പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂലൈ 27, 2012

ഗന്ധം.പല്ലിന്റെ ഇടയിൽ കുത്തി
ചെവിയിൽ ബഡ്സ് ഇട്ട്,
മൂക്കിൽ കൈയ്യിട്ട്
കുഴി നഖത്തിന്റെ ഇടയിൽ കുത്തി
മണപ്പിച്ച് മണപ്പിച്ച്
ഓക്കാനം വന്നപ്പോൾ
ചാനൽ ഓഫ് ചെയ്തു!
ചാനലുള്ളിടത്തോക്കെ
എന്തൊരു ചീഞ്ഞു നാറ്റം!


ദീർഘകാലമായുള്ളോരാഗ്രഹം,
സ്വസ്ഥമായിരുന്നൊരു നെറുമണം
എന്നെങ്കിലും എവിടെ നിന്നെങ്കിലും
ശ്വസിച്ച് ചത്തൊഴിയണം!
കണ്ണടച്ച്, കാതിലും മൂക്കിലും
പഞ്ഞി തിരുകി
ഒന്നു ചെരിഞ്ഞു വീണു.
ഇപ്പോൾ അസുഖം മാറിയ
ആശ്വാസം തോന്നുന്നുണ്ട്!
നല്ല മാറ്റം!

ബുധനാഴ്‌ച, ജൂലൈ 25, 2012

റെഡിമെയ്ഡ് ദാമ്പത്യം:അന്ന് രാവിലെ സ്റ്റീഫൻ  പല്ലു തേച്ചു കുളിച്ചു. പിന്നെ പൌഡറിട്ടു .സ്പ്രേ അടിച്ചു.. ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. നേരെ കോടതിയിലേക്ക് പോയി ഭാര്യയെ ഡൈവോർസ് ചെയ്തു. ഇനി മറ്റൊരു പരീക്ഷണം!

സ്റ്റീഫന്റെ പത്നി അപ്പോഴേക്കും അടുത്തെ ഡെയിറ്റിംഗ് തയ്യാറാക്കിയിരുന്നു.. വീണു കിട്ടിയ ഭാഗ്യമായ എല്ലാ ആഢംബര വസ്തുക്കളും പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു..ഇനി ജീവിതത്തിന്റെ അടുത്ത സമാനതകളില്ലാത്ത യാത്ര!

ആർക്കെങ്കിലും ലാഭമോ നഷ്ടമോ?... വേർപിരിയാനുള്ള കാരണം?...

ആധുനിക ജീവിതത്തിൽ ചോദ്യങ്ങൾ പാടില്ല… നിർബന്ധമാണെങ്കിൽ ഉത്തരങ്ങൾ സൃഷ്ടിക്കാവുന്നതേയുള്ളൂ.!

വ്യാഴാഴ്‌ച, ജൂലൈ 05, 2012

ആഗ്രഹം

ആഗ്രഹം മുളയിലേ നുള്ളണമത്രേ!
പടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…

തല ഉയർത്താൻ മാത്രം
അഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,

ഒരു ഉച്ഛ്വാസ വായുവിലൂടെയാകണം
ശില്പമൊരുക്കിയത്,
ലോകം തന്റെ കാൽച്ചുവട്ടിലാണെന്നൊരു-
ഉച്ഛ്വാസത്തോടെ വന്ന്,
ലോകം തന്റെ ഉച്ചിക്കും
ഒരു പാട് ദൂരെയാണെന്ന
നിശ്വാസത്തോടെ തിരിച്ചു പോകുമ്പോൾ,
ഒരു ബിന്ദുവായി പോലും അവശേഷിക്കാതെ..!

ഹാ കഷ്ടം…!
ഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!

ശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!

എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
ലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!

അപ്പോഴും,
എന്നോടൊരിക്കലെങ്കിലും പൊറുത്ത്,
അവരെന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാവുമോ?