിർത്തി നോക്കി, മോഹാലസ്യത്തിലേക്ക്‌ കടന്നപ്പോൾ കൂളായി അവൻ ബൈക്ക്‌ ഓടിച്ചു പോയി..!

എന്റെ ചുറ്റുപാടുകൾ!

1) കൂട്ടുകാരൻ:-
-----------------

നീയ്യുണ്ടായിരുന്നപ്പോൾ,
ഞാനെത്ര ധന്യൻ!
നീയ്യില്ലാത്തപ്പോൾ,
ഞാനെത്ര മാന്യൻ!
=================
2) ശുദ്ധി തേടുന്നവർക്ക്‌!!
--------------------------------------
വൃത്തിയാദ്യമറിഞ്ഞു വേണം,
വൃത്തിയെ കഥിച്ചിടാൻ,
ജ്ഞാനമൊട്ടൊന്നുറച്ചു വേണം,
ജ്ഞാനമൊന്നു പുകയ്ക്കുവാൻ,
നാണമെന്തെന്നറിഞ്ഞു വേണം,
നാണമില്ലായ്മ കാണുവാൻ!
======================
3) ദോഷൈകദൃക്ക്‌
--------------------------
അന്യരെ പരിഹസിക്കുവാൻ,
ദൃഷ്ടി ഗോചരമല്ലാത്തതൊക്കെ,
ജ്ഞാന ദൃഷ്ടിയിൽ കണ്ടു ഞാൻ!
അയ്യേ!.. ഞാനുടുത്തിട്ടില്ല!!
ഉടുമുണ്ടു തപ്പിയപ്പോഴും,
അന്യരുടെ നാണമോർത്ത്‌,
കൂവിയാർത്തു..
=======================
4) സാന്ത്വനം!
-------------------
നൂലാമാലകളിൽ നുറുങ്ങി,
നൂറായിരം കഥകൾ!!

ഒരു ചെവിയിലൂടെ കേട്ടത്‌,
മറുചെവിയിലൂടെ പുറത്തുവിട്ട്‌,
അകം ശൂന്യമാക്കിയോരെന്നെ,
അകതാരിലഭിനന്ദിച്ച്‌,
കണ്ണീരുണക്കി;പുഞ്ചിരി പൊഴിച്ച്‌,
അവൻ നടന്നു മറഞ്ഞു..

എന്തു കൊണ്ട്‌ ഞാൻ വെജിറ്റേറിയനായി മാറി!

ഞാൻ മൽസ്യങ്ങളുടെ അരികെ ചെന്നു.. അവരുടെ രക്തം ചുവപ്പായിരുന്നു.
.ഫൂളിഷ്‌ ഗേയ്സ്‌!

ഞാൻ കോഴിയുടേയും താറാവിന്റെയും ആടിന്റെയും ഒക്കെ അരികെ ചെന്നു..അവരുടെ രക്തത്തിനും നിറം ചുവപ്പായിരുന്നു.

.സ്റ്റുപിഡ്സ്‌!

"എന്റെ രക്തം ചുവപ്പും നിങ്ങളുടെ രക്തം പച്ചയോ, മഞ്ഞയോ മറ്റോ ആയിരുന്നെങ്കിൽ ഞാൻ നിങ്ങളെ കൊന്നു തിന്നേനെ" - ചങ്കിടിപ്പോടെ നിന്ന അവരെ വിഷമത്തോടെ സമാധാനിപ്പിച്ച്‌ ഞാൻ പറഞ്ഞു..

"നിങ്ങളുടെ രക്തം ചുവപ്പും എന്റേത്‌ മറിച്ചും ആയാലും അങ്ങനെ സംഭവിച്ചേനെ"- ഉദ്വേഗത്തോടെ അവർ കേട്ടിരിക്കണം..

ഇതിപ്പോൾ എന്റെ രക്തത്തിന്റെ നിറവും പേറി നടക്കുന്ന നിങ്ങൾ എന്റെ ബന്ധുക്കളല്ലാതെ മറ്റാരാണ്‌!-- അവർക്കാശ്വാസമായി കാണണം!

അതു കൊണ്ട്‌ തന്നെയാണ്‌ ഞാൻ പച്ച രക്തമുള്ള സസ്യങ്ങളേയും, മഞ്ഞ രക്തമുള്ള പഴങ്ങളേയും ഒക്കെ തിരഞ്ഞു പിടിച്ചു കൊന്ന് വിശപ്പടക്കുന്നത്‌!..

" അവർ എന്നെ ശപിക്കുന്നുണ്ടാകുമോ?... .. എന്റെ നല്ലവനായ ദൈവമേ.. എന്നോട്‌ പൊറുക്കേണമേ!.. അവരോട്‌ ക്ഷമിക്കാൻ പറയണമേ.."

എന്റെ പ്രസംഗം കേട്ട്‌ എന്നെ മനസ്സിലാക്കാത്ത ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.." മുഴു ഭ്രാന്തൻ !"-- ഞാൻ തിരിച്ചും പറഞ്ഞു!.... " മന്ദ ബുദ്ധി! ഇത്രയും പറഞ്ഞിട്ടും മനസ്സിലാക്കാത്ത ചിന്താ ശൂന്യരായ വഹകളുണ്ടോ?."

എന്നെ ഒറ്റയെക്ക്‌ മേയാൻ വിട്ടിട്ട്‌.. നായാട്ട്‌ നടത്താൻ വേണ്ടി എല്ലാവരും പിരിഞ്ഞു പോയിരുന്നു. ക്രൂരന്മാർ!

ഞാൻ വെറുതെ വിട്ടവരൊക്കെ അവരുടെ കത്തിക്കിരയായി കാണണം.. അവരുടെ ചട്ടിയിൽ പിടഞ്ഞു മരിച്ചു കാണണം ..ഇപ്പോൾ ദഹിച്ചും കാണും.. വെറുതെ ഞാൻ അവർക്കായി ഒരിറ്റു കണ്ണീർ വാർത്തു..അവരുടെ ആത്മശാന്തിക്കെങ്കിലും അതുതകട്ടേ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2010

ആക്‌ഷൻ സീൻ 1,2,3

1) അവിവേകം:-

മൊബൈലു കുത്തി വിളിച്ചിറക്കി നാഭിക്കു ചവിട്ടി പടിയിറക്കി കൂളായി അവൻ നടന്നു പോയി..
വേദനയ്ക്കൊപ്പം എടുത്താൽ പൊങ്ങാത്ത അവന്റെ ഭാരവും പേറി അവൾ നടന്നു കുഴഞ്ഞു.. ട്രൈയിനിന്റെ സമയമായിരുന്നു..!!
 
2) ആക്‌ ഷൻ സീൻ
 
 ."..വിശക്കുമ്പോൾ കഴിക്കും.. കഴിക്കുമ്പോൾ കുടിക്കും... കുടിക്കുമ്പോൾ പെടുക്കും.. കാണാൻ ശക്തിയില്ലേങ്കിൽ മാറി കൊള്ളണം.. അതല്ല ആസ്വദിക്കാനാണെങ്കിൽ ഒതുങ്ങി നിന്നോളണം... "..-ഇത്രയും പറഞ്ഞു ദാഹിച്ചു വലഞ്ഞ അവൻ ആടിയാടി ഷാപ്പിലേക്ക്‌!

അപ്പോൾ ബോധവും ബോധ്യവും ഉണ്ട്‌.. കാണിക്കുന്നതൊക്കെ ആളുകൾക്ക്‌ കാണാനുള്ള വെറും ഷോ എന്ന് മനസ്സിലായപ്പോൾ സീൻ കാണാനുള്ള തിടുക്കത്തിൽ ആളുകൾ ഒതുങ്ങി നിന്നു..!
ഉള്ളിലെ സീൻ പൂർത്തിയാക്കി റെഡിയായി അയാൾ പുറത്തെത്തി.

3) ആരാന്റമ്മയ്ക്ക്‌ പ്രാന്തു വന്നാൽ!...

അന്നും അയാൾ പാട്ടു തുടങ്ങി.!

...ഭരണി പാട്ടാണെന്നറിഞ്ഞ പെണ്ണുങ്ങൾ ഓടിയൊളിച്ചു!

കേട്ട ചില അരസികന്മാർ യേശുദാസാക്കി അയാളെ ഉയർത്തി..

.. പാടുമ്പോൾ സംഗതിയില്ല!.. ടംബോയില്ല.. - എന്നൊക്കെ ആരോ പരാതി പറഞ്ഞു..

അയാൾ ഉള്ള സംഗതികളെല്ലാം ശരീരത്തിൽ നിന്ന് വലിച്ചെടുത്ത്‌ തലയിൽ കെട്ടി!

സംഗതികൾ കണ്ട്‌ പാട്ട്‌ കേട്ട്‌ ആളുകൾ ആസ്വദിച്ചു ചിരിച്ചു മറിയുകയായിരുന്നു..

ഓട്ടൻ തുള്ളലായപ്പോൾ ഓടി വന്ന അളിയൻ അയാളെ പിടിച്ചു കെട്ടി ഓട്ടോയിൽ കയറ്റി വീട്ടിലാക്കി.

ഇത്‌ പുതുശ്‌!

അംശത്തിനധികാരി,
പഴയ രാജാവ്‌,
ചുമച്ച്‌ ചുമച്ച്‌,
കീറപ്പായിൽ കിടന്ന്,
തീപ്പെട്ടു,

പാർട്ടിക്കധികാരി
പുത്തൻ തമ്പുരാൻ,
ചിരിച്ചു ചിരിച്ച്‌,
സിംഹാസനത്തിലിരുന്ന്,
മതി കെട്ടു!

ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010

കാക്കയുടെ ചിന്തകൾ..(12)

ജനാധിപത്യം!
------------------
"ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട്‌ ജനങ്ങൾക്കായി ഭരിക്കപ്പെടുന്നതാണ്‌ ജനാധിപത്യം"- നിർവ്വചനം "ക്ഷ!" ബോധിച്ചിരിക്കണൂ... നമുക്കും വേണം ഒരു വോട്ടവകാശം!- ജനങ്ങൾക്ക്‌ ആകെയുള്ള ഒരു അവകാശം അതു മാത്രമാണെന്നറിയാതെ ഞാൻ നിർബന്ധം പിടിച്ചു..

വോട്ടു കുത്തി തിരിഞ്ഞു നടന്നപ്പോൾ അവർ ജയിച്ചിരിക്കുന്നു...സന്തോഷം അടക്കാൻ വയ്യാതെ ഞാൻ നിലവിളിച്ചു!..

"...വാ...വ്‌..
...ആരോ കളിക്കാൻ പറഞ്ഞ വക്ക വക്ക ...ഞാനുമെടുത്ത്‌ കളിച്ചു !..

പാർട്ടികൾ, പാർട്ടികളാൽ തിരഞ്ഞെടുക്കപ്പെട്ട്‌ പാർട്ടികളാൽ പാർട്ടികൾക്കായി ഭരിക്കപ്പെടുന്നതാണ്‌ ജനാധിപത്യം! - അവർ അറിയാത്തവർക്കൊക്കെ പറഞ്ഞു തന്നു..

" ഊവ്വോ?.. " എന്റെ വോട്ടവകാശം അടിയറ വെച്ച്‌ ഞാൻ നിലത്തിരുന്നു..

...അവകാശമുള്ളവനും അധികാരികളും പഴവും ശർക്കരയും പാൽ പായസവുമായി സദ്യയുണ്ടു..

മൂക്കിൽ പായസത്തിന്റെ മണം!!.

"...തരും തരാതിരിക്കില്ല!... കിട്ടും, കിട്ടാതിരിക്കില്ല! " -അവർക്ക്‌ കീഴെ ഒട്ടിയ വയറുമായി ഞാനും സദ്യ പ്രതീക്ഷിച്ചിരുന്നു..!..

" ബാക്കിയുള്ളവർ ബാക്കിയുണ്ടെങ്കിൽ നക്കി തിന്ന് എഴുന്നേറ്റ്‌ പോയിക്കൊള്ളണം.!!."- എവിടെ നിന്നോ അശരീരി ശബ്ദം! ..കൈ നക്കി കൊണ്ട്‌ ഏമ്പക്കം വിട്ടു പോകുന്ന മേലാളന്മാരുടേതാണ്‌!

വിളമ്പുമ്പോൾ അബദ്ധത്തിൽ തെറിച്ചു വീഴുന്ന വറ്റുകൾ നക്കി തിന്ന് ഞാനും ഞാനുൾപ്പെട്ട ജനവും!

അടുത്ത പ്രാവശ്യം ഞങ്ങളുടെ വോട്ടവകാശം ഞങ്ങൾ മറക്കുമെന്ന് നിശ്ചയിച്ച്‌.. ഒരിക്കലും അത്‌ മറക്കാതിരിക്കാൻ ഓർത്തോർത്ത്‌ ഞങ്ങൾ!

സമയമായപ്പോൾ ചിഹ്നം കാട്ടി.. ചോറു തരുമെന്ന് പ്രലോഭിപ്പിക്കുവാൻ പുഞ്ചിരിക്കുന്ന മുഖങ്ങളുമായി അവരെത്തിയിരുന്നു..

" ചോറു കിട്ടാതെ ഞങ്ങൾ വഞ്ചിക്കപ്പെടുമോ?"

ഇല്ലെന്ന് ബോധ്യപ്പെടുത്താൻ പാർട്ടിക്കാർ ഓരോരാളായി വന്ന് നെഞ്ചു തുറന്ന് കാണിച്ചു.
" എവിടെ ഹൃദയമെവിടെ?..".- ഞങ്ങൾ പരുതി, പരുതി നിരാശരായി.. അവരുടെ ഹൃദയസ്ഥാനത്ത്‌ ശൂന്യതയായിരുന്നു..

ഞങ്ങളെ നോക്കി ബലിച്ചോറിന്റെ അവകാശം നമുക്ക്‌ തന്നെ വിട്ടു തന്ന് കാക്കകൾ പറന്നു പോയിരുന്നു..

നമ്മളിവിടെ സന്തുഷ്ടരാണ്‌!-- പ്രവാസികൾ

1) ഇതാണ്‌ സത്യം!
--------------------
വിമാനം പൊങ്ങുന്നില്ല പോലും!
പ്രവാസിയുടെ ദു:ഖം,
ഘനീഭവിച്ച ഭാരം!

വിമാനം തകരാറിലാണു പോലും!
പ്രവാസിയുടെ തെറ്റിയ
തല കണ്ട വിഭ്രമം!

വിമാനം വൈകുന്നു പോലും!
മനസ്സും ശരീരവും ,
ഇരുകരയിൽ വെച്ചു,
പൊട്ടിച്ചിരിക്കാത്ത,
പൊട്ടിക്കരയാത്ത,
പ്രവാസിക്ക്‌ തൃശങ്കു
സ്വർഗ്ഗമാണുത്തമം!
-----------------------------------
2) പലവക
----------------
പ്രവാസിക്കൊരു മുത്തമുണ്ട്‌,
916 ക്യാരറ്റ്‌ മുത്തം!.

പക്ഷങ്ങളിലൊരുവൻ മകൻ,
ഭരണപക്ഷം വക!

പ്രവാസിക്കൊരു സദ്യയുണ്ട്‌,
പ്രവാസ ലോക ചിലവിൽ,
പ്രവാസ മന്ത്രാലയം വക!

കോട്ടിട്ടവർക്കും,
താളം പിടിക്കുവോർക്കും,
സ്റ്റേജിലിരുന്നു സദ്യ!,
സദ്യയുണ്ടവർക്കോ
കൈ നക്കി പോകാം,

ഇല്ലാത്തവർക്കോ,
കീറപ്പായിൽ,നിലത്ത്‌,
കാഴ്ച കണ്ട്‌ ,
ഏമ്പക്കമിട്ട്‌,
പിരിഞ്ഞു പോകാം!,

ഇന്ന് നിങ്ങളെ പഠിക്കാൻ മന്ത്രി!,
നാളെ തന്ത്രം പയറ്റാൻ തന്ത്രി!,
മാലയിട്ട്‌ എതിരേൽക്കണം,
വായ്ക്കുരവയിട്ടിട്ട്‌,
ശ്വാസം നിലയ്ക്കണം,

വോട്ടില്ലാത്തവർ പണമെറിയുക,
ഏമാന്മാർ ഏ സിയിൽ,
അറിയാതെ തട്ടിയും
അറിഞ്ഞിട്ട്‌ മുട്ടിയും
യാത്രചെയ്തോട്ടേ!

ലോക മഹായുദ്ധം!

ഒബാമയെ പിൻതുണച്ച്‌,
നെജാദിന്‌ ജയ്‌ വിളിച്ച്‌,
ശകുനിയാംഉസാമയുടെ,
പകിടയുരുളുന്നയുദ്ധം,
തൽക്ഷണം തന്നെ,
നമുക്കും കാണണം!

ഉത്തരമില്ലാ ചോദ്യത്തിന്‌,
ഉത്തരകൊറിയയുടെ,
ഉത്തരം കണ്ട്‌ മാർക്കിടണം!
ഭൂമിയില്ലെങ്കിലെന്ത്‌?,
തന്തൂരി പുകയുന്നത്‌,
ആകാശത്തിലെ,
നക്ഷത്രങ്ങളായി,
നമുക്കും കാണാലോ?

ഭൂമിയിൽ ക്ഷമയുള്ളവർക്ക്‌ ജൂസു മതി!

വിശപ്പിന്റെ ഒടുങ്ങാത്ത നിലവിളിയുമായി എന്റെ ഉദരം!..

 ബസ്സ്റ്റാന്റിനരികിലുള്ള ഒരു ഹോട്ടലിൽ നേരത്തെ കയറി ഇരിപ്പുറപ്പിച്ചു... അൽപ സമയത്തെ ഇടവേള!... അതാ ആളുകൾ പുറത്തുനിന്നും ഓടി വരികയാണ്‌..

 എനിക്കവർ ആവി പറക്കുന്ന വേവാത്ത ചോറു നൽകി.." നാശങ്ങൾ!"

ഇരുന്നു കഴിക്കുന്ന ഞങ്ങളുടെയൊക്കെ കസേരയിൽ പിടുത്തമിട്ട്‌ രണ്ടും മൂന്നും പേർ നിൽക്കുകയായിരുന്നു.. ഞാൻ ചോറു കറികൂട്ടി കുഴയ്ക്കുന്നത്‌ , അവർ ചവച്ചരച്ച്‌ വിഴുങ്ങുകയാണോ എന്നു പോലും തോന്നിച്ചപ്പോൾ പെട്ടെന്ന് യേശു പറഞ്ഞത്‌ ഓർത്തു പോയി.
." നിന്റെ ചോറു നോക്കി വെള്ളമിറക്കുന്നവന്‌ നിന്റെ എച്ചിലില കൂടി വിട്ടു കൊടുക്കുക! "എന്ന് തിരുത്തി,  കുഴച്ച ചോറു ഇലയിൽ തന്നെയിട്ട്‌ അവിടെ നിന്നും എഴുന്നേറ്റു..
എന്റെ കസേരയിൽ പിടുത്തമിട്ടവരിൽ ഒരുവൻ മറ്റു രണ്ടു പേരെയും വകഞ്ഞു മാറ്റി ചാടിക്കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു..പിന്നെ വിജയഭാവത്തിൽ പുഞ്ചിരിച്ചു.. കസേരക്കളിയിൽ നേടിയ വിജയം!

എന്റെ എച്ചിലില എടുത്തിരുന്നില്ല...എച്ചിലിലയ്ക്കും അവകാശിയായി എന്ന് സമാധാനിച്ച്‌ വാഷ്‌ ബേസിനരികിലേക്ക്‌ നടന്നു.

 ..ഞാൻ തിരിഞ്ഞ്‌ നടന്ന് മറ്റൊരു കടയിൽ കയറി ജൂസു കുടിച്ച്‌ വയറിന്റെ നിലവിളിക്ക്‌ സാന്ത്വനമേകി!

ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010

ധനവാനും പാവപ്പെട്ടവനും ഒരു പാട്‌ അന്തരമുണ്ട്‌!

1) ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌!എന്ന് വിളിച്ചു പറയുന്ന നാട്ടിൽ:
"അയാൾ ധനവാനാണത്രേ!.. ഇന്നല്ലെങ്കിൽ നാളെ ചോദ്യം ചെയ്തേക്കും!..ക്രൂരമായ ചോദ്യം ചെയ്യലിൽ അയാൾ വിയർക്കും! പോലീസുകാർ എടുത്തു കുടയും.."-പത്രവാർത്ത!

.. തുറന്നിട്ട ചെറിയ വെന്റിലേറ്ററിൻ വിടവിലൂടെ പറന്നു വന്നിരുന്ന കാക്ക അതു കണ്ടു കൊണ്ടിരുന്നു..

ഏമാൻ:- ഒന്നിവിടം വരെ!..

ധനവാൻ:- ങാ.. വന്നേക്കാം ..ഈ പാവപ്പെട്ടവൻ!.എന്നാൽ അന്വേഷണം മുറപോലെ...

ഏമാൻ:- എന്താ സാറെ സുഖമല്ലേ?

ധനവാൻ:- ആണേ!..താങ്കളുടെ കൃപ കൊണ്ട്‌!.

ഏമാൻ :- ഭാര്യയ്ക്കും കുട്ട്യോൾക്കും?

ധനവാൻ:- സുഖം! ഇങ്ങനെ കഴിഞ്ഞു പോകുന്നു.

ഏമാൻ:- ബിസിനസ്സൊക്കെ?

ധനവാൻ:- ഒരു വിധം ഒത്തു പോകുന്നു!

ഏമാൻ :- ഒന്നിവിടം വരെ വരുത്തിയതിൽ വിഷമമില്ലല്ലോ?..ല്ലേ.. എന്നാൽ പോയ്ക്കോളൂ!

ധനവാൻ:- സാരമില്ല!...നീതി പീഠത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലേ എന്റെ സാറന്മാരെ..!ഏമാൻ:- നമ്മൾക്കും പച്ചരി വാങ്ങണമെന്നത്‌ മറക്കണ്ടാ ..ട്ടോ?.. എന്നാൽ ശരി.. ഞാൻ ക്രൂരമായി ചോദ്യം ചെയ്ത കഥകൾ എഴുതിപ്പിടിപ്പിച്ചോളാം!

ധനവാൻ:- അതു പിന്നെ മറക്ക്വോ?
പത്രക്കാരോട്‌ ധനവാൻ, പോലീസ്‌ നീതി പാലിക്കേണ്ടതുണ്ട്‌.. എന്നാലും കർക്കശമായ ചോദ്യം ചെയ്യൽ! ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്‌!.

---------------------

പാവപ്പെട്ടവനെ ചോദ്യം ചെയ്യുന്നു..

ഏമാൻ :-എടാ നിൽക്കെടാ ..കാലമാടാ...അവിടെ?

പാവപ്പെട്ടവൻ:- എന്താ സാറേ കാര്യം?

ഏമാൻ: എവിടെയാടാ പോയിട്ട്‌ വരുന്നത്‌ @#@#%%%?

പാവപ്പെട്ടവൻ: കൃഷിയിടത്തിലാ സാറേ?

ഏമാൻ: തന്നോടാരു പറഞ്ഞു കൃഷിയിറക്കാൻ @#$#%%%@@@?

പാവപ്പെട്ടവൻ:- ആരും പറഞ്ഞില്ല!.. ജീവിക്കാനാണേ..

ഏമാൻ: തന്നോടാരു ജീവിക്കാൻ പറഞ്ഞു...@#@$@### @.കേറടാ വണ്ടിയിൽ!... ഇവനെ ഒടിച്ചു മടക്കി വണ്ടിയിൽ കയറ്റ്‌!

ഏമാൻ: വീട്ടിൽ ആരൊക്കെയുണ്ടെടാ@ # @$$?

പാവപ്പെട്ടവൻ:- ഭാര്യയും രണ്ടു മക്കളും!

ഏമാൻ:- പറഞ്ഞിട്ടാണോടാ വന്നത്‌ @#@%##@ ?

എട്ടും പൊട്ടും തിരിയാത്ത പാവപ്പെട്ടവൻ ഭയപ്പെട്ട്‌ ടെൻഷനടിച്ച്‌ നിൽക്കുന്നു..
ഏമാൻ:- എന്നിട്ടേന്തെടാ പറയാൻ താമസം@#@#@@?

കോൺസ്റ്റബിൾ...കോൺസ്റ്റബിൾ... നിനക്ക്‌ ജിംനാസ്റ്റിക്കിലൊക്കെ പോയത്‌ പരീക്ഷിക്കാൻ ആളെ കിട്ടിയിട്ടുണ്ട്‌!.നിന്റെ കൈത്തരിപ്പ്‌ തീർത്തോളൂ... ഇടിച്ച്‌ നിരത്തിക്കോ?..കേസു കെട്ടുകൾ ഒരു പാട്‌ തെളിയാനുണ്ട്‌!

പാവപ്പെട്ടവൻ:- അതിനു ഞാനൊന്നും ചെയ്തിട്ടില്ലേ?

ഏമാൻ:- നീയ്യാണോടാ തീരുമാനിക്കുന്നത്‌??ഇത്രയൊക്കെ ചെയ്തത്‌ പോരെടാ @#@#$$@@@?...ബാക്കി ചെയ്യിക്കാൻ ഞങ്ങൾക്കറിയാം!..പാവപ്പെട്ടവന്റെ നടുവൊടിയുമ്പോൾ. ഏമാൻ മൊഴി രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു!.. ചിലപ്പോൾ നാളെ ലോക്കപ്പ്‌ മർദ്ദന മരണം പത്രത്താളിൽ വരും.. ഒത്താൽ ഒത്തു ഇല്ലെങ്കിൽ കുറ്റം ചെയ്ത പാപത്താൽ കുറ്റബോധം വന്ന് നാണക്കേട്‌ കൊണ്ട്‌ തനിയെ മരണം!

2) വകുപ്പ്‌ തലത്തിൽ:
-------------------------

ഓഫീസർ:- നികുതിയടച്ചോ?

ധനവാൻ : ഇല്ല ഈയുള്ളവൻ പാവപ്പെട്ടവനാ..

ഓഫീസർ:- എത്ര നാളത്തെ?

ധനവാൻ:- 30 വർഷത്തെ!

ഓഫീസർ:- എപ്പോഴെങ്കിലും അടക്കാൻ വകുപ്പുണ്ടോ?

ധനവാൻ: ശ്രമിക്കാം!

ഓഫീസർ:- നമ്മളുടെ കാര്യം ശ്രമിച്ചാൽ പോര കേട്ടോ?.. നടക്കണം!

ധനവാൻ:- അതു പിന്നെ പറയണോ?

ഓഫീസർ: എങ്കിൽ ശരി!.. പോയ്ക്കോളൂ!

പാവപ്പെട്ടവൻ!
-----------------

ഓഫീസർ: നികുതിയടച്ചോ?..

പാവപ്പെട്ടവൻ: ഇല്ല!

ഓഫീസർ:- എത്രമാസത്തെ?

പാവപ്പെട്ടവൻ: 4 മാസത്തെ!

ഓഫീസർ:- ഇനിയും അടച്ചില്ലെങ്കിൽ വീട്‌ ജപ്തി ചെയ്യും .. മറക്കേണ്ട... പിന്നെ കണ, കുണ പറഞ്ഞിട്ട്‌ കാര്യമില്ല... സർക്കാറിലേക്കുള്ള വകയാ.. അല്ലാതെ എന്റെ വീട്ടിലേക്കല്ല.. അതിനാൽ എന്റെ കാലു പിടിച്ചിട്ട്‌ കാര്യമില്ല!.. ഒന്നും പറയേണ്ട.. ഉടനേ അടയ്ക്കണം!.. ഓ.. ക്കേ..

പാവപ്പെട്ടവൻ: ഊവ്വ്‌ സാറെ!.. നോക്കട്ടേ !

ഓഫീസർ: നോക്കിയത്‌ കൊണ്ട്‌ ആയില്ല.. നോക്കീം കണ്ടും ഇരുന്നാൽ വീട്‌ ജപ്തിയാകാതെ നോക്കാം..

ഇലറ്റ്ക്ട്രിക്‌ ഓഫീസിൽ:-

ഓഫീസർ:- എത്രകാലത്തെ കുടിശ്ശികയുണ്ട്‌!

ധനവാൻ:- 1975 മുതലുള്ളത്‌?

ഓഫീസർ: ഇപ്പോഴെങ്ങാൻ അടയ്ക്കുമോ?.. ഒരു പാട്‌ ലക്ഷമായല്ലോ സാറെ?

ധനവാൻ:- നോക്കട്ടേ .. വേണമെങ്കിൽ ഒന്നോ രണ്ടോ മാസത്തേത്‌ അടയ്ക്കാം!

ഓഫീസർ: അതു മതി അതു മതി... എന്റെ ഓഹരിക്കാര്യം?

ധനവാൻ:- അതെന്താ സാറെ.. നമ്മളെ ഇത്രകാലമായിട്ടും ഒരുസംശയം?.. ഇന്നു തന്നെ കൊടുത്തയക്കാം!

ഓഫീസർ:- എങ്കിൽ ശരി!.. പറഞ്ഞെന്നേയുള്ളൂ കേട്ടോ..സർക്കാറിനു പൈസകെട്ടുന്നതിൽ അത്ര ധൃതിയൊന്നുമില്ല.. !

പാവപ്പെട്ടവൻ!
------------------

ഓഫീസർ: നികുതിയടച്ചില്ല അല്ലേ?

പാവപ്പെട്ടവൻ:- ഇല്ല രണ്ടു മാസത്തെ!

ഓഫീസർ:- ഈ നക്കാ പിച്ച കാശ്‌ അടയ്ക്കാൻ തനിക്ക്‌ കഴിയില്ലേ?

പാവപ്പെട്ടവൻ:- കുറച്ച്‌ വിഷമം ഉണ്ടായത്‌ കൊണ്ടാണേ..

ഓഫീസർ:- ഇത്‌ സർക്കാറിന്റെ ഖജനാവിലേക്കാ.. എന്റെ വീട്ടിലേക്കല്ല.. ഇരുട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും!

പാവപ്പെട്ടവൻ:- ചതിക്കല്ലേ സാറെ!.. കുട്ടികൾ എസ്‌. എസ്‌ .എൽ സിയാ..പഠിക്കുന്നത്‌!!ഓഫീസർ:- എന്തു "സീ" പഠിച്ചാലും എനിക്ക്‌ കൊഴപ്പമില്ല..എടോ...എല്ലാവരും ഇതു തന്നെയാ പറയാറ്‌... എനിക്കെന്തു ചെയ്യാൻ പറ്റും!.. ഗവർമന്റിന്റെ ഓർഡറാ.!..... എടോ നാരായണാ.. ഈയ്യാളുടെ വീട്ടിന്റെ കറന്റ്‌ കട്ട്‌ ചെയ്തേക്ക്‌!... ഇരുട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും!

ഒന്നു പറഞ്ഞോട്ടേ..നിങ്ങൾക്കറിയാമെങ്കിലും!!

1) സൂക്ഷിച്ചോളൂ..ട്ടോ!
-------------------------------
ജാഗരൂകരാകേണമെന്നുമീ-
പള്ളികൂടയങ്കണത്തിലും,
ശ്രദ്ധയെ കടമെടുത്ത്‌-
മൂത്രം പോലുമൊഴിക്കുക!
=====================
2) നാളെയാണ്‌.. നാളെയാണ്‌!
---------------------------------------
പവിത്രമീ ജീവിതമെന്നോതി-
യൊരുമിച്ച്‌ മാലചാർത്തി ചിരിച്ചവർ,
കളങ്കമീ ജീവിതമെന്നോതി-
വിഘടിച്ചു കാർക്കിച്ചു കൂട്ടി വെച്ചു,
തുപ്പുമ്പോൾ കോളാമ്പി നീട്ടി
ചാനലും പത്രവും,
കനമില്ലാത്ത തുപ്പലിൽ
ഏങ്ങി കരഞ്ഞ പ്രോഗ്രാമുകൾ,
തൊണ്ടപൊട്ടി കരഞ്ഞും
ആസ്വദിച്ചും വെറുത്തും,
ആസ്വാദകർ!
==========================
3) സംഘടിച്ച്‌ ശക്തരായവർ:-
-----------------------------------

സംഘം ചേർന്ന് കുടിച്ചവരിന്നലെ,
സംഘം ചേർന്ന് മദിച്ചു,
സംഘം ചേർന്ന് രമിച്ചവരിന്ന്,
സംഘം ചേർന്ന് വെട്ടികൊല!

=============================

തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

സാമൂഹ്യ പരിഷ്കർത്താക്കൾ!

"..അവരെ തല്ലിക്കൊല്ലണം..!!- എന്റെ വികാരം അണപൊട്ടിയൊഴുകിയിരുന്നു..
ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല! ....ഞാൻ നേതാവായിക്കഴിഞ്ഞിരുന്നു..

ഞെരിഞ്ഞമർന്ന പല്ലുകളുമായി ആൾക്കാരുമൊരുമിച്ച്‌ ജാഥയായി ഞങ്ങൾ അങ്ങോട്ടേക്ക്‌!

"..ജീവിക്കുവാനായി മാനം വിൽക്കുന്നവരാണ്‌ ഞങ്ങൾ!.ഇഷ്ടമുണ്ടായിട്ടല്ല... കഷ്ടമുണ്ടായിട്ടാണ്‌ ഞങ്ങൾ തുണിയുരിയുന്നത്‌!!.നിങ്ങൾ ഞങ്ങളെ സഹായിക്കുമെങ്കിൽ നിങ്ങൾ പറയുന്നത്‌ ഞങ്ങൾ അനുസരിക്കാം!.. അല്ലാതെ പിച്ചും പേയും പറയരുത്‌!!"- ഒട്ടിയ അരച്ചാൺ വയറു കാട്ടി അവർ പറഞ്ഞു..

"നുണ!.. നുണ!... മുണ്ട്‌ മുറുക്കിയുടുത്ത്‌ മാനം കാക്കുന്നവരും ഉണ്ടല്ലോ?"- എന്റെ സംശയം പിന്നേയും!

എന്നെ പിൻതാങ്ങി സമൂഹം!!

"...ഉണ്ടാവും..പക്ഷെ പട്ടിണി കിടക്കാൻ ഞങ്ങൾക്ക്‌ വയ്യ!..". അവർ ചിരിച്ചു.. ഒരു പുശ്ചച്ചിരി!
കൂടുതൽ ആക്രോശിക്കുന്ന ഞങ്ങളിലൊരുവനെ നോക്കി അവർ പറഞ്ഞു..

" ങാ.. ഹാ.. നീയ്യുമുണ്ടോ?... ഈ കൂട്ടത്തിൽ!!...നീ ചോറു വാരി കൊടുത്തവൾ വയറു നിറഞ്ഞ്‌ അകത്തിരിപ്പുണ്ട്‌!- ചെലവിനു കൊടുക്കാതെ വിടില്ല ഞങ്ങൾ!"- അവർ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു..അവർ പറഞ്ഞത്‌ ന്യായമാണെന്ന് ഞങ്ങൾക്ക്‌ ബോധ്യം വന്നിരുന്നു..!

മധ്യസ്ഥതയ്ക്ക്‌ നിൽക്കാതെ അവനെ അവർക്ക്‌ വിട്ടു കൊടുത്ത്‌ ഞങ്ങൾ തിരിച്ചു നടന്നു...
"..ഇനി അവരെ തല്ലിക്കൊല്ലണം!!"- പല്ലു ഞെരിച്ചമർത്ത്‌ ഞങ്ങൾ അങ്ങോട്ടേക്ക്‌ തിരിച്ചു.

" പണം ഞങ്ങൾക്ക്‌ വേണ്ടുവോളമുണ്ട്‌.. ജീവിതമാണ്‌ ഇല്ലാത്തത്‌!.. " ഇറുകിയ ഡ്രെസ്സ്‌ ലൂസായെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട്‌ കൊഴുപ്പ്‌ നിറഞ്ഞ അവർ പറഞ്ഞു..

" നുണ!.. നുണ!" - ഞങ്ങൾ ഒച്ചയിട്ടു..

...പണം നിറഞ്ഞു കവിഞ്ഞിട്ടും അവരെ വിട്ട്‌ കോട്ടും സൂട്ടുമായി വിദേശ പര്യടനങ്ങളിൽ എസ്കോർട്ട്‌ സർവ്വീസുമായി സുഖം തേടി അലയുന്നവരുടെ ഫോട്ടോ ഞങ്ങൾക്ക്‌ കാട്ടി അവർ പറഞ്ഞു .

" നോക്ക്‌!"

ഞങ്ങൾക്ക്‌ അവർ എല്ലാം മനസ്സിലാക്കി തന്നു...

ഞങ്ങൾ "ഊവ്വോ ? എന്ന് തലകുലുക്കി സംശയ നിവർത്തി വരുത്തി..


.. പിന്നീട്‌ അവർ സൂക്ഷ്മതയോടെ ഞങ്ങളെ നോക്കി..അവരുടെ പണം പറ്റി വികാരശമന ജോലി ചെയ്യുന്ന ഞങ്ങളിലൊരുവനെ തിരിച്ചറിഞ്ഞു  പറഞ്ഞു...

" .. ങാ.. നിങ്ങളുമുണ്ടോ?.."-- വരൂ കാപ്പി കുടിച്ചിട്ട്‌ പോകാം..അവരവന്റെ കൈയ്യിൽ പിടുത്തമിട്ടിരുന്നു..

കൈ തട്ടി മാറ്റാനാകാതെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ച്‌ അവൻ അവരുടെ കൂടെ പോയി...

ഞങ്ങളുടെ വികാരം തണുത്തുറഞ്ഞിരുന്നു...സംശയത്തോടെ ഞാൻ എന്നെ പിൻതുടർന്നു  വന്ന ആളുകളുടെ മുഖത്ത്‌ നോക്കി!..അവരുടെ തീവ്രത കുറഞ്ഞിരുന്നു...ആളുകളുടെ എണ്ണം കുറയുന്നുണ്ടായിരുന്നു..!!

എന്നിലെ എന്നെ തല്ലിക്കൊന്ന് പാർട്ടി പിരിച്ചു വിട്ട്‌ ഞാൻ വീട്ടിലേക്ക്‌ പോയി!

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010

കാക്കയുടെ ചിന്തകൾ..(11)

നോമ്പ്‌:-
----------
"..നോമ്പുണ്ട്‌.!!. നോമ്പുണ്ട്‌.!!.". -നോമ്പെടുത്ത്‌ ഞാൻ പാവപ്പെട്ടവരോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു...

"നോമ്പുണ്ട്‌!.. നോമ്പുണ്ട്‌.!!"- നോമ്പു മുറിച്ച്‌ ഞാൻ രാജാവിനോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചു...

സോറി..ഒന്നു മറന്നു പോയി. നോമ്പ്‌ മുറിക്കുമ്പോൾ ആദ്യം കാരയ്ക്കയും പച്ചവെള്ളവും മേമ്പൊടിയായി ചേർത്ത്‌ ഭക്ഷിക്കുമ്പോൾ മഹാനായ മനുഷ്യനെ ഇടയ്ക്ക്‌ ഓർത്തിരുന്നു...

"ഇടയ്ക്കെങ്കിലും ഓർത്തല്ലോ?.. ഭാഗ്യം!"-- പറന്നു പോകുമ്പോൾ കാക്ക പിറുപിറുത്തു..

വൃതം

അവർക്ക്‌ മിക്കപ്പോഴും വൃതമായിരുന്നു.. വൃതം!!

ഇന്ന് വൃതമുണ്ടെന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളങ്ങു  വിശ്വസിച്ചു..

"..ഷഷ്ഠിയാത്രേ!..."

"...അവർ പഴം കഴിക്കുന്നത്‌ കണ്ടപ്പോൾ ശുഷ്ക്കാന്തിയോടെ ചോദിച്ചു.
.
" വായിൽ എന്താ?"

".പഴം!!.."- തെല്ലുജാള്യ ത്തോടെ അവർ.

" അപ്പോൾ ഷഷ്ഠി?"

..ഷഷ്ഠിക്ക്‌ പഴം കഴിക്കാം എന്ന് അവർ പറഞ്ഞു..

പഴം വാങ്ങുവാനോടി....ഒരു കുത്ത്‌ പഴം കൊണ്ട്‌ വെച്ചപ്പോൾ മടമടാന്ന് അവർ കഴിച്ചു ...ഇളനീരു കൊടുത്തപ്പോൾ അതും കുടിച്ചു..

ബാക്കിയുണ്ടായ പഴങ്ങൾ ചൂണ്ടി അവർ പറഞ്ഞു " ഒന്നും കഴിക്കാൻ പാടില്ലല്ലോ .. അതിനാൽ വഴിയിൽ ബസ്സിൽ നിന്നും കഴിക്കാൻ ഈ പഴങ്ങൾ പൊതിഞ്ഞ്‌ തന്നേക്ക്‌!.."

".. എന്റമ്മേ.. ഇനിയെന്ത്‌ കഴിക്കാൻ??....തടി നന്നാക്കാനുള്ള അവരുടെ വൃതം കണ്ട്‌ കണ്ണു മഞ്ഞളിച്ചിരുന്നു..

വൃതത്തിനു നേരത്തോട്‌ നേരം പഴം കഴിക്കാമെങ്കിൽ , വാങ്ങി തരാൻ ആളുണ്ടെങ്കിൽ ഞാനും ഡെയിലി വൃതമെടുത്തേനേ..തടി നന്നാക്കുവാൻ അടവിറക്കുന്ന കള്ള വൃതക്കാരെ കണ്ട്‌ ഞാൻ അറിയാതെ പറഞ്ഞു പോയി!.

എന്നിട്ടും ഞാനറിഞ്ഞില്ല...!

ഇസങ്ങളിൽ കമ്യൂണിസം നല്ലതത്രേ;
ഇടം തേടിയവനിൽ നന്മ കാണാതെ,
ലെബ്രറിയിലേക്ക്‌,
അടച്ചിട്ട ചില്ലു കൂടാരത്തിൽ,
പൊടി  പിടിച്ച്‌, നരകിച്ച്‌,
വിറങ്ങലിച്ച്‌, ജരാനര ബാധിച്ച്‌,
കുഴിയിലേക്ക്‌ കാലുനീട്ടി!!

"കമ്യൂണിസം പരിഷ്കരിച്ചുവത്രേ",
മമ്മി ഫിക്കേഷൻ പ്രക്രീയ!!
എടുത്തിട്ട കുപ്പായം വലിച്ചെറിഞ്ഞ്‌,
പ്രത്യേകം പറഞ്ഞ്‌ ദ്വാരമുണ്ടാക്കിയ,
വൈദേശികന്റെ ഖദറിട്ട്‌,
കൈപ്പത്തിക്ക്‌ കൈയ്യുയർത്തി വിളിച്ചു,
ഛർദ്ദി വന്നപ്പോൾ പദയാത്ര നിർത്തി,

തണ്ടും താവും പറയുന്ന പാർട്ടികളിൽ,
ഇരച്ചു കയറിയും ഒടിഞ്ഞു നിന്നും,
ഒരു കൈ പയറ്റി, ഒറ്റയായി,
നിരങ്ങുന്ന വീൽ ചെയറിൽ
ഇസം കണ്ടും, കൊണ്ടും,
കൺ കുളിർത്ത്‌,
കണ്ണീരടർന്ന്, ചിരിച്ചു,
കള്ളനും,കുരുടനും, തെമ്മാടിക്കും,
ഗുണ്ടയ്ക്കും, ചെങ്കോലു കൈമാറി
ഇസങ്ങൾ കാശിക്കു പോയത്രേ!
ഇസങ്ങൾ തിരിച്ചെത്തുമെന്നപ്രതീക്ഷ!
അതോ ആത്മശാന്തി നേടിയോ?

വൃഥാ വരാന്തയിൽ ഞാനുണ്ണാവൃതമിരുന്നു..

പൊയ്മുഖം:-

സാത്താന്റെ വോട്ടു യാചിച്ച്‌,
സാത്താന്റെ ചോറു തിന്ന്,
സാത്താന്റെ തോളത്തിരുന്ന്,
സാത്താനെ കൊഞ്ചിച്ച്‌,
മന്ത്രിയായി കാലം കഴിക്കണം.
വിജയിപ്പിച്ച ജനത്തിന്‌,
ഏമാന്റെ സമ്മാനം,
കൊറിക്കുമ്പോൾ തെറിച്ചു വീഴും കടല,
തൃപ്തി പെട്ട്‌ ജയ്‌ വിളിച്ചോളൂം!

കാക്കയുടെ ചിന്തകൾ..(15)

കുളിക്കുന്തോറും കറുത്ത കാക്ക!
---------------------------------------
ഒരു നാണവുമില്ലാതെ കിണറ്റിൻ ചുവട്ടിൽ പബ്ലിക്കായി കുളിച്ചു കൊണ്ട്‌ സുന്ദരിയായ കാക്കച്ചി പറഞ്ഞു..

" മനുഷ്യന്മാർ കുളിച്ച വെള്ളമാണെന്നു തോന്നുന്നു..അഴുക്ക്‌ കൂടുതൽ..! കുളിക്കുന്തോറും മുൻപെങ്ങുമില്ലാത്ത വിധം ശരീരം കറുത്തു, കറുത്തു വരുന്നു...ചുവന്നു തടിക്കുന്നു.."

"..എന്റെ നിറവും കറുത്തു പോയത്‌ അതു കൊണ്ട്‌ തന്നെ..സംശയംല്ല്യ.!"-കാക്ക സങ്കടം ഒതുക്കി പിടിച്ചത്‌ പുറത്തെടുത്തു..

ട്രൈനിംഗ്‌ സെന്റർ!

"..പറഞ്ഞപോലെ ഞാനിതാ വന്നിരിക്കുന്നു..!"-  എടുത്ത്‌ വന്ന ബാഗ്‌ തറയിൽ വെച്ച്‌ അവൾ പറഞ്ഞു..

അവൻ സന്തോഷം കൊണ്ട്‌ കെട്ടിപ്പിടിച്ചു..

....അവന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങിയും കളി പറഞ്ഞും അവർ ഒഴുകി നടന്നു...
".. ഇനി നിനക്കൊരു ജോലി വേണം!" ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്‌!..- മധുവിധു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു..

അവൾ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.. എത്ര സ്നേഹമുള്ള ഏട്ടൻ!...അവൾ കെട്ടിപ്പിടിച്ച്‌ മുത്തം കൊടുത്തു..

" നമുക്ക്‌ രണ്ടു പേർക്കും ജോലിയെടുത്ത്‌ നല്ല നിലയിൽ ജീവിക്കണം..ല്ലേ?
"ഊവ്വ്‌!"-അവൻ മൂളി

"... എന്നിട്ട്‌.!!. എന്നിട്ട്‌!!..". അവൾ അങ്ങെത്തുവോളം കഥകൾ പറഞ്ഞു കൊണ്ടിരുന്നു..
" ദാ .. ഇവിടെയാണ്‌ ഓഫീസ്‌!.. അവർ പണി പഠിപ്പിച്ചു തരും .. ചിലപ്പോൾ ട്രൈനിംഗ്‌ ഉണ്ടാകും ശ്രദ്ധിച്ച്‌ വേഗം പഠിക്കണം.. ട്ടോ..അവരെ കൊണ്ട്‌  എന്നെ ഒന്നും പറയിപ്പിക്കരുത്‌!..എല്ലാം ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്‌!"-അവൻ പറഞ്ഞു.
"ഊം!"
"..അവിടെ ജോലിക്കാരായി പെണ്ണുങ്ങൾ ഉണ്ടോ?"-അവൾ ചോദിച്ചു..


"..പിന്നില്ലാതെ.. പെണ്ണുങ്ങൾ ഇല്ലാത്തിടത്ത്‌ ഞാൻ തന്നെ ജോലിക്കു വെക്കുമോ?"ഒരു പാട്‌ പെണ്ണുങ്ങൾ ഉണ്ട്‌.. ഞാൻ കണ്ടതല്ലേ!"-- അവൻ പറഞ്ഞു
 
 അവൾ സന്തോഷത്തോടെ കൈവീശി അവനെ യാത്രയാക്കി അകത്തേക്ക്‌ പോയി..

.....അവൾക്ക്‌ പിറകിൽ ഗേറ്റ്‌ അടഞ്ഞിരുന്നു...

അവന്റെ കാറിന്റെ വേഗം കൂടിയിരുന്നു.. ദൂരെയൊരിടത്ത്‌ കാർ നിർത്തി അവൻ പണമെണ്ണി നോക്കി.. തട്ടുപോളിപ്പൻ പാട്ടുമിട്ട്‌ ഓടിച്ചു പോയി!

രക്ഷപ്പെടുവാൻ പഴുതില്ലാത്ത വിധം വാതിൽ അടയപ്പെട്ടിരുന്നു...
....ചഷകങ്ങളുമായി അവളുടെ ചുമലിൽ കൈയ്യമർത്തി ചിരിച്ച ട്രൈനിംഗ്‌ അധ്യാപകരെ കണ്ട്‌ അവൾക്ക്‌ തല കറങ്ങുന്നുണ്ടായിരുന്നു..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 05, 2010

ഭാരത്‌ മാതാ കീ ജയ്‌!

1)നല്ല അയൽക്കാർ!!
---------------------------
ചർച്ചിച്ച്‌, ചർച്ചിച്ച്‌
ഛർദ്ദിച്ചു പോകുന്നൊരിന്ത്യയും
കൊഞ്ഞനം കുത്തി,
ഇരുട്ടടിയേകും
പാക്കിസ്ഥാനും!


2) നൂൽപാലം
-------------------

നൂൽപാലത്തിലൂടെ,
ബാലൻസെടുത്ത്‌
നിവർന്ന് നടന്ന-
ഭിമാനമുയർത്തിയ
ജവാന്മാർ,
അകാലത്തിൽ,
ചില്ലു ഫ്രെയിമിൽ!

പൊടിപിടിച്ചുമ്മറത്ത്‌,
ഗവൺമന്റിന്റെ
വാഗ്ദാനം!

ബാലൻസ്‌ തെറ്റി,
വഴിയാധാരമായ
കുടുംബം!
കരയണോ?
ചിരിക്കണോ?
രക്തം തിളയ്ക്കണോ?

ബുധനാഴ്‌ച, ഓഗസ്റ്റ് 04, 2010

കാക്കയുടെ ചിന്തകൾ!--(10)

".......മഹാന്മാരായിരുന്ന പലർക്കും ഭ്രാന്തായിരുന്നുവത്രെ! .. സ്വന്തം ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള അടങ്ങാത്ത ഭ്രാന്ത്‌!....ഒടുങ്ങാത്ത നട്ട പ്രാന്ത്‌!

.....പല കണ്ടു പിടുത്തങ്ങൾക്ക്‌ പിറകിലും ഈ ഭ്രാന്താണത്രേ..!.

....മഹാത്മജിയുടെ ഭ്രാന്താണത്രേ.. അർദ്ധനഗ്നനായി വടിയും കുത്തിപ്പിടിച്ച്‌ ഓടി നടന്ന് അടിയും തൊഴിയും വാങ്ങി ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌!".- ദീർഘനേരമായി വായിച്ചിരുന്ന പുസ്തകം അവൻഅടച്ചു വെച്ചു..അല്ല വലിച്ചെറിയുകയായിരുന്നു..

.. അർദ്ധനഗ്നനായ ബർമുഡയിട്ട അവന്റെ സിരകളെ ഉണർത്തിയിരുന്ന ദ്രാവകത്തിന്റെ വീര്യം കുറഞ്ഞിരുന്നു.. അവനും ഭ്രാന്തെടുത്തു വരികയായിരുന്നു.. മുറി തുറന്ന് വൃദ്ധനായ അച്ഛന്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചു വാങ്ങി ഒരു കുത്ത്‌ നോട്ടെടുത്ത്‌ ബർമുഡയിലെ പോക്കറ്റിലിട്ട്‌, തടയാൻ ശ്രമിക്കുന്ന അമ്മയുടെ കാതിൽ ഒറ്റ വലിയോടെ കരസ്ഥമാക്കി അവൻ വേഗം ഓടി...അമ്മയുടെ കര ച്ചിൽ അവൻ ശ്രദ്ധിച്ചില്ല.. അല്ലെങ്കിലും ഭ്രാന്തെടുത്തവൻ പിൻവിളി കേട്ട്‌ നിൽക്കാറില്ല!..

അതിരഹസ്യം പേറുന്ന കെട്ടിടങ്ങളിൽ അവനെപോലെയുള്ള പല യുവാക്കളുടെയും സിരകളെയുണർത്തുന്ന വീര്യം വാറ്റിയെടുക്കുന്ന ലബോറട്ടറികളിൽ വീര്യം നുരഞ്ഞ്‌ പതയുമ്പോൾ, ഉടമസ്ഥനായ ആധുനിക ഗാന്ധിയൻ തന്റെ നട്ടുവളർത്തിയ കുംഭയുമായി വിഷമിച്ച്‌ നടന്ന് സദ്ഭാവനാ യാത്ര നടത്തുകയായിരുന്നു.

" ഇന്നിത്രയും മതി.. ഡോക്ടർ പറഞ്ഞ കിലോമീറ്ററുകൾ കടന്നിരിക്കുന്നു.." ചെവിയിൽ സേവകൻ മന്ത്രിച്ചു..

"ഉം" - ആധുനിക ഗാന്ധിയൻ കിതച്ചു കൊണ്ട്‌ പറഞ്ഞു.

".. ദേഹത്തെ ഉപ്പ്‌ കുറഞ്ഞിട്ടുണ്ടാകും.. ഇന്നത്തെ ഉപ്പ്‌ കുറുക്കലും ദണ്ഡിയാത്രയും മതി..ല്ലേ"- ഗാന്ധിയൻ മെല്ലെ ചെവിയിൽ തന്നെ ഉത്തരം കൊടുത്തു..

...ആജ്ഞ കേട്ട മറ്റ്‌ ഗാന്ധിയന്മാർ കളം വിട്ട്‌ പോയി..ഇനി നാളെ... അല്ലെങ്കിൽ ഒരറിയിപ്പ്‌ ഉണ്ടാകുമ്പോൾ!!
ലീഡർ ഗാന്ധിക്കായി ഒരുക്കിയ ബംഗ്ലാവിലേക്ക്‌ സേവകൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി..

...മുലക്കച്ച കെട്ടാത്ത രണ്ട്‌ യുവതികൾ തോളിൽ കൈയ്യിട്ട്‌ അദ്ദേഹത്തെ മുറിയിലേക്ക്‌ ആനയിച്ചു...

...അകത്തു നിന്നും വാതിൽ അടഞ്ഞിരുന്നു..എട്ടും പൊട്ടും തിരിയാത്ത പാവം പെൺ കിടാങ്ങൾക്ക്‌ ഗാന്ധി തത്വങ്ങളും സദ്‌ ചിന്തകളും പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരിക്കുമോ അദ്ദേഹം???

നഗരത്തിലെ മൂലയിൽ ആരും കാണാതെ കുനിഞ്ഞു നിൽക്കുന്ന മഹാത്മജിയുടെ പ്രതിമയുടെ കൈകളിൽ കയറിയിരുന്ന് കാക്ക അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു.. " മഹാത്മാവേ.. അവരെ കണ്ടു പഠിക്കുക!.. അവർ താങ്കളേക്കാൾ ഉന്നതരാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക!...സമ്മതിക്കുക..!..അത്യുന്നതങ്ങളിൽ അവർക്ക്‌ മഹത്വം...!!..ഭൂമിയിൽ അവർക്കും അവരുടെ ശിഷ്യർക്കും സമാധാനം!!."..

..മഹാത്മജിയുടെ ശിരസ്സ്‌ കൂടുതൽ കുനിഞ്ഞിരുന്നുവോ?..എല്ലാവരും ഒറ്റപ്പെടുത്തിയ മഹാത്മജിയുടെ പ്രതിമയ്ക്കരികിൽ കുറച്ച്‌ സമയം കൂടെ ചിലവഴിച്ചിട്ട്‌ പ്രീയതമയ്ക്കരികിലേക്ക്‌ കാക്ക പറന്നു പോയി..

കാക്ക കൂടെ പോയപ്പോൾ കൂടുതൽ ഒറ്റപ്പെട്ടതായി മഹാത്മജി‌ പ്രതിമയ്ക്ക്‌ തോന്നിയോ?..

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010

പുനർജന്മം!..

രാത്രിയുടെ യാമങ്ങൾ! ...

....ഉറക്കം വരാതെ അയാൾ എഴുന്നേറ്റിരുന്നു.. പിന്നെ കൂട്ടുകാരൻ സമ്മാനിച്ച സിറിഞ്ച്‌ എടുത്ത്‌ ഞരമ്പുകൾ പരുതി.. സിരകളിൽ നർത്തനം ചെയ്ത്‌ അവ തലച്ചോറിലേക്ക്‌ പ്രകമ്പനമായി പ്രവഹിച്ചു..

അയാളിൽ കപിയുണർന്നിരുന്നു..

." കവിതകൾ ജനിക്കുന്നില്ലത്രേ!... തൂ.ഫൂ!.... "- ആഞ്ഞ്‌ തുപ്പിക്കൊണ്ട്‌ അയാൾ എഴുന്നേറ്റു വാതിലിനരികിലേക്ക്‌ നടന്നു..

"..എത്ര കവിതകൾ വേണം!.പറ .. എത്ര കവിതകൾ വേണം...!." - അയാൾ സ്വയം മന്ത്രിച്ചു..

..മുറ്റത്തെ മരങ്ങൾ അയാൾക്ക്‌ വേണ്ടി വഴി മാറി നിന്നു...അതോ അയാൾ സ്വയം വഴിമാറിയോ?... ദൂരെയുണ്ടായിരുന്ന ചെറ്റക്കുടിലിന്റെ വാതിൽ പാളികൾക്ക്‌ അയാളുടെ ചൂണ്ടു വിരലിന്റെ ശക്തിയെ താങ്ങാൻ കൂടി ശേഷി കുറവായിരുന്നു...ക്ഷീണിച്ച്‌ നീണ്ടു നിവർന്ന് കിടക്കുന്ന ആണും പെണ്ണൂം രണ്ടിടങ്ങളിൽ തല ചായ്ച്ചുറങ്ങുന്നു..!..

... അയാൾക്കവരെ ഉണർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല!..അവരെ കടന്നു വെച്ച്‌ കവിതയുടെ വായ പൊത്തിപ്പിടിച്ച്‌ അയാൾ പുറത്ത്‌ കടന്നു.. ബലിഷ്ഠകരങ്ങളിൽ അകപ്പെട്ട അവൾ അനാവശ്യമായി പിടയുന്നുണ്ടായിരുന്നു....ചെറുക്കുന്നുണ്ടായിരുന്നു...

അവളെ വലിച്ചിഴച്ച്‌ ശബ്ദമുണ്ടാക്കാതെയും, ശബ്ദമുണ്ടാക്കിക്കാതെയും പൊന്തക്കാടിലേക്ക്‌ അയാൾ നടന്നു.. അവൾക്ക്‌ ആവശ്യമായിരുന്ന നാണവും മാനവും അയാൾക്ക്‌ അനാവശ്യമായിരുന്നു.. അയാൾക്ക്‌ ആവശ്യമില്ലാത്ത നാണവും മാനവും വലിച്ചെറിഞ്ഞ്‌.. അയാൾക്കാവശ്യമായ അവളുടെ മാനം കവർന്നെടുത്തപ്പോൾ ചീന്തിയെറിയപ്പെട്ട മാനമോർത്താകണം അവൾ വല്ലാതെ ഭയന്ന് ശബ്ദം പോലും പുറത്തു വരാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു..അയാളുടെ ബലിഷ്ഠകരങ്ങളിൽ ആരും അറിയാതെ, കാണാതെ ആ രാത്രിയിൽ പിടഞ്ഞ്‌ ഒരു കുഞ്ഞ്‌ കവിത രൂപം പ്രാപിക്കുകയായിരുന്നുവോ?....

ആയിരുന്നു...അനിർവ്വചനീയമായ ആനന്ദത്തിൽ ആറാടി അയാൾ കവിത രചിക്കുകയായിരുന്നു..
അയാളുടെ കവിതാ രചനയ്ക്ക്‌ അവളുടെ ഞരക്കം!!

"..അടുത്ത്‌ വരരുത്‌?.. തുപ്പിക്കൊല്ലും!.. അനങ്ങരുത്‌!.. വെട്ടിക്കൊല്ലും!..."- പന്തവും, എമർജെൻസി ലൈറ്റും, ടോർച്ചുമായി കവിതയെ അന്വേഷിച്ചെത്തിയ സമൂഹത്തോട്‌ കത്തി കാട്ടി അയാൾ ഭീഷണിപ്പെടുത്തി ക്കൊണ്ട്‌ പറഞ്ഞു..

ആളുകൾസ്തംബ്ദരായി നിന്നു.. ആരോ അയാളെ എറിഞ്ഞു വീഴ്ത്തി.. കപിയായ അയാളിൽ കപികളായ സമൂഹം തൃപ്തിയാവോളം കവിതകൾ രചിച്ചു!

"ഹേയ്‌ മാൻ!... ഇപ്പോൾ എങ്ങിനെയുണ്ട്‌? സുഖമാണോ?..."- പഴയ സ്മൃതികളെ ഉണർത്തിയ ചോദ്യങ്ങൾക്ക്‌ അയാൾ ഉത്തരം കൊടുത്തു..

"ഊവ്വ്‌!.. സുഖമാണ്‌!"

അയാൾ എഴുന്നേറ്റിരുന്നു.." എന്തു സംഭവിച്ചു വെന്ന് ഓർക്കുന്നുവോ?.പഴയ കാര്യങ്ങൾ മനസ്സിൽ തെളിയുന്നുവോ?.. തെറ്റു ചെയ്തു വെന്ന് ബോധ്യമായോ?...പുതിയ മനുഷ്യനായി ഇനി മാറുക!"- കൈയ്യിൽ സ്റ്റെതസ്ക്കൊപ്പ്‌ പിടിച്ച്‌ വട്ടം കറക്കി ഉപദേശിച്ച്‌ ഡോക്ടർ..

"..ഊവ്വ്‌.. എല്ലാം ഓർക്കുന്നു ... ഞാൻ തെറ്റാണ്‌ ചെയ്തത്‌... എന്നോട്‌ മാപ്പാക്കണം!...ഞാൻ ..ഞാൻ..!"- കുനിഞ്ഞ ശിരസ്സോടെ അയാൾ പറഞ്ഞു..കുറ്റബോധം അയാളെ വേട്ടയാടിയിരുന്നു..

"കൂൾ ഡൗൺ..മാൻ!"

" .പ്രായശ്ചിത്തം ചെയ്യണം!. അവൾ ക്ഷമിച്ചിരിക്കുന്നു..കവിത ക്ഷമിച്ചിരിക്കുന്നു.. എല്ലാം ക്ഷമിച്ച്‌ കവിത തന്നെ ജീവിതത്തിലേക്ക്‌ വിളിക്കുകയാണ്‌" - പിറു പിറുത്ത്‌ പിന്നെ കണ്ണിൽ നിന്നും ധാരയായി വെള്ളം വാർത്ത്‌ അയാൾ മെല്ലെ എഴുന്നെറ്റു..

"..അതേ.. അത്‌ കവിത തന്നെ... മുന്നിൽ പാൽ നിറച്ച ഗ്ലാസ്സുമായി മുല്ലപ്പൂവ്‌ ചൂടി അവൾ!... തെറ്റു ചെയ്തതിനു മാപ്പ്‌ പറയണം...താൻ നശിപ്പിച്ചുവെ ങ്കിലും തന്നെ ജീവിതത്തിലേക്ക്‌ ക്ഷണിച്ച അവളെ ആശ്വസിപ്പിക്കണം.. കെട്ടിപുണർന്ന് അവളുടെ വേദനയെ സന്തോഷത്തിന്റെ ആനന്ദക്കടലാക്കണം... ഒരിക്കലും പിരിയാതെ,സ്നേഹമെന്തെന്ന് അവൾക്ക്‌ കാട്ടിക്കൊടുക്കണം..".അയാൾ കൈ നീട്ടി വിളിച്ചു...കവിതാ.. കവിതാ...."

....സ്റ്റെതസ്കോപ്പുമായി ഡോക്ടർ ജീവനും കൊണ്ട്‌ ഓടുകയായിരുന്നു.. അയാൾ മാപ്പപേക്ഷിച്ച്‌ കെട്ടിപ്പുണരാൻ പിറകേയും!..അതോ പുതിയ കവിത രചിക്കാനോ?