പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 10, 2010

കാക്കയുടെ ചിന്തകൾ-6

അതവരുടെ തെറ്റ്‌  ---- ആണോ?
--------------------------------------------
അസുലഭമായ നിർവൃതിക്കൊടുവിൽ കൈപ്പിഴയായി സ്വന്തം വയറിൽ കുരുത്ത, കാറി വിളിക്കുന്ന പിഞ്ചോമനയെ വിഭ്രമത്തോടെ അതിവേഗം പ്ലാസ്റ്റിക്‌ കവറിലാക്കി കുഴിച്ചിട്ട അവിഹിത മാതാവിന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളൂ... സ്വയം ശുദ്ധയാകണം..ശുദ്ധയാണെന്ന് എല്ലാവരും എന്നും  വിശ്വസിക്കണം!

കിടന്ന കിടപ്പിൽ പീടികത്തിണ്ണയിൽ  വാളുവെച്ച മദ്യപനും ഒന്നേ വിചാരിച്ചുള്ളൂ... അശുദ്ധത പുറംതള്ളീ സ്വയം ശുദ്ധനാകണം.!

മരവിച്ച മനസ്സിൽ, നഗരമദ്ധ്യത്തിൽ മലമൂത്രവിസ്സർജ്ജനം നടത്തിയ ഭ്രാന്തനും ഒരേ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളൂ അശുദ്ധത നീക്കി വിശുദ്ധനാകണം.!

ഫ്ലാറ്റിലെ കുമിഞ്ഞ മാലിന്യം ശ്രദ്ധയോടെ, വിലകൂടിയ കാറിൽ കയറ്റി ഓടിച്ചു പോയി  ആരും കാണാതെ ഏതോ വീടിന്റെ പടിക്കലേക്ക്‌ വലിച്ചെറിഞ്ഞ ധനാഡ്യനും ഒന്നേ വിചാരിച്ചുള്ളൂ .. തന്റെ ഫ്ലാറ്റും പരിസരവും സംശുദ്ധമാക്കണം.!

മാലിന്യങ്ങൾ ലോറികളിൽ നിറച്ചു നദികളിൽ നിക്ഷേപിക്കുമ്പോൾ കരാറുകാരനും ഒന്നേ വിചാരിച്ചുള്ളൂ.. ..പറഞ്ഞേടം ശുദ്ധിയാക്കണം.. എങ്കിലേ അടുത്ത കരാർ ..!!..

കളകളം പാടിയ നദികളിലെ മണലൂറ്റുവാൻ സമ്മതിച്ചവർ ഒന്നേ ഓർത്തുള്ളൂ.... എന്നും നദി കളകളം പാടിയാൽ എന്തു രസം ഒരു ദുരന്ത കഥയില്ലാതെ...!!

തെറ്റ്‌ നമ്മുടെയാണ്‌ .. വീക്ഷിക്കുന്നവരുടെ... കേൾക്കുന്നവരുടെ....പ്രതികരിക്കുന്നവരുടെ... അല്ലേ?... വീണ്ടും സംശയമോ?

അന്നും ഉപദേശികാക്ക പറഞ്ഞു..." എല്ലാവരും ശുദ്ധന്മാരാണ്‌ ... സംശുദ്ധന്മാർ....കാണുന്നവരുടെ കേൾക്കുന്നവരുടെ മനസ്സിലെ അശുദ്ധിയാണവരെ പാപികളെന്നു സംശയിപ്പിക്കുന്നത്‌!"

മറ്റുകാക്കകൾ.. കാ കാ..കാ എന്നു ശരിവെച്ചു.അന്നത്തെ പാഠം കഴിഞ്ഞിരുന്നു.. കിഴക്കേലെ മാണിക്കേടത്തിയുടെ ശ്രാദ്ധമുണ്ട്‌... ഊട്ടിനു പോകണം.. അല്ലെങ്കിൽ അവരെന്തു വിചാരിക്കും?      ആ വീട്ടുകാരെന്തു വിചാരിക്കും?.എന്നോർത്ത്‌...കാ..കാ.. കാ...എന്ന് ആർത്തുവിളിച്ച്‌ അവർ അങ്ങോട്ടേക്ക്‌ പറന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ