പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

ഒരു സ്നേഹവിചാരം!

സ്നേഹത്തിന്‌ അളവു കോലുണ്ടത്രെ!
പിതാവിനോട്‌,മാതാവിനോട്‌, സഹോദരരോട്‌,
കാമിനിയോട്‌,വാമഭാഗത്തോട്‌,
ബന്ധു ജനത്തോട്‌, സതീർത്ഥ്യരോട്‌,
പിന്നെ സമൂഹത്തോട്‌!
സ്നേഹത്തിന്‌ അതിരും ഉണ്ടത്രേ!

മാറ്റാനാകാത്ത നിയമ പ്രമാണം!
മാറ്റാനാവാത്ത ചില ചട്ടങ്ങൾ,
വരണമാല്യമായണിഞ്ഞ്‌,
കുനിഞ്ഞ ശിരസ്സുമായി നടക്കണം!

തുലാസിൽ തൂക്കിയ, ലിറ്ററായി അളന്നെടുത്ത,
കോൽക്കണക്കായി മുറിച്ചെടുക്കുന്ന സ്നേഹം!

പുച്ഛമായിരുന്നു എനിക്കീ പ്രവണതകൾ,
സ്വയം പുച്ഛിച്ച്‌ ഞാൻ നടന്നു!
അതിർത്തിയറിയാതെ ഞാൻ സ്നേഹമളന്നു.
അവസ്ഥയറിയാതെ ഞാൻ നിന്നു.!

സമൂഹം അങ്ങിനെയാണ്‌!

ചിലേടങ്ങളിൽ തൂക്കിയ സ്നേഹം,
സ്വർണ്ണപണിക്കാരന്റേ ഉലയിലായിരുന്നത്രെ!
ചിലേടങ്ങളിൽ വില്ലേജോഫീസറുടെ
ഫീൽഡ്‌ ബുക്കിലും, ചങ്ങലയിലും!
ചിലേടങ്ങളിൽ ബാങ്കുകാരന്റെ ചെക്കിലും
പാസ്സ്‌ ബുക്കിലും!
ചിലേടങ്ങളിൽ മാനാഭിമാനങ്ങളിലും!

ചില സ്നേഹങ്ങൾ മാതാ പിതാക്കളെ
വഴിയാധാരമാക്കാറുണ്ടത്രെ!
ചിലേടങ്ങളിൽ ഭർത്താവ്‌ വാമഭാഗത്തേയും!

തൂക്കി മുറിച്ച്‌, അളന്നൊഴിച്ച്‌, വഴിയാധാരമാകുന്ന സ്നേഹം!
അളവില്ലാത്ത സ്നേഹത്തിന്‌ അളവില്ലാത്ത
മുതലും പലിശയും ഉണ്ടത്രേ!
എന്നിട്ടും ആളുകൾ കള്ളപ്പറയിൽ അളന്നൊഴിച്ച്‌ ,
തൂക്കി മുറിച്ച്‌, കോൽക്കണക്കിൽ അളന്നു കുറിച്ച്‌
സ്വയം വിഡ്ഡിയാകുന്നു..
ധനവാന്മാർ അങ്ങിനെയാണ്‌!
അല്ലേങ്കിലും പിച്ചക്കാരന്റെ അളവില്ലാത്ത
സ്നേഹത്തിന്‌ ആരെങ്കിലും കമിഴ്‌ന്നടിച്ചു വീഴുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ