പേജുകള്‍‌

ചൊവ്വാഴ്ച, മാർച്ച് 23, 2010

യുക്തിവാദം

കഥ കേട്ടപ്പോൾ അവനു പൂച്ചയെ കാണണം പൂച്ചയെ കാട്ടികൊടുത്തപ്പോൾ അവൻ...
"വെറുതെ എലിയെ പിടിക്കാനാണെങ്കിൽ പൂച്ചയെന്തിനാണ്‌ പെറ്റു കൂട്ടുന്നത്‌..?"
അടുത്ത കഥയ്ക്കവൻ വാശിപിടിച്ചു..കഥ തീർന്നപ്പോൾ അവനു നായയേ കാണണം ....

"കുരക്കാൻ മാത്രമാണെങ്കിൽ നായയെന്തിനാണ്‌ പെറുന്നത്‌?"

ചോദ്യം ചോദിക്കുന്നവനെ വിലക്കരുത്‌.. ദേഷ്യപ്പെടുത്തരുത്‌.."ചോദ്യങ്ങൾ ചോദിക്കപ്പെടണം!". ഡോക്ടരുടെ ഉപദേശം പണ്ടെവിടെയോ വായിച്ചു..ഉത്തരങ്ങൾക്ക്‌ ഞാനാരുടെ പോക്കറ്റു തപ്പും.. അവന്റെ ചോദ്യങ്ങളിൽ കുഴഞ്ഞിരിക്കുമ്പോൾ വീണ്ടും ചോദ്യം....

"നമ്മൾക്ക്‌ പുഴുങ്ങി തിന്നാനാണെങ്കിൽ കോഴിയെന്തിനാ വെറുതേ മുട്ടയിടുന്നത്‌?"

...പേറും മുട്ടയിടലും മാത്രമേ ഇവനറിയൂ എന്ന് അത്ഭുതം കൂറവേ... ഉത്തരം കേൾക്കാൻ പോലും മനസ്സില്ലാത്ത അവൻ അടുത്ത ചോദ്യത്തിലേക്ക്‌ കടന്നു.... അവന്റെ യുക്തിയിൽ എന്റെ യുക്തി വിറങ്ങലിച്ചു...

തിങ്കളാഴ്‌ച, മാർച്ച് 15, 2010

നല്ല നടപ്പ്‌

'നാറിയെപ്പോഴും നാറിയാണ്‌!"-- കിടന്ന കിടപ്പിൽ അയാൾ ..
..എന്നെയാണോ ഉദ്ദേശിച്ചത്‌? --എന്നിലെ സംശയ രോഗം ഉണർന്നു ഞാൻ അയാളെ നോക്കി..
ഭാഗ്യം അല്ല!....
"ചെറ്റയെപ്പോഴും ചെറ്റയാണ്‌!... വാളു വെച്ചുകൊണ്ട്‌ അയാൾ...
" അവരെയാണോ?"- ഞാൻ ചുറ്റും നോക്കി..
അവരെയും അല്ല..

" തേവിടിശ്ശിയെപ്പോഴും....!"-- പെട്ടെന്ന് അയാൾ ചുറ്റും നോക്കി.. വാക്കു വിഴുങ്ങി...
..ഞാൻ നോക്കുമ്പോൾ ഒരു കുളമ്പടി ശബ്ദം!...ലിപ്സ്റ്റിക്ക്‌ പുരട്ടിയ ചുണ്ടും, വാനിറ്റീ ബാഗ്ഗുമായി ഒരു സ്ത്രീ..!

"ഭാഗ്യം ദൈവം കാത്തുവെ ന്ന് പറഞ്ഞായാൾ എഴുന്നേറ്റ്‌ ഡീസന്റായി സ്വന്തം വീട്ടിലേക്ക്‌ പോയി..

----

ബുധനാഴ്‌ച, മാർച്ച് 10, 2010

അവൻ വിളിക്കുകയാണ്‌, അവളും!

"ലേഖേ.. ഞാനിങ്ങോട്ട്‌ പോവുകയാണേ... തേങ്ങയിടാൻ കേളേട്ടൻ വന്നിട്ടുണ്ടാകും!"


"ഊം... ചായകുടിച്ചിട്ട്‌..!"

"വേണ്ട .. വന്നിട്ടുണ്ടാകുമോന്ന് നോക്കി വേഗം വരാം"- അയാൾ പറഞ്ഞു.

..പണികൾ ഒക്കെയും യാന്ത്രികമായിരുന്നു..

....പഴയ ഒരു പത്രത്തിൽ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും പതിഞ്ഞു... തലങ്ങും വിലങ്ങും കുനുകുനുത്ത കറുത്ത അക്ഷരങ്ങൾ!... അവ വായിക്കുമ്പോഴെ കണ്ണുകൾ സജ്ജലങ്ങളായി.. നിശ്വാസങ്ങൾ പഴയ കാലത്തേക്ക്‌ ഊളിയിട്ടു..വർഷം ഒന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു...

ഡയറിയിൽ അവൻ കുത്തിക്കുറിച്ച വാക്കുകൾ അതേപടി പേപ്പറുകാർ പകർത്തിയെഴുതിയിരിക്കുന്നു.. ....അതവൾ വീണ്ടും വീണ്ടും വായിച്ചു.." അമ്മേ... അമ്മ വിഷമിക്കരുത്‌... നമ്മേ ബന്ധുക്കളും നാട്ടുകാരും പരിഹസിക്കും എന്നോർത്ത്‌ അമ്മ വിഷമിക്കുന്നത്‌ എനിക്കു കാണാൻ കഴിയില്ല..അതിനാൽ... എല്ലാം അവസാനിപ്പിക്കാൻ തന്നെയാണ്‌ ഞാൻ പോയത്‌..നാട്ടുകാരുടെ , ബന്ധുക്കളുടെ മുന്നിൽ പരിഹാസ്യരാകുന്ന അമ്മയും അച്ഛനും...!."

മുഴുവൻ വായിക്കും മുന്നേ പേപ്പർ കണ്ണീരിൽ കുതിർന്നിരുന്നു...



എന്നിട്ടും അവൾ തുടർന്നു വായിക്കാൻ ശ്രമിച്ചു.." ...അവളോട്‌ എല്ലാം പറഞ്ഞു... ഞാനൊരു തെറ്റും ചെയ്തിട്ടില്ല...അവളെ കൈകൊണ്ടു പോലും തൊട്ടിട്ടില്ല.സ്നേഹിച്ചു വെന്നല്ലാതെ.. അവൾക്ക്‌ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു... പക്ഷേ അമ്മയ്ക്കിഷ്ടപ്പെടില്ല... അതിനാൽ നമ്മുടെ വിവാഹം നടക്കില്ലെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചതാണമ്മേ... അവൾ " ശരി... നിനക്ക്‌ നിന്റെ വഴി എനിക്ക്‌ എന്റെ വഴിയെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ പോയതാണമ്മേ.. എന്നിട്ടും... എന്നിട്ടും അവൾ!.. എന്നോട്‌ പണ്ടു പറഞ്ഞിരുന്നു.".ഏട്ടാ നിങ്ങളില്ലാത്ത ജീവിതം എനിക്കു വേണ്ടെന്ന്!" .. ഇത്രത്തോളം ഞാൻ കരുതിയില്ല.. എന്നോടുള്ള പ്രതികാരം തീർക്കുകയായിരുന്നോ?... അവളുടെ കാലൊച്ച ഞാൻ കണ്ണടയ്ക്കുമ്പോൾ കേൾക്കുന്നു... പൊട്ടിച്ചിരികൾ ഞാൻ കേൾക്കുന്നു... അവളുടെ പാദങ്ങൾ പതിഞ്ഞയിടം.!. അവളുടെ വാക്കുകൾ.!.. അമ്മേ..എനിക്കറിയില്ലായിരുന്നു അവളീപാതകം ചെയ്യുമെന്ന്.. എനിക്കറിയില്ലായിരുന്നു അവളുടെ ഹൃദയം ഇത്രമൃദുവാണെന്ന്. എങ്കിൽ .!..എങ്കിൽ.!.. എനിക്കു ഭ്രാന്തു പിടിക്കുന്നു..അവളുടെ തൂങ്ങിയാട്ടം എന്റെ ഉറക്കു നഷ്ടമാക്കുന്നു.. എനിക്കിനി ജീവിക്കാൻ വയ്യമ്മേ...ഇനി അവളെ ഒറ്റയ്ക്കാക്കാൻ വയ്യ!... എനിക്കും പോകണം അവളുടെ അടുത്തേക്ക്‌ ....മാപ്പ്‌! ...അമ്മ അച്ഛനെ പറഞ്ഞു മനസ്സിലാക്കണം!..നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം.. ഒരായിരം മാപ്പ്‌!"



കണ്ണീർ കണങ്ങളാൽ അക്ഷരങ്ങൾ കുതിർന്നിരുന്നു!..



" ഇത്രയ്ക്ക്‌ വേണമായിരുന്നോ? എന്റെ മകനെ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ സന്തോഷപൂർവ്വം സ്വീകരിക്കുമായിരുന്നില്ലേ..!.. മോനേ... ന്ന് വിളിച്ചതേ ഓർമ്മയുള്ളൂ... രക്തം ഛർദ്ദിച്ച്‌ പരിക്ഷീണനായി അവൻ കട്ടിലിൽ...!

രേഖ വീണ്ടും വിങ്ങിപ്പൊട്ടി...

"രേഖേ... രേഖേ.. എന്തായികാട്ടുന്നത്‌... ഒരു വർഷം കഴിഞ്ഞില്ലേ.. ഇപ്പൊഴും!" അയാൾ തിരിച്ചെത്തിയിരുന്നു..

" രാജുവേട്ടാ...നമുക്കിനി ആരുണ്ട്‌?"

"ഒക്കെ നമ്മുടെ വിധിയാണ്‌ രേഖേ.. നമുക്ക്‌ അത്രേ വിധിച്ചിട്ടുള്ളൂ...ദൈവനിശ്ചയമാണ്‌ ഒക്കെ...ആയുസ്സൊടുങ്ങും വരെ ജീവിച്ചേ മതിയാകൂ.."

അവളുടെ കയ്യിൽ നിന്നും പേപ്പർ അയാളും വാങ്ങി വായിച്ചു.

" ആരാണ്‌ കുറ്റക്കാർ?.. അവനെ അധികം സ്നേഹിച്ചതാണോ കുറ്റം.ഒറ്റ മകനല്ലേന്ന് കരുതി ഓമനിച്ചു വളർത്തിയതാണിത്ര വഷളായത്‌.....ഒരിക്കലും വഴക്കു പറയാത്ത താണ്‌ പ്രശ്നമായത്‌.... നമ്മളെ നാണം കെടുത്തരുത്‌ എന്നല്ലേ നമ്മൾ പറഞ്ഞുള്ളൂ.. അതിനീ പാതകം!

..സാരമില്ല.. പോട്ടേ.. ഒക്കെ നമ്മുടെ വിധി..." ഒന്നും ഓർക്കേണ്ട..ട്ടോ... കുറച്ചു നേരം കിടന്നോളൂ.. ഒക്കെ തണുക്കട്ടേ".-- അയാൾ അവളെ ആശ്വസിപ്പിച്ചു.

അവൾ മൂക്കു പിഴിഞ്ഞു...

".തേങ്ങയിടാൻ വരാമെന്ന് പറഞ്ഞിട്ട്‌ വന്നിട്ടില്ലല്ലോ?.."- ഞാൻ വീണ്ടും ഒരിക്കൽ കൂടെ നോക്കി വരാം"

"ശരി"- അവൾ തലയാട്ടി.

രേഖ മയങ്ങിപ്പോയി..

" അതാ അവൻ.. പുഞ്ചിരിച്ചും കൊണ്ട്‌...

"അമ്മേ ഞങ്ങളിതാ അമ്മയുടെ അരികേ"

"എവിടെ... എവിടേ.."

"അമ്മേ.. അമ്മ കാണുന്നില്ലേ.."

"ഇല്ലല്ലോ?"

"ഇതാ.. ന്നേ ഇവിടേ"

"ന്റെ മോനെ.. ഞാൻ!... നിയെന്നെ എന്തിനാണിങ്ങനെ കളിപ്പിക്കുന്നത്‌"

"ഇതാ അമ്മേ ഞങ്ങളിവിടെയുണ്ട്‌.."

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..". അതേ അതവൻ തന്നെ... അവനും അവളും!... എനിക്കു കാണണം... എനിക്കു കാണണം.. അവനെ..." ഭ്രാന്തിയേപ്പോലെ അവർ പിറു പിറുത്തു..."... ഞാനും വരാം.. ഞാനും വരാം.. ഒരു നിമിഷം നിൽക്കണേ..!."



മേശപ്പുറത്തുള്ള കടലാസിൽ അവൾ എഴുതി.." ഞാനവരെ കണ്ടു രാജുവേട്ടാ.. എനിക്കവരെ വീണ്ടും കാണണം.. ഞാനും പോകുന്നു... മാപ്പ്‌!"



കതകടച്ചു കുറ്റിയിട്ടു..മെല്ലെ സ്റ്റൂളെടുത്തു വെച്ച്‌ സാരി ഫാനിനു കെട്ടി...

അയാളും ആകെ വിവശനായിരുന്നു... കടൽക്കരയിൽ അയാൾ തളർന്നിരുന്നു.. കടലിനെ നോക്കി... രണ്ടുകൈയ്യും നീട്ടി അതാ അവൻ അവിടെ....നടുക്കടലിൽ....



." എന്റെ മോനേ.. എന്റെ മോനേ..". ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞു മാറ്റി, ചിലപ്പോൾ ചെറുത്തു നിന്ന് അയാൾ വേഗം നടന്നു " മോൻ പ്രത്യക്ഷ നായി കണ്ടയിടത്തേക്ക്‌..

അനാവശ്യമായതൊന്നും കടൽ സ്വീകരിക്കാറില്ല.. തിരമാലകളുടെ ചലനം അയാളുടെ കൈകാലുകളേയും ദേഹത്തേയും ചലനശേഷിയുള്ളതാക്കിയിരുന്നു..!

കാക്കയുടെ ചിന്തകൾ-6

അതവരുടെ തെറ്റ്‌  ---- ആണോ?
--------------------------------------------
അസുലഭമായ നിർവൃതിക്കൊടുവിൽ കൈപ്പിഴയായി സ്വന്തം വയറിൽ കുരുത്ത, കാറി വിളിക്കുന്ന പിഞ്ചോമനയെ വിഭ്രമത്തോടെ അതിവേഗം പ്ലാസ്റ്റിക്‌ കവറിലാക്കി കുഴിച്ചിട്ട അവിഹിത മാതാവിന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളൂ... സ്വയം ശുദ്ധയാകണം..ശുദ്ധയാണെന്ന് എല്ലാവരും എന്നും  വിശ്വസിക്കണം!

കിടന്ന കിടപ്പിൽ പീടികത്തിണ്ണയിൽ  വാളുവെച്ച മദ്യപനും ഒന്നേ വിചാരിച്ചുള്ളൂ... അശുദ്ധത പുറംതള്ളീ സ്വയം ശുദ്ധനാകണം.!

മരവിച്ച മനസ്സിൽ, നഗരമദ്ധ്യത്തിൽ മലമൂത്രവിസ്സർജ്ജനം നടത്തിയ ഭ്രാന്തനും ഒരേ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളൂ അശുദ്ധത നീക്കി വിശുദ്ധനാകണം.!

ഫ്ലാറ്റിലെ കുമിഞ്ഞ മാലിന്യം ശ്രദ്ധയോടെ, വിലകൂടിയ കാറിൽ കയറ്റി ഓടിച്ചു പോയി  ആരും കാണാതെ ഏതോ വീടിന്റെ പടിക്കലേക്ക്‌ വലിച്ചെറിഞ്ഞ ധനാഡ്യനും ഒന്നേ വിചാരിച്ചുള്ളൂ .. തന്റെ ഫ്ലാറ്റും പരിസരവും സംശുദ്ധമാക്കണം.!

മാലിന്യങ്ങൾ ലോറികളിൽ നിറച്ചു നദികളിൽ നിക്ഷേപിക്കുമ്പോൾ കരാറുകാരനും ഒന്നേ വിചാരിച്ചുള്ളൂ.. ..പറഞ്ഞേടം ശുദ്ധിയാക്കണം.. എങ്കിലേ അടുത്ത കരാർ ..!!..

കളകളം പാടിയ നദികളിലെ മണലൂറ്റുവാൻ സമ്മതിച്ചവർ ഒന്നേ ഓർത്തുള്ളൂ.... എന്നും നദി കളകളം പാടിയാൽ എന്തു രസം ഒരു ദുരന്ത കഥയില്ലാതെ...!!

തെറ്റ്‌ നമ്മുടെയാണ്‌ .. വീക്ഷിക്കുന്നവരുടെ... കേൾക്കുന്നവരുടെ....പ്രതികരിക്കുന്നവരുടെ... അല്ലേ?... വീണ്ടും സംശയമോ?

അന്നും ഉപദേശികാക്ക പറഞ്ഞു..." എല്ലാവരും ശുദ്ധന്മാരാണ്‌ ... സംശുദ്ധന്മാർ....കാണുന്നവരുടെ കേൾക്കുന്നവരുടെ മനസ്സിലെ അശുദ്ധിയാണവരെ പാപികളെന്നു സംശയിപ്പിക്കുന്നത്‌!"

മറ്റുകാക്കകൾ.. കാ കാ..കാ എന്നു ശരിവെച്ചു.അന്നത്തെ പാഠം കഴിഞ്ഞിരുന്നു.. കിഴക്കേലെ മാണിക്കേടത്തിയുടെ ശ്രാദ്ധമുണ്ട്‌... ഊട്ടിനു പോകണം.. അല്ലെങ്കിൽ അവരെന്തു വിചാരിക്കും?      ആ വീട്ടുകാരെന്തു വിചാരിക്കും?.എന്നോർത്ത്‌...കാ..കാ.. കാ...എന്ന് ആർത്തുവിളിച്ച്‌ അവർ അങ്ങോട്ടേക്ക്‌ പറന്നു.

വാക്കുകൾ

പുരാണങ്ങൾ പറഞ്ഞു,
വാക്കുകളഗ്നിയാണ്‌!
നിശബ്ദമാമന്തരീക്ഷത്തിൽ
സംശുദ്ധമാം അന്തരംഗത്തിൽ
വിശുദ്ധിയുടെ അരണികളാൽ
കടഞ്ഞെടുക്കപ്പെട്ട്‌
മനസ്സിൽ കൊളുത്തിയധരങ്ങളിൽ
വഴിഞ്ഞൊഴുകുന്ന മനോഹാരിത!

വാക്കുകൾ ശക്തിയാണ്‌!
പ്രണവ മന്ത്രത്തിന്റെ അംശം,
വിജ്ഞാന സമുദ്രങ്ങളിലുയരുന്ന
തിരമാലകളുടെ വേലിയേറ്റം!
അനുഗ്രഹ വർഷങ്ങളിൽ
ഉണർവ്വിന്റെയുയിർപ്പിന്റെ
തേജോപ്രവാഹം.
അജ്ഞനമാകുമന്ധകാരത്തിൽ-
കുരുക്കുന്ന ശാപ വർഷങ്ങളാം
അഗ്നിഗോളങ്ങളുടെ
സംഹാരതാണ്ഡവം!

ദുഷ്ടരുടെ കരാള ഹസ്തങ്ങളിൽ
പിടയും ജീവന്റെ ദയയ്ക്കായുള്ള
ദീനരോധനം,
മാനം പിഴുതെറിയപ്പെടുന്നവരുടെ
രക്ഷയ്ക്കായുയർന്നു പൊങ്ങുന്ന
ആത്മാവിന്റെ ദീനനാദം!,
അധികാരികളുടെ കനപ്പെട്ട
ശബ്ദമാണടിയാളരുടെ
കുനിഞ്ഞശിരസ്സിൽ നിന്നുയരുന്ന
മൂളലുകൾ,

മിണ്ടാപ്രാണികളുടെ മനസ്സിൽ
സ്ഫുടം ചെയ്തെടുക്കപ്പെട്ട-
തൊണ്ടയിൽ തടവറയിലാക്കപ്പെട്ട
കണ്ണീരിന്റെ കയ്യോപ്പാണത്‌,
വെറുംഅംഗവിക്ഷേപങ്ങളിൽ
കോറി വരയ്ക്കപ്പെട്ട
നിശബ്ദ ചിത്രം!

വാക്കുകൾ,
യുദ്ധത്തിന്റെ, ശാന്ത തയുടെ
ദൈവത്തിന്റെ, സാത്താന്റെ
ശക്തരുടെ, ദുർബ്ബലരുടെ,
അടിയാന്റെയുടയോന്റെ,
പരസ്പരം കൊമ്പുകോർക്കപ്പെട്ട
സമരസപ്പെട്ട താള
വിസ്ഫോടനം!

കാക്കയുടെ ചിന്തകൾ (5)

പ്രവാസിയും സർക്കാരും ഒരു പിടി ചിന്തയും!
-----------------------------------------------------------
"....എല്ലാവർക്കും പഴുത്ത ചക്ക വരട്ടിയത്‌ കിട്ടിയല്ലോ?.. ഇനിയാർക്കെങ്കിലും..കിട്ടാനുണ്ടോ?"--- സർക്കാർ.
"ഞങ്ങൾക്ക്‌ കിട്ടിയില്ലേ.."- പ്രവാസികൾ.
" എന്ത്‌ കിട്ടിയില്ലേ..ഐ മീൻ ..പഴുത്ത ചക്ക വരട്ടിയത്‌ കിട്ടിയില്ലേ.. ആർക്കും??.. അത്ഭുതം!?"- സർക്കാർ.
" ഇല്ല"-- ഒന്നാം പ്രവാസി..
" കാർഡ്‌ കൊണ്ടു വന്നിട്ടുണ്ടോ..?."..സർക്കാർ.
" അടിയൻ.... ഇല്ല!" - ഒന്നാം പ്രവാസി..
".. വെറുതെയല്ല... അതാ കിട്ടാത്തത്‌... കാർഡുള്ളവർ മാത്രം വന്നാൽ മതി"
നെക്സ്റ്റ്‌ മാൻ പ്ലീസ്‌...
"...തനിക്കും പഴുത്ത ചക്ക വരട്ടിയത്‌ കിട്ടിയില്ലേ..." സർക്കാർ.
" അടിയൻ... ഇല്ലേ...ഇതുവരെ കിട്ടിയിട്ടില്ല."- രണ്ടാം പ്രവാസി..
" കാർഡുണ്ടോ?... ഐ മീൻ ... കാർഡ്‌.. ?"- സർക്കാർ..
"ഉണ്ടേ.."
"എങ്കിൽ ചക്ക വരട്ടിയത്‌ തീർന്നു"- സർക്കാർ.
"അയ്യോ... ചക്ക തന്നാൽ കൊത്തിയരിഞ്ഞ്‌ ഞങ്ങൾ വരട്ടിക്കൊള്ളാമേ..." - രണ്ടാം പ്രവാസി..
" അതിന്‌ ഇപ്രാവശ്യം പ്ലാവിൽ ചക്ക പിടിച്ചില്ലല്ലോ.."- സർക്കാർ..
നെക്സ്റ്റ്‌ മാൻ പ്ലീസ്‌...

--------------------------------------------------
--------------------------------------------------
ഒരു കാക്ക പറഞ്ഞു.." സർക്കാർ എല്ലാം കാണുന്നവൻ, അറിയുന്നവൻ,കേൾക്കുന്നവൻ, പറയുന്നവൻ"
മറ്റേ കാക്ക പറഞ്ഞു.." പ്രവാസി ഇതൊക്കെ അനുഭവിക്കുന്നവൻ!"

കുഞ്ഞൻ പൂശാരി

കൊല്ലവർഷം, അതോ ശകവർഷമോ?...എത്ര്യോ ആണ്ട്‌!!...കണക്ക്‌ വല്യപിടിയില്ല..നിങ്ങളുടെ മാർക്ക്‌ കണ്ടാൽ ബോധം കെട്ടു വീഴുമെന്ന് ബഡായി പറഞ്ഞ്‌ കണക്ക്‌ മാഷ്‌ പരീക്ഷാ പേപ്പറു തരാൻ മനപൂർവ്വം വൈകിക്കും.രണ്ടും മൂന്നും മാർക്ക്‌ കിട്ടാൻ വഴിയില്ലല്ലോ?..പൂജ്യമല്ലാതെ.!!.മാഷ്ക്ക്‌ തെറ്റിപ്പോയോ അതോ ശരിയെഴുതി നമുക്ക്‌ തെറ്റിപ്പോയോ എന്ന അങ്കലാപ്പിൽ നിൽക്കുമ്പോൾ മാഷുടെ അടി.
". രണ്ടും മൂന്നും മാർക്കാ അല്ല്യോടാ?.."
ഇതെന്തു കൂത്ത്‌.. മാഷ്ക്ക്‌ മാർക്കിടാൻ അറിയാത്തതിന്‌ നമ്മളെന്തു പിഴച്ചു എന്നോർത്ത്‌ പിഴച്ച്‌ പിഴച്ച്‌ ഒതുങ്ങികൂടി നടക്കുന്ന നാം..ഒരു ശല്യത്തിനും പോയില്ലെങ്കിലും മാഷ്‌ അലമ്പുണ്ടാക്കും. .തല്ലും.!!..സംഘടനയും കോപ്പും ഉണ്ടാക്കി ജാഥ വിളിക്കാനും കല്ലെറിയാനും പോയി മാഷും വെടക്കായിന്നാ തോന്നുന്നത്‌..നമ്മൾ ഗാന്ധീന്റെ ആൾക്കാരാ പര പരാന്ന് തല്ലു കൊള്ളും.. ഒരു തുടയ്ക്ക്‌ ചൂരലിന്റെ പെട കിട്ടിയാൽ മറു തുട കൂടി കാട്ടി കൊടുക്കും.. ഒരക്ഷരം പറയാറില്ല..
.അല്ലേങ്കിലും ചായക്കടയിൽ ചെന്ന് രണ്ടു ചായ ഒരു പാട്‌ കടിയും എന്നു പറഞ്ഞിട്ട്‌ നിൽക്കുമ്പോൾ,പഴയ പറ്റ്‌ തീർത്തിട്ടു പോരെ ബാക്കി തന്റെയൊക്കെകടി എന്ന് തന്തയ്ക്ക്‌ വിളിക്കാൻ പാകത്തിൽ വരെ എത്തിക്കൊണ്ട്‌, പല്ലു ഞരടിക്കൊണ്ട്‌ മനസ്സിൽ പറഞ്ഞിട്ട്‌, കൈക്ക്‌ ഭാവിയിൽ പണിതരുമോ ഇവൻ എന്നുകൂടിഒരു വട്ടംഓർത്തിട്ട്‌ കേറ്റിക്കോ എന്ന മട്ടിൽ തരും അല്ലാതെ ചതുരത്തിന്റെ വിസ്തീർണ്ണം എത്രെയാടോ കന്നാലീന്ന് ആരും ചോദിക്കില്ല! (a+b)2 = എത്രെയെന്ന് ആരു ചോദിക്കാൻ?.. അതൊക്കെ പഠിച്ചതു വെറുതേ.. ഇമ്പോസിഷ്യൻ ഒക്കെ എഴുതിയത്‌ മാഷിനെ സന്തോഷിപ്പിക്കാൻ!!.എന്നാലും അയാളുടെ തിരുമോന്ത തെളിയില്ലെന്ന് അന്നു പറഞ്ഞു പോകും ഇന്ന് അതൊക്കെ പറഞ്ഞതിന്‌ സോറിയും..ഒന്നും ഉണ്ടായിട്ടല്ല മാഷുടെ ജോലി മാഷു ചെയ്യുന്നു നമ്മുടെ ജോലി നമ്മളും!അല്ലാതെ വടക്കേലെ ബീവാത്തു എപ്പോഴും അടി വാങ്ങും ചതുരത്തിന്റെയും വൃത്തത്തിന്റെയും ഒക്കെ സമവാക്യം നൂറു പ്രാവശ്യം എഴുതിയാലും പറയുമ്പോൾ തെറ്റിക്കും.. വീണ്ടും ഒരു നൂറു പ്രാവശ്യം!... പൈതഗോറിയൻ സിദ്ധാന്തം പഠിച്ചിട്ടാ ഓള്‌ പുതിയാപ്ലയ്ക്കോപ്പം പോയത്‌?... അഞ്ചെണ്ണത്തിനെ ചറപറ പ്രസവിച്ചത്‌... അപ്പം അതൊന്നുമല്ല കാര്യം!..കാര്യം സിമ്പിൾ.!.. മാഷ്ക്കൊരു ജോലി.. അതിന്‌ മാഷ്ക്ക്‌ നമ്മളെ തല്ലണം!


...രണ്ടും മൂന്നും കൂട്ടിയാൽ ആറോ അതോ നാലോ എന്ന കൺഫൂഷനിൽ നിൽക്കുമ്പോൾ കടക്കാരനും കൺഫൂഷനിൽ കാൽക്കുലേറ്ററിൽ കുത്തി അതിനോട്‌ ചോദിക്കും പറ്റു കുറേ ആയല്ലോ മൂപ്പിലാനേ ഏതാശരി?.
....കുത്തുമ്പോൾ തെറ്റിപ്പോകരുതേ ഗോപാലേട്ടാ എന്ന് പറയുമ്പോൾ.. ഒരു ചിരി ചിരിക്കും..!.. എത്ര പേരെ പറ്റിച്ചിട്ടുണ്ട്‌ പിന്നെയാ നീ എന്നോ, അതോ ഒരിക്കലും മൂപ്പിലാന്‌ തെറ്റിലെന്നോ? എന്തായാലും കിട്ടുന്ന ബാക്കി പോക്കറ്റിൽ ഇടണം.."ശരിയല്ലേ.കണക്ക്‌". എന്നു ചോദിച്ചേക്കാം ചിലപ്പോൾ! "ശരിയന്നേ" എന്ന് പറഞ്ഞാൽ മതി... രണ്ടാൾക്കും സന്തോഷം!.. അല്ലാതെ നമുക്ക്‌ കാൽക്കുലേറ്ററും കൊണ്ട്‌ നടക്കാൻ പറ്റുമോ?

അതാ പറഞ്ഞത്‌ പണ്ട്‌ പണ്ട്‌.. വളരെ പണ്ട്‌...ശ്ശി കണക്ക്‌..ശരിയാക്കണംച്ചാൽ ആവാം... നോം ഭൂജാതനാകുന്നതിനും മുമ്പ്‌...നോം എന്ന് വിളിച്ചത്‌ കേൾക്കുമ്പോൾ പലർക്കും മുട്ടുവിറക്കും.. ഭയപ്പെട്ടിട്ടല്ല മറിച്ച്‌ ഓടിച്ചിട്ട്‌ പിടതരാനാണെന്നും അറിയാം...നമ്മെ നോം ബഹുമാനിച്ചില്ലേങ്കിൽ ആരാ ബഹുമാനിക്യ..?

...ആളുകൾ മാത്രമല്ല ഒരു ചാവാലിപ്പട്ടിയും നമ്മെ ഓടിച്ചിട്ട്‌ കടിച്ചിട്ടുണ്ട്‌ അനുഭവം പരു കാലിൽ കിടക്കുന്നു എന്നത്‌ അനുഭവ സാക്ഷ്യം..അല്ലേലൂയാ...അല്ലേലൂയാ..ദൈവത്തിനു സത്രോത്രം സ്തുതി...നമ്മെ ഒരു ചാവാലി പട്ടി കടിച്ചു..അതു പണ്ട്‌ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ... പട്ടി കോഴിക്കാല്‌ കടിച്ചു പിടിച്ച്‌ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ.. നാമെടുത്തു മാറ്റാൻ ശ്രമിച്ചു...പട്ടിക്കു കോപം വന്നു പിന്നെ കുരച്ചു കൊണ്ടൊരു ചോദ്യം " ഞാൻ കൊണ്ടുവന്ന കോഴിക്കാലിനു നിനക്കു ഭ്രമമോ?.". ഒരു കടി! സ്ത്രൊത്രം.
.....ഏത്‌ ഭൂലോകത്തുംബഹീരാകാശത്തുംപോയി സാക്ഷ്യം പറയാൻ എന്തിനു മടിക്കണം!... വളർന്നതിന്റെ ആഘാതത്താലായിരിക്കാം അതു ചെറുതായി ചെറുതായി ചുരുങ്ങിയിട്ടുണ്ട്‌..അതു ഭൂജാതനായ ശേഷമുള്ള കാര്യം.. അതവിടെ നിൽക്കട്ടേ..കിടക്കുന്നെങ്കിൽ കിടക്കട്ടേ! .
..ഇതു ഭൂജാതനാകുന്നതിനു മുൻപേയുള്ളകാര്യം.

..ആയിടയ്ക്കാണെന്നു തോന്നുന്നു ഭൂജാതനാവണം എന്ന് ദൈവകൽപന!
നിസ്ക്കരിച്ചു നോക്കി.. രക്ഷയില്ല..ഓടിച്ചു വിട്ടു..
പൊന്തക്രോസ്തുമാരെ പോലെ നിലൊളിച്ചോണ്ട്‌ കീർത്തിച്ചു നോക്കി.
രക്ഷയില്ല..ശബ്ദമലിനീകരണത്തിനും കൂടെ ശിക്ഷവിധിക്കും എന്നായപ്പോൾ നിർത്തി.
പാത്തു പതുങ്ങി വന്നു...പൂജയും ധ്യാനവും ശീലിച്ചു നോക്കി.. ചീത്തവിളിച്ചില്ലെങ്കിലും പറഞ്ഞതിൽ നിന്ന് വ്യതിചലിച്ചില്ല..
"നീ ഭൂമിയിൽ ജനിക്കണം അതു നിർബന്ധാ..." എന്ന് ദൈവത്തിന്റെ ഒരു പിടിവാശി."...അല്ലാതെ ആദവും ഹവ്വായും സ്വർഗ്ഗത്തിൽ നാണമില്ലാതെ, നൂൽബന്ധം പോലുമില്ലാതെ നടന്നതും വിചാരിച്ച്‌ അങ്ങിനെ വെള്ളമിറക്കേണ്ട എന്ന് സാരം!...".എവിടെ ജനിക്കണം, എന്ത്‌ പേരിൽ അറിയപ്പെടണം എന്നൊന്നും തീർച്ചയാക്കിയിട്ടില്ല..അങ്ങിനെ തക്കിട തരികിട കളിച്ചു നടക്കുന്ന സമയം.
അപ്പോ പറഞ്ഞു വന്നത്‌ നോം ഭൂജാതനാവാതെ സ്വർഗ്ഗത്തിൽ സുഖസുഭിക്ഷമായി
ദൈവത്തെ പറ്റിച്ച്‌ സപ്രമഞ്ചകട്ടിൽ നിന്നും ഊർന്നിറങ്ങി കട്ടിലിനടിയിൽ കിടക്കണ സമയം ന്നർത്ഥം!
അന്നു കുഞ്ഞൻ പൂശാരി തിമർക്കണ സമയം!

ആളുകൾ പൂശാരീന്നേ വിളിക്കൂ.."ജ"ക്ക്‌ മേലാളന്മാരുടെ വിലക്കാണോന്നറിയില്ല .ദുർമൂർത്തികളെ വരച്ചവരയിൽ നിർത്തി എന്തു കാര്യവും നേടുന്ന അതികായാൻ!.. പറഞ്ഞിട്ടെന്ത്‌? മേലാളന്മാർക്ക്‌ പുച്ഛം.. കുഞ്ഞൻ പൂശാരി!

ഒട്ടേറേ പേരുടെ ബാധ നീക്കീട്ടുണ്ടത്രെ!..പക്ഷേ മേലാളന്മാർക്ക്‌ വിശ്വാസം പോരാ.. മേലാൾന്മാർക്ക്‌ വിശ്വാസം വേണമെങ്കിൽ ഇത്തിരി കളറുവേണം ദേഹത്ത്‌!..ഒത്തിരി പവറുവേണം മടിശ്ശിലയ്ക്ക്‌!.. അല്ലാതെ ജപ്പാൻ ബ്ലാക്ക്‌ ദേഹം കാട്ടി തകർക്കാൻ പറ്റാത്ത വിശ്വാസം എന്നൊക്കെ പറഞ്ഞാൽ ആര്‌ നോക്കാൻ!
അന്നും പൂശാരി ദുർമൂർത്തികളെ ആവാഹിച്ചു.. പൂശാരി കൊയിൽ ഉത്സവായിരുന്നു അന്ന് എന്നർത്ഥം!..
ബാധകൂടിയവർ ഉറഞ്ഞു തുള്ളീ..ഉറഞ്ഞു തുള്ളാൻ പെണ്ണുങ്ങൾക്കാണ്‌ മിടുക്കു കൂടുതൽ!.. .വളച്ചെടുക്കാൻ ആണുങ്ങൾക്കും.!!.. " ഓളുടെ തുള്ളാട്ടം മോശമില്ലടാ.. എന്ന് പറഞ്ഞു നടക്കുന്ന കാലം..  ഒരു കൈ നോക്കിയാൽ .. ഒത്താൽ ഒത്തു.വളഞ്ഞാൽ വളഞ്ഞു!"വെറുതേയുള്ള വല വീശൽ ഒരു കറിക്കെങ്കിലും!.. അത്രയേ അന്നെത്തെ ആണുങ്ങൾക്ക്‌ അവരിൽ വിശ്വാസമുള്ളൂ! അല്ലാതെ ഒരു മിസ്സ്ഡ്‌ കോളിൽ വീണില്ലേങ്കിൽ ഒരു പാട്‌ മിസ്സ്ഡ്‌ കോൾ പാഴാക്കുന്നവരല്ല.
.അന്ന് മൊബൈൽ പ്രേമവും കമ്പ്യൂട്ടർ പഞ്ചാരയടിയും ഇല്ലല്ലോ? അതുകാരണം അവർ പഴഞ്ചന്മാരല്ലേ ...ബോൺ വീറ്റയും പിസ്തയും കെഫ്സിയും പെപ്സിയും എന്തെന്ന് അറിയാത്ത ഭോഷ്കന്മാർ!ബോൺ വീറ്റക്കും പിസ്തയ്ക്കും പകരം തവിടുകാപ്പിയും തവിടപ്പവും, കെഫ്സിചിക്കനു പകരം കഞ്ഞിയും ഉണക്കു ചുട്ടതുംകാന്താരി മുളകും കൂടി കുത്തി ഞെലച്ച്‌ തിന്ന് അമൃതേത്ത്‌ കഴിച്ചുവേന്നു വീമ്പു പറയുന്നവർ.ഏമ്പക്കം വിടുന്നവർ!..അന്നെത്തെ പ്രേമവും ഇന്നെത്തെ പ്രേമവും ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്‌...  ചില അച്ഛനമ്മമാർ" ഞാൻ മുകളിലേക്ക്‌ നോക്കി അയാൾ താഴേക്കും അങ്ങിനെ നമ്മൾ തമ്മിൽപ്രേമവും ആയി "എന്ന് വെടിപറയുന്ന പ്രേമമല്ല ഇന്ന്.അതൊരു വല്ലാത്ത മുടിഞ്ഞ പ്രേമമാണേ.!... അതിനാൽ മക്കളോട്‌ നന്നായി പ്രേമിക്കാൻ പഠിക്കണേ..നല്ല മൊബൈൽഫോൺ വേണമെങ്കിൽ വാങ്ങിത്തരാം.. കല്ല്യാണം കഴിച്ചു വിടാൻ കാശില്ല നിന്നെയൊക്കെ വളർത്തി പഠിപ്പിച്ച്‌ പാപ്പരായി എന്നുപറഞ്ഞാൽ അതിശയമില്ല.!.

ബാധകൂടിയവർ മേലാൾന്മാരൊന്നുമല്ല സെയിം വിഭാഗത്തിലുള്ളവർ തന്നെ...മുടിയഴിച്ചിട്ട്‌ മാറുമറയ്ക്കാത്ത മിഡിൽ വയസ്സ്‌ സ്ത്രീ ജനം!.. പൂശാരി പൂസ്സായിരുന്നു..  ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ !.. എന്ന് പറഞ്ഞ്‌ ഏതോ ദുഫായിക്കാരൻ നല്ല നൊയമ്പൻ ചുവന്ന വെള്ളം ആവോളം കുടിക്കാൻ കുപ്പിയോടെ കൊടുത്തിരുന്നു..നാടന്റെ കൂടെ അതും ആവോളം വലിച്ചു കേറ്റിയ കുഞ്ഞൻ പൂശാരിഉറഞ്ഞു... അന്ന് പതിവിനു വിരുദ്ധമായി സ്ത്രീകളുടെ മാറിലും നെറ്റിയിലും മറ്റുമൊന്നടങ്കം ഭസ്മം പൂശിക്കൊടുത്തു പൂശാരി..അനുഗ്രഹ വർഷം.!. പെണ്ണുങ്ങളെ അനുഗ്രഹിച്ചിട്ടും അനുഗ്രഹിച്ചിട്ടും കുറഞ്ഞു പോയോ അനുഗ്രഹം എന്ന ഒരു തോന്നൽ !.. ഒരു ശങ്ക!...അന്നു പൂശാരി ഉറയലോടുറയല്‌...ഇന്നേ വരെ പൂശാരി ഇത്രെയും ഉറഞ്ഞിട്ടില്ല..മൂർത്തിയുടെ ശക്തി!.. അതോ വെള്ളത്തിന്റേയോ? ആളുകൾ പരിഭ്രാന്തരായി..ഭക്തി സാന്ദ്രരായി!.ഉറഞ്ഞു തുള്ളീ കോഴിയെ പിടിച്ചു. ഇനി രക്ഷയില്ലെന്നറിയാവുന്ന കോഴി പ്രാർത്ഥനയിലാണ്ടു.. ചെറിയ ശബ്ദം മാത്രം ...ക്രാ...അൽപം വെള്ളവും അരിയുമെടുത്ത്‌ അന്ത്യകുദാശകൊടുത്തു ..പിന്നെ കത്തിയെടുത്ത്‌ ഒരറുക്കൽ! കോഴിയുടെ ചങ്കിലെ ചോര മുഴുവൻ കുടുകുടാന്ന് പൂശാരിയുടെ ഉദരത്തിലേക്ക്‌! പിന്നെ ചുടും.!.. ആരും ആ കോഴിയെ എടുക്കില്ല..മൂർത്തിയെ പേടി.. പേടിയില്ലാത്ത ശപ്പന്മാരെ പൂശാരി പറഞ്ഞ്‌ പറഞ്ഞ്‌ പേടിപ്പിക്കും...പൂശാരിക്കു മാത്രം  പേടിയില്ല..കാരണം മൂർത്തിയുടെ പണം എണ്ണിയെടുക്കേണ്ടതും പൂശ നടത്തേണ്ടതും ഒക്കെ പൂശാരിയല്ലേ അപ്പോൾ പിന്നെ പേടിപ്പിക്കാൻ മൂർത്തിക്ക്‌പറ്റുമോ?.. വല്ലപ്പോഴും ഒന്ന് ദേഷ്യപ്പെട്ടാലായി.." എടാ പൂശാരി... ഞങ്ങൾക്കുംവല്ലപ്പോഴും കള്ളും പിടക്കോഴിയും നേദിക്കണേ.." നേദിച്ചു കഴിഞ്ഞാൽ ചുട്ട കോഴി നിലം തൊടാതെ പൂശാരിയുടെ വയറ്റിലേക്ക്‌! ഒപ്പം ഒരിറക്ക്‌ റാക്ക്‌!.. അതു പിന്നെ ഏതു മത ജാതി വിഭാഗങ്ങളിലും അങ്ങിനെയാണ്‌. അങ്ങിനെ തന്നെയാണ്‌ നാട്ടു നടപ്പ്‌.. അർപ്പിച്ചു കഴിഞ്ഞാൽ അതെടുത്ത്‌ കറിവെച്ച്‌ ശാപ്പിടണം..ദൈവത്തിന്‌ അർപ്പണം മാത്രം ശാപ്പിടൽ അവകാശികൾ, ഭക്തന്മാർ!
ബാധകൂടിയ ഒരു പെൺകൊടിയെ പൂശാരിയുടെ മുന്നിൽ കൊണ്ടു വന്നു..പൂശാരി അവളെ വരച്ച വരയിൽ നിറുത്തി..പൂശാരി വരച്ച വരയിൽ നിൽക്കാതെ ആടിക്കൊണ്ടിരുന്നുവെ ങ്കിലും!
" പെൺകൊടി ആൺ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നു...ഒടുവിൽ പറഞ്ഞു "എനിക്കു ദാഹിക്കുന്നു!"
"പൂശാരി വെള്ളമെടുത്തു എന്തോ ഉരുവിട്ടു.." ഇതാ ഇതു വെണ്ണയാണ്‌! ഇതു തിന്നോളൂ!' അത്ഭുതം അതു വെണ്ണയായിരുന്നു.. പക്ഷേ അവൾക്ക്‌ നിയന്ത്രണം വിട്ടിരുന്നു.." കോപ്പാണ്‌!.. വെള്ളമെടുത്ത്‌ എന്നെ പറ്റിക്കുന്നോ?"
പൂശാരി ഞെട്ടി.. " ഇന്ന് വരെ തന്നോട്‌ ആരും എതിർത്ത്‌ പറഞ്ഞിട്ടില്ല.. എന്താ കഥ!""
"താനേതു വരെ പഠിച്ചു..?"സ്വൽപം വിദ്യാഭ്യാസമുള്ള പ്രേതമാണ്‌..
.".ഏതു മന്ത്രം തനിക്കറിയാം...?"
മന്ത്രമോ അങ്ങിനേയും ഉണ്ടോ ഒന്ന്! പൂശാരി അതിശയിച്ചു..വല്ലതും തട്ടി കൂട്ടി ഒരു ശും! എന്ന് പുറത്തേക്ക്‌ വിടും ശ്വാസം.. അല്ലാതെ മന്ത്രമോ?

പൂശാരി നിന്നു വിയർത്തു...കുടിച്ച ചാരായം ആവിയായി.. ചുട്ട കോഴി ദഹിച്ചു.സഹികെട്ട്‌ പൂശാരി മന്ത്രം മാറ്റി തന്ത്രം പയറ്റി...പൂശാരി വടിയെടുത്തു..അറ്റകൈ!"നിന്നെ തളയ്ക്കാൻ എനിക്കറിയാമെന്ന് ആക്രോശിച്ചു..അടി തുടങ്ങി...സഹികെട്ടപ്പോൾ ബാധ വടി പിടിച്ചു വാങ്ങി പൂശാരിയെ പൂശാൻ തുടങ്ങി.. ആളുകൾ പിടിച്ചു വെച്ചു.." ഒരു തരത്തിൽ പൂശാരിയുടെ ജീവൻ രക്ഷപ്പെട്ടു.".മുന്തിയ ഇനമാണ്‌ രക്ഷയില്ല..!."പൂശാരി കൈവെടിഞ്ഞു.."കെവിടല്ലേ പൂശാരീ.!". ബന്ധുക്കൾ പറഞ്ഞു..

പൂശാരി ആലോചിച്ചു..". നല്ല സുന്ദരീ, ചെറുപ്രായം ഏറിയാൽ പതിനേഴോ, പതിനെട്ടോ.. കൈവെടിയണോ?.ബുദ്ധിമോശം കാണിക്കണോ?" പിന്നെ പറഞ്ഞു.." സമർപ്പണം ചെയ്യണം പൈതങ്ങളേ...സമർപ്പണം.!. സമ്മതമാണോ".. പൈതങ്ങൾക്ക്‌ സമ്മതം.!..ഈ ബാധ ഒന്ന് ഒഴിവായിക്കിട്ടിയാൽ മതി." അങ്ങിനെ പൂശാരിയുടെ കൂടെ പെൺകുട്ടിയെ മേയാൻ വിട്ടിട്ട്‌ ബന്ധുക്കൾ പോയി..അന്നു രാത്രി പത്തറുപത്തഞ്ചു  തികഞ്ഞ പൂശാരിയെ ബാധ തട്ടി, അതോ മകനോ?..ആളുകൾ പറഞ്ഞു.."കടുത്ത ബാധ തന്നെ!..പൂശാരിക്കു പോലും!.." അങ്ങിനെ മകൻ പൂശാരിയായി, ബാധയെ ഏറ്റെടുത്തു.." ബാധയ്ക്കിപ്പോൾ മക്കൾ നാല്‌!.സ്വസ്ഥം സുഖം.ആളുകൾ പറഞ്ഞു പൂശാരിക്ക്‌ തളയ്ക്കാൻ കഴിയാത്തത്‌ മകൻ തളച്ചു..!..ഓളെ മെരുക്കീലേ...ബാധയെ തളച്ചില്ലേ...!
കുഞ്ഞൻ പൂശാരിയുടെ അസ്ഥിത്തറയിൽ വിളക്കു കൊളുത്തുമ്പോൾ ബാധയ്ക്ക്‌ മൗനം! ..മകൻ പൂശാരിക്ക്‌ മൗനം! ഇപ്പോൾ മറ്റൊരു ദുർമൂർത്തി കൂടെയായി... കുഞ്ഞൻ പൂശാരി!..കുഞ്ഞൻ പൂശാരിക്ക്‌ നേദ്യം പട്ട ചാരായവും പെൺപിള്ളേരുടെ അകമഴിഞ്ഞ സമർപ്പണവും ആണത്രെ!

ഇത്രയും ശക്തി മകൻ കാട്ടിയിട്ടും പൂശാരിയുടെ ആളുകളെല്ലാം അതു ശരിവെച്ചിട്ടും മേലാളന്മാർ അപ്പോഴും ചിരിച്ചു...ഒപ്പം വിളിച്ചു " മകൻ പൂശാരി" "ജ" യ്ക്ക്‌ അപ്പോഴും അയിത്തം!.. അല്ലെങ്കിൽ അയാളും പൂജാരിയെന്ന് അറിയപ്പെട്ടേനേ..

കോഴിയും അയാളും

തങ്കക്കുടങ്ങളായി പരിപാലിക്കും നേരം
അവർ അവനെ വിശ്വസിച്ചു,
യാചിക്കുന്ന ജീവന്റെ-
കഴുത്തിൽ കത്തികൾ
ഞരമ്പുകൾ പരുതുമ്പോളവൻ
സാന്ത്വനമേകി
" ബിസിമില്ലാഹ്‌!"

കവറിൽ കഷ്ണമാക്കപ്പെട്ട
രുചികൾ
നൽകുമ്പോളവൻ
ആഗ്രഹിച്ചിരുന്നു
" യാ റബ്ബേ ഇനിയും!"

ദയ അസ്തമിച്ച കണ്ണുകൾ
പണമെണ്ണിവാങ്ങുമ്പോൾ
തിളക്കം, കൺകളടർത്തി-
ചുണ്ടിൽ പൊൻപുഞ്ചിരിയാക്കി.

ക്രൂരതയാർന്ന ഹൃദയം
ഉടക്കിനായൊരുമ്പെട്ടപ്പോൾ
പണമെണ്ണികൊടുത്തവൻ
സമാധാനം മറന്നു.
ഫാനിന്റെ കീഴിൽ,
വിദഗ്ധരുടെ തണലിൽ
കത്തിയിറക്കും
വേദനയില്ലെങ്കിലും
നീറ്റലിൽ വശംകെട്ട്‌
അവൻകരഞ്ഞു.
"യാ പടച്ചോനേ ഞാനും!!

തിങ്കളാഴ്‌ച, മാർച്ച് 08, 2010

നൈറ്റ്‌ ഡ്യൂട്ടി

ഷൂസുകൾ പോളീഷ്‌ ചെയ്തിട്ടു അന്നയാൾക്ക്‌ തൃപ്തി വന്നിരുന്നില്ല.. കണ്ണാടി പോലെ തിളക്കമാർന്ന അതിൽ അയാൾ വീണ്ടും വീണ്ടും ബ്രഷിട്ട്‌ ഉരസ്സി..ഇസ്തിരിയിട്ടു വടിവൊത്ത ഷർട്ടിട്ടു കൊണ്ടിരിക്കുമ്പോൾ നിലത്തുറയ്ക്കാത്ത കാലുകളുമായി ആടിയാടി ടീപ്പോയിൽ പിടിച്ച്‌ മകൻ എഴുന്നേറ്റുനിന്നു.
അയാളപ്പോൾ മുഖം മിനുക്കുന്ന തിരക്കിലായിരുന്നു..
.അച്ഛനു മാത്രമേ പറ്റൂള്ളൂ ഇതൊക്കെ തനിക്കായാലെന്താ എന്നുകരുതിയാവണം വിറക്കുന്ന കൈകളോടെ ടീപ്പോയിൽ മെല്ലെ പിടിച്ചു അതിൽ കയറി നിന്ന് അവൻ അലമാരയിൽ നിന്നും വിലകൂടിയ സ്പ്രേയെടുത്ത്‌ ദേഹത്ത്‌ ചിതറിക്കാൻ വിഫലശ്രമം നടത്തി. അയാളവന്റെ ചന്തിക്കിട്ടു മെല്ലെ അടിച്ചു കൊണ്ട്‌ പറഞ്ഞു" കള്ളാ ... എന്റെ സ്പ്രേ.. ഇപ്പോൾ നീ നാശമാക്കിയേനെ..." കള്ളനെ തോണ്ടിമുതലോടെ പിടിക്കപ്പെട്ട നിരാശ കൊണ്ടോ, കൈക്കലാക്കിയ മുതൽ പിടിച്ച്‌ വാങ്ങിയതിനാലുള്ള അരിശം കൊണ്ടോ, തന്റെ നഗ്നമായ ചന്തിയിലുള്ള അനാവശ്യമായ പ്രകടനം ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ അതിനോടുള്ള അമർഷമോ പ്രതിഷേധമോ രേഖപ്പെടുത്താൻ അവൻ ലൗഡ്‌ സ്പീക്കർ വെച്ച പോലെ ഉച്ചത്തിൽ അലറിക്കരഞ്ഞു..

"മോനെ.. മോൻ വാ അച്ഛന്‌ ഡ്യൂട്ടിയ്ക്ക്‌ പോണ്ടേ.. മോനെ പറഞ്ഞു മയക്കിക്കൊണ്ട്‌ അവന്റെ അമ്മ കരച്ചിലിൽ നിന്നും ചിരിയിലേക്ക്‌ മെല്ലെ മടക്കികൊണ്ടു വന്നു.. ഒക്കത്തിരുന്നു കണ്ണീർ ഇറ്റിറ്റു വീഴുമ്പോഴും അവൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.

അയാൾ സ്പ്രേ യെടുത്ത്‌ തോളിൽ ആവോളംചിതറിച്ചു. അൽപം സ്പ്രേ ഒരു സാന്ത്വനമെന്നോണം മകന്റെ ഷർട്ടിലും ഭാര്യയുടെ സാരിയിലും ചിതറിച്ചുകൊണ്ട്‌ പറഞ്ഞു.. " മണം മോശമില്ല അല്ലേ.. നല്ല മണം!"

ഊവ്വേന്ന് അവർ തലയാട്ടി..പിന്നെ വിഷമത്തോടെ പറഞ്ഞു എന്തൊരു കഷ്ടമാണ്‌ . എപ്പോഴും ഈ നൈറ്റ്‌ ഡ്യൂട്ടി.. രാത്രി മുഴുവൻ ഒറ്റയ്ക്ക്‌ ഈ വലിയ ഫ്ലാറ്റിൽ ഞാനും മോനും!... പേടിയാവുന്നു.."

" അങ്ങിനെ പറയല്ലേ പൊന്നെ.. വല്ലപ്പോഴുമല്ലേ ഈ നൈറ്റ്‌ ഡ്യൂട്ടിയുള്ളൂ. .അരിപ്രശ്നമല്ലേ. .. ... .പോകാതിരിക്കാൻ പറ്റുമോ?." അയാളുടെ മനസ്സിൽ അഞ്ജനം പടർന്നിരുന്നതു മറച്ചു വെച്ചു ചുണ്ടിലെ ഊറിയ തേൻകണം അവളുടെ തല പിടിച്ചു കുനിച്ച്‌ മൂർദ്ധാവിൽ പകർന്നുകൊണ്ടയാൾ പറഞ്ഞു.. അവളുടെ ഒക്കത്തിരുന്ന് മാലയിൽ പിടുത്തമിട്ട്‌ സ്വർണ്ണത്തിന്റെ തിളക്കത്തിന്റെയോ, ചിത്രപ്പണികളുടെയോ ഭംഗിയാസ്വദിക്കുന്ന മകന്‌ പൊന്മുത്തം കൊടുത്ത്‌ അയാളിറങ്ങി..
"അച്ഛനു റ്റാറ്റ പറയൂ മോനേ.."അവൻ റ്റാറ്റ പറഞ്ഞു കൊണ്ടിരുന്നു.
എങ്ങോ ഓടിയ മനസ്സിനെ മറച്ച്‌ യാന്ത്രികമായി അയാൾ കൈകൾ ചലിപ്പിച്ചു.
കാർ സ്റ്റാർട്ട്‌ ചെയ്തു.. വാച്ചിൽ നോക്കി അയാൾ പിറു പിറുത്തു.." ഇല്ല സമയം അധികം വൈകിയിട്ടില്ല!"
അവൾ വഴിയരികെയുള്ള പാർക്കിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു..കാർ നിർത്തി ഡോർ തുറന്നവൾ അകത്തു കയറി.. "എന്താ നിന്റെ മുഖത്തൊരു വാട്ടം?"- ഭവ്യതയിൽ അയാൾ ചോദിച്ചു..
"ഹും ഇന്നലെ വരാമെന്ന് പറഞ്ഞിട്ട്‌..എത്ര നേരം ഇവിടെ കാത്തു നിന്നെന്നറിയാമോ?" അവൾ മുഖം കറുപ്പിച്ചു.
ചൂടുള്ള കടുത്ത കട്ടൻ ചായ നുണഞ്ഞിറക്കിയ പോലെ അയാളുടെ മുഖം പെട്ടെന്ന് മാറി പിന്നെ പറഞ്ഞു "എന്തു പറയാനാ എന്റെ റസിയാ... അവളുടെ കണ്ണുവെട്ടിച്ചിട്ടു വേണ്ടേ വരാൻ?.. ഇതു തന്നെ എന്തൊക്കെ തരികിട പറഞ്ഞിട്ടാണെന്നറിയുമോ നിനക്ക്‌!!"
 "എന്താ അവളെ അത്രയ്ക്ക്‌ പേടിയാ"-കടന്നലുകുത്തിയ മുഖം ഒരൽപം വീക്കം കുറഞ്ഞു .
." പേടിയല്ല റസ്സിയാ എന്നാലും കെട്ടിയ പെണ്ണല്ലേ..ഞാനാണെങ്കിൽ നാട്ടുകാരുടെ ഇടയിൽ ആദർശവാനും!."
"ഊം പിന്നെ.. ഒരു ആദർശവാൻ" അവൾ കളിയാക്കിചിരിച്ചു.
 സുന്ദരമായ ഇടതു കൈയ്യിൽ ബ്ലൈഡുകൾ കൊണ്ടുള്ള പഴയ പോറലിന്റെ പാടുകൾ!. .ഉണങ്ങിയതാണെങ്കിലും ചൂടാക്കിയ ഇസ്തിരിപ്പെട്ടി കവർന്നെടുത്ത വലതുകൈയ്യിലെ പഴയ ഓർമ്മക്കുറിപ്പുകളിൽ അവൾ മെല്ലെ തടവി ....നീറുന്ന ഭൂതകാലത്തിലേക്കവൾ ഊളിയിട്ടു തിരിച്ചു വന്നു.. അതിസുന്ദരി എന്നിട്ടും...!!
 റസ്സിയയുടെ മുഖം ഫേഷ്യലിന്റെ കരുത്തിൽ ചുവന്നു തുടുത്തിരുന്നു. അത്തറിന്റെ മണം അയാളുടെ മസ്തകത്തെ കാർന്നു തിന്നു..
".ഇന്ന് നിന്നെ കാണാൻ എന്തൊരു ഭംഗിയാ.." -വണ്ടി പാർക്കു ചെയ്തു കൊണ്ടയാൾ പ്ലേറ്റ്‌ മാറ്റി പറഞ്ഞു.. "ഊം പിന്നേയ്‌...പുകഴ്ത്തല്ലേ..".എന്നു പറഞ്ഞെങ്കിലും അതിലവൾ വീണു. മന്ദസ്മിതത്തോടെ അയാളുടെ കരംഗ്രഹിച്ചു കൊണ്ടവൾ അവളുടെ ഫ്ലാറ്റിലേക്ക്‌ കയറി.
റസ്സിയയുമായുള്ള ബന്ധം അയാൾ വർഷങ്ങളോളം തുടർന്നു കൊണ്ടിരുന്നു..അവളുടെ ഭർത്താവു മരിച്ചതിനു ശേഷമാണയാൾ അവളുമായി അടുത്തത്‌.. ഇഷ്ടമില്ലാത്ത വിവാഹം!...മക്കളില്ല.! പീഡനം കലയാക്കിയ ഭർത്താവെന്ന നരാധമന്റെ മരണം അവൾക്കൊരു വിഷമവും ഉണ്ടാക്കിയിരുന്നില്ല.. ഭർത്താവ്‌ ശരീരം പോറലേൽപിച്ചു കിട്ടുന്ന തൃപ്തി ലഹരിയാക്കുമ്പോൾ കിട്ടുന്ന നീറുന്ന വേദനയായിരുന്നു അവൾക്ക്‌ വിവാഹ ജീവിതം.  ആ മാനസ്സിക രോഗിയായ ഭർത്താവിന്റെ മരണശേഷമാണ്‌ റസ്സിയയുമായി അയാൾ അടുത്തത്‌.. ഒരു സഹതാപം!.ആരുമില്ലാതെ അനാഥയായ അവളെ ഒരു ജോലിക്കായി അയാൾ സഹായിച്ചു.. വേറൊരു വിവാഹം തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.ഇനിയൊരു കല്ല്യാണം തന്റെ ജീവിതത്തിൽ വേണ്ടെന്നുംഅവൾ തീർത്തു പറഞ്ഞു!  ആണുങ്ങളെ ആരെയും വിശ്വാസമില്ലെന്ന് അവൾ അറുത്തു മുറിച്ചുപറഞ്ഞു.. .കല്ല്യാണം കഴിച്ചുവെന്നറിഞ്ഞിട്ടും അവൾ അയാളുമായി അടുത്തു.അവൾക്കയാളെ മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്നവൾ പറഞ്ഞു...അയാളുമായി ശരീരം പങ്കുവെക്കണമെന്ന് പറഞ്ഞു ഒരുനാൾ വാശി പിടിച്ചു.അങ്ങിനെഒരു നാൾ അവളുടെ വാശിക്ക്‌ തടയിടാൻ കഴിയാതെ വന്നപ്പോൾ --അല്ല അവൾ കടന്നു പിടിച്ചപ്പോൾ--. നിസ്സംഗതയോടെ..അയാൾ വഴങ്ങിപ്പോയി..അയാൾ വല്ലാതെയായി..സാന്ത്വനത്തോടെ അവൾ പറഞ്ഞു.
 "നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും മണ്ണുവാരിയിടില്ല..വല്ലപ്പോഴും , വല്ലപ്പോഴും മാത്രം...... ഞാനും ഒരു പെണ്ണല്ലേ..ഞാനൊരിക്കലും വേശ്യയല്ല.. ആകുകയും ഇല്ല..ഭർത്താവിനാൽ ലഭിക്കാത്ത സ്നേഹം ആവോളം ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ തന്നു അതു മതി.. അതു മാത്രം മതി.". തൃഷണയടങ്ങാത്ത അവളുടെ വിതുമ്പൽ ചിലപ്പോഴൊക്കെ അയാളെ വിവശനാക്കിയിരുന്നു. ഒരു സഹതാപം!!അതിനാൽ മാത്രമാണയാൾ അവളുമായി അടുത്തത്‌.അതിനാൽ മാത്രമാണയാൾ അവളുടെ ശരീരം പങ്കിട്ടത്‌.തനിക്ക്‌ ചെയ്യാൻ കഴിയുന്നത്‌..ദുഃഖത്തിന്റെ കാർമേഘം മൂടിയ മനസ്സിൽ അവൾക്കാഹ്ലാദം വരുത്തുന്ന ഒരു കാര്യം..!!
 
അല്ലാതെ ചെയ്തസഹായം മുതലാക്കാൻ വേണ്ടിയായിരുന്നില്ല.. അയാൾ അത്തരക്കാരനായിരുന്നില്ല..
അന്നും നൈറ്റ്‌ ഡ്യൂട്ടിയെന്നു പറഞ്ഞ്‌ അയാൾ ഇറങ്ങാൻ തുടങ്ങി.. ഭാര്യ അടുത്തെത്തി പറഞ്ഞു. " ഇനി നിങ്ങൾ നൈറ്റ്‌ ഡ്യൂട്ടിയ്ക്ക്‌ പോകരുത്‌.ആ ജോലി എങ്ങി നെയും കുറച്ചു കാലത്തേക്കെങ്കിലും വേണ്ടെന്ന് വെക്കണം"..
" എന്താ എന്തു പറ്റീ നിനക്കിപ്പോൾ?"തന്റെ കള്ളത്തരം എല്ലാം അറിഞ്ഞു കാണുമോ എന്ന പരിഭ്രമം അയാളുടെ മുഖത്തുണ്ടായിരുന്നു..
"...ഒന്നുമില്ല.. ഇനി നിങ്ങൾക്കാ പണി വേണ്ടാ... " അവൾ തറപ്പിച്ചു പറഞ്ഞു.
"കാരണം?"
" ഇത്രകാലം അപ്പുറത്തെ ഫ്ലാറ്റിലെ വിശ്വൻ ചേട്ടനെ എന്തെങ്കിലും ആവശ്യമുള്ളപ്പോൾ വിളിക്കാമായിരുന്നു.. അയാൾ ലീവിനു നാട്ടിൽ പോയിരിക്കുകയാ... അയാൾ പോലുമില്ലാതെ എങ്ങി നെയാണീ ഫ്ലാറ്റിൽ ഒറ്റയ്ക്ക്‌... എനിക്കു വല്ലാത്ത പേടി തോന്നുന്നു..ഒറ്റയ്ക്കിരിക്കാൻ.!!"
അയാൾ ഞെട്ടിയിരുന്നു.
." അപ്പുറത്തെ വിശ്വൻ ആളൊരു കോഴിയാ ... അയാൾക്കത്രെ ഇടം കൊടുക്കേണ്ട!" -ഫ്ലാറ്റ്ലേക്ക്‌ ഒരുനാൾ വന്ന കൂട്ടുകാരൻ പറഞ്ഞത്‌ അയാളുടെ ചെവിയിൽ മണികിലുങ്ങുന്നതു പോലെ തോന്നി... എന്തു ചെയ്യണം എന്നൊർത്ത്‌ അയാൾ മെല്ലെ ഫോൺ കയ്യിലെടുത്തു വിളിച്ചു പറഞ്ഞു .
" ഇന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ വരില്ല.. നല്ല സുഖമില്ല"
"ശരി" അപ്പുറത്തു ഫോൺ കട്ടായി.
" ആരാ ചേട്ടാ.. അപ്പുറത്ത്‌ പെണ്ണിന്റെ ശബ്ദം.??."- അവൾ അയാളോട്‌ ചോദിച്ചു..
"അതു കമ്പനി സെക്രട്ടറിയുടെ ശബ്ദമാ"- ഒഴുക്കൻ മട്ടിൽ പറഞ്ഞ്‌ അയാൾ എടുത്തണിഞ്ഞ ഡ്രെസ്സ്‌ അഴിച്ചു മാറ്റി.
അൽപനേരത്തെ മൗനത്തിനു വിരാമമിട്ട്‌ അയാൾ ചോദിച്ചു."വിശ്വനെ നിനക്കെങ്ങിനെ അറിയാം?"
" നിങ്ങളല്ലേ ഒരുദിവസം അയാളെ ഇവിടെ വിളിച്ചു വരുത്തി എന്നെകൊണ്ട്‌ ചായ ഇട്ടു കൊടുപ്പിച്ചത്‌...നല്ല മനുഷ്യനാണെന്ന് നിങ്ങളല്ലേ അന്നു പറഞ്ഞത്‌!.ഓർമ്മയില്ലേ.."
" ശരിയാണ്‌ ഞാൻ മറന്നു പോയി.. അതിൽ പിന്നെ അയാൾ ഇവിടെ വന്നിരുന്നോ?"
"ഇല്ല .. എന്നാലും അയാൾ അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ളപ്പോൾ എനിക്കൊരു ധൈര്യമായിരുന്നു.. എന്തെങ്കിലും ആവശ്യം വന്നാൽ അയാളെയെങ്കിലും വിളിക്കാമല്ലോ?.അവിടേയും ആരും ഇല്ല...അതിനാലാ എനിക്ക്‌ പേടി..എനിക്കു വയ്യ.. ഞാനും മോനും ഒറ്റയ്ക്ക്‌."
'ഊം" അയാൾ അമർത്തിമൂളി..
"എന്താ ചോദിച്ചത്‌?"
"ഒന്നുമില്ല .. വെറുതേ ചോദിച്ചതാ"
ഇവളെ വിശ്വസിക്കണോ.. അതോ അവിശ്വസിക്കണോ? അയാളുടെ മനസ്സിൽ നൂറു നൂറു സംശയങ്ങൾ ഉദിച്ചു പൊങ്ങി... സംശയങ്ങൾ എന്നത്തേക്കോ ബാക്കിവെച്ച്‌ അയാളുടെ  നൈറ്റ്‌ ഡ്യൂട്ടി എന്നെന്നേക്കുമായി അവസാനിച്ചു ...

വെള്ളിയാഴ്‌ച, മാർച്ച് 05, 2010

കാക്കയുടെ ചിന്തകൾ (4)

രക്ത സാക്ഷികൾ!
---------------------------
കിട്ടുണ്ണ്യാശാൻ പതിവു പോലെ തന്റെ നീളം കൂടിയ തോക്കെടുത്തു..കാടുകൾ തിരഞ്ഞു തിരഞ്ഞു കാണാതായപ്പോൾ റബ്ബർ കാട്ടിലേക്ക്‌ കയറി..ഒരു ചുണ്ടെലിയെപോലും കാണാനില്ല.. നിരാശനായി.. നാശമായി.. അന്ധനായി...
വെറുപ്പും കലിപ്പും ആവോളം മനസ്സിൽ നിറഞ്ഞു...ഒരു പക്ഷിക്കുഞ്ഞു പോലും ജീവിച്ചിരിപ്പില്ലെന്നോ?.. കള്ളിനു തൊട്ടു കൂട്ടാനിനി എന്തു ചെയ്യും?
അങ്ങനെ വിഷണ്ണനായി വീട്ടിൽ തിരിച്ചെത്തി..അതാ ഇരിക്കുന്നു തെങ്ങിലൊരു കാക്ക...ഠേ... ഒരു വെടി..
ഠേ... രണ്ടാം വെടി ..കാക്ക മരിച്ചു വീണു..ഞാൻ ചത്തേ എന്ന് ഒരളർച്ചയും..!
ഓടി ചെന്ന് അതെടുത്തു കൊണ്ടുവരുന്നത്‌ .. മറ്റുള്ള കാക്ക പഹയന്മാരെല്ലാം കണ്ടു,അലർച്ചകേട്ടു..പാപി ചത്താലും മറ്റുള്ളവരെ ദ്രോഹിക്കും...
..ബൂർഷ്വായായ കിട്ടുണ്യാശാൻ കാക്കയെ വെടിവെച്ചിട്ടിരിക്കുന്നു...നേതാവായ കാക്ക പാഞ്ഞെത്തി.. സംഭവം സത്യം!..നേരിൽ കണ്ടു ബോധിച്ചു.
കിട്ടുണ്യാശാൻ വേഗം നല്ല മുളകരച്ച്‌ കറിയാക്കി.. കള്ളിനൊപ്പം സേവിച്ചു.". നല്ല രസമുണ്ട്‌..കാക്കയിറച്ചി!"
കാക്കകൾ സമ്മേളിച്ചു...കരഞ്ഞു...മൗനജാഥ നടത്തി...പ്രതിഷേധിച്ചു...ജീവിതത്തിൽ പാഠമെന്തെന്ന് കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഇവനെ ഒരു പാഠമെങ്കിലും പഠിപ്പിക്കണം.. ഒന്നടങ്കം അവർ .. കാ...കാ..കാ..എന്നു ശരിവെച്ചു..
.കാക്കയുടെ നേതാവു മുദ്രാവാക്യം വിളിച്ചു...." രക്തസാക്ഷികൾ സിന്ദാബാദ്‌..!..
ഒപ്പം അണികളും!..അവർ കിട്ടുണ്യാശാനെ വീട്ടു തടങ്കലി ലാക്കി... അതിൽ പിന്നെ കിട്ടുണ്യാശാന്‌ വീടിനു പുറത്തിറങ്ങാൻ പറ്റാണ്ടായി...സി..ഐ.. ഡി..കളാണ്‌ ചുറ്റിലും.!!...ചാക്ക്‌ മൂടിക്കൊണ്ട്‌ പുറത്തിറങ്ങിയാലും ഏതെങ്കിലും ഇൻഫോർമർ കാക്ക വിവരം കൊടുക്കും..പിന്നെ വട്ടം കൂടി അറ്റാക്കാണ്‌...അങ്ങിനെ കിട്ടുണ്യാശാൻ കള്ളും, ഇറച്ചിയും കിട്ടാതെ വെറിമൂത്ത്‌ ചത്തു...
..ഇതിൽ നിന്നെന്തു മനസ്സിലായി.. കുട്യാൾക്ക്‌... ? ...കള്ളിനു തൊട്ടു കൂട്ടാൻ കാക്കയെ വെടിവെക്കരുതെന്ന്... അല്ലേ.! കഥകേട്ട പേരക്കുട്ടികൾ പറഞ്ഞു ഈ മുത്തശ്ശിടേ ഒരു കാര്യം!...
"ഇനി മുത്തശ്ശീടേ കഥ കേൾക്കണമെങ്കിൽ ലാപ്പ്‌ ടോപ്പും കൊണ്ടു വരണം...ട്ടോ.." .ബബിൾഗം നിറച്ചു വെച്ച മുറുക്കാൻ ചെല്ലത്തിൽ നിന്നും ഒരു ബബിൾ ഗം എടുത്ത്‌ വായിലിട്ട്‌ ചറ.. പറ.. മുറുക്കി കൊണ്ട്‌ പറഞ്ഞു..കുട്ട്യോൾക്കെല്ലാം മുത്തശ്ശി ഓരോ ബബിൾ ഗം കൊടുത്തു..
"അമ്മേ കുറുക്കു കഴിക്കേണ്ട കുട്യാൾക്കാണോ ബബിൾഗം കൊടുക്കുന്നേ.."- കുട്യാളുടെ അമ്മ.
"കുട്യോളും ബബിൾ ഗം മുറുക്കി തിന്നു പഠിക്കട്ടേടീ അല്ലാണ്ട്‌ എനിക്കിപ്പോ കഞ്ചാവ്‌ വാങ്ങിക്കൊടുക്കാൻ പറ്റുമോ?"..മുറുക്കാൻ ചെല്ലം അടച്ചു വെച്ച്‌ മുത്തശ്ശി ഒരു ബബിൾ ഗം കുട്യോളുടെ അമ്മയ്ക്കു കൊടുത്തു പറഞ്ഞു..." ഞാൻ മറന്നു..നിനക്കു വേണമെങ്കിൽ അതു പറഞ്ഞാൽ പോരെ... എന്റെ പക്കൽ ഒരു പാടുണ്ട്‌!"
മുത്തശ്ശിയും മോഡേണായി..

കാക്കയുടെ ചിന്തകൾ (3)

ഉപദേശം
------------
" വാങ്ങുന്നതിനേക്കാൾ കൂടുതൽ കൊടുക്കുന്നതാണു ലാഭകരം..എന്നാണെന്റെ നയം..". മീൻ കൂട്ടയിൽ കൈയ്യിട്ട്‌ അയാൾ നയം വ്യക്തമാക്കി..
അവനയാളെ അവിശ്വസിച്ചില്ല...സ്വർണ്ണത്തിനു വിലകൂടിയതിനു പുല്ലുവില കൽപിച്ച്‌ അവൻ അയാൾക്ക്‌ മനസ്സിൽ സർട്ടിഫിക്കറ്റ്‌ നൽകി. തങ്കം പോലത്തെ മനുഷ്യൻ!.
മീൻ കിട്ടിയപ്പോൾ പൈസ സെയിം കൊടുത്തിട്ടും മറ്റുള്ളവർക്കു കിട്ടിയതിലും കുറവ്‌...!
"എന്താ ഇങ്ങനെ?.".ഒരു സംശയം!..".... നിങ്ങളല്ലേ പറഞ്ഞത്‌.......?"
"..അതു തന്നെയാണ്‌ ഞാൻ നിന്നോട്‌ പറഞ്ഞത്‌... അതു നിനക്കുള്ള ഉപദേശമാണ്‌...!"- കൂസലന്യേ അയാൾ പറഞ്ഞു.
"..പ്രവാസികൾക്ക്‌ ഉപദേശം സൗജന്യമാണ്‌...എന്നും എപ്പോഴും എവിടേയും......"-- കാക്ക ഉയരത്തിലുള്ള മരക്കൊമ്പിലിരുന്നു പറഞ്ഞു...
"..ശ്ശോ... ഞാൻ മറന്നു... ഞാനും പ്രവാസി.!!".. വിലപേശരുത്‌..മിണ്ടരുത്‌..!!" എന്നതവൻ മനസ്സിലോർത്തു.. അവനപ്പോൾ അയ്യേ.. നാണക്കേട്‌ എന്ന ഭാവം മറയ്ക്കാൻ കല്ലെടുത്ത്‌ വഴിയേ പോയ ചാവാലിപട്ടിയെ എറിഞ്ഞു..