പേജുകള്‍‌

ശനിയാഴ്‌ച, മാർച്ച് 05, 2011

തൃശ്ശങ്കു സ്വർഗ്ഗം!

നൂൽപാലത്തിനപ്പുറം സ്വർഗ്ഗാത്രേ,
ദൂരെ മരു പ്പച്ച!
മാനത്തു പറക്കുന്ന പക്ഷി!
"പാരിജാതം കൊണ്ടു വരും അവർ!
പിന്നെ കുടുംബം മുഴുവൻ  സുഖ സമൃദ്ധി!
ആരോ പറഞ്ഞു കേട്ട പഴം പുരാണം!

"ദേ! രാജകൊട്ടാരം!
കണ്ടു മഞ്ഞളിച്ചു നിന്നു.
കഴുത്തിൽ സ്വർണ്ണചങ്ങല!
കണ്ണിൽ കൂളിംഗ്‌ ഗ്ലാസ്സ്‌!
തടിച്ച ശരീരം!
എന്തു വെളുപ്പ്‌!
സ്പ്രേയുടെ മണം!
എന്താ കഥ!
വാ പൊളിച്ചു നിന്നു..!

"എന്നേം കൊണ്ടോവ്വോ?"
അഭിശപ്ത നിമിഷത്തിൽ തോന്നിയ ചാപല്യം!
"ഉം"എന്ന നീട്ടി മൂളൽ!

യാഗം തുടങ്ങി!
ഹവിസ്സായി മനമുരുക്കി യജിച്ചു,
ലക്ഷ്യം സ്വർഗ്ഗം!
നേടേണ്ടത്‌ എന്തും നൽകും പാരിജാതം!
പിറകിൽ കണ്ണീർ!
അനുഗ്രഹ വർഷങ്ങൾ!
തിരിഞ്ഞു നോക്കാത്ത നടത്തം!
ആദ്യമായ്‌ നിലം തൊടാതെ യാത്ര!
കരളുകൾ ആരോ കടിച്ചു വലിക്കുന്നു!
കർണ്ണപുടം ആരോ വലിച്ചു പൊട്ടിക്കുന്നു!
എന്തായിത്‌! ഇറങ്ങുമ്പോഴേക്കും ബധിരനാകുമോ?
അസഹ്യമായ ഇരമ്പൽ!
ചെവി പൊട്ടിത്തെറിക്കുമ്പോലെ!
പിന്നെ നിലത്തേക്ക്‌!
തിളയ്ക്കുന്ന മരുഭൂമി!
ഇതാണോ പ്രലോഭിപ്പിച്ച സ്വർഗ്ഗം!

അന്നും ഇന്നും അലച്ചിലായി!
"യാ ഹബീബീ!..വെലുക്കം! വെലുക്കം!.
 കാട്ടറബിയുടെ സന്തോഷം!
പിണക്കേണ്ട!..
നിർവ്വികാരനായി ചിരിച്ചു!
"ഞാനെവിടെയാണ്‌!"
സ്വപ്നാടകനെ പോലെ നടന്നു..

ഇനി വണ്ടിക്കാളയാകണം!
ആട്ടും തുപ്പും കേൾക്കണം!
തളർന്നു മയങ്ങണം!
അടുത്ത സ്വപ്നം കാണാൻ,
നിമിഷവും മണിക്കൂറും ദിവസവും
 വലിച്ചു ചീന്തണം,

ഇനി പിറന്ന നാട്‌!
പിറപ്പിച്ച ഉറ്റവർ!
പറപ്പിച്ച ബന്ധുക്കൾ!
പ്രേയസ്സി!
എല്ലാം കൺകെട്ട്‌!
മായ കണ്ട്‌ മയങ്ങി!
നൂൽപ്പാലത്തിനിപ്പുറമാണോ?
അപ്പുറമാണോ സ്വർഗ്ഗം!
നടുക്കു നിന്ന് സംശയിച്ചു,
പിന്നെ നൂൽപ്പാലത്തിൽ അള്ളിപ്പിടിച്ചു നടന്നു!
നടുക്കെത്തിയ തനിക്ക്‌ പൊട്ടിവീഴുംവരെ മറ്റെന്തു രക്ഷ!
പാരിജാതമെവിടെ!
ഒട്ടിയ വയറിൽ പറിച്ചെറിഞ്ഞ കുപ്പുസ്സ്‌ കുലുങ്ങുന്നു..
പിന്നെ ചിരിച്ചു..ഇനി..!..
നാടിന്റെ ഓരത്ത്‌ കണ്ടവർ കണ്ടവർ
മൊഴിഞ്ഞതോർത്തു..
" കുറേയായല്ലോ..എപ്പോഴാ മടക്കം!"
അവർക്കും മടുത്തോ?.. അതോ അന്യനായോ?

2 അഭിപ്രായങ്ങൾ:

  1. പ്രവാസ ചിന്തകള്‍ കാടുകയറിയപ്പോള്‍ കഴിഞ്ഞ തൊക്കെ ഓര്‍ത്ത്‌ പോയി അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. അതെ ശ്രീ രമേഷ്‌ അരൂർ.. താങ്കൾ പറഞ്ഞതു ശരി തന്നെ...നാട്ടിൽ നിന്നു വന്നിട്ട്‌ രണ്ടു ദിവസമേ ആയുള്ളൂ... നമ്മൾ നമ്മെ ചതിക്കൂ ചതിക്കൂ എന്ന് പറഞ്ഞു പറഞ്ഞു സ്വയം ചതിച്ചിരിക്കുന്നു.... സ്വയം തടവറ തിരഞ്ഞെടുത്തിരിക്കുന്നു... ഈയ്യാമ്പാറ്റകളെ പോലെ മണ്ണെണ്ണ വിളക്കിന്റെ തീ കണ്ട്‌ ഭ്രമിച്ച്‌ സ്വയം ഹോമിക്കാൻ..!

    മറുപടിഇല്ലാതാക്കൂ