പേജുകള്‍‌

വ്യാഴാഴ്‌ച, മാർച്ച് 24, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി അഞ്ചാം സർഗ്ഗം)

നേരം പുലർന്നു..അല്ല നടന്നും കിടന്നും  സൂര്യനും കിടയ്ക്ക പൊറുതി കൊടുത്തില്ല്യ എന്നു വേണമെങ്കിൽ പറയാം..കിത്താബു മെടുത്ത്‌ മഹാ ശാസ്ത്രജ്ഞരിൽ അമാനുഷികനാണെന്ന മട്ടിൽ പഠിക്കാനാണെന്ന വ്യാജേണ ബസ്സിൽ തെല്ലു തലയെടുപ്പോടെ കയറി...കണ്ടെക്ടർ നമ്മളെ ഇഷ്ടിക അടുക്കി വെച്ച പോലെ അടുക്കി പെറുക്കി വെച്ചു..!.അതിയാനു പണ്ട്‌ ഇഷ്ടിക കളത്തിലായിരിക്കണം ജോലി!...അതു കണ്ട്‌ ആവേശം മൂത്ത്‌ കണ്ടെക്ടറുടെ ശിപായിയായ കിളിയൻ ചേട്ടൻ തോണ്ടിയും ചവിട്ടിയും ഉന്തിയുമൊക്കെ നമ്മെ ഒതുക്കി വെച്ചു..!..

വിദ്യാർത്ഥി സമൂഹമെന്ന ജാതിനെ തൊടാനും തീണ്ടാനും പാടില്ല്യാത്തോരാണെന്ന മട്ടിൽ ആ പെറുക്കികൾ നമ്മെ മൊത്തം നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്‌..!ഇത്രയും സഹന ശക്തിയുള്ള അധ:കൃതവർഗ്ഗങ്ങളാണല്ലോ വിദ്യാർത്ഥി സമൂഹമെന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നു.. സർക്കാർ പെൻഷൻ തരേണ്ട അവശവിഭാഗമാണല്ലോ വിദ്യാർത്ഥി സമൂഹം!.. ഈ തുച്ഛമായ പരിഹാസത്തിൽ പൊതിഞ്ഞ ഇളവല്ലാതെ എന്തെങ്കിലും  ഏതെങ്കിലും സർക്കാർ അനുവദിച്ചു തന്നിട്ടുണ്ടോ?..അവഗണന തന്ന്യാ.. അവഗണന!..വിദ്യാർത്ഥി സമൂഹമെന്ന വോട്ടില്ലാത്ത ന്യൂനപക്ഷത്തോടുള്ള അവഗണന!

"പത്തു പൈസ ചില്ലറ കൊണ്ടു വരില്ല!.. അമ്പത്‌ പൈസേം കൊണ്ടു വരും.. ചില്ലറയില്ലടാ....!"- അദ്ദേഹം നമ്മുടെ ജാതീനെ നോക്കി പുലഭ്യം പറഞ്ഞു..
..പുലമ്പട്ടേ... നാവിലെല്ലില്ല്യാത്തോനാ..
ചായ കുടിക്കാൻ കാശിനാണെങ്കിൽ അതു പറഞ്ഞാൽ പോരെ എന്ന മട്ടിൽ ആ അയിത്തക്കാരൻ ഒന്നും മിണ്ടിയില്ല!
എന്നിട്ടും ആ കന്നാലി ദ്രോഹിക്കാൻ ശ്രമിച്ചു.." പാസ്സുണ്ടോടാ... കാണട്ടേ"
"പാസ്സുണ്ട്‌!"- ഒരു ധൈര്യത്തിൽ അവൻ പറഞ്ഞു.. പാസ്സെടുക്കുവാൻ തുനിഞ്ഞു സമയം മെനക്കെടുത്തി..
പാസ്സൊന്നും ഉണ്ടാവാൻ തരം ഇല്യാ.. അവന്റെ ബാഗ്‌ എടുപ്പ്‌ കണ്ടപ്പോഴേ നോം നിശ്ചയിച്ചു.. അമേരിക്കേന്ന് യന്ത്രം കൊണ്ടു വന്നു പരിശോധിച്ചാൽ പോലും അവന്റെ കൈയ്യിൽ പാസ്സു പോയിട്ട്‌ പാസ്സിന്റെ ഒരു തുണ്ട്‌ കഷ്ണം പോലും അബദ്ധത്തിൽ കൂടി ഉണ്ടാകില്ല..
നോം നമ്മുടെ പാസ്സു കാട്ടി.. എടോ അയിത്തക്കാരാ തന്നോട്‌ ചോദിച്ചില്ല്യാലോ എന്ന മട്ട്‌ കണ്ട്രാവിക്ക്‌!...
..ഇല്ല്യാത്തോനെ ഏതു പാതിരിക്കും വെറുപ്പാ!..അറപ്പാ...ഉപദ്രവിക്കാൻ പെരുത്ത്‌ ആഗ്രഹാ...
.ആ അയിത്തക്കാരനെ പിന്നെം തോണ്ടി കണ്ട്രാവി..
"പാസ്സെവിടെടാ?
അവൻ വീണ്ടും പിടഞ്ഞു..ബസ്സിന്റെ ബ്രേക്ക്‌ ഇട്ടാലും ഇട്ടില്ലെങ്കിലും അവൻ  ആടിയുലഞ്ഞു.. ബാഗിലെ പുസ്തകം പരുതി..അല്ല പരുതുന്നതായി അഭിനയിച്ചു...അപ്പോഴേക്കും ബസ്സ്‌ ലക്ഷ്യ സ്ഥാനത്തെത്തി..
രക്ഷപ്പെട്ടു..!..

ആ മിടുക്കൻ ചാടിയിറങ്ങി ആൾക്കൂട്ടത്തിൽ ലയിച്ചു..ഒരു മോഷ്ടാവിനു പോലും അത്രയ്ക്ക്‌ പരവേശം കാണില്ല...!..

നോം കുലുങ്ങാതെ മെല്ലെ നടന്നു...ഹൃദയം കുലുങ്ങിയാൽ കവിത കുലുങ്ങും..!.. വല്ലാത്ത ഹൃദയഭാരം..!.. ഒരു പരവേശം!..ദോശയും ചായയും വിസ്തരിച്ചു കഴിച്ചിട്ടുണ്ട്‌..ന്നാലും.. വരാൻ നേരം രാജധാനിയിൽ ഹോർലിക്സോ, ബൂസ്റ്റോ ഇല്യാച്ചാലും ഉള്ള പഴം കഞ്ഞി വെള്ളമെങ്കിലും മേമ്പൊടിക്ക്‌ കുടിക്കേണ്ടീർന്നു...!
നല്ല വേഗതയിണ്ടാർന്നു നടത്തത്തിന്‌...ഇന്നൊരു തീരുമാനം ആവും!
...മഹതിയും എത്തി...!
നോം പുഞ്ചിരിച്ചു.. അവളും!
എങ്ങിനെ കവിത കൊടുക്കാനാണ്‌? നശൂലങ്ങൾ തോഴികളായി വളഞ്ഞ്‌ ആനയും അമ്പാരിയുമായി ആനയിച്ചല്ലേ വരവ്‌!..അതുങ്ങളെങ്ങാൻ കണ്ടാൽ തീർന്നു...!..

..അങ്ങിനെ കവിത നമ്മുടെ പോക്കറ്റിൽ ഭദ്രമായി ഇടയ്ക്കിടെ ഉണർന്നും ശയിച്ചും ഇരുന്നു...

നോം മനക്കണ്ണിൽ കണ്ടു.. നമ്മുടെ ക്ലാസ്സിൽ ഒരു കണ്ണട വെച്ച ഒരു തടിച്ചി പെണ്ണുണ്ട്‌...!.. കാൽ കാശിനു കൊള്ളില്ല..എന്നാലോ തിന്നലിനൊരു കുറവും ഇല്യാന്നാ തോന്നണത്‌..പറ കണക്കിനു കുത്തി പുഴുങ്ങി വെച്ചാൽ അടിച്ചോളും ..ഒരു കൂസലും ഇല്യാതെ!."ക".." മ".. മിണ്ടാതെ...! ..പഠിക്കാനൊന്നും അല്ല വരവ്‌!.. .വെറുതെ തൂക്കം വെച്ചിട്ടെന്തിനാ വീട്ടിൽ കെട്ടിയിരിപ്പൂന്നോ മറ്റോ വിചാരിച്ചാണ്‌ അവളെ വീട്ടുകാർ പറഞ്ഞയക്കുന്നത്‌ എന്ന് തോന്നും... ന്നാലോ ലക്ചറാന്നാ ഭാവം!...ഒന്നിനും കൊള്ളാത്തോളാണെന്ന് നാട്ടാരെ കൊണ്ടും ക്ലാസിലെ കുട്യോളെ കൊണ്ടും പറയിക്കേണ്ടല്ലോ.... നമുക്ക്‌ ലേശം ഉപകാരംണ്ടായിച്ചാൽ അത്രയായില്ലേ?.. അങ്ങിനെയെങ്കിലും ആ തടിച്ചിക്ക്‌ മോക്ഷം ഇണ്ടാവട്ടേ..!..വല്ലപ്പോഴും ക്ലാസ്സിൽവന്നില്ലാച്ചാൽ നമ്മുടെ നോട്ട്‌ ചോദിച്ച്‌ എഴുതുന്ന ആളാണ്‌..നോം ക്ലാസ്സിലെ പഠിപ്പിസ്റ്റാണെന്ന് കരുതുന്ന വിഭാഗങ്ങളിൽ ഒന്ന്!..ആ ഒരു ബന്ധം മുതലെടുക്കാം...
എന്നാലും സംശയിച്ചു ...വേണോ?.
പെണ്ണാവുമ്പോൾ ആരും സംശയിക്കില്ല...

.. ഒരു ഉപകാരം ഉണ്ടാർന്നു.." രണ്ടും കൽപിച്ചു  നോം അവളെ മെല്ലെ വിളിച്ചു സ്വകാര്യം പറഞ്ഞു...
"ഹെന്താ!"
ഒരു ദൂത്‌ ഉണ്ട്‌..
നോം സംഗതി വിസ്തരിച്ചു പറഞ്ഞു കൊടുത്തു...
മേഘസന്ദേശം, അരയന്ന സന്ദേശംന്നൊക്കെ കേട്ടിരിക്കുന്നു.. ഇതു പോലെ ആദ്യായാ എന്ന മട്ട്‌ അതിന്‌..തയ്യാറല്ലെങ്കിൽ പണി അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നോം ഏൽപിച്ചാൽ തനിക്കു കൈവരേണ്ട മഹാഭാഗ്യം കൈവിട്ടൂന്ന് ഖേദിക്കേണ്ട എന്ന മട്ടിൽ നോം..
"പ്രേമാണോടാ?..പ്രേമലേഖനമാണോടാ"- അവൾ

അന്ന് ലക്ഷണം കെട്ട മൊബൈലും എസ്‌. എം എസ്സും ഒക്കെ ഏതോ മഹാത്മാക്കളുടെ ഗർഭാവസ്ഥയിലായിരുന്നു..ജനിച്ചിട്ടില്ല്യാ..അഥവാ ഉണ്ടെങ്കിൽ തന്നെ നമ്മുടെ നാട്ടിലെ പൈസമൂത്ത്‌ പൂപ്പലു പിടിക്കാനിടുന്ന ചില താന്തോന്നികളായ അല്ലറ ചില്ലറ മഹാന്മാർക്കേ അത്തരം ഗർഭം ഇണ്ടാർന്നിരിക്കൂ.

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നു പറഞ്ഞു പറ്റിക്കപ്പെട്ട സമൂഹത്തിലെ ഒരംഗമായ  നമുക്ക്‌ അതൊക്കെ ഇണ്ടാർന്നെങ്കിൽ ഈ ശനിയത്തിയെ പോലെത്തെ ഇവളെ ആശ്രയിക്കേണ്ടീർന്നില്ല..!.. അവൾ കിട്ടിയ അവസരം മുതലാക്കി നമ്മളെ വിസ്തരിക്ക്യാണ്‌.... !
"അല്ല നോം ആരേയും പ്രേമിക്കില്ല്യാ!.."- നോം ആണയിട്ടു..!
അവൾ നമ്മെ ചുഴിഞ്ഞു നോക്കി..
കള്ളനോ പിടിച്ചു പറിക്കാരനോ അല്ലെന്ന മട്ടിൽ നോം!

...കവിത കൈമാറി..ഒപ്പം ഒരു നീട്ടോലയും.!. അവളെ നമ്മുടെ അനിയത്തി തമ്പുരാട്ടിയായി വാഴിക്കുന്നതിൽ എന്തെങ്കിലും എതിർപ്പോ പരിഭവോ ഉണ്ടോ എന്ന് ഉടൻ ബോധിപ്പിക്കണം എന്ന സാരാംശം അതിലെ ഉള്ളടക്കം! അവൾ വായിച്ചു തൃപ്തിപ്പെട്ടു നമ്മെ ചുഴിഞ്ഞു വീണ്ടും നോക്കി..
....എന്തായാലും കവിത കൊള്ളാം..."-  ചില മതക്കാരെ പോലെ അവൾ സാക്ഷ്യം പറഞ്ഞു..
" വട്ടാ?.. എടാ തനിക്ക്‌ വട്ടാണോന്ന്?.പിന്നെ സ്വബോധം വീണ്ടെടുത്ത്‌ അവൾ.
"ഒരുമ്പെട്ടോളെ... ഇതു തന്നെ നീ നിന്നെ ഇണ്ടാക്കിയ നിന്റെ അപ്പനോടും ചോദിക്ക്വോ?"- നോം കോപിഷ്ടനായി തിരിച്ചും പറഞ്ഞു..അല്ലാണ്ട്‌ ദേസ്യം വരൂലെ..
അവൾ വല്ലാതായി..അവളുടെ അപ്പൻ പണ്ടേ മരിച്ചൂത്രെ!  
ഏതു നാരങ്ങാ കച്ചോടക്കാരനും പറയാൻ സായിപ്പ്‌ തന്ന രണ്ട്‌ പദങ്ങളിൽ ഒന്ന് സോറിയും ഒന്ന് താങ്ക്സുമാണ്‌!
നോം സോറി പറഞ്ഞു....  
പിന്നെ തുടർന്നു..
"..  പുകയും മാറാലയും പിടിച്ച നമ്മുടെ കൊട്ടാരത്തിൽ നമ്മുടെ മാതാശ്രീയുടേയും നമ്മുടെ പിതാശ്രീയുടേയും കുട്ടിയായി, നമ്മുടെ അനിയത്തിയായി ജനിക്കാതെ അബ്ദ്ധത്തിൽ എങ്ങോ പോയി ജനിച്ച ഒരു മഹാപാപിയാണ്‌ അവൾ..!" നോം പറഞ്ഞു...
അവൾ നമ്മെ വിശ്വസിച്ചു ..ദൂത്‌ ഏറ്റെടുത്തു..പക്ഷെ ഈ മഹാമാരണം നമുക്ക്‌ പണിയാകുമോ എന്ന് നമുക്ക്‌ സംശയം ഇണ്ടായി .. ഭാഗ്യത്തിന്‌ അതുണ്ടായില്ല...കാരണം നമ്മുടെ സൗന്ദര്യത്തിന്റെ മഹിമ!..ചില നേരങ്ങളിൽ ദൈവം അങ്ങിനെയാണ്‌.. ഊർവ്വശി ശാപം ഉപകാരം!

..ദൈവത്തിനു സ്ത്രോത്രം സ്തുതി!..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ