പേജുകള്‍‌

വ്യാഴാഴ്‌ച, മാർച്ച് 24, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി അഞ്ചാം സർഗ്ഗം)

നേരം പുലർന്നു..അല്ല നടന്നും കിടന്നും  സൂര്യനും കിടയ്ക്ക പൊറുതി കൊടുത്തില്ല്യ എന്നു വേണമെങ്കിൽ പറയാം..കിത്താബു മെടുത്ത്‌ മഹാ ശാസ്ത്രജ്ഞരിൽ അമാനുഷികനാണെന്ന മട്ടിൽ പഠിക്കാനാണെന്ന വ്യാജേണ ബസ്സിൽ തെല്ലു തലയെടുപ്പോടെ കയറി...കണ്ടെക്ടർ നമ്മളെ ഇഷ്ടിക അടുക്കി വെച്ച പോലെ അടുക്കി പെറുക്കി വെച്ചു..!.അതിയാനു പണ്ട്‌ ഇഷ്ടിക കളത്തിലായിരിക്കണം ജോലി!...അതു കണ്ട്‌ ആവേശം മൂത്ത്‌ കണ്ടെക്ടറുടെ ശിപായിയായ കിളിയൻ ചേട്ടൻ തോണ്ടിയും ചവിട്ടിയും ഉന്തിയുമൊക്കെ നമ്മെ ഒതുക്കി വെച്ചു..!..

വിദ്യാർത്ഥി സമൂഹമെന്ന ജാതിനെ തൊടാനും തീണ്ടാനും പാടില്ല്യാത്തോരാണെന്ന മട്ടിൽ ആ പെറുക്കികൾ നമ്മെ മൊത്തം നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്‌..!ഇത്രയും സഹന ശക്തിയുള്ള അധ:കൃതവർഗ്ഗങ്ങളാണല്ലോ വിദ്യാർത്ഥി സമൂഹമെന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നു.. സർക്കാർ പെൻഷൻ തരേണ്ട അവശവിഭാഗമാണല്ലോ വിദ്യാർത്ഥി സമൂഹം!.. ഈ തുച്ഛമായ പരിഹാസത്തിൽ പൊതിഞ്ഞ ഇളവല്ലാതെ എന്തെങ്കിലും  ഏതെങ്കിലും സർക്കാർ അനുവദിച്ചു തന്നിട്ടുണ്ടോ?..അവഗണന തന്ന്യാ.. അവഗണന!..വിദ്യാർത്ഥി സമൂഹമെന്ന വോട്ടില്ലാത്ത ന്യൂനപക്ഷത്തോടുള്ള അവഗണന!

"പത്തു പൈസ ചില്ലറ കൊണ്ടു വരില്ല!.. അമ്പത്‌ പൈസേം കൊണ്ടു വരും.. ചില്ലറയില്ലടാ....!"- അദ്ദേഹം നമ്മുടെ ജാതീനെ നോക്കി പുലഭ്യം പറഞ്ഞു..
..പുലമ്പട്ടേ... നാവിലെല്ലില്ല്യാത്തോനാ..
ചായ കുടിക്കാൻ കാശിനാണെങ്കിൽ അതു പറഞ്ഞാൽ പോരെ എന്ന മട്ടിൽ ആ അയിത്തക്കാരൻ ഒന്നും മിണ്ടിയില്ല!
എന്നിട്ടും ആ കന്നാലി ദ്രോഹിക്കാൻ ശ്രമിച്ചു.." പാസ്സുണ്ടോടാ... കാണട്ടേ"
"പാസ്സുണ്ട്‌!"- ഒരു ധൈര്യത്തിൽ അവൻ പറഞ്ഞു.. പാസ്സെടുക്കുവാൻ തുനിഞ്ഞു സമയം മെനക്കെടുത്തി..
പാസ്സൊന്നും ഉണ്ടാവാൻ തരം ഇല്യാ.. അവന്റെ ബാഗ്‌ എടുപ്പ്‌ കണ്ടപ്പോഴേ നോം നിശ്ചയിച്ചു.. അമേരിക്കേന്ന് യന്ത്രം കൊണ്ടു വന്നു പരിശോധിച്ചാൽ പോലും അവന്റെ കൈയ്യിൽ പാസ്സു പോയിട്ട്‌ പാസ്സിന്റെ ഒരു തുണ്ട്‌ കഷ്ണം പോലും അബദ്ധത്തിൽ കൂടി ഉണ്ടാകില്ല..
നോം നമ്മുടെ പാസ്സു കാട്ടി.. എടോ അയിത്തക്കാരാ തന്നോട്‌ ചോദിച്ചില്ല്യാലോ എന്ന മട്ട്‌ കണ്ട്രാവിക്ക്‌!...
..ഇല്ല്യാത്തോനെ ഏതു പാതിരിക്കും വെറുപ്പാ!..അറപ്പാ...ഉപദ്രവിക്കാൻ പെരുത്ത്‌ ആഗ്രഹാ...
.ആ അയിത്തക്കാരനെ പിന്നെം തോണ്ടി കണ്ട്രാവി..
"പാസ്സെവിടെടാ?
അവൻ വീണ്ടും പിടഞ്ഞു..ബസ്സിന്റെ ബ്രേക്ക്‌ ഇട്ടാലും ഇട്ടില്ലെങ്കിലും അവൻ  ആടിയുലഞ്ഞു.. ബാഗിലെ പുസ്തകം പരുതി..അല്ല പരുതുന്നതായി അഭിനയിച്ചു...അപ്പോഴേക്കും ബസ്സ്‌ ലക്ഷ്യ സ്ഥാനത്തെത്തി..
രക്ഷപ്പെട്ടു..!..

ആ മിടുക്കൻ ചാടിയിറങ്ങി ആൾക്കൂട്ടത്തിൽ ലയിച്ചു..ഒരു മോഷ്ടാവിനു പോലും അത്രയ്ക്ക്‌ പരവേശം കാണില്ല...!..

നോം കുലുങ്ങാതെ മെല്ലെ നടന്നു...ഹൃദയം കുലുങ്ങിയാൽ കവിത കുലുങ്ങും..!.. വല്ലാത്ത ഹൃദയഭാരം..!.. ഒരു പരവേശം!..ദോശയും ചായയും വിസ്തരിച്ചു കഴിച്ചിട്ടുണ്ട്‌..ന്നാലും.. വരാൻ നേരം രാജധാനിയിൽ ഹോർലിക്സോ, ബൂസ്റ്റോ ഇല്യാച്ചാലും ഉള്ള പഴം കഞ്ഞി വെള്ളമെങ്കിലും മേമ്പൊടിക്ക്‌ കുടിക്കേണ്ടീർന്നു...!
നല്ല വേഗതയിണ്ടാർന്നു നടത്തത്തിന്‌...ഇന്നൊരു തീരുമാനം ആവും!
...മഹതിയും എത്തി...!
നോം പുഞ്ചിരിച്ചു.. അവളും!
എങ്ങിനെ കവിത കൊടുക്കാനാണ്‌? നശൂലങ്ങൾ തോഴികളായി വളഞ്ഞ്‌ ആനയും അമ്പാരിയുമായി ആനയിച്ചല്ലേ വരവ്‌!..അതുങ്ങളെങ്ങാൻ കണ്ടാൽ തീർന്നു...!..

..അങ്ങിനെ കവിത നമ്മുടെ പോക്കറ്റിൽ ഭദ്രമായി ഇടയ്ക്കിടെ ഉണർന്നും ശയിച്ചും ഇരുന്നു...

നോം മനക്കണ്ണിൽ കണ്ടു.. നമ്മുടെ ക്ലാസ്സിൽ ഒരു കണ്ണട വെച്ച ഒരു തടിച്ചി പെണ്ണുണ്ട്‌...!.. കാൽ കാശിനു കൊള്ളില്ല..എന്നാലോ തിന്നലിനൊരു കുറവും ഇല്യാന്നാ തോന്നണത്‌..പറ കണക്കിനു കുത്തി പുഴുങ്ങി വെച്ചാൽ അടിച്ചോളും ..ഒരു കൂസലും ഇല്യാതെ!."ക".." മ".. മിണ്ടാതെ...! ..പഠിക്കാനൊന്നും അല്ല വരവ്‌!.. .വെറുതെ തൂക്കം വെച്ചിട്ടെന്തിനാ വീട്ടിൽ കെട്ടിയിരിപ്പൂന്നോ മറ്റോ വിചാരിച്ചാണ്‌ അവളെ വീട്ടുകാർ പറഞ്ഞയക്കുന്നത്‌ എന്ന് തോന്നും... ന്നാലോ ലക്ചറാന്നാ ഭാവം!...ഒന്നിനും കൊള്ളാത്തോളാണെന്ന് നാട്ടാരെ കൊണ്ടും ക്ലാസിലെ കുട്യോളെ കൊണ്ടും പറയിക്കേണ്ടല്ലോ.... നമുക്ക്‌ ലേശം ഉപകാരംണ്ടായിച്ചാൽ അത്രയായില്ലേ?.. അങ്ങിനെയെങ്കിലും ആ തടിച്ചിക്ക്‌ മോക്ഷം ഇണ്ടാവട്ടേ..!..വല്ലപ്പോഴും ക്ലാസ്സിൽവന്നില്ലാച്ചാൽ നമ്മുടെ നോട്ട്‌ ചോദിച്ച്‌ എഴുതുന്ന ആളാണ്‌..നോം ക്ലാസ്സിലെ പഠിപ്പിസ്റ്റാണെന്ന് കരുതുന്ന വിഭാഗങ്ങളിൽ ഒന്ന്!..ആ ഒരു ബന്ധം മുതലെടുക്കാം...
എന്നാലും സംശയിച്ചു ...വേണോ?.
പെണ്ണാവുമ്പോൾ ആരും സംശയിക്കില്ല...

.. ഒരു ഉപകാരം ഉണ്ടാർന്നു.." രണ്ടും കൽപിച്ചു  നോം അവളെ മെല്ലെ വിളിച്ചു സ്വകാര്യം പറഞ്ഞു...
"ഹെന്താ!"
ഒരു ദൂത്‌ ഉണ്ട്‌..
നോം സംഗതി വിസ്തരിച്ചു പറഞ്ഞു കൊടുത്തു...
മേഘസന്ദേശം, അരയന്ന സന്ദേശംന്നൊക്കെ കേട്ടിരിക്കുന്നു.. ഇതു പോലെ ആദ്യായാ എന്ന മട്ട്‌ അതിന്‌..തയ്യാറല്ലെങ്കിൽ പണി അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നോം ഏൽപിച്ചാൽ തനിക്കു കൈവരേണ്ട മഹാഭാഗ്യം കൈവിട്ടൂന്ന് ഖേദിക്കേണ്ട എന്ന മട്ടിൽ നോം..
"പ്രേമാണോടാ?..പ്രേമലേഖനമാണോടാ"- അവൾ

അന്ന് ലക്ഷണം കെട്ട മൊബൈലും എസ്‌. എം എസ്സും ഒക്കെ ഏതോ മഹാത്മാക്കളുടെ ഗർഭാവസ്ഥയിലായിരുന്നു..ജനിച്ചിട്ടില്ല്യാ..അഥവാ ഉണ്ടെങ്കിൽ തന്നെ നമ്മുടെ നാട്ടിലെ പൈസമൂത്ത്‌ പൂപ്പലു പിടിക്കാനിടുന്ന ചില താന്തോന്നികളായ അല്ലറ ചില്ലറ മഹാന്മാർക്കേ അത്തരം ഗർഭം ഇണ്ടാർന്നിരിക്കൂ.

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നു പറഞ്ഞു പറ്റിക്കപ്പെട്ട സമൂഹത്തിലെ ഒരംഗമായ  നമുക്ക്‌ അതൊക്കെ ഇണ്ടാർന്നെങ്കിൽ ഈ ശനിയത്തിയെ പോലെത്തെ ഇവളെ ആശ്രയിക്കേണ്ടീർന്നില്ല..!.. അവൾ കിട്ടിയ അവസരം മുതലാക്കി നമ്മളെ വിസ്തരിക്ക്യാണ്‌.... !
"അല്ല നോം ആരേയും പ്രേമിക്കില്ല്യാ!.."- നോം ആണയിട്ടു..!
അവൾ നമ്മെ ചുഴിഞ്ഞു നോക്കി..
കള്ളനോ പിടിച്ചു പറിക്കാരനോ അല്ലെന്ന മട്ടിൽ നോം!

...കവിത കൈമാറി..ഒപ്പം ഒരു നീട്ടോലയും.!. അവളെ നമ്മുടെ അനിയത്തി തമ്പുരാട്ടിയായി വാഴിക്കുന്നതിൽ എന്തെങ്കിലും എതിർപ്പോ പരിഭവോ ഉണ്ടോ എന്ന് ഉടൻ ബോധിപ്പിക്കണം എന്ന സാരാംശം അതിലെ ഉള്ളടക്കം! അവൾ വായിച്ചു തൃപ്തിപ്പെട്ടു നമ്മെ ചുഴിഞ്ഞു വീണ്ടും നോക്കി..
....എന്തായാലും കവിത കൊള്ളാം..."-  ചില മതക്കാരെ പോലെ അവൾ സാക്ഷ്യം പറഞ്ഞു..
" വട്ടാ?.. എടാ തനിക്ക്‌ വട്ടാണോന്ന്?.പിന്നെ സ്വബോധം വീണ്ടെടുത്ത്‌ അവൾ.
"ഒരുമ്പെട്ടോളെ... ഇതു തന്നെ നീ നിന്നെ ഇണ്ടാക്കിയ നിന്റെ അപ്പനോടും ചോദിക്ക്വോ?"- നോം കോപിഷ്ടനായി തിരിച്ചും പറഞ്ഞു..അല്ലാണ്ട്‌ ദേസ്യം വരൂലെ..
അവൾ വല്ലാതായി..അവളുടെ അപ്പൻ പണ്ടേ മരിച്ചൂത്രെ!  
ഏതു നാരങ്ങാ കച്ചോടക്കാരനും പറയാൻ സായിപ്പ്‌ തന്ന രണ്ട്‌ പദങ്ങളിൽ ഒന്ന് സോറിയും ഒന്ന് താങ്ക്സുമാണ്‌!
നോം സോറി പറഞ്ഞു....  
പിന്നെ തുടർന്നു..
"..  പുകയും മാറാലയും പിടിച്ച നമ്മുടെ കൊട്ടാരത്തിൽ നമ്മുടെ മാതാശ്രീയുടേയും നമ്മുടെ പിതാശ്രീയുടേയും കുട്ടിയായി, നമ്മുടെ അനിയത്തിയായി ജനിക്കാതെ അബ്ദ്ധത്തിൽ എങ്ങോ പോയി ജനിച്ച ഒരു മഹാപാപിയാണ്‌ അവൾ..!" നോം പറഞ്ഞു...
അവൾ നമ്മെ വിശ്വസിച്ചു ..ദൂത്‌ ഏറ്റെടുത്തു..പക്ഷെ ഈ മഹാമാരണം നമുക്ക്‌ പണിയാകുമോ എന്ന് നമുക്ക്‌ സംശയം ഇണ്ടായി .. ഭാഗ്യത്തിന്‌ അതുണ്ടായില്ല...കാരണം നമ്മുടെ സൗന്ദര്യത്തിന്റെ മഹിമ!..ചില നേരങ്ങളിൽ ദൈവം അങ്ങിനെയാണ്‌.. ഊർവ്വശി ശാപം ഉപകാരം!

..ദൈവത്തിനു സ്ത്രോത്രം സ്തുതി!..

ബുധനാഴ്‌ച, മാർച്ച് 23, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി നാലാം സർഗ്ഗം)

ലോകത്തിലെ ചിലർ പ്രേമസുധാരസം തലക്കു പിടിച്ച്‌ വെളിവില്ലാതെ നടക്കുമ്പോഴാണത്രേ കവിത വാറ്റി കുടിച്ച്‌ ചങ്കും കരളും ഉരുകി പൊട്ടിയൊലിച്ച്‌ മരിച്ചു പോവുന്നത്‌! അങ്ങിനെ മത്തു പിടിച്ച്‌ കവിയായി നാശ കോശമായി ആടിയാടി നടക്കുമ്പോൾ വഴിയെ പോകുന്നോനെയൊക്കെ പിടിച്ചു നിർത്തി ചറ പറ കുടിപ്പിക്കും..അങ്ങിനെ നയാ പൈസയുടെ പണിയെടുക്കാതെ, ചടഞ്ഞിരുന്ന് കവിത കുടിയന്മാരായവർ ചിലപ്പോൾ കുടിപ്പിച്ചവനെ തെറിവിളിക്കും, ചിലപ്പോൾ ജയ്‌ വിളിക്കും..അവർക്കൊരു രസം...!.. പ്രാന്തനെ നട്ടപിരാന്തനാക്കാൻ കിട്ടിയ അവസരം മുതലെടുത്തില്ലെങ്കിൽ പിന്നെ......!!

നോം വീട്ടിലെത്തി .. കസേരയിൽ ഇരുന്നു..നമുക്ക്‌ പ്രേമസുധാരസം ഒന്നും ഇല്യാച്ചാലും കവിത ഉണ്ടാക്കാനാവശ്യമായ എന്തൊക്കെയോ സാധനങ്ങൾ ഊറി വരുന്നു..ഒഴുകി വരുന്നു.. പിടിച്ച്‌ നിർത്താൻ പറ്റണില്ല.. സങ്കടായി നമുക്ക്‌!...ലേശം കവിത വാറ്റിയാലോന്ന് ശങ്ക!...

 മഹാകാവ്യം എഴുതുന്ന മഹാകവിയെന്നെ അപഖ്യാതി നമുക്കുണ്ടാവ്വോ.. ആവോ?..ആളുകൾ നമ്മെ പട്ടിണിക്കിട്ട്‌ കൊല്ലുമോ ആവോ?...തമ്മിൽ ഭേദം തീപ്പെട്ട്‌ പോക്വ തന്നെ.. എന്നൊക്കെ ശങ്കിച്ച്‌.. രണ്ടും കൽപിച്ച്‌ ഒരു കവിത കാച്ചി ..കുറുക്കി..കുടിച്ചു... ചാവാൻ പോന്നോൻ ചാവേറാവാനും മടിക്കില്ല്യ..നമുക്ക്‌ നിശ്ചീംണ്ട്‌!

അതിന്റെ സാരവും നവസാരവും ഇത്രേ ഇണ്ടാർന്നുള്ളൂ..

" അല്ലയോ അപ്സരസ്സിനെ തോൽപിക്കുന്ന സൗന്ദര്യത്തിനുടമയായ മഹത്‌ വനിതേ ..നമ്മെ തന്റെ സഹോദരനായി കരുതി, നമ്മുടെ സഹോദരിയായി വാണരുളിയാലും... അവിടേയ്ക്ക്‌ സ്വസ്തി ഭവിക്കട്ടെ!.. അങ്ങിനെ അവിടുത്തെ ജീവിതം ധന്യമാവട്ടേ!"

"ഇത്രയും നടു വളയ്ക്കണോ?.." -മനസ്സിന്റെ അസൂയ!

" നോം പറഞ്ഞു... ..." കുറ്റം പറയാൻ പറ്റാത്ത സൗന്ദര്യത്തിനുടമയാ നോം എന്ന് തനിക്ക്‌ അറിഞ്ഞു കൂടെടോ?.. നമ്മെ കണ്ടാൽ ചാവാലി പശു കൂടി തിരിഞ്ഞു നോക്കില്ല്യ..!..നോക്കിയിട്ടും ഇല്യാ.. അപ്പോൾ ഒരു ദേവത നമ്മെ ആദ്യമായി നോക്കിയിട്ട്‌... സംസാരിച്ചിട്ട്‌...നോം കടപ്പാട്‌ കാട്ടിയില്ലാച്ചാൽ സുകൃതക്ഷയം വന്ന തറവാട്ടിലെ മുടിയനായ സന്തതീന്നല്ലേ ആ മഹതി ധരിക്ക്യാ!"
"തന്റെ ഇഷ്ടം!" മനസ്സു പറഞ്ഞു.
"അത്രേന്നെ!"..നോം പറഞ്ഞു...നെഗളിക്ക്യാൻ മനസ്സിനും പഴുതു കൊടുക്കരുത്‌!..നമ്മൾ ഡീസന്റാകണം.. !

ആ വാറ്റിയ കവിത കുടിച്ച്‌ കുടിച്ച്‌ ഒരു വിധം മത്തു പിടിച്ചപ്പോൾ വേച്ചു വേച്ച്‌ നോം നടന്നു.. കവിതയുടെ ശക്തി കൊണ്ടാകണം.പെട്ടെന്ന് കരണ്ടു പോയി..!

പെങ്ങൾ ചിമ്മിനി വിളക്കുമായി വന്നു..മാതാശ്രീ പുൽപായ പായ വിരിച്ചു.. നമ്മുടെ ശ്രീലകത്ത്‌ അങ്ങിനെയാണ്‌ പതിവ്‌..!

പണ്ട്‌ " ഓം നമശിവായ!" ദൂരദർശൻ സീരിയൽ കാണാൻ ഒരു പുൽ പായയും കൊണ്ടാണ്‌ മാതാശ്രീയുടെ വരവ്‌!.. ആദ്യ പരസ്യം തുടങ്ങുമ്പോൾ തന്നെ സമൂഹ കൂർക്കം വലി തുടങ്ങും..പിന്നെ എഴുന്നേൽക്കുക ആരെങ്കിലും ഞെട്ടിയുണർന്ന് പരസ്പരം തട്ടി വിളിച്ചാലാണ്‌.." കഴിഞ്ഞോ എങ്കിൽ കിടന്നേക്കാം എന്ന് പറഞ്ഞ്‌!"..

കവിത സേവിച്ച്‌ വിവശനായ നോം അതിന്റെ വീര്യം അറിയാൻ ശ്രമിച്ചു.. .. ഒന്നു ടേസ്റ്റ്‌ ചെയ്ത്‌ കൊള്ളാം എന്ന് പറയാൻ ആരെയും കിട്ടിയില്ല..

മാതാശ്രീയേയും പെങ്ങളേയും നോം നിർബന്ധിച്ച്‌ കവിത സേവിപ്പിച്ചു!
"പെങ്ങൾ നമ്മെ രൂക്ഷ നോട്ടം നോക്കി..
" ഏതാ ഈ പെണ്ണ്‌!."
" ഹെന്താ.!." കവിതയ്ക്ക്‌ വല്ല ഉപ്പോ മറ്റോ കുറഞ്ഞോ ആവോ?.നോം ശങ്കിച്ചു
"..കവിത ഭേഷൊക്കെ തന്നെ ..പക്ഷെ...എഴുതുന്നതും കൊള്ളാം.. വല്ല പ്രേമോം മണ്ണാം കട്ടയും ആണോടാ?"
അമ്മയ്ക്കും ആ ശങ്ക പടർന്നു പിടിച്ചു..!
"..നോം അങ്ങിനത്തോനാണോ?.."
" ആർക്കറിയാം!"-- ഒരു കുടന്ന സംശയം അമ്മയ്ക്കും പകർന്നു കൊടുത്ത്‌ പെങ്ങൾ ഓരോന്നു പറഞ്ഞു..
".. ഉം..!.. എങ്കിൽ ഈ വീട്‌ മറന്നേക്കുകയാ നല്ലത്‌!"- അമ്മ തങ്ക സ്വഭാവം പുറത്തെടുത്തു...
" അമ്മേ..പ്രേമാണെങ്കിൽ നോം ആരെയും പേടിക്കാതെ പറയും പ്രേമാണെന്ന്..അല്ലാതെ കണ്ടോരെ പോലെ പാത്തു പതുങ്ങി..!.. ഈ നോം ആ ടൈപ്പല്ല...!..ഈ നോം അത്ര തരം താഴില്ല്യാ!"
" എങ്കിൽ കൊള്ളാം!"- പെങ്ങൾ..
മാതാശ്രീക്കും നമ്മെ അറിയാം...നോം ഡീസന്റാണ്‌ .. വിശ്വസിക്കാൻ കൊള്ളുന്നോനാണെന്ന്..!. .അതിനാൽ പിന്നെ ഒന്നും മിണ്ടിയില്ല..!

"...ഇനി പുലരണം...എന്നിട്ട്‌ വേണം ഈ കവിത ആ മഹതിക്ക്‌ കൊടുക്കാൻ.! ..പാവം ഇതു സേവിച്ച്‌ മരിച്ചു പോവ്വോ?..ഈ കവിത സേവിക്കുന്നതിലും ഭേദം "എന്നെ തല്ലിക്കൊല്ല്" എന്ന് പറഞ്ഞ്‌ ആത്മഹത്യ ചെയ്യോ? .. അതോ ആ തുണ്ടു കടലാസ്‌ വായിക്കുന്ന മാത്രയിൽ കുഴഞ്ഞു വീണ്‌. പിന്നെ സട കുടഞ്ഞെഴുന്നേറ്റ്‌..ഇനി കവിത എഴുതരുതെന്ന് പറഞ്ഞ്‌ താക്കീത്‌ തരുവോ?
..നോം കണക്കു കൂട്ടിയും കുറച്ചും കിഴിച്ചും ഹരിച്ചും ഇരുന്നു...!..

ഞായറാഴ്‌ച, മാർച്ച് 20, 2011

ഉറയുന്ന കോമരങ്ങൾ

മദക്കാർ മെതിച്ച മതങ്ങളും ജാതിയും,
മതത്തിന്റെ ഉണ്മ മറച്ച കാർമേഘവും
പരിദേവനങ്ങളും വിങ്ങും സ്വനങ്ങളും,
പോർവ്വിളിയും പിന്നെ കുത്തും ,കൊലകളും,
നാടു നടുക്കുന്ന സ്ഫോടന ശബ്ദവും
ഇന്നെൻ മനസ്സിൽ ഭീതി വിതയ്ക്കുന്നു.

ധാർഷ്ട്യങ്ങൾ കാർക്കിച്ചു കൂട്ടിയ രാഷ്ട്രീയം,
അഴിമതികൊത്തു നടത്തും നടനവും,
അഹിംസയെ ചെത്തി മിനുക്കുന്ന ഹിംസയും
കോഴകൾ കോരി കുടിച്ച ഉദരവും
ഇന്നെന്റെ ഗാന്ധിയെ റാത്തലായി വിൽക്കുന്നു.
മാവോയെ പെറ്റ മരുമകൻ ചന്തുവും,
പാണാനാർ പാടുന്ന പാട്ടിൽ, ചുരികയിൽ,
മുളയാണി വെച്ചും മദിച്ചും രമിച്ചും
അധികാര വർഗ്ഗ കളികൾ കളിക്കുന്നു.
നാവേറു പാടുന്ന വേലനും കൂട്ടരും,
കസേരക്കളിക്കായ്‌ ഉടക്കി പിരിയുന്നു.
ജന സേവനത്തിന്നായ്‌ മുറവിളികൂട്ടുന്നു,
സങ്കടത്താൽ പിന്നെ മൂക്കു പിഴിയുന്നു.

താമര മൊട്ടു വിരിച്ചു പൂവാക്കുവാൻ,
കണ്ണീർ കുടഞ്ഞ്‌ നിദ്ര മറക്കുന്ന
മർത്ത്യരും കാണും കിനാക്കൾ ഭരണികൾ,
കയ്യിട്ടു നക്കുവാൻ നാളുകൾ, രാശികൾ!

ഐസുകൾ, ക്രീമുകൾ നൊട്ടി നുണഞ്ഞവർ,
രാജ്യ ഭരണ വിശാരദരാണത്രേ!,
പണ്ടു കഴിഞ്ഞ കേസുകൾ, ഭീതികൾ,
അഞ്ചു വർഷത്തിലൊരിക്കൽ ഗ്രഹണം!
ഭയക്കണം വിഷങ്ങൾ തീണ്ടാതെ നോക്കണം,
ഗ്രഹണമൊഴിഞ്ഞു പോകും വരേക്കും!

ജനാധിപത്യത്തിൽ മതങ്ങൾ പറച്ചിലും,
ചേരി തിരിവും ളോഹ മുറുക്കലും,
തലകളെ കാട്ടി മീശ പിരിക്കലും,
പുലഭ്യം പറഞ്ഞിട്ട്‌ പങ്കിട്ടെടുക്കലും!

യുവത്വ സിരകളിൽ നിറയും വിഷങ്ങളും,
കൊണ്ടും കൊടുപ്പും സ്ത്രീ വിഷയങ്ങളും,
ആടിത്തിമർക്കുന്ന രാഷ്ട്രീയ കോമരം
ഇന്നെന്റെ നിദ്ര യിൽ കൊഞ്ഞനം കുത്തുന്നു,
ചുഴികൾ നിറച്ചെന്റെ ശാന്തി തകർക്കുന്നു

കണ്ടും ജയിപ്പിച്ചും എല്ലാം മറക്കുന്ന
കോരനു കുമ്പിളിൽ പഴംകഞ്ഞിയെങ്കിലും?
കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ വേവിക്കാൻ,
ഒരു പിടിയരിയൊന്ന് ഭിക്ഷയായെങ്കിലും!

ശനിയാഴ്‌ച, മാർച്ച് 19, 2011

ഓന്തുകൾ!

കടുകുകൾ എണ്ണിവെച്ച്‌,
ചുരണ്ടി പിളർന്ന്,
ചുഴിഞ്ഞു നോക്കി,
ഇടിമുഴക്കം പോലുള്ള ചോദ്യം
"തന്റെയോ ഈ ബയോഡാറ്റ?"

"അതെ! ഭവ്യതയുടെ നെല്ലിപ്പലകകൾ!
"സർട്ടിഫിക്കറ്റുകൾ ഒറിജിനൽ?"
തൊട്ടിലാടും കസേരയിലെ ഗാംഭീര്യത!
" ഊവ്വ്‌!" ഓച്ഛാനിച്ച ശരീരം!

തിരിച്ചും മറിച്ചും ചുരണ്ടിയും,
കൂട്ടിയും കിഴിച്ചും
ഒറിജിനലും ഡ്യൂപ്ലിക്കേറ്റു മറിയാത്ത,
ഡ്യൂപ്ലിക്കേറ്റ്‌ മല്ലു!

" സോറി, വേക്കൻസി ഓൾറെഡി ഫിൽഡ്‌!
ബാഡ്‌ ലക്ക്‌!"
വികസിച്ച മുഖത്തോടെ മല്ലു!
വിളറിയ മുഖത്തോടെ സിസ്സഹായൻ!

"ഇദർ ആവോ"..
"മേരെ സാത്ത്‌ ആവോ"
തടിച്ച കണ്ണടവെച്ച ഹിന്ദി,
നേരിയ വിശ്വാസം!
അതോ ഹിന്ദി ജാട..?
സംശയത്തിന്റെ നിഴലിൽ,
ഭവ്യതയോടെ നടന്നു
നിന്നു തൊഴുതു.

ഇന്റർവ്വ്യൂ കഴിഞ്ഞ്‌ പുറത്തിരുന്നു!
ഹിന്ദിക്ക്‌ താങ്ക്സ്‌,
ദൈവത്തിനു നന്ദി!
മല്ലുവിന്‌..?
 
അണപ്പല്ലു ഞെരിച്ച
അസ്വസ്ഥനാം മല്ലുവിൻ പിറുപിറുക്കൽ,
കർണ്ണപുടങ്ങളിൽ
ഇളം തെന്നലായി പറന്നെത്തി.
"ഇവനെയൊക്കെ വെടിവെച്ച്‌ ..!"

പിന്നെ പാളി കണ്ണിട്ട്‌ ഒരു മൊഴി,
" നോക്കട്ടേ..തന്റെ അവസ്ഥ കണ്ടിട്ട്‌...!"

പുഞ്ചിരിച്ച്‌ ചവിട്ടി തുള്ളി
 മാനേജറുടെ മുറിയിൽ
ഒരു മലങ്കാറ്റായടിച്ചു!
എന്തോ കുശുകുശുക്കൽ!
ഹിന്ദിയും മല്ലുവും ഉടക്കിയോ?!

"കൺഗ്രാജ്യുലേഷൻ!"
അപ്പോയ്‌മന്റ്‌ ഓർഡറുമായി
തോളിൽ തട്ടുന്നഹിന്ദി.

" ഹോ രക്ഷപ്പെട്ടു,
മാനേജറുടെ ദുശ്ശാഠ്യം!
നിന്റെ അവസ്ഥ കണ്ടിട്ട്‌!..
ഞാനെത്രെ കെഞ്ചി!
നന്ദിയുണ്ടായാൽ കൊള്ളാം!"
പിറകെ ഓന്തായി മല്ലുവിൻ മൊഴി!

വെള്ളിയാഴ്‌ച, മാർച്ച് 18, 2011

പ്രതിസന്ധി

ബോസ്സിന്റെ മുറിയിൽ,
കരിഞ്ഞ മീൻ മണം!
ഏതോ പൂച്ചയുടെ വികൃതി!
ചികയുന്ന പൂച്ച,
മുരളുന്ന പൂച്ച!
ഓമനത്വം കാട്ടി,
കണ്ണടച്ച്‌ പാൽ കുടിക്കുന്ന പൂച്ച!

പതുങ്ങിയിരുന്നു,
മല്ലുപ്പൂച്ചയാണ്‌!
തെറ്റൊന്നും ചെയ്തില്ല!
എങ്കിലും നെഞ്ചിടിപ്പ്‌!
ശമ്പളം കുറക്ക്വോ?
പാവം മൂഷികരെ പിടിക്ക്വോ?

ബുധനാഴ്‌ച, മാർച്ച് 16, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി മൂന്നാം സർഗ്ഗം)

വീട്ടിലെത്തി നമുക്ക്‌ ഭക്ഷണം വേണന്നില്ല..!.. കിത്താബിൽ ശ്രദ്ധയില്ല!.. ഇരുന്നാൽ ഇരിപ്പുറക്കുന്നില്ല.. നിന്നാൽ നടക്കാൻ തോന്നുന്നു... കിടക്കാൻ തോന്നുന്നു.... എല്ലാം ആ ദേവതയുടെ മായാ വിലാസം!..
..എതോ വിഹായസ്സിൽ നോം വിഹരിച്ചു.. എങ്ങിനേയും നേരം വെളുക്കണം...പറ്റിയാൽ നേരത്തെ..!
നോം വെളുപ്പിനെഴുന്നേറ്റു...ഇനി എഴുന്നേൽക്കാൻ ആരേയും ബുദ്ധിമുട്ടിക്കണമെന്നില്ല.. എന്തൊരു ഉന്മേഷം!.. എന്തൊരാനന്ദം...!
"എന്താടാ ഇന്നു നേരത്തേ എഴുന്നെറ്റോ?"- മാതാശ്രീ.
" ഉം നേരത്തേ പോകണം"- നോം
"എന്താ?"
" ഈ ബസ്സൊന്നും നിർത്തുന്നില്ലമ്മേ"
".. ഇതാ ദോശ... വേഗം തിന്നോ?"..
അമ്മ വേഗം ദോശ ചുട്ടു തന്നു...അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല..വേണമെന്നും ഉണ്ടായിരുന്നില്ല. എന്നാലും തിന്നു.. ഒരു വഴിക്കിറങ്ങുകയല്ലേ!

കിത്താബുമായി സ്വപ്നാടകനായി നടന്നു കോളേജിലെത്തി..നോക്കി നോക്കി കണ്ണു മഞ്ഞളിച്ചപ്പോൾ അവൾ മെല്ലെ നടന്നു വന്നു..
ഇന്നു കസവുള്ള പച്ചപ്പാവാടയും ധരിച്ചാണ്‌ വന്നത്‌...എന്തു സൗന്ദര്യം.!..അവളുടെ നടത്തം നോക്കി.. വാ പൊളിച്ചങ്ങനെ നിന്നു..

അവൾ നമ്മെ കണ്ടു പുഞ്ചിരിച്ചു...നോമും രോമാഞ്ച കുഞ്ചുകമായി.
ക്ലാസ്സിൽ ശ്രദ്ധ തീരെയില്ലാതായി.. ഇന്റർവ്വെല്ലിൽ അവളെ കാണണം.. ഒന്നവൾ ചിരിച്ചാൽ മതി.. ചിരിക്ക്‌ പൈസയൊന്നും ചിലവാക്കേണ്ടല്ലോ?...ചിരിച്ചാൽ തോന്നും ഒന്നവൾ സംസാരിച്ചാൽ മതി.. അതിനും പൈസയൊന്നും കൊടുക്കേണ്ടല്ലോ?...

..അങ്ങിനെ നാലഞ്ചു ദിവസം കഴിച്ചു കൂട്ടി.. ടെൻഷനടിച്ചാൽ നോം ചത്തു പോവില്ലേ...പെട്ടെന്ന് ഒരു ദിവസം സന്ധ്യയ്ക്ക്‌ മനസ്സിന്റെ ഒരു ശക്തമായ വിധിയുണ്ടായി..

നോം അങ്ങിനെ ഉലാത്തികൊണ്ടിരിക്കുമ്പോൾ മനസ്സ്‌ ചോദിച്ചു..
"എന്താ നിന്റെ വട്ടം?"
"ഒന്നൂല്യാ"- നോം..
" അവൾ ഏതാ ജാതീന്നറിയോ?...
"ഇല്ല്യാ"-- ഭവ്യതയോടെ നോം
"എങ്കിൽ പിന്നെ ഈ പരവേശം?.. തനിക്കവളെ സ്വന്തമാക്കണം ന്നിണ്ടോ?"
"നോം ഒന്നും മിണ്ടീല്ല്യാ"
"ജാതി അറിയാതെ പിന്നെ..!.... നീയ്യല്ലേ സ്വന്തം മതത്തിലെ സ്വന്തം ജാതി പെണ്ണിനെ മാത്രേ കല്ല്യാണം കഴിക്കൂന്ന് പ്രതിജ്ഞ ചെയ്തത്‌.. .!"
"അതേ!. നോം നമ്മെക്കാൾ മുന്തിയ ജാതി പെണ്ണായാലും നമുക്കു വേണ്ട.. സെയിം ജാതി പെണ്ണിനെയല്ലാതെ കഴിക്കില്ല്യാന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്‌ ..അത്‌ ഇപ്പോഴും നിലവിലുണ്ട്‌!.."
"അപ്പോൾ താനവളെ ചതിക്ക്യാ.... ഒരു പെണ്ണിനു മോഹം കൊടുത്തിട്ട്‌... കൂടുതൽ അടുത്താൽ പിന്നെ ?."
" അതിനു നോം ഒന്നും ചെയ്തില്ല്യാലോ.. വെറുതെ ഒന്നു നോക്കും ചിരിക്കും.. സംസാരിക്കും അതല്ലാതെ"
" മതീലോ? പെണ്ണിന്റെ മനസ്സിൽ തന്നോട്‌ പ്രേമം തോന്നി അടുത്താലോ?"
"അയ്യേ!.. പ്രേമോ?... നമ്മോടോ?..അങ്ങിനെ ഇണ്ടാവ്വോ?.."
"പിന്നെ ഇതിന്റെ അർത്ഥം?"-മനസ്സ്‌ നമ്മോട്‌ കയർത്തു
"നോം വല്ലാതായി!.. ഇനി അങ്ങിനെ ഇണ്ടാവില്ല്യാ..ആദ്യം ജാതി അറിയട്ടേ.". നോം മനസ്സിനു വാക്കു കൊടുത്തു..
പിറ്റേന്നു വർദ്ധിച്ച സംഘർഷം നിറഞ്ഞ മനസ്സോടെ കോളേജിലേക്ക്‌ നോം പോയി...
.. സാധനം വരുന്നുണ്ട്‌.
"നോം ചിരിച്ചു.. ദേവതയും!"
ഒന്നു ചോദിക്കാനുണ്ടാർന്നു....നോം പറഞ്ഞു..
" ഹെന്താ?"
"കുട്ടിന്റെ ജാതി ഏതാ?"
" എന്തേ ഇപ്പോ അങ്ങിനെ ചോദിക്കാൻ?"
"..ഒന്നും ഇല്യാ...അമ്പലത്തിൽ ഉത്സവാ.. കുട്ടീന്റെ വിഭാഗത്തിന്റേതാന്നോന്നറിയാനാ"
"ഹേയ്‌.. അതു നമ്മുടെ വിഭാഗത്തിന്റേതല്ല.. നമ്മൾ ആശാരി വിഭാഗമാ!"
" നോം വല്ലാതായി..
"ശരി.. കുറച്ചു എഴുതാനുണ്ട്‌.!". നോം അവിടെ നിന്നും മെല്ലെ വലിഞ്ഞു..
"..ദൈവമേ... സാധനത്തിന്റെ ജാതി നമ്മുടെതല്ല.. ഇനി...??"
വിഷണ്ണനായ നമ്മെ മനസ്സ്‌ സമാധാനിപ്പിച്ചു.. കരയരുത്‌ ..വിഷമിക്കരുത്‌... നീ സാധനത്തെ പ്രേമിച്ചോ?
" ഇല്യ"
"..എങ്കിൽ പിന്നെ!"
".. ആദ്യായിട്ടല്ലേ ഒരു അപ്സരസ്സ്‌ നോമിനെ...ഏട്ടാ എന്നു വിളിക്കുന്നത്‌?.. അവളെ മറക്ക്വാച്ചാൽ!" നോം ഏങ്ങിപ്പോയി..
"എടോ ആരു പറഞ്ഞു മറക്കാൻ !!..അവളെ നിന്റെ അനുജത്തിയായി കരുതിക്കൂടേ!.. നീയ്യല്ലേ നിനക്ക്‌ അനിയനില്ല.. അനിയത്തിയില്ല എന്നൊക്കെ പാടി നടക്കുന്നത്‌?.. എന്താ?"
"..ആ സാധനത്തെ ഹൃദയത്തിന്റെ കോണിൽ നിന്ന് ക്ഷണം ചവിട്ടി പുറത്താക്കാൻ വരെ തീരുമാനിച്ച നോം ഒന്നു തണുത്തു.... ശരിയാ...നോം അതോർത്തില്ല...നമ്മെ ഏട്ടാ എന്നു വിളിച്ച അവളെ എന്തുകൊണ്ട്‌ സ്വന്തം അനിയത്തിയായി കരുതിക്കൂടാ..?"
"വേണോ?"
".. നോം പല തവണ ആലോചിച്ചു...വേണം!...അവൾ നമ്മുടെ അനുജത്തി തന്നെ.. നമ്മുടെ അമ്മയ്ക്ക്‌ പിറക്കാതെ പോയ നമ്മുടെ പൊന്നനുജത്തി!.. മനസ്സിനോട്‌ താങ്കസ്‌ പറഞ്ഞ്‌.. നോം അന്ന് ക്ലാസ്സിൽ ശരിക്ക്‌ ശ്രദ്ധിച്ചു..!.

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി രണ്ടാം സർഗ്ഗം)

ഹേയ്‌ നമ്മെയല്ല! ...പിന്നെ നിരീച്ചു.നോമിനെയാണോ?. നമ്മെയല്ല നിശ്ച്യം!... നോമിന്റെ മുഖത്തു നോക്കാനും അങ്ങിനെ വിളിക്ക്യാനും മാത്രം ധൈര്യോം പക്വതയും വിവരോം ഉള്ള ഏതെങ്കിലും സാധനം ഈ ഭൂലാകത്ത്‌ ജന്മമെടുത്തിട്ടുണ്ടോ?...അഥവാ ഉണ്ടെങ്കിൽ ആ സാധനം എവിടെയെങ്കിലും വെച്ച്‌ നമ്മെ മഷിയിട്ടു നോക്കിയിട്ടെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?..
മനസ്സ്‌ പണ്ടേ പറഞ്ഞിട്ടുണ്ട്‌.."... എടോ  തനി തങ്കത്തിന്റെ അച്ചിൽ വാർത്തെടുത്തതാ.തന്നെ.. പറഞ്ഞിട്ടെന്തു കാര്യം.. ശിൽപം കളിമണ്ണായി പോയി ... അതാ ഇങ്ങനെ..!"

അന്ന് നോം കണ്ണാടി നോക്കി ..നോം വല്ലാതായിരുന്നു..ന്നാലും ലേശം തങ്കത്തിൽ നമ്മുടെ ദേഹം ദൈവത്തിനു ഒരു മിനുക്കെങ്കിലും മിനുക്കാരുന്നൂ... ഒരു ടച്ചപ്പ്‌ വർക്ക്‌!.. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണം എന്ന പോലെങ്കിലും.. ദൈവത്തിനു കുറച്ചിലായിരിക്കും അതാ ഇങ്ങനെ..ഇല്ലെങ്കിൽ മറന്നു പോയിരിക്കും!..ഇല്ലെങ്കിൽ ബോറടിച്ചിട്ട്‌!"
"ഏട്ടാ.." പിന്നേം വിളി!
".. വർദ്ധിച്ച വെപ്രാളത്തോടെ പട പട ഇടിയ്ക്കുന്ന ഹൃദയം അകത്തു വെച്ച നോം വീണ്ടും തിരിഞ്ഞു നോക്കി..
" നിങ്ങളെ തന്നെ!"- ആ അശരീരി പോലത്തെ ശബ്ദം..
'എന്നെയോ?"
നോം കണ്ടു..മഞ്ഞ ചുരീദാറു ചുറ്റിയ സ്വർണ്ണവർണ്ണമുള്ള ഒരു അപ്സരസ്സ്‌!..അല്ല ദേവത!..അവൾ കണ്ണട ധരിച്ചിരിക്കുന്നു..
" ഹെന്താ!"
" ഇന്നെന്താ ക്ലാസ്സില്ലേ ഏട്ടാ ..ആരെം കാണുന്നില്ല്യാ അതാ ചോദിച്ചത്‌"
നമ്മെ ഏട്ടാന്ന് വിളിക്കാനുള്ള മുൻപരിചയം?...താമ്രപത്രം.. ഒന്നും ഇല്ല്യാതെ ഒരു പെൺകൊടി ജടിന്നങ്ങോട്‌ ഒരു കലക്ക്‌ കലക്ക്വാ.. ഹെന്താ കഥ!.നോം നമ്മെ നുള്ളി നോക്കി..അടിമുടി ആകെ വിറച്ചു..ഒരു അപ്സരസ്സ്‌ തന്നെ ഇവൾ!...ന്നാലും എന്തൊരു സ്നേഹം.. ബഹുമാനം!.. നിറം തങ്കത്തിൽ കടഞ്ഞെടുത്തത്‌..നമുക്ക്‌ പരിസരബോധം ഇല്യാണ്ടായി...

"അറീല്യാ.....കുട്യോളു വരും വരാതിരിക്കില്ല്യാ. പേപ്പറിൽ സമരമാന്നൊക്കെ കേൾക്കണു...!"- നോം ഒരു വിധത്തിൽ പറഞ്ഞു..
..ആ തരുണീമണി ചവിട്ടിതുള്ളിക്കൊണ്ട്‌ പ്രീഡിഗ്രി ക്ലാസ്സിലേക്ക്‌ നടന്നു..
എന്നാലും ആ മഹതിക്ക്‌ കുറച്ചു നേരം നമ്മോട്‌ സംസാരിക്കാർന്നു..

നമുക്ക്‌ ഇരിപ്പുറപ്പിച്ചില്ല... ന്നാലും ..ആ കുട്ടി ആരാണെന്ന് അറിയാതെ,.. നോം ചോദിക്ക്യാതെ....നോം ആരാണെന്ന് പറയാതെ. ശേ....ആ കുട്ടി എന്താകും കരുതിയിരിക്ക്യാ..
ഒരു കുട്ടീനേ തേജോ വധം ചെയ്തതിനു തുല്യല്ലേ അത്‌!..ആ നിഷ്കളങ്ക കുശ്മാണ്ഠം നമ്മെ ഏട്ടാ‍ാന്നങ്ങട്‌ നീട്ടി വിളിച്ചിട്ട്‌ ...സങ്കൽപ്പിച്ചിട്ട്‌...!

നമ്മുടെ ഹൃദയം ആരോ കൊളുത്തിപ്പിടിച്ച്‌ വലിക്ക്ണൂ....ആ തേജോ വദന നമ്മുടെ ഹൃദയം കവർന്നിരിക്കുണൂ..ആ ദേവകുമാരിക്കു വേണ്ടി നോം പ്രാർത്ഥിച്ചു.. പര ദേവതേ... ആ കുട്ടിക്ക്‌ ആയുരാരോഗ്യം കൊടുത്ത്‌ സംരക്ഷിച്ചോണേ..!

...നോം നിന്നു.. ഇരുന്നു..ആകെ ഒരു വിമ്മിഷ്ടം..ഒരു വല്ലായ്ക.... എന്തോ ആവേശിച്ചതു പോലെ..ആദ്യായിട്ടാ ഇങ്ങനെ...!.നമുക്കെന്തു പറ്റി!.. നമുക്കൊന്നും മനസ്സിലായില്ല്യാ.. മനസ്സിനോട്‌ ചോദിച്ചു.."എന്താ പറ്റീത്‌?."
. "പോണം.. കുട്ടീനെ കണ്ട്‌ പേര്‌, നാള്‌, ഊര്‌.. ഇതൊക്കെ ചോദിക്കാത്ത ഒരു മൊശകോടനാകണോ നീയ്യ്‌..അറ്റ്‌ ലീസ്റ്റ്‌ തന്നെ പരിചയപ്പെടുത്താത്ത കശ്മലൻ!  ജനിപ്പിച്ചവർക്ക്‌ കൂടി പേരു ദോഷം വരുത്തുന്ന ഒരു മഹാ പാപി!."

.. നോം പറഞ്ഞു ശരിയന്നേ..ഇനി തെറ്റു തിരുത്തിയിട്ട്‌ തന്നെ കാര്യം...നോം എഴുന്നേറ്റു.. കുട്ടീന്റെ പിറകെ നടന്നു..അല്ല ഓടി..നോമൊക്കെ ഓട്ടത്തിനും ചാട്ടത്തിനും കൂടാതിരുന്നത്‌ നാടിനു നഷ്ടം ഇണ്ടായി.. പക്ഷെ ബൂസ്റ്റ്‌ തരാൻ ആദ്യം ഓടാൻ ഒരു ദേവതമാരും ഇണ്ടായില്ല്യല്ലോ?..അതാ നോം അതിലൊന്നും ശ്രദ്ധിക്കാഞ്ഞേ..!
"..കുട്ടീ..കുട്ടീ.. ഒന്നു നിന്നേ!"- നോം നിലവിളിക്കുമ്പോലെ പറഞ്ഞു..
" എന്താ?"
"കുട്ടീന്റെ പേരെന്താ?"..
..ആ ദേവത മധുര സ്വരത്തിൽ പേരു പറഞ്ഞു..
"കുട്ടീന്റെ നാട്‌..!"..
..ഹോ .. ഇനി ഒരു മാസം അത്താഴ പഷ്ണി കിടന്നാലും കുഴപ്പമില്ല...പേരും നാളും ഊരും ഒക്കെ അങ്ങട്‌ മനസ്സിലാക്കി..
"ഏട്ടന്റെ പേരെന്താ?"
..നോം പേരു പറഞ്ഞു കൊടുത്തു... ആ സ്വർണ്ണ വർണ്ണ പുഞ്ചിരിച്ചു... നോം നമ്മുടെ ഹൃദയോം മനസ്സും കൊടുത്തു തിരിച്ചു വന്നു..
പിന്നെം ഇരിപ്പുറയ്ക്കുന്നില്ല..വീണ്ടും എഴുന്നേറ്റു..
എന്താ കഥ!...എല്ലാ കുട്ടി കൊരങ്ങന്മാരും കൊരങ്ങത്തികളും അപ്പോഴേക്കും എത്തി.. നാശങ്ങൾ!..ഇവന്മാർക്കും ഇവളത്തികൾക്കും ലേശം വൈകി വന്നാലെന്താ?..ആരെങ്കിലും വഴക്ക്‌ പറയോ?.. കുട്ടികളായാൽ പത്തു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ..ഇല്ലെങ്കിൽ ശരീരം ക്ഷീണിക്കില്ലേ.. പിന്നെ എന്തിനു കൊള്ളാം!.. അതൊക്കെ കഴിഞ്ഞ്‌ വന്നാൽ പോരെ?...പാക്കും തൂക്കി വേഗം ഓടി വന്നാൽ കലക്ടറാക്കാമെന്ന് ആരെങ്കിലും പറഞ്ഞോ... നോം പല്ല് കടിച്ചു പൊട്ടിച്ചു..
ആ തരുണിമണി നമ്മെ കണ്ടു.. നോം പുഞ്ചിരിച്ചു.. അവളും!

അങ്ങിനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ നമ്മുടെ വീരശൂരപരാക്രമികളായ  നേതാക്കന്മാർ ക്ഷണപത്രം തന്നു...വിദ്യാർത്ഥി ഐക്യം! .. നോം എഴുന്നേറ്റു.
.നോം കുട്ടീനേ നോക്കി..
സാധനം കിത്താബും മാറാപ്പുമായി വീട്ടിൽ പോകാനുള്ള തിരക്കിലാണ്‌..പാവം നിഷ്കളങ്ക!..
മുൻ കാല പ്രാബല്യത്തോടെ അധികാരം കിട്ടിയമട്ടിൽ നോം ആ തങ്കക്കുടത്തിനരികിലെത്തി പറഞ്ഞു..
.." കുട്ടി.. ഇത്‌ വിദ്യാർത്ഥി ഐക്യമാണ്‌.. കുറച്ചു സമരം വിളിച്ചിട്ട്‌ പോയ്ക്കോ?.."
"ഉം.".
എന്തൊരനുസരണം!
ആ സ്വപ്നകുമാരി നമ്മെ അനുസരിച്ചു..
നോമിനും ആവേശം കൂടിയിരുന്നു.. " വിദ്യാർത്ഥി ഐക്യം സിന്ദാബാദ്‌!"
..ഈ കൊരങ്ങന്മാർ ബസ്സുകാരെ ഒരു പാഠം പഠിപ്പിച്ചിട്ട്‌ തന്നെ കാര്യം!
എല്ലാറ്റിനെയും തടഞ്ഞു വെച്ച്‌ നോമും നേതാക്കന്മാർ വിളിക്കുന്നത്‌ ഏറ്റു വിളിച്ചു .. എന്തൊക്കെയോ വായിൽ തോന്നുന്നത്‌ വിളിച്ചു...!
പിന്നെ നേതാക്കന്മാരുടെ വികാരപ്രകടനം.. നന്ദി..നമസ്കാരം..

 സമരം പിരിച്ചു വിട്ടു..നോം നമ്മുടെ വീട്ടിലേക്ക്‌ ചിന്താഭാരത്തോടെ നടന്നു..ഈ ജഡം അവിടെ വീട്ടിലെത്തിക്കണം ..ശരീരം മാത്രമേയുള്ളൂ.. .. മനസ്സും ഹൃദയവും ഒക്കെ ആ തേജസ്വിനി മൊത്തത്തിൽ കച്ചോടമാക്കി അന്നനടയായി പോയി..

ചൊവ്വാഴ്ച, മാർച്ച് 15, 2011

പുകയുന്ന അഗ്നി പർവ്വതങ്ങൾ!

അന്നും പർവ്വതങ്ങളുണ്ടായിരുന്നു!
അതിനെ കീഴടക്കുന്ന സാഹസങ്ങളും!
അമർത്തപ്പെട്ട പർവ്വതങ്ങൾക്ക്‌ മേൽ സിംഹാസനങ്ങളും
ഉള്ളിൽ വമിക്കാൻ ആയുന്ന തിളയ്ക്കുന്ന ലാവകളും!

അന്നും സ്ഫോടനങ്ങളും സുനാമികളും
തുടർ ചലനവും ഉണ്ടായിരുന്നു,
ഒപ്പം തകർത്തെറിയപ്പെട്ട സിംഹാസനങ്ങളും!

"അഗ്നി പർവ്വതങ്ങൾക്ക്‌ വികാരമില്ലത്രേ!
ഉരുകിയൊലിക്കുന്ന ലാവകൾക്ക്‌ വിവേകവും!"
വിവേകശൂന്യന്റെ കണക്കെടുപ്പ്‌!
പുകയൊതുക്കാൻ ഒരു കപ്പു ജലവും,
ഒരു ചെറു ചേകവ വൃന്ദവും

എന്നിട്ടും..!

ഒരു തുള്ളി ജലത്താൽ പുകയൊതുക്കമെന്ന
 ചിന്താ ശൂന്യത കനലിലെരിഞ്ഞപ്പോൾ,
അന്നും അഗ്നി പർവ്വതം ഉരുകിയൊലിച്ചു,
ഇന്നലെയും !
പരന്നൊഴുകുന്ന ലാവകളും
കടപുഴകുന്ന സിംഹാസനങ്ങളും!

നൈലിൽ ഒരുകിയൊലിച്ച ലാവകൾ,
സാമ്രാട്ടുകളെ തകർത്തെറിഞ്ഞ്‌ ലിബിയയിലേക്ക്‌!
പിന്നെ  ഗൾഫിലേക്ക്‌ !...നാളെ?
ഇന്നലെ ലാവലിനിൽ പുകഞ്ഞു,
സ്പെക്ട്രത്തിൽ കുഴഞ്ഞ്‌,
ഐസ്ക്രീമിലുറഞ്ഞും,
പാമോയിലിൽ കുതിർന്നും,
സ്വപ്നങ്ങളായി മറഞ്ഞും തുടർ ചലനങ്ങളുണ്ടായി..!
സിംഹാസനങ്ങൾ മാറ്റിയും,
മറിച്ചും ആർമ്മാദിക്കുന്ന വിവേകശൂന്യർ,
ഒരു കപ്പുജലത്താൽ തണുപ്പിക്കൽ!

പുറത്തേക്ക്‌ വമിക്കാൻ കൊതിക്കുന്ന
സഹികെട്ട അടിച്ചമർത്തപ്പെട്ട ലാവകൾ!
അഗ്നി പർവ്വതങ്ങൾ എന്നും ഉറങ്ങാറില്ല,
അത്‌ സിംഹാസനങ്ങളെ തകർത്തെറിഞ്ഞെക്കാം!
ഉടച്ചു വാർത്തേക്കാം!
അഴിമതികൾ സുനാമികളിൽ
ഒരു നാൾ ഒലിച്ചു പോകുകതന്നെ ചെയ്യും!

ശനിയാഴ്‌ച, മാർച്ച് 05, 2011

തൃശ്ശങ്കു സ്വർഗ്ഗം!

നൂൽപാലത്തിനപ്പുറം സ്വർഗ്ഗാത്രേ,
ദൂരെ മരു പ്പച്ച!
മാനത്തു പറക്കുന്ന പക്ഷി!
"പാരിജാതം കൊണ്ടു വരും അവർ!
പിന്നെ കുടുംബം മുഴുവൻ  സുഖ സമൃദ്ധി!
ആരോ പറഞ്ഞു കേട്ട പഴം പുരാണം!

"ദേ! രാജകൊട്ടാരം!
കണ്ടു മഞ്ഞളിച്ചു നിന്നു.
കഴുത്തിൽ സ്വർണ്ണചങ്ങല!
കണ്ണിൽ കൂളിംഗ്‌ ഗ്ലാസ്സ്‌!
തടിച്ച ശരീരം!
എന്തു വെളുപ്പ്‌!
സ്പ്രേയുടെ മണം!
എന്താ കഥ!
വാ പൊളിച്ചു നിന്നു..!

"എന്നേം കൊണ്ടോവ്വോ?"
അഭിശപ്ത നിമിഷത്തിൽ തോന്നിയ ചാപല്യം!
"ഉം"എന്ന നീട്ടി മൂളൽ!

യാഗം തുടങ്ങി!
ഹവിസ്സായി മനമുരുക്കി യജിച്ചു,
ലക്ഷ്യം സ്വർഗ്ഗം!
നേടേണ്ടത്‌ എന്തും നൽകും പാരിജാതം!
പിറകിൽ കണ്ണീർ!
അനുഗ്രഹ വർഷങ്ങൾ!
തിരിഞ്ഞു നോക്കാത്ത നടത്തം!
ആദ്യമായ്‌ നിലം തൊടാതെ യാത്ര!
കരളുകൾ ആരോ കടിച്ചു വലിക്കുന്നു!
കർണ്ണപുടം ആരോ വലിച്ചു പൊട്ടിക്കുന്നു!
എന്തായിത്‌! ഇറങ്ങുമ്പോഴേക്കും ബധിരനാകുമോ?
അസഹ്യമായ ഇരമ്പൽ!
ചെവി പൊട്ടിത്തെറിക്കുമ്പോലെ!
പിന്നെ നിലത്തേക്ക്‌!
തിളയ്ക്കുന്ന മരുഭൂമി!
ഇതാണോ പ്രലോഭിപ്പിച്ച സ്വർഗ്ഗം!

അന്നും ഇന്നും അലച്ചിലായി!
"യാ ഹബീബീ!..വെലുക്കം! വെലുക്കം!.
 കാട്ടറബിയുടെ സന്തോഷം!
പിണക്കേണ്ട!..
നിർവ്വികാരനായി ചിരിച്ചു!
"ഞാനെവിടെയാണ്‌!"
സ്വപ്നാടകനെ പോലെ നടന്നു..

ഇനി വണ്ടിക്കാളയാകണം!
ആട്ടും തുപ്പും കേൾക്കണം!
തളർന്നു മയങ്ങണം!
അടുത്ത സ്വപ്നം കാണാൻ,
നിമിഷവും മണിക്കൂറും ദിവസവും
 വലിച്ചു ചീന്തണം,

ഇനി പിറന്ന നാട്‌!
പിറപ്പിച്ച ഉറ്റവർ!
പറപ്പിച്ച ബന്ധുക്കൾ!
പ്രേയസ്സി!
എല്ലാം കൺകെട്ട്‌!
മായ കണ്ട്‌ മയങ്ങി!
നൂൽപ്പാലത്തിനിപ്പുറമാണോ?
അപ്പുറമാണോ സ്വർഗ്ഗം!
നടുക്കു നിന്ന് സംശയിച്ചു,
പിന്നെ നൂൽപ്പാലത്തിൽ അള്ളിപ്പിടിച്ചു നടന്നു!
നടുക്കെത്തിയ തനിക്ക്‌ പൊട്ടിവീഴുംവരെ മറ്റെന്തു രക്ഷ!
പാരിജാതമെവിടെ!
ഒട്ടിയ വയറിൽ പറിച്ചെറിഞ്ഞ കുപ്പുസ്സ്‌ കുലുങ്ങുന്നു..
പിന്നെ ചിരിച്ചു..ഇനി..!..
നാടിന്റെ ഓരത്ത്‌ കണ്ടവർ കണ്ടവർ
മൊഴിഞ്ഞതോർത്തു..
" കുറേയായല്ലോ..എപ്പോഴാ മടക്കം!"
അവർക്കും മടുത്തോ?.. അതോ അന്യനായോ?