പേജുകള്‍‌

ഞായറാഴ്‌ച, ഓഗസ്റ്റ് 29, 2010

നാണം വേലു!

വേലുവെ ന്ന വേലായുദ്ധൻ... !.. ആളൽപം ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു.. ഒരു സമർത്ഥൻ!.. ഒരു ബുദ്ധി ജീവി ഗണം!..കുത്തൊഴുകുന്ന തന്റെ ചിന്തകൾ ആരും അറിയാതെ നാമാവശേഷമാവുന്നത്‌ കണ്ട്‌ സഹികെട്ടോ എന്തോ ഒരു നാൾ അയാൾ തന്റെ പുത്തൻ ചിന്താധാര സമൂഹ മദ്ധ്യത്തിൽ പ്രകടിപ്പിച്ചു..

" നാണം വിറ്റും പണമുണ്ടാക്കിയാൽ പണം നാണത്തെ കൊണ്ടു വരും!"

വേലുവിന്റെ ചിന്താമണ്ഡലത്തിൽ നിന്നുതിർന്നു വന്ന വാക്യങ്ങൾ മഹദ്‌ വാക്യങ്ങളായി സമൂഹം അംഗീകരിച്ചു..ആളുകൾ ആ മഹദ്‌ വചനം ഹൃദയത്തിലേക്ക്‌ ആവാഹിച്ച്‌ പ്രവർത്തനം ആരംഭിച്ചിരുന്നു.. ചിലർ ശിഷ്യപ്പെട്ടു.!

അങ്ങനെ വേലുവെന്ന വേലായുദ്ധൻ നാണം വേലുവായി!

ആളുകൾ സ്നേഹ പൂർവ്വം വിളിച്ചു

" നാണം വേലുവിന്റെ ഭാര്യ!,

" നാണം വേലുവിന്റെ വീട്‌!.

" നാണം വേലുവിന്റെ മക്കൾ!.


അയാളുടെ ഭാര്യക്ക്‌ അത്‌ കുറച്ചിലായി..അവർക്കയാളെ വെറുപ്പായി..അറപ്പായി!.അവർ പറഞ്ഞു

" ഒരു നാണവും ഇല്ലാത്ത ഈ മനുഷ്യനെകൊണ്ട്‌ തോറ്റു!".

 മക്കൾ കരച്ചിലായി!

" നാശം ചത്താൽ മതി!"..അതയാളെ കുറിച്ച്‌ തന്നെയായിരുന്നു.. അല്ലെങ്കിൽ അവർക്ക്‌ ഉച്ചത്തിൽ പറയാതെ കഴിക്കാമായിരുന്നുവല്ലോ?

അവരുടെ പിറുപിറുപ്പും മക്കളുടെ കുറ്റപ്പെടുത്തലും കേട്ട്‌ ,സങ്കടപ്പെട്ട്‌, നാണക്കേട്‌ കൊണ്ട്‌ ഹൃദയം ബലൂണു പോലെ വീർത്ത്‌ വീർത്താണെന്നു തോന്നുന്നു അയാൾ ദീർഘശ്വാസം വലിച്ച്‌ ഭൂമിയെ വിട്ട്‌ നാണക്കേടും മാനക്കേടും ഇല്ലാത്ത, അറ്റ്ലീസ്റ്റ്‌ ശിഷ്യപ്പെട്ടവരും ഭാര്യയും മക്കളും കണ്ടു മുട്ടാത്ത ഏതോ സ്ഥലത്തു പോയി!..

കരച്ചിൽ ആരംഭിക്കും മുന്നെ മക്കളും ഭാര്യയും ആധാരം നോക്കി!...വിൽ പത്രം നോക്കി.. ! തിട്ടപ്പെടുത്തി.." വിൽ പത്രത്തിലെ അവസാന ഭാഗം ഇങ്ങനെയായിരുന്നു..".. എന്റെ ശരീരം മെഡിക്കൽ കോളേജിനു ദാനമായി നൽകണം!"

അവരെങ്കിലും തന്റെ നാണത്തെ കുറിച്ച്‌ ഗവേഷണം നടത്തട്ടെ എന്നായിരിക്കുമോ ആ ചിന്താശീലന്റെ കാഴ്ചപ്പാട്‌!

ശേഷം ചടങ്ങ്‌.!!. അവർ ഒന്നടങ്കം അലമുറയിട്ടു കരഞ്ഞു... ആളുകൾ ബ്യൂട്ടീ പാലറിലേക്ക്‌ ഓടി മുഖം മിനുക്കി വന്നു... ബന്ധുക്കൾ വിൽ പത്രം നടപ്പാക്കാൻ തുടങ്ങി!...

പുറത്ത്‌ മെഡിക്കൽ കോളേജ്‌ ദല്ലാളന്മാരുടെ പട!...ആർക്കു നൽകും?

" ദാനം നൽകാൻ പറ്റില്ല.. പണം നൽകിയാൽ നൽകാമെന്നായി"

കൂടുതൽ പണം നൽകിയവർക്ക്‌ സ്വകാര്യമായി , തർക്കം നടത്തിയവർ കൈമാറി..കമ്മീഷനടിച്ചു!

അലമുറയിട്ടു കരയുന്ന ഭാര്യയുടെ കൈയ്യിൽ ആ തുക നൽകി... അവർ കര ച്ചിൽ നിർത്തി പണമെണ്ണി നോക്കി.. യാതൊരു നാണവുമില്ലാതെ പറഞ്ഞു.

." .വന്ന എല്ലാവരേയും പരിഗണിച്ചിരുന്നോ?..ഒന്നു കൂടെ മൂപ്പിച്ചിരുന്നുവെ ങ്കിൽ ഇതിൽ കൂടുതൽ കിട്ടില്ലായിരുന്നോ?"

മക്കളുടെ കരച്ചിലും നാണവും മാറിയിരുന്നു.. പണം പങ്കിടാൻ അവരും തർക്കം തുടങ്ങിയിരുന്നു..

അയാളുടെ ചിന്താധാരയോട്‌ അകന്നു നിന്നിരുന്ന ഭാര്യയും മക്കളും അയാളുടെ മഹദ്വചനങ്ങളോട്‌ സമരസപ്പെട്ട്‌ ശിഷ്യന്മാരായപ്പോൾ ആളുകൾ മൂക്കിൽ വിരൽ വെച്ച്‌ പറഞ്ഞു.." നാണം വേലുവിന്റെ ബന്ധുക്കൾ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ