പേജുകള്‍‌

ഞായറാഴ്‌ച, ഓഗസ്റ്റ് 22, 2010

കാക്കയുടെ ചിന്തകൾ...(13)

ഓർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !


അന്ന് കർക്കിടക മാസം! കോരിച്ചെരിയുന്ന മഴ!..മഴ ലേശം തോർന്നപ്പോൾ കോരനും അവുള്ളയും, പൈലിയും ഉന്നത തല യോഗം വിളിച്ചു!.. ഇന്ന് കടലിൽ പോയി ഗവൺമന്റിന്‌ പണി കൊടുക്കണോ? അതോ വീട്ടിലിരിക്കണോ?..ഒപ്പം കടലിലിറങ്ങാൻ ചങ്കുറപ്പുള്ള ചേകവന്മാരും ഉണ്ടായിരുന്നു...
കോരൻ പറഞ്ഞു .." ചീട്ടു കളിക്കാം!"

അവുള്ള പറഞ്ഞു" ചൂണ്ടയിടാം.. രണ്ട്‌ പരലെങ്കിലും കിട്ടിയാൽ ...!"

പൈലി പറഞ്ഞു " പള്ളിമേടയ്ക്കരികിൽ പോയി ക്യാരംസ്‌ കളിക്കാം!"

പല അഭിപ്രായം!

ഉന്നത തലയോഗം തീരുമാനമാകാതെ പിരിഞ്ഞു...ഒടുവിൽ മറ്റൊരു തീരുമാനം ശബ്ദ ഘോഷങ്ങളോടെ പാസ്സാക്കി.!!...അനന്തന്റെ ചായ്പിലേക്ക്‌ അവർ മെല്ലെ അടിവെച്ച്‌ നടന്ന് നാടൻ ചാരായം അകത്താക്കി സൊറ പറഞ്ഞും കലമ്പിച്ചൊടിച്ചും ഇരുന്നു......

ചാനലുകൾ ഉന്നത തല യോഗം നിമിഷാർദ്ധങ്ങളുടെ ഇടവേളകളിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു..

കാക്കകൾ കാ ..കാ ..കാ എന്ന് വിളംബരം ചെയ്തു ഉന്നത തലയോഗം വിളിച്ചു !..

"ഇന്നും പാറുവമ്മയുടെ വീട്ടിൽ പാറുവമ്മ വലിച്ചെറിയുന്ന മത്തിത്തല പൂച്ചയെ പറ്റിച്ച്‌ പറന്നെടുത്തുയരാൻ ഒരു വഴിയുമില്ല .. ദേ.. ലവന്മാര്‌ .. അടിച്ചു പൂക്കുറ്റിയായി!..ഇന്നവർക്ക്‌ പണിയും കോപ്പുമൊന്നും ഇല്ല!"-കാക്കകളുടെ നേതാവ്‌ യോഗത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു..

ഉന്നത തലയോഗം തീരുമാനമാകാതെ പിരിഞ്ഞു.

അപ്പോൾ പാറുവമ്മയുടെ ചെറുമകൾ ചിണുങ്ങിക്കൊണ്ട്‌ ഒരു പാത്രത്തിൽ ദോശയുമായി ഉമ്മറപ്പടിയിൽ വന്ന് ഇരുന്നു.

."ഇന്ന് ലവളെ പറ്റിച്ചിട്ടു തന്നെ കാര്യം!.." - കാക്കകൾ ശബ്ദ ഘോഷങ്ങളോടെ പറന്നുയർന്ന് അടുത്തുള്ള മരക്കൊമ്പിലിരുന്നു അവളുടെ ദോശയിലേക്ക്‌ കൊതിയോടെ നോക്കി!..
സംഗതിയില്ലാത്ത സംഗതികൾ എല്ലാം തൽസമയം സംപ്രേഷണം ചെയ്തു കഴിഞ്ഞ ചാനലുകൾ ക്ഷീണിച്ചവശരായി ചാനലുകളുടെ ഉന്നത തലയോഗം വിളിച്ച്‌ അടുത്ത എപ്പിസോഡുകൾക്കായി ക്യാമറ തുടച്ചു മിനുക്കി..!!...

വന്നു വന്ന് ഈ ഉന്നത തലയോഗം ഉന്നതന്മാർക്ക്‌ മാത്രമല്ല ആർക്കും കാലിലിട്ടു നടക്കുന്ന ചെരുപ്പിന്റെ അവസ്ഥയിലായി!...

...പ്രേക്ഷകരുടെ ഒരു യോഗം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ