പേജുകള്‍‌

തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

സാമൂഹ്യ പരിഷ്കർത്താക്കൾ!

"..അവരെ തല്ലിക്കൊല്ലണം..!!- എന്റെ വികാരം അണപൊട്ടിയൊഴുകിയിരുന്നു..
ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല! ....ഞാൻ നേതാവായിക്കഴിഞ്ഞിരുന്നു..

ഞെരിഞ്ഞമർന്ന പല്ലുകളുമായി ആൾക്കാരുമൊരുമിച്ച്‌ ജാഥയായി ഞങ്ങൾ അങ്ങോട്ടേക്ക്‌!

"..ജീവിക്കുവാനായി മാനം വിൽക്കുന്നവരാണ്‌ ഞങ്ങൾ!.ഇഷ്ടമുണ്ടായിട്ടല്ല... കഷ്ടമുണ്ടായിട്ടാണ്‌ ഞങ്ങൾ തുണിയുരിയുന്നത്‌!!.നിങ്ങൾ ഞങ്ങളെ സഹായിക്കുമെങ്കിൽ നിങ്ങൾ പറയുന്നത്‌ ഞങ്ങൾ അനുസരിക്കാം!.. അല്ലാതെ പിച്ചും പേയും പറയരുത്‌!!"- ഒട്ടിയ അരച്ചാൺ വയറു കാട്ടി അവർ പറഞ്ഞു..

"നുണ!.. നുണ!... മുണ്ട്‌ മുറുക്കിയുടുത്ത്‌ മാനം കാക്കുന്നവരും ഉണ്ടല്ലോ?"- എന്റെ സംശയം പിന്നേയും!

എന്നെ പിൻതാങ്ങി സമൂഹം!!

"...ഉണ്ടാവും..പക്ഷെ പട്ടിണി കിടക്കാൻ ഞങ്ങൾക്ക്‌ വയ്യ!..". അവർ ചിരിച്ചു.. ഒരു പുശ്ചച്ചിരി!
കൂടുതൽ ആക്രോശിക്കുന്ന ഞങ്ങളിലൊരുവനെ നോക്കി അവർ പറഞ്ഞു..

" ങാ.. ഹാ.. നീയ്യുമുണ്ടോ?... ഈ കൂട്ടത്തിൽ!!...നീ ചോറു വാരി കൊടുത്തവൾ വയറു നിറഞ്ഞ്‌ അകത്തിരിപ്പുണ്ട്‌!- ചെലവിനു കൊടുക്കാതെ വിടില്ല ഞങ്ങൾ!"- അവർ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു..അവർ പറഞ്ഞത്‌ ന്യായമാണെന്ന് ഞങ്ങൾക്ക്‌ ബോധ്യം വന്നിരുന്നു..!

മധ്യസ്ഥതയ്ക്ക്‌ നിൽക്കാതെ അവനെ അവർക്ക്‌ വിട്ടു കൊടുത്ത്‌ ഞങ്ങൾ തിരിച്ചു നടന്നു...
"..ഇനി അവരെ തല്ലിക്കൊല്ലണം!!"- പല്ലു ഞെരിച്ചമർത്ത്‌ ഞങ്ങൾ അങ്ങോട്ടേക്ക്‌ തിരിച്ചു.

" പണം ഞങ്ങൾക്ക്‌ വേണ്ടുവോളമുണ്ട്‌.. ജീവിതമാണ്‌ ഇല്ലാത്തത്‌!.. " ഇറുകിയ ഡ്രെസ്സ്‌ ലൂസായെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട്‌ കൊഴുപ്പ്‌ നിറഞ്ഞ അവർ പറഞ്ഞു..

" നുണ!.. നുണ!" - ഞങ്ങൾ ഒച്ചയിട്ടു..

...പണം നിറഞ്ഞു കവിഞ്ഞിട്ടും അവരെ വിട്ട്‌ കോട്ടും സൂട്ടുമായി വിദേശ പര്യടനങ്ങളിൽ എസ്കോർട്ട്‌ സർവ്വീസുമായി സുഖം തേടി അലയുന്നവരുടെ ഫോട്ടോ ഞങ്ങൾക്ക്‌ കാട്ടി അവർ പറഞ്ഞു .

" നോക്ക്‌!"

ഞങ്ങൾക്ക്‌ അവർ എല്ലാം മനസ്സിലാക്കി തന്നു...

ഞങ്ങൾ "ഊവ്വോ ? എന്ന് തലകുലുക്കി സംശയ നിവർത്തി വരുത്തി..


.. പിന്നീട്‌ അവർ സൂക്ഷ്മതയോടെ ഞങ്ങളെ നോക്കി..അവരുടെ പണം പറ്റി വികാരശമന ജോലി ചെയ്യുന്ന ഞങ്ങളിലൊരുവനെ തിരിച്ചറിഞ്ഞു  പറഞ്ഞു...

" .. ങാ.. നിങ്ങളുമുണ്ടോ?.."-- വരൂ കാപ്പി കുടിച്ചിട്ട്‌ പോകാം..അവരവന്റെ കൈയ്യിൽ പിടുത്തമിട്ടിരുന്നു..

കൈ തട്ടി മാറ്റാനാകാതെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ച്‌ അവൻ അവരുടെ കൂടെ പോയി...

ഞങ്ങളുടെ വികാരം തണുത്തുറഞ്ഞിരുന്നു...സംശയത്തോടെ ഞാൻ എന്നെ പിൻതുടർന്നു  വന്ന ആളുകളുടെ മുഖത്ത്‌ നോക്കി!..അവരുടെ തീവ്രത കുറഞ്ഞിരുന്നു...ആളുകളുടെ എണ്ണം കുറയുന്നുണ്ടായിരുന്നു..!!

എന്നിലെ എന്നെ തല്ലിക്കൊന്ന് പാർട്ടി പിരിച്ചു വിട്ട്‌ ഞാൻ വീട്ടിലേക്ക്‌ പോയി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ