പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

ജനാധിപത്യ സംഹിത!

നമുക്കു ചുറ്റിലും മാറ്റമില്ലാത്ത മാറ്റത്തെ,
മാറാല കൊണ്ട്‌ പൊതിഞ്ഞ്‌,
മാറ്റമുണ്ടാക്കുന്നവരുണ്ട്‌!

ഭ്രാന്തന്റെ പുറം പാളി ഏച്ചു കെട്ടി,
കോളാമ്പി കെട്ടി പുലമ്പി,
പരസ്പരം ചാത്തനേറ്‌ നടത്തുന്നവർ!
അതിനു സഹായിക്കുന്ന ചില ചാത്തന്മാരും!
ഇന്നാളുമുണ്ടായി പോർക്കളങ്ങളും
ഇടിയും ആക്രോശവും!

അടികൊണ്ടവൻ അകക്കണ്ണിൽ
കാര്യമറിയുന്നു,
പുറം കണ്ണിൽ നിസ്സാരതയും!
കൈയ്യിൽ മഷി പുരട്ടുമ്പോൾ,
അല്ഷൈമേഴ്സിന്റെ ആക്രമണം!

നമുക്ക്‌ പക്ഷം ചേർന്നു നടക്കാനാണ്‌ വിധി!
പക്ഷമില്ലാത്തവന്റെ പക്ഷം നിർവ്വികാരത!
ഏതെങ്കിലും പക്ഷം വിജയിക്കും,
ഏതെങ്കിലും കക്ഷം നയിക്കും!
വോട്ടുണ്ടത്രെ!..ചിലേടങ്ങളിൽ നോട്ടും..
സ്വർണ്ണ പതക്കങ്ങളും, നാനോ കാറും!
നോട്ടമില്ലാത്ത ഇല്ലങ്ങളിലെ,
ഭണ്ഡാരപ്പുരകൾ അവർ കൊള്ളയടിക്കട്ടെ!
ഇനിയും ഞെക്കിപ്പിഴിയാൻ കഴുത്തുകൾ കാട്ടുക!
നികുതികൾ അവർ പകുത്തെടുക്കട്ടെ!

ഇനിയും സ്പെക്ട്രവും കൊടുങ്കാറ്റും വരും,
ഭീകരനും വില്ലനും വരും,
ഒറ്റിയകറ്റലും കെട്ടിപ്പിടുത്തവും ഉണ്ടാകും,
മലപോലെ വന്നത്‌ ഇലപോലെ പറന്നു പോകും!
ജാമ്യവും കോടതിയും അവർക്കുള്ളത്‌!

ഭരണ തന്ത്രങ്ങളിൽ തന്ത്രങ്ങൾക്കാണാധി പത്യം!
കുതന്ത്രങ്ങൾക്കും!,
വിഷമരച്ചു കലക്കുന്ന രാഷ്ട്രീയം!
ഒരിക്കൽ പാലെന്നു പറഞ്ഞ്‌!
പിന്നെ വിഷമെന്ന് പറഞ്ഞ്‌,
ഒടുവിൽ അമൃതെന്ന് പറഞ്ഞ്‌,
അവർ തൊട്ടു നക്കും,
നമ്മളും തൊട്ടു നക്കി കൊള്ളണം!
പർട്ടികളുടെ ആധിപത്യത്തിലെ ജനം,
ജനാധിപത്യമെന്ന് വിശ്വസിച്ചു കൊള്ളണം!
അത്‌ അലംഘനീയമായ സംഹിതയായി മാറ്റപ്പെടുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ