പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 16, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി രണ്ടാം സർഗ്ഗം)

ഹേയ്‌ നമ്മെയല്ല! ...പിന്നെ നിരീച്ചു.നോമിനെയാണോ?. നമ്മെയല്ല നിശ്ച്യം!... നോമിന്റെ മുഖത്തു നോക്കാനും അങ്ങിനെ വിളിക്ക്യാനും മാത്രം ധൈര്യോം പക്വതയും വിവരോം ഉള്ള ഏതെങ്കിലും സാധനം ഈ ഭൂലാകത്ത്‌ ജന്മമെടുത്തിട്ടുണ്ടോ?...അഥവാ ഉണ്ടെങ്കിൽ ആ സാധനം എവിടെയെങ്കിലും വെച്ച്‌ നമ്മെ മഷിയിട്ടു നോക്കിയിട്ടെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?..
മനസ്സ്‌ പണ്ടേ പറഞ്ഞിട്ടുണ്ട്‌.."... എടോ  തനി തങ്കത്തിന്റെ അച്ചിൽ വാർത്തെടുത്തതാ.തന്നെ.. പറഞ്ഞിട്ടെന്തു കാര്യം.. ശിൽപം കളിമണ്ണായി പോയി ... അതാ ഇങ്ങനെ..!"

അന്ന് നോം കണ്ണാടി നോക്കി ..നോം വല്ലാതായിരുന്നു..ന്നാലും ലേശം തങ്കത്തിൽ നമ്മുടെ ദേഹം ദൈവത്തിനു ഒരു മിനുക്കെങ്കിലും മിനുക്കാരുന്നൂ... ഒരു ടച്ചപ്പ്‌ വർക്ക്‌!.. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണം എന്ന പോലെങ്കിലും.. ദൈവത്തിനു കുറച്ചിലായിരിക്കും അതാ ഇങ്ങനെ..ഇല്ലെങ്കിൽ മറന്നു പോയിരിക്കും!..ഇല്ലെങ്കിൽ ബോറടിച്ചിട്ട്‌!"
"ഏട്ടാ.." പിന്നേം വിളി!
".. വർദ്ധിച്ച വെപ്രാളത്തോടെ പട പട ഇടിയ്ക്കുന്ന ഹൃദയം അകത്തു വെച്ച നോം വീണ്ടും തിരിഞ്ഞു നോക്കി..
" നിങ്ങളെ തന്നെ!"- ആ അശരീരി പോലത്തെ ശബ്ദം..
'എന്നെയോ?"
നോം കണ്ടു..മഞ്ഞ ചുരീദാറു ചുറ്റിയ സ്വർണ്ണവർണ്ണമുള്ള ഒരു അപ്സരസ്സ്‌!..അല്ല ദേവത!..അവൾ കണ്ണട ധരിച്ചിരിക്കുന്നു..
" ഹെന്താ!"
" ഇന്നെന്താ ക്ലാസ്സില്ലേ ഏട്ടാ ..ആരെം കാണുന്നില്ല്യാ അതാ ചോദിച്ചത്‌"
നമ്മെ ഏട്ടാന്ന് വിളിക്കാനുള്ള മുൻപരിചയം?...താമ്രപത്രം.. ഒന്നും ഇല്ല്യാതെ ഒരു പെൺകൊടി ജടിന്നങ്ങോട്‌ ഒരു കലക്ക്‌ കലക്ക്വാ.. ഹെന്താ കഥ!.നോം നമ്മെ നുള്ളി നോക്കി..അടിമുടി ആകെ വിറച്ചു..ഒരു അപ്സരസ്സ്‌ തന്നെ ഇവൾ!...ന്നാലും എന്തൊരു സ്നേഹം.. ബഹുമാനം!.. നിറം തങ്കത്തിൽ കടഞ്ഞെടുത്തത്‌..നമുക്ക്‌ പരിസരബോധം ഇല്യാണ്ടായി...

"അറീല്യാ.....കുട്യോളു വരും വരാതിരിക്കില്ല്യാ. പേപ്പറിൽ സമരമാന്നൊക്കെ കേൾക്കണു...!"- നോം ഒരു വിധത്തിൽ പറഞ്ഞു..
..ആ തരുണീമണി ചവിട്ടിതുള്ളിക്കൊണ്ട്‌ പ്രീഡിഗ്രി ക്ലാസ്സിലേക്ക്‌ നടന്നു..
എന്നാലും ആ മഹതിക്ക്‌ കുറച്ചു നേരം നമ്മോട്‌ സംസാരിക്കാർന്നു..

നമുക്ക്‌ ഇരിപ്പുറപ്പിച്ചില്ല... ന്നാലും ..ആ കുട്ടി ആരാണെന്ന് അറിയാതെ,.. നോം ചോദിക്ക്യാതെ....നോം ആരാണെന്ന് പറയാതെ. ശേ....ആ കുട്ടി എന്താകും കരുതിയിരിക്ക്യാ..
ഒരു കുട്ടീനേ തേജോ വധം ചെയ്തതിനു തുല്യല്ലേ അത്‌!..ആ നിഷ്കളങ്ക കുശ്മാണ്ഠം നമ്മെ ഏട്ടാ‍ാന്നങ്ങട്‌ നീട്ടി വിളിച്ചിട്ട്‌ ...സങ്കൽപ്പിച്ചിട്ട്‌...!

നമ്മുടെ ഹൃദയം ആരോ കൊളുത്തിപ്പിടിച്ച്‌ വലിക്ക്ണൂ....ആ തേജോ വദന നമ്മുടെ ഹൃദയം കവർന്നിരിക്കുണൂ..ആ ദേവകുമാരിക്കു വേണ്ടി നോം പ്രാർത്ഥിച്ചു.. പര ദേവതേ... ആ കുട്ടിക്ക്‌ ആയുരാരോഗ്യം കൊടുത്ത്‌ സംരക്ഷിച്ചോണേ..!

...നോം നിന്നു.. ഇരുന്നു..ആകെ ഒരു വിമ്മിഷ്ടം..ഒരു വല്ലായ്ക.... എന്തോ ആവേശിച്ചതു പോലെ..ആദ്യായിട്ടാ ഇങ്ങനെ...!.നമുക്കെന്തു പറ്റി!.. നമുക്കൊന്നും മനസ്സിലായില്ല്യാ.. മനസ്സിനോട്‌ ചോദിച്ചു.."എന്താ പറ്റീത്‌?."
. "പോണം.. കുട്ടീനെ കണ്ട്‌ പേര്‌, നാള്‌, ഊര്‌.. ഇതൊക്കെ ചോദിക്കാത്ത ഒരു മൊശകോടനാകണോ നീയ്യ്‌..അറ്റ്‌ ലീസ്റ്റ്‌ തന്നെ പരിചയപ്പെടുത്താത്ത കശ്മലൻ!  ജനിപ്പിച്ചവർക്ക്‌ കൂടി പേരു ദോഷം വരുത്തുന്ന ഒരു മഹാ പാപി!."

.. നോം പറഞ്ഞു ശരിയന്നേ..ഇനി തെറ്റു തിരുത്തിയിട്ട്‌ തന്നെ കാര്യം...നോം എഴുന്നേറ്റു.. കുട്ടീന്റെ പിറകെ നടന്നു..അല്ല ഓടി..നോമൊക്കെ ഓട്ടത്തിനും ചാട്ടത്തിനും കൂടാതിരുന്നത്‌ നാടിനു നഷ്ടം ഇണ്ടായി.. പക്ഷെ ബൂസ്റ്റ്‌ തരാൻ ആദ്യം ഓടാൻ ഒരു ദേവതമാരും ഇണ്ടായില്ല്യല്ലോ?..അതാ നോം അതിലൊന്നും ശ്രദ്ധിക്കാഞ്ഞേ..!
"..കുട്ടീ..കുട്ടീ.. ഒന്നു നിന്നേ!"- നോം നിലവിളിക്കുമ്പോലെ പറഞ്ഞു..
" എന്താ?"
"കുട്ടീന്റെ പേരെന്താ?"..
..ആ ദേവത മധുര സ്വരത്തിൽ പേരു പറഞ്ഞു..
"കുട്ടീന്റെ നാട്‌..!"..
..ഹോ .. ഇനി ഒരു മാസം അത്താഴ പഷ്ണി കിടന്നാലും കുഴപ്പമില്ല...പേരും നാളും ഊരും ഒക്കെ അങ്ങട്‌ മനസ്സിലാക്കി..
"ഏട്ടന്റെ പേരെന്താ?"
..നോം പേരു പറഞ്ഞു കൊടുത്തു... ആ സ്വർണ്ണ വർണ്ണ പുഞ്ചിരിച്ചു... നോം നമ്മുടെ ഹൃദയോം മനസ്സും കൊടുത്തു തിരിച്ചു വന്നു..
പിന്നെം ഇരിപ്പുറയ്ക്കുന്നില്ല..വീണ്ടും എഴുന്നേറ്റു..
എന്താ കഥ!...എല്ലാ കുട്ടി കൊരങ്ങന്മാരും കൊരങ്ങത്തികളും അപ്പോഴേക്കും എത്തി.. നാശങ്ങൾ!..ഇവന്മാർക്കും ഇവളത്തികൾക്കും ലേശം വൈകി വന്നാലെന്താ?..ആരെങ്കിലും വഴക്ക്‌ പറയോ?.. കുട്ടികളായാൽ പത്തു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ..ഇല്ലെങ്കിൽ ശരീരം ക്ഷീണിക്കില്ലേ.. പിന്നെ എന്തിനു കൊള്ളാം!.. അതൊക്കെ കഴിഞ്ഞ്‌ വന്നാൽ പോരെ?...പാക്കും തൂക്കി വേഗം ഓടി വന്നാൽ കലക്ടറാക്കാമെന്ന് ആരെങ്കിലും പറഞ്ഞോ... നോം പല്ല് കടിച്ചു പൊട്ടിച്ചു..
ആ തരുണിമണി നമ്മെ കണ്ടു.. നോം പുഞ്ചിരിച്ചു.. അവളും!

അങ്ങിനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ നമ്മുടെ വീരശൂരപരാക്രമികളായ  നേതാക്കന്മാർ ക്ഷണപത്രം തന്നു...വിദ്യാർത്ഥി ഐക്യം! .. നോം എഴുന്നേറ്റു.
.നോം കുട്ടീനേ നോക്കി..
സാധനം കിത്താബും മാറാപ്പുമായി വീട്ടിൽ പോകാനുള്ള തിരക്കിലാണ്‌..പാവം നിഷ്കളങ്ക!..
മുൻ കാല പ്രാബല്യത്തോടെ അധികാരം കിട്ടിയമട്ടിൽ നോം ആ തങ്കക്കുടത്തിനരികിലെത്തി പറഞ്ഞു..
.." കുട്ടി.. ഇത്‌ വിദ്യാർത്ഥി ഐക്യമാണ്‌.. കുറച്ചു സമരം വിളിച്ചിട്ട്‌ പോയ്ക്കോ?.."
"ഉം.".
എന്തൊരനുസരണം!
ആ സ്വപ്നകുമാരി നമ്മെ അനുസരിച്ചു..
നോമിനും ആവേശം കൂടിയിരുന്നു.. " വിദ്യാർത്ഥി ഐക്യം സിന്ദാബാദ്‌!"
..ഈ കൊരങ്ങന്മാർ ബസ്സുകാരെ ഒരു പാഠം പഠിപ്പിച്ചിട്ട്‌ തന്നെ കാര്യം!
എല്ലാറ്റിനെയും തടഞ്ഞു വെച്ച്‌ നോമും നേതാക്കന്മാർ വിളിക്കുന്നത്‌ ഏറ്റു വിളിച്ചു .. എന്തൊക്കെയോ വായിൽ തോന്നുന്നത്‌ വിളിച്ചു...!
പിന്നെ നേതാക്കന്മാരുടെ വികാരപ്രകടനം.. നന്ദി..നമസ്കാരം..

 സമരം പിരിച്ചു വിട്ടു..നോം നമ്മുടെ വീട്ടിലേക്ക്‌ ചിന്താഭാരത്തോടെ നടന്നു..ഈ ജഡം അവിടെ വീട്ടിലെത്തിക്കണം ..ശരീരം മാത്രമേയുള്ളൂ.. .. മനസ്സും ഹൃദയവും ഒക്കെ ആ തേജസ്വിനി മൊത്തത്തിൽ കച്ചോടമാക്കി അന്നനടയായി പോയി..

2 അഭിപ്രായങ്ങൾ:

  1. മനസ്സും ഹൃദയവും ആര്‍ക്കോ കച്ചോടമാക്കിയിട്ടുന്ടെന്നു എനിക്ക് പണ്ടേ തോന്നിയിരുന്നു.....
    എന്തായാലും ആസ്വദിച്ചു വായിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. അടുത്തതു വായിച്ചാൽ മനസ്സിലാകും മുജീബ്‌... കച്ചോടമാക്കിയത്‌ വൻ വില നൽകി തിരിച്ചെടുത്തു..

    മറുപടിഇല്ലാതാക്കൂ