പേജുകള്‍‌

തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2010

ഗതകാല സ്മരണ!

"ള്ളേ..ള്ളേ.". അകത്തൊരു കരച്ചിൽ!

"..കുട്ടി ആണാണ്‌.!"

"അമ്മയ്ക്കൊരു കുഴപ്പവും ഇല്ല! അതൊന്നും പേടിക്കേണ്ട"!.."- മലി ചീയ്യേയി എന്ന പ്രസവമെടുപ്പു കാരി പറഞ്ഞു.

മലി ചീയ്യേയി പറഞ്ഞാൽ അച്ചട്ടാണ്‌!.. ഡോക്ടർമാർ പുറകിൽ നിൽക്കണം!.. ആൺ കുഞ്ഞാണോ, അതോ പെൺകുഞ്ഞാണോ എന്നൊക്കെ ലക്ഷണം കണ്ട്‌ ഗണിച്ച്‌ പറഞ്ഞു തരും!

രണ്ടു ദിവസം മുൻപാണ്‌ അവർ വന്നത്‌... എന്താണ്‌ സംഭവം എന്നൊന്നും അവന്‌ വല്യ പിടിയില്ലായിരുന്നു... ഒന്നറിയാം വല്യമ്മ വയറു വീർത്തിട്ടാണ്‌ വന്നത്‌..!വയറു വീർത്ത്‌ പൊട്ടാനായതു പോലെ..!!

ഡോക്ടരുടെ പദവിയാണ്‌ ഭാണ്ഡവും കെട്ടിപൊതിഞ്ഞു വന്ന മലി ചീയ്യേയി എന്ന പ്രസവമെടുപ്പു കാരിക്ക്‌ വീട്ടുകാർ കൊടുക്കുന്നത്‌..ഇന്നെത്തെ പോലെ ആർഭാടപ്രസവം ആളുകൾക്ക്‌ പുശ്ചമായതു കൊണ്ടും , പൈസക്കുറവു കൊണ്ടും മാത്രമല്ല അന്നൊക്കെ ഡോക്ടർ വളരെ അപൂർവ്വമായ ജനു സ്സിലോ, ജീവിയിനത്തിലോ പെടുന്നവരായതു കൊണ്ട്‌ കൂടിയാണ്‌ ഇതൊക്കെ അരങ്ങേറിയിരുന്നത്‌..!.

". എനിക്ക്‌ ഒന്നും ചെയ്യാൻ പറ്റണില്ലല്ലോ.. എന്റെ തേവരെ!""- എന്ന് പുറത്ത്‌ വന്ന് പറഞ്ഞാലാണ്‌ ഡോക്ടരുടെ അടുത്ത്‌ തലച്ചുമടായോ എപ്പോഴെങ്കിലും അബ്ദ്ധവശാലോ, ഭാഗ്യത്താലോ കിട്ടിയേക്കാവുന്ന വാഹനത്തിലോആൾക്കാർ പ്രസവക്കാരിയെ കൊണ്ടു പോവുക..സംഭവം ഗൗരവമാണ്‌എന്നർത്ഥം!..ഇന്നത്തെ പോലെ പറയുകയാണെങ്കിൽ കാറിൽ മെഡിക്കൽ കോളേജിൽ പോയി ആംബുലൻസ്‌ പിടിച്ചു ആർഭാടമായി വരാമെന്ന് സാരം!..

....അപ്പോൾ പഴയ എം. ബി .ബി. എസ്സ്‌ കാരൻ ഡോക്ടർ വെറുതെ പറയും.." ചോറെല്ലാം പോയി കഞ്ഞിയായപ്പോഴാണോ എന്റെടുക്കൽ കൊണ്ടുവരുന്നത്‌?.."

. അവർ തീരും എന്ന് ഉറപ്പായാൽ ഡോക്ടർ മുൻ കൂർ ജാമ്യമെടുക്കുന്നതാണ്‌!..രക്ഷപ്പെട്ടാൽ ഡോക്ടറുടെ കൈപുണ്യം..! രക്ഷപ്പെട്ടില്ലെങ്കിൽ അവരുടെ വിധി!.. അല്ലാതെ അങ്ങാടിയിൽ തോറ്റാൽ ഡോക്ടറുടെ പിടലി ഉളുക്കിക്കുന്ന പുതിയ പരിപാടി അരങ്ങേറാറില്ല.. ആശുപത്രിയുടെ ജനാല ചില്ലുകൾ ചാത്തനേറു പോലെ തകർന്നു നിലം പൊത്താറില്ല!...ആശുപത്രിയിലെ ചില ഗമ ശാലികളായ നേഴ്സ്മാരുടെ നമ്മളും സാധാരണക്കാരായ മനുഷ്യരാണ്‌എന്ന നിലയിലേക്ക്‌ താഴ്‌ന്നു വരുന്ന നിലയിൽ കൈത്തണ്ട ഒടിയാറില്ല എന്നൊക്കെ സാരം!

അല്ലെങ്കിലും എത്ര ലാഘവത്തോടെയാണ്‌ അന്നത്തെ സ്ത്രീകൾ പ്രസവിച്ചത്‌?... ഉരലും ഉലക്കയുമെടുത്ത്‌ അരികുത്തുമ്പോൾ പാതിക്കു നിർത്തി പ്രസവം!... അലക്കുമ്പോൾ പാതിക്കു നിർത്തി ഓടിപ്പോയി പ്രസവം!... ഇന്ന് ഒന്നാം മാസത്തിൽ തന്നെ ആട്ടുകട്ടിലിൽ കിടന്ന് സുഖിച്ചു ഡോക്ടർ വന്ന് തീയ്യതി കുറിച്ച്‌ വയറു കീറിയ ആശ്ചര്യകരമായ പ്രസവം!..എന്താശ്ചര്യം.ഒരു ആശ്ചര്യവുമില്ല!. നിത്യ സംഭവം!.. വയറു കീറാതെങ്ങിനെയാ പ്രസവിക്കുന്നേ എന്ന് ചോദിക്കും പുതിയ തലമുറ!.

...ഒരു പക്ഷെ ഇതൊക്കെ "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം " എന്ന ഒരു പഴയ ഒറ്റമൂലിയായിരിക്കുമോ?.. ആയിക്കൂടായ്കയില്ല... ജീവിക്കേണ്ടത്‌ എല്ലാവരുടേയും ആവശ്യമാണ്‌ .. മാന്യമായി ജീവിക്കുന്നതിന്‌ ന്യായമായ പണം വേണം...ന്യായമായ പണത്തിന്‌ അന്യായമായ ചില ചെയ്ത്തുകളും ചിലപ്പോൾ വേണ്ടി വരും!..അതു നല്ലവനായാലും കെട്ടവനായാലും!..ഇല്ലേങ്കിൽ ഒന്നിനും കൊള്ളാത്ത കൃമിയായി വാഴാം!

..ചിലപ്പോൾ വയറു കീറൽ മാത്രമല്ല ചോദിക്കാനും പറയാനും ആളില്ലേങ്കിൽ മറ്റു ചില അമൂല്യങ്ങളായ അവയവങ്ങളും രണ്ടെണ്ണമെന്തിനാ വെറുതെ കിടന്ന് അളിഞ്ഞുപോകാൻ കിടക്കുന്നത്‌ എന്നൊക്കെ ധരിച്ച്‌ വശായി, വശക്കേടായി സാമൂഹ്യ സേവനത്തിന്‌ അടിച്ചെടുത്തു കൂടായ്കയില്ല! ..അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തോർക്ക്‌ അവയവങ്ങൾ എന്തിനാ രണ്ടെണ്ണം!..ഒരെണ്ണം ഉണ്ടായാലും ജീവിക്കാം!

..അവൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അതു സംഭവിച്ചത്‌!..

തികച്ചും ഒറ്റയാനായ അവന്‌ ആരും കൂട്ടുണ്ടായിരുന്നില്ല.. എന്നും മരണത്തെ കുറിച്ച്‌ ആലോചിച്ചു നടന്ന ഒരു കുട്ടി!... ആരെങ്കിലും മരിച്ചാൽ പൊട്ടിക്കരയുന്ന ആൾക്കാരെ കണ്ട്‌ സങ്കടപ്പെട്ട്‌ തന്റെ ജീവനെടുത്ത്‌ അയാൾക്ക്‌ കൊടുത്ത്‌ അയാളെ ജീവിപ്പിക്കണേ എന്ന് പ്രാർത്ഥിച്ചു നടന്ന കുട്ടി!.. എന്തിനായിരുന്നു അങ്ങിനെ ചിന്തിച്ചത്‌ എന്ന് വലുതായപ്പോൾ തല നാരിഴ കീറി പരിശോധിച്ചപ്പോൾ മനസ്സിലായത്‌ ഒറ്റയാനായിരുന്നു അവനെപ്പോഴും എന്നതായിരുന്നു...

ഏട്ടനുണ്ട്‌, ഏട്ടത്തിയും ഉണ്ട്‌.. എങ്കിലും അനിയനോ അനിയത്തിയോ ഇല്ലല്ലോ എന്ന ഒരു പരിഭവം!.. തന്നെ എന്നും നോവിക്കുന്ന ഏട്ടൻ , പരിഹസിക്കുന്ന ഏട്ടൻ അതല്ലാതെ താൻ പറയുന്നത്‌ കേൾക്കാൻ ആരും തയ്യറായിരുന്നില്ല..ഒരനുജനുണ്ടായിരുന്നെങ്കിൽ പൊന്നു പോലെ അവനെ നോക്കാമായിരുന്നു... "എടാ " എന്നല്ലാതെ വീട്ടിൽ വിളികൾ ഉണ്ടാകുമായിരുന്നില്ല... വല്ലപ്പോഴും വരുന്ന വല്യമ്മയുടെ മോനേ എന്ന വിളി കേൾക്കുമ്പോൾ ഹൃദയം അലിഞ്ഞ്‌ അലിഞ്ഞില്ലാതാകും!

എപ്പോഴോ ഒരു നാൾ ദേഷ്യത്തിൽ അമ്മ വഴക്കു പറഞ്ഞപ്പോൾ സങ്കടം സഹിക്കവയ്യാതെ കായ്യാലപുറത്തു നിന്ന ഏതോ കാട്ടു വള്ളിയിൽ നിന്നു കുറേ കായ്കൾ പറിച്ച്‌ വിഴുങ്ങി മരിക്കുവാൻ തന്നെ നിശ്ചയിച്ചു.. ഇപ്പോൾ ചാകും എന്ന് സ്വപ്നം കണ്ടു നടന്നു..

" എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന മട്ടിൽ ചാകാതെ അവൻ!"

അയാൾ ദൈന്യതയിൽ ചിരിച്ചു..." ഏകനാണ്‌ ഞാൻ !.. ഇപ്പോഴും!.. എപ്പോഴും!

ലീവിൽ ആണ്ടിലൊരിക്കൽ വരുന്ന അച്ഛൻ!..ഒരു പാട്‌ സാധനങ്ങൾ കൊണ്ടു വരും!.. അതിൽ തനിക്കുള്ള ഷർട്ടും പാന്റും ഒക്കെയുണ്ടാവും!.. പിന്നെ മിഠായികൾ!.. ഒന്നോ രണ്ടോ മാസം ഉണ്ടാവും.. പിന്നെ പോകും!..പിന്നെ അടുത്ത വർഷമേ ലീവിൽ വരൂ!

"എന്താ?..നന്നായി പഠിക്കുന്നുണ്ടോ?"

ഊവ്വ്‌ എന്ന് തലയാട്ടും!

സാധനങ്ങൾ എടുത്ത്‌ തന്ന്.". ഇതാ ഇതെടുത്തോളൂ"

ആകെ തന്നോട്‌ അന്ന് അച്ഛന്റെ പറച്ചിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ..

" സാധനങ്ങൾ എടുത്ത്‌ അകത്തേക്ക്‌ പോയാൽ പിന്നെ അച്ഛന്റെ മുന്നിൽ വരാറില്ല!.. പേടിയായിരുന്നോ? അതോ സങ്കോചമോ?" .. അച്ഛനെന്ന് പറഞ്ഞാൽ ആണ്ടിൽ ഒരു പ്രാവശ്യം വരുന്ന ഒരു വ്യക്തിയായിരുന്നു അന്നൊക്കെ... ഒരു മാവേലി ശൈലി!.. സ്വന്തം സുഖം ഉപേക്ഷിച്ച്‌ കഠിനമായി അധ്വാനിച്ചു കുടുംബത്തിനെ പോറ്റുന്ന മഹദ്‌ വ്യക്തിയാണെന്ന് പിന്നീടാണവൻ അറിഞ്ഞത്‌.. അതും വലുതായപ്പോൾ അച്ഛനെ പോലെ താനും ജീവിത വൃത്തിക്കായി നാടു വിട്ടപ്പോൾ!

വിചിത്രസ്വഭാവമായിരുന്നു അമ്മയുടേത്‌!.. സ്നേഹത്തിന്റെ നിറകുടം!.. പക്ഷെ പുറത്തു കാണിക്കില്ല!.. ആരും കാണാതെ കറിക്കത്തിയെടുത്ത്‌ വല്ല മരത്തടിയും എടുത്ത്‌ തോണി പോലെ ഉണ്ടാക്കാൻ ശ്രമിക്കും... ആദ്യത്തെ വെട്ട്‌ മരക്കൊമ്പിലാണെങ്കിൽ രണ്ടാമത്തെ ഉന്നം കാലിലായിരുന്നു...ആരും കാണാതെ കറിക്കത്തി എവിടെയിരുന്നു മുൻപ്‌ അവിടെ തന്നെ വെച്ച്‌ ആരൊടും പരിഭവമില്ലാതെ അവൻ നടന്നു...

രക്തം ഇറ്റിറ്റു വീണ പാടുകൾ വീട്ടിൽ നിറയും!.. അമ്മയുടെ അന്വേഷണ ത്വര അവനിലേക്ക്‌ എത്തും...

..സ്വന്തം കാലു പോലും മുറിക്കാനുള്ള സ്വാതന്ത്ര്യം അവനില്ല!.

".. ഇങ്ങടുത്തു വാടാ.. നിന്റെ കൈ മുറിഞ്ഞോ?

"ഇല്ലാ"- അവൻ!

"കളവു പറയുന്നോ?" ഇങ്ങടുത്തു വന്നേ.. കാണട്ടേ"- അമ്മ

" ഇല്ല കൈ മുറിഞ്ഞിട്ടില്ല!"

മുറിഞ്ഞെന്ന് പറഞ്ഞാലുള്ള പുകില്‌!...തമ്മിൽ ഭേദം ആ കത്തി കൊണ്ട്‌ സ്വന്തം തലയറുത്ത്‌ ചാകുന്നതാണെന്നു തോന്നും!

" നീയ്യടുത്തു വാടാ.." നോക്കട്ടേ"- അമ്മ.

അത്രയ്ക്ക്‌ സ്നേഹമാണ്‌ അമ്മ കാണിക്കുക... മുറിഞ്ഞ ആൾ ജീവനും കൊണ്ട്‌ ഓടിക്കൊള്ളണം!... മുറിവു വന്നെന്ന് തീർച്ചയായെങ്കിൽ സ്നേഹത്തോടെ അടുത്തു വിളിച്ച്‌ ..ഠേ..ഠേ.. എന്ന് നാല്‌ പെട തരും .. പിന്നീടേ മുറിവെവിടെ, രക്തമെവിടെ എന്ന അന്വേഷണം ഉള്ളൂ... മുറിവു പറ്റിയാലും പോര, വേദന പറ്റി കരയാതെ, ആരോടും പരിഭവം പറഞ്ഞില്ലെങ്കിലും അടി ചികിൽസയ്ക്ക്‌ ഒരു മുടക്കവും ഉണ്ടാകില്ല.. വേദനയ്ക്കോപ്പം അടി!..അതായത്‌ മുറിവിന്‌ പ്രഥമ ശുശ്രൂഷ അടിഎന്നു വരെ വരുത്തി തീർത്ത അമ്മ!

ഒ‍ാരോ ഗതികേട്‌!

രക്തം കുറു കുറാന്ന് ചാടുന്നുണ്ടാകും.. അനുസരണയില്ലാത്ത കത്തി... അതു പോലെത്തെ രക്തം!

അടിച്ചതിനു ശേഷം അമ്മയുടെ കണ്ണീൽ കണ്ണീർ വരും!..അടിച്ചതു കൊണ്ടുള്ള വിഷമം കൊണ്ടോ?.. അതോ മുറിവു പറ്റിയ ആഴം കണ്ടിട്ടോ ..? ആ ആർക്കറിയാം!

"...എന്തായാലും ഒരു അനിയനോ അനിയത്തിയോ വേണം.. അവനെ പൊന്നു പോലെ വളർത്തുമല്ലോ..വേദനിപ്പിക്കാതെ , സ്നേഹിച്ച്‌.. സ്നേഹിച്ച്‌.... പൊന്നേ.. മുത്തേ .. എന്ന് മനസ്സിൽ വിളിച്ച്‌.. ചിലപ്പോൾ കേൾക്കെ വിളിച്ച്‌.. ചിലപ്പോൾ ഏട്ടൻ തനിക്ക്‌ തരുമ്പോലുള്ള ചെറിയ മേട്ടം തലയ്ക്ക്‌ കൊടുത്ത്‌, അവൻ കരയുമ്പോൾ അവന്റെ സങ്കടം ഒപ്പിയെടുത്ത്‌ .. കെട്ടിപ്പിടിച്ച്‌.. എല്ലാവർക്കും സ്നേഹമെന്തെന്ന് കാട്ടിക്കൊടുത്ത്‌...!..അങ്ങിനെ, അങ്ങിനെ..!"

"...ചിന്തിച്ചാൽ ഒരു അന്തവുമില്ല... ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന ഒരവസ്ഥ!.. പക്ഷെ ചിന്തിക്കെണ്ടത്‌ ആവശ്യമാണ്‌..!"

...ആരെങ്കിലും തന്നെ സ്നേഹിക്കണം!.. ഏട്ടാ എന്ന് മനം നിറഞ്ഞ്‌ വിളിക്കണം!... "അനിയാ", അല്ലെങ്കിൽ "അനിയത്തീ" എന്ന് മനമലിഞ്ഞ്‌ തിരിച്ചും!!"

"...ള്ളേ !..ള്ളേ..!"- കുഞ്ഞ്‌ കരയുകയാണ്‌..

മലി ചീയ്യേയി എന്ന മഹദ്‌ വനിത മുറുക്കാൻ എടുത്ത്‌ ചവച്ചു..

പിന്നെ മുറ്റത്തേക്ക്‌ ചുണ്ടത്ത്‌ കൈവെച്ച്‌ നീട്ടിയൊരു തുപ്പ്‌!

പഞ്ചാര മണലിൽ രക്ത നിറം പൂക്കളം തീർത്തു!..ചുണ്ടത്തു പറ്റിയ രക്തവർണ്ണങ്ങൾ ഒരു കൈ കൊണ്ട്‌ തുടച്ചു..

വല്യ ഭാവത്തിൽ ട്രൗസറിട്ട്‌ നടന്ന അവനെ വിളിച്ചു.

." എന്താ ചെക്കാ .. സുക്കീളീ പോണ്ടേ..!"

"ഇന്ന് ഞായറാഴ്ചയാ!". ഇസ്കൂളില്ല!...രാവിലെ എഴുന്നെറ്റ്‌ കണ്ണു തിരുമി വന്ന അവൻ പറഞ്ഞു

" മോനേ!.. നിന്റെ വല്യമ്മ പ്രസവിച്ചു..അറിഞ്ഞോ നീയ്യ്‌!"

" മോനെ" എന്ന വിളി അവന്‌ വളരെ ബോധിച്ചു.."ചെക്കൻ, "എടാ" എന്നീ വിളികൾ കേട്ട്‌ മടുത്ത അവന്റെ കാത്‌ ഒന്നു കൂർത്തു. മുറുക്കാൻ ചവച്ച്‌ ഇരിക്കുന്ന അവരെ ശ്രദ്ധിച്ചു..!" "ഇങ്ങടുത്തു വാ!"

അടുത്തേക്ക്‌ പോയി!

" എന്താ?"

" നിനക്ക്‌ കുഞ്ഞിനെ ഇഷ്ടമാണോ?

"ഊവ്വ്‌!"

അതിനെ വേണോ? ‘

അവൻ തലയാട്ടി.പിന്നെ മനസ്സിലുരുൾ പൊട്ടിയ സംശയം പറഞ്ഞു.

"അത്‌ ..അത്‌ .. അത്‌ വല്യമ്മയുടെ കുഞ്ഞല്ലേ..!"

"അവർ പൊട്ടിച്ചിരിച്ചു.."ആരാ പറഞ്ഞത്‌ നെന്നോട്‌?..ഞാൻ വരുമ്പോൾ കൊണ്ടുവന്ന ഭാണ്ഡം കണ്ടില്ലേ...അതിൽ പൊതിഞ്ഞു ഞാൻ കൊണ്ടു വന്നതല്ലേ കുഞ്ഞിനെ?"

" നുണ!.. നുണ!"

" അല്ല മോനേ.. ഞാനാ കൊണ്ടു വന്നത്‌!.. നീ പറ.. നിനക്കു കുഞ്ഞിനെ വേണോ?.. നിന്റെ അനിയനായിട്ട്‌ വളർത്താൻ?

മനസ്സിൽ പൂത്തിരി കത്തി..തന്റെ മനസ്സ്‌ അവർ വായിച്ചിരിക്കുന്നു..തനിക്ക്‌ അനിയൻ!.. അവൻ വല്ലാതെ ആശിച്ചത്‌!

" വേണമെങ്കിൽ പറ!.. ഇല്ലെങ്കിൽ എനിക്ക്‌ മറ്റാർക്കെങ്കിലും കൊടുക്കേണ്ടി വരും.. കുഞ്ഞിന്‌ ആവശ്യക്കാർ എത്രയുണ്ടെന്നറിയാമോ?"

"ഊം.. വേണം!"

" എന്താ ചീയ്യേയി നീ ചെക്കനോട്‌ പറേന്നത്‌?"- അമ്മമ്മ പുറത്തു വന്നു ചോദിച്ചു..

"..അതേയ്യ്‌.. ഇവന്‌ ..കുഞ്ഞിനെ വേണം ന്ന്!"- മലിചീയ്യേയ്യി പറഞ്ഞു..

" എങ്കിൽ അവന്‌ കൊടുത്തേക്കൂ"- അമ്മമ്മ

" ഹായ്‌ അമ്മമ്മയും എന്റെ സൈഡിൽ .. ദാ.. കുഞ്ഞെനിക്ക്‌!"

സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി.. കണ്ണീൽ കണ്ണീരു വന്നു നിറഞ്ഞു..

" എങ്കിൽ താ..!"

" നല്ല കഥയായി.!!. വെറുതേ തരാനോ?.. പണം കൊണ്ടു വാ.. അല്ലാതെ കുഞ്ഞിനെ തരില്ല!.. ഞാൻ കൊണ്ട്‌ പോവും"- അവർ!

" .. ഇതു പുലി വാലായല്ലോ?.. തുള്ളീച്ചാടിയ അവൻ പെട്ടെന്ന് നിന്നു.. അമ്മമ്മ സഹായിക്കാതിരിക്കില്ല.. അമ്മമ്മയുടെ അടുത്തേക്കവൻ ഓടി..

‘ അമ്മമ്മേ.. അമ്മമ്മേ പൈസ താ അമ്മമ്മേ"- എല്ലാം കേട്ടു നിന്ന അമ്മമ്മ ചിരിച്ചു.. പിന്നെ ഹോർലിക്സിന്റെ കുപ്പി പോലുള്ള പൈസ ഇട്ടു വെക്കുന്ന കുപ്പിയിൽ നിന്നും ചില്ലറ തിരഞ്ഞു.. അൻപതു പൈസ എടുത്തു തന്നു...

‘ ചീയ്യേയ്യിയേടത്തി.. ചീയ്യേയ്യിയേടത്തീ ഇതാ പൈസ!"

അതു കൊടുത്തപ്പോൾ മലിചീയ്യേയി ചിരിച്ചു.." അൻപതു പൈസയ്ക്കു കുട്ടിയോ?.. കുട്ടിക്കിപ്പോൾ എത്രയാ പൈസാന്നറിയോ ..ന്റെ മോനേ...മോൻ തന്നത്‌ മുറുക്കാനു കൂടി തികയില്ല! ‘

മുഖം വല്ലാതെ വിളറി ,കരച്ചിലിന്റെ വക്കിലെത്തി.".ഇനി അമ്മമ്മ പൈസതരില്ല... !!"

" എങ്കിൽ കുട്ടിയെ ഞാൻ കൊണ്ടു പോകും ട്ടോ!"-

അവന്റെ കരച്ചിൽ കാണേണ്ട എന്ന് കരുതിയായിരിക്കണം അമ്മമ്മയിടപെട്ടു.

. " ചീയ്യേയ്യി.. കുഞ്ഞിനെ കൊടുത്തേക്ക്‌ ചീയ്യേയ്യി! ഓൻ വല്യ കാശുകാരനായാൽ നിനക്കു നല്ലവണ്ണം പൈസ തരും!"

അമ്മമ്മയുടെ ഉറപ്പിലാണെന്ന് തോന്നുന്നു അവർ പറഞ്ഞു.

." തരുമല്ലോ? തീർച്ചയാണല്ലോ"

" ഊവ്വ്‌!"

"പറ്റിക്കുമോ?"

"ഇല്ല!".. സത്യായിട്ടും ഇല്ല!"

"എങ്കിൽ വാ"

"അകത്തേക്ക്‌ വിളിച്ച്മെല്ലെ കുഞ്ഞിനെയെടുത്ത്‌ അവന്റെ കൈകളിൽ വെച്ച്‌ കൊടുത്തു പറഞ്ഞു.." ഇനി ഇവൻ നിനക്ക്‌.. ട്ടോ.. ആർക്കും കൊടുക്കരുത്‌.. നല്ല വണ്ണം നോക്കണം!" സന്തോഷിച്ചു കണ്ണു നിറഞ്ഞ അവനോട്‌ അവർ പറഞ്ഞു.". ഇനി മതി.. കുട്ടിക്ക്‌ മുല കൊടുക്കണം അതിന്‌ വല്ല്യമ്മയുടെ അടുത്തു വിടുകയാണ്‌!..വലുതാകുമ്പാൾ മോനു തന്നെ തരാൻ വല്ല്യമ്മയോട്‌ ഞാൻ പറയാം ..ട്ടോ.."
"അങ്ങിനെ അവർ കുഞ്ഞിനെയെടുത്ത്‌ വല്യമ്മയുടെ അടുത്ത്‌ കിടത്തി..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മലി ചീയ്യേയ്യി പോയി..

മൂന്നു മാസം കഴിഞ്ഞപ്പോൾ കുട്ടിയേയുമെടുത്ത്‌ വല്യമ്മയും കൂട്ടാളികളും യാത്ര തിരിച്ചു!

അവൻ പൈസ കൊടുത്തു വാങ്ങിച്ച കുട്ടിയെയും കൊണ്ട്‌ പോകുമ്പോൾ ആകെ വിഷമമായിരുന്നു.. എന്നിട്ടും !!..

"ഞാൻ പൈസകൊടുത്തു വാങ്ങിച്ച കുഞ്ഞ്‌!!.. "-അവനു കരച്ചിൽ വന്നു....എന്നിട്ടും തടയാനാകാതെ അവൻ നോക്കി നിന്നു..!

"...വലുതായപ്പോൾ അവൻ തന്നെ ഏട്ടാന്നു വിളിച്ചു ഒപ്പമുണ്ടായോ?... തന്റെ പൊന്നനിയനായി കൂടെയുണ്ടായോ?... എന്ത്‌ എല്ലാം വെറും തോന്നലല്ലേ!!.. സ്നേഹം!!... ആർക്ക്‌?, എപ്പോൾ? , എവിടെ?.."

ഹൃദയത്തിലിട്ടടച്ച അടങ്ങാത്ത അനിയൻ, അനിയത്തി എന്നീ വിചാരങ്ങളുമായി പലരേയും അവൻ സങ്കൽപിച്ചു.. എല്ലാം വൃഥാവിലായിരുന്നു.. ആർക്കു വേണം തന്റെ സ്നേഹം!..

എല്ലാവരും കാര്യ സാധനത്തിനായി അവനെ ഏട്ടാ എന്ന് വിളിച്ചു.കൈപിടിച്ചു നടന്നു.. സ്നേഹം കൊണ്ട്‌ നിറയുകയായിരുന്നു അപ്പോഴൊക്കെ!.. . കാര്യം കഴിഞ്ഞപ്പോൾ ഒന്നും അന്വേഷിക്കാതെയായി..സുഖമാണോന്ന് പോലും!. സ്നേഹം ഹൃദയത്തിൽ നിറച്ച്‌, തന്നെ മനസ്സിലാക്കി എന്നെങ്കിലും അവർ തിരിച്ചു വരുമെന്ന് അവൻ മനസ്സിൽ വൃഥാ സങ്കൽപിച്ചു ചാരു കസേരയിൽ ചാഞ്ഞിരുന്നു..

" ...ഏതെങ്കിലും പെണ്ണുങ്ങളെയൊക്കെ ആലോചിച്ചിരിക്കുകയായിരിക്കും... ല്ലേ..പഴയ ഏതോ പെണ്ണുങ്ങളെ.!!... വിളിച്ചിട്ടു കൂടി അറിയുന്നില്ല..ഒരു ബോധവും ഇല്ലല്ലോ!. ദേ.. ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക്‌ പോവ്വ്വാ.. നേരത്തെ തന്നെ നിങ്ങളോട്‌ പറഞ്ഞില്ലേ!"-ഭാര്യ ഇറങ്ങാൻ നേരം പറഞ്ഞു.

അയാൾ പെട്ടെന്ന് എഴുന്നേറ്റു.." ങേ.. ഞാനിത്ര വേഗം വലുതായോ?.അതോ സ്വപ്നമോ?.. ഛേ..ഞാനെന്താ ഇങ്ങനെ?... ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ.. ഇപ്പോഴും പഴയ വിചാരങ്ങൾ അയവിറക്കി!.അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല!."

" ഉം ശരി!"- അയാൾ മൂളി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ