പേജുകള്‍‌

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

മാറ്റം!

കേളൻ,
പണ്ടത്തെ കമ്യൂണിസ്റ്റ്‌,
പരിപ്പു വട വിൽക്കുന്നവൻ,
മുറി ബീഡി വലിയൻ,
തികഞ്ഞ കമ്യൂണിസ്റ്റ്‌ വാദി!

കേളൻ,
ഇന്നത്തെ കോൺഗ്രസ്സ്‌,
പരിപ്പു വട സാമി,
ബാറു കച്ചോടക്കാരൻ,
തികഞ്ഞ ബൂർഷ്വ!

പടവു തെറ്റി,
കമിഴ്‌ന്ന് വീണപ്പോൾ,
വലിച്ചു കയറ്റിയവരൊപ്പം,
കൊഞ്ഞനം കുത്തി,
ചെയ്ത തെറ്റിൽ കുമ്പസാരിച്ച്‌,
കയറിയേടത്ത്‌ ഇരുന്നു,

ആവശ്യം മാറ്റത്തെ സൃഷ്ടിക്കുന്നു,
മാറ്റം അവസരത്തേയും!
കരഞ്ഞൊഴിയാം,
തെറിവിളിച്ച്‌ ഉറഞ്ഞൊഴിയാം!

മാറിയവർ മാറ്റത്തെ ഇഷ്ടപ്പെടുന്നു,
മാറ്റിയവർ മാറാലയേയും!
മാറാത്തവർ കൺഫ്യൂഷനിലും!

ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

രതി - യാഥാർത്ഥ്യങ്ങൾ!

രതി  സുഖമാണ്‌,
                കല യാണ്‌
                താളമാണ്‌,
                ലയമാണ്‌,
                പുണ്യമാണ്‌,
                പാപമാണ്‌,
                ദൈവികമാണ്‌,
                പൈശാചികമാണ്‌!
                അനുഭൂതിയാണ്‌!
                വിടരുന്ന കൗമാരങ്ങളിൽ,
                അഗ്നിസ്ഫുരണമാണ്‌!
                യുവത്വത്തിന്റെ സൗര തേജസ്സാണ്‌,
                കാമുക ഹൃദയങ്ങളിലെ ധൃതിയാണ്‌!
                മദ്ധ്യവയസ്ക്കരുടെ കെട്ടടങ്ങുന്ന അഗ്നിയുടെ ആന്തലാണ്‌!
                ശരീരത്തെ തപിപ്പിക്കും അനിർവ്വചനീയമായ ആനന്ദമാണ്‌!
                ചിതലരിച്ച കിനാവുകൾ ആവാഹിക്കപ്പെട്ട വയോധികരുടെ
                നൊമ്പരമാണ്‌!

      രണ്ടക്ഷരങ്ങളിലെ,
      പടർന്നു കയറ്റങ്ങൾ!
      ഭയപ്പെട്ട്‌ തിരിഞ്ഞിരുന്നു!
      യാഥാർത്ഥ്യമറിയാനുള്ള ശ്രമം!

രതി!
                ജീവിതത്തിന്റെ,
                ക്ഷണികതയെ,
                മറപ്പിക്കാനുള്ള,
                ദൈവത്തിന്റെ
                വെറും കൺകെട്ട്‌!

തിങ്കളാഴ്‌ച, ഏപ്രിൽ 25, 2011

പ്രേമം!

പ്രേമം ദിവ്യമാണത്രേ!
ജീവിതം ചുട്ടു തിന്നുന്നതു വരെ!
പ്രണയിനി ജീവനത്രേ!
കൂടോത്രം ഫലിക്കും വരെ!

ഖാദിമുകളുടെ സ്വർഗ്ഗത്തിൽ നിന്നും..!

കാട്ടറബിച്ചിയുടെ കരുതലിൽ,
അലിയാരു കുഞ്ഞീടെ,
മോനിവിടെ പെരുത്ത്‌ സുഖം!
മധുമേഹം വന്ന് ചാകാതിരിക്കാൻ,
പഞ്ചാരയെടുത്ത്‌ ഒളിപ്പിക്കും,
കൊഴുപ്പ്‌ വരാതിരിക്കാൻ,
ക്രീമെടുത്ത്‌ പൂട്ടി വെക്കും,
കണ്ണീർ വാർക്കാതിരിക്കാൻ,
സവാള പൂഴ്ത്തി വെക്കും!

മൊബെലു വാങ്ങിയാൽ,
പെഴച്ചു പോകുമെന്നോർത്ത്‌,
വാങ്ങി വെച്ച്‌,
എറിഞ്ഞുടച്ച്‌!
മാസാമാസം ദിനാറുകണ്ടാൽ,
കണ്ണു മഞ്ഞളിക്കുമെന്നോർത്ത്‌,
രണ്ടുമാസ ദിനാർ പെട്ടിയിലിട്ട്‌,
കട്ടാറബി പൊന്നറബി,
പോസ്റ്റോഫീസിലേക്ക്‌!
സങ്കടം കാണാൻ കരുത്തില്ലാതെ,
കത്തു കീറി കുപ്പയിലിട്ട്‌
ഒഴിഞ്ഞ കൈയ്യുമായ്‌ പുഞ്ചിരിച്ച്‌,
ദിവാനിയിലേക്ക്‌!

ഒപ്പം അകമ്പടി സേവിച്ച്‌!
ദിവാനിയിലെ വെടി പറയുന്ന
കാട്ടുകള്ളന്മാരുടെ,
ചെറുകപ്പിലേക്ക്‌,
ചായയൂറ്റി, ചായയൂറ്റി,
ചിലപ്പോൾ തെറിമേടിച്ച്‌,
ചിലപ്പോൾ പരിഹാസം മേടിച്ച്‌!
ചിലപ്പോൾ അടി മേടിച്ച്‌!
 
ഒരു ചെറുമിഠായിക്ക്‌,
അറബി ചെക്കന്റെ ചൊരുക്ക്‌!
മൈലുകളോളം താണ്ടിച്ച്‌,
സ്റ്റോറിലേക്ക്‌,
ബാസ്ക്കറ്റ്‌ ഏന്തിച്ച്‌,
അകമ്പടി സേവിപ്പിച്ച്‌,
മിഠായിയുടെ മധുരം നുണഞ്ഞ്‌,
കൊതിപ്പിച്ച്‌!
പൊതിഞ്ഞകടലാസു ചുരുട്ടി
മുഖത്തെറിഞ്ഞ്‌,
ഉറഞ്ഞു ചിരിച്ച്‌!

ക്ഷീണവും ഉറക്കവും
ഖാദിമിന്‌ അനാവശ്യം!
എല്ലുകളെ പൊതിഞ്ഞ മാംസം,
മൂപ്പെത്താതെ മൂത്ത്‌, മൂത്ത്‌,
എല്ലിൽ കയറി ഒളിക്കാൻ ശ്രമിക്കുമ്പോൾ,
അസഹ്യമായ വേദനകളുടെ
കണ്ണീർമഴ!

ചാകാതിരിക്കാൻ
വലിച്ചെറിഞ്ഞു തരുന്ന
ഉണങ്ങിയ ഇറാനിറബ്ബറു ഖുബൂസ്‌!
പിടിച്ചു പറിച്ച്‌,
കടിച്ചു പറിച്ച്‌,
ചവച്ചു, ചവച്ച്‌!
ആടുകൾക്കൊപ്പം!
കുപ്പയിലെ,
നിറം മങ്ങിയ പഴം കണ്ട്‌,
കൊതിയൂറി,ആർത്തി മൂത്ത്‌!

ഇനി ഉമ്മാക്കവിടെ..?

വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

കുരിശിന്റെ വഴികൾ!

പെണ്ണുകാണൽ!- ജ്ഞാന സ്നാനം ചെയ്യിക്കൽ!
സ്ത്രീധനം:- ദൈവവും ഒപ്പം ഒരു കുരിശും!
നിശ്ചയം:- തിരുവത്താഴം.
വിവാഹം:- ഒറ്റിക്കൊടുക്കൽ.
ജീവിതം:- കുരിശു ചുമക്കൽ.
കുട്ടികൾ :- ന്യായ വിധി.
വാർദ്ധക്യം:- കുരിശിലേറ്റൽ.
മരണം:- ഉയർത്തെഴുന്നേൽക്കൽ!

ഡോക്ടർ ജീ അകത്തുണ്ട്‌!!

ഡോക്ടർ ജീ അകത്തുണ്ട്‌!!.. പഠനത്തിലാണ്‌!




(എൻഡോ സൾഫാൻ അമൃതെങ്കിൽ കേന്ദ്രമന്ത്രിമാരുടെ നിത്യ പ്രാതലുകളിൽ സ്പെഷ്യൽ വിഭവമായി വിളമ്പാലോ?..)










ബുധനാഴ്‌ച, ഏപ്രിൽ 20, 2011

നഷ്ട പ്രയാണങ്ങൾ!

"ബൈ ദ ബെ ഞാൻ ആരാണ്‌!"

.....അന്നാണ്‌ ആ ഖമണ്ഡൻ ചോദ്യം അയാൾ സ്വയം ചോദിച്ചത്‌!..

"നിങ്ങളെന്റെ ആരുമല്ല" എന്നു ശ്രീമതി അതായത്‌ സാക്ഷാൽ കെട്ടിയോൾ പറഞ്ഞതു കൊണ്ടല്ല..! ഒടപ്പെറന്നോളിന്റെ കുത്തു വാക്കു കേട്ടതു കൊണ്ടല്ല.!..പടച്ചു വിട്ട മാതാ പിതാക്കളുടെ നോവുന്ന മനസ്സു കണ്ടതു കൊണ്ടുമല്ല.!!.മറിച്ച്‌ നേതി ...നേതി.. എന്ന്  മനസ്സിനുള്ളിൽ നിന്നു ആരോ കിതച്ച്‌ കിതച്ച്‌ പിടഞ്ഞു പറഞ്ഞതു കൊണ്ടാണ്‌!

"നീ ഒന്നിനും കൊള്ളാത്ത..."-എന്നാണല്ലോ കേട്ട പഴക്കം!

ആ പഴക്കത്തിൽ നിന്നും ഉയിർ കൊണ്ട ഊഷ്മാവിലാണ്‌ അയാൾ മനസ്സിന്റെ ആ പ്രഭാഷണം ശ്രവിച്ചത്‌!

"നീ നീയ്യാണ്‌!."..അയാളുടെ മനസ്സു പറഞ്ഞു

"എത്ര ശരി!"

"ഞാൻ പിന്നെ മറ്റാരാണ്‌!.." അയാൾ അവേശത്തോടെ ചോദിച്ചു.

"നീ മറ്റാരൊക്കെയോ ആണ്‌! "- അയാൾ അതും കേട്ടു..

"നീ ആത്മാവാണ്‌!"

"മഹാ ശക്തനാണ്‌!"

"പരബ്രഹ്മമാണ്‌!"

ഒടുവിൽ പറഞ്ഞു നിറുത്തിയത്‌ അയാൾക്ക്‌ നന്നെ സുഖിച്ചു..

"നീ സാക്ഷാൽ ദൈവമാണ്‌!"

എന്തൊക്കെയോ ഉള്ളിലുള്ള അയാൾ പറയുന്നു...!..അയാൾക്ക്‌ എന്തെന്നില്ലാത്ത വിറയൽ വന്നു.. ആകെ മരവിപ്പ്‌!

അയാൾ മെല്ലെ എഴുന്നെറ്റു .. പിന്നെ പീടികയ്ക്കടുത്ത്‌ ചെന്ന് അയാൾ പ്രഖ്യാപിച്ചു..

" ഞാൻ ദൈവമാണ്‌!"

ആരോ പറഞ്ഞു "പിരാന്തൻ!"

അതു പറഞ്ഞയാൾ പിറ്റേന്ന് ചക്ക വെട്ടിയിട്ട പോലെ മരിച്ചു.!....സംഭവം ഹാർട്ട്‌ അറ്റാക്ക്‌!
.
..തോന്ന്യവാസി.!. അല്ലാതെ....?

മറ്റൊരാൾ പറഞ്ഞു " വട്ട്‌ കേസ്‌!.. ഈയാൾക്കെന്തിന്റെ കേടാ"

"അഹങ്കാരി!"...മറ്റെന്തു പറയാൻ?

അയാളെ രണ്ടു നാൾക്കകം സ്കൂട്ടറിടിച്ചു ആശുപത്രിയിലും ആയി..!..

അന്നു മുതൽക്കാണത്രെ ആളുകൾക്കയാളുടെ സിദ്ധി ബോദ്ധ്യപ്പെട്ടത്‌!... അയാൾക്കെതിരെ, ..ക്ഷമസ്വ...., ആ ദൈവത്തിനെതിരെ... "ക'.." മ" എന്നു മിണ്ടുവാൻ ബുദ്ധിയും വിവരവും ഉള്ള ആളുകൾ കൂട്ടാക്കിയില്ല.. പകരം നയനസുഖം തരുന്നവരും നയന സംഘർഷം തരുന്നവരും അവരവരുടെ ശരീര ശാസ്ത്ര പ്രകാരം "റ" എന്ന കണക്കിനു നിന്ന് കൈകൾ കൂപ്പി നാമ ജപം തുടങ്ങി..!....

അയാൾ മഴ പെയ്യിച്ചു!...ആളോളുടെ ജ്വരവും ചുമയും മാറ്റിച്ചു...കിടക്കപ്പായിൽ മൂത്രമൊഴിക്കുന്നോനെ പുറത്ത്‌ മൂത്രമൊഴിപ്പിച്ചു.!.. അതോടെ സുഖസൗകര്യത്തോടെ ആളുകൾക്ക്‌ കിടക്കപ്പായിൽ മൂത്രമൊഴിക്കാൻ പറ്റാതായി..!

അതിന്റെ ദേഷ്യം..അല്ലെങ്കിൽ അസൂയ.. അല്ലാണ്ടെന്താ?....അല്ലെങ്കിൽ.. പച്ച പിടിച്ചു തഴച്ചു വളരുന്നോനെ അനുവദിക്കില്യാന്ന അഹങ്കാരം!

... ശനി..ശുക്രമണ്ഡലത്തിലേക്ക്‌  കയറിൽ തൂങ്ങിപ്പിടിച്ച്‌ ഊർന്നിറങ്ങാൻ ശ്രമിച്ച്‌ കമിഴ്‌ന്നടിച്ച്‌ വീണ സമയം! .. രാഹുവിന്റെ മിഴിച്ച തീക്കട്ട കണ്ണുകളുടെ തറച്ച നോട്ടം!... ഗുളികൻ ചെരിഞ്ഞും മലർന്നും കിടന്നു കോക്ക്രി കാട്ടിയ നേരം!.

....എല്ലാം ഒത്തു വന്ന ഒരു ശുഭസായാഹ്നത്തിലായിരിക്കണം ആ മഹാത്മാവിനെ, അല്ല ദൈവത്തെ ഒരു നാൾ യുക്തിവാദികൾ നേതി, നേതി എന്നു പറഞ്ഞു. ദുർമ്മന്ത്രവാദം നടത്തി ചങ്ങലപ്പൂട്ടിട്ട്‌ എങ്ങോ കൊണ്ടു പോയി ഒടുവിൽ മനുഷ്യനാക്കി നടത്തി!

"ബൈ ദ ബെ ഞാൻ ആരാണ്‌!"- വീണ്ടും ഒരു നാൾ അയാൾ സ്വയം ചോദിച്ചു..

ഇത്തവണ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾക്ക്‌ ദേഷ്യം വന്നിരുന്നു..

"..നീ ഒരു മണ്ടൻ കൊണാപ്പനാണ്‌ അല്ലാതെ യുക്തിവാദികളുടെ ദുർമ്മന്ത്രവാദത്തിൽ പെട്ട്‌ നശിക്ക്വോ?.."

അയാൾക്ക്‌ ബോധോദയം വന്നിരുന്നു.!.വല്ലാത്ത നിരാശാ ബോധം!...അപ്പോഴേക്കും മനസ്സ്‌ അയാളെ കീഴ്പ്പെടുത്തി പറഞ്ഞു..".നീ ആത്മാവുള്ള, ഒരു സാധാരണ മനുഷ്യനാണ്‌ ..നേതി.. നേതി..!"

ദൈവം എന്ന വാക്ക്‌ ഉച്ചരിക്കാതെ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾ മറഞ്ഞിരുന്നതു കണ്ട്‌ അയാൾ തേങ്ങി!

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

വായ്ക്കുരവ!

പണ്ടുണ്ടായിരുന്നു ചേകവൻ!
പല്ലുകൊഴിഞ്ഞ്‌,
പഴക്കം വന്ന്,
വീരവാദമടിച്ച്‌,
തഴക്കം മൂത്ത്‌,
മറവിയില്ലാത്ത,
ചേകവൻ!
ചേരയെ കൊല്ലാൻ പാങ്ങില്ലാത്ത,
തുരുമ്പുള്ള വാളുള്ളവൻ!
ഞെരിഞ്ഞമർന്ന്,
അവിടേയും ഇവിടേയും വെട്ടി,
ഇടവും വലവും വെട്ടി,
ശൂരത്വം കാട്ടി,
തറവാടിളക്കി,
പിന്നെ കരണം മറിഞ്ഞ്‌,
നാക്കിനു നീട്ടം വന്ന്,
വാക്കുകൾ കുരുങ്ങി,
പിടഞ്ഞു ചത്തു!
ധീരയോദ്ധാവിൻ,
ഗംഭീരമരണം!

രാഷ്ട്രീയം അങ്ങിനെയാണ്‌!

പഴക്കം വന്നവർ,
പിടഞ്ഞു ചാകണം!
ഇല്ലെങ്കിൽ
നാക്കൊതുക്കി,
ഒതുങ്ങി നിൽക്കണം!
യുവരാജാക്കന്മാരുടെ
എഴുന്നള്ളത്തിന്‌ കുരവയിടണം!
കസേര യുദ്ധത്തിൽ,
നാണം കെട്ട തോൽവിയേക്കാൾ..
കുരവയിട്ട സുഖമെങ്കിലും ആവാലോ..!

ഞായറാഴ്‌ച, ഏപ്രിൽ 17, 2011

ബോധി സത്വൻ!

"വണ്ടിനു പൂവിനെ ചുംബിക്കാമെങ്കിൽ, പ്രകാശത്തിനു ഇരുളിനെ കീറി മുറിക്കാമെങ്കിൽ, ജ്ഞാനത്തിനു അജ്ഞാനത്തെ തുരത്താമെങ്കിൽ,എന്തു കൊണ്ട്‌ പ്രകാശം പരത്തി നീയെന്നിൽ അലിഞ്ഞു കൂടാ!"

ക്ലിക്കിയ കൈകൾ വിശ്രമത്തിലായി..!.. ക്ലിക്കാത്ത ശിരോ മണ്ഡലം ചിന്താ ഭാരത്തിലും!..
ഒരു എസ്‌ .എം. സിൽ തളിരിടുന്ന പ്രണയം കണ്ട്‌ മലർപ്പൊടിക്കാരന്റെ സ്വപ്നക്കൂമ്പാരവുമായി അയാൾ അരയാൽ തറയിൽ ഇരുന്നു..പിന്നെ ചാഞ്ഞു കിടന്നു..!..

 ചില തപസ്സുകൾ അങ്ങിനെയാണ്‌..!..പുണ്യം ചെയ്ത ചില മഹാത്മാക്കൾക്ക്‌ മാത്രം അവകാശപ്പെട്ടത്‌!!

ഞൊടിയിടയിൽ ആ മഹാമായ പ്രത്യക്ഷയായി...അവനു ജ്ഞാന പ്രകാശം നൽകി . ബോധോദയം നൽകി അവനെ ബോധി സത്വനാക്കി വരമേകി!

.. അവൾ വനിതാ എസ്‌ ഐ ആണെന്ന് അന്നാദ്യമായി അവനറിഞ്ഞു...!!..
...കൈകൾ കൂപ്പി, കൺകളിൽ പുണ്യ ഗംഗയെ ആവാഹിച്ച്‌ നിമീലിത നേത്രത്തോടെ അയാൾ സാഷ്ടാംഗം വീണു!

ശനിയാഴ്‌ച, ഏപ്രിൽ 16, 2011

പൂതത്തെ കാണാത്ത ഉറക്കം തൂങ്ങികൾ!

അന്നുണ്ടായിരുന്നു,
പൂതവും, ഓലയെഴുത്താണിയും
വലിച്ചെറിഞ്ഞോരുണ്ണിയും,
പൂതത്തെ കറക്കി,
ഉണ്ണിയെ വീണ്ടെടുത്ത,
നൊന്തു പെറ്റോരമ്മയും!

ഇന്നുമുണ്ടായിരുന്നു,
പൂതവും, സിമ്മും,
കുടുങ്ങിയ പെൺകിടാവും,
പൂതത്തെ അറിയാത്ത
നിലവിളിക്കുന്നോരമ്മയും!

ആത്മാംശങ്ങളിൽ,
മായം ചേർത്ത്‌,
മേനി വടിവിനെ,
തുറന്ന പുസ്തകമാക്കി,
നിരൂപണമെഴുതിച്ച്‌,
തലമുറയെ പിൻപറ്റിച്ച,
ദാരുണാന്ത്യം!

പാതിവൃത്യത്തിൽ
പതിരു കണ്ട്‌,
പഴമയെ ആത്മാഹുതി ചെയ്യിച്ച
സംസ്കാരം!

തിരിഞ്ഞു നോക്കരുത്‌!
നമ്മളേറെ മുന്നിലാണ്‌!
കുതിപ്പിന്റെ തിരക്കിലാണ്‌!
ഉറഞ്ഞു തിമർത്ത്‌-
പൂതങ്ങൾ എന്നും വരും!
ബുദ്ധിയില്ലാത്ത കിടാങ്ങൾക്ക്‌,
ബുദ്ധിയേകിയും
സിമ്മുകളേന്തിയോർക്ക്‌,
മിസ്സ്ഡ്‌ കോളെറിഞ്ഞു-
പൂതി പരത്തിയും!

ബുധനാഴ്‌ച, ഏപ്രിൽ 13, 2011

ഇതൊക്കെ ഭയങ്കര സംഭവമാണ്‌!

ഇതൊക്കെ ഭയങ്കര സംഭവമാണ്‌! - കാണുന്നവർക്കും കേൾക്കുന്നവർക്കും, അനുഭവിച്ച്‌ രോമാഞ്ചമാവുന്നവർക്കും!
-----------------------------------
ഭയങ്കരമായ ചർച്ച നടക്കുകയാണ്‌...... നൂലുകൾ പാകി, നെയ്ത്‌, സാഹിത്യ വസ്ത്രമാക്കി ധരിക്കുവാനുള്ള ശ്രമം! .. വെറും ശ്രമമല്ല.. ഒരു ഭഗീരഥ പ്രയത്നം..!!... നെയ്തുകാരായ നെയ്തുകാർ മുഴുക്കെ സന്നിഹിതരാണ്‌...!.. ഒപ്പം ധരിക്കേണ്ടവരും!..ധരിപ്പിക്കേണ്ടവരും!

നല്ല നല്ല നെയ്ത്തുകാർ വേഗത്തിൽ വസ്ത്രം നെയ്തു ധരിച്ചു മികവു നോക്കി...ചിലർ പാകമാവാത്ത വസ്ത്രങ്ങളിൽ ഒരു വിമ്മിഷ്ടത്തോടെയും!. ..അടുത്തത്‌ അയാളുടെ ഊഴമായിരുന്നു...!

തുന്നി യോജിപ്പിക്കാൻ പോലും പറ്റാതെ, വിഷമിച്ച്‌ കീറിപ്പറിഞ്ഞ വസ്ത്രമെടുത്തു കാട്ടി.. തെല്ലു ലജ്ജയോടെ അയാൾ പറഞ്ഞു...നല്ല വസ്ത്രം ധരിക്കാനുള്ള യോഗ്യത ഈ മഹാ പാപിക്കുണ്ടോ?....
"താങ്കളുടെ പേരെന്ത്‌?"- സദസ്സിൽ നിന്നും ചോദ്യമുയർന്നു.
"നാട്‌!"-
അയാൾ പേരു പറഞ്ഞു..നാടേതെന്ന് പറഞ്ഞു..അയാൾക്ക്‌ മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല... പിന്നെ അയാൾ കസേരയിൽ ഇരുന്നു.....വാക്കുകൾ കിട്ടാതെ ഉഴറിയ അയാളെ സദസ്സ്യർ ഇരുത്തി എന്നു പറയുന്നതാവും ശരി!

പിറ്റേന്ന് വലിച്ചെറിഞ്ഞ പത്രത്താളുകളിൽ അയാളെ കുറിച്ചും ഉണ്ടായിരുന്നു..

" .. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മഹാരഥൻ!.... സാഹിത്യത്തിന്റെ ഊടും പാവും നെയ്യുന്നതിൽ ഒരു പ്രധാനിയായ മഹാപ്രതിഭ! ................................... ............... ................. ......"

അതു വായിച്ച്‌ അയാൾ ഊറിച്ചിരിച്ചു... പിന്നെ കൂലം കുഷമായി ചിന്തിച്ചു..." ഇനി ഈ സാഹിത്യം കണ്ടു പിടിച്ചത്‌?..."

പേരും നാടുമൊഴിച്ചു മറ്റൊന്നും പറയാത്തതിൽ അയാൾ അഭിമാനം കൊണ്ടു... ഇല്ലായിരുന്നെങ്കിൽ ഭാഷ കണ്ടു പിടിച്ച കുറ്റം കൂടി അയാൾ ചുമയ്ക്കേണ്ടി വന്നേനേ!

ആത്മീയ തൊഴിലാളി.!.

"രാജു യുക്തിവാദിയായിരുന്നു.. അതിനാലാകണം യുക്തിക്കനുകുലമായി ചിന്തിച്ച്‌ പരമ ദരിദ്രനായി മണ്ണടിഞ്ഞത്‌!.."
"... ഒരു പക്ഷെ രൂക്ഷമായ ദൈവ കോപം!..."
....യുക്തിക്കതീതമായി ചിന്തിച്ച്‌, ചിന്തിച്ച്‌ സന്യാസീ വേഷം കെട്ടിയ  സന്യാസിയായ കൂട്ടുകാരൻ പൂർവ്വാശ്രമത്തിലെ ജീവൻ, പുണ്യാശ്രമത്തിലെ ഗുരുവര്യൻ , പഴം പുരാണം പറഞ്ഞ്‌ ഉപസംഹരിച്ച്‌ നരച്ച താടി തടവി ചിരിച്ചു...

പിന്നെ കൈമലർത്തി.." .. എല്ലാം അവിടുത്തെ മായ!"
സ്വർണ്ണസിംഹാസനങ്ങൾ!... കോട്ട കൊത്തളങ്ങൾ!..ആശ്രമാധിപതിയായ മഹാത്ഭുതങ്ങൾ!. ...പ്രഗൽഭന്മാരുടെ ദർശന നിരകൾ!...പ്രശസ്തികൾ!!

......ഒരു പക്ഷെ അനന്തമായ ശുക്രദശ!...അല്ലെങ്കിൽ കലി കാലം!.

...അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച്‌ , സമ്പത്തുകൾ മുഴുവൻ ദാനം ചെയ്ത്‌, കാഷായ വസ്ത്രം സ്വയം നെയ്തു ധരിച്ചു, കാടു കയറി ദൈവത്തിൽ മനസ്സും ശരീരവും സ്വയം അർപ്പിച്ച്‌ തപസ്സു ചെയ്യുന്ന യദാർത്ഥ സന്യാസികൾക്കുള്ള താക്കീത്‌!..

... ഒരു രുദ്രാക്ഷവും ഒരു കാഷായവും ഒരു പിടി പൊടിക്കൈകളുമുണ്ടെങ്കിൽ ദൈവവും കൈകുമ്പിളിലാണെന്ന് കരുതിയ ശിഷ്യത്തികളും തലമറന്നു ചിരിച്ചു!.. പിന്നെ കൺകളടച്ച്‌ കൈകൾ കൂപ്പി നമസ്ക്കരിച്ചു..!.
...അപ്പോഴേക്കും സമർപ്പണത്തിനു സമയമായിരുന്നു..!

...അതിനു രുദ്രാക്ഷവും കാഷായവും എന്തിന്‌ ആത്മീയത പോലും ആവശ്യമില്ലായിരുന്നു...!..
...അടഞ്ഞമുറിയിലെ സീൽക്കാരങ്ങളിൽ മന്ത്രണത്തിന്റെ ആവാഹനങ്ങളുണ്ടായിരുന്നു..!

ചൊവ്വാഴ്ച, ഏപ്രിൽ 12, 2011

മുഴുത്ത അസൂയകൾ!

ആളുകൾ മൂക്കത്ത്‌ വിരൽ വെച്ചു... ചെവിയിൽ പഞ്ഞി തിരുകി..!..വായിൽ വിരലിട്ട്‌ ഓക്കാനിച്ച്‌ ,നാക്കെടുത്ത്‌  പുറത്തിട്ട്‌ അലക്കു തുടങ്ങി...!!
ഇന്നലെവരെ തെണ്ടി നടന്ന ജോസു കുട്ടി!!!.. ന്നാലും ??

..... ദൈവവിളിയിൽ പാസ്റ്ററായി.!!
.....അത്ഭുത രോഗശാന്തി ശുശ്രൂഷകനായി!
....പണക്കാരനായി...!!
....സംഭവമായി...!!

---------മറ്റൊരു ദൈവവിളിയിൽ സ്ത്രീപീഡനത്തിൽ അകത്തായി,
.............നീലച്ചിത്രമെടുത്തതിന്റെ കേസായി,
.............അഴിയെണ്ണി!...

...ദൈവ വിളി കേട്ട ആളുകൾ കിട്ടിയ വിലകൂടിയ സാധനങ്ങൾ ഒക്കെയും കൈയ്യിട്ട്‌ വാരിയെടുത്ത്‌ വീതിച്ചു!.. ചിലവ തല്ലിയുടച്ചു!..

........ദൈവവിളിയിൽ ജോസു കുട്ടി പിന്നേയും തെണ്ടിയായി.
........പാപിയായി...
.........കുമ്പസാരിയായി..!

.......മറ്റൊരു ദൈവ വിളിയാൽ നാടു വിട്ടു... മറ്റെങ്ങോ പാസ്റ്ററായി ...!
..".ദൈവത്തിന്റെ ഓരോ ലീലകള്‌!"
പിന്നെയും ആളുകൾ വായിട്ട്‌ അലച്ചു!!

ചില ഉപകാര സ്മരണകൾ!

ഉപകാര സ്മരണ!
-------------------------
1) ഒട്ടിയ വയറിന്റെ തേജസ്സാകണം യജമാനൻ വലിച്ചെറിഞ്ഞ കുപ്പയിലെ ചോറിന്‌ അപാര രുചി!..അയാൾ നന്ദികൾ ഹൃദയത്തിലിട്ട്‌ ആട്ടിയെടുത്ത്‌ നാവിലൂടെ വിളമ്പി!.. ചാക്കിട്ട്‌ നിലത്തിരുന്ന് വയറു തടവി!

പിന്നീടെപ്പോഴോ സ്വന്തം കുപ്പയിൽ ചോറ്‌ നിറഞ്ഞപ്പോഴാകണം വയറിന്‌ അസ്കിതയും നാക്കിനൊരു ചൊറിച്ചിലും, വായക്കൊരു അരുചിയും മനസ്സിനൊരു വിമ്മിഷ്ടവും!
തെറിപ്പാട്ട്‌ ഓക്കാനവും!.. ചാരു കസേരയിൽ ചാഞ്ഞിരുന്ന് അയാൾ കുംഭ തടവി!
----------------------------------------------------------

2)    ആരാനെ പറ്റിച്ച്‌  പുളി മരം കയറ്റി, ആരാന്റെ ചിലവിൽ, നാക്കിലയിൽ ചോറിട്ട്‌ മൂക്കിൽ മണം പറ്റി, നാവറിഞ്ഞു വയറു നിറച്ചും അയാൾ ചോറുണ്ടു... വയറു നിറഞ്ഞപ്പോൾ തേവരെ മറന്ന് അയാൾ തെറി വിളി തുടങ്ങി..

അല്ലേലുയാ.. അല്ലേലൂയാ...!

സ്വസ്ഥത കിട്ടാതെ ദൈവം കണ്ണടച്ചിരുന്നു...!..പിന്നെ കരുതി " ഇങ്ങനെയും ഉണ്ടോ ഒരു നന്ദി പ്രകടനം!... തമ്മിൽ ഭേദം ഇവനെ പട്ടിണിക്കിട്ട്‌ ചുട്ടു കൊല്ലുന്നതായിരുന്നു...!"

തിങ്കളാഴ്‌ച, ഏപ്രിൽ 11, 2011

വടക്കൻ പാട്ട്‌!


ഓടുന്ന പാമ്പോടും
വെള്ളത്തോടും
കത്തുന്ന തീയ്യോടും
ദൈവത്തോടും,
പിന്നെം കളിക്കാമെൻ
കുഞ്ഞൊതേനാ!


രാഷ്ട്രീയക്കാരോടും,
ഗുണ്ടയോടും,
ചാരായം വാറ്റുന്ന,
മാന്യരോടും
മയക്കുമരുന്നിന്റെ
രാജാവോടും
മണലൂറ്റുകാരോടും
പോലീസോടും,
റിയലെസ്റ്റേറ്റ്‌കാരോടും
പൂവാലനോടും,
കുഴൽപ്പണക്കാരോടും
ഗുമസ്തനോടും
പയ്യെ കളിയെന്റെ
കുഞ്ഞൊതേനാ!
കേരളമാണെന്റെ
കുഞ്ഞൊതേനാ!

ഇനി നാളെയുണ്ടാകുമോ?



നാളേക്ക്‌ വേണ്ടി ജീവിച്ച,
ഇന്നലെകളുണ്ടായിരുന്നു!
നട്ടും വെള്ളമൊഴിച്ചും
വളരുന്ന തളിരില കണ്ട്‌,
കണ്ണിമയ്ക്കാതെ
കാത്തിരുന്ന കാവലാളുകൾ!
 
ഇന്നലെകൾ കൊഴിഞ്ഞപ്പോൾ,
ഇന്നിൽ മാത്രം ജീവിക്കും,
ഇന്നുകൾക്കതു കളങ്കമായിരുന്നു
പുശ്ചമായിരുന്നു..!

കളങ്കങ്ങൾ കഴുകി തുടച്ച വീരത്വം,
ഭൂമാതാവിൻ മാറിടമുടച്ച്‌,
മുലപ്പാൽ വറ്റിച്ച്‌,
നഗ്നത കണ്ടാവേശമായി,
ആർമ്മാദിച്ച്‌,
പൂതനകളെ കൊണ്ട്‌,
വിഷം ചുരത്തിച്ച്‌,
അമരന്മാരായി ഞെളിഞ്ഞിരുന്നു..!
 
എവിടെയോ മണിമുഴക്കം!
ഭൂമിയുടെ ഏങ്ങിക്കരച്ചിലിൻ,
വീര്യമറിയാത്ത,
വികൃതിക്കുട്ടികളുടെ,
സർവ്വനാശം!

ഇനി  നാളുണ്ടാവുമോ?
അതോ നാളെയുണ്ടാകുമോ,
പശ്ചാത്തപിച്ച്‌,
ഏങ്ങിക്കരയുന്ന വികൃതികളും,
ആശ്വസിപ്പിക്കുന്ന മാതാവും!?

ഞായറാഴ്‌ച, ഏപ്രിൽ 10, 2011

രാഷ്ട്രീയ അതിരാത്രം!


അരണി കടയൽ!





മുദ്രാവാക്യങ്ങൾ മന്ത്രമായി ഉരുവിടണം!..കൈക്കൂലി വാങ്ങണം!.. ക്രിമിനൽ കേസ്‌ പ്രതിയാകണം!.. നിറഞ്ഞ മനസ്സാൽ സമർപ്പണം വേണം..സാഷ്ടാംഗം ... പ്രസാദിക്കാൻ!



ആസനം - സിംഹാസനം


.. അൽപം ക്ഷമയാവാം...!..വന്ന വഴി മറക്കരുത്‌!...



സേവനം



പാർട്ടീ നേതാക്കൾക്കും ബന്ധുക്കൾക്കും.. പിന്നെ ശ്ശി.. സഹവസിക്കുന്നവർക്കും ആകാം!



യാഗം



രക്ത സാക്ഷികളെ സൃഷ്ടിക്കണം ...തർപ്പണം വേണം!....(യാഗാശ്വം) ബലി സങ്കൽപം!



ഓർമ്മപ്പെടുത്തൽ




കുട്ടികൾക്ക്‌ ഗുണ്ടാവിളയാട്ടം നടത്തുവാൻ, റിയലെസ്റ്റേറ്റ്‌ കളി കളിക്കുവാൻ ..പെൺ വാണിഭം നടത്തുവാൻ!...



സമർപ്പണം!



പ്രകടനമാവാം!..കാൽ നടയാവാം...  പാർട്ടി നേതാക്കളെ തെറിവിളിയാവാം!.. തേജോവധമാവാം!.. വേണ്ടി വന്നാൽ പുലഭ്യവും..കോടതി കയറി കരച്ചിലും പിഴിച്ചിലും!!



ഇന്ദ്രപഥം!



കാംഷിച്ചു കിട്ടിയോർക്ക്‌ മോക്ഷമാർഗ്ഗം! ..കിട്ടാത്തോർക്ക്‌ കരഞ്ഞു നടക്കാം!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി എട്ടാം സർഗ്ഗം)

പണ്ടായിരുന്നെങ്കിൽ..!...
....ഡിഗ്രി വരെ പഠിച്ചോന്‌ ഒരു നിലയും വിലയും ജോലിയും കിട്ടുമായിരുന്നു..!-
 എന്ന് നെടുവീർപ്പിട്ടിട്ട്‌ ഒരു കാര്യോം ഇല്ല്യ.. കാര്യബോധം ഇല്യാതെ നടക്കുന്നൊനെ കണ്ടാൽ ഏവർക്കും വെറുപ്പാ...തെരുവു പട്ടീനെ കണ്ടാൽ കല്ലെറിയും പോലെ ആളുകൾ കല്ലെറിയും.. അതിൽ അസൂയപ്പെട്ടിട്ട്‌ കാര്യം ഇല്യാ!..സങ്കടപ്പെട്ടിട്ട്‌ ഒരു നിർവ്വാണോം പ്രാപിക്കില്യാ..!
അപ്പോൾ പിന്നെ കിട്ടിയോനെ..!
"..ഒന്നും ആയില്ല്യാ..ല്ലേ?"- ആളുകൾ മുള്ളെടുത്ത്‌ ഹൃദയത്തിൽ തന്നെ തോണ്ടും!.. രക്തം പൊടിയുന്നെങ്കിൽ പൊടിഞ്ഞോട്ടേ.....അല്ലാതെ അത്രയ്ക്ക്‌ സുഖിച്ചു, മദിച്ച്‌ നടക്കേണ്ടാന്ന് സാരം!
പിതാശ്രീ നാട്ടിലെത്തി...നമുക്ക്‌ സന്തോഷായി.....വർഷത്തിലാണ്‌ വരവ്‌....വന്നതിന്റെ പിറ്റേന്ന് പതിവ്‌ പോലെ ഒരു ഡ്രാഫ്റ്റ്‌ എടുത്തു നീട്ടി..
...ടാ..ഇതൊന്ന് ബാങ്കിൽ കൊടുക്കണം ഇന്നു തന്നെ .. കേട്ടോ.."
" ഊവ്വ്‌!"- നോം അത്‌ വാങ്ങി..
ഇന്നേവരെയുണ്ടാകാത്ത നുരഞ്ഞു പൊങ്ങിയ അമർഷം അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് തോന്നി..
പോത്തു പോലെ വളർന്ന് നുകം വെച്ച്‌ കെട്ടി വയലുകൾ ഉഴാൻ പോലും ഉപകാരമില്ല്യാത്ത ഒരു ജന്തൂനോട്‌ എങ്ങിനെ പെരുമാറണംന്ന് നിശ്ചയിച്ചുറപ്പിച്ച പോലെ...!
നോം ഒന്നും അറിഞ്ഞില്ല!..
 മടങ്ങിയ ഡ്രാഫ്റ്റ്‌ നോംതുറന്നു..ഡ്രാഫ്റ്റിലേക്ക്‌ ഒന്ന് നോക്കി..തുക എത്രെയിണ്ട്‌ എന്ന് അറിയാലോ..!
..പെട്ടെന്ന് കാതടപ്പിക്കുന്ന തരത്തിലുള്ള ഒരു ശബ്ദം!
..".. എന്താ നോക്കുന്നത്‌... തുക എത്രയിണ്ട്ന്നാണോ?..നാണോം മാനോം ഇല്യാതെ തിന്നു മുടിക്കാൻ!.. ഒരുത്തൻ മുടിച്ചതു പോരെ.!.ഇനി നിന്റെ വക.. എന്തെങ്കിലും പ്ലാൻ.??!..വല്ല ധൂർത്തടിയോ മറ്റോ?."
..നോം ഞെട്ടിത്തരിച്ചു.. ഇന്നേവരെ നമ്മോട്‌ ഒരക്ഷരം പോലും പറയാത്ത പിതാശ്രീ.. സ്നേഹമല്ലാതെ മറ്റൊന്നും കാട്ടാത്ത പിതാശ്രീ..!... അദ്ദേഹമാണോ ഇത്‌!
നോം തല കുത്തനെ പിടിച്ചു ..
"കൂടുതൽ നോക്കേണ്ട!..."..
"ഇതെനിക്ക്‌ ജീവിക്കാനുള്ളതാ.. വരവെത്രെയുണ്ടെന്ന തന്റെ കൂട്ടലും കിഴിക്കലും വേണ്ട..വേഗം പുട്ടടിക്കാൻ വഴി കണ്ടെത്തി മോൻ അങ്ങിനെ വല്യോനാവേണ്ടാന്ന് സാരം!"
പക്ഷെ നോം അങ്ങിനെ ചിന്തിച്ചു കൂടെയില്ലല്ലോ?
പിതാശ്രീ തുടർന്നു..
"...നിന്റെയൊക്കെ പ്രായത്തിനേക്കാൾ ചെറുപ്പം മുതൽ കുടുംബം നോക്കി നടത്തുന്നോനാ ഈ ഞാൻ!... ഇപ്പോഴും..!...ഒരു ഉപ്പ്‌ വാങ്ങിയ ബന്ധം ഉണ്ടോ നിങ്ങൾക്ക്‌?...ഈ പ്രായത്തിലും കുടുംബത്തിനായി ഞാൻ തന്നെ ഒറ്റയ്ക്ക്‌ കഷ്ടപ്പെടണം!".
..നോം തല കുത്തനെ പിടിച്ചു.
...നോം ഒന്നും ചെയ്തില്ല്യാലോ?..പഠനം കഴിഞ്ഞതേയുള്ളൂലോ?.. ഒരു തെറ്റും ചെയ്യാത്ത നമ്മെ...പിതാശ്രീ തെറ്റിദ്ധരിച്ചൂലോന്ന സങ്കടം നമ്മെ സങ്കടത്തിലാഴ്ത്തി...
....അല്ലെങ്കിലും ആർക്കും ഇണ്ടാവും വിഷമം!..മൂത്തവൻ, കുടുംബം നോക്കേണ്ട പ്രമാണി സിഗ്നലില്ലാതെ നടക്കുന്നു....മറ്റൊരാൾ സങ്കടക്കടലിലും!.. .പിന്നെയുള്ളത്‌ ഈ നാമാണ്‌!.. അപ്പോൾ പിന്നെ നമ്മെയല്ലാതെ.. പിന്നെ ആരെയാണ്‌ ശകാരിക്കാൻ അർഹത..!

മാതാശ്രീ കേട്ടു...".. അവൻ പാവാ!.. അവനൊന്നും ചെയ്തില്ല..അവന്റെ പഠിപ്പ്‌ കഴിഞ്ഞതല്ലേയുള്ളൂ.."
"..ഞാൻ പറഞ്ഞെന്നെയുള്ളൂ..!"- പിതാശ്രീ പറഞ്ഞു നിർത്തി..
"...പിതാശ്രീ പറയുന്നതിൽ ഒരു തെറ്റുമില്ല....ന്നാലും...നമ്മെ കൂടെ സംശയിച്ചല്ലോ?... നോം വല്ലാതെയായി... സങ്കടങ്ങൾ നമ്മെ കീഴടക്കി....ചായ പോലും തൊണ്ടയിൽ കുരുങ്ങി... .. ആദ്യമായുള്ള പിതാവിന്റെ ശാസന..!.. അതും നിരപരാധിയായ നമ്മെ..!..

" തിന്നു മുടിക്കാൻ...!"-- വാക്കുകൾ നമ്മുടെ ഉള്ളം തപിപ്പിച്ചു..
പിന്നെ മെല്ലെ പുഴക്കരയിലേക്ക്‌ നടന്നു...എന്തെങ്കിലും ഒരു വഴി കണ്ടെത്തണം...ഒരു രൂപയെങ്കിലും സ്വന്തമായി ഉണ്ടാക്കണം.. അല്ലാതെയുള്ള ഈ ജന്മം പാഴ്‌ ജന്മമാകും...!
"എന്ത്‌ ജോലി? എന്നത്‌ ഒരു ചോദ്യ ചിഹ്നമായിരുന്നു.
. ഒരു ട്യൂഷനെങ്കിലും..!..
കടവിൽ കടത്തു തോണി അരികെ അണയുന്നതു വരെ കാത്തു നിന്നു....ഒരു കച്ചിതുരുമ്പെങ്കിൽ അത്‌!...പിന്നെ മെല്ലെ കടത്തുകാരന്റെ അടുത്തെത്തി..അറിയുന്ന കടത്തുകാരൻ തന്നെ..!
"ഹെന്താ അപ്പുറത്തേക്കാണോ?"- കടത്തുകാരൻ!
"അല്ല.. ഒരു സഹായം ചെയ്യാമോ?... അപ്പുറത്ത്‌ ആരെങ്കിലും ട്യൂഷനെടുക്കുവാൻ ആളെ തിരയുന്നതായി അറിയാമോ?"
"ആർക്കാ!"
"എനിക്കു തന്നെ!"
"ഒരാൾ പറയുന്നത്‌ കേട്ടിരുന്നു...!.. ഞാൻ പറയാം!"- കടവുകാരൻ പറഞ്ഞു..
" പറഞ്ഞാൽ വല്യ ഉപകാരം!.. മറക്കരുത്‌!"
തെല്ലൊരാശ്വാസത്തോടെ നോം വീട്ടിലേക്ക്‌ നടന്നു..

അന്നു രാത്രി പിതാശ്രീ കൊണ്ടു വന്ന പെട്ടി തുറക്കുകയാണ്‌..!..
"..മാതാശ്രീക്കും പെങ്ങൾക്കും, ബന്ധുക്കൾക്കും വിലകൂടിയ നല്ല സാരികൾ.. തുണിത്തരങ്ങൾ!...!.. പേട, രസഗുള ഇത്യാദി സ്വീറ്റ്സുകൾ..അങ്ങിനെ പലതും..!. "
...മാതാശ്രീ പരുതി...!..
"...ഈ ചെറുക്കന്‌....!!"
"... ഇല്യാ ഒന്നും കൊണ്ടു വന്നിട്ടില്ല്യ...പെണ്ണു കെട്ടാനാവുന്നതു വരെ ഇവർക്കൊക്കെ കൊണ്ടു കൊടുക്കലാണോ എന്റെ ജോലി!"
പിതാശ്രീയുടെ കലിപ്പുകള്‌ തീരണില്ല്യാലോ ദൈവമേ!
"..നമുക്കൊന്നും വേണ്ട.. ന്നാലും.!!.നമുക്ക്‌ കൊണ്ടു വരുന്ന പാന്റുകൾ വരെ ഏട്ടൻ തമ്പുരാനു സംഭാവന ചെയ്യാൻ മടിക്കാത്ത നോം!...ഒന്നും ഇതേവരെ ആഗ്രഹിച്ചിട്ടില്ല്യ....എന്നിട്ടും!..ഏട്ടൻ തമ്പുരാൻ ചെയ്ത ചെയ്ത്തിനു നമ്മുടെ നേരെയാണല്ലോ പിതാശ്രീയുടെ കടന്നാക്രമണം എന്നത്‌ നമ്മെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക്‌ നയിച്ചു..കണ്ണുകളെ ഈറനണിയിച്ചു...!
"..ഇവനെന്തു ചെയ്തിട്ടാണ്‌!..ഒരു ഷർട്ടെങ്കിലും...!"-മാതാശ്രീയുടെ ശബ്ദം.
മുമ്പൊക്കെ അഞ്ചും ആറും പാന്റുകൾ തയ്ച്ചു തന്നെ കൊണ്ടു വരുന്ന പിതാശ്രീയാണ്‌.. ആദ്യമായി.....മറ്റൊരു മുഖഭാവത്തോടെ നിൽക്കുന്നത്‌!
"ഹേയ്‌...എനിക്കൊന്നും വേണ്ട!. എനിക്കൊരു വിഷമവും ഇല്യാ!.."- നോം ഇടയിൽ കയറി പറഞ്ഞു..
അല്ലെങ്കിലും എല്ലാവർക്കും സുഖമാണെങ്കിൽ നമുക്ക്‌ പെരുത്തു സുഖമായിരുന്നു..എല്ലാവർക്കും സന്തോഷമാണെങ്കിൽ നമുക്കും സന്തോഷമായിരുന്നു... എന്നും!...ഒരു ധൂർത്തടിയും നോം ചെയ്തിട്ടില്ല.. . .. എന്നിട്ടും..വെറുതെ ഒരു ആവശ്യവുമില്ല്യാതെ വയറു നിറച്ചും പഴി കേൾക്കേണ്ടി വരിക.!!..മുൻ ജന്മ പാപം ആവാതെ തരമില്ല്യ.. നിശ്ച്യം! ..
നമുക്കാരാത്രി ഉറക്കം വന്നില്ല.. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ഇന്നു തന്നെ നോം ഇല്യാതായെങ്കിൽ എന്നു വരെ നമുക്ക്‌ തോന്നി..നമ്മുടെ കൂടെ ഒന്നിച്ചു പഠിച്ച ജമീലിനെ പോലെ ഒരു ഹാർട്ട്‌ അറ്റാക്ക്‌!...അവനെന്തു തിരക്കായിരുന്നു.. തിരിച്ചു പോകാൻ..!.. ഈ നാമില്ലേ ആർക്കും വേണ്ടാതെ.. അവൻ ജീവിച്ചിട്ട്‌.. പകരം നാമാണെങ്കിൽ..!.. ആവശ്യമുള്ളോർക്ക്‌ ദൈവം ഒന്നും കൊടുക്കില്ല്യ.. ഇല്ലാത്തോർക്ക്‌..!.. ആർക്കും ശല്യമില്ലാതെ വന്നേടത്തേക്കു തന്നെ ഒരു തിരിച്ചു പോക്ക്‌ നീ നടത്തുമോ ദൈവമേ!..പ്രാർത്ഥിച്ചു.. കണ്ണീർ വാർത്തു കാത്തു നിന്നു...
ഒന്നും നടന്നില്ല്യാ.. പകരം നമ്മെ ഇളിഭ്യനാക്കി കൊണ്ട്‌ നേരം വെളുത്തു..!
പിതാശ്രീ ഒന്നും മിണ്ടീല്ല്യ..." പിറ്റെന്ന് ബസാറിൽ പോയി തിരിച്ചു വന്ന പിതാശ്രീയുടെ കൈയ്യിൽ ഒരു പൊതിയുണ്ടായിരുന്നു..." ഒരു ഷർട്ട്‌ പീസ്‌!.."
"..ഇതാ.. ഇത്‌ തയ്പ്പിച്ചോളൂ!"
സങ്കടത്തോടെ നാമതു വാങ്ങി... എനിക്ക്‌ ഷർട്ടുണ്ടച്ഛാ.. വെറുതെ വാങ്ങിക്കേണ്ടായിരുന്നു..!"
"..നിനക്ക്‌ ഞാനൊന്നും വാങ്ങീല്യല്ലോ!.. അതിരിക്കട്ടേ"- പിതാശ്രി പറഞ്ഞു..പിതാശ്രിക്കും വിഷമമുണ്ടായെന്നു തോന്നി..!

ശനിയാഴ്‌ച, ഏപ്രിൽ 09, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ഏഴാം സർഗ്ഗം)

അപ്പോൾ പറഞ്ഞു വന്നത്‌ നോം അങ്ങിനെ അരങ്ങു വാഴുമ്പോൾ അങ്ങകലെ ബോംബെ, സോറി മുംബെയിൽ ഒരു കമ്പനിയിൽ നമ്മുടെ സാക്ഷാൽ ഏട്ടൻ അവർകൾ കഷ്ടപ്പെട്ട്‌ മുടിഞ്ഞ്‌ നാറാണക്കല്ലെടുത്ത്‌ ജോലിയെടുക്കുകയായിരുന്നുവെന്ന ബോധം നമുക്കുദിച്ചത്‌ അന്നു വന്ന എഴുത്തു കണ്ടപ്പോഴാണ്‌...!

.. എഴുത്ത്‌ വായിച്ച്‌.. വായിച്ച്‌ മാതാശ്രീ കണ്ണീരൊപ്പി... നോം ചറ പറ പറ കണക്കിനു മൂക്കു പിഴിഞ്ഞു....അന്നു രാത്രിയും നോം ആ എഴുത്തു വീണ്ടും വീണ്ടും വായിച്ചു...അതിലെ സ്നേഹത്തിന്റെ പൂഞ്ചെണ്ടുകൾ കണ്ട്‌ താരകൾ അന്തം വിട്ടു!...അസൂയാലുക്കളായി സ്വർഗ്ഗത്തിലെ മാലാഖമാർ കപ്പലണ്ടി കൊറിച്ചിരുന്നിരിക്കണം..!.."...തന്നെ ഉന്തിവിട്ട്‌ ബഹീരാകാശത്തെത്തിക്കും..കുറച്ചു കാലം ക്ഷമിക്കുക എന്നൊക്കെയുള്ള ഉൽപ്രേക്ഷ പ്രയോഗങ്ങൾ!..ഉന്തിവിടാൻ ആളുണ്ടായാൽ ഏതു പട്ടിയും ബഹീരാകാശത്തു പോയി പോസ്റ്റ്‌ നോക്കി കാലു പൊക്കി അതിർത്തി വരയ്ക്കും! . അങ്ങിനെയാണല്ലോ പറച്ചില്‌.!.. .നോം എന്തൊക്കെയോ മനക്കോട്ട കെട്ടി!...നമ്മുടെ പിഴ!.. .നമ്മുടെ പിഴ!.. നമ്മുടെ മാത്രം പിഴ!

ജോലി മോശമില്ല!.. കൂലി ഇച്ചിരി കുറവാത്രേ!.. ന്നാലും സാരമില്ല..പച്ച പിടിച്ചു വന്നാൽ മതിയായിരുന്നു..ന്റെ ദേവരേ!.. നോം കണ്ണടച്ചു പ്രാർത്ഥിച്ചു..!.. കരഞ്ഞു കണ്ണീർ വാർത്തു..!.. നേർച്ച നേർന്നു..!

...പിന്നെ അടുത്ത മാസം കാശ്‌ അയച്ചു!.. ഒരു ആയിരം ഉറുപ്പിക!... ദോഷം പറയരുതല്ലോ അടുത്ത മാസം കൂടുതൽ അയക്കുമെന്ന് ഒരു വാഗ്ദാനം കൂടി അതിൽ ഉണ്ടായിരുന്നു...ഒരു വിളക്കി ചേർക്കൽ!. അതോ ഭീഷണിയോ എന്ന് അറിയില്ല്യ..!.. ഒരു പഞ്ചവത്സര പദ്ധതി ഏട്ടൻ തമ്പുരാൻ ആവിഷ്കരിച്ചിട്ടുണ്ടാകും തീർച്ച!..  നോം പായസം ഉണ്ടാക്കി, സ്വയം കുടിച്ചു!...നമ്മുടെ കഷ്ടപ്പാടുകൾ, പട്ടിണി, ദാരിദ്ര്യം ഇത്യാദികൾ ഇതാ മാറാൻ പോകുന്നുവെന്ന് ഒരു യുദ്ധപ്രഖ്യാപനം തന്നെ അതിൽ വിവരിക്കപ്പെട്ടിരുന്നു... അപ്പോൾ നോം പേടിച്ചു പോയി.. അങ്ങിനെ നോം പെട്ടെന്ന് പണക്കാരനായാൽ...!.. എന്നാലും സാരമില്ല.. അഹങ്കാരം കണങ്കാലിൽ കൊണ്ടു നടക്കാതിരുന്നാൽ പോരെ...നോം നേർച്ചയിട്ടു!.....പിന്നെ നോം കണക്കു കൂട്ടി അടുത്തമാസം കൂടുതൽ , അതിനടുത്ത മാസം.. അങ്ങിനെ അങ്ങിനെ.. ഒരു ലക്ഷം ..രണ്ടു ലക്ഷം..!.. അത്രയ്ക്ക്‌ വേണോ?.. ന്നാലും ഒരു വഴിക്കിറങ്ങുകയല്ലേ?.. ഇരിക്കട്ടേ...!. .നശിപ്പിക്കാനോ, അഹങ്കരിച്ചു പുട്ടടിക്കാനോ അല്ലല്ലോ? ..ഒരു നല്ല കാര്യത്തിനല്ലേ?

മാതാശ്രീ, പിതാശ്രീക്ക്‌ ഒരു കത്തെഴുതി.. അതിൽ സവിസ്തരം പ്രസ്താവിച്ചത്‌ മകന്റെ ഉണ്മയെ കുറിച്ചാണ്‌..അവനും ഉണ്ടാവില്ല്യേ ആഗ്രഹം.. അതിനാൽ കുറച്ച്‌ ഉറുപിക.. ഒരു തവണ മതി..കൂടുതൽ വേണ്ട... അവന്‌ അയച്ചു കൊടുത്താൽ മരിക്കും വരെ അവൻ മറക്കില്യാന്ന് വരെ മാതാശ്രീ എഴുതിപ്പിടിപ്പിച്ചതു കണ്ട്‌ കരളലിഞ്ഞ്‌ മനം വെന്തുരുകി പിതാശ്രീ ആ മാന്യദേഹത്തിനു തിരിച്ചും പൈസ അയച്ചു കൊടുത്തു..!.. ഭൂമി ഉരുണ്ടിട്ടാണെന്ന് അന്നാദ്യമായി ആ ഏട്ടൻ തമ്പുരാനു മനസ്സിലായി കാണണം..!.. അല്ലാതെ ഒരുട്ടി വിട്ട പൈസ തിരിച്ച്‌ ഇത്രേം വേഗത്തിൽ കൈകളിൽ എത്തുമോ?

ദോഷം പറയരുതല്ലോ?..അടുത്ത പൈസ വന്നത്‌ രണ്ടു മാസം കഴിഞ്ഞാണ്‌..അതിൽ കഷ്ടപ്പാടുകൾ ചിലതു മുഴച്ചു നിന്നിരുന്നു..!.. പൈസയുടെ ആധിക്യമൊന്നും കണ്ടില്ല..!...
പിന്നെ പിന്നെ പൈസ മാത്രമല്ല .. സിഗ്നലു കൂടെ നഷ്ടപ്പെടുന്നത്‌ അറിഞ്ഞു..!

പാവം മാതാശ്രീ വിസ്തരിച്ചു പിന്നെം കത്തെഴുതി.." മോനേ പൈസയില്ലെങ്കിൽ കഷ്ടപ്പെട്ട്‌ നീ കക്കാനോ, കൊള്ളയടിക്കാനോ, അധോലോകം ഭരിക്കാനോ ഒന്നും പോകേണ്ട.. ഞങ്ങൾക്കിവിടെ ഒരു വിഷമവും ഇല്യാ.. നീ വിഷമിക്കേണ്ട... നിന്റെ സുഖവിവരത്തിനു കത്ത്‌ അയച്ചാൽ മാത്രം മതി!..."

 ..മാതാശ്രീ അങ്ങിനെയാണ്‌..!..എപ്പോഴും നല്ലതു പറഞ്ഞു കൊടുത്താലും പിഴ കേൾക്കേണ്ടി വരുന്ന പ്രകൃതം! .നമ്മളോട്‌ "പഠിച്ചു വല്യ ആളായി,ആളോളുടെ നല്ല വാക്കു മാത്രം കേൾപ്പിച്ച്‌, അഹങ്കാരം തൊട്ടു തെറിപ്പിക്യാതെ എല്ലാവരൊടും നല്ല നിലയിൽ പെരുമാറണമെന്നും വിനയം വേണമെന്നും ഉപദേശിക്കും...നമ്മോട്‌ ആളുകൾ എന്തു വേണമെങ്കിലും കളിച്ചോട്ടേ..നമ്മോട്‌ അഹങ്കാരം കളിച്ചവരോട്‌ വരെ, നമ്മെ പുച്ഛിച്ചവരോട്‌ വരെ വിനയത്തോടെ സംസാരിച്ച്‌ നിങ്ങൾ അവരെ വിനയം എങ്ങിനെയെന്ന് പഠിപ്പിക്കണം.. എല്ലാവരേയും സ്നേഹിച്ചു സ്നേഹം എന്തെന്ന് അവർക്കു മനസ്സിലാക്കികൊടുക്കുന്നവരാകണം!.. ദൈവത്തെ മറന്ന് അഹങ്കരിക്കരുത്‌... ജസ്റ്റ്‌ റിമംബർ ദാറ്റ്‌! ." - ഉപദേശം അങ്ങിനെ നീളും!... ...നമ്മെ ഉപദേശിച്ചിട്ടുണ്ട്‌.. ഏട്ടൻ തമ്പുരാനേയും!.. ഒരു തവണയല്ല .. പലവട്ടം .. പല പ്രാവശ്യം..!..പക്ഷെ... !!

പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുമ്പോഴും ചിലപ്പോൾ അദ്ദേഹം പറഞ്ഞേക്കും മുഴുപ്പട്ടിണിയാണെന്ന്!...അതാ തരം എന്ന് നമുക്കറിയാമെങ്കിലും.. നോം ഒന്നും മിണ്ടീല.. നോം പറഞ്ഞിട്ട്‌ അദ്ദേഹം പട്ടിണി കിടന്ന് മെലിഞ്ഞാൽ ആരു സമാധാനം പറയും? 
നമ്മെ നോക്കി സംരക്ഷിച്ചിട്ട്‌ അരക്ഷിതാവസ്ഥയിലായി തുലഞ്ഞു പോയീന്ന് വെച്ചാൽ.. ഗംഗാ ജലത്തിൽ മുങ്ങിക്കുളിച്ചിട്ട്‌ വന്നാലും തീരാത്ത പാപദോഷംണ്ടാവും!..അതു വേണ്ട!..

പിന്നെ മഴ പെയ്തു, മഞ്ഞു വന്നു, വേനൽ വന്നു...പിന്നീടാണറിഞ്ഞത്‌...നമുക്കറിയുന്നതിനേക്കാൾ കണക്ക്‌ നാട്ടുകാരുടെ കൈയ്യിലാണെന്ന്!... അതോ നാട്ടുകാരെ എകൗണ്ട്‌ പണിക്ക്‌ ഏൽപിച്ചുവോ എന്നു വരെ നമുക്ക്‌ സംശയത്തിന്റെ വിത്ത്‌ പാകാൻ തുടങ്ങിയത്‌ ഒരിക്കൽ ഒരാൾ പറഞ്ഞറിഞ്ഞപ്പോഴാണ്‌..".. ഇതാ പൈസ!.. അവൻ കൊടുത്തയച്ചതാണ്‌.. ഇതിൽ ആയിരം ഉറുപ്പികയുണ്ട്‌... മാസാ മാസം അയക്കുന്ന തുകയും ഇതും കൂടി.. ഇത്ര ഉറുപ്പിക അവൻ അയച്ചിട്ടില്ല്യേ!..എന്താ ശരിയല്ലേ?."
ഒരു കണക്കും വെക്കാതെ, ആളോളെ കണക്കെഴുത്തിനു നിയമിക്കാതെ മാസാമാസം പൈസ അയച്ചു തന്ന് പുട്ട്‌ അടിച്ചോളാൻ പറയുന്ന പിതാശ്രീ എത്ര ഡീസെന്റാണെന്ന് അന്നാണാദ്യമായി മനസ്സിലായത്‌!..ശിരസ്സു നമിച്ചു പോയി!...അതിന്റെ ഭൂരിഭാഗവും അനുഭവിച്ച മാന്യദേഹത്തിനുള്ള അസ്കിത രോഗമാണോ, വിളർച്ചയാണോ തോ  വളർച്ചയോണോ എന്ന് മനസ്സിലാകാത്ത നിരാശയോടെയാണെന്ന് തോന്നുന്നു.. മാതാ ശ്രീ പരിസര ബോധം വീണ്ടെടുത്തു പറഞ്ഞു....
"ഊവ്വ്‌!.. ശരിയന്നെ" -മാതാശ്രീ ശരികൾ ശരിയായി പറയും.. തെറ്റാണെങ്കിൽ തെറ്റെന്നും..!... സുകൃത ദോഷം!.. അല്ലാണ്ടന്താ പറയ്ക!

നമ്മുടെ കഷ്ടപ്പാടുകൾ മാറി തേനും പാലുമൊഴുക്കുമെന്നത്‌ വെറും തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലെ പോലെ സുഖിപ്പിക്കുന്ന വാക്കുകളാണോ എന്ന് മാതാശ്രീയുടെ മനസ്സിലും മുള പൊട്ടാൻ തുടങ്ങി!

അന്നത്തോടെ നമുക്ക്‌ ബോധ്യം വന്നു...കണക്ക്‌ നമ്മളും സൂക്ഷിക്കണം .. ഇല്ലെങ്കിൽ കണക്കപിള്ളമാരായ നാട്ടുകാർക്ക്‌ തെറ്റിയെങ്കിലോ?... തിരിച്ചും സംഭവിക്കാലോ?...
..അപ്പോഴേക്കും കണക്കുകൾ മാത്രമായി.!!. വരവിനൊരു അമാന്തം!...കഷ്ടപ്പാടിന്റെ വേലിയേറ്റങ്ങൾ!..

..ആഗ്രഹങ്ങൾ മുളയിലേ നുള്ളാതെ വളരാൻ വെച്ചതിന്റെ വിഷമം നമുക്ക്‌ മനസ്സിലായി.. നോം അത്‌ പാടെ വെട്ടിക്കളഞ്ഞു..!..

ഏട്ടനാച്ചാലും മറു ദേഹല്ലേ? ..അപ്പോൾ കാറാത്ത്‌..!..ഛേ... നോം സ്വയം നമ്മെ കുറേ തെറി പറഞ്ഞു!..പക്ഷെ വീടു നോക്കേണ്ടത്‌ അദ്ദേഹത്തിന്റെ കൂടി കടമയല്ലേ?.. അതോ പിതാശ്രീയുടെ മാത്രം..??

അളിയൻസിന്റെ യാദാർത്ഥ്യങ്ങൾ അറിയാൻ നിയോഗിക്കപ്പെട്ട മഹാന്മാരിൽ മഹാത്മാവായഏട്ടൻ തമ്പുരാൻ ചന്ദ്രനിലേക്ക്‌ വിട്ട റോക്കറ്റ്‌ ദിശമാറിയതു പോലെ എങ്ങോ പോയി ഇടയ്ക്കിടയ്ക്ക്‌ സിഗ്നലില്ലാതെ പരുങ്ങുന്നതായി നമുക്ക്‌ മനസ്സിലായി!..പിന്നെ പിന്നെ സിഗ്നലുകൾ തീരെ ലഭിക്കുന്നില്ല..!..  മറ്റു ചുറു ചുറുക്കുള്ള കുട്ടികളെ പോലെ വളരുന്നില്ല... ഉയരുന്നില്ല.. ചാടുന്നില്ല... !

അങ്ങിനെ കാലക്രമത്തിൽ നമ്മുടെ ഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു നോം കോഴിമുട്ട പിളർന്നുവന്ന കോഴിക്കുഞ്ഞിനെ പോലെ ലോകം കണ്ടു ഓടി നടന്നു..ഒരു ജോലി!..ഒരു നിലനിൽപ്‌ അതാണാവശ്യം!..എപ്പോഴും ചിറകിനടിയിൽ കൂടി, കിളച്ചു നൽകുന്ന ഭക്ഷണം കഴിച്ച്‌ നടക്കാനാവില്ല്യല്ലോ?...

ബുധനാഴ്‌ച, ഏപ്രിൽ 06, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ആറാം സർഗ്ഗം)

അങ്ങിനെ നമ്മുടെ ദൂതുമായി പോയി ശാപമോക്ഷം വന്ന ആ മഹിളാ രത്നം അതായത്‌ ആ തടിച്ചി കുട്ടി പിന്നെ വന്നത്‌ ആ മനോന്മയിയേയും കൂട്ടിയാണ്‌... ആ കണ്മണി മൊഴിഞ്ഞു...
"....ഏട്ടാ ഏട്ടനെ ഞാൻ അങ്ങിനെയെ കരുതിയുള്ളൂ.. എനിക്കേട്ടനില്ല അതിനാൽ എന്റെ ഏട്ടനായി തന്നെ ഞാൻ കരുതും എന്റെ ജീവിതത്തിൽ എന്നും!"
" മതിയോടാ..!"- ദൂതത്തി തടിച്ചിയുടെ ചോദ്യം!
".. മതി!.. അതു കേട്ടാൽ മതി! ..നമുക്ക്‌.."- എന്തെന്നില്ലാത്ത ഒരാഹ്ലാദം കഞ്ചാവു വലിച്ച പ്രതീതിയോളമെത്തിച്ചു..!"
നമുക്ക്‌ നമ്മെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. നോം എന്താ ഇങ്ങനെ..??.കണ്ണിൽ നിന്നും ആനന്ദകണ്ണീർ വന്നു.. നമുക്കും ഒരനിയത്തി ആയിരിക്കുന്നു..!.. അവൾക്കെന്താ നോം കൊടുക്ക്വാ?..കൈയ്യിൽ കാലണയില്ല.. നോം വെറുമൊരു കുചേലനാണല്ലോ ദൈവമേ!.. നോം വല്ലാതായി.. വരട്ടെ.. ഭാവിയിൽ വളർന്ന് പന്തലിച്ചാൽ കൂടെ ഏട്ടാന്ന് വിളിച്ച അവളെ നോം മറക്കില്യ..!.. അവൾക്ക്‌ ദൈവം നല്ലതു വരുത്തട്ടേ!!

തടിച്ചി ദൂതത്തി ചെയ്തു തന്ന ഉപകാരത്തിനു വരം വാങ്ങിക്കൊള്ളാൻ നോം കൽപിച്ചു.
" അവൾ അതു പിന്നത്തേക്ക്‌ മാറ്റിവെച്ചു.. അത്‌ വല്ലാത്ത ചെയ്ത്തായി പോയെന്ന് പിന്നെയാണ്‌ മനസ്സിലായത്‌!.. നോം അത്‌ കുറച്ചു കഴിഞ്ഞു വിവരിക്കാം!

" അങ്ങനെ നോമും അനിയത്തിയും പരസ്പരം ഒരു ദിവസമെങ്കിലും കാണാതെ സംസാരിക്കാതെയിരുന്നാൽ ചത്തു പോകുമെന്ന് വരെ വിശ്വസിച്ചു കാലം കഴിച്ചു..

ഒരീസം രാത്രി അതുണ്ടായി..നമ്മൾ സഹോദരങ്ങൾ അങ്ങിനെ നെഗളിക്കേണ്ടാന്ന് തീരുമാനിച്ചായിരിക്കണം അല്ലെങ്കിൽ നോമിന്റെ മുഖം വല്ലാതെ ക്ഷീണിച്ചുവെന്ന് ധരിച്ചായിരിക്കണം  ഏതോ കുറുമ്പ്‌ പിടിച്ച ക്ഷുദ്രപ്രാണി നമ്മുടെ സ്വതേ മനോജ്ഞമായിരുന്ന മുഖപങ്കജത്തിലൊരു ഭാഗത്ത്‌ ഒരു ദംശനം!... കടുത്ത ക്ഷുദ്രപ്രയോഗം!..

പിറ്റേന്ന് ബൂസ്റ്റ്‌ കുടിച്ച്‌ ശരീരം വീർക്കേണ്ടതിനു മുഖം വീർത്തു വന്നുവോ എന്ന് ആശങ്കയ്ക്ക്‌ വക നൽകി വീർത്തു വീർത്തു വന്നു. രണ്ടു വശവും വീർത്താൽ നമുക്ക്‌ ഏനക്കേട്‌ ഇല്യായിരുന്നു... ഒരു വശം ഫുഡ്ബോളു പോലെ വീർത്തു വന്നു.. ആ ദ്രോഹി..ക്ഷുദ്രപ്രയോഗിയുടെ ചെയ്ത്‌ അപാരമായിരുന്നു...ഇടതൂർന്ന് പച്ച പിടിച്ച പോലെ വീക്കം ഒരു കണ്ണിനെ മറച്ചു!
നോം വിഷമിച്ചങ്ങിനെ നിന്നു..
മാതാശ്രീ പറഞ്ഞു "ഡോക്ടറെ കാണിക്കെടാ..?"
കോളേജിനടുത്തു തന്നെ ഒരു ഡോക്ടറുണ്ട്‌.. നോം അങ്ങോട്ട്‌ അടിവെച്ചടിവെച്ച്‌ നടന്നു...
ഒരു ടൗവ്വൽ കൊണ്ട്‌ മുഖം മറച്ച്‌...ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ച്‌...!
ഡോക്ടർ മരുന്നു കുറിച്ചു തന്നു...

നോം മെല്ലെ കോളേജിനു താഴെയെത്തി... ഒത്താൽ അനിയത്തി കുട്ടീനെ കാണാം!..അതോ കണ്ടാൽ അവളു വിചാരിക്കുമോ നോമിനെ ആരെങ്കിലും കവിളിൽ തടവി, തടവി ,മാസ്സാജ്‌ ചെയ്തു തുടുപ്പിച്ച്‌..അങ്ങിനെ..അങ്ങിനെ.. ,..ശേ.. അങ്ങിനെ വിചാരിക്ക്വോ..നോം അങ്ങിനെത്തോനാണോ? ...ഒളിഞ്ഞു നോട്ടവും തെളിഞ്ഞു നോട്ടവും ഇല്യാത്ത ഒരു മുനികുമാരനല്ലേ നോം!.. അപ്പോൾ.... എന്തായാലും. നമ്മുടെ ദയനീയാവസ്ഥയിൽ അവളുടെ പ്രതികരണം എന്താണെന്ന് ഒന്ന് അറിയാലോ?

കോളേജ്‌ ശാന്തം!... നോം അതിശയപ്പെട്ടു.. ആരേയും കാണുന്നില്ല...നമുക്ക്‌ വന്ന ദുര്യോഗത്തിൽ അനുശോചിച്ച്‌..!

അനിയത്തി കുട്ടിം വിടാതെ അവളെ പിടികൂടിയ രണ്ട്‌ ചാത്തൻ കിടാത്തികളും നമ്മെ കണ്ട്‌ പുഞ്ചിരിച്ചു. ചന്ദ്രനെ പോലെ ശോഭിച്ച നമ്മുടെ മുഖം കണ്ട്‌..പിന്നെ വെപ്രാളത്തോടെ ചോദിച്ചു.."..ഏട്ടനെന്താ പറ്റീത്‌?"

ചോദിക്കും മുന്നേ നോം പറഞ്ഞു.."ഏതോ ക്ഷുദ്രമൂർത്തി ചെയ്ത ചെയ്ത്താ.. കടന്നലാണോ?.. ഉറുമ്പാണോ.. കരിങ്കുട്ടിച്ചാത്തനാണോന്നൊന്നും അറീല്യാ.. കടന്ന പ്രയോഗം!"
..ഏട്ടനു പറ്റിയ അമിളിയിൽ അവൾ സന്തോഷിച്ചു കാണണം...ല്ല.. അവളുടെ മുഖം വല്ലാണ്ടു തന്നെയാ...
"അയ്യോ!.. ഡോക്ടറെ കാട്ടില്യേ"
"ഊവ്വ്‌!"
"എന്നിട്ട്‌!"- പരിഭ്രമത്തോടെ പാവം!
" എന്നിട്ടൊന്നും ഇല്യ കുട്ട്യേ.. മരുന്നു തന്നു അത്രേന്നേ!"..
 
"ഏട്ടനറിയോ.. ഇന്നിവിടെ ക്ലാസ്സില്ല..ഏട്ടന്റെ ക്ലാസ്സിലെ ഒരാൾ മരിച്ചൂത്രേ..ഇന്നലെ!"
" ങേ..! സത്യാണോ?"- നോം ഞെട്ടി.. ആരായിരിക്കും കുട്യേ അത്‌?
"സത്യാ!..ആരാണെന്നറീല്യാ""
"എങ്ങിനെയാ!"
"ആ.. അറില്യാ!"
അപ്പോഴേക്കും അനുശോചനം അറിയിച്ച ചില ക്ലാസ്സ്മേറ്റുകൾ തിരിച്ചു വന്നു..!
" എടാ.. നമ്മുടെ ജമീൽ!"- സുനിലിന്റെ കണ്ണിൽ കണ്ണീർ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു..!.
".. നമ്മുടെ വാമഭാഗത്തിരുന്ന ജമീൽ!.. പഴയങ്ങാടിക്കാരൻ!.. ഒരു പഞ്ച പാവം!"
" എങ്ങിനെ..?"- വിശ്വസിക്കാനാകാതെ നോം!
"ഉറക്കത്തിൽ മരിച്ചൂത്രേ!.. ഹാർട്ട്‌ അറ്റാക്ക്‌!"
"നോം നമ്മെ നുള്ളി നോക്കി... സത്യാണോ ദൈവമേ!.. എന്തൊക്കെയാ ഈ കേൾക്കണേ...! .. ഹൃദയം നുറുങ്ങിപ്പോയി..!..ഇനി ജമീൽ നമ്മെ കാണാൻ വരില്ല..കുട്ടം ചേർന്ന് നിൽക്കില്ല. നമ്മോട്‌ തമാശ പറയില്ല..!..പ്രീയപ്പെട്ട നമ്മുടെ  കൂട്ടുകാരൻ!...ഇന്നലെ വരെ എന്തൊക്കെയോ പറഞ്ഞത്‌!.. പൊട്ടിച്ചിരിച്ചത്‌!..കെട്ടിപ്പിടിച്ചത്‌...ഒക്കെ മായ!

വല്ലാത്ത ഹൃദയഭാരം..!.... മരിക്ക്യാൻ മാത്രം പ്രായായോ ജമീലിന്‌!..ഒരു രോഗവും ഇല്യാത്ത, മെലിഞ്ഞ പ്രകൃതം!..ആരോടും പറയാതെ ഉറക്കത്തിൽ... ദൈവമേ!"
" ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം!"
അവനെ കുറിച്ച്‌ ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. കേൾക്കാനുള്ള ത്രാണിയില്ല്യാതെ.. നോം കണ്ണീരണിഞ്ഞു വീട്ടിലേക്ക്‌ നടന്നു...!ഹൃദയം മെല്ലെ മന്ത്രിച്ചു..".. ന്റെ ജമീൽ!..

ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

മാറുന്ന കാലൊച്ചകൾ!

ഒരു വാൾവിന്റെ ബലത്തിൽ മൈലുകളോളം
നിണം  പമ്പു ചെയ്ത്‌ തളർന്ന മോട്ടോർ,
ഒപ്പം പ്രക്ഷുപ്തമായ അന്തരീക്ഷത്തിലെ പൊടികൾ!
അസഹ്യമായിരുന്നു ചങ്ങലകളുടെ ബന്ധനങ്ങൾ!
തുറന്നു വെച്ച വാതായനങ്ങൾ അടച്ചിട്ടു.

വീർപ്പുമുട്ടലായിരുന്നു,
മണിക്കൂറുകളോളം അടഞ്ഞമിഴികൾ!
അടച്ചിട്ടവ തുറന്നുമിട്ടു,
ബന്ധനങ്ങൾ അഴിഞ്ഞു വീണു!
ഒപ്പം ബന്ധവും!
ഇപ്പോൾ സ്വസ്ഥം!

"എന്താ കാർന്നോരെ..?"
 സ്നേഹംതുളുമ്പുന്ന ചോദ്യം!

ജീവിതയാത്രയിൽ
കുബേരത്വം നേടാനാകാത്ത ദൈന്യത!
പുൽകുടിലിൻ ഉമ്മറത്തെ
പഴം കഞ്ഞി പശിമയുടെ
അയവെട്ടിയ ഓർമ്മകൾ,
കടഞ്ഞെടുത്ത്‌,
നരച്ച താടി തടവി
ഉരുവിട്ട പ്രശസ്തമാം വാക്കുകൾ!

"ഭ്രാന്തന്മാർ ഉണ്ടാകുന്നതല്ല,
കാലം  ഭ്രാന്തരെ വാർത്തെടുക്കുന്നതാണ്‌!"
പറയി പെറ്റ പന്തിരു കുലങ്ങളിൽ,
ഗാന്ധിജിയിൽ,ഐൻസ്റ്റീനിൽ,
നിറഞ്ഞാടിയ ഭ്രാന്തുകൾ!
സഹനീയമായിരുന്നു..പുക്ഴ്പെറ്റതായിരുന്നു,

മഹാന്മാരിലൂടെ പകർന്നെടുക്കപ്പെട്ട ഭ്രാന്തുകൾ,
ഒരു സാധാരണമനുഷ്യനിൽ ഉരുക്കിയൊഴിച്ചു
പുനരവതരിപ്പിച്ചപ്പോൾ,
നിഷ്കരുണം കല്ലെറിഞ്ഞോടിച്ച തെരുവുകളിലെ
ഓരങ്ങളിൽ,
രക്തക്കറ അവശേഷിപ്പിച്ച്‌ ഓടിമറഞ്ഞു!

പിന്നെ എന്നോ പിടിക്കപ്പെട്ട്‌ അപശകുനം പോലെ
 ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ!
ഭ്രാന്തുകൾ അഴിച്ചെറിഞ്ഞിട്ടും,
തമസ്കരണം!
നിസ്സഹായത കണ്ണുനീരിൽ ഇറ്റു വീഴിച്ച്‌ തുടർന്നു..
"..ഒരു മകനുണ്ട്‌..! ഒരു മകളും!"

പിന്നെ കാലോച്ച സാകൂതംശ്രവിച്ച്‌.
.അകലുന്ന കാലൊച്ചകളെ വെറുത്ത്‌,
അടുക്കുന്ന കാലൊച്ചകളെ താലോലിച്ച്‌..!
എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു!
അടുത്ത പുലരിയിൽ അയാളെ സ്നേഹിച്ച്‌
മറ്റൊരു കാലൊച്ച!
അയാൾക്കാരേയും വേണ്ടായിരുന്നു...!
സ്വശരീരം പോലും!

നാളേയ്ക്കുള്ള സമർപ്പണം!

പഞ്ചസാരയും ഉപ്പും,
ട്രാൻസ്‌ ഫാറ്റും,
ശിരസ്സിലെ നീറ്റലും
ആസനത്തിലെ പുകച്ചിലും,
ഹൃദയത്തിലെ വിങ്ങലും,
ഉരുട്ടി കൂട്ടിയുണ്ടാക്കിയ പ്രവാസി,
പുകഞ്ഞു കത്തുന്ന
ചിതയ്ക്കൊരു മുതൽക്കൂട്ട്‌!
അടർന്ന ഫിലമന്റ്‌,
കൂട്ടി മുട്ടിച്ച നിറഞ്ഞ തെളിച്ചം,
ചില മുഖ പങ്കജങ്ങളിൽ!

ഓർമ്മ കെടുന്ന നേരങ്ങളിൽ,
ഓരിയിടുന്ന മൊബൈൽ ഫോൺ!,
മൊബൈലിന്റെ കാതുകളിൽ,
ഇണയ്ക്കു കൈമാറുവാനുള്ള
അടക്കം പറച്ചിൽ!
ഒപ്പം മൊബൈൽ ചുണ്ടിലൊതുങ്ങുന്ന,
കോരിത്തരിപ്പിക്കുന്ന ചുംബനം!

കുപ്പൂസിലെണീറ്റ്‌,
കുപ്പൂസിലുറങ്ങുന്ന
കടം പറഞ്ഞ ജീവിതം!

കടം കൊടുത്തും കൊണ്ടും,
കൈകളിൽ വിശ്രമിക്കും,
കടത്തിലസ്തമിക്കേണ്ട,
ചില ശിരസ്സുകളുടെ നെടുവീർപ്പ്‌!
നാളെയുണ്ടാകും.. അല്ലെങ്കിൽ മറ്റന്നാൾ..
..ഇല്ലെങ്കിൽ...?
മഞ്ചലിലേറി
മഹാനായ അലക്സാണ്ടർ ചക്രവർത്തിയാകാം,
രണ്ടു കൈകളും പുറത്തിട്ട്‌..!

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

ജനാധിപത്യ സംഹിത!

നമുക്കു ചുറ്റിലും മാറ്റമില്ലാത്ത മാറ്റത്തെ,
മാറാല കൊണ്ട്‌ പൊതിഞ്ഞ്‌,
മാറ്റമുണ്ടാക്കുന്നവരുണ്ട്‌!

ഭ്രാന്തന്റെ പുറം പാളി ഏച്ചു കെട്ടി,
കോളാമ്പി കെട്ടി പുലമ്പി,
പരസ്പരം ചാത്തനേറ്‌ നടത്തുന്നവർ!
അതിനു സഹായിക്കുന്ന ചില ചാത്തന്മാരും!
ഇന്നാളുമുണ്ടായി പോർക്കളങ്ങളും
ഇടിയും ആക്രോശവും!

അടികൊണ്ടവൻ അകക്കണ്ണിൽ
കാര്യമറിയുന്നു,
പുറം കണ്ണിൽ നിസ്സാരതയും!
കൈയ്യിൽ മഷി പുരട്ടുമ്പോൾ,
അല്ഷൈമേഴ്സിന്റെ ആക്രമണം!

നമുക്ക്‌ പക്ഷം ചേർന്നു നടക്കാനാണ്‌ വിധി!
പക്ഷമില്ലാത്തവന്റെ പക്ഷം നിർവ്വികാരത!
ഏതെങ്കിലും പക്ഷം വിജയിക്കും,
ഏതെങ്കിലും കക്ഷം നയിക്കും!
വോട്ടുണ്ടത്രെ!..ചിലേടങ്ങളിൽ നോട്ടും..
സ്വർണ്ണ പതക്കങ്ങളും, നാനോ കാറും!
നോട്ടമില്ലാത്ത ഇല്ലങ്ങളിലെ,
ഭണ്ഡാരപ്പുരകൾ അവർ കൊള്ളയടിക്കട്ടെ!
ഇനിയും ഞെക്കിപ്പിഴിയാൻ കഴുത്തുകൾ കാട്ടുക!
നികുതികൾ അവർ പകുത്തെടുക്കട്ടെ!

ഇനിയും സ്പെക്ട്രവും കൊടുങ്കാറ്റും വരും,
ഭീകരനും വില്ലനും വരും,
ഒറ്റിയകറ്റലും കെട്ടിപ്പിടുത്തവും ഉണ്ടാകും,
മലപോലെ വന്നത്‌ ഇലപോലെ പറന്നു പോകും!
ജാമ്യവും കോടതിയും അവർക്കുള്ളത്‌!

ഭരണ തന്ത്രങ്ങളിൽ തന്ത്രങ്ങൾക്കാണാധി പത്യം!
കുതന്ത്രങ്ങൾക്കും!,
വിഷമരച്ചു കലക്കുന്ന രാഷ്ട്രീയം!
ഒരിക്കൽ പാലെന്നു പറഞ്ഞ്‌!
പിന്നെ വിഷമെന്ന് പറഞ്ഞ്‌,
ഒടുവിൽ അമൃതെന്ന് പറഞ്ഞ്‌,
അവർ തൊട്ടു നക്കും,
നമ്മളും തൊട്ടു നക്കി കൊള്ളണം!
പർട്ടികളുടെ ആധിപത്യത്തിലെ ജനം,
ജനാധിപത്യമെന്ന് വിശ്വസിച്ചു കൊള്ളണം!
അത്‌ അലംഘനീയമായ സംഹിതയായി മാറ്റപ്പെടുന്നു!

ഒരു സ്നേഹവിചാരം!

സ്നേഹത്തിന്‌ അളവു കോലുണ്ടത്രെ!
പിതാവിനോട്‌,മാതാവിനോട്‌, സഹോദരരോട്‌,
കാമിനിയോട്‌,വാമഭാഗത്തോട്‌,
ബന്ധു ജനത്തോട്‌, സതീർത്ഥ്യരോട്‌,
പിന്നെ സമൂഹത്തോട്‌!
സ്നേഹത്തിന്‌ അതിരും ഉണ്ടത്രേ!

മാറ്റാനാകാത്ത നിയമ പ്രമാണം!
മാറ്റാനാവാത്ത ചില ചട്ടങ്ങൾ,
വരണമാല്യമായണിഞ്ഞ്‌,
കുനിഞ്ഞ ശിരസ്സുമായി നടക്കണം!

തുലാസിൽ തൂക്കിയ, ലിറ്ററായി അളന്നെടുത്ത,
കോൽക്കണക്കായി മുറിച്ചെടുക്കുന്ന സ്നേഹം!

പുച്ഛമായിരുന്നു എനിക്കീ പ്രവണതകൾ,
സ്വയം പുച്ഛിച്ച്‌ ഞാൻ നടന്നു!
അതിർത്തിയറിയാതെ ഞാൻ സ്നേഹമളന്നു.
അവസ്ഥയറിയാതെ ഞാൻ നിന്നു.!

സമൂഹം അങ്ങിനെയാണ്‌!

ചിലേടങ്ങളിൽ തൂക്കിയ സ്നേഹം,
സ്വർണ്ണപണിക്കാരന്റേ ഉലയിലായിരുന്നത്രെ!
ചിലേടങ്ങളിൽ വില്ലേജോഫീസറുടെ
ഫീൽഡ്‌ ബുക്കിലും, ചങ്ങലയിലും!
ചിലേടങ്ങളിൽ ബാങ്കുകാരന്റെ ചെക്കിലും
പാസ്സ്‌ ബുക്കിലും!
ചിലേടങ്ങളിൽ മാനാഭിമാനങ്ങളിലും!

ചില സ്നേഹങ്ങൾ മാതാ പിതാക്കളെ
വഴിയാധാരമാക്കാറുണ്ടത്രെ!
ചിലേടങ്ങളിൽ ഭർത്താവ്‌ വാമഭാഗത്തേയും!

തൂക്കി മുറിച്ച്‌, അളന്നൊഴിച്ച്‌, വഴിയാധാരമാകുന്ന സ്നേഹം!
അളവില്ലാത്ത സ്നേഹത്തിന്‌ അളവില്ലാത്ത
മുതലും പലിശയും ഉണ്ടത്രേ!
എന്നിട്ടും ആളുകൾ കള്ളപ്പറയിൽ അളന്നൊഴിച്ച്‌ ,
തൂക്കി മുറിച്ച്‌, കോൽക്കണക്കിൽ അളന്നു കുറിച്ച്‌
സ്വയം വിഡ്ഡിയാകുന്നു..
ധനവാന്മാർ അങ്ങിനെയാണ്‌!
അല്ലേങ്കിലും പിച്ചക്കാരന്റെ അളവില്ലാത്ത
സ്നേഹത്തിന്‌ ആരെങ്കിലും കമിഴ്‌ന്നടിച്ചു വീഴുമോ?

ശനിയാഴ്‌ച, ഏപ്രിൽ 02, 2011

പ്രതീക്ഷ!

പ്രപഞ്ചത്തിന്റെ ഏടുകളിൽ,
കർമ്മസാക്ഷി വരച്ച ചിത്രങ്ങളിൽ,
ദിനമൊടുങ്ങുന്നുവെൻ ആയുസ്സും!

ഒ‍ാരോ പകലുമെൻ നന്മയെ വരച്ചു,
ഒ‍ാരോ രാവുമെൻ തിന്മയെയും!
ചലിച്ച ചുണ്ടുകളേക്കാൾ,
ചലിക്കാത്ത ചുണ്ടുകളുടെ സത്യം!

പൂഴ്ത്തി വെച്ച ചിന്തകളിൽ
പ്രണയമുണ്ടായിരുന്നു,ഒപ്പം ദു:ഖവും!
കമ്ഴ്ത്തി വെച്ച വാക്കുകളിൽ,
ശൂന്യതയും, നിർവ്വികാരതയും!

ഉദിച്ചസ്തമിച്ച സത്യങ്ങൾ,
കള്ളക്കണക്കു നൽകി പറ്റിച്ച്‌,
ഗ്രഹണമായി മറഞ്ഞ കാലം!
ആത്മാവിന്റെ ആഹുതിയിൽ,
സമർപ്പണത്തിന്റെ കണക്കുകൾ,
ബന്ധത്തിലെ ശൂന്യത!
ബന്ധനത്തിലെ ദൈന്യത!
എന്റെ ഡയറികളിൽ കുത്തി വരയട്ടേ!
പഴയ കണക്കുകൾ തീർത്ത്‌,
പുതിയ കണക്കുകൾ,
രംഗപ്രവേശം ചെയ്യട്ടേ!

ആ ഒരു  മഴത്തുള്ളിയിലാണെൻ പ്രതീക്ഷ,
അതു തോടാകും പുഴയാകും,
സമുദ്രമാവും!

ഒരു മരു പ്പച്ചയാണെൻ പ്രതീക്ഷ!
അതു തണലാകും, സാന്ത്വനമാകും,
സമൂഹമാകും!
ഒരു സ്വപ്നത്തിലാണെൻ പ്രതീക്ഷ!
അത്‌ പ്രകാശമാകും, നക്ഷത്രമാകും,
ഉദയസൂര്യനാകും!

ഒരു ശ്വാസം കണ്ഠത്തിൽ ഒരുങ്ങും വരേയ്ക്കും,
ഒരു നിശ്വാസം തൊണ്ടയിൽ കുരുങ്ങും വരേയ്ക്കും,
ഈ പ്രതീക്ഷ പുഷ്പിച്ച്‌ വിളവെടുക്കണം!

മരു പ്പച്ച തേടുന്നവർ!

തലച്ചോറെരിച്ച്‌,
ഇത്തിരി വെട്ടവും നിഴലും ചുറ്റും പകർന്ന്,
ദു:ഖം കിനിഞ്ഞിറക്കി, ഘനീഭവിപ്പിച്ച-
സ്തമിച്ച മെഴുകുതിരി!

ഇന്നുമുണ്ടായിരുന്നു,
ശ്രദ്ധയൂന്നാത്ത തറയിൽ
ഉരുകിയൊലിച്ച തുടയ്ക്കാത്ത പാടുകൾ!

ഇന്നലെയുണ്ടായിരുന്നു,
ഉണങ്ങിയ ചുണ്ടുമായി,
മഴയെ കാത്തു ദിനമെണ്ണി,
തളർന്ന വേഴാമ്പൽ!

ഇന്നുമുണ്ടായിരുന്നു,
അസ്തമിച്ച കിനാക്കളുമായി,
തളർന്നൊടുങ്ങിയ വേഴാമ്പൽ!

എന്നിട്ടും ഒരു പാടുണ്ടായി,
വേഴാമ്പലും മെഴുകുതിരികളും,
കാലചക്രങ്ങളിൽ ഞെരിഞ്ഞമർന്ന്,
സ്വന്തം നിണം കുടിച്ചൂറ്റി,
ദാഹം മാറാതെ വിസ്മൃതരാകാൻ!