പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 20, 2011

നഷ്ട പ്രയാണങ്ങൾ!

"ബൈ ദ ബെ ഞാൻ ആരാണ്‌!"

.....അന്നാണ്‌ ആ ഖമണ്ഡൻ ചോദ്യം അയാൾ സ്വയം ചോദിച്ചത്‌!..

"നിങ്ങളെന്റെ ആരുമല്ല" എന്നു ശ്രീമതി അതായത്‌ സാക്ഷാൽ കെട്ടിയോൾ പറഞ്ഞതു കൊണ്ടല്ല..! ഒടപ്പെറന്നോളിന്റെ കുത്തു വാക്കു കേട്ടതു കൊണ്ടല്ല.!..പടച്ചു വിട്ട മാതാ പിതാക്കളുടെ നോവുന്ന മനസ്സു കണ്ടതു കൊണ്ടുമല്ല.!!.മറിച്ച്‌ നേതി ...നേതി.. എന്ന്  മനസ്സിനുള്ളിൽ നിന്നു ആരോ കിതച്ച്‌ കിതച്ച്‌ പിടഞ്ഞു പറഞ്ഞതു കൊണ്ടാണ്‌!

"നീ ഒന്നിനും കൊള്ളാത്ത..."-എന്നാണല്ലോ കേട്ട പഴക്കം!

ആ പഴക്കത്തിൽ നിന്നും ഉയിർ കൊണ്ട ഊഷ്മാവിലാണ്‌ അയാൾ മനസ്സിന്റെ ആ പ്രഭാഷണം ശ്രവിച്ചത്‌!

"നീ നീയ്യാണ്‌!."..അയാളുടെ മനസ്സു പറഞ്ഞു

"എത്ര ശരി!"

"ഞാൻ പിന്നെ മറ്റാരാണ്‌!.." അയാൾ അവേശത്തോടെ ചോദിച്ചു.

"നീ മറ്റാരൊക്കെയോ ആണ്‌! "- അയാൾ അതും കേട്ടു..

"നീ ആത്മാവാണ്‌!"

"മഹാ ശക്തനാണ്‌!"

"പരബ്രഹ്മമാണ്‌!"

ഒടുവിൽ പറഞ്ഞു നിറുത്തിയത്‌ അയാൾക്ക്‌ നന്നെ സുഖിച്ചു..

"നീ സാക്ഷാൽ ദൈവമാണ്‌!"

എന്തൊക്കെയോ ഉള്ളിലുള്ള അയാൾ പറയുന്നു...!..അയാൾക്ക്‌ എന്തെന്നില്ലാത്ത വിറയൽ വന്നു.. ആകെ മരവിപ്പ്‌!

അയാൾ മെല്ലെ എഴുന്നെറ്റു .. പിന്നെ പീടികയ്ക്കടുത്ത്‌ ചെന്ന് അയാൾ പ്രഖ്യാപിച്ചു..

" ഞാൻ ദൈവമാണ്‌!"

ആരോ പറഞ്ഞു "പിരാന്തൻ!"

അതു പറഞ്ഞയാൾ പിറ്റേന്ന് ചക്ക വെട്ടിയിട്ട പോലെ മരിച്ചു.!....സംഭവം ഹാർട്ട്‌ അറ്റാക്ക്‌!
.
..തോന്ന്യവാസി.!. അല്ലാതെ....?

മറ്റൊരാൾ പറഞ്ഞു " വട്ട്‌ കേസ്‌!.. ഈയാൾക്കെന്തിന്റെ കേടാ"

"അഹങ്കാരി!"...മറ്റെന്തു പറയാൻ?

അയാളെ രണ്ടു നാൾക്കകം സ്കൂട്ടറിടിച്ചു ആശുപത്രിയിലും ആയി..!..

അന്നു മുതൽക്കാണത്രെ ആളുകൾക്കയാളുടെ സിദ്ധി ബോദ്ധ്യപ്പെട്ടത്‌!... അയാൾക്കെതിരെ, ..ക്ഷമസ്വ...., ആ ദൈവത്തിനെതിരെ... "ക'.." മ" എന്നു മിണ്ടുവാൻ ബുദ്ധിയും വിവരവും ഉള്ള ആളുകൾ കൂട്ടാക്കിയില്ല.. പകരം നയനസുഖം തരുന്നവരും നയന സംഘർഷം തരുന്നവരും അവരവരുടെ ശരീര ശാസ്ത്ര പ്രകാരം "റ" എന്ന കണക്കിനു നിന്ന് കൈകൾ കൂപ്പി നാമ ജപം തുടങ്ങി..!....

അയാൾ മഴ പെയ്യിച്ചു!...ആളോളുടെ ജ്വരവും ചുമയും മാറ്റിച്ചു...കിടക്കപ്പായിൽ മൂത്രമൊഴിക്കുന്നോനെ പുറത്ത്‌ മൂത്രമൊഴിപ്പിച്ചു.!.. അതോടെ സുഖസൗകര്യത്തോടെ ആളുകൾക്ക്‌ കിടക്കപ്പായിൽ മൂത്രമൊഴിക്കാൻ പറ്റാതായി..!

അതിന്റെ ദേഷ്യം..അല്ലെങ്കിൽ അസൂയ.. അല്ലാണ്ടെന്താ?....അല്ലെങ്കിൽ.. പച്ച പിടിച്ചു തഴച്ചു വളരുന്നോനെ അനുവദിക്കില്യാന്ന അഹങ്കാരം!

... ശനി..ശുക്രമണ്ഡലത്തിലേക്ക്‌  കയറിൽ തൂങ്ങിപ്പിടിച്ച്‌ ഊർന്നിറങ്ങാൻ ശ്രമിച്ച്‌ കമിഴ്‌ന്നടിച്ച്‌ വീണ സമയം! .. രാഹുവിന്റെ മിഴിച്ച തീക്കട്ട കണ്ണുകളുടെ തറച്ച നോട്ടം!... ഗുളികൻ ചെരിഞ്ഞും മലർന്നും കിടന്നു കോക്ക്രി കാട്ടിയ നേരം!.

....എല്ലാം ഒത്തു വന്ന ഒരു ശുഭസായാഹ്നത്തിലായിരിക്കണം ആ മഹാത്മാവിനെ, അല്ല ദൈവത്തെ ഒരു നാൾ യുക്തിവാദികൾ നേതി, നേതി എന്നു പറഞ്ഞു. ദുർമ്മന്ത്രവാദം നടത്തി ചങ്ങലപ്പൂട്ടിട്ട്‌ എങ്ങോ കൊണ്ടു പോയി ഒടുവിൽ മനുഷ്യനാക്കി നടത്തി!

"ബൈ ദ ബെ ഞാൻ ആരാണ്‌!"- വീണ്ടും ഒരു നാൾ അയാൾ സ്വയം ചോദിച്ചു..

ഇത്തവണ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾക്ക്‌ ദേഷ്യം വന്നിരുന്നു..

"..നീ ഒരു മണ്ടൻ കൊണാപ്പനാണ്‌ അല്ലാതെ യുക്തിവാദികളുടെ ദുർമ്മന്ത്രവാദത്തിൽ പെട്ട്‌ നശിക്ക്വോ?.."

അയാൾക്ക്‌ ബോധോദയം വന്നിരുന്നു.!.വല്ലാത്ത നിരാശാ ബോധം!...അപ്പോഴേക്കും മനസ്സ്‌ അയാളെ കീഴ്പ്പെടുത്തി പറഞ്ഞു..".നീ ആത്മാവുള്ള, ഒരു സാധാരണ മനുഷ്യനാണ്‌ ..നേതി.. നേതി..!"

ദൈവം എന്ന വാക്ക്‌ ഉച്ചരിക്കാതെ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾ മറഞ്ഞിരുന്നതു കണ്ട്‌ അയാൾ തേങ്ങി!

5 അഭിപ്രായങ്ങൾ: