പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 10, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി എട്ടാം സർഗ്ഗം)

പണ്ടായിരുന്നെങ്കിൽ..!...
....ഡിഗ്രി വരെ പഠിച്ചോന്‌ ഒരു നിലയും വിലയും ജോലിയും കിട്ടുമായിരുന്നു..!-
 എന്ന് നെടുവീർപ്പിട്ടിട്ട്‌ ഒരു കാര്യോം ഇല്ല്യ.. കാര്യബോധം ഇല്യാതെ നടക്കുന്നൊനെ കണ്ടാൽ ഏവർക്കും വെറുപ്പാ...തെരുവു പട്ടീനെ കണ്ടാൽ കല്ലെറിയും പോലെ ആളുകൾ കല്ലെറിയും.. അതിൽ അസൂയപ്പെട്ടിട്ട്‌ കാര്യം ഇല്യാ!..സങ്കടപ്പെട്ടിട്ട്‌ ഒരു നിർവ്വാണോം പ്രാപിക്കില്യാ..!
അപ്പോൾ പിന്നെ കിട്ടിയോനെ..!
"..ഒന്നും ആയില്ല്യാ..ല്ലേ?"- ആളുകൾ മുള്ളെടുത്ത്‌ ഹൃദയത്തിൽ തന്നെ തോണ്ടും!.. രക്തം പൊടിയുന്നെങ്കിൽ പൊടിഞ്ഞോട്ടേ.....അല്ലാതെ അത്രയ്ക്ക്‌ സുഖിച്ചു, മദിച്ച്‌ നടക്കേണ്ടാന്ന് സാരം!
പിതാശ്രീ നാട്ടിലെത്തി...നമുക്ക്‌ സന്തോഷായി.....വർഷത്തിലാണ്‌ വരവ്‌....വന്നതിന്റെ പിറ്റേന്ന് പതിവ്‌ പോലെ ഒരു ഡ്രാഫ്റ്റ്‌ എടുത്തു നീട്ടി..
...ടാ..ഇതൊന്ന് ബാങ്കിൽ കൊടുക്കണം ഇന്നു തന്നെ .. കേട്ടോ.."
" ഊവ്വ്‌!"- നോം അത്‌ വാങ്ങി..
ഇന്നേവരെയുണ്ടാകാത്ത നുരഞ്ഞു പൊങ്ങിയ അമർഷം അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് തോന്നി..
പോത്തു പോലെ വളർന്ന് നുകം വെച്ച്‌ കെട്ടി വയലുകൾ ഉഴാൻ പോലും ഉപകാരമില്ല്യാത്ത ഒരു ജന്തൂനോട്‌ എങ്ങിനെ പെരുമാറണംന്ന് നിശ്ചയിച്ചുറപ്പിച്ച പോലെ...!
നോം ഒന്നും അറിഞ്ഞില്ല!..
 മടങ്ങിയ ഡ്രാഫ്റ്റ്‌ നോംതുറന്നു..ഡ്രാഫ്റ്റിലേക്ക്‌ ഒന്ന് നോക്കി..തുക എത്രെയിണ്ട്‌ എന്ന് അറിയാലോ..!
..പെട്ടെന്ന് കാതടപ്പിക്കുന്ന തരത്തിലുള്ള ഒരു ശബ്ദം!
..".. എന്താ നോക്കുന്നത്‌... തുക എത്രയിണ്ട്ന്നാണോ?..നാണോം മാനോം ഇല്യാതെ തിന്നു മുടിക്കാൻ!.. ഒരുത്തൻ മുടിച്ചതു പോരെ.!.ഇനി നിന്റെ വക.. എന്തെങ്കിലും പ്ലാൻ.??!..വല്ല ധൂർത്തടിയോ മറ്റോ?."
..നോം ഞെട്ടിത്തരിച്ചു.. ഇന്നേവരെ നമ്മോട്‌ ഒരക്ഷരം പോലും പറയാത്ത പിതാശ്രീ.. സ്നേഹമല്ലാതെ മറ്റൊന്നും കാട്ടാത്ത പിതാശ്രീ..!... അദ്ദേഹമാണോ ഇത്‌!
നോം തല കുത്തനെ പിടിച്ചു ..
"കൂടുതൽ നോക്കേണ്ട!..."..
"ഇതെനിക്ക്‌ ജീവിക്കാനുള്ളതാ.. വരവെത്രെയുണ്ടെന്ന തന്റെ കൂട്ടലും കിഴിക്കലും വേണ്ട..വേഗം പുട്ടടിക്കാൻ വഴി കണ്ടെത്തി മോൻ അങ്ങിനെ വല്യോനാവേണ്ടാന്ന് സാരം!"
പക്ഷെ നോം അങ്ങിനെ ചിന്തിച്ചു കൂടെയില്ലല്ലോ?
പിതാശ്രീ തുടർന്നു..
"...നിന്റെയൊക്കെ പ്രായത്തിനേക്കാൾ ചെറുപ്പം മുതൽ കുടുംബം നോക്കി നടത്തുന്നോനാ ഈ ഞാൻ!... ഇപ്പോഴും..!...ഒരു ഉപ്പ്‌ വാങ്ങിയ ബന്ധം ഉണ്ടോ നിങ്ങൾക്ക്‌?...ഈ പ്രായത്തിലും കുടുംബത്തിനായി ഞാൻ തന്നെ ഒറ്റയ്ക്ക്‌ കഷ്ടപ്പെടണം!".
..നോം തല കുത്തനെ പിടിച്ചു.
...നോം ഒന്നും ചെയ്തില്ല്യാലോ?..പഠനം കഴിഞ്ഞതേയുള്ളൂലോ?.. ഒരു തെറ്റും ചെയ്യാത്ത നമ്മെ...പിതാശ്രീ തെറ്റിദ്ധരിച്ചൂലോന്ന സങ്കടം നമ്മെ സങ്കടത്തിലാഴ്ത്തി...
....അല്ലെങ്കിലും ആർക്കും ഇണ്ടാവും വിഷമം!..മൂത്തവൻ, കുടുംബം നോക്കേണ്ട പ്രമാണി സിഗ്നലില്ലാതെ നടക്കുന്നു....മറ്റൊരാൾ സങ്കടക്കടലിലും!.. .പിന്നെയുള്ളത്‌ ഈ നാമാണ്‌!.. അപ്പോൾ പിന്നെ നമ്മെയല്ലാതെ.. പിന്നെ ആരെയാണ്‌ ശകാരിക്കാൻ അർഹത..!

മാതാശ്രീ കേട്ടു...".. അവൻ പാവാ!.. അവനൊന്നും ചെയ്തില്ല..അവന്റെ പഠിപ്പ്‌ കഴിഞ്ഞതല്ലേയുള്ളൂ.."
"..ഞാൻ പറഞ്ഞെന്നെയുള്ളൂ..!"- പിതാശ്രീ പറഞ്ഞു നിർത്തി..
"...പിതാശ്രീ പറയുന്നതിൽ ഒരു തെറ്റുമില്ല....ന്നാലും...നമ്മെ കൂടെ സംശയിച്ചല്ലോ?... നോം വല്ലാതെയായി... സങ്കടങ്ങൾ നമ്മെ കീഴടക്കി....ചായ പോലും തൊണ്ടയിൽ കുരുങ്ങി... .. ആദ്യമായുള്ള പിതാവിന്റെ ശാസന..!.. അതും നിരപരാധിയായ നമ്മെ..!..

" തിന്നു മുടിക്കാൻ...!"-- വാക്കുകൾ നമ്മുടെ ഉള്ളം തപിപ്പിച്ചു..
പിന്നെ മെല്ലെ പുഴക്കരയിലേക്ക്‌ നടന്നു...എന്തെങ്കിലും ഒരു വഴി കണ്ടെത്തണം...ഒരു രൂപയെങ്കിലും സ്വന്തമായി ഉണ്ടാക്കണം.. അല്ലാതെയുള്ള ഈ ജന്മം പാഴ്‌ ജന്മമാകും...!
"എന്ത്‌ ജോലി? എന്നത്‌ ഒരു ചോദ്യ ചിഹ്നമായിരുന്നു.
. ഒരു ട്യൂഷനെങ്കിലും..!..
കടവിൽ കടത്തു തോണി അരികെ അണയുന്നതു വരെ കാത്തു നിന്നു....ഒരു കച്ചിതുരുമ്പെങ്കിൽ അത്‌!...പിന്നെ മെല്ലെ കടത്തുകാരന്റെ അടുത്തെത്തി..അറിയുന്ന കടത്തുകാരൻ തന്നെ..!
"ഹെന്താ അപ്പുറത്തേക്കാണോ?"- കടത്തുകാരൻ!
"അല്ല.. ഒരു സഹായം ചെയ്യാമോ?... അപ്പുറത്ത്‌ ആരെങ്കിലും ട്യൂഷനെടുക്കുവാൻ ആളെ തിരയുന്നതായി അറിയാമോ?"
"ആർക്കാ!"
"എനിക്കു തന്നെ!"
"ഒരാൾ പറയുന്നത്‌ കേട്ടിരുന്നു...!.. ഞാൻ പറയാം!"- കടവുകാരൻ പറഞ്ഞു..
" പറഞ്ഞാൽ വല്യ ഉപകാരം!.. മറക്കരുത്‌!"
തെല്ലൊരാശ്വാസത്തോടെ നോം വീട്ടിലേക്ക്‌ നടന്നു..

അന്നു രാത്രി പിതാശ്രീ കൊണ്ടു വന്ന പെട്ടി തുറക്കുകയാണ്‌..!..
"..മാതാശ്രീക്കും പെങ്ങൾക്കും, ബന്ധുക്കൾക്കും വിലകൂടിയ നല്ല സാരികൾ.. തുണിത്തരങ്ങൾ!...!.. പേട, രസഗുള ഇത്യാദി സ്വീറ്റ്സുകൾ..അങ്ങിനെ പലതും..!. "
...മാതാശ്രീ പരുതി...!..
"...ഈ ചെറുക്കന്‌....!!"
"... ഇല്യാ ഒന്നും കൊണ്ടു വന്നിട്ടില്ല്യ...പെണ്ണു കെട്ടാനാവുന്നതു വരെ ഇവർക്കൊക്കെ കൊണ്ടു കൊടുക്കലാണോ എന്റെ ജോലി!"
പിതാശ്രീയുടെ കലിപ്പുകള്‌ തീരണില്ല്യാലോ ദൈവമേ!
"..നമുക്കൊന്നും വേണ്ട.. ന്നാലും.!!.നമുക്ക്‌ കൊണ്ടു വരുന്ന പാന്റുകൾ വരെ ഏട്ടൻ തമ്പുരാനു സംഭാവന ചെയ്യാൻ മടിക്കാത്ത നോം!...ഒന്നും ഇതേവരെ ആഗ്രഹിച്ചിട്ടില്ല്യ....എന്നിട്ടും!..ഏട്ടൻ തമ്പുരാൻ ചെയ്ത ചെയ്ത്തിനു നമ്മുടെ നേരെയാണല്ലോ പിതാശ്രീയുടെ കടന്നാക്രമണം എന്നത്‌ നമ്മെ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക്‌ നയിച്ചു..കണ്ണുകളെ ഈറനണിയിച്ചു...!
"..ഇവനെന്തു ചെയ്തിട്ടാണ്‌!..ഒരു ഷർട്ടെങ്കിലും...!"-മാതാശ്രീയുടെ ശബ്ദം.
മുമ്പൊക്കെ അഞ്ചും ആറും പാന്റുകൾ തയ്ച്ചു തന്നെ കൊണ്ടു വരുന്ന പിതാശ്രീയാണ്‌.. ആദ്യമായി.....മറ്റൊരു മുഖഭാവത്തോടെ നിൽക്കുന്നത്‌!
"ഹേയ്‌...എനിക്കൊന്നും വേണ്ട!. എനിക്കൊരു വിഷമവും ഇല്യാ!.."- നോം ഇടയിൽ കയറി പറഞ്ഞു..
അല്ലെങ്കിലും എല്ലാവർക്കും സുഖമാണെങ്കിൽ നമുക്ക്‌ പെരുത്തു സുഖമായിരുന്നു..എല്ലാവർക്കും സന്തോഷമാണെങ്കിൽ നമുക്കും സന്തോഷമായിരുന്നു... എന്നും!...ഒരു ധൂർത്തടിയും നോം ചെയ്തിട്ടില്ല.. . .. എന്നിട്ടും..വെറുതെ ഒരു ആവശ്യവുമില്ല്യാതെ വയറു നിറച്ചും പഴി കേൾക്കേണ്ടി വരിക.!!..മുൻ ജന്മ പാപം ആവാതെ തരമില്ല്യ.. നിശ്ച്യം! ..
നമുക്കാരാത്രി ഉറക്കം വന്നില്ല.. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ഇന്നു തന്നെ നോം ഇല്യാതായെങ്കിൽ എന്നു വരെ നമുക്ക്‌ തോന്നി..നമ്മുടെ കൂടെ ഒന്നിച്ചു പഠിച്ച ജമീലിനെ പോലെ ഒരു ഹാർട്ട്‌ അറ്റാക്ക്‌!...അവനെന്തു തിരക്കായിരുന്നു.. തിരിച്ചു പോകാൻ..!.. ഈ നാമില്ലേ ആർക്കും വേണ്ടാതെ.. അവൻ ജീവിച്ചിട്ട്‌.. പകരം നാമാണെങ്കിൽ..!.. ആവശ്യമുള്ളോർക്ക്‌ ദൈവം ഒന്നും കൊടുക്കില്ല്യ.. ഇല്ലാത്തോർക്ക്‌..!.. ആർക്കും ശല്യമില്ലാതെ വന്നേടത്തേക്കു തന്നെ ഒരു തിരിച്ചു പോക്ക്‌ നീ നടത്തുമോ ദൈവമേ!..പ്രാർത്ഥിച്ചു.. കണ്ണീർ വാർത്തു കാത്തു നിന്നു...
ഒന്നും നടന്നില്ല്യാ.. പകരം നമ്മെ ഇളിഭ്യനാക്കി കൊണ്ട്‌ നേരം വെളുത്തു..!
പിതാശ്രീ ഒന്നും മിണ്ടീല്ല്യ..." പിറ്റെന്ന് ബസാറിൽ പോയി തിരിച്ചു വന്ന പിതാശ്രീയുടെ കൈയ്യിൽ ഒരു പൊതിയുണ്ടായിരുന്നു..." ഒരു ഷർട്ട്‌ പീസ്‌!.."
"..ഇതാ.. ഇത്‌ തയ്പ്പിച്ചോളൂ!"
സങ്കടത്തോടെ നാമതു വാങ്ങി... എനിക്ക്‌ ഷർട്ടുണ്ടച്ഛാ.. വെറുതെ വാങ്ങിക്കേണ്ടായിരുന്നു..!"
"..നിനക്ക്‌ ഞാനൊന്നും വാങ്ങീല്യല്ലോ!.. അതിരിക്കട്ടേ"- പിതാശ്രി പറഞ്ഞു..പിതാശ്രിക്കും വിഷമമുണ്ടായെന്നു തോന്നി..!

2 അഭിപ്രായങ്ങൾ: