പേജുകള്‍‌

ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

എനിക്ക്‌ ചോദ്യമുണ്ട്‌... നിങ്ങൾക്ക്‌ ഉത്തരവും:

" കല്ലറകളിൽ ഉറങ്ങിക്കിടക്കുന്ന ലോകം വിറപ്പിച്ച വില്ലാളി വീരന്മാരെന്തേ അധർമ്മത്തിനെതിരെ ശബ്ദിക്കാത്തത്‌?"

" അവർ മണ്ണിലലിഞ്ഞു മണ്ണായി!"- പരിഹസിച്ചു ചിരിച്ച്‌ നിങ്ങൾ ഉത്തരമേകിയേക്കാം..

"ഇപ്പോഴും മരിക്കാത്ത ഈജിപ്തിലെ പ്രതാപികളായ രാജാക്കന്മാരുടെ മമ്മികളെന്തേ ഇപ്പോൾ പഴയ പോലെ ആളുകളെ കണ്ണുരുട്ടി ഭയപ്പെടുത്താത്തത്‌?"

" അവർ മിണ്ടാൻ കഴിയാത്ത വെറും ശവശരീരങ്ങളായെന്ന ഉത്തരം കേട്ട്‌ ഞാൻ തൃപ്തിപ്പെട്ടോളാം!"

എങ്കിൽ ഭീകരന്മാരായ അധർമ്മികൾ നിരപരാധികളെ വെട്ടുന്നതും, കൊല്ലുന്നതും ജീവനുള്ള നിങ്ങൾ കാണുമ്പോഴെന്താ ഒരു കുരുത്തോല കൊണ്ടു പോലും വീശിയാട്ടാത്തത്‌?
- നിസ്സാരന്മാരിൽ നിസ്സാരനായ എന്റെ ചോദ്യം.!

"അവർ ശക്തന്മാരാണ്‌!.. സംഘടിതരും!"

എന്തിനും ഏതിനും മുറവിളി കൂട്ടുന്ന, സമരിക്കുന്ന, മറ്റുള്ളവരുടെ മേൽ കുതിര കയറാൻ മിടുക്കുള്ള മിടുക്കന്മാരായ നിങ്ങളുടെ ഉത്തരം എന്നെ ഉലച്ചു കളഞ്ഞിരിക്കുന്നു..

നാവു വിഴുങ്ങിക്കൊണ്ട്‌, തലങ്ങും വിലങ്ങും നോക്കി, ഭയത്തിനു അറുതി വരുത്തി പറഞ്ഞ, വിജ്ഞാനികളായ നിങ്ങളുടെ ജ്ഞാനം തുളുമ്പുന്ന ഉത്തരം ശ്രവിച്ച്‌ ഭീരുവെന്ന് പോലും വിളിക്കാനറച്ച്‌ എന്റെ ഭ്രാന്തൻ ചോദ്യവും അവരുടെ ഉത്തരവും കിട്ടാത്ത എല്ലാവർക്കും എറിഞ്ഞു കൊടുക്കുന്നു..

എന്തിനും ഏതിനും നിങ്ങൾക്കുത്തരമുണ്ട്‌ എന്ന് സന്തോഷിച്ച്‌ ഞാൻ പിൻതിരിഞ്ഞു നടക്കുകയാണ്‌.

പിടഞ്ഞു വീഴുന്ന നിരപരാധികളുടെ അറുക്കപ്പെടുന്ന ശരീരഭാഗങ്ങൾകണ്ട്‌, പിടഞ്ഞൊടുങ്ങുന്ന ശവങ്ങൾ കണ്ട്‌ വിറങ്ങലിച്ച്‌ നിൽക്കാതെ എനിക്ക്‌ പൊട്ടിക്കരയണം... ശ്മശാനങ്ങളിൽ കല്ലെടുത്ത്‌ അടുപ്പു കൂട്ടി അൽപം ചോറു വെച്ച്‌ അവരുടെ ആത്മാവിനേയും ഊട്ടി ആ കല്ല് തന്നെ തലയിണയായി വെച്ച്‌ എനിക്കും അൽപനേരമെങ്കിലും ശയിക്കണം!

വിറങ്ങലിച്ച്‌ നിൽക്കാൻ ശീലിച്ച എല്ലാവരും വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഒരു നിസ്സാരൻ അത്രെയെങ്കിലും സമാധാനിച്ചോട്ടേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ