പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 10, 2010

കുഞ്ഞൻ പൂശാരി

കൊല്ലവർഷം, അതോ ശകവർഷമോ?...എത്ര്യോ ആണ്ട്‌!!...കണക്ക്‌ വല്യപിടിയില്ല..നിങ്ങളുടെ മാർക്ക്‌ കണ്ടാൽ ബോധം കെട്ടു വീഴുമെന്ന് ബഡായി പറഞ്ഞ്‌ കണക്ക്‌ മാഷ്‌ പരീക്ഷാ പേപ്പറു തരാൻ മനപൂർവ്വം വൈകിക്കും.രണ്ടും മൂന്നും മാർക്ക്‌ കിട്ടാൻ വഴിയില്ലല്ലോ?..പൂജ്യമല്ലാതെ.!!.മാഷ്ക്ക്‌ തെറ്റിപ്പോയോ അതോ ശരിയെഴുതി നമുക്ക്‌ തെറ്റിപ്പോയോ എന്ന അങ്കലാപ്പിൽ നിൽക്കുമ്പോൾ മാഷുടെ അടി.
". രണ്ടും മൂന്നും മാർക്കാ അല്ല്യോടാ?.."
ഇതെന്തു കൂത്ത്‌.. മാഷ്ക്ക്‌ മാർക്കിടാൻ അറിയാത്തതിന്‌ നമ്മളെന്തു പിഴച്ചു എന്നോർത്ത്‌ പിഴച്ച്‌ പിഴച്ച്‌ ഒതുങ്ങികൂടി നടക്കുന്ന നാം..ഒരു ശല്യത്തിനും പോയില്ലെങ്കിലും മാഷ്‌ അലമ്പുണ്ടാക്കും. .തല്ലും.!!..സംഘടനയും കോപ്പും ഉണ്ടാക്കി ജാഥ വിളിക്കാനും കല്ലെറിയാനും പോയി മാഷും വെടക്കായിന്നാ തോന്നുന്നത്‌..നമ്മൾ ഗാന്ധീന്റെ ആൾക്കാരാ പര പരാന്ന് തല്ലു കൊള്ളും.. ഒരു തുടയ്ക്ക്‌ ചൂരലിന്റെ പെട കിട്ടിയാൽ മറു തുട കൂടി കാട്ടി കൊടുക്കും.. ഒരക്ഷരം പറയാറില്ല..
.അല്ലേങ്കിലും ചായക്കടയിൽ ചെന്ന് രണ്ടു ചായ ഒരു പാട്‌ കടിയും എന്നു പറഞ്ഞിട്ട്‌ നിൽക്കുമ്പോൾ,പഴയ പറ്റ്‌ തീർത്തിട്ടു പോരെ ബാക്കി തന്റെയൊക്കെകടി എന്ന് തന്തയ്ക്ക്‌ വിളിക്കാൻ പാകത്തിൽ വരെ എത്തിക്കൊണ്ട്‌, പല്ലു ഞരടിക്കൊണ്ട്‌ മനസ്സിൽ പറഞ്ഞിട്ട്‌, കൈക്ക്‌ ഭാവിയിൽ പണിതരുമോ ഇവൻ എന്നുകൂടിഒരു വട്ടംഓർത്തിട്ട്‌ കേറ്റിക്കോ എന്ന മട്ടിൽ തരും അല്ലാതെ ചതുരത്തിന്റെ വിസ്തീർണ്ണം എത്രെയാടോ കന്നാലീന്ന് ആരും ചോദിക്കില്ല! (a+b)2 = എത്രെയെന്ന് ആരു ചോദിക്കാൻ?.. അതൊക്കെ പഠിച്ചതു വെറുതേ.. ഇമ്പോസിഷ്യൻ ഒക്കെ എഴുതിയത്‌ മാഷിനെ സന്തോഷിപ്പിക്കാൻ!!.എന്നാലും അയാളുടെ തിരുമോന്ത തെളിയില്ലെന്ന് അന്നു പറഞ്ഞു പോകും ഇന്ന് അതൊക്കെ പറഞ്ഞതിന്‌ സോറിയും..ഒന്നും ഉണ്ടായിട്ടല്ല മാഷുടെ ജോലി മാഷു ചെയ്യുന്നു നമ്മുടെ ജോലി നമ്മളും!അല്ലാതെ വടക്കേലെ ബീവാത്തു എപ്പോഴും അടി വാങ്ങും ചതുരത്തിന്റെയും വൃത്തത്തിന്റെയും ഒക്കെ സമവാക്യം നൂറു പ്രാവശ്യം എഴുതിയാലും പറയുമ്പോൾ തെറ്റിക്കും.. വീണ്ടും ഒരു നൂറു പ്രാവശ്യം!... പൈതഗോറിയൻ സിദ്ധാന്തം പഠിച്ചിട്ടാ ഓള്‌ പുതിയാപ്ലയ്ക്കോപ്പം പോയത്‌?... അഞ്ചെണ്ണത്തിനെ ചറപറ പ്രസവിച്ചത്‌... അപ്പം അതൊന്നുമല്ല കാര്യം!..കാര്യം സിമ്പിൾ.!.. മാഷ്ക്കൊരു ജോലി.. അതിന്‌ മാഷ്ക്ക്‌ നമ്മളെ തല്ലണം!


...രണ്ടും മൂന്നും കൂട്ടിയാൽ ആറോ അതോ നാലോ എന്ന കൺഫൂഷനിൽ നിൽക്കുമ്പോൾ കടക്കാരനും കൺഫൂഷനിൽ കാൽക്കുലേറ്ററിൽ കുത്തി അതിനോട്‌ ചോദിക്കും പറ്റു കുറേ ആയല്ലോ മൂപ്പിലാനേ ഏതാശരി?.
....കുത്തുമ്പോൾ തെറ്റിപ്പോകരുതേ ഗോപാലേട്ടാ എന്ന് പറയുമ്പോൾ.. ഒരു ചിരി ചിരിക്കും..!.. എത്ര പേരെ പറ്റിച്ചിട്ടുണ്ട്‌ പിന്നെയാ നീ എന്നോ, അതോ ഒരിക്കലും മൂപ്പിലാന്‌ തെറ്റിലെന്നോ? എന്തായാലും കിട്ടുന്ന ബാക്കി പോക്കറ്റിൽ ഇടണം.."ശരിയല്ലേ.കണക്ക്‌". എന്നു ചോദിച്ചേക്കാം ചിലപ്പോൾ! "ശരിയന്നേ" എന്ന് പറഞ്ഞാൽ മതി... രണ്ടാൾക്കും സന്തോഷം!.. അല്ലാതെ നമുക്ക്‌ കാൽക്കുലേറ്ററും കൊണ്ട്‌ നടക്കാൻ പറ്റുമോ?

അതാ പറഞ്ഞത്‌ പണ്ട്‌ പണ്ട്‌.. വളരെ പണ്ട്‌...ശ്ശി കണക്ക്‌..ശരിയാക്കണംച്ചാൽ ആവാം... നോം ഭൂജാതനാകുന്നതിനും മുമ്പ്‌...നോം എന്ന് വിളിച്ചത്‌ കേൾക്കുമ്പോൾ പലർക്കും മുട്ടുവിറക്കും.. ഭയപ്പെട്ടിട്ടല്ല മറിച്ച്‌ ഓടിച്ചിട്ട്‌ പിടതരാനാണെന്നും അറിയാം...നമ്മെ നോം ബഹുമാനിച്ചില്ലേങ്കിൽ ആരാ ബഹുമാനിക്യ..?

...ആളുകൾ മാത്രമല്ല ഒരു ചാവാലിപ്പട്ടിയും നമ്മെ ഓടിച്ചിട്ട്‌ കടിച്ചിട്ടുണ്ട്‌ അനുഭവം പരു കാലിൽ കിടക്കുന്നു എന്നത്‌ അനുഭവ സാക്ഷ്യം..അല്ലേലൂയാ...അല്ലേലൂയാ..ദൈവത്തിനു സത്രോത്രം സ്തുതി...നമ്മെ ഒരു ചാവാലി പട്ടി കടിച്ചു..അതു പണ്ട്‌ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ... പട്ടി കോഴിക്കാല്‌ കടിച്ചു പിടിച്ച്‌ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ.. നാമെടുത്തു മാറ്റാൻ ശ്രമിച്ചു...പട്ടിക്കു കോപം വന്നു പിന്നെ കുരച്ചു കൊണ്ടൊരു ചോദ്യം " ഞാൻ കൊണ്ടുവന്ന കോഴിക്കാലിനു നിനക്കു ഭ്രമമോ?.". ഒരു കടി! സ്ത്രൊത്രം.
.....ഏത്‌ ഭൂലോകത്തുംബഹീരാകാശത്തുംപോയി സാക്ഷ്യം പറയാൻ എന്തിനു മടിക്കണം!... വളർന്നതിന്റെ ആഘാതത്താലായിരിക്കാം അതു ചെറുതായി ചെറുതായി ചുരുങ്ങിയിട്ടുണ്ട്‌..അതു ഭൂജാതനായ ശേഷമുള്ള കാര്യം.. അതവിടെ നിൽക്കട്ടേ..കിടക്കുന്നെങ്കിൽ കിടക്കട്ടേ! .
..ഇതു ഭൂജാതനാകുന്നതിനു മുൻപേയുള്ളകാര്യം.

..ആയിടയ്ക്കാണെന്നു തോന്നുന്നു ഭൂജാതനാവണം എന്ന് ദൈവകൽപന!
നിസ്ക്കരിച്ചു നോക്കി.. രക്ഷയില്ല..ഓടിച്ചു വിട്ടു..
പൊന്തക്രോസ്തുമാരെ പോലെ നിലൊളിച്ചോണ്ട്‌ കീർത്തിച്ചു നോക്കി.
രക്ഷയില്ല..ശബ്ദമലിനീകരണത്തിനും കൂടെ ശിക്ഷവിധിക്കും എന്നായപ്പോൾ നിർത്തി.
പാത്തു പതുങ്ങി വന്നു...പൂജയും ധ്യാനവും ശീലിച്ചു നോക്കി.. ചീത്തവിളിച്ചില്ലെങ്കിലും പറഞ്ഞതിൽ നിന്ന് വ്യതിചലിച്ചില്ല..
"നീ ഭൂമിയിൽ ജനിക്കണം അതു നിർബന്ധാ..." എന്ന് ദൈവത്തിന്റെ ഒരു പിടിവാശി."...അല്ലാതെ ആദവും ഹവ്വായും സ്വർഗ്ഗത്തിൽ നാണമില്ലാതെ, നൂൽബന്ധം പോലുമില്ലാതെ നടന്നതും വിചാരിച്ച്‌ അങ്ങിനെ വെള്ളമിറക്കേണ്ട എന്ന് സാരം!...".എവിടെ ജനിക്കണം, എന്ത്‌ പേരിൽ അറിയപ്പെടണം എന്നൊന്നും തീർച്ചയാക്കിയിട്ടില്ല..അങ്ങിനെ തക്കിട തരികിട കളിച്ചു നടക്കുന്ന സമയം.
അപ്പോ പറഞ്ഞു വന്നത്‌ നോം ഭൂജാതനാവാതെ സ്വർഗ്ഗത്തിൽ സുഖസുഭിക്ഷമായി
ദൈവത്തെ പറ്റിച്ച്‌ സപ്രമഞ്ചകട്ടിൽ നിന്നും ഊർന്നിറങ്ങി കട്ടിലിനടിയിൽ കിടക്കണ സമയം ന്നർത്ഥം!
അന്നു കുഞ്ഞൻ പൂശാരി തിമർക്കണ സമയം!

ആളുകൾ പൂശാരീന്നേ വിളിക്കൂ.."ജ"ക്ക്‌ മേലാളന്മാരുടെ വിലക്കാണോന്നറിയില്ല .ദുർമൂർത്തികളെ വരച്ചവരയിൽ നിർത്തി എന്തു കാര്യവും നേടുന്ന അതികായാൻ!.. പറഞ്ഞിട്ടെന്ത്‌? മേലാളന്മാർക്ക്‌ പുച്ഛം.. കുഞ്ഞൻ പൂശാരി!

ഒട്ടേറേ പേരുടെ ബാധ നീക്കീട്ടുണ്ടത്രെ!..പക്ഷേ മേലാളന്മാർക്ക്‌ വിശ്വാസം പോരാ.. മേലാൾന്മാർക്ക്‌ വിശ്വാസം വേണമെങ്കിൽ ഇത്തിരി കളറുവേണം ദേഹത്ത്‌!..ഒത്തിരി പവറുവേണം മടിശ്ശിലയ്ക്ക്‌!.. അല്ലാതെ ജപ്പാൻ ബ്ലാക്ക്‌ ദേഹം കാട്ടി തകർക്കാൻ പറ്റാത്ത വിശ്വാസം എന്നൊക്കെ പറഞ്ഞാൽ ആര്‌ നോക്കാൻ!
അന്നും പൂശാരി ദുർമൂർത്തികളെ ആവാഹിച്ചു.. പൂശാരി കൊയിൽ ഉത്സവായിരുന്നു അന്ന് എന്നർത്ഥം!..
ബാധകൂടിയവർ ഉറഞ്ഞു തുള്ളീ..ഉറഞ്ഞു തുള്ളാൻ പെണ്ണുങ്ങൾക്കാണ്‌ മിടുക്കു കൂടുതൽ!.. .വളച്ചെടുക്കാൻ ആണുങ്ങൾക്കും.!!.. " ഓളുടെ തുള്ളാട്ടം മോശമില്ലടാ.. എന്ന് പറഞ്ഞു നടക്കുന്ന കാലം..  ഒരു കൈ നോക്കിയാൽ .. ഒത്താൽ ഒത്തു.വളഞ്ഞാൽ വളഞ്ഞു!"വെറുതേയുള്ള വല വീശൽ ഒരു കറിക്കെങ്കിലും!.. അത്രയേ അന്നെത്തെ ആണുങ്ങൾക്ക്‌ അവരിൽ വിശ്വാസമുള്ളൂ! അല്ലാതെ ഒരു മിസ്സ്ഡ്‌ കോളിൽ വീണില്ലേങ്കിൽ ഒരു പാട്‌ മിസ്സ്ഡ്‌ കോൾ പാഴാക്കുന്നവരല്ല.
.അന്ന് മൊബൈൽ പ്രേമവും കമ്പ്യൂട്ടർ പഞ്ചാരയടിയും ഇല്ലല്ലോ? അതുകാരണം അവർ പഴഞ്ചന്മാരല്ലേ ...ബോൺ വീറ്റയും പിസ്തയും കെഫ്സിയും പെപ്സിയും എന്തെന്ന് അറിയാത്ത ഭോഷ്കന്മാർ!ബോൺ വീറ്റക്കും പിസ്തയ്ക്കും പകരം തവിടുകാപ്പിയും തവിടപ്പവും, കെഫ്സിചിക്കനു പകരം കഞ്ഞിയും ഉണക്കു ചുട്ടതുംകാന്താരി മുളകും കൂടി കുത്തി ഞെലച്ച്‌ തിന്ന് അമൃതേത്ത്‌ കഴിച്ചുവേന്നു വീമ്പു പറയുന്നവർ.ഏമ്പക്കം വിടുന്നവർ!..അന്നെത്തെ പ്രേമവും ഇന്നെത്തെ പ്രേമവും ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്‌...  ചില അച്ഛനമ്മമാർ" ഞാൻ മുകളിലേക്ക്‌ നോക്കി അയാൾ താഴേക്കും അങ്ങിനെ നമ്മൾ തമ്മിൽപ്രേമവും ആയി "എന്ന് വെടിപറയുന്ന പ്രേമമല്ല ഇന്ന്.അതൊരു വല്ലാത്ത മുടിഞ്ഞ പ്രേമമാണേ.!... അതിനാൽ മക്കളോട്‌ നന്നായി പ്രേമിക്കാൻ പഠിക്കണേ..നല്ല മൊബൈൽഫോൺ വേണമെങ്കിൽ വാങ്ങിത്തരാം.. കല്ല്യാണം കഴിച്ചു വിടാൻ കാശില്ല നിന്നെയൊക്കെ വളർത്തി പഠിപ്പിച്ച്‌ പാപ്പരായി എന്നുപറഞ്ഞാൽ അതിശയമില്ല.!.

ബാധകൂടിയവർ മേലാൾന്മാരൊന്നുമല്ല സെയിം വിഭാഗത്തിലുള്ളവർ തന്നെ...മുടിയഴിച്ചിട്ട്‌ മാറുമറയ്ക്കാത്ത മിഡിൽ വയസ്സ്‌ സ്ത്രീ ജനം!.. പൂശാരി പൂസ്സായിരുന്നു..  ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ !.. എന്ന് പറഞ്ഞ്‌ ഏതോ ദുഫായിക്കാരൻ നല്ല നൊയമ്പൻ ചുവന്ന വെള്ളം ആവോളം കുടിക്കാൻ കുപ്പിയോടെ കൊടുത്തിരുന്നു..നാടന്റെ കൂടെ അതും ആവോളം വലിച്ചു കേറ്റിയ കുഞ്ഞൻ പൂശാരിഉറഞ്ഞു... അന്ന് പതിവിനു വിരുദ്ധമായി സ്ത്രീകളുടെ മാറിലും നെറ്റിയിലും മറ്റുമൊന്നടങ്കം ഭസ്മം പൂശിക്കൊടുത്തു പൂശാരി..അനുഗ്രഹ വർഷം.!. പെണ്ണുങ്ങളെ അനുഗ്രഹിച്ചിട്ടും അനുഗ്രഹിച്ചിട്ടും കുറഞ്ഞു പോയോ അനുഗ്രഹം എന്ന ഒരു തോന്നൽ !.. ഒരു ശങ്ക!...അന്നു പൂശാരി ഉറയലോടുറയല്‌...ഇന്നേ വരെ പൂശാരി ഇത്രെയും ഉറഞ്ഞിട്ടില്ല..മൂർത്തിയുടെ ശക്തി!.. അതോ വെള്ളത്തിന്റേയോ? ആളുകൾ പരിഭ്രാന്തരായി..ഭക്തി സാന്ദ്രരായി!.ഉറഞ്ഞു തുള്ളീ കോഴിയെ പിടിച്ചു. ഇനി രക്ഷയില്ലെന്നറിയാവുന്ന കോഴി പ്രാർത്ഥനയിലാണ്ടു.. ചെറിയ ശബ്ദം മാത്രം ...ക്രാ...അൽപം വെള്ളവും അരിയുമെടുത്ത്‌ അന്ത്യകുദാശകൊടുത്തു ..പിന്നെ കത്തിയെടുത്ത്‌ ഒരറുക്കൽ! കോഴിയുടെ ചങ്കിലെ ചോര മുഴുവൻ കുടുകുടാന്ന് പൂശാരിയുടെ ഉദരത്തിലേക്ക്‌! പിന്നെ ചുടും.!.. ആരും ആ കോഴിയെ എടുക്കില്ല..മൂർത്തിയെ പേടി.. പേടിയില്ലാത്ത ശപ്പന്മാരെ പൂശാരി പറഞ്ഞ്‌ പറഞ്ഞ്‌ പേടിപ്പിക്കും...പൂശാരിക്കു മാത്രം  പേടിയില്ല..കാരണം മൂർത്തിയുടെ പണം എണ്ണിയെടുക്കേണ്ടതും പൂശ നടത്തേണ്ടതും ഒക്കെ പൂശാരിയല്ലേ അപ്പോൾ പിന്നെ പേടിപ്പിക്കാൻ മൂർത്തിക്ക്‌പറ്റുമോ?.. വല്ലപ്പോഴും ഒന്ന് ദേഷ്യപ്പെട്ടാലായി.." എടാ പൂശാരി... ഞങ്ങൾക്കുംവല്ലപ്പോഴും കള്ളും പിടക്കോഴിയും നേദിക്കണേ.." നേദിച്ചു കഴിഞ്ഞാൽ ചുട്ട കോഴി നിലം തൊടാതെ പൂശാരിയുടെ വയറ്റിലേക്ക്‌! ഒപ്പം ഒരിറക്ക്‌ റാക്ക്‌!.. അതു പിന്നെ ഏതു മത ജാതി വിഭാഗങ്ങളിലും അങ്ങിനെയാണ്‌. അങ്ങിനെ തന്നെയാണ്‌ നാട്ടു നടപ്പ്‌.. അർപ്പിച്ചു കഴിഞ്ഞാൽ അതെടുത്ത്‌ കറിവെച്ച്‌ ശാപ്പിടണം..ദൈവത്തിന്‌ അർപ്പണം മാത്രം ശാപ്പിടൽ അവകാശികൾ, ഭക്തന്മാർ!
ബാധകൂടിയ ഒരു പെൺകൊടിയെ പൂശാരിയുടെ മുന്നിൽ കൊണ്ടു വന്നു..പൂശാരി അവളെ വരച്ച വരയിൽ നിറുത്തി..പൂശാരി വരച്ച വരയിൽ നിൽക്കാതെ ആടിക്കൊണ്ടിരുന്നുവെ ങ്കിലും!
" പെൺകൊടി ആൺ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നു...ഒടുവിൽ പറഞ്ഞു "എനിക്കു ദാഹിക്കുന്നു!"
"പൂശാരി വെള്ളമെടുത്തു എന്തോ ഉരുവിട്ടു.." ഇതാ ഇതു വെണ്ണയാണ്‌! ഇതു തിന്നോളൂ!' അത്ഭുതം അതു വെണ്ണയായിരുന്നു.. പക്ഷേ അവൾക്ക്‌ നിയന്ത്രണം വിട്ടിരുന്നു.." കോപ്പാണ്‌!.. വെള്ളമെടുത്ത്‌ എന്നെ പറ്റിക്കുന്നോ?"
പൂശാരി ഞെട്ടി.. " ഇന്ന് വരെ തന്നോട്‌ ആരും എതിർത്ത്‌ പറഞ്ഞിട്ടില്ല.. എന്താ കഥ!""
"താനേതു വരെ പഠിച്ചു..?"സ്വൽപം വിദ്യാഭ്യാസമുള്ള പ്രേതമാണ്‌..
.".ഏതു മന്ത്രം തനിക്കറിയാം...?"
മന്ത്രമോ അങ്ങിനേയും ഉണ്ടോ ഒന്ന്! പൂശാരി അതിശയിച്ചു..വല്ലതും തട്ടി കൂട്ടി ഒരു ശും! എന്ന് പുറത്തേക്ക്‌ വിടും ശ്വാസം.. അല്ലാതെ മന്ത്രമോ?

പൂശാരി നിന്നു വിയർത്തു...കുടിച്ച ചാരായം ആവിയായി.. ചുട്ട കോഴി ദഹിച്ചു.സഹികെട്ട്‌ പൂശാരി മന്ത്രം മാറ്റി തന്ത്രം പയറ്റി...പൂശാരി വടിയെടുത്തു..അറ്റകൈ!"നിന്നെ തളയ്ക്കാൻ എനിക്കറിയാമെന്ന് ആക്രോശിച്ചു..അടി തുടങ്ങി...സഹികെട്ടപ്പോൾ ബാധ വടി പിടിച്ചു വാങ്ങി പൂശാരിയെ പൂശാൻ തുടങ്ങി.. ആളുകൾ പിടിച്ചു വെച്ചു.." ഒരു തരത്തിൽ പൂശാരിയുടെ ജീവൻ രക്ഷപ്പെട്ടു.".മുന്തിയ ഇനമാണ്‌ രക്ഷയില്ല..!."പൂശാരി കൈവെടിഞ്ഞു.."കെവിടല്ലേ പൂശാരീ.!". ബന്ധുക്കൾ പറഞ്ഞു..

പൂശാരി ആലോചിച്ചു..". നല്ല സുന്ദരീ, ചെറുപ്രായം ഏറിയാൽ പതിനേഴോ, പതിനെട്ടോ.. കൈവെടിയണോ?.ബുദ്ധിമോശം കാണിക്കണോ?" പിന്നെ പറഞ്ഞു.." സമർപ്പണം ചെയ്യണം പൈതങ്ങളേ...സമർപ്പണം.!. സമ്മതമാണോ".. പൈതങ്ങൾക്ക്‌ സമ്മതം.!..ഈ ബാധ ഒന്ന് ഒഴിവായിക്കിട്ടിയാൽ മതി." അങ്ങിനെ പൂശാരിയുടെ കൂടെ പെൺകുട്ടിയെ മേയാൻ വിട്ടിട്ട്‌ ബന്ധുക്കൾ പോയി..അന്നു രാത്രി പത്തറുപത്തഞ്ചു  തികഞ്ഞ പൂശാരിയെ ബാധ തട്ടി, അതോ മകനോ?..ആളുകൾ പറഞ്ഞു.."കടുത്ത ബാധ തന്നെ!..പൂശാരിക്കു പോലും!.." അങ്ങിനെ മകൻ പൂശാരിയായി, ബാധയെ ഏറ്റെടുത്തു.." ബാധയ്ക്കിപ്പോൾ മക്കൾ നാല്‌!.സ്വസ്ഥം സുഖം.ആളുകൾ പറഞ്ഞു പൂശാരിക്ക്‌ തളയ്ക്കാൻ കഴിയാത്തത്‌ മകൻ തളച്ചു..!..ഓളെ മെരുക്കീലേ...ബാധയെ തളച്ചില്ലേ...!
കുഞ്ഞൻ പൂശാരിയുടെ അസ്ഥിത്തറയിൽ വിളക്കു കൊളുത്തുമ്പോൾ ബാധയ്ക്ക്‌ മൗനം! ..മകൻ പൂശാരിക്ക്‌ മൗനം! ഇപ്പോൾ മറ്റൊരു ദുർമൂർത്തി കൂടെയായി... കുഞ്ഞൻ പൂശാരി!..കുഞ്ഞൻ പൂശാരിക്ക്‌ നേദ്യം പട്ട ചാരായവും പെൺപിള്ളേരുടെ അകമഴിഞ്ഞ സമർപ്പണവും ആണത്രെ!

ഇത്രയും ശക്തി മകൻ കാട്ടിയിട്ടും പൂശാരിയുടെ ആളുകളെല്ലാം അതു ശരിവെച്ചിട്ടും മേലാളന്മാർ അപ്പോഴും ചിരിച്ചു...ഒപ്പം വിളിച്ചു " മകൻ പൂശാരി" "ജ" യ്ക്ക്‌ അപ്പോഴും അയിത്തം!.. അല്ലെങ്കിൽ അയാളും പൂജാരിയെന്ന് അറിയപ്പെട്ടേനേ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ